കാൽനൂറ്റാണ്ടുകാലം തുടർച്ചയായി മലയാളഭാഷാ-സാഹിത്യ മണ്ഡലത്തിലെ ഒരൊറ്റ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിലവിൽ ആ വിഷയത്തിൽ രൂപപ്പെട്ടിരുന്ന പ്രമുഖരായ ഭാഷാ, സാഹിത്യ ഗവേഷകരുടെയും സാഹിത്യചരിത്രകാരരുടെയും നിരൂപകരുടെയും ധാരണകളെ അടിമുടി ചോദ്യം ചെയ്യുക, ചലനാത്മകമായ അക്കാദമിക വ്യവഹാരമെന്ന നിലയിൽ ഏറ്റവും പുതിയ പരിപ്രേക്ഷ്യങ്ങളിൽ ആ വിഷയമേഖല പുനർനിർണയിക്കുക, ബഹുഭാഷാ, ബഹുവിജ്ഞാനസമീപനങ്ങളിൽ ഊന്നി പാഠപരവും പശ്ചാത്തലപരവും കർതൃപരവും (Text, context, Author) ആയ പഠനരീതിശാസ്ത്രങ്ങൾ പുനരാനയിക്കുക.......... മണിപ്രവാളം എന്ന ഭാഷാ, സാഹിത്യപ്രസ്ഥാനത്തിന് മലയാളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലുടനീളമുണ്ടായ വിമർശനജീവിതത്തെ (ഈ 'പ്രസ്ഥാന'കല്പന ഉൾപ്പെടെ) കെ.വി. ദിലീപ്കുമാർ പുനർവായിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സമകാലികരായ അക്കാദമിക ഗവേഷകർ ഏറെക്കുറെ തീർത്തും അവഗണിച്ച, വിമർശനരംഗത്തും പഠനരംഗത്തും താരതമ്യേന പകിട്ട് തീരെ കുറഞ്ഞ ഒരു വിഷയത്തിലേക്ക് തന്റെ വൈജ്ഞാനികാന്വേഷണം വഴിതിരിച്ചുവിട്ടു എന്നതിൽ മാത്രമല്ല ദിലീപിന്റെ വ്യത്യാസം.  ആ അന്വേഷണത്തെ നാളതുവരെ ആരുംതന്നെ ഭാവന ചെയ്യാത്ത വിശകലന, വിനിമയ തലങ്ങളിലേക്കു വളർത്തിയെടുത്തും നിരന്തരം നവീകരിച്ചും നിലനിർത്തി എന്നതിലുമാണ്. എം.ആർ. രാഘവവാരിയർ, 1993ൽ കാലിക്കറ്റ് സർവകലാശാലയിൽ ദിലീപ് ഉൾപ്പെടെയുള്ള ഗവേഷകവിദ്യാർത്ഥികൾ നേതൃത്വം കൊടുത്തു നടത്തിയ ആധുനികാനന്തര സാഹിത്യസിദ്ധാന്തശില്പശാലയിൽ ലീലാതിലകത്തെക്കുറിച്ചവതരിപ്പിച്ച പ്രബന്ധത്തിലാണ് മലയാളത്തിലെ മണിപ്രവാളപഠനത്തെ സമൂലം വഴിതിരിച്ചുവിട്ട ഈയൊരു വിശകലനപദ്ധതിക്കു തുടക്കമിടുന്നത്. മുൻഗാമികളായ ഭാഷാസാഹിത്യപണ്ഡിതർ മണിപ്രവാളത്തെക്കുറിച്ചു കെട്ടിപ്പൊക്കിയ സദാചാരനിഷ്ഠമായ ലാവണ്യവാദങ്ങളെയും പ്രതിഫലനാത്മകമായ സാമൂഹ്യവാദങ്ങളെയും നവമാർക്‌സിയൻ സാമൂഹ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഉറച്ചുനിന്നു പൊളിച്ചെഴുതാനാണ് വാരിയർ ശ്രമിച്ചത്. ദിലീപ് ആ സമീപനത്തെ സാംസ്‌കാരിക പഠനങ്ങളുടെ വെളിച്ചത്തിൽ മുന്നോട്ടു കൊണ്ടുപോവുകയും വാരിയരുടെ ചരിത്രവാദപരമായ മാർക്‌സിസ്റ്റ്‌നിലപാടുകളെ പിന്തുടരാതെയും സാമൂഹ്യനിഷ്ഠമായ പ്രതിഫലനവാദങ്ങളിൽനിന്നും സദാചാരബദ്ധമായ ലാവണ്യശാസ്ത്രങ്ങളിൽ നിന്നും കുതറിമാറിയും മണിപ്രവാള വിമർശനത്തിന്റെ ആകാശം സൈദ്ധാന്തികവും സൗന്ദര്യശാസ്ത്രപരവുമായി കുറെക്കൂടി വിപുലമാക്കുകയും ചെയ്തു.

സാഹിതീയമെന്നപോലെതന്നെ പ്രകടന/കലാപരമായും ഭാഷാധിഷ്ഠിതമെന്നപോലെതന്നെ രൂപ/മാധ്യമ നിഷ്ഠമായും ചരിത്രപരമെന്ന പോലെതന്നെ രാഷ്ട്രീയ/പ്രത്യയശാസ്ത്രപരമായും സാമൂഹികമെന്നതുപോലെതന്നെ സാംസ്‌കാരികമായും മണിപ്രവാളഭാവനയെ പുനർവിന്യസിച്ചുകൊണ്ട് ഉള്ളൂരിനെയും ഇളംകുളം കുഞ്ഞൻപിള്ളയെയും പോലുള്ള ഭാഷാ, സാഹിത്യ ഗവേഷകരും ചരിത്രപണ്ഡിതരും ജോസഫ് മുണ്ടശ്ശേരിയെയും കുറ്റിപ്പുഴയെയും പോലുള്ള വിമർശകരും എൻ. കൃഷ്ണപിള്ളയെയും എം. ലീലാവതിയെയും പോലുള്ള സാഹിത്യചരിത്ര രചയിതാക്കളും മുന്നോട്ടുവച്ച സദാചാരനിരൂപണത്തിന്റെ കാഴ്ചപ്പാടുകളെയും നിലപാടുകളെയും സയുക്തികം നിരാകരിക്കുകയും സമകാലികമായ അക്കാദമിക, സാംസ്‌കാരികപഠനപദ്ധതികളുടെ പിൻബലത്തിൽ ഒരു പുതിയ വ്യാഖ്യാനസന്ദർഭം മണിപ്രവാളത്തിനും മണിപ്രവാളപഠനത്തിനും സൃഷ്ടിച്ചുനൽകുകയും ചെയ്തു എന്നത് ഒട്ടും ചെറിയ കാര്യമല്ല. രാഘവവാരിയർ തുടങ്ങിവച്ചിടത്തുനിന്ന് ഈ ശ്രമം ഏറെ മുന്നോട്ടു കൊണ്ടുപോയി എന്നതാണ് ദിലീപിന്റെ അക്കാദമിക ജീവിതത്തെ സാർഥകവും സഫലവുമാക്കുന്നത്.

'അകക്കാഴ്ചകൾ' എന്ന പേരിൽ പ്രസിദ്ധീകൃതമായിട്ടുള്ള എട്ട് മണിപ്രവാളപഠനലേഖനങ്ങളുടെ ഈ സമാഹാരത്തിൽ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലം ദിലീപ് ഈ വിഷയത്തിൽ നടത്തിയ അന്വേഷണങ്ങളുടെ മികച്ച മാതൃകകളാണുള്ളത്. രണ്ട് പ്രാധാന്യമാണ് ദിലീപിന്റെ ഈ സമീപനത്തിന് മലയാളപഠനങ്ങളുടെ രംഗത്തുള്ളത്. ഒന്ന്, 1900 മുതൽ 1990 വരെയുള്ള കാലത്ത് മലയാളത്തിൽ രൂപപ്പെട്ട മണിപ്രവാളപഠനങ്ങളുടെ രീതിശാസ്ത്രപരവും ഉള്ളടക്കപരവുമായ ആധുനികാവബോധങ്ങളുടെ അപനിർമ്മിതി. രണ്ട്, ആധുനികാനന്തര മലയാളവിമർശനത്തിന്റെ സൈദ്ധാന്തിക വഴികളിലൊന്നായ സാംസ്‌കാരിക പഠനങ്ങൾ സാധ്യമാക്കിയ മികച്ച പാഠനിർമ്മിതി.

എന്തൊക്കെയായിരുന്നു, കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം തൊട്ടുണ്ടായ മണിപ്രവാളപഠനങ്ങളുടെ മുഖ്യ ഊന്നലുകളും സമീപനങ്ങളും രീതികളും?

