'The railway systems will therefore become, in India, truely the forerunner of modern Industry.' - Karl Marx, 1853.

വിക്കപ്പൽ, ടെലഗ്രാഫ്, തീവണ്ടി എന്നിവയെ വ്യവസായവിപ്ലവത്തിന്റെയും മുതലാളിത്തത്തിന്റെയും ആധുനികതയുടെയും ഏറ്റവും വലിയ ചാലകശക്തികളായി കണ്ട കാൾമാർക്‌സ്, 'മുതലാളിത്തത്തിന്റെ മഹാഘടന' (capitalistic superstructure) എന്നാണ് റയിൽവേവിപ്ലവത്തെ വിശേഷിപ്പിച്ചത്. 1870കളിലെ ആഗോള റയിൽവേമുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇന്ത്യയിലും ഇക്കാലത്തുതന്നെയാണ് തീവണ്ടി അതിന്റെ കുതിപ്പുകളാരംഭിക്കുന്നത്. ആധുനികതയുടെ സാംസ്‌കാരിക ഭൂപടങ്ങൾ വരഞ്ഞിട്ട സാഹിത്യരൂപങ്ങൾ പലതും ഉരുവം കൊള്ളുന്ന ദേശരാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്ര പ്രരൂപങ്ങളിലൊന്നായി തീവണ്ടിയുടെ സാന്നിധ്യം നിരന്തരമെന്നോണം ഏറ്റെടുത്ത സാഹചര്യവും മറ്റൊന്നല്ല. ചന്തുമേനോൻ മുതൽ മൂർക്കോത്തു കുമാരൻ വരെയും ഏ.ആർ. മുതൽ വൈലോപ്പിള്ളി വരെയുമുള്ളവർ ദേശീയാധുനികതയുടെ കല്പനാമണ്ഡലത്തിൽ തീവണ്ടിക്കു നൽകിയ ഭാവജീവിതം ആധുനിക മലയാളഭാവനയുടെ അടിപ്പടവുകളിലൊന്നായിത്തീരുകയും ചെയ്തു. പിന്നീട് ആധുനികതാവാദഘട്ടത്തിൽ വി.കെ.എന്നും കോവിലനും വിജയനും ആനന്ദും മുകുന്ദനും കുഞ്ഞബ്ദുള്ളയും കാക്കനാടനും സക്കറിയയുമൊക്കെ നോവലിനും ചെറുകഥക്കും നൽകിയ പാൻ ഇന്ത്യൻ സ്വത്വത്തിന്റെ കേന്ദ്രബിംബമായി മാറിയതും തീവണ്ടിയായിരുന്നു. ഗാന്ധിതന്നെയും ഒരു പകുതി തീവണ്ടിയിലാണല്ലോ തന്റെ ഇന്ത്യക്കു രൂപം നൽകിയത്. കൊളോണിയൽ, ദേശീയ ആധുനികതകൾ ഇന്ത്യയിൽ യാഥാർഥ്യമായതിന്റെ മുഖ്യ കാരണം അച്ചടിയും ഇംഗ്ലീഷും പോലെതന്നെ തീവണ്ടിയുമായിരുന്നു.

ടി.ഡി. രാമകൃഷ്ണന്റെ 'പച്ച മഞ്ഞ ചുവപ്പ്' മലയാളത്തിൽ റെയിൽവേസംസ്‌കാരം മുൻനിർത്തിയെഴുതപ്പെട്ട മുഴുനീള നോവലുകളിൽ രണ്ടാമത്തേതാണ്. (വി. ഷിനിലാലിന്റെ സമ്പർക്കക്രാന്തിയാണ് ആദ്യത്തേത്. ഇവരിരുവർക്കും മുൻപ് വൈശാഖന്റെ ചെറുകഥകളാണ് റിൽവേയും തീവണ്ടിയും സവിശേഷമായ സ്ഥലഭൂപടവും ജീവിതവൃത്തിയുമായി ഭാഷയിൽ ഭാവനാവൽക്കരിച്ചത് എന്നതും മറക്കുന്നില്ല.)

1995 മെയ് 14ന് സേലത്തിനടുത്തുള്ള ലോക്കൂർ-ഡാനിഷ്‌പ്പെട്ട് സ്റ്റേഷനുകൾക്കിടയിൽ നടന്ന ഒരു യഥാർഥ തീവണ്ടിയപകടത്തിൽ നിന്നാണ് നോവലിന്റെ (കഥാപരമായ) തുടക്കം. സിഗ്നൽ സംവിധാനം തകരാറിലായതറിയാതെ ഒരേ പാളത്തിലൂടെ വിപരീത ദിശയിലേക്ക് കടത്തിവിട്ട തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 73 പേർ മരിച്ചു. അന്ന് ഡാനിഷ്‌പ്പെട്ട് സ്റ്റേഷൻ മാസ്റ്ററായിരുന്ന രാമചന്ദ്രന്റെ വീഴ്ചയാണ് അപകടത്തിനു കാരണമെന്നു സ്ഥാപിച്ച് റയിൽവേ അയാളെ പിരിച്ചുവിട്ടു. 1997 ജനുവരി മൂന്നിന്, അപകടത്തിൽ മരിച്ച 73 പേർക്കും ബലിയിട്ട്, അതുവരെ യുക്തിവാദിയായിരുന്ന രാമചന്ദ്രൻ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഈ ആത്മഹത്യയിലാണ് നോവലിന്റെ ആഖ്യാനപരമായ തുടക്കം. അപകടം നടന്ന സ്ഥലത്ത് യാത്രക്കാരെ കൊള്ളയടിച്ച സംഘം അതിനെ ചെറുത്ത റയിൽവേ ഉദ്യോഗസ്ഥനായ തോമസിനെ കുത്തിക്കൊല്ലുകയായിരുന്നു. അപകടത്തിനു പിന്നിൽ വലിയ അട്ടിമറിയും ചതിയും നടന്നിരുന്നുവെന്ന് രാമചന്ദ്രന്റെ ഭാര്യ കലൈശെൽവിക്കും സുഹൃത്ത് സുരേഷിനും മറ്റും അറിയാമായിരുന്നുവെങ്കിലും ആരെയൊക്കെയോ ഭയന്ന് അവർ അതു പുറത്തുപറഞ്ഞില്ല.

കാൽനൂറ്റാണ്ടിനുശേഷം, 2020ൽ തോമസിന്റെ മകൾ ജ്വാലയെന്ന പത്രപ്രവർത്തക ഹിന്ദുസ്ഥാൻ ടൈംസിനുവേണ്ടി ഡാനിഷ്‌പ്പെട്ട് അപകടത്തിനു പിന്നിലെ ദുരൂഹതകൾ അന്വേഷിച്ചെത്തുന്നതാണ് നോവലിന്റെ കാലത്തുടക്കം. രാമചന്ദ്രന്റെയും കലൈശെൽവിയുടെയും മകൻ അരവിന്ദ് IRTS നേടി പാലക്കാട്ട് എത്തിയിരുന്നു. അപകടം നടന്ന സമയത്ത് സേലം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ റയിൽവേയുടെ പാലക്കാട് ഡിവിഷന്റെ കീഴിലായിരുന്നതുകൊണ്ടാണ് അന്വേഷണം പാലക്കാടും പിന്നീട് സേലവും കേന്ദ്രീകരിച്ചു മുന്നേറുന്നത്. യെർക്കാട് സ്‌കൂളിൽ സഹപാഠികളായിരുന്ന അരവിന്ദും ജ്വാലയും അന്വേഷണത്തിൽ പങ്കാളികളാകുന്നു.

പല കാരണങ്ങളാലും രാമചന്ദ്രനോട് കടുത്ത ശത്രുതയിലായിരുന്ന പാട്രിക് കരുണാകരൻ, കെ.ബി. നായിക്, ഭാസ്‌കരപിള്ള എന്നീ ഉയർന്ന റയിൽവേ ഉദ്യോഗസ്ഥന്മാർ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഡാനിഷ്‌പ്പെട്ട് അപകടം എന്ന് അവർ കണ്ടെത്തുന്നു. ഈ മൂവർസംഘം റയിൽവേവഴി ചന്ദനകള്ളക്കടത്ത് നടത്തിയും ചരക്കുനീക്കങ്ങളിൽ വൻതുക കോഴവാങ്ങിയും ജീവനക്കാരുടെ പ്രൊമോഷനിൽ അഴിമതി നടത്തിയും കീഴുദ്യോഗസ്ഥരെ അടിമകളായി കണ്ട്, സ്വന്തം സാമ്രാജ്യമായി ദക്ഷിണ റയിൽവേയുടെ പാലക്കാട് ഡിവിഷൻ അടക്കിഭരിച്ചിരുന്ന കാലം. മേലുദ്യോഗസ്ഥർക്കുപോലും അവരെ ഭയമായിരുന്നു. അവിടേക്കാണ് രാമചന്ദ്രന്റെ വരവ്. പലതരത്തിൽ വേട്ടയാടിയും ആക്രമിച്ചും തുരത്താൻ ശ്രമിച്ചിട്ടും രാമചന്ദ്രൻ വിട്ടുകൊടുത്തില്ല. ഐക്യതമിഴകപ്രസ്ഥാനത്തിന്റെയും തമിഴ് ഈഴത്തിന്റെയും പ്രവർത്തകനായിരുന്ന തമിഴരശൻ രാമചന്ദ്രനെ ആക്രമിച്ച പാട്രിക്കിനെ ജനകീയവിചാരണ ചെയ്തതോടെ മൂവർസംഘം രാമചന്ദ്രനെതിരെ രണ്ടും കല്പിച്ചു നീക്കം തുടങ്ങുന്നു.

അക്കാലത്താണ്, ഒരു കരാറുകാരനിൽനിന്ന് വൻതുക കൈക്കൂലി വാങ്ങിയതിന്റെ പേരിൽ ദക്ഷിണ റയിൽവേ പിരിച്ചുവിട്ട സിഗ്നൽ ഇൻസ്‌പെക്ടർ രവിചന്ദ്രനും ടെലികമ്യൂണിക്കേഷൻ എഞ്ചിനീയർ സണ്ണി എബ്രഹാമും രംഗത്തുവരുന്നത്. മദ്യത്തിനടിമയായി അലയുകയായിരുന്നു രവിചന്ദ്രനെങ്കിൽ അമേരിക്കയിൽ റയിൽവേ സിഗ്നലിംഗിന്റെ സാങ്കേതിക ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു ആഗോള കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനായിക്കഴിഞ്ഞിരുന്നു സണ്ണി. മനഃപൂർവം തീവണ്ടിയപകടങ്ങൾ സൃഷ്ടിച്ചുമാത്രമേ സാങ്കേതികവിപ്ലവത്തിലേക്ക് റയിൽവേയെ നയിക്കാൻ കഴിയൂ എന്ന വിചിത്രവും ദുരൂഹവുമായ കാഴ്ചപ്പാട് നടപ്പാക്കാൻ, ഇന്ത്യൻ റയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥരെ വിലയ്ക്കുവാങ്ങാൻ തുനിഞ്ഞിറങ്ങിയ സണ്ണി നായിക്കിനടുത്തെത്തുന്നു. നായിക്ക് പാട്രിക്കും ഭാസ്‌കരപിള്ളയുമായി ചേർന്നാലോചിച്ച് ദക്ഷിണറയിൽവേയിൽ ഒരു വലിയ അപകടം ആസൂത്രണം ചെയ്യാൻ തീരുമാനിക്കുന്നു. രാമചന്ദ്രനെ തകർക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്ന മൂവർസംഘത്തിന് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. സണ്ണി വാഗ്ദാനം ചെയ്ത വൻതുക കൈപ്പറ്റി, രവിചന്ദ്രന്റെ സാങ്കേതിക സഹായത്തോടെ ഡാനിഷ്‌പ്പെട്ട് സ്റ്റേഷൻപരിധിയിൽ അവർ സൃഷ്ടിച്ച അപകടമായിരുന്നു രാമചന്ദ്രന്റെ വീഴ്ചയായി റയിൽവേ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് പരുക്കേറ്റുകിടന്ന യാത്രക്കാരെ കൊള്ളയടിച്ച പാട്രിക്കും കൂട്ടരും തങ്ങളെ തിരിച്ചറിഞ്ഞ തോമസിനെ മാത്രമല്ല പരുക്കേറ്റവരെ ചികിത്സിച്ച ഡോക്ടർ ഏണസ്റ്റിനെയും വെറുതെ വിട്ടില്ല. പാട്രിക്കിനെതിരെ മൊഴികൊടുക്കും എന്നു പറഞ്ഞ ഏണസ്റ്റിന്റെ ഒരു കൈ അവർ വെട്ടിയെടുത്തു.

