- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലയ്ക്ക് ശേഷം പ്രതികൾ ഒത്തുകൂടിയത് പാലക്കാട് ചന്ദ്രനഗറിലെ ബാറിൽ; ബൈക്കിൽ എത്തിയവർ ബാറിൽ തങ്ങിയത് അര മണിക്കൂറോളം; ഷാജഹാൻ വധക്കേസിലെ എല്ലാ പ്രതികളും പിടിയിൽ; അറസ്റ്റ് രേഖപ്പെടുത്തുന്നത് നാളെ; പ്രതികൾക്ക് സിപിഎം ബന്ധമില്ലെന്ന് ജില്ല സെക്രട്ടറി; പ്രചരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾ പഴയതെന്നും വാദം
പാലക്കാട്: സിപിഎം പ്രവർത്തകൻ ഷാജഹാൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളും പിടിയിൽ. ഒളിവിലായിരുന്ന 6 പ്രതികൾ കൂടി ഇന്ന് പിടിയിലായി. മലമ്പുഴ കവയ്ക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. രണ്ട് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. ഇതോടെ കേസിലെ 8 പ്രതികളും പിടിയിലായി. പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജൻ, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയിൽ നിന്ന് പിടിയിലായത്. അനീഷ് ആണ് ഷാജഹാനെ ആദ്യം വെട്ടിയത്. കാലിലായിരുന്നു വെട്ടിയത്. ഷാജഹാൻ ഓടിപ്പോകാതിരിക്കാൻ ആയിരുന്നു ഇത്. തുടർന്ന് ഒന്നാം പ്രതി ശബരീഷും ഷാജഹാനെ വെട്ടി. കൊലയ്ക്ക് വേണ്ട് സഹായങ്ങൾ ചെയ്തുകൊടുക്കുകയായിരുന്നു മറ്റ് പ്രതികൾ.
ഇതിൽ മൂന്നാം പ്രതി നവീനെ പട്ടാമ്പിയിൽ നിന്നും ആറാം പ്രതി സിദ്ധാർത്ഥനെ പൊള്ളാച്ചിയിൽ നിന്നും ഇന്നു രാവിലെ പിടികൂടിയിരുന്നു. ആയുധങ്ങൾ എത്തിച്ച് നൽകിയത് നവീൻ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പാലക്കാട്ടെ ഒരു ഹോട്ടലിൽ പ്രതികൾ ഒത്തുകൂടിയിരുന്നു. തുടർന്ന് മൂന്ന് സംഘങ്ങളായി ഒളിവിൽ പോകുകയായിരുന്നു.
പാലക്കാട്ടെ ഹോട്ടലിൽ കൊലയ്ക്ക് ശേഷം പ്രതികൾ ഒത്തുകൂടിയതിന്റെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. കൊലയ്ക്ക് ശേഷം പ്രതികൾ എത്തിയത് ചന്ദ്ര നഗറിലെ ബാറിലായിരുന്നു. ഇവിടെ നിന്ന് മദ്യപിച്ച ശേഷം ഇറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 9:50 നാണ് പ്രതികളിലെ മൂന്ന് പേർ ബാറിൽ എത്തിയത്. 10:20 വരെ ബാറിൽ തുടർന്നു. ബൈക്കിലാണ് പ്രതികളെത്തിയതെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചു. ബാർ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.
കൊലപാതകം നടന്ന് 48 മണിക്കൂറിനകം പ്രതികളെ എല്ലാം പിടികൂടാനായത് പൊലീസിന് നേട്ടമായി. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളാണ് ഇനി കണ്ടെത്തേണ്ടതുള്ളത്. ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും അല്ലെന്നുമുള്ള വാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ കസ്റ്റഡിയിലുള്ള പ്രതികൾ നൽകുന്ന മൊഴി നിർണായകമാകും. ഇന്ന് രാത്രി പ്രതികളെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്ത ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.
ഞായറാഴ്ച രാത്രി ഒൻപതരയോടെ കുന്നങ്കാട് ജംക്ഷനിലാണ് സംഭവമുണ്ടായത്. കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ചു വെട്ടിവീഴ്‌ത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രചരിക്കുന്ന പോസ്റ്റുകൾ പഴയത്; പ്രതികൾക്ക് സിപിഎം ബന്ധമില്ലെന്ന് ജില്ല സെക്രട്ടറി
ഷാജഹാൻ വധക്കേസിലെ പ്രതികളാരും ഒരുകാലത്തും സിപിഎം അംഗങ്ങളായിരുന്നില്ലെന്ന് പാർട്ടി ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾ ഏറെ പഴയതാണ്. കഴിഞ്ഞ ഒരുവർഷമായി പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ല. ആർ എസ് എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ട്.
ചില പ്രതികളുടെ കുടുംബം സിപിഎം അനുഭാവികളായിരുന്നു. സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾ ബിജെപി പ്രചരിപ്പിക്കുന്ന ദുഷ്ടലാക്കോടെയാണ്. കൊലപാതകത്തിന് ആർ.എസ്.എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് ദിവസം മുമ്പ് പ്രതികൾ ഷാജഹാന്റെ വീട്ടിലെത്തിയിരുന്നു. അന്ന് വീട്ടിൽ ഇല്ലാത്തതിനാൽ മാത്രമാണ് രക്ഷപ്പെട്ടതെന്നും സുരേഷ് ബാബു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