1903ൽ ടി.കെ. കൃഷ്ണമേനോൻ 'രണ്ടു സന്ദേശകാവ്യങ്ങൾ' എന്ന പേരിൽ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വിവർത്തനത്തോടെ ശുകസന്ദേവും കോകിലസന്ദേശവും ചേർത്ത് ഒരു പഠനം പുറത്തിറക്കുന്നതോടെയാണ് മലയാളത്തിൽ ഈയൊരു പഠനശാഖ രൂപപ്പെടുന്നത്. തുടർന്ന് സന്ദേശകാവ്യങ്ങളും ഇതര മണിപ്രവാള സാഹിത്യ, സാഹിത്യേതര കൃതികളും തേടിപ്പിടിക്കുകയും പ്രസിദ്ധീകരിക്കുകയും നിരൂപണം ചെയ്യുകയുമെന്നത് വലിയൊരു അക്കാദമിക പദ്ധതിതന്നെയായി മാറി. ഉണ്ണുനീലിസന്ദേശമുൾപ്പെടെയുള്ളവ വെളിച്ചം കാണുന്നതങ്ങനെയാണ്. സി.എൻ. അനന്തരാമയ്യശാസ്ത്രികൾ, ഉള്ളൂർ, പി.കെ. നാരായണപിള്ള, പി. അനന്തൻപിള്ള, ചേലനാട്ട് അച്യുതമേനോൻ തുടങ്ങിയവരുടെ ഇടപെടലുകൾ ശ്രദ്ധേയമായി. 1909 ലാരംഭിക്കുന്ന ലീലാതിലകത്തിന്റെ പ്രസാധനവും വ്യാഖ്യാനങ്ങളുമാണ് മറ്റൊരു സന്ദർഭം. കൃതികൾ കണ്ടെടുക്കൽ, ശുദ്ധപാഠം നിർമ്മിക്കൽ, വ്യാഖ്യാനവും നിരൂപണവും എഴുതൽ, സാഹിത്യചരിത്രരചനയുടെ ഭാഗമാക്കൽ, കർത്താവിനെക്കുറിച്ചുള്ള ഊഹങ്ങളവതരിപ്പിക്കൽ, സ്ഥല-കാലചർച്ചകൾ തുടങ്ങിയവയിലൂടെ രൂപം കൊണ്ട രണ്ട് സമീപനങ്ങളാണ് മണിപ്രവാളസാഹിത്യത്തെ പൊതുവിലും അവയെക്കുറിച്ചുള്ള പഠനങ്ങളെ വിശേഷിച്ചും ശ്രദ്ധേയമാക്കിയത്. ഒന്ന്, ഉള്ളടക്കപരവും ആഖ്യാനപരവുമായി മണിപ്രവാളകൃതികൾ പുലർത്തുന്ന സ്ത്രീവർണനകളുടെയും ലൈംഗിക, സദാചാര സങ്കല്പങ്ങളുടെയും നേർക്ക് ഉന്നയിക്കപ്പെട്ട കടുത്ത വിക്‌ടോറിയൻ സദാചാരവിമർശനം. രണ്ട്, സ്ഥലപരവും കാലപരവും മറ്റുമായ സാമൂഹ്യചരിത്രത്തിന്റെ നിരവധിയായ അടരുകൾ സന്ദേശകാവ്യങ്ങളിലും ഇതര കവനങ്ങലിലും കണ്ടെത്തിയ രീതി. എൻ. ഗോപാലപിള്ള, ശൂരനാട്ട് കുഞ്ഞൻപിള്ള, ഇളംകുളം കുഞ്ഞൻപിള്ള, പുതുശ്ശേരി രാമചന്ദ്രൻ തുടങ്ങിയവരുടെ മണിപ്രവാള ഗവേഷണങ്ങളും മുണ്ടശ്ശേരിയും പി.വി. വേലായുധൻപിള്ളയും എൻ. കൃഷ്ണപിള്ളയും തായാട്ട് ശങ്കരനും ഉൾപ്പെടെയുള്ളവരുടെ വിമർശനപഠനങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ വിഷയത്തിൽ നടന്ന ശ്രദ്ധേയങ്ങളായ രണ്ടാം ഘട്ട ഇടപെടലുകൾ ദിലീപ് വിവരിക്കുന്നു.

മൂന്നാം ഘട്ടത്തിലാണ് രാഘവവാരിയരുടെ ഇടപെടൽ തൊട്ടു തുടങ്ങുന്ന മണിപ്രവാളത്തിന്റെ പുനർവായനകളുണ്ടാകുന്നത്. എം.ജി.എസ്. നാരായണന്റെയും കേശവൻ വെളുത്താട്ടിന്റെയും പി. സോമശേഖരന്റെയും പി. സോമന്റെയും നിരീക്ഷണങ്ങളാണ് ഈ ഘട്ടത്തിൽ ശ്രദ്ധേയമായത്.  ദിലീപ്, എം.ജി.എസിന്റെ നമ്പൂതിരിസിദ്ധാന്തത്തോടും സോമന്റെയും മറ്റും യാന്ത്രിക മാർക്‌സിസ്റ്റ് വായനകളോടും നിശിതമായി കലഹിക്കുന്നുണ്ട്.

മണിപ്രവാളസാഹിത്യത്തിന്റെ ഭാഷാപരവും ആഖ്യാനപരവും ആവിഷ്‌ക്കാരപരവും പ്രമേയപരവും ഗണപരവും മറ്റും മറ്റുമായ വൈവിധ്യങ്ങളും വ്യാപ്തിയും ചർച്ചചെയ്യുന്നു, രണ്ടാം ലേഖനം. അഭിനയം, സാഹിത്യം എന്നിങ്ങനെ രണ്ടു വകഭേദം മണിപ്രവാളത്തിനുണ്ട്. വൈദ്യം, ജ്യോതിഷം, ഗണിതം, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ തുടങ്ങിയ വിഷയവ്യാപ്തിയും. പ്രാചീന, മധ്യകാല കൃതികൾ തമ്മിലുള്ള വ്യത്യാസങ്ങളാണ് മറ്റൊന്ന്. സംസ്‌കൃതപാരമ്പര്യങ്ങളോടും ദ്രാവിഡപാരമ്പര്യങ്ങളോടും ചേർന്നുനിൽക്കുന്നവ എന്ന തരഭേദം ഇനിയുമൊന്ന്. സംസ്‌കൃതത്തിന്റെയും മലയാളത്തിന്റെയും; ദേശീയപാരമ്പര്യത്തിന്റെയും പ്രാദേശികത്തനിമകളുടെയും സൂക്ഷ്മമായ കലർപ്പ് മണിപ്രവാളത്തിലുണ്ട് എന്ന നിഗമനം ഇവിടെ ദിലീപ് വിശദമായി ചർച്ചചെയ്തു സമർഥിക്കുന്നു.

സാഹിത്യചരിത്രവിജ്ഞാനീയത്തിന്റെ വെളിച്ചത്തിൽ മണിപ്രവാളത്തെ പ്രസ്ഥാനവൽക്കരിക്കുകയാണ് മൂന്നാം ലേഖനം. സാഹിത്യം, തന്ത്ര-മന്ത്ര-ക്രിയാ-പ്രായശ്ചിത്തഗ്രന്ഥങ്ങൾ, വൈദ്യ-ജ്യോതിഷ-ഗണിത ഗ്രന്ഥങ്ങൾ എന്നിവയെല്ലാമുൾക്കൊള്ളുന്നു, മണിപ്രവാളത്തിൽ. സാഹിത്യമാകട്ടെ എത്രയെങ്കിലും ഭിന്നമായ പ്രമേയ, രൂപ, ഘടനാ, ശൈലികളുള്ള കൃതികളുടെ സമുച്ചയവും. പ്രസ്ഥാനനിർണയത്തിനു വഴങ്ങാത്ത ആന്തരവൈരുധ്യവും വൈവിധ്യവും ഈവിധം നിലനിൽക്കുമ്പോഴും മണിപ്രവാളത്തെ ഇങ്ങനെയൊരു സാഹിത്യചരിത്രമുദ്രയിൽ സ്ഥാനപ്പെടുത്തുന്നതിലെ അയുക്തികൾ ദിലീപ് ചൂണ്ടിക്കാണിക്കുന്നു. ഭാഷാപരമായ ചില സവിശേഷതകൾ മാത്രമാണ് സമാനമായി ഇവയ്ക്കു തമ്മിൽ തമ്മിലുള്ളത്. അതേസമയം മണിപ്രവാളസാഹിത്യത്തെക്കുറിച്ച് സാഹിത്യചരിത്രങ്ങൾ നടത്തിയ മൂല്യവിചാരം ആദ്യന്തം പ്രശ്‌നഭരിതമാകുകയും  ചെയ്തു. എന്താണ് ഇവ പൊതുവിൽ അവതരിപ്പിച്ച മണിപ്രവാളചിത്രം? ദിലീപ് സംഗ്രഹിക്കുന്നു:

