'അന്നാ കരേനിന'യിൽ, തന്നെയും മകനെയും കുടുംബത്തെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ജീവിക്കാൻ ഇറങ്ങിപ്പോയ അന്നയെക്കുറിച്ചോർത്തു ഖിന്നനാകുന്ന കരേനിനോട് അയാളുടെ കസിൻ, കിറ്റി ഒരിക്കൽ പറയുന്നുണ്ട്, 'കർത്താവിനെപ്രതി, നമ്മെ വെറുക്കുന്നവരെപ്പോലും നാം സ്‌നേഹിക്കണം, അതാണ് ക്രൈസ്തവധർമം' എന്ന്. കരേനിൻ അവളോടു പറഞ്ഞ മറുപടി ഇതായിരുന്നു: 'എന്നെ വെറുക്കുന്നവരെ സ്‌നേഹിക്കാൻ എനിക്കു കഴിയും കിറ്റി. പക്ഷെ, ഞാൻ വെറുക്കുന്നവരെ ഞാൻ എങ്ങനെ സ്‌നേഹിക്കും?'

ടോൾസ്റ്റോയിപോലും അന്നക്കൊപ്പമായിരുന്നില്ല എന്നത് വിഖ്യാതമാണല്ലോ. അവൾ ചെയ്തപാപത്തിന് അദ്ദേഹം ശമ്പളം മരണമായിത്തന്നെ നൽകി. ഹെമിങ്‌വേയുടെ കഥാപാത്രങ്ങളെക്കുറിച്ച് ഒരു നിരൂപക(ൻ) പറഞ്ഞതുപോലെ, 'ശരീരത്തിലും ആത്മാവിലും മുറിവേറ്റ മനുഷ്യരുടെ' ഒരു മഹാപരമ്പരയ്ക്കാണ് പിന്നീടിങ്ങോട്ട് ലോകനോവൽസാഹിത്യം പിറവിനൽകിയത്. മർത്യജീവിതത്തെക്കുറിച്ചുള്ള മഹാതത്വവാക്യങ്ങളായി മാറി, ഓരോ ക്ലാസിക് നോവലും. സ്‌നേഹരാഹിത്യത്തിന്റെയും അതു സൃഷ്ടിക്കുന്ന ജീവിതവിരക്തിയുടെയും കയ്പുനീർ കുടിക്കുമ്പോൾതന്നെ സ്‌നേഹത്തിനും ജീവിതത്തിനും വേണ്ടിയനുഭവിക്കുന്ന ദാഹാർത്തിയാണ് മനുഷ്യരുടെ വിധി എന്നു തെളിയിക്കുന്ന നോവലുകളുടെ പരമ്പരയിൽ മലയാളഭാവന സൃഷ്ടിച്ച വിസ്മയമാണ് കെ. ആർ. മീരയുടെ 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ'. കാപട്യങ്ങൾ മുഖപടമായണിയുന്ന മനുഷ്യരെ, അവരുടെതന്നെ കാമനകൾ കുരുതികൊടുക്കുന്ന അവസ്ഥകളെക്കുറിച്ചെഴുതപ്പെട്ട ദുരന്തഗാഥ.

ദൈവത്തിനും സമൂഹത്തിനും മുന്നിൽ, അഥവാ, സ്വന്തം മനഃസാക്ഷിക്കും നീതിപീഠത്തിനും മുന്നിൽ, കാലാകാലങ്ങളായി നിലനിൽക്കുന്ന പുരുഷലോകാധിപത്യത്താൽ വിചാരണ ചെയ്യപ്പെടുന്ന ഒരു പെണ്ണിന്റെ കഥയാണിത്. മൂവായിരം വർഷം മുൻപ്, സ്വന്തം ജനതയുടെ ആൾക്കൂട്ടവിചാരണയ്ക്കും ന്യായവിധിക്കും ഇരയാകേണ്ടിവന്ന ജെസബെൽ എന്ന സ്ത്രീയിൽനിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അതേതരത്തിലുള്ള വിചാരണയ്ക്കും വിധിക്കും വഴങ്ങേണ്ടിവരുന്ന മറ്റൊരു സ്ത്രീയിലേക്കുള്ള ചരിത്രത്തിന്റെ യാത്രാവിവരണം. കാമനകളുടെ വേദപുസ്തകംപോലെ എഴുതിയും വായിച്ചും തീരേണ്ട സ്ത്രീത്വത്തിന്റെ ജീവചരിത്രം.

ജെസബെൽ എന്ന ഡോക്ടർ. അവളെ ജീവനുതുല്യം സ്‌നേഹിക്കുന്ന സഹോദരനും ചാച്ചനും വല്യമ്മച്ചിയും. അവളെ കുറ്റം പറഞ്ഞും പഴിചാരിയും നോവിക്കുകമാത്രം ചെയ്യുന്ന അമ്മച്ചി. അന്യനഗരത്തിൽ ഡോക്ടറായി ജോലിചെയ്യുന്ന ജറോമിന്റെ വിവാഹാലോചന വരുമ്പോൾ മുൻപിൻ ചിന്തയില്ലാതെ അതുറപ്പിക്കുന്നിടത്താണ് നോവലിന്റെയും അവളുടെ ദുരനുഭവങ്ങളുടെയും തുടക്കം. ജറോമിന്റെ അപ്പൻ ജോർജും അമ്മ ലില്ലിയും സഹോദരൻ ജോണും അമ്മാവൻ അബ്രഹാം ചമ്മനാടും പിന്നീട് ജെസിന്റെ ജീവിതം നിർണയിച്ചു. ആദ്യരാത്രിയിൽതന്നെ ജറോമിന്റെ ഭീതിദമായ ലൈംഗികവൈകൃതം അവളെ തകർത്തു. രണ്ടുവർഷം ഒന്നിച്ചുജീവിച്ചിട്ടും അവൾ കന്യകയായിത്തന്നെ തുടർന്നു. അയാളാകട്ടെ, തന്റെ ഇണ, ഡോ. അവിനാശുമൊത്ത് നിർബാധം സ്വലിംഗരതിബന്ധം പുലർത്തിപ്പോന്നു. ജോർജ്, ജെസിന്റെ ജീവിതം നരകതുല്യമാക്കി. അവൾ സന്ദീപ്‌മോഹൻ എന്ന ഡോക്ടറുമായി ഉറ്റ സൗഹൃദത്തിലായി. അത് അവിഹിതബന്ധമാണെന്നാരോപിച്ച് ജോർജ് അവളെ അപമാനിച്ചു. സന്ദീപിന് തന്റെ കൗമാരത്തിൽ അനിത എന്ന മുതിർന്ന സ്ത്രീയുലുണ്ടായ മകൾ ആന്മേരിയെ അനിതയുടെ മരണശേഷം രക്ഷിച്ച് വീട്ടിലെത്തിച്ചു, ജെസ്. ഒരിക്കൽ ജറോം ആ കുട്ടിയെ ലൈംഗികമായി ആക്രമിച്ചതോടെ അവൾ അയാളുമായി വഴിപിരിഞ്ഞു.

കാറപകടത്തിൽപെട്ട് കോമയിലായ ജറോമിനെ ശുശ്രൂഷിക്കാൻ ജെസ് തയ്യാറായെങ്കിലും ജോർജിന്റെ പുലഭ്യങ്ങളും കുറ്റപ്പെടുത്തലുകളും കയ്യേറ്റങ്ങളും മടുത്ത് അവൾ തന്റെ വീട്ടിലേക്കു പോന്നു. ജോർജ് അവളെ നിരന്തരം വേട്ടയാടി.

വിവാഹമോചനത്തിനു കേസ്‌കൊടുത്ത ജെസിന്റെ തുടർന്നുള്ള ജീവിതം ഉറ്റവർക്കും ഒറ്റുകാർക്കുമിടയിൽ ഒരു പീഡാനുഭവയാത്രയായി മുന്നേറുന്നു. പഠിത്തത്തിന്റെയും ജോലിയുടെയും സംഘർഷം ഒരുവശത്ത്. ചതിക്കപ്പെട്ടതിന്റെയും ഒറ്റുകൊടുക്കപ്പെട്ടതിന്റെയും സങ്കടം മറുവശത്ത്. കോളേജ്കാലത്തെ മൂകപ്രണയത്തിലെ നായകൻ രഞ്ജിത്തിന്റെ മരണം, ഉറ്റസുഹൃത്ത് സെബിന്റെ തകർച്ച, സന്ദീപ്‌മോഹന്റെ അകൽച്ച, വിശ്വസിച്ചുപ്രണയിച്ച നന്ദഗോപന്റെ ചതി, സുഹൃത്തായടുത്തുകൂടിയ ഹരിതയെന്ന ഡോക്ടറുടെ വഞ്ചന, അജ്ഞാതനായിവന്ന് ഹൃദയം കീഴടക്കിയ ന്യൂറോസർജൻ കബീർമുഹമ്മദിന്റെ തിരസ്‌കാരം, അദ്വൈതായി മാറിയ ട്രീസയുമായുണ്ടാകുന്ന ആത്മബന്ധം-ജീവിതം ആസക്തികൾക്കും വിരക്തികൾക്കും, സ്വീകാരങ്ങൾക്കും തിരസ്‌കാരങ്ങൾക്കുമിടയിൽ നടക്കുന്ന ഒരാന്ദോളനം മാത്രമാണെന്ന് ജെസ് തിരിച്ചറിയുന്നു. വൈയക്തികതയുടെയും സൗഹൃദങ്ങളുടെയും ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ലോകത്തിന്റെ മറ്റൊരു പതിപ്പായിരുന്നു, കുടുംബബന്ധങ്ങൾ അവൾക്കു നൽകിയ കുരിശുകൾ. സ്വന്തം വീട്ടിൽ വല്യമ്മച്ചി മാത്രം അവൾക്കു താങ്ങും തണലുമായി.

