കൊച്ചി: ഫെബ്രുവരി നാലിനു സ്വപ്ന സുരേഷിന്റെ ചിത്രം സഹിതം ഷാജ് ഫേസ്‌ബുക്കിലിട്ട പോസ്റ്റ് വീണ്ടും ചർച്ചകളിൽ. 'എന്റെ ഹീറോ സ്വപ്ന സുരേഷാണ്. ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയെ വരെ പറ്റിച്ച ശിവശങ്കരാ നിന്റെ പണി തീർന്നു. സ്വർണക്കടത്തല്ല, ലൈഫ് മിഷനിലെ കമ്മിഷനായിരുന്നു ലക്ഷ്യം. സത്യം പുറത്തുവരണം.'

പാർട്ടി അനുഭാവി ഉള്ളപ്പോഴും പിന്നീട് അത് നഷ്ടമായപ്പോഴും ഒരിക്കൽ പോലും ഇഷ്ടമില്ലാത്ത നേതാവായി മാത്രമേ അങ്ങയെ കണ്ടിട്ടുള്ളൂ. ഏകാധിപതി എന്ന് നിരവധി തവണ അങ്ങയെ വിശേഷിപ്പിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം തെ്റ്റാണെന്ന് കാലം തെളിയിച്ചു. സഖാവേ എന്ന് വിളിക്കാനല്ല തോന്നുന്നത്. ക്യാപ്ടൻ എന്ന് വിളിക്കാനേ കഴിയൂ.. ഇരട്ട ചങ്കൻ തന്നെ.. ലാൽ സലാം.-ഇതാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയപ്പോൾ ഷാജ് കിരൺ ഇട്ട പോസ്റ്റാണ്. അതായത് ശിവശങ്കറിനെ പരസ്യമായി തള്ളി പറഞ്ഞ രണ്ടാം പിണറായി സർക്കാരിൽ മനസ്സുമാറിയ മുൻ മാധ്യമ പ്രവർത്തകൻ.

ബിലീവേഴ്‌സ് ചർച്ചുമായി ബന്ധമുള്ളയാളെന്നു പറഞ്ഞു കേസിലെ കൂട്ടുപ്രതി എം.ശിവശങ്കറാണു ഷാജ് കിരണിനെ പരിചയപ്പെടുത്തിയതെന്നും ചർച്ചിന്റെ ഡയറക്ടർ എന്നു തന്നോടു ഷാജ് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന അവകാശപ്പെടുന്നു. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ 2014 ലാണു ഷാജ് ചർച്ചുമായി ബന്ധപ്പെടുന്നത്. പിന്നീട് ഷാജിന്റെ ഭാര്യ 6 മാസത്തോളം സഭയുടെ ആശുപത്രിയിലെ എൻജിനീയറിങ് വിഭാഗത്തിൽ ജോലി ചെയ്തതൊഴിച്ചാൽ മറ്റൊരു ബന്ധവും ഇദ്ദേഹവുമായില്ലെന്നാണു ചർച്ചിന്റെ വിശദീകരണം. ഭാര്യ സ്വയം രാജിവച്ചു. മാധ്യമപ്രവർത്തകൻ, പിആർ ഏജൻസി നടത്തിപ്പുകാരൻ, റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ, ഇപ്പോൾ സ്വപ്നയുടെ ആരോപണമനുസരിച്ച് പൊലീസിൽ പോലും ഉന്നത ബന്ധമുള്ള വ്യക്തിയാണ് ഷാജ് കിരൺ. അതിനിടെ ഷാജ് കിരണിനെ കുറിച്ച് മുൻ മാധ്യമ പ്രവർത്തകനായ ശിവലാൽ ഇട്ട പോസ്റ്റും ചർച്ചയാണ്. ഷാജ് കിരണിനെ അറിയും, ഒരേ സ്ഥാപനത്തിൽ ഒരേകാലത്തുണ്ടായിരുന്നു, രണ്ട് സ്ഥലങ്ങളിൽ.. അതുകൊണ്ട് തന്നെ ഇപ്പൊ കേൾക്കുന്ന വെളിപ്പെടുത്തലുകളിൽ പലതും ഞെട്ടിക്കുന്നില്ലെന്ന് മാത്രമല്ല പൊട്ടിച്ചിരിയാണുണ്ടാക്കുന്നത്.. അല്ലേ.. ഹാഷ്മി, സുജിത്..???? എന്നാണ് ആ പോസ്റ്റ്. ഇതിൽ 24 ന്യൂസിലെ ഹാഷ്മിയും ടാഗ് ചെയ്യുന്നുണ്ട്. അതിൽ വരുന്ന ചില കമന്റുകളും ശ്രദ്ധേയമാണ്.

