യാത്ര ഒരു പുരുഷകലയാണ്; യാത്രാവിവരണസാഹിത്യവും. വംശം, വർഗം, ദേശം തുടങ്ങിയവപോലെ ലിംഗപദവിയും യാത്രകളെ നിർണയിക്കുന്ന സാമൂഹ്യാധികാരഘടനയുടെ ഭാഗമാണ് എക്കാലത്തും. സ്ത്രീകളുടെ യാത്രയെന്നത് ഇതിഹാസപുരാണങ്ങളിലും മിത്തുകളിലും മാത്രമല്ല ചരിത്രത്തിലും ഒരഭാവംതന്നെയാണ്. പുരുഷനാണ് യാത്രകളുടെയും ദേശങ്ങളുടെയും സർവകാലതമ്പുരാൻ. യുദ്ധങ്ങളിലും പടയോട്ടങ്ങളിലും അതങ്ങനെതന്നെയാണ്. ഭൂഖണ്ഡാന്തരസമുദ്രസഞ്ചാരങ്ങളുടെയും അവ സൃഷ്ടിച്ച സാമ്രാജ്യങ്ങളുടെയും അധിനിവേശങ്ങളുടെയും മനുഷ്യചരിത്രം ആൺചരിത്രമായി മാറിയതങ്ങനെയാണ്. കുടിയേറ്റങ്ങളിലും അടിമവ്യാപാരങ്ങളിലും പലായനങ്ങളിലും അഭയാർഥിത്വങ്ങളിലും പുറപ്പാടുകളിലും മാത്രമാണ് സ്ത്രീ, കുഞ്ഞുങ്ങളെയുംകൊണ്ട് പുരുഷനെ പിന്തുടർന്നത്. മധ്യകാലഘട്ടം തൊട്ടുതന്നെ സ്ത്രീകളുടെ യാത്രാനുഭവങ്ങൾ യൂറോപ്പിൽ രേഖപ്പെടുന്നുണ്ടെങ്കിലും അതൊരിക്കലും ഒരു പുരുഷകലയായല്ലാതെ നിലനിന്നിട്ടില്ല എന്നതാണ് വസ്തുത. സൂസൻബാസ്‌നറ്റ്, 'യാത്രാവിവരണവും ലിംഗപദവിയും' എന്ന ശ്രദ്ധേയമായ പഠനത്തിൽ സ്ത്രീകളെഴുതിയ യാത്രാസാഹിത്യം ആത്മകഥയും ഓർമയും അനുഭവങ്ങളുമൊക്കെയായി രൂപംകൊള്ളുമ്പോൾ അവയ്ക്കു കൈവരികയും കൈവരാതിരിക്കുകയും ചെയ്യുന്ന സ്‌ത്രൈണരാഷ്ട്രീയം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലാണ് സ്ത്രീകൾക്ക് കുറെയെങ്കിലും ദേശാന്തര-രാജ്യാന്തരയാത്രകൾ സാധ്യമാകുന്നത്. വിദ്യാഭ്യാസവും തൊഴിലും ജീവിതോപാധിയുമായി ബന്ധപ്പെട്ട് ധാരാളം സ്ത്രീകൾ സ്വന്തം വീടും നാടും വിട്ട് യാത്ര ചെയ്തുതുടങ്ങി. 'തോടിനപ്പുറവും വരമ്പിനപ്പുറവും' നടത്തുന്ന യാത്രകൾ പോലും ജീവിതബോധം മാറ്റിയ സ്ത്രീകളുടെ കാലം കഴിഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരുപക്ഷെ ലോകമെങ്ങും ദൃശ്യമാകുന്ന ഏറ്റവും ശ്രദ്ധേയമായ സ്ത്രീമുന്നേറ്റങ്ങളിലൊന്നായിക്കഴിഞ്ഞിരിക്കുന്നു, ഒറ്റക്കും കൂട്ടായും യാത്രചെയ്യുന്ന സ്ത്രീകൾ. സാമാന്യേന, മധ്യ, ഉപരിവർഗ സ്വഭാവത്തിലൂന്നിയ ഒന്നാണിതെന്നു കരുതാമെങ്കിലും പ്രാദേശികവും ദേശീയവും രാജ്യാന്തരവുമായ യാത്രകൾ ചരിത്രപരവും സാമൂഹികവും ലിംഗപദവീപരവുമായ എല്ലാ വിലക്കുകളും മറികടന്ന് സ്ത്രീകൾക്കു സാധ്യമായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാർഥ്യം. എങ്കിലും സകുടുംബം നിർവഹിക്കുന്ന വിനോദ, തീർത്ഥയാത്രകൾ തന്നെയാണ് ഇന്നും ബഹുഭൂരിപക്ഷം സ്ത്രീകളുടെയും ഏക സഞ്ചാരസാധ്യത. വർഷങ്ങളായി, നിരന്തരം യാത്ര ചെയ്യുന്ന സ്ത്രീകളുടെ ബ്ലോഗുകളും വീഡിയോകളും കുറിപ്പുകളും ദേശാന്തരജീവിതസംസ്‌കാരങ്ങളുടെ പെൺകാഴ്ചകളവതരിപ്പിക്കുന്നുണ്ട് ഏതു ഭാഷയിലും. കേരളത്തിൽ നിന്നുമുണ്ട് ഇത്തരം ചില സ്ത്രീകളുടെ പ്രാതിനിധ്യം-അഞ്ജലി തോമസ് ആണ് പെട്ടെന്ന് ഓർമ്മയിൽവരുന്ന ഒരാൾ, അവരുടെ കുറിപ്പുകൾ മലയാളത്തിലല്ലെങ്കിലും. അതേസമയംതന്നെ, പരമ്പരാഗത യാത്രാവിവരണ സാഹിത്യത്തിൽ ഇന്നും മിക്ക ഭാഷകളിലും സ്ത്രീകളുടെ ശ്രദ്ധേയമായ പങ്കാളിത്തം ദൃശ്യമായിത്തുടങ്ങിയിട്ടില്ല. മലയാളത്തിലും അതങ്ങനെതന്നെയാണ്.

ഈ പശ്ചാത്തലത്തിലാണ് അദ്ധ്യാപികയും വിദ്യാഭ്യാസപ്രവർത്തകയുമായ ബോബി ജോസിന്റെ ഈ പുസ്തകം പ്രസക്തമാകുന്നത്. മികച്ച സ്ത്രീയാത്രാവിവരണങ്ങൾ വിരലിലെണ്ണാവുന്നവ പോലുമില്ലാത്ത (മിസിസ് കുട്ടൻനായർ, സുജാതാദേവി, കെ. എ. ബീന.... എന്നിങ്ങനെ മൂന്നോ നാലോ പേരുടേത് ഒഴികെ) മലയാളത്തിൽ ബോബിയുടെ ശ്രമം ആ അർഥത്തിൽ തന്നെ ഒരു വലിയ ചുവടുവയ്പാണ്. എന്നുമാത്രമല്ല ഈ പുസ്തകത്തിന്റെ ഉള്ളടക്കവും സമീപനവും നമ്മുടെ പരമ്പരാഗത/പുരുഷ യാത്രാവിവരണങ്ങളുടേതിൽ നിന്ന് തീർത്തും ഭിന്നവും പുതുമയുള്ളതുമാണ്.

യാത്രാനുഭവസാഹിത്യത്തിൽ പെണ്ണെഴുത്തിന്റെ സവിശേഷതകൾ എന്താണ്? യാത്രയുടെ ലക്ഷ്യവും സ്വഭാവവും മുതൽ യാത്രയിൽ നിർവഹിക്കപ്പെടുന്ന ദൗത്യങ്ങളുടെ അവതരണവും സ്ഥല, സംഭവ വിവരണങ്ങളുടെ നോട്ടപ്പാടും വരെയുള്ളവ പെണ്ണനുഭവങ്ങളിലും പെണ്ണനുഭൂതികളിലും പുനഃസൃഷ്ടിക്കപ്പെടുക എന്നതുതന്നെ. യാത്രയിലുടനീളം സ്ത്രീക്കു കൈവരുന്ന കർതൃപദവി, വേറിട്ടുനിൽക്കുന്ന ഒരാഖ്യാനകലക്കു രൂപം കൊടുക്കുകയും വേണം. ഇതിനായി ആദ്യം തന്നെ അവർ ചിട്ടപ്പെട്ടുപോയ യാത്രാവിവരണസാഹിത്യത്തിന്റെ കെട്ടുപാടുകളിൽനിന്നു പലവഴിയിൽ പുറത്തുകടക്കേണ്ടിയിരിക്കുന്നു. പിന്നെയാണ് സ്വന്തം യാത്രയെയും അതിന്റെ അനുഭവങ്ങളെയും കുറിച്ചുള്ള ആഖ്യാനത്തിന്റെ കാര്യം.

എത്തിപ്പെടുന്ന സ്ഥലങ്ങളിലെ ഗാർഹിക ജീവിതമണ്ഡലത്തോട് ഇഴുകിച്ചേർന്നും അവിടങ്ങളിലെ സ്ത്രീജീവിതാവസ്ഥകളോട് തന്മയീഭവിച്ചും നിലപാടെടുക്കുമ്പോൾതന്നെ സ്വന്തം സംസ്‌കാരത്തെ പവിത്രീകരിച്ചും ആവിഷ്‌ക്കാരത്തിലെ സ്വേച്ഛാപരത പരമാവധി മൂടിവച്ചും രചിക്കപ്പെടുന്നവയാണ് മലയാളത്തിലേതുൾപ്പെടെ മിക്ക സ്ത്രീ യാത്രാവിവരണങ്ങളും. 1936ൽ എഴുതപ്പെട്ട മിസിസ് കുട്ടൻനായരുടെ (കോച്ചാട്ടിൽ കല്യാണിക്കുട്ടിയമ്മ) 'ഞാൻ കണ്ട യൂറോപ്പ്' മാത്രമാണ് മലയാളത്തിൽ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന 'സ്‌ത്രൈണഭാവന' മറികടന്ന സ്ത്രീയാത്രാവിവരണം എന്നു സൂചിപ്പിക്കുന്നു, കാലടി സർവകലാശാലയിൽ ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന സൗമ്യതോമസ്. ബൗദ്ധികവും അക്കാദമികവും സാമൂഹ്യവിമർശനപരവും സ്ത്രീവാദപരവുമായ സമീപനങ്ങൾ സ്വീകരിച്ച് എഴുതപ്പെട്ട മലയാളത്തിലെ ഈ ഏക യാത്രാവിവരണത്തിന്റെ പിന്തുടർച്ച അവകാശപ്പെടാം, ബോബി ജോസിന്റെ 'ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങൾ'ക്ക്.

