- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതിജീവിതങ്ങൾ: ഒരു ഫേസ്‌ബുക്ക് നോവൽ
മലയാളിക്ക് രക്തവും മാംസവും പോലെയാണ് ജാതിയും മതവും. ദൃശ്യവും അദൃശ്യവുമായി ഞരമ്പുകളിൽ പ്രവഹിക്കുന്ന, ഇനംമാറിപകരാനാവാത്ത രക്തവും അറുത്തിട്ടാൽ തുടിക്കുന്ന, മുറിച്ചാൽ മുറികൂടാത്ത മാംസവുമായി മലയാളി തന്റെ ജീവന്റെയും ജീവിതത്തിന്റെയും മൂലാധാരമെന്നോണം ജാതിമതങ്ങളെ സ്വാംശീകരിച്ചിരിക്കുന്നു. സ്വന്തം ചരിത്രത്തെ, അതിന്റെ അടിയടരോളം നീളുന്ന ജാതിമതവേരുകളിലാണ് മലയാളി നട്ടുനനച്ചുവളർത്തിയിട്ടുള്ളത്. നവോത്ഥാനവും ആധുനികതയും ദേശീയതയും ജനാധിപത്യവും ശാസ്ത്രവും മാർക്‌സിസവുമൊന്നും മലയാളിയുടെ ഉടലിൽനിന്നോ ഉണ്മയിൽനിന്നോ സ്വകാര്യതയിൽനിന്നോ സമുദായത്തിൽ നിന്നോ ഭാവനയിൽ നിന്നോ യാഥാർഥ്യത്തിൽ നിന്നോ ജാതിയെയും മതത്തെയും ഉച്ചാടനം ചെയ്തില്ല. ഒന്നാമതായും രണ്ടാമതായും മലയാളി ജാതിമതമനുഷ്യരാണ്. ഭാഷയും ദേശവും വർഗവും രാഷ്ട്രീയവുമൊക്കെ പിന്നീടേ വരൂ.
നവോത്ഥാന, കൊളോണിയൽ ആധുനികതയുടെ ചരിത്രപാഠവും സാംസ്‌കാരികരൂപകവുമായി ഉരുവംകൊണ്ട നോവൽ മറ്റെന്തിലുമുപരി മലയാളിയുടെ ജാതിമതസ്വത്വങ്ങളുടെ രാഷ്ട്രീയ ജീവചരിത്രമാണ് ഇക്കഴിഞ്ഞ നൂറ്റിഅറുപതിലധികം വർഷങ്ങളിലും രചിച്ചുകൊണ്ടേയിരിക്കുന്നത്. 1855ലെ അടിമവിളംബരത്തിന്റെ പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസ്റ്റ് വ്യാഖ്യാനമായി 1859ൽ എഴുതപ്പെട്ട മിസിസ് കൊളിൻസിന്റെ 'Slayer Slain' മുതൽ ജാത്യടിമത്തത്തിലും ജാതിവെറിയിലും വേരുറച്ചുവളർന്ന മലയാളിയുടെ സമകാല ചരിത്രജീവിതത്തിന്റെ നോവൽപാഠമായി രചിക്കപ്പെട്ടിരിക്കുന്ന അശ്വനി എ പിയുടെ 'നിത്യകല്യാണി' വരെയുള്ളവ തെളിയിക്കുന്നതും മറ്റൊന്നല്ല.
പ്രത്യക്ഷവും പരോക്ഷവും പ്രച്ഛന്നവും പ്രതീകാത്മകവുമായി മലയാളിയുടെ ചരിത്രത്തിലും സാമൂഹിക-കുടുംബജീവിതങ്ങളിലും ബൗദ്ധിക-വൈകാരിക സ്വരൂപങ്ങളിലും ശരീര-കാമനാസ്വത്വങ്ങളിലും രക്തചംക്രമണം പോലെ മൂർത്തമായി നിലനിൽക്കുന്ന ജാതിയുടെ തൂത്താലും തൂത്താലും പോകാത്ത ഉളുമ്പിന്റെ കഥയാണ് അശ്വനിയുടെ നോവൽ. ശ്രേണീപരമായി ജാതിവ്യവസ്ഥയുടെ മേൽപ്പടികളിൽ നിൽക്കുന്നവർക്ക് ജാതി, അഭിമാനത്തിന്റെ തുള്ളിയാടുന്ന പുള്ളിവാലാണെങ്കിൽ താഴ്പടികളിൽ നിൽക്കുന്നവർക്ക് പൊള്ളിനീറുന്ന പുളിവാറലാണ്. 'ജാതിവേണ്ട' എന്ന മുദ്രാവാക്യം ഒരൊറ്റനൂറ്റാണ്ടുകൊണ്ട് തലകീഴ്മറിഞ്ഞ് കീഴാളരുടെ നാവിൽനിന്ന് മേലാളരുടെ നാവിലെത്തിയതാണ് കേരളീയ/ഇന്ത്യൻ നവോത്ഥാനത്തിന്റെ ഏറ്റവും പ്രകടവും പ്രതിലോമപരവുമായ ചരിത്രവിപര്യയം. കോളനിയാധുനികതയിൽ അത് അടിമജാതികളുടെ രക്തവിലാപവും ചൂടുകണ്ണീരുമായിരുന്നെങ്കിൽ ആധുനികാനന്തരതയിൽ അത് സംവരണവിരുദ്ധ സവർണതയുടെ രാസസൂത്രവാക്യങ്ങളിൽ പ്രമുഖമായി മാറിയിരിക്കുന്നു. ജാതിവെറിയുടെ നാനാർഥങ്ങൾ, ആദിവാസിവിരുദ്ധ ഭൂനിയമങ്ങളും ദളിത് രാഷ്ട്രീയത്തിന്റെ പ്രാതിനിധ്യരാഹിത്യങ്ങളും ഭരണഘടനാതാല്പര്യങ്ങൾക്കു വിപരീതമായുള്ള സാമൂഹികതത്വങ്ങളും സംഘടിതമായ തമസ്‌കരണങ്ങളും സാംസ്‌കാരികമായ വേട്ടയാടലുകളും വംശഹത്യകളും സാമൂഹ്യാനാചാരങ്ങളും വർണവിവേചനവും ജാതിമതിലുകളും ദുരഭിമാനക്കൊലകളും സംവരണവിരുദ്ധതയും മറ്റും മറ്റുമായി അനുദിനം പെറ്റുപെരുകുന്ന ഇന്ത്യൻ/കേരളീയ ജീവിതത്തിന്റെ ക്രൂരപരിച്ഛേദങ്ങൾ മാധ്യമവാർത്തകളിലും സാഹിത്യകൃതികളിലും ഡോക്യുമെന്ററികളിലും ചലച്ചിത്രപാഠങ്ങളിലും സാമൂഹ്യസംവാദങ്ങളിലും ദലിത്‌രാഷ്ട്രീയമണ്ഡലത്തിലും സൃഷ്ടിക്കുന്ന വിമർശനാത്മക വ്യവഹാരങ്ങളുടെ ശൃംഖലയിലാണ് 'നിത്യകല്യാണി'യുടെ നിലപാടുതറ രൂപംകൊള്ളുന്നത്.
ഫേസ്‌ബുക്കിൽ കണ്ടുമുട്ടി ചാറ്റ്‌ബോക്‌സിൽ പരിചയം ദൃഢമാക്കി ജാതിവേണ്ടാ മുദ്രാവാക്യത്തിൽ പിടിച്ചഭിനയിച്ച് പ്രണയികളായി വിവാഹത്തിന്റെ പടിവാതിലിൽ വരെയെത്തി ജാതിബോധം തിരികെവന്നപ്പോൾ രക്തശുദ്ധിവാദമുയർത്തി പിരിഞ്ഞകലുന്ന നിത്യകല്യാണിയുടെയും അഭിജിത് രാഘവന്റെയും കഥയാണ് നോവൽ. ഏകപക്ഷീയമായ ജാതിവെറിയുടെ കഥയായല്ല നിത്യകല്യാണി അനുഭവപ്പെടുക. ആന്തരവും ബാഹ്യവുമായ ജാതിബോധങ്ങളുടെ പുളിച്ചുതികട്ടലായി പുറത്തുവരുന്ന കാമനകളുടെ കളിയാട്ടമാണ് നോവൽ നിറയെ.
നായർമുക്ക് എന്ന ചെറുഗ്രാമത്തിന്റെ പ്രാന്തത്തിലുള്ള പൊത്തക്കാട് എന്ന ദലിത് കോളനിയിൽ ജനിച്ചുവളരുന്ന നിത്യ, അച്ഛൻ ചങ്കരന്റെ പേരിനു പകരം അമ്മ കല്യാണിയുടെ പേര് തന്റെ പേരിനൊപ്പം ചേർക്കുന്നതോടെയാണ് കഥയുടെ വർത്തമാനകാലത്തിനു തുടക്കമാകുന്നത്. ഫേസ്‌ബുക്കിൽ നിത്യകല്യാണിയെന്ന പേരിൽ അവൾ ഇടുന്ന പോസ്റ്റുകളും അഭിപ്രായങ്ങളും പങ്കെടുക്കുന്ന ചർച്ചകളും നേടിയ സൗഹൃദങ്ങളും അവളുടെ ജാതിസ്വത്വത്തിന്റെ വെളിപാടുകളായി മാറി.
