'We are all migrants. And we are all mixed' - Tony Joseph

'About 14 Billion years ago, Matter, energy, time and space came into being in what is known as the Big Bang. The story of these fundamental features of our universe is called physics.

About 300,000 years after their appearance, matter and energy started to coalesce into complex structures, called atoms, which then combined into molecules. The story of atoms, molecules and their interactions is called chemistry.

About 4 billion years ago, on a planet called Earth, certain molecules combined to form particularly large and intricate structures called organisms. The story of organisms is called biology.

About 70,000 years ago, organisms belonging to the species Homosapiens started to form even more elaborate structures called cultures. The subsequent development of these human cultures is called history'. - Yuval Noah Harari

ചരിത്രത്തിന്റെ ഒരേടാണ് 'ആദിമ ഇന്ത്യക്കാർ' (Early Indians). ആഫ്രിക്കയിൽനിന്ന് 65000-70000 വർഷം മുൻപ് ചെറുസംഘങ്ങളായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു പലായനം ചെയ്ത ആധുനികമനുഷ്യർ (ഹോമോസാപിയൻസ്) ദക്ഷിണേഷ്യയിലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തി മാനവചരിത്രത്തിലെതന്നെ ഏറ്റവും വലിയ ചില സംസ്‌കൃതികൾക്കു രൂപം നൽകിയതിന്റെ കഥ. പുരാവസ്തുവിജ്ഞാനം (ആർക്കിയോളജി), നരവംശശാസ്ത്രം (ആന്ത്രോപ്പോളജി), ഭാഷാശാസ്ത്രം (ലിങ്വിസ്റ്റിക്‌സ്) എന്നീ ശാസ്ത്രവിജ്ഞാനശാഖകൾക്കു കീഴിൽ കഴിഞ്ഞ നൂറ്റാണ്ടിലുടനീളം നടന്ന ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ ഭൂതകാലചരിത്രങ്ങളെ പലനിലകളിൽ അട്ടിമറിക്കുകയോ കൂടുതൽ സ്ഥിരപ്പെടുത്തുകയോ ചെയ്യുന്ന ഫലങ്ങളാണ് ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്ത് ജനിതകപഠനം (ജെനറ്റിക്‌സ്-ഡി.എൻ.എ. റിസർച്ച്) പുറത്തുകൊണ്ടുവന്നിട്ടുള്ളത്. ഈ പുതിയ പഠനപദ്ധതി നൽകിയ തിരിച്ചറിവുകളും കണ്ടെത്തിയ തെളിവുകളും മുന്നോട്ടുവച്ച നിഗമനങ്ങളും കൂട്ടിയിണക്കി ലോകമെങ്ങും പുനഃസൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യ-ജീവിത-ചരിത്രത്തിന്റെ ഇന്ത്യൻ ഇതിഹാസമാണ് ടോണി ജോസഫ് സംഗ്രഹിച്ചവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ഡി.എൻ.എ. കണ്ടെത്തൽ എന്നുതന്നെ പറയാം, ഈ ശാസ്ത്രീയ ചരിത്രരചനാസംരംഭത്തിനു പിന്നിലെ താല്പര്യത്തെ. ജനസംഖ്യാഘടനയിൽ വൻപരിവർത്തനങ്ങൾ സൃഷ്ടിച്ച നാല് കുടിയേറ്റങ്ങളും തുടർന്നുണ്ടായ നിരവധിയായ ചെറുകുടിയേറ്റങ്ങളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രൂപം കൊടുത്ത സംസ്‌കാരത്തിന്റെ അടരുകളെ ഒരു പിസ(pizza)യോടുപമിച്ചുകൊണ്ട് ടോണി നടത്തുന്ന കൗതുകകരമായ നിരീക്ഷണമുണ്ട് ഈ പുസ്തകത്തിലൊരിടത്ത്.

'ഇന്നത്തെ ഇന്ത്യയിലെ ജനസമൂഹത്തിന്റെ ഘടന മനസ്സിലാക്കുന്നതിന് ഒരു എളുപ്പവഴി അതിനെ ആദ്യത്തെ ഇന്ത്യക്കാർ എന്ന ബേസ് ഉള്ള ഒരു പിസ്സയായി സങ്കല്പിക്കുകയാണ്. പിസ്സയുടെ മേൽപ്പാളിയുടെ ചില ഭാഗങ്ങൾ കട്ടികുറഞ്ഞതാവാം, ചില ഭാഗങ്ങൾ കട്ടികൂടിയതാവാം. പക്ഷേ എല്ലാ പാളികൾക്കും ബേസ് കൂടിയേതീരൂ-ബേസ് ഇല്ലാതെ പിസ്സയില്ല. പിന്നെ വരുന്നത് പിസ്സയിൽ എല്ലാഭാഗത്തും പുരണ്ടിരിക്കുന്ന സോസ് ആണ്. പിന്നെ ചീസ്, അതിനുമുകളിൽ ടോപ്പിങ്‌സ്-അത് പിന്നീട് പല കാലങ്ങളിലായി ഉപഭൂഖണ്ഡത്തിലേക്ക് വന്നുകയറിവരാണ്. പിസ്സ കഷ്ണങ്ങളാക്കുമ്പോൾ ചീസും ടോപ്പിങ്‌സും എല്ലാ കഷ്ണത്തിലും ഒരുപോലെ കിട്ടിയെന്നുവരില്ല. ചില കഷ്ണങ്ങളിൽ തക്കാളിനുറുങ്ങുകൾ കൂടുതൽ കിട്ടും, ചിലതിൽ കാപ്‌സിക്കം ആവും കൂടുതൽ, മറ്റുചിലതിൽ ധാരാളം കൂൺ ഉണ്ടായിരിക്കും. ഈ ഇന്ത്യൻ പിസ്സയിൽ നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന സോസും ചീസും ഒന്നും സവിശേഷമായതല്ല; ലോകത്തിന്റെ മറ്റുഭാഗങ്ങളിലും ഇതെല്ലാമുണ്ട്-ചിലത് പശ്ചിമേഷ്യയിൽ, ചിലത് തെക്കുകിഴക്കൻ ഏഷ്യയിൽ, ചിലത് യൂറോപ്പിലും മദ്ധ്യേഷ്യയിലും. എന്നാൽ പിസ്സയുടെ ബേസ് ഇന്ത്യയിൽ മാത്രമുള്ളതാണ്-ലോകത്തു മറ്റൊരിടത്തും നിങ്ങൾക്ക് അതുപോലൊന്ന് കണ്ടെത്താനാവില്ല. ഇത്രയും വൈവിദ്ധ്യമുള്ള ഒരു പിസ്സ ആഫ്രിക്കയിലൊഴിച്ച് മറ്റൊരിടത്തും ലഭിക്കുകയുമില്ല'.

ആദിമ ഇന്ത്യക്കാർ എന്ന ഈ ജനപ്രിയ ചരിത്രഗ്രന്ഥം നമ്മുടെ ചരിത്രവിജ്ഞാനീയത്തിന് നൽകുന്ന സംഭാവനകൾ ഇങ്ങനെ ക്രോഡീകരിക്കാം.

1. ചരിത്രവിജ്ഞാനീയത്തിൽ ജനിതകഗവേഷണം സൃഷ്ടിച്ച മാറ്റങ്ങൾ സാധ്യമാം വിധം ലളിതമായും ചുരുക്കിയും വിവരിക്കുന്നു.

2. ആധുനിക മനുഷ്യന്റെ ഉല്പത്തിചരിത്രത്തിൽ വഴിത്തിരിവായി മാറിയ ഡി.എൻ.എ. ഗവേഷണങ്ങൾ സംഗ്രഹിച്ചു പറയുന്നു.

3. ഇന്ത്യയിലേക്കുണ്ടായ നാല് കുടിയേറ്റങ്ങളും അവ സൃഷ്ടിച്ച ജനിതകഘടനാപ്രഭാവങ്ങളും സൂക്ഷ്മായി വിവരിക്കുന്നു.

4. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ വിവാദത്തിന്റെ (ആര്യാധിനിവേശം) സയുക്തികവും വിമർശനാത്മകവുമായ വ്യാഖ്യാനം മുന്നോട്ടുവയ്ക്കുന്നു.

5. വംശം, ജാതി, വർണം തുടങ്ങിയ സങ്കല്പനങ്ങളുടെ പുനർവ്യാഖ്യാനത്തിലൂടെ, സാമൂഹ്യനരവംശശാസ്ത്രം അവതരിപ്പിച്ച ആധുനികചരിത്രവിജ്ഞാനീയത്തെ അടിമുടി പൊളിച്ചെഴുതാൻ ജനിതകവിജ്ഞാനത്തിനു കഴിയും എന്ന് തെളിയിക്കുന്നു. അതനുസരിച്ച് ഇന്ത്യൻ ജാതിവ്യവസ്ഥയുടെ രൂപീകരണചരിത്രം ചുരുക്കിയെഴുതുന്നു.

6. ആഫ്രിക്ക കഴിഞ്ഞാൽ ദക്ഷിണേഷ്യയാണ് ആധുനിക മനുഷ്യരുടെ ഏറ്റവും പ്രാചീനവും സമ്പന്നവുമായ ആവാസകേന്ദ്രം എന്ന നിരീക്ഷണം ചരിത്രാത്മകമായി സമർഥിക്കുന്നു.

പുസ്തകത്തിലേക്കു വരാം. നാലധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഇന്ത്യയിലേക്കു നടന്ന നാലു കുടിയേറ്റങ്ങളുടെ കഥയും അവ സൃഷ്ടിച്ച സാംസ്‌കാരികപ്രഭാവങ്ങളും. അതിനു തെളിവായി കിട്ടിയ കാര്യങ്ങളുടെ ജനിതകഗവേഷണഫലങ്ങളും ക്രോഡികരിക്കുക എന്നതാണ് ഈയധ്യായങ്ങളുടെ ധർമ്മം.

ഒന്നാമധ്യായത്തിൽ രണ്ടു കാര്യങ്ങളാണ് പറയുന്നത്. ഒന്ന്, ജനിതകഗവേഷണം ചരിത്രവിജ്ഞാനീയത്തിൽ സൃഷ്ടിച്ച വിപ്ലവകരമായ ഇടപെടലുകളും മാറ്റങ്ങളും. രണ്ട്, ഇന്ത്യയിലേക്ക് ആഫ്രിക്കയിൽനിന്ന് 65000 വർഷം മുൻപുണ്ടായ ആദ്യകുടിയേറ്റത്തിന്റെ കഥ.

മനുഷ്യർ തമ്മിലുള്ള അടുപ്പം, അകലം, സമാനത എന്നിവ മാത്രമല്ല പാരമ്പര്യം, പരിണാമം തുടങ്ങിയവയും മനസ്സിലാക്കാൻ ഡി.എൻ.എ. ഘടനയുടെ അപഗ്രഥനം സഹായിക്കുന്നതെങ്ങനെ എന്നു വിശദീകരിക്കുകയും ജനസംഖ്യാജനിതക(population genetics)-ശാസ്ത്രത്തിലെ മ്യൂട്ടേഷൻ തിയറിയും ജെനോം സീക്വൻസിങ് പ്രതിഭാസവും മറ്റും കുടിയേറ്റങ്ങളുടെ ചരിത്രം പുനർനിർണയിക്കുന്നതെങ്ങനെ എന്നു സമർഥിക്കുകയും ചെയ്യുന്നു, ടോണി. ഈ ജനിതകരീതിശാസ്ത്രം മുൻനിർത്തി ചരിത്രവിജ്ഞാനം കണ്ടെത്തിയ ഏറ്റവും പ്രധാന വസ്തുതയാണ് ഭൂമിയിൽ എല്ലായിടത്തുമുള്ള ആധുനിക മനുഷ്യർ (Homo Sapiens) ഏതാണ്ട് 70000 വർഷം മുൻപ് ആഫ്രിക്കയിൽനിന്നു പുറപ്പെട്ട പല സംഘങ്ങളുടെ പിൻഗാമികളാണെന്നത്. ഈ വാദത്തിന്റെ ജനിതകാഖ്യാനമാണ് ഈയധ്യായത്തിന്റെ കാതൽ (പുറം 21-41). ഒന്നരനൂറ്റാണ്ടു മുൻപേ ചാൾസ് ഡാർവിൻ ആഫ്രിക്കയിലാണ് മനുഷ്യന്റെ ഉല്പത്തി എന്ന് സിദ്ധാന്തിച്ചിരുന്നു. ഹോമോ ഇറക്ടസ്, ഹോമോ ഹെയ്‌ഡെൽബെർഗെൻസിസ്, ഹോമോനിയാണ്ടർതലൻസിസ് തുടങ്ങിയ മനുഷ്യവർഗങ്ങൾക്കുശേഷമാണ് ഹോമോ സാപിയൻസിന്റെ ആവിർഭാവം. മൂന്നുലക്ഷംവർഷംമുൻപ്. 65000-70000 വർഷം മുൻപ് ഈ ആധുനികമനുഷ്യർ തങ്ങളുടെ ആഫ്രിക്കക്കു വെളിയിലേക്കുള്ള (OOA) കുടിയേറ്റങ്ങൾ ആരംഭിക്കുകയും ചെയ്തു. കാലാവസ്ഥയാണ് ഈ കുടിയേറ്റങ്ങളെ നിർണയിച്ച മുഖ്യ ഘടകം.