ബോബിയുടെ ഈ പുസ്തകം മലയാളത്തിൽ മുൻപെഴുതപ്പെട്ട മിക്ക (സ്ത്രീ/പുരുഷ) യാത്രാവിവരണങ്ങളിലും നിന്ന് ഘടനാപരമായിത്തന്നെ വേറിട്ടുനിൽക്കുന്ന ഒന്നാണ്. സ്ഥലങ്ങളും കാഴ്ചകളും വ്യക്തികളും സംഭവങ്ങളും സൃഷ്ടിക്കുന്ന പ്രതീതികളുടെ ആത്മനിഷ്ഠമായ അനുഭവസാക്ഷ്യങ്ങളാണല്ലോ പൊതുവെ സഞ്ചാരസാഹിത്യത്തിന്റെ രീതി. ബോബിയുടെ സമ്പ്രദായം ഇതല്ല. ആമുഖത്തിൽ അവർ പറയുന്നതുപോലെ, 'ഇത് ഒരു യാത്രാവിവരണമല്ല; ഞാൻ അഞ്ചുമാസക്കാലം തൊട്ടറിഞ്ഞ, സൂക്ഷ്മതലങ്ങളിൽ സംവദിച്ച ഒരു മഹാരാജ്യത്തിന്റെയും സ്വന്തരാജ്യത്തിന്റെയും സാമൂഹ്യ-മാനുഷികവ്യവസ്ഥകളുടെ അവസ്ഥാന്തരങ്ങളുടെ വിനീതമായ അടയാളപ്പെടുത്തൽ മാത്രമാണ്'. 'അമേരിക്കൻ വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പിന്റെ ടീച്ചർ സ്‌കോളർ (The Bureau of Education and Cultural Affairs, United State Department-International Leaders in Education Fellowship awardee) ആയി ഇന്ത്യയിൽനിന്നു 2014 ൽ ക്ഷണം ലഭിച്ച 7 പേരിലൊരാൾ എന്ന നിലയിൽ, യു.എസിലെ ഒഹായോ സംസ്ഥാനത്തെ കെന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലും വാഷിങ്ടൺ ഡി.സി.യിലുമായി ജനുവരി മുതൽ മെയ് വരെ അഞ്ചുമാസക്കാലത്തെ വാസം, പരിശീലനപരിപാടികൾ, പഠനം, അദ്ധ്യാപനം, വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രകൾ, വിവിധ കലാലയ-വിദ്യാലയങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, സ്മാരകങ്ങൾ, അമേരിക്കൻ സുഹൃദ്ഭവനങ്ങൾ, വിനോസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലുള്ള സന്ദർശനങ്ങൾ, സാംസ്‌കാരിക വിനിമയശില്പനശാലകളുടെ അവതരണം, വിവിധ രാജ്യക്കാരായ അനേകം അദ്ധ്യാപകർ, പത്രപ്രവർത്തകർ, മാധ്യമപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ജനപ്രതിനിധികൾ, കച്ചവടക്കാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങി അഭയാർത്ഥികളുൾപ്പെടെയുള്ള വിവിധതരം മനുഷ്യരുമായുള്ള കൂടിക്കാഴ്ചകൾ, വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായുള്ള പതിനാറ് രാജ്യങ്ങളുടെ അദ്ധ്യാപകപ്രതിനിധികളുമായുള്ള അക്കാദമികസംവാദങ്ങൾ, ചിലപ്പോഴൊക്കെ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌കാരിക വ്യതിയാനങ്ങളിലൂന്നിയ 'എന്റെ രാജ്യം - നിന്റെ രാജ്യം' എന്ന രീതിയിലുള്ള തീപാറുന്ന വൈകാരിക-വൈയക്തിക ചർച്ചകൾ, രണ്ടാഴ്ചക്കാലം എന്നോടൊപ്പം താമസിക്കാൻ നാട്ടിൽനിന്നെത്തിയ പ്രിയകുടുംബത്തെയും കൂട്ടി ഔദ്യോഗികതിരക്കുകൾ വകഞ്ഞുമാറ്റിയുള്ള സംസ്ഥാനാന്തര യാത്രകൾ' ഒക്കെ നൽകിയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയെക്കുറിച്ചെഴുതിയ അൻപത്തഞ്ച് ഉപന്യാസങ്ങളുടെ സമാഹാരമാണ് മറ്റെന്തിലുമുപരി ഈ പുസ്തകം. അസാധാരണമായ അന്വേഷണബുദ്ധിയോടെ, തികഞ്ഞ അക്കാദമിക ഉത്തരവാദിത്തത്തോടെ, വസ്തുതകളുടെയും രേഖകളുടെയും പിൻബലത്തോടെ, ചരിത്രബോധവും സാമൂഹ്യനിരീക്ഷണപാടവവും സദാ പിന്തുടർന്ന്, നിശിതമായ സ്ത്രീപക്ഷ നിലപാടുകളോടെ, ബഹുസ്വരജനാധിപത്യത്തിന്റെ ലോകമാതൃകകളൊന്നിലേക്കു തുറന്നുപിടിച്ച കണ്ണുകളോടെ ബോബി കാണുന്ന അമേരിക്കൻ ജീവിതക്കാഴ്ചകളുടെ ഓജസ്സുറ്റ അവതരണങ്ങൾ. നിശ്ചയമായും ഇന്ന് മലയാളിക്ക് അമേരിക്ക ഒരപരിചിതലോകമല്ല. സഞ്ചാരസാഹിത്യവും സിനിമയും ടെലിവിഷനും വാർത്താമാധ്യമങ്ങളും നവമാധ്യമങ്ങളും ഇന്റർനെറ്റും ദൈനംദിനമെന്നോണം മലയാളിക്കു മുന്നിൽ അമേരിക്കയുടെ ഊടും പാവും നെയ്തിട്ടുകൊണ്ടേയിരിക്കുന്നു. രാഷ്ട്രീയം മുതൽ സാമ്പത്തികം വരെയും വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുമുള്ള നിരവധി കാരണങ്ങളാൽ അമേരിക്കയെക്കാൾ വലിയ സ്വപ്നഭൂമിയോ സങ്കല്പസ്വർഗമോ ശരാശരി മലയാളിക്കില്ല എന്നതാണ് യാഥാർഥ്യം.

ഈയൊരു സന്ദർഭത്തിലാണ് അമേരിക്കൻ ജീവിതത്തിന്റെ സാംസ്‌കാരിക അടരുകളെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട്, ആ രാജ്യത്തിന്റെ ജൈവഭൂപടം നിവർത്തിയിടുന്നതുപോലെ വിവിധങ്ങളായ വൈയക്തിക-സാമൂഹിക മണ്ഡലങ്ങളെക്കുറിച്ച് ബോബി എഴുതുന്ന ഈ കുറിപ്പുകൾ/ലേഖനങ്ങൾ ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലും അമേരിക്കയിലും ഈ ഓരോ ജൈവഘടകത്തിനുമുള്ള അവസ്ഥകളുടെ താരതമ്യവും വിശകലനവുമാണ് ബോബിയുടെ യാത്രാസാഹിത്യരചനയുടെ രീതിശാസ്ത്രം. ഇതാകട്ടെ, സന്തുലിതവും ഉദാരമാനവവാദപരവുമായ ലോകബോധത്തിന്റെയും രാഷ്ട്രീയവീക്ഷണത്തിന്റെയും കണിശതയുള്ളതുമാണ്.

ഈ പുസ്തകത്തിലെ 55 ഉപന്യാസങ്ങളും അമേരിക്കയുടെ സാംസ്‌കാരിക ബഹുസ്വരതയുടെ പ്രതിനിധാനമെന്നോണം ഒന്നിനൊന്നു വ്യത്യസ്തമായ വിഷയങ്ങൾ ചർച്ചചെയ്യുമ്പോഴും സ്ഥൂലമായ ഒരു വർഗീകരണം നടത്തിയാൽ ബോബി ഊന്നൽ കൊടുക്കുന്നത് പ്രധാനമായും പത്ത് മേഖലകൾക്കാണ് എന്നു കാണാം. അമേരിക്കൻ കുടിയേറ്റ/ജനചരിത്രം, വ്യക്തി-സാമൂഹ്യവാദങ്ങൾ, അക്കാദമിക-വിദ്യാഭ്യാസസംസ്‌കാരം, സാമൂഹ്യമൂല്യങ്ങൾ, സാമ്പത്തികക്കുതിപ്പുകൾ, പൊതു-സ്വകാര്യമേഖലകൾ, മതത്തിന്റെ കെട്ടുപാടുകൾ, പെരുമാറ്റ മര്യാദകൾ, നിയമവ്യവസ്ഥകൾ, നാലു മഹാനഗരങ്ങളിലൂടെയുള്ള സഞ്ചാരക്കുറിപ്പുകൾ എന്നിങ്ങനെ.

അമേരിക്കയുടെ ചരിത്രം 1600ന് മുൻപും പിൻപും എന്നു രണ്ടായി തിരിയുന്നു. ആദിമനിവാസികളായ റെഡ് ഇന്ത്യൻസിനെ സമസ്തമേഖലകളിലും മുച്ചൂടും മുടിച്ച യൂറോപ്യൻ കുടിയേറ്റക്കാരാണ് ഇന്നത്തെ അമേരിക്കൻജനതയിൽ സിംഹഭാഗവും. ബോബി എഴുതുന്നു:

'1600 കളുടെ തുടക്കത്തിൽ യൂറോപ്പിൽ നിന്നും, (പ്രത്യേകിച്ച് സ്‌പെയിനിൽനിന്നും) രാഷ്ട്രീയ-മത അഭിപ്രായസ്വാതന്ത്ര്യത്തിനും കൂടുതൽ മികച്ച ജീവിതസാഹചര്യങ്ങൾ തേടിയും ദുഷ്‌കരവും ദീർഘവുമായ കപ്പൽയാത്ര ചെയ്ത് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ജീവിതമുറപ്പിച്ച ആദ്യകാലസാഹസികർ, ബ്രിട്ടീഷ് അധീശത്വത്തിലേറെ കാലം നിലനിന്ന അമേരിക്കന്മണ്ണിൽ കൃഷിയിലും കച്ചവടത്തിലും ഭാഗ്യപരീക്ഷണങ്ങൾക്കും ജോലിക്കുമായി വിവിധ നാടുകളിൽനിന്ന് പ്രേരിപ്പിച്ചും നിർബന്ധിച്ചും തട്ടിയെടുത്തും കപ്പലുകളിൽ കൊണ്ടുവരപ്പെട്ടവർ, കപ്പൽകൂലിയില്ലാത്തതിനാൽ 'നിശ്ചിതകാലം അടിമവേല ചെയ്തതിനുശേഷം സ്വാതന്ത്ര്യവും കുറച്ചു ഭൂമിയും' എന്ന പ്രലോഭനത്തിൽ തടഞ്ഞ് കുടിയേറ്റത്തിലേക്കു ചുവടുവച്ചവർ, തീഷ്ണകാലാവസ്ഥയിലെ കഠിനജോലികളിൽ പിടിച്ചുനിൽക്കാനാകാതെ വെള്ളക്കാരായ കുടിയേറ്റക്കാർ തളർന്നും മരിച്ചും വീണപ്പോൾ അംഗോള മുതലുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും അടിമവ്യാപാരം വഴി, ഈ പുതിയ ലോകത്തിന്റെ (The New World) വിവിധ ഭാഗങ്ങളിലേക്ക് (പ്രത്യേകിച്ചും സൗത്തമേരിക്കൻ, കരീബിയൻ മേഖലകളിലേക്ക്) കൊണ്ടുവരപ്പെട്ട കറുത്തവർഗ്ഗകരുത്തർ എന്നിങ്ങനെ വിവിധ വംശ-ദേശ-ഭാഷ-സംസ്‌കാര ഉറവിടങ്ങളിലുള്ളവരുടെ സങ്കലനസമൂഹവ്യവസ്ഥയിലാണ് അമേരിക്കന്മഹാരാജ്യപിറവി.

ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഈ കുടിയേറ്റം വഴി (The Great Atlantic Migration) 1840 മുതൽ 1980 വരെയുള്ള കാലയളവിൽ 37 മില്യൻ യൂറോപ്യർ നോർത്ത് അമേരിക്കയിലെത്തിച്ചേർന്നിട്ടുണ്ട്.