'അമേരിക്കയിൽ ഇന്ന് (1960-70 കളിൽ)ലൈംഗികസാഹിത്യത്തിനു സിദ്ധിച്ചിരിക്കുന്ന പ്രോൽസാഹനവും 13-മുതൽ15-വരെ ശതകങ്ങളിൽ വൈശികതന്ത്രംപോലുള്ള കൃതികൾക്ക് കേരളത്തിൽ ലഭിച്ച  പ്രചാരവും ഒരേ പരിതസ്ഥിതിയിലാണ് വീക്ഷിക്കേണ്ടത്.... പോർത്തുഗീസുകാരുടെ വരവിനോടടുത്തകാലത്ത്  കേരളത്തിലെ സാന്മാർഗ്ഗികനിലവാരം വളരെ അധഃപതിച്ചുപോയിരുന്നു ...ത്രൈവർണികരും വേശ്യകളും മാത്രമേ അന്നു സാമാന്യേന വിദ്യാഭ്യാസം ചെയ്തിരുന്നുള്ളൂ. ആ കാലഘട്ടത്തിലെ മണിപ്രവാളകാവ്യങ്ങളെല്ലാം അവരെ (വേശ്യകളെ) ഉദ്ദേശിച്ചു വിരചിതമാണ്. ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവ വാരസുന്ദരികളെ വർണിക്കുന്ന പ്രാചീനചമ്പുക്കളാണ്. ...വ്യക്തിനിഷ്ഠമായ വികാരങ്ങ ളുടെ കലർപ്പ് ഇവയിലെല്ലാം വളരെ കൂടുതലാണ്...സമൂഹത്തിന്റെ ഉപരിതലത്തിൽ അധികാരമാണ്ട് സുഖഭോഗങ്ങളിൽ മുഴുകി ജീവിച്ചിരുന്ന ഒരു പ്രത്യേകജനവർഗത്തിന്റെ സാഹിത്യവ്യവഹാരം മാത്രമായിരുന്നു അതെന്നുള്ളതുതന്നെ. സംസ്‌കൃതഭാഷാഭിജ്ഞരും സംസ്‌കൃതസാഹിത്യാസ്വാദനത്തിലുടെ ഉത്തമസാഹിത്യസംസ്‌കാരം ആർജ്ജിച്ചവരുമായ കവികളുടെ പ്രതിഭാദുർവ്യയമെന്ന് മണിപ്രവാളത്തെക്കുറിച്ചു പറയാം. ഇവയെ നമ്പൂതിരി-ജന്മിവർഗ്ഗക്കാരുടെ ചില നേരമ്പോക്കുകളായി കാണണം. സാമാന്യജനങ്ങളുടെ ജീവിതവുമായി അല്പമെങ്കിലും ബന്ധപ്പെടാൻ ഈ കവികൾ തയ്യാറായില്ല ...ഈ ജീർണ്ണസംസ്‌കാരത്തിൽനിന്നു മലയാളസാഹിത്യത്തെ കുറച്ചെങ്കിലും മോചിപ്പിച്ചത് മദ്ധ്യകാലചമ്പുക്കളാണ്'.

എന്തുകൊണ്ടാണിങ്ങനെ? ദിലീപ് എഴുതുന്നു:

'ഭക്തിസാഹിത്യം മുതൽ തത്കാലീനശാസ്ത്രസാഹിത്യംവരെ വിശാലമാണ് മണിപ്രവാളത്തിന്റെ മണ്ഡലം. എന്നാൽ അതിൽനിന്ന് മറ്റംശങ്ങളെയെല്ലാം വെട്ടിയൊതുക്കി ശൃംഗാരത്തെമാത്രം പരിഗണനയ്‌ക്കെടുക്കുകയായിരുന്നു നിരൂപകർ. പത്തൊൻപതാംശതകത്തിന്റെ അന്ത്യംവരേയും മണിപ്രവാളസാഹിത്യം കാര്യമായ വിശകലനങ്ങൾക്കു വിധേയമായിട്ടില്ല എന്നോർക്കണം. അത്തരം വിശകലന-നിരൂപണങ്ങൾക്കാകട്ടെ, അക്കാലത്തു പ്രസക്തിയുണ്ടായിരുന്നില്ലെന്നതും ശരി. ആധുനികതയുടെ വരവോടെയാണു സാഹിത്യവിമർശനം എണ്ണപ്പെട്ട ഒരു സാംസ്‌കാരികസ്ഥാപനമാകുന്നത്. അധിനിവേശാധുനികതയുമായി നടന്ന ദീർഘസംവാദത്തിലൂടെ രൂപപ്പെട്ടതാണല്ലോ ദേശീയാധുനികത. അതിന്റെ, വിശിഷ്യ കേരളീയാധുനികതയുടെ, പരിപ്രേക്ഷ്യത്തിലാണ് മണിപ്രവാളവിമർശനങ്ങൾ രൂപപ്പെടുന്നത്. 

പ്രാചീനമണിപ്രവാളകൃതികളെക്കുറിച്ചുള്ള മുഖ്യപഠനങ്ങളല്ലൊം നടന്നത് കേരളീയമായ ഒരു ആധുനികതയുടെ ചുറ്റുപാടുകളിൽ, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിലായിരുന്നു. ഇവയുടെ പ്രത്യയശാസ്ത്രപരമായ അടിത്തറ രൂപപ്പെട്ടത് പടിഞ്ഞാറുനിന്ന് ഇറക്കുമതിചെയ്ത വിക്‌ടോറിയൻസദാചാരത്തിലാണ്. ഇതോടൊപ്പം ആശാന്റെ ശൃംഗാരരചനകളെ വിലക്കിയ ശ്രീനാരായണഗുരുവിന്റെ സ്വാധീനവും കേരളീയാധുനികതയെ സ്വാധീനിച്ചിട്ടുണ്ട്. ശരീരപരതയെ നിഷേധാത്മകമായി കാണുന്ന ഈ നിലപാടുകൾ ഇക്കാലത്തെ വിമർശനഭാവുകത്വത്തെ തിരിച്ചുവിട്ടത് ഈ വഴിയിലേക്കാണ് എന്നാണു പറഞ്ഞുവരുന്നത്. ഇവിടെനിന്നുകൊണ്ടാണ് മിക്ക ഗവേഷകരും പ്രാചീന-മധ്യകാലകൃതികളെ വിശകലനം ചെയ്തത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും മണിപ്രവാളമെന്നാൽ  മുഖ്യമായും വെണ്മണി ക്കൂട്ടായ്മയിലെ കവികളുടെ രചനകളായിരുന്നു. എന്നുതന്നെയല്ല, അക്കാലത്ത് ഇവയായിരുന്നു മൊത്തത്തിൽ മണിപ്രവാളസാഹിത്യത്തെ പ്രതിനിധാനം ചെയ്തത് എന്നുതന്നെ പറയാം. മുപ്പത്തിയഞ്ചു പേരായിരുന്നു ഈ വഴിയിൽ സാഹിത്യരചന നടത്തിയവർ. തുടക്കക്കാരായ ചേലപ്പറമ്പ്, പൂന്തോട്ടത്ത് അച്ഛൻ, വെണ്മണി അച്ഛൻ എന്നിവരെക്കൂടി ചേർത്താൽ ഇതിൽ പത്തു പേർ നമ്പൂതിരിമാരാണ് എന്നു കാണാം. വെണ്മണി മഹൻ, ശീവൊള്ളി, നടുവത്ത് അച്ഛൻ, നടുവം മഹൻ, ഒറവങ്കര, കറുത്തപാറ ദാമോദരൻ നമ്പൂതിരി, ആലത്തൂർ അനുജൻ നമ്പൂതിരി. ഇവരാരും സർക്കാർജോലിക്കാരോ കായക്ലേശമൂള്ള ജോലികൾ ചെയ്യുന്നവരോ ആയിരുന്നില്ല. ഇതിലെ മറ്റുകവികളും പൊതുവേ സവർണ്ണരായിരുന്നു. 13-15 നൂറ്റാണ്ടുകളിലെ മണിപ്രവാളകവികൾ അലസജീവിതം നയിച്ചിരുന്നവരായിരുന്നു എന്ന ധാരണയുടെ പൊരുൾ ഇവിടെ തിരയണം. ഇതിന്റെ പശ്ചാത്തലത്തിലേക്ക് പ്രാചീന-മധ്യകാലീനമണിപ്രവാളത്തെ പ്രതിഷ്ഠിക്കുകയാണു ഗവേഷകർ ചെയ്തത്. മണിപ്രവാളത്തെ അലസപ്രത്യയശാസ്ത്രത്തിന്റെ ഉൽപന്നമാക്കിയത് ഇങ്ങനെയാണ്. '.

തദ്ദേശീയ സദാചാരഭാവനയ്‌ക്കൊപ്പം കൊളോണിയൽ, വിക്ടോറിയൻ സദാചാരഭാവനയും ഈ ചാപ്പകുത്തലിനു പിന്നിൽ പ്രവർത്തിച്ച പ്രത്യയശാസ്ത്രമാണ്. ദിലീപ് വിശദീകരിക്കുന്നു:

'ആധുനികരുടെ ഈ കാഴ്ചശ്ശീലങ്ങളെ പ്രാചീന-മധ്യകാലീനരചനകളി ലേക്കു തിരിച്ചുവെച്ചപ്പോൾ കാര്യം വളരെ എളുപ്പമായി. അന്നത്തെ മണിപ്രവാളരചനകളെല്ലാം നമ്പൂതിരിജന്മിമാരുടേതായി! എല്ലാ നമ്പൂതിരിമാരും ജന്മിമാരും ഏല്ലാ ജന്മിമാരും കവികളും ആയിരുന്നുവോ എന്നൊരു എതിർചോദ്യമുന്നയിക്കാൻ ആരുമുണ്ടായില്ല എന്നതാണു തമാശ. പഠിതാക്കൾ, വെണ്മണിക്കവിതകളെ അളന്ന അതേ അളവുകോൽവച്ച് അവയെ വിമർശിക്കാൻ തുടങ്ങിയതോടെ മണിപ്രവാളം ഉന്നതവർഗ്ഗത്തിന്റെ രതോത്സവങ്ങളുടെ ആവിഷ്‌കരണങ്ങളാണെ ധാരണ പ്രചരിച്ചു. ഇവ അന്നത്തെ സദാചാരഭ്രംശത്തിന്റെ നേർപ്രതിഫലനങ്ങളുമായി. ഇതിന്റെ മറുവശത്ത് ആത്മീയ/ ഭക്തിസാഹിത്യത്തെ പ്രതിഷ്ഠിക്കുകകൂടി ചെയ്തതോടെ ശൃംഗാരത്തിന്റെ/അശ്ലീലത്തിന്റെ ഉച്ചാടനം പൂർത്തിയായി! പറഞ്ഞുവന്നതിതാണ്: വെണ്മണിക്കവിതകളെ ചുറ്റിപ്പറ്റി, വഷളൻ സാഹിത്യമെന്ന് ഒരഭിജാതവിമർശബോധം രൂപപ്പെട്ടതിന്നുമേലാണ് ഉണ്ണുനീലിസന്ദേശവും ഉണ്ണിയച്ചീ-ഉണ്ണിയാടീചരിതങ്ങളും മറ്റും പുറത്തുവരുന്നതും ചർച്ചാവിധേയമാവുന്നതും.