ഇന്ത്യയിലേക്ക് ഈ 'OOA' കുടിയേറ്റം നടന്നതിന്റെ കഥയാണ് ഒന്നാമധ്യായത്തിലെ രണ്ടാം ഭാഗം. വടക്കൻ ഇസ്രയേലിൽനിന്നു കണ്ടെത്തിയ മനുഷ്യാവശിഷ്ടത്തിന് 1,80,000 വർഷവും ലിവാന്റിൽ നിന്നു കണ്ടെത്തിയ മനുഷ്യാവശിഷ്ടത്തിന് 88,000 വർഷവും പഴക്കമുണ്ട്. എന്നിട്ടും 65000 വർഷം മുൻപ് കുടിയേറിയവരുടെ പിൻഗാമികളാണ് ഇന്നുള്ള മനുഷ്യർ എന്തുകൊണ്ട്? ഒന്നുകിൽ കാലാവസ്ഥ, അല്ലെങ്കിൽ നിയാണ്ടർതാലുകൾ അവർക്കു സൃഷ്ടിച്ച പ്രതിബന്ധം. വടക്കും തെക്കുമുള്ള നാലു മാർഗങ്ങളിലൂടെയാവാം ആഫ്രിക്കയിൽനിന്ന് ഏഷ്യയിലേക്ക് മനുഷ്യർ സഞ്ചരിച്ചെത്തിയിട്ടുണ്ടാവുക. ഏഷ്യയിലും ആസ്‌ത്രേലിയയിലും നിന്നുള്ള നിരവധി പുരാവസ്തുതെളിവുകളുപയോഗിച്ച് ഈ കുടിയേറ്റചരിത്രത്തിന്റെ പശ്ചാത്തലം ടോണി അപഗ്രഥിക്കുന്നു. ഒപ്പം, പിന്നീട് യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്കു നടന്ന കുടിയേറ്റങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രം, കാലാവസ്ഥ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവയുടെ സൂചനകൾ അവതരിപ്പിച്ച് ഈ കുടിയേറ്റങ്ങളെ നിയന്ത്രിച്ചിരുന്ന പ്രകൃതിപ്രതിഭാസങ്ങളും അപഗ്രഥിക്കുന്നുണ്ട് ടോണി, നോക്കുക:

'ഇന്ത്യയിലേക്ക് ആദ്യം കുടിയേറിയ ആധുനികമനുഷ്യരുടെ കാലഘട്ടം ഏകദേശം 65,000 വർഷങ്ങൾക്കു മുൻപാണ് (നാം നേരത്തെ ചർച്ചചെയ്തതുപോലെ ആസ്‌ട്രേലിയയിൽനിന്നും തെക്കുകിഴക്കൻ ഏഷ്യയിൽനിന്നും ലഭിച്ചിട്ടുള്ള ഫോസിലുകളുടെ അടിസ്ഥാനത്തിൽ അവർ ആഫ്രിക്ക വിട്ടത് ഏകദേശം 70,000 വർഷങ്ങൾക്കു മുൻപാണെന്ന് തെളിഞ്ഞതിനാൽ) എന്നു നമ്മൾ കണക്കാക്കിയ സ്ഥിതിക്ക്, ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ മനുഷ്യവാസമുണ്ടായത് എങ്ങനെയാണെന്നതിനെക്കുറിച്ച് ബാക്കിയായ ചില ചോദ്യങ്ങളിലേക്ക് കഥ തുടരും മുൻപ് നമുക്കൊന്നു കടക്കാം. നമ്മൾ ഇതുവരെ സംസാരിച്ചത് ആഫ്രിക്കൻബഹിർഗമനക്കാർ അറേബ്യൻ ഉപദ്വീപിലൂടെ ദക്ഷിണേഷ്യയിലേക്കു നീങ്ങുകയും അവിടെനിന്ന് കിഴക്കൻ ഏഷ്യയിലേക്കും ആസ്‌ട്രേലിയയിലേക്കും കടക്കുകയും ചെയ്തതിനെക്കുറിച്ചാണല്ലോ. അപ്പോൾ യൂറോപ്പിന്റെയും മദ്ധ്യേഷ്യയുടെയും കാര്യമോ? ആ പ്രദേശങ്ങളിൽ എന്നാണ് മനുഷ്യവാസം ആരംഭിച്ചത്? യൂറോപ്പിലെ മനുഷ്യവാസത്തിന്റെ ഏറ്റവും പഴയ തെളിവിന് ഏകദേശം 45,000 വർഷമാണ് പ്രായം (ഇതിലെ വിരോധാഭാസം ശ്രദ്ധിക്കാതെ പോകരുത്: 65,000 വർഷങ്ങൾക്കു മുൻപ് ആദ്യ കുടിയേറ്റക്കാർ, അതായത് ആദിവാസികൾ ആസ്‌ട്രേലിയയിൽ എത്തുമ്പോൾ യൂറോപ്യർ ഉണ്ടായിട്ടുകൂടിയില്ല).

യൂറോപ്പിൽ മനുഷ്യവാസം ഉണ്ടാകുവാനുണ്ടായ ഈ കാലതാമസം-ആഫ്രിക്കൻ ബഹിർഗമനത്തിനും ആധുനികമനുഷ്യന്റെ യൂറോപ്പിലെ ആദ്യത്തെ തെളിവിനും ഇടയിലുള്ള വിടവ് ഏകദേശം 25,000 വർഷമാണ്-സൂചിപ്പിക്കുന്നത് കാലാവസ്ഥ കുറച്ച് ഊഷ്മളമാകുംവരെ അറേബ്യൻ ഉപദ്വീപിൽനിന്ന് യൂറോപ്പിലേക്കുള്ള വഴി തുറന്നിരുന്നില്ല എന്നതാണ്. ഹിമയുഗത്തിൽ അറേബ്യൻ ഉപദ്വീപിൽനിന്ന് യൂറോപ്പിലേക്കുള്ള വഴിയിൽ രണ്ടു പ്രധാന തടസ്സങ്ങളാണ് ഉണ്ടായിക്കാണുക. ഒന്ന്, അറേബ്യൻ ഉപദ്വീപിന്റെ തെക്കുഭാഗത്തിന്റെ മൂന്നിലൊരു ഭാഗം വരുന്ന ലോകത്തിലെ ഏറ്റവും വലിയ തുടർ മരുഭൂമിയായ റബ് അൽ ഖാലി അഥവാ 'ശൂന്യസ്ഥലം' (Empty Quarter). രണ്ട്, അത്രതന്നെ ദുസ്തരമായ ഇറാനിലെ സാഗ്രോസ്, ടോറസ് പർവ്വതനിരകൾ. അതുകൊണ്ട് ആദ്യത്തെ കുടിയേറ്റക്കാർ ദക്ഷിണേഷ്യക്കുശേഷം വസിക്കുവാൻ തെരഞ്ഞെടുത്ത പ്രദേശം യൂറോപ്പാവാനല്ല, മദ്ധ്യേഷ്യയാവാനാണ് സാദ്ധ്യത എന്നു പറഞ്ഞുകൊണ്ട് നേരത്തേ പരാമർശിച്ച പ്രബന്ധം കോറിസെറ്ററും മറ്റു ശാസ്ത്രജ്ഞരും ഉപസംഹരിക്കുന്നു. അവർ മിക്കവാറും ഇന്നത്തെ പാക്കിസ്ഥാനിൽനിന്ന് താഴേക്കു നടന്ന് ഇൻഡസിന്റെ തീരത്തുകൂടി മേൽപ്പോട്ടു കയറി മദ്ധ്യേഷ്യയിലേക്ക് കടന്നിട്ടുണ്ടാവണം. പിന്നീട്, ഏകദേശം 57,000 വർഷങ്ങൾക്കു മുൻപ് കാലാവസ്ഥ ഊഷ്മളമായപ്പോൾ ആഫ്രിക്കൻബഹിഗമനത്തിലെ അംഗങ്ങളിൽ അന്നും അറേബ്യൻ ഉപദ്വീപിലോ ദക്ഷിണേഷ്യയോടടുത്തോതന്നെ താമസിച്ചിരുന്ന ചിലർ പടിഞ്ഞാട്ടുനീങ്ങി സാഗ്രോസ് പർവ്വതനിരകൾ കടന്ന് ടർക്കിയിലേക്കും സിറിയയിലേക്കും ഇസ്രയേലിലേക്കും പിന്നെ യൂറോപ്പിലേക്കും സഞ്ചരിച്ചുകാണണം. അതിനുശേഷം 30,000 വർഷങ്ങൾക്കു മുൻപ് മദ്ധ്യേഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള രണ്ടാം കുടിയേറ്റവും നടന്നിട്ടുണ്ടാവണം.

ചില മദ്ധ്യേഷ്യൻ സംഘങ്ങൾ യൂറോപ്പിലേക്കു നീങ്ങിക്കൊണ്ടിരുന്ന അതേസമയത്തോടടുപ്പിച്ചു തന്നെ മറ്റുചിലർ ബെറിഞ്ചിയയ്ക്കടുത്തുള്ള പ്രദേശങ്ങളിലേക്ക് കുടിയേറിയിട്ടുണ്ടാവണം. ഈ പ്രദേശം കടുത്ത ശൈത്യകാലത്ത് അലാസ്‌കയ്ക്കും സൈബീരിയയ്ക്കും ഇടയിലുള്ള ഒരു ഭൗമസേതുവായി പ്രവർത്തിച്ചിട്ടുണ്ടാവാം; ഇതേ പ്രദേശം തന്നെ 16,000 വർഷങ്ങൾക്കുമുൻപ് അമേരിക്കയിലേക്കുള്ള ആദ്യ കുടിയേറ്റത്തിന്റെ അണിയറയായും പ്രവർത്തിച്ചിട്ടുണ്ടാവാം. ഏഷ്യയിൽനിന്ന് അമേരിക്കയിലേക്കുള്ള ഈ കുടിയേറ്റത്തിനു മുൻപ് പൂർവേഷ്യയിലെ ആദ്യകാലനിവാസികളിൽ ചിലർ സൈബീരിയയിലേക്കും ബെറിഞ്ചിയ പോലുള്ള പരിസരപ്രദേശങ്ങളിലേക്കും നീങ്ങുകയും അവിടെയുള്ളവരുമായി ഇടകലരുകയും ചെയ്തിരുന്നു. അതുകൊണ്ട് അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരിൽ മദ്ധ്യേഷ്യൻ മാത്രമല്ല പൂർവേഷ്യൻ ജനിതകപൈതൃകം കൂടി ഉണ്ടായിരുന്നിരിക്കണം. ഇതോടെ ആഫ്രിക്കൻബഹിർഗമനത്തിന്റേയും അതിനെത്തുടർന്നുണ്ടായ മറ്റു കുടിയേറ്റങ്ങൾകൊണ്ട് ലോകം നിറങ്ങതിന്റെയും ഒരു രേഖാചിത്രം ഇവിടെ പൂർണ്ണമാകുന്നു'.

പാലിയോലിത്തിക് പണിയായുധങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ തമിഴ്‌നാട്ടിലെ ആറ്റിറമ്പാക്കത്തുനിന്നും മറ്റും കണ്ടെത്തിയ പുരാവസ്തുശാസ്ത്രജ്ഞർ 15 ലക്ഷം വർഷം വരെ പഴക്കം ഇവിടെ മനുഷ്യവാസത്തിനു കല്പിക്കുന്നുണ്ട് (ഹോമോസാപിയൻസല്ല!). അങ്ങനെയുള്ള ദക്ഷിണേഷ്യയിലേക്കാണ് 65000 വർഷം മുൻപ് ആധുനിക മനുഷ്യർ എത്തിച്ചേരുന്നത്.

'പ്രാചീനമനുഷ്യർ വാണിരുന്ന പ്രദേശങ്ങളിലേക്ക് ആധുനികമനുഷ്യർക്ക് കടന്നുകയറാൻ വിഷമമായിരുന്നു എന്ന വസ്തുത മനുഷ്യർ ലിവാന്റിലേക്കു കുടിയേറിയതിന്റെ ആദ്യകാലചരിത്രങ്ങളിൽനിന്ന് നമുക്കു മനസ്സിലാക്കാം. അതുകൊണ്ട്, ഇന്ത്യയുടെ പടിവാതിക്കൽ എത്തിയ നമ്മുടെ പൂർവികരും ലിവാന്റിൽ സംഭവിച്ചതുപോലെ തടയപ്പെട്ടുകാണണം എന്നു കരുതുന്നതാണ് യുക്തി. മുൻപു പരാമർശിച്ച പ്രബന്ധത്തിൽ കോറിസെറ്ററും ഓപ്പൻഹെയ്മറും ഹസ്‌ലാമും ചേർന്ന് ആധുനികമനുഷ്യർ ഈ സാഹചര്യത്തോട് എങ്ങനെ പ്രതികരിച്ചുകാണുമെന്നതിന്റെ ഒരു പുതിയ മാതൃക 'ഘട്ടങ്ങളായുള്ള ഇന്ത്യൻ വ്യാപനം' (Indian Staged Dispersal) എന്ന പേരിൽ നിർദ്ദേശിക്കുന്നുണ്ട്. പൊതുവായി പറഞ്ഞാൽ നമ്മുടെ പൂർവികർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിൽ പല സമയത്തായാണ് എത്തിയതെന്നും ഒറ്റയടിക്ക് എല്ലായിടത്തും വ്യാപിച്ചില്ലെന്നുമാണ് അത് അർത്ഥമാക്കുന്നത്. അവരെല്ലാവരും ഒരൊറ്റ ആഫ്രിക്കൻബഹിർഗമനത്തിന്റെ ഭാഗംതന്നെയാണെങ്കിലും ഇന്ത്യയുടെ വ്യത്യസ്തപ്രദേശങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിലാണ് അവർ എത്തിച്ചേർന്നത്; ഭൂമിയുടെ പല ഭാഗങ്ങളിൽ പല സമയത്ത് എത്തിച്ചേർന്നതുപോലെതന്നെ.

