തൃശൂർ: അവർക്ക് മനസാക്ഷിയില്ല... അവർ മനുഷ്യന്മാരല്ല.. എങ്കിൽ അവർ എന്നോട് ഇങ്ങനെ കാണിക്കുമോ..? നാലുവർഷം മുൻപ് നടന്ന അപകടത്തിൽ ശരീരം തളർന്നു പോയ ഓട്ടോ ഡ്രൈവർ കൂർക്കഞ്ചേരി സ്വദേശി ഷൈജൻ(46) മറുനാടനോട് ചോദിച്ചതിങ്ങനെയാണ്.

ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്ന ഷൈജൻ 2017 ഒക്ടോബർ 24-നാണ് അപകടത്തിൽപ്പെട്ടത്. നെടുപുഴ ധ്യാനകേന്ദ്രത്തിനു സമീപം ഓട്ടോറിക്ഷയിൽ കാർ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ മറിഞ്ഞ് ഷൈജന് നട്ടെല്ലിന് പരിക്കേറ്റു. കൂർക്കഞ്ചേരിയിലെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെത്തിയപ്പോൾ കാറുടമ നെടുപുഴ ബത്ലേഹം റാഫി പറഞ്ഞത് തനിക്ക് അടുത്ത ദിവസം വിദേശത്തേക്ക് മടങ്ങിപ്പോകേണ്ടതാണ് അതിനാൽ കേസു കൊടുക്കരുത്. എല്ലാ കാര്യങ്ങളും നോക്കൊമെന്നുമേറ്റു. ആശുപത്രി ചിലവും തുശ്ചമായ ഒരു തുകയും മാത്രം നൽകി മടങ്ങിപ്പോയ റാഫിയെ പിന്നീട് ഷൈജൻ കണ്ടിട്ടില്ല. ശരീരം തളർന്നു പോയ ഷൈജൻ 17 വയസ്സുള്ള മകൻ ജോലിക്ക് പോകുന്നതിനാൽ അന്നം മുട്ടാതെ ജീവിക്കുകയാണ്. അല്ല നരക ജീവിതം നയിക്കുകയാണ്.

നാലുമാസം പൂർണവിശ്രമമെടുത്താൽ പ്രശ്നം തീരുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. കാറുടമയുടെ വാക്കുകേട്ട് ഷൈജൻ കേസിന് പോയില്ല. ആശുപത്രിബില്ലുകൾ അടച്ച് കാറുടമ പോയി. നാലുമാസം വിശ്രമിച്ചെങ്കിലും നട്ടെല്ലിലെ പ്രശ്നം തീർന്നില്ല. എണീൽക്കാനാകാതെ കിടപ്പിലായി. അപകടത്തിന്റെ തുടർച്ചയെന്നോണം പല രോഗങ്ങളും വന്നു. കാലിലെ പഴുപ്പ് മാറ്റാനായി മുട്ടിനുമുകളിൽവെച്ച് മുറിച്ചുമാറ്റേണ്ടി വന്നു. അപ്പോഴൊക്കെ റാഫിയെ ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. അതോടെയാണ് തനിക്ക് ചതി പറ്റി എന്ന് ഷൈജൻ തിരിച്ചറിയുന്നത്.

അന്ന് റാഫിയെ സഹായിക്കാനായി കേസു കൊടുക്കാതിരുന്നത് തെറ്റായ തീരുമാനമായിരുന്നു. കേസു കൊടുത്തിരുന്നുവെങ്കിൽ മോശമല്ലാത്ത ഒരു തുക ഇൻഷുറൻസായി ലഭിക്കുമായിരുന്നു. ആശുപത്രി ബില്ലായ 23,000 രൂപയും ഭാര്യയുടെ കയ്യിൽ 10,000 രൂപയും മാത്രമാണ് റാഫി നൽകിയത്. കിടപ്പിലാതോടെ ദാരിദ്രം കാർന്നു തിന്നാൻ തുടങ്ങി. ഇപ്പോൾ വാടകവീട്ടിൽ എല്ലും തോലുമായി മുറിച്ചുമാറ്റപ്പെട്ട ഒരു കാലുമായി കിടക്കുന്നു. ഇതോടെ പ്രായപൂർത്തിയാകാത്ത മകൻ കൂലിവേലയ്ക്കായി ഇറങ്ങി.

നെടുപുഴ റെയിൽവേ ഗേറ്റിന് സമീപമുള്ള വാടക വീട്ടിലാണ് ഷൈജനും ഭാര്യ സിന്ധുവും മകൻ ഷിന്റോയും താമസിക്കുന്നത്. ഇലക്ട്രീഷ്യൻ ജോലിക്ക് സഹായി ആയി പോയാണ് 17 കാരനായ ഷിന്റോ കുടുംബം പോറ്റുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പിതാവ് ഷൈജൻ അപകടം പറ്റി കിടപ്പിലാകുന്നത്. ഇതോടെ പഠനത്തിനൊപ്പം ജോലിയും ഏറ്റെടുത്തു. രാവിലെ പത്രമിടാൻ പോകും പിന്നീട് കൂലിപ്പണിക്ക് പോകും ഇങ്ങനെ പത്താം തരം വരെ പഠിച്ചു. വീടിന് വാടക കൊടുക്കണം, അച്ഛന് മരുന്ന് വാങ്ങണം, ആഹാര സാധനങ്ങൾ വാങ്ങണം. പഠനം തുടർന്നാൽ ഇതൊന്നും നടക്കില്ല.