തിരുവനന്തപുരത്തെ ഒരു നായർ കുടുംബത്തിൽ ജനിച്ചുവളർന്ന് തൊഴിൽതേടി വിദേശത്തുപോയ അഭിജിത്, നിത്യകല്യാണിയുമായി ഫേസ്‌ബുക്കിൽ ചങ്ങാത്തം സ്ഥാപിക്കുകയും ദീർഘമായ ചാറ്റുകളിലൂടെ അവളുന്നയിക്കുന്ന ജാതിവിമർശനങ്ങളിൽ അവളെക്കാൾ ആവേശത്തോടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതുവഴി അവളുടെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്യുന്നു. തന്റെ പേരിന്റെ കൂടെയുള്ള രാഘവൻ ആരാണെന്ന് തന്നെ അയാൾക്കറിയില്ല. തുടർന്ന് നാലുവഴിയിൽ നോവലിന്റെ ആഖ്യാനം ഒരേസമയം ലംബവും തിരശ്ചീനവുമായി മുന്നോട്ടുപോകുന്നു.
സാന്ദർഭികമായ ചാറ്റ്‌ബോക്‌സ് ഭാഷണങ്ങളിലൂടെ തങ്ങളുടെ ബന്ധം ദൃഢമാക്കുന്ന നിത്യയുടെയും അഭിജിത്തിന്റെയും സാന്നിധ്യമാണ് ഒന്ന്. അവയാകട്ടെ മിക്കതും ജാതിവെറിയെയും ജാത്യഭിമാനത്തിന്റെ മിഥ്യയെയും കുറിച്ചു നടക്കുന്ന സമീപകാല കേരളീയ രാഷ്ട്രീയ സംവാദങ്ങളുടെ ചുവടുപിടിച്ചുണ്ടാകുന്നവയുമാണ്.
നിത്യയുടെ ബാല്യം തൊട്ടുള്ള പൊത്തക്കാട്ട് ജീവിതവും ജാത്യനുഭവങ്ങളുടെ കൊടും കയ്പും നായർമുക്കിന്റെ ജാതിയിലടിയുറച്ച നാട്ടറിവുകളും ജനസംസ്‌കൃതിയും സ്വതന്ത്രബുദ്ധി പ്രകടിപ്പിക്കുന്ന ഒരു ദലിത് യുവതി നേരിടുന്ന സാമൂഹ്യനായാട്ടുകളും പ്രണയാനുഭവങ്ങളിൽപോലും അവൾക്കുണ്ടാകുന്ന ജാതിഹിംസകളും കൊടിയ വഞ്ചനകളും അതിജീവനത്തിന്റെ സാഹസങ്ങളും ദാരിദ്ര്യത്തിന്റെ നഖങ്ങളും ഉപരിപഠനത്തിന്റെ സമരങ്ങളും മറ്റും ആവിഷ്‌കൃതമാകുന്നതാണ് രണ്ടാംവഴി. ദലിത് ഫെമിനിസത്തിന്റെ രാഷ്ട്രീയ ഭാവബദ്ധത ഈവിധം തീക്ഷ്ണമായവതരിപ്പിക്കപ്പെടുന്ന നോവലുകൾ മലയാളത്തിൽ വിരളമാണ്-കഥകൾ ഏറെയുണ്ടെങ്കിലും.
അഞ്ചോ ആറോ തലമുറ മുൻപുതൊട്ടുള്ള അഭിജിത്തിന്റെ കുടുംബകഥ, നായർമാടമ്പിത്തത്തിന്റെയും അച്ചീചരിതങ്ങളുടെയും ശൂദ്രമേധാവിത്തത്തിന്റെയും അനന്തപുരിമാഹാത്മ്യങ്ങളായി രചിക്കപ്പെടുന്നതാണ് മൂന്നാം വഴി. തിരുവിതാംകൂർനായരുടെ ജാതിഹുങ്കിന്റെ കുടുംബപുരാണം.
പ്രണയാനന്തരം നിത്യയും അഭിജിത്തും തമ്മിലുണ്ടാകുന്ന കൂടിച്ചേരൽ നാടും വീടും വിട്ടപ്പോഴും ജാതിവൈരുധ്യത്തിന്റെയും കുടുംബാധികാരത്തിന്റെയും മുൾവേലികളിൽ കുരുങ്ങി മുറിവേറ്റ് തകരുന്നതാണ് നാലാംവഴി. ജാതിയിൽ തുടങ്ങി ജാതിയിൽ തന്നെ അവസാനിക്കുന്ന സാമൂഹ്യവിപ്ലവങ്ങളുടെ നിരർഥകതയാണ് ആത്യന്തികമായി നിത്യകല്യാണി മുന്നോട്ടുവയ്ക്കുന്ന വിമർശനരാഷ്ട്രീയം.
മലയാളിയുടെ ഫേസ്‌ബുക്ക് ചാറ്റുകളുടെ പതിവുഘടനയിൽ നിത്യയും അഭിജിത്തും തമ്മിലുടലെടുക്കന്ന ജാതിജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞ തർക്കവിതർക്കങ്ങളും ഉടലഴകിന്റെ പ്രലോഭനങ്ങിൽ നിന്നു രൂപം കൊള്ളുന്ന കാമനകളുടെ കയറ്റിറക്കങ്ങളും ഇരയും വേട്ടക്കാരുമായി പരസ്പരം മാറിവരുന്ന വേഷങ്ങളുമാണ് നിത്യകല്യാണിയുടെ ആഖ്യാനത്തിന്റെ അച്ചുതണ്ട്. ഫേസ്‌ബുക്കിൽ തുടങ്ങി ഫേസ്‌ബുക്കിൽ തന്നെ അവസാനിക്കുന്ന വിനിമയങ്ങളുടെയും മാനുഷികബന്ധങ്ങളുടെയും പ്രതലമാണ് നോവലിന്റെ രൂപഘടന നിശ്ചയിക്കുന്നത്. 'പരസ്പരം ഇരകളായവരുടെ മുഖം മറഞ്ഞ പുസ്തകം' എന്ന് ഫേസ്‌ബുക്കിനെ നിർവചിച്ചുകൊണ്ട് നിത്യകല്യാണി മുന്നോട്ടുവയ്ക്കുന്ന ജീവിതരാഷ്ട്രീയം ഒരർഥത്തിൽ ആൺപെൺ ആസക്തികളെ ഒരേപോലെ തിരിച്ചറിയുന്ന സൂക്ഷ്മമായ സാമൂഹ്യയാഥാർഥ്യവും മറ്റൊരർഥത്തിൽ ജാത്യടിമത്തത്തിന്റെ കീഴാളയുക്തികളെ ജാതിഹുങ്കിന്റെ മേലാളയുക്തികളുമായി സമീകരിക്കുന്ന അതിയാഥാർഥ്യവുമാണ്. പേരിൽ ജാതിവാൽ കൂട്ടിച്ചേർത്തർമ്മാദിക്കുന്ന സവർണമലയാളിയുടെ കൊടിയടയാളം മുതൽ ജനിതകപരമോ സാമൂഹികമോ ആയി യാതൊരുറപ്പുമില്ലാത്ത തന്തവാൽ കൂട്ടിച്ചേർത്തു പേരുണ്ടാക്കുന്ന പൊതുമലയാളിയുടെ ആണഹന്തവരെയുള്ളവയെ ഒറ്റയടിക്കു മുനയൊടിച്ചുവിടുകയാണ് നിത്യയും അഭിജിത്തും ചെയ്യുന്നതെങ്കിലും തങ്ങളുടെ മുദ്രാവാക്യങ്ങൾക്കൊത്തു ജീവിതം ചിട്ടപ്പെടുത്താനാവാതെ, അസ്തിത്വത്തിന്റെ ധർമ്മസങ്കടങ്ങളിൽ വീണ് പരസ്പരം ഉടലും ഉണ്മയും പൊള്ളി നീറിപിന്മടങ്ങുകയാണ് അവർ. ജാതിയെ നാനാതരം അധികാരങ്ങളുടെ ആവാസസ്ഥാനമായി തിരിച്ചറിയുന്നുണ്ട് അവരെങ്കിലും ആത്യന്തികമായി അതിന്റെ തോടുപൊട്ടിച്ച് പുറത്തുകടക്കാൻ കഴിയുന്നില്ല ഇരുവർക്കും. അഥവാ തോടുപൊട്ടിക്കാൻ അവർക്കു കഴിയുന്നുണ്ടെന്ന് വായനക്കാർക്കു തോന്നുന്നുണ്ടെങ്കിൽതന്നെ ആ തോട് വീണ്ടും വന്ന് മുറികൂടി അവരുടെ ജീവിതങ്ങളെ മൂടിക്കളയുന്നുവെന്നാണ് മലയാളിയുടെ സാമൂഹ്യചരിത്രമെന്നപോലെതന്നെ നോവലിന്റെ ആഖ്യാനകലയും വെളിപ്പെടുത്തുന്നത്.
