നെയ്‌റോബി: അണ്ടർ 20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വനിതകളുടെ ലോങ് ജംപിൽ ഇന്ത്യയുടെ ഷൈലി സിങിന് വെള്ളി. ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡൽ നേട്ടമാണ് ഇത്.

6.59 മീറ്റർ ദൂരമാണ് ഷൈലി സിങ് ചാടിയത്. എന്നാൽ ഒരു സെന്റീ മീറ്ററിന്റെ വ്യത്യാസത്തിലാണ് സ്വീഡൻ താരം മജ അസ്‌കാജ് സ്വർണം സ്വന്തമാക്കിയത്.

 

ആദ്യ രണ്ട് അവസരത്തിലും 6.34 മീറ്റർ ദൂരം കണ്ടെത്തിയ ഷൈലി മൂന്നാം ചാട്ടത്തിൽ 6.59 ദൂരം പിന്നിട്ടു. 6.60 മീറ്റർ ദൂരവുമായി സ്വീഡന്റെ ജൂനിയർ യൂറോപ്യൻ ജേതാവ് മജ അസ്‌കാജ് സ്വർണം കീശയിലാക്കി.

യോഗ്യതാ റൗണ്ടിൽ 6.40 മീറ്റർ ദൂരത്തോടെ ഒന്നാം സ്ഥാനക്കാരിയായാണ് ഷൈലി ഫൈനലിന് യോഗ്യത നേടിയത്. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജിന്റെ ബെംഗളൂരുവിലെ അക്കാദമിയിൽ റോബർട്ട് ബോബി ജോർജ്ജിന് കീഴിലാണ് ഉത്തർപ്രദേശുകാരിയായ ഷൈലി സിംഗിന്റെ പരിശീലനം. നിലവിൽ ലോക രണ്ടാം നമ്പർ താരമാണ് ഷൈലി.

നേരത്തെ, 10 കി.മീ നടത്തത്തിൽ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടിയിരുന്നു. 42:17.94 സമയമെടുത്താണ് അമിത് നടത്തം പൂർത്തിയാക്കിയത്. മിക്സഡ് റിലേയിൽ ഇന്ത്യൻ ടീം വെങ്കലം സ്വന്തമാക്കിയതാണ് മീറ്റിൽ മറ്റൊരു ഇന്ത്യൻ നേട്ടം. ഭരത് എസ്, സുമി, പ്രിയ മോഹൻ, കപിൽ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം 3:20.60 സമയത്തിൽ ഫിനിഷ് ചെയ്തു. ഹീറ്റ്സിൽ മത്സരിച്ച ടീമിൽ മലയാളി താരം അബ്ദുൾ റസാഖും ഉണ്ടായിരുന്നു.