1607 ൽ വിർജിനിയയിലെ ജെയിംസ്ടൗണിൽ സ്ഥാപിക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് സെറ്റിൽമെന്റിൽ തുടങ്ങി 1620 മുതൽ മെയ്ഫ്‌ളവർ എന്ന കപ്പലിൽ പ്ലമിത്തിൽ (Plymoth, Massachusetts) എത്തിച്ചേർന്ന, തീർത്ഥാടകപിതാക്കൾ (Pilgrim Fathers) എന്ന് പിൽക്കാലത്തറിയപ്പെട്ട കുടിയേറ്റപൂർവ്വികരേറെയും ധനാഢ്യരായ മുതലാളിമാരും കച്ചവടക്കാരുമായിരുന്നു എന്നത്, അമേരിക്ക ഒരു മുതലാളിത്തരാഷ്ട്രനിർമ്മിതിയായതിന്റെ മൂലകാരണമാകാം.

1600 കളുടെ തുടക്കത്തിൽതന്നെ സ്വന്തനിലയ്ക്കും അടിമകളായും എത്തിച്ചേർന്ന ഒരുപാട് ആഫ്രിക്കൻവംശജർ നോർത്ത് അമേരിക്കലുണ്ടായെങ്കിലും ഏതു രാജ്യചരിത്രത്തിലുമെന്നപോലെ, അവർ അരികുവത്കരിക്കപ്പെടുകയും മൃഗസമാനാവസ്ഥകളിലേക്ക് ചവിട്ടിത്താഴ്‌ത്തപ്പെടുകയും ചെയ്തു. (ഭാരതത്തിലെ ദ്രാവിഡപെരുമയെ അധിനിവേശിച്ച ആര്യൻസംസ്‌കൃതി ഇന്ത്യൻ ചരിത്രത്താളുകൾകൂടിയാണല്ലോ).

നൂറ്റാണ്ടുകൾ നീണ്ടുനിന്ന വർണ്ണവിവേചനകാലഘട്ടം അമേരിക്കൻ ചരിത്രത്തിലെ ഇരുണ്ട ഏടുകളാണ്. 1863 ലെ സ്വാതന്ത്ര്യപ്രഖ്യാപനത്തെത്തുടർന്ന് 13-ാം ഭേദഗതിയോടെ എബ്രഹാംലിങ്കൺ 1865 ൽ 'അടിമക്കച്ചവടം നിർത്തലാക്കൽ' പ്രഖ്യാപിക്കുന്നതുവരെ (Emancipation Proclamation) കോടിക്കണക്കിനു മനുഷ്യർ ചന്തകളിൽ വിലപേശി വിൽക്കപ്പെടുകയും, പുഴുക്കളെപ്പോലെ ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്തു. 15-20 മില്യൻ കറുത്തവർഗ്ഗക്കാർ ആഫ്രിക്കയിൽനിന്നും ഈ കാലയളവിൽ അടിമകളായി കൊണ്ടുവരപ്പെട്ടു എന്നാണ് കണക്കുകൾ. കൂട്ടത്തോടെ വാങ്ങി കപ്പലിൽ കൊണ്ടുവരംമധ്യെതന്നെ രോഗവും പട്ടിണിയും അദ്ധ്വാനഭാരവുംമൂലം മരിച്ച കറുത്തവർ ഏകദേശം 2 മില്യൻ വരും'.

കുടിയേറ്റങ്ങളുടെയും അമേരിക്കൻ ജനസംസ്‌കൃതിയിലെ വംശവൈവിധ്യങ്ങളുടെയും കഥ ഇന്നും തുടരുകയാണ്. ക്യൂബയിൽ നിന്നും മറ്റും സമീപകാലത്തുണ്ടായ അധികൃതവും അനധികൃതവുമായ കുടിയേറ്റങ്ങളുടെ രാഷ്ട്രീയം ചില ലേഖനങ്ങൾക്കു വിഷയമാക്കുന്നുണ്ട്, ബോബി. അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ ജാതിവിവേചനത്തിനെതിരെ നിയമനിർമ്മാണം നടക്കുന്നതിനെക്കുറിച്ച് ഈയാഴ്ച പുറത്തുവരുന്ന വാർത്തകൾ വായനക്കാർ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.

വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തിൽ അമേരിക്ക പുലർത്തുന്ന അസാധാരണമായ സ്വഭാവങ്ങളുടെ വിശകലനമാണ് നാലഞ്ചുപന്യാസങ്ങളുടെ വിഷയം. സാമൂഹ്യവാദത്തിന്റെയും വ്യക്തിവാദത്തിന്റെയും നരവംശശാസ്ത്രം മുതൽ സാമൂഹ്യമനഃശാസ്ത്രവും സാമ്പത്തികശാസ്ത്രവും തത്വചിന്തയും വരെയുള്ളവ അപഗ്രഥിച്ചുകൊണ്ട് 'അപകടകരമാംവിധം വ്യക്ത്യധിഷ്ഠിതവും സ്വതന്ത്രവുമായ' അമേരിക്കൻ സമൂഹത്തിന്റെ ഘടന ബോബി വിശദീകരിക്കുന്നു. ഇന്ത്യൻ, അമേരിക്കൻ സമൂഹങ്ങളെ താരതമ്യം ചെയ്ത് ഈ വിഷയം ചർച്ചചെയ്യുന്ന അൻപത്തിമൂന്നാമത്തെ ലേഖനം എടുത്തുപറയേണ്ടതാണ്.

പ്രാഥമിക വിദ്യാഭ്യാസം മുതൽ സർവകലാശാലാ ഗവേഷണം വരെയുള്ള രംഗങ്ങൾ മുൻനിർത്തി അമേരിക്കൻ അക്കാദമികസംസ്‌കാരത്തിന്റെ നാനാതലങ്ങൾ അന്വേഷിക്കുന്ന ഉപന്യാസങ്ങൾ എട്ടോ പത്തോ എണ്ണമുണ്ട്. വിദ്യാഭ്യാസരംഗത്തെ പൊതു, സ്വകാര്യമേഖലകൾ, പാഠ്യപദ്ധതികൾ, ഫീസ്ഘടന, അദ്ധ്യാപനസമീപനങ്ങൾ, അദ്ധ്യാപക-വിദ്യാർത്ഥി ബന്ധങ്ങൾ, കാമ്പസ് കലാരൂപങ്ങൾ, വിദ്യാർത്ഥി-വിദ്യാർത്ഥി ബന്ധത്തിന്റെ സങ്കീർണതകൾ എന്നിങ്ങനെ എത്രയെങ്കിലും മേഖലകളുടെ വിവരണം ബോബി നൽകുന്നു. ഇന്ത്യയിൽ ഇന്നും നമുക്കന്യമായ ചില വിദ്യാഭ്യാസസമീപനങ്ങളുടെ സൂക്ഷ്മചിത്രം വരച്ചിടുന്നു ഇവ. ഒരുദാഹരണം നോക്കുക:

'വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സന്ദർശനങ്ങളിലും ക്ലാസ്മുറി അദ്ധ്യാപനത്തിലും സാമൂഹ്യചർച്ചകളിലുടെയിടയിലുമൊക്കെ, മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന വിഭാഗങ്ങൾ അമേരിക്കയിൽ എങ്ങനെ ജീവിക്കുന്നു? എങ്ങനെ യാത്രചെയ്യുന്നു? എത്രമാത്രം സമൂഹത്തിന്റെ ഭാഗമായിരിക്കുന്നു? എന്നീ ചോദ്യങ്ങൾ എന്റെ മനസ്സിൽ പലപ്പോഴുമുയർന്നു. അത്തരക്കാരുമായി ഇടപഴകാൻ വിരളമായ സാഹചര്യങ്ങളേ എനിക്കു ലഭിച്ചുള്ളു. പക്ഷെ നിരീക്ഷണത്തിൽ നിന്നും വിവരശേഖരണത്തിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞവ പങ്കുവയ്ക്കാൻ ശ്രമിക്കട്ടെ.

വിദ്യാഭ്യാസമേഖലയിൽ, നാമിന്ന് വികസിതരാഷ്ട്രമാതൃക എന്ന പേരിൽ അനുകരിക്കാൻ ശ്രമിക്കുന്ന വിദ്യാഭ്യാസപരിഷ്‌കാരമാണ് ഇൻക്ലൂസീവ് വിദ്യാഭ്യാസം (Inclusive Education). മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിസമൂഹത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി സാധാരണ കുട്ടികളോടൊപ്പം ഒരേ കരിക്കുലത്തിലൂടെ, ഒരേ അന്തരീക്ഷത്തിലൂടെ, ഒരേ പഠനപ്രവർത്തനങ്ങളിലൂടെ പരിശീലിപ്പിക്കു; അതുവഴി പൊതുസമൂഹത്തിലവരെ സമഗ്രമായി ഉൾചേർക്കാൻ കഴിയുമെന്നാണ് നമ്മുടെ പടിഞ്ഞാറുനോക്കികളായ വിദ്യാഭ്യാസവിചക്ഷണർ വിഭാവനം ചെയ്യുന്നത്.

പക്ഷെ അമേരിക്കയിൽ അക്കാദമികമായി ഇടപഴകിയ വിദ്യാലയങ്ങളിലെല്ലാം ഞാൻ കണ്ട സാഹചര്യങ്ങളിൽ എന്തായാലും Inclusive Education, ആ വാക്കിന്റെ വാച്യാർത്ഥത്തിലല്ലായിരുന്നു. എന്നാൽ അത് വളരെ യാഥാർത്ഥ്യബോധ്യമുള്ളതും ശാസ്ത്രീയവുമായിരുന്നു. ശാരീരികമോ മാനസികമോ ആയ വെല്ലുവിളി നേരിടുന്ന കുട്ടികൾ (Special Children) ക്ലാസ്മുറികളിൽ മറ്റു വിദ്യാർത്ഥികളുടെ കൂടെയിരുന്ന് ഒരേ കരിക്കുലത്തിലൂടെയും ഒരേ പഠനപ്രവർത്തനങ്ങളിലൂടെയും ഒരേ അദ്ധ്യാപകന്റെ മേൽനോട്ടത്തിൽ (അതോ പിന്തുണയിലോ?) കടന്നുപോകുന്ന പ്രക്രിയ അവിടെ കണ്ടില്ല; മറിച്ച് സ്‌ക്കൂൾകെട്ടിടത്തിന്റെ താഴത്തെ നിലകളിൽ, പ്രത്യേകമായി ഒരുക്കിയ ക്ലാസ്മുറികളും വർക്ക് സ്റ്റേനുമുൾപ്പെട്ട അവരുടേതായ ലോകത്ത് അവർക്കായി വിഭാവനം ചെയ്യപ്പെട്ട പഠനരീതിയിലൂടെ, അവർക്കായി പ്രത്യേകം നിയോഗിക്കപ്പെട്ട പ്രത്യേകപരിശീലനം ലഭിച്ച അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ, അവർ വിദ്യാഭ്യാസകാലം ചെലവഴിക്കുന്ന രീതിയാണ് ആ വിദ്യാലയങ്ങളിലെങ്ങും ഞാൻ കണ്ടത്.