നിത്യയുടെ ജാതിജീവിതം തെക്കൻ നിരുവിതാംകൂറിലെ കുടിയേറ്റഗ്രാമമായ നായരുമുക്കിന്റെ സാമൂഹ്യചരിത്രത്തിലാണ്ടുകിടക്കുകയാണ്. നാണുനായരുടെ ചായക്കടയും നടേശൻ ചാന്നാരുടെ ചായക്കടയും കേന്ദ്രീകരിച്ച് ഗ്രാമത്തിൽ നായർ-ചാന്നാർ സംഘർഷങ്ങൾ രൂപം കൊള്ളുന്നതിന്റെയും അതിനിടയിൽ സംഭവിക്കുന്ന നാടിന്റെ മലക്കംമറിച്ചിലുകളിൽ പുലയരുടെയും മറ്റധഃസ്ഥിതരുടെയും സാമൂഹികനിലകൾ കുഴമറിയുന്നതിന്റെയും കഥയായി അത് വളരുന്നു. നാണുനായരുടെ പുളിച്ച തെറിനാക്കും മുറിവേറ്റ കാമവും അടിയേറ്റ ജാതിപ്പത്തിയും ഒരുവശത്ത്. നടേശൻ തിരുവനന്തപുരത്ത് ജീവിച്ചപ്പോഴനുഭവിച്ച ജാതിവിവേചനത്തിന്റെ കനൽപ്പാടുകൾ മറുവശത്ത്. ചങ്കരനും പാക്കരനും ഉൾപ്പെടെയുള്ള പുലയപുരുഷന്മാർ കഥയിലും ചരിത്രത്തിലുമുണ്ടെങ്കിലും കല്യാണിയെപ്പോലുള്ള ദലിത് സ്ത്രീകളാണ് നിത്യയുടെ ജീവിതബോധ്യങ്ങളെ രാഷ്ട്രീയശരിയുടെ ഒറ്റയടിപ്പാതയിൽ കൈപിടിച്ചു നടത്തുന്നത്. നാരായണഗുരുവും അയ്യങ്കാളിയും അംബേദ്കറും വി.ടി. ഭട്ടതിരിപ്പാടുമൊക്കെ നടേശന്റെ ചായക്കടയിലിരുന്ന് നായർമാടമ്പിത്തം മുതൽ നമ്പൂരികമ്യൂണിസം വരെയുള്ളവയെ വെല്ലുവിളിച്ചു. ഗാന്ധിയും മന്നവും നാണുനായരുടെ ചായക്കടയിൽ അടുത്തടുത്തിരിപ്പായി. വർഗസമരവാദികൾ, ആരും കണ്ടിട്ടില്ലാത്ത ഒരു താടിക്കാരന്റെ ചിത്രം പ്രതിഷ്ഠിച്ച് നായരുമുക്കിനെ മാർക്‌സ് മുക്ക് എന്ന് പുനർനാമകരണം ചെയ്തു.
മേടയിൽ ഉണ്ണിയെ നിത്യകല്യാണി തല്ലിയതോടെ ഗ്രാമത്തിൽ ജാതിവെറിയുടെ തിരയിളക്കങ്ങൾ മാനംമുട്ടെ ഉയർന്നു. പൊത്തക്കാടിന്റെ സാമൂഹ്യനരവംശശാസ്ത്രവും സാംസ്‌കാരിക ഭൂമിശാസ്ത്രവും മറനീക്കുന്ന കഥകളിലൂടെ ദലിതരുടെ ജീവിതസമരങ്ങളുടെ ചരിതമെഴുതുന്നു, തുടർന്നങ്ങോട്ട് നോവൽ. യാഥാർഥ്യങ്ങളും ഫാന്റസിയും ഭൂതവും വർത്തമാനവും തെറിയും മർദ്ദനവും അരുംകൊലയും പ്രേതങ്ങളും രാപകൽ നടക്കാനിറങ്ങിയ പൊത്തക്കാടിന്റെ കഥകൾ. അടിമുടി സങ്കടം തെഴുത്തുനിൽക്കുന്ന ഒറ്റമനുഷ്യരുടെ നഗ്നജീവിതങ്ങൾ. ഇത്തരം കഥകളിലൂടെയാണ് നിത്യയുടെ ലോകം ദലിത് കേരളത്തിന്റെ സ്‌ത്രൈണപരിച്ഛേദമായി രൂപംകൊള്ളുന്നത്. ഗ്രാമത്തിനു പുറത്തുള്ള അവളുടെ ജീവിതമാകട്ടെ, പിൽക്കാല ദലിത്-സ്ത്രീരാഷ്ട്രീയ ബോധപരിണാമങ്ങളുടെ പാഠപുസ്തകംപോലെ ആവിഷ്‌കൃതമാകുകയും ചെയ്യുന്നു. ഈ ഭാഗത്തെ നിരവധി കഥകളിൽ ഏറ്റവും ശ്രദ്ധേയമായ സ്ത്രീജീവിതങ്ങളിലൊന്നായി എഴുതപ്പെട്ടിരിക്കുന്ന വെള്ളാമ്മയുടെ കഥ കേൾക്കൂ:
''പൊത്തക്കാട്ടീന്നു നായര് മുക്കിലേക്കുള്ള വളവിലാണ് തണ്ടാൻ പാക്കരൻ മാമന്റെ ഏറ്റവും ഇളയ പെങ്ങൾ മോളി ചേച്ചിയും കുടുംബവും പാർക്കുന്നത്. അവിടെവരെ കറണ്ടുണ്ട്. അവരുടെ വീട്ടിലാണ് ഞങ്ങൾ ടി.വി. കാണാൻ പോകുന്നത്. ദൂരദർശനിൽ ഞായറാഴ്ചകളിൽ സിനിമയുണ്ട്. പൊത്തക്കാട് ഒന്നടങ്കം നേരത്തേ കുളിച്ചു നനച്ച് നാലുമണിക്ക് മുമ്പേ സിനിമ കാണാൻ ഇടം പിടിക്കും. മോളി ചേച്ചി ടി.വി.യുടെ മേശ ഇറയത്തേക്ക് ഇറക്കി വയ്ക്കും. വരാന്തയിലും മുറ്റത്തും കയ്യാലപ്പുറത്തുമിരുന്നാണ് ഞങ്ങൾ ടി.വി. കാണുന്നത്.
ടി.വി. കാണാൻ ആദ്യം എത്തുന്നത് വെള്ളാമ്മയാണ്. അവരെ തോൽപ്പിക്കാനാണ് ഞങ്ങൾ കുട്ടികളുടെയെല്ലാം ഓട്ടം. സത്യത്തിൽ അവരെ ഞങ്ങൾക്കിഷ്ടമല്ല. കൈയിലും കഴുത്തിലും നിറയെ വളയും കാലിൽ കിലുങ്ങുന്ന കൊലുസും തലമുടി പിന്നിക്കെട്ടി അതിൽ നിറയെ പൂവും മുഖത്ത് കുട്ടിക്കൂറ പൗഡറും വാരിപ്പൂശി മേടയിൽ അമ്മച്ചിയാണെന്നും പറഞ്ഞാണ് നടത്തം. ടി.വി.ക്ക് മുന്നിൽ ആദ്യത്തെ സീറ്റ് അവരുറപ്പിക്കും.
ഞങ്ങൾ കുട്ടികൾ ആദ്യം വന്നിരുന്നാൽ നുഴഞ്ഞു നുഴഞ്ഞ് ഞങ്ങളുടെയിടയിൽ കയറും. നീങ്ങിക്കൊടുത്തില്ലേൽ തുടയിലും ചന്തിക്കും നുള്ളും. രാമായണം സീരിയൽ കണ്ടാൽ ഉടനവര് സീതയായി മാറും. പിന്നെ കുറേനേരം സീരിയലിൽ കണ്ട് പെണ്ണുങ്ങളെപ്പോലെ സംസാരിക്കും. മേനകയെ കണ്ടാൽപ്പിന്നെ അവര് അതായി മാറും.
ഇടക്കിടയ്ക്ക് ''കുട്ട്യേ, അങ്ങ്ട് നീങ്ങി ഇരുന്നോളൂട്ടോ'' എന്നൊക്കെ പറയുമ്പോ ഞങ്ങളെല്ലാം കൂട്ടത്തോടെ ചിരിക്കും.
''എന്തോന്ന് ഭാഷ ഇതമ്മച്ചീ'', കൊച്ചുണ്ണി തലതല്ലി ചിരിച്ചോണ്ട് ചോദിക്കും.
അതു കേൾക്കുമ്പോൾ വെള്ളാമ്മക്ക് കലി വരും.
''ചെലക്കാണ്ടിരുന്ന് സില്മ കാണടീ കൊച്ചറുവാണി''ന്ന് പറഞ്ഞു കൊണ്ട് അവര് വെള്ളാമ്മയിലേക്ക് പരകായ പ്രവേശം ചെയ്യും. നാണുനായര് കഴിഞ്ഞാ ആ നാട്ടിൽ ഏറ്റവും കൂടുതൽ തെറിയറിയാവുന്നത്. വെള്ളാമ്മയ്ക്കാണ്.
അവരിൽനിന്ന് ഇരുന്നൂറിലധികം പദങ്ങൾ ഞങ്ങൾ തന്നെ കളക്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും തെറി പറയുമെങ്കിലും അതൊക്കെ മായിലും കായിലും പൂവിലും അവസാനിക്കും.