ഈ ചരിത്രസന്ധിയിൽനിന്നുകൊണ്ടാണ് മലയാളപണ്ഡിതന്മാർ അവരുടെ മണിപ്രവാളഭാവനകൾ സ്വരുക്കൂട്ടിയെടുത്തത്. ശൃംഗാരവും രതിയും സ്വകാര്യവിഷയങ്ങളാവുന്നതും പൊതുചർച്ചാമണ്ഡലങ്ങളിൽനിന്ന് അപ്രത്യക്ഷമാവുന്നതും ഇക്കാലത്താണ്. നവോത്ഥാനപ്രവർത്തനങ്ങളുടെ മുൻനിരയിൽനിന്നിരുന്ന സന്യാസിവര്യന്മാരുടെ സ്വാധീനവും ഇതിന്നു പിന്നിലുണ്ടെന്നു കാണാതിരുന്നുകൂടാ. അതോടൊപ്പം തദ്ദേശീയരെ തങ്ങളുടെ ബോധങ്ങൾക്കൊത്തു ചിട്ടപ്പെടുത്താനുള്ള കൊളോണിയൽ ശ്രമങ്ങളും.   

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ബ്രിട്ടീഷിന്ത്യയിലെ ഉന്നത-മധ്യവർഗക്കാർ അനുഭവിച്ചിരുന്ന ധാർമ്മികവിഭ്രാന്തിയെപ്പറ്റി ചില നിരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ആധുനികഹിന്ദുസമൂഹത്തെ രൂപപ്പെടുത്തുന്നതിന്നുവേണ്ടി പരിഷ്‌കൃതവും സമുചിതവുമായ ഒരു സാഹിത്യവും ഭാവുകത്വവും വിഭാവനം ചെയ്യാനുമുള്ള ശ്രമങ്ങളായിരുന്നു അക്കാലത്തു നടന്നിരുന്നതെന്ന് ചാരുഗുപ്ത പറയുന്നു (2001: 30).

അശ്ലീലവും അസഭ്യവുമായ എന്തിനേയും കൈകാര്യം ചെയ്യാനുള്ള നിയമങ്ങളുടെ വരവാണു തുടർന്നുണ്ടായത്. പത്തൊമ്പതാം നൂറ്റാണ്ടൊടുവായപ്പോഴേക്കും അതിനുതക്ക വകുപ്പുകൾ അന്നത്തെ ഇന്ത്യൻശിക്ഷാനിയമത്തിൽ ചേർത്തുകഴിഞ്ഞിരുന്നു. 1898-ൽ അശ്ലീലപ്രസിദ്ധീകരണങ്ങൾ തപാൽവഴി അയക്കുന്നതു നിരോധിക്കാനുള്ള നിയമം നടപ്പിൽവന്നു. പാരീസിലും (1910) ജനീവയിലും(1923)വച്ചു നടന്ന സമ്മേളനങ്ങളുടെ ഫലമായി 1925 ആയപ്പോഴേക്കും അശ്ലീലപ്രസിദ്ധീകരണങ്ങൾ നിരോധിക്കാനുള്ള നിയമവും രംഗത്തെത്തി. എന്നിട്ടും എന്താണ് അശ്ലീലമെന്ന ചോദ്യം ബാക്കിയായി എന്നതാണു വസ്തുത(ചാരുഗുപ്ത, 2001: 30-31).

പതിനെട്ടാം നൂറ്റാണ്ടിൽ തെലുഗുകവയിത്രി മുദ്ദുപളനി രചിച്ച രാധികാസാന്ത്വനം എന്ന കൃതി 1911-ൽ പുനഃപ്രകാശനം നടത്തിയപ്പോൾ അത് അശ്ലീലമാണെന്നുപറഞ്ഞ് ബ്രിട്ടീഷ് സർക്കാർ നിരോധിച്ചു. ഇന്ത്യയുടേതായ ഒരു സംശുദ്ധസാഹിത്യം നിർമ്മിക്കാൻ കോളനിക്കാർക്ക് ഇതെല്ലാമാവശ്യമായിരുന്നുവെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ടുനടന്ന ചില പഠനങ്ങളെ മുൻനിർത്തി ഗുപ്ത നിരീക്ഷിക്കുന്നു11. ഇത് ഉത്തരേന്ത്യയ്ക്കുമാത്രം ബാധകമായ കാര്യമാവില്ലെന്നു പ്രത്യേകം പറയേണ്ടല്ലോ.

1857-ലാണ് എഡ്വിൻ ആർനോൾഡ് ഗീതഗോവിന്ദം വിവർത്തനം ചെയ്തത്. ഈ വിവർത്തകൻ അതിലെ രതിപ്രധാനമായ ഭാഗങ്ങൾ വിട്ടുകളഞ്ഞു. പാശ്ചാത്യമായ നിലവാരങ്ങളോടു പൊരുത്തപ്പെടുത്താനായിരുന്നു ഇത്! ഒരർത്ഥത്തിൽ, ആധുനികമായ ദേശരാഷ്ട്രത്തിന്റേയും പൗരസമൂഹത്തിന്റേയും മാനദണ്ഡങ്ങൾക്കനുസരിച്ച് ഇന്ത്യൻ സമൂഹത്തെ മാമോദീസ മുക്കാൻ പുറപ്പെട്ടവരായിരുന്നല്ലോ കോളനിഭരണാധികാരികളും അവരുടെ സഹായികളുമെന്നും ഗുപ്ത പറയുന്നുണ്ട്(2001: 38).'.

'ലീലാതിലകത്തിന്റെ സാംസ്‌കാരികരാഷ്ട്രീയം' എന്ന നാലാം ലേഖനം സംസ്‌കൃതസാഹിത്യത്തിനും സാഹിത്യ മീമാംസക്കുമുണ്ടായിരുന്ന അധീശത്വത്തെ ചോദ്യം ചെയ്ത ഗ്രന്ഥമാണ് ലീലാതിലകം എന്നു സ്ഥാപിക്കുന്നു. 'രാഷ്ട്രീയസംസ്‌കൃത'ത്തിന്റെ (Political Sanskrit-Sheldon Pollock ന്റെ നിരീക്ഷണം) സാംസ്‌കാരിക മേൽക്കോയ്മയോടു പൊരുതി ഭാഷ, സാഹിത്യം എന്നീ രണ്ടു മണ്ഡലങ്ങളിലും പിടിച്ചുനിന്ന കേരളഭാഷയുടെ പക്വത വിളംബരം ചെയ്യുന്ന കൃതിയായി ലീലാതിലകത്തെ വിശദീകരിക്കുന്ന പഠനലേഖനം.

ഇനിയുള്ള നാലുലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഏറ്റവും വിശദവും കാലികവുമായി മണിപ്രവാളത്തെയും മണിപ്രവാളപഠനത്തെയും സൗന്ദര്യാത്മകവും അക്കാദമികവുമായ മണ്ഡലങ്ങളിൽ സാംസ്‌കാരിക വിമർശനത്തിന്റെ മാതൃകാ പാഠങ്ങളാക്കി പ്രതിഷ്ഠിക്കുന്നത്.

