- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൽനിന്നു ലഭിച്ച തലമുടി നിർണായക തെളിവാകും; റിട്ടയേർഡ് എസ് ഐ സുന്ദരന് ഷൈബിന്റെ എല്ലാ ഇടപാടുകളിലും പങ്കാളിത്തമെന്നും സൂചന; ശതകോടികളുടെ ആസ്തിയിലും അന്വേഷണം; അബുദാബിയിലെ ജയിൽ വാസവും അന്വേഷിക്കും; ഷൈബിനെ ചുറ്റി നിറയുന്നത് ദുരൂഹത മാത്രം
നിലമ്പൂർ: ഒറ്റമൂലി രഹസ്യം തേടി തട്ടിക്കൊണ്ടുവന്ന പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഫോറൻസിക് പരിശോധനാ ഫലം നിർണ്ണായകമാകും. മൃതദേഹം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കൊല്ലപ്പെട്ടത് ഷാബാ ഷരീഫാണെന്ന് ഉറപ്പിക്കാനാണ് പൊലീസ് നീക്കം. നിർണായകമായ തെളിവുകൾ ഫൊറൻസിക് പരിശോധനയിൽ ലഭിച്ചു. വൈദ്യനെ ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ച നിലമ്പൂർ മുക്കണ്ടയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണു തെളിവുകൾ ലഭിച്ചത്.
ഷാബാ ഷരീഫിന്റെ കൊലപാതകത്തിലെ അന്വേഷണം മുൻ പൊലീസുകാരനിലേക്കും. മുഖ്യപ്രതി ഷൈബിന്റെ കൂട്ടാളിയായ റിട്ടയേർഡ് പൊലീസുകാരന് നോട്ടീസ് നൽകി. ഷൈബിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്ത റിട്ടയേർഡ് എസ്‌ഐ സുന്ദരനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയത്. വയനാട് കോളേരി സ്വദേശിയായ ഇയാൾക്ക് കേണിച്ചിറ പൊലീസ് മുഖേനയാണ് നോട്ടീസ് നൽകിയത്. എന്നാൽ റിട്ട.പൊലീസുകാരനായ സുന്ദരൻ ഒളിവിലാണുള്ളത്.
ഇയാൾ വീട്ടിൽ ഇല്ലെന്നാണ് കുടുംബം പറയുന്നത്. സർവീസിലിരിക്കെ തന്നെ ഇദ്ദേഹം ഷൈബിന് വേണ്ടി പ്രവർത്തിച്ചിരുന്നു. സർവീസിൽ നിന്ന് ലീവെടുത്ത് ഷൈബിന്റെ മാനേജരെ പോലെ പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്. ചോദ്യം ചെയ്യലിന് ഇയാൾ ഹാജരായില്ലെങ്കിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും സാധ്യതയുണ്ട്. ഷൈബിന്റെ എല്ലാ കള്ളത്തരവും ഇയാൾക്ക് അറിയാമെന്നാണ് സൂചന.
കൊലപാതകത്തിനു ശേഷം മൃതദേഹം പുഴയിൽ തള്ളാനായി കൊണ്ടുപോയ കാറിലും സംഘം പരിശോധന നടത്തിയിരുന്നു. രക്തക്കറ, മുടി ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചു. ഇതു തൃശൂരിലെ ലാബിലെത്തിച്ചു പരിശോധിക്കും. തെളിവുകൾ കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റേതു തന്നെയാണോ എന്ന് സാംപിൾ പരിശോധനയിൽ വ്യക്തമാകും. തെളിവുകൾ കോടതിയിൽ ഹാജരാക്കിയ ശേഷമാണു ലാബിലേക്കു കൈമാറുക. പരിശോധനാഫലം അധികം വൈകാതെ ലഭ്യമാകും. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൽനിന്നു ലഭിച്ച തലമുടി നിർണായക തെളിവാകും.
വൈദ്യനെ ഒളിവിൽ താമസിപ്പിച്ചിരുന്ന മുഖ്യപ്രതി ഷൈബിന്റെ വീട്ടിൽ 2 ദിവസമായി ഫൊറൻസിക് സംഘം നടത്തിയ പരിശോധന ഇന്നലെ അവസാനിച്ചു. ഷാബാ ഷരീഫിനെ താമസിപ്പിച്ചിരുന്ന ശുചിമുറിയിൽനിന്ന് ഇളക്കിമാറ്റിയ ടൈൽ, സിമന്റ്, മണ്ണ് എന്നിവ സംഘം പരിശോധിച്ചിരുന്നു. ശുചിമുറിയിൽനിന്ന് പുറത്തേക്കുള്ള പൈപ്പിൽനിന്നു രക്തക്കറ കണ്ടെത്തി. കേസിൽ ഒന്നാം പ്രതി ഷൈബിൻ അഫ്‌റഫ്, പൊന്നക്കാരൻ ഷിഹാബുദ്ദീൻ, നടുത്തൊടിക നിഷാദ് എന്നിവർ റിമാൻഡിലാണ്.