രാമചന്ദ്രന്റെ ആത്മഹത്യയോടെ ഡാനിഷ്‌പ്പെട്ട് അപകടം എല്ലാവരും മറന്നു. പക്ഷെ ആ ദുരന്തത്തിന്റെ യഥാർഥ ഇരകളായി മാറിയ രാമചന്ദ്രന്റെയും തോമസിന്റെയും ഏണസ്റ്റിന്റെയും മക്കൾ അതു മറന്നില്ല. ജ്വാലക്കും അരവിന്ദിനും പിന്തുണയുമായി ഏണസ്റ്റിന്റെ മകൻ അഡ്വ. വിക്ടറും ജ്വാലയുടെ സഹോദരൻ, യുഎസിൽ ജോലിചെയ്യുന്ന ജിമ്മിയും രംഗത്തുവന്നു. പാട്രിക്കും കൂട്ടരും പണ്ട് വേട്ടയാടിയ അനന്തരാമൻ എന്ന സത്യസന്ധനായ പൊലീസ് കോൺസ്റ്റബിളിന്റെ മകൾ അരുണയായിരുന്നു സേലം എഎസ്‌പി. അരവിന്ദും ജ്വാലയുമായി സംസാരിച്ച് അരുണ മുഴുവൻ കഥകളും മനസിലാക്കി പഴയ അപകടത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സമാന്തരമായി ജ്വാല പത്രത്തിൽ തന്റെ കണ്ടെത്തലുകൾ പരമ്പരയായി പ്രസിദ്ധീകരിച്ചും തുടങ്ങി. റിട്ടയർമെന്റിനുശേഷം വലിയ സാമ്പത്തികസ്ഥിതിയിലും രാഷ്ട്രീയസ്വാധീനത്തിലും ഗുണ്ടാപിൻബലത്തിലും കഴിഞ്ഞിരുന്ന മൂവരെയും അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിലെത്തിക്കുന്നു, അരുണ. ജ്വാലയും അരുണയും തമ്മിലുടലെടുക്കുന്ന പ്രണയവും പഴയ ഇരകളുടെ അവശേഷിച്ച കുടുംബങ്ങളുടെ കൂടിച്ചേരലും സമാന്തരമായി സംഭവിക്കുന്നു.

മൂന്നുഭാഗങ്ങളായാണ് നോവലിന്റെ കഥാനിർവഹണം നടക്കുന്നത്. ഒന്നാം ഭാഗം 2020ൽ കോവിഡ് കാലത്ത് സംഭവിക്കുന്ന ജ്വാലയുടെ അന്വേഷണാത്മക പത്രപ്രവർത്തനവും അരവിന്ദിന്റെ ഉദ്യോഗലബ്ധിയും അവരുടെ കണ്ടുമുട്ടലും അതേത്തുടർന്നാരംഭിക്കുന്ന കുറ്റാന്വേഷണത്തിന്റെ ഒന്നാം ഘട്ടവുമാണ്. പശ്ചാത്തലമായി രാമചന്ദ്രന്റെ ആത്മഹത്യയും അപകടത്തിന്റെ സാമാന്യ സൂചനയും കൂടിയുണ്ട്.

രണ്ടാം ഭാഗം സുരേഷ് സൂക്ഷിച്ചുവച്ചിരുന്ന രാമചന്ദ്രന്റെ ഡയറിക്കുറിപ്പുകളാണ്. 'ചതിയുടെ പിന്നാമ്പുറങ്ങൾ' എന്ന പേരിൽ രാമചന്ദ്രൻ ആത്മഹത്യ ചെയ്യും മുൻപ് എഴുതിയ പതിനൊന്നു ഭാഗങ്ങളുള്ള ദീർഘമായ ഈ അനുഭവക്കുറിപ്പുകളാണ് സംഭവിച്ച കാര്യങ്ങളിലേക്കുള്ള മുഴുവൻ വാതിലുകളും തുറന്നിടുന്നത്. പാട്രിക്, നായിക്, ഭാസ്‌കരപിള്ള എന്നിവർ എന്തുകൊണ്ട് തനിക്കെതിരായി എന്നതിന്റെ യഥാർഥ വിവരങ്ങൾ രാമചന്ദ്രൻ എഴുതിവച്ചിരുന്നു. അരവിന്ദും ജ്വാലയും അരുണയും തങ്ങളുടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതും കലൈശെൽവി അത് പൂരിപ്പിക്കുന്നതും ഈ കുറിപ്പുകളിൽ നിന്നാണ്.

മൂന്നാം ഭാഗം കേസന്വേഷണത്തിന്റെ നാൾവഴികളും പരിണതികളുമാണ്. കണ്ണികൾ കൂട്ടിയിണക്കി, രാജ്യാന്തരവ്യാപ്തിയുള്ള റയിൽവേ സാങ്കേതികവ്യവസായമാഫിയയുടെ നീരാളിക്കൈകൾ കണ്ടെത്തി അരുണയും സംഘവും കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്നു. പ്രതികളെ കയ്യാമം വയ്ക്കുന്നു.

'ഇന്ത്യ എന്ന രാജ്യത്തിന്റെ കൃത്യമായൊരു പരിച്ഛേദമാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിന്മകളും റെയിൽവേയിലുമുണ്ട്. അധികാരത്തോടുള്ള ഒടുങ്ങാത്ത ആർത്തിയും അത് നേടാനും നേടിയാൽ നിലനിർത്താനുമുള്ള ശ്രമങ്ങളും റെയിൽവേ സംവിധാനത്തിന്റെ എല്ലാ തലങ്ങളിലും കാണാം. പല ജീവനക്കാരും ഒരേസമയം ഇരയും വേട്ടക്കാരനുമാണ്. ക്രൂരനായ മേലുദ്യോഗസ്ഥന്റെ മുമ്പിൽ ഭയത്തോടെയും വിധേയത്വത്തോടെയും നിൽക്കുന്നവർ തന്റെ കീഴ്ജീവനക്കാരോട് അതിലും ക്രൂരമായിട്ടാണ് പെരുമാറുന്നത്. അധികാരം സൃഷ്ടിക്കുന്ന ഈ വയലൻസ് സ്വാഭാവികമായി പൊതുജനങ്ങളെയും ബാധിക്കുന്നു. രാജ്യമൊട്ടാകെ പരന്നുകിടക്കുന്നതുകൊണ്ടും സദാ ചലിച്ചുകൊണ്ടിരിക്കുന്നതു കാരണവും റെയിൽവേയിലെ ഹിംസാത്മകമായ അന്തരീക്ഷത്തെ മാറ്റിയെടുക്കുക അസാധ്യമാണ്. ഇന്ത്യാ മഹാരാജ്യം പോലെതന്നെയാണ് ഇന്ത്യൻ റെയിൽവേയും. അത് നന്നാക്കാൻ ശ്രമിക്കുന്നവർക്ക് രക്തസാക്ഷികളാകേണ്ടി വരും'.

ഇന്ത്യൻ റയിൽവേയുടെ സാങ്കേതിക, സാമ്പത്തിക രാഷ്ട്രീയങ്ങൾ മുൻനിർത്തിയെഴുതപ്പെട്ട ഒരു ഡോക്യുഫിക്ഷനാണ് 'പച്ച മഞ്ഞ ചുവപ്പ്'. തന്റെ സ്ഥാപനത്തിൽ നിലനിൽക്കുന്ന ബ്യൂറോക്രാറ്റിക് അഴിമതിക്കെതിരെ രാമചന്ദ്രൻ എഴുതി കലൈശെൽവിയുമൊത്ത് അവതരിപ്പിക്കുന്ന തെരുവുനാടകത്തിന്റെ പേരാണ് പച്ച മഞ്ഞ ചുവപ്പ്. നോവലിനുള്ളിലെ നാടകം. ബ്യൂറോക്രസിയുടെ കെട്ടുപാടുകൾപോലെതന്നെ ഈ നോവൽ റയിൽവേയുടെ കരിപുരണ്ട ചരിത്രമപഗ്രഥിക്കാനുപയോഗിക്കുന്ന മറ്റൊരു ഘടകം ഇന്ത്യൻ റയിൽവേ എന്ന സ്ഥാപനം നശിച്ചാലും വേണ്ടില്ല തങ്ങളുടെ വരുമാനം കൂടിയാൽ മതി എന്നാഗ്രഹിക്കുന്ന ജീവനക്കാരുടെ സംഘടനകൾ നടത്തുന്ന കുത്സിത നീക്കങ്ങളാണ്. യൂണിയൻ നേതാവ് ദേവസഹായം ഒരു മാഫിയാത്തലവനെപ്പോലെയാണ് ജീവിക്കുന്നത്. മൂന്നാമത്തെയും നാലാമത്തെയും ഘടകങ്ങളാണ് ഏറ്റവും അപകടകരമായവ. ചരക്കുനീക്കത്തിന്റെയും തീവണ്ടിസമയക്രമീകരണത്തിന്റെയും രംഗങ്ങളിൽ നിലനിൽക്കുന്ന അധോലോകസമാനമായ സംവിധാനവും സാങ്കേതിക ഉപകരണങ്ങളുടെയും വിദ്യകളുടെയും വാങ്ങലിലും നടപ്പാക്കലിലും സ്വാധീനം ചെലുത്തുന്ന ആഗോള വ്യവസായ ഭീമന്മാരും. വായിക്കുക:

'ജ്വാല ഉടനെ ചേട്ടനെ വിളിച്ചു. ജിമ്മി അവൾ വിളിക്കുന്നത് കാത്തിരിക്കുകയായിരുന്നു.