മണിപ്രവാളസാഹിത്യത്തെക്കുറിച്ചു നിലനിൽക്കുന്ന സദാചാരവിമർശനങ്ങൾ കൊളോണിയൽ ആധുനികതയുടെ സൃഷ്ടിയാണെന്നു സമർഥിക്കുന്ന ദിലീപ്, മണിപ്രവാളകൃതികളിലെ ശരീരവർണനക്കു പിന്നിൽ സംസ്‌കൃത മഹാകാവ്യപാരമ്പര്യത്തെക്കാൾ കേരളീയ രംഗകലാ പാരമ്പര്യങ്ങളാണ് സ്വാധീനം ചെലുത്തിയത് എന്നു വിശദീകരിക്കുന്നു. ഇന്ത്യൻ ക്ഷേത്ര ശില്പ, ചിത്ര കലാശൈലികളിലെ ശരീരരൂപങ്ങളുടെ നഗ്നതയെ സൗന്ദര്യശാസ്ത്രപരമായി വ്യാഖ്യാനിക്കുന്ന നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ദിലീപ് എഴുതുന്നു:

'രതിപരതയും ശരീരപരതയും, ഭാരതീയസംസ്‌കാരത്തിലേയും സാഹിത്യത്തിലേയും അതിസാധാരണമായ ഒരു സൗന്ദര്യാംശമാണ്. ഇതൊന്നും അശ്ലീലത്തിന്റെ പേരിൽ മണിപ്രവാളത്തെ വിമർശിച്ചവർ ശ്രദ്ധിച്ചില്ല. ഡക്കാനിലേയും ഉത്തരഭാരതത്തിലേയും രാജകൊട്ടാരങ്ങളോ ഹിന്ദുക്ഷേത്രങ്ങളോ മാത്രമല്ല, ഇവിടങ്ങളിലൊക്കെയുള്ള ബൗദ്ധചൈത്യങ്ങളും സ്തൂപങ്ങൾപോലും മാദകങ്ങളായ സ്ത്രീശരീരപ്രതിനിധാനങ്ങൾ ഉൾക്കൊള്ളുന്നവയാണ്. സാഞ്ചിയിലെ സ്തൂപം ഇക്കാര്യത്തിൽ സവിശേഷസ്ഥാനമർഹിക്കുന്നു. ഖജുരാഹോ, കോണാർക്ക് എന്നിവിടങ്ങളിലെ രതിശില്പങ്ങളും ലോകപ്രസിദ്ധങ്ങളാണ്. ലൈംഗികതയുടെ പേരിൽ ഭാരതീയ സംസ്‌കാരത്തെ വിമർശിച്ചവർ ഗ്രീക്കോ-റോമൻശില്പങ്ങളിലെ നഗ്നത യെക്കുറിച്ച് എന്തുപറയുമോ ആവോ. അവയാകട്ടെ, മനുഷ്യശരീരത്തിന്റെ അനുപാതംപോലും അതേപടി കൃത്യതയോടെ പിൻതുടരുന്നവയാണ്. ഒന്നു ശ്രദ്ധിക്കേണ്ടതുണ്ട്. കേവലം വിവസ്ത്രമായ അവസ്ഥ (nakedness)യല്ല, കലാത്മകമായ നഗ്നതയെന്ന്(nudity) ഭാരതീയർക്കറിയാമായിരുന്നു. ചൈത്യങ്ങളേയും ക്ഷേത്രങ്ങളേയും അലങ്കരിക്കാനും നഗ്നശില്പങ്ങൾ ഉപയോഗിച്ചത് ഇതുകൊണ്ടാണ്. പറഞ്ഞുവന്നത്, ഇവയുടെ നേർത്തുടർച്ചകളാണ് മണിപ്രവാളത്തിലേയോ മറ്റു സാഹിത്യങ്ങളിലേയോ വർണനകൾ എന്നല്ല. മറിച്ച്, ലാവണ്യംതുളുമ്പുന്ന സ്ത്രീശരീരത്തിന്റെ വ്യത്യസ്തങ്ങളായ ആഖ്യാനങ്ങളെ പാപമായി കാണുന്ന കാഴ്ച ഭാരതീയസംസ്‌കൃതിയിലില്ലായിരുന്നു എന്നാണ്. '.

തമിഴ്, തെലുഗു, ഹിന്ദി സാഹിത്യപാരമ്പര്യങ്ങൾ ഉദാഹരിച്ച് മലയാളത്തിനു മാത്രമായി സംഭവിച്ച ധാർമ്മികാപഭ്രംശമല്ല മണിപ്രവാളകൃതികളിലെ ശരീര-രതിവർണനയെന്നും ഭക്തിയുടെ പ്രത്യയശാസ്ത്രംകൊണ്ട് ഇതര പാരമ്പര്യങ്ങൾക്കു നൽകുന്ന ആധ്യാത്മിക പരിവേഷം മണിപ്രവാളത്തിനു കൈവരാതെ പോയതാണ് യഥാർഥ പ്രശ്‌നമെന്നു സമർഥിക്കുന്നു ഗ്രന്ഥകാരൻ.

'അങ്ങാടിപ്പെരുമ' എന്ന ലേഖനം മണിപ്രവാളസാഹിത്യത്തിന്റെ മികച്ച സാമൂഹ്യശാസ്ത്രവിശകലനവും സാംസ്‌കാരിക രാഷ്ട്രീയാപഗ്രഥനവുമാണ്. 'ഇന്ദുലേഖ'യിലെ പതിനെട്ടാമധ്യായത്തെപ്പറ്റി എംപി. പോൾ പറഞ്ഞതുപോലെ, വിട്ടുവായിക്കാവുന്നവയാണ് മണിപ്രവാളകൃതികളിലെ അങ്ങാടിവർണനകൾ എന്ന ഇളംകുളം കുഞ്ഞൻപിള്ളയുടെ സമീപനത്തെയാണ് ഇവിടെ ദിലീപ് നേരിട്ടേറ്റെടുക്കുന്നതും സയുക്തികം നിരാകരിക്കുന്നതും. ഉണ്ണുനീലിസന്ദേശം, ഉണ്ണിയാടിചരിതം, അനന്തപുരവർണനം എന്നീ കാവ്യങ്ങളിലെ അങ്ങാടിവർണനകൾ മുൻനിർത്തി അന്നത്തെ ജിവികാസമ്പാദനം, സമൂഹരൂപീകരണം, ഉപഭോഗസംസ്‌കാരം, കച്ചവടബന്ധങ്ങൾ, പണത്തിന്റെ     ഉപയോഗം തുടങ്ങിയവ സവിസ്തരം അപഗ്രഥിക്കുന്നു, ഈ ലേഖനം.

'മനുഷ്യർക്കുമാത്രമല്ല, അവർ ഉപയോഗിച്ചുപോരുന്ന ഉപഭോഗവസ്തുക്കൾക്കുമുണ്ട് സാമൂഹികവും സാംസ്‌കാരികവുമായ ജീവിതം. സൂക്ഷ്മാവലോകനത്തിന്നു വിധേയമാക്കിയാൽ മനുഷ്യവ്യക്തികളുടെ ജീവചരിത്രങ്ങൾ ദേശചരിത്രത്തിലേയും ലോകചരിത്രത്തിലേയും ഇരുൾമൂടിയ ചില മൂലകളിലേക്കു വെളിച്ചംവീശുന്നതു കാണാം. ചരക്കുകൾക്കുമുണ്ട്, ഇതുപോലെ പ്രസക്തമായ ജീവചരിത്രം. എന്നാൽ സ്വരുക്കൂട്ടിയെടുക്കൽ എളുപ്പമല്ലാത്തതുകൊണ്ട് ഇതു പക്ഷേ, വേണ്ടവിധത്തിൽ എഴുതിയിട്ടില്ല, മലയാളത്തിലെങ്കിലും. ആദ്യത്തെ വകുപ്പിലുള്ളവ ബൃഹച്ചരിത്രങ്ങളും (macro-history) രണ്ടാമത്തേത് സൂക്ഷ്മചരിത്ര(micro-history)ങ്ങളുമാണ്.                        

വ്യക്തികളെപ്പോലെ ചരക്കുകളും ഒറ്റപ്പെട്ട പ്രതിഭാസങ്ങളല്ല, അവ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഒരു സങ്കീർണഘടനയുടെ ജീവാംശമാണ്. ഇവിടെ കുതർക്കത്തിന്നു വഴിയുണ്ട് - വ്യക്തികളെപ്പോലെ ചരക്കുകൾക്കും മരണമുണ്ടോ? ഉണ്ടാവണം. ഒരു ഉൽപ്പന്നത്തിന് ഉപഭോഗത്തിന്റെ ലോകത്തുള്ള ജീവിതം 'ചരക്കു'രൂപത്തിലാണ്. ഉപയുക്തതാപരിധിയിൽനിന്ന് പുറത്താവുന്നതാണ് അതിന്റെ മരണം. ഇക്കാര്യം പക്ഷേ, ഇവിടെ ചർച്ചാവിഷയമല്ല.'സാമ്പത്തികശാസ്ത്രമോ സാമ്പത്തികനരവംശശാസ്ത്രമോ ആണ് അതിന്റെ വേദി. മണിപ്രവാളകാവ്യങ്ങളിൽ ഏറെ പരാമർശിച്ചുകാണുന്ന മധ്യകാലകേരളത്തിലെ അങ്ങാടിച്ചരക്കുകളുടെ സാമൂഹിക-സാംസ്‌കാരികജീവിതത്തെക്കുറിച്ചുള്ള ഒരു വിശകലനമാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം.

ഉണ്ണിയാടീചരിതത്തിൽ ഇരുനൂറ്റമ്പതിന്നടുത്തും അനന്തപുരവർണ്ണനത്തിൽ ഇരുനൂറ്റിരുപതിലധികവും പയ്യന്നൂർപാട്ടിൽ നൂറ്റിയെൺപതോളവും ഉണ്ണുനീലിസന്ദേശത്തിൽ എൺപതിന്നടുത്തും ചരക്കുകളുടെ പേർ പറഞ്ഞുകാണാം. ഇവയിൽ മിക്കതും നാലിടത്തുമുണ്ട്. ചില ചരക്കുകളുടെ പേർ ഒരേ കൃതിയിൽത്തന്നെ ആവർത്തിക്കുകയും ചെയ്യും. എന്താണ് ഇവയുടെ പ്രസക്തി?  വിപ്രലംഭശൃംഗാരത്തെ ആട്ടിയോടിക്കാനുള്ള സൂത്രപ്പണിയാണ് ഇതെന്ന് ശുദ്ധസാഹിത്യവാദികളായ ചില നിരൂപകർ സംശയിച്ചുപോന്നു. ഇക്കാലത്തും ആ സ്ഥിതിക്കു വലിയ മാറ്റം വന്നിട്ടില്ല.

