കൊച്ചി: സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് കടന്നതിന് പിന്നിൽ മൊബൈൽ രേഖകൾ നശിപ്പിക്കാനെന്ന് സൂചന. പല ഉന്നതരേയും ഷാജ് കിരണും മറ്റും വാട്‌സാപ്പിൽ വിളിച്ചിട്ടുണ്ട്. ഈ രേഖകൾ തൽകാലികമായെങ്കിലും നശിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോണിൽ നിന്ന് പിടിച്ചെടുത്തതിന് സമാനമായ ഓഡിയോകൾ കിട്ടുന്നില്ലെന്ന് ഉറപ്പിക്കാനാണ് ശ്രമമെന്നാണ് സൂചന.

വിജിലൻസ് എഡിജിപി സ്ഥാനത്ത് നിന്ന് എംആർ അജിത്ത് കുമാറിനെ സർക്കാർ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ തമിഴ് നാട്ടിലേക്ക് പോയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഫോൺ സംഭാഷണ തെളിവ് കിട്ടാതിരിക്കാനാണ് നീക്കം. ഷാജ് കിരണിനെ ഇഡിയും നോട്ടമിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫോണുമായുള്ള മുങ്ങൽ. സ്വപ്ന സുരേഷ് പുറത്തുവിട്ട ഷാജ് കിരണിന്റെ ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് ഇഡി. ബിലീവേഴ്‌സ് ചർച്ച് വഴിയാണ് പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് പോകുന്നതെന്ന ഷാജിന്റെ വെളിപ്പെടുത്തലാണ് ഇ ഡി അന്വേഷിക്കാൻ ഒരുങ്ങുന്നത്. കേരളത്തിൽ ചില രാഷ്ട്രീയ നേതാക്കളുമായി ബിലീവേഴ്‌സ് ചർച്ചിനുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.

സ്വപ്ന സുരേഷ് പുറത്തുവിട്ട ഷാജ് കിരണിന്റെ ഫോൺ സംഭാഷണങ്ങളിൽ പറയുന്ന അനധികൃത സാമ്പത്തിക വിവരങ്ങളിലാണ് ഇഡി അന്വേഷണത്തിനൊരുങ്ങുന്നത്.ബിലീവേഴ്‌സ് ചർച്ച് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ യുഎസിലേക്ക് പോകുന്നതെന്നായിരുന്നു ഷാജ് കിരൺ സ്വപ്ന സുരേഷിനോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദൂതനായി എത്തി രഹസ്യമൊഴി മാറ്റാൻ കടുത്ത സമ്മർദ്ദം ചെലുത്തിയതായി സ്വപ്ന പരാതിപ്പെട്ട മുൻ മാധ്യമപ്രവർത്തകൻ ഷാജ് കിരൺ പറഞ്ഞ കാര്യങ്ങൾ ഗൗരവത്തിലാണ് ഇ ഡി സംഘം വീക്ഷിക്കുന്നത്. ബിലീവേഴ്‌സ് ചർച്ച് വഴിയാണ് ഇരു നേതാക്കളുടെ പണം വിദേശത്തേക്ക് പോയതെന്നും, ഇതുകൊണ്ടാണ് ബിലീവേഴ്‌സ് ചർച്ചിന്റെ എഫ് സി ആർ എ റദ്ദാക്കിയതെന്നുമാണ് ഷാജ് കിരൺ പറയുന്നത്.

സംഭാഷണം വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ഷാജ് കിരണിന്റെ മൊഴിയും ഇ ഡി രേഖപ്പെടുത്തിയേക്കും. ഫോണും പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരുടെ മുങ്ങലും ചർച്ചയാകുന്നത്. കേരളത്തിലെ പല നേതാക്കളുടെയും കള്ളപ്പണം വിദേശത്തേക്ക് വൻതോതിൽ ഒഴുകുന്നതായി പരാതികൾ നേരത്തെ തന്നെ ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ബിനാമിയായാണ് ഷാജ് കിരൺ സ്വയം സ്വപ്നയ്ക്ക് മുന്നിൽ അവതരിച്ചത്. ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിലും, ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലുമായി ആദായ നികുതി വകുപ്പ് രണ്ട് വർഷം മുമ്പ് റെയ്ഡുകൾ നടത്തിയിരുന്നു. കണക്കിൽ പെടാത്ത അഞ്ചു കോടി രൂപയും പിടിച്ചെടുത്തിരുന്നു. സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിലും, രഹസ്യമൊഴിപകർപ്പ് ലഭിച്ച ശേഷം ഇ ഡി വിശദമായ അന്വേഷണത്തിലേക്ക് കടക്കും.