ശാസ്ത്രജ്ഞരുടെ ആദ്യത്തെ അനുമാനം പ്രാചീനമനുഷ്യർക്ക് ഇന്ത്യയുടെ പെനിസുലാർ (വിന്ധ്യപർവ്വതത്തിന്റെ തെക്കുഭാഗം) പ്രദേശങ്ങളിലാണ് വടക്കേ ഇന്ത്യയെ അപേക്ഷിച്ച് ശക്തമായ സംഖ്യാബലം ഉണ്ടായിരുന്നത് എന്നതാണ്. ആറ്റിറമ്പാക്കത്തും ഹുൻസ്ഗി-ബൈച്ബാൽ താഴ്‌വരയിലും, മിഡിൽസോൺ താഴ്‌വരയിലും, ഭിംബേദ്ക്കയിലും നിന്നും മറ്റും ലഭിച്ചിട്ടുള്ള പുരാവസ്തുസാക്ഷ്യങ്ങളെല്ലാം വിന്ധ്യപർവ്വതത്തിന്റെ തെക്കുഭാഗത്തുള്ളവയാണ് എന്നതുകൊണ്ട് ഈ നിരീക്ഷണം തികച്ചും സാധുതയുള്ളതാണുതാനും. അതിനാൽ ആധുനികമനുഷ്യർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുവാൻ തെരഞ്ഞെടുത്തത് ഹിമാലയൻ പർവ്വനിരകളുടെ അനുബന്ധമായ ശിവാലിക് പർവ്വതങ്ങളിലൂടെയുള്ള മാർഗ്ഗമാവണം എന്ന് ശാസ്ത്രജ്ഞർ കരുതുന്നു; അവർ പെനിൻസുലാർ ഭൂവിഭാഗങ്ങൾ ഒഴിവാക്കിക്കാണണം. അവിടെനിന്ന് അവർ മ്യാന്മറിലേക്കും പിന്നെ തെക്കുകിഴക്കൻ ഏഷ്യയിലേക്കും തുടർന്ന് ആസ്‌ട്രേലിയ, പൂർവേഷ്യ, ചൈന എന്നിവിടങ്ങളിലേക്കും വ്യാപിച്ചുകാണണം. ആദ്യത്തെ ഇന്ത്യക്കാർ എല്ലാവരും ശിവാലിക് മലനിരകളിലൂടെയുള്ള (സബ് ഹിമാലയൻ) മാർഗ്ഗം തന്നെ തെരഞ്ഞെടുത്തു എന്നു പറയുവാൻ തീർച്ചയായും കാരണങ്ങളൊന്നുമില്ല. ചിലർ തീരദേശമാർഗ്ഗവും ഉപയോഗിച്ചിട്ടുണ്ടാവാം; ഉപഭൂഖണ്ഡത്തിന്റെ മദ്ധ്യഭാഗത്തും ഉൾപ്രദേശങ്ങളിലും വസിച്ചിരുന്ന കുഴപ്പക്കാരായ പ്രാചീനമനുഷ്യരുടെ മുൻപിൽചെന്നുചാടാതെ നീങ്ങുവാൻ ആ വഴി സഹായകമായിക്കാണും. അമേരിക്കയിലെ ആദ്യകുടിയേറ്റക്കാർ അവിടെയെത്തിയപ്പോൾ അവരും ചെയ്തത് അതുതന്നെയാണെന്ന് ഇന്നു നമുക്കറിയാം-വ്യത്യസ്ത മാർഗ്ഗങ്ങൾ സ്വീകരിച്ച അവർ ആയിരത്താണ്ടുകളോളം അന്യോന്യം വേർപെട്ടു ജീവിച്ചു. രണ്ടായാലും ആദ്യത്തെ ഇന്ത്യക്കാർ മുൻപിവിടെ ഉണ്ടായിരുന്ന പ്രാചീനമനുഷ്യരുടെ ഊർജ്ജസ്വലമായ സമൂഹത്തോട് ഉടനടി നേരിട്ട് ഏറ്റുമുട്ടാതെ കഴിച്ചുകൂട്ടിയിട്ടുണ്ടാവണം. കുടിയേറ്റക്കാർ ഈ വഴി പോയി, ആ വഴി പോയി, ഇവിടെയെത്തി, അവിടെയെത്തി എന്നൊക്കെ പറയുമ്പോൾ അവർ പാർത്തുവന്നിരുന്ന സ്ഥലത്തുനിന്ന് ഒന്നടങ്കം ഒഴിഞ്ഞുപോയി മറ്റൊരിടത്ത് താമസമുറപ്പിച്ചു എന്നല്ല സൂചിപ്പിക്കുന്നത്. അവരും അവരുടെ പിൻഗാമികളും സ്വന്തം സീമകൾ വികസിപ്പിച്ചുകൊണ്ടേയിരുന്നു എന്നും വസിച്ചുപോന്നിരുന്ന പ്രദേശത്തുനിന്ന് കുടിയൊഴിയാതെതന്നെ പുതിയ പുതിയ ഭൂവിഭാഗങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരുന്നു എന്നുമാണ്.

കാലംകൊണ്ട് ആധുനികമനുഷ്യർ ഉപഭൂഖണ്ഡത്തിലെങ്ങും തങ്ങളുടെ കാൽപ്പാടുകൾ പതിപ്പിച്ചിട്ടുണ്ടാവാം. തെക്കോട്ടുനീങ്ങി അവിടെയുണ്ടായിരുന്ന പ്രാചീനമനുഷ്യരെ സ്ഥാനഭ്രഷ്ടരാക്കുകയോ വംശനാശത്തിലേക്കു നയിക്കുകയോ പോലും ചെയ്തിട്ടുണ്ടാവാം. മൈക്രോലിത്തിക് പണിയായുധങ്ങൾ ഇന്ത്യൻ പുരാവസ്തുരേഖകളിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത് ഇതെല്ലാം എന്നു സംഭവിച്ചു എന്നതിന്റെയും എങ്ങനെ സംഭവിച്ചു എന്നതിന്റെയും സൂചനകളാവാൻ ഇടയുണ്ട്. വ്യത്യസ്ത ജീവജാതികളിൽപ്പെട്ട മനുഷ്യവർഗ്ഗത്തെ തിരിച്ചറിയുവാൻ കല്ലുകൊണ്ടുള്ള പണിയായുധങ്ങൾ ആത്യന്തികമായി സഹായിക്കുകയില്ലെങ്കിലും മൈക്രോലിത്തിക് പണിയായുധങ്ങൾ ഇതിനൊരപവാദമാണ്. ഇന്ത്യയിലും മറ്റെല്ലായിടങ്ങളിലും അവ ബന്ധപ്പെട്ടിരിക്കുന്നത് കൂടുതലും ആധുനികമനുഷ്യരോടാണ്. പ്രാചീനമനുഷ്യരോടല്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകട്ടെ മൈക്രോലിത്തിക് പണിയായുധങ്ങൾ ആദ്യമായി കാണുന്നത് ഏകദേശം 45,000 വർഷങ്ങൾക്കു മുൻപാണ്. അതിനുശേഷം അവയിലുണ്ടായിട്ടുള്ള തുടർച്ചയുടെയും വ്യാപ്തിയുടെയും അളവ്-ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രമല്ല-അത്ഭുതാവഹമാണ്. ശ്രീലങ്കയിൽ മൈക്രോലിത്തിക് പണിയായുധങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഏകദേശം 38,000 വർഷങ്ങൾക്കു മുൻപാണ്; അന്നുതുടങ്ങി കഷ്ടിച്ച് 3000 വർഷം മുൻപുള്ള കാലഘട്ടം വരെ, ഇരുമ്പ് അതിന്റെ സാന്നിദ്ധ്യം അറിയിച്ചുതുടങ്ങുന്നതിന്റെ അടുത്തുവരെ, അവ ഇന്ത്യയിലും ശ്രീലങ്കയിലും ഉപയോഗത്തിൽ തുടരുകതന്നെ ചെയ്തു.

ദക്ഷിണേഷ്യയിൽ ഏറ്റവും പഴക്കമേറിയ മൈക്രോലിത്തിക് പണിയായുധങ്ങൾ ലഭിച്ചിട്ടുള്ളത് മദ്ധ്യപ്രദേശിലെ മെഹ്താഖേരിയിൽനിന്നാണ്-45,000 വർഷമാണ് ഇവയുടെ പ്രായം. 45,000 വർഷങ്ങൾക്കും 3400 വർഷങ്ങൾക്കും ഇടയ്ക്ക് പഴക്കമുള്ള മൈക്രോലിത്തിക് ലഭിച്ചിട്ടുള്ള മദ്ധ്യപ്രദേശിലെ നിമാർ പ്രവിശ്യയിലെ എട്ടു പുരാവസ്തുഖനനപ്രദേശങ്ങളിൽ ഒന്നാണ് മെഹ്താഖേരി. ഇവിടെനിന്നു കണ്ടെത്തിയ ആദ്യകാല മൈക്രോലിതുകളുടെ കാലഘട്ടവും സ്ഥാനവും ചില ആദ്യത്തെ ഇന്ത്യക്കാരുടെ ഏതാനും പരമ്പരകളുടെ വികാസത്തിന്റെ (ജനസംഖയിലുള്ള വർദ്ധനവിന്റെ) കാലഘട്ടത്തോടും സ്ഥാനത്തോടും കൃത്യമായി യോജിക്കുന്നുണ്ട് എന്നത് കൗതുകാവഹമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനിതക ക്രമവിവരങ്ങൾ പ്രതിപാദിക്കുന്ന 2017ലെ പ്രബന്ധത്തിൽ-മുൻപു പരാമർശിക്കപ്പെട്ട-പറയുന്നത് 45,000 വർഷങ്ങൾക്കും 35,000 വർഷങ്ങൾക്കും ഇടയ്ക്ക് M എന്ന എംടി ഡിഎൻഎ ഹാപ്ലോഗ്രൂപ്പിന്റെ ഒരു പ്രധാന വികാസം മദ്ധ്യഭാരതത്തിൽ നടന്നിട്ടുണ്ട് എന്നാ. ഈ കാലഘട്ടത്തിന്റെ അനസാനത്തോടടുത്ത് കാലാവസ്ഥ മെല്ലെ മോശമാകുവാൻ തുടങ്ങുകയും ലോകം ങകട 2 എന്ന ഹിമയുഗത്തിന്റെ പൂർണ്ണമായ ശൈത്യാവസ്ഥയോടടുക്കുകയും ചെയ്തു.

നിരവധി കാര്യങ്ങളാണ് ഒരേസമയം നടക്കുന്നത്. കാലാവസ്ഥ മെല്ലെ വരണ്ടുണങ്ങുകയും അത് എല്ലാ ജീവസമൂഹത്തിലും സമ്മർദ്ദങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ആധുനികമനുഷ്യർ മൈക്രോലിത്തിക് പണിയായുധങ്ങളെ കൂടുതലായി ആശ്രയിച്ചുതുടങ്ങി; അവരുടെ സമൂഹം വികസിക്കുകയും പുതിയ പ്രദേശങ്ങളിലേക്ക് പടരുകയും ചെയ്യാൻതുടങ്ങി. ഈ സംഭവങ്ങളുടെയെല്ലാം അരങ്ങായിരുന്ന മദ്ധ്യഭാരതമാകട്ടെ പ്രാചീനമനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട താവളവുമായിരുന്നു.

താമസസ്ഥലങ്ങൾ കൂടുതൽ വരണ്ടതും ഉണങ്ങിയതും ആയിമാറുന്നതിനോട് ആധുനികമനുഷ്യർ പ്രതികരിച്ചത് പുതിയ സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിച്ചുകൊണ്ടായിരിക്കുമോ? പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്താൽ കുന്തങ്ങൾ, അമ്പുകൾ തുടങ്ങിയ ആയുധങ്ങളുണ്ടാക്കി ആഹാരത്തിന്റെയും മറ്റു സ്രോതസ്സുകളുടെയും അവകാശം പങ്കുവെക്കുന്നവരെ വേട്ടയിൽ പിൻതള്ളുവാൻ അവർ ശ്രമിച്ചുകാണുമോ? വാസയോഗ്യമായിരുന്നെങ്കിലും പ്രാചീനമനുഷ്യരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതുകൊണ്ട് ഇതുവരെ പരിഗണിക്കുവാൻ സാധിക്കാതെപോയ പ്രദേശങ്ങളിലേക്കുകൂടി പിന്നീട് അവർ നീങ്ങിയിട്ടുണ്ടാവുമോ? വാസ്തവത്തിൽ നടന്നത് അതാണെങ്കിൽ അവരുടെ ദൗത്യങ്ങളിലെല്ലാം അവർ വിജയിച്ചു എന്നുതന്നെ പറയാം; ആ വിജയങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിക്കുകയും ചെയ്തു.

പുരാവസ്തുശാസ്ത്രമേഖലയിലെ ചില പ്രമുഖവ്യക്തികൾ 2009ൽ നടത്തിയ ഒരു പഠനത്തിൽ, -'ജനസംഖ്യാവർദ്ധനവും പരിസ്ഥിതിയുടെ നാശവും ദക്ഷിണേഷ്യയിൽ 35,000 വർഷം മുൻപുണ്ടായ മൈക്രോലിത്തിക് നവനിർമ്മിതികളുമായി ഒത്തുപോകുന്നു' - ഇങ്ങനെ പറയുന്നുണ്ട്: 'ഏകദേശം 45,000 വർഷങ്ങൾക്കും 20,000 വർഷങ്ങൾക്കും ഇടയ്ക്കുള്ള കാലഘട്ടത്തിൽ മനുഷ്യരാശിയുടെ അധികപങ്കും ദക്ഷിണേഷ്യയിലാണ് പാർത്തിരുന്നത് എന്ന് അനുമാനിക്കപ്പെടുന്നു. മറ്റെങ്ങും സമാന്തരതകളില്ലാത്ത ഒരു ജനസംഖ്യാവികാസത്തെയാണ് ഈ തെളിവുകൾ പ്രതിഫലിപ്പിക്കുന്നത്'.'.

കുർണൂൽ ജില്ലയിലെ ജ്വാലാപുരം എന്ന സ്ഥലത്തു നടത്തിയ പുരാവസ്തുഖനനങ്ങളിൽ കണ്ടെത്തിയ വസ്തുക്കളെക്കുറിച്ചു വിശദമായി ചർച്ചചെയ്ത് ടോണി ദക്ഷിണേഷ്യൻ ജനവാസസംസ്‌കൃതി അപഗ്രഥിക്കുന്നു. എന്നിട്ടദ്ദേഹം ചിന്തോദ്ദീപകമായി ഈയധ്യായം ഇങ്ങനെ ഉപസംഹരിക്കുന്നു:

'നാം ഇന്ത്യക്കാരുടെയെല്ലാം ഏറ്റവും മികച്ച പ്രതിരൂപമായി ഒരാളെ തെരഞ്ഞെടുക്കണമെങ്കിൽ അതാരായിരിക്കണം എന്നാണ് നിങ്ങൾക്കു തോന്നുന്നത്? മാതൃകാപരമായി അതൊരു ഗോത്രവർഗ്ഗവനിതയായിരിക്കണം. കാരണം, ഇന്ത്യയിൽ ഇന്ന് ഏറ്റവും ആഴത്തിൽ വേരുപിടിച്ചിട്ടുള്ളതും ഏറ്റവും വ്യാപകമായതുമായ ങ2 എന്ന എംടി ഡിഎൻഎ പരമ്പരയുണ്ടാകുവാൻ ഏറ്റവും കൂടുതൽ സാദ്ധ്യത അവളിലാണ്. ജനിതകപരമായി അവളാണ് നമ്മുടെ മുഴുവൻ ചരിത്രത്തെയും, പ്രത്യേകിച്ചെന്നും വിട്ടുകളയാതെ പ്രതിനിധീകരിക്കുന്നവൾ, ഏറ്റവും കൂടുതൽ ഇന്ത്യക്കാരുമായി-സമൂഹത്തിന്റെ ഏതു പടവിലുള്ളവരും ആകട്ടെ, ഏതു ഭാഷക്കാരുമാകട്ടെ, ഏതു പ്രദേശത്തും വസിച്ചോട്ടെ കാരണം നാമെല്ലാം കുടിയേറിവന്നവരാണ്, നാമെല്ലാം കൂടിക്കലർന്നവരാണ്-ഏറ്റവുമധികം പങ്കിടുന്നത് അവളാണ്. അവൾ തുടക്കം മുതൽ ഇവിടെയുണ്ട്. 4500 വർഷങ്ങൾക്കു മുൻപ്, നമ്മെ ഇന്നുകാണുന്നവരാക്കി രൂപപ്പെടുത്തിയെടുത്ത ഒരു കാലഘട്ടത്തിൽ, മോഹൻജൊദാരോയിലെ 'നർത്തകി'യായതും (കവർചിത്രം) അവൾ തന്നെയായിരുന്നിരിക്കണം'.

