ഇസ്ലാമാബാദ്: താലിബാൻ ഭരണം പിടിച്ച അഫ്ഗാനിസ്ഥാനിൽനിന്നും ജനങ്ങൾ കൂട്ടപ്പലായനം തുടരുമ്പോഴും താലിബാന്റെ മടങ്ങിവരവിനെ പുകഴ്‌ത്തി പാക്കിസ്ഥൻ ക്രിക്കറ്റ് മുൻ നായകൻ ഷാഹിദ് അഫ്രീദി രംഗത്ത്. ഇക്കുറി വളരെ നല്ല ഉദേശത്തോടെയാണ് താലിബാൻ അധികാരം പിടിച്ചിരിക്കുന്നതെന്നും അവർ സ്ത്രീകൾക്കും ക്രിക്കറ്റിനും അനുകൂലമാണ് എന്നുമാണ് അഫ്രീദിയുടെ വാക്കുകൾ. 

രാജ്യന്തര മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച വനിതാ താരങ്ങളടക്കം സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുമ്പോഴാണ് താലിബാനെ പിന്തുണച്ച് അഫ്രീദി രംഗത്ത് എത്തിയത്.

പാക്കിസ്ഥാനിലെ മാധ്യമപ്രവർത്തകയായ നൈല ഇനായത്ത് പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അഫ്രീദി താലിബാനെ പുകഴ്‌ത്തിയത്. 'താലിബാൻ ഇത്തവണ സ്ത്രീകൾക്കും തൊഴിലവസരങ്ങൾ നൽകുന്നുണ്ട്. ജോലി ചെയ്യാൻ അവർക്ക് സ്വാതന്ത്ര്യവുമുണ്ട്' അഫ്രീദി പറഞ്ഞു. 

'താലിബാൻ ഇത്തവണ അധികാരത്തിൽ വന്നിരിക്കുന്നത് വളരെ നല്ല ഉദേശത്തോടെയാണ്. രാഷ്ട്രീയത്തിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ അവർ സ്ത്രീകളെ അനുവദിക്കുന്നു. താലിബാൻ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു. അവർ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നതായാണ് ഞാൻ മനസിലാക്കുന്നത്' എന്നാണ് മാധ്യമങ്ങളോട് ഷാഹിദ് അഫ്രീദി പറഞ്ഞത്. എന്നാൽ അഫ്ഗാൻ ജനത കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ വീർപ്പുമുട്ടുന്ന സമയത്തുള്ള അഫ്രീദിയുടെ ഈ പ്രതികരണം വലിയ വിമർശനത്തിന് വഴിതുറന്നുകഴിഞ്ഞു.

താലിബാനു കീഴിൽ ഭാവിയെന്താകുമെന്ന ആശങ്കയിൽ കായികതാരങ്ങളും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവർ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിനിടെയാണ് താലിബാനെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ് അഫ്രീദി രംഗത്തെത്തിയത്.

കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ടുള്ള ചാവേറാക്രമണത്തിൽ 13 യുഎസ് സൈനികരുൾപ്പെടെ 170 പേർ മരിച്ച ദിവസങ്ങൾ പിന്നിടുമ്പോഴാണ് താലിബാനെ പുകഴ്‌ത്തി അഫ്രീദിയുടെ വരവെന്നതും ശ്രദ്ധേയം. താലിബാൻ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരാണെന്നും അഫ്രീദി വ്യക്തമാക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റിന്റെ വളർച്ചയെ സഹായിക്കാൻ താലിബാനു കഴിയുമെന്നും അഫ്രീദി ചൂണ്ടിക്കാട്ടി.

'ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരും പിന്തുണയ്ക്കുന്നവരുമാണ് താലിബാൻ. പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കും അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റിനോടും തികച്ചും പോസിറ്റിവായ സമീപനമാണ് താലിബാന്റേത്' അഫ്രീദി പറഞ്ഞു.

ക്രിക്കറ്റിനെ പിന്തുണയ്ക്കുമെന്നും അഫ്ഗാൻ താരങ്ങളുടെ പരാതികൾ കേൾക്കുമെന്നും താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റിന് ഒരുതരത്തിലുമുള്ള വിലക്കുണ്ടാകില്ലെന്ന് താലിബാൻ ഉറപ്പുനൽകിയിട്ടുണ്ട്. മുതിർന്ന അഫ്ഗാൻ നേതാവ് അനസ് ഹഖ്വാനി അഫ്ഗാൻ താരങ്ങളും ഒഫീഷ്യൽസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് മുൻ തലവൻ അസീസുള്ള ഫസ്ലിയെ ബോർഡിന്റെ ആക്ടിങ് ചെയർമാനായി താലിബാൻ നിയമിച്ചിട്ടുണ്ട്.

പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ വരുന്ന എഡിഷനിൽ ക്വറ്റാ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കാൻ താൽപര്യമുണ്ട് എന്നും അഫ്രീദി പറഞ്ഞു. ബയോ-ബബിളിൽ കളിക്കുന്നത് താരങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും താരം കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ ക്രിക്കറ്റിലെ നിർണായക
താരങ്ങളിലൊരാളായ അഫ്രീദി 37 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 അന്താരാഷ്ട്ര ടി20കളും കളിച്ചിട്ടുണ്ട്.