കൊളോണിയൽ ആധുനികതയിൽ ഇന്ത്യൻ ദേശീയതയുടെ ചരിത്രവിജ്ഞാനീയങ്ങളെ രീതിശാസ്ത്രങ്ങളെന്ന നിലയിൽ ദീർഘകാലം നിയന്ത്രിച്ചിരുന്ന രണ്ടു വരേണ്യതാസങ്കല്പങ്ങളെക്കുറിച്ച് (Elitism) രണജിത്ഗുഹ സൂചിപ്പിക്കുന്നുണ്ട്. കൊളോണിയൽ വരേണ്യതയും ബൂർഷ്വാ-ദേശീയ വരേണ്യതയും (On some aspects of the historiography of Colonial India എന്ന ലേഖനം. 1982). തുടർന്നദ്ദേഹം പതിനാറ് തലങ്ങളിലൂന്നി ഈ വരേണ്യതകളുടെ രാഷ്ട്രീയം എങ്ങനെ ഇന്ത്യൻ ദേശീയതാചരിത്രങ്ങളുടെ രീതിശാസ്ത്രമായി വികസിക്കുന്നുവെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.

കേരളീയ ആധുനികതയുടെയും മലയാളസാഹിത്യത്തിന്റെയും ചരിത്രവിജ്ഞാനീയങ്ങളിൽ മേല്പറഞ്ഞ രണ്ടു വരേണ്യതകൾക്ക് ജാത്യധിഷ്ഠിതമായി കൈവന്ന സംഘർഷാത്മകവും സമന്വയാത്മകവുമായ ഉഭയജീവിതങ്ങളന്വേഷിക്കുന്ന രാഷ്ട്രീയസൂക്ഷ്മവും സാമൂഹ്യനിഷ്ഠവുമായ ഏഴു സാംസ്‌കാരിക പഠനങ്ങളുടെ ശ്രദ്ധേയമായ സമാഹാരമാണ് സജീവ് പി.വി.യുടെ 'ജാതിരൂപകങ്ങൾ: മലയാളാധുനികതയെ വായിക്കുമ്പോൾ'.

സജീവ് ഈ സമീപനം ഗുഹയിൽനിന്നു കടംകൊണ്ടതാണെന്ന സൂചന മേല്പറഞ്ഞ സമീകരണത്തിലില്ല. സമാനമായ ഒരു ചരിത്രവിജ്ഞാനീയ/സാംസ്‌കാരിക പഠനപദ്ധതി ചൂണ്ടിക്കാണിച്ചുവെന്നു മാത്രം. തികച്ചും സ്വതന്ത്രവും മൗലികവുമായ ഒരന്വേഷണപഥത്തിൽ, മലയാള ആധുനികതയുടെ ഏഴ് സാംസ്‌കാരിക സന്ദർഭങ്ങളെ കൊളോണിയലിസത്തിന്റെ വിമോചനസമവാക്യങ്ങൾ, മലയാളഭാവനയുടെ ലാവണ്യലോകങ്ങൾ, സാഹിത്യപൊതുമണ്ഡലത്തിന്റെ സവർണയുക്തികൾ, ആധുനികതയുടെ കീഴാള പ്രത്യയശാസ്ത്രങ്ങൾ എന്നീ നാല് രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ ചരിത്രവൽക്കരിക്കുകയും സാമൂഹ്യവൽക്കരിക്കുകയുമാണ് സജീവ്.

ഈ നാലു പശ്ചാത്തലങ്ങളും ചേർന്നു നിർമ്മിച്ച മലയാള ആധുനികതയുടെ സാംസ്‌കാരിക/സാഹിതീയ സ്വരൂപങ്ങളെന്തൊക്കെയായിരുന്നു? നിരവധിയായ രാഷ്ട്രീയദ്വന്ദ്വങ്ങളുടെ അനിതരസാധാരണമായ ഭാവസംയുക്തങ്ങളായി ഏതു സാഹിത്യവ്യവഹാരത്തെയും കാണാൻ കഴിയുന്ന ഒരു ചരിത്രകാലമാണ് 1850-1950. പാരമ്പര്യം- ആധുനികത; സംസ്‌കൃതം-ഇംഗ്ലീഷ്; സ്വദേശി-വിദേശി; സ്വതന്ത്രം-വിവർത്തനം; ഹൈന്ദവം-ഹൈന്ദവേതരം; മതാത്മകം-മതേതരം; മിത്തിക്കൽ-ചരിത്രാത്മകം; കീഴാളം-വരേണ്യം; പദ്യം-ഗദ്യം; പ്രാദേശികം-മാനകീകൃതം; ജനകീയം-വരേണ്യം എന്നിങ്ങനെ എത്രയെങ്കിലും ഇരട്ടകളെ പല നിലകളിൽ സമീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന സാഹിതീയ പാഠരൂപങ്ങളുടെ പ്രഭാവഘട്ടം.

കോളനി ആധുനികതയിൽ നിന്ന് ദേശീയ ആധുനികതയിലേക്കുള്ള രാഷ്ട്രീയപരിണാമത്തിന്റെ   സാംസ്‌കാരികരൂപകങ്ങളായി ഉരുവംകൊണ്ട സാഹിത്യപാഠങ്ങളുടെ ശ്രേണീബദ്ധമായ ഭാവുകത്വപരിസരങ്ങൾ നിർമ്മിച്ച മലയാളസാഹിത്യ പൊതുമണ്ഡലത്തിൽ സർഗസാഹിത്യരൂപങ്ങൾ സൃഷ്ടിച്ച ഭാഷാപ്രപഞ്ചത്തെ സാഹിത്യചരിത്രങ്ങളും സാഹിത്യവിമർശനവും സാഹിത്യപത്രപ്രവർത്തനവും ചേർന്ന് കേരളീയാധുനികതയുടെ ഭാവപ്രരൂപങ്ങളാക്കി പുനർനിർവചിച്ചു. ഈയൊരു ചരിത്രഘട്ടത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയങ്ങളെ നിർണയിച്ച ഏറ്റവും പ്രബലവും പ്രധാനവുമായ സാമൂഹികയുക്തി ജാതിയായിരുന്നു. സജീവിന്റെ സാഹിതീയാന്വേഷണങ്ങൾ ഈ യുക്തിയെ അച്ചുതണ്ടാക്കി മാറ്റിക്കൊണ്ട് കവിത; നോവൽ, നിരൂപണം എന്നീ മൂന്നു സാഹിത്യഗണ/രൂപങ്ങളെയും പത്രപ്രവർത്തനം, രാഷ്ട്രീയ പൊതുമണ്ഡലം, മത-ജാതിസംവാദങ്ങൾ, സാഹിതീയ സംഘങ്ങൾ/തർക്കങ്ങൾ തുടങ്ങിയ ആധുനിക ഭാവസന്ധികളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നു. ആവർത്തിച്ചു പറയട്ടെ, മലയാള ആധുനികതയുടെ സാഹിതീയ പുനർവായനകളിൽ ജാതിയുടെ സാമൂഹിക പ്രത്യയശാസ്ത്രങ്ങളെ രാഷ്ട്രീയ രീതിശാസ്ത്രങ്ങളാക്കി വികസിപ്പിക്കുന്ന സൂക്ഷ്മവും സുദൃഢവുമായ സാംസ്‌കാരിക പഠനങ്ങളാണ് ഈ പുസ്തകത്തിലെ ആദ്യ ആറു ലേഖനങ്ങളും. സസ്യഭക്ഷണത്തിന്റെ ജാതിരാഷ്ട്രീയം ആധുനികതയുടെ സന്ദർഭത്തിലപഗ്രഥിക്കുന്നു, അവസാന ലേഖനം. ആധുനികോത്തരതയെക്കുറിച്ചുള്ള പാശ്ചാത്യസിദ്ധാന്തങ്ങൾ സംഗ്രഹിക്കുകയും മലയാളചർച്ചകൾ ക്രോഡീകരിക്കുകയും ചെയ്യുന്ന ലേഖനം അക്കാദമിക രചനയെന്ന നിലയിൽ മികച്ചതാണെങ്കിലും രീതിശാസ്ത്രപരവും ഉള്ളടക്കപരവുമായി ഈ പുസ്തകത്തിൽ ഒരധികപ്പറ്റാണ്.

മൂന്നു വിഭാഗത്തിൽപെടുന്നവയാണ് സാഹിത്യസംബന്ധിയായ ലേഖനങ്ങൾ. ആധുനിക മലയാളസാഹിത്യത്തിൽ ഏറെനാൾ നീണ്ടുനിന്ന രണ്ട് സംവാദമണ്ഡലങ്ങളുടെ (കവിഭാരതം/രാമായണം; പ്രാസവാദം) സാംസ്‌കാരിക രാഷ്ട്രീയം നിർണയിച്ചതിൽ ജാതി വഹിച്ച പങ്കന്വേഷിക്കുന്നു, ആദ്യ രണ്ടു ലേഖനങ്ങൾ. മലയാളകവിതയിലെ ദലിത് ഭാവുകത്വത്തിന്റെ അർഥപൂർണമായ രാഷ്ട്രീയ വ്യതിയാനങ്ങളും സരസ്വതീവിജയം, രതിസുന്ദരി എന്നീ നോവലുകൾക്ക് ജാത്യധിഷ്ഠിതമായി നേരിടേണ്ടിവന്ന തമസ്‌കരണങ്ങളുടെ ചരിത്രവും അപഗ്രഥിക്കുന്നു മറ്റു രണ്ടു ലേഖനങ്ങൾ. മൂർക്കോത്തു കുമാരൻ, സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള എന്നിവരുടെ നിരവധിയായ സാഹിതീയ, സാംസ്‌കാരിക ഇടപെടലുകളുടെ ജാതി-രാഷ്ട്രീയവിമർശനം നടത്തുന്നു തുടർന്നുള്ള രണ്ടു ലേഖനങ്ങൾ. ചരിത്രവൽക്കരിച്ചും സാമൂഹ്യവൽക്കരിച്ചും നടത്തേണ്ട സാഹിത്യവായനകളുടെ മികച്ച പാഠമാതൃകകളായി മാറുന്നു ഈ ആറുലേഖനങ്ങളും.