ഒരിക്കെ സ്‌കൂള് വിട്ടു വരുമ്പോ നാണുനായരും വെള്ളാമ്മയും കൂടി കവലയിൽ നിന്ന് പൂര തെറി. കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ ആ കലാപരിപാടി നടക്കുന്നതാണ്. ഇച്ചിരി പഴയ കഥയാണ്.
വെള്ളാമ്മയുടെ മധുരപ്പതിനാറിലേക്ക് കടന്നു ചെല്ലണം.
അന്നൊരു സന്ധ്യ കഴിഞ്ഞനേരം ഇരുട്ടിന്റെ അതിരു പിടിച്ചു നാണുനായര് കപ്പക്കൊലയും പച്ചരിയുമായി വെള്ളാമ്മയുടെ കുടിയിലേക്ക് കയറിച്ചെന്നത്,
വെള്ളാമ്മയ്ക്ക് തള്ളയില്ല. തന്ത ആരെന്നു അറിയുകേമില്ല. ഒരിക്കെ മേടയിൽ വീട്ടിലെ കാർന്നോത്തി പേറ്റുകാലത്ത് പുറംപണിക്ക് കൈയാളായി കൊണ്ടുപോയതാണ് വെള്ളാമ്മയുടെ തള്ളയെ. പത്തു മാസം കഴിഞ്ഞ് വീർത്ത വയറുമായി അവർ മാത്രം ചുരം കയറി വന്നു. അന്ന് വെള്ളാമ്മ തള്ളയുടെ വയറ്റിൽനിന്ന് തെറിച്ചു വീഴാൻ വെമ്പൽ കൂട്ടി കിടന്നു. പള്ളയിൽ ഒതുക്കിപ്പിടിച്ച പൈസ കൊണ്ട് തള്ളയൊരു പെര കെട്ടി. എട്ടാം മാസം വെള്ളാമ്മയെ പെറ്റിട്ട് മൂന്നാം നാൾ തള്ള രക്തം വാർന്നു ചത്തു. മാസം തൊടാതെ പെറ്റതു കൊണ്ടും അമ്മിഞ്ഞ കുടിച്ചിട്ടില്ലാത്തതുകൊണ്ടുമാണ് വെള്ളാമ്മയ്ക്ക് മുടി നരയ്ക്കാത്തതും പൊക്കം വയ്ക്കാത്തതുമെന്ന് ഞങ്ങളൊക്കെ വിശ്വസിച്ചു.
വയസ്സറിയിച്ച കാലത്ത് വെള്ളാമ്മ സുമലതയെ പോലെ സുന്ദരിയായിരുന്നത്രേ. ആരുകണ്ടാലും ഒന്ന് നോക്കിപ്പോകുമെന്ന് ചക്കിയമ്മാമ്മ എപ്പോഴും പറയും.
തക്കം പാർത്തുചെന്ന നാണുനായര് അടക്കിപ്പിടിച്ച് ഒച്ചയിൽ വെള്ളാമ്മയെ വിളിച്ചു.
ചട്ടിക്കകത്ത് ചോറും കിഴങ്ങും ഇച്ചിരി കഞ്ഞോളം കൂട്ടിക്കൊഴച്ചു തിന്നുകൊണ്ടിരുന്ന വെള്ളാമ്മ ചോറ് തിന്നോണ്ട് തന്നെ എഴുന്നേറ്റുവന്നു.
''ആരത്?''
''ഇങ്ങോട്ട് ഇറങ്ങിവാ വെള്ളാമ്മേ, ഇറങ്ങി വന്നു കാണീ ഇതെന്തോന്നാ കൊണ്ട് വന്നേന്ന്''. നാണുനായര് ഒരു വളിച്ച വഷളൻ ചിരിയോടെ മറുപടി പറഞ്ഞു.
''ആ... നായരണ്ണനാ. എന്തോന്ന് ഈ സന്ധ്യ തിരിഞ്ഞ നേരത്ത്?''
വെള്ളാമ്മ ചോദ്യം അവസാനിപ്പിക്കും മുമ്പുതന്നെ. നായര് കപ്പക്കൊല പെരക്കകത്തോട്ട് വെച്ച്.
വെള്ളാമ്മ ഒന്നും തിരിയാതെ നിന്നു.
നായര് തിട്ടപ്പുറത്തിരുന്നു വെള്ളാമ്മയുടെ ഉള്ളം കാലു തൊട്ടു ഉച്ചി വരെ ഉഴിഞ്ഞു.
വെള്ളാമ്മ ഇതെന്തോന്നെന്നറിയാതെ നെറ്റി ചുളിച്ചോണ്ട് നായര തുറിച്ചു നോക്കിക്കൊണ്ട് കൊഴച്ച ചോറിന്റെ ഒരുള കൂടി വായിലാക്കി.
നായര് പകുതി മൂട് ഉയർത്തിക്കൊണ്ട് വെള്ളാമ്മയോട് പറഞ്ഞു.
''ഞാ.. ഞാനൊന്നു പിടിച്ചോട്ടാ.... നമ്മളല്ലാതെ ആരും അറിയില്ല''
''എവിടെ പിടിക്കണ കാര്യമാ നായരേ?'' വെള്ളാമ്മക്ക് ഏത ഉണ്ടാക്കെ തിരിഞ്ഞു തുടങ്ങി.
''ഓ. ഒന്നും അറിയാത്ത പോലെ, മാമ്പഴം പോലെ തുടുത്തു നിക്കുവല്ലേ നെഞ്ഞത്ത്. ആരാ ഒന്ന് നോക്കി പോകാത്തേ'' ആ വഷളൻ ചിരി ഉടലാകെ പടർത്തിക്കൊണ്ട് നായരൊന്നു കിണുങ്ങി.
വെള്ളാമ്മ നായരെ അടിമുടിയൊന്നു നോക്കി. മുന്നിലെ കഷണ്ടിയിൽ നരച്ചു നിൽക്കുന്ന രണ്ട് മുടിയും വിറയ്ക്കുന്ന അയാളുടെ ഉടലും കണ്ടപ്പോൾ അവർക്ക് ചിരി വന്നു.
അവരാ നായരുടെ അടുത്തേക്ക് നീങ്ങി. കൈയിലിരുന്ന ചട്ടിയും ചോറും കഷണ്ടിയിലേക്ക് കമഴ്‌ത്തി.
വറ്റിൽ നിന്ന് കഞ്ഞിവെള്ളവും മീൻ കറിയും നായരുടെ കണ്ണിലൂടെ ഒഴുകി.
''മാറടി കൂത്തിച്ചീ...'' അയാൾ അവരെ പിടിച്ചു തള്ളിയിട്ട് ഇറങ്ങി ഓടി. ഓടുന്നതിനിടയിൽ നായര് അവിടിവിടെയായി വീണു. നെറ്റിപൊട്ടുകയും കാലു ചെറുമ്പുകയും ചെയ്തു. ചൂട്ടും കത്തിച്ച് പൊത്തക്കാട് ഇറങ്ങിയവരെല്ലാം നായരുടെ ഓട്ടം കണ്ടു. ഓട്ടം കണ്ടവർക്കെല്ലാം വെള്ളാമ്മ കപ്പക്കൊലയുടെ പടലയറുത്തുകൊടുത്തു.
ആ സംഭവത്തിന് ശേഷം നായര് നാട്ടിലാകെ ഒന്ന് നാറിയെങ്കിലും അയാളുടെ ചായക്കട ആ നാറ്റത്തിൽനിന്ന് അയാളെ രക്ഷിക്കാൻ പല അടവും പയറ്റി. വെള്ളാമ്മയെ കണ്ടു മോഹിച്ച ചില വിരുതന്മാര് നായരുടെ കടയിൽ കയറിക്കൂടി.
''ആ കൂത്തിച്ചിമോള് എന്നെ പലവട്ടം മാറും പൂറും കാട്ടി വിളിച്ചിട്ടാണ് ഞാൻ പോയത്. തള്ള ഏതാ മൊതലെന്നു നമ്മക്ക് അറിയാല്ലോ ആണൊരുത്തനല്ലേ ഞാൻ!''
അയാൾ തന്റെ ആണത്തത്തിനു മേലെ ഒന്ന് തടവി. അതുവരെ അൽപം ഒച്ച താഴ്‌ത്തിപ്പറഞ്ഞ നാണുനായർ ഇച്ചിരി ഉറക്കെ അങ്ങ് പ്രഖ്യാപിച്ചു:
''അവിടെ ചെന്നപ്പഴല്ലേ ഓള് ആണും പെണ്ണും കെട്ടതാന്ന് തിരിഞ്ഞത്''.
അതോടെ വെള്ളാമ്മയുടെ മങ്ങലയോഗം മുടങ്ങി. നാണുനായരുടെ തലയും കാലും വെള്ളാമ്മ തല്ലിയൊടിച്ചതാണെന്ന കഥയും നാട്ടിൽ പാട്ടായി. പിന്നീട് ഒരുത്തനും വെള്ളാമ്മയുടെ കുടി തേടി പൊത്തക്കാട്ടിലേക്ക് ഇറങ്ങിപ്പോയിട്ടില്ല. കൊല്ലം പത്തുനാൽപ്പത്തഞ്ച് കടന്നെങ്കിലും വെള്ളാമ്മ ഇപ്പോഴും ആ മധുര പതിനാറിലാണ്.