ഒട്ടടുത്തുനോക്കിയാൽ ഒരു കാര്യം മനസ്സിലാകും. ഇവയിൽ പലതും ആ കാലത്ത് അതതുനാടുകളിലെ ജനങ്ങൾ ഉല്പാദിപ്പിച്ചും കൈമാറ്റം ചെയ്തും ഉപയോഗിച്ചുംപോന്ന ചരക്കുകളാണ്. മറ്റുള്ളവയാവട്ട, പുറംനാടുകളിൽനിന്നെത്തിയവയും-'ഭക്ഷ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, തുണിത്തരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, മരുന്നുകൾ, ആർഭാടവസ്തുക്കൾ തുടങ്ങിയ നിത്യോപയോഗവസ്തുക്കൾതന്നെ. അനുഷ്ഠാനസന്ദർഭങ്ങളിൽമാത്രം ഉപയോഗിച്ചുപോന്നവയും ഇല്ലാതില്ല. ലോകചരിത്രത്തിലെ കേൾവിയും കേൾപ്പോരുമുള്ള, പേരും പെരുമയുംപെട്ട എല്ലാ സമൂഹങ്ങളിലും ഏറിയോ കുറഞ്ഞോ ഇവയുണ്ടായിട്ടുണ്ട്. ഇല്ലാത്തവർ ഉള്ളയിടങ്ങൡലക്ക് ചെന്നടക്കിയിട്ടുമുണ്ട്. അങ്ങനെ വരുമ്പോൾ, അങ്ങാടിയും ചരക്കുകളും ഒരു സമൂഹത്തിന്റെ ജീവിതത്തിലേക്കുള്ള ചൂണ്ടുപലകയാവുന്നതു കാണാം. ചരക്കുകൾ വളരെ സങ്കീർണ്ണങ്ങളായ സാമൂഹികരൂപങ്ങളെ പ്രതിനിധാനം ചെയ്യുന്നതായി അപ്പാദുരൈ നിരീക്ഷിച്ചിട്ടുണ്ട്. മാത്രവുമല്ല, വിജ്ഞാനവിതരണത്തേയും ഇത് അടയാളപ്പെടുത്തും (Appadurai 1998: 41). സാങ്കേതികവും സാമൂഹികവും സൗന്ദര്യാത്മകവുമായ (aesthetic) വിജ്ഞാനങ്ങളെക്കൂടിയാണ് ചരക്കുകൾ പ്രതിനിധാനം ചെയ്യുന്നത് എന്നു മനസ്സിലാക്കിയാൽ മണിപ്രവാളകൃതികളിലെ അങ്ങാടിവർണനകൾക്ക് അർത്ഥം തെളിയുകയായി.'.

നിസംശയം പറയാം, മണിപ്രവാളസാഹിത്യത്തിന്റെ ചരിത്രാധിഷ്ഠിതവും പാഠകേന്ദ്രിതവും പ്രത്യയശാസ്ത്രനിഷ്ഠവുമായ സാംസ്‌കാരിക വിശകലനമെന്ന നിലയിൽ മലയാളത്തിലെഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമായ പ്രബന്ധമാണിത്.

'മരുന്നും മന്ത്രവും' എന്ന ലേഖനം മണിപ്രവാളത്തിലുണ്ടായ വൈദ്യം, ജ്യോതിഷം, ഗണിതം, മന്ത്രവാദം തുടങ്ങിയ ശാഖകളിൽപെട്ട ഗ്രന്ഥങ്ങളുടെ ചർച്ചയാണ്. കേരളീയ ജനസമൂഹത്തിന്റെ ജ്ഞാനവൈവിധ്യവും മലയാളത്തിന്റെ ശാസ്ത്രഗ്രന്ഥനിർമ്മാണശേഷിയും ഒരുപോലെ സ്ഥാനപ്പെടുത്തുന്ന നൂറുകണക്കിനു ഗ്രന്ഥങ്ങൾ മുൻനിർത്തിയുള്ള പഠനം. കാലിക്കറ്റ് സർവകലാശാലയിൽ മാത്രം ഇരുപത്തിരണ്ട് വകുപ്പുകളിലായി തരംതിരിച്ചു വച്ചിട്ടുള്ള 1600 ൽ പരം ശാസ്ത്രഗ്രന്ഥങ്ങളുണ്ട്. ആറു വിഭാഗങ്ങളിൽ പെടുത്തി, പൂർണങ്ങളും അപൂർണങ്ങളുമായ ഈ കൃതികൾ അടുത്തറിയാൻ ശ്രമിക്കുകയാണ് ദിപീല്. ഭൗതികശാസ്ത്രശാഖയായിരുന്ന ആയുർവേദത്തിനു കൈവന്ന താന്ത്രികസ്വഭാവത്തെക്കുറിച്ചും മറ്റുമുള്ള സൂക്ഷ്മവും ശ്രദ്ധേയവുമായ നിരീക്ഷണങ്ങൾ ഈ ഭാഗത്തുണ്ട്.

'യഥാർത്ഥത്തിൽ വൈദ്യശാസ്ത്രം, വിശിഷ്യ ആയുർവേദം, ശുദ്ധമായ ഭൗതികാടിത്തറയിൽ നിൽക്കുന്ന ശാസ്ത്രമാണ്. ദ്രവ്യഗുണപ്രധാനമാണ് അതിന്റെ പ്രത്യയശാസ്ത്രം. ത്രിദോഷസങ്കൽപത്തിലാണ് അത് അധിഷ്ഠിതമായിരിക്കുന്നത്. അതിനാൽ രോഗം വരുന്നത്, വാതപിത്തകഫാദികൾക്കു ണ്ടാവുന്ന ദോഷംകൊണ്ടാണെന്നും രോഗം മാറുന്നത്, ഔഷധത്തിന്റെ ഗുണംകൊണ്ടാണെന്നും ഈ ശാസ്ത്രം പറയും. എങ്കിലും ഇതു പ്രാദേശികസംസ്‌കൃതികളിലേക്കു പകർന്നപ്പോൾ ഭൗതികേതരമായ ഘടകങ്ങൾക്ക് ചികിൽസയിൽ മുമ്പും കൈയും കിട്ടാൻ തുടങ്ങി; ഔഷധവിജ്ഞാനീയത്തിലേക്ക് മന്ത്രവാദം കടന്നുവന്നു. മനോരോഗചികിൽസയിലും വിഷചികിൽസയിലും ഈ രോഗനിദാനപദ്ധതി കയറിക്കൂടി. ഈ പരിണാമത്തിന്റെ അടയാളങ്ങളും ഗ്രന്ഥങ്ങളിലുണ്ട്. ഉന്മാദവിഭാഗങ്ങളും ലക്ഷണവും ചികിൽസയും വിവരിക്കുന്ന ഒരു ഗ്രന്ഥത്തിൽ(കാലിക്കറ്റുശേഖരം, 327-O), ഒരു മന്ത്രം അറുപത്തിനാലുരു ജപിച്ച് പന്ത്രണ്ടുനേരം പഞ്ചഗവ്യം സേവിപ്പിക്കാൻ വിധിക്കുന്നതുകാണാം. പഞ്ചഗവ്യത്തിന്റെ ഔഷധഗുണത്തേക്കാൾ മന്ത്രത്തിന്റെ രോഗസംഹാരശേഷിയിലാണ് പ്രയോക്താക്കളുടെ ഊന്നൽ എന്നർത്ഥം!'വിഷനാരായണീയം മണിപ്രവാളം, വിഷമോചനം തുടങ്ങിയ ഗ്രന്ഥങ്ങളും മന്ത്രൗഷധചികിൽസ ശുപാർശചെയ്യുന്നു'.

മണിപ്രവാളസാഹിത്യത്തിന്റെ രൂപപദ്ധതി മുൻനിർത്തി ആ ശാഖയിൽപെടുന്ന കൃതികൾക്കു കൈവരുന്ന ആഖ്യാനഘടനയും ശൈലീസ്വരൂപങ്ങളും വിശദീകരിക്കുന്നു, അവസാന ലേഖനം. സ്ത്രീ, അച്ചി, വേശ്യ, അശ്ലീലം, രാജാവ്, ദേവത, നഗരം എന്നിവയൊക്കെ സ്തുതിക്കുകയും വർണിക്കുകയും ചെയ്യുന്ന മണിപ്രവാളഭാവനയുടെ സാംസ്‌കാരികാബോധത്തെ അവയുടെ രൂപരാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ചർച്ചചെയ്യുകയാണ് ദിലീപ്. എത്രയെങ്കിലും കൃതികൾ ഉദാഹരിച്ചും പാഠഭാഗങ്ങൾ നിരൂപിച്ചും ഇതര സാഹിത്യപ്രസ്ഥാനങ്ങളുമായി തുലനം ചെയ്തും സൗന്ദര്യഭാവനയുടെയും ഭാഷാവ്യവസ്ഥയുടെയും ഉഭയജീവിതം നിറവേറ്റുന്ന മൂർത്തസന്ദർഭങ്ങളായി ഈ ഘടകത്തെ ദിപീല് ചൂണ്ടിക്കാണിക്കുന്നു.