ആധുനിക മലയാളസാഹിത്യ പൊതുമണ്ഡലത്തിൽ ജാതി അബോധരാഷ്ട്രീയമായി പ്രവർത്തിച്ചതിന്റെ ഭിന്നതലങ്ങളാണ് സാഹിത്യസംവാദങ്ങളിലും വിവാദങ്ങളിലും സംഘടനകളിലും പുരസ്‌കാരങ്ങളിലും പദവിനിർമ്മാണങ്ങളിലും മറ്റും മറ്റും പ്രകടമാകുന്നതെന്നു തെളിയിക്കുന്നു. 'കവിരാമായണ'ത്തെക്കുറിച്ചുള്ള രചന. കവിപുഷ്പമാല, കവിമൃഗാവലി, കവിഭാരതം എന്നിങ്ങനെ മലയാളത്തിൽ രചിക്കപ്പെട്ട സമാനമായ മറ്റു കൃതികളുടെ പ്രത്യയശാസ്ത്രാപഗ്രഥനം തെളിയിക്കുന്നതും സാഹിത്യസ്ഥാപനങ്ങളെയും വ്യവസ്ഥകളെയും അതുവഴി സാഹിത്യ പൊതുമണ്ഡലത്തെത്തന്നെയും അടിമുടി വിഭാവനം ചെയ്യുന്നത് ജാതിബോധത്തിന്റെ ബലതന്ത്രങ്ങളാണ് എന്നത്രെ. ഒരുവശത്ത് മേല്പറഞ്ഞ കൃതികൾ. മറുവശത്ത് മൂലൂർ എസ്. പത്മനാഭപ്പണിക്കർ, പണ്ഡിറ്റ് കറുപ്പൻ തുടങ്ങിയവരുടെ രചനകൾ. ഒരുവശത്ത് സാഹിത്യസംഘടനകളിലും മാസികകളിലും സമ്മേളനങ്ങളിലും ഉയർന്നുവന്ന വാദങ്ങൾ. മറുവശത്ത് സാഹിത്യചരിത്രങ്ങളും വിമർശനങ്ങളും തമസ്‌കരിച്ച കീഴാളബോധങ്ങളുടെയും വാദങ്ങളുടെയും ഭാവനകളുടെയും ലോകം-സജീവിന്റെ അന്വേഷണം സുഭദ്രവും സുനിശ്ചിതവുമായ വസ്തുതകളെയും നിലപാടുകളെയും മുൻനിർത്തി മുന്നോട്ടുപോകുന്നു.

ഒരർഥത്തിൽ, മലയാളസാഹിത്യത്തിലെ 'നായരീഴവലഹള'കളുടെ രാഷ്ട്രീയപാഠങ്ങളായി മാറുകയായിരുന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾ തൊട്ടുള്ള അരനൂറ്റാണ്ടുകാലത്തെ മേൽപ്പറഞ്ഞ വ്യവഹാരസന്ദർഭങ്ങളൊന്നടങ്കം. നാരായണഗുരു, വെളുത്തേരി കേശവൻവൈദ്യർ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ എന്നീ മൂന്നു പ്രമുഖ കവികളെ, അവർ ഈഴവരായിരുന്നതുകൊണ്ടുമാത്രം കവിഭാരതത്തിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തമസ്‌കരിച്ചുവെന്ന വാദം സമർഥമായി സ്ഥാപിച്ചെടുക്കുന്നു, സജീവ്.

കീഴ്ജാതിക്കാരായ കവികളെ മുഴുവൻ ഒഴിവാക്കി മേൽജാതിക്കാരായ കവികൾ മഹാഭാരതകഥാപാത്രങ്ങളെ തങ്ങളുടെ കവിപദവിക്കായി പങ്കിട്ടെടുക്കുന്ന ഒരുതരം താരതമ്യവും മൂല്യനിർണയവുമായിരുന്നു കവിഭാരതത്തിന്റെ ഉള്ളടക്കം. മഹാഭാരകഥാപാത്രങ്ങളായി കീഴ്ജാതിക്കവികളെ സ്ഥാനപ്പെടുത്താൻപോന്ന ഒരു ഭാവന വിദൂരത്തിൽപോലും തമ്പുരാനെപ്പോലുള്ളവർക്ക് അസാധ്യമായിരുന്നു. അവർണരായ കവികൾ കവിത എഴുതിയിരുന്നുവെന്നതുതന്നെ അക്കാലത്ത് അംഗീകരിക്കപ്പെട്ടിരുന്നില്ല. അവർണകവികളുടെ ഭാഗത്തുനിന്ന് ഇത്തരം വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 'കവിഭാരതം' പരിഷ്‌കരിക്കാൻ തയ്യാറാവുകയും അത് മലയാളമനോരമയിൽ പരസ്യം ചെയ്യുകയും ചെയ്തു. ഇതിനെത്തുടർന്ന് വെളുത്തേരി കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻവൈദ്യൻ, ശ്രീനാരായണഗുരു തുടങ്ങി കവിഭാരതത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഈഴവകവികളുടെ പേരുകളും അവർക്ക് അതിനുള്ള അർഹതയും വ്യക്തമാക്കി മൂലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന് കത്തുകൾ അയയ്ക്കുന്നു. അവരിൽ പ്രധാനപ്പെട്ടവരെ മൂലൂർ പറയാതെതന്നെ താൻ ഉൾപ്പെടുത്തുമെന്നും എന്നാൽ സാരമായ ഗ്രന്ഥങ്ങൾ രചിക്കാത്ത വെറും സമസ്യാപൂരണക്കാരായ കവികളെ ഉൾപ്പെടുത്തുകയില്ലെന്നും മറുപടി പറഞ്ഞ തമ്പുരാൻ ഒടുവിൽ 'കവിഭാരത'ത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇറക്കുന്നതിൽനിന്ന് അകാരണമായി പിന്മാറുകയും ആ ശ്രമം ഉപേക്ഷിക്കിക്കുകയുമാണ് ചെയ്തത്. തിരുത്തലുകൾ വരുത്താതെയുള്ള 'കവിഭാരത'ത്തിന്റെ പുനഃപ്രസിദ്ധീകരണത്തിനുള്ള (1893) മൂലൂരിന്റെ മറുപടിയായി വേണം 'കവിരാമായണ'ത്തിന്റെ രചനയേയും പ്രസിദ്ധീകരണത്തേയും (1894) കാണാൻ. മേൽജാതിക്കാർ അതുവരെ സ്വന്തമായി കരുതിയ ഇതിഹാസ-പുരാണ പാരമ്പര്യത്തിൽ അവർണർ അവകാശം ഉന്നയിക്കുക മാത്രമല്ല അതിലെ കഥാപാത്രമായി അവർ വിന്യസിക്കപ്പെടുക കൂടി ചെയ്തതോടെ അതു നീണ്ട വാദപ്രതിവാദങ്ങൾക്കു വഴിവെയ്ക്കുന്നു. കവിരാമായണത്തിൽ മൂലൂർ പെരുനെല്ലി കൃഷ്ണൻവൈദ്യർക്ക് മാരുതിയുടെ സ്ഥാനം നൽകിയതാണ് മേൽജാതിക്കവികളെ ഏറെ പ്രകോപിപ്പിച്ചത്. വിവാദങ്ങൾക്കൊടുവിൽ വസ്തുതകളുടെ പിൻബലത്തിൽ മൂലൂർ നടത്തിയ വിമർശനത്തിൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ പിൻവാങ്ങിയെങ്കിലും മഹാകവി ഉള്ളൂർ, കെ. രാമകൃഷ്ണപിള്ള, സി.പി. ഗോവിന്ദപ്പിള്ള, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ തുടങ്ങിയവർ തമ്പുരാനുവേണ്ടി തുടർന്നും വാദിച്ചുകൊണ്ടിരുന്നു. സമുദായഘടനയിൽ എഴുതിച്ചേർത്ത വിടവ് പ്രകടമാക്കുംവിധം ഹൈന്ദവപുരാണങ്ങളുമായി ചേർന്നുപോകുന്ന വ്യാജനാമങ്ങളായിരുന്നു അവരിൽ പലരും ഈ വിവാദത്തിൽ ഉപയോഗിച്ചിരുന്നത്. ഈഴവചരിത്രവുമായി ബന്ധപ്പെട്ട പേരുകളാണ് മൂലൂരും കൂട്ടരും ഉപയോഗിച്ചത്. ഈഴവർ എസ്.എൻ.ഡി.പി. പോലെ ഒരു സംഘടനാരൂപത്തിലേക്ക് വന്നിട്ടില്ലാത്ത, രാജഭരണം നിലനിന്നിരുന്ന ഒരു കാലത്ത് 'കവിരാമായണം' പോലെ വിധ്വംസകമായ ഒരു കൃതിയുടെ രചന ഉപേക്ഷിക്കണമെന്ന് പലരും അന്ന് മൂലൂരിനോട് അഭ്യർത്ഥിച്ചിരുന്നു. അദ്ദേഹം അതിനു വഴങ്ങിയില്ലെന്ന് മാത്രമല്ല എതിരാളികളുടെ വാദങ്ങളെ പൂർണ്ണമായി ഖണ്ഡിക്കുകയും സവർണാവർണഭേദമില്ലാതെ അക്കാലത്തെ എല്ലാ കവികളെയും ഉൾപ്പെടുത്തി കവിരാമായണം പൂർത്തീകരിക്കുകയും ചെയ്തു. അന്ന് കാവ്യരചനയിൽ ഏർപ്പെട്ടിരുന്ന നൂറ്റിയാറോളം കവികളെ പരാമർശിക്കുന്ന മൂലൂർ അവരുടെ കാവ്യഗുണങ്ങളെ മാത്രം മുൻനിർത്തിയുള്ള സ്ഥാനനിർണയമാണ് താൻ 'കവിരാമായണ'ത്തിൽ നടത്തിയതെന്ന് അതിനുള്ള ആമുഖത്തിൽ പറയുന്നുണ്ട്.

സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളിലേയ്ക്ക് അവർണർ നടത്തിയ '(സാഹിത്യ)ക്ഷേത്രപ്രവേശനങ്ങളു'ടെ തുടക്കമായിരുന്നു അത്. സാംസ്‌കാരികമായ വിഭവങ്ങളുടെ മേൽ കേരളത്തിലെ അവർണജനത അവകാശവാദം ഉന്നയിക്കുന്നതാണ് സാഹിത്യചരിത്രത്തിലെ സവർണാവർണസംഘർഷമാക്കി അതിനെ മാറ്റിയത്. അത്ര എളുപ്പമായ വഴികളിലൂടെ ആയിരുന്നില്ല അത്. നാരായണഗുരു, വെളുത്തേരി കേശവൻവൈദ്യൻ, പെരുനെല്ലി കൃഷ്ണൻവൈദ്യൻ എന്നീ മൂന്നു കവികൾ എന്തുകൊണ്ട് 'കവിഭാരത'ത്തിൽ തമസ്‌കരിക്കപ്പെട്ടു എന്നതിന്റെ രാഷ്ട്രീയമായിരുന്നു മൂലൂർ അന്വേഷിച്ചത്. ഈഴസമുദായത്തിലെ ഏതെങ്കിലും ചെറിയ കവികളെ മുൻനിർത്തിയായിരുന്നില്ല മറിച്ച് കേരളത്തിലെ വലിയ എഴുത്തുകാരെ മുൻനിർത്തിയാണ് മൂലൂർ സമരത്തിനിറങ്ങിയത്. സമസ്യാപൂരണം നടത്തി കഴിയുന്ന കഷ്ടിപിഷ്ടി എഴുത്തുകാരെ താൻ 'കവിഭാരത'ത്തിൽ ഉൾപ്പെടുത്തില്ല എന്ന തമ്പുരാന്റെ വാദത്തെ മൂലൂർ തമ്പുരാനുള്ള കത്തിൽ ഖണ്ഡിക്കുന്നുണ്ട്. കുംഭകോണം കൃഷ്ണശാസ്ത്രിയെപോലുള്ള അത്തരം കവികൾ ഉയർന്ന ജാതിക്കാരായതുകൊണ്ടുമാത്രം കവിഭാരതത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മാത്രമല്ല കുഞ്ഞിക്കുട്ടൻത്തമ്പുരാന്റെപോലും ആദ്യകൃതിയായിരുന്നു 'കവിഭാരതം'. എന്നാൽ തമ്പുരാനു മുമ്പുതന്നെ വെളുത്തേരി കേശവൻ വൈദ്യർ, പെരുനെല്ലി കൃഷ്ണൻവൈദ്യർ എന്നിവർ ആ കാലത്ത് മികച്ച കൃതികൾ എഴുതിക്കഴിയുക മാത്രമല്ല സവർണരായ എഴുത്തുകാരോട് മത്സരിക്കുകയും അക്കാലത്ത് നടപ്പിലുള്ള ഗ്രന്ഥമാതൃകകളിലും കാവ്യസമ്പ്രദായങ്ങളിലും വിജയിക്കുകകൂടി ചെയ്തവരാണ്. പ്രതിഭയിലും പാണ്ഡിത്യത്തിലും അവർ തങ്ങൾക്കു പിറകിലല്ല എന്ന തിരിച്ചറിവ് അക്കാലത്തെ കവിസാർവ്വഭൗമരായ ചിലർക്കെങ്കിലും ലഭിച്ചതോടെ ബോധപൂർവ്വമായ ഒഴിവാക്കലുകൾക്കാണ് അവർ വിധേയരായത്. കേരളവർമ്മ മുതൽ ഏ.ആർ. രാജരാജവർമ്മ വരെ അതിൽ പങ്കുവഹിച്ചിരുന്നു എന്ന് വി. കുഞ്ഞികൃഷ്ണനെപ്പോലുള്ളവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. രക്തസാക്ഷികളായ രണ്ടു കവികളെക്കുറിച്ചുള്ള അവരെക്കുറിച്ചെഴുതുമ്പോൾ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മൂലൂരിനെ സംബന്ധിച്ച് പ്രസ്തുത സംവാദത്തിലെ പ്രധാന തർക്കവിഷയം തന്റെ പൂർവ്വഗാമികൾ എന്ന നിലയിൽ വെളുത്തേരി കേശവൻവൈദ്യരുടെയും പെരുനെല്ലി കൃഷ്ണൻവൈദ്യരുടെയും കവിപദവി അന്നത്തെ സാഹിത്യമണ്ഡലത്തിൽ ഉറപ്പിച്ചെടുക്കുക എന്നുള്ളതായിരുന്നു'.

വെളുത്തേരിയുടെയും പെരുനെല്ലിയുടെയും സാഹിത്യപ്രതിഭയെയും സംഭാവനകളെയും കുറിച്ചുള്ള സൂക്ഷ്മാവലോകനമാണ് ലേഖനത്തിന്റെ തുടർന്നുള്ള ഭാഗം. മലയാളസാഹിത്യചരിത്രത്തിന്റെ ഒന്നാന്തരമൊരു അപനിർമ്മാണമായി മാറുന്നു, ഈ രചന.

താരതമ്യേന സാങ്കേതികം മാത്രമായ ഒരു സൗന്ദര്യശാസ്ത്രതർക്കമായി കണ്ടുപോരുന്ന ദ്വിതീയാക്ഷരപ്രാസവാദത്തിനു പിന്നിലും സൂക്ഷ്മാർഥത്തിൽ ജാതി പ്രവർത്തിച്ചതിന്റെ ഭിന്നമാനങ്ങൾ മറനീക്കുന്നു, അടുത്ത ലേഖനം. പാരമ്പര്യം-ആധുകത; സംസ്‌കൃതം-മലയാളം; പ്രാദേശികത-ദേശീയത എന്നീ വ്യവഹാരദ്വന്ദ്വങ്ങളുടെ രാഷ്ട്രീയം ജാതിനിർണീതമായി മലയാളഭാവനയെ സ്വാധീനിച്ചതിന്റെ സൂക്ഷ്മതലങ്ങൾ സജീവ് അനാവരണം ചെയ്യുന്നു.

സങ്കീർണ്ണവും സാമൂഹ്യനിഷ്ഠവുമായ ചില ഉഭയമനസ്ഥിതികളിൽ വ്യാപരിച്ചിരുന്ന സാഹിത്യപ്രവർത്തകരെന്ന നിലയിൽ ഏ.ആർ, കേരളവർമ്മ, കെ.സി. കേശവപിള്ള, കുമാരനാശാൻ, ഉള്ളൂർ തുടങ്ങിയവരുടെ സാംസ്‌കാരികാഭിരുചികൾക്ക് കൊളോണിയൽ ആധുനികതയിൽ കൈവന്ന സ്വത്വപ്രതിസന്ധികളിലൊന്നായിരുന്നു മേല്പറഞ്ഞ ദ്വന്ദ്വങ്ങളോട് അവർക്കുണ്ടായ ആഭിമുഖ്യങ്ങളിലും അനാഭിമുഖ്യങ്ങളിലും തെളിഞ്ഞുകണ്ടത്.

തമിഴിൽ നിന്നു മുക്തമായി സംസ്‌കൃതത്തിന്റെയും ഇംഗ്ലീഷിന്റെയും വഴിയിൽ മലയാളത്തിന് ആധുനികമായ ഒരടിത്തറ നിർമ്മിക്കാനുള്ള ഏ.ആറിന്റെ ശ്രമങ്ങളുടെ പ്രത്യക്ഷരൂപകങ്ങളിലൊന്നായി പ്രാസവാദത്തിലെ അദ്ദേഹത്തിന്റെ നിലപാടിനെ സജീവ് വ്യാഖ്യാനിക്കുന്നു.

'ആധുനിക മലയാളഭാഷയ്ക്ക് നിരവധി അടിസ്ഥാനഗ്രന്ഥങ്ങളിലൂടെ ആധുനികമായ അടിസ്ഥാനം നൽകിയ പണ്ഡിതനായ ഏ.ആർ. രാജരാജവർമ്മ രാജകുടുംബാംഗങ്ങളിൽനിന്ന് ആദ്യമായി ഗവൺമെന്റ് ജോലി നേടിയ വ്യക്തിയാണ്. പാരമ്പര്യത്തിനെതിരെ നിലക്കൊള്ളുന്ന നിരവധി വ്യക്തിജീവിതസന്ദർഭങ്ങൾ അദ്ദേഹത്തിലുണ്ട്. കോളേജുകളിൽ ആദ്യമായി മലയാളസമാജം ആരംഭിച്ച് ഭാഷാസാഹിത്യത്തിന്റെ അക്കാദമിക് ചർച്ചകൾക്ക് അദ്ദേഹം സ്ഥിരവേദി ഉണ്ടാക്കി. പ്രാസവിവാദം അതിന്റെ മൂർധന്യത്തിൽ മാറ്റുരയ്ക്കപ്പെട്ടത് ഈ വേദിയിൽ കേരളവർമ്മയുടെ സാന്നിധ്യത്തിലായിരുന്നു. മലയാളഭാഷയിൽ രചനകൾ നടത്തുന്നത് മോശമായി കരുതപ്പെട്ടിരുന്ന ഒരു കാലത്ത് അതുണ്ടാക്കുന്ന അപകർഷത അബോധത്തിലുള്ളതാവാം തന്റെ ആദ്യകാലകൃതികൾ സംസ്‌കൃതത്തിൽ എഴുതുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കവിതയിൽ 'മലയവിലാസ'വും 'പ്രസാദമാല'യും മാത്രമേ അദ്ദേഹം മലയാളത്തിൽ രചിച്ചിട്ടുള്ളൂ. ആധുനികമായ ഒരു കാഴ്ചപ്പാട് സാമൂഹിക സാഹിത്യമണ്ഡലങ്ങളിൽ രൂപപ്പെടുത്തിയിരുന്ന അദ്ദേഹം അവ ആദ്യം പ്രയോഗിക്കുന്നത് സംസ്‌കൃതസാഹിത്യത്തിലാണ്. 'ആംഗലസാമ്രാജ്യം' അതിന് ഉദാഹരണമാണ്. 'കേരളപാണിനീയ'ത്തിന്റെ ആദ്യപതിപ്പും (1896) രണ്ടാം പതിപ്പും (1917) തമ്മിലെ അന്തരം വ്യാകരണസംബന്ധിയായി സംസ്‌കൃതത്തിന്റെ പ്രഭാവത്തിൽ നിന്നും മുക്തമായി ആധുനികമായ ഒരടിസ്ഥാനത്തിൽ മലയാളഭാഷയെ സമീപിക്കാൻ നടത്തിയ ശ്രമമാണ്. നമ്മുടെ വ്യാകരണത്തിലെ ആധുനികത ഏ.ആറിലൂടെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. തമിഴിൽ നിന്നും മുക്തമായ ഒരു ഭാഷാദേശീയത 'കേരളപാണിനീയ'ത്തിന്റെ രണ്ടാം പതിപ്പിന് അടിത്തറയായി വർത്തിക്കുന്നുണ്ട്. തമിഴ്‌വേരുകളുടെ നിരാസം വ്യാകരണത്തിൽ മാത്രമല്ല പ്രാസവാദത്തിലും അബോധമായി പ്രവർത്തിക്കുന്നത് കാണാം. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും നിന്ന് ആധുനികമായ ഒരു അടിത്തറ മലയാളത്തിന് സൃഷ്ടിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ ഭാഷാചിന്തകളിൽ കാണുന്നത്. പാരമ്പര്യത്തിന്റെ ആധുനികതയുടെയും ഈ തിരഞ്ഞെടുത്ത മിശ്രണം മേൽജാതിബുദ്ധിജീവികൾ പൊതുവായി പങ്കുവെച്ച ആധുനികാനുഭവങ്ങളാണ്. ഭാഷയിലെയും സാംസ്‌കാരികവസ്തുക്കളിലെയും നാടോടിയായ ഘടകങ്ങളെയാണ് ആത്യന്തികമായി അത് ഉപേക്ഷിച്ചത്.'.

