'The dirtiest actions should be carried out by the most honest men'

- Michael Bar-Zohar

ങ്കല്പത്തെക്കാൾ വിചിത്രമായ സത്യങ്ങൾ ആവിഷ്‌ക്കരിക്കപ്പെടുന്ന ഒറ്റ സാഹിത്യരൂപമേ വാസ്തവത്തിൽ ലോകത്തുള്ളു. സയൻസ് ഫിക്ഷനോ ഡിറ്റക്ടിവ് ഫിക്ഷനോ അല്ല ചാര(spy)സാഹിത്യമാണത്. ഭാവനയും യാഥാർഥ്യവും പരസ്പരം മത്സരിച്ചു രൂപം കൊടുക്കുന്ന കുറ്റാന്വേഷണ, ശാസ്ത്രസാഹിത്യങ്ങളെക്കാൾ വന്യമായ വസ്തുതകൾ കൊണ്ട് സംഭൃതമാണ് ചാരസാഹിത്യം. സംഭവിച്ചതിനും സംഭവിക്കാവുന്നതിനുമിടയിലെ മുഴുവൻ അതിർവരമ്പുകളും മായ്ച്ചുകളയുന്ന യാഥാർഥ്യങ്ങളുടെ കുതിരസ്സവാരി. അനുഭവങ്ങളുടെ ചാവുകടൽ. സാധ്യതകളുടെ മഹാസർക്കസ്.

          പ്രാചീനകാലം തൊട്ടുതന്നെ ഏതു ഭരണകൂടത്തിനും ഭരണാധികാരിക്കും ചാരവൃത്തി നടത്താൻ അതിസമർഥരുടെ ഒരു സേനതന്നെ നിലവിലുണ്ടായിരുന്നു. ബുദ്ധിയും യുക്തിയും കരുത്തും കരുതലും രഹസ്യാത്മകതയും ഗൂഢപരതയും വിശ്വസ്തതയും വിട്ടുവീഴ്ചയില്ലായ്മയും കൊണ്ട് അവർ ഏതു ഭരണകൂടത്തെയും സ്ഥിരപ്പെടുത്തും, അസ്ഥിരപ്പെടുത്തും. ലോകചരിത്രത്തിലെ ഏറ്റവും ദീർഘമായ പലായനങ്ങൾ ദൈവവിധിയായി നിശ്ചയിച്ചു കിട്ടിയ യഹൂദർ, 1948ൽ സ്വതന്ത്രരാജ്യമായ ഇസ്രയേൽ സ്ഥാപിച്ചതോടെ രഹസ്യാന്വേഷണത്തിനും ചാരവൃത്തിക്കും യഹൂദരുടെ സംരക്ഷണത്തിനുമായി രൂപംകൊടുത്ത സംഘടനയാണ് മൊസാദ്. ശീതയുദ്ധത്തിന്റെ വസന്തകാലം. എന്നിട്ടും അമേരിക്കയുടെ സിഐ.ഐ, സോവിയറ്റ് യൂണിയന്റെ കെ.ജി.ബി. തുടങ്ങിയവയെക്കാൾ ഗംഭീരവും ശ്രദ്ധേയവുമായ രഹസ്യാന്വേഷണങ്ങളും രാഷ്ട്രീയദൗത്യങ്ങളും ഏറ്റെടുക്കാനും നിർവഹിക്കാനും കഴിഞ്ഞത് മൊസാദിനാണ്. ലോകത്തിന്റെ ചാരചക്രവർത്തിയായി മാറാൻ ഒറ്റദശകമേ വേണ്ടിവന്നുള്ളു, മൊസാദിന്. 1950 മുതൽ 2010 വരെയുള്ള അറുപതുവർഷം മൊസാദ് വടക്കെ അമേരിക്ക മുതൽ തെക്കെ അമേരിക്ക വരെയും യൂറോപ്പ് മുതൽ ആഫ്രിക്ക വരെയും ഏഷ്യയിലെമ്പാടും നടത്തിയ നിരവധിയായ രഹസ്യദൗത്യങ്ങളുടെ രാഷ്ട്രീയചരിത്രമാണ് മൈക്കൾ ബാർ സൊഹർ, നിസിം മിഷാൽ എന്നിവർ ചേർന്നെഴുതിയ ഈ പുസ്തകം. ചാരസംഘടനയുടെ ഗുപ്തചരിത്രമെന്ന നിലയിൽ മൊസാദിന്റെ കഥ, പശ്ചിമേഷ്യയുടെ മാത്രമല്ല, മുഴുവൻ ലോകത്തിന്റെയും കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിന്റെ സാമ്പത്തിക-സൈനിക-മത-രാഷ്ട്രീയ-ഭരണകൂട ചരിത്രങ്ങളുടെ ഭാഗമാണ്. ഇസ്രയേലിലെ പ്രശസ്തരായ രാഷ്ട്രീയപ്രവർത്തകരും മാധ്യമപ്രവർത്തകരും എഴുത്തുകാരും ചരിത്രകാരരുമാണ് ഗ്രന്ഥകർത്താക്കൾ.

          ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലെയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെയും ആഗോളരാഷ്ട്രീയത്തിൽ കൊടുങ്കാറ്റുകളുയർത്തിയ ദൗത്യങ്ങളുടെ കഥപറയുന്ന 'ചാരസാഹിത്യ''മെന്ന നിലയിലുള്ള പ്രാധാന്യം പോലെതന്നെ ശ്രദ്ധേയമാണ് മാധ്യമപ്രവർത്തനവും ചരിത്രരചനയും തമ്മിലുള്ള ബന്ധത്തിൽ ഈ പുസ്തകം വഹിക്കുന്ന പങ്കും പദ്ധതിയും. സാഹിത്യത്തിനും ചരിത്രത്തിനുമിടയിൽ, മാധ്യമപ്രവർത്തനംപോലെ വിസ്മയകരമായ സാധ്യതകളുള്ള മറ്റൊരു മേഖലയില്ല. വാക്ചരിത്രത്തിന്റെയും യുദ്ധകാലജീവിതാഖ്യാനങ്ങളുടെയും വിശ്വവിഖ്യാത മാതൃകകളായി കരുതപ്പെടുന്ന റഷ്യൻ മാധ്യമപ്രവർത്തക സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ രചനകൾ മുതൽ (2015ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇവർക്കായിരുന്നു.) 2021ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മാധ്യമപ്രവർത്തകരായ മരിയ റെസ്സയുടെയും ദിമിത്രി മുരട്ടോവിന്റെയും ഇടപെടലുകൾ വരെ ഉദാഹരണങ്ങൾ നിരവധി. അമേരിക്കൻ മഞ്ഞപ്പത്രരാജാവായിരുന്ന വില്യം ഹെഴ്സ്റ്റിന്റെ ജീവിതമാണല്ലോ ലോകസിനിമാചരിത്രത്തിലെ ഏറ്റവും മഹത്തായ സൃഷ്ടികളിലൊന്നിന് (സിറ്റിസൺ കെയ്ൻ) നിമിത്തമായത്. പത്രം, റേഡിയോ, ടെലിവിഷൻ മാധ്യമങ്ങളിൽ മാത്രമല്ല നവസാങ്കേതിക മാധ്യമങ്ങളിലും ലോകചരിത്രത്തെ വഴിമാറ്റിവിട്ട ഇടപെടലുകൾ നടത്തിയവരുടെ എണ്ണം ചെറുതല്ല. അന്വേഷണാത്മക മാധ്യമപ്രവർത്തനം പോലെ ഒരേസമയംതന്നെ സാഹസികവും സർഗാത്മകവുമായ മറ്റൊരു ജീവിതവൃത്തിയോ തൊഴിലോ ഇല്ല. ചരിത്രത്തിനുള്ളിൽ നടത്തുന്ന ചാരവൃത്തിയാണത്. ചാരസാഹിത്യത്തിന്റെയും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെയും അതിഗംഭീരമായ ഒരു കലർപ്പിലൂടെ രചിക്കപ്പെട്ട മൊസാദിന്റെ രഹസ്യചരിത്രമാണ് സൊഹാറിന്റെയും മിഷാലിന്റെയും ഈ പുസ്തകം. സമാനതകളില്ലാത്ത ഒന്ന്.

          അത്യസാധാരണമായ ഒരു പുസ്തകമാണിതെന്ന് പറയേണ്ടതില്ലല്ലോ. വിസ്മയകരമായ ആസൂത്രണങ്ങളുടെയും അതിസാഹസികമായ ദൗത്യങ്ങളുടെയും അതുല്യമായ നിശ്ചയദാർഢ്യങ്ങളുടെയും അതിനൂതനമായ ശാസ്ത്ര-സാങ്കേതികവിദ്യകളുടെയും അമ്പരപ്പിക്കുന്ന സായുധനീക്കങ്ങളുടെയും തരിമ്പും സന്ദേഹമില്ലാത്ത നരവേട്ടകളുടെയും നടുക്കുന്ന മഹാസ്‌ഫോടനങ്ങളുടെയും അവിശ്വസനീയമായ വിധ്വംസകപ്രവർത്തനങ്ങളുടെയും അസാധ്യമായ നുഴഞ്ഞുകയറ്റങ്ങളുടെയും അത്ഭുതകരമായ ആൾമാറാട്ടങ്ങളുടെയും തലമരവിപ്പിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും അപായകരമായ ആയുധക്കടത്തലുകളുടെയും വൻനഗരങ്ങളിലെ ഒളിപ്പോരുകളുടെയും ശ്വാസം മുട്ടിക്കുന്ന കുറ്റവിചാരണകളുടെയും രക്തം മരവിപ്പിക്കുന്ന ശിക്ഷാവിധികളുടെയും അപസർപ്പക കഥകളെ വെല്ലുന്ന രേഖാചോരണങ്ങളുടെയും അതിനിഷ്ഠൂരമായ കൂട്ടക്കൊലകളുടെയും അതിസമർഥമായ തട്ടിയെടുക്കലുകളുടെയും മിന്നൽ വേഗത്തിലുള്ള വിമോചനദൗത്യങ്ങളുടെയും സങ്കല്പിക്കാൻപോലും കഴിയാത്ത തരത്തിലുള്ള രാജ്യാന്തര-ഭൂഖണ്ഡാന്തര ഓപ്പറേഷനുകളുടെയും പരമ്പരകൾ. ഒരു രാഷ്ട്രം അതിന്റെ രഹസ്യാന്വേഷണ ഏജൻസിയെക്കൊണ്ട് ചെയ്യിച്ച എത്രയെങ്കിലും രാഷ്ട്രീയദൗത്യങ്ങളുടെ ഇരുമ്പുമറ നീക്കൽ. യുദ്ധങ്ങളും സംഘർഷങ്ങളും പലായനങ്ങളും മനുഷ്യക്കടത്തും ആണവപരീക്ഷണങ്ങളും മൊസാദിന്റെ അജണ്ടകളായി. റഷ്യയും ഈജിപ്തും ഇറാനും ഇറാക്കും ലിബിയയും ഫലസ്തീനും പാക്കിസ്ഥാനും ലെബനോണും സുഡാനും സിറിയയും സൗദിയും അമേരിക്കയും ഇംഗ്ലണ്ടും ബെൽജിയവും ഫ്രാൻസും അർജന്റീനയും ബ്രസീലും ശ്രീലങ്കയും ഇന്ത്യയും അഫ്ഗാനിസ്ഥാനും.... മൊസാദിന്റെ വലക്കണ്ണികൾ വീഴാത്ത രാഷ്ട്രങ്ങളില്ല. ഉറപ്പിച്ചു പറയാം, നിങ്ങൾ വായിച്ചിട്ടുള്ള ഏത് കുറ്റാന്വേഷണസാഹിത്യത്തെയും നിങ്ങൾ കണ്ടിട്ടുള്ള ഏത് കുറ്റാന്വേഷണ സിനിമയെയും നിഷ്പ്രഭമാക്കുന്ന ചാരസാഹിത്യവും രാഷ്ട്രീയചരിത്രവും കുറ്റ-കുറ്റാന്വേഷണ കഥകളും കൊണ്ട് നിറഞ്ഞതാണ് ഈ പുസ്തകം. പി.ജെ.ജെ. ആന്റണിയുടെ വായനാക്ഷമതയും ഭാഷാവ്യക്തതയും ഭാവാത്മകമായ ആഖ്യാനശൈലിയിലുമുള്ള മികച്ച വിവർത്തനം.

          ഇരുപത്തൊന്നധ്യായങ്ങളാണ് 2010ൽ പ്രസിദ്ധീകൃതമായ 'മൊസാദി'നുള്ളത്. ആദ്യ രണ്ടധ്യായങ്ങൾ മൊസാദിന്റെ രൂപീകരണചരിത്രവും പത്താമത്തെ രംസദായ(തലവൻ) മെയർദാഗന്റെ (2002-2011 കാലം) നേതൃത്വത്തിൽ നടന്ന, ഇറാന്റെ ആണവപദ്ധതികൾ തകർത്ത നീക്കങ്ങളും വിവരിക്കുന്നു. 'The ultimate James Bond' എന്ന് ഇസ്രയേൽ വിശേഷിപ്പിച്ച ദാഗന്റെ ദൗത്യങ്ങൾ തകർത്തത് ഇറാന്റെ ആണവസ്വപ്നങ്ങളെ മാത്രമല്ല; ഹെസ്‌ബൊള്ളയുടെ കൊലയാളിഭീകരൻ ഇമാദ് മുഘ്‌നിയുടെ വധം, സിറിയൻ ആണവനിലയത്തിലെ ബോംബിടൽ എന്നിവയൊക്കെ അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്.

          മൊസാദിന്റെ തുടക്കം ഇങ്ങനെയായിരുന്നു:

          '1949 ഡിസംബർ പതിമൂന്നിന് പ്രധാനമന്ത്രി ബെൻ ഗുരിയോൺ ഇറക്കിയ ഉത്തരവിൻ പ്രകാരം രഹസ്യാന്വേഷണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി റെവൻ ഷിലോ തലവനായി മൊസാദ് നിലവിൽ വരുകയായിരുന്നു.

എന്നിട്ടും പിന്നെയും രണ്ടുവർഷങ്ങൾ നീണ്ട തർക്കവിതർക്കങ്ങൾക്ക് ശേഷമാണ് മൊസാദ് രൂപപ്പെട്ടത്. പൊളിറ്റിക്കൽ ഡിപാർട്ടുമെന്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു രഹസ്യാന്വേഷണ സംഘടന അത്തരം വിവിധ സംഘങ്ങളെ ഏകോപിപ്പിച്ച് മൊസാദ് എന്ന ഒരൊറ്റ സംഘടന മാത്രമാകുന്നതിനെ എതിർത്തു. അതുവരെ പരിധിയില്ലാത്തവിധം പണം ചെലവാക്കി യൂറോപ്പിലെയും അമേരിക്കയിലെയും നഗരങ്ങളിൽ ഗ്ലാമർ ജീവിതം നയിച്ചിരുന്നവർക്ക് ചെലവ് ചുരുക്കലിലേക്കും അച്ചടക്കത്തിലേക്കും മാറുക എന്നത് അഹിതമായിരുന്നു. മൊസാദിൽ ലയിക്കാനുള്ള സർക്കാർ നിർദ്ദേശത്തെ അവർ അവഗണിക്കുകയും രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു. പ്രതിഷേധക്കാരെ താക്കീത് ചെയ്യുകയും എന്നിട്ടും വഴങ്ങാത്തവരെ പിരിച്ചുവിടുകയും ചെയ്തു. അതിനുശേഷം മാത്രമേ മൊസാദിനെ സുസംഘടിതമാക്കാൻ റെവെൻ ഷിലോയ്ക്ക് സാദ്ധ്യമായുള്ളൂ.

          സംഘടനയുടെ പേര് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജൻസ് ആൻഡ് സ്‌പെഷൽ ഓപ്പറേഷൻസ് എന്ന് പുതുക്കി നിശ്ചയിച്ചു. ബൈബിളിലെ സുഭാഷിതങ്ങളിൽ നിന്നും പതിനൊന്നാം അദ്ധ്യായം പതിന്നാലാം വാക്യം (മാർഗ്ഗദർശനമില്ലാത്ത ജനത നിലം പതിക്കും, നല്ല ഉപദേഷ്ടാക്കൾ ധാരാളം ഉള്ളവർ സുരക്ഷിതരായിരിക്കും) ആദർശവാചകമായി സ്വീകരിക്കുകയും ചെയ്തു.

          പക്ഷേ പുതിയ പേരോ ആദർശവാചകമോ മൊസാദിന് അനന്യത നൽകിയില്ല. പക്ഷേ മൊസാദിനെ അനന്യമാക്കാൻ നിശ്ചയിച്ചുറച്ച ഷിലോ അതിന് മറ്റൊരു സവിശേഷ ഉത്തരവാദം നൽകിക്കൊണ്ട് അത് സാദ്ധ്യമാക്കി. ഇസ്രയേൽ രാഷ്ട്രത്തിന്റെ മാത്രം നീണ്ടകരങ്ങളായിരുന്നില്ല മൊസാദ്, ലോകത്തെവിടെയുമുള്ള യഹൂദജനതയുടെ നീണ്ടകരം കൂടിയായി അത് മാറി. നവ റിക്രൂട്ടുകളുമായുള്ള ആദ്യമീറ്റിംഗിൽത്തന്നെ പുതിയ രംസദ് പ്രഖ്യാപിച്ചു: 'ഒരു രഹസ്യാന്വേഷണസംഘത്തിന്റെ എല്ലാ ചുമതലകളോടുമൊപ്പം, നമുക്ക് മറ്റൊരു സുപ്രധാന കർത്തവ്യം കൂടിയുണ്ട്. യഹൂദജനതയെ സംരക്ഷിക്കുക, അവർ ലോകത്തിലെവിടെയായിരുന്നാലും ഇസ്രയേലിലേക്കുള്ള അവരുടെ കുടിയേറ്റം സാധ്യമാക്കുക. തുടർന്നുള്ള വർഷങ്ങളിൽ അപകടത്തിൽപ്പെട്ട യഹൂദസമൂഹങ്ങൾക്കായി മൊസാദ് രഹസ്യമായി സ്വരക്ഷാ യൂണിറ്റുകൾ സംഘടിപ്പിച്ചു. കെയ്‌റോ, അലക്‌സാണ്ട്രിയ, ദമാസ്‌കസ്, ബാഗ്ദാദ്, ചില തെക്കേ അമേരിക്കൻ നഗരങ്ങൾ എന്നിവിടങ്ങളിലെല്ലാം യഹൂദരെ സംരക്ഷിക്കാനായി മൊസാദ് രഹസ്യപ്രവർത്തനം നടത്തി. യുവ യഹൂദ പോരാളികളെ അനധികൃതമായി ഇസ്രയേലിലേക്ക് കൊണ്ടുവന്ന് ആർമിയും മൊസാദും ചേർന്ന് അവർക്ക് സൈനിക പരിശീലനം നൽകി. ആയുധങ്ങളുമായി അവരെ ശത്രുരാജ്യങ്ങളിലെ കുഴപ്പം പിടിച്ച നഗരങ്ങളിൽ വിന്യസിച്ചു. അവരാണ് സ്വരക്ഷാസംഘങ്ങൾക്ക് നേതൃത്വമായത്. ആക്രമണകാരികളിൽനിന്നും വിമത സേനകളിൽ നിന്നും ആക്രമണമുണ്ടായപ്പോൾ സർക്കാരിൽ നിന്നോ അന്തർദേശീയ സംഘടനകളിൽ നിന്നോ സഹായമെത്തുംവരെ ഇവർ പ്രതിരോധ കവചമായി വർത്തിച്ചു.

