'As a woman, I have no country, As a woman my country is the whole world', Virginia Woolf         

യാത്രികർ നദികളെപ്പോലെയാണ്. സ്ഥലകാലങ്ങളെ നെടുകെയും കുറുകെയും ഭേദിച്ച് അവർ ജീവിതത്തെ ഒരൊഴുക്കാക്കി മാറ്റും. മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായോ യാത്രാസാഹിത്യരചനയുടെ ഭാഗമായോ അച്ചടി, ശ്രാവ്യ, ദൃശ്യ, നവമാധ്യമങ്ങളിലും പുസ്തകരൂപത്തിലും സൃഷ്ടിക്കപ്പെടുന്ന സഞ്ചാരാനുഭവവിവരണങ്ങൾക്ക് എത്രയെങ്കിലും വൈവിധ്യമാർന്ന ശൈലികളും രീതികളുമുണ്ട്-ആഖ്യാനപരവും അനുഭൂതിപരവുമായി. ഇതിഹാസപുരാണങ്ങൾ മുതൽ സാഹിത്യ, ചലച്ചിത്ര രൂപങ്ങളിൽ വരെ, യാത്രക്കു കൈവരുന്ന ഭിന്നമാനങ്ങൾ ഇതിനു പുറമെയാണ്. മിഷനറിസഞ്ചാരങ്ങളിലും പത്രമാസികകളിലും നോവലുകളിലും ഉടലെടുത്ത മലയാളത്തിലെ യാത്രാസാഹിത്യപാഠങ്ങൾ ടെലിവിഷനിലും ബ്ലോഗുകളിലും കൂടി കൈവരിച്ച ആധുനികാനന്തര സ്വരൂപം ഇന്നിപ്പോൾ ഏറെ ജനപ്രിയമായ ഒരു സാംസ്‌കാരിക മേഖലയായി മാറിക്കഴിഞ്ഞിരിക്കുന്നു.

          മലയാളത്തിലെ യാത്രാവിവരണ-സ്ഥലാനുഭവസാഹിത്യം ശ്രദ്ധിച്ചാൽ ആൺപെൺ രചനകളിൽ ഒരുപോലെ പ്രകടമാകുന്ന നാല് ആഖ്യാനരീതികൾ കാണാം. വസ്തുനിഷ്ഠവും സാമൂഹികശാസ്ത്രപരവും ചരിത്രപരവും സ്ഥലകാലകേന്ദ്രിതവുമായ യഥാതഥ വിവരണകലയാണ് ഒന്ന്. എസ്.കെ. പൊറ്റക്കാടാണ് ഈ സഞ്ചാരസാഹിത്യഗണത്തിന്റെ തമ്പുരാൻ. സ്ഥല-കാലകേന്ദ്രിതമാകുമ്പോൾതന്നെ ആത്മനിഷ്ഠവും അനുഭൂതിബദ്ധവും കാല്പനികവും കാവ്യാത്മകവുമായ ആവിഷ്‌ക്കാരകലയാണ് രണ്ടാമത്തേത്. എം ടി. വാസുദേവൻനായർ ഉൾപ്പെടെ പലരും ഈ രീതി പിൻപറ്റുന്നു. നരവംശശാസ്ത്രപരവും ചരിത്രനിഷ്ഠവും രാഷ്ട്രീയബദ്ധവുമാകുമ്പോൾതന്നെ അനുഭവപരതക്കും അനുഭൂതിപരതക്കും ഊന്നൽ കൊടുക്കുന്ന കഥനരീതിയാണ് മൂന്നാമത്തേത്. രവീന്ദ്രനാണ് ഈ രീതിയുടെ തുടക്കക്കാരൻ. നാഗരികസ്ഥലങ്ങളിൽനിന്ന് വഴിമാറി നടന്ന യാത്രാനുഭവങ്ങളിലൂടെയും ഭാഷയുടെ മാന്ത്രികലാവണ്യത്തിലൂടെയും രവീന്ദ്രന്റെ സഞ്ചാരരചനകൾ ശ്രദ്ധേയമായി. ദൃശ്യമാധ്യമത്തിൽ പക്ഷെ അദ്ദേഹം ഈ രൂപം ചിത്രീകരിച്ചത് വൻ പരാജയമായും മാറി. നിഗൂഢമായ ഭാഷണവും മതാത്മക ലോകബോധവും കൊണ്ട് പരുവപ്പെടുത്തിയ യാത്രാവിവരണശൈലിയിലൂടെ എ.കെ. രാമചന്ദ്രൻ സൃഷ്ടിച്ചതാണ് നാലാമത്തെ രീതി. ഇവിടെ വായിക്കപ്പെടുന്ന നന്ദിനി മേനോന്റെ 'പച്ചമണമുള്ള വഴികൾ' പൊതുവെ യാത്രാസാഹിത്യരംഗത്ത് സാന്നിധ്യം തീരെ കുറഞ്ഞ സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടായ രചനയെന്ന നിലയിൽ മാത്രമല്ല, മേല്പറഞ്ഞവയിൽ രണ്ടാം വിഭാഗത്തിൽപെടുന്ന മികച്ച സാഹിത്യഗ്രന്ഥമായും നിങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കും. ഇടയ്ക്ക് രവീന്ദ്രന്റെ രചനകളിലേതുപോലുള്ള ചില സാമൂഹ്യ, രാഷ്ട്രീയ സൂചനകൾ വെളിപ്പെടുത്തുമെങ്കിലും പൊതുവെ കാല്പനികവും ആത്മനിഷ്ഠവുമായ സഞ്ചാരാനുഭൂതികൾ നിർണയിക്കുന്ന ലോകബോധത്തെ സ്ഥലങ്ങളിലും മനുഷ്യരിലും സന്നിവേശിപ്പിക്കുകയെന്നതാണ് നന്ദിനിയുടെ രീതി.

