ചീമേനി: ഷഹനയെ ഭർത്താവ് കൊന്നതെന്ന് ഉറച്ചു വിശ്വസിക്കുകയാണ് നബീസയെന്ന അമ്മൂമ്മ. ഇതു തന്നെയാണ് ഷഹനയുടെ കുടുംബത്തിന്റെ മൊത്തം വികാരവും. ചട്ടഞ്ചാലിൽ താമസിക്കുന്ന വേളയിലാണ് അവളുടെ കല്യാണം കഴിഞ്ഞത്. പിന്നീട് വിരുന്നിന് വന്നപ്പോഴാണു കണ്ടത്. അതിനുശേഷം എന്റെ കുഞ്ഞിനെ ഞാൻ കണ്ടിട്ടില്ല. ഇത്തരത്തിൽ ഓരോ വാക്കുകളും പറയുമ്പോഴും നബീസ പറയുന്നു. ചെറു പ്രായത്തിൽ തന്നെ ഫാഷൻ ഡിസൈനിങ്ങും പഠിച്ച് കുടുംബത്തെ തോളിലേറ്റാൻ തീരുമാനിച്ച മിടുക്കിയായിരുന്നു ഷഹാന. എന്നാൽ വിവാഹം എല്ലാം തകിടം മറിച്ചു.

കാസർകോട് ചട്ടഞ്ചാലിലായിരുന്ന ഷഹാനയുടെ കുടുംബം ഇപ്പോൾ ചീമേനി തിമിരി വലിയപൊയിലിലെ ഊച്ചിത്തിടിലിലാണു താമസം. 4മാസം മുൻപാണ് ഇവിടെ സ്ഥലം വാങ്ങി ചെറിയൊരു വീട് വച്ചത്. ഷഹാനയുടെ 2 സഹോദരങ്ങളും, മാതാവ് ഉമൈബയും, ഉമൈബയുടെ മാതാവുമാണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത്. ഷഹനയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷവും 4 മാസവും ആയെങ്കിലും ഇതിനിടയിൽ ഒരു തവണ മാത്രമാണ് ഷഹാന ചട്ടഞ്ചാലിലെ കുടുംബവീട്ടിലെത്തിയത്. അത് ഒരു വർഷം മുമ്പും. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഷഹനയുടെ മൃതദേഹം ചീമേനി മുഴക്കോം കുളപ്പുറം ജമാ അത്ത് പള്ളിയിൽ കബറടക്കി.

സഹോദരനും ചെറുവത്തൂർ റിയൽ മാളിലെ ജീവനക്കാരനുമായ ബിലാലിനെ കഴിഞ്ഞദിവസം ഷഹാന വിളിച്ച് പിറന്നാൾ ദിനത്തിൽ ഉമ്മയടക്കം എല്ലാവരെയും കൂട്ടി വരണമെന്നു പറയുന്നതിനിടയിൽ ഫോൺ ബന്ധം നിലച്ചിരുന്നു. പിന്നെ അറിഞ്ഞത് മരണമാണ്. ഭർത്താവിന്റെ പീഡനം സഹോദരൻ ബിലാലിനോട് പറയാറുണ്ടെന്നും ഫോൺ സംഭാഷണം മുഴുമിപ്പിക്കാൻ പറ്റാത്ത കാര്യവും ബന്ധുക്കൾ പങ്കുവച്ചു. പിതാവ്: അൽത്താഫ്. മറ്റൊരു സഹോദരൻ കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ 10ാംതരം വിദ്യാർത്ഥി നദീം.

നായികയായി അഭിനയിച്ച 'ലോക്ഡൗൺ' എന്ന സിനിമ പ്രദർശനത്തിനെത്താനിരിക്കെയാണ് ഷഹനയുടെ മരണം. ജോളി ബാസ്റ്റ്യൻ സംവിധാനം ചെയ്ത ലോക്ഡൗണിൽ മുന്നയുടെ നായികയായിട്ടാണ് ഷഹന സിനിമയിലേക്ക് കടന്നത്. കന്നഡ, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ മെയ്‌ അവസാനം സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് കോഴിക്കോട്ടെ വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ ഷഹനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മെയ്‌ 11-ന് സഹോദരൻ ബിലാലിനെ ഫോണിൽ വിളിച്ച് സിനിമ പ്രദർശനത്തിനെത്താറായെന്ന് ഷഹന അറിയിച്ചിരുന്നു.