'കാലൊടിഞ്ഞ് കിടപ്പിലായ ' കഥാ നായകനെ അന്വേഷിച്ച് കണ്ടെത്തി നിജസ്ഥിതി ബോധിപ്പിക്കാൻ നിന്നെ അല്ലേ ചുമതലപ്പെടുത്തിയിരുന്നത്?-എന്നൊരു കമന്റ് ഇട്ടിരിക്കുന്നത് ഹർഷനാണ്. വെറുമൊരു പെട്രോൾ പമ്പ് മാത്രം എഴുതിക്കൊടുത്തിട്ട് അഛനമ്മമാർ ഉപേക്ഷിച്ച് പോയ കാൻസർ രോഗിയായ മകന്റെ വേദനയൊന്നും ഇവന്മാർക്ക് മൻസിലാവില്ലെന്നും ഹർഷന്റെ മറ്റൊരു കമന്റുമുണ്ട്. പോർഷെയുടെ മൂൺ വിൻഡോ തുറന്നിട്ട്, മഴ പെയ്ത് കാറാകെ നാശമായപ്പം ചീത്ത പറഞ്ഞ അച്ഛൻ? ഇങ്ങനേയും കമന്റ് എത്തുന്നു. തട്ടിപ്പുകാരുടെ ഒരു പ്രധാന തന്ത്രമാണ്, അവർ ഒരു വലിയ രോഗിയാണ് എന്ന് പരിചയപെടുന്നവരെ പറഞ്ഞു വിശ്വസിപ്പിക്കുക.. അതിലൂടെ അവരുടെ വിശ്വാസവും അനുകമ്പയും പിടിച്ച് പറ്റുക എന്നാണ് അവരുടെ തന്ത്രം.. ഇത് കോമൺ ആണ്..-ഇങ്ങനെ പോകുന്നു അഭിപ്രായ പ്രകടനങ്ങൾ. ഏതായാലും ഇതെല്ലാം ഷാജ് കിരണിനെ കുറിച്ചുള്ള അഭിപ്രായമാണെന്നാണ് പൊതുവേ ഉയരുന്ന വാദം.

കൊട്ടാരക്കരയാണു ഷാജ് കിരണിന്റെ നാട്. ഇവിടെ അമ്മയുടെ വീട്ടിലായിരുന്നു ആദ്യകാലത്ത്. എന്നാൽ, നാലഞ്ചുവർഷമായി നാടുമായി ബന്ധമില്ല. പിതാവ് സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായാണു വിരമിച്ചത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽനിന്നു ബിരുദവും കോട്ടയം എംജി സർവകലാശാലാ ക്യാംപസിൽനിന്നു ജേണലിസത്തിൽ പിജിയും. 2009 ൽ ഇന്ത്യാവിഷൻ ചാനൽ റിപ്പോർട്ടറായി തിരുവനന്തപുരത്ത്. ഇന്നു മുഖ്യധാരാ മാധ്യമങ്ങളിൽ പ്രധാന തസ്തികയിലുള്ള പലർക്കുമൊപ്പമായിരുന്നു താമസം. ഇന്ത്യാ വിഷനിൽനിന്നു ജയ്ഹിന്ദിലും പിന്നീട് ഏഷ്യാനെറ്റിലും വീണ്ടും ജയ്ഹിന്ദിലുമെത്തി. മംഗളം ചാനലിലായിരുന്നു അവസാനം.

2016 ൽ മാധ്യമപ്രവർത്തനം വിട്ടു പിആർ മേഖല തിരഞ്ഞെടുത്തു. സാമ്പത്തികശേഷിയുള്ള സെലിബ്രിറ്റികളുടെ പിആർ ആണ് ലക്ഷ്യമിട്ടത്. ആലപ്പുഴയിലെ സാമുദായിക പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിനൊപ്പമായിരുന്നു ഏറെക്കാലം. വെള്ളാപ്പള്ളി നടേശനുമായി ഒരു സമയത്ത് ഈ നേതാവ് തെറ്റി. പിന്നീട് അടുക്കുകയും ചെയ്ത സമുദായ നേതാവിന്റെ അതിവിശ്വസ്തനായിരുന്നു ഷാജ് കിരൺ. മുട്ടിൽ മരം മുറിയിൽ ആരോപണ വിധേയനായ മാധ്യമ പ്രവർത്തകന് വേണ്ടി ലോബിയിങ് നടത്താനും ഷാജ് കിരൺ ഉണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് രംഗത്ത് ചുവടുറപ്പിക്കാനായിരുന്നു പ്രധാന ശ്രമം. സംശയനിഴലിലുള്ള പല ബിസിനസുകാരുമായും ബന്ധം ഷാജ് കിരണിനുണ്ടെന്നും ആരോപണമുണ്ട്.

പഠനകാലത്തോ മാധ്യമപ്രവർത്തനകാലത്തോ പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആളായിരുന്നില്ല. എന്നാൽ കേരളത്തിലെ ഇടത്, വലത്, ബിജെപി നേതാക്കളുമായെല്ലാം പരിചയമുണ്ടാക്കി. ഈ പരിചയം വലിയ സൗഹൃദമായി സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുകയും ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എറണാകുളം പ്രസ് ക്ലബ്ബിന്റെ ജൂബിലി ആഘോഷത്തിനു പ്രധാനമന്ത്രിയെ ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട സംഘാംഗമായി നരേന്ദ്ര മോദിയെ നേരിൽ സന്ദർശിച്ചു. ഈ ചിത്രം ഉപയോഗിച്ചു ബിജെപിയിൽ സൗഹൃദവലയമുണ്ടാക്കി.

ഉന്നത രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളുമായി വലിയ അടുപ്പമുണ്ടെന്ന് അവകാശപ്പെടുകയും അതു പറഞ്ഞു മേനി നടിക്കുകയും ചെയ്യുമായിരുന്നുവെന്നു സുഹൃത്തുക്കൾ പറയുന്നു. ചിത്രങ്ങളാണു തെളിവായി കാണിച്ചിരുന്നത്.