- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജ് കിരൺ സംസ്ഥാന സർക്കാറിന്റെ സ്വന്തം പവർ ബ്രോക്കറോ? സ്വപ്നയെ കാണുന്നതിന് മുൻപ് ഷാജ് നാല് മണിക്കൂർ ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പം; സ്വപ്ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ മുങ്ങാൻ ഒത്താശ ചെയ്തതും പൊലീസ് ഉന്നതർ തന്നെ; ഷാജിന്റെ ഫോൺരേഖകൾ പരിശോധിച്ചാൽ പുറത്താകുക അട്ടിമറി ശ്രമങ്ങളുടെ രേഖകൾ
കൊച്ചി: മുൻകാല മാധ്യമ പ്രവർത്തകൻ ചമഞ്ഞു നടക്കുന്ന ഷാജ് കിരൺ സംസ്ഥാന സർക്കാറിന്റെ സ്വന്തം പവർ ബ്രോക്കറാണെന്ന ആരോപണം ശക്തമാകുന്നു. ഇത് ശരിവെക്കുന്ന വിധത്തിലാണ് സ്വപ്‌ന സുരേഷിന്റെ ആരോണപങ്ങളും പിന്നാലെ പൊലീസ് തന്നെ ആഭ്യന്തരമായി തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. പാലക്കാട്ടേക്ക് ഷാജ് എത്തിയത് സ്വപ്നയെ സ്വാധീനിച്ചു വലയിലാക്കുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടെയാണ് എന്നാണ് വെളിവാകുന്ന വിവരം.
സ്വപ്ന സുരേഷിനെ സന്ദർശിക്കാൻ പാലക്കാട് എത്തും മുൻപു വിവാദ ബ്രോക്കർ ഷാജ് കിരൺ 4 മണിക്കൂർ സമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പം കൊച്ചിയിൽ ചെലവഴിച്ചതായി രഹസ്യവിവരം പുറത്തുവരുന്നുണ്ട്. കേരളാ പൊലീസ് സ്‌പെഷൽ ബ്രാഞ്ച് തന്നെ ഇക്കാര്യം മേലധികാരികൾക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മജിസ്‌ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞ സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച ഷാജ് കിരണിന്റെ മനോഭാവം വളരെ പെട്ടന്നു മാറിയതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിന് ഇടയാക്കിയത് ഈ ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടൽ ആയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനു ശേഷം അദ്ദേഹത്തിന്റെ ദൂതനായാണു ഷാജ് പാലക്കാട് എത്തിയതെന്നാണു നിഗമനം. ഈ ഉദ്യോഗസ്ഥൻ ഇടപെട്ടത്് സർക്കാർ തലത്തിലെ പ്രമുഖരുടെ നിർദ്ദേശം കൊണ്ടാണോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്.
ഷാജിന്റെ സംഭാഷണം റെക്കോർഡ് ചെയ്തു സ്വപ്ന പുറത്തുവിട്ടതോടെ സംസ്ഥാനം വിടാൻ ഷാജിനോടു നിർദ്ദേശിച്ചതും ഇതേ പൊലീസ് ഉദ്യോഗസ്ഥനാണ്. ഷാജിന്റെ ആരോപണങ്ങൾ ഗുരുതരമായിട്ടും ഇക്കാര്യത്തിൽ ഷാജിനെ ചോദ്യം ചെയ്യുന്നതിൽ പോലും സർക്കാറിന് മെല്ലേപ്പോക്കാറാണ്. ഷാജിന്റെ ഫോൺരേഖകൾ പരിശോധിച്ചാൽ അദ്ദേഹത്തിന്റെ ഉന്നതബന്ധം പുറത്തുവരുമെന്ന് ഉറപ്പാണ്. എന്നിട്ടും എന്തുകൊണ്ടാണ് അതിന് പൊലീസ് തയ്യാറാകാത്തത് എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
സ്വർണക്കടത്തു കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷുമായി ഫോണിൽ ഏറ്റവും അധികം ബന്ധപ്പെട്ട വ്യക്തിയാണു ഷാജ്. ഇതിന്റെ രേഖകൾ കാണിച്ച ശേഷം പൊലീസിന്റെ ദൂതനായില്ലെങ്കിൽ കേസിൽ പ്രതിയാക്കുമെന്നു പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി ഷാജ് അടുത്ത സുഹൃത്തുക്കളെ അറിയിച്ചു. സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥൻ കയ്യൊഴിഞ്ഞതായി അഭിഭാഷകനെ അറിയിച്ച ഷാജ് നിയമസഹായം തേടിയിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ ഷാജ് വിസമ്മതിച്ചു.