ജോർജിന്റെ കിരാതമായ നരനായാട്ടുകൾ അവളെ നാലുപാടുനിന്നും വിഷപ്പാമ്പുകൾപോലെ വളഞ്ഞുകൊത്തി. ആന്മേരിയെ സന്ദീപ്‌മോഹനെ ഏല്പിച്ചുവെങ്കിലും തുടർന്നുണ്ടാകുന്ന നിരവധിയായ ദുരനുഭവങ്ങൾ പെണ്ണിന്റെ ജീവിതത്തെക്കുറിച്ചുള്ള പുതിയ പാഠങ്ങൾ അവളെ പഠിപ്പിച്ചു. കാലുവെന്ത ജന്തുവിനെപ്പോലെ അവൾ തനിക്കും മറ്റുള്ളവർക്കുമിടയിൽ പരക്കം പാഞ്ഞു. ഡോ. കുര്യനും പത്രപ്രവർത്തകൻ ബാലഗോപാലും കൂട്ടുകാരികളായ അഹാനയും റാണിയും ഇർഷാദും ഗീതുവും അവളെ അതിജീവിക്കാൻ സഹായിച്ചു. ജെസിന്റെതന്നെ അപരമനഃസാക്ഷിയായി അമ്മച്ചി അവളെ കെട്ടസദാചാരച്ചങ്ങലകൾകൊണ്ടു കെട്ടിമുറുക്കി. വല്യമ്മച്ചി അവളുടെ സ്വാതന്ത്ര്യദാഹങ്ങൾക്കും ജീവിതമോഹങ്ങൾക്കും ചിറകുകൾ നൽകി സ്വപ്നങ്ങളുടെ ആകാശത്തേക്കു പറത്തിവിട്ടു. ചാച്ചൻ അവളുടെ ദുരിതജീവിതത്തിനു നിശ്ശബ്ദനും നിസ്സഹായനുമായി സാക്ഷ്യം നിന്നു. കോടതി, സമൂഹത്തിന്റെയും മതത്തിന്റെയും പുരുഷാധീശ പൊതുബോധത്തിന്റെയും അയുക്തികൾ ഒന്നിച്ചുനിർമ്മിച്ച ഫ്രാങ്കൻസ്റ്റീനായി അവൾക്കുമേൽ രക്തദാഹത്തോടെ വിധി പറഞ്ഞു.

ഭാര്യയെ വിഷംകൊടുത്തുകൊന്ന ജോർജ്ജിന് മകന്റെ ജഡജീവിതത്തിനു കാവലിരുന്നു ഭ്രാന്തുപിടിച്ചു. അയാൾ കോടതിയിൽ ജെസിനെതിരെ നുണകളുടെ പെരുമഴ പെയ്യിച്ച ദിവസം പക്ഷെ, തന്നെ പ്രതി കള്ളസാക്ഷി പറഞ്ഞതിന് ദൈവം അയാളെ കാലുവാരി നിലത്തടിച്ചുവീഴ്‌ത്തി. നട്ടെല്ലുതകർന്ന് മറ്റൊരു മാംസപിണ്ഡം മാത്രമായി അയാൾ മകന്റെ പിണജീവിതത്തിനു കൂട്ടുകിടന്നുതുടങ്ങി. ചലനശേഷിയുള്ള കൈകൊണ്ട് ജോർജ് ജെസിനെ ശപിക്കുകയും നാവുകൊണ്ട് തെറിയഭിഷേകം നടത്തുകയും ചെയ്തു. അയാളുടെ അവസാനത്തെ ജീവകോശത്തിലും സാത്താൻ വിത്തുവിതച്ചിരുന്നു. ജറോമിനെ പരിചരിക്കാൻവന്ന അവിനാശും ജെസും തമ്മിൽ വാക്കേറ്റമുണ്ടായി. സ്വലിംഗരതിയിൽ മാത്രം താല്പര്യമുണ്ടായിരുന്ന ജറോമിനെ അയാളുടെ ഇണയായിരുന്ന അവിനാശിൽനിന്നും വേർപെടുത്താനായിരുന്നു. ജെസിന്റെ തലയിൽ കെട്ടിവച്ചത്. 'ദൈവം കൂട്ടിച്ചേർത്തതിനെ വേർപെടുത്താൻ മനുഷ്യർക്കാവില്ല' എന്ന കള്ളപ്രമാണമുദ്ധരിച്ച് പള്ളിയും വിശ്വാസികളും നരകമാക്കിക്കൊണ്ടേയിരിക്കുന്ന ക്രൈസ്തവകുടുംബങ്ങളുടെ ശവതുല്യമായ അന്തർലോകങ്ങളുടെ അപനിർമ്മിതികൂടിയാണ് 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ'.

ജറോം ആദ്യം വിവാഹമാലോചിച്ച ട്രീസ, തന്റെ ട്രാൻസ്ജൻഡർസ്വത്വം മുൻനിർത്തി അയാളെ ഒഴിവാക്കിയിരുന്നു. അവൾ പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി, അദ്വൈത് എന്ന പേരു സ്വീകരിച്ചു. കാലത്തിന്റെ കാവ്യനീതിയും ചരിത്രത്തിന്റെ ചാക്രികതയും ഒന്നിച്ചുപ്രവർത്തിച്ചപ്പോൾ ജെസ്, അദ്വൈതുമായി ആത്മബന്ധം സ്ഥാപിക്കുന്നു.

കോടതി ജെസിന്റെ വിവാഹമോചനഹർജി അനുവദിച്ചില്ല. ദൈവനീതിക്കും ദാക്ഷിണ്യമേതുമുണ്ടായിരുന്നില്ല. ജറോം മരിച്ചു. ജോർജ്ജ് പുഴുത്തു. തന്റെ കാമവും കന്യകാത്വവും നിരാകരിച്ച കബീർ മുന്നോട്ടുവച്ച വിവാഹാഭ്യർഥന തള്ളി ജെസ് അമേരിക്കയിൽ ഉപരിപഠനത്തിനു പോകുന്നു.

പെണ്മയുടെ (ഏകാത്മക) ലിംഗരാഷ്ട്രീയം ചർച്ചചെയ്യുന്ന നോവലല്ല 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ'. പൊതുവിൽ മനുഷ്യരുടെയും വിശേഷിച്ച് ആണിന്റെയും പെണ്ണിന്റെയും ഇതരലിംഗങ്ങളുടെയും ജൈവരാഷ്ട്രീയം മതം മുതൽ വൈദ്യശാസ്ത്രം വരെയും നിയമം മുതൽ സാമൂഹ്യപൊതുബോധംവരെയുമുള്ള സ്ഥാപനങ്ങളിൽ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളുടെ സമകാലാവിഷ്‌ക്കാരമാകുന്നു ഈ നോവൽ. അഴിട്ടുവിട്ടാലും വീട്ടിൽ നിന്നോടിപ്പോകാത്ത പട്ടിയെപ്പോലെ ദാമ്പത്യത്തിൽ അലഞ്ഞുതിരിയുന്ന സ്ത്രീകളുടെ ദുർഗതി മാത്രമല്ല ഇതിലെ പ്രമേയം. ഉടലും ഉണ്മയും തമ്മിലുള്ള കടലകലം ഒരുതരത്തിലും താണ്ടാനാവാതെ തന്റെ ഇണയോട് മരിക്കുംവരെ അനീതിമാത്രം ചെയ്യുന്ന മനുഷ്യവിധിയുടെ അനാവരണവും ഇതിലുണ്ട്.

'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' വായിക്കൂ, സ്ത്രീയിലേക്കുള്ള വഴി യോനിയിലൂടെയല്ല, തലച്ചോറിലൂടെയും ഹൃദയത്തിലൂടെയുമാണെന്ന് തിരിച്ചറിയാത്ത ഓരോ പുരുഷന്റെയും തല ആത്മനിന്ദയും കുറ്റബോധവും കൊണ്ട് കുനിയും. നട്ടെല്ലു വിറയ്ക്കും. അത്രമേൽ സൂക്ഷ്മസുന്ദരമായും രാഷ്ട്രീയജാഗ്രത്തായും ആണധികാരത്തിന്റെയും അതു തേർവാഴ്ച നടത്തുന്ന നരകജീവിതത്തിന്റെയും ആഴങ്ങളിൽനിന്ന് നമ്മുടെ മൂഢസ്വർഗങ്ങളിൽ തീകോരിവിതറുന്നുണ്ട്.