രണ്ടാമധ്യായം ഇന്ത്യയിലേക്കുണ്ടായ രണ്ടാം കുടിയേറ്റത്തിന്റെ കഥയും ചരിത്രവും അപനിർമ്മിക്കുന്നു. ഇനിയും ഗവേഷകർക്കു തിരിച്ചറിയാൻ കഴിയാത്ത പ്രാചീനമനുഷ്യരെ സമസ്തമണ്ഡലങ്ങളിലും ഉന്മൂലനം ചെയ്ത് ആധുനികമനുഷ്യർ ഇന്ത്യയിൽ വ്യാപിച്ച ആയിരത്താണ്ടുകൾക്കുശേഷം (മധ്യപ്രദേശിലെ നർമദാതീരത്തുള്ള ഹാഥ്‌നോരയിൽ നിന്നു ലഭിച്ച 2.50,000 വർഷം പഴക്കമുള്ള തലയോട്ടിയാണ് പ്രാചീനമനുഷ്യരുടേതായി ഇന്ത്യയിൽ കണ്ടുകിട്ടിയിട്ടുള്ള ഏക അവശിഷ്ടം.) 'ഇന്ത്യൻ പിസ'യുടെ ബേസിൽ പുരട്ടിയ സോസായി മാറിയ രണ്ടാം കുടിയേറ്റത്തിന്റെ കഥ.

കാർഷിക, ഇടയസംസ്‌കൃതി ദക്ഷിണേഷ്യയിലും ഇന്ത്യയിലുമൊക്കെ പ്രചരിപ്പിച്ച ഈ കുടിയേറ്റം സംഭവിക്കുന്നത് പശ്ചിമേഷ്യയിലെ സാഗ്രോസ് പ്രവിശ്യയിൽനിന്നാണ്. ഇറാനിൽനിന്നുമെത്തി ബെലൂചിസ്ഥാനിലെ മെഹർഗഡിൽ വാസമുറപ്പിച്ച് കൃഷിയിറക്കിയവരും മറ്റുമാണ് ഈ കുടിയേറ്റത്തിന്റെ ആദ്യകണ്ണികൾ. BCE 7000 തൊട്ടാരംഭിക്കുന്നു, ഇന്ത്യയിലേക്കു നടന്ന ഈ രണ്ടാം കുടിയേറ്റം. 1976ലാണ് മെഹർഗഡിൽ ഉൽഖനനം നടക്കുന്നതും ദക്ഷിണേഷ്യൻ കാർഷികസംസ്‌കൃതിയുടെ അടിവേരുകൾ കണ്ടെത്തുന്നതും, വളർത്തുമൃഗങ്ങൾ, കൃഷികൾ, ഉപകരണങ്ങൾ, ഉപയോഗ്യവസ്തുക്കൾ, ആവാസവ്യവസ്ഥ, ജീവനരീതികൾ... എന്നിവയുടെയൊക്കെ തെളിവുകൾ ലഭിക്കുന്നതും. നിരവധിയായ പശ്ചിമേഷ്യൻ ചരിത്രഗവേഷണഫലങ്ങൾ സൂചിപ്പിച്ചുകൊണ്ട് ടോണി, ഇന്നേക്കു പതിനായിരം വർഷം മുൻപു നടന്ന കാലാവസ്ഥാവ്യതിയാനങ്ങളുടെയും നടന്ന പലായനങ്ങളുടെയും രൂപംകൊണ്ട് കൃഷിരീതികളുടെയും കഥ പറയുന്നു.

ഡി.എൻഎ. ഗവേഷണങ്ങൾവഴി ഈ രണ്ടാം കുടിയേറ്റത്തിന്റെ ചരിത്രം അനാവരണം ചെയ്യപ്പെട്ടതിന്റെ വിശദീകരണമാണ് തുടർന്ന്. ടോണി എഴുതുന്നു:

'ഡിഎൻഎ തെളിവുകൾ ഉപയോഗിച്ച് വിവിധ ജനസമൂഹങ്ങളുടെ അടുപ്പങ്ങൾ ചൂഴ്ന്നുനോക്കുന്നതിനും കുടിയേറ്റങ്ങളെ പിൻതുടരുന്നതിനും മൂന്നു മാർഗ്ഗങ്ങളുണ്ട്: ഇന്നു ലോകത്തുള്ള സമൂഹങ്ങളുടെ ഏകപൈതൃക(ൗിശുമൃലിമേഹ)ഡിഎൻഎ അഥവാ Y മൈക്രോസോം ഡിഎൻഎയോ എംടി ഡിഎൻഎയോ പരിശോധിക്കുക, ഇന്നത്തെ ജനസമൂഹങ്ങളുടെ സമ്പൂർണ ജീനോം അനുക്രമണം (sequencing) ചെയ്യുക, പ്രാചീനമായ മനുഷ്യാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധിക്കുക എന്നിവയാണ് അവ'.

ഈ മൂന്നു വഴികളിലും നടന്ന ജനിതകപഠനങ്ങളുടെ ഫലം ക്രോഡീകരിച്ചുകൊണ്ട് രണ്ടാം കുടിയേറ്റത്തിന്റെ സ്ഥല, കാല സ്വരൂപങ്ങൾ വിശകലനം ചെയ്യുന്നു, ടോണി. ഈ ഗ്രന്ഥത്തിന്റെ രചനയിലും നിലപാടുകളിലും നിർണായകമായ സ്വാധീനം ചെലുത്തിയ ജനിതകപഠനങ്ങളിലൊന്ന് സൂചിതമാകുന്നത് ഇവിടെയാണ്. ഇന്ത്യയുടേതുൾപ്പെടെയുള്ള നരവംശചരിത്രങ്ങളെ ജനിതകഗവേഷണങ്ങൾ അടിമുടി പൊളിച്ചെഴുതുന്ന സമീപകാലപ്രവണതകളെക്കുറിച്ചുള്ള ഈ നിരീക്ഷണം വായിക്കൂ:

'ഇന്ത്യയുടെ ചരിത്രാതീതകാലത്തെക്കുറിച്ചുള്ള പഴക്കമേറിയ പല ചോദ്യങ്ങൾക്കും വിരാമമിടുന്ന പ്രാചീന ഡിഎൻഎയെ അടിസ്ഥാനപ്പെടുത്തിയുള്ള നൂതനപഠനമായ 'ദക്ഷിണേഷ്യയിലെയും മദ്ധ്യേഷ്യയിലെയും ജീനോമികരൂപീകരണം' (The Genomic Formation of South and Central Asia) 2018 മാർച്ചിൽ ജീവശാസ്ത്രത്തിന്റെ പ്രീപ്രിന്റ് സെർവർ ആയ ....യിലൂടെയാണ് വെളിച്ചം കണ്ടത്. ലോകത്തെമ്പാടുമുള്ള തൊണ്ണൂറ്റിരണ്ടു ശാസ്ത്രജ്ഞർ ചേർന്നാണ് അത് രചിച്ചത്; ഡിഎൻഎ പരിശോധനയിലും സീക്വെൻസിങ്ങിലും ഉള്ള കഴിവിന്റെ തോതിലും വേഗതയിലും സമാനതകളില്ലാത്ത ഒരു ഗവേഷണശാല നടത്തുന്ന ഡേവിഡ് റെയ്ക്ക് ആണ് അതിന്റെ ഡയറക്ടർമാരിൽ ഒരാൾ.

മേല്പറഞ്ഞ തൊണ്ണൂറ്റിരണ്ടു ശാസ്ത്രജ്ഞരിൽ വ്യത്യസ്ത ശാസ്ത്രശാഖകളിലെ താരങ്ങളായ പലരുമുണ്ട്; ഇൻ സേർച്ച് ഓഫ് ഇൻഡോ യൂറോപ്യൻസ്: ലാംഗ്വേജ്, ആർക്കിയോളജി ആൻഡ് മിത് എന്ന ഗ്രന്ഥത്തിന്റെ കർത്താവും പുരാവസ്തുശാസ്ത്രജ്ഞനുമായ ജെയിംസ് മാലറി, ദി ഹോഴ്‌സ്, ദി വീൽ ആൻഡ് ലാംഗ്വേജ് ഹൗ ബ്രോൺസ് ഏജ് റൈഡേഴ്‌സ് ഫ്രം ദി യൂറേഷ്യൻ സ്റ്റെപ്‌സ് ഷേപ്പ്ഡ് ദി മോഡേൺ വേൾഡ് എന്ന ചരിത്രസംഭവമായ കൃതിയുടെ രചയിതാവും നരവംശശാസ്ത്രജ്ഞനുമായ ഡേവിഡ് ആന്റണി എന്നിവരെല്ലാം ഈ പട്ടികയിൽപ്പെടും. രചയിതാക്കളുടെ കൂട്ടത്തിൽ അറിയപ്പെടുന്ന മറ്റുചിലരാണ് പ്രാചീനസസ്യശാസ്ത്രജ്ഞനായ ഡോറിയൻ ഫുള്ളറും പുരാവസ്തുശാസ്ത്രജ്ഞനായ നിക്കോൾ ബോയ്‌വിനും-ഇന്ത്യയിൽ അവർ ചെയിട്ടുള്ള പ്രവർത്തനങ്ങൾവഴി അവർ രണ്ടുപേരും ഇവിടെ പ്രശസ്തരാണ്; ഇന്ത്യയിലെ ഏറ്റവും മികച്ച പുരാവസ്തുശാസ്ത്രസ്ഥാപനമായ ഡെക്കാൻ കോളേജിന്റെ വൈസ് ചാൻസലറായ വസന്ത് ഷിൻഡെ; പഠനത്തിന്റെ ഡയറക്ടർമാരിൽ ഒരാൾ കൂടിയായിരുന്ന CCMBയിലെ തങ്കരാജ് എന്നിവരെല്ലാം. ലക്‌നോവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ നീരജ് റായ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ പ്രിയ മൂർജാനി, ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഹിസ്റ്ററിയിലെ ആയുഷി നായക് ഇവരും രചയിതാക്കളിൽ ചിലരാണ്. പഠനത്തിന്റെ നേതൃസ്ഥാനത്തുനിന്നു രചന നിർവഹിച്ചത് ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ജെനറ്റിക്‌സിലെ വാഗീഷ് നരസിംഹനാണ്.

612 വ്യക്തികളുടെ പ്രാചീന ഡിഎൻഎയെ ആധാരമാക്കിയാണ് പഠനം നടത്തിയത്. ഈ പ്രാചീനവ്യക്തികൾ (ancient individuals) പല പ്രവിശ്യകലിൽ പല കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവരാണ്. ഇറാനിലും തുർക്‌മെനിസ്ഥാൻ അടങ്ങിയ പ്രദേശത്തിന്റെ പഴയ പേരായ റ്റിയുറാനിലും ഉസ്‌ബെകിസ്ഥാനിലും തജികിസ്ഥാനിലും (5600-1200 BCE); യൂറാൾ മലനിരകൾക്കു കിഴക്കുഭാഗത്തുള്ള കസാക്കിസ്ഥാനുംകൂടി ഉൾപ്പെട്ട സ്റ്റെപ്പ് (4799-1000 BCE); പാക്കിസ്ഥാനിലെ സ്വാത് താഴ്‌വര (1200 BCE-1 CE). ഈ പ്രാചിന ഡിഎൻഎ വിവരങ്ങൾ ഇന്നു ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീനോം അധിഷ്ഠിത വിവരങ്ങളുമായി പിന്നീട് താരതമ്യപ്പെടുത്തുകയും ചേർത്തു പരിശോധിക്കുകയും ചെയ്തു-ഇവരിൽ 1789 പേർ വംശപരമായി വ്യത്യസ്തരായ ദക്ഷിണേഷ്യയിലെ 246 ഗ്രൂപ്പുകളിൽനിന്നുള്ളവരായിരുന്നു. പല കാലഘട്ടങ്ങളിലും പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന പ്രാചീന ഡിഎൻഎയും വർത്തമാനകാല ഡിഎൻഎയും തമ്മിലുള്ള ഈ താരതമ്യപരിശോധനയാണ് പ്രസ്തുത പഠനത്തെ ആര് എവിടുന്നു വന്നു എന്നും ആരെല്ലാമായി കലർന്നുവെന്നുമുള്ള അനുമാനങ്ങളിൽ എത്തിച്ചത്?'.

ചുരുക്കത്തിൽ എന്താണ് സംഭവിച്ചത്? പശ്ചിമേഷ്യയിൽനിന്ന് 7000 BCE തൊട്ട് ഇന്ത്യയിലേക്കുണ്ടായ കുടിയേറ്റമാണ് ക്രമേണ സിന്ധുനദീതടനാഗരികതക്കും (ഹാരപ്പൻ സംസ്‌കാരം) ഇന്ത്യയിലെ കാർഷികസംസ്‌കൃതിക്കും അടിത്തറയിട്ടത്. ഈ കുടിയേറ്റക്കാരുടെ ജനിതകമുദ്ര ഇന്ത്യൻസമൂഹത്തിൽ തെളിഞ്ഞുകിടപ്പുണ്ട്. ടോണി ഉപസംഹരിക്കുന്നു:

'രണ്ടോ മൂന്നോ മുറികളുള്ള ചെളിക്കട്ടവീടുകൾ പണിത മെഹർഗഡ് നിവാസികൾ അന്നത് തിരിച്ചറിഞ്ഞുകാണില്ല, പക്ഷേ അവർ അസ്തിവാരമിട്ടത് ഹാരപ്പൻ സംസ്‌കാരം അഥവാ സിന്ധുനദീതടസംസ്‌കാരം എന്നറിയപ്പെടുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ സംസ്‌കൃതിയുടെ പൂത്തുലയലിനാണ്. എളിമയാർന്ന ആ ചെളിക്കട്ട വീടുകൾ ഹാരപ്പയിലെയോ മോഹൻജൊദാരോയിലെയോ ധോളാവീരയിലെയോ നാഗരികഭവനങ്ങളായി വികസിക്കുവാൻ ഏകദേശം 4500 വർഷങ്ങൾ അല്ലെങ്കിൽ 150ൽ അധികം തലമുറകൾ കഴിയേണ്ടിവന്നു. അതിന്റെ പാതയിൽ ധാരാളം വളവുകളും തിരിവുകളും തീർച്ചയായും കണ്ടേക്കാം. എങ്കിലും കാർഷികവൃത്തി വേരുപിടിച്ചതോടെ, ആധുനികമനുഷ്യർ ആവശ്യത്തിലധികം ഉണ്ടാക്കുവാൻ മാത്രമല്ല ഉണ്ടാക്കിയത് സൂക്ഷിക്കുവാനും നിക്ഷേപിക്കുവാനും തുടങ്ങിയതോടെ, ചരിത്രത്തിന്റെ ചക്രങ്ങൾ അതിവേഗം ഉരുണ്ടുനീങ്ങി-തീർച്ചയായും അത് ചക്രത്തിന്റെ തന്നെ കണ്ടെത്തലിലേക്ക് എത്തുകയും ചെയ്തു'.

