- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെണി
'The novel is an investigation of human life in the trap the world has become' - Milan Kundera.
ലോകം മുഴുവൻ സന്തോഷിക്കുകയും താൻ മാത്രം സങ്കടങ്ങളിലകപ്പെടുകയും ചെയ്തിരിക്കുന്നു എന്നു വിശ്വസിക്കേണ്ടിവരുന്ന മനുഷ്യാവസ്ഥയുടെ ഭാവരൂപകങ്ങളാണ് ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാതങ്ങളായ കലാസൃഷ്ടികൾ മിക്കതും ആമരണം ഏകാന്തതക്കു വിധിക്കപ്പെട്ട മനുഷ്യരുടെ കഥ. ലോകം ഒരു കെണിയാണ്. എലിപ്പത്തായം പോലൊന്ന്. Entrapment എന്ന ആ 'ദൈവ'ശിക്ഷയെക്കുറിച്ചുള്ള അന്യാപദേശങ്ങളാണ് ഒറ്റവാക്കിൽ പറഞ്ഞാൽ ആധുനികകല. എഡ്വേർഡ് മങ്കും വിൻസന്റ് വാൻഗോഗും ചാർലിചാപ്ലിനും ഫ്രാൻസ് കാഫ്കയും മുതൽ ഇങ്ങു മലയാളത്തിൽ അടൂരും വിജയനും സക്കറിയയും വരെ ഉദാഹരണങ്ങൾ നിരവധി.
ജോജോ ആന്റണിയുടെ രണ്ടാമത്തെ നോവലായ നിശ്ചലം ഒരു കിടപ്പുമുറി വായിക്കൂ. രണ്ടാത്മഹത്യകൾക്കിടയിൽ തൂങ്ങിയാടുന്ന ഒരു കുടുംബത്തിന്റെ ടെലി-വിഷ്വൽ ആഖ്യാനമാണിത്. ലോകത്തിന്റെ കെണിയിലകപ്പെട്ട ഒരുപറ്റം മനുഷ്യരുടെ അപാരമായ ഒറ്റപ്പെടലുകളുടെ അർഥാന്തരങ്ങൾ മാത്രമല്ല ലോകവും മനുഷ്യനും തമ്മിലുണ്ടാകുന്ന അഗാധമായ അന്തരങ്ങളുടെ ആഴങ്ങളും നമുക്കു തിരിച്ചറിയാം. ലോകമെന്നാൽ, താനല്ലാത്തതെല്ലാം എന്നർഥം. മറ്റു മനുഷ്യർ, കുടുംബം, സമൂഹം. കരകാണാക്കടലിൽ ചുറ്റിത്തിരിയുന്ന കപ്പലിൽ പണിയെടുക്കുന്ന പോൾ, ആയുസിലൊരിക്കൽ മാത്രം കരതേടിവരുന്ന ചില ജലജീവികളെപ്പോലെ, ആത്മഹത്യചെയ്യാൻ വേണ്ടി മാത്രം വീട്ടിലേക്കു തിരിച്ചുവരുന്നു. അയാളുടെ ഭാര്യ ഇസബെല്ല ആത്മഹത്യ ചെയ്തതുകൊണ്ടാണ് അയാൾക്ക് ആ സമയത്ത് വീട്ടിലെത്തേണ്ടിവരുന്നത്. ഭാര്യയുടെ ശവസംസ്‌കാരം കഴിഞ്ഞ്, അവൾ ഫാനിൽ തന്റെ മഞ്ഞ ഷാൾ കെട്ടിത്തൂങ്ങി മരിച്ച അതേ മുറിയിൽ, അതേ രീതിയിൽ തന്നെ അയാളും കെട്ടിത്തൂങ്ങി.
ഈ രണ്ട് സ്വയം ഹത്യകളുടെ രണ്ടു ദിനങ്ങൾ മാത്രമാണ് നോവലിലെ വർത്തമാനകാലം. ബാക്കിയൊക്കെ ഓർമകളാണ്. കാലനും ഇടങ്ങളും ലോകവും മനുഷ്യരും ജീവിതവും മരണവുമെല്ലാം കലങ്ങിമറിഞ്ഞൊഴുകുന്നു. അടിമുടി സിനിമാറ്റിക് ആയിരുന്നു ജോജോയുടെ ആദ്യനോവലെങ്കിൽ ടെലി-വിഷ്വൽ എന്നുതന്നെ വിളിക്കണം ഈ നോവലിനെ. ഒരു ടെലിഫിലിം കാണുന്നതുപോലെ ഹ്രസ്വവും ചടുലവും ക്ലോസപ്പ് ഷോട്ടുകൾ കൊണ്ടും ദൃശ്യബിംബങ്ങൾ കൊണ്ടും സമൃദ്ധവുമായ ഒരു ഇൻഡോർ ആഖ്യാനമാണ് 'നിശ്ചലം ഒരു കിടപ്പുമുറി'ക്കുള്ളത്. ഹിച്ച്‌കോക്കിന്റെയും മറ്റും ഉദ്വേഗം നിറഞ്ഞ ഒരു കുറ്റാവതരണ ടെലിഫിലിംപോലെ രൂപ-ഭാവസംപൃക്തം. 'അതിനുശേഷം രോഗീലേപനം' എന്ന ആദ്യനോവലിന്റെ ഭാവത്തുടർച്ചയായാണ് 'കിടപ്പുമുറി' സങ്കല്പിക്കപ്പെട്ടിരിക്കുന്നത്. മരിക്കാൻ മനുഷ്യർക്ക് എത്ര കാരണങ്ങളാവാം എന്ന അന്വേഷണമായിരുന്നു ആദ്യനോവലിന്റെ രസതന്ത്രമെങ്കിൽ, ലോകാവസാനം വരെ വെളിപ്പെടുത്തപ്പെടാത്ത ആത്മഹത്യകളുടെ കുമ്പസാരരഹസ്യമാണ് ഈ നോവലിന്റെ രസസൂത്രം. ആദ്യനോവലിലെ ജൂലിയസ്, മോളി എന്നീ ദമ്പതികളുടെ കാലാന്തര-ദേശാന്തര സാന്നിധ്യമായി പോളിന്റെയും ഇസബെല്ലയുടെയും ജീവിതത്തെയും മരണത്തെയും ജോജോ ചിത്രീകരിക്കുന്നു.