വിവാഹം, ദാമ്പത്യം, ലൈംഗികത, കുടുംബം... എന്നിങ്ങനെയുള്ള ഓരോ സ്ഥാപനത്തിന്റെയും അകംചീഞ്ഞ കാലത്തിന്റെ ഖേദപുസ്തകമാകുന്നു ഈ നോവൽ.

അഞ്ചു ജീവിത, സംസ്‌കാരലോകങ്ങളെ രക്തത്തിലും മാംസത്തിലും ഉരുക്കിച്ചേർത്ത് ശരീരത്തിന്റെയും ആത്മാവിന്റെയും ഛായയിൽ ഒരു പഞ്ചലോഹവിഗ്രഹം നിർമ്മിക്കുന്നതുപോലെയാണ് ഈ നോവലിന്റെ ആഖ്യാനഘടന.

ബൈബിളിന്റെ മൂല്യമണ്ഡലമാണ് ഒന്ന്. വൈദ്യശാസ്ത്രത്തിന്റെ ജ്ഞാനമണ്ഡലം മറ്റൊന്ന്. കോടതിയുടെ വ്യവഹാരലോകം ഇനിയൊന്ന്. സ്വലിംഗരതിയുടെ കാമനാലോകം നാലാമത്തേത്. ജനപ്രിയനോവലിന്റെ ഭാവമണ്ഡലം അഞ്ചാമത്തേത്.

പാഗനിസത്തിന്റെ പാപചരിത്രങ്ങൾ കൂടിയാണ് ബൈബിൾ പഴയനിയമം. ഇസ്രയേലിന്റെ ഏകദൈവമായ യഹോവക്കെതിരെ ഗ്രീക്കോ-റോമൻ ജനപദങ്ങളിൽ നടന്ന അസംഖ്യം ദൈവങ്ങളുടെ അതിജീവനകലാപങ്ങളുടെ കഥകളാണ് അവയിൽ മിക്കതും. വ്യാജപ്രവാചകരുടെ മഹാറാണിയായി മുദ്രകുത്തപ്പെട്ട ജെസബെൽ രാജ്ഞി ബി.സി. 842-ൽ കൊല്ലപ്പെട്ടുവെന്നാണ് ചരിത്രം(?). യഹോവയെ മറന്ന് ബാലിനെയും അസേറയെയും ആരാധിക്കാൻ തന്റെ ഭർത്താവ് അഹാബ് രാജാവിനെയും അയാളുടെ ജനതയെയും നിർബന്ധിച്ചു അവൾ. യഹോവയുടെ പ്രവാചകരെ കൊന്നുകളഞ്ഞ ജെസബെൽ തന്റെ ദുഷ്‌ചെയ്തികൾക്കൊടുവിൽ സ്വന്തം ജനതയാൽ വധിക്കപ്പെടുന്നു. കൊട്ടാരത്തിനുമുകളിൽ നിന്ന് താഴേക്ക് വലിച്ചെറിയപ്പെട്ട അവളുടെ ശരീരം കുതിരകൾ ചവിട്ടിമെതിക്കുകയും നായ്ക്കൾ കടിച്ചുകീറി തിന്നുകയും ചെയ്തു. 'കൊമ്പില്ലാത്ത പിശാചിനി'യായും 'തിന്മയുടെ ചക്രവർത്തിനി'യായും 'കാമത്തിന്റെ കാട്ടുതീ'യായും പഴയനിയമത്തിൽ ജീവിച്ച ഫിനിഷ്യൻ രാജകുമാരി 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ'യിൽ പുനർജനിക്കുന്നു. ആ പേരുകൊണ്ടുതന്നെ അവൾ പ്രേമിക്കപ്പെടുകയും ദ്വേഷിക്കപ്പെടുകയും ചെയ്തു. ജെറോമിന്റെ അപ്പൻ ജോർജ്, പെണ്ണുകാണാൻവന്ന ദിവസം മുതൽ തന്റെ കണ്ണടയാൻ കാത്തുകിടന്ന ദിവസങ്ങൾവരെ അവളെ സർപ്പസന്തതിയായെണ്ണി. സാത്താന്റെ വചനങ്ങൾകൊണ്ട് അയാൾ അവൾക്കുമേൽ തീയും ഗന്ധകവും വർഷിച്ചു.

അതേസമയം വല്യമ്മച്ചിയും ചാച്ചനുമുൾപ്പെടെയുള്ളവർ ജെസബെലിന് നാലുചിറകുള്ള പെണ്ണിന്റെ ഉയിരും ഉണ്മയും സങ്കല്പിച്ചുകൊടുത്തു. അവളുടെ കർതൃസ്വരം മുതൽ നോവലിന്റെ ഭാഷയും ഭാഷണവും വരെയുള്ളവ ചിട്ടപ്പെടുത്തുന്നത് ബൈബിളാണ്. ക്രിസ്തുവും മഗ്ദലനയും മറ്റുമായി പരകായപ്രവേശം നേടുന്ന ജെസബെലിന്റെ സ്വത്വം മർത്യജീവിതത്തെ രക്തംവിയർത്ത പാതിരാത്രിയിലെ ഒറ്റുകൊടുക്കലും പീഡാനുഭവവും ക്രൂശാരോഹണവും ഉയിർത്തെഴുന്നേല്പും മറ്റുമായി സമീകരിച്ചവതരിപ്പിക്കുന്നു. ഭാഷണകലയിൽ പഴയനിയമവും പുതിയനിയമവും കൂടിക്കുഴയുന്നു. ഉല്പത്തി മുതൽ വെളിപാടുവരെയുള്ള 'പുസ്തക'ങ്ങളിൽ നിന്നു സ്വീകരിച്ച രൂപകങ്ങളും കല്പനകളും ബിംബങ്ങളും പ്രതീകങ്ങളും ഭാവനകളും സദൃശ്യവാക്യങ്ങളും നോവലിലുടനീളം ഒഴുകിനിറയുന്നു.

സ്ത്രീയുടെ കർതൃപദവിയിൽ ക്രിസ്തു സൃഷ്ടിച്ച വിപ്ലവകരമായ കിരീടധാരണങ്ങളാണ് ഒരുപക്ഷെ ഈ നോവലിലെ ഏറ്റവും രാഷ്ട്രീയസൂക്ഷ്മവും ലാവണ്യനിർഭരവുമായ ബൈബിൾപ്രഭാവം. പെണ്ണിനെയും പാമ്പിനെയും അടക്കേണ്ടത് നടുവൊടിച്ചുകൊണ്ടാവണമെന്ന് വിശ്വസിക്കുന്നു, ജോർജ്. 'സ്‌നേഹിക്കപ്പെടാത്ത ഭാര്യ' രാജാവായി ഉയർന്ന അടിമയെപ്പോലെയും മൃഷ്ടാന്നം കഴിച്ച ഭോഷനെപ്പോലെയും യജമാനത്തിയുടെ സ്ഥാനമപഹരിച്ച ദാസിയെപ്പോലെയും അസഹ്യമായ കാര്യമാണെന്ന് ജെസബെൽ തിരിച്ചറിയുന്നു, അവളെന്തുചെയ്തു?

'ഇല്ലാത്തവളായ തന്നിൽനിന്ന്, ഉള്ളതായി താൻ വിചാരിച്ചതുകൂടി എടുക്കപ്പെട്ട ശേഷം ജെസബെൽ വിളക്കുകൊളുത്തി പാത്രം കൊണ്ടുമൂടുകയോ കട്ടിലിനടിയിൽ വയ്ക്കുകയോ ചെയ്യാൻ സന്നദ്ധയായില്ല. മറിച്ച് അകത്തു പ്രവേശിക്കുന്നവർക്കു കാണാൻ പാകത്തിൽ അവൾ അതു പീഠത്തിന്മേൽ വച്ചു. മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല എന്ന് അവൾ പ്രതീക്ഷിച്ചു. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല. ആകയാൽ, പഴയതു കടന്നുപോയി, ഇതാ പുതിയതു വന്നുകഴിഞ്ഞു എന്നു സ്വയം പറഞ്ഞുകൊണ്ട് ജെസബെൽ തന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ തെറ്റുകളും തിരുത്താൻ പുതിയ ശരികളെ സ്വപ്നം കണ്ടു.