പൊലീസ് ഉദ്യോഗസ്ഥനുമായി ഷാജ് കൊച്ചിയിൽ കണ്ടുമുട്ടിയതിനും രഹസ്യമൊഴി മാറ്റി പറയാൻ സ്വപ്നയെ പ്രേരിപ്പിക്കാൻ നിർദ്ദേശം ലഭിച്ചതിനുമുള്ള ഏക ദൃക്‌സാക്ഷി ഷാജിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശി ഇബ്രാഹിമാണ്. പൊലീസ് ഉദ്യോഗസ്ഥന്റ നിർദ്ദേശപ്രകാരം സ്വപ്ന സുരേഷിനെ സ്വാധീനക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷാജ് വെളിപ്പെടുത്തിയ വിവരങ്ങളാണ് എഡിജിപി എം.ആർ.അജിത് കുമാറിനും ഷാജിനും കെണിയായിരിക്കുന്നത്.
കൊച്ചിയിൽ ഷാജിനെ നേരിൽ കണ്ട പൊലീസ് ഉദ്യോഗസ്ഥന്റെ പേര് ഇതുവരെ പുറത്തുവന്നിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥനെ കണ്ടതിനു ശേഷമാണു മുഖ്യമന്ത്രിയെയും കുടുംബത്തെയും ബ്ലാക്‌മെയിൽ ചെയ്യാൻ പ്രേരിപ്പിക്കും വിധം ഷാജും ഇബ്രാഹിമും സ്വപ്നയോടു സംസാരിച്ചത്. ഇതിന്റെ റെക്കോർഡും സ്വപ്ന പുറത്തുവിട്ടു.
അഞ്ചുകമ്പനികളുടെ ഡയറക്ടറാണ് ഷാജ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 20 കെ. അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, ഫാംകോ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രൈം ഗ്രോ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, സ്വയംഭരം എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്പ്രിങ് ഗിവർ എന്റർപ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടറായാണ് ഷാജ് പ്രവർത്തിക്കുന്നത്.
മാധ്യമപ്രവർത്തകനായി ജോലിചെയ്തിരുന്ന ഷാജിന്റെ ചുരുങ്ങിയനാളിലെ വളർച്ചയ്ക്കുപിന്നിൽ ദുരൂഹതകൾ ഏറെയുണ്ടെന്നാണ് ആരോപണം. ബിലീവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ടാണ് ഷാജ് കിരണിനെ പരിചയപ്പെട്ടതെന്നാണ് സ്വപ്ന പറയുന്നത്. സ്വർണക്കടത്തുകേസിലെ പ്രതിയായിരുന്ന ശിവശങ്കറാണ് ഷാജിനെ പരിചയപ്പെടുത്തിയതെന്ന് പറഞ്ഞ സ്വപ്ന ബിലീവേഴ്സ് ചർച്ചിന്റെ ഡയറക്ടറെന്നു ഷാജ് അവകാശപ്പെട്ടിരുന്ന കാര്യവും മാധ്യമങ്ങളോടു പങ്കുവെച്ചിരുന്നു.
എന്നാൽ, ഷാജുമായി ഒരുബന്ധവുമില്ലെന്നാണ് ബിലീവേഴ്സ് ചർച്ചിന്റെ വിശദീകരണം. ഷാജിന്റെ ഭാര്യ ആറുമാസത്തോളം സഭയുടെ ആശുപത്രിയിൽ എൻജിനിയറിങ് വിഭാഗത്തിൽ ജോലിചെയ്തിരുന്നു. ഷാജ് കിരണിനെതിരേ പൊലീസ് നടപടിയുണ്ടാകാത്തത് അയാളുടെ ഉന്നത രാഷ്ട്രീയബന്ധങ്ങൾക്കു തെളിവാണെന്നും ആരോപണമുണ്ട്. സ്വപ്നയോടു സംസാരിക്കുമ്പോൾ എ.ഡി.ജി.പി.യാണ് ഫോണിൽ മറുഭാഗത്തെന്നു ഷാജ് പറയുന്നുണ്ട്. അതു സത്യമല്ലെങ്കിൽ ഷാജിനെതിരേ പൊലീസ് ഉടൻ നടപടി സ്വീകരിക്കേണ്ടിയിരുന്നില്ലേയെന്ന ചോദ്യത്തിനും മറുപടിയില്ല.
മാധ്യമപ്രവർത്തകനായി വിവിധ ടെലിവിഷൻ ചാനലുകളിൽ ജോലിചെയ്തശേഷമാണ് ഷാജ് പി.ആർ. രംഗത്തേക്കിറങ്ങുന്നത്. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ പ്രവർത്തകനാണെന്ന് തോന്നാത്തവിധം പ്രവർത്തിച്ചിരുന്ന ഷാജ് എല്ലാ രാഷ്ട്രീയപ്പാർട്ടികളിലുമുള്ള ഉന്നതനേതാക്കളുമായി ബന്ധം പുലർത്തിയിരുന്നു. സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ പേര് സ്വപ്ന പറയുമ്പോൾ അതിന്റെ ഒത്തുതീർപ്പിനു ശ്രമിച്ച വ്യക്തിയെന്നു സംശയിക്കാവുന്നതരത്തിലാണ് ഷാജിനുനേരെയുള്ള പൊലീസ് സമീപനം.
മറുനാടന് മലയാളി ബ്യൂറോ