ചോവ്വത്തിയുടെ കൂടീന്ന് പറങ്ങേണ്ടിയിട്ട് വാറ്റിയ ചാരായം കുടിച്ചാൽപ്പിന്നെ വെള്ളാമ്മ നേരെ കവലയിലേക്ക് പോകും. നായരുടെ പീടികയ്ക്കടുത്തെ കയ്യാല ചാരിനിന്ന് പൂരത്തെറി വിളിക്കും.
''പന്ന കുണ്ണ മോനെ. നിന്റെ ചുണ്ങ്ങു സാമാനം വെട്ടി ഞാൻ പട്ടിക്കിട്ടു കൊടുക്കും''.
ഇത് കേൾക്കുമ്പോൾ നായരുടെ പെരുവിരൽ ഇരച്ചു കയറും. അയാള് തോർത്തുമുണ്ട് അരയിലേക്ക് മുറുക്കി മുറ്റത്തേക്ക് ഇറങ്ങും.
''കൂത്തിച്ചി മോളേ അറവാണിച്ച് നടന്ന നിന്റെ തള്ളേ പോയി വിളിയടീ...''
''എടാ പട്ടി നായരേ, നിന്റെ കുണ്ണ പൊങ്ങുന്നില്ലെങ്കിൽ പോയി മുഴുവനെ മുരുക്കിൽ കേടാ. തീരും നിന്റെ കടി''.
തെറിയുടെ പൂരമാണ് പിന്നെ. സ്‌കൂൾ വിട്ടു വരുമ്പോൾ ഞങ്ങളൊക്കെ ആദ്യം ചെവിപൊത്തി നടക്കുന്നതായി അഭിനയിക്കുമായിരുന്നു. ഓരോ തെറിയും ഉള്ളിലേക്ക് എടുത്തുവച്ചു അതിന്റെ അർത്ഥത്തെ കീറി മുറിച്ചു പരിശോധിക്കുകയായിരുന്നു അന്നത്തെ ഏറ്റവും രഹസ്യമായ ഹോബികളിലൊന്ന്. വെള്ളാമ്മയുടെ തെറിയിൽ ഒരിക്കലും പെണ്ണുങ്ങളുടെ ശരീര ഭാഗങ്ങൾ കടന്നു വന്നിട്ടില്ല. വെള്ളാമ്മയുടെ തെറിക്ക് ഒരു പെൺപക്ഷമുണ്ടായിരുന്നു എന്ന് മുതിർന്നിപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. ആണുങ്ങൾക്ക് കേട്ടാൽ പൊള്ളുന്ന വാക്കുകൾ, പെണ്ണുങ്ങളെ കൂട്ടിയോജിപ്പിക്കാതെ പറയാനുള്ള ഒരു രാഷ്ട്രീയ ശരി എപ്പോഴോ അവരുടെ ഭാഷയിൽ കടന്നു കയറിയിരിക്കണം. നാണുനായര്ക്ക് കുണ്ണയും പൂറുമാണ് തെറി. അതൊക്കെ വെള്ളാമ്മയുടെയും അവരുടെ തള്ളയുടെയും മേലെ കെട്ടിവച്ചു അയാൾ സന്തോഷിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്.
തെറിയുടെ ഒടുവിൽ വെള്ളാമ്മ തന്നെ ജയിക്കും. വെള്ളാമ്മയോട് ഇച്ചിരീം ഇഷ്ടക്കേടൊക്കെയുണ്ടായിരുന്നെങ്കിലും അവര് ജയിക്കണമെന്നാണ് ഞങ്ങുടെ ആഗ്രഹം. ആ തെറിമേളത്തിന് ഒടുവിൽ വെള്ളാമ്മ കൂടുതൽ കരുത്തോടെ നടന്നു നീങ്ങുമ്പോൾ, നായര് പിറുപിറുത്തുകൊണ്ട് കടക്കുള്ളിലേക്ക് അൽപം തല കുനിച്ചു കയറിപ്പോകും. അയാളുടെ മുഖത്ത് വ്യാപിച്ചു കിടക്കുന്ന ക്ഷീണം മാറ്റാൻ കുറച്ചു നേരം അയാൾ ആർക്കും ചായ ഒഴിക്കാറില്ല.
പിന്നേറ്റു കടയിൽ വരുന്നവരോടൊക്കെ വെള്ളാമ്മയുടെ തള്ള അറുവാണിച്ചു നടന്ന കാലത്തേത് എന്ന നിലയിൽ അയാൾ കഥകളുണ്ടാക്കി പറയും. ഒപ്പം വെള്ളാമ്മയെ അവിടെ കണ്ടു ഇവിടെ കണ്ടൂന്നൊക്കെ അയാള് പറഞ്ഞു പരത്തും. അതിലൂടെ നായര് സ്വയം ശുദ്ധീകരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.
ചാരായത്തിന്റെ കെട്ടിറങ്ങിക്കഴിഞ്ഞാൽ വെള്ളാമ്മ കുളിച്ച് കുറി തൊട്ടു മുടി പിന്നിക്കെട്ടി, പൂവുചൂടി, സുമലതയോ മേനകയോ സീതയോ ഒക്കെയായി പരുവപ്പെടും. പിന്നെ രണ്ടു മൂന്ന് ദിവസം ഒന്നുകിൽ രാമായണം സീരിയലിലെ അച്ചടി മലയാളമോ, എം ടി. വാസുദേവൻ നായരുടെ വള്ളുവനാടൻ മലയാളമോ മാത്രമേ ആ വായിൽ നിന്ന് വീഴൂ. അത് കേൾക്കുമ്പോൾ നാട് ഒന്നടങ്കം അവരെ നോക്കി ചിരിക്കും. ആ ചിരികൾക്കെല്ലാം ഒരു മറു തെറി നൽകിക്കൊണ്ട് അവർ വളകൾ കിലുക്കി നടക്കും.
മോളി ചേച്ചിയുടെ കേട്ടിയോന് വെള്ളാമ്മയെ ഇഷ്ടമല്ല. അയാൾ ദൂരെ നിന്നെങ്ങാനും വരുന്ന ഒച്ച കേട്ടാൽ വെള്ളാമ്മ വാരിപ്പിടിച്ചു ഒറ്റ ഓട്ടമാണ്.
ഒരിക്കൽ വേണു നാഗവള്ളിയുടെ ദുഃഖഗാനത്തിൽ ലയിച്ചു കണ്ണീരു തുടച്ച് സ്വയം മറന്നിരിക്കുകയായിരുന്നു വെള്ളാമ്മ. അപ്പോഴാണ് മോളി ചേച്ചീടെ കെട്ടിയോൻ നാലാം കാലിൽ ആടിയാടി കയറി വന്നത്. അയാളെ കണ്ടതും രാജാങ്കണത്തിൽ രാമനെ വരവേൽക്കുന്ന പ്രജകളെപ്പോലെ ടി.വി. കണ്ടിരുന്നവരൊക്കെ ഇരു ദിശകളിലേക്കും മാറി. വേണുനാഗവള്ളിക്കൊപ്പം കരഞ്ഞു തളർന്നിരുന്ന വെള്ളാമ്മയെ ഒരു ഫുട്‌ബോൾ പന്ത് കറക്കിയെറിയുമ്പോലെ അയ്യത്തേക്ക് അയാൾ ചുരുട്ടിയെറിഞ്ഞു.
ആരും വെള്ളാമ്മ പിടിച്ചെഴുന്നേൽപ്പിച്ചില്ല. അയാൾ ഉണ്ണിക്കണ്ണൻ സീരിയലിലെ രാക്ഷസനെപ്പോലെ വെള്ളാമ്മയെ ചവിട്ടിഞെരിക്കാനായി ഓടി. മോളി ചേച്ചി അയാളുടെ കാലിൽ പിടിച്ചു നിലത്ത് വീഴ്‌ത്തി നിലവിളിച്ചു. ''എഴുന്നേറ്റു പോ തള്ളേ. ഓടി പൊരേ പോ....''
അയാൾ മോളിച്ചേച്ചിയെ അകത്തേക്ക് ആഞ്ഞു ചവിട്ടി. മോളിചേച്ചിക്ക് പിന്നാലെ വീട്ടിലെ കലവും ചട്ടിയും മേശയുമെല്ലാം പുറത്തേക്ക് പറന്നു വീണു.
നിലത്തു വീണു കിടന്ന വെള്ളാമ്മ മെല്ലെ കൈകുത്തി എഴുന്നേറ്റു. അവരുടെ കൈമുട്ടിൽ നിന്നു ചോര പൊടിയുന്നുണ്ടായിരുന്നു. മുട്ടിൽ അമർന്നു കയറിയ മണ്ണ് തുടച്ചു കളഞ്ഞുകൊണ്ട് അവർ വേച്ചു വേച്ചു നടന്നുപോകുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. ആരും വെള്ളാമ്മക്ക് വേണ്ടി ഒരു വാക്കുപോലും പറയാതെ പിരിഞ്ഞു പോയി. അന്ന് തൊട്ടു ഇന്നോളം വെള്ളാമ്മക്ക് ടി.വി. കാണാൻ വരുമ്പോ അയാളെ ചെറിയ പേടിയുള്ളതായി ഞങ്ങൾക്ക് തോന്നിയിട്ടുണ്ട്. അവർക്ക് മാത്രമല്ല ഞങ്ങൾക്ക''.
