പാലക്കാട്;പൂളക്കാട് ആറുവയസ്സുകാരനായ ആമിലിനെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് പുതുപ്പള്ളിത്തെരുവ് സുലൈമാന്റെ ഭാര്യ ഷാഹീദയെ(32)ഫോറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഇതിനായി അടുത്ത ദിവസം പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്നാണ് അറിയുന്നത്.

ഇവർ ഇപ്പോൾ റിമാന്റിലാണ്. കൊല ചെയ്തത് താനാണെന്ന് ഷാഹീദ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവർക്കെതിരെ കേസ്സ് ചാർജ്ജുചെയ്തത്. ഇവരുടെ മൊബൈൽ പൊലീസ് സംഭവദിവസം തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. മൊബൈലിൽ നിലവിൽ സൂക്ഷിച്ചിട്ടുള്ളതും മായ്ച്ചുകളഞ്ഞതുമായ വിവരങ്ങൾ ഷാഹീദയുടെ സാന്നിദ്ധ്യത്തിൽ തന്നെ വീണ്ടെടുക്കുന്നതിനും ഇതിൽ വ്യക്തത വരുത്തുന്നതിനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.

സൈബർസെൽ വിദഗ്ധരുടെ സഹായവും ഇതിനായി പ്രയോജനപ്പെടുത്തും. ഈ അരും കൊലയ്ക്ക് പിന്നിൽ ബാഹ്യഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ വിശദമായ തെളിവെടുപ്പിന് അന്വേഷണ സംഘം കർമ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഷാഹീദ കുറച്ചുകാലം മദ്രസ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു.ഇതിനിടയിൽ മതതീവ്രവാദ പ്രസ്താനങ്ങളുമായോ ഇത്തരം നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തികളുമായോ ഇവർ ബന്ധപ്പെട്ടിട്ടുണ്ടാവാമെന്നും ഇതാണ് കൊലയ്ക്ക് കാരണമായതെന്നും പരക്കെ ആരോപണം ഉയർന്നിരുന്നു.

ഇക്കാര്യത്തിൽ വ്യക്തവരുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഇപ്പോൾ പൊലീസ് അന്വേഷണവും തെളിവെടുവെടുപ്പും പുരോഗമിക്കുന്നത്.സംഭവത്തിന് ഏതാണ്ട് ഒരാഴ്ച മുമ്പുവരെ അയൽക്കാരും അടുപ്പക്കാരുമായി വിശേഷങ്ങൾ പങ്കിട്ടും കുശലം പറഞ്ഞുമാണ് ഷാഹീദ കഴിഞ്ഞിരുന്നതെന്നും പിന്നീട് ഇവരുടെ സ്വഭാവത്തിൽ മാറ്റം പ്രകടമായിരുന്നെന്നുമാണ് വീട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. ഒരാഴ്ച മുമ്പാണ് താൻ മകനെ ബലി നൽകുന്ന കാര്യം ഗൗരവമായി ആലോചിച്ച് തുടങ്ങിയതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ ഷാഹീദ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

കൊല നടത്താൻ ഇവർ ആസൂത്രിത നീക്കം നടത്തിയായുള്ള പൊലീസിന്റെ കണ്ടെത്തലിന് ബലമേകുന്ന പ്രധാനവസ്തുത ഇതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സാധാരണ മാനസീക അവസ്ഥയിൽ ഷാഹീദ ഇങ്ങിനെയൊരു ക്രൂരകൃത്യം ചെയ്യില്ലെന്നാണ് ഇവരെ അറിയാവുന്നവരെല്ലാം വെളിപ്പെടുത്തുന്നത്. ദുർമന്ത്രവാദികളുടെയോ ആൾദൈവങ്ങളുടെയോ ഇടപെടലിലായിരിക്കാം മനസ്സിനെ കരിങ്കല്ലാക്കി ഷാഹീദ മകനെ ബലിനൽകാൻ തയ്യാറായതെന്ന സംശയവും ഇവരിൽ പലരും മുന്നോട്ടുവയ്ക്കുന്നുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് , ഇത്തരത്തിൽ ആരുടെയെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വെളിച്ചത്തുകൊണ്ടുവരുന്നതിനും രണ്ടാംഘട്ട ഫോറൻസിക് പരിശോധനയിലൂടെ പൊലീസ് ലക്ഷ്യമിട്ടിട്ടിണ്ടെന്നാണ് സൂചന.

ഇവരുടെ ദാമ്പത്യജീവിതത്തിൽ ചില്ലറപ്രശ്നങ്ങളുണ്ടെന്ന് ഇതുവരെ നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലും പൊലീസിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.സാധാരണ കുടുംബജീവിതത്തിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ഇവർക്കിടയിലും ഉണ്ടായിരുന്നതെന്നും ഇതുമൂലം ഷാഹീദ മകനെ കൊലപ്പെടുത്താൻ സാധ്യതയില്ലെന്നുമാണ് പൊലീസ് കണക്കുകൂട്ടൽ.വരുന്ന ദിവസങ്ങളിലെ അന്വേഷണം കൂടി പൂർത്തിയാവുന്നതോടെ സംഭവത്തിന്റെ പിന്നിലെ യഥാർത്ഥ വസ്തുതകൾ സംശയലേശമന്യേ വെളിച്ചത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് അന്വേഷക സംഘത്തിന്റെ പ്രതീക്ഷ.