ആധുനികതയെയും മലയാളത്തെയും ഒരേസമയം സ്പർശിക്കുന്ന ഈയൊരു സാഹിതീയ/ഭാഷാ/ഭാവുകത്വ/കാവ്യയുക്തി മലയാളത്തിന്റെ ആധുനികീകരണത്തെ ഒരു സവർണ സാംസ്‌കാരിക പ്രക്രിയയായി സ്ഥാപിച്ചെടുത്തുവെന്നതാണ് പ്രാസവാദത്തിന്റെ ഫലം. വായിക്കുക:

'ആധുനികപൂർവ്വമായ മലയാള കാവ്യചരിത്രം പരിശോധിക്കുമ്പോൾ അതിന്റെ അടിസ്ഥാനസ്വഭാവമായി ദ്വിതീയാക്ഷരപ്രാസത്തെ കാണാൻ കഴിയും. തമിഴ്പ്രഭാവമുള്ള ആദ്യകാലകൃതികളിൽ എതുക എന്ന പേരിൽ പ്രത്യക്ഷപ്പെടുന്ന ദ്വിപ്രാസം മലയാളകവിതയുടെ ദേശീയമായ സ്വഭാവമായിരുന്നു. മലയാളത്തിലെ പ്രമുഖരായ കവികൾ ഏറിയപങ്കും ദ്വിതീയാക്ഷരപ്രാസത്തെ തങ്ങളുടെ കവിതയുടെ ശബ്ദഭംഗിയുടെ അടിസ്ഥാനമായി കരുതി. ഈ പാരമ്പര്യബന്ധത്തെ മുറിച്ചുനീക്കാനുള്ള ശ്രമങ്ങളായിരുന്നുപ്രാസവിവാദത്തിൽ നടന്നത്. ദ്വിതീയാക്ഷരപ്രാസത്തിന്റെ തമിഴ്ബന്ധം അക്കാലത്തെ പ്രാസലേഖനങ്ങളിൽ ആവർത്തിച്ച് കടന്നുവരുന്നുണ്ട്. കോളനി ആധുനികതയുടെ കാർമികത്വത്തിൽ വളർന്നുവരുന്ന പുതിയ കാവ്യഭാവുകത്വത്തിന് പ്രാദേശികമായ ഇത്തരം വേരുകളെ മുറിച്ചുമാറ്റിക്കൊണ്ടോ ദേശീയമായ ഒരു സ്വത്വത്തിൽ ലയിക്കാനാവൂ. സംസ്‌കൃതത്തെ പാരമ്പര്യമായി പുനർനിർമ്മിക്കാനുള്ള ശ്രമം ആദ്യകാല ഉപരിവർഗ്ഗബുദ്ധിജീവികൾ ഇന്ത്യയിലെവിടെയും ആധുനികതയുടെ പേരിൽ നടത്തിയിരുന്നു. അത്തരം ശ്രമങ്ങളുടെ തുടർച്ചയാണ് ഭാഷാകവിതയുടെ ചർച്ചയിൽ ഏ.ആറും പുലർത്തുന്നത്. തന്റെ വ്യാകരണചിന്തയിലും കാവ്യചിന്തയിലും അബോധമായി തമിഴ്‌നിരാസത്തെ കേരളപാണിനി പങ്കുവെച്ചിരുന്നു. സംസ്‌കൃതത്തിനും ഇംഗ്ലീഷിനും നിരക്കുന്ന നിയമങ്ങളിൽ മലയാളകവിതയെ പരുവപ്പെടുത്തുക എന്ന ആധുനികപദ്ധതിയാണ് പ്രാസവിവാദത്തിൽ ഏ.ആറും കൂട്ടരും നിർവ്വഹിച്ചത്. അത് പൂർണമായി വിജയിച്ചില്ല എന്നതാണ് മലയാളകവിതയുടെ പിൽക്കാല ചരിത്രം'.

സാഹിത്യരചനകളെ നേരിട്ടു ചർച്ചക്കെടുക്കുന്ന രണ്ടു ലേഖനങ്ങളിലൊന്ന് എസ്. ജോസഫ്, എം.ബി. മനോജ്, എം.ആർ. രേണുകുമാർ എന്നിവരിലൂടെ മലയാളത്തിൽ ദലിത് കവിതയുടെ സൗന്ദര്യരാഷ്ട്രീയങ്ങൾക്കു കൈവന്ന സൂക്ഷ്മവും സാമൂഹികവുമായ അർഥലോകങ്ങളപഗ്രഥിക്കുന്നു. ആധുനികതയിൽ മൂലൂരും കറുപ്പനും ആശാനും അയ്യപ്പനും പ്രശ്‌നവൽക്കരിച്ച ജാതിയുടെ  ഇങ്ങേയറ്റത്താണ് മേല്പറഞ്ഞ മൂന്നു കവികളുടെ നില. കുട്ടികളുടെ ഭാവലോകം, തത്വചിന്താപരമായ നിരീക്ഷണങ്ങൾ, ഭൂമിശാസ്ത്രരൂപകങ്ങൾ, ഭാഷയുടെ അസംസ്‌കൃതസ്വഭാവം എന്നിങ്ങനെ നാലു തലങ്ങൾ കേന്ദ്രീകരിച്ച് ഇവരുടെ കവിതകൾ സമഗ്രമായവലോകനം ചെയ്യുന്നു സജീവ്. സവർണഭാവുകത്വത്തിന്റെ അടിവേരിളക്കുന്ന ദലിത് രാഷ്ട്രീയത്തിന്റെ ഒന്നാന്തരം പാഠവിശകലനം.

പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയം, ആർ.വി. വാസുദേവപ്രഭുവിന്റെ രതിസുന്ദരി എന്നീ നോവലുകൾ നേരിട്ട ജാതീയമായ അധിക്ഷേപങ്ങളും അദൃശ്യവൽക്കരണങ്ങളും അപഗ്രഥിക്കുന്നു അടുത്ത ലേഖനം. സാഹിത്യവിമർശനം രൂപപ്പെടുത്തിയ ഭാവുകത്വസ്വരൂപങ്ങളുടെ ചുവടുപിടിച്ചാണ് മലയാളനോവലിന്റെ അധീശസൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും സരസ്വതീവിജയത്തെയും രതിസുന്ദരിയെയും സമർഥമായി പാർശ്വവൽക്കരിച്ചതിന്റെ കഥ സജീവ് ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവും കൗതുകകരമായ സംഗതി, ചന്തുമേനോന്റെ ഇന്ദുലേഖയെ കാവ്യമെന്നു വാഴ്‌ത്തുകയും മലയാളത്തിൽ സാഹിത്യനിരൂപണത്തിനടിത്തറയിടുകയും ചെയ്ത സി.പി. അച്യുതമേനോൻതന്നെയാണ് ഈ രണ്ടു നോവലുകളുടെയും ഘാതകൻ എന്നതാണ്. സരസ്വതീവിജയം മുന്നോട്ടുവച്ച ബ്രാഹ്മണ്യവിമർശനവും കീഴാളരാഷ്ട്രീയവും ക്രിസ്തുമതസ്തുതിയും സി.പി. മുതൽ ഇങ്ങോട്ടുള്ള സവർണനിരൂപകർക്ക് തീരെ ബോധ്യമായില്ല എന്നാണ് സജീവിന്റെ കണ്ടെത്തൽ. കേസരി, പോൾ, ജോർജ് ഇരുമ്പയം, കെ.പി. അപ്പൻ, പി.കെ. രാജശേഖരൻ.... ഒരാളും സരസ്വതീവിജയത്തെ സ്ഥാനപ്പെടുത്തിയില്ല. കവിതയുടേതെന്നപോലെ നോവലിന്റെയും ലാവണ്യപദ്ധതി സവർണഹൈന്ദവതയുടെ യുക്തികൾക്കുള്ളിൽ തളച്ചിടപ്പെടുകയായിരുന്നു ഇക്കാലമത്രയും എന്ന് നിരീക്ഷിക്കുന്നു, സജീവ്.

'സാംസ്‌കാരികമായ ചില ആധികളാണ് സരസ്വതീവിജയത്തിനെതിരെ നീങ്ങുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. അത് ക്രിസ്തുമതത്തോടും ബ്രിട്ടീഷ് ഭരണത്തോടും നോവൽ കാണിക്കുന്ന ആഭിമുഖ്യവും ബ്രാഹ്മണ്യത്തോടും ജാതിവ്യവസ്ഥയോടും ആ കൃതി പുലർത്തുന്ന കലഹവുമാണ്'.

രതിസുന്ദരിയുടെ കഥയും മറ്റൊന്നല്ല. അവിടെയും സാഹിതീയവായനയെ നിർണയിച്ചത് ജാതീയ നിലപാടുകളായിരുന്നു. ഈ പുസ്തകത്തിലെ ഏറ്റവും ദീർഘവും സമഗ്രവുമായ രണ്ടു ലേഖനങ്ങൾ മൂർക്കോത്ത് കുമാരൻ, സാഹിത്യപഞ്ചാനനൻ എന്നിവരെക്കുറിച്ചുള്ളവയാണ്. ഒരാൾ, സാഹിത്യപൊതുമണ്ഡലത്തിനു പുറത്തായിപ്പോയ ജാതീയമായ കീഴാളതയുടെ ഏറ്റവും പ്രമുഖനായ സമരഭടൻ. മറ്റേയാൾ കേരളീയാധുനികതയിൽ മേൽക്കോയ്മ നേടിയ ശൂദ്രസാഹിതീയതയുടെ സേനാനായകൻ.

