- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടംവലി ടീമിനെ തോൽപ്പിച്ച മിടുക്കനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു; കേസെടുക്കാത്ത പൊലീസും ശതകോടീശ്വരനെ ഗുണ്ടാ തലവനായി വളർത്തി; നന്നായി നീന്തൽ അറിയാവുന്ന ബത്തേരിക്കാരനെ കർണ്ണാടകത്തിലെ കുളത്തിൽ കൊന്ന് തള്ളിയതോ? ഷൈബിന്റെ സൈക്കോ മുഖം വ്യക്തം; നാട്ടുവൈദ്യനെ കൊന്ന പ്രവാസി കൊടുംക്രിമിനൽ
മലപ്പുറം: നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ സൈക്കോ കൊലപാതകി തന്നെ. വിജയം മാത്രമാണ് അയാളുടെ ലക്ഷ്യം. അതിന് തടസ്സം നിൽക്കുന്ന ആരേയും കൊന്നു തള്ളും. തട്ടിക്കൊണ്ടു പോകും. ഇതിന് തെളിവായി ഇത് പുതിയൊരു ആരോപണവും.
വയനാട് സുൽത്താൻ ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ഷൈബിന് ദീപേഷിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എട്ടു വർഷം മുമ്പ് ബത്തേരിയിൽ നടന്ന വടംവലി ടൂർണമെന്റിൽ ഷൈബിൻ സ്പോൺസർ ചെയ്ത ടീമിനെ ദീപേഷും സംഘവും തോൽപിച്ചിരുന്നു. ഈ വൈരാഗ്യത്തിൽ അന്ന് ദീപേഷിനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഷൈബിൻ തട്ടിക്കൊണ്ടുപോയി. മർദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു.
പൊലീസിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് ഷൈബിൻ കേസ് ഒതുക്കി. 2020ൽ കർണാടകയിലെ കുട്ടയിൽ കൃഷിസ്ഥലത്തിന് സമീപമുള്ള കുളത്തിലാണ് ദീപേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കർണാടക പൊലീസ് നൽകിയിരുന്നില്ലെന്ന് ദീപേഷിന്റെ മാതാവ് വ്യക്തമാക്കി. ഇതിന് പിന്നിലും ഷൈബിനാണോ എന്നതാണ് ഉയരുന്ന സംശയം. ഷൈബിന് ദീപേഷിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ അപായപ്പെടുത്തിയതാകാമെന്നുമാണ് കുടുംബം ഉയർത്തുന്ന സംശയം. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ രണ്ടുവർഷം മുമ്പ് നൽകിയ പരാതി പൊലീസ് ഒതുക്കിയെന്നും ദീപേഷിന്റെ അമ്മ ആരോപിച്ചു.
വടംവലി ടൂർണ്ണമെന്റിൽ ഷൈബിൻ സ്പോൺസർ ചെയ്ത ടീമിനെ ദീപേഷും സംഘവും തോൽപ്പിച്ചത് മുതൽ വൈരാഗ്യമായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ദീപേഷിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി കൊണ്ടു പോയി മർദ്ദിച്ചു. ഷൈബിന്റെ വീടിന്റെ പണി നടക്കുന്ന സ്ഥലത്തുകൊണ്ട് പോയാണ് മർദ്ദിച്ചതും തടവിലിട്ടതും. അതിന് ശേഷം സമീപത്തെ ഒരു തോട്ടത്തിൽ നിന്നാണ് മർദ്ദനമേറ്റ പരിക്കേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ദീപേഷിനെ കണ്ടെത്തിയത്. അതിന് ശേഷം ഒരു വർഷം കഴിഞ്ഞ് ദീപേഷ് കർണാടകയിലേക്ക് ജോലിക്ക് വേണ്ടി പോയി. ഇവിടെ വെച്ച് ഒരു കുളത്തിൽ ദീപേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർത്താവിനെ ഷൈബിൻ വധിച്ചെന്ന് സംശയിക്കുന്നതായി ദീപേഷിന്റെ ഭാര്യയും പറഞ്ഞു. ഭർത്താവിന്റെ മരണത്തിൽ സംശയം ഉണ്ടായിരുന്നെങ്കിലും കേസുമായി