'ജ്വാല നീ പറഞ്ഞ സണ്ണി എബ്രഹാമിനെക്കുറിച്ച് ഞാൻ അന്വേഷിച്ചു. അയാളിപ്പോൾ റെയിൽവേ സിഗ്നലിങ് ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു ജാപ്പനീസ് ബഹുരാഷ്ട്രകമ്പനിയിലെ മാർക്കറ്റിങ് ടീമിലാണ്. ഹെഡ്ക്വാർട്ടേഴ്‌സ് ന്യൂയോർക്കാണെങ്കിലും ഇന്ത്യയിലെ ബിസിനസ്സ് വർദ്ധിപ്പിക്കാനാണ് കമ്പനി അയാളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. തൊണ്ണൂറുകളിൽ, ഇപ്പോഴത്തെ ETCS ഒക്കെ വരുന്നതിനു മുമ്പ്, വണ്ടികൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള ഉപകരണങ്ങൾ ആ കമ്പനി നിർമ്മിക്കാൻ തുടങ്ങിയിരിക്കുന്നു. ലോകത്തിലെ പ്രധാനപ്പെട്ട റെയിൽവേ കമ്പനികളെല്ലാം അത്തരം ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന കാലമായിരുന്നു അത്. എന്നാൽ ഇന്ത്യൻ റെയിൽവേയിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. അല്ലെങ്കിലും പ്രധാനപ്പെട്ട സ്ഥാനങ്ങളിലൊന്നും ശാസ്ത്രജ്ഞരില്ലാത്ത ഇന്ത്യൻ റെയിൽവേയുടെ RDSO (Research, Design and Standards Organosation) വിദേശ കമ്പനികളിൽനിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനുള്ള ഏജൻസി മാത്രമാണല്ലോ. അതുകൊണ്ട് ഈ രംഗത്ത് പ്രവർത്തിക്കുന്ന ഗ്ലോബൽ കമ്പനികളെല്ലാം ഇന്ത്യൻ റെയിൽവേയെന്ന വലിയ മാർക്കറ്റ് മുന്നിൽ കണ്ടിരുന്നു'.

'ഇന്ത്യൻ റെയിൽവേയെന്ന മാർക്കറ്റോ?'

'അതെ. ഇന്ത്യയിൽ ലിബറലൈസേഷൻ തുടങ്ങുന്ന കാലമായിരുന്നു അത്. ലോകം മുഴുവൻ ഇന്ത്യയിലെ മാർക്കറ്റിങ് സാധ്യതകൾ പഠിക്കുന്ന സമയം. ആന്റി കോളിഷൻ ഡിവൈസുകളുടെ ആവശ്യകതയെപ്പറ്റി ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് അന്ന് ഗൗരവമായി ചിന്തിച്ചുതുടങ്ങിയിരുന്നില്ല. ആ സാഹചര്യത്തിലാണ് തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ ഗുരുതരമായ ചില ആക്‌സിഡന്റുകൾ നടക്കുന്നത്. ഫിറോസാബാദ്, ഗെയ്‌സാൾ എന്നിങ്ങനെ മുന്നൂറും നാനൂറും പേർ കൊല്ലപ്പെട്ട ആക്‌സിഡന്റുകൾ എല്ലാം ഹ്യൂമൻ എറർ കാരണം തീവണ്ടികൾ കൂട്ടിയിടിച്ച അപകടങ്ങളായിരുന്നു. അതിലാദ്യത്തേതായിരുന്നു ലോക്കൂർ ആക്‌സിഡന്റ്. നെല്ലൈ എക്സ്‌പ്രസ്സിൽ യാത്രക്കാർ അധികമില്ലാത്തതുകൊണ്ടു മാത്രമാണ് മരണസംഖ്യ കുറവായത്. അതോ മരിച്ചവരുടെ മുഴുവൻ കണക്കും പുറത്തുവരാത്തതുകൊണ്ടോ? ഈ അപകടങ്ങൾക്കു പുറകിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടാവാം'.

'ശരിയാണ്, തൊണ്ണൂറുകളിലെ തുടർച്ചയായ ആക്‌സിഡന്റുകൾക്കു പുറകിൽ ഒരന്താരാഷ്ട്ര ഗൂഢാലോചനയ്ക്കുള്ള സാധ്യതയുണ്ട്. റെയിൽവേ സേഫ്ടി ഇപ്പോൾ പതിനായിരക്കണക്കിന് കോടി രൂപയുടെ ബിസിനസ്സല്ലേ? പക്ഷേ, അത് തെളിയിക്കാൻ എളുപ്പമായിരിക്കില്ല'.

'ഞാനൊരു സംശയം പറഞ്ഞെന്നേയുള്ളൂ. പുതിയതായി ഡെവലപ്പ് ചെയ്‌തൊരു റെയിൽവേ സേഫ്ടി ഡിവൈസ് പേറ്റെന്റെടുത്ത് മാർക്കറ്റ് ചെയ്യാൻ വേണ്ടിയെന്ന വ്യാജേനയാണ് ഞാൻ സണ്ണി എബ്രഹാമിനെ വിളിച്ചത്. ഞാൻ വളരെ സങ്കീർണ്ണമായി ഒരു ആശയം അയാളുടെ മുമ്പിൽ അവതരിപ്പിച്ചു. മലയാളിയല്ലേ, MIT പ്രൊഫസറാണെന്നു കേട്ടതോടെ വീണു. എന്നോട് വലിയ ബഹുമാനമായി. പുള്ളി ഇന്ത്യൻ റെയിൽവേയിൽ ചീഫ് സിഗ്നൽ ആൻഡ് ടെലിക്കമ്മ്യൂണിക്കേഷൻ എൻജിനീയറായിരുന്നുവെന്ന് പറഞ്ഞു. വിദേശത്തുനിന്ന് മികച്ച ഓഫർ കിട്ടിയപ്പോൾ രാജിവെച്ച് പോന്നതാണെത്രേ. കൂടുതൽ സംസാരിച്ചപ്പോൾ സേഫ്ടി ടെക്‌നോളജിയിൽ കഴുത്തറപ്പൻ മത്സരമാണെന്നും മാന്യമായ രീതിയിൽ ഒരു സാധനവും മാർക്കറ്റ് ചെയ്യാൻ പറ്റില്ലെന്നും പറഞ്ഞു. അതിന്റെകൂടെ 'ആന്റി കൊളിഷൻ ഡിവൈസ് വിൽക്കണമെങ്കിൽ നമ്മളാദ്യം കൊളിഷനുണ്ടാക്കേണ്ട സ്ഥിതിയാണ്' എന്നൊരു തമാശയും. ഞാനപ്പോൾ കൊങ്കൺ റെയിൽവേ ഇങഉ രാജാറാം പേറ്റെന്റെടുത്ത ACD (Anti Collission Device)യുടെ കാര്യമെടുത്തിട്ടു. പുള്ളി ഭയങ്കര ചിരി. പിന്നെ, 'അതൊക്കെ ചീറ്റിപ്പോയില്ലേ?' എന്നൊരു മറുചോദ്യവും. 'ഞങ്ങൾക്ക് ഋഠഇട വിൽക്കാനുള്ള മാർക്കറ്റിങ്ങിനെ വിട്ടുകൊടുക്കാൻ പറ്റുമോ? നല്ലൊരു സംഖ്യ പൊട്ടിയെങ്കിലും അതിനെയങ്ങ് ഒതുക്കി. സാറിന്റെ ഐറ്റം മാർക്കറ്റ് ചെയ്യാനും അങ്ങനെ ചില കളികൾ കളിക്കേണ്ടിവരും' എന്നു കേട്ടതോടെ പുള്ളിയുടെ പ്രവർത്തനശൈലിയെനിക്ക് മനസ്സിലായി. അടുത്തയാഴ്ച ബോസ്റ്റണിൽ വരുന്നുണ്ടെന്നും അപ്പോൾ ബാക്കി കാര്യങ്ങൾ നേരിട്ട് സംസാരിക്കാമെന്നും പറഞ്ഞ് ഫോൺ വെച്ചു'.

'അത് നന്നായി. അടുത്തയാഴ്ച വരുമ്പോൾ കൂടുതൽ കാര്യങ്ങളറിയാൻ ശ്രമിക്ക്.'

'ഞാൻ പറഞ്ഞുകഴിഞ്ഞില്ല ജ്വാല. അയാൾ പത്തു മിനിട്ട് കഴിഞ്ഞപ്പോൾ എന്നെ തിരിച്ചു വിളിച്ചു. സെഫ്ടി ഡിവൈസിന്റെ കാര്യം സീനിയർ വൈസ് പ്രസിഡന്റുമായി സംസാരിച്ചുവെന്നും അവർക്ക് താത്പര്യമുണ്ടെന്നും പറഞ്ഞു. അതിനുശേഷമാണ് നാടും വീടുമൊക്കെ ചോദിച്ച് വിശദമായി പരിചയപ്പെടുന്നത്. സേലത്താണ് ജനിച്ചുവളർന്നതെന്നു കേട്ടപ്പോൾ പാട്രിക്ക് കരുണാകരനെ അറിയാമോയെന്നായി. ഞാൻ പാട്രിക്ക് അങ്കിൾ ഡാഡിയുടെ ഫ്രണ്ടായിരുന്നുവെന്ന് പറഞ്ഞു. പുള്ളിക്കത് കേട്ടപ്പോൾ വലിയ സന്തോഷമായി. പാട്രിക്കിപ്പോൾ ഒരു പ്രശ്‌നത്തിൽ പെട്ടുകിടക്കുകയാണെന്നും സഹായിക്കാൻ തമിഴ്‌നാട് പൊലീസിൽ വല്ലവരുമുണ്ടോയെന്നും ചോദിച്ചു. പണമെത്രവേണമെങ്കിലും മുടക്കാമത്രേ. ഞാൻ പരിചയമുള്ളൊരു IPS ഓഫീസറുണ്ട് ശ്രമിച്ചുനോക്കാമെന്ന് പറഞ്ഞു. എന്നാലുടനെ ബോസ്റ്റണിലേക്ക് വരികയാണെന്നു പറഞ്ഞ സണ്ണി എബ്രഹാം നാലര മണിക്കൂർ ഡ്രൈവ് ചെയ്ത് ഇവിടെയെത്തി'.

'എന്നിട്ട്?'

'പാട്രിക്കിന്റെ പ്രശ്‌നം വിശദമായി സംസാരിച്ചു. ആ ആക്‌സിഡന്റുൾപ്പെടെ മൂന്ന് മേജർ ആക്‌സിഡന്റുകൾ ഇന്ത്യൻ പൊതുസമൂഹത്തിൽ ഭീതി ജനിപ്പിക്കാൻവേണ്ടി അവരുടെ കമ്പനി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണത്രേ. അതിനുശേഷമാണ് ഇന്ത്യൻ റെയിൽവേ ഒരു 17000 കോടി രൂപയുടെ പ്രത്യേക സേഫ്ടി ഫണ്ട് ഉണ്ടാക്കുന്നത്. 2017-ൽ ആ ഫണ്ട് ഒരുലക്ഷം കോടി രൂപയായി വർദ്ധിപ്പിച്ചു. ഈ കാലയളവിൽ അയാളുടെ കമ്പനിക്ക് ഇന്ത്യയിലെ ബിസിനസ്സ് 67 ഇരട്ടിയായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു. അതുകൊണ്ട് പാട്രിക്കിനെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്വം കമ്പനിക്കുണ്ട്. സണ്ണി പറയുന്നതിൽ എത്രമാത്രം സത്യമുണ്ടെന്നറിയില്ല. എന്നോട് ഉടനെ സേലത്തെ IPS ഓഫീസറെ വിളിക്കാമോയെന്ന് ചോദിച്ചു. ഞാൻ നയത്തിൽ ഒഴിഞ്ഞുമാറി. ഇന്നെപ്പോഴെങ്കിലും സൗകര്യമായി വിളിക്കാമെന്ന് ഉറപ്പ് പറഞ്ഞതിനുശേഷമാണ് സണ്ണി എബ്രഹാം മടങ്ങിപ്പോയത്'.

