- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജഹാന്റെ പാർട്ടിയിലെ വളർച്ച പ്രതികൾക്ക് സഹിച്ചില്ല; കൊലപ്പെടുത്തിയത് ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയിൽ; നവീൻ കെട്ടിയ രാഖി ഷാജഹാൻ പൊട്ടിച്ചതും വിരോധം കൂട്ടി; രാഷ്ട്രീയ കൊലപാതകമാണോ എന്ന് ഉറപ്പിക്കാൻ ഫോൺ രേഖകൾ പരിശോധിക്കണം; നാല് പേരുടെ അറസ്റ്റു സ്ഥിരീകരിച്ചു എസ് പി ആർ വിശ്വനാഥ്
പാലക്കാട്: പാലക്കാട് സിപിഎം പ്രവർത്തകൻ ഷാജഹാനെ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യത്തേക്കാൾ ഉപരി വ്യക്തി വൈരാഗ്യമാണെന്ന് സൂചിപ്പിച്ചു പൊലീസ്. പ്രദേശത്ത് സിപിഎം നേതാക്കളിൽ ജനകീയനായിരുന്നു ഷാജഹാൻ. അതുകൊണ്ട് തന്നെ പാർട്ടിയിൽ അദ്ദേഹം എളുപ്പം വളർന്നു. പാർട്ടിയിലെ ഷാജഹാന്റെ വളർച്ചയാണ് പ്രതികളിൽ വൈരം വളർത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പാലക്കാട് എസ് പി ആര് വിശ്വനാഥ് വിശദീകരിക്കുന്നത്.
പ്രതികൾക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീൻ, രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാൻ പൊട്ടിച്ചതും വിരോധം കൂട്ടി. എന്നാൽ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാൻ ഫോൺ രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. 2019 മുതൽ തന്നെ ഷാജഹാനുമായി പ്രതികൾക്ക് വിരോധമുണ്ട്. ഷാജഹാന്റെ പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് എതിർപ്പുണ്ടായിരുന്നു. പ്രതികൾ പിന്നീട് സിപിഎമ്മുമായി അകന്നു. ഇത് ഷാജഹാൻ ചോദ്യം ചെയ്തു. പ്രതികൾ രാഖി കെട്ടിയതടക്കം ഷാജഹാൻ ചോദ്യം ചെയ്തു. കൊലപാതക ദിവസം ശ്രീകൃഷ്ണ ജയന്തി ഫ്‌ളക്‌സ് സ്ഥാപിക്കുന്നതിലും തർക്കം ഉണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് -അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാൻ ഫോൺ രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്ന് എസ്‌പി വ്യക്തമാക്കി. രാഖികെട്ടൽ, ഗണേശോത്സവം, ശ്രീകൃഷ്ണ ജയന്തി ഫ്‌ളെക്‌സ് ബോർഡ് വയ്ക്കുന്നതിൽ അടക്കം ഷാജഹാനുമായി പ്രതികൾക്ക് പ്രശ്‌നം ഉണ്ടായി. പക മൂത്ത് പ്രതികൾ അവരുടെ വീട്ടിൽ നിന്ന് വാളുകൾ എടുത്തു കൊണ്ടുവന്ന് ഷാജഹാനെ വെട്ടുകയായിരുന്നു. ശത്രുത വർധിക്കാൻ മറ്റു കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നിലവിൽ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നവീൻ, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവർ നാല് പേരും നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണ്. ഇവർക്കു പുറമെ ശിവരാജൻ (25), സിദ്ധാർഥൻ (24), സജീഷ് (35), വിഷ്ണു (25) എന്നിവർ കസ്റ്റഡിയിലുണ്ട്. ഒന്നാംപ്രതി ശബരീഷും രണ്ടാം പ്രതി അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്ന് ഷാജഹാന്റെ സുഹൃത്ത് സുരേഷ് പൊലീസിന് മൊഴി നൽകി. കേസിൽ പ്രതിയായ സുജീഷിന്റെ അച്ഛനാണ് സുരേഷ്. കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം പരിശോധിക്കുകയാണെന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് വ്യക്തമാക്കി. നവീനെ പട്ടാമ്പിയിൽ നിന്നും സിദ്ധാർഥിനെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്.
ഷാജഹാൻ കൊലക്കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊലയ്ക്ക് ശേഷം പ്രതികൾ എത്തിയത് ചന്ദ്ര നഗറിലെ ബാറിലായിരുന്നു. ഇവിടെ നിന്ന് മദ്യപിച്ച ശേഷം ഇറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 9:50 നാണ് പ്രതികളിലെ മൂന്ന് പേർ ബാറിൽ എത്തിയത്. 10:20 വരെ ബാറിൽ തുടർന്നു. ബൈക്കിലാണ് പ്രതികളെത്തിയതെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചു. ബാർ ജീവനക്കാരുടെ മൊഴിയും.
മറുനാടന് മലയാളി ബ്യൂറോ