അതുകൊണ്ടായിരിക്കാം ശാരീരികമാനസികപ്രാപ്തിക്കനുസരിച്ച് സ്വയം സഞ്ചരിക്കാനും ജോലിചെയ്യാനും തനിയെ ജീവിക്കാനുമെല്ലാം മിക്കവാറും പേർക്ക് കഴിയുന്നത്. കൂടുതൽ ലഭ്യമായ യന്ത്രസഹായവും ലിഫ്റ്റ് ഓപ്പറേറ്റർ, ബില്ലിങ് സ്റ്റാഫ്, ടൈപ്പിസ്റ്റ് എന്നിങ്ങനെയൊക്കെയുള്ള ധാരാളമായ തൊഴിൽസാധ്യതകളും വെല്ലുവിളി നേരിയുന്ന വിഭാഗങ്ങളെ കുറെയൊക്കെ സ്വയംപര്യാപ്തരാക്കുന്നു. തീരെ സ്വാശ്രയത്വം സാധിക്കാത്തവർമാത്രം അവർക്കായുള്ള സ്വകാര്യമോ അല്ലെങ്കിൽ മിഷനറിമേഖലയിലുള്ളതോ ആയ സ്ഥാപനങ്ങളിൽ അധിവസിക്കുന്നു.

ഈ വിഷയുമായി ബന്ധപ്പെട്ട്, അമേരിക്കൻ വിദ്യാഭ്യാസചരിത്രം വിശകലനം ചെയ്യുമ്പോൾ, 1970 കൾവരെ, വെല്ലുവിളികൾ നേരിടുന്ന വിഭാഗങ്ങൾക്ക് (പ്രത്യേകിച്ച് മാനസികതലത്തിൽ) സാധാരണ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നെന്നു മനസ്സിലാക്കാം. Education for All Handicapped Children Act (EAHCA 1975) ആണ് ഈ മേഖലയിലെ ഏറ്റവും ആദ്യചുവടുവെയ്പ്. ഇതിന്റെ ഭാഗമായി ധാരാളം സ്‌പെഷൽ സ്‌കൂളുകളും വിദ്യാഭ്യാസാവസരങ്ങളും അത്തരം കുട്ടികൾക്കായി തുറക്കപ്പെട്ടു.

പിന്നീട് പരീക്ഷണ-നിരീക്ഷണങ്ങളുടേതും പഠന-വിമർശനങ്ങളുടേതുമായ ഒരു വലിയ കാലഘട്ടം പിന്നിട്ട് 'ഒരു കുട്ടിപോലും അവസരങ്ങളിൽ നിന്നോ പുരോഗതിയിൽനിന്നോ മാറ്റിനിർത്തപ്പെടരുത്' എന്ന ഉദാത്തലക്ഷ്യത്തോടുകൂടി No Child Left Behind Act (NCLB) 2001 ൽ പ്രാബല്യത്തിൽ വന്നു. അപ്പോഴാണ് സാധാരണ വിദ്യാർത്ഥികൾക്ക് ലഭ്യമായ ഭൗതികവും അക്കാദമികവുമായ എല്ലാ അവസരങ്ങളും എല്ലാ അർത്ഥത്തിലും യാതൊരു വേർതിരിവുമില്ലാതെ, ഇത്തരം കുട്ടികൾക്കും ലഭ്യമാക്കണമെന്ന ആശയവും ആ സ്ഥിതിസമത്വം നടപ്പിലാക്കേണ്ടതിന് സ്‌കൂളുകളെ ചുമതലപ്പെടുത്തുന്ന നിയമവും നിലവിൽവന്നത്. തുടർന്ന് EAHCA വളരെ പരുവപ്പെടുത്തലുകൾക്കുശേഷം IDEA (Individuals with Disabilities Education Act - 2004) ആയി നിലവിൽവന്നു. '.

അമേരിക്കൻ സാമൂഹ്യജീവിതത്തെ സവിശേഷമാക്കുന്ന നിരവധിയായ മൂല്യങ്ങളും മര്യാദകളും രീതികളും പെരുമാറ്റങ്ങളും അടുത്തുനിന്നു കണ്ടറിഞ്ഞതിന്റെ രേഖപ്പെടുത്തലുകൾ ചില ലേഖനങ്ങളിലുണ്ട്. സമയനിഷ്ഠ, ഉപചാരങ്ങൾ, മറ്റെന്തിലുമുപരി സ്വകാര്യതയെ മാനിക്കുന്ന രീതി, സ്വയം പര്യാപ്തതയിലുള്ള ഊന്നൽ, വൃത്തി, ശുചിത്വം, ഭക്ഷണം, നിയമങ്ങളോടുള്ള ബഹുമാനം... എന്നിങ്ങനെ.

അമേരിക്കയുടെ സാമ്പത്തിക മുന്നേറ്റങ്ങളും അത് സൃഷ്ടിച്ചിരിക്കുന്ന സാമൂഹ്യമാറ്റങ്ങളും പ്രതിഫലിക്കുന്ന നിരവധി സന്ദർഭങ്ങളുടെ ദൂരക്കാഴ്ച ബോബിയുടെ രചനകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. തൊഴിൽ, വരുമാനം, സാങ്കേതികവിദ്യയിലെ മുന്നേറ്റം, വിജ്ഞാനരംഗത്തെ കുതിപ്പ്, ഉല്പാദനക്ഷമത, ഉപഭോഗസംസ്‌കാരം തുടങ്ങിയവക്കൊപ്പം തന്നെ ഉയർന്ന ജീവിതച്ചെലവ്, വൈദ്യചികിത്സാരംഗത്തെ അവിശ്വസനീയമായ സമ്പ്രദായങ്ങൾ, ഇൻഷ്വറൻസ് മേഖലയുടെ നീരാളിപ്പിടുത്തം, പൊതുഗതാഗതസംവിധാനങ്ങളുടെ അപര്യാപ്തത, ദാരിദ്ര്യം, ലഹരിമരുന്നുപയോഗം തുടങ്ങിയവയും ചൂണ്ടിക്കാണിക്കപ്പെടുന്നു, ഈ ലേഖനങ്ങളിൽ. വായിക്കുക:

'ഇൻഷൂറൻസ് ഇല്ലെങ്കിൽ കനത്ത തുക നൽകേണ്ടിവരുന്ന അമേരിക്കൻ ചികിത്സാരംഗം വളരെ വികസിതവും അതേസമയംതന്നെ തീർത്തും സ്വകാര്യവുമാണ്. മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, ഗവേഷണ-ചികിത്സാസൗകര്യമുള്ള സ്ഥാപനങ്ങൾ എന്നീ 'ഹൈ എൻഡ്' ആരോഗ്യകച്ചവടകേന്ദ്രങ്ങളിൽ ചികിത്സ താങ്ങാനാകാത്തവർ അമേരിക്കയിൽ ചെറുക്ലിനിക്കുകളെയും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളെയും ആശ്രയിക്കുന്നു. ഡോക്ടർമാർ കുറവായ (ഉള്ളവർ തന്നെ തുടക്കക്കാരോ, അത്രയ്‌ക്കൊന്നും വൈദഗ്ദ്ധ്യം തെളിയിക്കാനാവാത്തവരോ ആകാം), എന്നാൽ വിദഗ്ദ്ധ നഴ്‌സുമാരുള്ള ഇത്തരം സ്ഥാപനങ്ങൾ പാവപ്പെട്ടവന്റെ ആരോഗ്യാശ്രയങ്ങളാണ്.

വിദ്യാഭ്യാസം, നീതിസംരക്ഷണം, നിയമസഹായമേഖലകളെയൊക്കെ പോലെ തീർത്തും സ്വകാര്യവും കച്ചവടത്തിലധിഷ്ഠിതവുമായ ആരോഗ്യമേഖല അമേരിക്കയുടെ പൊതുജനാരോഗ്യരംഗത്തെ പണാധിഷ്ഠിതവും പലതട്ടിലുള്ളതുമായി മാറ്റുന്നുണ്ട്. അതേസമയംതന്നെ, മികച്ച വൈദ്യശാസ്ത്രമുന്നേറ്റങ്ങളും ജീവൻരക്ഷാമാർഗ്ഗനേട്ടങ്ങളും അമേരിക്കയെ ലോകത്തെങ്ങുമുള്ള സമ്പന്നരുടെ കിടയറ്റ ആരോഗ്യസേവന-'മെഡിക്കൽട്രീറ്റ്‌മെന്റ് ഡെസ്റ്റിനേഷനാ'ക്കി നിലനിർത്തുന്നുമുണ്ട്!

ലോകത്തെ ഏറ്റവും വിലകൂടി ആരോഗ്യമേഖല യു.എസ്.എ.യിലേതാണെങ്കിൽ ഏറ്റവും ലാഭകരം ബ്രസീലിലേതാണെന്നത് ഒരു വികസിത-വികസ്വരനാട്യവൈരുദ്ധ്യമല്ലേ?

ആരോഗ്യശുശ്രൂഷ ഏറ്റവും ചെലവു കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 4-ാം സ്ഥാനമുണ്ട്! അമേരിക്കയിലേതിനേക്കാൾ 65% മുതൽ 90 % വരെ ചികിത്സാചെലവുകുറഞ്ഞ രാജ്യമാണ് നമ്മുടേത്! അതുകൊണ്ടുതന്നെ ലോകമെങ്ങും നിന്നു പതിനായിരക്കണക്കിനു പേർ ചികിത്സ തേടിയെത്തുന്ന വൻകിട ആശുപത്രികൾ ഇന്ത്യയിലുണ്ട്. എന്നാൽ ഇതേ ഇന്ത്യയിൽ നിന്ന് സിനിമാതാരങ്ങളും വമ്പൻ വ്യവസായപ്രമുഖരും മാത്രമല്ല, ദേശീയ-സംസ്ഥാന ഭരണാധികാരികളും ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച്, ലോകത്തെ ഏറ്റവും ചെലവുകൂടിയ അമേരിക്കയിൽ ചികിത്സയ്ക്കായി പറക്കുന്നുണ്ടെന്നത് നമ്മുടെ ജനാധിപത്യരാഷ്ട്രവൈരുദ്ധ്യങ്ങളിലൊന്നു മാത്രമാകാം. സ്വന്തം നാടിന്റെ പൊതുജനാരോഗ്യനേട്ടങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും സർക്കാർ നേട്ടക്കണക്കിലെഴുതിചേർക്കുകയും ചെയ്തിട്ട് സ്വന്തം തടി കൂടിയ ചെലവിൽ നന്നാക്കുന്ന വിലയേറിയ 'സോഷ്യലിസ്റ്റ്' പാഠങ്ങൾ!'.

പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള ഭീമമായ അന്തരം അമേരിക്കൻ സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്ന കോർപ്പറേറ്റ് സംസ്‌കാരത്തിന്റെ സർവവ്യാപകത്വം അപഗ്രഥിക്കുന്നു, മറ്റുചില രചനകളിൽ യാത്രിക. അവശ്യ, സേവന, വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ നിന്നു മാത്രമല്ല ഭരണകൂടവും പൊതുമേഖലയും പിൻവാങ്ങിക്കഴിഞ്ഞിട്ടുള്ളത്. പ്രൊഫഷണൽ രംഗങ്ങളിലാകെ ലോബിയിംഗും പ്രഷർ ഗ്രൂപ്പുകളുമാണ് കാര്യങ്ങളുടെ ഗതി നിർണയിക്കുന്നത്.