ഡോക്യുഫിക്ഷൻ എന്ന നിലയിലേക്ക് ഈ നോവലിനെ മാറ്റുന്ന നിരവധി ഘടകങ്ങളുണ്ട്. യഥാർഥ തീവണ്ടിയപകടത്തിന്റെ പശ്ചാത്തലം മുതൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസി(MIDS)ന്റെയും റയിൽവേ ഓഫീസുകളുടെയും വസ്തുനിഷ്ഠവിവരണങ്ങൾ വരെ ഒരുവശത്ത്. പാലക്കാട് റയിൽവേ ഡിവിഷന്റെ റയിൽഗതാഗത, ചരക്കുനീക്കഘടന മുതൽ സേലത്തിനടുത്തുള്ള സത്യമംഗലം കാടുകളിൽ ജീവിച്ചിരുന്ന വീരപ്പന്റെ നേർസാന്നിധ്യം വരെ മറ്റൊരുവശത്ത്. ഐക്യതമിഴകത്തിന്റെയും തമിഴ് ഈഴത്തിന്റെയും ഇടപെടലുകൾ ഇനിയുമൊരു വശത്ത്. ഈ ഘടകങ്ങളെയൊക്കെ മറികടക്കുന്ന രണ്ട് പ്രോജക്ടുകളുടെ അതിദീർഘമായ വിവരണവും അവതരണവുമാണ് പച്ച മഞ്ഞ ചുവപ്പിന്റെ ആഖ്യാനത്തെയും റയിൽവേരാഷ്ട്രീയത്തെയും രാമചന്ദ്രന്റെ ജീവിതത്തെയും വഴിതിരിച്ചുവിടുന്നവ.

കൊച്ചിൻ റിഫൈനറിയിൽനിന്നുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ നീക്കത്തിൽ റയിൽവേ സംവിധാനത്തിൽ നിലനിൽക്കുന്ന വൻ പരാജയങ്ങൾ മറികടക്കാൻ കൗശിക് എന്ന ദക്ഷിണ റയിൽവേ ഉന്നതന്റെ നിർദ്ദേശത്തിൽ രാമചന്ദ്രൻ തയ്യാറാക്കി അവതരിപ്പിക്കുന്ന റിപ്പോർട്ടാണ് ഒന്ന്. ദക്ഷിണ റയിൽവേയുടെ മുഖഛായതന്നെ മാറ്റാൻ കഴിയുംവിധം റയിൽവേ ടൈംടേബിൾ അടിമുടി പരിഷ്‌ക്കരിച്ച് തയ്യാറാക്കാൻ രാമചന്ദ്രൻ മുന്നോട്ടുവയ്ക്കുന്ന റിപ്പോർട്ടാണ് മറ്റൊന്ന്. ഇവ രണ്ടുമാകട്ടെ, ടി.ഡി. രാമകൃഷ്ണൻ തന്റെ സർവീസിൽ ചെയ്ത പ്രോജക്ടുകൾ തന്നെയാണ്. നോവലിൽ രാമചന്ദ്രനു കിട്ടിയ റയിൽവേബോർഡ് പുരസ്‌കാരം ഇവയിലൊന്നിന്റെ പേരിൽ രാമകൃഷ്ണനു കിട്ടിയതുമാണ്. നോവലിലെന്നപോലെ രാമകൃഷ്ണന്റെ അനുഭവത്തിലും റയിൽവേ ഇവ നടപ്പാക്കാൻ താൽപര്യമൊന്നും കാണിച്ചില്ല എന്ന യാഥാർഥ്യം ബാക്കിനിൽക്കുകയും ചെയ്യുന്നു.

'ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ദൗത്യത്തിനാണ് നിങ്ങളെ ഇങ്ങോട്ട് വിളിച്ചിരിക്കുന്നത്. ഇത്തവണത്തെ ടൈംടേബിൾ റിവിഷൻ എല്ലാ കൊല്ലത്തെയുംപോലെ വെറുമൊരു ചടങ്ങല്ല. റെയിൽവേ ഇതുവരെ നേടിയ സാങ്കേതികപുരോഗതിയുടെ പ്രയോജനം പൂർണ്ണമായി പ്രതിഫലിക്കുന്ന സമയപരിഷ്‌കരണമാണ് നമ്മൾ നടപ്പാക്കാൻ പോകുന്നത്. റെയിൽവേമന്ത്രി ധീരതയോടെ അങ്ങനെയൊരു ആശയം അവതരിപ്പിച്ചപ്പോൾ ഈ വർഷം തന്നെയത് നടപ്പാക്കാമെന്നു പറഞ്ഞത് ഞാൻ നിങ്ങളെ മനസ്സിൽ കണ്ടുകൊണ്ടായിരുന്നു.

1839-ൽ ജോർജ്ജ് ബ്രാഡ്ഷാ പ്രസിദ്ധീകരിച്ച ആദ്യത്തെ റെയിൽവേ ടൈംടേബിൾ മുതലുള്ള റെയിൽവേ ടൈംടേബിളുകളുടെ ചരിത്രം നിങ്ങൾക്കറിയാമല്ലോ. ആ ചരിത്രം തിരഞ്ഞുപോയാൽ ടൈംടേബിളിന്റെ ഡിസൈൻ, പ്രിന്റിങ്, അതിലുൾപ്പെടുത്തുന്ന അനുബന്ധവിവരങ്ങൾ മുതലായ കാര്യങ്ങളിലേക്കാണ് നമ്മളെത്തുക. പ്രിന്റിങ് ടെക്‌നോളജിയിലും വിവരസാങ്കേതികവിദ്യയിലുമുണ്ടായ മുന്നേറ്റങ്ങളുപയോഗിച്ച് അക്കാര്യങ്ങളിൽ ഇന്ന് പല അത്ഭുതങ്ങളും ചെയ്യാൻ കഴിയും. ആ രംഗത്തെ വിദഗ്ധരെ അതേൽപ്പിച്ചിട്ടുണ്ട്. നിങ്ങൾ ചിന്തിക്കേണ്ടത് ടൈംടേബിളിൽ പ്രിന്റ് ചെയ്യാൻ പോകുന്ന സമയം കണക്കാക്കുന്നതിനെക്കുറിച്ചു മാത്രമാണ്. അത് കൃത്യവും പ്രായോഗികവും യാത്രക്കാർക്ക് പ്രയോജനപ്രദവുമായിരിക്കണം. അതേസമയം കൂടുതൽ വേഗതയിൽ വണ്ടിയോടിക്കാൻ നമ്മാളാർജ്ജിച്ച കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം. ചുരുക്കിപ്പറഞ്ഞാൽ റെയിൽവേ ടൈംടേബിളിനെക്കുറിച്ച് നിലവിലുള്ള ധാരണകൾ പൂർണ്ണമായി മാറ്റിവെച്ച് നിങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കണം.

നമ്മുടെ തീവണ്ടികൾ എപ്പോഴും ലേറ്റായിട്ടാണ് ഓടുക എന്നൊരു വിശ്വാസം ജനങ്ങൾക്കുണ്ട്. അതൊരു പരിധിവരെ ശരിയുമാണ്. തെറ്റായ ടൈംടേബിളാണതിന്റെ പ്രധാന കാരണം. നമ്മൾ ടൈംടേബിളിൽ വളരെയധികം കവറപ്പ് ടൈം കൊടുക്കുന്നുണ്ട്. അത് മിക്കവാറും അവസാനത്തെ സ്റ്റേഷനു തൊട്ടുമുമ്പിലോ അല്ലെങ്കിൽ, സെക്ഷനുകൾക്കൊടുവിലോ ആയിരിക്കും. മറ്റ് സ്റ്റേഷനുകളിൽ പ്രായോഗികമായി അത്ര സാദ്ധ്യമല്ലാത്തൊരു സമയം കൊടുക്കുകയും ചെയ്യും. ആ സ്റ്റേഷനുകളിലെല്ലാം അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ വൈകിയോടുന്ന വണ്ടി ലക്ഷ്യസ്ഥാനത്തു മാത്രം സമയത്തിനെത്തും. നമ്മുടെ പങ്ച്വാലിറ്റി റിപ്പോർട്ട് പ്രകാരം ആ ട്രെയിൻ കൃത്യസമയം പാലിച്ചിരിക്കും. ഇടയ്ക്കുള്ള സ്റ്റേഷനുകളിലെ യാത്രക്കാർ എന്നും മണിക്കൂറുകളോളം വണ്ടി കാത്തിരിക്കേണ്ടിവരും. അങ്ങനെ ജനങ്ങൾ വണ്ടി കാത്തിരിക്കുന്ന സമയം രാജ്യത്തിന്റെ മനുഷ്യവിഭവശേഷിയിൽ തന്നെ വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്.

നിങ്ങൾ ഒരു വണ്ടിയുടെ സമയം നിശ്ചയിക്കുമ്പോൾ അടുത്ത ഒരു വർഷത്തേക്ക് ആ വണ്ടിയിൽ യാത്രചെയ്യുന്ന യാത്രക്കാരുടെ ജീവിതമാണ് നിശ്ചയിക്കുന്നത്. വളരെ ഉത്തരവാദിത്വത്തോടെ നിർവഹിക്കേണ്ട ജോലിയാണത്. കാരണം യാത്രചെയ്യുന്ന സമയംകൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല. ഭാവിയിൽ ചിലപ്പോൾ ആ സമയം പ്രയോജനപ്പെടുത്താവുന്ന സാങ്കേതിക മുന്നേറ്റങ്ങൾ ഉണ്ടായേക്കാം. ഇപ്പോൾ ആളുകൾ യാത്രചെയ്യുന്നത് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്ത് പോയി തങ്ങളുടെ ജോലിയോ മറ്റ് കാര്യങ്ങളോ ചെയ്യാനാണ്. ചില ടൂറിസ്റ്റുകളൊഴികെ ആരും യാത്ര ആസ്വദിക്കാൻവേണ്ടി യാത്ര ചെയ്യുന്നവരല്ല. അവർ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്താനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് സാധ്യമായത്ര വേഗതയിൽ നമ്മൾ വണ്ടികളോടിക്കണം. അതേസമയം സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു വീഴ്ചയും ഉണ്ടാവുകയുമരുത്.

ഈ അവസരത്തിൽ നമ്മുടെ റെയിൽവേയിലെ ചില ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. മണിക്കൂറിൽ 100 കിലോമീറ്റർ പരമാവധി വേഗതയിൽ വണ്ടികളോടിക്കാവുന്ന പല റൂട്ടുകളിലും നമ്മുടെ എക്സ്‌പ്രസ്സ് ട്രെയിനുകളുടെ ശരാശരി വേഗത നാല്പതോ അമ്പതോ കിലോമീറ്ററാണ്. മുപ്പത് കിലോമീറ്റർ ശരാശരി വേഗതയുള്ള എക്സ്‌പ്രസ്സുകൾപോലും സതേൺ റെയിൽവേയിലുണ്ട്. ശരാശരി വേഗത വെറും അമ്പത്തിയഞ്ച് കിലോമീറ്ററുള്ള വണ്ടികളെയാണ് നമ്മൾ സൂപ്പർ ഫാസ്റ്റെന്ന് വിളിക്കുന്നത്. അത് യാത്രക്കാരെ കബളിപ്പിക്കലാണ്. എക്സ്‌പ്രസ്സ് വണ്ടികളുടെ ശരാശരി വേഗത അറുപത് കിലോമീറ്ററും സൂപ്പർഫാസ്റ്റ് വണ്ടികളുടേത് 75 കിലോമീറ്റുമെങ്കിലും വേണം. പാസഞ്ചർ ട്രെയിനുകൾ 50 കിലോമീറ്റർ വേഗതയിൽ ഓടണം. ഇന്നത്തെ സൗകര്യങ്ങളും സാങ്കേതികവിദ്യയുമനുസരിച്ച് അത് സാധ്യമാണ്. അപ്പോൾ നമുക്ക് കൂടുതൽ വണ്ടികളോടിക്കാനും കഴിയും. അതിന് റണ്ണിങ് ടൈമിനെക്കുറിച്ചും ടൈംടേബിളിനെക്കുറിച്ചുമുള്ള നമ്മുടെ മനോഭാവം മാറ്റിയേ പറ്റൂ. നിസാർ അതിനെക്കുറിച്ച് നടത്തിയിട്ടുള്ള പഠനങ്ങൾ വളരെ ശ്രദ്ധേയമാണ്. അത് നിങ്ങൾ ഉപയോഗപ്പെടുത്തണം. അങ്ങനെ നിലവിലുള്ള തെറ്റായ ടൈംടേബിൾ പൊളിച്ചെഴുതുകയെന്നതാണ് നിങ്ങളുടെ ദൗത്യം.

