തിരുവനന്തപുരം: സർക്കാരിന്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും തമിഴ്‌നാട്ടിൽ. ഇന്നലെ രാത്രി തമിഴ്‌നാട്ടിലെത്തിയെന്ന് ഇബ്രാഹിം പറഞ്ഞു. ഫോണിൽ നിന്ന് ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാനാണ് പോയതെന്നും നാളെ വീഡിയോ മാധ്യമങ്ങൾക്ക് നൽകുമെന്നും ഇബ്രാഹിം പറഞ്ഞു. സ്വപ്നയുമായുള്ള ചർച്ചയാണ് വീഡിയോയിലുള്ളത്. അറസ്റ്റിൽ ഭയമില്ല, നാളെ കൊച്ചിയിലെത്തുമെന്നും ഇബ്രാഹിം പറഞ്ഞു.

മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയിട്ടും ഷാജ് കിരണിനെതിരായ അന്വേഷണത്തിൽ പൊലീസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പരാതി കിട്ടാതെ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടി. സ്വപ്‌നയ്ക്കും പിസി ജോർജിനുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയത് കെടി ജലീലിന്റെ പരാതിയിലാണ്. എന്നാൽ ഷാജ് കിരണിനെതിരെ ആരും പരാതി നൽകിയിട്ടില്ല.

അതിനിടെ എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ടും പരാമർശമുണ്ട്. ഇതിലും അന്വേഷണം നടത്തേണ്ടി വരും. അതുകൊണ്ട് തന്നെ ഷാജ് കിരണിനെതിരെ കേസെടുത്താൽ അജിത് കുമാറും കേസിൽ പ്രതിയാകുന്ന സാഹചര്യം ഉണ്ടായേക്കും. ഔദ്യോഗിക രഹസ്യം അടക്കം ചോർന്നുവെന്നാണ് ആരോപണം. ഇതെല്ലാം പൊലീസിനെ ചിന്തിപ്പിക്കുന്നുണ്ട്. പക്ഷേ ഷാജ് കിരണിനെതിരെ കേസെടുക്കേണ്ട സാഹചര്യമുണ്ട്. സർക്കാരിനെതിരെ വലിയ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്.

ഉന്നത ബന്ധമുള്ള ഷാജ് കിരണിനെ പാലക്കാട്ടേക്ക് വിളിച്ചു വരുത്തി സ്വപ്‌ന തെളിവുണ്ടാക്കുകയായിരുന്നു. റിപ്പബ്ലിക് ടിവിയുടെ ചർച്ചയിൽ നടന്നത് സ്റ്റിങ് ഓപ്പറേഷനാണെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് ഷാജ് കിരണും ഇബ്രാഹിമും വീഡിയോ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നത്. ഈ വീഡിയോയും ഇനി പുതിയ ചർച്ചയായി മാറും.

സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോ സംഭാഷണത്തിൽ കാര്യമായി ഒന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എതിരെ വലിയ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ എന്തുകൊണ്ട് ഒരു നടപടിയുമുണ്ടായില്ലെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. എന്നാൽ പരാതിയില്ലാതെ നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം. അതിനിടെ ബിലീവേഴ്‌സ് ചർച്ച് ഷാജ് കിരണിനെതിരെ പരാതി കൊടുത്തേക്കും.

ബിലീവേഴ്‌സ് ചർച്ച് വഴി മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ഗുരുതര ആരോപണം പുറത്തുവന്ന ഓഡിയോയിലുണ്ട്. ഷാജ് കിരണിന്റെ ആരോപണങ്ങളിൽ ബിലീവേഴ്‌സ് ചർച്ച് അധികൃതർ പരാതി നൽകിയേക്കും. പരാതി കിട്ടിയാൽ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമായതോടെ എഡിജിപി അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് സർക്കാർ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. കേസിൽ ഒരു ഉദ്യോഗസ്ഥന്റെ മാത്രം ഇടപെടലായി ഇതിനെ ചുരുക്കുവാനുള്ള സർക്കാർ നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഗൂഢാലോചനാ കേസിൽ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പ്രതിചേർത്തേക്കും എന്നും സൂചനയുണ്ട്. അന്വേഷണ സംഘം നിയമ പരിശോധന ആരംഭിച്ചു. ഇരുവർക്കും സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നീക്കം. തട്ടിക്കൊണ്ടുപോയ സരിത്തിനെ വിജിലൻസ് വിട്ടയക്കുമെന്ന് ഷാജ് കിരൺ ആണ് തന്നോട് പറഞ്ഞതെന്ന് സ്വപ്ന സുരേഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഷാജ് കിരണിനെ വർഷങ്ങളായി അറിയാം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ഷാജ് കിരണുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും നിവൃത്തിയില്ലാതെയാണ് ഷാജിന്റെ സംഭാഷണം റെക്കോർഡ് ചെയ്തതെന്നും ശബ്ദരേഖ പുറത്തുവിടുന്നതിനുമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ സ്വപ്ന പറഞ്ഞു. ഷാജ് കിരൺ ഭീഷണിപ്പെടുത്തയതായും സ്വപ്ന ആരോപിച്ചു. ആരോടാണ് കളിച്ചത് എന്നറിയാമല്ലോയെന്ന് ഷാജ് കിരൺ ചോദിച്ചു. അഡ്വ. കൃഷ്ണരാജാണ് തന്റെ രക്ഷകനെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

അതേസമയം അഭിഭാഷകനും, എച്ച്.ആർ.ഡി.എസും പറഞ്ഞത് പ്രകാരമാണ് രഹസ്യമൊഴി നൽകിയതെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ടെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു. ാജ് കിരൺ എന്നയാൾ പാലക്കാടെത്തി തന്നെ കണ്ട് രഹസ്യമൊഴി പിൻവലിക്കാൻ ശ്രമിച്ചുവെന്നായിരുന്നു സ്വപ്ന ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്.

ആർ.എസ്.എസിന്റെയും ബിജെപിയുടെയും സമ്മർദം കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതെന്ന് വീഡിയോയിൽ ചിത്രീകരിച്ച് നൽകണമെന്ന് ഷാജ് കിരൺ ആവശ്യപ്പെട്ടതായും സ്വപ്ന പറഞ്ഞിരുന്നു. വീഡിയോ മുഖ്യമന്ത്രിക്ക് കൈമാറാനുള്ളതാണെന്നും അറിയിച്ചെന്നും സ്വപ്ന സമർപ്പിച്ച ഹരജിയിൽ പറയുന്നു. ഇതിനുതൊട്ടുപിന്നാലെ സ്വപ്നയുടെ ആരോപണം നിഷേധിച്ച് ഷാജ് കിരൺ രംഗത്തെത്തി.