- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷഹാന മറഞ്ഞത് വിവാഹജീവിതമെന്ന സ്വപ്‌നം ബാക്കിയാക്കി; ഒരുമിച്ചു ജീവിതയാത്രക്ക് ഒരുങ്ങിയ ലിഷാമിനെ കാത്തിരുന്നത് പ്രിയപ്പെട്ടവളുടെ ചലനമില്ലാത്ത ശരീരത്തിനൊപ്പം ആംബുലൻസിൽ അനുഗമിക്കേണ്ട ദുർവിധി; ദാരുണമായി വിട വാങ്ങിയത് എന്നും വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകിയ അദ്ധ്യാപിക; ഷഹാനക്കായി തേങ്ങി നാട്
കോഴിക്കോട്: വയനാട്ടിലെ മേപ്പാടി എളമ്പിലേരിയിൽ ആനയുടെ ആക്രമണത്തിനിരയായി അകാലത്തിൽ വിടപറഞ്ഞ ഷഹാന സത്താറിന്റെ വിയോഗത്തിൽ തേങ്ങി നാട്. കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപിക കൂടിയായിരുന്നു അവർ. ജീവിതത്തിൽ വിവാഹം ഉറപ്പിച്ചിരുന്ന ലാഷാമും ഒത്തുള്ള ജീവിതമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് ഷബാന വിടവാങ്ങിയത്. ഒരുമിച്ചുള്ള യാത്രക്ക് ഒരുങ്ങിയ പ്രിയപ്പെട്ടവളുടെ ചലനമില്ലാത്ത ശരീരത്തിനൊപ്പം ആംബുലൻസിൽ അനുഗമിക്കേണ്ട ദുർവിധിയുമായിരുന്ന വിവാഹമുറപ്പിച്ച ലിഷാമിന്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വെള്ളിമാട്കുന്ന് ചെറുവറ്റയിലെ മാറാടത്ത് ലിഷാമുമായി ഷഹാനയുടെ നിക്കാഹ് നടന്നത്. ലോക്ഡൗണിനെത്തുടർന്ന് വിവാഹത്തീയതി നിശ്ചയിച്ചിരുന്നില്ല. ബഹ്‌റൈനായിലായിരുന്ന ലിഷാം നാട്ടിലെത്തിയതോടെ ഷഹാനയുടെയുംകൂടി താൽപര്യപ്രകാരം തുടർപഠനത്തിന് ബാലുശ്ശേരിയിൽ ബി.എഡിന് ചേർന്നു. വിവാഹശേഷം നാട്ടിൽത്തന്നെ ജീവിക്കാനുള്ള ആഗ്രഹമായിരുന്നു ഇരുവർക്കും. ഇതേത്തുടർന്നാണ് വിവാഹം പോലും നീട്ടിവെച്ചത്.
വിവാഹത്തിന് എത്തേണ്ടവർ മരണാനന്തര ചടങ്ങുകൾക്ക് പങ്കാളികളാകേണ്ട സങ്കടകരമായ അവസ്ഥയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ മൃതദേഹത്തോടൊപ്പമായിരുന്നു ലിഷാം ഷഹാനയുടെ കണ്ണൂരിലെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോയത്. മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ എത്തിയ ഷഹാന ലിഷാമിനെ വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
പേരാമ്പ്ര ദാറുന്നുജൂം ആർട്‌സ് ആൻഡ് സയൻസ് കോളജിൽ സൈക്കോളജി വിഭാഗം മേധാവിയായിരുന്നു ഷഹാന. ശനിയാഴ്ച രാത്രി 7.45ഓടെ റിസോർട്ടിനു പുറത്തെ കൂടാരത്തിലിരിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്നവർ ഓടി മാറിയെങ്കിലും ഷഹാനക്ക് രക്ഷപ്പെടാനായില്ല. മുമ്പ് ഫാറൂഖ് കോളജിൽ അദ്ധ്യാപികയായിരുന്നു. മൂന്നു വർഷമായി ദാറുന്നുജും കോളജിൽ സൈക്കോളജി വിഭാഗം മേധാവിയാണ്.'
