സിനിമ സംവിധായകന്റെ കലയാണെന്നാണെല്ലോ നാം പറയുക. കുറച്ചുകാലം മുമ്പ് ഇറങ്ങിയ ഒന്നാന്തരം കോമഡിയും, മോശമില്ലാത്ത സാമൂഹിക വിമർശനവും ഉൾക്കൊള്ളുന്ന ഹിറ്റ് ചിത്രമായ റോമൻസിന്റെ സംവിധായകൻ ബോബൻ സാമുവേലും, തിരക്കഥാകൃത്ത് വൈ. വി രാജേഷും വീണ്ടും ഒന്നിക്കുന്നുവെന്ന് കേട്ട് അറിയാതെ തലവച്ചുപോയതാണ്, 'ഷാജഹാനും പരീക്കുട്ടിയും' എന്ന ചിത്രത്തിന്. മാത്രമല്ല, ചിത്രത്തിന്റെ പേരും അങ്ങേയറ്റം കാൽപ്പനികം. പ്രിയതമയുടെ ഓർമ്മക്കായി താജ്മഹൽ പണിത ഷാജഹാനും, കറുത്തമ്മയുടെ അനശ്വര കാമുകൻ പരീക്കുട്ടിയും.

പക്ഷേ പടം തുടങ്ങിയപ്പോഴോ. എന്റമ്മോ, രണ്ടേ കാൽ മണിക്കൂറിന്റെ കഠിന തടവുതന്നെ. ദുർബലമായ പ്രമേയത്തിൽ ചളിക്കോമഡിയും ദ്വയാർഥപ്രയോഗവും കുത്തിത്തിരുകി എന്തൊക്കെയോ കാട്ടിക്കൂട്ടിവച്ച് സെൻസർ സർട്ടിഫിക്കേറ്റും വാങ്ങി പ്രദർശിപ്പിക്കാൻ എത്തിയിരുക്കുന്നു. റോമൻസ് ടീമിന്റെ തകർച്ച ദയനീയമാണ്.

ആദ്യ ചിത്രമായ ജനപ്രിയനിലൂടെ പ്രതീക്ഷയുണർത്തിയ ഫിലിംമേക്കറാണ് ബോബൻ സാമുവേൽ. രണ്ടാമത്തെ ചിത്രമായ റോമൻസ് വൻ ഹിറ്റായിരുന്നു. (പാതിരിമാരെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് സഭ ഈ ചിത്രത്തിനുനേരെ ആദ്യഘട്ടത്തിൽ തിരഞ്ഞിരുന്നെങ്കിലും എന്തുകൊണ്ടോ പ്രതിഷേധം ക്‌ളച്ചുപിടിച്ചില്ല) പക്ഷേ തുടർന്ന് ബോബൻ ഇറക്കിയ ഹാപ്പി ജേർണി, അൺഹാപ്പി ജേർണിയായി. അതേഗതി തന്നെയാണ് പരീക്കുട്ടിക്കും ഷാജഹാനും വന്നുചേരുന്നത്.

എന്തിനോ വേണ്ടിയൊരു സിനിമ!

പ്രിയദർശനൊക്കെ നൂറ്റിയൊന്ന് തവണ ആവർത്തിച്ചും പിന്നീട് സ്വയം അനുകരിച്ച് വെടക്കാക്കിയതുമായ കൺഫ്യൂഷൻ ഡ്രാമയാണ് യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ഈ ചിത്രത്തിന്റെ കഥയിലുള്ളത്. സുന്ദരിയും സുശീലയും സർവോപരി കുട്ടിയുടപ്പിട്ട് റേസ് കാറുകർ ഓവർസ്പീഡിൽ ഹെയർപ്പിൻ വളവിലൂടെ ഓടിക്കുന്നത് ഹോബിയുമാക്കിയ നമ്മുടെ നായിക ജിയക്ക് (അമലാപോൾ) ഒരു അപകടത്തിൽപെട്ട് ഭാഗികമായി ഓർമ്മശക്തി നഷ്ടമാവുന്നു. (എന്നാണാവോ ഈ ഓർമ്മക്കളിയൊക്കെ ഒന്ന് മാറ്റിപ്പിടിക്കുക.) രണ്ടുവർഷത്തിന് ഇപ്പുറമുള്ള കാര്യങ്ങളൊന്നും അവൾക്ക് ഓർമ്മയില്ല. അതുകൊണ്ടുതന്നെ അവൾക്കായി മാതാപിതാക്കൾ പറഞ്ഞുറപ്പിച്ച മേജർ രവിയെന്ന ബഫൂൺ പട്ടാളക്കാരനെ (അജുവർഗീസ്- നമ്മുടെ ഒറിജനൽ മേജർ രവിക്ക് ഇങ്ങനെതന്നെ വേണം!) അവൾക്ക് തിരിച്ചറിയാനാവുന്നില്ല.