'ഇതിനൊപ്പം തന്നെ പ്രസ്താവ്യമായ ഒന്നാണ് ട്രേഡ്‌യൂണിയനുകളുടെ അമേരിക്കന്മുഖം. ഒഹായോ വിദ്യാഭ്യാസമേഖലാ അസോസിയേഷൻ (Ohio Education Association-OEA) ഓഫീസിലെ ഞങ്ങളുടെ സന്ദർശനവേളയിൽ എന്നെ അത്ഭുതപ്പെടുത്തിയ വസ്തുത അദ്ധ്യാപകയൂണിയന്റെ ഭാരവാഹികൾ അദ്ധ്യാപകർ അല്ലെന്നതായിരുന്നു. OEA എന്നത് അമേരിക്കയിലെ മറ്റേതൊരു തൊഴിൽമേഖലയിലെ യൂണിയനും പോലെ ഒരു ഇന്ററസ്റ്റ് ഗ്രൂപ്പ് ആണ്. അദ്ധ്യാപകരുടെ സേവന-വേതനവ്യവസ്ഥകളുടെയും വിദ്യാഭ്യാസനയത്തിന്റെയും രൂപീകരണത്തിനും അവകാശസംരക്ഷണത്തിനുമൊക്കെയായി പ്രവർത്തിക്കുന്ന ഒരു കമ്പനിയും അവിടുത്തെ ജോലിക്കാരുമാണ്.

അദ്ധ്യാപകർ/മറ്റ് ജോലിക്കാർ തന്നെ സംഘടിക്കുകയും സ്വന്തം മേഖലയെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും യോഗങ്ങൾ കൂടുകയും മറ്റദ്ധ്യാപകരെ/ജീവനക്കാരെ സന്ദർശിക്കുകയും വരിസംഖ്യപിരിക്കുകയും അംഗത്വരസീത് വിതരണം ചെയ്യുകയും വിശദീകരണയോഗങ്ങൾ കൂടുകയും ലീവെടുത്തും എടുക്കാതെയും സമര-പ്രകടന-മാർച്ചുകൾ നടത്തുകയുമൊക്കെ ചെയ്യുന്ന നമ്മുടെ നാട്ടിലെ രീതിയിൽനിന്ന് വളരെ ദൂരത്താണ് വളരെ പ്രൊഫഷണലായി പ്രവർത്തിക്കുന്ന ഈ ഇന്ററസ്റ്റ് ഗ്രൂപ്പുകൾ. വീട്ടുകാരും അയൽവക്കക്കാരുമൊക്കെ സഹകരിച്ച് കൂട്ടായി ഒരുക്കങ്ങൾ നടത്തി, ഒന്നിച്ചദ്ധ്വാനിച്ച് പന്തലിട്ട് വെച്ചുവിളമ്പി പണ്ട് വീടുകളിൽ നടത്തിയിരുന്ന വിവാഹാഘോഷങ്ങളിൽനിന്നും, പണംകൊടുത്തേൽപ്പിക്കുന്ന 'ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പു'കൾ നടത്തുന്ന, വീട്ടുകാർപോലും വിരുന്നുകാരെപോലെ നോക്കിനിൽക്കേണ്ടിവരുന്ന ആഘോഷങ്ങളിലേയ്ക്കുള്ളതുപോലെ ബഹുദൂരം!

നമ്മുടെ നാട്ടിലെ സേവനാധിഷ്ഠിത പൗരസമിതി-ജനകീയ കൂട്ടായ്മ-സമരസമിതി സന്നദ്ധപ്രവർത്തകരുടെ ധനാധിഷ്ഠിത അമേരിക്കൻബദലുകൾ... നമുക്കെത്ര വിചിത്രമായി തോന്നിയാലും ഇത് അമേരിക്കൻ സാമൂഹ്യരംഗത്തിന്റെ മുഖമുദ്രയായ കൃത്യതയുടെയും പ്രൊഫഷണലിസത്തിന്റെയും നേർക്കാഴ്ച മാത്രം. ഇന്ത്യയുടെ രാഷ്ട്രീയമേഖലയിലും വികസ്വരകമ്പോളത്തിലും പതിയെ വേരുറപ്പിച്ചുകൊണ്ടിരിക്കുന്ന ഘടകങ്ങളാണ് 'പ്രഷർഗ്രൂപ്പുക'ളും അവയിലൂടെ 'ലോബിയിസ്റ്റു'കളും'.

മതം, അമേരിക്കൻ സമൂഹത്തിൽ തീരെ അപ്രസക്തമല്ലെങ്കിലും ഇന്ത്യൻ സമൂഹത്തിലേതുപോലെ പരമപ്രധാനമായ രാഷ്ട്രീയസമ്മർദ സമവാക്യമായി നിലനിൽക്കുന്നില്ല. മതാചാരങ്ങളും അനുഷ്ഠാനങ്ങളും പൊതു/രാഷ്ട്രീയ ജീവിതത്തിനു പുറത്താണ് അവിടെ. നിരവധി സന്ദർഭങ്ങൾ മുൻനിർത്തി ഈ വിഷയത്തിന്റെ ഭിന്നവശങ്ങളെക്കുറിച്ച് ബോബി എഴുതുന്നു:

'വ്യക്തിജീവിതത്തിലെ മതത്തിന്റെ സ്ഥാനം എന്തുതന്നെയായിരുന്നാലും, മതം അമേരിക്കൻ പൊതുസമൂഹത്തിലും സാമൂഹ്യജീവിതത്തിലും വളരെ 'ന്യൂട്രൽ' ആയ ഒരു ഘടകമാണ്. ഏതു വികസിതമതരാഷ്ട്രത്തിലുമെന്നപോലെ അമേരിക്കയിലും ഔദ്യോഗികഫോമുകളിലെ ചോദ്യങ്ങളും കോളങ്ങളും നിങ്ങളുടെ മതമേതെന്ന് ചോദിക്കുന്നില്ല. (സെൻസസിൽ 1950കൾക്കുശേഷം മതാധിഷ്ഠിതകണക്കെടുപ്പില്ല.) ഒരു ഔദ്യോഗിക-അനൗപചാരിക സംഭാഷണങ്ങളിലും 'ഏതാ ജാതി?' എന്ന അശ്ലീലചോദ്യം മടിച്ചും മടിക്കാതെയും ആരും ചോദിക്കുന്നില്ല. മതപരമായ ചിഹ്നങ്ങളെ പ്രദർശിപ്പിക്കേണ്ടതായ വിശിഷ്ടവസ്തുക്കളായി ആരും കരുതുന്നില്ല.

ചുരുക്കിപറഞ്ഞാൽ, സ്വന്തം മതമെന്നത് മറ്റൊരാളെയോ പൊതുസമൂഹത്തെയോ വിധിക്കാനോ നന്നാക്കാനോ ശിക്ഷിക്കാനോ സർവ്വാധികാരമുള്ള ചൂരൽവടിയായി ഒരു പൗരനും കൈയിലേന്തുന്നില്ല-അഥവാ നിയമം അവരെ അതിനനുവദിക്കുന്നില്ല! 'മതം' അതിന്റെ മൂലാർത്ഥത്തിൽ (അഭിപ്രായം) സ്വീകരിക്കപ്പെട്ടിരിക്കുകയാണ് അവിടെ എന്ന് നിസ്സംശയം മനസ്സിലാക്കാൻ സാധിക്കും'.

സ്ത്രീപുരുഷ സൗഹൃദങ്ങളിലും കുടുംബബന്ധങ്ങളിലും സദാചാര പ്രമാണങ്ങളിലും ലൈംഗിക കാഴ്ചപ്പാടുകളിലും മറ്റും അമേരിക്കൻ ജനത പുലർത്തുന്ന അങ്ങേയറ്റം വ്യക്തിനിഷ്ഠവും സ്വതന്ത്രവും മാനവികവുമായ മൂല്യങ്ങളാണ് ഒരുപക്ഷെ ആ രാജ്യത്തെ ഏറ്റവും ഉദാരവും ജനാധിപത്യപരവുമായ പൊതുജീവിതത്തിനടിത്തറയൊരുക്കുന്നത്. നിരവധി ലേഖനങ്ങളിൽ ഈ മൂല്യങ്ങളുടെ സ്വതന്ത്രലോകം ബോബി അനാവരണം ചെയ്യുന്നു.

'സാമുഹ്യനീതി എന്ന സോഷ്യലിസ്റ്റ് ആശയം എത്രയേറെ ജനാധിപത്യപരവും മാനുഷികവുമായാലും ആശയതലത്തിലെ തീഷ്ണപ്രലോഭനങ്ങൾക്കപ്പുറത്ത് ഒരു മൂർത്തയാഥാർത്ഥ്യമാണെന്ന തിരിച്ചറിവും നമുക്കു നൽകുന്നുണ്ട് അമേരിക്കൻ പബ്ലിക്‌സ്‌കൂളുകളുടെ അവസ്ഥ-ദുരവസ്ഥാഭേദങ്ങൾ! ഗ്രാമീണ, നാഗരിക, ഏകാധ്യാപര, സമ്പന്ന, ദരിദ്രങ്ങളായ വിവിധ പശ്ചാത്തലങ്ങലുള്ള വിദ്യാലങ്ങളിൽ വ്യത്യസ്ത ബൗദ്ധികതലങ്ങളിലെ വ്യത്യസ്തജോലിഭാരത്തോടെ എന്നാൽ ഒരേ ശമ്പളസ്‌കെയിലോടെ പ്രവർത്തിക്കുന്ന സർക്കാർ അദ്ധ്യാപകരെ അവിടെ കാണുന്നില്ല. കുട്ടികളും എണ്ണത്തിനും ഗുണത്തിനും 'വിദ്യാലയഅയൽവക്ക' സാമൂഹ്യസ്ഥിതിക്കുമനുസരിച്ച് (School nwighbourhood status) ജോലിയുടെ ദൈർഘ്യവും വ്യാപ്തിയും മാറുകയും, കൃത്യവും കർക്കശവുമായ ഗുണനിലവാരവിലയിരുത്തൽ പ്രക്രിയയിലൂടെ ചിട്ടയോടെ (Quality Monitoring& Assessment process) കടന്നുപോയിക്കൊണ്ട് 'കൂടുതൽ പണി കൂടുതൽ പണം' എന്ന നവമുതലാളിത്തപാത അമേരിക്കൻ വിദ്യാഭ്യാസമേഖലക്ക് പണ്ടേ സ്വന്തമാണ്.

ഓരോ ഡിസ്ട്രിക്ടിലെയും നികുതി, താമസക്കാരുടെ വരുമാനം, വസ്തുവകകൾ, ഭൂസ്വത്ത്, വാഹനം, വീടിന്റെ വലിപ്പം, വില എന്നിങ്ങനെയുള്ള ഘടകങ്ങളെ ആധാരമാക്കി ഉയർന്ന നിരക്കിൽ റവന്യൂവരുമാനത്തിലേക്ക് മുതൽക്കൂട്ടുകയും അതിൽനിന്ന് ആ ഡിസ്ട്രിക്ടിലെ അംഗങ്ങളുടെ സമ്മതി(വോട്ടിങ്)ക്കനുസരിച്ച് കുറഞ്ഞോ കൂടിയതോ ആയ തോതിൽ വിദ്യാഭ്യാസത്തിനായി വകയിരുത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഇത് ഒരു ദുഷ്ചക്രം (Vicious Cycle) ആയി തുടരുന്നു. ദാരിദ്ര്യം ദാരിദ്ര്യത്തെ ജനിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിനാൽ അമേരിക്കൻ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ ദാരിദ്ര്യവും സാമൂഹ്യപിന്നാക്കാവസ്ഥയും വിദ്യാഭ്യാസരാഹിത്യവും തുടർചക്രമായി കറങ്ങിക്കൊണ്ടേയിരിക്കുന്നു!