അതിനാൽ മുഴുവൻ സമയം ജോലിക്ക് പോകാൻ തുടങ്ങി. ഇതിനിടയിൽ പത്രമിടാൻ പോകുന്ന വീട്ടിലെ ഒരു അദ്ധ്യാപകൻ അദ്ദേഹം പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ഫീസിളവ് നൽകി പഠന സൗകര്യം ഒരുക്കി. എന്നാൽ പ്രാരാബ്ദം കൂടുലായതിനാൽ പാതി വഴി പ്ലസ്ടു പഠനം നിർത്തേണ്ടി വന്നു. അടുത്തുള്ള ഇലക്ട്രീഷ്യന്മാരുടെ ഒപ്പം സഹായി ആയി പോയി പണി പഠിച്ചിരിക്കുകയാണ് ഷിന്റോ. ഇനി ലൈസൻസ് എടുത്ത് സ്വന്തമായി ജോലിക്കിറങ്ങണമെന്നാണ് ആഗ്രഹം. പക്ഷേ അതിന് ഐ.ടി.സിയിൽ പഠിക്കണം. അതിന് സാഹചര്യം അനുവദിക്കുന്നില്ല.

2020 ൽ ഷൈജൻ മകൾ ഷിൻസിയെ അടുത്തു തന്നെയുള്ള സിജോയ് എന്ന ചെറുപ്പക്കാരൻ വിവാഹം ആലോചിച്ചു വന്നു. ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞാണ് സിജോയ് എത്തിയത്. വിവാഹം നടത്താൻ പോലും വകയില്ലാഞ്ഞ ഷൈജൻ റാഫിയുടെ ഭാര്യയുടെ വീട്ടിൽ പോയി കരഞ്ഞു പറഞ്ഞു എന്തെങ്കിലും സഹായിക്കണമെന്ന്. അന്ന് 25,000 രൂപ അവർ നൽകി. നാട്ടുകാരും പള്ളിക്കാരും മറ്റും സഹായിച്ചതിനാൽ വിവാഹം നടന്നു.

ഇതിനിടയിൽ പലവട്ടം റാഫിയെ ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ചെയ്തു കൊടുത്തില്ല. കഴിഞ്ഞ ദിവസം മറുനാടൻ റാഫിയുടെ നെടുപുഴയിലെ വീട്ടിൽ അന്വേഷിച്ചു ചെന്നപ്പോൾ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. അകത്ത് കാർ കിടപ്പുണ്ട്. സമീപത്ത് അന്വേഷിച്ചപ്പോൾ ഷാർജയിലാണെന്ന് വിവരം ലഭിച്ചു. തുടർന്ന് തൊട്ടടുത്തുള്ള ഭാര്യ വീട്ടിൽ പോയി അമ്മായി അച്ഛനെ കണ്ടു. നരക ജീവിതെ നയിക്കുന്ന ഷൈജന്റെ കാര്യം പറഞ്ഞപ്പോൾ മരുമകനോട് പറഞ്ഞിട്ടുണ്ട്, വിദേശത്ത് നിന്നും വരുമ്പോൾ എന്തെങ്കിലും കൊടുക്കാമെന്ന് പറഞ്ഞു.

പക്ഷേ എന്തെങ്കിലും അല്ല ഷൈജന് ചെയ്തു കൊടുക്കേണ്ടത്. ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയാണ് വേണ്ടത്. ഷിന്റോയുടെ പഠനം പൂർത്തിയാക്കാൻ സഹായിക്കണം. അതിന് വേണ്ട എല്ലാം ഒരുക്കി നൽകുകയാണ് വേണ്ടത്. നല് സാമ്പത്തിക ഭദ്രതയുള്ളയാളാണ് റാഫി എന്നാണ് നാട്ടുകാരിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. റാഫിയുടെ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ഷൈജനും കുടുംബവും. കഴിഞ്ഞ ദിവസം മറുനാടൻ എക്സ്‌ക്ലൂസീവിൽ ഷൈജന്റെയും കുടുംബത്തിന്റെയും നിസഹായാവസ്ഥയെപറ്റി വീഡിയോ ചെയ്തിരുന്നു.

അതിൽ കൊടുത്തിരുന്ന അക്കൗണ്ട് നമ്പർ പ്രധാനമന്ത്രിയുടെ ജൻ ധൻ യോജന പദ്ധതി പ്രകാരമുള്ളതാണ്. ഇതിൽ അധിക തുക ഇടപാട് നടത്താൻ കഴിയില്ല. അതിനാൽ ഇനി പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തിക്കാം. ബന്ധപ്പെടാനുള്ള നമ്പറും കൊടുക്കുന്നു.

SHINCY TS
ACCOUNT NUMBER: 5113101005345
IFSC: CNRB0005113
CANARA BANK KOORKENCHERY
GOOGLE PAY 7510947286
Contact Number: 8606372732