ജിയയുടെ ഓർമ്മ തിരിച്ചു കിട്ടാനായുള്ള രക്ഷിതാക്കളുടെയും രവിയുടെയും ശ്രമത്തിനിടയിലാണ്, അവർ അവളുടെ ഡയറിയിൽ നിന്ന് പി  എന്ന കോഡ് നെയിമിലുള്ള ഒരാർക്കായി എഴുതിയ ചില കാര്യങ്ങൾ കണ്ടത്. പി ആരാണെണന്ന് അറിയാനായി പ്രതിശ്രുതവരൻ മേജർ രവി, തന്നെപ്പോലെ മണ്ടനായ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിന്റെ (സുരാജ് വെഞ്ഞാടമൂട്) സേവനം തേടുന്നു. അപ്പോഴേക്കുമതാ പിയാണെന്ന് പറഞ്ഞുകൊണ്ടും, നായികയുമായി പ്രേമത്തിലായിരുന്നെന്നുമുള്ള കഥകളുമായി രണ്ടുപേർ വരുന്നു. പ്രണവും (കുഞ്ചാക്കോ ബോബൻ), പ്രിൻസും ( ജയസൂര്യ). പ്രണവ് കോടീശ്വരനായ ബിസിനസുകാരനാണെങ്കിൽ പ്രിൻസ് ഗുണ്ടയാണ്. രണ്ടുപേരും ജിയയുടെ കാമുകന്മാരാണെന്ന് അവകാശപ്പെടുന്നു. ജിയക്ക് ഒന്നും ഓർക്കാനും ആവുന്നില്ല. ഇതിനിടയിലൂടെ നമ്മുടെ മേജർ രവിയും ഡിറ്റക്ടീവും നടത്തുന്ന സത്യാന്വേഷണം. പിന്നീടങ്ങോട്ട് കോമഡികൊണ്ടുള്ള അഭിഷേകമാണ്. ഡിറ്റകറ്റീവ് ഭ്രാന്താശുപത്രിയിൽ കയറി ഷോക്കേറ്റുവാങ്ങിയും, ചെവിയിൽ അമ്പ് ഏറ്റുവാങ്ങിയുമൊക്കെ കേസ് അന്വേഷിക്കുന്നു. പഴത്തൊലിയിൽ ചവിട്ടിവീഴുന്ന നർമ്മം കൊടുക്കാഞ്ഞത് നന്നായി.

ഇവിടുന്നങ്ങോട്ട് കഥപറയുന്നില്ല. ഈ പടം കാണാൻ ദുര്യോഗമുള്ളവർ കണ്ട് അനുഭവിക്കട്ടെ. എല്ലാ ആൾമാറാട്ട നാടകങ്ങളിലുമെന്നപോലെ അൽപ്പം ട്വിസ്റ്റും ആക്ഷനുമൊക്കെയായി പടം ശുഭപര്യവസാനിയാവുന്നു.

തിരക്കഥയില്ലാതെയുള്ള പുതിയ ട്രെൻഡ്!