എന്നാൽ രാഷ്ട്രത്തെ ഒന്നായെടുത്തു പരിശോധിക്കുമ്പോൾ, ഹർത്താൽ-പണിമുടക്കാഘോഷങ്ങളും വെള്ളാനകളായ ബോർഡ്-കോർപ്പറേഷനുകളും, പണിയെടുക്കാതെയും പണം കിട്ടും എന്ന് ഒരു ചെറിയ ശതമാനമെങ്കിലും അലസ-അധികാര-അഹങ്കാരനാട്യങ്ങളാലും ചുവപ്പുനാട-അഴിമതിആചാരങ്ങളാലും പൊതുജനങ്ങളെ വെറുപ്പിക്കുന്ന സർക്കാർജോലി ധാർഷ്ട്യമനോഭാവങ്ങളും ഇല്ലാത്തതുകൊണ്ടുതന്നെ, എല്ലാ മേഖലകളും നിരന്തരം പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. നികുതിപണം കൃത്യമായി, മുഴുവനായി രാഷ്ട്രവികസനത്തിനായി ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു-മാറിമാറിവരുന്ന രാഷ്ട്രീയനയങ്ങളാൽ മാറ്റങ്ങൾക്കു വിധേയമെങ്കിലും, ജനം ചിലപ്പോഴൊക്കെ അതൃപ്തരെങ്കിലും-പുരോഗതി ഈ അനുസ്യൂതപ്രവർത്തിയുടെ സ്വാഭാവികഫലം മാത്രം! Work is worship!'.

അമേരിക്കൻ നീതിന്യായവ്യവസ്ഥയുടെ നേർകാഴ്ച ബോബി അവതരിപ്പിക്കുമ്പോൾ പക്ഷെ മേല്പറഞ്ഞ മുഴുവൻ സ്വതന്ത്ര, ധാർമിക, ഉദാര, മാനവവാദങ്ങളുടെയും മറുപുറമാണ് നാം കാണുന്നത്. അവിശ്വസനീയമാംവിധം മനുഷ്യാവകാശധ്വംസനങ്ങൾ നടക്കുന്ന രാജ്യമത്രെ, അമേരിക്ക. ഒരുവശത്ത് തോക്കിനും മൃഗവേട്ടക്കുമൊക്കെ നിർബാധം ലൈസൻസ് നൽകുന്ന രാഷ്ട്രക്രമം. മറുവശത്ത് ലോകത്തേറ്റവും കൂടുതൽ മനുഷ്യരെ തടവിലിട്ടിരിക്കുന്ന ജയിലുകൾ. ആ ജയിലുകൾ തന്നെയും സ്വകാര്യമേഖലക്കു കൈമാറിക്കഴിഞ്ഞ ഭരണകൂടം......

'മൃഗവേട്ട തീർത്തും നിയമാനുസൃതമാണ് അമേരിക്കൻ ഐക്യനാടുകളിൽ. ഏതു പൗരനും തോക്കു കൈവശം വെയ്ക്കാനുള്ള ലൈസൻസ് ഏറ്റവുമെളുപ്പത്തിൽ നൽകുന്ന രാജ്യമായ അമേരിക്കയിൽ, കൃത്യമായ സ്റ്റേറ്റ്‌നിയമാവലിക്കനുസരിച്ച് സ്വകാര്യമോ പൊതുവോ ആയ ഏതു കാട്ടിലും വേട്ട നടത്താം. 'വന്യജീവിസംരക്ഷണത്തിനും വിനോദത്തിനു'മായി (Wildlife Management and Outdoor Recreation) അനുവദിക്കപ്പെട്ടിട്ടുള്ള സീസണിലും സമയത്തും (Permitted hours & season) അളവിലും (Baglimit) അനുവദിക്കപ്പെട്ട രീതികളിലും മൃഗവേട്ട അവിടെ അനുസ്യൂതം നടന്നുകൊണ്ടേയിരിക്കുന്നു. യഥേഷ്ടം ലഭ്യമായ Elk, Moose, Caribou, Pronghorn എന്നിങ്ങനെ വിവിധ കലമാൻവർഗങ്ങൾ, കറുത്തകരടി, മുയൽ, വിവിധപക്ഷികൾ ഒക്കെ സാധാരണ ഇരകൾ.

ഒരു വികസിതരാജ്യത്തിൽ 'കാടത്തം' എന്ന് ഒറ്റനോട്ടത്തിൽ തോന്നാവുന്ന ഈ മൃഗയാവിനോദത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ ലോകമെങ്ങുംതന്നെ, നായാട്ട് അനുവദനീയമല്ലാത്ത രാജ്യങ്ങൾ ഇന്ത്യപോലെ വിരലിലെണ്ണാവുന്നവയേയുള്ളു എന്നെനിക്കു മനസ്സിലായി. യൂറോപ്പ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, ലാറ്റിനമേരിക്കൻ, ഏഷ്യയുടെ വിവിധ രാജ്യങ്ങൾ (പാക്കിസ്ഥാൻ ഉൾപ്പെടെ) എന്നിവിടങ്ങളിലൊക്കെ കാട്ടുമൃഗവേട്ട നിയമവിധേയമാണ്.

അമേരിക്കൻ വേട്ടനിയമങ്ങൾ പരിശോധിച്ചപ്പോൾ ശ്രദ്ധേയമായി തോന്നിയ കാര്യം അവയുടെ ഉയർന്ന നൈതികതയാണ്. കൃത്യമായ സ്റ്റേറ്റ്‌ലൈസൻസോടുകൂടി മാത്രം നടത്താവുന്ന വേട്ടയ്ക്ക് ചിലപ്പോഴൊക്കെ ചില നാഷണൽപാർക്കുകളിൽ ഉയർന്ന ഫീസും ചുമത്തുന്നുണ്ട്. വംശനാശം നേരിടുന്നവയെ സംരക്ഷിക്കുന്നതുമുതൽ നിശ്ചിതമാനദണ്ഡങ്ങൾക്കനുസരിച്ചുള്ള തോക്കുകൾ മാത്രമേ ഉപയോഗിക്കാവൂ, മെഷീൻ ഗണ്ണുകൾ-സ്‌ഫോടകവസ്തുക്കൾ-വാരിക്കുഴികൾ-വലകൾ-ഭക്ഷ്യവസ്തുക്കളിലെ വിഷം എന്നിവ ഉപയോഗിക്കരുത്, ഓടുന്ന വാഹനത്തിൽനിന്നോ എയർക്രാഫ്റ്റിൽനിന്നോ വെടിവയ്ക്കരുത്, മൃഗങ്ങൾ സ്വാഭാവികമായി ആകർഷിക്കപ്പെടാവുന്ന അവയുടെ സമാനശബ്ദങ്ങളോ സ്വാഭാവികപ്രതിരോധം ദുർബലപ്പെടുത്തുന്ന വെളിച്ചങ്ങളോ ഉപയോഗിക്കരുതെന്നുതുടങ്ങി, തുറസ്സല്ലാത്ത അഥവാ ചുറ്റുവേലിയുള്ള ഭൂപ്രദേശങ്ങളിൽ വേട്ടയാടരുത് എന്നുവരെ ധാർമ്മികമായി വളരെയുയർന്ന നിയമാവലിയാണ് അമേരിക്കൻ വേട്ടവ്യവസ്ഥയുടേത് (ഒട്ടുമിക്കവാറും വികസിതരാജ്യങ്ങളുടേതും).

അതായത്, തങ്ങളുടെ കുടിയേറ്റപിതാക്കളുടെ, ഭക്ഷണത്തിനും നിലനിൽപ്പിനുമായുള്ള നായാട്ടുപാമ്പര്യത്തിൽ അഭിമാനിക്കുകയും അതി തുടരുകയും ചെയ്യുമ്പോഴും മനുഷ്യന്റെ ക്രിയാശേഷിയെയും സ്വാഭാവിക ഇരപിടിക്കൽചോദനകളെയും ഊട്ടിയുറപ്പിക്കുന്ന മൃഗയാവിനോദരീതികൾ...

വേട്ട സാധാരണ അമേരിക്കൻപൗരർക്ക് സ്വാദിഷ്ടഭക്ഷണവും വസന്തകാല വിനോദവുമേകുന്നതോടൊപ്പം, വന്യമൃഗങ്ങളുടെ ജൈവികവ്യവസ്ഥയുടെ സമതുലീകരണം ഉറപ്പുവരുത്തുന്നു. നായാട്ടു ലൈസൻസുഫീസിൽനിന്നും ലഭിക്കുന്ന പണം വന്യമൃഗമേഖലകളുടെ സംരക്ഷണത്തിനും കുറ്റിയറ്റുപോകാവുന്ന ജീവിവർഗപരിപാലനത്തിനുമായാണ് ചെലവഴിക്കപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്. ഒരേ നയത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരമുഖങ്ങൾ!

'ട്രോഫി ഹംണ്ടിങ്' എന്നറിയപ്പെടുന്ന വമ്പൻവേട്ടകൾ കർശനനിയന്ത്രണങ്ങളോടെ മാത്രം നടത്താവുന്നതിനാൽതന്നെ ആനക്കൊമ്പ്, കടുവത്തോൽ തുടങ്ങി കോടികളുടെ വിപണി ലക്ഷ്യമാക്കിയുള്ള വാണിജ്യവേട്ട/ കള്ളവേട്ടയുടെ (Big Game Hunting/Trophy Hunting) ഏറ്റവും വമ്പന്മേഖല ആഫ്രിക്കൻ വനാന്തരങ്ങളാണ്. സിംബാബ്‌വെ, സാംബിയ, മൊസാബിക്, ടാൻസാനിയ തുടങ്ങിയ ആഫ്രിക്കൻരാജ്യങ്ങൾ പണം കൊടുത്തു നടത്താവുന്ന വാണിജ്യവേട്ടയുടെ പറുദീസയാണ്. (വാർട്ടർപാമർ എന്ന അമേരിക്കൻ ദന്തഡോക്ടർ 54,000 ഡോളർ വേട്ടപ്പണം കൊടുത്ത് സെസിൽ എന്ന സിംഹത്തെ കൊന്നത് 2015 ലെ വിവാദങ്ങളിലൊന്നായിരുന്നല്ലോ). ധനാഢ്യർ വിലപിടിപ്പുള്ള ട്രോഫികൾക്കും തങ്ങളുടെ സാഹസികതാപ്രകടനങ്ങൾക്കും ധീരവേട്ടക്കാര 'ഇമേജു'കൾക്കുമായി ദരിദ്രആഫ്രിക്കൻരാജ്യങ്ങൾക്കു നൽകുന്ന കോടികൾ, ആ രാജ്യത്തെ മനുഷ്യരുടെ പട്ടിണി മാറ്റുന്നുണ്ട്-മൃഗബലികളാൽ മനുഷ്യന് സമ്പൽസമൃദ്ധി നിറയുന്നതിന്റെ പുതുവഴികൾ!

മനുഷ്യ-മൃഗയുദ്ധങ്ങളെന്നു വ്യവഹരിക്കാവുന്ന വേട്ടയുടെ അമേരിക്കൻനിയമങ്ങൾ ആ രാജ്യം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടത്തിക്കൊണ്ടേയിരിക്കുന്ന ചെറുരാജ്യ ധ്വംസനഭീകരതകളേക്കാൾ നീതിപൂർവ്വമാണ് എന്നെനിക്കുതോന്നി. വിയറ്റ്‌നാം, കൊറിയ, ഇറാഖ് തുടങ്ങി അഫ്ഗാനിസ്ഥാൻവരെ നിരവധി യുദ്ധഭീകരതകൾ, ബോംബാക്രമണങ്ങൾ, കടന്നുകയറ്റങ്ങൾ, ഫലസ്തീൻ പ്രശ്‌നം മുതൽ മെക്‌സിക്കൻ, ക്യൂബൻ ഇടങ്ങളിൽ വരെയെടുക്കുന്ന നിലപാടുകൾ, അഭയം തേടിയെത്തുന്നവരെ ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽസാൽവഡോർ തുടങ്ങി അരക്ഷിതമേഖലകളിലേക്കയയ്ക്കുന്ന കൗശലം... മനുഷ്യനോടുള്ളതിനേക്കാൾ മികച്ച നയതന്ത്രജ്ഞത തീർച്ചയായും അമേരിക്കൻ ഭരണകൂടം മൃഗങ്ങളുടെ വിഷയത്തിൽ കാണിക്കുന്നുണ്ട്'.

