പാലക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ ആർഎസ്എസ് ക്രിമിനൽസംഘം നിഷ്‌കരുണം കൊന്നുതള്ളിയത് 17 സിപിഎം പ്രവർത്തകരെ ആണെന്ന ആരോപണവുമായി സിപിഎം ആരോപിക്കുന്നു. വർഗീയ അജണ്ടകൾക്ക് സിപിഐ എം തടസ്സമാണെന്ന തിരിച്ചറിവാണ് ഓരോ കൊലപാതകത്തിനും കാരണം. ആർഎസ്എസ് നേതാക്കളുടെ അറിവോടെയും പിന്തുണയോടെയും കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഓരോ കൊലപാതകവും എന്ന് സിപിഎം പറയുന്നു. പാലക്കാട്ടെ ഷാജഹാന്റെ കൊലപാതകത്തിലും രാഷ്ട്രീയ തർക്കം ഉറപ്പാണ്. ആർ എസ് എസിനെതിരെ സിപിഎം രംഗത്തു വന്നിട്ടുണ്ട്. എന്നാൽ അവർ അത് നിഷേധിക്കുകയാണ്.

പാലക്കാട് കൊട്ടേക്കാട് കുന്നക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സിപിഎം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമാണ് ഷാജഹാൻ. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നും ഷാജഹാന് ആർഎസ്എസ് ഭീഷണിയുണ്ടായിരുന്നുവെന്നും സിപിഎം ആരോപിച്ചു. ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. മരുത റോഡിൽ വെച്ച് ഒരു സംഘം അക്രമികൾ ഷാജഹാനെ മാരകമായി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലമ്പുഴ മേഖലയിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു ഷാജഹാൻ.

ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ഗൂഢാലോചന. കോട്ടേക്കാട് പ്രദേശത്തുള്ള ലഹരി സംഘങ്ങളെ കൂട്ടുപിടിച്ച് ആർഎസ്എസ് നടത്തിയ കൊലപാതകമാണ് ഷാജഹാന്റേത് എന്നാണ് സിപിഎം ആരോപണം. ഷാജഹാന് ആർഎസ്എസിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നു. ഗണേശോത്സവത്തിന് ബോർഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കുന്നങ്കാട് ജങ്ഷനിൽ കുറച്ചുദിവസം മുമ്പ് തർക്കമുണ്ടായി. ഇതുകൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് കണക്കാക്കുന്നതെന്ന് സിപിഎം പറയുന്നു. എങ്കിലും ഈ തർക്കം കൊലപാതകത്തിലേക്ക് നയിക്കുമെന്ന് കൊട്ടേക്കാട് ഗ്രാമത്തിലെ ആരും കരുതിയില്ലെന്നും പാർട്ടി വിശദീകരിക്കുന്നു. എന്നാൽ പൊലീസ് ഈ വാദം തള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തയ്യാറെടുപ്പുകളും കഴിഞ്ഞ് ആഘോഷത്തിന് കാത്തിരിക്കുന്നവർക്കിടയിലേക്കാണ് കൊലപാതക വാർത്തയെത്തിയത്. നാടിന്റെ പ്രിയ നേതാവിന്റെ വിയോഗമറിഞ്ഞ് സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന പ്രദേശത്തുകൊലപാതകമുണ്ടായത് എല്ലാവരെയും നടുക്കി. ഏതൊരു കാര്യത്തിനും ഓടിയെത്താറുള്ള ജനങ്ങൾക്കൊപ്പം നിന്നിരുന്ന ഒരു നേതാവിനെ നഷ്ടമായതിന്റെ വേദന ഓരോരുത്തരിലും കാണാമായിരുന്നു. പലരും വിങ്ങിപ്പൊട്ടി. സിപിഐ എം നേതാക്കൾ ഇടപെട്ടാണ് ജില്ലാ ആശുപത്രിയിൽ കൂടിയ ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്.

പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കൽകമ്മിറ്റി അംഗം എസ് ഷാജഹാന്റെ കൊലപാതകത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. ആസൂത്രിതമായ കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. വീട്ടിലേക്ക് പോകുന്ന വഴി ഇരുളിൽ പതിയിരുന്ന സംഘം മൃഗീയമായാണ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമാണിത്. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്ത് ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണം. സിപിഐ എം പ്രവർത്തർ പ്രകോപനത്തിൽപ്പെടരുത്. കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ഇത്തരം ക്രിമിനൽ സംഘത്തെ ഒറ്റപ്പെടുത്തണം. ഷാജഹാന്റെ കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠൂരവുമാണ്. ബഹുജനങ്ങളിൽനിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

രണ്ട് ടിപ്പർ ലോറി സ്വന്തമായുള്ള ഷാജഹാൻ അതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബത്തെ നോക്കിയിരുന്നത്. അതിനൊപ്പം സജീവമായി സംഘടനാ പ്രവർത്തനവും മുന്നോട്ട് കൊണ്ടുപോയി. ഒരു നാടിനെയാകെ കണ്ണീരിലാഴ്‌ത്തിയാണ് ഷാജഹാനെ ആർഎസ്എസ് സംഘം വെട്ടി വീഴ്‌ത്തിയത്.