പോളിന്റെ വീടാണ് നോവലിൽ സ്ഥലകാലഭൂപടങ്ങളെ ക്രോഡീകരിക്കുന്ന കേന്ദ്രരൂപകം. കൊച്ചിയിലെ കലൂരിൽ പണ്ടെന്നോ നിലനിന്ന ഒരു നായർതറവാട്. ഒരമ്മയും മകനും മാത്രമുണ്ടായിരുന്ന ആ വീട്ടിൽ ഇരുവരും ദുർമരണത്തിനിരയായി. പിൽക്കാലത്തും സംഭവിച്ചു മൂന്നോ നാലോ ദുർമരണങ്ങൾ. ഈ ശപ്തജന്മങ്ങളുടെ തുടർക്കഥകൾക്കൊടുവിലാണ് പോളിന്റെ അപ്പൻ സേവ്യർകുട്ടിക്കുവേണ്ടി അയാളുടെ അപ്പൻ ആ വീട് വിലയ്ക്കുവാങ്ങുന്നത്. പഴയ വീട് ഇടിച്ചുപൊളിച്ച് സേവ്യർകുട്ടി പുതിയ വീട് പണിതു. അയാളുടെ ഭാര്യ ലില്ലിക്കുട്ടി വരത്തനായ കച്ചവടക്കാരൻ ചാക്കുവിന്റെ മകളായിരുന്നു. വലിയ മുലയുള്ള ഷാഹിനയെ പ്രേമിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട സേവ്യർ അവളുടെ കൂട്ടുകാരി ലില്ലിയെ പ്രണയിക്കുകയായിരുന്നു. അവരുടെ മകനാണ് പോൾ.
കച്ചവടക്കാരനായ ജോൺകുട്ടിയുടെയും വത്സയുടെയും വിവാഹാനന്തര രതിജീവിതം സവിശേഷമായ ഒന്നായിരുന്നു. ഏഴു മക്കളെ പെറ്റു വത്സ. പെൺമക്കളിൽ മൂത്തവളായിരുന്നു ഇസബെല്ല. അവൾ അപ്പനെ പ്രണയിച്ചു. സങ്കല്പത്തിലോ യാഥാർഥ്യത്തിലോ എന്നു പറയാനാവില്ല, പഴയനിയമത്തിലെ റൂത്തിനെപ്പോലെ അവൾ മദ്യലഹരിയിലാണ്ട അയാളെ പ്രാപിക്കുകയും ചെയ്യുന്നു. മരിക്കും വരെ അപ്പനായിരുന്നു അവളുടെ കാമനാവിഗ്രഹം.
പോൾ ഇസബെല്ലയെ വിവാഹം കഴിച്ചു. അവർക്ക് ഉണ്ണിമോൻ എന്ന ആൺകുട്ടി പിറന്നു. സേവ്യർകുട്ടിയുടെ മരണശേഷം കച്ചവടം തുടർന്നുനടത്താൻ പോൾ തയ്യാറായില്ല. അവൻ മർച്ചന്റ് നേവിയിൽ ചേർന്നു. സേവ്യർകുട്ടിയുടെ അനിയൻ തോമസ്‌കുട്ടി, അവരുടെ ആത്മഹത്യ ചെയ്ത സഹോദരന്റെ പുത്രൻ ജോമോൻ, ലില്ലിക്കുട്ടിയുടെ വീട്ടിൽ അഭയം തേടിയെത്തി വേലക്കാരായി മാറിയ ശ്രീലങ്കക്കാരായ മസൂദയും അമ്മയും-ഇത്രയും പേരാണ് നോവലിലെ കഥാപാത്രങ്ങൾ.
'രോഗീലേപന'ത്തിൽ നാലു പുരുഷന്മാരും നാലു സ്ത്രീകളുമായിരുന്നു തുല്യപ്രാധാന്യത്തോടെ കഥാഖ്യാനത്തിലുണ്ടായിരുന്നതെങ്കിൽ 'കിടപ്പുമുറി'യിൽ മൂന്നു പുരുഷന്മാരും സ്ത്രീകളുമാണ്. രണ്ടു തലമുറ. രണ്ടു കുടുംബം. രണ്ടു വീട്. മൂന്നു ദാമ്പത്യം. ആറു മനുഷ്യർ. ആറു ലോകം. ആറു ജീവിതങ്ങൾ.
ഇസബെല്ലയുടെ ആത്മഹത്യയാണ് ഒന്നാം ഭാഗത്തെ അഞ്ചധ്യായങ്ങളിലുള്ളത്. അഞ്ചു കാഴ്ചക്കോണുകളിൽനിന്ന് ഒരാത്മഹത്യയെക്കുറിച്ചെഴുതുന്നു ജോജോ. ആഖ്യാതാവിന്റെ പോലും കാഴ്ചക്കു പുറത്താണ് ബെല്ലയുടെ ആത്മഹത്യ അരങ്ങേറുന്നത്. ലില്ലിക്കുട്ടിയുടെ കാഴ്ചയാണ് ആദ്യം. പക്ഷെ അതല്ല ഇസബെല്ലയുടെ അനുഭവം. മസൂദയുടെ കാഴ്ച മേല്പറഞ്ഞവരുടേതല്ല. ഈ പറഞ്ഞവയൊന്നുമല്ല പത്രങ്ങളിലെ റിപ്പോർട്ടർമാരുടേത്. ഏതാണ് യാഥാർഥ്യം? ഏതാണ് സത്യം? ഏതാണ് ഉണ്മ? ഭൗതികസംഭവങ്ങൾക്കും ആത്മീയാനുഭവങ്ങൾക്കുമിടയിലെ അഗാധമായ കടലാഴം തൊട്ടളക്കുകയാണ് നോവലിന്റെ കലാപദ്ധതി. കാലത്തിന്റെയും ആസക്തികളുടെയും കുഴമറിച്ചിലിലാണ് നോവൽ അതിന്റെ ജീവിതചിത്രം വരഞ്ഞിടുന്നത്. ഒന്നാം ഭാഗം വർത്തമാനകാലമാകുന്നു. രണ്ടാം ഭാഗത്തെ ഒന്നാമധ്യായവും രണ്ടാം ഭാഗത്തെ ബാക്കി അധ്യായങ്ങളും മൂന്നും നാലും ഭാഗങ്ങൾ ഒന്നടങ്കവും ഭൂതകാലമാകുന്നു. അവസാന അധ്യായത്തിലൊരിടത്ത് പോളിന്റെ ആത്മഹത്യ സൂചിപ്പിക്കുന്ന ഒരു പുറം മാത്രം വീണ്ടും വർത്തമാനകാലം. സേവ്യർകുട്ടിയെക്കാൾ ലില്ലിക്കുട്ടിയും ജോൺകുട്ടിയെക്കാൾ വത്സയും പോളിനെക്കാൾ ഇസബെല്ലയും നോവലിന്റെ ആഖ്യാനകർതൃത്വത്തിൽ പ്രാധാന്യം നേടുന്നു. തോമസ്‌കുട്ടിയും ജോമോനും മസൂദയും നിഴൽ ചിത്രങ്ങളായി മാറിനിൽക്കുന്നു.
മരണങ്ങളിലൂടെ ജീവിതം രേഖപ്പെടുത്തുന്ന കലാവിദ്യയിൽ 'രോഗീലേപന'ത്തിന്റെ രണ്ടാം ഭാഗം പോലെ കാണാം 'കിടപ്പുമുറി'യെ. പക്ഷെ 'രോഗീലേപന'ത്തെക്കാൾ സാന്ദ്രവും ദൃഢവുമായ കഥാപാഠമായി മാറാൻ 'കിടപ്പുമുറി'ക്കു കഴിയുന്നുണ്ട്.
