പാലക്കാട്: സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 4 പ്രതികൾ കൂടി അറസ്റ്റിൽ. കല്ലേപ്പുള്ളി സ്വദേശി എൻ.സിദ്ധാർഥൻ (36), കുറുപ്പത്ത് ആവാസ് (ഡുഡു 30), മലമ്പുഴ ചേമ്പന അത്തിക്കുളമ്പ് ജിനേഷ് (വലുത്32), കൊട്ടേക്കാട് കുന്നങ്കാട് ബിജു (27) എന്നിവരാണ് അറസ്റ്റിലായത്. ആവാസിനെ ചോദ്യംചെയ്യാനായി 16ന് പൊലീസ് കസ്റ്റഡിയിൽ എടുത്തശേഷം കാണാതായെന്ന അമ്മയുടെ പരാതിയിൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷണർ ടൗൺ സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലും ഡിവൈഎസ്‌പി ഓഫിസിലും പരിശോധന നടത്തിയിരുന്നു.

ആവാസിനൊപ്പം പൊലീസ് കൊണ്ടുപോയ സുഹൃത്ത് ജയരാജിനെയും കാണാനില്ലെന്ന് ഇയാളുടെ അമ്മയും പരാതി നൽകിയിരുന്നു. ഈ പരാതികളിലാണ് അഭിഭാഷക കമ്മിഷണർ ശ്രീരാജ് വള്ളിയോട് ഇന്നലെ ഉച്ചയോടെ പരിശോധന നടത്തിയത്. വൈകിട്ടോടെ പരിശോധനാ റിപ്പോർട്ട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്കു കൈമാറിയിരുന്നു. പിന്നാലെ, രാത്രിയോടെ ആവാസ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ഇതുവരെ 12 പേർ അറസ്റ്റിലായി.

ആർ.എസ്.എസ് കല്ലേപ്പുള്ളി ശാഖയുടെ മുഖ്യശിക്ഷക് ആയിരുന്നു ആവാസ്. ജിനീഷ് മലമ്പുഴയിൽ ബിജെപി ബൂത്ത് സെക്രട്ടറിയാണ്. സിദ്ധാർഥും ആവാസും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് പൊലീസ് പറയുന്നു. ഇരുവരും ചേർന്നാണ് മുഖ്യപ്രതികൾക്ക് വാൾ എത്തിച്ചുനൽകിയത്. ജിനേഷും ബിജുവും പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിനാണ് അറസ്റ്റിലായത്. ഇതോടെ കേസിലെ ബിജെപി ബന്ധം തെളിഞ്ഞെന്ന് പൊലീസ് പറയുന്നു.

ഇതോടെ ഷാജഹാൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. കുന്നങ്കാട് സ്വദേശികളായ വിഷ്ണു (22), എസ്.സുനീഷ് (23), എൻ.ശിവരാജൻ (32), കെ.സതീഷ് (സജീഷ് 31), മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), വെട്ടിവീഴ്‌ത്തിയ സംഘത്തിലെ കുന്നങ്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 14 രാത്രിയാണ് ഷാജഹാനെ കൊലപ്പെടുത്തിയത്. കുന്നങ്കാട് ജംക്ഷനിൽ കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്‌ത്തുകയായിരുന്നു.

അതിനിടെ ഷാജഹാനെ കൊലപ്പെടുത്തിയതിൽ അന്വേഷണം ആർഎസ്എസ്, ബിജെപി നേതാക്കളിലേക്ക് എത്തുമെന്ന് മനസ്സിലായതോടെ കോടതിയിൽ പരാതി നൽകി പൊലീസിനെ സമ്മർദത്തിലാക്കാൻ നീക്കമെന്ന് സിപിഎം ആരോപിക്കുന്നു. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യംചെയ്താൽ കൊലപാതക ഗൂഢാലോചന പുറത്താകുമെന്ന ഭയമാണ് അസാധാരണ നീക്കത്തിന് ബിജെപി- ആർഎസ്എസ് നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് ആക്ഷേപം.

കൊലക്കേസിൽ അറസ്റ്റിലായ എട്ടുപേരെയും ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ആയുധം എത്തിച്ചു നൽകിയയാളും ഇക്കൂട്ടത്തിലുണ്ട്. കൊലപാതകത്തിലെ ആസൂത്രകരായ ആർഎസ്എസ് മുഖ്യ ശിക്ഷക് ആവാസ്, എബിവിപി പ്രവർത്തകൻ ജയരാജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ആർഎസ്എസ് നേതൃത്വത്തിന്റെ നിർദേശപ്രകാരം ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരാണ് കോടതിയെ സമീപിച്ചത് എന്നാണ് സിപിഎം ആരോപണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിലെ ബിജെപി സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരാണ് ആവാസും ജയരാജും ആണെന്നും സിപിഎം പറയുന്നു. കൊലപാതകത്തിലെ മുഖ്യ ആസൂത്രകരായ ബിജെപി- ആർഎസ്എസ് നേതാക്കളുടെ പേരുകൾ ഇവർക്കറിയാം. അത് പുറത്താകുന്നത് തടയാൻ ഇവരെ ചോദ്യംചെയ്യുന്നത് ഒഴിവാക്കണം.

അതോടൊപ്പം ഇനി മറ്റ് നേതാക്കളെ കസ്റ്റഡിയിൽ എടുക്കാതിരിക്കാനുള്ള തന്ത്രവുമാണ് കോടതിയെ സമീപിച്ചതിന് പിന്നിലെന്നും ആക്ഷേപിക്കുന്നു.