എല്ലാ സ്റ്റേഷനുകളിലെയും യാത്രക്കാരെ ഒരുപോലെ പരിഗണിക്കുന്ന ടൈംടേബിളാണ് നമുക്ക് വേണ്ടത്. കമ്യൂട്ടേഴ്‌സിന് കാലത്തും വൈകിട്ടും ജോലിക്ക് പോയിവരാൻ ബുദ്ധിമുട്ടുണ്ടാകരുത്. ദീർഘദൂരയാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്തണം. എക്സ്‌പ്രസ്സ് ട്രെയിനുകൾ പ്രധാന സ്റ്റേഷനുകളിലും സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ ജില്ലാ ആസ്ഥാനങ്ങളിലും മാത്രം നിർത്തിയാൽ മതി. ബാക്കി കാര്യങ്ങളെല്ലാം ഞാൻ നിങ്ങൾക്ക് വിട്ടുതരുന്നു. രണ്ടോ മൂന്നോ ആഴ്ചകൾകൊണ്ട് നിങ്ങളൊരു രൂപരേഖയുണ്ടാക്കൂ. പിന്നെ നമുക്കതെങ്ങനെ മെച്ചപ്പെടുത്താമെന്ന് നോക്കാം. ഈ ജോലി ഏറ്റവും നന്നായി ചെയ്യാൻ കഴിവുള്ളവരാണ് നിങ്ങളെന്ന് എനിക്ക് വിശ്വാസമുണ്ട്. ആൾദി ബെസ്റ്റ്'.

രണ്ടു റിപ്പോർട്ടുകളും തയ്യാറാക്കാൻ രാമചന്ദ്രനെ സഹായിക്കുന്നത് കലൈശെൽവിയാണ്. സാങ്കേതികമായി മാത്രമല്ല സാമൂഹികമായും റയിൽവേയുടെ പരിഷ്‌ക്കാരങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് അവൾ രാമചന്ദ്രനോടാവശ്യപ്പെടുന്നത്. ഈ നോവലിന്റെ അടിസ്ഥാനരാഷ്ട്രീയമായി രാമകൃഷ്ണൻ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടും മറ്റൊന്നല്ല.

റയിൽവേ ഫിക്ഷൻ, ട്രെയ്ൻ ഫിക്ഷൻ എന്നൊക്കെ വിളിക്കാവുന്ന നോവൽഗണത്തിന് മലയാളത്തിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ രചനയാണ് 'പച്ച മഞ്ഞ ചുവപ്പ്'. ഇ.എം. ഫോസ്റ്റർ മുതൽ കുഷ്‌വന്ത്‌സിങ് വരെയും യശ്പാൽ മുതൽ ബിഭൂതിഭൂഷൺ വരെയും അഗതാ ക്രിസ്റ്റി മുതൽ മൈക്കൾ ക്രിച്ചൺ വരെയുമുള്ളവരെഴുതിയ ട്രെയിൻ ക്ലാസിക്കുകൾ ഓർക്കുക.

ഈ നോവലിന്റെ ആഖ്യാനകല ഇങ്ങനെ സംഗ്രഹിക്കാം.

ഇന്ത്യൻ റയിൽവേയുടെ സാങ്കേതികവിപ്ലവത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അന്തരനാടകങ്ങളുടെ അപാവരണമെന്ന നിലയിൽ കൈവരുന്ന ലാവണ്യഘടനയാണ് 'പച്ച മഞ്ഞ ചുവപ്പി'ന്റെ ആഖ്യാനകലയിൽ ഒന്നാമത്തേത്. മലയാളസാഹിത്യത്തിൽ ഒന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള റയിൽഭാവനയുടെ ആധുനികാനന്തര വിപര്യങ്ങളിലൊന്നായി ഇതു മാറുകയും ചെയ്യുന്നു. വൈശാഖന്റെ കഥകളുടെ കാര്യം പറഞ്ഞു. വിജയൻ, സക്കറിയ, ആനന്ദ് എന്നിവർ തൊട്ട് സുഭാഷ്ചന്ദ്രനും ഇന്ദുമേനോനുമൊക്കെയെഴുതിയ മികച്ച രചനകളിൽ ചിലത് തീവണ്ടിക്കഥകളാണ്. റയിൽവേ സാഹിത്യത്തിന് മലയാളത്തിൽ 'Genre Novel' എന്ന രീതിയിൽ കൈവന്ന ഭാവുകത്വമാറ്റത്തിന്റെ മികച്ച മാതൃകാപാഠമായി മാറുന്നു, രാമകൃഷ്ണന്റെ നോവൽ.

കഥേതരനോവൽ (Non fiction Novel) എന്ന ഗണത്തിൽപെടുത്താവുന്ന മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രചനകളിലൊന്നാണ് 'പച്ച മഞ്ഞ ചുവപ്പ്'. നോർമൻ മെയ്‌ലറുടെ റിപ്പോർട്ടാഷ്, ടോം വുൾഫിന്റെ ന്യൂജണലിസം തുടങ്ങിയ സങ്കേതങ്ങൾ പോലെതന്നെ പ്രസിദ്ധമാണ് ട്രൂമൻ കപോട്ടയുടെ Non Fiction Novel എന്ന സങ്കേതം. Fictional fiction, Docufiction, Faction, Journalit തുടങ്ങിയ നിരവധി പേരുകളും കഥാതരനോവലിനുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി പാശ്ചാത്യഭാഷകളിൽ ഏറ്റവും ശ്രദ്ധേയമായ നോവൽസങ്കേതങ്ങളിലൊന്നായി നിലനിൽക്കുന്ന NFNന്റെ സ്വഭാവങ്ങൾ ആദ്യന്തം പാലിക്കുന്ന രചനയാണ് രാമകൃഷ്ണന്റേത്. 1995 മെയ് 14ന് നടന്ന തീവണ്ടിയപകടം മാത്രമല്ല, നോവലിലുടനീളം സമൂർത്തമായി നിലനിൽക്കുന്ന റയിൽവേ സാങ്കേതികതയുടെയും ഭരണസംവിധാനങ്ങളുടെയും അവസ്ഥകളുടെ അവതരണവും ഈ സ്വഭാവത്തിൽപെടുന്നു. റിപ്പോർട്ടാഷിന്റെയും ന്യൂജണലിസത്തിന്റെയും ശൈലികൾ സമർഥമായുപയോഗപ്പെടുത്തുന്നുമുണ്ട് രാമകൃഷ്ണൻ.

വരേണ്യ, ജനപ്രിയ ഭാവനകളെ സാകൂതം കൂട്ടിയിണക്കുന്ന ഒരു ആധുനികാനന്തര കുറ്റാന്വേഷണ/ക്രൈം നോവലാണ് 'പച്ച മഞ്ഞ ചുവപ്പ്'. രണ്ടു തലങ്ങളിൽ ഈ സ്വഭാവം പ്രകടമാണിവിടെ. ഒന്ന്, നോവലിലും സിനിമയിലുമൊക്കെയായി ഏറെ പ്രചാരം നേടിയ തീവണ്ടി കുറ്റകൃത്യങ്ങളുടെ (Train Crimes) അവതരണം എന്ന നിലയിൽ. തീവണ്ടിയിലെ കൊള്ളയും കൊലപാതകവും മുതൽ തീവണ്ടി തട്ടിക്കൊണ്ടുപോകലും തീവണ്ടിപ്പാളം അട്ടിമറിക്കലും തീവണ്ടിയപകടങ്ങൾ ആസൂത്രണം ചെയ്യലും ഒക്കെ. റയിൽവേ സാങ്കേതികതക്കും ഉപകരണവ്യവസായത്തിനും പിന്നിൽ പ്രവർത്തിക്കുന്ന ഒരു ആഗോളമാഫിയ എന്ന നിലയിൽ ഈ കുറ്റഭാവനക്കു കൈവരുന്ന മൗലികതയാണ് രാമകൃഷ്ണന്റെ നോവലിന്റെ വ്യത്യസ്ത. രണ്ട്, ഡിറ്റക്ടിവ് നോവലിലെ പുതിയ പ്രവണതകളിലൊന്നായി മലയാളത്തിലുൾപ്പെടെ നിലനിൽക്കുന്ന പൊലീസിതര അന്വേഷണാത്മക ഭാവനയുടെ ആവിഷ്‌ക്കാരം. പത്രപ്രവർത്തകയായ ജ്വാലയും റയിൽവേ ഓഫീസറായ അരവിന്ദും അഭിഭാഷകനായ വിക്ടറും ഐടി വിദഗ്ദ്ധനായ ജിമ്മിയുമാണ് ഈ നോവലിലെ കുറ്റാന്വേഷണം മുഖ്യമായും നടത്തുന്നത്. പൊലീസ് ആ അന്വേഷണത്തിലെ കണ്ടെത്തലുകൾ വച്ച് മുന്നോട്ടുപോകുന്നുവെന്നേയുള്ളു. ഇന്ത്യയിലെ അന്വേഷണത്തിനു സമാനമായി അമേരിക്കയിൽ നടന്ന ചില തീവണ്ടിയപകടങ്ങൾക്കു പിന്നിൽ ഇതേ താല്പര്യക്കാർ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് എഫ്.ബി.ഐയും അന്വേഷണം തുടങ്ങുന്നു. മലയാളത്തിൽ അടുത്തിടെ എഴുതപ്പെട്ട ശ്രദ്ധേയമായ നിരവധി നോവലുകളും (പാലേരി മാണിക്യം മുതൽ ഛായാമരണം വരെ) അമിതാവ്‌ഘോഷ് മുതൽ ചേതൻ ഭഗത് വരെയുള്ള ഇന്ത്യൻ നോവലിസ്റ്റുകളും ഉംബർട്ടോ എക്കോ മുതൽ ഗാർസിയാ മാർക്കേസ് വരെയുള്ള ആഗോള എഴുത്തുകാരും തങ്ങളുടെ ശ്രദ്ധേയമായ ചില രചനകളിൽ പരീക്ഷിച്ച വഴിയും മറ്റൊന്നല്ല.

തമിഴ് ദേശീയതാവാദത്തിന്റെ രാഷ്ട്രീയാന്തർധാരകളുടെ സാന്നിധ്യമാണ് 'പച്ച മഞ്ഞ ചുവപ്പി'ന്റെ ആഖ്യാനകലയിലെ സവിശേഷമായ നാലാമത്തെ ഘടകം. 'സുഗന്ധിയെന്ന ആണ്ടാൾ ദേവനായകി'യിൽ രാമകൃഷ്ണൻ വിസ്മയകരമാംവിധം ലാവണ്യവൽക്കരിച്ച ഈഴം രാഷ്ട്രീയത്തിന്റെ തുടർച്ചയെന്നോണം തമിഴ്‌നാട്ടിൽ 1970-90 കാലത്തു സജീവമായിരുന്ന ഐക്യതമിഴകപ്രസ്ഥാനത്തിന്റെ പശ്ചാത്തലവും വീരപ്പൻ ഉൾപ്പെടെയുള്ളവർ ഏറ്റെടുത്ത രാഷ്ട്രീയദൗത്യങ്ങളുടെ അവതരണവും 'പച്ച മഞ്ഞ ചുവപ്പി'ന് സമാന്തരമായ ഒരു ഭാവതലം നിർമ്മിച്ചു നൽകുന്നു. തീവണ്ടിയപകടങ്ങളുൾപ്പെടെ എന്തിനു പിന്നിലും ഈഴത്തിന്റെ കൈ ആരോപിക്കപ്പെട്ട കാലത്തിന്റെ കഥയായും ഈ നോവൽ വായിച്ചെടുക്കാം. നോവലിലെ മുഖ്യകഥാപാത്രങ്ങളായി മാറുന്ന കലൈശെൽവിയും തമിഴരശനും മാത്രമല്ല ഈ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി രംഗത്തുവരുന്നത്.