പക്ഷേ, ദാമ്പത്യത്തിന്റെയും കുടുംബത്തിന്റെയും ഏക ദൈവത്തെ വെല്ലുവിളിക്കുന്ന നിമിഷം മുതൽ ഓരോ സ്ത്രീയും സമരിയായിലെ ജെസബെൽ രാജ്ഞിയായിത്തീരും എന്നും തന്റെ ജീവിതത്തിൽനിന്നു ജെസബെൽ പഠിച്ചു. രണ്ടായിരം കിലോമീറ്റർ അകലെ പോയിട്ടും ജെസബെല്ലിനോടുള്ള ജോർജ് ജെറോം മരക്കാരന്റെ പക അണഞ്ഞില്ല. കോടതിയിൽ ഒറ്റനിൽപ്പിന് രണ്ടുമണിക്കൂറോളം ചോദ്യം ചെയ്യപ്പെട്ടപ്പോൾ, 'ജെസബെൽ രാജ്ഞിയുടെ ആഗ്രഹപ്രകാരം ബാലിന് അമ്പലം പണിതത് അറിഞ്ഞു ക്ഷുഭിതനായി ഇസ്രയേലിൽ വരൾച്ചയുണ്ടാവട്ടെ എന്നു ശപിച്ച ഏലീയാ പ്രവാചകനെപ്പോലെയായിരുന്നു ജോർജ് ജെറോം മരക്കാരൻ' എന്നു പറയാൻ അവൾ ആഗ്രഹിച്ചിരുന്നു.

വാസ്തവത്തിൽ ഏലീയായുടെ പക ആഹാബിനോടോ ജെസബെലിനു വേണ്ടി ആഹാബ് പ്രതിഷ്ഠിച്ച ദൈവങ്ങളോടോ ആയിരുന്നില്ല. അത് ആ ദൈവങ്ങളെ ആരാധിച്ച ജെസബെലിന്റെ ആത്മവിശ്വാസത്തോടായിരുന്നു എന്ന് അവൾ പിൽക്കാലത്തു തിരിച്ചറിഞ്ഞിരുന്നു. യഹോവയുടെ ജനങ്ങൾ വെള്ളമില്ലാതെ വലഞ്ഞ നാലുവർഷവും ഏലീയാ പ്രവാചകൻ ജെസബെൽ രാജ്ഞിയുടെ ജലസമൃദ്ധമായ രാജ്യത്തുപോയി വസിച്ചു. കോപിക്കുകയും ജനങ്ങളെ ശിക്ഷിക്കുകയും ചെയ്യുന്ന ദൈവത്തെയും ആ ദൈവത്തിന്റെ കർക്കശക്കാരനായ പ്രവാചകനെയും മനസ്സിലാകാതെ ജെസബെൽ രാജ്ഞി വേദനിച്ചു. മഴ പെയ്യാറായപ്പോൾ ഏലീയാ വീണ്ടും ജെസ്രീലിൽ എത്തി ഴ പെയ്യിക്കാൻ ബാലിന്റെ പ്രവാചകരെ വെല്ലുവിളിച്ചു. പക്ഷേ, ബാലിന്റെ പ്രവാചകർക്കു മഴ പെയ്യിക്കാൻ സാധിച്ചില്ല. അതുകൊണ്ട് ഏലീയാ അവരെ കൂട്ടമായി കൊന്നു. തന്റെ ദൈവം ശക്തനാണെന്നു തെളിയിക്കാൻ മനുഷ്യരെ കൊല്ലാൻ മടിക്കാത്ത പ്രവാചകനോടു ക്ഷമിക്കാൻ ജെസബെൽ രാജ്ഞിക്കു സാധിച്ചില്ല. ഏലീയാ പ്രവാചകനു നേരേ വിരൽ ചൂണ്ടി 'ഇരുപത്തിനാലു മണിക്കൂറിനകം അവരുടെ വിധി നിനക്കുണ്ടായില്ലെങ്കിൽ എന്റെ ദൈവങ്ങൾ എന്നെ കൊന്നോട്ടെ' എന്നു വെല്ലുവിളിച്ചു. 'നീ ഏലീയാ ആണെങ്കിൽ ഞാൻ ജെസബെലാണ്' എന്ന് വിരൽ ചൂണ്ടി പറഞ്ഞു. ഏലീയാ പ്രവാചകൻ ഭയന്നോടി മലമുകളിലെ ഗുഹയിൽ അഭയം പ്രാപിച്ചു. പക്ഷേ, അതുകൊണ്ട് ഏലീയായുടെ പക അണഞ്ഞില്ല.

ജെസബെൽ രാജ്ഞിയുടെ ശരീരം നായ്ക്കൾ കടിച്ചുകീറിത്തിന്നുന്നതു കാണാൻ മോഹിച്ച ഏലീയാ പ്രവാചകനു സഹായവുമായി എത്തിയവരെപ്പോലെ ജോർജ് ജെറോം മരക്കാരനെ സഹായിക്കാനും ആളുകളെത്തി. അവർ ജെസബെൽ നടന്നുപോകുന്ന വഴികളിലൊക്കെ മുള്ളുകളും ചില്ലുകളും കുഴിബോംബുകളും ഒളിപ്പിച്ചു. അവളാകട്ടെ, മൂഢ, എവിടെയാണു തന്റെ വാഗ്ദത്ത ഭൂമി എന്നു തേടി തന്റെ മുമ്പിൽ കണ്ട വഴികളിലൂടെ അന്തംവിട്ടു പാഞ്ഞു'.

'രാജാക്കന്മാരുടെ പുസ്തക'ത്തിലും 'വെളിപാടുപുസ്തക'ത്തിലും നിന്നിറങ്ങിവന്ന് ജെസബെൽ പൗരോഹിത്യത്തിന്റെയും പ്രവാചകത്വത്തിന്റെയും ആകാശങ്ങളിലൂടെ പാറിനടക്കുന്നു. നരകത്തീയിൽ വീണുപോയ മാലാഖയാണവൾ എന്ന് നോവൽ സാക്ഷ്യപ്പെടുത്തുന്നു. ഇലഞ്ഞിക്കലച്ചൻ, ജെസബെലിനെ ഭൂമിയിൽനിന്നുയർത്തി പ്രതിഷ്ഠിക്കുകപോലും ചെയ്യുന്നു. കാരണം, തന്നെ വെറുക്കുന്നവരെ മാത്രമല്ല, താൻ വെറുക്കുന്നവരെപ്പോലും സ്‌നേഹിക്കാൻ കഴിയുന്നുണ്ട്, ചില സന്ദർഭങ്ങളിലെങ്കിലും അവൾക്ക്.

ജെസബെൽ തൊഴിൽപരമായി ഡോക്ടറാണ് എന്നതല്ല വൈദ്യശാസ്ത്രത്തിന് ഈ നോവലിന്റെ ആഖ്യാനകലയിൽ കൈവരുന്ന പ്രാതിനിധ്യത്തിനടിസ്ഥാനം. ജറോമും അവിനാശും സന്ദീപ്‌മോഹനും നന്ദഗോപനും ഹരിതയും അഹാനയും റാണിയും ഇർഷാദുമൊക്കെ ഡോക്ടർമാർതന്നെ. കോമായിൽ കിടക്കുന്ന ജറോമും നടുവൊഴിഞ്ഞു വീഴുന്ന ജോർജും രോഗാതുരയായ അനിതയും മുതൽ സെബിൻ വരെയുള്ളവർ വേറെയുമുണ്ട്. മെഡിക്കൽ കോളേജും മറ്റുചില ആശുപത്രികളുമാണ് നോവലിലെ മുഖ്യഭാവഭൂപടവും. പക്ഷെ ഇതൊന്നുമല്ല വൈദ്യവിജ്ഞാനത്തെ നോവലിന്റെ ആഖ്യാനകലയുടെ രാഷ്ട്രീയ-സൗന്ദര്യ ഭാഗധേയമാക്കി മാറ്റുന്നത്. അത്, മിക്ക മനുഷ്യാവസ്ഥകളെയും ചോദനകളെയും അഥവാ മനുഷ്യജീവിതത്തെത്തന്നെയും വൈദ്യശാസ്ത്രദൃഷ്ടിയിലൂടെ വിവരിക്കുന്ന ഭാവബന്ധമാണ്. ശരീരവും മനസും മാത്രമല്ല, രതിയും മൃതിയും രോഗവും വേദനയും പ്രണയവും പ്രത്യുല്പാദനവും കാമവും ക്രോധവുമൊക്കെ വൈദ്യശാസ്ത്രപരമായി വ്യാഖ്യാനിച്ചുകൊണ്ടാണ് നോവൽ അവയുടെ വൈകാരികമൂല്യത്തെ മുന്നോട്ടുവയ്ക്കുന്നതും മറികടക്കുകയോ കടക്കാതിരിക്കുകയോ ചെയ്യുന്നതും. ഒരുദാഹരണം നോക്കുക:

