- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിവിൽ സർവീസിൽ നിന്ന് രാഷ്ട്രീയത്തിൽ പോയി കൈപൊള്ളിയെങ്കിലും പ്രതീക്ഷ കൈവിട്ടില്ല; അജിത് ഡോവലുമായി രണ്ടുവർഷം മുമ്പുള്ള കൂടിക്കാഴ്ച നിർണായകമായി; കശ്മീരിൽ നിന്നുള്ള ആദ്യ ഐഎഎസുകാരൻ ഷാ ഫൈസലിനെ സർവീസിൽ തിരിച്ചെടുത്തു; നിയമനം ടൂറിസം മന്ത്രാലയത്തിൽ
ശ്രീനഗർ: വിവാദങ്ങളിൽ ഇടം പിടിച്ച കശ്മീരിൽ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസലിനെ സർവീസിൽ തിരിച്ചെടുത്തു ടൂറിസം മന്ത്രാലയത്തിൽ ഡപ്യൂട്ടി സെക്രട്ടറിയായാണ് നിയമനം. ഏപ്രിലിൽ, ഫൈസൽ സർവീസിൽ നിന്നുള്ള രാജി പിൻവലിക്കാൻ അപേക്ഷ നൽകിയതേടെയാണ് തിരിച്ചുവരവിന് കളമൊരുങ്ങിയത്.
2019 ൽ സിവിൽ സർവീസിൽ നിന്ന് രാജി വച്ച ശേഷം, ഫൈസൽ, ജമ്മു-കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് എന്ന പാർട്ടി രൂപീകരിച്ചിരുന്നു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ കർശനമായ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലിലാക്കിയിരുന്നു. വിടുതൽ കിട്ടിയതോടെ, ഷാ ഫൈസൽ രാഷ്ട്രീയ ഉപേക്ഷിച്ച് സർക്കാർ സർവീസിൽ തിരിച്ചുകയറാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഫൈസലിന്റെ രാജി അതുവരെ കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നില്ല.
തന്റെ ആദർശപ്രേമമാണ് തനിക്ക് വിനയായതെന്ന് ഫൈസൽ ഏപ്രിൽ 27 ന് ട്വിറ്ററിൽ കുറിച്ചു. 2019 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള തന്റെ എട്ട് മാസക്കാല ജീവിതം തനിക്ക് ഒരു പാട് നഷ്ടങ്ങൾ വരുത്തി. ജോലി, സുഹൃത്തുക്കൾ, അന്തസ്, എല്ലാം നഷ്ടമായി. എന്നാൽ, ഒരിക്കലും എന്റെ പ്രതീക്ഷ അസ്തമിച്ചിരുന്നില്ല, ഫൈസൽ കുറിച്ചു. രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയ കാലമാണ് തന്റെ ജീവിതത്തിലെ തകർച്ചയുടെ കാലമായി ഫൈസൽ വിശേഷിപ്പിച്ചത്.
2009 ൽ കശ്മീരിൽ നിന്നുള്ള ആദ്യ ഐ.എ.എസുകാരനായിരുന്നു ഷാ ഫൈസൽ. കശ്മീരിലെ തുടർച്ചയായ കൊലപാതകങ്ങളിലും മുസ്ലിം ജനതയോടുള്ള വിവേചനത്തിനും പ്രതിഷേധിച്ച് 2019 ജനുവരിയിലാണ് ഫൈസൽ അപ്രതീക്ഷിതമായി ഐഎഎസ് പദവി രാജിവച്ച് സ്വന്തം രാഷ്ട്രീയപാർട്ടി രൂപീകരിച്ചത്. രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടരാൻ പറ്റിയൊരു സാഹചര്യത്തിലല്ല താനെന്നും ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും ഷാ ഫൈസൽ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ദേശീയമുന്നേറ്റത്തിന്റെ ഭാഗമായി ജമ്മുകശ്മീരിനെ മാറ്റുക എന്നതു തന്നെയായിരുന്നു ജമ്മു-കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് രൂപീകരിക്കുമ്പോൾ തന്റെ ഉദ്ദേശമെന്ന് രാഷ്ട്രീയം ഉപേക്ഷിച്ച ശേഷം ഫൈസൽ പറഞ്ഞിരുന്നു. ഇനി പോരാട്ടത്തിന്റെ ആവശ്യമില്ലെന്നും ജനങ്ങളെ സർക്കാറിന്റെ സഹായത്തിലൂടെ സേവിക്കാനാഗ്രഹിക്കുന്നുവെന്നും ഷാ പറഞ്ഞിരുന്നു.
2020ൽ സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപ് ഷാ ഫൈസൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സംസാരിച്ചതായും റിപ്പോർട്ട് വന്നിരുന്നു. അന്നുതന്നെ സിവിൽ സർവീസിലേക്ക് മടങ്ങുവാനാണ് ഷാ ഫൈസൽ ശ്രമിക്കുന്നതെന്ന് സൂചന കിട്ടിയിരുന്നു. ഡൽഹിയിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടക്കുന്നതായി ഷാ ഫൈസൽ മാധ്യമങ്ങളോട് അന്ന് തുറന്നു സമ്മതിക്കുകയും ചെയ്തു.
സർവീസിലേക്കുള്ള മടക്കത്തെ കുറിച്ചാണ് അന്ന് അജിത് ഡോവലുമായി സംസാരിച്ചതെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്താൻ ഫൈസൽ ഷാ തയാറായിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