അഭിജിത്തിന്റെ കുടുംബപുരാണം തെക്കൻ തിരുവിതാംകൂറിലെ നായർമേധാവിത്തത്തിനുണ്ടാകുന്ന ഉത്ഥാനത്തിന്റെയും പതനത്തിന്റെയും കൈവഴികളിലൂടെ അഞ്ചാറു തലമുറകൾ പിന്നോട്ടു പായുന്ന ഒരു ജാതിച്ചാലാണ്. പൊന്നുതമ്പുരാന്റെ ദർശനപുണ്യം വീണുകിട്ടിയ കുഞ്ഞിക്കുട്ടിത്തങ്കച്ചിയിൽ നിന്നാണ് ആ പുരാണം തുടങ്ങുന്നത്. അവർക്കും മുൻപ് പെരിയതങ്കച്ചിയിലൂടെ തലമുറകളിലേക്കു നീണ്ടുകിടക്കുന്ന പിൻവേരുകൾ കഥയിൽ പ്രസക്തമാകുന്നില്ലെന്നു മാത്രം. കുഞ്ഞിക്കുട്ടിയുടെ തലയും മുലയും വീറും നാവും തറവാടിന്റെ മൂലക്കല്ലുറപ്പിച്ചു. തിരുമനസ്സിനെ വിട്ട് കൊച്ചുതമ്പുരാനെ പ്രാപിച്ച തങ്കച്ചി കവിതയും കാമവും കൂട്ടിയിണക്കി കൊച്ചുതമ്പുരാനെ പിണക്കിയെങ്കിലും നാരായണഗുരുവിനെയും കാളിയമ്മയെയും കുമാരനാശാനെയും സ്വായത്തമാക്കി തന്റെ നായർപ്രമാണിത്തത്തിനു പുറത്തേക്കു സഞ്ചരിച്ചു. മകന് നാരായണൻ എന്നു മാത്രം പേരിട്ട് ജാതിവാൽ മുറിച്ചു. ഉറ്റതോഴി കുഞ്ഞപ്പിയുടെ മകൾക്ക് കാളിയെന്നു പേരിട്ട് രണ്ടു മക്കളെയും ഒന്നിച്ചുവളർത്തി.
രാജകൊട്ടാരത്തിലെ അന്തപ്പുരത്തിൽ ആണത്തം ഛേദിച്ചു നിയോഗിക്കപ്പെട്ട കാവൽക്കാരിലൊരാളുമായി പ്രണയത്തിലായ ശീലാത്തിയുടെ കഥ, മഹാറാണിയുടെ മാറാദീനം മാറ്റി പകരം നാട്ടിൽ കൊറവർക്കും വേടർക്കും പഠിക്കാൻ പള്ളിക്കൂടങ്ങളനുവദിപ്പിച്ച രായമ്മാളിന്റെ കഥ എന്നിങ്ങനെ സമാന്തരമായി നിരവധി പാഠങ്ങൾ നോവൽ അവതരിപ്പിക്കുന്നു.
കാളി കഥയെഴുത്തുകാരിയായി വളർന്നു. നാരായണൻ അവളുടെ കഥകൾ തന്റെ പേരിലാക്കി പ്രസിദ്ധനാകുന്നു. അയാൾ നായർപ്രമാണിമാരെ വെല്ലുവിളിച്ചു ജീവിച്ചു. നായർയുവാവായ കൊച്ചമ്പുവിനെ പ്രണയിച്ച് കാളിയും ചാലക്കമ്പോളത്തിലെ വർത്തകപ്രമാണിയായ ഗോവിന്ദച്ചാന്നാരുടെ മകൾ രാധമ്മയെ പ്രണയിച്ച് നാരായണനും കഥയിലെ ജാതിചരിത്രത്തിൽ വിള്ളലുകൾ വീഴ്‌ത്തുന്നു.
മഹാപ്രതാപിയും ധനികനും ഭൂപ്രഭുവുമായ ആലുമ്മൂട്ടിൽ ചാന്നാരുടെ തറവാട്ടിൽനിന്ന് രാധമ്മക്ക് വിവാഹാലോചന വരുന്നതോടെ അവൾ വീട്ടുകാരെ പിണക്കി നാരായണനൊപ്പം ഇറങ്ങിപ്പോയി. രാധമ്മ ഏഴു പെറ്റു. മക്കളെയെല്ലാം ഒന്നാന്തരം നായന്മാരാക്കി മാറ്റി, നാരായണൻ. ജാതിവാൽ മുറിച്ച ഒരു തലമുറയുടെ പിൻഗാമികൾ കടുത്ത ജാതിജന്മങ്ങളായി മാറി. നാരായണന്റെ ഏകമകൾ രുക്മിണീദേവിയുടെ മകനാണ് അഭിജിത്. അവന്റെ പിതൃത്വം രുക്മിണി ഒരിക്കലും വെളിപ്പെടുത്തുന്നില്ല.
നിത്യയുടെയും അഭിജിത്തിന്റെയും പ്രണയവും തുടർജീവിതവും പറയുന്ന നാലാം വഴിയിൽ നിത്യയുടെ മൂന്നു നാലു മുൻ പ്രണയങ്ങളുടെയും ഒരു വിവാഹത്തിന്റെയും കഥകളുണ്ട്. നാട്ടിലെ മേനോൻ പ്രമാണിയുടെ മകൻ ബിജു നിത്യയുടെ ഉടൽമുഴുപ്പു കണ്ട് ഭ്രമിച്ചും ബന്ധുവായ ബിനോയ് അവളുടെ സങ്കടങ്ങളിൽ സഹതപിച്ചും പ്രണയവുമായി ഒപ്പം കൂടി, കാര്യം കണ്ട് കളം കാലിയാക്കി. ആയുർവേദകോളേജിൽ പഠിക്കുമ്പോൾ ഓർക്കൂട്ടിൽ നിന്നു കിട്ടിയ വിനീഷുമായുള്ള പ്രണയം വിവാഹത്തിലെത്തി. മണ്ണാൻജാതിയിൽ പെട്ട വിനീഷിന്റെ വീട്ടുകാർക്ക് പക്ഷെ പുലയജാതിയിൽപ്പെട്ട നിത്യയെ അംഗീകരിക്കാനായില്ല. ദലിത് ആക്ടിവിസത്തിൽ മുഴുകിയിറങ്ങിയ നിത്യയിൽനിന്ന് വിനീഷ് അകന്നു. അവർ വിവാഹമോചനം നേടി സ്വതന്ത്രരായി. പിന്നീടാണവൾ ശിവയുമായി അടുക്കുന്നത്. അയാളുമായി അധികനാൾ ബന്ധം തുടരാൻ നിത്യക്കു കഴിഞ്ഞില്ല. സ്വന്തം ആണനുഭവങ്ങളിലൂടെ അവളെത്തിച്ചേരുന്ന നിഗമനമിതാണ്:
'സത്യത്തിൽ ആണുങ്ങളുടെ പുരോഗമനം ഒരു മറയാണ്. തങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പെണ്ണുങ്ങളെ പരുവപ്പെടുത്തിയെടുക്കാനുള്ള ഒരു വല. ലിംഗംകൊണ്ടു മാത്രം ചിന്തിക്കുന്ന കോപ്പന്മാർ'.
അവസാനഭാഗത്ത്, അഭിജിത്തിനൊപ്പം കേരളം വിട്ടുപോകുന്ന നിത്യക്ക് ആ ബന്ധവും ജീവിതവും തലകീഴ്മറിയാൻ ഏറെനാൾ വേണ്ടിവന്നില്ല. വീട്ടുകാർ അയാളെ തിരിച്ചുവിളിക്കുകയും ജാതിബോധം തലയ്ക്കുപിടിച്ച് പ്രണയത്തിന്റെ തീ തണുത്ത് നിത്യയെ വിട്ടുപേക്ഷിച്ച് അയാൾ വേറെ വിവാഹത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നു. ഫേസ്‌ബുക്കിൽ തങ്ങൾ തമ്മിലുള്ള ബന്ധം തുറന്നെഴുതി നിത്യ അയാളുടെ വിവാഹം മുടക്കി. അയാൾ വീണ്ടും നാടുവിട്ടു.
കഥപറച്ചിലിന്റെ ധൃതിപ്പെടലിൽ, നോവൽ ഈ ഭാഗത്ത് അതിന്റെ ആഖ്യാനകലയുടെ അതുവരെ സൂക്ഷിച്ച കെട്ടുറപ്പും കഥാത്മകതയും രാഷ്ട്രീയ സൂക്ഷ്മതയും കൈവിട്ടുകളയുന്നു. എങ്കിലും മലയാളനോവലിൽ അത്രമേൽ പരിചിതമല്ലാത്ത ഒരു ഭാവനാഭൂപടം തെക്കൻ തിരുവിതാംകൂറിന്റെ കിഴക്കന്മേഖലയിൽ വരഞ്ഞിട്ടും (പി.എ. ഉത്തമന്റെ നോവൽസ്ഥലവും ഇവിടമാണല്ലോ) അനന്തപുരിയിലെ അമ്മച്ചിവീടുകളെക്കുറിച്ച് സി.വി. രാമൻപിള്ള തൊട്ടുള്ളവർ പറഞ്ഞുറപ്പിച്ച പെണ്ണരശുനാട്ടുകഥകൾക്ക് പുതിയൊരു ഭാഷ്യം ചമച്ചും നിത്യകല്യാണി വായനാക്ഷമവും രാഷ്ട്രീയതീക്ഷ്ണവുമായ ഒരു നോവൽപാഠത്തിനു രൂപംകൊടുത്തിരിക്കുന്നു.