അമ്പതുകളിൽ മധ്യപൗരസ്ത്യദേശത്തെ ആറബ് രാജ്യങ്ങളിലും മൊറോക്കോയിലുമായി ആപത്തിലായ യഹൂദസമൂഹങ്ങളിൽപ്പെട്ട പതിനായിരക്കണക്കിനാളുകളെ മൊസാദ് ഇസ്രയേലിലെത്തിച്ചു. വർഷങ്ങൾക്ക് ശേഷം എൺപതുകളിൽ ഖൊമേനിയുടെ ഇറാനിൽ കുടുങ്ങിയ യഹൂദരെ രക്ഷിച്ചെടുക്കാനും മൊസാദ് മുന്നിലുണ്ടായിരുന്നു. എത്യോപ്യൻ യഹൂദരുടെ കൂട്ടക്കുടിയേറ്റം സംഘടിപ്പിച്ചതും മൊസാദായിരുന്നു. പക്ഷേ ഇറാഖിലെ ആദ്യ ഒളിപ്രവർത്തനത്തിൽ ദുരന്തം ആഞ്ഞടിച്ചു.',

'അനാമികരായ പോരാളികളാണ് മൊസാദിന്റെ ജീവരക്തം, തങ്ങളുടെ കുടുംബങ്ങളിൽ നിന്നും അകന്ന് അജ്ഞാതരായി ജീവിക്കുന്ന സ്ത്രീപുരുഷന്മാർ ശത്രുരാജ്യങ്ങളിൽ ഉജ്ജ്വലമായ ധീരതയോടെ ജീവൻ പണയംവച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നിസ്സാരമായ പിഴവുകൾ പോലും പിടിക്കപ്പെടലിനും കൊടിയ പീഡനങ്ങൾക്കും മരണത്തിനുതന്നെയും കാരണമായേക്കാം. ശീതയുദ്ധക്കാലത്ത് പിടിക്കപ്പെട്ടാൽ പരമാവധി സംഭവിക്കുന്നത് തണുത്ത് മഞ്ഞുമൂടിയ ബെർലിനിലെ ഏതെങ്കിലും ഒരു പാലത്തിൽ വച്ച് തൽസ്ഥിതിയിലുള്ള മറ്റൊരു ഏജന്റിന് പകരമായി കൈമാറ്റം ചെയ്യപ്പെടുക എന്നതായിരുന്നു. റഷ്യക്കാരോ അമേരിക്കക്കാരോ ബ്രിട്ടീഷുകാരോ ജർമ്മൻകാരോ ആരായാലും തങ്ങൾ ഒറ്റയ്ക്കല്ലെന്നും പിടിക്കപ്പെട്ടാൽ തങ്ങളെ തിരികെയെത്തിക്കാനായി ആരോ ഉണ്ടെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ മൊസാദിന്റെ ഏകാന്തപ്പോരാളികൾക്കായി എവിടെയും കൈമാറാൻ പകരക്കാരില്ല. മഞ്ഞുമൂടിയ പാലങ്ങളുമില്ല. അവരുടെ സാഹസികതയ്ക്ക് സ്വജീവൻ തന്നെ മറുവില. 

ഈ പുസ്തകത്തിൽ മൊസാദിന്റെ അത്യുജ്ജ്വല ദൗത്യങ്ങളും ധീരോദാത്ത നായകന്മാരും വെളിച്ചപ്പെടുന്നതിനൊപ്പം മൊസാദിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയും അതിന്റെ അടിത്തറയെത്തന്നെ പിടിച്ചുലയ്ക്കുകയും ചെയ്ത പിഴവുകളും പരാജയങ്ങളും തെളിയുന്നുണ്ട്. മൊസാദ് ഏറ്റെടുത്ത ഈ ദൗത്യങ്ങളാണ് ഇസ്രയേൽ രാഷ്ട്രത്തിന്റെ വിധിയെയും പലവിധങ്ങളിൽ ലോകത്തിന്റെ തന്നെ വിധിയെയും ഉരുവപ്പെടുത്തിയത്. മാതൃരാജ്യത്തോടുള്ള അഗാധവും ആദർശാത്മകവുമായ സ്‌നേഹമാണ് മൊസാദിന്റെ പോരാളികൾ പങ്കുവയ്ക്കുന്നത്. ഇസ്രയേലിന്റെ അസ്തിത്വത്തിനും അതിജീവനത്തിനുമായിള്ള സമ്പൂർണ്ണ സമർപ്പണവും അതിനായി ഏറ്റവും സ്‌തോഭജനകമായ വിപത്സാദ്ധ്യതകളെയും അഭിമുഖീകരിക്കാനുള്ള സദാസന്നദ്ധതയും അവരിലുണ്ട്. സർവ്വവും ഇസ്രയേലിനായി.'

മൂന്നാമധ്യായത്തിൽ, മൊസാദിനു മുൻപ് പ്രവർത്തിച്ചിരുന്ന ഫലസ്തീൻ യഹൂദസംഘടനയായ 'ഹഗാന'യുടെ ചരിത്രവും ഘടനയും അതിന്റെ രഹസ്യാന്വേഷണവിഭാഗമായ 'ഷായി'യുടെ തലവൻ ഐസർബീറിയുടെ കഥയും പറഞ്ഞശേഷം പ്രധാനമന്ത്രി ബെൻഗുരിയോൺ റെവെൻഷിലോയെ തലവനാക്കി മൊസാദ് രൂപീകരിച്ചതിന്റെയും ഷിലോയുടെ നേതൃത്വത്തിൽ നടന്ന ചില വിഖ്യാതദൗത്യങ്ങളുടെയും ചരിത്രമെഴുതുന്നു ഗ്രന്ഥകർത്താക്കൾ. ജർമനിയിൽ യഹൂദരെ വേട്ടയാടിയ നാസികുറ്റവാളികളെ വിചാരണ ചെയ്യുന്നതിലായാലും പശ്ചിമേഷ്യയിലെ 90 ശതമാനത്തിലധികം വരുന്ന മുസ്ലിങ്ങളോടും അവരുടെ രാഷ്ട്രങ്ങളോടും പൊരുതിനിൽക്കുന്നതിലായാലും തുടക്കം തൊട്ടുതന്നെ ഇസ്രയേലിനു തുണ അമേരിക്കയായിരുന്നു. 1950കളുടെ തുടക്കം. ഇറാഖിൽ താമസിച്ചിരുന്ന ഒരുലക്ഷത്തോളം യഹൂദരെ ഇസ്രയേലിൽ എത്തിക്കാനായി ആ രാജ്യത്ത് പ്രവർത്തിച്ചിരുന്ന ഇസ്രയേലി രഹസ്യാന്വേഷണവിഭാഗത്തിന്റെ ചില ദൗത്യങ്ങളാണ് ഷിലോയുടെ കാലത്തെ സംഭവങ്ങളിൽ ഏറ്റവും പ്രസിദ്ധം. ഇസ്രയേൽ പൗരനായ യാഹൂദ് താഗർ, ഇറാഖിയഹൂദനായ മെർദേക്കായി ബെൻ പൊറാട്ട് എന്നീ മൊസാദ് ദൂതരാണ് ഈ ദൗത്യത്തിലെ വീരനായകർ. താഗർ ഇറാഖിൽ തടവിലാക്കപ്പെട്ടുവെങ്കിലും പൊറാട്ട് സാഹസികമായി രക്ഷപ്പെട്ട് ഇസ്രയേലിലെത്തി. ബാഗ്ദാദിൽ നിന്നുള്ള പൊറാട്ടിന്റെ രക്ഷപ്പെടൽ രംഗം വായിക്കൂ:

          'ജൂൺ പന്ത്രണ്ടാം തീയതി രാത്രി തന്റെ ഏറ്റവും മികച്ച വേഷത്തിൽ ബെൻ പൊറാട്ട് ഒരു ടാക്‌സിക്ക് കൈകാണിച്ചു. സുഹൃത്തുക്കൾ നാടൻ ചാരായം തളിച്ച് അയാളെ ശരിക്കും ശുദ്ധീകരിച്ചിരുന്നു. ആടിയുലഞ്ഞ് ടാക്‌സിയിൽ കയറിയയുടനെ പിൻ സീറ്റിൽ അയാൾ കുഴഞ്ഞുവീഴുന്നതായി അഭിനയിച്ചു. ബാഗ്ദാദ് വിമാനത്താവളത്തിനരുകിലെ ഒരു ഇരുണ്ട തെരുവിൽ തന്റെ മദ്യപനായ യാത്രികനെ ഡ്രൈവർ ഇറക്കി. ഒറ്റയ്ക്കായപ്പോൾ ബെൻ പൊറാട്ട് വിമാനത്താവളത്തിന്റെ വേലിക്കരികിലേക്ക് തിരക്കിട്ട് ചെന്നു. അവിടെ കൃത്യമായി എവിടെയാണ് വേലി ലേശം പൊളിച്ചുവച്ചിരിക്കുന്നതെന്ന് അയാൾക്കറിയാമായിരുന്നു. അകത്തേക്ക് കടക്കുമ്പോൾ ഒരു വിമാനം കുടിയേറ്റക്കാരെയും നിറച്ച് റൺവേയിലൂടെ നീങ്ങാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളർമാരുടെ ടവറിലേക്ക് അറിയാതെയെന്നവണ്ണം ലൈറ്റുകൾ തിരിച്ചു. ക്ഷണനേരത്തേക്ക് അവരുടെ കണ്ണുകൾ മഞ്ഞളിച്ചുപോയി. വിമാനം വേഗത കൂട്ടി. അതിന്റെ പിൻവാതിൽ അൽപം തുറന്നുവന്നു. അതിൽനിന്നും ഒരു വടം നീണ്ടുവരുന്നത് കാണാറായി. ഇരുട്ടിൽ നിന്നും ബെൻ പൊറാട്ട് വിമാനത്തിനരികിലേക്ക് കുതിച്ച് വടത്തിൽ പിടിമുറുക്കി. വിമാനം തറയിൽനിന്നും ഉയരാൻ തുടങ്ങി. അയാളെ അവർ അകത്തേക്ക് വലിച്ചെടുത്തു. വാതിലടഞ്ഞു. വിമാനം ആകാശങ്ങളിലേക്ക് പറന്നുയർന്നു. ഗ്രൗണ്ട് ജീവനക്കാരോ യാത്രക്കാരോ ഒന്നും കണ്ടില്ല.

വിമാനം നഗരത്തെ കടക്കുമ്പോൾ അതിലെ ലൈറ്റുകൾ മൂന്നുതവണ കത്തുകയും കെടുകയും ചെയ്തു. 'ദൈവത്തിന് സ്തുതി', ഒരു കെട്ടിടത്തിന്റെ ടെറസ്സിൽ നിന്നിരുന്ന രണ്ടുമൂന്നുപേർ മെല്ലെ മന്ത്രിച്ചു. അവരുടെ സുഹൃത്ത് സുരക്ഷിതനായി ലക്ഷ്യസ്ഥാനത്തേക്ക് പോവുകയാണ്.

          മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഹവീവ് ശരിക്കും ടെൽ അവീവിലെത്തിച്ചേർന്നു.

          വൈകാതെ അയാൾ തന്റെ ഹൃദയേശ്വരിയെ വിവാഹം ചെയ്തു. കുറച്ചു വർഷങ്ങൾക്കുശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ച് പാർലമെന്റ് അംഗമായി, കാബിനറ്റ് മന്ത്രിയായി. ഇപ്പോൾ ഇസ്രയേലിലുള്ള ഇറാഖി യഹൂദരുടെ ആദരണീയനായ നേതാവായി തുടരുന്നു'.;

          നാലാമധ്യായത്തിൽ, 1950കളിൽ മൊസാദിൽ നുഴഞ്ഞുകയറി, റഷ്യക്കുവേണ്ടി രഹസ്യങ്ങൾ ചോർത്തിനൽകിയ സീവ് അവ്‌നിയുടെയും ഈജിപ്തിനു രഹസ്യങ്ങൾ ചോർത്തിനൽകിയ അലക്‌സാണ്ടർ ഐവറുടെയും കഥകളാണുള്ളത്. ഐസർ ഹാരലായിരുന്നു അക്കാലത്ത് മൊസാദ് തലവൻ. അടുത്ത നാലധ്യായങ്ങളിൽ വിവരിക്കുന്ന ദൗത്യങ്ങളുടെയും നേതൃത്വം ഐസർക്കായിരുന്നു. മൊസാദിന്റെ പ്രശസ്തിയും പ്രൊഫഷണലിസവും അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞുവെന്ന് ലോകം തിരിച്ചറിഞ്ഞ രണ്ടു ദൗത്യങ്ങൾ അഞ്ചും ആറും അധ്യായങ്ങളിൽ വായിക്കാം. ഏഴും എട്ടും അധ്യായങ്ങളിൽ, ഒരേസമയം വിജയവും പരാജയവും രുചിച്ച മൊസാദിന്റെ തലപ്പത്തുനിന്നുള്ള ഐസറിന്റെ പതനവും സൂചിതമാണ്.

          ഒരുപക്ഷെ, അഞ്ചാമധ്യായത്തിലെ ക്രൂഷ്‌ചേവിന്റെ പ്രസംഗവും ആറാമധ്യായത്തിലെ അഡോൾഫ് ഐക്മാന്റെ വധവുമാണ് മൊസാദിന്റെ കിരീടത്തിലെ എക്കാലത്തെയും പൊൻതൂവലുകൾ എന്നു പറയാം. സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യരേഖ എന്നറിയപ്പെട്ട നികിത ക്രൂഷ്‌ചേവിന്റെ പ്രസംഗം 1956ൽ വിക്ടർ ഗ്രേവ്‌സ്‌കി എന്ന പോളിഷ് യഹൂദൻ മൊസാദിനുവേണ്ടി ചോർത്തിയതാണ് ഒന്ന്. കമ്യൂണിസത്തിന്റെ നരകസ്വഭാവം ലോകത്തിനുമുന്നിൽ വെളിപ്പെടുത്തിയ ആ പ്രസംഗം പോലെ ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രിയചരിത്രത്തെ സ്വാധീനിച്ച മറ്റൊരു രേഖയില്ല. വായിക്കുകതന്നെ വേണം, ആ രേഖചേർത്തലിന്റെ നാടകീയവും അപ്രതീക്ഷിതവുമായ പരിണതികൾ. കാലത്തിന്റെ കാവ്യനീതി.

          'ഒരു പ്രണയത്തിലായിരുന്നു അതിന്റെ തുടക്കം.

          1956ലെ വസന്തകാലത്ത് സുമുഖനായ പത്രപ്രവർത്തകൻ വിക്ടർ ഗ്രേവ്‌സ്‌കിയുമായി ലൂസിയ ബാരനൊവ്‌സ്‌കി അന്തംവിട്ട പ്രണയത്തിലായിരുന്നു. കമ്യൂണിസ്റ്റ് പോളണ്ടിലെ ഉപപ്രധാനമന്ത്രിയുമായുള്ള ലൂസിയയുടെ വിവാഹം ഏതാണ്ട് തകർന്ന മട്ടായിരുന്നു. ഇരുവരും പരസ്പരം കണ്ടിരുന്നുപോലുമില്ല. പോളീഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറൽ ഏഡ്വാർഡ് ഒച്ചാബിന്റെ സെക്രട്ടറിമാരിൽ ഒരാളായിരുന്നു ലൂസിയ. കാമുകിയെ കാണാനായുള്ള വിക്ടറിന്റെ അടുത്തടുത്തുള്ള സന്ദർശനങ്ങളുമായി ആ ഓഫീസിലുള്ളവർ പൊരുത്തപ്പെട്ടിരുന്നു. ലൂസിയായ്ക്ക് ആ ചുണക്കുട്ടനായ യുവാവിനോടുള്ള വികാരം പരസ്യമായിരുന്നു.

          പോളീഷ് വാർത്താ ഏജൻസിയിൽ സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിന്റെയും ചുമതലയുണ്ടായിരുന്ന സീനിയർ എഡിറ്ററായിരുന്നു വിക്ടർ. അയാൾ സത്യത്തിൽ യഹൂദനായിരുന്നു. ശരിയായ പേർ വിക്ടർ ഷ്പിൽമാൻ. വർഷങ്ങൾക്ക് മുൻപ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ കാലത്ത് കൂട്ടുകാരാണ് അയാളോട് പറഞ്ഞത് ഷ്പിൽമാൻ എന്നൊരു പേരുമായി അയാൾക്ക് അധികം ഉയർന്നുപോകാൻ ആവില്ലെന്ന്. അങ്ങിനെയാണ് അയാൾ ഗ്രേവ്‌സ്‌കി എന്ന് പേരുമാറ്റിയത്; ആ പേരിന് ഒരു പോളീഷ് ചുവയുണ്ടായിരുന്നു.

          രണ്ടാം ലോകയുദ്ധകാലത്ത് ജർമ്മൻ സൈന്യം പോളണ്ട് ആക്രമിച്ച് കീഴടക്കുമ്പോൾ വിക്ടർ കുട്ടിയായിരുന്നു. അയാളുടെ കുടുംബത്തിന് റഷ്യയിലേക്ക് കടക്കാനായതിനാൽ യഹൂദക്കൂട്ടക്കുരുതിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു. യുദ്ധത്തിനുശേഷമാണ് അവർ പോളണ്ടിലേക്ക് തിരിച്ചെത്തിയത്. 1949 ൽ വിക്ടറിന്റെ മാതാപിതാക്കളും ഒരനിയത്തിയും ഇസ്രയേലിലേക്ക് കുടിയേറി. പക്ഷേ കടുത്ത കമ്യൂണിസ്റ്റായിരുന്ന വിക്ടർ പോളണ്ടിൽ തുടർന്നു. സ്റ്റാലിന്റെ ആരാധകനായിരുന്ന അയാൾ തൊഴിലാളികളുടെ പറുദീസ കെട്ടിപ്പടുക്കാൻ മോഹിച്ചു.

പക്ഷേ വിക്ടറുടെ ചങ്ങാതിമാരോ സഹപ്രവർത്തകരോ പ്രണയിനിപോലുമോ അറിഞ്ഞില്ല ആ യുവകമ്യൂണിസ്റ്റിന്റെ ഹൃദയത്തെ നിരാശയും മോഹമുക്തിയും കാർന്നുതിന്നാൻ തുടങ്ങിയത്. 1955 ൽ ഇസ്രയേലിലെത്തി കുടുംബത്തെ സന്ദർശിച്ചപ്പോൾ അയാൾ മറ്റൊരുലോകം കണ്ടു - സ്വതന്ത്രവും പുരോഗമനോന്മുഖവുമായ ഒരു യഹൂദ ജനാധിപത്യ രാഷ്ട്രം. കമ്യൂണിസ്റ്റ് പ്രചാരണങ്ങൾ അയാളോട് പറഞ്ഞതിൽ നിന്നും തീർത്തും ഭിന്നമായ ഒരിടം. പോളണ്ടിൽ തിരികെയെത്തിയപ്പോൾ മുതൽ മുപ്പതുകാരനായ വിക്ടർ ഇസ്രയേലിലേക്ക് കുടിയേറുന്നത് പരിഗണിക്കാൻ തുടങ്ങി.

          1956 ഏപ്രിലിലെ ഒരു പ്രഭാതത്തിൽ പതിവുപോലെ തന്റെ ഹൃദയേശ്വരിയെ സന്ദർശിക്കാനായി വിക്ടർ പാർട്ടി സെക്രട്ടറിയുടെ ഓഫീസിലെത്തി. അവളുടെ മേശപ്പുറത്തിന്റെ ഒരു മൂലയിൽ മുദ്രവച്ച് ഭദ്രമാക്കിയ ചുവന്ന കവർ കാണപ്പെട്ടു. അതിന്റെ മേൽ 'ടോപ് സീക്രട്ട്' എന്നെഴുതിയിരുന്നു.