മൂർക്കോത്ത് കുമാരന്റെ സാഹിതീയ, സാമൂഹിക, മാധ്യമപ്രവർത്തനങ്ങൾക്ക് കേരളത്തിലെ അധഃസ്ഥിതജാതികളുടെ സാംസ്‌കാരിക വിമോചനരാഷ്ട്രീയവുമായി അഭേദ്യമായ ബന്ധമുണ്ട്. നാരായണഗുരു, കുമാരനാശാൻ, സി. കൃഷ്ണൻ, സി.വി. കുഞ്ഞുരാമൻ തുടങ്ങിയവരുമായുള്ള ഗാഢസൗഹൃദവും അതു സൃഷ്ടിച്ച നാനാതരം സാമൂദായിക താൽപര്യങ്ങളും മാത്രമല്ല കുമാരന്റെ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ദിശ നിശ്ചയിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ കേരളീയാധുനികതയുടെ സാംസ്‌കാരിക രാഷ്ട്രീയത്തിൽ നിർണായകമായ പ്രാധാന്യമുള്ള നിരവധി കാര്യങ്ങളിലാണ് അദ്ദേഹം സജീവമായി ഇടപെട്ടത്. സരസ്വതീവിജയത്തിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചതും, കുമാരനാശാനെ മലയാളാധുനികതയുടെ മഹാകവിയായി സ്ഥാപിച്ചതും മറ്റൊരാളല്ല.

ഹിന്ദുമതത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ ഈഴവർ കൈവരിക്കേണ്ട ജാത്യഭിമാനവും സാമൂഹ്യോന്നമനവും സംബന്ധിച്ച് അക്കാലത്തു രൂപം കൊണ്ട സംവാദങ്ങളിൽ മൂർക്കോത്ത് ഗുരുവിനൊപ്പമായിരുന്നു. അതേസമയംതന്നെ, ഗുരു സ്ഥാപിച്ച ഈഴവക്ഷേത്രങ്ങളിൽ ദലിതർക്കു പ്രവേശനം നൽകുന്നതിൽ മൂർക്കോത്ത് കുമാരൻ സ്വീകരിച്ച നിലപാട് വിപ്ലവകരവുമായിരുന്നു. സജീവ് എഴുതുന്നു:

'ഈഴവരുടെ പൗരാവകാശങ്ങളിലും അവരുടെ ജാതിവിമോചന പ്രവർത്തനങ്ങളിലും എസ്.എൻ.ഡി.പി. വ്യാപൃതമായിരുന്നുവെങ്കിലും കീഴ്ജാതികൾ എന്ന നിലയിൽ ഈഴവർക്കു പുറത്തുള്ള ജനതയോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് അതിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പരിഷ്‌കൃത ഹിന്ദുമതത്തിന്റെ ശ്രേണീകരണത്തിൽ നിന്നു പലരും മുക്തരായിരുന്നില്ല. കീഴ്ജാതികളെ അങ്ങനെതന്നെ നിലനിർത്തുന്നതിലാണ് സവർണത പ്രവർത്തിച്ചിരുന്നത്. മതപരിവർത്തനം, യുക്തിവാദം തുടങ്ങി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ഈ കാര്യത്തിൽ സി.കൃഷ്ണനും മൂർക്കോത്തിനും സമാനമായ നിലപാടുകളാണ് ഉണ്ടായിരുന്നത്. ഈഴവക്ഷേത്രങ്ങളിലേക്കുള്ള അവർണരുടെ പ്രവേശനം സംബന്ധിച്ച് സി. കൃഷ്ണൻ മിതവാദിയിൽ എഴുതിയ ലേഖനത്തോട് ക്ഷോഭത്തോടെയാണ് കുമാരനാശാൻ പ്രതികരിച്ചത്. നാരായണഗുരു ഈഴവർക്കായി സ്ഥാപിച്ച ക്ഷേത്രങ്ങളിൽ മറ്റു കീഴ്ജാതിവിഭാഗങ്ങൾക്കു പ്രവേശനം നൽകുന്നതിൽ ശക്തമായ തർക്കങ്ങൾ നടന്നിരുന്നു. തലശ്ശേരിയിലെ ജഗന്നാഥക്ഷേത്രത്തിൽ ദലിതുകൾക്കു പ്രവേശനം നൽകുന്നതിൽ അവിടുത്തെ ഈഴവസംഘടനായ 'ജ്ഞാനോദയയോഗം' ശക്തമായ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. അഭിഭാഷകനായിരുന്ന കൊറ്റിയത്തു കൃഷ്ണനും മൂർക്കോത്തും തമ്മിൽ നാരായണഗുരുവിന്റെ മുൻപിലാണ് ഇതുസംബന്ധിച്ച് വാദപ്രതിവാദം നടത്തിയത് (കേശവൻവൈദ്യർ, 1995: 30). ദലിതർക്കനുകൂലമായ മൂർക്കോത്തിന്റെ വാദം ഒടുവിൽ ഗുരു അംഗീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങളിലേക്കുള്ള ദലിത് പ്രവേശനത്തോടെ പരിഹരിക്കപ്പെടുന്ന ഒന്നല്ല ജാതിവിവേചനം എന്നും അധികാരത്തിന്റെയും വിഭവങ്ങളുടെയും തുല്യമായ വിതരണത്തിലാണ് അതെന്നും മനസ്സിലാക്കിയിരുന്ന മൂർക്കോത്ത് ക്ഷേത്രഭരണസമിതിയിലും ഡയറക്ടർബോർഡിലും അവരുടെ അംഗത്വത്തിനുവേണ്ടി വാദിക്കുന്നു. ഒരു സാമൂഹികവ്യവസ്ഥയുടെ ഭാഗം എന്ന നിലയിൽ ജാതി അതനുഭവിക്കുന്ന എല്ലാ സാമൂഹികവിഭാഗങ്ങളുടെയും പ്രശ്‌നമായി സമീപിക്കാൻ മൂർക്കോത്തിനു കഴിഞ്ഞു. അധഃസ്ഥിത ജനതകൾ നേരത്തെതന്നെ നടത്തിവന്നിരുന്ന ജാതിവിരുദ്ധസമരങ്ങളുടെ സ്പിരിറ്റ് മൂർക്കോത്തിന്റെ ഇത്തരം വാദങ്ങൾക്കു പിറകിലുണ്ട്. എസ്.എൻ.ഡി.പി. നിലപാടുകളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ദൈനംദിനം ഇടപെട്ട ഒരു ബുദ്ധിജീവിയെ ഇവിടെ കാണാനാകും. കോളനിഭരണവും ഇംഗ്ലീഷ് സാഹിത്യപഠനവും തദ്ദേശബുദ്ധിജീവികളിൽ പ്രക്ഷേപിച്ച ഉദാര-മാനവിക വീക്ഷണത്തിൽ നിന്നാണ് മൂർക്കോത്ത് ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും ഇത്തരം ആശയങ്ങൾ നിർമ്മിച്ചെടുത്തത്'.

തന്റെ സാഹിത്യ-സാഹിത്യവിമർശനജീവിതത്തിൽ മൂർക്കോത്ത് കൈക്കൊണ്ട പുരോഗമനപരവും ആധുനികവുമായ നിലപാടുകളാണ് യഥാർഥത്തിൽ കുമരനാശാനെ (മുണ്ടശ്ശേരിക്കു മുൻപുതന്നെ) ആധുനിക മലയാളത്തിന്റെ മഹാകവിയാക്കിയത്. പി.കെ. നാരായണപിള്ളയെപ്പോലുള്ളവർ ആശാൻകവിതയുടെ ബൗദ്ധികാഭിമുഖ്യത്തെ ഹിന്ദുമതത്തിനെതിരായ കലാപമായി കണ്ടപ്പോൾ മൂർക്കോത്ത് ആശാനനുകൂലമായി രംഗത്തുവന്നു.

'മലയാളത്തിലെ കാവ്യവ്യവഹാരത്തിൽ ആധുനികവും കാല്പനികവുമായ വിച്ഛേദം കുമാരനാശാൻ എന്ന ഒരു കവി അദ്ദേഹം സഞ്ചരിച്ച പല പ്രഭവങ്ങളിൽനിന്ന് സാധ്യമാക്കിയതാണ്. അത് ആദ്യം തിരിച്ചറിഞ്ഞ നിരൂപകൻ എന്നതാണ് മൂർക്കോത്തു കുമാരന്റെ പ്രസക്തി. പാശ്ചാത്യവിദ്യാഭ്യാസമുണ്ടായിട്ടും പാശ്ചാത്യകാല്പനികകവിതയെ അടുത്തുപരിചയിച്ചിട്ടും അത് തിരിച്ചറിയാൻ കഴിയാത്തവരെയും തിരിച്ചറിഞ്ഞിട്ടും ജാതിയുടെ പേരിൽ അതംഗീകരിക്കാൻ കഴിയാത്തവരെയും ലക്ഷ്യമാക്കുകയാണ് മൂർക്കോത്തിന്റെ ആശാൻവായനകൾ'.

എന്താണ് മൂർക്കോത്തിന്റെ ധൈഷണിക സംഭാവന. സജീവ് സംഗ്രഹിക്കുന്നു:

'ആധുനികസാഹിത്യം സംബന്ധിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പൊതുമണ്ഡലത്തിൽ ഉയർന്നുവന്ന സംവാദങ്ങളിൽ ഇടപെട്ടുകൊണ്ടാണ് മൂർക്കോത്തിന്റെ ധൈഷണികജീവിതവും പ്രവർത്തിക്കുന്നത്. സാമൂഹികമായ മാറ്റത്തെക്കുറിച്ചുള്ള ശക്തമായ ചില കാഴ്ചപ്പാടുകൾ അവയ്ക്ക് പുറകിലുണ്ടായിരുന്നു. അതാകട്ടെ സമാനചിന്താഗതിക്കാരായ മറ്റ് സാമൂഹികപ്രവർത്തകരോട് ഒരേസമയം ഐക്യപ്പെടുമ്പോഴും വിയോജിപ്പുകൾ സൂക്ഷിക്കുന്നതായിരുന്നു. സാഹിത്യസാമൂഹിക മണ്ഡലത്തിൽ ശക്തമായി പ്രവർത്തിച്ച ജാതിബോധത്തെയും യാഥാസ്ഥിതിക സാഹിത്യചിന്തകളെയും പല നിലകളിൽ ഖണ്ഡിക്കുകയും ആധുനികമായ ഒരു മലയാളസാഹിത്യത്തെ വിഭാവനം ചെയ്യുകയുമാണ് മൂർക്കോത്തിന്റെ സാഹിത്യവിമർശനപരമായ എഴുത്തുകളുടെ ആകെത്തുക'.