മൂന്നാമധ്യായത്തിൽ ഹാരപ്പൻസംസ്‌കാരത്തിന്റെ കഥ പറയുന്നു, ടോണി.

'ഏറ്റവും പ്രാചീനമായ ഇന്ത്യൻ സംസ്‌കാരത്തെ എന്താണ് വിളിക്കേണ്ടത്? ഹാരപ്പൻ സംസ്‌കാരമെന്നാണോ, സിന്ധുനദീതടസംസ്‌കാരമെന്നാണോ, സിന്ധു-സരസ്വതി സംസ്‌കാരമെന്നാണോ, അതോ സരസ്വതി സംസ്‌കാരമെന്നാണോ? സംസ്‌കാരത്തിന് ആദ്യം കണ്ടെത്തിയ നഗരത്തിന്റെ പേരുനൽകുക എന്നതാണ് ഈ പുസ്തകത്തിൽ നാം പിന്തുടരുന്ന രീതി. ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിൽ കണ്ടെത്തിയ ഹാരപ്പയാണ് പ്രാചീന ഇന്ത്യൻ സംസ്‌കാരത്തിന്റെ ആദ്യനഗരം; അതുകൊണ്ട് അന്നുമുതൽ അതിനെ ഹാരപ്പൻ സംസ്‌കാരം എന്ന് വിളിച്ചുപോന്നു. 'സിന്ധുനദീതടസംസ്‌കാരം' എന്ന നാമം കൃത്യമല്ല, കാരണം, ആ പേരുകൊണ്ടു വിശേഷിപ്പിക്കപ്പെടുന്ന സംസ്‌കൃതി സിന്ധുനദീതടത്തിനും വളരെ അകലേക്ക് വ്യാപിച്ച ഒന്നാണ്. ഇതേ എതിർപ്പുതന്നെയാണ് 'സരസ്വതീതടം ' എന്ന പേരിനോടുമുള്ളത്. സിന്ധു-സരസ്വതി തട സംസ്‌കാരം എന്നത് സിന്ധുനദീതടം, സരസ്വതീതടം എന്നുള്ളതിനേക്കാളൊക്കെ കൃത്യതയുള്ളതാണെന്നു തോന്നുന്നു; പക്ഷേ ഘഗ്ഗർ-ഹക്രയെ സരസ്വതി എന്നുവിളിക്കുന്നത് വിവാദങ്ങൾ സൃഷ്ടിച്ചേക്കാം. കൂടാതെ ആ പേരും സംസ്‌കാരത്തിന്റെ എല്ലാ ഭാഗങ്ങളെയും ഉൾക്കൊള്ളുന്നുമില്ല-ധോളാവീരയും ലോതാലും സിന്ധുനദീതടത്തിലുമല്ല. സരസ്വതീതടത്തിലുമല്ല. ഇക്കാരണങ്ങൾകൊണ്ടെല്ലാം ഈ പുസ്തകം ഹാരപ്പൻ സംസ്‌കാരം എന്ന പേരുതന്നെയാണ് ഉപയോഗിക്കുന്നത്'.

7000 BCE മുതൽ 2000 BCE വരെയുള്ള അഞ്ചു സഹസ്രാബ്ദങ്ങളുടെ കാലപരിധിയിലാണ് ഇറാനിൽ നിന്നുള്ള കുടിയേറ്റക്കാർ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ നാഗരികതകളിലൊന്നിനു രൂപം നൽകിയത്. മെഹർഗഡിലെ കൃഷിയിടങ്ങളിലും ഇരുമുറി വീടുകളിലും നിന്ന് ഹാരപ്പ, മോഹൻജദാരോ, ധോളവീര തുടങ്ങിയ മഹാനഗരങ്ങളിലേക്കു വളർന്ന സംസ്‌കൃതിയുടെ കഥയാണത്.

'മെഹർഗഡിലെ ബാർലിപ്പാടങ്ങളിലും ഇഷ്ടികകൊണ്ടുള്ള രണ്ടുമുറിവീടുകളിലും ആരംഭിച്ച് ഹാരപ്പ, മോഹൻജൊദാരോ, ധോളാവീര തുടങ്ങിയ നഗരങ്ങളിലെ മഹാനിർമ്മിതികളിൽ എത്തിച്ചേർന്നതിന്റെ മൂർത്തവും ഭൗതികവുമായ പുരോഗമനം പുരാവസ്തുപരമായി മികച്ചരീതിയിൽത്തന്നെ, ഇടമുറിയാതെയും വലിയ വിടവുകളില്ലാതെയും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കൃഷിക്കാരുടെ ഗ്രാമങ്ങൾ കച്ച് സമതലങ്ങളിൽനിന്ന് ബലൂചിസ്ഥാനിന്റെ മറ്റു ഭാഗങ്ങളിലേക്കും സിന്ധുനദീതടത്തിലേക്കും ഘഗ്ഗർ-ഹക്ര താഴ്‌വരയിലേക്കും ഗുജറാത്തിലേക്കും അതിനുമപ്പുറത്തേക്കും വ്യാപിക്കുന്നത് നമുക്ക് കണ്ടരിയുവാൻ സാധിക്കും. ആയിരത്താണ്ടുകൾ പിന്നിട്ടപ്പോൾ അവർ മെല്ലെമെല്ലെ മതിലുകൾ കെട്ടിത്തിരിച്ച പട്ടണങ്ങളും കളിമൺപാത്രനിർമ്മാണത്തിൽ വ്യത്യസ്തമായ ശൈലികളുമുള്ള വെവ്വേറെ പ്രാദേശികസംസ്‌കാരങ്ങളായി വളർന്നു. പിന്നീട്, 2600 BCE അടുപ്പിച്ച് വെവ്വെറെയുള്ള ഈ നഗരങ്ങൾ, അധികവും രണ്ടു പ്രധാന നദീവ്യവസ്ഥകളുടെ-ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്ന സിന്ധുനദിയും പിൽക്കാലത്ത് മിക്കവാറും വരണ്ടുപോയ ഘഗ്ഗർ-ഹക്ര നദിയും-താഴ്‌വരകൾക്കിടയിൽ സ്ഥിതിചെയ്യുന്നതും വിസ്തൃതപ്രവിശ്യയൊട്ടാകെ പരന്നുകിടക്കുന്നതുമായ ഹാരപ്പൻ സംസ്‌കാരം എന്ന ഒറ്റസ്വത്വത്തിലേക്ക് സംയോജിതമായി അതിന്റെ സുവർണ്ണകാലത്ത് ഈ സംസ്‌കാരം പാക്കിസ്ഥാന്റെ മിക്ക ഭാഗങ്ങളിലും വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലും പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന പശ്ചിമേന്ത്യയിലും വ്യാപിച്ചുകിടന്നിരുന്നു.

ഈ നൈരന്തര്യം സൂചിപ്പിക്കുന്നത് പ്രാചീനലോകത്തിലെ ഏറ്റവും ശ്രദ്ധേയവും ബൃഹത്തും ആയ സംസ്‌കാരങ്ങളിലൊന്നിന്റെ ശിൽപികൾ പെട്ടൊന്നു സുപ്രഭാതത്തിൽ എവിടെനിന്നോ വന്നവരായിരുന്നില്ല എന്നാണ്; കാലങ്ങളായി അവർ ഇവിടെത്തന്നെയുണ്ടായിരുന്നവരാണ്, ആ മഹത് സംസ്‌കാരം പൂജ്യത്തിൽനിന്നു തുടങ്ങി പടുത്തുയർത്തിയതാണ് അവർ. ഹാരപ്പൻ സംസ്‌കാരം മെസൊപ്പൊട്ടോമിയൻ സംസ്‌കാരത്തിന്റെ ഒരു ശാഖയാണെന്ന പഴയ അഭ്യൂഹം അതുകൊണ്ടുതന്നെ തെറ്റെന്നു തെളിയുകയും ചെയ്തു. (മെസൊപ്പൊട്ടോമിയൻ സംസ്‌കാരം ഏകദേശം 4000 BCE മുതൽ 330 BCE വരെ, അലക്‌സാണ്ടർ ആ പ്രദേശം കീഴടക്കുംവരെയാണ് നിലനിന്നതെന്ന് പറയപ്പെടുന്നു; അത് ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യയുടെ വടക്കുഭാഗം, തെക്കുകിഴക്കൻ തുർക്കി, കിഴക്കൻ സിറിയ, ഇറാനിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിലെല്ലാം വ്യാപിച്ചിരുന്നു.) മെസൊപ്പൊട്ടോമിയയിൽ നിനന് പിൽക്കാല നഗരനിർമ്മാതാക്കളുടെ ഒരു കുടിയേറ്റമുണ്ടായിട്ടുണ്ട് എന്ന് സങ്കല്പിക്കുന്നതിലൂടെ ഹാരപ്പൻ സംസ്‌കാരത്തിന്റെ വികാസത്തിലെ ഒരു ദുരൂഹതയും ഇല്ലാതാകുന്നില്ല.

തീർച്ചയായും, രണ്ടാം അദ്ധ്യായത്തിൽ നാം കണ്ടതുപോലെ ഹാരപ്പൻ സംസ്‌കാരത്തിലെ ജനത തന്നെ ഇറാനിലെ സാഗ്രോസ് പ്രവിശ്യയിലെ കർഷകരുടെയും ആദ്യത്തെ ഇന്ത്യക്കാരുടെ പിൻഗാമികളുടെയും മിശ്രിതമാണ്. എങ്കിലും ആ സങ്കലനം നടന്നത് ഹാരപ്പൻ സംസ്‌കാരത്തിലെ ആദ്യത്തെ നഗരങ്ങൾ തലയുയർത്തുന്നതിനു സഹസ്രാബ്ദങ്ങൾക്കു മുൻപാണ്. അതുകൊണ്ട് പ്രസ്തുത ജനതയെ ദക്ഷിണേഷ്യൻ എന്നു വിശേഷിപ്പിക്കുന്നതിന് യാതൊരു അർത്ഥവുമില്ല-ആധുനികമനുഷ്യരെല്ലാം തുടക്കത്തിൽ ആഫ്രിക്കയിൽനിന്ന് വന്നവരാണ് എന്നതുകൊണ്ട് ഏഷ്യയിലെയോ യൂറോപ്പിലെയോ അമേരിക്കയിലെയോ സംസ്‌കാരങ്ങളെ ആഫ്രിക്കൻ എന്നു വിശേഷിപ്പിക്കുന്നത് നിരർത്ഥകമാണ് എന്നതുപോലെതന്നെ'.

തുടർന്ന് ടോണി ഹാരപ്പൻ സംസ്‌കാരത്തിന്റെ സവിശേഷങ്ങളായ പുരാവസ്തുഗവേഷണഫലങ്ങൾ വിശദീകരിച്ച് അനുപമമായ ഒരു നാഗരികതയെന്ന നിലയിൽ ചരിത്രവിജ്ഞാനം ഈ സംസ്‌കാരത്തെ തിരിച്ചറിഞ്ഞതിന്റെ സൂക്ഷ്മവും ദീർഘവുമായ വിശകലനം നടത്തുന്നു. ധോളവീരയുടെ അതിവിശദമായ രേഖാചിത്രം ടോണി വരച്ചിടുന്നു. (ആനന്ദിന്റെ വിഭജനങ്ങൾ എന്ന നോവൽ വായിച്ചിടുള്ളവർക്കറിയാം ധോളാവീരയുടെ അമ്പരപ്പിക്കുന്ന ഭൂമിശാസ്ത്രവിതാനങ്ങളും ചരിത്ര-സംസ്‌കാര-രാഷ്ട്രീയങ്ങളും.) ഹാരപ്പൻഭാഷയെയും ലിപിയെയും കുറിച്ചുള്ള ദീർഘമായ ചർച്ചയും ഇവിടെയുണ്ട്. BCE 2000 ആണ്ടോടെ ഈ സംസ്‌കാരം തകർന്നു. അതിരൂക്ഷമായ ഒരു വരൾച്ചയാണ് അതിനു പിന്നിലെ പ്രധാന കാരണമായി ടോണി കണ്ടെത്തുന്നത്.

ജനിതകപഠനങ്ങൾ ഹാരപ്പൻ സംസ്‌കാരത്തിന്റെ അപഗ്രഥനത്തിനു നൽകിയ സംഭാവനകളാണ് ഈയധ്യായത്തിന്റെ രണ്ടാം ഭാഗത്ത് ചർച്ചചെയ്യുന്നത്. സാഗ്രോസിൽ നിന്നുള്ള ഡി.എൻ.എ. തെളിവുകളും (8000-7000 BCE) സിന്ധുനദീതടത്തിൽ നിന്നുള്ള മൂന്നാളുകളുടെ ഡി.എൻ.എ. തെളിവുകളും മുൻനിർത്തിയാണ് ഈ പഠനം മുന്നോട്ടുപോയിട്ടുള്ളത്. ഭാഷാപഠനമാകട്ടെ, പ്രോട്ടോ-എലാമൈറ്റ് ഭാഷയായിരിക്കാം ഹാരപ്പൻ ജനത ഉപയോഗിച്ചത് എന്ന നിഗമനത്തിലുമെത്തുന്നു. ബ്രാഹൂയിയുമായി ഇതിനു ബന്ധമുണ്ട്. ദ്രാവിഡഭാഷാശാസ്ത്ര/ചരിത്രപഠനങ്ങൾ പിന്തുടർന്ന് ടോണി ഈ വിഷയം ആഴത്തിലപഗ്രഥിക്കുന്നു.

ഹാരപ്പൻഭാഷ നിർധാരണം ചെയ്യാനും ഹാരപ്പൻ ലിപി വായിച്ചെടുക്കാനും നടന്ന ശ്രമങ്ങളുടെ സമഗ്രചർച്ച ഈയധ്യായത്തിലുണ്ട്. ഫ്രാങ്ക്‌ളിൻ സി. സൗത്ത്‌വാർത്, ഡേവിഡ് ഡബ്ൾയു. മക്ആൽപ്പിൻ എന്നിവരുടെ വിഖ്യാതങ്ങളായ ഹാരപ്പൻ ഭാഷാപഠനങ്ങളും ഐരാവതം മഹാദേവൻ, അസ്‌കോ പർപ്പോല എന്നിവരുടെ ലിപിവ്യാഖ്യാനശ്രമങ്ങളും ടോണി അവതരിപ്പിക്കുന്നു. എന്നിട്ടദ്ദേഹം ഈ നിഗമനം മുന്നോട്ടുവയ്ക്കുന്നു:

'ഹാരപ്പൻ സംസ്‌കാരത്തിന്റെ പൊതുഭാഷ പ്രോട്ടോ-ദ്രാവിഡിയൻ ആയിരുന്നു എന്നതിനുള്ള പുരാവസ്തുപരവും ജനിതകപരവും ഭാഷാപരവുമായ തെളിവുകളെ കണക്കിലെടുക്കുമ്പോൾ, വടക്കു പടിഞ്ഞാറേ ഇന്ത്യയിൽനിന്ന് തെക്കേ ഇന്ത്യയിലേക്ക് ദ്രാവിഡഭാഷയിലുള്ള സ്ഥലനാമങ്ങളുടെ വിതരണം സംഭവിച്ചത് ജനങ്ങൾ വടക്കുപടിഞ്ഞാറുനിന്ന് തെക്കോട്ടു നീങ്ങിയതുകൊണ്ടാണെന്ന നിഗമനം ഒട്ടും അതിശയോക്തിയാവുന്നില്ല'.