          ''ഇത് എന്താണ്?'' അയാൾ അവളോട് ചോദിച്ചു.

          'ഓ, അതോ, അത് ക്രൂഷ്‌ചേവിന്റെ പ്രസംഗം.' ലൂസിയ ആകസ്മികമെന്നോണം പറഞ്ഞു.

          വിക്ടർ നിന്നനിൽപ്പിൽ മരവിച്ചുപോയി. ക്രൂഷ്‌ചേവിന്റെ പ്രസംഗത്തെക്കുറിച്ച് അയാളും കേട്ടിരുന്നു. പക്ഷേ അത് കേൾക്കുകയോ അതിൽനിന്നും ഒരുവരിയെങ്കിലും വായിക്കുകയോ ചെയ്ത ഒരാളെയും അയാൾ സന്ധിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് ബ്ലോക്കിന്റെ ഏറ്റവും വിലപ്പെട്ട രഹസ്യമായിരുന്നു അത്.

പോയവർഷം ഫെബ്രുവരിയിൽ ക്രെംലിനിൽ നടന്ന ഇരുപതാം പാർട്ടി കോൺഗ്രസിൽ വച്ച് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉഗ്രപ്രതാപിയായ സെക്രട്ടറി ജനറൽ നികിത ക്രൂഷ്‌ചേവ് നടത്തിയ പ്രസംഗത്തെക്കുറിച്ച് വിക്ടറും അറിഞ്ഞിരുന്നു. ഫെബ്രുവരി 25 അർദ്ധരാത്രിക്ക് അല്പം മുൻപ് വിദേശത്തുനിന്നെത്തിയ അതിഥികളും പാർട്ടിത്തലവന്മാരും ഹാൾ വിട്ടുപോകണമെന്ന് നിർദ്ദേശമുണ്ടായി. ആ പാതിരായ്ക്ക് പ്രസംഗപീഠത്തിലെത്തിയ ക്രൂഷ്‌ചേവ് ആയിരത്തിനാനൂറോളം വരുന്ന സോവിയറ്റ് പ്രതിനിധികളോട് സംസാരിച്ചു. ആ പ്രസംഗം അവിടെ സന്നിഹിതരായിരുന്ന സകലർക്കും ആശ്ചര്യകരവും കടുത്ത ഞെട്ടലുളവാക്കുന്നതും ആയിരുന്നു.

          പക്ഷേ സത്യത്തിൽ എന്താണ് അദ്ദേഹം പറഞ്ഞത്? അവിടെനിന്നും പശ്ചാത്യലോകത്തേക്ക് ആദ്യ റിപ്പോർട്ട് അയച്ച അമേരിക്കൻ പത്രലേഖകൻ എഴുതിയത് പ്രസംഗം നാലുമണിക്കൂർ നീണ്ടുനിന്നുവെന്നാണ്. ലോകമെമ്പാടും ശതലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകാർക്ക് ആരാധ്യനായിരുന്ന സ്റ്റാലിന്റെ ഭീതിജനകമായ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്രൂഷ്‌ചേവ് വിശദമായിത്തന്നെ പാർട്ടിപ്രതിനിധികളോട് സംസാരിച്ചു. ദശലക്ഷക്കണക്കായ മനുഷ്യരുടെ കൂട്ടക്കുരുതിയാണ് ക്രൂഷ്‌ചേവ് സ്റ്റാലിനിൽ ആരോപിച്ചതെന്നായിരുന്നു ഊഹാപോഹങ്ങൾ കേട്ടുകൊണ്ടിരുന്ന പ്രതിനിധികളിൽ പലരും കരഞ്ഞു, കടുത്ത നിരാശയിൽ മുടികൾ വലിച്ചു പറിച്ചു; ചിലർ ബോധരഹിതരായി; മറ്റുചിലർക്ക് ഹൃദയാഘാതമുണ്ടായി. രണ്ടുപേർ ആ രാത്രിക്കുശേഷം ആത്മഹത്യ ചെയ്തു.

പക്ഷേ സോവിയറ്റ് മാധ്യമങ്ങളിൽ ക്രൂഷ്‌ചേവിന്റെ പ്രസംഗത്തെക്കുറിച്ച് ഒരു വാക്കുപോലും വന്നില്ല. മോസ്‌കോയിൽ ഊഹാപോഹങ്ങൾ ധാരാളം പ്രചരിച്ചു. പാർട്ടിയുടെ ഉന്നത സമിതികളുടെ രഹസ്യസമ്മേളനങ്ങളിൽ പ്രസംഗത്തിന്റെ ഭാഗങ്ങൾ വായിക്കപ്പെട്ടു. പക്ഷേ ഒരു ഭരണകൂടരഹസ്യം പോലെ പ്രസംഗത്തിന്റെ പൂർണ്ണരൂപം സംരക്ഷിക്കപ്പെട്ടു. പാശ്ചാത്യ മാധ്യമപ്രവർത്തകർ വിക്ടറോട് പറഞ്ഞത് രഹസ്യാന്വേഷണവകുപ്പുകൾ പ്രസംഗത്തിന്റെ ഒരു കോപ്പിക്കായി സകലം വെടിഞ്ഞുള്ള തെരച്ചിലിലാണെന്നാണ്. പത്ത് ലക്ഷം ഡോളറാണ് പ്രസംഗത്തിന്റെ ഒരു കോപ്പിക്കായി സി ഐ ഏ ഓഫർ ചെയ്തിരിക്കുന്നതെന്നാണ്. പാശ്ചാത്യർക്കും സോവിയറ്റ് ബ്ലോക്കിനും ഇടയിലെ ശീതയുദ്ധം മൂർദ്ധന്യതയിലെത്തിയിരുന്ന ആ നാളുകളിൽ ആ വിധമൊരു പ്രസംഗം പരസ്യമാകുന്നത് കമ്യൂണിസ്റ്റ് ചേരിയിൽ ഒരു ഭൂകമ്പത്തിനുതന്നെ കാരണമാവുകയും നാളിതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു പ്രതിസന്ധി ഉടലെടുക്കുകയും ചെയ്‌തേക്കുമെന്ന് കണക്കുകൂട്ടപ്പെട്ടു. റഷ്യയ്ക്ക് അകത്തും പുറത്തുമായി കോടിക്കണക്കായ കമ്യൂണിസ്റ്റ് അനുഭാവികൾ സ്റ്റാലിനെ ആരാധിക്കുന്നവരായി ഉണ്ടായിരു ന്നു. സ്റ്റാലിന്റെ കുറ്റകൃത്യങ്ങൾ വെളിപ്പെടുന്നത് അവരുടെ വിശ്വാസത്തെ തകർക്കുകയും ഒരുപക്ഷേ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുതന്നെ വഴിവയ്ക്കുകയും ചെയ്‌തേക്കാം.       

പക്ഷേ പ്രസംഗത്തിന്റെ ഒരു കോപ്പിക്കായുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടു. അതൊരു ഗൂഢരഹസ്യമായി തുടർന്നു.

          പ്രസംഗത്തിന്റെ കോപ്പികൾ കിഴൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് രഹസ്യമായി അയച്ചുകൊടുക്കാൻ ക്രൂഷ്‌ചേവ് തീരുമാനിച്ചിട്ടുണ്ടെന്ന് ആയിടെ വിക്ടർ കേട്ടിരുന്നു. അങ്ങിനെയാണ് ആ പ്രസംഗത്തിന്റെ കോപ്പി ചുവപ്പ് കവറിനുള്ളിലായി ലൂസിയയുടെ മേശപ്പുറത്ത് എത്തിച്ചേർന്നത്.

         പ്രസംഗത്തിന്റെ കോപ്പി കണ്ടപ്പോൾ വിക്ടർ ഗ്രേവ്‌സ്‌കിയുടെ ഉള്ളിൽ ഒരു ഭ്രാന്തൻ ആശയം പൊന്തിവന്നു. ഒന്നുരണ്ട് മണിക്കൂർ നേരത്തേക്ക് അതൊന്ന് തരാമോയെന്ന് അയാൾ ലൂസിയയോട് ചോദിച്ചു. ഓഫീസിലെ തിരക്കുകൾക്കിടയിൽ നിന്നും ഒഴിഞ്ഞ് വീട്ടിൽ കൊണ്ടുപോയി എളുപ്പം വായിച്ചിട്ട് തിരികെയെത്തിക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്തു. അയാളെ അമ്പരപ്പിച്ചുകൊണ്ട് ലൂസിയ അതിന് സമ്മതിച്ചു. അയാളെ പ്രീണിപ്പിക്കാൻ അവൾ തിടുക്കപ്പെടുകയായിരുന്നു. 'എടുത്തോളൂ. പക്ഷേ വൈകുന്നേരം നാലുമണിക്ക് മുൻപായി തിരിച്ചെത്തിക്കണം. സേഫിൽ വച്ച് പൂട്ടാനുള്ളതാണ്.'

വീട്ടിലിരുന്ന് വിക്ടർ ആ പ്രസംഗം വായിച്ചു. അത് ശരിക്കും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. സ്റ്റാലിൻ എന്ന മിത്തിനെ കാരുണ്യരഹിതമായി ധീരമായി ക്രൂഷ്‌ചേവ് തകർക്കുകയായിരുന്നു. സ്റ്റാലിൻ തന്റെ ഭരണകാലത്ത് ചെയ്തുകൂട്ടിയ കൊടും കുറ്റകൃത്യങ്ങളുടെയും കൊന്നൊടുക്കിയ ദശലക്ഷക്കണക്കായ മനുഷ്യജീവികളുടെയും കഥ തെളിവുകളോടെ ക്രൂഷ്‌ചേവ് വെളിപ്പെടുത്തി. ബോൾഷെവിക് വിപ്ലവത്തിന്റെ പിതാവായ ലെനിൻ സ്റ്റാലിനെക്കുറിച്ച് പാർട്ടിയെ താക്കീത് ചെയ്തിരുന്ന കാര്യം ക്രൂഷ്‌ചേവ് ഓർമ്മിപ്പിച്ചു. 'രാഷ്ട്രങ്ങളുടെ സൂര്യൻ' എന്ന് പുകഴ്‌ത്തപ്പെട്ടിരുന്ന സ്റ്റാലിനെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന വ്യക്തിയാരാധനയെ ക്രൂഷ്‌ചേവ് അവമതിപ്പോടെ തള്ളിപ്പറഞ്ഞു. സോവിയറ്റ് യൂണിയനുള്ളിൽ സ്റ്റാലിൻ സ്വയം ഇഷ്ടപ്രകാരം നിർബന്ധമായി ചിതറിപ്പാർപ്പിച്ച വംശീയ സമൂഹങ്ങളുടെ ദുരിതം വരുത്തിവച്ച എണ്ണിയാലൊടുങ്ങാത്ത മരണങ്ങളും 1936 -1937 ൽ പാർട്ടി ശുദ്ധീകരണത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട പതിനഞ്ച് ലക്ഷത്തോളം കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും അവരിൽ വധിക്കപ്പെട്ട ആറുലക്ഷത്തിയെമ്പതിനായിരം കമ്യൂണിസ്റ്റുകളുടെയും വിവരങ്ങൾ ക്രൂഷ്‌ചേവ് അവതരിപ്പിച്ചു. പതിനേഴാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത 1966 പ്രതിനിധികളിൽ 848 പേരും കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ച 138 പേരിൽ 98 സ്റ്റാലിന്റെ ഉത്തരവ് പ്രകാരം വധിക്കപ്പെടുകയായിരുന്നു. സ്റ്റാലിനെയും മറ്റ് പാർട്ടിനേതാക്കളെയും വധിക്കാനായി ഗൂഢാലോചന നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് യഹൂദഡോക്ടർമാരെ കൊന്നൊടുക്കി. ദശലക്ഷക്കണക്കിന് റഷ്യക്കാരെയും ഇതര വംശീയരെയും- അവരിൽ ഒട്ടേറെപ്പേർ കമ്യൂണിസ്റ്റുകാരായിരുന്നു - നിഷ്ഠൂരമായി കൊന്നൊടുക്കിയ കൂട്ടക്കൊലയാളിയായിട്ടാണ് ക്രൂഷ്‌ചേവ് സ്റ്റാലിനെ തുറന്നുകാണിച്ചത്. നാലുമണിക്കൂർ കൊണ്ട് രക്ഷകൻ രക്തരക്ഷസ്സായി രൂപാന്തരപ്പെട്ടു.

          കമ്യൂണിസത്തെക്കുറിച്ച് വിക്ടറിനുണ്ടായിരുന്ന അവസാനത്തെ പ്രതീക്ഷകളെയും തകർത്തുകളയുന്നതായിരുന്നു ക്രൂഷ്‌ചേവിന്റെ പ്രസംഗം. ഒപ്പം മറ്റൊരുകാര്യം കൂടി അയാൾക്ക് മനസ്സിലായി: സോവിയറ്റ് ചേരിയുടെ അടിത്തറയെത്തന്നെ പിടിച്ചിളക്കാൻ പ്രാപ്തിയുള്ളതാണ് തന്റെ പക്കലിരിക്കുന്ന രേഖ. ആ ചുവന്ന കവറിനുള്ളിലെ രേഖ ലൂസിയയെ തിരികെ ഏൽപ്പിക്കാൻ അയാൾ തീരുമാനിച്ചു. എന്നാൽ പോകുന്ന വഴിയിൽ അയാൾക്കുണ്ടായ പുനരാലോചന അയാളെ നയിച്ചത് അപ്രതീക്ഷിതമായ മറ്റൊരിടത്തേക്കായിരുന്നു - ഇസ്രയേൽ എംബസ്സി. സധൈര്യം അയാൾ അതിനുള്ളിലേക്ക് നടന്നുകയറി. ഗേറ്റിലെ പോളീഷ് പൊലീസുകാരും അതിനുള്ളിലെ ഇസ്രയേലി രഹസ്യപ്പൊലീസും അയാൾക്ക് വഴികൊടുത്തു. ഏതാനും മിനിറ്റുകൾക്കകം ഇസ്രയേൽ എംബസിയിലെ ഫസ്റ്റ് സെക്രട്ടറിയായ യാക്കോവ് ബാർമോറിന്റെ മുന്നിൽ അയാളെത്തി. ബാർമോറായിരുന്നു എംബസ്സിയിലെ ഷബാക് പ്രതിനിധി.

ഗ്രേയ്‌വ്‌സ്‌കി ആ ചുവന്ന കവർ ഷബാക് പ്രതിനിധിക്ക് കൈമാറി. ആ യഹൂദൻ അതിലൂടെ മിഴികളോടിച്ചു. അയാൾ അന്ധാളിപ്പോടെ വാ തുറന്നു പോയി. 'അല്പം കാത്തുനിൽക്കാമോ?' ചോദ്യം പൂർത്തിയാക്കും മുൻപേ അയാൾ ആ കടലാസുകളുമായി മുറി വിട്ടു. ഒരു മണിക്കൂർ കഴിഞ്ഞാണ് തിരികെയെത്തിയത്. ബാർമോർ പ്രസംഗത്തിന്റെ ഫോട്ടോകോപ്പി എടുത്തുവെന്ന് വിക്ടറിന് മനസ്സിലായെങ്കിലും അയാൾ ഒന്നും ചോദിച്ചില്ല. രേഖ അടങ്ങിയ കവറെടുത്ത് കോട്ടിനടിയിൽ ഒളിപ്പിച്ച് അയാൾ അവിടെനിന്നും പുറത്തിറങ്ങി. കൃത്യസമയത്ത് തന്നെ ലൂസിയയുടെ ഓഫീസിലെത്തി. അവൾ അത് സേഫിൽ വച്ചു. ഇസ്രയേൽ എംബസ്സിയിലേക്ക് പോയതിനെക്കുറിച്ച് ആരും അയാളോട് ഒന്നും ചോദിച്ചില്ല.'.

          'മഴ നനഞ്ഞ ആ വെള്ളിയാഴ്ച തന്റെ മുന്നിലെ ആ ഫോട്ടോകോപ്പി കടലാസുകളിലേക്ക് മനോർ കൂപ്പുകുത്തുകയായിരുന്നു. അയാൾ അനായാസമായി കൈകാര്യം ചെയ്തിരുന്ന ഏഴ് ഭാഷകളിൽ ഒന്ന് റഷ്യൻ ആയിരുന്നതിനാൽ അത് വായിച്ച് ഗ്രഹിക്കാൻ അയാൾക്ക് ക്ലേശമുണ്ടായില്ല. ഓരോ താളുകൾ കഴിയുന്തോറും ക്രൂഷ്‌ചേവിന്റെ പ്രസംഗത്തിന്റെ പ്രാധാന്യം അയാളുടെ ഉള്ളിലേക്കിറങ്ങിച്ചെന്നു. വായന അവസാനിച്ചയുടൻ കാറെടുത്ത് അതിവേഗം അയാൾ ബെൻ ഗുരിയോണിന്റെ ഓഫീസിലെത്തി.

'താങ്കളിത് വായിക്കണം'. മുഖവുരകളില്ലാതെ അയാൾ പ്രധാനമന്ത്രിയോട് പറഞ്ഞു. റഷ്യൻ ഭാഷ അറിയാമായിരുന്ന ബെൻ ഗുരിയോൺ പ്രസംഗം വായിച്ചു. അടുത്ത ദിവസം രാവിലെ സാബത്തായിരുന്നിട്ടും മനോർ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അടിയന്തിരമായി വിളിപ്പിക്കപ്പെട്ടു. 'ഇത് ചരിത്രപ്രാധാന്യമുള്ള ഒരു രേഖയാണ്, ഭാവിയിൽ റഷ്യ ഒരു ജനാധിപത്യരാഷ്ട്രമാകുമെന്ന് ഇത് ഏറെക്കുറെ തെളിയിക്കുന്നു'.

          ഏപ്രിൽ പതിനഞ്ചിന് ഐസറിന് പ്രസംഗത്തിന്റെ കോപ്പി കിട്ടി. ഇസ്രയേലിന് ഇതൊരു മഹാഭാഗ്യമാണെന്ന് അയാൾക്കുടനെ മനസ്സിലായി. 1947 ൽ തുടങ്ങിയ സി ഐ എയുമായുള്ള മൊസാദിന്റെ ബന്ധം പുതിയൊരു തലത്തിലേക്ക് ഉയർത്താനുള്ള അവസരം ഇതിലുണ്ടെന്ന് അയാൾ ഗണിച്ചു. 1951 ൽ യു എസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി ബെൻ ഗുരിയോൺ രണ്ടാം ലോകയുദ്ധകാലത്തെ സുഹൃത്തും സി ഐ എ തലവനുമായ ജനറൽ വാൾട്ടർ ബെദെൽ സ്മിത്തിനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി സന്ദർശിച്ചിരുന്നു. മടിച്ചാണെങ്കിലും മൊസാദുമായി സഹകരിക്കാൻ സി ഐ എ തയ്യാറാകുന്നത് ആ സന്ദർശനത്തോടെയാണ്. സോവിയറ്റ് യൂണിയനിൽ നിന്നും കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള കുടിയേറ്റക്കാരിൽ നിന്നും ലഭ്യമാകുന്ന വിലപ്പെട്ട വിവരങ്ങളിൽ സി ഐ എയ്ക്ക് വലിയ താത്പര്യം ഉണ്ടായിരുന്നു. അവരിൽ പലരും എഞ്ചിനിയർമാരും സാങ്കേതിക വിദഗ്ധരും സൈനിക ഓഫീസർമാരും ആയിരുന്നതിനാൽ സോവിയറ്റ് ബ്ലോക്കിന്റെ സൈനിക കരുത്തിനെക്കുറിച്ചുള്ള രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ഇവരിൽ നിന്നും ലഭിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു. പതിവായി മൊസാദ് സി ഐ എയ്ക്ക് കൈമാറിയിരുന്ന ഇത്തരം വിവരങ്ങൾ അവരിൽ മതിപ്പുളവാക്കിയിരുന്നു. വൈകാതെ മൊസാദുമായുള്ള സഹകരണങ്ങൾ ഏകോപിപ്പിക്കാനായി അപ്പോൾ സി ഐ എയുടെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്ന പ്രഗൽഭനായ ജയിംസ് ജീസസ് ആംഗിൾട്ടൺ നിയമിതനായി. ആംഗിൾട്ടൺ ഇസ്രയേൽ സന്ദർശിക്കുകയും മൊസാദിന്റെ വിവിധ വിഭാഗങ്ങളുടെ തലവന്മാരുമായി അടുത്ത സൗഹൃദം സ്ഥാപിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ആമോസ് മനോറുമായി നല്ല അടുപ്പത്തിലായ ആംഗിൾട്ടൺ മനോറിന്റെ ചെറിയ വീട്ടിൽ കുറച്ചുദിവസങ്ങൾ തങ്ങുകയും ഇരുവരും ചേർന്ന് നിരവധി വിസ്‌കിക്കുപ്പികൾ കുടിച്ച് വറ്റിക്കുകയും ചെയ്തു.