കേട്ടുമടുത്ത് പഴഞ്ചനായിപ്പോയ ഫലിതങ്ങളാണ് ഇതിൽ ഏറെയും. ഹിറ്റായ മലയാള സിനിമകൾ അനുകരിച്ചുകൊണ്ടുള്ള കോമഡിയാണ് അൽപ്പമെങ്കിലും നന്നായത്.പ്രിയദർശന്റെ ആദ്യകാല ചിത്രങ്ങളിലെന്നപോലെ, പ്രത്യക്ഷത്തിൽ ലോജിക്കില്‌ളെന്ന് തോന്നുന്ന കഥകൾപോലും താരങ്ങളുടെ പ്രകടനംകൊണ്ട് ഗംഭീരമാക്കുകയെന്ന തന്ത്രം പക്ഷേ ഇവിടെ പാളിപ്പോയി. പ്രിയന്റെ ബോയിംങ്ങ് ബോയിങ്ങും, അരം പ്‌ളസ് അരവും, ധിം തരികിടതോമും, ചിത്രവും, കിലുക്കവുമൊക്കെ വർഷങ്ങൾക്ക് ശേഷവും നാം ടീവിയിൽ ആസ്വദിക്കുന്നു. പ്രത്യക്ഷത്തിൽ അതൊക്കെ ഒട്ടും യുക്തി തോന്നിക്കാത്ത കഥകളാണ്.പക്ഷേ അതിന്റെ ട്രീറ്റ്‌മെന്റ് പാറ്റേൺ എത്ര ഗംഭീരമായിരക്കുന്നുവെന്ന് നോക്കുക.ചിത്രം എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റിൽ, ജനം ഇന്നും പറയുന്ന ലാൽ-നെടുമുടി കോമ്പിനേഷനിലെ പല സീനുകളും കൃത്യമായ സ്‌ക്രിപ്റ്റപോലുമില്ലാതെ ആർട്ടിസ്റ്റുകളുടെ മനോധർമ്മത്തിന് വിട്ടുകൊടുക്കയായിരുന്നു.സത്യത്തിൽ അതുപോലൊരു പരീക്ഷണമാണോ ഇവിടെ ബോബൻ സാമുവേലും ഉദ്ദേശിച്ചതെന്ന് സംശയമുണ്ട്.( ഇപ്പോൾ തിരക്കഥയില്ലാതെ സിനിമയെടുക്കുന്നതാണെല്ലോ ട്രെൻഡ് !) പക്ഷേ കൊഞ്ചൻചാടിയാൽ ചട്ടിയോളം എന്നു പറഞ്ഞപോലെ ഇവരൊക്കെ എത്രതുള്ളിയാലും നെടുമുടിയുടെയോ,ജഗതിയോ,മോഹൻലാലോ ആവില്ലല്ലോ. അതുകൊണ്ടുതെന്നെ സുരാജിന്റെയും അജുവിന്റെയുമൊക്കൊ സ്‌കിറ്റ് മോഡൽ സ്‌പോട്ട് കോമഡി മഹാവെറുപ്പിക്കലായാണ് പ്രേക്ഷകന് തോനുന്നത്.

ചളിക്കോമഡിക്ക് ദ്വയാർഥത്തിന്റെ മേമ്പൊടി

രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിൽ പുലയനെന്ന് പേര് വിളിക്കുന്നതുകൊണ്ട് കത്രികവച്ചവരാണ് നമ്മുടെ സെൻസർ ബോർഡ്. എന്നാൽ ഈ പടമൊക്കെ സെൻസർ ചെയ്തപ്പോൾ അവർ ആകാശത്തേക്ക് നോക്കിയിരക്കയാണോ എന്ന തോന്നിപ്പോവും. പാതി അശ്‌ളീലവും അങ്ങേയറ്റം സ്ത്രീവിരുദ്ധവും ദ്വയാർഥ പ്രയോഗങ്ങൾ അടങ്ങുന്നതുമായ ചളി ഫലിതങ്ങൾ വൈ.വി രാജേഷിന്റെ തൂലികയിൽനിന്ന് അനർഗള നിർഗളം പ്രവഹിക്കയാണ്.കുട്ടികളുമായൊക്കെ പടത്തിനുപോയാൽ അവരുടെ സംശയം എങ്ങനെ തീർക്കണമെന്ന് അറിയാതെ നമ്മുടെ മാനം കപ്പലുകയറും. ഒരു സാമ്പിൾ ഇതാ.അജുവർഗീസിന്റെ മേജർ രവി പറയുകയാണ്, തനിക്ക് ഏറ്റവും ഇഷ്ടം ഫ്‌ളൂട്ടാണെന്നും, ക്യാമ്പിലായിരുന്നപ്പോൾ ജോലി കഴിഞ്ഞ് വരുന്ന പട്ടാളക്കാർക്ക് താൻ സ്ഥിരമായി ഫ്‌ളൂട്ട് വായിച്ചു കൊടുക്കാറുണ്ടെന്നും! ഇത് കേട്ടുനിൽക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ ചേഷ്ടകളൊക്കെ കാണണം. ഈ രീതിയിലുള്ള നിലവാരമില്ലാത്ത ചളികളാണ് ചിത്രത്തിലുടനീളം.അവധിക്കാല പുരുഷ ആൾക്കൂട്ടത്തെ മാത്രം കണക്കൂകൂട്ടി കുടംബചിത്രങ്ങൾ എന്ന പേരിലിറങ്ങുന്ന ഇത്തരം പാഷാണങ്ങൾ സത്യത്തിൽ 'ചന്ദനമഴ' സീരിയലുകൾ പോലെ, പ്രക്ഷക മനസ്സിലേക്ക് പൊട്ടിയൊലിക്കുന്ന സെപ്ടിക്ക് ടാങ്കുകളാണ്.ഇതിൽ കുറഞ്ഞ ഒരു വിശേഷവവും ഈ പടത്തിന് ചേരില്ല.