അതിനിടെ ഷൈബിൻ അഷ്‌റഫിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് പൊലീസ് അന്വേഷണം. കുറഞ്ഞകാലം കൊണ്ടു നൂറുകണക്കിന് കോടി രൂപയാണ് ഷൈബിൻ സമ്പാദിച്ചത്. ലഹരിമരുന്നു കേസിൽ അബുദാബിയിൽ ജയിലിൽ കിടന്നിട്ടുണ്ടെന്ന് ഷൈബിൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ലഹരിമരുന്നു കേസിൽ 36 ദിവസമാണ് ജയിലിൽ കിടക്കേണ്ടി വന്നത്. ലഹരിക്കേസിൽ അബുദാബിയിലെ ജയിലിലായതോടെ അകത്തുവച്ചു തന്നെ കൊലപ്പെടുത്താൻ ചില ശത്രുകേന്ദ്രങ്ങൾ നീക്കം നടത്തിയെന്നും ഷൈബിൻ അഷ്‌റഫ് ആരോപിച്ചിരുന്നു.
അതേസമയം, വൈദ്യനെ കൊന്ന കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ദുരൂഹ സാഹചര്യത്തിൽ മരിച്ച ബത്തേരി സ്വദേശി ദീപേഷിന്റെ ഭാര്യ രംഗത്തെത്തി. ഭർത്താവിനെ ഷൈബിൻ വധിച്ചെന്ന് സംശയിക്കുന്നതായി ദീപേഷിന്റെ ഭാര്യ മീഡിയ വണ്ണിനോട് പറഞ്ഞു. ഭർത്താവിന്റെ മരണത്തിൽ സംശയം ഉണ്ടായിരുന്നെങ്കിലും കേസുമായി പോകാൻ സാധിച്ചില്ല. സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കിയെന്നും ജിസാ പി ജോസ് ആരോപിച്ചു. ഏറ്റവും നന്നായി നീന്താനറിയാവുന്ന ദീപേഷ് ഒരിക്കലും മുങ്ങി മരിക്കില്ലെന്നും ജിസ വ്യക്തമാക്കി.
രണ്ട് വർഷം മുൻപ് മാർച്ച് നാലിനാണ് ദീപേഷ് കർണാടകയിലെ കുട്ടയിൽ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇതിന്റെ ഏതാനും വർഷങ്ങൾക്ക് മുമ്പ് ദീപേഷും ഷൈബിനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഷൈബിൻ ദീപേഷിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽ വച്ച് ക്രൂരമായി മർദ്ദിച്ച് അവശനാക്കി ഒഴിഞ്ഞ കാപ്പിത്തോട്ടത്തിൽ ഉപേക്ഷിച്ചിരുന്നു. സംഭവത്തിൽ ഇവർ കേസ് കൊടുത്തിരുന്നെങ്കിലും പോലും പൊലീസിലുള്ള ഷൈബിന്റെ സ്വാധീനമുപയോഗിച്ച് കേസ് ഒത്തുതീർപ്പാക്കി പോവുകയാണുണ്ടായതെന്ന് ജിസാ പി ജോസ് ആരോപിച്ചു.
പിന്നീട് രണ്ട് വർഷം കഴിയുമ്പോഴാണ് ദീപേഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. ഒരിക്കലും കേസിനു പോകാൻ കഴിയുന്ന ധൈര്യമുണ്ടായിരുന്നില്ല. കേസ് നേരത്തെ ഒത്തുതീർപ്പാക്കാൻ അന്നത്തെ എസ് ഐ ശ്രമിച്ചെന്നും ജിസാ പി ജോസ് ആരോപിച്ചു. മുൻപ് ദീപേഷിന്റെ ടീമ് ഷൈബിൻ സ്പോൺസർ ചെയ്ത വടംവലി ടീമിനെ തോൽപ്പിച്ചതിന്റെ പ്രതികാരമായാണ് ദീപേഷിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് എന്നും ജിസ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