മരണങ്ങൾ മാത്രമേ 'കിടപ്പുമുറി'യിലുള്ളു. അഥവാ മരണാഭിമുഖമായ ജീവിതത്തിന്റെ കൂരിരുട്ട് മാത്രം. ജീവിതകാമനകൾ ഒന്നടങ്കം മൃത്യുഭീതിയുടെ കരിനിഴലിൽ പെട്ടുഴലുകയാണ്. പാണ്ടിവീട്ടിലെ അപമരണങ്ങളുടെ പുരാവൃത്തം ഒരു വശത്ത്. ജോൺകുട്ടിയുടെയും സേവ്യർകുട്ടിയുടെയും ക്ഷിപ്രമരണങ്ങൾ വേറൊരു വശത്ത്. ഇസബെല്ലയുടെയും പോളിന്റെയും ആത്മഹത്യകൾ ഇനിയുമൊരു വശത്ത്. വത്സയും ലില്ലിക്കുട്ടിയും മസൂദയും തോമസ്‌കുട്ടിയും ജോമോനും അതിജീവിക്കുന്നുവെന്നുമാത്രം. നോവലിൽ അവരുടെ ധർമം പടുമരണങ്ങൾക്കു കാവൽനിൽക്കുക മാത്രമാണ്. നോക്കുക:
'ഇസബെല്ല ഭക്ഷണം കഴിഞ്ഞെഴുന്നേൽക്കുമ്പോഴും ലില്ലിക്കുട്ടി കുഞ്ഞിനെ തോളിലിട്ട് മൂളിപ്പാട്ട് പാടിക്കൊണ്ട് നടക്കുന്നു. അടുക്കളയിൽ ഒരു മൂലയ്ക്കായി സ്റ്റൂളിൽ ഇരിക്കുന്ന മസൂദ ഇസബെല്ല കടന്നുവരുന്നത് കണ്ടില്ല, പാത്രങ്ങൾ സിങ്കിലേക്കിടുന്ന ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടിത്തിരിഞ്ഞുനോക്കി, പിന്നെ വേഗത്തിൽ എഴുന്നേറ്റു അടുക്കളത്തട്ടിനടുത്തേക്കു നടന്നു.
ഹാളിൽ ലില്ലിക്കുട്ടി ഉണ്ടായിരുന്നില്ല, അവരപ്പോഴേക്കും കുഞ്ഞിനേയും കൊണ്ട് പുറത്തു വരാന്തയിലേക്ക് പോയിരുന്നു. അവരുടെ മൂളിപ്പാട്ട് വരാന്തയുടെ നീളത്തിൽ പതുക്കെ കേൾക്കാം.
അമ്മേ, ഞാൻ മോളിലോട്ടു പോവാ. മുറിയൊന്ന് അടുക്കിപ്പെറുക്കണം.
ഇസബെല്ല വിളിച്ചുപറഞ്ഞത് ലില്ലിക്കുട്ടി കേട്ടുവോ എന്തോ. അത് ശ്രദ്ധിക്കാതെ ഇസബെല്ല മുകളിലേക്ക് നടന്നുകയറി. പകുതി നേരെയും പിന്നെ തൊണ്ണൂറുഡിഗ്രിയിൽ ഇടത്തോട്ട് തിരിഞ്ഞും പോകുന്ന ഗോവണിയിൽ ഏതാണ്ട് മേലെ എത്തുന്നതുവരെ ലില്ലിക്കുട്ടിയെയും കുഞ്ഞിനെയും വരാന്തയിൽ കാണാം, ഇസബെല്ല അത് കാണാതെ മറ്റെന്തോ ആണ് കാണുന്നതെങ്കിലും. മുകളിലെതട്ടിലേക്കെത്തിയതും അവൾ നില തെറ്റി വീണു, താഴെ കിടന്ന കുഞ്ഞിന്റെ ഉടുപ്പും അവൾ കണ്ടിരുന്നില്ല. ഏതോ രസകരമായ കാഴ്ച മറഞ്ഞതിന്റെ ദേഷ്യത്തിൽ ഉടുപ്പ് കാലുകൊണ്ട് തട്ടിയെറിഞ്ഞശേഷം അവൾ കിടപ്പുമുറിയിലേക്ക് നടന്നു.
മുറിയിൽ അഴുക്കുതുണികൾ കട്ടിലിലും നിലത്തുമായി ചിതറിക്കിടക്കുന്നു. അലമാരയുടെ വാതിൽ തുറന്നമട്ടിൽ, കിടക്കവിരി അലങ്കോലപ്പെട്ട്, തലയിണകൾ അവിടവിടെ, ജനലുകൾ അടഞ്ഞ്, വെളിച്ചം വരാൻ മടിച്ച്, കാറ്റില്ലാതെ, കിടപ്പുമുറി അനങ്ങാതെ. മടക്കിവയ്ക്കാതെ ചുളിഞ്ഞ പുതപ്പിന്റെ മേലെ ചരിഞ്ഞുകിടക്കുന്ന പാൽക്കുപ്പിയിൽനിന്ന് ഇറ്റുവീണ പാൽ പുതപ്പിനെ കുറച്ചു നനച്ചിട്ടുണ്ട്.
മുറിയുടെ ഒരു മൂലയിൽ, ഡ്രസിങ് ടേബിളിന്റെ അടുത്തായി, മതിലിൽ ചാരി അയാൾ നില്ക്കുന്നു, കൊതിപ്പിക്കുന്ന ഒരു ചിരിയായി. നീണ്ട കോലൻ മുടി തോളൊപ്പം ചാഞ്ഞു പതുക്കെ പാറിക്കളിക്കുന്നു. വെളിച്ചം കുറഞ്ഞ മുറിയിൽ അയാളുടെ മുഖത്തിനു ലംബമായി വീഴുന്ന പ്രകാശത്തിന്റെ ഒരു കീറ് ഒരു കവിളിനെ ജ്വലിപ്പിക്കുമ്പോൾ മറ്റേ കവിളിനെ നിഗൂഢമാക്കുന്നു. മിന്നൽപിണരുപോലെ ഒരു കുളിര് അവളെ കടന്നുപോയി. ഒന്നും പറയാൻ കഴിയാതെ നിൽക്കുന്ന അവൾക്കെന്തൊക്കയോ പറയണമെന്നുണ്ട്.
തുറന്നുകിടക്കുന്ന ജനലിലൂടെ തണുത്ത കാറ്റ് വീശുന്നു; കാറ്റിൽ ജനാലയുടെ കർട്ടൻ അനങ്ങുവാൻ തുടങ്ങുന്നു.
അയാൾ അവളുടെ അടുത്തേക്ക് നടന്നുവന്നു, നെറ്റിയിൽ കൈവച്ചു, പാറിക്കിടക്കുന്ന മുടിയിഴകൾ തലോടിയൊതുക്കി, രണ്ടു തോളുകളിലും അമർത്തിപ്പിടിച്ചു, രണ്ടു കവിളുകളിലും തലോടി. കട്ടിലിന്റെ ക്‌റാസിയിൽ ക്രമമില്ലാതെ കിടന്നിരുന്ന ഷോൾ അഴിച്ചെടുത്തു സ്വന്തം കഴുത്തിലിട്ടു. മെല്ലെ കുനിഞ്ഞ്, അവളുടെ ഇടതുതോളിനും കഴുത്തിനുമിടയിൽ നന്നേ മൃദുവായി ഉമ്മ വച്ചു. അവൾക്കു കണ്ണടച്ച് നിൽക്കാനേ ആവുമായിരുന്നുള്ളൂ.
