- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷഹനയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ; സജാദിനെ പിടികൂടിയത് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി; പണത്തെച്ചൊല്ലി ഷഹനയുമായി നിരന്തരം തർക്കിച്ചിരുന്നതായി സജ്ജാദിന്റെ മൊഴി; ഷഹനയുടെത് ആത്മഹത്യ തന്നെയെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: പരസ്യചിത്ര മോഡലും നടിയുമായ കാസർകോട് സ്വദേശിനി ഷഹനയുടെ മരണത്തിൽ ഭർത്താവ് സജ്ജാദ് അറസ്റ്റിൽ.ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.ഇയാളുടെ പെരുമാറ്റ രീതിയിൽ രാവിലെ മുതൽക്കെ അന്വേഷണ സംഘത്തിനും നാട്ടുകാർക്കും സംശയമുണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് അറസ്റ്റ്.അതിനിടെ ഷഹനയുടെ പോസ്റ്റ്‌മോർട്ടം വൈകീട്ടോടെ പൂർത്തിയായി.മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം.
രാസപരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ച് ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി.ഷഹനയുടെ ശരീരത്തിൽ വിഷാംശമോ ക്ഷതമോ ഏറ്റിട്ടുണ്ടോയെന്ന് എന്നറിയാൻ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് വിധേയമാക്കുന്നത്. പണത്തെച്ചൊല്ലി ഷഹനയുമായി നിരന്തരം തർക്കിച്ചിരുന്നതായി സജ്ജാദ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഷഹന തൂങ്ങി മരിച്ചതാണെന്നാണു ഭർത്താവ് സജ്ജാദ് പൊലീസിനോടു പറഞ്ഞത്. ഇരുവരും തമ്മിൽ സ്ഥിരം വഴക്കിട്ടിരുന്നുവെന്നും വീടൊഴിയണമെന്ന് പലതവണ മുന്നറിയിപ്പു നൽകിയിരുന്നുവെന്നും വീട്ടുടമ ജംസാദ് പറഞ്ഞു.
അയൽവാസികളുമായി ഇരുവരും അടുപ്പം പുലർത്തിയിരുന്നില്ല. ഡ്രൈവർ ആണെന്നായിരുന്നു സജ്ജാദ് വീട്ടുടമയോട് പറഞ്ഞിരുന്നത്. സംഭവം ഉണ്ടായതിന് ശേഷമാണ് ഷഹന മോഡൽ ആണെന്ന വിവരം വീട്ടുടമ അറിയുന്നത്. അഭിനയിച്ച ശേഷം ഷഹനയ്ക്ക് ലഭിക്കുന്ന പണത്തെക്കുറിച്ചുള്ള തർക്കമാണു മരണത്തിന് കാരണമെന്നാണ് നിഗമനം.എന്നാൽ, മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നുമായിരുന്നു ഷഹനയുടെ മാതാപിതാക്കളുടെ ആരോപണം.
''പണത്തിന് വേണ്ടി എന്റെ മോളെ കൊന്നതാണ്. മദ്യലഹരിയിൽ മർദ്ദിക്കുന്ന വിവരങ്ങൾ കരഞ്ഞ് കൊണ്ട് മോൾ പറയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യവും മകൾ പറഞ്ഞിരുന്നു.കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്ന മർദ്ദനവും പീഡനവും. അടുത്തിടെ പരസ്യത്തിലഭിനയച്ച് പ്രതിഫലമായി ചെക്ക് ആവശ്യപ്പെട്ടും മർദ്ദിച്ചിരുന്നു. മകളെ കൊന്നത് തന്നെയാണ്. ഉറപ്പാണ്. ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥയുണ്ടാകരുത്. നീതി ലഭിക്കണം. അവനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മർദ്ദിക്കുന്ന കാര്യത്തിൽ മകൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അത് സജാദിന്റെ സുഹൃത്തുക്കൾ ഇടപെട്ട് തടയുകയായിരുന്നു. മരണത്തെ പേടിയാണ് മകൾക്ക്. ഒരിക്കലും മരിക്കില്ല. ഉയരങ്ങളിലേക്ക് പോകണമെന്നാണ് അവർ പറഞ്ഞത്. അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.'' മാതാവ് പറഞ്ഞു.
പിറന്നാളിനു വിരുന്നൊരുക്കി വയ്ക്കും, ഉമ്മ എല്ലാവരെയും കൂട്ടി വരണമെന്ന് മകൾ പറഞ്ഞിരുന്നതായി ഉമ്മ ഉമൈബ പറഞ്ഞു. മരണത്തിൽ ദുരൂഹമുണ്ട്. ഫോൺ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ പറഞ്ഞു. ഭർത്താവും കുടുംബവും നിരന്തരം ദ്രോഹിച്ചിരുന്നു. തന്റെ ചികിത്സയ്ക്കായി മാറ്റിവച്ച ചെക്ക് ചോദിച്ച് ഉപദ്രവിച്ചിരുന്നതായും ഷഹാനയുടെ മാതാവ് പറഞ്ഞു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അവൾ ഇക്കാര്യങ്ങളെല്ലാം പറയുകയെന്നും മാതാവ് പറഞ്ഞു.
ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയിൽ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരനും പറഞ്ഞു. മുൻപും പല തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടപെട്ടു. എന്നാൽ അവഗണിക്കുകയാണുണ്ടായത്. ഒരു പ്രാവശ്യം പരാതി കൊടുക്കാൻ പൊലീസ് സ്റ്റേഷനിൽ പോകാൻ തയാറായപ്പോൾ സജ്ജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. മരിച്ചുവെന്ന് അറിഞ്ഞ ശേഷം അളുകൾ എത്തുമ്പോൾ സജ്ജാദിന്റെ മടിയിലായിരുന്നു ഷഹന. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും സഹോദരൻ പറഞ്ഞു.
അതേസമയം ഷഹന താമസിച്ചിരുന്ന വീട്ടിൽ നിന്ന് മയക്കുമരുന്നുകൾ കണ്ടെത്തി പശ്ചാത്തലത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാൻ ഒരുങ്ങി പൊലീസ്. മരണത്തിന് പിന്നാലെ വീട്ടിൽ നിന്നും കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. ഇതോടെ യുവതിയെ ബലപ്രയോഗത്തിലൂടെ ലഹരി വസ്തുക്കൾ ഉപയോഗിപ്പിച്ചിരുന്നോ എന്നതിൽ പരിശോധന നടത്തനാണ് പൊലീസ് ശ്രമം.
ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവർ പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകവീട്ടിൽ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിലെ ജനൽക്കമ്പിയിൽ ഷഹന കെട്ടിയതാണെന്നു സംശയിക്കുന്ന പ്ലാസ്റ്റിക് കയറും കണ്ടെത്തിയിരുന്നു. മറ്റെന്തെങ്കിലും രീതിയിൽ ജീവനൊടുക്കിയതായി തെളിവുകളുണ്ടായിരുന്നില്ല. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളോ മുറിയിൽ മൽപിടിത്തം നടന്നതിന്റ സൂചനകളോ ഇല്ല.
മറുനാടന് മലയാളി ബ്യൂറോ