'അയാൾ പെട്ടെന്നു കൈ നീട്ടി അവളുടെ ചിരി വിടർന്ന കവിളിലെ നുണക്കുഴിയിൽ തൊട്ടു. അവൾ പറഞ്ഞുവന്നതു മറന്ന് കോരിത്തരിച്ചു. ശരീരത്തിലെ കോശങ്ങൾ ഏഴു കാഹളങ്ങൾ മുഴക്കി. അയാൾ കട്ടിലിൽ ഇരുന്നു. അവളെ കൈപിടിച്ച് മുമ്പിലേക്കു നീക്കി നിർത്തി. അവൾ പൂത്തുലഞ്ഞു. ആ നിമിഷം സമാഗതമായിരിക്കുന്നു. ഞാൻ എന്റെ പുരുഷനോടു ചേരാൻ പോകുന്നു-അവളുടെ ഹൃദയം പ്രവചിച്ചു. എന്റെ ഭർത്താവ്. എന്റെ പുരുഷൻ. ഞങ്ങൾ സ്‌നേഹത്താൽ ജ്ഞാനസ്‌നാനപ്പെടും. മരണം വേർപെടുത്തുന്നതുവരെ ഒറ്റ ശരീരവും ആത്മാവും ആകും. അയാൾ കയ്യുയർത്തി അവളുടെ കഴുത്തിൽ സ്പർശിച്ചു. അവൾ വീണ്ടും കോരിത്തരിച്ചു. അപ്പോൾ മുന്നറിയിപ്പില്ലാതെ അയാൾ അവളുടെ തല പിടിച്ചു താഴ്‌ത്തി. അവൾ അയാളുടെ കാൽച്ചുവട്ടിലേക്കു മുട്ടുകുത്തി വീണു. അയാൾ അവളുടെ മുഖം പിടിച്ചു ബലമായി തന്റെ മടിയിലേക്ക് അമർത്തി. തന്റെ ലിംഗം അവളുടെ വായിലേക്കു തള്ളി. അവൾക്കു ശരീരത്തിൽനിന്ന് ആത്മാവു വേർപെട്ടതുപോലെ തോന്നി. അവളുടെ ശിരസ്സ് അയാളുടെ കയ്യിൽ, കഴുത്തൊടിഞ്ഞ പാവ വികൃതിക്കുട്ടിയുടെ കയ്യിലെന്നപോലെ, അനിച്ഛാപൂർവ്വകം ആടി.

'പഠിക്കാനുള്ളതല്ലാതെ ഞാനീ പന്ന പുസ്തകമൊന്നും വായിച്ചിട്ടില്ല. മേലിൽ എന്നോട് കിബ്രാൻ കുബ്രാൻ എന്നൊന്നും പറഞ്ഞേക്കരുത്.... പിന്നെ, നിന്റെ പേര് അതെനിക്ക് ഇഷ്ടപ്പെട്ടു! ജെസബെൽ എന്ന പേരിന്റെ അർത്ഥമറിയാമോ? ഹോർ, ഹോർ, ഹോർ......!'

അയാൾ കിതപ്പോടെ ചിരിച്ചു. ജെസബെലിന് ഒരു നിമിഷം ബോധം നഷ്ടപ്പെട്ടു. അപ്രതീക്ഷിതമായ ആ ആഘാതം നേരിടാൻ അവൾക്കൊരു മുന്നൊരുക്കവും ഉണ്ടായിരുന്നില്ല. മസ്തിഷ്‌കം പകുതി മരവിച്ചു. മറുപകുതി ആ നിമിഷങ്ങളെ അതിജീവിക്കാൻ പഴയ പാഠപുസ്തകങ്ങളിലേക്കു പിൻവാങ്ങി.

പുരുഷലിംഗത്തിനു പ്രധാനമായി നാലു ഭാഗങ്ങളുണ്ട്. ഡോക്ടറായ ജെസബെൽ നവവധുവായ ജെസബെലിനോടു സുവിശേഷം ചെയ്തു. ഗ്ലാൻസ്, കോർപസ്, കാവേർനോസം, കോർപസ് സ്‌പോഞ്ചിയോസം, യുറീത്ര. ഗ്ലാൻസ് എന്നാൽ ലിംഗത്തിന്റെ തലപ്പ്. അത് പിങ്ക് നിറത്തിലായിരിക്കും. മ്യൂക്കോസയാൽ പൊതിയപ്പെട്ടിരിക്കും. കോർപസ് കാവേർനോസം എന്നാൽ ലിംഗത്തിന്റെ വശങ്ങളിലുള്ള മാംസകലകളുടെ പാളികളാണ്. ഈ കലകളിൽ രക്തം ഇരച്ചു കയറുമ്പോഴാണ് ഉദ്ധാരണം സംഭവിക്കുന്നത്. കോർപസ് സ്‌പോഞ്ചിയോസം എന്നാൽ ലിംഗത്തിന്റെ മുമ്പിലൂടെ ഗ്ലാൻസ് വരെ നീളുന്ന സ്‌പോഞ്ച്‌പോലെയുള്ള കലകൾ. ഉദ്ധാരണവേളയിൽ രക്തം ഈ കലകളിലും ഇരച്ചു കയറുകയും യുറീത്ര തുറക്കുകയും ചെയ്യുന്നു. കോർപസ് സ്‌പോഞ്ചിയോസത്തിന്റെ കലകൾക്കിടയിലൂടെ പോകുന്ന നാളിയാണ് യുറീത്ര. ഇതിലൂടെയാണു മൂത്രവും ശുക്ലവും പുറത്തുവരുന്നത്.

'നിന്റെ പേരിനോടു നീതി കാണിക്കെടാ.... നീതി കാണിക്ക്..... നിന്റെ സാമർഥ്യം ഞനൊന്നു കാണട്ടെ..... യൂ ഹോർ, ഹോർ, ഹോർ.....!'

അയാൾ ഭ്രാന്തനെപ്പോലെ കിതച്ചു. ജെസബെൽ തകർന്നടിയുകയായിരുന്നു. അയാൾ അവളുടെ ശിരസ്സിലല്ലാതെ മറ്റൊരിടത്തും സ്പർശിച്ചില്ല. എങ്കിലും അവളുടെ ശരീരം കീറിമുറിഞ്ഞതുപോലെ വേദനിച്ചു. പുരുഷനിൽ ലൈംഗിക താത്പര്യം ഉണരുന്നതിനെക്കുറിച്ചു പഠിച്ചത് ഓർമ്മിക്കൂ-ഡോക്ടറായ ജെസബെൽ ഉദ്‌ഘോഷിച്ചു. തലച്ചോറിലെ ഓട്ടോണമസ് നെർവസ് സിസ്റ്റത്തിലെ പാരാ സിംപതറ്റിക് കോശങ്ങൾ അസെറ്റൈൽ കോളൈൻ ഉത്പാദിപ്പിക്കുകയും അത് എൻഡോത്തീലിയൽ കോശങ്ങളിൽ നൈട്രിക് ഓക്‌സൈഡ് ഉത്പാദിപ്പിക്കുകയും ഈ നൈട്രിക് ഓക്‌സൈഡ് കോർപസ് കാവേർനോസയുടെ ട്രാബിക്യുലാർ രക്തക്കുഴലുകൾ വലിയാൻ ഇടയാക്കുകയും തുടർന്നു കൂടുതൽ രക്തം ലിംഗത്തിലേക്ക് ഇരച്ചു കയറാൻ ഇടയാക്കുകയും താഴെയുള്ള കോശങ്ങൾ ഞെരുങ്ങി ആ രക്തം വാർന്നു പോകാതെ നിലനിർത്തുകയും അങ്ങനെ കോർപസ് കാവേർനോസം കലകൾ ദൃഢമാകുകയും....

കുറച്ച് നൈട്രിക് ഓക്‌സൈഡ്-ജെസബെൽ സ്വയം സമാശ്വസിപ്പിച്ചു.

തലച്ചോറിലെ പാരാസിംപതറ്റിക് കോശങ്ങളിൽ പ്രവർത്തനം നിലച്ചപ്പോൾ ജെറോം ജോർജ് മരക്കാരൻ എഴുന്നേറ്റു. അയാളുടെ ശരീരത്തിൽ രാസവസ്തുക്കളുടെ ഉത്പാദനം നിലച്ചിരുന്നു. ശരീരകലകളിൽ നിന്നു രക്തം തിരിച്ചൊഴുകി അവ പഴയ നിലയിലേക്കു ചുരുങ്ങിയിരുന്നു. അയാൾ ബാത്‌റൂമിൽ പോയി വന്ന് ഒരക്ഷരംപോലും മിണ്ടാതെ കിടക്കയിലേക്കു വീണു. അയാളുടെ ശരീരം മെലട്ടോണിൻ ഉത്പാദിപ്പിച്ചു. അയാൾ ഉറങ്ങി'.

ജീവിതത്തിനു സംഭവിക്കുന്ന ഭാവമാറ്റങ്ങളുടെ ഈ തലം ജെസബെലിന്റെ മനോനിലകളെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവൾക്കു കുറ്റബോധമോ പാപബോധമോ തോന്നാതെ തന്റെ കാമനകളെ തുറന്നാവിഷിക്കരിക്കാൻ കഴിയുന്നത്. 'മെഡിക്കൽ ഫിക്ഷൻ' എന്നുതന്നെ വിളിക്കാവുന്നവിധം വൈദ്യശാസ്ത്രത്തിന്റെ (ഗൈനക്കോളജിയും പീഡിയാട്രിയും സൈക്കിയാട്രിയും ഓങ്കോളജിയും മുതൽ ന്യൂറോളജി വരെ.) സൂക്ഷ്മസമവാക്യങ്ങളിൽ ജീവിതത്തെ കൊരുത്തിടാൻ കഴിയുന്നുണ്ട് നോവലിന്. മലയാളത്തിൽ തീർത്തും വിരളമാണ് ഈയൊരുശാഖ.