          എന്നാൽ ഈ തവണ അതിനേക്കാളൊക്കെ വിലപ്പെട്ട ഒന്ന് കൈമാറാൻ ഐസറും ആമോസും ചേർന്ന് തീരുമാനിക്കുകയായിരുന്നു. ക്രൂഷ്‌ചേവിന്റെ പ്രസംഗത്തിന്റെ കോപ്പി അമേരിക്കയ്ക്ക് നൽകാൻ അവർ തീരുമാനിച്ചു. ടെൽ അവീവിലെ സി ഐ എ പ്രതിനിധി വഴിയല്ല; നേരിട്ട് വാഷിങ്ടണിൽ വച്ച് കൈമാറാനായിരുന്നു തീരുമാനം. അമേരിക്കയിലെ മൊസാദിന്റെ പ്രതിനിധി ഇസ്സി ദോറോത് വാഷിങ്ടണിൽ ആംഗിൾട്ടണെ സന്ദർശിച്ച് പ്രസംഗത്തിന്റെ പകർപ്പ് കൈമാറുകയായിരുന്നു. ഏപ്രിൽ പതിനേഴാം തിയതി തന്നെ പ്രസംഗം പ്രസിഡന്റ് ഐസൻഹോവറിന്റെ മേശപ്പുറത്തെത്തി.

         

അമേരിക്കൻ രഹസ്യാന്വേഷണ വിദഗ്ദ്ധർ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചുപോയി. ഭുവനപ്രസിദ്ധവും ഭൂതലവ്യാപിയുമായ യു എസ് രഹസ്യാന്വേഷണവിഭാഗവും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഇന്റലിജൻസ് വിഭാഗങ്ങളും അതിന്റെ സകല കഴിവും ഉപയോഗിച്ച് കഠിനമായി പരിശ്രമിച്ചിട്ടും നടക്കാതെ പോയത് ഇസ്രയേലെന്ന കൊച്ചുരാജ്യത്തിന്റെ രഹസ്യപ്പൊലീസ് സാധിച്ചിരിക്കുന്നു! അവർക്ക് ആദ്യമത് വിശ്വസിക്കാനേ ആയില്ല. രേഖ വ്യാജമായിരിക്കുമോയെന്നവർ സംശയിച്ചു. ഒറിജിനിലാണെന്ന് ഉറപ്പുവരുത്താനായി പല പരിശോധനകൾക്ക് വിധേയമാക്കി. സകലരും രേഖയുടെ ആധികാരികത ഉറപ്പായി സാക്ഷ്യപ്പെടുത്തി. അങ്ങിനെയാണ് ന്യൂയോർക്ക് ടൈംസിന് പ്രസംഗത്തിന്റെ പകർപ്പ് സി ഐ എ ചോർത്തിക്കൊടുത്തത്. 1956 ജൂൺ അഞ്ചിന് മുൻപേജിൽത്തന്നെ അവരത് പ്രസിദ്ധപ്പെടുത്തി. കമ്മ്യൂണിസ്റ്റ് ലോകത്ത് അതൊരു ഭൂകമ്പം തന്നെ ഉണ്ടാക്കി. അതോടെ ദശലക്ഷക്കണക്കിന് അനുയായികൾ സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് പാർട്ടിക്കുമെതിരെ തിരിഞ്ഞു. 1956ലെ ശിശിരകാലത്ത് പോളണ്ടിലും ഹങ്കറിയിലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ ഉയർന്ന സ്വയം പ്രേരിത കലാപങ്ങൾക്ക് ഉത്തേജനമായത് ക്രൂഷ്‌ചേവിന്റെ വെളിപ്പെടുത്തലുകൾ ആയിരുന്നുവെന്ന് പല ചരിത്രകാരന്മാരും കരുതുന്നുണ്ട്.

          ഇന്റലിജൻസ് മേഖലയിലെ ഈ വിവരവിപ്ലവം സി ഐ എയുമായുള്ള മൊസാദിന്റെ ബന്ധങ്ങളെ അതുവരെയില്ലാത്ത തലങ്ങളിലേക്ക് അടുപ്പിച്ചു. ലൂസിയ തന്റെ കാമുകനായ വിക്ടറിന് ഏതാനും മണിക്കൂർ നേരത്തേക്ക് കൈമാറിയ ആ ചുവന്ന കവർ മൊസാദിന് ഐതിഹാസികമായ ഒരു പരിവേഷം ചാർത്തിക്കൊടുക്കുകയായിരുന്നു'.

വിക്ടറിന്റെ ചാരജീവിതം പക്ഷെ കൂടുതൽ നാടകീയമായ വഴികളിലേക്കാണ് പിന്നീട് സഞ്ചരിക്കുന്നത്. യാദൃച്ഛികമായി, USSRനുവേണ്ടി ഇസ്രയേലിന്റെ രഹസ്യങ്ങൾ ചോർത്തിനൽകാൻ ലഭിച്ച ഓഫർ, മൊസാദിന്റെ അനുമതിയോടെ ഏറ്റെടുത്ത് വിക്ടർ ചാരചരിത്രത്തിലെ ഏറ്റവും വലിയ ഡബ്ൾ ഏജന്റായി മാറി. ഇസ്രയേലിന് നിർണായകമായ യുദ്ധവിജയങ്ങൾ നേടിക്കൊടുക്കാൻപോലും കഴിഞ്ഞ നീക്കങ്ങൾ വിക്ടർ വഴി മൊസാദ് ആസൂത്രണം ചെയ്തു. സോവിയറ്റ് യൂണിയനാകട്ടെ, വിക്ടറിനെ ലെനിൻ മെഡൽ നൽകി ആദരിക്കാൻ തീരുമാനിച്ചു. പിൽക്കാലത്ത് ഇസ്രയേലും അയാൾക്ക് വിശിഷ്ടസേവനത്തിനുള്ള മെഡൽ നൽകി!

          നാസികുറ്റവാളികളെ വേട്ടയാടുന്നതിൽകവിഞ്ഞ വൈകാരികതയോടെ ഇസ്രയേലിജനതയോ ഭരണകൂടമോ മൊസാദോ ഒരു ദൗത്യവും നാളിതുവരെ ഏറ്റെടുത്തിട്ടില്ല. ആ ദൗത്യത്തിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പെടുന്നത് അഡോൾഫ് ഐക്മാനെ അർജന്റീനയിൽ കണ്ടെത്തി കടത്തിക്കൊണ്ടുവന്ന് വിചാരണചെയ്ത് വധിച്ച സംഭവമാണ്. ഇത്രമേൽ ആസൂത്രിതമായ മറ്റൊരു രാഷ്ട്രീയ ദൗത്യം മൊസാദ് ഏറ്റെടുത്തിട്ടില്ല എന്നുപോലും പറയാം. നാലു ഭൂഖണ്ഡങ്ങളിൽ വലവിരിച്ച് ഹിറ്റ്‌ലറുടെ വലംകയ്യായി നിന്ന് യഹൂദവംശഹത്യക്കു നേതൃത്വം നൽകിയ ഐക്മാന്റെ രാക്ഷസജീവിതം വിധിയുടെ കയ്യിൽ നിന്ന് പിടിച്ചുവാങ്ങി മൊസാദ്. അയാളുടെ അന്ത്യം ഗ്രന്ഥകർത്താക്കൾ വിവരിക്കുന്നത് വായിക്കൂ:

         

'1961 ഏപ്രിൽ പതിനൊന്നിന് അഡോൾഫ് ഐക്മാന്റെ വിചാരണ ആരംഭിച്ചു. യഹൂദ കൂട്ടക്കുരുതിയെ അതിജീവിച്ച നൂറ്റിപ്പത്ത് സാക്ഷികൾ ഐക്മാനെതിരായി സാക്ഷിപറയാൻ പ്രോസിക്യൂഷൻ ഭാഗത്ത് നിരന്നു. അവരിൽ പലരും ഭൂതകാലത്തെക്കുറിച്ച് അതുവരെ മനസ്സ് തുറക്കാത്തവരായിരുന്നു. അവരാണ് ജീവിതത്തിലാദ്യമായി തങ്ങൾ കടന്നുപോന്ന വേദനയുടെയും അപമാനത്തിന്റെയും കാലം ഓർത്തെടുത്തത്. ഇസ്രയേൽ രാഷ്ട്രം ഒന്നടങ്കം ആ വിചാരണയുടെ ദിനങ്ങളിൽ റേഡിയോയോട് ചെവിചേർത്തിരുന്നു. തെളിവെടുപ്പുകളിൽ അനാവൃതമായ അതിഭീകരമായ ക്രൂരതയുടെയും സഹനത്തിന്റെയും കഥകൾ രാജ്യത്തെയൊന്നാകെ പൊള്ളിച്ചു. കേസിലെ പ്രോസിക്യൂട്ടർ ആയിരുന്ന ഗിദിയോൺ ഹൗസ്‌നർ ഇസ്രയേൽ പൗരസഞ്ചയത്തെ ഒന്നാകെ പ്രതിനിധാനം ചെയ്തപോലായിരുന്നു. യഹൂദകൂട്ടക്കുരുതിയിൽ ഒടുങ്ങിയ അറുപത് ലക്ഷം യഹൂദരുടെ നീതിക്കുവേണ്ടിയുള്ള സ്വരമായിരുന്നു ഗിദിയോൺ ഹൗസ്‌നറുടേത്.

          1961 ഡിസംബർ പതിനഞ്ചിന് ഐക്മാൻ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. സുപ്രീം കോർട്ട് ഐക്മാന്റെ അപ്പീൽ തള്ളി. പ്രസിഡന്റ് ഇസഹാക് ബെൻ സവി അയാളുടെ മാപ്പപേക്ഷയും തള്ളിക്കളഞ്ഞു. 1962 മെയ് മുപ്പത്തിയൊന്നിന് ശിക്ഷനടപ്പാക്കൽ ഉടനെയുണ്ടാകുമെന്ന് ഐക്മാനെ അറിയിച്ചു. സെല്ലിലിരുന്ന് കുടുംബത്തിലെ പലർക്കും അയാൾ കത്തുകളെഴുതി. അയാൾക്ക് നൽകപ്പെട്ട ചുവന്ന കാർമൽ വൈൻ കുപ്പിയിലെ പകുതിയും അയാൾ കുടിച്ചു. ജയിൽ ചിട്ടപ്രകാരം പാതിരായോടടുത്ത് ഒരു പുരോഹിതൻ ഐക്മാന്റെ സെല്ലിലെത്തി. 'ഈ രാത്രി നിങ്ങളുമായി ബൈബിളിനെക്കുറിച്ച് ചർച്ചചെയ്യാൻ ഞാനുദ്ദേശിക്കുന്നില്ല. പാഴാക്കാൻ എന്റെ പക്കൽ സമയവുമില്ല'. ഐക്മാൻ ആ പുരോഹിതനോട് പറഞ്ഞു.

         

പുരോഹിതൻ മടങ്ങിപ്പോയി. അന്നേരം ഒരു സന്ദർശകൻ അപ്രതീക്ഷിതമായി ഐക്മാന്റെ സെല്ലിലെത്തി - റാഫി ഐതൻ.

          തവിട്ടുനിറമുള്ള ജയിൽ വസ്ത്രം ധരിച്ച തടവുകാരനും അയാളെ തട്ടിക്കൊണ്ടുവന്ന് നിയമത്തിന്റെ മുന്നിൽ നിർത്തിയയാളും മുഖാമുഖം നിന്നു. ഐതൻ ഒന്നും സംസാരിച്ചില്ല. ഐക്മാൻ അയാളെ തറപ്പിച്ച് നോക്കിക്കൊണ്ട് ജർമ്മൻ ഭാഷയിൽ പറഞ്ഞു: 'എനിക്ക് ശേഷം നിന്റെ ഊഴവും വരുമെന്ന് ഞാൻ പ്രത്യാശിക്കുന്നു'.

          വധശിക്ഷ നടപ്പിലാക്കാനുള്ള ഇടുങ്ങിയ മുറിയിലേക്ക് കാവൽക്കാർ ഐക്മാനെ കൊണ്ടുവന്നു. അത് താത്ക്കാലികമായി നിർമ്മിച്ചതായിരുന്നു. കെണിപ്പലകയുടെ മുകളിൽ അയാളെ നിർത്തി. കൊലക്കുരുക്ക് അയാളുടെ കഴുത്തിലിട്ടു. ചില ജയിൽ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഒരു ഡോക്ടരും വധശിക്ഷയ്ക്ക് സാക്ഷികളായി അവിടെ ഉണ്ടായിരുന്നു. അവരെല്ലാവരും നാസി പാരമ്പര്യപ്രകാരമുള്ള അയാളുടെ അവസാന വാക്കുകൾ കേട്ടു: 'നമ്മൾ ഇനിയും കാണും... ഈശ്വരനിൽ വിശ്വസിച്ചാണ് ഞാൻ ജീവിച്ചത്... യുദ്ധനിയമങ്ങൾ ഞാൻ അനുസരിച്ചു, എന്റെ പതാകയോട് കൂറ് പുലർത്തി....'

         

തിരശ്ശീലയ്ക്ക് പിന്നിൽ രണ്ട് പൊലീസ് ഓഫീസർമാർ ഒരേസമയം ബട്ടനുകൾ അമർത്തി. അതിൽ ഒന്ന് കെണിപ്പലകയെ നീക്കാനുള്ളതായിരുന്നു. ആരാണ് ഐക്മാനെ വധിച്ചതെന്ന് അവരിരുവർക്കും തിരിച്ചറിഞ്ഞില്ല. ഐക്മാന്റെ ആരാച്ചാരുടെ പേര് അങ്ങിനെ അജ്ഞാതമായി തുടരുന്നു. ഐതൻ വധശിക്ഷ നടപ്പിലാക്കുന്നത് കാണാൻ ഉണ്ടായിരു ന്നില്ലെങ്കിലും കെണിപ്പലക ഇളകിമാറ്റുന്ന സ്വരം കേൾക്കാവുന്ന അകലത്തിൽ അയാളും ഉണ്ടായിരുന്നു.

          മൃതദേഹം ദഹിപ്പിക്കുന്നതിനായി ജയിൽ കോമ്പൗണ്ടിൽത്തന്നെ ഉണ്ടായിരുന്ന അലൂമിനിയം ചൂളയിൽ ഐക്മാന്റെ ദേഹവും ചാരമായി. 'കറുത്ത പുക ആകാശത്തേക്ക് ഉയർന്നു', ഒരു അമേരിക്കൻ പത്രം എഴുതി 'ആരും ഒരു വാക്കുപോലും ഉച്ചരിച്ചില്ല. എങ്കിലും ഓഷ് വിറ്റ്‌സിലെ ചുടലക്കളങ്ങളെ ഓർക്കാതിരിക്കാൻ ആർക്കും കഴിയുമായിരുന്നില്ല.....'

          1962 ജൂൺ ഒന്നാം തിയതി പുലരി വിരിയുന്നതിനു മുൻപേ തീരസംരക്ഷണ സേനയുടെ ഒരു ബോട്ട് ഇസ്രയേലിന്റെ ജലാതിർത്തികൾ കടന്ന് മുന്നോട്ട് കുതിച്ചു. കുറേയെത്തിയപ്പോൾ ബോട്ടിന്റെ എഞ്ചിൻ നിന്നു. നിശ്ശബ്ദമായി ആ ബോട്ട് ഇളകിക്കൊണ്ടിരിക്കവേ ബോട്ടിലുണ്ടായിരുന്ന ഒരു പൊലീസ് ഓഫീസർ ഐക്മാന്റെ ചിതാഭസ്മം മെഡിറ്ററേനിയൻ കടലിൽ തൂവി.

         

ഇരുപത് വർഷങ്ങൾക്ക് മുൻപ്, 'ആറ് മില്യൺ യഹൂദരെ കൊന്നുതള്ളിയതിൽ ആഹ്ലാദവാനായി ഞാൻ എന്റെ ശവക്കല്ലറയിലേക്ക് കുതിക്കും' എന്ന് പറഞ്ഞയാളിന്റെ അവശേഷിച്ച ചിതാഭസ്മത്തെ കാറ്റും തിരകളും ചേർന്ന് കലക്കിക്കളഞ്ഞു'.

          യഹൂദതീവ്രവാദികൾ തട്ടിയെടുത്ത യോസലെ എന്ന കുട്ടിയെ കണ്ടെത്താനുള്ള മൊസാദിന്റെ ശ്രമങ്ങളാണ് ഏഴാമധ്യായത്തിൽ. ഇസ്രയേൽ, ലെബനൻ, ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാൻസ്, സ്വിറ്റ്‌സർലണ്ട്..... രാജ്യാന്തരവ്യാപ്തി കൈവന്ന മറ്റൊരു രഹസ്യദൗത്യത്തിന്റെ വിജയഗാഥയായി മാറി, അത്. റൂത്ത് ബെൻ ഡേവിഡ് എന്ന സ്ത്രീയുടെ ബുദ്ധിയും സാമർഥ്യവും മറ്റൊരു മാതാഹരിയായി അവരെ സ്ഥാപിച്ചെടുത്തതാണ് ഈ കഥയിലെ ഏറ്റവും രസകരമായ ഭാഗം.

          ജർമ്മൻശാസ്ത്രജ്ഞരെ വൻതോതിൽ റിക്രൂട്ട് ചെയ്ത് ആണവായുധങ്ങൾ നിർമ്മിക്കാൻ പദ്ധതിയിട്ട ഈജിപ്തിനെതിരെ മൊസാദ് ഏറ്റെടുത്ത ദൗത്യമാണ് അടുത്തത്. അവിശ്വസനീയമായ നീക്കങ്ങളിലൂടെ, രാജ്യാന്തരബന്ധങ്ങൾ തകിടംമറിഞ്ഞ ചുവടുവയ്പുകളിലൂടെ, ഈജിപ്തിന്റെ ആണവനീക്കങ്ങൾ ഒന്നടങ്കം അട്ടിമറിച്ചു, മൊസാദ്. ലെറ്റർ ബോംബുകളും ഭീഷണികളും വഴി ജർമ്മൻശാസ്ത്രജ്ഞരുടെ ജീവനും സ്വസ്ഥതയും അപഹരിച്ചു, അവർ. ഏറ്റവും വിസ്മയകരമായ സംഗതി ഈ ദൗത്യത്തിൽ ഓട്ടോസ്‌കോർസെനി എന്ന ഒരു നാസിഭീകരൻ തന്നെ മൊസാദിനു തുണയായതാണ്. പക്ഷെ ജർമ്മനിക്കെതിരായ ഈ നിഴൽയുദ്ധം വൻതോതിൽ പാളിപ്പോവുകയും തുടർന്ന് മൊസാദ് തലവന് രാജിവയ്‌ക്കേണ്ടിവരികയും ചെയ്തു.

          ചാരചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ യഹൂദന്റെ കഥയാണ് അടുത്തത്. മൊസാദിനുവേണ്ടി അതിസാഹസികമായി രഹസ്യങ്ങൾ ചോർത്തി സിറിയൻ ജയിലിൽ ജീവൻ വെടിഞ്ഞ ഈജിപ്ഷ്യൻ യഹൂദൻ ഏലികോഹന്റെ കഥ. കമാൽ അമീൻ താബെത് എന്ന പേരിൽ സിറിയയിൽ കോഹൻ നയിച്ച ജീവിതംപോലെ വിസ്മയകരമായ ഒന്ന് ചാരചരിത്രത്തിലുണ്ടായിട്ടില്ല. ജോർദാൻ നദിയിൽ അണകെട്ടി ഇസ്രയേലിനെ മരുഭൂമിയാക്കാൻ സിറിയയും അറബ് രാജ്യങ്ങളും ഇട്ട പദ്ധതി മാത്രമല്ല കോഹൻ തകർത്തത്. അർജന്റീനയിലെത്തി, കോടീശ്വരനായ സിറിയക്കാരനായി സ്വാധീനമുറപ്പിച്ചശേഷം സിറിയയിലെത്തി, അവിടെ വ്യവസായികൾക്കും രാഷ്ട്രീയക്കാർക്കുമിടയിൽ ചുവടുറപ്പിച്ച് തന്റെ സ്വാധീനം വളർത്തി, ഒടുവിൽ സിറിയൻ പ്രസിഡന്റിന്റെ വലംകയ്യായി മാറി മന്ത്രിസഭയിൽ അംഗമാകാൻ തുടങ്ങുന്ന സന്ദർഭത്തിലാണ് സിറിയൻ രഹസ്യാന്വേഷണ ഏജൻസി അയാളെ തിരിച്ചറിയുന്നത്. അതിനിടയിൽ തന്നെ തന്റെ ലക്ഷ്യങ്ങൾ കോഹൻ നേടിയിരുന്നുവെങ്കിലും പിന്നീട് നടന്നത് സമാനതകളില്ലാത്ത ഒരു ചാരവിചാരണയായിരുന്നു. നാലു സഹായികൾക്കൊപ്പം കോഹനും തൂക്കിലേറ്റപ്പെട്ടു. 'ലോകത്തെ ഏറ്റവും ഏകാകിയായ ചാരൻ'. എത്ര രാജ്യങ്ങൾ. എത്ര ദേശീയതകൾ. എത്ര ഭാഷകൾ. എത്ര പേരുകൾ. എത്ര തൊഴിലുകൾ. എത്ര ദൗത്യങ്ങൾ.... ഒസാമബിൻലാദന്റെ പിതാവുമായിപ്പോലുമുണ്ടാക്കിയ സൗഹൃദം. ജോൺ ട്രവോൾട്ട നായകനായി ഏലികോഹന്റെ ജീവിതം ഹോളിവുഡ് സിനിമായക്കുകയുണ്ടായി. കോഹന്റെ ഭാര്യ നാദിയയുടെ ജീവിതവും നിരവധി സിനിമകൾക്കു വിഷയമായി.

          'ജനങ്ങൾ തിങ്ങിയ മോസ്‌കുകളും വർണ്ണാഭമായ ചന്തകളും നിറഞ്ഞ ദമാസ്‌കസിലെ തിരക്കുപിടിച്ച ജീവിതബഹളങ്ങളിലേക്ക് ഇഴുകിച്ചേരുക എളുപ്പമായിരുന്നു. പക്ഷേ അതായിരുന്നില്ല ഏലി ആഗ്രഹിച്ചത്. മറ്റുള്ളവരുടെ ശ്രദ്ധയെ തന്നിലേക്ക് ആകർഷിക്കണമെന്നും അത് എത്രയും വേഗം വേണമെന്നുമായിരുന്നു അയാൾ ആഗ്രഹിച്ചത്. സമ്പന്നർ മാത്രം പാർത്തിരുന്ന അബു റെമൻ പ്രദേശത്ത് സൈനിക കേന്ദ്രത്തിനടുത്തായി ഒരു ആഡംബര ബംഗ്ലാവ് അയാൾ വാടകയ്‌ക്കെടുത്തു. ബംഗ്ലാവിന്റെ ബാൽക്കണിയിൽ നിന്നാൽ സർക്കാർ അതിഥി മന്ദിരത്തിന്റെ കവാടം കാണാമായിരുന്നു. എംബസ്സികളുടെയും മന്ത്രിമന്ദിരങ്ങളുടെയും സമ്പന്ന വ്യാപാരികളുടെയും ഇടയിലായിരുന്നു ഏലി പാർത്തിരുന്നത്. ബംഗ്ലാവിന്റെ പലയിടങ്ങളിലായി തന്റെ ഉപകരണങ്ങൾ ഒന്നൊന്നായി ഏലി ഒളിപ്പിച്ചു. ചാരന്മാരും ചതിയന്മാരും രഹസ്യാന്വേഷകർക്ക് ഒറ്റുകൊടുക്കുന്നവരും വീട്ടിൽ കടന്നുകൂടുന്നത് ഒഴിവാക്കാനായി വേലക്കാരെ ഏലി വേണ്ടെന്നുവച്ചു. ഏകാകിയായി പാർക്കാൻ അയാൾ പ്രിയപ്പെട്ടു.

         

ഏലിയുടെ ഭാഗ്യം തുടരുകയായിരുന്നു. തക്കസമയത്താണ് അയാൾ ദമാസ്‌കസിലെത്തിയത്. യൂണൈറ്റഡ് അറബ് റിപ്പബ്ലിക്കിന്റെ പതനം വ്യക്തിപരമായ തിരിച്ചടിയും ഈജിപ്റ്റിനെ സംബന്ധിച്ചിടത്തോളം വലിയ അവമതിയുമായി പ്രസിഡന്റ് ജമാൽ അബ്ദുൾ നാസർ കരുതി. ഈജിപ്ഷ്യൻ പിന്തുണയോടെ ഒരു വിപ്ലവവും ഭരണമാറ്റവും ഉണ്ടാകുമെന്ന് സിറിയൻ രാഷ്ട്രീയ നേതാക്കളും സൈനിക മേധാവികളും ഒരുപോലെ ഭയപ്പെട്ടു. അവരുടെ സകല ശ്രദ്ധയും അതിനെ തടുക്കുന്നതിലായിരുന്നു. ഇസ്രയേൽ ചാരവൃത്തി അവരുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. അറബ് ലോകത്ത് പുതിയ മിത്രങ്ങളെ തേടുന്ന തിരക്കിലായിരുന്നു അവർ. പണവും അവർക്ക് അത്യാവശ്യമായിരുന്നു. വിദേശത്ത് പാർക്കുന്ന സമ്പന്നരായ സിറിയൻ ബിസിനസ്സുകാരെയാണ് അവർ ലക്ഷ്യമിട്ടത്. കമാൽ അമിൻ താബേതിൽ എല്ലാം ഒത്തിണങ്ങിയ ഒരാളെ അവർ കണ്ടു. വമ്പന്മാരുടെ ശുപാർശ കത്തുകളുമായി കടുത്ത ദേശീയവാദിയായ ഒരു കോടീശ്വരൻ. തക്ക സമയത്ത് എല്ലാം ഒത്തിണങ്ങിയയാൾ.

          വളരെ വേഗത്തിലും ഫലപ്രദമായും ഏലി കോഹൻ ബന്ധങ്ങളുണ്ടാക്കി. അയാളുടെ പക്കലുണ്ടായിരുന്ന ഉന്നതന്മാരുടെ ശുപാർശ കത്തുകൾ സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവരും ബാങ്കുകളും വ്യാപാരവൃത്തങ്ങളും ഏലിയെ സ്വാഗതം ചെയ്യാൻ കാരണമായി. പുതിയ ചങ്ങാതികൾ ഏലിയെ വൻകിട സർക്കാർ ഉദ്യോഗസ്ഥർക്കും സീനിയർ സൈനിക ഓഫീസർമാർക്കും ഭരണകക്ഷിയിലെ ഉന്നതർക്കും പരിചയപ്പെടുത്തി. രണ്ട് അതിസമ്പന്നർ അയാളുമായി ചങ്ങാത്തം സ്ഥാപിച്ചത് അവരുടെ പെൺമക്കളിൽ ഒരാളെ യുവാവും സുന്ദരനും സമ്പന്നനുമായ കമാൽ അമിൻ താബേത് വിവാഹം ചെയ്യും എന്ന പ്രതീക്ഷയാൽ പ്രേരിതരായിട്ടായിരുന്നു. ദമാസ്‌കസിലെ ദരിദ്രർക്കായുള്ള സൗജന്യ ഭോജനശാലയ്ക്ക് ഭീമമായ ഒരു തുക താബേത് സംഭാവന ചെയ്തു. സർക്കാർവൃത്തങ്ങളിൽ അയാൾ സുപരിചിതനായെങ്കിലും നിലവിലെ ഗവൺമെന്റുമായി പരസ്യമായി ഒന്നിച്ചുനിൽക്കാൻ ഏലി താത്പര്യപ്പെട്ടില്ല. കടന്നുപോകാനുള്ള ഒരു സർക്കാരാണിതെന്ന് അയാളുടെ അന്തർജ്ഞാനം അയാളോട് പറഞ്ഞു. ഈജിപ്റ്റുമായുള്ള വിഘടനം ഉളവാക്കിയ ഭൂകമ്പങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും മാറ്റങ്ങൾ ഏതുസമയത്തും പ്രതീക്ഷിക്കാമെന്നും ഏലി സംശയിച്ചു.

          ദമാസ്‌കസിലെത്തി ഒരു മാസം കഴിഞ്ഞപ്പോൾ റേഡിയോ ദമാസ്‌കസിന്റെ ജീവനക്കാരനായ ജോർജ് സാലെം സെയ്ഫ് അയാളെ കാണാനെത്തി. വിദേശങ്ങളിൽ പാർക്കുന്ന സിറിയക്കാർക്ക് വേണ്ടിയുള്ള റേഡിയോ പ്രോഗ്രാമിന്റെ ആതിഥേയനായിരുന്നു അയാൾ. സൽമാൻ ഇസ്രയേലിൽ വച്ച് സൂചിപ്പിച്ചത് ഇയാളെക്കുറിച്ചായിരുന്നു. താബേതിനെക്കാളും മുൻപേ സിറിയയിൽ 'തിരികെയെത്തിയ' വ്യക്തിയായിരുന്നു സെയ്ഫ്. അയാളുടെ ജോലിയുടെ സവിശേഷത മൂലം സൈനികവും രാഷ്ട്രീയവുമായ ഒട്ടേറെ ഉള്ളറ രഹസ്യങ്ങൾ ഏലിക്ക് നൽകുവാൻ അയാൾക്ക് കഴിയുമായിരുന്നു. റേഡിയോ പ്രക്ഷേപണത്തെ സംബന്ധിക്കുന്ന സർക്കാരിന്റെ നിയന്ത്രണ നിർദ്ദേശങ്ങളും സെയ്ഫ് ഏലിയെ കാണിച്ചു. എന്ത് പ്രക്ഷേപണം ചെയ്യാം എന്ത് അമർത്തി വയ്ക്കണം തുടങ്ങിയ കാര്യങ്ങൾ അവയിലുണ്ടായിരുന്നു. സെയ്ഫിന്റെ വീട്ടിൽ വച്ച് നടന്ന നിരവധി വിരുന്നുകളിൽ ഏലി പങ്കെടുത്തു. അവിടെവച്ച് മുതിർന്ന ഉദ്യോഗസ്ഥരെയും അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളെയും കണ്ടുമുട്ടാനും അയാൾക്ക് അവസരമുണ്ടായി.

          എൽ അർദിനെപ്പോലെ സെയ്ഫിനും ഏലിയുടെ യഥാർത്ഥ വിവരങ്ങൾ അജ്ഞാതമായിരുന്നു. സ്വന്തമായ ലക്ഷ്യങ്ങൾ വച്ചുപുലർത്തുന്ന തീവ്രദേശീയവാദിയായ ഒരാളാണ് തബേതെന്ന് അവരിരുവരും കരുതി.

          ലോകത്തിലെ ഏറ്റവും ഏകാകിയായ ചാരപ്രവർത്തകനാണ് താനെന്ന് ഏലിക്ക് വളരെവേഗം മനസ്സിലായി. ഒരൊറ്റ സുഹൃത്തോ അടുപ്പക്കാരനോ അയാൾക്ക് ദമാസ്‌കസിൽ ഉണ്ടായിരുന്നില്ല. യഹൂദ രാഷ്ട്രത്തിന്റെ മറ്റേതെങ്കിലും ചാരനോ ചാരശൃംഖലയോ സിറിയയിൽ ഉള്ളതായി അയാൾ അറിഞ്ഞിരുന്നില്ല. തീവ്രവും കഠിനവുമായ ആ ഏകാന്തതയെ അതിജീവിക്കാൻ ശരിക്കും ഉരുക്കിന്റെ നാഡീഞരമ്പുകൾ അയാൾക്ക് ആവശ്യമായിരുന്നു. അപകടകരമായ ആ ഒളിച്ചുകളി രാപകൽ തുടരേണ്ടി യിരുന്നു. അപൂർവമായി സ്വന്തം കുടുംബത്തിലെത്തുമ്പോൾ പോലും ഈ രഹസ്യങ്ങളിൽ നിന്നും മോചിതനാകാൻ അയാൾക്കാമായിരുന്നില്ല. പ്രണയിനിയായ ജീവിതപങ്കാളിയെപ്പോലും താൻ തെറ്റിദ്ധരിപ്പിക്കുകയാണെന്നത് അയാളെ അകമേ നോവിച്ചിരുന്നു.

         

എല്ലാദിവസവും രാവിലെ എട്ടുമണിക്ക് ഇസ്രയേലിലേക്ക് റിപ്പോർട്ടുകൾ അയക്കുന്നത് ഏലി പതിവാക്കി. ചിലപ്പോൾ രാത്രിയിലും അത് വേണ്ടിവന്നിരുന്നു. തീർത്തും കണ്ടുപിടിക്കാനാവാത്ത രീതിയിലായിരുന്നു അയാളുടെ ട്രാൻസ്മിഷൻ. അയാളുടെ ബംഗ്ലാവിനോട് ചേർന്നായിരുന്നു സൈനിക ആസ്ഥാനം. അവിടെ നിന്നും അനുനിമിഷം സന്ദേശങ്ങൾ ഇടതടവില്ലാതെ പുറപ്പെട്ടുകൊണ്ടിരുന്നു. അതിനിടയിൽ ഏലിയുടെ ട്രാൻസ്മിഷനെ ആർക്കും തിരിച്ചറിയാനാവാതെയായി. ഏലിയുടെ പ്രക്ഷേ പണവും സൈനിക ആസ്ഥാനത്തെ നിരവധി ഓഫീസുകളിൽ നിന്നുമുള്ള അവസാനമില്ലാത്ത പ്രക്ഷേപണങ്ങളെയും വേറിട്ടറിയാനാവുമായിരുന്നില്ല.

          സിറിയയിലെത്തി ആറുമാസങ്ങൾ പിന്നിട്ടപ്പോൾ ദമാസ്‌കസിലെ ഉന്നതവൃത്തങ്ങളിൽ അറിയപ്പെടുന്ന ഒരാളായി കമാൽ അമിൻ താബേത് മാറിക്കഴിഞ്ഞിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കെന്ന നാട്യേന അയാൾ ഇടയ്ക്ക് വിദേശങ്ങളിലേക്ക് സഞ്ചരിച്ചു. ആദ്യം അർജന്റീനയിലേക്കാണ് പോയത്. അവിടെ പഴയ അറബി സുഹൃത്തുക്കളുമായി സമയം ചിലവഴിച്ചു. പിന്നീട് യൂറോപ്പിലേക്ക് സഞ്ചരിച്ചു. വിമാനങ്ങളും പാസ്‌പോർട്ടുകളും മാറിമാറി വന്നു. അതിനിടയിൽ അയാൾ ലാദ് വിമാനത്താവളത്തിൽ നിറയെ സമ്മാനപ്പൊതികളുമായി വന്നിറങ്ങി. അവിടെനിന്നും ബാത്‌യാമിൽ നാദിയായും മകൾ സോഫിയും അയാൾക്കായി കാത്തിരിക്കുന്ന ഇടത്തരം അപാർട്ടുമെന്റിലും എത്തി ആ 'സഞ്ചരിക്കുന്ന സെയിൽസ്മാൻ'.

          ഇലപൊഴിയും കാലം തീരാറായപ്പോൾ ഏലി കോഹൻ യൂറോപ്പിലേക്ക് പറന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം കമാൽ അമിൻ താബേതായി ദമാസ്‌കസിൽ വിമാനമിറങ്ങി. ഇസ്രയേലിൽ വച്ച് മേലധികാരികൾ അയാൾക്ക് ഫോട്ടോകളും ഡോക്യുമെന്റുകളും അയക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു കുഞ്ഞു ക്യാമറ നൽകിയിരുന്നു. വിലപിടിപ്പുള്ള തടിയും ദന്തവും കൊണ്ട് നിർമ്മിതമായ ബാക്ഗാമൺ കളിക്കുള്ള കരുക്കളും പലകയും അടങ്ങുന്ന പേടകത്തിലാക്കി മൈക്രോ ഫിലിമുകൾ അയക്കേണ്ടതുണ്ടായിരുന്നു. ദന്തത്തിൽ കരവേലകൾ ചെയ്ത് അത് തടിയിൽ ഉറപ്പിക്കുന്നതിനുമുൻപായി അതിനടിയിൽ ഫിലിമുകൾ ഒളിപ്പിക്കുകയായിരുന്നു. ബാക്ഗാമൺ സെറ്റുകൾ താബേത് അർജന്റീനയിലെ സുഹൃത്തുക്കൾക്ക് അയക്കും; അവർ അവിടെ നിന്നും അത് നയതന്ത്ര ബാഗേജുകളിലായി ഇസ്രയേലിലേക്ക് അയച്ചു.

          സൈന്യത്തിനുള്ളിലെ അശാന്തിയെയും അതൃപ്തിയെയും കുറിച്ചും ബാത് സോഷ്യലിസ്റ്റ് പാർട്ടി അധികാരത്തിൽ പിടിമുറുക്കുന്നതിനെയും കുറിച്ചുള്ളവയായിരുന്നു ഏലിയുടെ ആദ്യ റിപ്പോർട്ടുകൾ. സിറിയയിൽ മാറ്റത്തിനായുള്ള അഭിലാഷം ആഴത്തിൽ വേരോടിക്കുന്നത് ഏലി മനസ്സിലാക്കി. സ്വന്തം ആന്തരിക ബോദ്ധ്യങ്ങളാൽ നയിക്കപ്പെടാൻ ഏലി ഇഷ്ടപ്പെട്ടു. ബാത് പാർട്ടിയിലെ ഉന്നതന്മാരുമായി ബന്ധമുണ്ടാക്കുകയും നല്ലൊരു തുക പാർട്ടിക്ക് സംഭാവന നൽകുകയും ചെയ്തു.