കട്ടിലിലെ കിടക്ക അയാൾ ഒരു ഭാഗത്തേക്ക് ചുരുട്ടി ഒതുക്കിവച്ചു. ഒട്ടും തിരക്കില്ലാതെ നടന്ന് ഡ്രസിങ് ടേബിളിനു മുൻപിൽ കിടക്കുന്ന സ്റ്റൂർ എടുത്ത് കട്ടിലിനുമുകളിൽ വച്ചു. പിന്നെ അതിൽ കയറി, കഴുത്തിൽ കുരുക്കിയിട്ടിരുന്ന ഷോൾ അഴിച്ചെടുത്തു ഫാനിൽ കുരുക്കി.
എന്താ ഊഞ്ഞാല് കെട്ടാൻ പോവാണോ?
ഇസബെല്ലയ്ക്ക് ചിരി വന്നു. മറുപടി പറയുന്നതിനുപകരം അയാൾ അവളുടെ കൈ നീട്ടുകയാണ് ചെയ്തത്. അയാളുടെ കൈപിടിച്ച്, ഒരു കൊച്ചുകുഞ്ഞിനെപ്പോലെ, അവളും സ്റ്റൂളിന്റെ ഇത്തിരിമാത്രമുള്ള ചതുരത്തിനു മുകളിലേക്ക് കയറി.
പള്ളയകത്ത് അധികമാളില്ല, അയാളും, അവളും, മേലങ്കിയണിഞ്ഞ അച്ചനും, കയ്യിലൊരു താലവും കൊന്തയും പ്രാർത്ഥനാപുസ്തകവുമായി കപ്യാരും, ക്യാമറകളും ലൈറ്റുകളുമൊക്കെയായി രണ്ടുമൂന്നുപേരും, പിന്നെ തിരിച്ചറിയാനാവാത്ത അഞ്ചോ ആറോ പേരും മാത്രം. വീഡിയോയും ഫോട്ടോയും എടുക്കുന്നവരുടെ ലൈറ്റുകൾ അവളുടെ, അയാളുടെ, പിന്നെ അച്ചന്റെ, അടുത്ത് കൂടി നിൽക്കുന്നവരുടെയൊക്കെ ചുറ്റും പ്രകാശത്തിന്റെ ഒരു ഗോളം തീർത്തു, ആ ഗോളത്തിനപ്പുറത്ത് പള്ളിയകം ഇരുണ്ടാണ്. ഇടയ്‌ക്കെപ്പോഴോ അവൾ അവളിൽ നിന്ന് ഇറങ്ങിനടന്ന്, പള്ളിയകത്തെ ഒരു കോണിൽ അല്പം ഉയരത്തിലായി ഒരിടത്ത്, ഒരു സ്റ്റൂളിനു മുകളിൽ നിന്നുകൊണ്ട് ചുറ്റും നോക്കിക്കണ്ടു. രണ്ടുപേർക്കു കഷ്ടിമാത്രം നിൽക്കാവുന്ന സ്റ്റൂളിന്റെ ആ ഉയരത്തിൽനിന്നു അവൾക്കു പള്ളിയകം മുഴുവൻ വീക്ഷിക്കാമെങ്കിലും പ്രകാശഗോളത്തിനുപുറത്തെ കാഴ്ചകൾ ഇരുണ്ട് കാണാനാവാത്ത മട്ടിലാണ്.
സക്‌റാരിയുടെ മുന്നിൽ പ്രകാശത്തിന്റെ ഇളകുന്ന വലിയ തുള്ളി വധൂവരന്മാരെ പൊതിഞ്ഞു നിൽക്കുന്നു. ഗോളത്തിന്റെ ഉള്ളിൽ ഇലംചൂട്. കപ്യാർ നീട്ടിയ താലത്തിൽനിന്ന് അയാൾ താലിമാല എടുത്തു. തലകുനിച്ചു തിരിഞ്ഞുനിൽക്കുന്ന ഇസബെല്ലയുടെ തലപ്പാവിൽനിന്ന് മലഞ്ചരിവിലെ നീർച്ചാലുപോലെ അനന്തമായി താഴൊട്ടൊഴുകുന്ന നെറ്റ് ആരോ ഉയർത്തിപ്പിടിച്ചു, നെറ്റിനു താഴെ തെളിഞ്ഞുവന്ന കഴുത്തിൽ അയാൾ മിന്നുകെട്ടി. മാലയുടെ കണ്ണികൾ കഴുത്തിലെ നേർത്തരോമങ്ങളിൽ ഉരസിയപ്പോൾ ഇസബെല്ലയ്ക്ക് പെട്ടെന്ന് ഇക്കിളിയായി, ഒരു കള്ളച്ചിരിക്കിടയിൽ അവൾ അറിയാതെ പിടഞ്ഞു പോയി. തടുക്കാനാവാത്ത ആ അനക്കത്തിന്റെ ആഘാതത്തിലാവണം, അവൾക്ക് കാലിടറി.
കട്ടിലിന് മുകളിൽ നിന്ന് സ്റ്റൂൾ താഴേയ്ക്ക് മറിഞ്ഞ്; നിലത്ത് വീണു, ഒന്നു രണ്ടു വട്ടം അനങ്ങി, പിന്നെ അനക്കമേയില്ലാതെയായി'.
കുടുംബം, അടിമുടി ദ്രവിച്ച ഒരു സ്ഥാപനമായാണ് നോവലിൽ കടന്നുവരുന്നത്. യഥാക്രമം വീടും തലമുറകളും ബന്ധങ്ങളും ഉൾപ്പെടുന്ന കുടുംബത്തിന്റെ സ്ഥല-കാല, മൂല്യഘടനകളൊന്നടങ്കം ഈ വേരുചീയലിൽ പട്ടുവീഴുന്നു, അഗമ്യഗമനങ്ങളും സ്വവർഗരതികളും നിറഞ്ഞ വീട്ടകങ്ങളും വ്യക്തിബന്ധങ്ങളുമാണ് നോവലിലുടനീളം. ബെല്ലക്ക് സ്വന്തം പിതാവിനോടുള്ള ഗുപ്തവും അഗുപ്തവുമായ കാമത്തിന്റെ ധാരയാണ് ഇവയിൽ ഏറ്റവും പ്രബലം. വിവാഹത്തിനു മുൻപുതന്നെ അവൾ വിധവയായി. അവളുടെ മരണംതന്നെ പിതൃരതിയുടെ മൂർധന്യത്തിലാണ് അരങ്ങേറുന്നത്. പോളിനാകട്ടെ സ്വന്തം പിതാവിനോടുള്ളത് ഈഡിപ്പൽ പക മാത്രമാണ്. ജോമോൻ സഹോദരൻ പോളിനെ സ്വവർഗരതിക്ക് വിധേയനാക്കുന്നു. ലില്ലിക്കുട്ടിയുടെ ഓർമകളിൽ ഷാഹിനയുടെ ആസക്തികളും കൈപ്പടർച്ചകളും തിണർത്തുനിൽക്കുന്നു. മസൂദയുടെ അമ്മ നിരന്തരം ലൈംഗികപീഡനങ്ങൾക്കിരയാകുന്നു.
