ബോളിവുഡ് ലോകത്ത് അടുത്തിടെയായി ഏറ്റവും അധികം ഉയർന്ന് കേൾക്കുന്ന കാര്യങ്ങളിലൊന്നാണ് ഷാരൂഖിന്റെ മക്കളുടെ സിനിമാ അരങ്ങേറ്റം. ഇതിനോടകം തന്നെ നിരവധി തവണ ഇരുവരും അഭിനയിക്കുന്ന ചിത്രങ്ങളെ പറ്റിവരെ വാർത്തകൾ പ്രചരിച്ചു. എന്നാൽ അപ്പോൾ ഒന്നും ഷാരൂഖ് ഇതിന് വ്യക്തമായ മറുപടി നല്കിയിരുന്നില്ല. എന്നാലിപ്പോൾ മക്കളുടെ അരങ്ങേറ്റ കാര്യത്തിൽ ഒരു ട്വീറ്റിലൂടെ പരോക്ഷമായൊരു മറുപടി താരം നല്കിയിരിക്കുകയാണ്.

തന്റെ പിതാവിന്റെ ചരമവാർഷികംത്തെ കുറിച്ചുള്ള ട്വീറ്റിലായിരുന്നു ഷാരൂഖിന്റെ പരാമർശം. സെപ്റ്റംബർ 19. എന്റെ പിതാവിനെപ്പോലെ എന്റെയും ഉത്തരവാദിത്വം മക്കളുടെ അഡൽറ്റ് ഹുഡ് കഴിവതും വൈകിപ്പിക്കുക എന്നതാണ്. അവരുടെ ബാല്യത്തിന്റെ വിശുദ്ധി കാക്കാൻ.' എന്നായിരുന്നു കിങ്ഖാന്റെ ട്വീറ്റ്. സുഹാനയുടേയും ആര്യന്റേയും അരങ്ങേറ്റത്തെ കുറിച്ച് വാർത്തകൾ പരക്കുന്നിതിനിടെയാണ് അവരുടെ കുട്ടിത്തം നിലനിർത്തുന്നതിനെ കുറിച്ചുള്ള താരത്തിന്റെ ട്വീറ്റ്.

തന്റെ 15ാം വയസിലായിരുന്നു ഷാരൂഖിന് പിതാവ് മിർ താജ് മുഹമ്മദ് ഖാനെ നഷ്ടമാകുന്നത്. പിന്നീട് മാതാവാണ് അദ്ദേഹത്തെ വളർത്തിയത്. അതുകൊണ്ടു തന്നെ തന്റെ മക്കൾക്ക് ആ നഷ്ടം ഒരിക്കലും അനുഭവപ്പെടരുതെന്ന് ആഗ്രഹിക്കുന്ന താരം കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നയാളാണ്.

സുഹാനയുടെ അഭിനയ മോഹത്തെ കുറിച്ച് തനിക്കറിയാമെന്നും അവളിൽ അഭിനയേത്രിയുണ്ടെന്ന് താൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ വിദ്യാഭ്യാസം കഴിയാതെ അഭിനയത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് കിങ് ഖാന്റെ നിർദ്ദേശം