          ഏലിയുടെ സഹജാവബോധം ശരിയായിരുന്നു. 1963 മാർച്ച് എട്ടാം തീയതി പുതിയൊരു അധികാരവിപ്ലവം ദമാസ്‌കസിനെ പിടിച്ചുലച്ചു. സൈന്യം സർക്കാരിനെ അട്ടിമറിച്ചു. ബാത് പാർട്ടി സിറിയയിൽ അധികാരത്തിലെത്തി. ബ്യൂണസ് അയേഴ്‌സിൽ ഏലിയുടെ സുഹൃത്തായിരുന്ന ജനറൽ ഹഫീസ് പുതിയ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായി. ജൂലൈയിൽ ഭരണകക്ഷിക്കുള്ളിൽ ഒരു വിപ്ലവം ഉണ്ടായി. ജനറൽ ഹഫീസ് വിപ്ലവ കൗൺസിൽ പ്രസിഡന്റും രാഷ്ട്രത്തലവനുമായി. താബേതിന്റെ ഉറ്റ മിത്രങ്ങൾ പുതിയ കാബിനറ്റിൽ സുപ്രധാന വകുപ്പുകളിൽ മന്ത്രിമാരായി. പലരും സൈനിക നേതൃത്വത്തിലെത്തുകയും ചെയ്തു. അങ്ങിനെ ഇസ്രയേലിന്റെ ചാരൻ സിറിയയിൽ അധികാരകേന്ദ്രത്തിന്റെ ഭാഗമായി മാറി.

          ദമാസ്‌കസിൽ ആകർഷകമായ ഒരു വിരുന്ന് നടക്കുന്നു. ആഡംബര കാറുകളിൽ മന്ത്രിമാരും ജനറൽമാരും ആ കൂറ്റൻ ബംഗ്ലാവിലേക്ക് വന്നെത്തിക്കൊണ്ടിരിക്കുന്നു. സായാഹ്നവസ്ത്രങ്ങളിലും വെട്ടിത്തിളങ്ങുന്ന സൈനിക യൂണിഫോമുകളിലുമായി വന്നണഞ്ഞുകൊണ്ടിരുന്ന അതിഥികളെ ഊഷ്മളമായി ആതിഥേയൻ സ്വാഗതം ചെയ്യുന്നു. ദമാസ്‌കസ് നഗരത്തിലെ വമ്പന്മാർ ആരെന്നറിയാൻ ആ വിരുന്നിൽ പങ്കെടുത്തവരുടെ ലിസ്റ്റിലൂടെ കണ്ണോടിച്ചാൽ മതിയാകുമായിരുന്നു. പ്രതിരോധ മന്ത്രി, കാർഷിക പരിഷ്‌ക്കരണവകുപ്പിന്റെ മന്ത്രി, സൈനിക ജനറൽമാരുടെയും കേണൽമാരുടെയും വലിയ നിര, ബാത് പാർട്ടിയുടെ ഉന്നത നേതാക്കൾ, ബിസിനസ് രംഗത്തെ അതികായർ, വൻ പണച്ചാക്കുകൾ അങ്ങിനെ സകലരും അവിടെയുണ്ടായിരുന്നു. വിപ്ലവരാത്രിയിൽ തലസ്ഥാനത്തേക്ക് സൈനിക ടാങ്കുകൾ ഓടിച്ചുകയറ്റി ജനറൽ ഹഫീസിന് അധികാരത്തി ലേക്ക് നടന്നുകയറാൻ വഴിയൊരുക്കിയ കേണൽ സലീം ഹാതുമിന് ചുറ്റുമായിരുന്നു വിരുന്നിനെത്തിയ മിക്കവരും. അൽപം കഴിഞ്ഞ് രാഷ്ട്രത്തലവനായ ജനറൽ ഹഫീസ് തന്നെ വിരുന്നിനെത്തി ആതിഥേയനായ പ്രിയ മിത്രം കമാൽ അമിൻ താബതിന്റെ ഇരുകൈകളും പിടിച്ചുകുലുക്കി സൗഹൃദം പങ്കിട്ടു. അദ്ദേഹത്തോടൊപ്പം പത്‌നിയും ഉണ്ടായിരുന്നു. പ്രസിഡന്റിനോടും പത്‌നിയോടുമുള്ള ആദരവിന്റെ സൂചകമായി ആ കടിയേറ്റക്കാരൻ സമ്മാനിച്ച നീർനായയുടെ ചർമ്മം കൊണ്ടുള്ള അതിവിശേഷമായ പുറങ്കുപ്പായം ധരിച്ചാണ് അവർ വിരുന്നിനെത്തിയത്. വിലപിടിപ്പുള്ള സമ്മാനം താബേതിൽ നിന്നും ലഭിച്ചത് അവർക്ക് മാത്രമായിരുന്നില്ല. അനേകം വിശിഷ്ട വനിതകൾ അയാൾ നൽകിയ ആഭരണങ്ങളാൽ അലംകൃതരായിരുന്നു. പല ഉന്നത ഉദ്യോഗസ്ഥരും അവിടെയെത്തിയത് താബേത് സമ്മാനിച്ച ആഡംബര വാഹനങ്ങളിലായിരുന്നു. രാഷ്ട്രീയ നേതാക്കളിൽ മിക്കവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് താബേതിന്റെ പണം സമൃദ്ധിയായി എത്തിയിരുന്നു.

          വിശാലമായ സ്വീകരണമുറിയിൽ ഇസ്രയേലിന്റെ അതിർത്തി മേഖലകളിൽ നിന്നും ആയിടെ തിരികെയെത്തിയ ഒരു കൂട്ടം സൈനിക ഓഫീസർമാരുമായി ചേർന്ന് ഉദ്യോഗസ്ഥ പ്രമുഖരും ജോർദാൻ നദിയെ വഴിതിരിച്ചുവിടുന്ന പദ്ധതിയിൽ പ്രവർത്തിക്കുന്ന എഞ്ചിനിയർമാരും സൈനിക സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നു. മറ്റൊരു വലിയ മുറിയിൽ ഗവൺമെന്റ് നിയന്ത്രണത്തിലുള്ള റേഡിയോ ദമാസ്‌കസിന്റെ ഡയറക്ടർമാരും സർക്കാർ പ്രചാരണവിഭാഗത്തിലെ സീനിയർ ഉദ്യോഗസ്ഥരും ആയിരുന്നു സംസാരിച്ചിരുന്നത്. അവരിൽ ഒരാളായിരുന്നു താബേത്. വിദേശത്ത് പാർക്കുന്ന സിറിയക്കാർക്കായുള്ള പ്രക്ഷേപണ പരിപാടികളിൽ ചിലതിന്റെ ചുമതല ഗവൺമെന്റ് അയാൾക്ക് നൽകിയിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങൾ വിശകലനം ചെയ്യുന്ന ഒരു സ്വതന്ത്ര പരിപാടിയും അയാൾ നടത്തുന്നുണ്ടായിരുന്നു.

          താബേതിന്റെ പല വിരുന്നുകളെയും പോലെ ഈ വിരുന്നിന്റെ ചെലവും അതിഭീമമായിരുന്നു. പക്ഷേ അയാൾക്കത് പ്രശ്‌നമേയല്ലായിരുന്നു. വിജയത്തിന്റെ ഉന്നത സോപാനങ്ങളിലായിരുന്നു താബേത്. അയാൾക്ക് തുറക്കാനാവാത്ത വാതിലുകളൊന്നും ഇല്ലായിരുന്നു. സേനയുടെ തലപ്പത്ത് നിരവധി സുഹൃത്തുക്കൾ അയാൾക്കുണ്ടായിരുന്നു. അതിനകം ബാത് പാർട്ടിയുടെ നയരൂപീകരണ യോഗങ്ങളിൽ അയാൾ സ്ഥിരം ക്ഷണിതാവായി മാറിക്കഴിഞ്ഞിരുന്നു'.

          മൊറോക്കോയുമായി സഖ്യമുണ്ടാക്കാൻ നടത്തിയ നീക്കങ്ങൾ, ഇറാക്കിൽ വിഭാഗീയപ്രവർത്തനങ്ങളിൽ സജീവമായിരുന്ന കുർദ്ദുകളുമായി ഉണ്ടാക്കിയ സഖ്യം, ഇറാക്കിൽനിന്ന് ഒരു മിഗ്-21 വിമാനം മോഷ്ടിച്ചത് എന്നിങ്ങനെ മൂന്നു ദൗത്യങ്ങളാണ് അടുത്ത അധ്യായത്തിന്റെ ഉള്ളടക്കം.

          നാസികുറ്റവാളി കുക്കുർസിനെ പിടികൂടി വധിക്കാൻ ബ്രസീലിലേക്കു നിയോഗിക്കപ്പെട്ട മൊസാദ് ഏജന്റ് യിസഹാക് സാരിദിന്റെ കഥയാണ് ഇനി. ആന്റൺ കുൻസിൽ എന്ന ആസ്ട്രിയൻ വ്യവസായിയായി ആൾമാറാട്ടം നടത്തി അയാൾ കുക്കുർസിനെ സമർഥമായി വലയിലാക്കി വധിക്കുന്നു. നാസികുറ്റവാളികളെ സംബന്ധിച്ച ഒരു നിയമനിർമ്മാണത്തിൽ നിന്ന് ജർമ്മനിയെ പിന്തിരിപ്പിക്കാൻ കഴിഞ്ഞതാണ് ഈ ദൗത്യത്തിന്റെ രാഷ്ട്രീയവിജയം.

          1970കളിലാരംഭിക്കുന്ന വലിയൊരു ഭീകരവാദനീക്കത്തിന്റെ ഹിംസാത്മക ചരിത്രത്തെ മൊസാദ് തച്ചുതകർത്തതിന്റെ കഥ പറയുന്നു, പന്ത്രണ്ടാമധ്യായം. ഫലസ്തീൻ വിമോചനസംഘടനയുടെ തലവനായിരുന്ന യാസർ അറഫത്ത് രൂപീകരിച്ച ബ്ലാക്ക് സെപ്റ്റംബറിന്റെ നേതാക്കളെ തെരഞ്ഞുപിടിച്ച് കൊല്ലാൻ മൊസാദ് തുടക്കമിട്ട നീക്കങ്ങളുടെ പ്രത്യക്ഷകാരണം, 72ലെ മ്യൂണിച്ച് ഒളിമ്പിക്‌സിൽ പങ്കെടുക്കാനെത്തിയ ഇസ്രയേൽ കായികതാരങ്ങളെ അവർ കൂട്ടക്കൊല ചെയ്തതാണ്. ബ്ലാക്ക് സെപ്റ്റംബറിന്റെ അടിവേരുതോണ്ടിയിട്ടേ മൊസാദ് വിശ്രമിച്ചുള്ളു. വെയ്ൽ സ്വൈറ്റർ, അബ്ദ് എൽഹിർ, ഡോക്ടർ ഹാംഷാമി, അൽകുബൈയ്‌സി, മുഹമ്മദ് ബൗദിയ തുടങ്ങിയ നേതാക്കളെ ഇല്ലായ്മചെയ്ത കഥ സവിസ്തരം ഗ്രന്ഥം പറയുന്നു. എന്നിട്ടും ബ്ലാക്ക് സെപ്റ്റംബറിന്റെ 'ചുവന്ന രാജകുമാരൻ' അലിഹസൻ സാലമെയെ കിട്ടിയില്ല. ഡേവിഡ് മൊലാദ് എന്ന വീരപരിവേഷം കിട്ടിയ മൊസാദ് ഏജന്റായിരുന്നു ഈ ഓപ്പറേഷനുകൾ പലതും നയിച്ചത്. വിമാനങ്ങളിലും ഹോട്ടലുകളിലും നടത്തിയ റിമോട്ട് കൺട്രോൾ ബോംബ്‌സ്‌ഫോടനങ്ങളിലൂടെയും സ്ത്രീകളുടെ അഭൂതപൂർവമായ പങ്കാളിത്തത്തിലൂടെയുമാണ് ഈ ദൗത്യം ശ്രദ്ധ പിടിച്ചുപറ്റിയത്. ഒടുവിൽ സലാമെയെയും കാർബോംബ് ആക്രമണത്തിൽ വധിക്കാൻ മൊസാദിനു കഴിഞ്ഞു. വായിക്കൂ:

          'ബ്ലാക് സെപ്റ്റംബർ. ജോർദാനിലെ ഹുസ്സൈൻ രാജാവ് 1970 സെപ്റ്റംബർ മാസത്തിൽ ആയിരക്കണക്കിന് ഭീകരരെ കൊന്നൊടുക്കിയതിന്റെ ഓർമ്മയ്ക്കായിട്ടാണ് ആ സംഘടന പിറന്നത്. 1967ലെ ആറുദിവസത്തെ യുദ്ധാനന്തരം ഭീകരർ ജോർദാനുള്ളിൽ നിരവധിയിടങ്ങളിൽ തലസ്ഥാനമായ അമ്മാന്റെ പ്രാന്തപ്രദേശങ്ങളിലുൾപ്പെടെ ക്രമാനുക്രമമായി സ്വാധീനം വർദ്ധിപ്പിച്ചുപോന്നു. ഇസ്രയേലും ജോർദാനും അതിർത്തി പങ്കിടുന്ന ഇടങ്ങളിലെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ആധിപത്യം സ്ഥാപിക്കാൻ ഭീകരർക്ക് കഴിഞ്ഞു. തെരുവുകളിൽ ഭീകരർ യാതൊരുവിധ നിയന്ത്രണങ്ങളും കൂട്ടാക്കാതെ ആയുധങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് റോന്ത് ചുറ്റി. ഹുസ്സൈൻ രാജാവിന്റെ അധികാരത്തെ അവർ വെല്ലുവിളിക്കുകയും തിരസ്‌കരിക്കുകയും ചെയ്തു. ക്രമേണ ജോർദാനിൽ അധികാരം അവരുടെ കൈപ്പിടിയിലായി. ഇതറിയാമായിരുന്നിട്ടും ഒന്നും ചെയ്യാൻ രാജാവ് തുനിഞ്ഞില്ല. ഒരു പട്ടാള ബാരക്ക് സന്ദർശനത്തിനിടെ ഒരു സായുധ ടാങ്കിന്റെ ആന്റിനയുടെ മുകളിൽ ഒരു ബ്രേസിയർ പറക്കുന്നത് ഹുസ്സൈൻ രാജാവ് കണ്ടു. കോപിഷ്ഠനായ രാജാവ് 'എന്താണ് ഈ കാണുന്നതെന്ന്' ചോദിച്ചു. പട്ടാളക്കാരിൽ ഒരാൾ പറഞ്ഞു: 'ഇതിനർത്ഥം ഞങ്ങൾ സൈനികർ പെണ്ണുങ്ങളാണെന്നാണ്. പൊരുതാൻ രാജാവ് ഞങ്ങളെ അനുവദിക്കുന്നില്ലല്ലോ'.

          അതോടെ ഹുസ്സൈൻ രാജാവ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു. മണ്ണിൽ തല പൂഴ്‌ത്തിവച്ച് ഒന്നും കണ്ടില്ല, കേട്ടില്ല എന്ന് നടിക്കാൻ ഇനി ആവില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. വിരലുകൾക്ക് ഇടയിലൂടെ തന്റെ രാജാധികാരം ഊർന്നുപോകുന്നത് അദ്ദേഹം മനസ്സിലാക്കി. സെപ്റ്റംബർ 17ന് ഭീകരരെ ഒതുക്കാൻ സർവ്വാധികാരങ്ങളുമായി രാജാവ് സൈന്യത്തെ തുറന്നുവിട്ടു. ഭീകരരുടെ താവളങ്ങളെല്ലാം സൈന്യം ആക്രമിച്ചു. ഒരു കൂട്ടക്കൊലയായിരുന്നു അതിന്റെ ഫലം. ഭീകരർ തെരുവിൽ വേട്ടയാടപ്പെട്ടു, പിടിക്കപ്പെട്ടു, വിചാരണകൂടാതെ കൊല്ലപ്പെട്ടു. ഭീകരരിൽ ചിലർ അഭയാർത്ഥി ക്യാമ്പുകളിൽ അഭയം തേടി. ജോർദാൻ സേന അഭയാർത്ഥി ക്യാമ്പുകൾ ബോംബുചെയ്തു. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഗത്യന്തരമില്ലാതെ അതിർത്തിയിലെ ജോർദാൻ നദി നീന്തിക്കടന്ന ഭീകരർ ഇസ്രയേലി സൈന്യത്തിനുമുന്നിൽ കീഴടങ്ങി. ജോർദാൻ സൈന്യത്തിന്റെ വെടിയുണ്ടകൾക്ക് ഇരയാകുന്നതിനേക്കാൾ ഭേദം ഇസ്രയേലി ജയിലുകളിൽ നരകിക്കുന്നതാണെന്ന് അവർ കരുതി. അവശേഷിച്ചവർ സിറിയയിലേക്കും ലെബനനിലേക്കും ഓടി രക്ഷപെട്ടു. എത്രപേർ ആ സൈനിക നടപടിയിൽ കൊല്ലപ്പെട്ടുവെന്നതിന് ഇന്നും കൃത്യമായ കണക്കുകളില്ല. ആ കറുത്ത സെപ്റ്റംബറിൽ കൊല്ലപ്പെട്ടവരുടെ ഏകദേശ എണ്ണം രണ്ടായിരത്തിനും ഏഴായിരത്തിനും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു.

          ഫലസ്തീനിലെ പ്രധാന ഭീകര സംഘടനയായ ഫത്തായുടെ തലവനായ യാസർ അറാഫത്ത് പ്രതികാരാഗ്‌നിയിൽ നീറി. പകരം വീട്ടാനായി ഫത്തായ്ക്കുളിൽ മറ്റൊരു രഹസ്യ സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി. ഒളിപ്പോർ സംഘത്തിനുള്ളിൽ മറ്റൊരു ഒളിപ്പോർ സംഘം. ഫത്തായിലെ സാധാരണ പോരാളികൾക്ക് ഇതേക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല. കമാൻഡർമാർ പോലും അജ്ഞരായിരുന്നു. അതായിരുന്നു 'ബ്ലാക് സെപ്റ്റംബർ'. യുദ്ധത്തിന്റെയോ ഒളിപ്പോരിന്റെയോ മാന്യമായ ചിട്ടവട്ടങ്ങളൊന്നും ഇവർക്ക് ബാധകമാക്കിയില്ല. അന്തർദേശീയ സമൂഹത്തിന്റെ ആദരവും സഹതാപവും നേടാനായി യാസർ അറാഫത്ത് പരസ്യമായി മുന്നോട്ടുവച്ചിരുന്ന പെരുമാറ്റച്ചട്ടം ബ്ലാക് സെപ്റ്റംബറിന് ബാധകമല്ലായിരുന്നു. ഫലസ്തീന്റെ ശത്രുക്കളെ കൈകാര്യം ചെയ്യുമ്പോൾ കരുണയും മര്യാദയും മാറ്റിവച്ച് ക്രൂരവും പൈശാചികവുമായി പെരുമാൻ അവർ പരിശീലിക്കപ്പെട്ടു. ഔദ്യോഗികമായി അങ്ങിനെയാരു സംഘടന നിലവിൽ ഇല്ലായിരുന്നു. ആ വിധമുള്ള എല്ലാ മാധ്യമ റിപ്പോർട്ടുകളയും അറാഫത് പരസ്യമായി നിഷേധിച്ചു. രഹസ്യമായി അതിനെ പരിപോഷിപ്പിച്ചു. സീനിയർ ഫത്താ കാൻഡറായ ഹസൻ യൂസഫിനെ ബ്ലാക് സെപ്റ്റംബറിന്റെ തലവനായി നിയമിച്ചു. മതമൗലികവാദിയും യുവാവുമായിരുന്ന അലി ഹസൻ സലാമെയ്ക്ക് ആയിരുന്നു പ്രവർത്തനങ്ങളുടെ നിയന്ത്രണം. ബുദ്ധിശാലിയും ധീരനുമായിരുന്ന അലി ഫലസ്തീൻ സേനയുടെ അവസാന സർവ്വസൈന്യാധിപനായിരുന്ന ഹസൻ സലാമെയുടെ പുത്രനായിരുന്നു. 1948ലെ യുദ്ധത്തിൽ അയാൾ കൊല്ലപ്പെട്ടു. പിതാവിന്റെ മരണത്തിന് പകരം ചോദിക്കാൻ ഉറച്ച സമർപ്പിതനായ മകനായിരുന്നു അലി സലാമെ.