കോടതിയുടെയും നിയമത്തിന്റെയും വ്യവഹാരതലങ്ങളാണ് നോവലിലെ മറ്റൊരു ആഖ്യാനധാര. അവിശ്വസനീയവും അതിശയോക്തിപരവുമാണ് പലപ്പോഴും കോടതിയിലെ വാദങ്ങളുടെ പോക്ക്. പക്ഷെ കോടതി, ഈ നോവലിൽ ഒരു യഥാർഥ സ്ഥലവും സന്ദർഭവും എന്നതിനപ്പുറം നോവലിന്റെ കേന്ദ്രരാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യസ്ഥാപനവും പ്രത്യയശാസ്ത്രവുമായാണ് പ്രവർത്തിക്കുന്നത്. കുടുംബകോടതിയാണല്ലോ പശ്ചാത്തലം. വിവാഹമോചനത്തിന് കുടുംബകോടതിയെ സമീപിക്കുന്ന ഒരു സ്ത്രീക്കുമേൽ സമൂഹവും കുടുംബങ്ങളും പുരുഷപൊതുബോധവും മതവും സദാചാരനിയമങ്ങളും കഴുകൻകണ്ണുകൾകൊണ്ടു നടത്തുന്ന ചുഴിഞ്ഞുനോട്ടങ്ങളാണ് കോടതിമുറിയിലെ വാദങ്ങളും പ്രതിവാദങ്ങളും. വാക്കുകൾകൊണ്ടുള്ള വസ്ത്രാക്ഷേപമാണ് അവിടത്തെ രീതിശാസ്ത്രവും നീതിശാസ്ത്രവും. നോവലിൽ കഥയും കാലവും ഭൂതവും ഓർമയും ചുരുളഴിയുന്ന കലാരൂപകം കോടതിമുറിയിലെ വാദങ്ങളാണ്. തന്നെ ചുഴറ്റിവീഴ്‌ത്തുന്ന ഓരോ ചോദ്യത്തിലും നിന്നാണ് ജെസ് ഓർമയുടെ ചുഴിക്കുത്തുകളിൽ മുങ്ങി ജീവിതം കണ്ടെടുക്കുന്നതും കഥയായി പറയുന്നതും. എതിർഭാഗം വക്കീലും തന്റെ വക്കീലും ജഡ്ജിയും കോടതിതന്നെയും പുലർത്തുന്ന ആണധികാരവ്യവസ്ഥയ്ക്കുള്ളിലാണ് നോവൽ ദാമ്പത്യമെന്ന അധികാരഘടനയെയും കുടുംബമെന്ന ചൂഷണസ്ഥാപനത്തെയും ഭർതൃമേൽക്കോയ്മയിലൂന്നിയ ലൈംഗികതയെയും ചവിട്ടിയുറപ്പിക്കുന്ന സ്ത്രീവിരുദ്ധതയുടെ രാഷ്ട്രീയം ചൂണ്ടിക്കാണിക്കുന്നത്. പുരുഷാധീശപൗരോഹിത്യഘടനയിലൂന്നിയ മതബോധത്തിന്റെതന്നെ നീട്ടിപ്പിടിക്കലാണത്.

മലയാളത്തിൽ പുരുഷസ്വലിംഗരതിയുടെ തുറന്നെഴുത്തുകൾ തീരെയില്ല. നന്ദകുമാറും മാധവിക്കുട്ടിയും സാറാജോസഫും സംഗീതാ ശ്രീനിവാസനുമൊക്കെ സ്ത്രീയുടെ സ്വലിംഗരതിയെയാണ് പ്രശ്‌നവൽക്കരിക്കാൻ ശ്രമിച്ചത്. മീര തന്റെ നോലിൽ ആവിഷ്‌ക്കരിക്കുന്ന പുരുഷസ്വലിംഗരതിയുടെ സാമൂഹ്യമാനങ്ങൾ മലയാളസന്ദർഭത്തിൽ കിഷോർകുമാറിന്റെ ആത്മാനുഭവാവിഷ്‌ക്കാരം (രണ്ടുപുരുഷന്മാർ ചുംബിക്കുമ്പോൾ) ജയൻ ചെറിയാന്റെ സിനിമ (കാബോഡി സ്‌കേപ്‌സ്) എന്നിവ മുതൽ സുപ്രീംകോടതി സെപ്റ്റംബറിൽ നടത്തിയ വിധി (377-ാം വകുപ്പ്) വരെയുള്ള സന്ദർഭങ്ങൾ മുൻനിർത്തി വായിക്കുന്നതു കൗതുകരമായിരിക്കും.

ആണാകട്ടെ, പെണ്ണാകട്ടെ, ലിംഗമാറ്റശസ്ത്രിക്രിയയുടെ പുതിയ ലിംഗപദവി കൈവരിക്കുന്ന ആരുമാകട്ടെ, ഈ നോവൽ മുന്നോട്ടുവയ്ക്കുന്ന ലിംഗബോധത്തിന്റെ രാഷ്ട്രീയം കാലങ്ങളായി നമ്മുടെ സാമൂഹ്യാബോധങ്ങളെ കിരാതമായി കീഴടക്കിയിരുന്ന പുരുഷാധിപത്യത്തിന്റെയും സദാചാരപ്രമാണങ്ങളുടെയും കടയ്ക്കൽ വയ്ക്കുന്ന കത്തിയാണ്. ജെറോമിനെയും അവിനാശിനെയും വേർപിരിക്കാൻ ജോർജും കുടുംബവും കണ്ടെത്തിയ വഴിയാണ് ജെസിന്റെയും കുടുംബത്തിന്റെയും ജീവിതം തലകീഴ്മറിച്ചത്. സ്വാത്മബോധമുള്ള ലിംഗപദവിയും സ്വതന്ത്രമായ ലൈംഗികാനുഭവും അനുവദിക്കപ്പെടാത്ത മനുഷ്യരുടെ ജീവിതം നരകമാകുന്നതിന്റെ വ്യവസ്ഥാപിതമായ വിളിപ്പേരായി മാറുന്നു, ഇവിടെ കുടുംബവും ദാമ്പത്യവുമൊക്കെ. മൂക്കറ്റം കയ്പുനീർ കുടിക്കുംപോലുള്ള കിടപ്പറയനുഭവങ്ങൾക്കുശേഷം ജെസ് ചിന്തിക്കുന്നു:

'വീട്ടിൽ സംരക്ഷിക്കപ്പെടുകയും സ്‌കൂളിലും കോളേജിലും സുഹൃത്തുക്കൾക്ക് ഇടയിലും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ കുതികാലിൽ പരുക്കേൽപ്പിക്കാനുള്ള സമൂഹത്തിന്റെ പദ്ധതിയാണു ദാമ്പത്യമെന്ന് അവൾ തീർച്ചപ്പെടുത്തി. കിന്നരവും വീണയും തപ്പും കൈത്താളവും കാഹളവും കൊണ്ട് ആനന്ദാരവം മുഴക്കി അവൾ സ്വീകരിക്കാൻ കാത്തിരുന്ന വലിയ സ്വർണക്കിരീടവും നേരിയ ചണനൂൽകൊണ്ടുള്ള ചെമന്ന മേലങ്കിയും ധരിച്ച രാജകുമാരൻ ഒരു ആൾമാറാട്ടക്കാരൻ മാത്രമാണ് എന്നറിഞ്ഞ് അവൾ നടുങ്ങി. 'നീ വേറൊരുവളായി നടിക്കുന്നതെന്തിന്' എന്ന് അവൾ അവളോടുതന്നെ നിരന്തരം ചോദിച്ചു. അവളുടെ ആത്മാവിൽ മുൾച്ചെടികൾ വളർന്നു'.

മീര, തന്റെ കാലത്തിന്റെ ഏറ്റവും മൂർത്തവും മാനവികവുമായ സാമൂഹ്യരാഷ്ട്രീയത്തിനും ലിംഗസ്സ്തിത്വത്തിനും വേണ്ടിയാണ് യഥാർഥത്തിൽ ഈ നോവലിൽ വാദിക്കുന്നത്. ഒപ്പം ലൈംഗികാനുഭവങ്ങൾക്കുമേൽ ഏതുലിംഗത്തിൽപെട്ട വ്യക്തികൾക്കും കൈവരേണ്ട സ്വയംനിർണയശേഷിയെക്കുറിച്ചുള്ള തിരിച്ചറിവും. ഒരു സന്ദർഭം നോക്കുക:

' 'ഞാൻ കാത്തിരിക്കാം. വിവാഹം എന്നത് ഉടനെ വേണമെന്നല്ല ഞാൻ പറഞ്ഞത്. ജെസബെലിന്റെ ഫെലോഷിപ്പ് കഴിയട്ടെ. നമുക്ക് പരസ്പരം മനസ്സിലായതിനുശേഷം-എന്റെ കൂടെ ജീവിക്കാൻ ജെസബെലിന് ഉറപ്പു തോന്നിയതിനു ശേഷം....'.

