പാലക്കാട്: മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎം സംഘമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ സിപിഎം പ്രവർത്തകൻ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പൊലീസിന് മുമ്പിലെത്തുമ്പോൾ കഥമാറി. അക്രമിച്ചത് ബിജെപിക്കാരാകുകായണ്. ഇതോടെ രാഷ്ട്രീയ ആരോപണങ്ങളും സിപിഎം കടുപ്പിക്കുകയാണ്. ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008 ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആർഎസ്എസ് പ്രവർത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി പി എം നേതാക്കൾ പറയുന്നു. എന്നാൽ ഈ കൊലക്കേസിലെ ചില പ്രതികളും ഷാജഹാനെ കൊലപ്പെടുത്താൻ എത്തിയവരുടെ കൂട്ടത്തിലുണ്ട്.

'പാർട്ടി അംഗങ്ങളായ അനീഷ്, ശബരി എന്നിവരായിരുന്നു ഷാജഹാനെ വെട്ടിയത്. ഷാജഹാന്റെ കഴുത്തിനും കാലിനും ഇവർ വെട്ടി. അക്രമം തടയാൻ ശ്രമിച്ചപ്പോൾ തനിക്ക് നേരേയും വാൾ വീശി' അക്രമിസംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ച സുരേഷ് പറഞ്ഞു. സിപിഎം പ്രവർത്തകനാണ് സുരേഷ്. 'കൊലപാതക സംഘത്തിൽ തന്റെ മകനും ഉണ്ടായിരുന്നു. ഷാജഹാനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്നെയും കൊല്ലാൻ തുടങ്ങി. അച്ഛനാണ് എന്ന് മകൻ വിളിച്ചു പറഞ്ഞപ്പോഴാണ് തന്നെ കൊല്ലാതെ വിട്ടതെന്നും സുരേഷിന്റെ വെളിപ്പെടുത്തൽ. ദേശാഭിമാനി വരുത്തുന്നതിനെച്ചൊല്ലി പാർട്ടിയും ഷാജഹാനുമായി തർക്കമുണ്ടായിരുന്നു ' സുരേഷ് വെളിപ്പെടുത്തി. എന്നാൽ പാർട്ടി പ്രവർത്തകൻ കൂടിയാായ സുരേഷ് ഇത് മാറ്റി പറയുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

ചാനൽ ക്യാമറയ്ക്ക് മുമ്പിലാണ് ഇന്നു രാവിലെ സുരേഷ് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നായായിരുന്ന സി പി എം നേതാക്കൾ ആരോപിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്നും പറഞ്ഞു. നേരത്തെ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ഷാജഹാൻ പ്രതിയായിരുന്നു. അതിന്റെ തിരിച്ചടി എന്ന നിലയിലാണ് കൊലപാതകം എന്നായിരുന്നു വ്യാഖ്യാനം. പ്രതിഷേധിച്ച് സി പി എം ഹർത്താലും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് സുരേഷിന്റെ വെളിപ്പെടുത്തൽ ചാനലിൽ എത്തിയത്. ഇതോടെ സിപിഎം പ്രതിരോധത്തിലായി. പിന്നെ അറിയുന്നത് പൊലീസിന് സുരേഷ് നൽകിയത് മറ്റൊരു മൊഴിയാണെന്നാണ്.

ദേശാഭിമാനി പത്രം വായിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു കാരണം. മറ്റ് പത്രങ്ങൾ വായിച്ചാൽ എന്താ കുഴപ്പം എന്നു ഷാജഹാൻ ചോദിച്ചത് മറ്റു സഖാക്കൾ ചോദ്യം ചെയ്തു. അത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ആദ്യം അനീഷ് കാലിൽ വെട്ടി. ശബരി കഴുത്തിലും വെട്ടി . ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു-ഇതാണ് സുരേഷ് ഇപ്പോഴും പറയുന്നത്. കൊലപ്പെടുത്തിയത് എട്ട് പേരടങ്ങിയ സംഘമെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോടും പറഞ്ഞിരുന്നു. ഇന്ന് നടക്കേണ്ട സ്വാതന്ത്ര്യദിനാഘോഷപരിപാടികളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അക്രമിസംഘം ഇങ്ങോട്ടേക്ക് എത്തിയത്. അക്രമികൾ പഴയ പാർട്ടി പ്രവർത്തകർ കൂടിയാണ്. സംഘത്തിലുണ്ടായിരുന്ന അനീഷ്, ശബരി എന്നിവരുണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റു ആറു പേരും ചേർന്നാണ് ഷാജഹാനെ ആക്രമിച്ചത്. ഷാജഹാന്റെ കഴുത്തിനും കാലിനും ഇവർ വെട്ടി. അക്രമം തടയാൻ ശ്രമിച്ചപ്പോൾ തനിക്ക് നേരേയും വാൾ വീശിയെന്നും സുരേഷ് പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് വിശദീകരണവുമായി സിപിഎം ജില്ലാ നേതൃത്വം രംഗത്തു വന്നു. കൊലയാളി സംഘാംഗങ്ങൾ നേരത്തെ പാർട്ടി വിട്ടവരാണ്. ഇവർ ആർഎസ്എസിന്റെ സജീവ പ്രവർത്തകരാണ്. എത്രയോ വർഷം മുൻപ് പാർട്ടി വിട്ടവരാണ്. ആർ എസ് എസാണ് ഇവർക്ക് സഹായം നൽകി വന്നത്. പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ വിലാപയാത്രയിൽ പങ്കെടുത്തവരാണ് ഇവർ. പിന്നെങ്ങിനെയാണ് ഇവർ സിപിഎം പ്രവർത്തകരെന്ന് പറയുക? ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ഇവർ വന്നത്. അവിടെ മറ്റ് പാർട്ടി പ്രവർത്തകരുണ്ടായിട്ടും അവരെയൊന്നും ആക്രമിച്ചിരുന്നില്ലല്ലോയെന്നും പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ചോദിച്ചു. എഫ് ഐ ആറിലും രാഷ്ട്രീയ വൈരാഗ്യമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ.

ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പ്രതികരിച്ചു. കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതികൾ പിടിയിലായാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതികളുടെ മിക്കവരുടേയും ഫെയ്‌സ് ബുക്ക് പ്രൊഫൈലുകൾ സിപിഎം അനുകൂലമാണ്.

അതേസമയം ഷാജഹാന്റെ കൊലപാതകം ദുഃഖകരമെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് കുറ്റപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്ത് വന്നു. ബോധപൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ്. വൈകാരികതയ്ക്ക് അടിമപ്പെടാതെ വേണം പാർട്ടി പ്രവർത്തകർ മുന്നോട്ട് പോകാൻ. യുഡിഎഫ് അക്രമത്തെ അപലപിക്കാൻ പോലും തയ്യാറായിട്ടില്ല. തുടർ ഭരണം ആർഎസ്എസിനെ അസ്വസ്ഥതപ്പെടുത്തുകയാണ്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നും റിയാസ് കുറ്റപ്പെടുത്തി.

അതിനിടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തു വന്നു. ഒരു സംഭവം ഉണ്ടായാൽ ആദ്യം തന്നെ ആരോപണവുമായി വരുന്നത് ശരിയല്ല എന്ന് കാനം പറഞ്ഞു. ആർഎസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ എന്നും കാനം പറഞ്ഞു.

അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ, നിയമസഭയിലുള്ള രാഷ്ട്രീയ പാർട്ടികൾ എല്ലാം കൊലപാതകങ്ങൾക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളി പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു. സിപിഐ ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.