          ബ്ലാക് സെപ്റ്റംബറിന്റെ ആദ്യകാല ആക്ഷനുകൾ മുഖ്യമായും ജോർദാൻ ഭരണകൂടത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നതിനാൽ അവയൊന്നും ഇസ്രയേലിന് തലവേദന സൃഷ്ടിച്ചില്ല. ജോർദാൻ ദേശീയ വിമാനക്കമ്പനിയുടെ റോമിലെ ഓഫീസുകൾ അവർ ബോംബുചെയ്ത് നശിപ്പിച്ചു. പാരീസിലെ ജോർദാൻ സ്ഥാനപതി കാര്യാലയത്തിലേക്ക് നാടൻ ബോംബെറിഞ്ഞു. ജോർദാന്റെ ഒരു വിമാനം ലിബിയയിലേക്ക് തട്ടിക്കൊണ്ടുപോയി. ഹാംബർഗിലെയും റോട്ടർഡാമിലെയും എണ്ണശേഖരണ കേന്ദ്രങ്ങൾ ബോംബുകൾ ഉപയോഗിച്ച് ആക്രമിച്ചു, നാശനഷ്ടങ്ങൾ വരുത്തി. ജോർദാനിയൻ രഹസ്യാന്വേഷണ പൊലീസിൽ ചിലരെ തട്ടിക്കൊണ്ടുപോയി വധിച്ചു. ഇവയിൽ ഏറ്റവും കൂടുതൽ മാധ്യമ ശ്രദ്ധ നേടിയത് മുൻ ജോർദാനിയൻ പ്രധാനമന്ത്രി വസാഫി അൽ താലിനെ കെയ്‌റോ ഷേറാട്ടൺ ഹോട്ടലിന്റെ ലോബിയിൽ വച്ച് പരസ്യമായി വധിച്ചതായിരുന്നു. അതിലെ ഏറ്റവും വെറുപ്പുളവാക്കിയ ഭാഗം കൊലപാതകികളിൽ ഒരാൾ ഇരയുടെ രക്തം കുടിച്ചതായിരുന്നു.

          1967ലെ ആറുദിവസ യുദ്ധത്തിൽ ഇസ്രയേലിന്റെ ശ്രദ്ധേയമായ വിജയം തങ്ങളുടെ പ്രവർത്തനങ്ങളെ ഇസ്രയേലിനെതിരായി തിരിച്ചുവിടാൻ ബ്ലാക് സെപ്റ്റംബർ പ്രേരണയായി. വിമാനം തട്ടിക്കൊണ്ടുപോകൽ, അതിർത്തി കടന്ന് ഇസ്രയേലിനുള്ളിൽ സിവിലിയൻ പൗരന്മാരെ കൊലപ്പെടുത്തൽ, വൻ നഗരങ്ങളിൽ ബോംബുസ്‌ഫോടനം തുടങ്ങിയവ പതിവായി. ഷബാകിനും മൊസാദിനും ഒരു പുതിയ ശത്രുവിനെ നേരിടേണ്ടതായി വന്നു. അപ്പോഴും ഫത്താ തന്നെയായിരുന്നു അവരുടെ മുഖ്യ എതിരാളി.

          പക്ഷേ വൈകാതെ ബ്ലാക് സെപ്റ്റംബർ സകല അതിരുകളും ലംഘിച്ച് തങ്ങളുടെ പ്രവർത്തനങ്ങളെ പാശ്ചാത്യനാടുകളിലേക്കും വ്യാപിപ്പിക്കാൻ തുടങ്ങി. മ്യൂണിക്ക് കൂട്ടക്കൊല അതിൽ ആദ്യത്തേതായിരുന്നു. കൊലപാതകവും ഇരയുടെ ചോരയിൽ അക്രമികൾ ഈറനാകുന്നതും അവരുടെ അടയാളമായി. അങ്ങിനെയാണ് അലി ഹസൻ സലാമെ മാധ്യമശ്രദ്ധനേടുന്നതും 'ചുവന്ന രാജകുമാരൻ' എന്ന വിളിപ്പേരിൽ അറിയപ്പെടാൻ തുടങ്ങുന്നതും'.

          സിറിയയിൽനിന്ന് യഹൂദപെൺകുട്ടികളെ രക്ഷിച്ചുകൊണ്ടുവരുന്ന ദൗത്യങ്ങളാണ് ഇനിയൊന്ന്. അറബ് രാജ്യങ്ങളുമായുള്ള നിരന്തരസംഘർഷങ്ങളും 1967ലെ ആറുദിവസ യുദ്ധത്തിനുശേഷം ഈജിപ്തും സിറിയയും ചേർന്ന് നടത്തിയ ആക്രമണത്തെ പരാജയപ്പെടുത്തിയതും ഈജിപ്ത് പ്രസിഡന്റ് നാസറിന്റെ ഓഫീസിൽ, അദ്ദേഹത്തിന്റെ മകുമകനെത്തന്നെ തങ്ങളുടെ ചാരനായി മൊസാദ് മാറ്റിയതുമൊക്കെ മറ്റൊരധ്യായത്തിൽ വായിക്കാം. 'ദേവദൂതൻ' എന്നറിയപ്പെട്ട അഷറഫ് മർവാന്റെ കഥ അവിശ്വസനീയം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല.

          സാധാരണക്കാരനായ മൊർദക്കായ് വനുനു എന്ന യഹൂദൻ, രാജ്യത്തിന്റെ ആണവനിലയത്തിൽ ജോലിനേടി, അവിടത്തെ രഹസ്യകേന്ദ്രങ്ങളുടെ ഫോട്ടോ എടുത്ത് വിദേശമാധ്യമങ്ങൾക്കു വിറ്റ് പണമുണ്ടാക്കിയ കഥ പറയുന്ന അടുത്ത അധ്യായം, ഇസ്രയേലിന്റെയും മൊസാദിന്റെയും പഴിവുകളിലേക്കുള്ള വിരൽചൂണ്ടലാണ്. റൂപർട്ട് മർദോക്കിന്റെ സൺഡേ ടൈംസ് പത്രം വനുനുവിന്റെ ഫോട്ടോഗ്രാഫുകൾ മുൻനിർത്തി തയ്യാറാക്കിയ റിപ്പോർട്ടുകൾ അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിന്റെ ആണവരഹസ്യങ്ങൾ തുറന്നുകാണിച്ചു. 'തേൻകെണി'യൊരുക്കി വനുനുവിനെ വലയിലാക്കി, മൊസാദ്.

          സദ്ദാം ഹുസൈനുമായി സൗഹൃദം സ്ഥാപിച്ച ജെറാൾഡ് ബുൾ എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ഉൾപ്പെടെ നിരവധി ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും പ്രൊഫസർമാരെയും ബുദ്ധിജീവികളെയും മൊസാദ് ഉന്മൂലനം ചെയ്തതിന്റെ കഥകളാണ് അടുത്ത അധ്യായം. ഇറാൻ-ഇറാക്ക് യുദ്ധകാലം. ഇസ്രയേലിനെതിരെ പ്രയോഗിക്കാൻ ഒരു 'സൂപ്പർഗൺ' ഉണ്ടാക്കാനുള്ള സദ്ദാമിന്റെ പദ്ധതി മൊസാദ് തകർത്തത് ആ ആശയത്തിനു പിന്നിലെ തലച്ചോറായ ജെറാൾഡ് ബുള്ളിനെ വധിച്ചുകൊണ്ടാണ്. ഹമാസിനും പിഎൽഒക്കും ബ്ലാക്ക് സെപ്റ്റംബറിനും വേണ്ടി പ്രവർത്തിച്ചതിനാണ് മറ്റ് പ്രഗത്ഭരെ മൊസാദ് ഇല്ലാതാക്കിയത്. ഇവയിൽ ഏറ്റവും പ്രസിദ്ധമായത് കംപ്യൂട്ടർ എഞ്ചിനീയറായിരുന്ന ഖാലിദ് മഷാലിനെ വധിക്കാനുള്ള ദൗത്യമാണ്. ലെറ്റർബോംബുകളുടെയും റിമോട്ട് കൺട്രോൾ സ്‌ഫോടനങ്ങളുടെയും കാലം മാറി മിസൈലുകളും കാർബോംബുകളും AK47 തോക്കുകളും രാസ-ജൈവ വിഷങ്ങളും ചാവേർ സ്‌ഫോടനങ്ങളുമായി വധക്രമങ്ങൾ. കംപ്യൂട്ടർ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്ത് സിറിയയുടെ ആണവരഹസ്യങ്ങൾ അപ്പാടെ ചോർത്തിയെടുത്ത സംഭവം ഇക്കാലത്തെ വലിയ നേട്ടമായി മൊസാദ് കരുതുന്നു. ഏഴ് എഫ്-16 വിമാനങ്ങളിൽ നിന്ന് ഒരേസമയം ബോംബ് വർഷിച്ചാണ് സിറിയയുടെ ആണവനിലയങ്ങളെ ഇസ്രയേൽ തകർത്തത്. ഒപ്പം സിറിയയുടെ ആണവവിദഗ്ദ്ധർ മിക്കവരെയും മൊസാദ് വധിക്കുകയും ചെയ്തു.

          2008ൽ, സിറിയയിൽ, ലോകംകണ്ട ഏറ്റവും വലിയ ഇസ്ലാമിക ഭീകരരിലൊരാളായ ഇമാദ് മുഘ്‌നിയെ പിന്തുടർന്ന് കണ്ടെത്തി ഉന്മൂലനം ചെയ്ത മൊസാദിന്റെ ദൗത്യത്തിന് അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നു. രാജ്യാന്തര ഭീകരപ്രവർത്തനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും രാജാവായി അമേരിക്ക 9/11നുശേഷം പ്രഖ്യാപിച്ച മുഘ്‌നിയെ ദമാസ്‌കസിൽ വച്ചാണ് മൊസാദ് ഏജന്റുമാർ കാർബോംബാക്രമണത്തിൽ വധിച്ചത്.

          ഇസ്രയേലി സൈനികരെ തട്ടിയെടുത്തു കൊല്ലുന്നതു പതിവാക്കിയ ഹമാസിന്റെയും മുസ്ലിം ബ്രദർഹുഡിന്റെയും നേതാക്കളിൽ പ്രധാനിയും രാജ്യാന്തര ആയുധക്കടത്തുകാരനുമായിരുന്ന മുഹമ്മദ് അബ്ദുൾ റൗഫ് അൽമദൗവിനെ ദുബായിയിൽ വച്ചാണ് മൊസാദ് കൊന്നത്.

          അവസാനഅധ്യായം, മൊസാദിന്റെ രഹസ്യദൗത്യങ്ങളിൽ ഏറ്റവും ദീർഘമായ ചരിത്രമുള്ള യഹൂദരുടെ പുനരധിവാസത്തെക്കുറിച്ചാണ്. എത്യോപ്യയിലും സുഡാനിലും നിന്നുള്ള കറുത്ത യഹൂദരെ ഇസ്രയേലിൽ എത്തിക്കുന്ന ഭഗീരഥപ്രയത്‌നം ഓപ്പറേഷൻ മോസസ്, ഓപ്പറേഷൻ സോളമൻ തുടങ്ങിയ ദൗത്യങ്ങളിലൂടെ മൊസാദ് നടപ്പാക്കുന്നു. അമേരിക്കയുടെ പിന്തുണയോടെ ഓപ്പറേഷൻ ക്വീൻ ഓഫ് ഷീബയും ഇതേ ധർമം തന്നെ നിറവേറ്റുന്നു.

          രൂപീകരണകാലം തൊട്ടുള്ള ഇസ്രയേലിന്റെ രാഷ്ട്രീയചരിത്രവും സംഘർഷം നിലനിൽക്കുന്ന പശ്ചിമേഷ്യൻ ചരിത്രവും മാത്രമല്ല രണ്ടാം ലോകയുദ്ധാനന്തരം അഞ്ചു ഭൂഖണ്ഡങ്ങളിലും സംഭവിച്ച ശ്രദ്ധേയമായ പല രാഷ്ട്രീയധ്രുവീകരണങ്ങളും ഈ ഗ്രന്ഥത്തിന്റെ പശ്ചാത്തലമാണ്. ഇസ്രയേലിലെ ഭരണമാറ്റങ്ങളും പ്രധാനമന്ത്രിമാരും മാത്രമല്ല മൊസാദിന്റെ ഓരോ തലവനും വിശദമായി അവലോകനം ചെയ്യപ്പെടുന്നു. ഓരോ ദൗത്യവും മൊസാദിന് രാജ്യത്തിനകത്തും പുറത്തും ഉയർത്തിയ വെല്ലുവിളികളും സൃഷ്ടിച്ച സൽപ്പേരും ഉണ്ടാക്കിയ നാണക്കേടും മറയില്ലാതെ ആവിഷ്‌ക്കരിക്കപ്പെടുന്നു.

          ഉദ്വേഗഭരിതമായ ഒരു ക്രൈം നോവൽ പോലെ, ശ്വാസം മുട്ടിക്കുന്ന ആവേഗത്തോടെ എഴുതപ്പെട്ടിരിക്കുന്നു, മൊസാദിന്റെ ഐതിഹാസിക ദൗത്യങ്ങളുടെ രഹസ്യാത്മകവും രക്തപങ്കിലവുമായ ഉന്മൂലനചരിത്രം. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ചാരസാഹിത്യത്തിന്റെയും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെയും അവ സംയുക്തമായി സാധ്യമാക്കുന്ന രഹസ്യചരിത്രരചനയുടെയും എക്കാലത്തെയും മികച്ച മാതൃകകളിലൊന്ന്. മൊസാദിനെ ഏകപക്ഷീയമായി ന്യായീകരിക്കുകയോ മഹത്വവൽക്കരിക്കുകയോ അല്ല ഗ്രന്ഥം. നയപരവും ധാർമ്മികവുമായ തലങ്ങളിൽ മൊസാദിനു പറ്റിയ വീഴ്ചകൾ എടുത്തുപറഞ്ഞും വിജയങ്ങൾക്കൊപ്പം പരാജയങ്ങളും ചൂണ്ടിക്കാണിച്ചും രാജ്യാന്തരബന്ധങ്ങളെയും മത, വംശ ഭീകരവാദങ്ങളെയും വഴിതിരിച്ചുവിട്ട ഇടപെടലുകളെ സൂക്ഷ്മമായി നിരീക്ഷിച്ചും ഏറെക്കുറെ സന്തുലിതമായ ഒരു നിലപാട് സ്വീകരിക്കുന്നു സൊഹാറും മിഷാലും. മാനവചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പുറപ്പാടുകൾക്കും വംശഹത്യക്കും ബലികൊടുക്കപ്പെട്ട ഒരു ജനത കണ്ണീർക്കടലുകളും ചോരപ്പുഴകളും താണ്ടി കെട്ടിപ്പടുത്ത രാജ്യത്തിന്റെ രാഷ്ട്രീയചംക്രമണവ്യവസ്ഥ ബലപ്പെടുത്തുന്നതിൽ ഒരു ഇന്റലിജൻസ് ഏജൻസിക്കുള്ള ലോകോത്തരമായ പ്രജ്ഞയുടെയും ദൃഢതയുടെയും കരുത്തു വെളിപ്പെടുത്തുകയാണ് 'മൊസാദ്'. ഇക്കാലങ്ങളിലെല്ലാം സമാധാനത്തിനുവേണ്ടിയുള്ള യുദ്ധങ്ങളാണ് മൊസാദ് നയിച്ചത് എന്ന് ആവർത്തിച്ചുറപ്പിക്കുന്നുമുണ്ട് ഈ പുസ്തകം-വിയോജിപ്പുകൾ ക്ഷണിച്ചുകൊണ്ടുതന്നെ.

പുസ്തകത്തിൽ നിന്ന്

'നവംബർ 15, 2001.

അമേരിക്കയിലെ ഇരട്ടഗോപുരങ്ങൾ ഭീകരവാദികൾ ആക്രമിച്ചതിനുശേഷം ലോകത്തിലെ കൊടും ഭീകരരുടെ ഒരു പട്ടിക എഫ് ബി ഐ പുറത്തിറക്കിയിരുന്നു. ആ പോസ്റ്ററിൽ എഫ് ബി ഐയുടെയും വിദേശകാര്യവകുപ്പിന്റെയും നീതിന്യായ വകുപ്പിന്റെയും മുദ്രകൾ പതിച്ചിരുന്നു. ആ പട്ടികയിൽ ഇരുപത്തിയൊന്ന് പേരുകളും ഇരുപത്തിയൊന്ന് ഫോട്ടോകളും ഉണ്ടായിരുന്നു. അതിലെ ആദ്യപേരുകാരനായിരുന്നു. ഏറ്റവും അപകടകാരിയായ കൊടുംഭീകരൻ.

          അയാളെ പിടിക്കാൻ സഹായിക്കുന്നവർക്ക് അമ്പത് ലക്ഷം ഡോളർ സമ്മാനം നൽകുമെന്നും പരസ്യത്തിലുണ്ടായിരുന്നു.

          ഇരട്ടഗോപുരങ്ങൾ ആക്രമിക്കപ്പെടുന്നതുവരെ ലോകത്തിൽ ഏറ്റവും കൂടുതൽ അമേരിക്കൻ പൗരന്മാരുടെ കൊലയ്ക്ക് കാരണമായി കരുതപ്പെട്ടിരുന്ന ജീവിച്ചിരിക്കുന്ന ഭീകരൻ അയാളായിരുന്നു.

          ഇമാദ് മുഘ്‌നിയെ.

          1983 ഏപ്രിൽ 18 - ബെയ്‌റൂട്ടിലെ അമേരിക്കൻ എംബസ്സി ആക്രമണം. 63 പേർ കൊല്ലപ്പെട്ടു.

          1983 ഒക്ടോബർ 23 - ബെയ്‌റൂട്ടിലെ അമേരിക്കൻ മറൈൻ സൈനികരുടെ കേന്ദ്രത്തിൽ ആക്രമണം. 241 പേർ കൊല്ലപ്പെട്ടു.

          1983 ഒക്ടോബർ 21 (അതേ ദിവസം) - ഫ്രഞ്ച് പാരാട്രൂപ്പമാരുടെ കേന്ദ്രം ആക്രമിക്കപ്പെടുന്നു - 58 പേർ കൊല്ലപ്പെടുന്നു.