സിനിമാറ്റിക് എന്നുതന്നെ വിളിക്കാവുന്ന ഒരു ആഖ്യാനകല രൂപപ്പെടുത്തുന്നു രാമകൃഷ്ണൻ ഈ നോവലിലും. ഭൂഖണ്ഡാന്തരമാനങ്ങളുള്ള ഒരു ഹോളിവുഡ് സിനിമയുടെ രൂപ, ഭാവ ഘടനയിൽ ഭാവനചെയ്യപ്പെട്ടതായിരുന്നു ദേവനായകിയെങ്കിൽ ദക്ഷിണേന്ത്യൻ ക്രൈം, ആക്ഷൻ സിനിമകളുടെ ഭാവലോകം മുന്നിൽ കാണുന്ന രചനയാണ് 'പച്ച മഞ്ഞ ചുവപ്പ്'. റയിൽവേയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമയിലോ നോവലിലോ ഇന്നോളമാവിഷ്‌കൃതമാകാത്ത വിധം സൂക്ഷ്മമായ സാങ്കേതികജ്ഞാനവും രാഷ്ട്രീയബദ്ധതയും മുന്നോട്ടുവയ്ക്കാൻ ഈ കൃതിക്കു കഴിയുന്നുണ്ട്. പലപ്പോഴും വായനയെ ക്ലിഷ്ടമാക്കുംവിധം സാങ്കേതികകാര്യങ്ങൾ വിവരിക്കുന്നുപോലുമുണ്ട് നോവൽ. ഡോക്യുഫിക്ഷൻ എന്ന നിലയിൽ ഇത് നോവലിന്റെ മൗലികഘടകങ്ങളിലൊന്നാണെങ്കിൽപോലും. നോവലെഴുത്തിലും വായനയിലും സിനിമാറ്റിക് ദൃശ്യഭാവനയുടെ ആഖ്യാനകല സൃഷ്ടിക്കുന്ന പ്രഭാവത്തിന്റെ ഒന്നാന്തരം ഉദാഹരണമാണ് 'പച്ച മഞ്ഞ ചുവപ്പ്'.

'ആൽഫ' മുതൽ 'അന്ധർ ബധിരർ മൂകർ' വരെയുള്ള അഞ്ചു മുൻനോവലുകളിലുമെന്നപോലെ ഈ രചനയിലും രാമകൃഷ്ണൻ രൂപപ്പെടുത്തുന്ന ദേശാന്തര-രാജ്യാന്തര സ്ഥലഭാവനയുടെയും ചരിത്ര-രാഷ്ട്രീയ-കാലഭാവനയുടെയും സാന്നിധ്യമാണ് 'പച്ച മഞ്ഞ ചുവപ്പി'ന്റെ ആഖ്യാനകലയെ സവിശേഷമാക്കുന്ന ആറാമത്തെ തലം. 'ഇട്ടിക്കോര'യിൽ യൂറോപ്പും 'സുഗന്ധി'യിൽ ഏഷ്യയും 'മാമാ ആഫ്രിക്ക'യിൽ ആഫ്രിക്കയും നിർവഹിച്ച മൂർത്തമായ സ്ഥല-ജീവിതധർമങ്ങൾ ഓർക്കുക. ഈ നോവലും അതിന്റെ രാജ്യാന്തര-ഭൂഖണ്ഡാന്തര രാഷ്ട്രീയബന്ധങ്ങളിലും സ്ഥല-ജീവിതങ്ങളിലും കൂടി ആഗോളവൽകൃതമായിക്കഴിഞ്ഞ മലയാളനോവൽ ഭാവുകത്വത്തിന്റെ കലാഭൂപടം മാറ്റിവരയ്ക്കുന്നു.

കോവിഡ്കാല സാഹിത്യഭാവനയെന്ന നിലയിൽ മലയാളത്തിലുണ്ടായ pandemic fiction എന്ന രീതിയിലും 'പച്ച മഞ്ഞ ചുവപ്പ്' വായിച്ചെടുക്കാം. ബന്യാമിനും ഇന്ദുഗോപനുമൊക്കെ ആവിഷ്‌ക്കരിച്ച ഈയൊരു ജീവിതസന്ദർഭത്തെ രാമകൃഷ്ണൻ തന്റെ നോവലിന്റെ രചനാകാലവും പശ്ചാത്തലവുമായി വികസിപ്പിക്കുന്നു. 1950കളിലും '60കളിലും വസൂരിയും കോളറയും ചില നോവലുകളിലാവിഷ്‌കൃതമായതൊഴിച്ചാൽ മലയാളത്തിൽ പൊതുവെ ഒരു കാലത്തും രോഗഭാവന അത്രമേൽ സാഹിത്യപ്രാധാന്യം നേടിയെടുത്തിട്ടില്ല. പാശ്ചാത്യനോവലിലാകട്ടെ, ഡാനിയൽ ഡീഫോ മുതൽ ആൽബർകാമു വരെയും സറാമാഗു മുതൽ മാർക്കേസ് വരെയും അവതരിപ്പിച്ച epidemic/pandemic നോവലുകളിലുടെ ഒരു നീണ്ടനിരതന്നെയുണ്ട്. കുറ്റാന്വേഷണ സാഹിത്യരംഗത്ത് റോബിൻകുക്കിന്റെയും മറ്റും മെഡിക്കൽ ത്രില്ലറുകൾ വേറെയും. മലയാളത്തിലാകട്ടെ സാമൂഹ്യനോവലിലോ കുറ്റാന്വേഷണ നോവലിലോ മെഡിക്കൽ ഫിക്ഷൻ കാര്യമായെഴുതപ്പെട്ടിട്ടില്ല. ഇതിൽ നിന്നു ഭിന്നമായി രാമകൃഷ്ണൻ തന്റെ നോവലിനു നിർമ്മിച്ചുനൽകുന്ന കാലസൂചിക കോവിഡിന്റേതാണ് എന്നുതന്നെ പറയാം.

'പച്ച മഞ്ഞ ചുവപ്പി'ന്റെ ആഖ്യാനകല രൂപപ്പെടുത്തുന്ന എട്ടാമത്തെ തലം നിരവധിയായ രേഖാപാഠങ്ങൾക്ക് ഈ നോവലിൽ കൈവരുന്ന ശൃംഖലിതമായ ആന്തരബന്ധങ്ങളുടേതാണ്. പച്ച മഞ്ഞ ചുവപ്പ് എന്നതുതന്നെ രാമചന്ദ്രനും ശെൽവിയും അവതരിപ്പിക്കുന്ന ഒരു നാടകത്തിന്റെ പേരാണ്. നോവലിലെ കേന്ദ്രപ്രമേയമായി വരുന്ന ഇന്ത്യൻ റയിൽവേയുടെ മനുഷ്യവിരുദ്ധത വിഷയമാക്കി രചിക്കപ്പെട്ട ഈ നാടകം നോവലിനുള്ളിൽ ആദ്യന്തം പ്രത്യക്ഷവും പരോക്ഷവുമായ രാഷ്ട്രീയ സ്വാധീനമായി നിലകൊള്ളുന്നു. രാമചന്ദ്രൻ ആത്മഹത്യക്കു മുൻപ് ശെൽവിക്കെഴുതുന്ന കത്തുകളും തയ്യാറാക്കിയ ദീർഘമായ ഡയറിക്കുറിപ്പുകളുമാണ് നോവലിന്റെ മൂന്നിലൊന്നു ഭാഗംതന്നെയും. പത്രറിപ്പോർട്ടുകളും ഫീച്ചറുകളും ഇമെയിൽ സന്ദേശങ്ങളും കവിതയും മറ്റും മറ്റുമായി കെട്ടുപിണഞ്ഞു കിടക്കുന്ന രേഖാപാഠങ്ങളുടെ വലിയ നിര വേറെ. അന്നമ്മ പലപ്പോഴും വായിക്കുന്ന അഗതാക്രിസ്റ്റിയുടെ നോവലും അരവിന്ദിന് ചന്ദന സമ്മാനിക്കുന്ന മുറകാമിയുടെ നോവലും ഗിത്താറിലും വയലിനിലും അരവിന്ദ് പാടുന്ന പാട്ടുകളും പുറമെ. ഇവാ ആൻഡേഴ്‌സൺ എന്ന ബ്രിട്ടീഷുകാരി എഴുതുന്ന 'ഡാനിഷ്‌പെട്ട് ഡ്രീംസ്' എന്ന നോവലാണ് മറ്റൊന്ന്.

ആധുനികാനന്തര മലയാളനോവലിന്റെ ഭാവുകത്വ സ്വഭാവങ്ങളിൽ ഏറ്റവും ശ്രദ്ധേയം ആധുനികതാവാദം നിലനിർത്തിയിരുന്ന വരേണ്യ-ജനപ്രിയ വിഭജനത്തിന്റെ തകർച്ചയും കൂടിക്കലങ്ങലുമാണ്. രൂപ, ഗണ, ഭാവ, ആഖ്യാന തലങ്ങളിലൊന്നടങ്കം നോവലിനു സംഭവിച്ച ഈ ദിശാവ്യതിയാനം ആനന്ദ് മുതൽ മുകുന്ദൻ വരെയും രാമകൃഷ്ണൻ മുതൽ ഹരീഷ് വരെയും സാറാജോസഫ് മുതൽ മീര വരെയും ബന്യാമിൻ മുതൽ ഇന്ദുഗോപൻ വരെയുമുള്ള മുഴുവൻ എഴുത്തുകാർക്കും ബാധകമാകുന്നു. Popularise or perish എന്നതാണ് postmodern ഫിക്ഷന്റെ ജനിതകഘടനതന്നെ. മുകളിൽ പറഞ്ഞ കലാനുഭൂതികളുടെ സംയുക്തപാഠമെന്ന നിലയിൽ 'പച്ച മഞ്ഞ ചുവപ്പ്', മലയാളനോവലിന് ഈ ദിശയിൽ സംഭവിച്ച ഏറ്റവും പുതിയ മുന്നോട്ടുകുതിപ്പാകുന്നു.