കലാലയത്തിൽ എല്ലാ പ്രവർത്തനങ്ങളിലും നിറഞ്ഞുനിൽക്കുന്ന മുഖവും ിദ്യാർഥികൾക്ക് പഠനരംഗത്ത് പ്രചോദനമായി എന്നും ഒപ്പമുണ്ടായിരുന്ന അദ്ധ്യാപികയുമായിരുന്നു അവർ. കഴിഞ്ഞദിവസം കോളേജിൽനിന്ന് യാത്രപറഞ്ഞ് പോയത് മരണത്തിലേക്കാണെന്ന് സഹ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഞായറാഴ്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനെത്തിച്ചപ്പോൾ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും സഹപ്രർത്തകരുമെല്ലാം നിറകണ്ണുകളോടെ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
പ്രകൃതിയെയും യാത്രകളെയും ഏറെ സ്‌നേഹിച്ചിരുന്ന അദ്ധ്യാപികയായിരുന്നു അവർ. പ്രകൃതിയുടെ മടിത്തട്ടിൽ താമസിക്കാനെത്തിയപ്പോൾ ഒടുവിൽ അവിചാരിതമായി മരണവും കടന്നെത്തി. പേരാമ്പ്ര ദാറുന്നുജൂം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി വിഭാഗം മേധാവിയായിരുന്നു ഷഹാന. ഗ്വാളിയോറിലെ യൂണിവേഴ്‌സിറ്റിയിൽ ഗവേഷണവും ഒപ്പം ചെയ്യുന്നുണ്ട്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലായിരുന്നു പി.ജി. പഠനം. രണ്ടു വർഷമായി പേരാമ്പ്ര ദാറുന്നുജൂം കോളേജിൽ പഠിപ്പിക്കുന്നു. ഇവിടെത്തെ ഹോസ്റ്റലിലും താമസിക്കാറുണ്ട്. കോളേജിൽനിന്ന് സൈക്കോളജി ബിരുദപഠനം കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മികച്ച സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്താൻ ഷഹാന ഏറെ പ്രചോദനം നൽകിയിരുന്നുവെന്ന് കോളേജ് അധികൃതർ ഓർമിക്കുന്നു.
ഉന്നത വിജയംനേടി ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ 20-ഓളം വിദ്യാർത്ഥികൾ ഇപ്പോൾ ഉപരിപഠനം നടത്തുന്നുണ്ട്. ലോക്ഡൗൺ കാലയളവിൽ വിദ്യാർത്ഥികൾക്കായി അന്തർദേശീയ വെബിനാർ സംഘടിപ്പിക്കാനും ഷഹാന നേതൃത്വപരമായ പങ്കുവഹിച്ചു. കോളേജ് മാനേജ്‌മെന്റ് മികച്ച അദ്ധ്യാപകർക്ക് നൽകുന്ന പുരസ്‌കാരത്തിന് കഴിഞ്ഞവർഷം ഷഹാനയാണ് അർഹയായതെന്നതും അവരുടെ പ്രവർത്തനങ്ങൾക്കുള്ള സാക്ഷ്യപത്രമാണ്.
പാഠ്യ, പാഠ്യേതര പ്രവർത്തനത്തിൽ വിവിധഘടകങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. കോളേജിൽ കഴിഞ്ഞതവണ സൈക്കോ ഫെസ്റ്റ് സംഘടിപ്പിച്ചതും സൈക്കോളജി വകുപ്പിന്റെ വ്യത്യസ്തമായ പ്രവർത്തനമായിരുന്നു. വെള്ളിയാഴ്ച കോളേജിൽ വന്ന് ക്ലാസുംകഴിഞ്ഞ് നാട്ടിലേക്ക് പോയതാണ് ഷഹാന. ശനിയാഴ്ച രാത്രി മരണവാർത്ത എത്തിയതുമുതൽ മനസ്സ് തകർന്നിരിക്കുകയാണ് വിദ്യാർത്ഥികളും സഹപ്രവർത്തകരും. അദ്ധ്യാപികയുടെ നിര്യാണത്തിൽ തിങ്കളാഴ്ച കോളേജിന് അവധി നൽകിയിട്ടുണ്ട്. അനുശോചനയോഗവും ചേരും.
മറുനാടന് മലയാളി ബ്യൂറോ