'സേവ്യർകുട്ടിയുടെ ശരീരം ആശുപത്രിയിൽ നിന്ന് കൊണ്ടുവരുമ്പോൾ പോൾ വീട്ടിലുണ്ടായിരുന്നില്ല. അപ്പന് അസുഖം കൂടുതലാണെന്ന് കോളേജ് ഹോസ്റ്റലിൽ ഫോൺ വരുമ്പോൾ അവൻ ഒരു സിനിമ കാണാൻ ഇറങ്ങുകയായിരുന്നു, സിനിമകൾ അത്ര ഇഷ്ടപ്പെട്ടിട്ടല്ല, വെറുതെ. അപ്പൻ ഐസിയൂവിലാണെന്ന വിവരം വാർഡൻ ഓഫീസിൽ വിളിപ്പിച്ചു പറയുമ്പോൾ അവൻ വാച്ചിലേക്ക് നോക്കി, 2.30, സിനിമ തുടങ്ങാൻ അരമണിക്കൂർ കൂടിയുണ്ട്. വൈകാതിരിക്കാനായി ഹോസ്റ്റലിൽ നിന്ന് പുറത്തു കടന്നയുടനെ അവനൊരു ഓട്ടോറിക്ഷ വിളിച്ചു.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങി, ഒരു ചായ കുടിച്ച്, പോൾ ഹോസ്റ്റലിലേക്ക് നടന്നു. ഗോവണി കയറുമ്പോൾ വാർഡൻ നേരെ എതിരെ വരുന്നു.
'എന്താ, താൻ പോയില്ലേ?'
'ഓ ഇല്ല, നാളെ ചെന്നാ മതിയെന്ന് അമ്മ പറഞ്ഞു'.
'അതെന്താ അങ്ങനെ?'
അതിനു മറുപടിയായി അവൻ 'ഓ' എന്നു മാത്രം പറഞ്ഞു.
പിറ്റേന്ന് ഉച്ചയ്ക്കു മുമ്പായി വീട്ടിലെത്തിയ പോൾ, ശവമഞ്ചത്തിലേക്ക് ഒരു കണ്ണു പോലും നോക്കാതെ അകത്തേക്ക് കയറിപ്പോകുന്നതും, ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും, മുറ്റത്തു പോയിനിന്ന് സിഗററ്റ് വലിക്കുന്നതും പിന്നെയിടയ്ക്കു കാണാതാവുന്നതും മഞ്ചത്തിനടുത്തിട്ടിരുന്ന കസേരകളിലൊന്നിൽ, കണ്ണുനീരിന്റെ ഒരു നേർച്ച മറയ്ക്കിപ്പുറമിരുന്നുകൊണ്ട് ലില്ലിക്കുട്ടി അറിഞ്ഞിരുന്നു. പിന്നെയെപ്പോഴോ അവനെ കാണാനേയില്ലാതായി. അച്ചനും സഹായികളുമെത്തിയപ്പോഴോ, പ്രാർത്ഥന കഴിഞ്ഞ് ശവം പള്ളിയിലേക്കെടുത്തപ്പോഴോ, പള്ളിയിലെ പ്രാർത്ഥനയുടെ, കുഴിക്കരികിലെ ഒപ്പീസിന്റെ നേരങ്ങളിലോ, ശവം കുഴിയിലേക്കിറക്കുമ്പോഴോ ഒന്നും അവൻ ആ പരിസരങ്ങളിലൊന്നുമില്ലായിരുന്നു. ശവസംസ്‌കാരം കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തി, ആളുകൾ ഒഴിഞ്ഞു തുടങ്ങിയപ്പോൾ ഊണുമേശയ്ക്കടുത്ത്, മനസ്സിന്റെ മുന്നിലെ ഇരുട്ടിലേക്ക് നോക്കിയിരിക്കുമ്പോൾ, പെട്ടെന്നെവിടെ നിന്നോ അവൻ വന്നു. അമ്മയുടെ അടുത്തുവന്ന് ചേർന്നുനിന്നിട്ട്, ഒരു മന്ത്രമുരുവിടുന്ന പോലെ അവൻ ചോദിച്ചു,
'ഒരു കട്ടൻ ചായ കിട്ടോ?'. 'പോളിന്റെ വിചിത്രവും വിശ്ലഥവുമായ മനോനില അധോവായുവിന്റെ ദുർഗന്ധമുഹൂർത്തങ്ങളിലൂടെയാണ് അയാളുടെ ജീവിതത്തെ മരണപര്യന്തം നിർവചിക്കുന്നത്. ചേട്ടത്തിയമ്മക്ക് തന്നോടുണരുന്ന കൊതിയുടെ കുറ്റബോധം മറയ്ക്കാൻ, തന്നെ മയക്കിക്കിടത്തി ചേട്ടൻ ജോമോൻ ഇസബെല്ലയെ പ്രാപിക്കുന്നത് പോലും ദീർഘമായി അവൻ സ്വപ്നം കാണുന്നു. ബെല്ലയുടെ ഷിസോഫ്രേനിക് അനുഭൂതികൾ പിതൃരതി നൽകുന്ന കുറ്റബോധമാകാം. എന്തായാലും അവ അവളുടെ സ്വകാര്യജീവിതവും ഇതര മനുഷ്യരുമായുള്ള ബന്ധവും തമ്മിൽ അഗാധമായ പിളർപ്പുകളെ ആദ്യന്തം വളർത്തിക്കൊണ്ടുവരുന്നു.
'വീട്ടിൽ മൂന്ന് ചേട്ടന്മാരും തമ്മിൽതല്ലി വളരുന്നത് ബെല്ലയറിഞ്ഞില്ല, താഴെ രണ്ടനിയത്തിമാരും ഒരനിയനും പിറന്നതും അവൾ അറിഞ്ഞതായി തോന്നിയുമില്ല. തമ്മിൽ ഒരു വർഷത്തേക്കാൾ വളരെയധികം പ്രായവ്യത്യാസമില്ലാത്ത ചേട്ടന്മാർ വൈകുന്നേരത്തെ പലഹാരത്തിനു വേണ്ടി വഴക്കടിക്കുമ്പോഴോ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുമ്പോഴോ അവൾ സോഫയുടെ കീഴെ ഉറങ്ങുകയോ ഉറക്കം നടിച്ചു കിടക്കുകയോ ആവും. അനിയത്തിമാരേയും കുഞ്ഞനിയനേയും അവൾ അവരുടെ പാട്ടിനു വിട്ടു. അമ്മയുടെ കൺവെട്ടത്തുനിന്ന് കഴിവതും മാറി നടന്നു, വൈകീട്ട് അപ്പൻ വീട്ടിലെത്തിയാൽ ഒരു നിഴലായി അവൾ വീടു മുഴുവനും കൂടെ നടന്നു, ഉറങ്ങുന്നതുവരെ. ആ നടപ്പുകൾക്കിടയിൽ അയാൾ അവളെ കളിപ്പിച്ചു, അവൾ കുളിമുറിയുടെ പുറത്തു കാത്തുനിൽക്കുമ്പോൾ ധൃതിയിൽ കുളിച്ചു, കുളി കഴിഞ്ഞ് മദ്യവുമായി കുടിക്കാനിരിക്കുമ്പോൾ ഒരു തുള്ളി അവളുടെ നാവിൽ ഇറ്റിച്ചു. അവളാകട്ടെ, വീട്ടിലും സ്‌കൂളിലും വൈകീട്ട് വരെ അദൃശ്യയായിരുന്നു, അപ്പൻ വീട്ടിലെത്തിയ ശേഷം മാത്രമേ അവളെ ആർക്കും കാണാനാകുമായിരുന്നുള്ളൂ.