ചരിത്രം, ജാതി എന്നിവയെ മാത്രമല്ല, ഭാഷ മുതൽ ശരീരം വരെയും പ്രണയം മുതൽ രതി വരെയുമുള്ള മുഴുവൻ ഭാവ-ഭാവനാബന്ധങ്ങളെയും രാഷ്ട്രീയശരിയുടെ മാത്രം അളവനുപാതങ്ങൾക്കൊത്ത് തുലനം ചെയ്ത് നോവൽവൽക്കരിക്കുന്ന അസാധാരണമായൊരു രചനയാണ് നിത്യകല്യാണി. ദളിത്-സ്ത്രീ പക്ഷത്തുനിന്നാണ് ചരിത്രാഖ്യാനത്തിന്റെയും ജാതിവിമർശനത്തിന്റെയും രാഷ്ട്രീയമുഖം അശ്വനി വെളിപ്പെടുത്തുന്നത്. നമ്മൾ കണ്ടതുപോലെ, സവർണ ജാതിഹുങ്കിന്റെയും ആണധികാരത്തിന്റെയും ആന്തരവും ബാഹ്യവുമായ ജീർണതകളുടെ തുറന്നുകാട്ടലാണ് നോവലിന്റെ സമാന്തരമായ രണ്ടാം ഭാവതലം. അതുവഴി, രാഷ്ട്രീയശരികൾക്കായുള്ള കടുംപിടുത്തം ഒരു സാംസ്‌കാരിക വ്യവഹാരത്തിന്റെ കലാപദ്ധതിയിൽ സൃഷ്ടിക്കാവുന്ന ധനാത്മകവും ഋണാത്മകവുമായ ഭാവപ്രതീതികളുടെ സമ്മിശ്രപാഠമായി ഈ നോവൽ മാറുകയും ചെയ്യുന്നു.
നോവൽ നിന്ന്
''കൊച്ചപ്പീ... എനിക്ക് നാരായണനെ അല്ല, അദ്ദേഹത്തിന്റെ സഖി കാളിയമ്മ ഇല്ലെയാ. അവരേ താൻ പെരുത്ത് പിടിക്കും. കേമി. കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറപ്പിക്കാൻ കഴിയണോള്''. കുഞ്ഞുതങ്കച്ചി ഇത്രയും പറഞ്ഞുകൊണ്ട് ഇളം വെറ്റിലയിലൊന്നു വലത്തേ ചെവിയിൽ മൂടി ഇടതു കാതിൽ ആരോഹണത്തിൽ മെല്ലെ ചൊല്ലി വിളിച്ചു.
''കാളിക്കുഞ്ഞേ.... കാളിക്കുഞ്ഞേ.... കാളിക്കുഞ്ഞേ....!''
കൊച്ചപ്പിക്ക് ആ പേര് അത്ര പ്രിയമായി തോന്നിയില്ല. ''കാളി എന്ന് പറയുമ്പോൾ പഴയ പേരല്ലയാ തങ്കെ? നാരായണദേവന്റെ കാളി ബഹുകേമിയാ?''
''കൊച്ചപ്പീ ആൺപിറന്നവന് ആർപ്പുവിളികളും പെൺപിറന്നവൾക്ക് ചൂല് കൊണ്ടടിയും വിധിച്ചപ്പോൾ അതിനെതിരെ ആഞ്ഞു വിളിച്ചവളാണ് കാളിയമ്മ''.
''തിരിയുന്ന വിധം പറ തങ്കെ?''
''കാളിയമ്മ ഒരിക്കൽ കൂട്ടുകാരിയുടെ പേറെടുക്കാൻ പോയി. പിറന്ന പൈതല് പെണ്ണ്.
കാളിയമ്മ ആർത്തുവിളിച്ചു. ആൺപിള്ളയെന്നു നിനച്ച് കാത്തിരുന്ന ബന്ധക്കാരെല്ലാം ആർമാദിച്ചു. പെണ്ണുങ്ങള് പെരയിൽ വന്നു നോക്കിയപ്പോൾ പെങ്കൊച്ചിനെ കണ്ടു ഞെട്ടി. ആർപ്പുവിളിച്ചവരെല്ലാം കാളിയമ്മയുടെ നേരെ വിറച്ചു ചെന്നു. കാളിയമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു:
''പെണ്ണുങ്ങൾക്ക് ആർപ്പു വിളിച്ചാൽ എന്താ കൊഴപ്പം?
നാട്ടുനടപ്പെന്നു വാദിച്ചവരോട് കാളിയമ്മ വീണ്ടും ചോദിച്ചു:
''ചാന്നാന്മാർക്ക് ഈ നടപ്പ് ആരുണ്ടാക്കി?''
ഉത്തരം മുട്ടിയവർ കലിതുള്ളി ഓടി.
''പിഴി വെള്ളം കൊടുത്ത് പിള്ളകളെ മന്തന്മാരാക്കുന്നവരുടെ ഒപ്പം കൂടുന്നോ പരിഷകളെ'' എന്ന് അവർ കാർക്കിച്ചു.
കാളിയമ്മയെക്കുറിച്ച് കഥകൾ പലതാണ്. പെരിയതങ്കച്ചിയുടെ തന്ത വഴി കുടുംബത്തിലുണ്ടായിരുന്ന മൂത്താങ്ങളയെ ഒരിക്കെ വക്കത്ത് വച്ച് പാമ്പ് കടിച്ചു. മുടി തൊട്ടു നഖം വരെ നീലിച്ചു വഴിയിൽ കിടന്ന മൂത്താങ്ങളയെ ആദ്യം കണ്ടത് കാളിയമ്മയാണ്. ഇടത്തെ നെഞ്ചിലും തലയ്ക്കു പിന്നിലും അറുപ്പോത്തികൊണ്ട് പോറി നാല് പച്ചിലക്കൂട്ട് ചെമ്പ് തകിടിൽ പൊതിഞ്ഞു മുറിവിൽ വച്ചുകെട്ടി ഉറക്കമൊഴിഞ്ഞിരുന്നത്രേ അവര്. പിറ്റേന്നാൾ മൂത്താങ്ങള പതിവിലും ഉഷാറായി ചാടി എഴുന്നേറ്റു കാളിയമ്മയെ വണങ്ങി. അതിന് വകയായി പതിനാറു പറ കണ്ടം കാളിയമ്മക്ക് സമ്മാനമായി അയാൾ വാഗ്ദാനം ചെയ്തു. വിഷത്തിനു കൂലി വാങ്ങില്ലെന്ന് ചട്ടം കെട്ടി പറഞ്ഞു കാളിയമ്മ.
''അവർ ഇത്ര കേമിയാ. എന്നിട്ടാ നാരായണ സാമി കാളിയമ്മയെ ഉപേക്ഷിച്ചത് എന്തിന്?''
''നാരായാണൻ ആശ്രമത്തിൽ ജനങ്ങളെ സേവിച്ചു. കാളിയമ്മ വീടിനുള്ളിൽ ചികിത്സ നടത്തി ജനങ്ങളെ സേവിച്ചു. രണ്ടും സന്യാസം തന്നെ കൊച്ചപ്പീ''.
'നാരായണന്റെ സന്യാസം പച്ചക്കറി സന്യാസവും കാളിയമ്മയുടേത് മീൻകറിയും ആണ് എന്ന വ്യത്യാസമേ ഉള്ള്''.
''നാരായണൻ ആണും കാളിയമ്മ പെണ്ണും. അത് താ വത്യാസം അല്ലെ. തങ്കെ? ആണുങ്ങളുടെ സന്യാസം നടപ്പത് എങ്കിൽ പെണ്ണുങ്ങളുടെത് പിഴച്ചത്''.
''അപ്പീ, രണ്ടാളും അവരവർക്ക് വേണ്ടിയല്ലാതെ ജീവിക്കുന്നവർ. അറിവുള്ളവർ''.
''തങ്കേ, അത് എങ്ങനെ ശരിയാകും? ആണുങ്ങൾക്ക് കയ്യടിയും പെണ്ണുങ്ങൾക്ക് കൈകൊണ്ടടിയും''.
''ഹഹഹ!'' അപ്പിയുടെ മറുപടി കേട്ട് തങ്കച്ചി പൊട്ടിച്ചിരിച്ചു.
''അപ്പീ കാളിയെക്കുറിച്ച് കൂടുതലാർക്കും കേൾക്കണ്ട, അറിയണ്ട. കൊല്ലാക്കൊല്ലം പൊങ്കാലയ്ക്ക് കലവുമായി വരുന്ന കുശവത്തികളുടെ നാവിൽ നിന്നാണ് ഞാൻ കാളിയമ്മയുടെ കഥകളറിയുന്നത്. നാരായണന്റെ അപ്പന്റെ ചങ്ങാതിയുടെ മകളാണ് കാളി''.
''നാരായണൻ വിട്ടു പോയതിൽ കാളി ഏറെ ദണ്ണപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ജീവിക്കാൻ പഠിച്ചവൾ''.