          സി ഐ ഓഫീസറായിരുന്ന വില്യം ബക്ലിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുവൈറ്റിലെ അമേരിക്കൻ എംബസി പല തവണ ആക്രമിക്കപ്പെട്ടു. അമേരിക്കൻ വിമാനക്കമ്പനിയുടെ ഒരു വിമാനവും കുവൈറ്റ് എയർലൈൻസിന്റെ രണ്ട് വിമാനങ്ങളും തട്ടിയെടുത്തു. തെക്കൻ ലെബനനിൽ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷകനായിരുന്ന കേണൽ ഡബ്ലിയു. ആർ. ഹിഗ്ഗിൻസിനെ കൊലപ്പെടുത്തി. സൗദി അറേബ്യയിൽ ഇരുപത് സൈനികരെ കൂട്ടക്കുരുതി ചെയ്തു.....

          ഈ പട്ടിക ഇസ്രയേലിന് കൈമാറിയപ്പോൾ മൊസാദ് അവരുടെ പക്കലുള്ള ചിലതും കൂട്ടിച്ചേർത്തു.

          1983 നവംബർ 4 - ലെബനനിലെ ടയിർ സൈനിക കേന്ദ്രം ആക്രമിക്കപ്പെട്ടു - 60 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു.

          1995 മാർച്ച് 10 - ഇസ്രയേൽ അതിർത്തിയിലെ മേത്തുള്ളയിൽ വച്ച് ഇസ്രയേലി സൈനിക വ്യൂഹം ആക്രമിക്കപ്പെട്ടു - എട്ടുപേർ കൊല്ലപ്പെട്ടു.

          1992 മാർച്ച് 17 - അർജന്റീനയിലെ ഇസ്രയേൽ എംബസി ബോംബ് ചെയ്യപ്പെട്ടു - 29 പേർ കൊല്ലപ്പെട്ടു.

          1994 ജൂലായ് 18 ബ്യൂണസ് അയേഴ്‌സിലെ യഹൂദ കേന്ദ്രം ബോംബ് ചെയ്യപ്പെട്ടു - 86 പേർ കൊല്ലപ്പെട്ടു.

          ഹാർദോവ് അതിർത്തിയിൽ നിന്നും മൂന്ന് ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടുപോയി വധിച്ചു. ഇസ്രയേലി ബിസിനസുകാരനായ എൽഹ ന്നാൻ ടന്നെൻബൗമിനെ തട്ടിക്കൊണ്ടുപോയി. മത്സുബ യഹൂദ ജനവാസകേന്ദ്രം ബോംബ് ചെയ്തു. ഇസ്രയേൽ - ലെബനൻ അതിർത്തിയിൽ നിന്നും റഗേവ്, ഗോൾഡ്വാസ്സെർ എന്നീ യഹൂദ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രണ്ടാം ഇസ്രയേൽ - ലെബനൻ യുദ്ധത്തിലേക്ക് നയിച്ചത് ഈ ആക്രമണം ആയിരുന്നു.

          ഈ അതിക്രമങ്ങളുടെയെല്ലാം പിന്നിൽ പ്രവർത്തിച്ചത് ഇമാദ് മുഘ്‌നിയെ ആയിരുന്നു. അയാൾ അദൃശ്യരൂപിയായി അറബ് തലസ്ഥാനങ്ങൾക്കിടയിൽ സദാ സഞ്ചരിച്ചുകൊണ്ടിരുന്നു. ആരും ഫോട്ടോ എടുക്കാൻ അയാൾ അനുവദിച്ചിരുന്നില്ല. അഭിമുഖങ്ങൾക്കുള്ള സകല ക്ഷണങ്ങളും അയാൾ നിരസിച്ചു. പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികൾക്കെല്ലാം അയാളുടെ പ്രവൃത്തികൾ അറിയാമായിരുന്നു. പക്ഷേ ആരുടെ പക്കലും അയാളുടെ ചിത്രം ഉണ്ടായിരുന്നില്ല. അയാളുടെ മുഖലക്ഷണം, സ്വഭാവം, ശീലങ്ങൾ, ഒളിയിടങ്ങൾ തുടങ്ങിയവയെല്ലാം പരമ രഹസ്യമായിരുന്നു. തെക്കൽ ലെബനിലെ ഒരു ഗ്രാമത്തിൽ 1962 ൽ അയാൾ പിറന്നു. മാതാപിതാക്കൾ ഷിയ വിഭാഗത്തിൽപ്പെട്ട ഭക്തരായ മുസ്ലിങ്ങളായിരുന്നു. കൗമാരത്തിൽ അയാൾ തലസ്ഥാനമായ ബെയ്‌റൂട്ടിൽ എത്തിച്ചേർന്നു. ചുറ്റും പാർത്തിരുന്നവരിൽ മിക്കവരും ഫലസ്തീൻകാരായ പി എൽ ഓ അനുഭാവികളായിരുന്നു. പിൽക്കാലത്ത് അറാഫത്തിന്റെ ഡെപ്യൂട്ടിയായിരുന്ന അബൂ അയദിന്റെ അംഗരക്ഷകനായി അയാൾ ജോലിചെയ്തു. അതിനെത്തുടർന്നാണ് ഫത്താ സംഘടനയുടെ വരേണ്യ സുരക്ഷാഗ്രൂപ്പായ ഫോഴ്‌സ് 17 ൽ അംഗമായത്. എഴുപതുകളുടെ മധ്യത്തിൽ രൂപീകരിച്ച ഈ ഫത്താ ഘടകത്തിന്റെ നേതാവ് ചുവന്ന രാജകുമാരൻ എന്ന പേരിൽ അറിയപ്പെട്ട അലി ഹസൻ സലാമെ ആയിരുന്നു. ഗലീലിയിൽ സമാധാനം സ്ഥാപിക്കുന്നതിനായി 1982 ൽ ഇസ്രയേൽ ലെബനൻ ആക്രമിച്ച് പി എൽ ഓയെ നശിപ്പിച്ചു. അവശേഷിച്ചവർ യാസർ അറഫത്തിന്റെ നേതൃത്വത്തിൽ ടുണീഷ്യയിലേക്ക് കടന്നു. എന്നാൽ മുഘ്‌നിയെ ടുനീഷ്യയിലേക്ക് പോയില്ല. പകരം കരുത്താർജ്ജിച്ചുകൊണ്ടിരുന്ന ഹെസ്‌ബൊള്ളയിൽ അയാൾ അംഗമായി.

          ഹെസ്‌ബൊള്ള എന്നാൽ ദൈവത്തിന്റെ കക്ഷി എന്നായിരുന്നു. അർത്ഥം. 1982 ലെബനനുമായുള്ള യുദ്ധത്തിൽ ഇസ്രയേൽ വിജയിച്ചതോടെ നിലവിൽ വന്ന ഷിയ തീവ്രവാദ സംഘമായിരുന്നു ഹെസ്‌ബൊള്ള. അയത്തൊള്ള ഖൊമേനിയായിരുന്നു അവരുടെ പ്രചോദനം. ഇറാനിയൻ റവലൂഷനറി ഗാർഡുകളായിരുന്നു ഹെസ്‌ബൊള്ളയ്ക്ക് ആളും അർത്ഥവും പരിശീലനവും നൽകിയിരുന്നത്. ക്രമേണ ഹെസ്‌ബൊള്ള ഇസ്രയേ ലിന്റെ ശത്രുക്കളിൽ ഏറ്റവും പ്രബലരായി. ഇസ്രയേലിന്റെ നാശം അവർ സ്വപ്നം കണ്ടു. ലെബനന്റെ മണ്ണിൽ നിന്നും ഇസ്രയേലിനെ തുടച്ചെറിയുമെന്ന് അവർ ശപഥം ചെയ്തിരുന്നു. നിലവിൽ വന്ന ആദ്യ ദിനം മുതൽ ഇസ്രയേലിനെതിരെ ഏറ്റവും ആക്രാമികമായ ആക്രമണങ്ങളിൽ ഹെസ്‌ബൊള്ള മുഴുകി. അവർക്ക് ഏറ്റവും ഇണങ്ങിയ പുതുറിക്രൂട്ട് ആയിരുന്നു മൂഘ്‌നിയെ.

പൊതുസമൂഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെടാതെ സകലവും പരമരഹസ്യമായി ചെയ്തുകൊണ്ട് ഒരു നിഴൽ ജീവിതമായിരുന്നു മുഘ്‌നിയെ നയിച്ചിരുന്നത്. അയാളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ശകലീകൃതങ്ങളായിരുന്നു. പൊട്ടും പൊടിയും മാത്രം. പലതും പരസ്പരം ഇണങ്ങാത്തവയായിരുന്നു. ചിലപ്പോൾ വൈരുദ്ധ്യാത്മകവും. ഹെസ്‌ബൊള്ളയുടെ ഉന്നത നേതാവായ ഷെയ് ഫദള്ളായുടെ അംഗരക്ഷകനാണ് അയാളെന്ന് ചിലരെഴുതി. മറ്റുചിലർ എഴുതിയത് മുഘ്‌നിയെ ഹെസ്‌ബൊള്ളയുടെ ഓപ്പറേഷൻസ് വിഭാഗം തലവനാണെന്ന്. ചിലർ ഹെസ്‌ബൊള്ളയുടെ ചോരപ്പുഴ ഒഴുകുന്ന ദൗത്യങ്ങളുടെ ആസൂത്രകനെന്ന് അയാളെ വാഴ്‌ത്തി. ഇതിലെല്ലാം നേരിന്റെ തിളക്കങ്ങളുണ്ടായിരുന്നു. ഹെസ്‌ബൊള്ളയുടെ തലവൻ ഷെയ് നസറുള്ളയെപ്പോലെ ഒരിക്കലും മുഘ്‌നിയെ ടെലിവിഷൻ കാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല. പക തുപ്പുന്ന പ്രസംഗങ്ങൾ നടത്തിയില്ല. പക്ഷേ സത്യത്തിൽ ഇവരെക്കാളെല്ലാം അപകടകാരിയായിരുന്നു മുഘ്‌നിയെ. ലോകത്തിലെ ഏറ്റവും അദൃശ്യനായ ഭീകരപ്രവർത്തകൻ ആയിരുന്നു അയാൾ. കാർലോസിനോടോ ഒസാമ ബിൻ ലാദനോടോ ഉപമിക്കാവുന്ന ഒരാൾ.

          മഹാക്രൂരനും പുതുമുറകൾ ഭീകരപ്രവർത്തനത്തിൽ ഉത്സാഹത്തോടെ ഉപയോഗിക്കുന്നയാളുമായിരുന്നു മുഘ്‌നിയെ. അനേകം കൂട്ടക്കൊലകൾ വിജയകരമായി ലെബനനിൽ നടപ്പിലാക്കുവാൻ അയാൾക്ക് കഴിഞ്ഞു. ഇസ്രയേലിന്റെ ലെബനൻ യുദ്ധകാലത്ത് മുഘ്‌നിയെയുടെ കൂട്ടക്കുരുതികൾ ഇസ്രയേലിന് തലവേദനകൾ സൃഷ്ടിച്ചു. അമേരിക്കൻ മറൈൻ സൈന്യം താമസിച്ചിരുന്ന കോമ്പൗണ്ടിലേക്ക് സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്കുകളുമായി ചാവേറുകളെ പറഞ്ഞുവിട്ട 1983 ഒക്ടോബറിൽ മുഘ്‌നിയെയുടെ പ്രായം കേവലം ഇരുപത്തിയൊന്ന് മാത്രമായിരുന്നു. അമേരിക്കയുടെയും ഫ്രാൻസിന്റെയും നിരവധി സൈനികർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം ഇതേ തന്ത്രം ടയറിലെ ഇസ്രയേലി സൈനികർക്ക് എതിരെയും മുഘ്‌നിയെ പ്രയോഗിച്ചു. മാരകമായിരുന്നു ജീവനഷ്ടം. കുവൈറ്റിൽ കോട്ടപോലെ സംരക്ഷിച്ചിരുന്ന അമേരിക്കൻ എംബസ്സി ആക്രമണത്തിന് നേതൃത്വം നൽകുമ്പോൾ മുഘ്‌നിയെയുടെ പ്രായം കേവലം ഇരുപത്തിരണ്ട് മാത്രമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ വിജയകരമായ ഒരു വിമാന റാഞ്ചലും മുഘ്‌നിയെയുടെ നേതൃത്വത്തിൽ അവിടെ അരങ്ങേറി. ഓരോ ഭീകരാക്രമണങ്ങൾക്ക് ശേഷവും മുഘ്‌നിയെ വായുവിൽ അലിയുന്നതുപോലെ കാണാതാകുമായിരുന്നു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ആതൻസിൽ നിന്നും റോമിലേക്ക് വന്ന അമേരിക്കൻ വിമാനം അയാൾ റാഞ്ചിയെടുത്ത് ബലം പ്രയോഗിച്ച് ബെയ്‌റൂട്ടിൽ ഇറക്കി. റാഞ്ചലിനിടയിൽ റോബർട്ട് ഡീൻ എന്ന അമേരിക്കൻ നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി മൃതദേഹം കോക്പിറ്റിന്റെ വാതിലിലൂടെ പുറത്തേക്ക് എറിഞ്ഞു. റാഞ്ചൽ നാടകം പതിനേഴ് ദിവസങ്ങൾ നീണ്ടുനിന്നു. മുഘ്‌നിയെ രക്ഷപ്പെട്ടെങ്കിലും വിമാനത്തിന്റെ വിശ്രമമുറിയിൽ നിന്നും അയാളുടെ വിരലടയാളം ശേഖരിക്കാൻ കുറ്റാന്വേഷകർക്ക് കഴിഞ്ഞു.

          മുഘ്‌നിയെയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നു. ഒരു കസിനെയാണ് അയാൾ വിവാഹം ചെയ്തത്. അതിൽ ഒരു മകനും മകളും ഉണ്ടായിരുന്നു. കൗമാരത്തിൽ തന്നെ നിരവധി പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികൾ തന്റെ പിന്നാലെയുണ്ടെന്ന് മുഘ്‌നിയെ മനസ്സിലാക്കിയിരുന്നു. തന്നെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും പുറത്ത് ലഭ്യമാകാതിരിക്കാൻ അയാൾ ശ്രദ്ധ വച്ചു. പ്ലാസ്റ്റിക് സർജറികൾക്ക് വിധേയമായിക്കൊണ്ടും താടി വളർത്തിക്കൊണ്ടും സ്വന്തം ബാഹ്യരൂപം അയാൾ ഗൂഢമായി നിലനിർത്തി. അയാളുടെ ഒരേയൊരു ഫോട്ടോഗ്രാഫ് മാത്രമാണ് പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികളുടെ പക്കൽ ഉണ്ടായിരുന്നത്. താടിയുള്ള ഒരു തടിയൻ, കണ്ണട വച്ചിരുന്നു, നെറ്റി മറക്കുന്ന തൊപ്പിയും അതായിരുന്നു ആ ചിത്രത്തിലെ മുഘ്‌നിയെ. അയാൾ ഇപ്പോഴും ആ രൂപത്തിൽ ആണോ എന്നതിന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. എഫ്.ബി.ഐയുടെ രേഖകളിൽ കാണുന്നത് ഇപ്രകാരമായിരുന്നു: 'ലെബനനിൽ ജനിച്ചു, അറബി നന്നായി സംസാരിക്കും. ചാരനിറമുള്ള മുടിയും താടിയും. അഞ്ചടി എട്ടിഞ്ച് ഉയരം, അമ്പത്തിയഞ്ച് കിലോ ശരീരഭാരം'. നല്ല കായപുഷ്ടി ഉണ്ടായിരുന്ന അയാൾ എപ്രകാരം അമ്പത്തിയഞ്ച് കിലോയിലേക്ക് ചുരുങ്ങി എന്നത് ആശ്ചര്യകരമായിരുന്നു. ശത്രുക്കളിൽ നിന്നും തന്ത്രപൂർവ്വം ഒളിക്കാൻ അതെല്ലാം അയാൾക്ക് സഹായകമായി.

          ആക്രമണങ്ങളും ബോംബിങ്ങുകളും വിമാനം റാഞ്ചലുകളും ഹെസ്‌ബൊള്ളയിൽ അയാൾക്ക് ഒരു വീരപരിവേഷം നിർമ്മിച്ചു. ഒരു ആരാധനാ പുരുഷനായി അയാൾ മാറി. അയാളുടെ പരിഷ്‌കൃതവും നവീനവുമായ ശൈലിയും അതിരറ്റ ധീരതയും കാര്യനിർവഹണപ്രാപ്തിയും ഹെസ്‌ബൊള്ളയ്ക്ക് പേരും പ്രശസ്തിയും കൊണ്ടുവന്നു. മറ്റ് ഇന്റലിജൻസ് ഏജൻസികൾ ഹെസ്‌ബൊള്ളയെ ഭയത്തോടെ സമീപിച്ചു. അതോടെ ഇസ്രയേലും പാശ്ചാത്യശക്തികളും ഏത് വിധേനെയും മുഘ്‌നിയെയും ഉന്മൂലനം ചെയ്യാൻ ഉത്സാഹിച്ചു. മുഘ്‌നിയെ ഇതേക്കുറിച്ച് ബോധവാനായിരുന്നു. ഒരിക്കലും ആ ഭയങ്ങളിൽ നിന്നും അയാൾ മുക്തനായില്ല. ആരെയും അയാൾ വിശ്വസിച്ചില്ല. തനിക്ക് ചുറ്റുമുള്ള സകലരെയും അയാൾ ഭയപ്പെടുകയും സംശയിക്കുകയും ചെയ്തു. നിത്യഭയത്തിന്റെ ആഴങ്ങളിൽ അയാൾ വസിച്ചു. ഏറ്റവും അടുത്ത സഹചാരികളെപ്പോലും വിശ്വസിക്കാൻ അയാൾക്കായില്ല. ഓരോ ദിവസവും അയാൾ പാർപ്പിടങ്ങൾ മാറി. ബെയ്‌റൂട്ടിനും ദമാസ്‌കസിനും തെഹ്‌റാനും ഇടയിലെ യാത്രകൾ രഹസ്യങ്ങളിൽ പൊതിഞ്ഞവയായിരുന്നു.

          മൊസാദും ഇതര ഇന്റലിജൻസ് ഏജൻസികളും തയ്യാറാക്കിയ രേഖകൾ പ്രകാരം മുഘ്‌നിയെ തികഞ്ഞ ഏകാകിയായിരുന്നു. മറ്റുള്ളവരെ ആകർഷിക്കാൻ പ്രത്യേക കഴിവ് അയാൾക്കുണ്ടായിരുന്നെങ്കിലും ഏകാന്തത അയാൾ പ്രിയപ്പെട്ടു. ഏറ്റവും നവീനമായ ഇലക്ട്രോണിക് ഉപകരണങ്ങളെക്കുറിച്ചുപോലും അയാൾക്കറിവുണ്ടായിരുന്നു. സ്വന്തം രൂപവും ഭാവവും ലക്ഷണവും മാറ്റുന്നതിൽ അസാധാരണമായ വൈദഗ്ദ്ധ്യം അയാൾക്കുണ്ടായിരുന്നു. ശത്രുക്കളെ കബളിപ്പിക്കാനും അവരുടെ വലകളിൽ നിന്നും തലയൂരിപ്പോരാനും വേഷപ്പകർച്ചകൾ സഹായകമായി. ഇസ്രയേലി ഇന്റലിജൻസുകാർ 'ഒമ്പത് ജീവനുകളുള്ളയാൾ' എന്ന് അയാളെ വിശേഷിപ്പിച്ചു'. 

മൊസാദ്
മൈക്കൽ ബാർ സൊഹാർ, നിസിം മിഷാൽ
വിവ. പി.ജെ.ജെ. ആന്റണി
മഞ്ജുൾ പബ്ലിഷിങ് ഹൗസ്
2022
499 രൂപ