രീതികൾ സാവധാനം മാറിവരുമ്പോൾ അവൾ നാലാം ക്ലാസ്സിൽ പഠിക്കുന്നു. ജോൺകുട്ടിയുടെ വരവും പോക്കും ക്രമം തെറ്റിയതാണ് ആദ്യത്തെ മാറ്റം. വൈകുന്നേരം ഏഴുമണിക്കുള്ളിൽ വീട്ടിലെത്തിയിരുന്നയാൾ ചിലപ്പോൾ ഉച്ചയ്ക്ക്, ചിലപ്പോൾ പാതിരാത്രിക്ക്, ചിലപ്പോൾ വരാതെയുമായി. കുളികൾ മുടങ്ങി, ഇറ്റിച്ചു കിട്ടുന്ന മദ്യം നിലച്ചു, കള്ളുമണവും വീട്ടിലെ ചിരികളും മാഞ്ഞു, പരിചയമില്ലാത്ത ആളുകൾ വീട്ടിൽ വരുന്നത് നിരന്തരമായി, വീട് പൊളിക്കലും മരംമുറിക്കലും കിണറുകുത്തലുമൊക്കെയായി എപ്പോഴും തിരക്കായി.
ചുറ്റും നടക്കുന്നതെന്താണെന്ന് മനസ്സിലായില്ലെങ്കിലും ബെല്ല എന്നും അപ്പനെ കാത്തുനിന്നു. ചിരി മാഞ്ഞ മുഖത്തുനിന്നൊരു അരച്ചിരി പോലും കിട്ടിയില്ലെങ്കിലും അവൾ വാതിലിന്റെ, ഗോവണിയുടെ, വരാന്തയുടെ മറവിൽ നിന്ന് അപ്പനെ നോക്കി നിന്നു, അവസരം കിട്ടുമ്പോഴൊക്കെ. ഉറങ്ങാൻ കിടക്കുമ്പോൾ അവൾക്കിഷ്ടപ്പെട്ട കള്ളുമണവും നീണ്ട കോലന്മുടിയും അവളോടൊപ്പം കിടന്നു, അവയെ ഇറുകെ കെട്ടിപ്പിടിച്ച് അവൾ ഉറങ്ങി. ആ ഉറക്കങ്ങൾക്കിടെ എന്നോ ഒരുനാൾ അവൾ വലുതായി.
ബെല്ല വയസ്സറിയിച്ചു കഴിഞ്ഞതിനു ശേഷമാണ് വത്സ അവളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനുശേഷം, മകൾ പോകുന്നിടത്തൊക്കെ അമ്മയുടെ ഒരു കണ്ണ് എപ്പോഴുമുണ്ടായിരുന്നു. ഗോവണിയുടെ ചുവട്ടിലോ അടുക്കളപ്പുറത്തെ കിണറിന്റെ അരികിലോ നിൽക്കുന്ന ബെല്ലയെ അവർ ഇടയ്ക്ക് കാണാറുണ്ട്, മകളുടെ മുഖത്ത് കാരണമില്ലാതെ പൊട്ടിവരുന്ന ചിരികളും.
കാലവർഷം തോരാത്ത ഒരു തണുത്ത വൈകുന്നേരം ജോൺകുട്ടി വീട്ടിൽ കയറിവന്നത് പുറത്തെ ഇരുട്ടിന് നേരേ വിപരീതമായി വെളുക്കെ ചിരിച്ചുകൊണ്ട്. ആ ചിരിയുടെ വെൺമ കുറച്ച് വത്സയുടെ മുഖത്തും; പിന്നെ ഒരു അത്ഭുതഭാവവും.
'എന്താ, എല്ലാം ശരിയായോ?'
അവർ ഭർത്താവിന്റെ അടുത്തേക്ക് ചെന്നു.
'പിന്നില്ലേ, ശരിയാവാതെ എവിടെപ്പോവാൻ?'
അയാളുടെ ചിരി കൂടുതൽ വെളുത്തു.
'പിള്ളേരൊക്കെ എവിടെ? എന്റെ ബെല്ലക്കൊച്ചെന്ത്യേ? ഇന്ന് ഞാനാ അവളെ കുളിപ്പിക്കുന്നത്. എന്നട്ടു വേണം അവളുടെ കൂടെയിരുന്ന് കുറച്ചു കള്ളുകുടിക്കാൻ'.
'കള്ളുകുടിയൊക്കെ കൊള്ളാം. കുളിപ്പിക്കലൊന്നും ഇനി വേണ്ട. വല്ല്യ പെണ്ണായി അവള്'.
വത്സ അകത്തേക്ക് പോകുന്നത് ഒരു ചമ്മിയ ചിരിയോടെ, അറിയാതെ പോയ കഥകളുടെ ഭാരം ആ ചിരിയിൽ ഒളിപ്പിച്ചുവച്ചുകൊണ്ട്, ജോൺകുട്ടി നോക്കിയിരുന്നു. ആ ഭാരം പിന്നൊരിക്കലും അയാളെ വിട്ടു പോയില്ല'.
ആഖ്യാനത്തെ കാലത്തിന്റെയും ക്രിയകളുടെയും ത്രിമാനദൃശ്യതലത്തിൽ പ്രതിഷ്ഠിക്കുന്നതിലൂടെയാണ് ടെലിവിഷ്വൽ കഥനത്തിന്റെ കല 'കിടപ്പുമുറി' സ്വന്തമാക്കുന്നത്. ഒരു കാലവും ഒരനുഭവവും പലകാലത്ത് പലരുടെ കാഴ്ചയിലൂടെ പരാവർത്തനം ചെയ്യുന്ന ഭാവപ്പടർച്ചയിലൂടെ ഒരൊറ്റ സംഭവത്തിന്റെ (ക്രിയയുടെ) പല കോണിൽ നിന്നുള്ള ദൃശ്യത്തിന്റെ സൂക്ഷ്മാഖ്യാനം നിർവഹിക്കുന്നതെങ്ങനെയെന്നതിന്റെ മികച്ച പാഠമാതൃകയാകുന്നു, 'നിശ്ചലം ഒരു കിടപ്പുമുറി'.