'സാഹിത്യദേശീയതയുടെ നിർമ്മിതി'യെന്ന, ഈ പുസ്തകത്തിലെ ഏറ്റവും ഗവേഷണസ്വഭാവമുള്ള ലേഖനത്തിൽ സജീവ്, പി.കെ. നാരായണപിള്ളയുടെ സാംസ്‌കാരിക ഇടപെടലുകളെ മുൻപാരും ചൂണ്ടിക്കാണിക്കാത്തവിധം വസ്തുനിഷ്ഠവും വിശദവും സമഗ്രവും സൂക്ഷ്മവുമായി വിശകലനം ചെയ്യുന്നു. ഒരുപക്ഷെ മലയാളസാഹിത്യപൊതുമണ്ഡലത്തിലും കേരളീയാധുനികതയിലും രാഷ്ട്രീയാബോധമായി പ്രവർത്തിച്ച ജാതിസവർണതയുടെ ഏറ്റവും പ്രകടവും പ്രബുദ്ധവുമായ (നിശ്ചയമായും പലപ്പോഴും പ്രച്ഛന്നവും പ്രതീതിപരവും) പാഠരൂപങ്ങളായി കാണാൻ കഴിയും പിള്ളയുടെ സംഭാവനകളെ. ഹിന്ദുത്വം, ദേശീയത, ആധുനികത, ജാതി എന്നീ നാലു സംവർഗങ്ങളോട് ബന്ധപ്പെടുത്തി പിള്ളയുടെ സാഹിതീയ സമീപനങ്ങളുടെ രാഷ്ട്രീയം സജീവ് വിശദീകരിക്കുന്നു. പൊതുബോധങ്ങളെയും സാമാന്യബോധ്യങ്ങളെയും ഉപരിതലകാഴ്ചകളെയും പിന്തുടരുകയല്ല ഈ ലേഖനത്തിലും സജീവിന്റെ രീതി. സ്വാഭാവികമായും മലയാളസാഹിത്യനിരൂപണം പിള്ളയെക്കുറിച്ചുയർത്തിയ വിരുദ്ധ നിരീക്ഷണങ്ങളുടെ തണലിൽ നിന്നു പുറത്തുവന്ന് ചരിത്രത്തിൽ സംഭനിച്ചതെന്ത് എന്നു തിരിച്ചറിയാനും അത് സമർഥമായപഗ്രഥിക്കാനും സജീവിനു കഴിയുന്നു.

'പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പ്രകടമായും ദൃശ്യമായ ആധുനികമലയാളസാഹിത്യത്തിലെ ചില അടിസ്ഥാനപ്രവണതകളെ/പ്രമേയങ്ങളെ നിർവ്വചിച്ചെടുത്ത ഒരു ബുദ്ധിജീവിയെന്ന നിലയിൽ പഞ്ചാനനെ എതിർത്തുകൊണ്ടും ഏറ്റെടുത്തുകൊണ്ടുമാണ് മലയാളത്തിലെ വിമർശനവ്യവഹാരങ്ങൾ പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ സാഹിത്യവിമർശനസംരംഭങ്ങളും സാഹിത്യഗവേഷണപ്രവർത്തനങ്ങളും മുൻനിർത്തി മലയാളവിമർശനത്തെ പ്രതിഷ്ഠാപിതമാക്കിയ ഒരാളെന്നും സാഹിത്യസംബന്ധിയായി പുറപ്പെടുവിച്ച ചില അഭിപ്രായങ്ങൾ മുൻനിർത്തി യാഥാസ്ഥിതികസാഹിത്യനിലപാടുകളുള്ള ഒരാളെന്നുമുള്ള നിലയിലാണ് അദ്ദേഹം വിലയിരുത്തപ്പെട്ടത്. സാഹിത്യപഞ്ചാനനന്റെ കാലഘട്ടത്തിനുശേഷം വളരെ സമ്പന്നമായ ഒരു പിൽക്കാലം ആധുനികതാവാദത്തിലും അതിനുശേഷവും മലയാളത്തിലെ സാഹിത്യവിമർശനം കൈവരിച്ചിട്ടുണ്ടെങ്കിലും ആധുനികവും ആധുനികാനന്തരവുമായ വിമർശനസംരംഭങ്ങൾ പി.കെ. നാരായണപിള്ളയെ യാഥാസ്ഥിതികനും പഴഞ്ചനുമായ നിലപാടുകൾ സ്വീകരിച്ച ഒരാളായി എളുപ്പത്തിൽ ചർച്ചകളിൽ നിന്ന് ഒഴിവാക്കുകയാണുണ്ടായത്. പി.കെ.യും പി.കെ. പ്രതിനിധാനം ചെയ്ത സാഹിത്യപ്രത്യയശാസ്ത്രവും മലയാളത്തിൽ നിരാകരിക്കപ്പെടുകയല്ല മറിച്ച് സ്വാംശീകരിക്കപ്പെടുകയാണ് ഉണ്ടായത്'.

മലയാളസാഹിത്യത്തെ ശൂദ്രഹിന്ദുസാഹിത്യമായി സ്ഥാപിച്ചെടുക്കുന്നതിൽ നാരായണപിള്ളയോളം അധ്വാനിച്ചവരും വിജയിച്ചവരും അധികമുണ്ടാവില്ല.

'ഹിന്ദുമതപരിഷ്‌കരണവ്യവഹാരങ്ങൾക്കകത്ത് ശൂദ്രകർതൃത്ത്വത്തിന്റെ നായകപദവിയെന്ന ദീർഘകാലമായി നടന്നുവന്ന പ്രവർത്തനങ്ങളുടെ സൈദ്ധാന്തികവും നിയമപരവുമായ പൂർത്തീകരണമാണ് പി.കെ.യുടെ സാമൂഹികപ്രവർത്തനങ്ങളുടെയെന്നപോലെ സാഹിത്യപ്രവർത്തനങ്ങളുടെയും അടിത്തറ. പ്രത്യക്ഷമായിട്ടല്ലെങ്കിലും ദേശീയപ്രസ്ഥാനത്തോടും ഗാന്ധിജിയോടും ആഭിമുഖ്യം പുലർത്തിയപ്പോൾപോലും എൻ.എസ്.എസ്. മുന്നോട്ടുവെച്ച മേൽജാതിഹിന്ദുത്വവീക്ഷണങ്ങളെതന്നെയായിരുന്നു പി.കെ.യും പിൻപറ്റിയത്'.

പി.കെ.യുടെ സാഹിത്യനിരൂപണം മുതൽ ഹൈക്കോടതി ജഡ്ജിയായിരുന്ന കാലത്ത് അദ്ദേഹം പുറപ്പെടുവിച്ച ചില വിധികൾ വരെയുള്ളവ വിശകലനം ചെയ്തുകൊണ്ട് സജീവ് ഈ നിരൂപകകേസരി മലയാളാധുനികതയുടെ സവർണ-ഹൈന്ദവവൽക്കരണത്തിൽ വഹിച്ച പങ്ക് തുറന്നുകാട്ടുന്നു.

പ്രാചീനകവിത്രയത്തെക്കുറിച്ചുള്ള ജീവചരിത്രനിരൂപണം മുതൽ കുമാരനാശാനെതിരെയുള്ള നിശിതവിമർശനം വരെയുള്ളവ മുൻനിർത്തി പി.കെ.യുടെ സാഹിത്യവ്യവഹാരസ്ഥാപനവ്യഗ്രതക്കു പിന്നിലെ ജാതിബോധം സജീവ് മറനീക്കുന്നു.