ഈയധ്യായത്തിന്റെ അവസാനഭാഗത്ത് ഇന്ത്യയിലേക്കുണ്ടായ മൂന്നാം കുടിയേറ്റമെന്നു വിളിക്കാവുന്ന, ആസ്‌ട്രോ-ഏഷ്യാറ്റിക് ഭാഷകൾ സംസാരിക്കുന്ന സംഘങ്ങളുടെ വടക്കുനിന്നുള്ള വരവിനെക്കുറിച്ചുകൂടി സൂചിപ്പിക്കുന്നുണ്ട്, ഗ്രന്ഥകാരൻ. 2018ൽ പ്രസിദ്ധീകൃതമായ ജനിതകപഠനങ്ങൾ മുൻനിർത്തി ഈ വിഷയം ടോണി വിശദീകരിക്കുന്നു.

നാലാമധ്യായം നാലാം കുടിയേറ്റത്തിലെ നായകരായ ആര്യന്മാരെക്കുറിച്ചാണ്. സംസ്‌കൃതമുൾപ്പെടെയുള്ള ഇന്തോ-യൂറോപ്യൻ ഭാഷകളും വേദേതിഹാസാദിസാഹിത്യങ്ങളും ഉൾപ്പെടെ ഇന്നു നാം കാണുന്ന ഇന്ത്യയുടെ 'സാംസ്‌കാരിക' സ്വത്വങ്ങളുടെ അടിത്തറരൂപീകരണം നടന്ന മധ്യേഷ്യയിൽ നിന്നുള്ള കുടിയേറ്റത്തിന്റെ കഥ.

ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ വിവാദം ഏതാണെന്ന ചോദ്യത്തിന് രണ്ടുത്തരമില്ല. ആര്യാധിനിവേശം എന്ന ഒറ്റ ഉത്തരമേയുള്ളു. തുടക്കമിട്ടതുകൊളോണിയൽ ചരിത്രകാരരാണെങ്കിലും കാൽനൂറ്റാണ്ടിലധികം കാലമായി ഈ വാദത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത് മുഖ്യമായും മാർക്‌സിയൻ ചരിത്രകാരരാണ്. ഹിന്ദുത്വചരിത്രവാദികളുടെ ഏറ്റവും വലിയ ഇടപെടൽമേഖലയും ഇതുതന്നെയാണ് എന്നതാണതിനു കാരണം. ടോണി എഴുതുന്നു:

'ഇൻഡോ യൂറോപ്യൻ ഭാഷ സംസാരിക്കുന്നവരുടെ വരവിനെക്കുറിച്ചുള്ള ചോദ്യത്തിനുമാത്രം ഈ വൈകാരികതയുണ്ടാകുവാൻ കാരണമെന്താണ്? ഉത്തരം സരളമാണ്; ഭാരതീയ സംസ്‌കൃതി എന്നത് 'ആര്യൻ', 'സംസ്‌കൃതം', 'വേദം' ഇവയിൽനിന്ന് വേറിട്ട ഒന്നല്ലെന്ന ഒരു അനുമാനം ഇതിനെല്ലാമിടയിൽ അപ്രകടിതമായി കിടക്കുന്നുണ്ട്. അതുകൊണ്ട്, എന്നാണ് ഇൻഡോ യൂറോപ്യൻ ഭാഷകൾ ഇന്ത്യയിലെത്തിയത് എന്നു ചോദിക്കുന്നത് 'എന്നാണ് നമ്മുടെ സംസ്‌കാരം ഇറക്കുമതി ചെയ്യപ്പെട്ടത്' എന്നു ചോദിക്കുന്നതിനു തുല്യമാണ്.

എങ്കിലും ഇത് രണ്ടു കാരണങ്ങൾകൊണ്ട് വെറും വങ്കത്തമാണ്. ഒന്നാമതായി, ഇന്ത്യൻ സംസ്‌കാരമെന്നത് 'ആര്യൻ' സംസ്‌കാരമോ 'സംസ്‌കൃത' സംസ്‌കാരമോ 'വൈദിക' സംസ്‌കാരമോ അല്ല. ഇന്നു നാം കാണുന്ന മട്ടിലുള്ള അന്യാദൃശമായ ഇന്ത്യൻ സംസ്‌കാരം കരുപ്പിടിപ്പിക്കുന്നതിൽ സംഭാവനകൾ നൽകിയ സുപ്രധാനമായ ഒരു ശാഖ മാത്രമാണ് 'ആര്യൻ' സംസ്‌കാരം; ഒരിക്കലും അതുമാത്രമല്ല സംഭാവനകൾ നൽകിയിട്ടുള്ളത്. ഇന്ത്യൻ സംസ്‌കാരം ഇന്നെന്താണോ അതിന്റെ സൃഷ്ടിയിൽ മറ്റു ശാഖകളും അതേ അളവിൽ സംഭാവനകൾ നൽകിയിട്ടുണ്ട്. രണ്ടാമതായി, ചരിത്രത്തിന്റെ ഒരു പ്രത്യേക സന്ധിയിൽ ഇൻഡോ യൂറോപ്യൻ ഭാഷകൾ ഇന്ത്യയിലെത്തി എന്നുപറയുന്നതും 'വൈദിക', 'സംസ്‌കൃത', 'ആര്യൻ' സംസ്‌കാരം അഴിച്ചെടുത്തു. കെട്ടിപ്പൊതിഞ്ഞ് ഇവിടേക്ക് കൊണ്ടുവന്നശേഷം വീണ്ടും കൂട്ടിയിണക്കിയെടുത്തതാണെന്നു പറയുന്നതും രണ്ടും രണ്ടാണ്. ഇന്ത്യയിലേക്ക് ഇൻഡോ യൂറോപ്യൻ ഭാഷകൾ കൊണ്ടുവന്നവരും ഈ പ്രദേശത്ത് അതിനുമുമ്പുതന്നെ സ്ഥിരതാമസമാക്കിയിരുന്നവരും തമ്മിലുണ്ടായ ഇടപഴകലുകളും ഏറ്റുവാങ്ങലുകളും ഇഴുകിച്ചേരലുകളും കൊണ്ടാവണം 'ആര്യൻ' സംസ്‌കാരം മിക്കവാറും ഉണ്ടായത്'.

പുരാവസ്തുശാസ്ത്രജ്ഞരുടെ നിഗമനങ്ങൾ മുൻനിർത്തി ആര്യാധിനിവേശം ഒരു ചരിത്രയാഥാർഥ്യമാണെന്ന വാദത്തെ ജനിതകപഠനങ്ങൾ നൽകുന്ന പുതിയ തെളിവുകൾ കൂടുതൽ ദൃഢീകരിക്കുകയാണ് ചെയ്യുന്നത്. മധ്യേഷ്യൻ സ്റ്റെപ്പുകളിൽ നിന്നുണ്ടായ, നാലാം കുടിയേറ്റത്തിന്റെ കഥയാണ് ഇവിടെ മറനീങ്ങുന്നത്. BCE 2000 മുതലുള്ള കാലത്ത്, ഒരു സഹസ്രാബ്ദത്തോളം നീണ്ടുനിന്ന കുടിയേറ്റം മധ്യേഷ്യയിൽ നിന്ന് ദക്ഷിണേഷ്യയിലേക്കുണ്ടായി, ഡേവിഡ് റെയ്ക്കിന്റെ നേതൃത്വത്തിൽ തൊണ്ണൂറ്റിരണ്ട് ജനിതകശാസ്ത്രജ്ഞർ ചേർന്നു രചിച്ച The genomic formation of South and Cetnral Asia എന്ന പ്രബന്ധം (2018) ഇന്നുവരെ ഈ വിഷയത്തിലുണ്ടായിട്ടുള്ള ഏറ്റവും ആധികാരികമായ വിശകലനമാണ് മുന്നോട്ടുവയ്ക്കുന്നത്. ഈ പഠനം വിശദമായി ചർച്ചചെയ്തുകൊണ്ട് ടോണി ആര്യാധിനിവേശത്തിന്റെ ചരിത്ര-രാഷ്ട്രീയ വിവാദങ്ങൾക്ക് ജനിതകവിജ്ഞാനം കല്പിക്കുന്ന തീർപ്പുകൾ ചൂണ്ടിക്കാണിക്കുന്നു. നരവംശശാസ്ത്രം, പുരാവസ്തുവിജ്ഞാനം, ഭാഷാശാസ്ത്രം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പഠനങ്ങളും ഗവേഷണങ്ങളും ജനിതവിജ്ഞാനത്തോടു ചേർത്തിണക്കി നടത്തുന്ന, ഈ നൂറ്റാണ്ടിലെതന്നെ ഏറ്റവും മഹത്തായ ചരിത്രഗവേഷണപദ്ധതികളിലൊന്നായി മാറി, മേല്പറഞ്ഞ സമീപനം.

ഹാരപ്പൻ സംസ്‌കാരവും വൈദികസംസ്‌കാരവും തമ്മിലുള്ള വൈരുധ്യങ്ങൾ വിശദമായി സൂചിപ്പിച്ചുകൊണ്ട്, ഋഗ്വേദമുൾപ്പെടെയുള്ളവ രചിക്കപ്പെട്ട് കാലവും സംസ്‌കാരവും ഹാരപ്പൻ നാഗരികതക്കു ശേഷമുള്ളതാണെന്ന മുൻനിഗമനങ്ങൾ (കുതിര, ചെമ്പ്, ചക്രം തുടങ്ങിയവയുടെ സാന്നിധ്യം മുൻനിർത്തി നടത്തപ്പെടുന്ന ഡേവിഡ് ഡബ്ൾയു. ആന്തണിയുടെ പഠനമാണ് ഇവിടെ ഏറ്റവും ശ്രദ്ധേയം) ജനിതകപഠനങ്ങളുടെ വെളിച്ചത്തിൽ ഊട്ടിയുറപ്പിക്കപ്പെടുന്നു. അതേസമയം ഹാരപ്പൻ സംസ്‌കൃതിയുടെ അവശിഷ്ടഘടകങ്ങൾ ചിലതെങ്കിലും വേദങ്ങൾ സ്വാംശീകരിച്ചിട്ടുമുണ്ട്. ജനപ്രിയ സമ്പ്രദായങ്ങളിലാണ് ഹാരപ്പൻ നാഗരികത അതിന്റെ യഥാർഥ തുടർച്ചകൾ പ്രകടിപ്പിക്കുന്നത്. ടോണി എഴുതുന്നു:

'നടുമുറ്റത്തിനുചുറ്റുമായി വീടുപണിയുന്ന സമ്പ്രദായം; കാളവണ്ടികൾ, വളകളുടെ പ്രാധാന്യവും അവ അണിയുന്ന രീതിയും; വൃക്ഷങ്ങളെ ആരാധിക്കുന്ന സമ്പ്രദായം, പ്രത്യേകിച്ചും ആൽമരത്തിന്റെ പവിത്രത; ഇന്ത്യയിൽ സർവവ്യാപികളായ കലവും കുൽഹാദും (മണ്ണുകൊണ്ടുള്ള ചായക്കപ്പ്); കാളയെ വിഗ്രഹവത്കരിക്കുന്ന രീതി; ആഭരണങ്ങളിലും മൺപാത്രങ്ങളിലും മുദ്രകളിലും ഉള്ള ചിത്രപ്പണികൾ; കരുക്കൾകൊണ്ടു കളിക്കുന്ന കളികളും ചതുരംഗത്തിന്റെ പ്രാചീനരൂപവും (ചതുരംഗപ്പലകകളും കരുക്കളും പല ഹാരപ്പൻ കേന്ദ്രങ്ങളിൽനിന്നും കണ്ടെത്തിയിട്ടുണ്ട്); സാധാരണക്കാർ ഇന്നും ശൗചത്തിനുപയോഗിക്കുന്ന ലോട്ട, സിന്ദൂരം അണിയുന്ന രീതി; ചില അളവുതൂക്കവ്യവസ്ഥകൾ - ഇന്നും നാം കൊണ്ടുനടക്കുന്ന രീതി; സംസ്‌കാരത്തിന്റെ പാരമ്പര്യങ്ങൾ എണ്ണിയാൽ തീരുകയില്ല'.

ആര്യന്മാർക്കുശേഷം കഴിഞ്ഞ മൂന്നു സഹസ്രാബ്ദങ്ങളിലുടനീളം നിരവധിയായ കുടിയേറ്റങ്ങൾ ഇന്ത്യയിലേക്കുണ്ടായെങ്കിലും അവയൊന്നും ജനിതകഘടനയിൽ മാറ്റമുണ്ടാക്കിയില്ല എന്നതുകൊണ്ടാണ് ആര്യാധിനിവേശത്തെ 'അവസാനത്തെ' കുടിയേറ്റമായി ടോണി വിശേഷിപ്പിക്കുന്നത്.