തന്റെ മണിപ്രവാളപഠനങ്ങളെ സാധൂകരിക്കുന്ന ശില്പ, ചിത്ര പാഠങ്ങളുടെയും നാണയങ്ങളുടെയും ഈ വിഷയത്തിൽ എഴുതപ്പെട്ട ആദ്യകാല ലേഖനങ്ങളുടെയും വിപുലമായ അനുബന്ധങ്ങളും ഈ പുസ്തകത്തിനു ദിലീപ് ചേർക്കുന്നുണ്ട്.

സംഗ്രഹിച്ചു പറഞ്ഞാൽ, ബഹുവൈജ്ഞാനികവും അന്തർവൈജ്ഞാനികവുമായ സംസ്‌കാരവിശകലനസമീപനങ്ങൾ പിന്തുടരുന്നുവെന്നതാണ് ദിലീപിന്റെ മണിപ്രവാളവായനകളെ മൗലികമാക്കുന്നത്. ദേശചരിത്രം, സാമൂഹ്യവിജ്ഞാനം, കൊളോണിയൽ പഠനങ്ങൾ, സാമ്പത്തികശാസ്ത്രം, പാഠവിമർശനം, ഭാഷാശാസ്ത്രം, ഹസ്തലിഖിതവിജ്ഞാനം, പൗരസ്ത്യവാദം, വൈദ്യം, സാഹിത്യചരിത്രവിജ്ഞാനീയം, പ്രകടന/കലാപഠനം, ശരീരപഠനം, സാംസ്‌കാരികപഠനങ്ങൾ.... എന്നിങ്ങനെ നിരവധി വിജ്ഞാന-വ്യവഹാരപദ്ധതികളുടെ ചുവടുപിടിച്ചും അവയെ അന്തർവൈജ്ഞാനികമായി സ്വാംശീകരിച്ചുമാണ് തന്റെ മണിപ്രവാളപഠനങ്ങൾ ദിലീപ് ക്രോഡീകരിക്കുന്നത്. ഇത്തരമൊരു കാഴ്ചപ്പാടിൽ മണിപ്രവാളമെന്ന സാംസ്‌കാരിക വ്യവസ്ഥയെയും സൗന്ദര്യഭാവനയെയും അക്കാദമിക വിഷയത്തെയും സൈദ്ധാന്തിക സൂക്ഷ്മതയോടും പ്രായോഗിക സുതാര്യതയോടും കൂടി സമീപിക്കാൻ തന്റെ തലമുറയിൽ രണ്ടാമതൊരാളില്ല എന്ന വസ്തുത ദിലീപിന്റെ ഈ ഇടപെടലുകളുടെയും പുനർവായനകളുടെയും പ്രസക്തി വർധിപ്പിക്കുകയും ചെയ്യുന്നു.

പുസ്തകത്തിൽനിന്ന്

'കേരളത്തിൽ(ഭാരതത്തിലും) ആധുനികതയിലൂന്നിയ ദേശരാഷ്ട്ര സങ്കൽപം രൂപപ്പെടുന്നത് 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ്. ഈ ദേശീയാധുനികതയുടെ അടിസ്ഥാനഘടകങ്ങളിലൊന്ന് കോളനിഭരണംവഴി ഇവിടെ പകർെന്നത്തിയ വിക്‌ടോറിയൻസദാചാരമാണ്. ദേശീയത, അതിനോടു പൊരുത്തപ്പെടാവുന്ന പ്രത്യയശാസ്ത്രങ്ങളെ സ്വീകരിച്ചും അല്ലാത്തവയെ തള്ളിക്കളഞ്ഞുമാണ് മുന്നോട്ടു പോവുക. നിരവധി ഒതുക്കലുകളിലൂടെയും ഒരുക്കലുകളിലൂടെയുമാണ് കൊളോണിയൽ ആധുനികത ഭാരതീയജീവിതത്തെ 'അന്തസ്സുറ്റ' നിലവാരത്തിലേക്ക് പാകപ്പെടുത്തിയത്. ഇവിടെ ലൈംഗികതയ്ക്കും ശരീരപ്രധാനമായ ആവിഷ്‌കാരങ്ങൾക്കുമാണ് അടി പറ്റിയത്. ഇവ, സ്വദേശികളും വിദേശികളുമായ ബുദ്ധിജീവികൾ ദേശീയാധുനികതയുടെ മുഖമുദ്രയാക്കിയ, ആത്മീയതയുടെ എതിർദ്വന്ദമായി. തൽഫലമായി വിക്‌ടോറിയൻ ഇംഗ്ലണ്ടിലെപ്പോലെ പ്രണയവും ലൈംഗികതയും സ്വകാര്യതയുടെ ഇടങ്ങളിലേക്ക് ഒതുക്കേണ്ടവയായി.

In the early twentieth century a moral panic of sorts gripped a section of the British and Hindu middle classes, creating anxieties regarding questions of sexuality..…The creation of a 'civilised' and 'appropriate' literature paves way for a new kind of aesthetics and for the fashioning of a modern collective Hindu identity - Charu Gupta(2001 : 30).

20-ാം നൂറ്റാണ്ടിലെ ഭാരതീയചിന്താമണ്ഡലത്തിൽ പാശ്ചാത്യവിജ്ഞാനങ്ങൾക്കു വലിയ സ്വീകാര്യതയുണ്ടായിരുന്നു. അതിൽ ആദ്യത്തേത് നിയമത്തിന്റെ മണ്ഡലത്തിലാണ്. കോളനിനിവാസികളെ മെരുക്കാനുള്ള നിയമനിർമ്മാണങ്ങളുടെ കാലമാണിത്. അവരുടെ സമസ്തവ്യവഹാരങ്ങളേയും നിയമത്തിന്നുകീഴിൽ കൊണ്ടുവരികയായിരുന്നു ഭരണക്കാർ ആദ്യംചെയ്തത്. കൂട്ടത്തിൽ അശ്ലീലവും അസഭ്യവുമായ എന്തിനേയും കൈകാര്യം ചെയ്യാനുള്ള നിയമങ്ങളുമുണ്ടായി. 19-ാം നൂറ്റാണ്ടൊടുവായപ്പോഴേക്കും അതിനുതക്ക വകുപ്പുകൾ ഇന്ത്യൻശിക്ഷാനിയമത്തിൽ ചേർത്തുകഴിഞ്ഞിരുന്നു. 1898-ൽ അശ്ലീലപ്രസിദ്ധീകരണങ്ങൾ തപാൽവഴി അയക്കുന്നതു നിരോധിക്കാനുള്ള നിയമവും നടപ്പിൽവന്നുവെന്ന് ഗുപ്ത പറയുന്നുണ്ട്(2001: 30-31). ഭരിക്കപ്പെടുന്നവന്റെ സദാചാരസംരക്ഷണമാണല്ലോ ഭരിക്കുന്നവന്റെ അടിയന്തിരകൃത്യം! അതുകൊണ്ടു സമകാലികകൃതികളെ മാത്രമല്ല, മുൻകാലരചനകളെപ്പോലും ഈ കാഴ്ചപ്പാടുകാർ വെറുതെവിട്ടില്ല.

18-ാം നൂറ്റാണ്ടിൽ മുദ്ദു പളനി എന്ന തെലുഗുകവയിത്രി രാധികാസ്വാന്തനം  എന്ന ഒരു കൃതി രചിക്കുകയണ്ടായി. രാധാകൃഷ്ണന്മാരുടെ രതിബന്ധങ്ങളുടെ വലിയ ഒരു തുറന്നെഴുത്തായിരുന്നു ആ കാവ്യം. ഇതിന്റെ പൂർണമോ അപൂർണമോ ആയ ഒട്ടേറെ പകർപ്പുകൾ ആധുനികപൂർവാന്ധ്രയിലും സമീപപ്രദേശങ്ങളിലും പ്രചരിച്ചിരുന്നു.  19-ാംനൂറ്റാണ്ടൊടുവിൽ ആന്ധ്രാസാഹിത്യചരിത്രമെഴുതിയ കണ്ടുകാരി വീരേശലിംഗം ഈ കൃതിയെപ്പറ്റി പറഞ്ഞത് അതൊരു വ്യഭിചാരിണിയുടെ(adultruss) കൃതിയാണെന്നായിരുന്നു. ഒട്ടേറെ കൈയെഴുത്തുപ്രതികൾ പരിശോധിച്ച് 1910-ൽ ബാംഗ്‌ളൂർ കെ. നാഗരത്‌നമ്മ എന്നൊരു നർത്തകിയാണ് ഇതു കണ്ടുപിടിച്ചു പ്രസിദ്ധീകരിച്ചത്. 1911-ൽ സർക്കാർവിവർത്തകനായ കങ്കരാജപങ്കലു അതിലെ ചില ഭാഗങ്ങൾ വിവർത്തനം ചെയ്തു കൊടുത്തതോടെ ഈ കൃതി ഇന്ത്യൻപ്രജകളുടെ മാനസികാരോഗ്യം തകർക്കുമെന്നും പറഞ്ഞ് പൊലീസ് കമ്മീഷണറായിരുന്ന കണ്ണിങ്ഹാം അതിന്റെ പ്രതികൾ പിടിച്ചെടുത്തു. പ്രസാധകർ ഹരജികൊടുത്തെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യൻ പീനൽകോഡിന്റെ സെക്ഷൻ 292 അനുസരിച്ച് കൃതി നിരോധിക്കുകതന്നെ ചെയ്തു(സൂസി താരു, കെ. ലളിത, 1991: 4). പാരീസിലും(1910) ജനീവയിലും (1923)വച്ചു നടന്ന സമ്മേളനങ്ങളുടെ ഫലമായി 1925 ആയപ്പോഴേക്കും അശ്ലീലപ്രസിദ്ധീകരണങ്ങൾ നിരോധിക്കാനുള്ള നിയമവും രംഗത്തെത്തി. സംശുദ്ധമായ ഒരു ഇന്ത്യൻസാഹിത്യം നിർമ്മിക്കുന്നതിന്ന് ഇതെല്ലാമാവശ്യമായിരുന്നുവത്രേ(ഗുപ്ത 2001: 31). അങ്ങനെ ഇന്ത്യയിലുടനീളം നിലവാരമുള്ളതും ശുദ്ധീകരിച്ചതുമായ സാഹിത്യമാനദണ്ഡങ്ങൾ, അഭ്യസ്തവിദ്യരായ മധ്യവർഗക്കാർക്ക,് ദേശീയാസ്തിത്വത്തിന്റേയും സംസ്‌കൃതിയുടേയും ഭാഗമായി. ഉത്തരേന്ത്യയെ ഇളക്കിമറിച്ച ഈ ചലനങ്ങളെയെല്ലാം പ്രതിരോധിക്കാനുള്ള ശേഷി പാവം സഹ്യപർവതത്തിന്നുണ്ടായിരുന്നില്ല!