നോവലിൽ നിന്ന്:-

'ലോക്കൂർ ഡാനിഷ്‌പ്പേട്ട് സെക്ഷൻ അട്ടിമറി നടത്താൻ തിരഞ്ഞെടുക്കാൻ രണ്ട് പ്രധാന കാരണങ്ങളാണുണ്ടായിരുന്നത്. ഒന്നാമതായി രണ്ട് തീവണ്ടികൾ നേർക്കുനേർ കൂട്ടിയിടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സെക്ഷനെന്ന സണ്ണിയുടെ അഭിപ്രായം. രണ്ടാമതായി ഡാനിഷ്‌പ്പേട്ട് സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രനോട് വർഷങ്ങളായി എനിക്കുണ്ടായിരുന്ന കടുത്ത വൈരാഗ്യം. ഒരു കസ്റ്റമർ കെയർ സെമിനാറാണ് അതിന് തുടക്കമിട്ടത്. ശങ്കരിദുർഗ്ഗിലുള്ള ഞങ്ങളുടെ ഫാക്ടറിയിലേക്ക് ട്രെയിൻവഴി ചന്ദനം കൊണ്ടുവരുന്നത് രാമചന്ദ്രൻ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിലറിയിച്ചതോടെ എനിക്കയാളോടുള്ള ദേഷ്യം വർദ്ധിച്ചു. ഇതിനിടയിൽ ഉയർന്ന ഓഫീസർമാരോട് അനാവശ്യമായ പരാതികൾ പറഞ്ഞ് എന്റെ കരിയർ നശിപ്പിക്കാനും അയാൾ ശ്രമിച്ചിരുന്നു. അവസാനകാലത്ത് എന്റെ അടുത്ത സുഹൃത്തായ തലൈവർ ദേവസഹായത്തിന്റെ യൂണിയനെതിരേയുള്ള രാമചന്ദ്രന്റെ പ്രവർത്തനങ്ങൾ വലിയ ശല്യമായി മാറി. സുന്ദരികളായ സത്രീകളോട് സൗഹൃദം സ്ഥാപിക്കാനുള്ള രാമചന്ദ്രന്റെ കഴിവിൽ എല്ലാ റെയിൽവേക്കാരെയുംപോലെ എനിക്കും അസൂയ തോന്നിയിരുന്നു. അതെല്ലാം ചേർന്നപ്പോൾ രാമചന്ദ്രൻ എന്റെ ജീവിതത്തിലെ മുഖ്യശത്രുവായി.

ഒരുലക്ഷം രൂപ കൊടുക്കാമെന്ന പ്രലോഭനത്തിൽ രവിചന്ദ്രൻ സമ്മതിച്ചെങ്കിലും അയാളെപ്പോലെ മദ്യത്തിനടിമയായൊരു വ്യക്തിയെമാത്രം വിശ്വസിച്ച് ഇത്ര റിസ്‌കുള്ളൊരു ദൗത്യം വിജയിപ്പിക്കാൻ പറ്റുമെന്നെനിക്ക് തോന്നിയില്ല. അങ്ങനെയാണ് സണ്ണിയുടെ അനുവാദത്തോടെ രാമചന്ദ്രന്റെ മറ്റൊരു ശത്രുവായ പാട്രിക്കിനെക്കൂടി ഞങ്ങളുടെ സംഘത്തിലുൾപ്പെടുത്തുന്നത്. തന്നെ ജനകീയവിചാരണ ചെയ്യിച്ചതിന് രാമചന്ദ്രനോട് പകരം വീട്ടാൻ ഒരവസരം നോക്കി നടക്കുകയായിരുന്നു പാട്രിക്ക്. അയാളോട് താൻ സണ്ണിയെപ്പറ്റിയോ വിദേശകമ്പനിയെപ്പറ്റിയോ പറഞ്ഞില്ല. പാട്രിക്കിന് രാമചന്ദ്രനോടുള്ള വിരോധം തീർക്കാനൊരു അവസരം നൽകാമെന്നുമാത്രം പറഞ്ഞു. പക്ഷേ, സൂത്രശാലിയായ പാട്രിക്ക് എന്റെ മുമ്പിൽ മറ്റൊരു ഐഡിയ അവതരിപ്പിച്ചു. അങ്ങനെയൊരു സാധ്യത ഞാൻ ചിന്തിച്ചിരുന്നതേയില്ല.

ആക്‌സിഡന്റ് സംഭവിച്ചതിനുശേഷം കൊല്ലപ്പെടുകയോ പരിക്കുപറ്റുകയോ ചെയ്യുന്ന യാത്രക്കാരെ കൊള്ളയടിക്കാനായിരുന്നു പാട്രിക്കിന്റെ പ്ലാൻ. അതിന് വീരപ്പന്റെ സഹായം തേടാമെന്നും പറഞ്ഞു. ഞാനും പാട്രിക്കും കൂടി വീരപ്പനെ കണ്ട് അതിനെക്കുറിച്ച് സംസാരിച്ചു. പക്ഷേ, വീരപ്പനതിനോട് തീരെ താത്പര്യം പ്രകടിപ്പിച്ചില്ല. ആ അട്ടിമറിയോടുതന്നെ വീരപ്പന് യോജിപ്പില്ലായിരുന്നു. നെല്ലൈ എക്സ്‌പ്രസ്സിലെ യാത്രക്കാരുടെ കൈയിൽ തനിക്ക് കൊള്ളയടിക്കാൻ പാകത്തിന് പണമോ സ്വർണ്ണമോ ഉണ്ടാവില്ലെന്നും പറഞ്ഞു. വളരെക്കാലത്തെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാവും അയാളങ്ങനെ ചിന്തിച്ചത്. പാട്രിക്ക് കൂടുതൽ നിർബ്ബന്ധിച്ചപ്പോൾ ഞങ്ങലെ സഹായിക്കാൻ തന്റെ സംഘത്തിലെ കുറച്ചുപേരെ അയയ്ക്കാമെന്ന് പറഞ്ഞു. ലോക്കൂർ അട്ടിമറി കഴിഞ്ഞ് കാൽനൂറ്റാണ്ടിനു ശേഷം ഞങ്ങളിപ്പോൾ പിടിക്കപ്പെടാൻ പാട്രിക്കിന്റെ ആ മണ്ടൻ തീരുമാനമായിരുന്നു കാരണം. അതിലെനിക്കും ചെറിയ പങ്കുണ്ട്. സണ്ണിയുടെ കൈയിൽനിന്ന് കിട്ടിയ മുപ്പത്തിരണ്ടര ലക്ഷം രൂപയിൽനിന്ന് പാട്രിക്കിന് ഒന്നോ രണ്ടോ ലക്ഷം കൊടുത്തിരുന്നെങ്കിൽ അയാൾ ഇങ്ങനെയൊരു കാര്യം ചിന്തിക്കില്ലായിരുന്നു.

ഞാനും പാട്രിക്കും രവിചന്ദ്രനും കൂടി മൂന്നാഴ്ചയോളം ചർച്ചചെയ്തിട്ടാണ് ലോക്കൂർ ആക്‌സിഡന്റ് എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിച്ചത്. അതിനിടയിൽ ഒരാളെക്കൂടി ഞങ്ങളുടെ സംഘത്തിലേക്ക് ചേർക്കേണ്ടിവന്നു. കാരണം ലോക്കൂർ ഡാനിഷ്‌പ്പേട്ട് സെക്ഷനിൽവെച്ച് കൂട്ടിയിടിപ്പിക്കാവുന്ന തരത്തിൽ വരുന്ന വണ്ടികളെക്കുറിച്ചും അവയെത്താനിടയുള്ള സമയത്തെക്കുറിച്ചും കൃത്യമായറിയാവുന്ന ഒരാളുടെ സഹായവും പ്ലാനിങ്ങുമില്ലാതെ അട്ടിമറി നടപ്പാക്കാനാവില്ലെന്ന് ചർച്ചയുടെ തുടക്കത്തിൽതന്നെ ഞങ്ങൾക്ക് മനസ്സിലായി. അതിനുവേണ്ടി രാമചന്ദ്രന്റെ മറ്റൊരു ശത്രുവായ ഗുണ്ട് ഭാസ്‌കരപിള്ള എന്ന ചീഫ് കൺട്രോളറെയാണ് ഞങ്ങൾ സമീപിച്ചത്. രാമചന്ദ്രനെ കുടുക്കാനാണെങ്കിലും അട്ടിമറി നടത്താനാണെന്നു പറഞ്ഞപ്പോൾ ഗുണ്ട് പേടിച്ച് പിന്മാറാൻ ശ്രമിച്ചു. സ്‌പോട്ടിൽ വരേണ്ട ആവശ്യമില്ലെന്നും കൺട്രോൺ ഓഫീസിൽനിന്ന് വണ്ടികളുടെ സമയം നോക്കി പ്ലാൻ ചെയ്ത് തന്നാൽ മതിയെന്നും പറഞ്ഞപ്പോളാണ് ഒരുവിധം സമ്മതിച്ചത്. ഞാനയാൾക്ക് മൂന്ന് ബോട്ടിൽ ജോണിവാക്കറും പതിനായിരം രൂപയും പാരിതോഷികമായി കൊടുത്തയച്ചു.

ഡാനിഷ്‌പ്പേട്ട് ഇ.എസ്.എം. മുത്തുകുമാർ, ക്യാബിന്മാൻ ചെല്ലദുരൈ എന്നിവരുടെ സഹായവും അട്ടിമറി വിജയകരമായി നടപ്പാക്കാൻ ആവശ്യമായിരുന്നു. അട്ടിമറിയാണെന്നറിഞ്ഞാൽ അവർ ഒരിക്കലും സഹകരിക്കില്ലെന്നുറപ്പുള്ളതുകൊണ്ട് സ്വാധീനിക്കാൻ വേറെ വഴി കണ്ടെത്തേണ്ടിവന്നു. മുത്തുകുമാറിന്, തന്റെ ഭാര്യയ്ക്ക് രാമചന്ദ്രനുമായി അവിഹിതബന്ധമുണ്ടോയെന്ന് സംശയമുണ്ടായിരുന്നു. അതുകാരണം ഒരു ട്രെയിൻ ലൈൻ മാറ്റിവിട്ട് രാമചന്ദ്രൻ മാസ്റ്റർക്ക് രണ്ടു കൊല്ലത്തെ ഇൻക്രിമെന്റ് കട്ട് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞപ്പോൾ അയാൾ സഹകരിക്കാൻ തയ്യാറായി. മുഴുക്കുടിയനായ ചെല്ലദുരൈയ്ക്ക് ഒരു ബോട്ടിൽ റമ്മേ വാങ്ങിക്കൊടുക്കേണ്ടി വന്നുള്ളൂ.

വിശദമായ തയ്യാറെടുപ്പുകൾക്കുശേഷമാണ് ആക്‌സിഡന്റ് നടപ്പാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. ഡാനിഷ്‌പ്പേട്ട് സ്റ്റേഷന് തൊട്ടടുത്തുള്ളൊരു വീട് വാടകയ്‌ക്കെടുത്ത് രവിയെ അവിടെ താമസിപ്പിച്ചു. അവിടെയിരുന്നാൽ സ്റ്റേഷനിൽ നടക്കുന്ന എല്ലാ കാര്യങ്ങളുമറിയാം. ടെലിഫോൺ കണക്ഷനുള്ളതുകൊണ്ട് ഞങ്ങളുമായി ബന്ധപ്പെടാനും പറ്റും. രവി അവിടെയിരുന്ന് ഒരാഴ്ചയോളം ഡാനിഷ്‌പ്പേട്ട് സ്റ്റേഷനും പരിസരപ്രദേശങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു. രാമചന്ദ്രന്റെയും കലൈശെൽവിയുടെയും വരവും പോക്കും കൃത്യമായി മനസ്സിലാക്കി. രാമചന്ദ്രൻ നൈറ്റ് ഡ്യൂട്ടിക്ക് വരുമ്പോൾ, ഒറ്റയ്ക്ക് ക്വാർട്ടേഴ്‌സിലിരിക്കാനുള്ള ഭയം കാരണമോ എന്തോ, കലൈശെൽവിയും കൂടെ സ്റ്റേഷനിലേക്ക് വരികയാണ് പതിവ്. രാത്രി അവർ രണ്ടുപേരും മാത്രമാണ് എസ്.എം. റൂമിലുണ്ടാവുക. ഗ്രൂപ്പ് ഡി സ്റ്റാഫ് പുറത്തെ ബെഞ്ചിലിരിക്കും. സാധാരണ കലൈശെൽവിതന്നെയാണ് സ്റ്റേഷൻ മാസ്റ്ററുടെ ജോലികളെല്ലാം ചെയ്യുന്നത്. ഏതെങ്കിലും പുസ്തകം വായിച്ചിരിക്കുന്ന രാമചന്ദ്രൻ കൺട്രോളർക്ക് വണ്ടികളുടെ സമയം മാത്രം കൊടുക്കും. ആ നേരത്തൊരു വിജിലൻസ് ചെക്കും സിഗ്നൽ തകരാറും ഒരുമിച്ചുണ്ടാക്കി അതിനിടയിൽ അട്ടിമറി നടത്താനായിരുന്നു ഞങ്ങളുടെ പ്ലാൻ.

