പാലക്കാട്: മാധ്യമങ്ങളോട് സംസാരിക്കവെ കുഴഞ്ഞുവീണ് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആശങ്കയായി തുടുരുന്നു. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വപ്ന കുഴഞ്ഞുവീണത്. സ്വപ്നയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംസാരിക്കുന്നതിനിടെ സ്വപ്ന വിതുമ്പിയിരുന്നു. ആശുപത്രിയിൽ കിടത്തി ചികിൽസയ്ക്ക് നിർദ്ദേശിച്ചിങ്കിലും സ്വപ്‌ന തിരിച്ച് താമസ സ്ഥലത്തേക്ക് മടങ്ങി.

ഇടനിലക്കാരൻ ഷാജ് കിരൺ പറഞ്ഞതെല്ലാം സംഭവിക്കുന്നുവെന്ന് സ്വപ്ന പറഞ്ഞു. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. അതുപോലെ നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നുവെന്നും സ്വപ്ന മാധ്യമങ്ങളോടു വിശദീകരിച്ചു. ഇതിനു പിന്നാലെയാണു സ്വപ്ന വിറച്ച്, കുഴഞ്ഞുവീഴുകയായിരുന്നു. മതനിന്ദ ആരോപിച്ച് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. ആർ.കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. കൃഷ്ണരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. തൃശൂർ സ്വദേശിയായ അഭിഭാഷകൻ വി.ആർ.അനൂപ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഇന്നലെ മാധ്യമങ്ങളെ കാണുന്നില്ലെന്ന് സ്വപ്‌ന അറിയിച്ചിരുന്നു. എന്നാൽ അഭിഭാഷകനെതിരെ കേസ് വന്നപ്പോൾ മാധ്യമങ്ങൾക്ക് മുന്നിലെത്തി. അത് തളർന്നു വീഴലുമായി. ചില മാധ്യമങ്ങൾ ഇതും ആഘോഷിച്ചു.

ജയിലിൽ കിടക്കുമ്പോഴാണ് സ്വപ്‌നയ്ക്ക് ആദ്യമായി തളർച്ചയും ഫിക്‌സും ഉണ്ടാകുന്നത്. മാനസിക സമ്മർദ്ദം കൂടുമ്പോൾ അത് ഇപ്പോൾ ആവർത്തിക്കുകയാണ്. സരിത്തും മകനും ഇപ്പോൾ സ്വപ്‌നയ്‌ക്കൊപ്പമുണ്ട്. മകനെ കെട്ടിപ്പിടിച്ച് വേദന വരുമ്പോൾ കരയുന്നത് സ്വപ്‌നയുടെ രീതിയാണ്. മകനും അമ്മയോട് ഏറെ മാനസിക അടുപ്പത്തോടെ പ്രതികരിക്കുന്നു. ഇന്നലെ മാധ്യമങ്ങളോട് തളർന്നു വീഴുമ്പോഴും മകൻ ഓടിയെത്തി അമ്മേ അമ്മേയെന്ന് വിളിച്ച് ആശ്വസിപ്പിച്ചതും കരഞ്ഞതും ഹൃദയഭേതകമായിരുന്നു.

പാലക്കാട്ടെ പത്രക്കാർ സ്വപ്‌ന തളർന്നു വീണപ്പോൾ രണ്ടു ചേരിയായി. ചിലർ അനുഭാവപൂർവ്വം സംസാരിച്ചു. മറ്റു ചിലർ പല സംശയങ്ങളും ഉയർത്തി. കർട്ടൺ വലിച്ചിട്ട് സ്വപ്നയെ പ്രാഥമികമായി ശുശ്രൂഷിച്ച ശേഷമാണ് ആശുപത്രിയിൽ കൊണ്ടു പോയത്. അവിടെ കിടക്കാൻ നിർദ്ദേശിച്ചു. എന്നാൽ ആശുപത്രിയിൽ താൻ സുരക്ഷിതയാണോ എന്ന സംശയം സ്വപ്‌നയ്ക്കുണ്ട്. അതുകൊണ്ട് തന്നെ സ്വപ്‌ന ആശുപത്രിയിൽ കിടന്നുള്ള ചികിൽസയോട് താൽപ്പര്യം കാട്ടുന്നില്ല. ഇന്നലെ ബോധം വന്ന ശേഷം അവർ തുടർച്ചയായി കരഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. അഭിഭാഷകനെതിരെ കേസെടുത്തതു കൊണ്ട് മാത്രമാണ് സ്വപ്‌ന ഇന്നലെ പത്ര സമ്മേളനത്തിന് എത്തിയത്. മാനസിക പിരിമുറുക്കമുള്ളപ്പോൾ ഇത്തരം വൈകാരിക ഇടപെടലുകൾ നടത്താൻ സ്വപ്‌നയ്ക്ക് ആരോഗ്യപരമായി കഴിയില്ലെന്നാണ് ഇന്നലത്തെ സംഭവം തെളിയിക്കുന്നത്.