ചുരുക്കത്തിൽ, മരണത്തിന്റെ തണുത്തുറഞ്ഞ പ്രതലഭൂമികകളെന്നതുപോലെ, കുടുംബത്തിലെ അകംചീയലുകളും അസ്തിത്വത്തിന്റെ വിശ്ലഥഭാവങ്ങളും മനോനിലകളുടെ വിഭക്തപാഠങ്ങളും രതിയുടെ വിചിത്രമാനങ്ങളും കാലത്തിന്റെയും ക്രിയകളുടെയും ത്രിമാനക്കാഴ്ചകളും ചേർന്ന് ഈ നോവലിന്റെ കലാപദ്ധതിയെ, കുന്ദേര പറഞ്ഞതുപോലെ, ലോകത്തിന്റെ കെണിയിലകപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള (കുറ്റാ)അന്വേഷണങ്ങളാക്കി മാറ്റുന്നു.
നോവലിൽ നിന്ന്:-
'തിരിച്ചുപിടിച്ച പ്രതാപങ്ങളുടെയിടയിൽ അഹങ്കാരമില്ലാതെ കഴിഞ്ഞു പോരുന്ന നാളുകളിലൊന്നിൽ, കാലത്ത് പല്ലുതേച്ച് വായ കുലുക്കുഴിഞ്ഞു തുപ്പിയപ്പോൾ വാഷ്‌ബേസിനിൽ രക്തഛവി. വായ നന്നേ തുറന്ന് പല്ലുകളിൽ നിന്നോ, മോണയിൽനിന്നോ ചോര കിനിയുന്നുണ്ടോയെന്ന് അയാൾ കണ്ണാടിയിൽ നോക്കി, ഇല്ല, ഒന്നും കാണുന്നില്ല. പക്ഷെ, സംശയം ബാക്കിനിന്നു, ഓരോ തവണ തുപ്പുമ്പോഴും ശ്രദ്ധിച്ചു, ഇല്ല, ചോരയുടെ ലക്ഷണമൊന്നുമില്ല. മൂന്ന് ദിവസം കഴിഞ്ഞ് അറിയാതെയൊന്ന് തുമ്മിയപ്പോൾ വീണ്ടും ചോര വന്നു, കട്ടകട്ടയായി. നീണ്ട് ആശുപത്രി യാത്രകളുടെ തുടക്കമായിരുന്നു അത്. ആ യാത്രകൾക്കടയിൽ ശ്വാസകോശം ആകെ തകരാറിലായെന്നും, വാരിയെല്ലുകളിലേക്ക് രോഗം പടർന്നു കഴിഞ്ഞുവെന്നും അടിയന്തിരമായ ശസ്ത്രക്രിയ മാത്രമേ പരിഹാരമായുള്ളൂവെന്നും അറിഞ്ഞു. ശസ്ത്രക്രിയ നടന്നു, തുടർന്നുള്ള ചികിത്സകൾ നടന്നു, നീണ്ട കോലന്മുടി കൊഴിഞ്ഞുപോയി, തൊലി വരണ്ടു, ശരീരം മെലിഞ്ഞു എല്ലുകൾ മാത്രമായി, അവശേഷിച്ച ജീവൻ, ശോഷിച്ച നെഞ്ചിൻകൂടിനുള്ളിൽ ആരും കാണാത്തിടത്ത് എവിടെയോ ഒളിച്ചുമിരുന്നു.
ഇക്കാലമത്രയും ബെല്ല ഒരിക്കൽ പോലും ആശുപത്രിയിൽ പോയില്ല, അമ്മ പലവട്ടം നിർബന്ധിച്ചിട്ടു പോലും. അമ്മയുടെയും ചേട്ടന്മാരുടെയും സംസാരങ്ങൾ അവളിൽ തെളിച്ചമില്ലാത്ത, കൂടിപ്പിണഞ്ഞ, കുറെ ചിത്രങ്ങൾ കുത്തിനിറച്ചിരുന്നു. ആ ചിത്രങ്ങൾ സ്വപ്നങ്ങൾക്കുള്ളിൽ നിന്ന് രോമം നിറഞ്ഞ കൈകൾ നീട്ടി അവളെ തൊടാൻ ശ്രമിച്ചുകൊണ്ടിരുന്നു. നോക്കിനിൽക്കെ, ആ കൈകൾ, രോമങ്ങൾ കൊഴിഞ്ഞ്, ചുള്ളക്കമ്പുപോലെ മെലിഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. മെല്ലിച്ച കൈവിരലുകളിലെ നഖങ്ങൾ നീണ്ടുവളർന്ന്, അവളുടെ മുടികൾക്കിടയിൽ തലോടുന്നതും അവൾക്ക് കാണാമായിരുന്നു.
ജീവിതത്തിൽ ശേഷിക്കുന്ന ദിവസങ്ങൾ വീട്ടിലെ ശാന്തിയിൽ കഴിയുന്നതിനായി അപ്പനെ വീട്ടിലേക്ക് കൊണ്ടുവന്ന ദിവസം അവൾ ഉമ്മറത്തേക്ക് ചെന്നതേയില്ല. ജനലുകൾ തുറക്കാത്ത അവളുടെ കിടപ്പുമുറിയിൽ, കട്ടിലിനരികെ, നിലത്ത്, കണ്ണടച്ച്, മുറിക്കുള്ളിലെ ഇരുട്ടും, അടച്ചുവച്ച കണ്ണുകൾക്കു പുറകിലെ ആന്ധ്യവും പൂട്ടിയിട്ട മനസ്സിലെ കാളിമയും നുകർന്നുകൊണ്ട്, ഒപ്പം, എപ്പോഴും വരാവുന്ന ഏതോ വർത്തകൾ പേടിയോടെ പ്രതീക്ഷിച്ചുകൊണ്ട്, അങ്ങനെയൊന്നും വരല്ലേയെന്നു പ്രാർത്ഥിച്ചുകൊണ്ട്, അവൾ കാലുനീട്ടിയിരുന്നു.
അപ്പനെ കൊണ്ടുവരുന്നതിനു മുമ്പുതന്നെ, താഴെ വരാന്തയോടു ചേർന്ന്, വരാന്തയിലേക്കു തന്നെ തുറക്കുന്ന ജനലുകളോടുകൂടിയ, നല്ല വെളിച്ചവും വായുസഞ്ചാരവുമുള്ള ഒരു മുറി ഒരുക്കിയിരുന്നു. അതിനുള്ളിൽ അപ്പന്റെ വസ്ത്രങ്ങൾ വയ്ക്കാനായി ഒരു പാതിയലമാരയും, മരുന്നുകളും മറ്റും വയ്ക്കാൻ ഒരു മേശയും, അമ്മയ്ക്കു വേണ്ടി മറ്റൊരു കട്ടിലും, മതിലിൽ അപ്പനെപ്പോഴും കണ്ടു കിടക്കാനായി തിരുഹൃദയത്തിന്റെ ഒരു വലിയ ചിത്രവും. പഴയ ഫാൻ മാറ്റി പുതിയതൊന്ന് പിടിപ്പിച്ചിട്ടുമുണ്ട്.