പടം മോശമാവുമ്പോൾ താരങ്ങളുടെ പ്രകടനവും പാളുന്നതിൽ അത്ഭുദമില്ല.സുരാജ്-അജു വർഗീസ് കോമ്പിനേഷൻ ചിലയിടത്തൊക്കെ ചിരിപ്പിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സീനുകളിലും ചളിയടിപ്പിച്ച് കോമഡികൊണ്ടുള്ള ഭീകരാക്രമണമാണ്.കുഞ്ചാക്കോ ബോബൻ-ബിജുമേനോൻ കോമ്പിനേഷൻ ക്‌ളിക്കാവുന്നതുപോലെ, ജയസൂര്യയുമൊത്തുള്ള കെമിസ്ട്രി വർക്കൗട്ടായിട്ടില്ല.കുഞ്ചാക്കോയുടെ അഴകിയ രാവണനേക്കാൾ ഭേദം ജയസൂര്യയാണെന്ന് മാത്രം.അമലാപോളിനും ഈ പടത്തിൽ കാര്യമായൊന്നും അഭിനയിച്ച് ഫലിപ്പിക്കാനില്ല. പിന്നെ ഉൽസവകാലത്തെ പുരുഷ ആൾക്കൂട്ടങ്ങളെ തൃപ്തിപ്പെടുത്താനായി, പുട്ടിന് തേങ്ങയെന്നപോലെ അമലയുടെ ഗ്‌ളാമർ മോശമല്ലാതെ ഉപയോഗപ്പെടുത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. എന്തുചെയ്യുമ്പോഴും ശരീര വടിവുകൾ കൃത്യമായി കാണുന്ന ഈ വസ്ത്രാലങ്കാരം ചെയ്ത മഹാപ്രതിഭക്ക് ഈ വർഷത്തെ വനിതാ അവാർഡെങ്കിലും കൊടുക്കേണ്ടതാണ്!

ഗോപി സുന്ദറിന്റെ ഗാനങ്ങൾ സിനിമ അർഹിക്കുന്ന രീതിയിൽ എച്ചുകെട്ടുകളാണ്. അനീഷ് ലാലിന്റെ കാമറ തമ്മിൽ ഭേദമാണ്. അപ്പോഴും ഈ പടത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതിസ്ഥാനത്ത് തിരക്കാഥാകൃത്ത് വൈ.വി രാജേഷ് തന്നെയാണ്. ഒരു പടത്തിൽ മോഹൻലാൽചോദിക്കുന്നപോലെ, ഇതിനെയാക്കെ നമ്മുടെ നാട്ടിൽ ഇപ്പോഴും കഥ എന്ന് പറയുന്നതിലാണ് അത്ഭുതം!

വാൽക്കഷ്ണം: മലയാള സിനിമയിലെ അടുത്തകാലത്തെ ഏറ്റവും വലിയ മൂന്ന് ബോറന്മാരുടെ പേരുപറയാൻ ചോദിച്ചാൽ ആദ്യം വരുക കുഞ്ചാക്കോബോബൻ, ജയസൂര്യ, ആസിഫലി എന്നീപേരുകളാണ്. വള്ളീതെറ്റി പുള്ളീം തെറ്റി, രാജമ്മ അറ്റ് യാഹൂ ഡോട്ട് കോം, ഇതുതാൻടാ പൊലീസ് എന്നിങ്ങനെയുള്ള എന്തിനാണ് ഇതുപോലൊരു പടപ്പ് എടുത്തതെന്ന് ആർക്കും പടിയില്ലാത്ത കുറെ ചവറുകളാണ് അടുത്തകാലത്ത് ഇവർ ഇറക്കിക്കൊണ്ടിരിക്കുന്നത്. മുമ്പൊക്കെ കഥാപാത്രസൃഷ്ടിയിൽ ജയസൂര്യ അൽപ്പം വൈവിധ്യം കാണിക്കാറുണ്ടായിരുന്നു.ഇങ്ങനെ പോയാലുള്ള കുഴപ്പം ഈ താരങ്ങൾക്ക് മാത്രമല്ല.മലയാള സിനിമയത്തെന്നെ പ്രേക്ഷകൻ വെറുത്തുപോവും. 2000ത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന തീയേറ്റുകൾ കല്യാണ മണ്ഡപങ്ങളാവുന്ന ട്രെൻഡ് വീണ്ടും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവർ ഈ താരങ്ങൾക്കൊക്കെ നല്ല ബുദ്ധികൊടുക്കണേയെന്ന് പ്രാർത്ഥിക്കട്ടെ.