'ശൂദ്രർ സ്വയം അവകാശപ്പെട്ടിരുന്ന സവർണത ആധുനികമായ ഒരാവശ്യമായിരുന്നു. സാമൂഹിക പരിഷ്‌ക്കരണഘട്ടത്തിൽ കൂടുതൽ മൊബിലിറ്റി നേടിയ സമുദായങ്ങൾ, അതിന്റെ വക്താക്കൾ എല്ലാം സവർണതയുടെ പ്രത്യയശാസ്ത്രം പങ്കുപറ്റുന്നുണ്ട്. കീഴ്ജാതികളോടുള്ള അകലം അദൃശ്യമായി അടയാളപ്പെടുത്തിയാണ് ഈ പ്രക്രിയകൾ നീങ്ങിയത്. ചട്ടമ്പിസ്വാമികളുടെ ബ്രാഹ്മണ്യവിമർശനത്തിന്റെ പൊട്ടൻഷ്യൽ അതേയളവിൽ ഏറ്റെടുക്കാൻ നായർ സാമുദായിക സംഘടനകൾക്കായില്ല. അത് പിന്നീട് സംഭവിക്കുന്നത് ഇളംകുളത്തെ പോലുള്ളവരുടെ ചരിത്രവിമർശനങ്ങളിലായിരുന്നു.  ചട്ടമ്പിസ്വാമികൾ നായർ സാമുദായികസംഘടനകളുടെ ആത്മീയനേതാവാകാതെപോയത് ആ അളവിലുള്ള ബ്രാഹ്മണ്യവിമർശനം നായർസമുദായം ആഗ്രഹിച്ചിരുന്നില്ല എന്നതുകൊണ്ടുകൂടിയാണ്. നായർബുദ്ധിജീവികളുടെ യഥാർത്ഥ പ്രശ്‌നം സ്വത്തും സംബന്ധമ്പ്രദായവുമായിരുന്നു. തറവാട്ടുസ്വത്ത് ഭാഗം വെക്കുക, വിവാഹനിയമം പരിഷ്‌കരിക്കുക, ഉപജാതികളെ സമുദായമായി ശാക്തീകരിച്ച് രാഷ്ട്രീയമായ വിലപേശൽശക്തിയാവുക, സുറിയാനി ക്രിസ്ത്യാനികളും ഈഴവരും പൊതുമണ്ഡലത്തിൽ ഉയർത്തിയ വെല്ലുവിളികളെ നേരിടുക എന്നതിനപ്പുറം ബ്രാഹ്മണ്യത്തെ തകർക്കൽ അവരുടെ അജണ്ടയിൽ ഇല്ലായിരുന്നു. ശൂദ്രഹിന്ദുഫാഷനിംഗിൽ സവർണത പ്രധാന പ്രത്യയശാസ്ത്രമായി വർത്തിച്ചു. ബ്രാഹ്മണ്യത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച ഒരു സാംസ്‌കാരിക രാഷ്ട്രീയപ്രസ്ഥാനം എങ്ങനെ അതിനെ ആന്തരികമായി പുനഃസൃഷ്ടിക്കുന്നു എന്ന് ദ്രാവിഡപ്രസ്ഥാനത്തെ മുൻനിർത്തി എം.എസ്. എസ്. പാണ്ഡ്യൻ നിരീക്ഷിക്കുന്നുണ്ട്. ബ്രാഹ്മണ്യവിമർശനത്തിൽ തുടങ്ങിയ കേരളത്തിലെ ശൂദ്രസാമൂഹിക പ്രസ്ഥാനങ്ങൾ എങ്ങനെ അതിനെ ആന്തരികമായി ഫാഷൻ ചെയ്‌തെടുത്തു എന്നതിന്റെ കഥ കൂടിയാണ് മലയാളത്തിലെ സാഹിത്യവിമർശനത്തിന്റെ ചരിത്രം. ഹൈന്ദവസാഹിത്യം വായിച്ച് പഠിക്കുന്നതും അനുശീലനം നേടുന്നതും ആധുനികതയുടെ ഘട്ടത്തിൽ സെക്യുലറായി മനസ്സിലാക്കപ്പെട്ടു. ശുദ്രഹിന്ദുരൂപവൽക്കരണപ്രക്രിയകളിലൂടെ രൂപപ്പെട്ട മലയാളത്തിലെ ആധുനികസാഹിത്യത്തെ മലയാളിയുടെ പൊതുസാഹിത്യമായി, ദേശീയസാഹിത്യമായി നിർവ്വചിച്ചെടുക്കുന്ന പ്രക്രിയകളിൽ ഇത്തരം ഇടപെടലുകൾ വഹിച്ച പങ്ക് പ്രധാനമാണ്. അത് വിശാലമായ ഹിന്ദുബോധത്തിൽ സാമുദായികതയെ നിർവ്വചിച്ചെടുത്തു.

അതിന്റെ സംരക്ഷകരായാണ് ശൂദ്രവിഭാഗങ്ങൾ കേന്ദ്രത്തിൽ വരുന്നത്. ഹൈന്ദവപുരാണങ്ങളും ഇതിവൃത്തങ്ങളും പൊതുഭൂതകാലമായി നിർവ്വചിക്കപ്പെട്ട സാഹിത്യപ്രവർത്തനങ്ങളെ മലയാളത്തിലെ ആധുനികസാഹിത്യത്തിന്റെ ചരിത്രമായി പ്രതിഷ്ഠിക്കുന്ന പ്രവർത്തനങ്ങളായിരുന്നു അരങ്ങേറിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ സമൂഹത്തിൽ പ്രബലശക്തിയായി മാറിയ നായർ സമുദായരൂപവൽക്കരണപ്രക്രിയകൾക്ക് അനുയോജ്യമാം വിധം മൂന്നു കവികളെ ഭാഷയിൽ പ്രതിഷ്ഠിച്ചു എന്നതാണ് പി.കെ. നിർവ്വഹിച്ച വിമർശനദൗത്യം. ആ കവികൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അവയുടെ സ്വീകരണത്തിലോ, അവയെ വീക്ഷിച്ചിരുന്ന രീതിയിലോ നിന്ന് വ്യത്യസ്തമായി ആധുനികമായ വ്യാഖ്യാനങ്ങൾ വഴി ഒരേസമയം ആധുനികതയിലെന്നപോലെ പാരമ്പര്യത്തിലും അവയ്ക്ക് സ്വീകാര്യതയുണ്ടാക്കി. സാമുദായികമായതിനെ പൊതുവായതുമാക്കി ഉറപ്പിച്ചെടുത്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ശൂദ്രനേതൃത്വത്തിൽ അരങ്ങേറിയ ബ്രാഹ്മൺഫാഷനിങ് എന്ന വലിയ പദ്ധതിയുടെ ഭാഗമായി മലയാളസാഹിത്യത്തെ വിശേഷിച്ചും കാവ്യസാഹിത്യത്തെ അത് മാറ്റിത്തീർത്തു.

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽത്തന്നെ ശൂദ്രബുദ്ധിജീവിവിഭാഗങ്ങൾ ദേശീയവാദത്തിന്റെ ചട്ടക്കൂടിലേക്ക് എത്തുന്നുണ്ട്. ബംഗാളിലും മറ്റും നവോത്ഥാനവും ദേശീയവാദവും ഏറിയും കുറഞ്ഞും ഭദ്രലോകിൽ തുടങ്ങി കായസ്ഥർ വരെ ഒതുങ്ങിനിന്നു. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ ഹിന്ദുരൂപവൽക്കരണപ്രക്രിയകളിൽ ത്രൈവർണ്ണികർ മാത്രം ഉൾപ്പെടുമ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളത്തിൽ ശൂദ്രർ ഹിന്ദുരൂപവൽക്കരണപ്രക്രിയകളുടെ ഭാഗമായി മാറി. 'ഇന്ദുലേഖ'യിലെ 18-ാം അധ്യായചർച്ചയിൽ കോൺഗ്രസ്സ് കടന്നുവരുന്നതും സാമൂഹികവിഷയങ്ങൾ ചർച്ചചെയ്യുന്ന അനന്തരനോവലുകളും മാത്രമല്ല, ജി.പി. പിള്ള മുതൽ സർ. സി. ശങ്കരൻനായരുടെ കോൺഗ്രസ്സ് പ്രസിഡണ്ടുപദവിവരെയുള്ള ജീവിതകഥകൾ പറഞ്ഞുവെക്കുന്നതും മറ്റൊന്നല്ല.'.

കേരളീയാധുനികതയിൽ സംഭവിച്ച സസ്യഭക്ഷണത്തിന്റെ സാമൂഹികപദവിരൂപീകരണം സംബന്ധിച്ച ചർച്ച ഇനിയും വികസിപ്പിക്കേണ്ട സാംസ്‌കാരികപഠനമാണ്. തീർച്ചയായും ഈ ലേഖനത്തിലുന്നയിക്കുന്ന അടിസ്ഥാനവാദങ്ങൾ അങ്ങേയറ്റം പ്രസക്തമാണ്. കേരളീയാധുനികതയിൽ ബ്രാഹ്മണ്യത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും അധീശപ്രത്യയശാസ്ത്രവും സാംസ്‌കാരികാധിനിവേശവും കലങ്ങിച്ചേരുന്നതിന്റെ ഏറ്റവും മൂർത്തമായ ജീവിതമേഖലയാകുന്നു, സസ്യഭക്ഷണത്തിന്റെ വ്യാപനവും വ്യവസ്ഥപ്പെടലും. എങ്കിലും ജാതിസമവാക്യങ്ങൾക്കൊപ്പംതന്നെ, പാരമ്പര്യത്തെയും ആധുനികതയെയും കിഴക്കിനെയും പടിഞ്ഞാറിനെയും മതത്തെയും വിപണിയെയും കുറിച്ചുള്ള സങ്കല്പനങ്ങളെയും സ്വാംശീകരിക്കാതെ ഈയന്വേഷണം പൂർത്തിയാവില്ല.

കേരളീയാധുനികതയെയും മലയാളസാഹിത്യ പൊതുമണ്ഡലത്തെയും ചരിത്രപരമായി നിർണയിച്ച സാംസ്‌കാരിക രാഷ്ട്രീയങ്ങളിൽ ജാതിയോളം പ്രാധാന്യമുള്ള മറ്റൊരു പ്രത്യയശാസ്ത്ര ഉപകരണമില്ല എന്നു സമർഥിക്കുകയാണ് ഈ പുസ്തകം. നിസംശയം പറയാം, ആറോ ഏഴോ ലേഖനങ്ങളിൽ ഒതുങ്ങുമ്പോഴും ഈ വിഷയം ഇത്രമേൽ തത്വാധിഷ്ഠിതവും യുക്തിസഹവും ചരിത്രബദ്ധവും സാമൂഹ്യപരവും സൗന്ദര്യനിഷ്ഠവും രാഷ്ട്രീയസൂക്ഷ്മവുമായി അപഗ്രഥിക്കുന്ന മറ്റൊരു അക്കാദമിക പഠനം മലയാളത്തിലില്ല.

പുസ്തകത്തിൽനിന്ന്

'ജാതി, സാമൂഹികപരിഷ്‌ക്കരണം, ദേശീയത, ആധുനികത തുടങ്ങി ഒട്ടനവധി പ്രമേയങ്ങളോട് കെട്ടുപിണഞ്ഞുകിടക്കുന്നതാണ് മൂർക്കോത്തിന്റെ ബൗദ്ധികജീവിതം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലെ സാമൂഹികപരിഷ്‌കരണപ്രസ്ഥാനങ്ങളുടെ സങ്കീർണമായ പരിസരത്തുനിന്നും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലേക്കു നീളുന്ന അദ്ദേഹത്തിന്റെ ബൗദ്ധികജീവിതം കേരളത്തിന്റെ നവോത്ഥാനകാലത്തെയും അതിന്റെ അനന്തരഘട്ടത്തെയും അഭിമുഖീകരിക്കുന്നുണ്ട്. ആദ്യകാല സമുദായപരിഷ്‌കർത്താക്കളിൽനിന്നും അവരുടെ ആസന്നപ്രമേയങ്ങളിൽനിന്നും ഒന്നാം ലോകയുദ്ധവും ദേശീയപ്രസ്ഥാനത്തിന്റെ ഉച്ചാവസ്ഥയും അഭിമുഖീകരിക്കുന്ന ഘട്ടത്തിലേയ്ക്ക് അത് വികസിക്കുന്നു. തന്റെ പത്രാധിപജീവിതത്തിലെ ശക്തമായ ഇടപെടലുകൾ മൂർക്കോത്ത് നടത്തുന്നത് ഈ കാലത്താണ്. നാരായണഗുരുവിന്റെയും കുമാരനാശാന്റെയും ഒപ്പം പ്രവർത്തിക്കുകയും അവരുടെ അഭാവത്തിൽ അവരുടെ ആശയങ്ങളുടെ വ്യാഖ്യാനവും വ്യവസ്ഥാപനവും പൊതുമണ്ഡലത്തിൽ വാദിച്ചുറപ്പിക്കുകയായിരുന്നു പത്രാധിപർ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിൽ മൂർക്കോത്ത് ചെയ്തുപോന്നത്. കോളനിഭരണത്തിൻ കീഴിൽ മലബാറിൽ ഈഴവസമുദായം ആർജിച്ച ആധുനികമായ ഒരു ലോകവീക്ഷണമായിരുന്നു അതിന്റെ അടിത്തറ. അദ്ദേഹത്തിന്റെ സാഹിത്യവിമർശനങ്ങൾ മാത്രമല്ല നോവലുകളും ചെറുകഥകളും പൊതുവായി പങ്കുവെച്ചിരുന്നതും ഇതേ രാഷ്ട്രീയമാണ്.