'ഇന്ത്യയിലും യൂറോപ്പിലും ജനസംഖ്യാപരമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ള അവസാനത്തെ കുടിയേറ്റക്കാർ ഇൻഡോ യൂറോപ്യൻ ഭാഷകരായിരുന്നു. അതിനുശേഷം ഇന്ത്യ നിരവധി കടന്നുകയറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു-326 BCEയിൽ അലക്‌സാണ്ടറുടെ പടയോട്ടം മുതൽ ഏകദേശം 150 BCEയിൽ ശാകന്മാർ അഥവാ സ്‌കിതിയന്മാർ, ഏകദേശം 450 CEയിൽ ഹുൻ വംശജർ, 710 CEയിൽ അറബികൾ, 1526 CEയിൽ മുഗളർ, പിന്നെ പോർച്ചുഗീസ്, ഫ്രഞ്ച്, അവസാനം ബ്രിട്ടീഷുകാരും-നമ്മുടെ സംസ്‌കൃതിയിൽ പലപ്പോഴും വലിയ സ്വാധീനം ചെലുത്തിയെങ്കിലും നമ്മുടെ ജനസംഖ്യാഘടനയിൽ ലോലമായ ചില മാറ്റങ്ങൾക്കപ്പുറമൊന്നും അവർ സമ്മാനിച്ചില്ല. ജനിതകശാസ്ത്രത്തിന്റെയും ഡിഎൻഎയുടെയും സഹായത്തോടെ ഇത് നമുക്കിന്ന് ഉറപ്പിച്ചുപറയുവാൻ കഴിയുന്നുണ്ട്. ഭാവിയിലും പുതിയ കുടിയേറ്റങ്ങളോ അധിനിവേശങ്ങളോ നമ്മുടെ ജനസംഖ്യാഘടനയിൽ മാറ്റമുണ്ടാക്കുവാൻ സാദ്ധ്യത കാണുന്നുമില്ല. അതുകൊണ്ടാണ് ഈ അദ്ധ്യായത്തിന്റെ പേര് അങ്ങനെയായത്-അവസാനത്തെ കുടിയേറ്റക്കാർ. ബഹുവിധങ്ങളായ പാരമ്പര്യങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നും അവയുടെ ഘടകങ്ങൾ സ്വീകരിച്ച് അനന്യമായ ഒരു സംസ്‌കൃതി സൃഷ്ടിക്കുകയെന്നതായിരുന്നു നമ്മുടെ പൊതുവായ ചരിത്രം. നാം അനേകം സ്രോതസ്സുകളുള്ള ഒരു സംസ്‌കൃതിയാണ്, ഒറ്റ സ്രോതസ്സല്ല അതിനുള്ളത്.

അവസാനത്തെ കുടിയേറ്റക്കാരായ 'ആര്യൻ'മാർ 2000 CE കഴിഞ്ഞെപ്പോഴോ എത്തിയപ്പോഴേക്കും ഉപഭൂഖണ്ഡത്തിലെ ഇന്ത്യക്കാർ ഭൂമിയിലെ ഏറ്റവും വലിയ ആധുനികമനുഷ്യസമൂഹങ്ങളിൽ ഒന്നായിമാറിക്കഴിഞ്ഞിരുന്നു (ഏറ്റവും വലിയത് അല്ലെങ്കിൽ); ഒരു കാർഷികവിപ്ലവവും പിന്നെയൊരു നാഗരികവിപ്ലവവും അതിൽനിന്ന് ഉണ്ടായിക്കഴിഞ്ഞിരുന്നു. അവയുടെ ഫലമായി അക്കാലത്തെ ഏറ്റവും വലുപ്പമേറിയ നാഗരികസംസ്‌കാരം പിറന്നുകഴിഞ്ഞിരുന്നു; കൂടാതെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള ഒട്ടുമിക്ക പ്രവിശ്യകളിലെയും കാർഷികമേഖലകളിൽ ഒരു പരിവർത്തനത്തിന് നേതൃത്വം നൽകുകയുമായിരുന്നു അവർ. ഇന്ന് നാം അറിയുന്ന ഇന്ത്യയുടെ അടിത്തറ തന്നെ ഹാരപ്പൻ സംസ്‌കാരത്തിന്റെ കാലഘട്ടത്തിലാണ് നിർമ്മിക്കപ്പെട്ടതെന്ന് പറയുന്നതാവും ശരി.

ഹാരപ്പൻ സംസ്‌കാരത്തിന്റെ ശോഭ മങ്ങിയതിനുശേഷമുള്ള ഒരു സഹസ്രാബ്ദക്കാലമാവണം ദക്ഷിണേഷ്യയിലെ ആധുനികമനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും കോളിളക്കംനിറഞ്ഞ കാലഘട്ടം. പക്ഷേ ഇതിന്റെ രേഖകൾ നമ്മുടെ പക്കൽ വളരെക്കുറവേയുള്ളൂ, അതുകൊണ്ടുതന്നെ ആ കാലത്തെക്കുറിച്ച് നമുക്ക് വളരെക്കുറച്ചേ അറിയൂ. എന്തെല്ലാമാണ് നടന്നതെന്ന് നോക്കുക: ദീർഘകാലം തിളങ്ങിനിന്ന ഒരു നാഗരികസംസ്‌കാരം-അക്കാലത്തെ സമാനമായ സംസ്‌കാരങ്ങളിൽവെച്ച് ഏറ്റവും വലുപ്പമേറിയത്-നീണ്ടുനിന്ന ഒരു വരൾച്ചയുടെ സംഹാരതാണ്ഡവത്തിൽ തകർന്നുവീണു, അതിന്റെ അധികാരത്തിന്റെയും അന്തസ്സിന്റെയും ദൃഷ്ടമായ ചിഹ്നങ്ങളെല്ലാം പതുക്കെ അപ്രത്യക്ഷമായി, നാഗരികത നഷ്ടമായതുപോലെതന്നെ, ആൾക്കാർ കിഴക്കോട്ടും തെക്കോട്ടും പുതിയ ജീവിതം തേടി നീങ്ങിത്തുടങ്ങി; ബലികർമ്മങ്ങൾക്ക് കൂടുതൽ ഊന്നൽ കൊടുക്കുകയും ഇടയവൃത്തിക്കും കന്നുകാലി പരിപാലനത്തിനും നാഗരികസങ്കേതങ്ങളെക്കാൾ മുൻതൂക്കം കൊടുക്കുകയും ചെയ്യുന്ന ഒരു പുതിയ സംസ്‌കൃതിയും പുതിയ ഭാഷകളും കൊണ്ട് ഒരു കൂട്ടം പുതിയ കുടിയേറ്റക്കാർ വടക്കുപടിഞ്ഞാറുനിന്ന് കടന്നുവന്നു; മറ്റൊരുകൂട്ടം പുതിയ കുടിയേറ്റക്കാർ പുതിയ ഭാഷകളും പുതിയ ഇനം വളർത്തുസസ്യങ്ങളും ഒരുപക്ഷേ കോൾ കൃഷി ചെയ്യുന്നതിനുള്ള സങ്കേതങ്ങളും പുതിയ ഇനം നെല്ലും കൊണ്ട് കടന്നുവന്നു. അങ്ങനെ ഇന്ത്യൻ സംസ്‌കൃതിയുടെ കലം തിളച്ചുമറിയുവാൻ തുടങ്ങി. നാലായിരം വർഷങ്ങൾക്കുശേഷവും തിള നിന്നിട്ടില്ല, ഇടയ്ക്കും മുറയ്ക്കും യഹൂദന്മാർ മുതൽ സുറിയാനികളും പാഴ്‌സികളും വരെയുള്ള പുതിയ കറിക്കൂട്ടുകൾ അതിൽ ചേർത്തുകൊണ്ടേയിരിക്കുന്നുമുണ്ട്'.

ഈ പുസ്തകത്തിന്റെ അവസാനഭാഗത്ത് ജാതിവ്യവസ്ഥയുടെ രൂപീകരണത്തെക്കുറിച്ചുള്ള മൗലികമായ ചില നിരീക്ഷണങ്ങളവതരിപ്പിക്കുന്നുണ്ട് ടോണി. ജാതിയെക്കുറിച്ച് നിലനിൽക്കുന്ന ആധുനികധാരണകളെല്ലാം തലകീഴ്മറിക്കുന്നു, ജനിതകപഠനങ്ങൾ. ആര്യാധിനിവേശത്തോടൊപ്പമാണ് ജാതിവ്യവസ്ഥയും വന്നതെന്ന പൊതുബോധം ജനിതകാന്വേഷണങ്ങൾ നിരാകരിക്കുന്നു. ടോണി എഴുതുന്നതു കാണൂ:

'ജാതിവ്യവസ്ഥ അതിന്റെ സ്ഥാനമുറപ്പിച്ച സമയത്ത് അതെങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കുവാൻ ആന്തർഭാഗത്തെയും ബാഹ്യഭാഗത്തെയും പാരമ്പര്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾകൊണ്ട് സാധിച്ചേക്കാം. ഉപഭൂഖണ്ഡത്തിൽ 'ആര്യന്മാർ' എത്തിച്ചേർന്ന സമയത്ത് അവിടെയുണ്ടായിരുന്ന സമൂഹത്തിന്റെമേൽ അവർ ജാതിവ്യവസ്ഥ അടിച്ചേൽപ്പിച്ചു എന്ന സിദ്ധാന്തം തെറ്റാണെന്ന് 2013ൽ പ്രസിദ്ധീകരിച്ച 'ഇന്ത്യയിൽ അടുത്തിടെ നടന്ന ജനതാസങ്കല്പത്തിന്റെ ജനിതക തെളിവുകൾ' (Genetic Evidence for Recent Population Mixture in India) എന്ന ജനിതകപഠനം സ്ഥാപിക്കുന്നുണ്ട്. പ്രിയ മൂർജാനിയും കുമാരസ്വാമി തങ്കരാജും ലാൽജി സിംഗും ഡേവിഡ് റെയ്ക്കും മറ്റു ചിലരും ചേർന്നാണ് ഈ പഠനം നിർവഹിച്ചിട്ടുള്ളത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എഴുപത്തിമൂന്നു ജനവിഭാഗങ്ങളുടെ ജീനോമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിന്റെ ഫലങ്ങൾ അതിശയിപ്പിക്കുന്നവയാണ്. 2200 BCEക്കും 100 CEക്കും ഇടയ്ക്ക് ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വ്യാപകമായ സങ്കലനം നടന്നിട്ടുണ്ടെന്നും അതിന്റെ ഫലമായി ഇന്ത്യക്കാരിൽ ഒട്ടുമിക്കവരിലും ആദ്യത്തെ ഇന്ത്യക്കാരുടെയും ഹാരപ്പൻ നിവാസികളുടെയും സ്റ്റെപ്പിൽനിന്നുള്ളവരുടെയും വംശപൈതൃകം, പല തോതിലാണെങ്കിലും ഉണ്ടെന്നും ഈ പഠനം തെളിയിച്ചു. 'ഇന്ത്യ ജനസംഖ്യാപരമായ ഒരു പരിവർത്തനത്തിലൂടെ ഏതാനും സഹസ്രാബ്ദങ്ങൾക്കുമുൻപ് കടന്നുപോയിട്ടുണ്ടെന്നും ജനവിഭാഗങ്ങൾ തമ്മിൽ വൻതോതിലുള്ള സങ്കലനം സാധാരണയായിരുന്ന ഒരു പ്രദേശം എന്ന നിലയിൽനിന്ന് ഏറ്റവും അടുപ്പമുള്ള ജനസംഘങ്ങൾ തമ്മിലുള്ള വിവാഹംപോലും വിരളമായ, സ്വന്തം സമൂഹവിഭാഗത്തിനുള്ളിൽനിന്നു മാത്രം വിവാഹം ചെയ്യുന്ന (endogamy) രീതിയിലേക്ക് മാറിയെന്നും വേണം മനസ്സിലാക്കുവാൻ'.

നീണ്ടുനിന്ന വരൾച്ച കാരണവും പുതിയ കുടിയേറ്റക്കാരുടെ വരവുകൊണ്ടും ഹാരപ്പൻ സംസ്‌കാരം അതിന്റെ അധഃപതനം ആരംഭിച്ചപ്പോൾ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്ന് കിഴക്കോട്ടും തെക്കോട്ടും വൻതോതിലുള്ള സമൂഹചലനങ്ങളും ധാരാളം സങ്കല്പനങ്ങളും സംഭവിച്ചതെങ്ങിനെയാണെന്ന് നാം കണ്ടുകഴിഞ്ഞു. ഈ കൂടിക്കലരലുകൾ ആഴത്തിലേക്ക് ഇറങ്ങിയിട്ടുണ്ടെന്ന് പ്രസ്തുത പഠനം കണ്ടെത്തിയതിൽ അത്ഭുതമൊന്നുമില്ല; 'ഇക്കഴിഞ്ഞ ഏതാനും സഹസ്രാബ്ദങ്ങളിൽ ഏറെക്കുറെ എല്ലാ സമൂഹങ്ങളും വൻതോതിലുള്ള മിശ്രണങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്, ഒറ്റപ്പെട്ടുകഴിയുന്നവരെന്ന് കരുതപ്പെടുന്ന ഭിൽ, ചമാർ. കല്ലർ തുടങ്ങിയ ഗോത്രവർഗ്ഗസമൂഹങ്ങളടക്കം'.

അത്ഭുതമുളവാക്കുന്നത് ഈ സങ്കലനങ്ങൾ ഏകദേശം 100 CE അടുപ്പിച്ച് നിന്നുപോയി എന്നതാണ്, കാരണം ചോദനകൾക്കു വിപരീതമാണത്. വളരെക്കാലം ജനിതക അകലം പാലിച്ചിരുന്ന രണ്ടു ജനസമൂഹങ്ങൾ ഇനിയിത്ര മതി എന്നൊരു തീരുമാനത്തിലെത്തുകയും തമ്മിൽ കലരുവാൻ തുടങ്ങുകയും ചെയ്യുന്നത് നമുക്ക് സങ്കല്പിക്കുവാൻ സാധിക്കും. എന്നാൽ, തമ്മിൽ കലർന്നുകൊണ്ടിരുന്ന രണ്ടു ജനസമൂഹങ്ങൾ പെട്ടെന്നൊരു ദിവസം ഉറക്കമെഴുന്നേറ്റ് അത് അവസാനിപ്പിക്കുകയും തുടർന്നുകൊണ്ടിരുന്ന സങ്കലനങ്ങൾക്ക് തടയിടുകയും ചെയ്യുന്നത് സങ്കല്പിക്കുവാൻ കൂടുതൽ ബുദ്ധിമുട്ടാണ്. ജനിതകപഠനം പറയുന്നത് അതാണ് കൃത്യമായി സംഭവിച്ചതെന്നാണ്. ഏകദേശം 100 CE അടുപ്പിച്ച് അധികാരമുറപ്പിച്ച ഒരു പുതിയ പ്രത്യയശാസ്ത്രം സമൂഹത്തിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരികയും പുതിയൊരു ജീവിതശൈലി നടപ്പിലാക്കുകയും ചെയ്തതുപോലെയാണ് കാണുന്നത്. അതിനു മുൻപോ ശേഷമോ ശ്രമിച്ചുനോക്കിയിട്ടില്ലാത്തത്ര വലിയ തോതിലുള്ള ഒരു സാമൂഹിക രൂപീകരണമാണ് നടന്നത്. ജനിതകഗവേഷണങ്ങളുടെ ഫലങ്ങൾകൊണ്ടളക്കുമ്പോൾ അത് അസാമാന്യ വിജയമായിരുന്നുതാനും.