അഞ്ചുമാസത്തെ അക്കാദമിക പരിശീലന-വിനിമയ പരിപാടിയുടെ ഭാഗമായി അമേരിക്കൻ ജീവിതത്തിനിടയിൽ നാലു നഗരങ്ങളിലേക്കു നടത്തിയ ഹ്രസ്വയാത്രകളുടെ അനുഭവചിത്രങ്ങളാണ് ഇനിയൊരു വിഭാഗം രചനകൾ. ന്യൂയോർക്ക്, വാഷിങ്ടൺ, ഷിക്കാഗോ, മയാമി എന്നിവിടങ്ങളിലേക്ക്. ഒപ്പം, അമേരിക്കയിൽ കണ്ടുമട്ടിയ അദ്ധ്യാപകസുഹൃത്തുക്കളിൽ ചിലർ പിന്നീട് കേരളത്തിലേക്കു നടത്തിയ സന്ദർശനത്തിന്റെ വിവരണവും.

'ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങൾ' എന്ന ഗ്രന്ഥനാമം അന്വർഥമാക്കുന്നവയാണ് ബോബിയുടെ ഓരോ ഉപന്യാസവും. സമസ്തപദങ്ങളുടെ വള്ളിക്കെട്ട് വായനയെ ഇടയ്ക്കിടെ ശ്വാസം മുട്ടിക്കുമെങ്കിലും, ജീവസ്സുറ്റ ഭാഷയിൽ, സ്വതന്ത്രവും മൗലികവുമായ കാഴ്ചപ്പാടുകളോടെ ലോകത്തെ നോക്കിക്കാണുന്ന ആത്മബോധമുള്ള ഒരു സ്ത്രീക്കു മാത്രം എഴുതാൻ കഴിയുന്ന ജീവിതനിരീക്ഷണങ്ങളാണ് ഇവ.

പുസ്തകത്തിൽനിന്ന്

'ഒരു സ്വതന്ത്രലിബറൽ റിപ്പബ്ലിക് ആയിരിക്കുമ്പോഴും, നിയമവ്യവസ്ഥ കർശനമായി പാലിക്കപ്പെടുന്ന രാജ്യമെന്നു കേൾവികേട്ട അമേരിക്കൻ ഐക്യനാടുകൾ പക്ഷെ, ഏറ്റവും വലിയ മനുഷ്യാവകാശധ്വംസനങ്ങൾ നടക്കുന്ന വികസിതരാഷ്ട്രപട്ടികയിലും മുൻപന്തിയിലാണ്.

ലോകത്ത് ഏറ്റവും കൂടുതൽ പേർ ജയിലറകളിൽ കഴിയുന്ന രാജ്യമെന്ന ബഹുമതി കൂടി അമേരിക്കൻ ഐക്യനാടുകൾക്കു സ്വന്തമാണ്. ഏറ്റവും കൂടി ശരാശരി തടവറകാലയളവുള്ളതും ഇവിടെയാണ്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 1,00,000 പേരിൽ 655 പേർ ജയിലിലാണ്. (ഇന്ത്യയിലിത് 1,00,000 ൽ 30 പേരാണ്.) അതായത്, ലോകജനസംഖ്യയുടെ 5% മാത്രമുള്ള അമേരിക്കൻ പൗരരിലെ ജയിൽജനസംഖ്യ ലോകജനസംഖ്യയുടെ 25% വരും! ഏറ്റവും കൂടുതൽ സ്ത്രീകൾ തടവറയിലുള്ള രാജ്യം, 18 വയസ്സിന് താഴെയുള്ളവർ ഏറ്റവും കൂടുതൽ ശിക്ഷിക്കപ്പെടുന്ന രാജ്യം, ഇന്നും വധശിക്ഷ നിലിവിലുള്ള (29 സംസ്ഥാനങ്ങളിൽ) ഏക പാശ്ചാത്യരാജ്യം എന്നൊക്കെയുള്ള വിവരങ്ങൾ ഇതിനോട് ചേർത്തുവായിക്കേണ്ടതാണ് (യൂറോപ്പിലെ കൊച്ചു ബലാരസ് മാത്രമാണ് വധശിക്ഷ നിലവിലുള്ള ഏക പടിഞ്ഞാറൻ രാജ്യം).

ഇന്ത്യ, ചൈന തുടങ്ങി കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളെയും റഷ്യ, ഫിലിപ്പീൻസ് തുടങ്ങി കൂടുതൽ ഏകാധിപത്യപ്രവണതയുള്ള ഭരണവ്യവസ്ഥകളെയും പിന്തള്ളിക്കൊണ്ടാണ് ഈ 'സ്വതന്ത്രലോകം' മനുഷ്യാവകാശധ്വംസനപട്ടികയിൽ മുന്നേറുന്നതെന്നത്, വർഷം ശരാശരി 2.3 മില്യൺ ജനങ്ങളെ ജയിലഴികൾക്കു പിന്നിൽ തളച്ചിടുന്നെന്നത് ശ്രദ്ധേയമാണ്. ആ രാജ്യത്തിന്റെ മികച്ച സാമൂഹ്യസുസ്ഥിതിയുടെ മുഖപ്പിനുപിറകിൽ, അത് സാധ്യമാക്കുന്ന രീതിയുടെ ഒരേകദേശചിത്രം ഈ കണക്കുകൾ നമുക്കു നൽകും.

പൊതുവെ ലഘുവെന്നു കരുതപ്പെടുന്ന കുറ്റങ്ങളിൽപോലുമുള്ള 'ഉടനടി അറസ്റ്റാണ്' ഈ ഉയർന്ന ജയിൽജനസംഖ്യയുടെ മുഖ്യകാരണം. വിവിധ ഏഷ്യൻ, ആഫ്രിക്കൻ പിന്നാക്കരാജ്യങ്ങളിലെപോലെ സ്വാധീനവും അധികാരവും ഏതു കുറ്റവാളിയെയും സ്വതന്ത്രനാക്കുമെന്ന അവസ്ഥ പൊതുവെ അമേരിക്കയിൽ നിലവിലില്ല. പക്ഷെ പണം തീർച്ചയായും ഒരു മുഖ്യഘടകമാണ്-ജാമ്യവ്യവസ്ഥയുടെ ഭാഗമായി നിയമം ആവശ്യപ്പെടുന്ന കനത്ത തുക (സാധാരണയായി 10,000 ഡോളർ) കെട്ടിവയ്ക്കാൻ സാധിക്കാത്തതുകൊണ്ടും, ചെലവേറിയ നിയമസഹായത്തിനായി പണം മുടക്കാൻ സാധിക്കാത്തതുകൊണ്ടും വർഷങ്ങളായി അഴികൾക്കുള്ളിൽ കഴിയുന്നവരുണ്ട്! ഇന്ത്യൻ സാഹചര്യങ്ങളിൽ ചിന്തിക്കാവുന്നതിലേറെ വംശീയ-ദാരിദ്ര്യതരംതിരിവുകൾ അമേരിക്കൻ ജയിലറകളിൽ കാണാമെന്നത് ഒരു യാഥാർത്ഥ്യംതന്നെയാണ്.

ജനസംഖ്യയുടെ കേവലം 12% മാത്രം വരുന്ന കറുത്ത വർഗ്ഗക്കാർ (Afro-Americans) ജയിൽജനസംഖ്യയുടെ 33% വരുമെന്നത് ഈ യാഥാർത്ഥ്യത്തിലേക്കുള്ള വിരൽചൂണ്ടിയാണ്. കടുത്ത സാമ്പത്തിക-സാമൂഹ്യഅരക്ഷിതത്വവും വിദ്യാഭ്യാസാവസരരാഹിത്യവും തൊഴിലില്ലായ്മയും ഭവനരാഹിത്യവുമൊക്കെയായി അരികുവത്കരിക്കപ്പെട്ട കറുത്തമനുഷ്യർ ലഹരിയിലേക്കും അക്രമത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും ശാരീരിക-മാനസിക വിഭ്രാന്തികളിലേക്കുമൊക്കെ തീർത്തും സ്വാഭാവികമായി എത്തിപ്പെടുകയും വീണ്ടും വീണ്ടും പിടിക്കപ്പെടുകയും ജയിലിലിലെ ഇരുളിലൊടുങ്ങുകയും ചെയ്യുന്നത് ഒരമേരിക്കൻ പുറമ്പോക്കുയാഥാർത്ഥ്യമാണ്. തടവറകളിലെ മനുഷ്യർ ഒമ്പതിൽ ഒന്ന് എന്ന കണക്കിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരാണ്. അതിൽ തന്നെ മൂന്നിലൊന്നുപേർക്ക് 50 വർഷത്തിലേറെയാണ് ശിക്ഷാകാലയളവ്. യുവത്വലഹരിയിൽ പിടിക്കപ്പെടുന്നവർ മരണത്തോടെ മാത്രം സ്വതന്ത്രരാകുന്ന ഭീകരമനുഷ്യാവസ്ഥകൾ!

ഇന്ത്യൻ-അമേരിക്കൻ കുറ്റകൃത്യ, ശിക്ഷാവ്യവസ്ഥയുടെ ഏറ്റവും വലിയ അന്തരമായി, ഇതെക്കുറിച്ച് വായിക്കുകയും കുറച്ചൊക്കെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുകയും ചെയ്തപ്പോൾ ഞാൻ മനസിലാക്കിയത്, അമേരിക്കൻവ്യവസ്ഥയിലെ ധനാധിഷ്ഠിതനീതിയും സ്വകാര്യവത്കരണവും നിയമകാർക്കശ്യവുമാണ്.

വ്യത്യസ്ത കേസുകളിലെ ജാമ്യതുക വ്യത്യസ്തമാണെങ്കിലും, ഒരു സാധാരണ ജാമ്യം 10,000 ഡോളർ വിലയുള്ളതാണ്. അമേരിക്കയിലെ സീനിയർ സെക്കണ്ടറി അദ്ധ്യാപകന്റെ മികച്ച മാസശമ്പളം 4000-5000 ഡോളർ ആണ് എന്നറിയുമ്പോൾ ഈ തുകയുടെ വലുപ്പം മനസ്സിലാകും. ഇത് നൽകാൻ കഴിയാതെ ലക്ഷക്കണക്കിനുപേർ അമേരിക്കൻജയിലുകളിൽ അനിശ്ചിതകാലം തള്ളിനീക്കുന്നു. (ജയിലുകൾ (Jails) വിചാര കാത്തുകഴിയുന്ന ഇടങ്ങളും പ്രസണുകൾ (Prisons) വിധിക്കുശേഷം ശിക്ഷാകാലം കഴിച്ചുകൂട്ടുന്നവയുമാണ്).