അവർണസമുദായങ്ങളെ സംബന്ധിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹികപരിഷ്‌ക്കരണങ്ങളിൽ മുഖ്യമായിരുന്ന ജാതിവിമർശനത്തിന് ദേശീയപ്രസ്ഥാനത്തിന്റെ ഘട്ടത്തിൽ തുടർച്ചയുണ്ടായിരുന്നില്ല. മേൽജാതിതാൽപ്പര്യങ്ങളാണ് അവിടെ മേൽക്കൈ നേടിയത്. ജാതി എന്നത് സ്വാതന്ത്ര്യാനന്തരവും അപരിഹാര്യമായ ഒരു പ്രതിഭാസമായി തുടരുന്നത് അതുകൊണ്ടാണ്. 1930-കളിൽ ദേശീയപ്രസ്ഥാനത്തിന്റെ കേന്ദ്രത്തിൽ ഗാന്ധിപ്രഭാവം നിർണായകമാകുന്ന ഘട്ടത്തിലും ജാതിവിമർശനത്തിന്റെ സ്പിരിറ്റ് ശക്തമായി തുടർന്ന മൂർക്കോത്ത് ഗാന്ധിയൻ സ്വയംഭരണത്തിലും സ്വാതന്ത്ര്യത്തിലും ഈഴവർ ഉൾപ്പെട്ട അവർണ്ണരുടെ ഭാഗധേയത്തിന്റെ പ്രശ്‌നം ഉന്നയിക്കുന്നു. വൈക്കം സത്യാഗ്രഹത്തിലും ക്ഷേത്രപ്രവേശനത്തിലുമുള്ള ഗാന്ധിജിയുടെ നിലപാടുകൾ കോൺഗ്രസ്സിൽതന്നെ അന്ന് വിമർശിക്കപ്പെട്ടിരുന്നു (ജോർജ്, ഗീവർഗീസ്, 1997). മൂർക്കോത്തിന്റെ എഴുത്തുജീവിതത്തിന്റെ കേന്ദ്രബലംതന്നെ ഈഴവരുടെയും അവർണരുടെയും വിമോചനത്തെ സംബന്ധിച്ച് ദേശീയവാദികളിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ്. ഗാന്ധിയൻ നിലപാടുകളുടെ വിമർശനത്തിന്റെ പേരിലാണ് മൂർക്കോത്ത് അവസാനകാലത്ത് പൊതുരംഗത്ത് അസ്വീകാര്യനായി തീരുന്നത്. അദ്ദേഹം ബ്രിട്ടീഷുകാരിൽനിന്ന് പണം പറ്റിയാണ് കോൺഗ്രസ്സിനെ വിമർശിക്കുന്നതെന്ന് ആരോപിക്കപ്പെട്ടു (കുഞ്ഞപ്പ, 1975: 168).

ദേശീയവാദവ്യവഹാരങ്ങളിൽ കീഴ്ജാതികൾക്കോ അവരുടെ വിമോചനസങ്കല്പങ്ങൾക്കോ ഇടം കിട്ടിയിരുന്നില്ല. പിൽക്കാലദേശീയവാദവീക്ഷണത്തിൽ നിന്നും വ്യത്യസ്തമായി ബ്രിട്ടീഷ്ഭരണത്തെ ജാതിവ്യവസ്ഥയ്‌ക്കെതിരായ, വിമോചനാത്മകമായ ധർമ്മങ്ങളുള്ള ഭരണസംവിധാനമായാണ് ആദ്യകാല കീഴ്ജാതിബുദ്ധിജീവികൾ ഒന്നടങ്കം കണ്ടിരുന്നത്. പോത്തേരി കുഞ്ഞമ്പു മുതൽ മൂലൂരും ആശാനും കെ.പി. കറുപ്പനും വരെയുള്ളവരുടെ രചനകൾ ഇതിനു സാക്ഷ്യങ്ങളാണ്. മേൽജാതിദേശീയബോധവും സാഹിത്യബോധവും ഇത്തരം എഴുത്തുകാരെ ബ്രിട്ടീഷുകാരുടെ പാദസേവകരായും സാമ്രാജ്യത്വദാസരായും മുദ്രകുത്തി ബഹിഷ്‌കരിച്ചുപോന്നു. അവരുടെ സ്വാതന്ത്ര്യസങ്കല്പം ദേശരാഷ്ട്രത്തിനു പുറത്തുനിൽക്കുന്നതും അതിനെ അതിവർത്തിക്കുന്നതും മറ്റൊരു ലോകത്തെ ഭാവന ചെയ്യുന്നതുമായിരുന്നു. വടക്കെമലബാറിലെ സാമൂഹികപരിഷ്‌കരണവാദികളിൽ പ്രമുഖനായ വാഗ്ഭടാനന്ദന്റെ ആത്മവിദ്യാസംഘവും അവരുടെ മുഖപത്രമായ അഭിനവകേരളവും പ്രത്യക്ഷത്തിൽ തന്നെ ബ്രിട്ടീഷ്ഭരണത്തിനു പിന്തുണ നൽകിയിരുന്നു. ഇന്ത്യയിൽനിന്ന് കോൺഗ്രസ്സുകാർ ആട്ടിയോടിക്കാൻ ശ്രമിച്ച സൈമൺ കമ്മീഷനെ അനുമോദിച്ചു തലശ്ശേരിയിലെ ഈഴവസംഘടനയായ 'ജ്ഞാനോദയയോഗം' അക്കാലത്ത് പ്രമേയം പാസ്സാക്കുന്നുണ്ട് (വിജയൻ, 2005: 279). ജാതിയെ മുൻനിർത്തി ദേശീയവാദ വ്യവഹാരങ്ങളോട് പ്രകടമായിതന്നെ വിയോജിച്ചിരുന്ന വ്യക്തികളും ഗ്രൂപ്പുകളും സംഘങ്ങളും കോൺഗ്രസ്സ് മുന്നോട്ടുവെച്ച സ്വാതന്ത്ര്യസങ്കല്പത്തെ അന്ന് പ്രശ്‌നവൽക്കരിക്കുന്നുണ്ട്. കീഴടക്കിയ രാഷ്ട്രത്തോടുള്ള പ്രതിഷേധമായി മാത്രം നമ്മുടെ ദേശീയതയെ മനസ്സിലാക്കുന്നതിന്റെ കുഴപ്പങ്ങളാണ് മുഖ്യധാരാ ദേശീയവാദവ്യവഹാരങ്ങൾക്കുള്ളത്.

നവോത്ഥാന പരിഷ്‌ക്കരണപ്രസ്ഥാനങ്ങളിൽ നിന്ന് ബൗദ്ധികജീവിതം ആരംഭിച്ച ഏതൊരു ബുദ്ധിജീവിയെയും പോലെ മൂർക്കോത്തും മതം, സമുദായം തുടങ്ങിയ സംവർഗ്ഗങ്ങളെ നിരന്തരം അഭിമുഖീകരിക്കുന്നുണ്ട്. ആധുനികമായ ഒരടിത്തറയിൽ പുനസ്സംഘടിപ്പിക്കപ്പെടുന്ന ഹിന്ദുമതത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം മൂർക്കോത്തിന്റെയും ആശാന്റെയും രചനകളിൽ പ്രബലമായിരുന്നു. എസ്.എൻ.ഡി.പി.യ്ക്ക് അകത്ത് ഈഴവരുടെ ഹിന്ദുമതത്തോടുള്ള സമീപനം അക്കാലത്ത് വലിയ തർക്കവിഷയമായിരുന്നു. മതപരിവർത്തനത്തെക്കുറിച്ചുള്ള സംവാദത്തിലും 'ദർശനമാല' പോലുള്ള നാരായണഗുരുകൃതികളുടെ വ്യാഖ്യാനത്തിലും അത് പ്രകടമാണ്. മോണിയർ വില്യംസിനെപോലുള്ള പൗരസ്ത്യവാദികളായ ഹിന്ദുമതപഠിതാക്കളുടെ വ്യാഖ്യാനങ്ങളും വായനകളും അക്കാര്യത്തിൽ മൂർക്കോത്ത് ആശ്രയിക്കുന്നുണ്ട്. ഹൈന്ദവധർമ്മത്തെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും പരമ്പരാഗതമായ വിജ്ഞാനത്തെയല്ല ആധുനികമായ വീക്ഷണത്തെയാണ് അദ്ദേഹം പിൻപറ്റുന്നത്. ഹിന്ദുമതത്തെക്കുറിച്ച് അക്കാലത്തെഴുതപ്പെടുന്ന മിക്ക ലേഖനങ്ങളിലും മാക്‌സ് മുള്ളർ, ജോൺ സ്റ്റുവർട്ട്മിൽ, ബർട്രാണ്ട് റസ്സൽ എന്നിവരുടെ ആശയങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്'. 

ജാതിരൂപകങ്ങൾ: മലയാളാധുനികതയെ വായിക്കുമ്പോൾ
സജീവ് പി.വി.
പ്രോഗ്രസ് ബുക്‌സ്, കോഴിക്കോട്.
2019, 180 രൂപ.