ഒരിക്കൽ കൂട്ടുകാരി നീലി കാളിയമ്മയോട് ചോദിച്ചു: ''കാളീ, നിനക്ക് നാരായണൻ പോയതിൽ ദണ്ണം ഇല്ലെയാ?''.
''നീലീ, രണ്ടാളും ഒരേ മനസ്സിൽ പാർത്താലേ ജീവിതമാകൂ. ഇത് ത്യാഗം. ഞാൻ ചെയ്യുന്ന ത്യാഗം''.
''നീയും പെണ്ണല്ലയാ.. ഇളംപ്രായം. ഒരാള് കൂട്ടില്ലാതെ എങ്ങനെ?''
''നീലീ, നാരായണനും ഒരാണാണ്. വീട് വെടിഞ്ഞു അയാൾ ചെയ്യുന്നതൊക്കെ നാടിനു വേണ്ടി. വീട് വേണമാ.... നാട് വേണമാ? ചോദിച്ചാൽ നാട് വേണം എന്ന് പറയുന്നവരെ അവരുടെ വഴിക്ക് വിടണം. ഗരുഡനെ കൂട്ടിലടച്ച് തത്തയാക്കാൻ ഒക്കുമാ?''.
''കാളിയമ്മേ, നീ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല. ഇങ്ങനെയൊക്കെ പറയാൻ നാരായണനാ നിന്നെ പഠിപ്പിച്ചേ?''.
''നാരായണൻ നാരായണനും കാളിയമ്മ കാളിയമ്മയുമാണ് നീലീ. പലർക്കും അതാണ് മനസിലാകാത്തത്. നാരായണന് പോലും''.
''കാളിയമ്മേ ഇതല്ലല്ലോ നീ നിനച്ച ജീവിതം?''
''എല്ലാ സന്തോഷങ്ങളും ഒന്നിച്ചു വരില്ല നീലീ, ഒന്ന് പോക്കിൽ മറ്റൊന്ന് നേടുകിൽ. ഞാൻ വൈദ്യം പഠിച്ചു. അത് പ്രയോഗിക്കുന്നു. നാരായണൻ തത്വം പഠിച്ചു അത് പ്രവർത്തിക്കുന്നു. ശരീരത്തിന്റെ രോഗം മാറ്റാൻ എന്നെത്തേടി വരുന്നു. സമൂഹത്തിന്റെ രോഗം മാറ്റാൻ നാരായണൻ അവരെ തേടി പോകുന്നു. രണ്ടും സേവനം''.
കാളിയമ്മ ദീർഘമായി ഒന്ന് നിശ്വസിച്ചു.
ഒരിക്കൽ അത്താഴത്തിനു മീനും വാങ്ങി വീട്ടിലേക്ക് മടങ്ങും വഴി നാരാണഗുരുവിനെ കണ്ടിട്ട് വരുന്ന ഒരു കൂട്ടർ കാളിയമ്മയെ വഴിയിൽ തടഞ്ഞു നിർത്തി തെറി പറഞ്ഞു.
കയ്യേറ്റം ചെയ്യാൻ ഓങ്ങിയ അവരുടെ മർമ്മം നോക്കി കുത്തി നിർത്തി കാളിയമ്മ. ഒടുവിൽ നാട്ടുകാർ ഓടിക്കൂടി, തുറയുടെ തലവൻ മർമ്മം തിരിച്ചെടുക്കാൻ അപേക്ഷിച്ചിട്ടാണ് കാളിയമ്മ അക്കൂട്ടരെ ശ്വാസം വിടാൻ അനുവദിച്ചത്.
തർക്കം പൊതുയിടത്തേക്ക് എത്തി.
''എന്തിന് കാളിയമ്മയെ ഉപദ്രവിക്കാൻ നോക്കി'' എന്ന ചോദ്യമുയർന്നു.
''കാളിയമ്മ ഗുരുവിന്റെ പേര് കെടുത്തുന്നു'' എന്ന് ഉത്തരം.
അതെങ്ങനെ എന്ന് കാളിയമ്മക്ക് മനസിലായില്ല.
അക്രമികൾ കാര്യകാരണ സഹിതം വിവരിച്ചു.
ഗുരു പച്ചക്കറി മാത്രമേ കഴിക്കുന്നുള്ളൂ. കാളിയമ്മ മീനും കരുവാടും മാത്രമല്ല, അറുത്ത പൂവനെയും രണ്ടു നാൾ മുമ്പ് വെട്ടിയ പോത്തിനെയും തിന്നു എന്ന് ആദ്യ കാരണം.
കാളിയമ്മയുടെ വീട്ടിൽ ആണുങ്ങൾ വന്നു പാർക്കുന്നതും ആരെയും കൂസാതെ കാളിയമ്മ നടക്കുന്നതും തെറ്റെന്നു അക്കൂട്ടർ വാദിച്ചു ജയിച്ചു.
ശേഷം കാളിയമ്മയുടെ ഊഴമെത്തി.
''ഒരിക്കൽ താൻ നാരായണന്റെ ഭാര്യയായിരുന്നെന്ന് കരുതി ഇപ്പോൾ അങ്ങനെ അല്ലാ എന്ന് എല്ലാർക്കും അറിയാമല്ലോ. പിന്നെ ഞാൻ എങ്ങനെ നാരായണന്റെ പേരിനു കളങ്കമാകും?'' എന്ന് കാളിയമ്മ ചോദിച്ചപ്പോൾ സദസ്സിന് ഉത്തരം മുട്ടി.
ഇടയ്ക്ക് കയറി സംസാരിക്കാൻ തുനിഞ്ഞവരെ ചൂണ്ടു വിരലാൽ തടുത്തുകൊണ്ട് കാളിയമ്മ തുടർന്നു:
''ഇതെന്ത് ന്യായം? നാരായണന്റെ ഭാര്യയായി ഇരുന്നാലും ഇല്ലെങ്കിലും ഞാൻ എന്ത് തിന്നണം, കുടിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. മലക്കറികൾ മാത്രമല്ല, മീനും മുട്ടയും പാലും വേണ്ടതെല്ലാം മനുഷ്യര് തിന്നണം. ഭക്ഷണം ഒരു പാപമല്ല. വിശപ്പാണ് പ്രധാനം. രോഗിക്ക് മരുന്ന്, ആരോഗ്യത്തിനു ഭക്ഷണം. ഇലക്കറി മഹത്തും മീൻകറി മോശവും ആകുന്നെങ്കിൽ അതിന്റെ പേര് തത്വം എന്നല്ല, ജാതി എന്നാണ്. അത് നിങ്ങളുടെ ഗുരുവിനുമറിയാം. ചാന്നാത്തിയെ ആരും നമ്പൂരിച്ചിയാക്കാൻ നോക്കണ്ട. പിന്നെ വീട്ടിൽ വരുന്നോരുടെ കാര്യം, മർമ്മാണികളും വിഷവൈദ്യരും ശാസ്ത്രം അറിയുന്നോരും അങ്ങനെ പലരും എന്റെ കുടിയിൽ വരും. വരുന്നവര് ആണാണോ പെണ്ണാണോ എന്ന് അവിടെ ആർക്കും നോക്കേണ്ട കാര്യമില്ല. കുടുംബക്കാർക്കില്ലാത്ത എന്ത് ദണ്ണമാണ് നാരായണന്റെ കൂട്ടർക്കുള്ളത്? അങ്ങനെ ദണ്ണമുണ്ടെങ്കിൽ നാരായണൻ നേരിട്ട് വന്ന പറയട്ടും'' എന്ന് കാളിയമ്മ തറപ്പിച്ചു പറഞ്ഞു.
നാരായണഗുരു വളരുംതോറും നാടിന് കാളിയമ്മയോടുള്ള പ്രിയം കുറഞ്ഞു കുറഞ്ഞു വന്നു. മറ്റു വൈദ്യന്മാർ എഴുതിത്ത്ത്ത്തള്ളിയവർ മാത്രം കാളിയമ്മയെ കാണാൻ പോയി. ചെന്ന് കണ്ടവരുടെയൊക്കെ ജീവൻ തിരിച്ചു കൊടുത്തെങ്കിലും അതിന്റെ നന്ദിയും സ്‌നേഹവും ഗുരുവിലേക്കാണ് ഒഴുകിയത്. കാളിയമ്മ ചികിത്സിച്ചവരൊക്കെ പിറ്റേന്ന് ഗുരുവിനെ കണ്ട് നന്ദി അറിയിച്ചു. പരാതിയോ പരിഭവമോ ഭാവഭേദങ്ങളോ ഇല്ലാതെ അവർ കർമ്മം ചെയ്തുകൊണ്ടേയിരുന്നു.
കൊച്ചപ്പിയും തങ്കയും ഏറെ സ്‌നേഹ വാത്സല്യങ്ങളോടെ പെൺകുഞ്ഞിനെ പേർ ചൊല്ലി വിളിച്ചു: ''കാളിയമ്മാ....''
അതിന്റെ പ്രതിധ്വനി വക്കം കായലിന്റെ ഓളങ്ങളിൽ തങ്ങി നിന്നു''.
നിത്യകല്യാണി
അശ്വനി എ.പി.
ധ്വനി ബുക്‌സ്
2020
260 രൂപ
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.