മെയ്‌ പതിനാലാം തീയതി വൈകിട്ട് ആറുമണിമുതൽ ടെലിഫോണിനടുത്ത് രവിചന്ദ്രനും പാട്രിക്കും ഗുണ്ട് ഭാസ്‌കരപിള്ളയുടെ നിർദ്ദേശങ്ങൾക്ക് കാത്തിരിക്കുകയായിരുന്നു. കൃത്യം ഏഴുമണിയായപ്പോൾ ഗുണ്ട് അവരെ വിളിച്ച് ഈറോഡ് യാർഡിൽനിന്നൊരു എംറ്റി സൂപ്പർ ഗുഡ്‌സ് വിട്ടിട്ടുണ്ടെന്നും ചാർട്ടനുസരിച്ച് നെല്ലൈ എക്സ്‌പ്രസ്സും ആ വണ്ടിയും ഡാനിഷ്‌പ്പേട്ട് ലോക്കൂർ സെക്ഷനിൽ ഒരേ സമയത്തെത്തുമെന്നും പറഞ്ഞു. നെല്ലൈ എക്സ്‌പ്രസ്സ് അപ്പോൾ ജോലാർപ്പേട്ട് വരുന്നതേയുണ്ടായിരുന്നുള്ളൂ. ചാർട്ടിൽ പ്ലോട്ട് ചെയ്തതനുസരിച്ച് അട്ടിമറിക്ക് ഏറ്റവും അനുയോജ്യമായ വണ്ടികൾ അതാണെന്നായിരുന്നു ഗുണ്ട് ഭാസ്‌കരപിള്ളയുടെ അഭിപ്രായം. ഒരുമണിക്കൂറിനു ശേഷം വണ്ടികളുടെ പ്രോഗ്രസ്സ് നോക്കി വീണ്ടും വിളിക്കാമെന്ന് പറഞ്ഞു. അവർ അട്ടിമറിക്കുള്ള തയ്യാറെടുപ്പുകൾ നടത്താനായി അവിടെനിന്നിറങ്ങി.

എട്ടുമണിക്ക് രാമചന്ദ്രൻ ഡ്യൂട്ടിക്ക് വന്നതിനു ശേഷമാണ് രണ്ടരമണിക്കൂർ ലേറ്റായി ഈറോഡ് പാസഞ്ചർ വന്നുപോയത്. അപ്പോഴേക്കും ഞാൻ ചെന്നൈയിൽനിന്നയിച്ചിരുന്ന മനോഹരൻ, മുസ്തഫ എന്നീ കൊമേഴ്ഷ്യൽ ഇൻസ്‌പെക്ടർമാർ വിജിലൻസുകാരെന്ന വ്യാജേന ഒരു ടാക്‌സിയിൽ സേലത്തുനിന്നെത്തി. ആ സമയത്തൊരു വിജിലൻസ് ചെക്ക് രാമചന്ദ്രൻ പ്രതീക്ഷിച്ചിരുന്നില്ല. ഡാനിഷ്‌പ്പേട്ടിൽ അടുത്ത കാലത്തൊന്നും വിജിലൻസ് ചെക്ക് നടന്നിട്ടുണ്ടായിരുന്നില്ല. കാലത്തും വൈകുന്നേരവും രണ്ടു ഭാഗത്തേക്കും പോകുന്ന ഓരോ പാസഞ്ചർ ട്രെയിൻ മാത്രമാണല്ലോ അവിടെ നിർത്തുന്നത്. അതിനുള്ള ടിക്കറ്റ് വിൽപ്പനയും പാർസൽ ബുക്കിങ്ങും ചേർത്ത് വളരെക്കുറച്ച് വരുമാനമേയുള്ളൂ. എങ്കിലും മനോഹരനും മുസ്തഫയും അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചും പല രജിസ്റ്ററുകൾ ആവശ്യപ്പെട്ടും രാമചന്ദ്രനെ പരമാവധി ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. അതിനിടയിലാണ് കലൈശെൽവി വരുന്നത്. അവൾ നേരെ സ്റ്റേഷന്മാസ്റ്ററുടെ മുറിയിലേക്ക് കയറിയപ്പോൾ മുസ്തഫ തടഞ്ഞു. മനോഹരൻ രാമചന്ദ്രനോട് അവളാരാണെന്ന് ചോദിച്ചു. അയാൾ അത് തന്റെ ഭാര്യയാണെന്ന് പറഞ്ഞു. റെയിൽവേയുടെ കണക്കിൽ നിങ്ങൾ അവിവാഹിതനാണല്ലോ. പിന്നെയെങ്ങനെയാണ് ഭാര്യയുണ്ടാകുന്നതെന്നായി മനോഹരൻ. രാമചന്ദ്രന് ദേഷ്യം വന്നു. അവർ തമ്മിൽ വാക്കുതർക്കമായി. ആ ബഹളത്തിനിടയിലും രാമചന്ദ്രൻ രണ്ട് ഭാഗത്തുനിന്നുമുള്ള വണ്ടികൾക്ക് ലെയിൻ ക്ലിയർ കൊടുക്കുകയും സിഗ്നൽ എക്‌സ്‌ചെയ്ഞ്ച് ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു.

ആ സമയത്താണ് കൺട്രോളർ വിളിച്ച് രാമചന്ദ്രനോട് ജോലാർപ്പേട്ട് സൈഡിലേക്ക് പോകുന്ന എംറ്റി ജെറ്റ് അപ്‌ലെയിനിലും തൊട്ടുപുറകിലുള്ള ബോംബെ ജയന്തിജനത ഡൗൺ ലെയിനിലും വിടാൻ പറയുന്നത്, അതിനുപുറകിൽ വരുന്ന ഇന്റർചെയ്ഞ്ച് ട്രെയിൻ എംറ്റി സൂപ്പർ ഡിലേയില്ലാതെ അപ്‌ലെയിനിൽ പോകാനാണ് അങ്ങനെ ചെയ്യാൻ പറഞ്ഞത്. ഡൗൺലെയിനിൽ ജയന്തി ജനത ലോക്കൂരിലെത്തിക്കഴിഞ്ഞാൽ നെല്ലൈ എക്സ്‌പ്രസ്സ് ഇങ്ങോട്ട് വരാനായിരുന്നു കൺട്രോളറുടെ പ്ലാൻ. രാമചന്ദ്രൻ കൺട്രോൾ പറഞ്ഞപോലെ എംറ്റി ജെറ്റ് അപ്‌ലെയിനിലും പുറകിൽ വന്ന ജയന്തി ജനത ഡൗൺലെയിനിലും വിട്ടു.

ജയന്തിജനത പോയ ഉടനെ രവിചന്ദ്രൻ സിഗ്നൽ കണക്ഷൻസ് മാനിപ്പുലേറ്റ് ചെയ്തു. പുറകിൽ വരുന്ന എംറ്റി സൂപ്പർ അപ്പോൾ സേലം വിട്ടിരുന്നു. ഗുണ്ട് ഭാസ്‌കരപിള്ള രാമചന്ദ്രനെ റെയിൽവേ ഫോണിൽ വിളിച്ച് എംറ്റി സൂപ്പർ ഇന്റർചെയ്ഞ്ച് വണ്ടിയാണ് ടോപ് പ്രയോറിട്ടി ഒരു മിനിട്ടുപോലും നിൽക്കാൻ പാടില്ല എന്ന് ശബ്ദം മാറ്റി സീനിയർ ഡി.ഓ.എം. പറയുന്നതുപോലെ ഇംഗ്ലീഷിൽ പറഞ്ഞു. പക്ഷേ, ഡാനിഷ്‌പ്പേട്ട് അപ്‌ഹോം സിഗ്നൽ പിക്കപ്പായില്ല. ഇ.എസ്.എമ്മിനോട് വിവരം പറഞ്ഞശേഷം രാമചന്ദ്രൻ പോയന്റ് ക്ലാമ്പ് ചെയ്ത് വണ്ടി റസീവ് ചെയ്യാൻ പോയി. ഡ്രൈവർ മെമോ വാങ്ങി ഹോം സിഗ്നൽ കടന്നുവന്നു. ഇ.എസ്.എം. അപ്പോഴേക്കും സ്റ്റാർട്ടർ സിഗ്നൽ ശരിയാക്കിയതിനാൽ വണ്ടി നിൽക്കാതെപോയി. പക്ഷേ, കാബിന്മാൻ പോയന്റ് അപ്‌ലെയിനിലേക്ക് മാറ്റിയടിച്ചിരുന്നില്ല. രാമചന്ദ്രൻ സിഗ്നൽ ക്ലിയർ ചെയ്തത് അപ്‌ലെയിനിലും വണ്ടി പോയത് ഡൗൺലെയിനിലുമായിരുന്നു. സ്റ്റാർട്ടർ ഇന്റർലോക്ഡ് അല്ലാത്തതുകൊണ്ടാണങ്ങനെ സംഭവിച്ചത്.

അട്ടിമറിക്കുശേഷം പറ്റിയാൽ കലൈശെൽവിയെ പൊക്കണമെന്നൊരു പ്ലാൻ മനോഹരനുണ്ടായിരുന്നു. അതിന്റെ മുന്നോടിയായി രാമചന്ദ്രൻ പോയന്റ് ക്ലാമ്പ് ചെയ്യാൻ പോയ സമയത്ത് മനോഹരൻ അവളെ കയറിപ്പിടിക്കാൻ ശ്രമിച്ചു. കലൈശെൽവി ഉറക്കെ ബഹളം വെച്ചു. രാമചന്ദ്രൻ അവളുടെ കരച്ചിൽ കേട്ടാണ് ഓടിവരുന്നത്. ആ ബഹളത്തിനിടയിൽ അയാൾ വണ്ടിയേത് ലെയിനിലാണ് പോയതെന്ന് നോക്കാൻ വിട്ടുപോയി. അപ്‌ലെയിനിലാണ് പോയതെന്ന ധാരണയിൽ ലോക്കൂരിൽനിന്ന് നെല്ലൈ എക്സ്‌പ്രസ്സിന് ഡൗൺലെയിനിൽ പെർമിഷൻ കൊടുക്കുകയും ചെയ്തു. കൃത്യം എട്ടുമിനിട്ട് കഴിഞ്ഞപ്പോൾ ആക്‌സിഡന്റ് സംഭവിച്ചു. പാട്രിക്കും രവിചന്ദ്രനും അതിനു മുമ്പേ അവിടെനിന്ന് അപ്രത്യക്ഷരായിരുന്നു. ആക്‌സിഡന്റ് സംഭവിച്ചുവെന്നറിഞ്ഞപ്പോൾ മനോഹരനും മുസ്തഫയും പുറത്തേക്കിറങ്ങിയോടി'.

പച്ച മഞ്ഞ ചുവപ്പ്
ടി. ഡി. രാമകൃഷ്ണൻ
ഡി.സി. ബുക്‌സ്
2021
475 രൂപ