സംവിധായകൻ വിളിച്ച് അഭിനന്ദിച്ചതായും ചിത്രം പുറത്തിറങ്ങുന്നതോടെ തലവരമാറുമെന്നും പറഞ്ഞിരുന്നു. മലയാള സിനിമയിലെ പ്രഗല്ഭരുടെ ക്ഷണവുമുണ്ടായതായി സഹോദരി സൂചിപ്പിച്ചിരുന്നുവെന്ന് സങ്കടം ഉള്ളിലൊതുക്കി ബിലാൽ പറഞ്ഞു. മോഡലായും പരസ്യചിത്രങ്ങളിൽ അഭിനയിച്ചും പ്രേക്ഷകർ തിരിച്ചറിഞ്ഞുവന്ന ഘട്ടത്തിലാണ് ഷഹനയുടെ മരണം.

ചട്ടഞ്ചാലിലാണ് പിതാവ് അൽത്താഫും മാതാവ് ഉമൈബയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഗവ. യു.പി. സ്‌കൂൾ ബണ്ടിച്ചാലിലായിരുന്നു ഏഴാം ക്ലാസുവരെ ഷഹനയുടെ പഠനം. 10 വരെ ചട്ടഞ്ചാൽ ഹയർസെക്കൻഡറിയിലും. കൊമേഴ്‌സിൽ പ്ലസ് ടു പഠനം കുണിയ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു. പിന്നീട് ഒരുവർഷം ഫാഷൻ ഡിസൈനിങ്ങിലും പരിശീലനം നേടി.

മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാവാൻ വിശദമായ പോസ്റ്റമോർട്ടം റിപ്പോർട്ട് ലഭിക്കണമെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് സജ്ജാദ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ജനലിൽ കയറുകെട്ടി തൂങ്ങിമരിച്ചതാണെന്നാണ് സജ്ജാദ് പൊലീസിനോടു പറഞ്ഞത്. ബഹളംകേട്ട് വ്യാഴാഴ്ച രാത്രി ആളുകളെത്തിയപ്പോൾ ഷഹന, സജ്ജാദിന്റെ മടിയിൽ ബോധമറ്റ് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പ് മരിക്കുകയും ചെയ്തു.

ഷഹനയെ മർദിച്ചിരുന്നതായി സജ്ജാദ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവദിവസം രാത്രി അവിടെനിന്ന് ബഹളമുണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞിരുന്നു. സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തി അറസ്റ്റ് ചെയ്ത സജ്ജാദിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി 28-വരെ റിമാൻഡ് ചെയ്തു. ഇയാൾ സ്ഥിരമായി എം.ഡി.എം.എ. ഉപയോഗിക്കുന്നയാളായിരുന്നെന്നും സംഭവദിവസവും ഇയാൾ ലഹരി ഉപയോഗിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

സജ്ജാദ് ഫുഡ് ഡെലിവറിയുടെ പേരിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടായിരുന്നെന്നും മെഡിക്കൽ കോളേജ് അസി. കമ്മിഷണർ കെ. സുദർശൻ പറഞ്ഞു. ഇവർ താമസിച്ച ക്വാർട്ടേഴ്‌സിൽനിന്ന് എം.ഡി.എം.എ., എൽ.എസ്.ഡി. മയക്കുമരുന്നുകളും കഞ്ചാവും ഇവ ഉപയോഗിക്കാൻ ആവശ്യമായ ഇൻഹെയ്‌ലറുകളും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വടകരയിൽനിന്നുള്ള നർക്കോട്ടിക്സ് വിദഗ്ധരെത്തി ശനിയാഴ്ച ക്വാർട്ടേഴ്‌സിൽ പരിശോധന നടത്തി.

ഷഹാനയെ മർദിച്ചിരുന്നതായും സജ്ജാദ് സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതരസംസ്ഥാന ലഹരിസംഘവുമായി സജ്ജാദിന് ബന്ധമുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.