അഭിഭാഷകനെതിരെ കേസെടുത്തത് ഉൾപ്പെടെ ഷാജ് കിരൺ പറഞ്ഞതുപോലെ എല്ലാം സംഭവിക്കുന്നുവെന്ന് സ്വപ്ന സുരേഷ്. തന്നെ ജീവിക്കാൻ പോലും അനുവദിക്കുന്നില്ലെന്നു കണ്ണീരോടെ പറഞ്ഞ അവർ വാർത്താ സമ്മേളനത്തിനിടെ അപസ്മാര ലക്ഷണങ്ങളോടെ ബോധരഹിതയായി വീഴുകയായിരുന്നു. സ്വപ്ന സുരേഷിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ ആർ.കൃഷ്ണരാജിനെതിരെ മറ്റൊരു അഭിഭാഷകന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കെഎസ്ആർടിസി ഡ്രൈവറെ പ്രത്യേക മതവിഭാഗത്തിൽ ഉൾപ്പെട്ടയാളായി ചിത്രീകരിച്ച് മതസ്പർധ ജനിപ്പിക്കുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന വി.ആർ.അനൂപിന്റെ പരാതിയിലാണു നടപടി. 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. വെള്ളിയാഴ്ച രാവിലെ 10 മണിക്കു ലഭിച്ച പരാതിയിൽ ഇന്നലെ പുലർച്ചെ 12.24നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തന്റെ അഭിഭാഷകനെതിരേ കേസെടുത്ത വിവരമറിഞ്ഞു മാധ്യമങ്ങൾക്കു മുന്നിലെത്തിയ സ്വപ്ന സുരേഷ് പൊട്ടിക്കരഞ്ഞു. ശാരീരികാവശതയെത്തുടർന്നു രണ്ടു ദിവസം വിശ്രമത്തിലാണെന്നും മാധ്യമങ്ങളെ കാണുന്നില്ലെന്നും ഇന്നലെ രാവിലെ അവർ അറിയിച്ചിരുന്നു. എന്നാൽ, തന്റെ അഭിഭാഷകനായ ആർ. കൃഷ്ണരാജിനെതിരേ കേസെടുത്തെന്ന് അറിഞ്ഞ് അവർ വൈകിട്ടു മാധ്യമങ്ങൾക്കു മുന്നിലെത്തുകയായിരുന്നു.

തനിക്കൊപ്പം നിൽക്കുന്നവരെ ഇനിയും ഉപദ്രവിക്കരുതെന്നും തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും വികാരാധീനയായി പറഞ്ഞ അവർ മാധ്യമപ്രവർത്തകർക്കു മുന്നിൽ കുഴഞ്ഞുവീണു. 'ഷാജ് കിരൺ ശബ്ദരേഖയിൽ പറഞ്ഞതു പോലെ എല്ലാം നടക്കുന്നു. സരിത്തിനെ പൊക്കുമെന്നും എന്റെ അഭിഭാഷകനെതിരേ കേസെടുക്കുമെന്നും പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ചു. ഷാജ് കിരൺ പറഞ്ഞ കാര്യങ്ങളെല്ലാം സംഭവിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രതിനിധിയല്ല എന്ന് എങ്ങനെ വിശ്വസിക്കും. സരിത്തിനെതിരേയുള്ള കാര്യങ്ങൾ ഉൾപ്പെടെ ഷാജ് പറഞ്ഞതെല്ലാം സത്യമായി. തൊട്ടടുത്ത ദിവസം എന്നെ കാണാൻ വന്ന ഷാജ്, ഞാൻ നേരിടാൻ പോകുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും വിവരിച്ചു.

ഇപ്പോൾ എനിക്ക് അഭിഭാഷകൻ ഇല്ലാത്ത അവസ്ഥയാണ്. തുടരെത്തുടരെ അഭിഭാഷകനെ മാറ്റാൻ പണമില്ല. ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിലാണ് എന്റെ അഭിഭാഷകനെതിരേ കേസെടുത്തത്. എഡിറ്റ് ചെയ്താണ് ഓഡിയോ പുറത്തുവിട്ടതെന്നു പറയുന്നവർക്ക് അഭിഭാഷകനെതിരായ കേസോടെ കാര്യങ്ങൾ വ്യക്തമായിട്ടുണ്ടാകും. ഷാജ് കിരൺ ചെയ്ത കാര്യങ്ങൾതന്നെയാണ് ഞാനും ചെയ്തത്. എന്നിട്ട് അയാൾക്കെതിരേ കേസെടുത്തില്ല. മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരേ ഷാജ് പറഞ്ഞ കാര്യങ്ങളും മാനനഷ്ടക്കേസിന്റെ പരിധിയിൽ വരുന്നവയാണ്. എന്നിട്ടും എന്നെമാത്രം, ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വേട്ടയാടുകയാണ്. എന്തിനാണ് എന്നെ ഇങ്ങനെ ആക്രമിക്കുന്നതെന്നു മനസിലാകുന്നില്ല. ഷാജ് കിരണുമായി സൗഹൃദംമാത്രമാണുള്ളത്. എല്ലാം അവസാനിപ്പിക്കാനാണെങ്കിൽ എന്നെയും അവസാനിപ്പിക്കൂ. എനിക്കു ചുറ്റുമുള്ളവരെ ഇനിയും ഉപദ്രവിക്കരുത്.

രഹസ്യമൊഴിയിൽ ഉറച്ചുനിൽക്കുന്നു. കഴിഞ്ഞ 10 നു പുറത്തുവിട്ട ശബ്ദരേഖ കേസുമായി ബന്ധപ്പെട്ടതാണ്. എന്നെ വിലയ്ക്കെടുക്കാൻ ശ്രമം നടെന്നന്നു കാണിക്കാനാണ് ശബ്ദരേഖ പുറത്തുവിട്ടത്. മാപ്പുസാക്ഷിയാകാൻ ശ്രമം നടത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട സത്യങ്ങൾ മുഴുവൻ പുറത്തുവരുന്നതിനാണ് രഹസ്യമൊഴി നൽകിയത്. അന്വേഷണ ഏജൻസികൾക്കു ബാക്കി കാര്യങ്ങൾ ചെയ്യാം- സ്വപ്ന പറഞ്ഞു.