ഇസ്‌ലാമാബാദ് : ഷഹബാസ് ഷരീഫ് പുതിയ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകും.പഞ്ചാബ് മുഖ്യമന്ത്രിയും നവാസ് ഷെറീഫിന്റെ സഹോദരനുമാണ് ഷഹബാസ്. സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടർന്നു നവാസ് ഷരീഫ് രാജിവച്ച സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. നവാസ് ഷരീഫിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എന്നാൽ ഇപ്പോൾ പാർലമെന്റ് അംഗമല്ലാത്ത ഷഹബാസിന് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും.

സൈന്യത്തിന്റെ ഇടപെടൽ ഉണ്ടാകുംമുമ്പ് രാജ്യത്തു ജനാധിപത്യ സംവിധാനം നിലനിർത്താനായിരുന്നു കോടതിവിധി വന്നയുടൻ ഉന്നതതലയോഗം ചേർന്നത്. ഷരീഫിനെതിരെ കോടതിവിധിയുണ്ടായാൽ സൈന്യം ഭരണം പിടിച്ചേക്കുമെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിരോധമന്ത്രിയായ ഖ്വാജ അസീസിന്റെ പേരും സ്ഥാനത്തേക്ക് ഉയർന്നിരുന്നുവെങ്കിലും ഇളയ സഹോദരനെ പ്രധാനമന്ത്രിയാക്കാനായിരുന്നു ഷരീഫിന്റെ തീരുമാനം.

ഷരീഫും കുടുംബവും അനധികൃതസ്വത്തു സമ്പാദിച്ചെന്ന റിപ്പോർട്ടു ശരിവച്ചാണു പ്രധാനമന്ത്രി പദത്തിൽനിന്നും അദ്ദേഹത്തെ സുപ്രീം കോടതി അയോഗ്യനാക്കിയത്. ഷരീഫിന്റെ മകൾ മറിയം, മകൻ ഹുസൈൻ എന്നിവരും കേസിൽ പ്രതികളാണ്.പാക്ക് രാഷ്ട്രീയത്തെ ഇളക്കിമറിച്ച പാനമ അഴിമതിക്കേസിലാണു നവാസ് ഷരീഫ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. ഷരീഫും കുടുംബവും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തൽ കോടതി ശരിവച്ചു. ഷരീഫിനും കുടുംബത്തിനുമെതിരെ കേസെടുത്തു വിചാരണ ചെയ്യണമെന്നും ആറു മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ഇജാസ് അഫ്‌സൽ ഖാൻ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണു സുപ്രധാന വിധി.