രണ്ടാമതായി ബൗദ്ധികമണ്ഡലങ്ങളിലുണ്ടായ മാററമാണ് സാഹിത്യപഠ നങ്ങളിൽ വലിയ സ്വാധീനമായി കടന്നുവന്നത്. ഈ കാലത്ത്, അക്കാദമികചിന്തയിൽ ചരിത്രത്തിന്നും ഭൂമിശാസ്ത്രത്തിന്നും കിട്ടിയ ജ്ഞാനശാസ്ത്രപരമായ മേൽക്കോയ്മ, കൃതികളിൽനിന്നു നേരിട്ട് ചരിത്രം വായിച്ചെടുക്കാമെന്ന വ്യാമോഹത്തിനു വഴിവെച്ചു. കൃതി കാലത്തിന്റെ കണ്ണാടിയാണെന്ന തെറ്റിദ്ധാരണയായിരുന്നു ഈ പദ്ധതിയുടെ കാതൽ. വ്യക്തിയുടെ മുഖം കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ ഒരു സമുദായത്തിന്റെ മുഖഭാവം അതിന്റെ സാഹിത്യത്തിൽ പ്രതിഫലിക്കുമെന്ന് എം. ആർ നായർ സിദ്ധാന്തിച്ചതു  നോക്കുക. പരാവർത്തനമാണ് ഈ വിശ്വാസക്കാരുടെ മുഖ്യവിശകലനപദ്ധതി. പറയാതിരിക്കാൻ വയ്യ, ഇവരിലെ മുൻനിരക്കാരനായിരുന്നു ഇളംകുളം.  സംഘംകൃതികളേയും പ്രാചീന-മദ്ധ്യകാലകൃതികളേയും ഏറക്കുറെ, നേരെ ചരിത്രവസ്തുതകളായി പരാവർത്തനം ചെയ്യുന്ന പഠനപദ്ധതിയായിരുന്നു ഇദ്ദേഹത്തിന്റേത്. ഇവിടെ കുഴപ്പമുണ്ടാക്കിയത് രണ്ടു ഘടകങ്ങളാണ്. ഒന്ന്, പ്രാചീനകൃതികളിലെ ചരിത്രസൂചനകളെ, ചരിത്രവസ്തുതകളായി പരാവർത്തനംചെയ്യാനുള്ള അത്യാവേശം. ഇതോടൊപ്പം, പ്രാദേശികമായ പ്രത്യേകതകൾ ഒട്ടുംതന്നെ പരിഗണിക്കാതെ ദക്ഷിണേന്ത്യൻചരിത്രത്തെ ഏകശിലാരൂപമായി കാണാൻ നടത്തിയ ശ്രമം. ''കൊ.വ. ആദിശതകങ്ങളിൽ കേരളത്തിനും പാണ്ഡ്യചോളരാജ്യങ്ങൾക്കും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടായിരുന്നതുകൊണ്ട് തെക്കേഇന്ത്യ മുഴുവൻ ഒന്നെന്നനിലയിൽ വീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.''(2005: 814). ഓരോ പ്രദേശത്തേയും ഭൗതികസാഹചര്യങ്ങൾക്കനുസരിച്ചേ അതതിടങ്ങളിൽ സമൂഹരൂപീകരണം നടക്കൂവെന്ന ചരിത്രസത്യം ഇളംകുളത്തിന് തിരിഞ്ഞില്ല എന്നല്ലേ കരുതേണ്ടത്? അതും പഴന്തമിഴ്പാട്ടുകളെക്കുറിച്ച് അത്യാവശ്യം ധാരണയുണ്ടായിരുന്നിട്ടും! ഏകസത്യത്തെ പിന്തുടരുന്ന  ആധുനികതയുടെ രീതിശാസ്ത്രം പറ്റിച്ച പറ്റായിരുന്നു ഇത്. അതുകൊണ്ട്, ഉണ്ണുനീലിസന്ദേശത്തിലെ സന്ദേശഹരൻ പോയവഴി ഭൂപടം വരച്ച് അടയാളപ്പെടുത്തുകവരെ ചെയ്തു അദ്ദേഹം. സന്ദേശഹരന്മാർ പോവാറില്ലെന്ന കാര്യം ഈ ഗവേഷകൻ മറന്നുപോയി.

കോളനിഭരണം വഴി ഇന്ത്യയിൽ പ്രചരിച്ച പാശ്ചാത്യാധുനികതയും (Western Modernity)അതിന്റെ ലൈംഗികപ്രത്യയശാസ്ത്രവുമാണ് കേരളത്തിൽ മണിപ്രവാളകൃതികളെ ജീർണസംസ്‌കാരത്തിന്റെ ഉൽപ്പന്നങ്ങളാക്കിയത്. ശരീരത്തേയും ലൈംഗികതയേയും നിഷേധിക്കുന്ന പ്രവണത അക്കാദമികപഠനങ്ങളിലെ ഫാഷനാവുകയായിരുന്നു. ധാർമികതയായിരുന്നു ജീവിതത്തിന്റെ ഏക മാനദണ്ഡം. അതുകൊണ്ടു മറുവശത്ത് ആധ്യാത്മികസ്പർശമുള്ള എന്തിനേയും സ്തുതിക്കാനും  ഇവർ തയ്യാറായി. അങ്ങനെ ഭക്തിസാഹിത്യം മണിപ്രവാളത്തിന്റെ എതിർചേരിയിലായി. എന്നല്ല, വന്നുവന്ന് എന്തിനും ഏതിനും മണിപ്രവാളത്തെ വിമർശിക്കാമെന്നുമായി- ''വശ്യവചസ്സുകളായ വെണ്മണി, ചേലപ്പറമ്പ്, ശീവൊള്ളി മുതലായവരുടെ ഒറ്റശ്ലോകങ്ങളും പൂരപ്രബന്ധവും നമ്മുടെ സാഹിത്യത്തിൽ ഉണ്ടാകേണ്ടിയിരുന്നില്ല''(കരുണാകരൻനായർ, 1940: 232). ജനിതകദോഷം ചൂണ്ടിക്കാണിച്ചു വിമർശിക്കുന്നതു പോട്ടെ, ജനിക്കാനേ പാടില്ലായിരുന്നുവെന്നു പറഞ്ഞാൽ? അറുപതുകളുടെ അന്ത്യത്തിൽ പുറത്തിറങ്ങിയ രൂപത്തിലെങ്കിലും ലഭ്യമായ വൈശികതന്ത്രം അക്കാലത്തു പുറത്തുണ്ടായിരുന്നുവെന്നുവയ്ക്കുക. അന്നു കരുണാകരൻനായർ  ബ്രിട്ടീഷ്‌കോടതിയിൽ പോയിരുന്നെങ്കിൽ അവർ കൃതി കണ്ടുകെട്ടാനും നശിപ്പിക്കാനും സാധ്യതയുണ്ടായിരുന്നു. പ്രസാധകർക്കെതിരെ നിയമനടപടികളുമുണ്ടാവും. അങ്ങനെയായിരുന്നല്ലോ അക്കാലത്തെ അവസ്ഥ. ആന്ധ്രയിൽ സംഭവിച്ചത് അതായിരുന്നു. ഏതായാലും ഏറെ പഴികേട്ട പൂരപ്രബന്ധത്തെപ്പറ്റി ആരും അക്കാലത്തു കോളനിയധികാരികൾക്കു പരാതികൊടുക്കാഞ്ഞത് മലയാളത്തിന്റെ ഭാഗ്യം!'.

അകക്കാഴ്ചകൾ
മണിപ്രവാളപഠനങ്ങൾ
ഡോ. ദിലീപ്കുമാർ കെ.വി.
വള്ളത്തോൾ വിദ്യാപീഠം
2021, വില 350 രൂപ