പോകാൻ സാധിച്ചില്ല. സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കിയെന്നും ജിസാ പി ജോസ് ആരോപിച്ചു. ഏറ്റവും നന്നായി നീന്താനറിയാവുന്ന ദീപേഷ് ഒരിക്കലും മുങ്ങി മരിക്കില്ലെന്നും ജിസ വ്യക്തമാക്കി. രണ്ട് വർഷം മുൻപ് മാർച്ച് നാലിനാണ് ദീപേഷ് കർണാടകയിലെ കുട്ടയിൽ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ആദ്യ സംഭവത്തിൽ ഇവർ കേസ് കൊടുത്തിരുന്നെങ്കിലും പോലും പൊലീസിലുള്ള ഷൈബിന്റെ സ്വാധീനമുപയോഗിച്ച് കേസ് ഒത്തുതീർപ്പാക്കി പോവുകയാണുണ്ടായതെന്ന് ജിസാ പി ജോസ് ആരോപിച്ചു. പിന്നീട് രണ്ട് വർഷം കഴിയുമ്പോഴാണ് ദീപേഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. ഒരിക്കലും കേസിനു പോകാൻ കഴിയുന്ന ധൈര്യമുണ്ടായിരുന്നില്ല. കേസ് നേരത്തെ ഒത്തുതീർപ്പാക്കാൻ അന്നത്തെ എസ് ഐ ശ്രമിച്ചെന്നും ജിസാ പി ജോസ് ആരോപിച്ചു. അതായത് ഷൈബിന്റെ ക്രിമിനൽ വളർച്ചയ്ക്ക് പിന്നിൽ പൊലീസാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹാരിസിന്റെയും സുഹൃത്തായ യുവതിയുടെയും കൊലപാതകത്തിന് പിന്നിൽ ഷൈബിൻ ആണെന്ന ആരോപണവുമായി ഹാരിസിന്റെ സുഹൃത്ത് അൻവർ നേരത്തെ രംഗത്തെത്തിയിരുന്നു. ഹാരിസിന്റെ കുടുംബത്തെ സഹായിച്ച പേരിൽ ക്വട്ടേഷൻ സംഘം തന്റെ വീട് കയറി ആക്രമിച്ചു. നിലമ്പൂരിൽ പിടിയിലായ സംഘം തന്നെയാണ് ആക്രമണം നടത്തിയത്. പൊലീസിൽ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല. ഭീഷണിയെത്തുടർന്ന് പരാതി പിൻവലിക്കേണ്ടി വന്നെന്നും അൻവർ പറഞ്ഞു. ഷൈബിനും ഹാരിസിനുമൊപ്പം അബുദാബിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് അൻവർ.
2013 മുതൽ ഷൈബിനും ഹാരിസിനുമൊപ്പം ജോലി ചെയ്തിരുന്നു. ഷൈബിൻ നല്ലയാളാണെന്ന് പറയാൻ പറ്റില്ല. പല ക്രിമിനൽ കാര്യങ്ങളും മുമ്പേ ചെയ്ത ആളായതുകൊണ്ട് അയാൾ നല്ലതാണെന്ന് താൻ പറയില്ല. ഷൈബിനെ എതിർക്കുന്നവരെ അവൻ എതിർക്കും. ഹാരിസിനെ സഹായിച്ചു, ഹാരിസിന്റെ കുടുംബത്തെ സഹായിക്കുന്നു എന്നതു കൊണ്ടുമാത്രം തങ്ങളോട് എതിർപ്പുണ്ട്. അല്ലാതെ നേരിട്ട് തനിക്ക് ഷൈബിനുമായി പ്രശ്‌നമൊന്നുമില്ല. ഹാരിസ് ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ക്വട്ടേഷനൊക്കെ വന്നിരുന്നു. അന്ന് പരാതിയൊക്കെ കൊടുത്തിരുന്നതാണ്. ഒരു കാര്യവുമുണ്ടായില്ല എന്നും അൻവർ പറയുന്നു.
ഒരു വർഷം മുമ്പ് അൻവറിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘം തന്നെയാണ് വൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായിരിക്കുന്നത്. 2020 മാർച്ചിലാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ഹാരിസിനെ മരിച്ചതായി കണ്ടെത്തിയത്. അതേ സമയത്താണ് യുവതിയെയും സമാന രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൊലപാതകം ആസൂത്രണം ചെയ്തിരിക്കുന്നതിന്റെ തെളിവുകളാണ് ഷൈബിന്റെ ലാപ്‌ടോപിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