കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ പറയാനാവൂ എന്ന് പൊലീസ്. വ്യാഴാഴ്ച ഷഹനയുടെ 22 ാം പിറന്നാളായിരുന്നു. ഇതിന് നേരത്തെ വരാമെന്ന് ഭർത്താവ് സജാദ് പറഞ്ഞിരുന്നു. എന്നാൽ വരാൻ പതിവിലും നേരം വൈകി. ഇതിനെ ചൊല്ലി വാക്കുതർക്കം നടന്നതായും ഇതിന് ശേഷമാണ് ഷഹന തൂങ്ങിമരിച്ചെന്നുമാണ് ഭർത്താവിന്റെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. എന്നാൽ ഇന്നലെയായിരുന്നു പിറന്നാൾ എന്നത് വസ്തുതയാണ്.

'കഴിഞ്ഞ ലോക്ഡൗണിൽ ഷഹന തമിഴ് സിനിമയിൽ അഭിനിയിച്ചിരുന്നു. ഇതിന്റെ പ്രതിഫലമായി കിട്ടിയ ചെക്കിനെ ചൊല്ലിയും തർക്കം നടന്നിട്ടുണ്ട്. ഷഹന ആത്മഹത്യചെയ്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക് കയർ കിട്ടിയിട്ടുണ്ട്. വീട്ടിൽ നിന്ന് നിരവധി സിഗരറ്റ് കുറ്റിയും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ദുരൂഹത മരണത്തിൽ ഉണ്ടെന്ന സൂചനയാണ് പൊലീസും നൽകുന്നത്. ഈ സാഹചര്യത്തിലാണ് ഭർത്താവ് സജാദിനെ കസ്റ്റഡിയിൽ എടുത്തത്.

'ബന്ധുവഴിയാണ് ഇരുവരുടെയും കല്യാണാലോചന നടക്കുന്നത്. എന്നാൽ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. അതിന് ശേഷം ഇരുവരും അടുപ്പത്തിലായി. ഷഹനയുടെ നിർബന്ധപ്രകാരമാണ് പിന്നീട് വിവാഹം നടന്നത്. നേരത്തെ ഖത്തറിലായിരുന്ന സജാദിന് ഇപ്പോൾ ജോലിയൊന്നുമില്ല. ഷഹന തൂങ്ങിമരിച്ചതാണെന്ന് സജാദ് പൊലീസിനോട് മാത്രമേ പറഞ്ഞിട്ടൊള്ളൂ. വീട്ടിലെത്തിയവരോടൊക്കെ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നാണ് സജാദ് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. ഇതും ദുരൂഹമാണ്.

അതുകൊണ്ടു തന്നെ പൊലീസ് ജീപ്പിലാണ് ഷഹനയെ മെഡിക്കൽ കോളജിലെത്തിച്ചതെന്നും ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും കഴിഞ്ഞാൽ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽബസാറിൽ വീട് വാടകയെക്കെടുത്ത് താമസിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പഴുതടച്ച അന്വേഷണം നടത്തും.

മകളെ മരുമകൻ കൊലപ്പെടുത്തിയതാണെന്നാണ് ഷഹനയുടെ അമ്മയുടെ ആരോപണം. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരിക്കാൻ ഭയമായിരുന്നു മകൾക്കെന്നും അമ്മ വെളിപ്പെടുത്തി. ഷഹന മരിച്ച മുറിയിൽ നിന്ന് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്, എംഡിഎംഎ എന്നിവ കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയതെന്ന് എസിപി കെ സുദർശനൻ വ്യക്തമാക്കി. സജ്ജാദ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. ഷഹനയ്ക്കും ലഹരി നൽകിയിരുന്നോ എന്നറിയാൻ രാസ പരിശോധന നടത്തും.

12.15നാണ് പൊലീസിന് മരണം സംബന്ധിച്ചുള്ള വിവരം ലഭിച്ചത്. നാട്ടുകാരോട് ഭാര്യ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നാണ് പറഞ്ഞത്. തൂങ്ങി മരിച്ചുവെന്ന് സജ്ജാദ് പറഞ്ഞത് പൊലീസിനോട് മാത്രമാണ്. മരണത്തിൽ ദുരൂഹത ഉള്ളതിനാൽ ഷഹനയുടെ പോസ്റ്റ്മോർട്ടം ആർഡിഒയുടെ സാന്നിധ്യത്തിൽ നടത്തും. പോസ്റ്റ്‌മോർട്ടത്തിന്റെ മുഴുവൻ നടപടിക്രമങ്ങളും വീഡിയോയിൽ ചിത്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നരവർഷം മുൻപായിരുന്നു ഷഹനയുടേയും സജ്ജാദിന്റേയും വിവാഹം. വിവാഹത്തിന് ശേഷം കോഴിക്കോട് പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.

പരസ്യ ചിത്രങ്ങളിലും ചില തമിഴ് സിനിമകളിലും ഷഹന അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വഴക്ക് ഇട്ടിരുന്നതായും വിവരമുണ്ട്. ജനലഴിയിൽ തൂങ്ങിയ നിലിയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.