മറ്റൊന്ന് ജാമ്യബോണ്ടുകളുടെ വിപണനമേഖലകളാണ്-അതായത് ജാമ്യതുക കടമായി നൽകാനായി പ്രവർത്തിക്കുന്ന കമ്പനികൾ. ഇങ്ങനെ കടംവാങ്ങിയ ജാമ്യം പലർക്കും സ്വാതന്ത്ര്യം നൽകുമെങ്കിലും അതവരെ ആജീവനാന്തകടക്കെണിയിലകപ്പെടുത്തുന്നു. ഈ സാമ്പത്തികാടിമത്വം വീണ്ടും വീണ്ടും അവരെ അരാജകത്വത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും വീണ്ടും ജയിലിലേക്കും തള്ളിവിടുന്നു-ഒരു ദുഷ്ചക്രം (Vicious cycle)!

പൊലീസ്-ജയിൽ വകുപ്പുകളുടെ മറ്റൊരു വസ്തുത അവയുടെ സ്വകാര്യവത്കരണമാണ്. അമേരിക്കൻ പൊലീസ്‌വകുപ്പ് വിവിധ വിഭാഗങ്ങളടങ്ങിയതാണ്. സർക്കാർ നേരിട്ടു നിയമിക്കുന്ന പൊലീസുകാരെപ്പോലെതന്നെ വിവിധ സ്വകാര്യഏജൻസികൾ ലഭ്യമാക്കുന്ന, സ്റ്റേറ്റിനുവേണ്ടി നിയമപാലനം നിർവ്വഹിക്കുന്ന സ്വകാര്യ പൊലീസ്‌സംഘങ്ങളുമുണ്ടെന്നത് കൗതുകകരമാണ്. സ്ഥിരമായി കരാറിലേർപ്പെട്ടിരിക്കുന്ന വമ്പൻ ഏജൻസികൾക്കു പുറമെ വിവിധ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്കു ലൈസൻസ് കൊടുത്തു ചുമതലപ്പെടുത്തുന്ന ടഇഛജകൾ (Special Conservators of Peace) നഗരത്തിൽ റോന്തുചുറ്റുന്നതും നിയമലംഘനപിഴ-ടിക്കറ്റിങ് ചെയ്യുന്നതുമൊക്കെ, യഥാർത്ഥപൊലീസിനു പുറമെ 'സദാചാരപൊലീസി'നെ മാത്രം കണ്ടുപരിചയമുള്ള നമ്മെ അത്ഭുതപ്പെടുത്തും.

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ സ്വകാര്യവത്കരണ-കുത്തകമുതലാളിത്ത പ്രവണതകളെക്കുറിച്ചുള്ള അന്തിചർച്ചകൾതന്നെ അവസാനിപ്പിക്കാൻ കഴിയാത്ത നമുക്ക് നിയമപാലനരംഗത്തിന്റെ സ്വകാര്യമുഖം ഇതിലുമേറെ ഞെട്ടിക്കുന്ന കാഴ്ചകൾ കാത്തുവച്ചിട്ടുണ്ട്-അതിൽ പ്രധാനം അമേരിക്കൻ ജയിൽജനസംഖ്യയുടെ 8.2% ജീവിക്കുന്നത് പ്രൈവറ്റ് ജയിലുകളിലാണ് എന്നതാണ്.അമേരിക്കൻ സ്വകാര്യജയിൽചരിത്രമേറെ പഴയതാണ്. 1852ൽ ആരംഭിച്ച സാൻ ക്വന്റീൻ (San Quentin) എന്ന ആദ്യത്തെ സ്വകാര്യജയിൽ (ഇന്നത് സ്റ്റേറ്റ് ജയിലാണ്) മുതൽ 1980കളിലെ സ്വകാര്യവത്ക്കരണകുത്തൊഴുക്കിൽ മുളച്ചുപൊന്തിയ വാണിജ്യഭീമന്മാർ വരെ ലാഭത്തിനായി കൈവച്ച മേഖലകളിലൊന്നുമാത്രമാണ് ജയിൽനടത്തിപ്പും. CCA, GEOതുടങ്ങിയ വമ്പന്മാർ നൂറുകണക്കിനു സ്വകാര്യജയിലുകളിലൂടെ ബില്യൺകണക്കിനു ഡോളർ സമ്പാദിക്കുന്ന ഒരു കച്ചവടമേഖലകൂടിയാണ് അമേരിക്കൻ നീതിന്യായലോകം!

ജയിലുകളുടെ സ്വകാര്യവത്ക്കരണംമൂലം ഗവൺമെന്റിന് വൻലാഭമുണ്ടെന്നു കണക്കുകൾ സ്ഥാപിക്കുമ്പോഴും അമേരിക്കയിലെ ഉയർന്ന അറസ്റ്റുനിരക്കിനും നീണ്ട ശിക്ഷാകാലയളവിനും കനത്ത ജാമ്യഫീസ്ഘടനയ്ക്കുമൊക്കെ പിന്നിൽ, കൂടുതൽ അന്തേവാസികളെ (inmates) ജയിലുകളിലേക്കു ലഭിക്കാനായുള്ള കച്ചവടതാല്പര്യങ്ങൾകൂടിയുണ്ടെന്ന ആരോപണങ്ങൾ തള്ളിക്കളയാനാവില്ല! (ജയിൽവകുപ്പും കമ്പനികളുമായുള്ള ഉടമ്പടിയിൽ മിനിമം ഇത്ര ശതമാനം അന്തേവാസികളെ സ്ഥിരമായി കൊടുത്തുകൊള്ളാമെന്ന ഒക്യുപൻസി ഗാരണ്ടിയുമുണ്ട്!)

ക്രമസമാധാനപാലനവും നിയമവാഴ്ചയും പോലും എങ്ങനെ ലാഭാധിഷ്ഠിത (for-profit) ജയിലുകൾ വഴി 'പണത്തിനുമീതെ പരുന്തും പറക്കാത്ത' മേഖലകളാക്കി മാറ്റിയിരിക്കുന്നു എന്നത് ഒരു സ്‌തോഭജനകവസ്തുതതന്നെയാണ്. പ്രൈവറ്റ് അഥവാ സ്വകാര്യമേഖലകളിൽ, പണം മുഖ്യഘടകമായിരിക്കുന്നതുകൊണ്ടുതന്നെ അന്തേവാസികൾ ഈ 'സ്വാശ്രയ'ജയിലുകളിൽ സ്റ്റേറ്റ്ജയിലുകളെക്കാൾ കൂടുതൽ സ്വാതന്ത്ര്യസൗകര്യങ്ങളനുഭവിക്കുന്നുണ്ട്. ജയിൽവകുപ്പ് ഓരോ വർഷവും അംഗസംഖ്യക്കനുസൃതമായ സംഖ്യ ഈ സ്വകാര്യകമ്പനികൾക്ക് നൽകുന്നുണ്ട് (ഏകദേശം ആളൊന്നുക്ക് 22,000 ഡോളർ).

ഇതുകൂടാതെ 'കച്ചവടം' കൂടുതൽ ലാഭകരമാക്കാനായി പല സ്വകാര്യജയിലുകളും ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് ുമ്യീേേെമ്യ എന്ന ആകർഷകപാക്കേജ്. ഇന്ത്യയിൽ തിഹാർ, സംഗറെഡ്ഡി ജയിലുകളിൽ നിലവിലുള്ള, നമ്മുടെ വിയ്യൂർജയിലിൽ ആസൂത്രണഘട്ടത്തിലുള്ള, നിശ്ചിതതുകയ്ക്ക് (500/-) 24 മണിക്കൂർ സമയം ജയിലിൽകഴിഞ്ഞുകൊണ്ട്, ജയിൽചരിത്രവും ജയിലനുഭവവും 'ആസ്വദിക്കാവുന്ന' കൗതുകകരമായ 'ജയിൽടൂറിസം പദ്ധതി'യുമായി ഈ പാക്കേജിന് ഒരു ബന്ധവുമില്ല; മറിച്ച് തടവുകാർക്ക്, സ്വന്തം ജയിൽജീവിതം പണംകൊടുത്ത് സ്വർഗ്ഗമാക്കിമാറ്റാവുന്ന അവിശ്വസനീയപദ്ധതിയാണിത്. 'കൂടുതൽ നല്ലതു വാങ്ങൂ!-ആൗ്യ മി ഡുഴൃമറല എന്ന പരസ്യത്തോടെ ഒരുളുപ്പുമില്ലാതെ പല സ്വകാര്യജയിലുകളും പരസ്യംചെയ്തു വിൽക്കുന്ന ജയിൽസുഖവാസം! കാലിഫോർണിയയിലെ സീൽബീച്ച് സിറ്റിജയിൽപോലെ ദിവസവും 100 ഡോളർ ചെലവിൽ നക്ഷത്രഹോട്ടൽ മുറി-ഭക്ഷണസൗകര്യങ്ങളോടുകൂടിയ ജയിലറകളൊരുക്കികൊടുക്കുന്നവ.... ദിനംപ്രതി 120 ഡോളർ ചെലവിൽ ജയിലിൽനിന്ന് സ്വന്തം ജോലിക്കുപോകാനുള്ള (work-furlough) അനുവാദം ലഭിക്കുന്നവ.

പണം നീതിയുടെ അളവുകോലാകുന്ന ഒരു സമൂഹത്തിന്റെ വിസ്മയചിത്രങ്ങൾ അവിശ്വസനീയങ്ങളാണ്. ജയിലിലെ വിരലിലെണ്ണാവുന്ന ഉന്നതസ്വാധീന-അധീകാരപ്രമത്തതകളും സുഖജീവിത കഥകളും വിവാദ കോളിളക്കങ്ങളുണർത്തുന്ന ഇന്ത്യയിൽ, അമേരിക്കയിലെ ഒരു ശരാശരിപൗരൻ ഇത്തരം നീതിന്യായ അന്യായങ്ങളെക്കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുന്നുപോലുമില്ലെന്നത് ഒരു വലിയ വാർത്തയാണെന്നെനിക്കു തോന്നുന്നു.

'കുട്ടിക്കുറ്റവാളി'കളുടെ ബാലാവകാശ-മനുഷ്യാവകാശങ്ങളെറെ പരിരക്ഷിക്കപ്പെടുന്ന (ഒരുപക്ഷെ അർഹിക്കുന്നതിലും കൂടുതൽ! ഉദാ. നിർഭയകേസ്) നമ്മുടെ നാട്ടിൽനിന്നും വ്യത്യസ്തമായി, 18 വയസ്സിനു താഴെയുള്ളവർ ഏറ്റവുമധികം അറസ്റ്റ് ചെയ്യപ്പെടുന്ന നാടാണ് അമേരിക്ക! ഓരോ വർഷവും ഏകദേശം രണ്ടു മില്യനോളം, 18 വയസ്സിനു താഴെയുള്ളവർ അറസ്റ്റുചെയ്യപ്പെടുകയും, ഒന്നര മില്യൻ പേർ തടവിലാക്കപ്പെടുകയും ചെയ്യുന്നു. അതായത് ഓരോ ദിവസവും ഏകദേശം 10,000 പേർ! ഇതിൽ ഒരുഭാഗമെങ്കിലും അടയ്ക്കപ്പെടുന്നത് പ്രായപൂർത്തിയായവർക്കുള്ള ജയിലുകളിൽതന്നെയാണെന്നതാണ് ഇതിന്റെ ഏറ്റവും ഇരുണ്ടവശം'.

ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങൾ
ബോബി ജോസ്
പുലിറ്റ്‌സർ ബുക്‌സ്
കൊടുങ്ങല്ലൂർ, ഫോ: 9447717262
2020, 250 രൂപ