ജെസബെലിന് അയാളോടു കൂടുതൽ അനുകമ്പ തോന്നി.

'നിങ്ങളോട് എനിക്ക് ദേഷ്യമൊന്നുമില്ല, കബീർ. എനിക്കിപ്പോൾ നിങ്ങളോട് ഇഷ്ടം മാത്രമേയുള്ളൂ. പക്ഷേ, ഇതുവരെയുള്ള ജീവിതത്തിൽനിന്ന് ഒരു പാഠം ഞാൻ പഠിച്ചു. ഒരു തീരുമാനം എടുത്തു- ഒരുപാടു പുരുഷന്മാരുടെ കൂടെക്കഴിഞ്ഞിട്ടേ ഞാനിനി സ്ഥിരമായി ഒരു പുരുഷനെ സ്വീകരിക്കുന്നുള്ളൂ. ഈ നശിച്ച ചാരിത്ര്യം കാരണം, നിങ്ങൾക്കു മാത്രമല്ല, എനിക്കും സ്വസ്ഥത ഉണ്ടായില്ലെങ്കിലോ?'

കബീറിന്റെ മുഖം ചുവന്നു. നിരസിക്കപ്പെടുമ്പോൾ പുരുഷന് തോന്നാവുന്ന അസ്വസ്ഥത അയാളെയും അലട്ടുന്നുണ്ട് എന്ന് അവൾക്കു തോന്നി'.

അഞ്ചാമത്തെതലം ജനപ്രിയനോവലിന്റെ ഭാവുകത്വപരിസരങ്ങൾ പുനഃസൃഷ്ടിക്കുന്നതിൽ മീര പുലർത്തുന്ന രസതന്ത്രങ്ങളാണ്. 'വനിത' ദ്വൈവാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിക്കാനുള്ള കൃതി എന്ന നിലയിൽ ജനപ്രിയനോവലെഴുത്തിന്റെ കലാത്മക പ്രൊഫഷണലിസം അടിമുടി പാലിക്കാൻ മീര പ്രകടിപ്പിക്കുന്ന മിടുക്കാണ് ഈ തലം. സ്ത്രീയനുഭവങ്ങൾക്കു കൈവരുത്തുന്ന ദൈനംദിനത്വത്തിന്റെ പുതുമ, പ്രണയമുൾപ്പെടെയുള്ള വൈകാരികാനുഭൂതികളുടെ സംഘർഷാത്മകത, സമകാലിക സംഭവങ്ങളിൽ സ്ത്രീ(പത്ര)വായനക്കാർക്കും (ടിവി) പ്രേക്ഷകർക്കും പ്രിയങ്കരമായ സെൻസേഷണൽ സംഭവങ്ങളുടെ നാടകീയത, ലൈംഗികതയുടെ നാനാതലങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്‌ത്രൈണഭാവങ്ങളുടെ പടർച്ച, കുടുംബം, വിവാഹം, ദാമ്പത്യം, സദാചാരം, അവിഹിതഗർഭം, വിവാഹേതര ബന്ധം, ഗാർഹികപീഡനം, ശിശുപീഡനം, 'കൂട്ട' ആത്മഹത്യ, ലൈംഗിക'വൈകൃതം', കന്യാചർമ-ലിംഗമാറ്റ ശസ്ത്രക്രിയകൾ...... എന്നിങ്ങനെയുള്ള വിഷയങ്ങളുടെ ധാരാളിത്തം-ജനപ്രിയനോവലിന്റെ മലയാളസമവാക്യങ്ങൾ ഒട്ടേറെയുണ്ട്, നോവലിൽ. 'സ്വന്തം അമ്മയുടെ നഗ്നത, കുളിമുറിയിൽ ഒളിച്ചുവച്ച മൊബൈൽഫോണിൽ ചിത്രീകരിക്കുന്ന കൗമാരക്കാരനെ'ക്കുറിച്ചുള്ള വാർത്തയുടെ ആവിഷ്‌ക്കാരംപോലുള്ളവ വേറിട്ടുനിൽക്കുന്നു. ഏറ്റവും ശ്രദ്ധേയം, നോവലിന്റെ കേന്ദ്രപ്രമേയമായി മാറുന്ന വാർത്താധിഷ്ഠിതജീവിതപ്രശ്‌നം തന്നെയാണ്- 'കാമുകനുമൊത്ത് ജീവിക്കാൻ വേണ്ടി ഭർത്താവിനെ കൊല്ലാൻ 'ക്വട്ടേഷൻ' കൊടുത്ത സ്ത്രീ'.

നിശ്ചയമായും മാധവിക്കുട്ടിക്കും സാറാജോസഫിനും ശേഷം മലയാളത്തിൽ സ്ത്രീയുടെ അകംലോകങ്ങൾ ഇത്രമേൽ തുറന്നാവിഷ്‌ക്കരിച്ച മറ്റൊരെഴുത്തുകാരിയില്ല. നോവലിന്റെ കലയിൽ പിന്തുടരുന്ന കാവ്യാത്മക റിയലിസത്തിന്റെയും സ്ത്രീപക്ഷ സൗന്ദര്യ-രാഷ്ട്രീയത്തിന്റെയും പുരുഷാധീശമൂല്യവ്യവസ്ഥകൾക്കു നേരെയുള്ള നിശിതമായ കടന്നാക്രമണങ്ങളുടെയും തലങ്ങളിൽ മീരയ്ക്കുള്ള കാഴ്ചപ്പാടുകളും നിലപാടുകളും മലയാളഭാവനയിൽ സൃഷ്ടിക്കുന്ന ലാവണ്യവിസ്മയം ഒന്നു വേറെതന്നെയാണ്. 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ'യാകട്ടെ, ഒരുപടികൂടികടന്ന്, മലയാളനോവലിന്റെ ലിംഗരാഷ്ട്രീയഭൂപടത്തിൽ സ്വന്തവും സ്വതന്ത്രവുമായ ഒരു ഭാവരാഷ്ട്രം വരച്ചുചേർക്കുകയും ചെയ്യുന്നു. കാമനകളുടെ സ്വതന്ത്രറിപ്പബ്ലിക്.

നോവലിൽ നിന്ന്:-

'അതൊരു ഞായറാഴ്ചയായിരുന്നു. ജെസബെലിനു ക്ലാസ് ഇല്ലാത്ത ദിവസമായിരുന്നു. രാവിലെമുതൽ വിഴുപ്പലക്കിയും ജെറോം ഓർഡർ ചെയ്ത വിഭവങ്ങൾ പാകംചെയ്തും പാത്രങ്ങൾ കഴുകിയും തറതുടച്ചും തളർന്ന ദിവസം.

ജെറോം ഉച്ചയുറക്കത്തിൽ ആഴ്ന്നപ്പോൾ കുളി കഴിഞ്ഞ് ഒരു ചായയുമായി അവൾ സോഫയിൽ ചടഞ്ഞു. അഹാനയുടെ കയ്യിൽനിന്നും കടം വാങ്ങിയ 'എ ഹിസ്റ്ററി ഓഫ് ഗോഡ്' എന്ന പുസ്തകം കയ്യിൽ ഉണ്ടായിരുന്നു. വളരെ ദിവസങ്ങൾക്കുശേഷം ഒരു പുസ്തകം മറിക്കാൻ സമയം കിട്ടിയതിന്റെ ആഹ്ലാദത്തിൽ മുഴുകിയിരിക്കെ, ജെറോം വിളിച്ചു. അവൾ കേട്ടില്ല. അതുകൊണ്ട് അയാൾ എഴുന്നേറ്റു വന്നു. പുസ്തകത്തിൽ മുഴുകിയ അവളുടെ ഇരിപ്പ് അയാളെ ചൊടിപ്പിച്ചു. 'ഏതു പരീക്ഷയ്ക്കാ എപ്പഴും ഒരു പഠിത്തം' എന്നു ചോദിച്ച് അയാൾ പുസ്തകം നിന്ദയോടെ വലിച്ചെടുത്ത് അതിന്റെ ശീർഷകം വായിച്ചു.