സമൂഹസങ്കലനങ്ങൾക്കു മേലെ പെട്ടെന്നൊരുനാൾ വീണ ചങ്ങലകളും ജാതിവ്യവസ്ഥയുടെ തുടക്കവും തമ്മിൽ പഠനം ബന്ധപ്പെടുത്തുന്നുണ്ട്: 'ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നീ നാല് വിഭാഗങ്ങളുള്ള (വർണ്ണങ്ങൾ) വ്യവസ്ഥയെക്കുറിച്ച്, ഋഗ്വേദത്തിന്റെ പിന്നീട് വിരചിതമായതെന്നു കരുതപ്പെടുന്ന ഭാഗത്തു മാത്രമേ പരാമർശമുള്ളൂ. ഒരേ സമൂഹവിഭാഗത്തിനുള്ളിൽ നിന്നുമാത്രം വിവാഹം കഴിക്കുന്ന, സാമൂഹികമായും തൊഴിൽസംബന്ധമായും കൃത്യമായ സ്ഥാനങ്ങളുള്ള ജനവിഭാഗങ്ങളുടെ ജാതിവ്യവസ്ഥയെക്കുറിച്ച് ഋഗ്വേദത്തിൽ പറയുന്നില്ല; ഋഗ്വേദത്തിനുശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് രചിക്കപ്പെട്ട ഗ്രന്ഥങ്ങളിലെ അതിനെക്കുറിച്ച് പരാമർശമുള്ളൂ'.'.

കാൾ മാർക്‌സിന്റെയും ഹിന്ദുത്വവാദികളുടെയും ഇന്ത്യാസങ്കല്പങ്ങൾ ഒരുപോലെ തെറ്റും തെറ്റിദ്ധാരണകൾ നിറഞ്ഞതുമാണെന്നു സ്ഥാപിച്ചുകൊണ്ട് എന്നും ചലനാത്മകമായിരുന്ന ഒരു ചരിത്രം ഇന്ത്യയെ നിർമ്മിച്ചതെങ്ങനെയെന്ന് ചൂണ്ടിക്കാണിക്കുന്നു ഈ പുസ്തകം.

അസാധാരണമാം വിധം വൈജ്ഞാനികവും ശാസ്ത്രീയമായ വാദഗതികൾകൊണ്ട് സമ്പന്നവുമാണ് 'ആദിമ ഇന്ത്യക്കാർ'. അതേസമയംതന്നെ അങ്ങേയറ്റം ഭാവാത്മകവും ജനകീയവുമാണ് ഇതിന്റെ ആഖ്യാനകല. ആദ്യന്തം പിന്തുടരുന്ന അക്കാദമിക-ജനപ്രിയ സ്വഭാവങ്ങളുടെ ഇഴയടുപ്പവും പിരിമുറുക്കവും ഒന്നു വേറെതന്നെയാണ്. വാചാടോപത കണികാണാൻ കിട്ടില്ല ടോണി ജോസഫിന്റെ എഴുത്തിൽ. വിഷയത്തിന്റെ നാടകീയതയും പറച്ചിലിന്റെ ലാവണ്യാത്മകതയും സൃഷ്ടിക്കുന്ന വായനാക്ഷമത 'ആദിമ ഇന്ത്യക്കാരെ' ശാസ്ത്ര, ചരിത്ര വിജ്ഞാനങ്ങൾ ജനപ്രിയമായവതരിപ്പിക്കുന്നതിന്റെ മികച്ച ഒരു ഇന്ത്യൻ മാതൃകയാക്കി മാറ്റുന്നു. പ്രസന്ന കെ. വർമയുടെ വിവർത്തനം, ചിലേടങ്ങളിൽ പ്രകടിപ്പിക്കുന്ന മസിലുപിടുത്തം ഒഴിവാക്കിയാൽ, പൊതുവെ മികച്ചതാണ്.

പുസ്തകത്തിൽനിന്ന്:-

'ഈ പുസ്തകത്തിലെ നാല് അദ്ധ്യായങ്ങളിൽ നാം കണ്ടത്, 65,000 വർഷങ്ങൾക്കുമുൻപ് ആഫ്രിക്കയിൽനിന്ന് പുറപ്പെട്ട കുടിയേറ്റക്കാർ ഇന്ത്യയിൽ ആദ്യമായി എത്തിയതോടെ നിർമ്മിതമായ ബേസിനു മുകളിൽ ഇന്ത്യ എന്ന പിസ്സ എങ്ങനെയാണ് ഉണ്ടാക്കിയതെന്നാണ്. 7000 BCEക്കുശേഷം സാഗ്രോസിൽ നിന്നുള്ള ഇടയർ ബലൂചിസ്ഥാനിൽ എത്തുകയും ആദ്യത്തെ ഇന്ത്യക്കാരുമായി കലർന്ന് അവരൊരുമിച്ച് ഹാരപ്പൻ സംസ്‌കാരം സൃഷ്ടിക്കുവാനൊരുങ്ങുകയും ചെയ്തപ്പോഴാണ് സോസ് തയ്യാറായത്. പ്രസ്തുത സംസ്‌കാരം തകർന്നുവീണപ്പോൾ സോസ് ഉപഭൂഖണ്ഡത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഒലിച്ചിറങ്ങി. പിന്നീടാണ്, 2000 BCEക്കുശേഷം ആര്യന്മാർ വന്നതും പിസ്സയുടെ മുകളിൽ ചീസ് വിതറിയതും-പക്ഷേ വിതറിയ ചീസ് തെക്കുഭാഗത്തുള്ളതിനേക്കാൾ വടക്കുഭാഗത്ത് കൂടുതലായി. വ്യത്യസ്ത പ്രവിശ്യകളിൽ വ്യത്യസ്ത അളവുകളിൽ ഇന്നു നാം കാണുന്ന 'ടോപ്പിങ്‌സ്' ഏകദേശം അതേ കാലഘട്ടത്തിൽത്തന്നെയാണ് വന്നുചേർന്നത്-ആസ്‌ട്രോ ഏഷ്യാറ്റിക് ഭാഷകരും ടിബെറ്റോ ബർമൻ ഭാഷകരും. പിന്നീട് വളരെക്കാലം കഴിഞ്ഞ് ഗ്രീക്കുകാർ, യഹൂദന്മാർ, ഹുൻ വംശദർ, ശാകന്മാർ, പാഴ്‌സികൾ, സുറിയാനികൾ, മുഗളർ, പോർച്ചുഗീസുകാർ, ബ്രിട്ടീഷുകാർ, സിദ്ദികൾ എല്ലാവരും ഇവിടെയെത്തി-അവർ ഓരോരുത്തരും ഇന്ത്യൻ പിസ്സയിലെല്ലായിടത്തും ചെറിയ ചെറിയ അടയാളങ്ങൾ സമ്മാനിച്ചു.

എല്ലാ ഉപമകളെയുംപോലെ ഇതും തീർച്ചയായും ഒരു അമിതമായ ലളിതവത്കരണമാണ് എങ്കിലും നാം ആരാണ് എന്നതിനെക്കുറിച്ച് ആഴത്തിൽ ഉറച്ചുപോയതും പ്രശ്‌നങ്ങളുണ്ടാക്കുന്നതുമായ ചില തെറ്റിദ്ധാരണകളെ തിരുത്തുവാൻ ഇത് സഹായിച്ചേക്കാം. ജനസംഖ്യയുടെ ഏകദേശം 8 ശതമാനം വരുന്ന 'ആദിവാസികൾ' അഥവാ 'ആദിമ നിവാസികൾ' അഥവാ 'ഗോത്രവർഗ്ഗക്കാർ' ഇന്ത്യൻ ജനസമൂഹത്തിന്റെ മറ്റു വിഭാഗങ്ങളിൽനിന്ന് വ്യത്യസ്തരും അവരുമായി വളരെ വിദൂരമായ ബന്ധം മാത്രമുള്ളവരുമാണെന്ന് ഒരു പൊതുധാരണയുണ്ട്-ഒരു പ്രത്യേക ജീവിതശൈലി തുടർന്നുകൊണ്ടുപോകുന്ന കൂട്ടർ ആയതുകൊണ്ടുമാത്രമല്ല 'നമ്മൾ' അല്ലാത്ത മനുഷ്യരായും അവരെ താഴ്‌ത്തിക്കാണുന്ന പ്രവണതയാണ് ഈ കാഴ്ചപ്പാട് സമ്മാനിച്ചിട്ടുള്ളത്. ഇത് അടിസ്ഥാനരഹിതമാണെന്ന് ഇപ്പോൾ നമുക്കറിയാം. ഗോത്രവർഗ്ഗക്കാർ 'നമ്മൾ' തന്നെയാണ്.

ഗോത്രവർഗ്ഗക്കാർ ആദ്യത്തെ ഇന്ത്യക്കാരുടെ വംശപൈതൃകം പേറുന്നവരായതുകൊണ്ട് സമൂഹത്തിന്റെ മറ്റു വിഭാഗങ്ങളുമായി അവർ ജനിതകം പങ്കുവെക്കുന്നുണ്ട് എന്നുമാത്രമല്ല ഇന്നത്തെ ഇന്ത്യൻ ജനതയുടെ അടിസ്ഥാനസമൂഹമായിത്തന്നെ അവരെ കാണേണ്ടതാണ്. നാം മുൻപ് കണ്ടതുപോലെ ഇന്ത്യൻ ജനതയുടെ സമ്പൂർണ്ണ ജീനോമിക് വംശപൈതൃകത്തിന്റെ 50 മുതൽ 65 ശതമാനം വരെ ആദ്യത്തെ ഇന്ത്യക്കാരുടെ പിൻഗാമികളായ പരമ്പരകളിൽനിന്നുണ്ടായതാണ്. ആദ്യത്തെ ഇന്ത്യക്കാരുടെ വംശപൈതൃകം ഇല്ലാത്ത ഒരു ജനസമൂഹം പോലും, അവർ ഏതു ഭാഷ സംസാരിക്കുന്നവരായാലും, ജാതിവ്യവസ്ഥയിൽ ഏതു സ്ഥാനത്തുള്ളവരായാലും, വർത്തമാനകാല ഇന്ത്യയിൽ ഇല്ലതന്നെ. ഹാരപ്പൻ സംസ്‌കാരത്തിന്റെ മുഖമുദ്രയായ 'നർത്തകി' (പുറംചട്ടയിലെ ചിത്രം) ഒരു ഗോത്രവർഗ്ഗക്കാരി പെൺകുട്ടിയാകാമെന്നത് അപ്പോൾ എത്രയേറെ സാംഗത്യമുള്ളതാണ്! 2.3 അദ്ധ്യായങ്ങളിൽ നാം കണ്ടതുപോലെ ആദ്യത്തെ ആ നാഗരികവിപ്ലവത്തിന്റെ ഒരു ഭാഗമായിരുന്നു ആദ്യത്തെ ഇന്ത്യക്കാർ. (പെൺകുട്ടി 'നൃത്തം ചെയ്യുക'യായിരുന്നോ എന്നു നമുക്കറിയില്ല തീർച്ച; അവളുടെ ഊർജ്ജവും ആധികാരികതയും തുളുമ്പുന്ന ഉദാസീനമായ നിൽപ്പ് ഇന്നും കാണികളെ വലിച്ചടുപ്പിക്കുന്നുണ്ടെന്നു മാത്രമേ നമുക്കറിയാവൂ.)

ഗോത്രവർഗ്ഗക്കാരോടും പട്ടികജാതിക്കാരോടുമുള്ള അവജ്ഞ ഉണ്ടാകുന്നത് അവർ 'മറ്റുള്ളവർ' ആണെന്ന ഒരു വിശ്വാസം അന്തർലീനമായി കിടക്കുന്നതുകൊണ്ടാണ്; ഈ 'മറ്റുള്ളവരാക്കൽ' കളയുകതന്നെ വേണമെന്ന് ഇന്ന് നമുക്കറിയാം. നമ്മുടെ പ്രാഗ്ചരിത്രകേന്ദ്രങ്ങളോട് നമുക്കുള്ള അനാസ്ഥയിലും ഇതേ മനഃസ്ഥിതി തന്നെയാണ് പ്രതിഫലിച്ചുകാണുന്നത്. ജ്വാലാപുരം മുതൽ ഭീം ബേദ്ക്കയും ധോളാവീരയും വരെയുള്ള കേന്ദ്രങ്ങളോട് കാണിക്കുന്ന അനാസ്ഥയും തിരിച്ചറിവില്ലായ്മയും, ഉപഭൂഖണ്ഡത്തിൽ ഇസ്ലാം മതം എത്തിച്ചേരും മുൻപുള്ള ചരിത്രസങ്കേതങ്ങളോട് നമ്മുടെ പടിഞ്ഞാറുള്ള അയൽക്കാർ കാണിച്ചിട്ടുള്ള അവഗണനയെക്കാൾ ഒട്ടും മെച്ചമല്ല. ഇന്ത്യയിലെ ചരിത്രാതീതകാലസങ്കേതങ്ങൾ സന്ദർശകരെ ആകർഷിച്ചുതുടങ്ങുകയും തങ്ങളുടെ പൂർവികർ ചെയ്തിരുന്നതെന്താണെന്നും താമസിച്ചിരുന്നതെവിടെയാണെന്നും കണ്ട് അവർ വിസ്മയംകൊള്ളുകയും ചെയ്തുതുടങ്ങുമ്പോഴേ നാം പാകതവന്നവരായെന്നും നമ്മുടെ ഭൂതകാലത്തെ അതിന്റെ മുഴുവൻ അർത്ഥത്തിലും ഏറ്റുവാങ്ങിയെന്നും പറയാവൂ.

പിസ്സയുടെ ഉപമകൊണ്ട് തിരുത്താൻ സാധിക്കുന്ന രണ്ടാമത്തെ തെറ്റിദ്ധാരണ ഉപഭൂഖണ്ഡത്തിലാകമാനം ഇന്നു നാം കണ്ടുപോരുന്ന പൊതുവായ സംസ്‌കൃതിയുടെ ആവിർഭാവത്തെക്കുറിച്ചുള്ളതാണ്. ഈ പൊതുസംസ്‌കൃതിയുടെ ഭൂരിഭാഗത്തിന്റെയും അടിസ്ഥാനസ്രോതസ്സ്, ഏഴുനൂറ്റാണ്ടുകൾ പൂർണ്ണരൂപത്തിൽ നിലനിന്നതും ജനസംഖ്യയിലും വിസ്തീർണ്ണത്തിലും ആ കാലഘട്ടത്തിലെ ഏറ്റവും വ്യാപ്തിയേറിയതുമായ ഹാരപ്പൻ മഹാസംസ്‌കാരമാണ് എന്നു മനസ്സിലാക്കാവുന്നത്'.

ആദിമ ഇന്ത്യക്കാർ
ടോണി ജോസഫ്
മഞ്ജുൾ പബ്ലിഷിങ് ഹൗസ്, ഭോപ്പാൽ
2020, വില 350 രൂപ