എന്നാൽ സ്വപ്നക്കെതിരായ വീഡിയോ ഡീലീറ്റ് ആയതിനെത്തുടർന്ന്, വീണ്ടെടുക്കാൻ വേണ്ടി തമിഴ്‌നാട്ടിലെ ടെക്‌നീഷ്യനായ സുഹൃത്തിന്റെ അരികിലേക്കാണ് പോയിരിക്കുന്നത് എന്നാണ് അവകാശവാദം. വീഡിയോ തിരിച്ചെടുത്തുകൊച്ചിയിലേക്ക് തിരിക്കും. ഇന്നോ നാളെയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് ഇബ്രാഹിം പറഞ്ഞത്. നടന്നത് സ്റ്റിങ് ഓപ്പറേഷനാണെന്് സ്വപ്‌ന തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വീഡിയോ പുറത്തു വ്ന്നാലും അത് സ്വപ്‌നയ്ക്ക് വലിയ വെല്ലുവിളിയാകില്ല.

സ്വപ്നക്കെതിരായിട്ടുള്ള വീഡിയോ തന്റെ പക്കൽ ഉണ്ട് എന്ന് ഇബ്രാഹിം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് തന്റെ പക്കൽ നിന്ന് ഡിലീറ്റ് ആയി എന്നാണ് ഇബ്രാഹിം പറയുന്നത്. ബുധനാഴ്ചയായിരുന്നു വീഡിയോ എടുത്തത്. വ്യാഴാഴ്ച ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു. തമിഴ്‌നാട്ടിലുള്ള സുഹൃത്തിന്റെ പക്കൽ ചെന്ന് വീഡിയോ തിരിച്ചെടുത്ത ശേഷം കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് ഇബ്രാഹിം പറഞ്ഞത്. എന്നാൽ മൊബൈലിൽ ഉള്ള മറ്റ് തെളിവുകൾ നശിപ്പിക്കാനാണോ യാത്ര എന്നതാണ് സംശയം.

സ്വപ്നയുമായി തനിക്കും ഷാജ് കിരണിനുമുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് തങ്ങളുടെ ഫോൺ പരിശോധിക്കുമോ എന്ന് സംശയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇബ്രാഹിം വീഡിയോ ഡിലീറ്റ് ചെയ്തത്. എന്നാൽ സ്വപ്ന തങ്ങൾക്കെതിരെ തിരിഞ്ഞതു കൊണ്ടാണ് ഇപ്പോൾ വീഡിയോ തിരിച്ചെടുത്ത് പുറത്തു വിടാൻ ഒരുങ്ങുന്നത്. പെട്ടെന്ന് തന്നെ വീഡിയോ തിരിച്ചെടുത്തുകൊച്ചിയിലെത്തി അത് പുറത്തു വിടും. അല്ലാതെ തങ്ങൾ ഒളിച്ചോടിയിട്ടില്ല എന്ന് ഇബ്രാഹിം പറഞ്ഞു.

ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. സഹായം അഭ്യർത്ഥിച്ച ഒരു സ്ത്രീക്ക് സഹായം നൽകാൻ വേണ്ടി തങ്ങളാൽ സാധിക്കുന്ന കാര്യങ്ങൾ ചെയ്തു. അവർ മുൻകൂട്ടി തയ്യാറാക്കിയ ഒരു ഫ്രെയിമിലേക്ക് തങ്ങൾ ചെന്ന് ചാടുകയായിരുന്നു. തിരിച്ചെടുക്കുന്ന വീഡിയോ കണ്ടാൽ എല്ലാവർക്കും മനസ്സിലാകും. എന്തുകൊണ്ടാണ് സ്വപ്ന മൊഴികൊടുത്തത്, ആരുടെ നിർബന്ധത്താലാണ് ഈ മൊഴികൊടുത്തത് എന്ന് വീഡിയോ പറയും. എല്ലാത്തിനുള്ള ഉത്തരം വീഡിയോയിൽ ഉണ്ടാകുമെന്നും ഇബ്രാഹിം പറയുന്നു. സ്വപ്ന സുരേഷ് ഇന്നലെ പുറത്തുവിട്ട ശബ്ദ സന്ദേശം എഡിറ്റ് ചെയ്തതാണെന്നും ഇബ്രാഹിം പറഞ്ഞു.

എന്നാൽ ആദ്യം ഷാജ് കിരണിനെ വിശ്വസിപ്പിക്കാനും ഇവർക്കുള്ള ബന്ധങ്ങൾ പുറത്തു കൊണ്ടു വരാനും താൻ മനപ്പൂർവ്വം കള്ളം പറഞ്ഞുവെന്ന് സ്വപ്‌ന തന്നെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇബ്രാഹിം പറയുന്ന വീഡിയോ പുറത്തു വന്നാലും സ്വപ്‌നയ്ക്ക് അത് പ്രശ്‌നമാകില്ലെന്നതാണ് വസ്തുത.