'വേസ്റ്റ്!' എന്നു മുറുമുറുത്തുകൊണ്ട് അയാൾ പുസ്തകം അവജ്ഞയോടെ താഴേക്കിട്ടു. അതു മൂക്കും കുത്തി തറയിൽ വീണു. അവളുടെ മുഖം ചുവന്നു. അവളുടെ മുഖത്തേക്കു പാളി നോക്കിയതും ജെറോമിനു വീണ്ടുവിചാരമുണ്ടായി. വിഷയം മാറ്റാൻ 'എനിക്കും ഒരു ചായ താ' എന്ന് അയാൾ ഉത്തരവിട്ടു. അവൾ അനങ്ങിയില്ല. അയാളെ തുറിച്ചു നോക്കി ഇരുന്നു. 'പറഞ്ഞതു കേട്ടില്ലേ, ചായയെടുക്ക്' എന്നു ജെറോം വീണ്ടും കല്പിച്ചു. 'ഫ്‌ളാസ്‌കിലുണ്ട്' എന്ന് അവൾ പരുഷമായി പ്രതിവചിച്ചു. 'എടുത്തുതന്നാലെന്താ' എന്ന് അയാൾ ചോദ്യം ചെയ്തു. 'ജെറോമിനെന്താ കൈയ്ക്കു സ്വാധീനമില്ലേ? എടുത്തു കുടിക്ക്' എന്ന് അവളും മറുതലിച്ചു. അയാളുടെ മുഖം ചുവന്നു. പക്ഷേ അവളുടെ മുഖവും ചുവന്നതായി അയാൾ കണ്ടു. അതുകൊണ്ട്, പെട്ടെന്ന് അയാൾ ശബ്ദം മയപ്പെടുത്തി.

'ഒന്നെടുത്തുതാ, ജെസബെൽ! എന്തിനാ വെറുതെ എന്നോടു ദേഷ്യപ്പെടുന്നത്?'

ജെസബെൽ പുകയുന്ന മുഖത്തോടെ എഴുന്നേറ്റുപോയി ചായ പകർന്നു. സോഫയിൽ ഇരുന്നു ടിവി ഓൺ ചെയ്യുകയായിരുന്ന ജെറോമിനു നീട്ടി.

'ജെറോം, മേലിൽ ഇങ്ങനെ ചെയ്യരുത്....' ശബ്ദം ശാന്തമാക്കാൻ അവൾ കഴിയുന്നത്ര ശ്രമിച്ചു.

ജെറോം മനസ്സിലാകാത്ത ഭാവം അഭിനയിച്ചു. 'അതിനു ഞാനെന്തു ചെയ്തു' എന്ന് അമ്പരന്നു.

'ഞാൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം വലിച്ചെടുത്ത് നിലത്തെറിഞ്ഞില്ലേ?'

'ഓ, അതോ?'

അയാൾ പെട്ടെന്ന് ടിവിയുടെ ചാനൽ മാറ്റുന്നതിൽ ശ്രദ്ധാലുവായി. അതിനിടയിൽ അയാളുടെ മുഖത്ത് ആത്മവിശ്വാസമില്ലാത്ത മനുഷ്യരുടെ മഞ്ഞച്ച ചിരി തെളിഞ്ഞു. ഇതൊക്കെ വായിച്ചാൽ നിനക്കു ബോറടിക്കില്ലേ? എന്ന് അയാൾ അതു തമാശയാക്കി. അവൾ നടന്നു ചെന്നു പുസ്തകം എടുത്തു പൊടി തട്ടി നെഞ്ചോടു ചേർത്ത് അയാളെ നോക്കി. അവളുടെ കണ്ണുകൾ കത്തി.

'പുസ്തകമെടുത്തെറിയാൻ സാധിക്കുന്ന ഒരാൾ ആണെന്നറിഞ്ഞിരുന്നെങ്കിൽ ഞാനൊരിക്കലും നിങ്ങളെ വിവാഹം കഴിക്കുമായിരുന്നില്ല, ജെറോം'.

ജെറോമിന്റെ മുഖത്ത് അനിഷ്ടം നിറഞ്ഞെങ്കിലും അയാൾ പെട്ടെന്നു ചിരി അഭിനയിച്ചു.

'ഹ! ഞാനൊരു തമാശയ്ക്ക്...! അപ്പോഴേക്കു നീയതിനെ അങ്ങു സീരിയസാക്കി'.

'ഒരാൾ പറയുകയും ചെയ്യുകയും ചെയ്യുന്ന തമാശകളിൽനിന്ന് അയാളുടെ തനി സ്വഭാവമറിയാം'.

അവൾ നേരിട്ടുള്ള യുദ്ധത്തിനു തയ്യാറാകുന്നു എന്നു മനസ്സിലായപ്പോൾ അയാൾ വക്രിപ്പിച്ച ചുണ്ടുകളോടെ ചായയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് താൻ ദുർബലനാകുന്നു എന്നതിൽ ലജ്ജ തോന്നിയതുകൊണ്ട് ഒന്നു മുറുമുറുത്തു.

'ങ്ഹാ, ഡാഡി പറഞ്ഞതു ശരിയാ.. നിന്റെ പേരിന്റെ തനിഗുണമാ ഭർത്താവിനെ വകവയ്ക്കാത്ത സ്വഭാവം'.

'ആയിരിക്കും.... ഞാൻ നിങ്ങളെ ക്ഷണിച്ചില്ലല്ലോ, എന്നെ വന്നു കെട്ടിയെടുക്കണേ എന്ന്!'.

അവൾ പൊട്ടിത്തെറിച്ചു. ജെറോം ഞെട്ടിത്തരിച്ചു. അയാൾ ചായക്കപ്പ് ടീപ്പോയ്‌മേൽ വച്ച് ചാടിയെഴുന്നേറ്റു. പല്ലു ഞെരിച്ച് അവളുടെ നേരേ കൈ ചൂണ്ടി.

'ഛീ! നിർത്തെടീ! ഇല്ലെങ്കിൽ എന്റെ തനിഗുണം നീ കാണും... ഞങ്ങളുടെ വീട്ടിലെ പെണ്ണുങ്ങൾ ഭർത്താക്കന്മാരോട് ഇങ്ങനെ ഒറ്റയ്ക്കു പറഞ്ഞാലുണ്ടല്ലോ-അടിച്ചു പല്ലു താഴെയിടും...!'.

'ധൈര്യമുണ്ടെങ്കിൽ അടിച്ചു നോക്ക്. അപ്പോൾ കാണാം!'.

ജെസബെൽ ജ്വലിച്ചു. ജെറോമിന്റെ മുഖം വിവർണമായി. അയാൾ കയ്യോങ്ങി. അവൾ പുച്ഛത്തോടെ ചിരിച്ചു.

'ആണാണെന്നു കാണിക്കാൻ ഭാര്യയെ അടിക്കുകയല്ല വേണ്ടത്. കൂടെക്കിടന്നു കാണിക്ക്....!'

ജെറോമിന്റെ മുഖം അപമാനം കൊണ്ടു കരുവാളിച്ചു.

'ഞാൻ നല്ല ആണാണെടീ! അതുകൊണ്ട്, എനിക്കു നീ പോരാ. നിന്റെ കൂടെക്കിടക്കുന്നതിനേക്കാൾ എനിക്കിഷ്ടം വഴിയിൽ കാണുന്ന കൊടിച്ചിപ്പട്ടിയുടെ കൂടെ കിടക്കുന്നതാ. എനിക്ക് നിന്റെ ശരീരം കാണുന്നതോ അറപ്പാ!'

ജെസബെൽ തരിച്ചുപോയി. ഒരു യന്ത്രമനുഷ്യൻ തന്റെ മുടിക്കെട്ടിൽ തൂക്കി ഒരു നെരിപ്പോടിലേക്ക് വലിച്ചെറിഞ്ഞാൽ എന്നതുപോലെ, അവൾ പൊള്ളിപ്പിടഞ്ഞു. അവൾ പൊട്ടിക്കരയാൻ ആഗ്രഹിച്ചു. അതേസമയം, കരയുന്നതിൽ ലജ്ജിച്ചു. അയാൾ അവൾക്കു നേരേ വീണ്ടും കൈ ഉയർത്തിയെങ്കിലും വേദനിപ്പിക്കാൻ കൂടുതൽ നല്ല മാർഗ്ഗം മറ്റൊന്നാണ് എന്ന മട്ടിൽ അവളുടെ കൈയിൽനിന്നു പുസ്തകം പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. ജെസബെലിന്റെ നിയന്ത്രണം വിട്ടു. അവൾ കിതച്ചു. ദ്രവിച്ചു. കണ്ണുനീർ അവളെ അപമാനിച്ച് അണപൊട്ടിയപ്പോൾ അവൾ വസ്ത്രം മാറി ബാഗെടുത്ത് സ്‌കൂട്ടറിന്റെ കീയുമായി പുറത്തേക്കു പാഞ്ഞു, മുറ്റത്തു വീണു കിടന്ന പുസ്തകം എടുത്തു ബാഗിലിട്ടു. സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്ത ശബ്ദം കേട്ട് ജെറോം വാതിൽക്കൽ എത്തുന്നതു മിററിലൂടെ കണ്ടു. തിരിഞ്ഞു നോക്കാതെ പാഞ്ഞു. ജങ്ഷനിലെ തിരക്കിൽ ഒന്നു രണ്ടു തവണ അവളുടെ വണ്ടി മറ്റു വണ്ടികളുമായി കൂട്ടിയിടിക്കാൻ ആഞ്ഞു. ആളുകൾ തുറിച്ചുനോക്കി. ശകാരിച്ചു'.

സുര്യനെ അണിഞ്ഞ ഒരു സ്ത്രീ
കെ. ആർ. മീര
ഡി. സി. ബുക്‌സ്
വില: 380 രൂപ