മുറ്റത്ത് ആംബുലൻസ് വന്നു നിന്നപ്പോൾ ബെല്ല മുകളിലേക്കോടി, അവിടെ ഒരു മുറിക്കുള്ളിൽ, ഒരു മൂലയിൽ ചാരിയിരുന്ന് അവൾ താഴെ നിന്നുവരുന്ന ഓരോ ശബ്ദങ്ങളെയും കാഴ്ചകളാക്കി രൂപാന്തരപ്പെടുത്തിക്കൊണ്ടിരുന്നു. അമ്മയും ചേട്ടന്മാരും ബന്ധുക്കളും അങ്ങോട്ടുമിങ്ങോട്ടും തിരക്കിട്ട് നടക്കുന്നതും, ആളുകൾ അപ്പനെ കിടത്തിയ സ്‌ട്രെച്ചർ വണ്ടിയിൽ നിന്ന് താങ്ങിയിറക്കി മുറിയിലേക്ക് മാറ്റുന്നതും, അനിയനെ ചേർത്തുപിടിച്ചു കൊണ്ട് അനിയത്തിമാർ മതിലിനോട് ചേർന്ന് പകച്ചുനിൽക്കുന്നതും, ആംബുലൻസ് തിരിച്ചുപോകുന്നതും, സന്ദർശകരിൽ ചിലരെങ്കിലും ഒഴിയുന്നതും, ആളുകൾ നടക്കുന്നതിന്റെ, തിരിയുന്നതിന്റെ വാതിലുകൾ തുറക്കുന്നതിന്റെ, അടയ്ക്കുന്നതിന്റെ, പിന്നെന്തൊക്കെയോ അനക്കങ്ങളുടെ ശബ്ദങ്ങൾ മുറിയാത്ത പ്രാർത്ഥനകളായി രൂപാന്തരപ്പെടുന്നതും, ശബ്ദങ്ങളെല്ലാം ഒത്തുകൂടി വെളിപാടുകളായി മാറുന്നതും അവൾ കണ്ടു.
രാത്രിയിലെപ്പോഴൊ ആണ് ബെല്ല താഴെയിറങ്ങിയത്. നേരേ അടുക്കളയിൽ ചെന്ന്, എന്താണെന്ന് തിരിച്ചറിവില്ലാത്ത എന്തോ വാരിത്തിന്ന് അവൾ കിടപ്പുമുറിയിലേക്ക് ചെന്നു. അവിടെ അനുജന്റെ ഇരുവശവുമായി അവനെ കെട്ടിപ്പിടിച്ചു കിടക്കുന്ന അനിയത്തിമാരെ കണ്ടു. അവരെ ഉണർത്താതെ അവൾ പുറത്തേക്കിറങ്ങി. സ്വീകരണമുറിയിൽ, സോഫകളിൽ ഇരുന്നും കിടന്നും ഉറങ്ങുന്ന ചേട്ടന്മാർ. ആശുപത്രിയിൽ നിന്ന് കൊണ്ടുവന്ന സൂട്‌കെയ്‌ലും പിന്നൊന്നുരണ്ടു ചെറിയ ബാഗുകളും ആർക്കും വേണ്ടാത്തപോലെ അവിടവിടെ കിടക്കുന്നു. അപ്പനെ കിടത്തിയിരിക്കുന്ന മുറിയുടെ വാതിൽ പാതിയടഞ്ഞ മട്ടിൽ. കതകിനിടയിലൂടെ അകത്തേക്ക് നോക്കാതെ അവൾ വരാന്തയിലേക്ക് ചെന്നു. അവിടെ നിന്നാൽ ജനലിലൂടെ മുറിക്കകം കാണാം. വരാന്തയ്ക്കു പുറത്ത്, ഇരുട്ടല്ലാതെ മറ്റൊന്നുമില്ല, ഇരുട്ടിനുള്ളിൽ ആകാശം കാണാതായിരിക്കുന്നു. ചീവിടോ മറ്റോ ചിലയ്ക്കുന്ന ശബ്ദം ഇടയ്ക്കു കേൾക്കാം. അപ്പന്റെ മുറിയിൽ നിന്ന് വരാന്തയിലേക്ക് തുറക്കുന്ന ജനാലകളിലൊന്ന് തുറന്നമട്ടിൽ, അതിലൂടെ വെളിച്ചത്തിന്റെ നേർത്ത കുറേ നാരുകൾ വെളിയിലേക്കു തലനീട്ടുന്നു.
മങ്ങിക്കത്തുന്ന ബൾബുകൾ അത്യാവശ്യത്തിനുമാത്രം വെളിച്ചം കൊടുത്ത ആ മുറിയിൽ എല്ലാത്തിനും ഒരു താളമുണ്ടെന്ന് ബെല്ല തിരിച്ചറിഞ്ഞു. കൃത്യമായ ഇടവേളകളിൽ അപ്പൻ, പ്രയാസപ്പെട്ടാണെങ്കിലും, ഇടത്തോട്ടും വലത്തോട്ടും തലതിരിക്കുന്നു, അതിനൊപ്പിച്ച് അമ്മ അപ്പന്റെ വരണ്ടുണങ്ങിയ ചുണ്ടുകളിൽ വെള്ളം ഇറ്റിക്കുന്നു. തൊട്ടുപിന്നാലെ മെല്ലിച്ച തൊണ്ടയിലെ തള്ളിനിൽക്കുന്ന മുഴ ഒരു പ്രത്യേക നൃത്തചുവടോടെ അനങ്ങുന്നു, ആ കർമ്മങ്ങൾക്ക് അകമ്പടിയായി മന്ത്രണം പോലെ പ്രാർത്ഥനകൾ മുറിയിലാകെ പരക്കുന്നു. മുറിക്കുള്ളിലെ ആ ലോകം അവളില്ലാത്ത ഒന്നാണെന്നവൾക്ക് മനസ്സിലായി.
ഇടയ്ക്ക് അപ്പൻ തല തിരിച്ചത് തന്നെ നോക്കാനാണെന്ന് അവൾക്ക് തോന്നി, കനലുകെട്ടു പോയിരുന്ന കണ്ണുകൾ പെട്ടെന്നൊന്ന് തിളങ്ങിയെന്നും. നീണ്ട കോലന്മുടി കൊഴിഞ്ഞു തരിശായ തല ഇത്തവണ തിരിച്ചുപോയില്ല, അമ്മയിറ്റിച്ച വെള്ളം കവിളിലൂടെ ഒഴുകിപ്പോയി, തൊണ്ടമുഴ അനങ്ങാതെയിരുന്നു, പ്രാർത്ഥനാമന്ത്രങ്ങൾ നിലച്ചു, മുറി പെട്ടെന്നു നിശ്ശബ്ദമായി.
ബെല്ലയ്ക്ക് കലശലായി ഉറക്കം വന്നു, അവൾ കിടപ്പുമുറിയിലേക്ക് നടന്നു'.
നിശ്ചലം ഒരു കിടപ്പുമുറി
ജോജോ ആന്റണി
ലോഗോസ് ബുക്‌സ്
2020, 150 രൂപ
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.