          വികസിതവും ജനനിബിഡവുമായ ആവാസപ്രദേശങ്ങളിൽനിന്നു മാറി രൂപം കൊള്ളുന്ന ഏകാന്തഗാനങ്ങൾ പോലുള്ള യാത്രാകഥനങ്ങൾ. ആൾക്കൂട്ടത്തിൽ തനിയെ നിൽക്കുന്ന ഭാവപ്രതീതികൾ. ആമുഖങ്ങളില്ലാത്ത സ്ഥലചരിതങ്ങൾ. ഇടങ്ങളും ദൃശ്യങ്ങളുമല്ല, അവ സൃഷ്ടിച്ച അനുഭവങ്ങളും അനുഭൂതികളുമാണ് യാത്രകൾ എന്നു തെളിയിക്കുന്ന രചനകൾ. മതേതരമായി ഭാവനചെയ്യപ്പെടുന്ന വാരണാസി, കൈലാസ്-മാനസസരോവർ യാത്രകളും കഥേതരമായി രൂപംകൊള്ളുന്ന ആൻഡമാൻ നിക്കോബർ യാത്രയും ഉൾപ്പെടെയുള്ളവ ഈയൊരു അനുഭൂതിസഞ്ചയമാണ് മുന്നോട്ടുവയ്ക്കുന്നത്. സ്‌ത്രൈണസൂചകങ്ങൾ നിറഞ്ഞ, വിടർന്ന കണ്ണുകളിലൂടെയുള്ള സുതാര്യമായ കാഴ്ചകളും സമൂർത്തമായ ദൃശ്യബിംബങ്ങളും കാലം നിശ്ചേതനമായി പ്രതിബിംബിക്കുന്ന സ്ഥലരാശികളും നിശ്ശബ്ദതയുടെ മഹാധ്വനിപാതങ്ങൾ ഇരമ്പിനിൽക്കുന്ന ജലാശയങ്ങളും ഗിരികൂടങ്ങളും വനാന്തരങ്ങളും മഞ്ഞും മഴയും കാറ്റും കൂടിപ്പിണയുന്ന പ്രകൃതിയും ഒറ്റതിരിഞ്ഞു നിൽക്കുന്ന ചില മനുഷ്യരും.... നന്ദിനിയുടെ ആഖ്യാനത്തെ സമ്പന്നമാക്കുന്നു. ചെറുതും നീണ്ടതുമായ ഗദ്യകവിതകൾപോലെ വായിച്ചനുഭവിക്കാവുന്ന സഞ്ചാരകഥകൾ. ഭൂമിശാസ്ത്രത്തെക്കാൾ സാമൂഹ്യശാസ്ത്രവും പരിഷ്‌കൃതജീവികളെക്കാൾ ജൈവപ്രകൃതിയും സംസ്‌കൃതികളെക്കാൾ പ്രാകൃതികതകളും ജനസഞ്ചയങ്ങളെക്കാൾ ഒറ്റമനുഷ്യരും നിറഞ്ഞ അനന്തവും അജ്ഞാതവും വിശാലവും വിസ്തൃതവുമായ സ്ഥലകാലങ്ങളിലൂടെ നീണ്ടുനീണ്ടു പോകുന്ന ഒറ്റയടിപ്പാതകൾ. 'ഞങ്ങൾ' എന്ന് പലപ്പോഴും പറയുമ്പോഴും 'ഞാൻ' മാത്രമവശേഷിക്കുന്ന ആത്മാഖ്യാനങ്ങൾ.

കേരളം (വയനാട്, മലക്കപ്പാറ), തമിഴ്‌നാട് (ചെട്ടിനാട്), ആന്ധ്രാപ്രദേശ് (കടിയം, വിശാഖപട്ടണം, ഭീമുനി പട്ടണം), ബസ്തർ ഉൾപ്പെടെയുള്ള ദണ്ഡകാരണ്യമേഖല, കിഴക്കൻ ഗോദാവരീതടങ്ങൾ, അരുണാചൽപ്രദേശ്, മനാലി, സേലാ പാസ്, ആന്തമാൻ ദ്വീപുകൾ, കൈലാസ്-മാനസസരോവർ, കേദാർനാഥ്, വാരണാസി, ത്രിപുര (ഉനാകോടി) എന്നിങ്ങനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുവടക്കും കിഴക്കുപടിഞ്ഞാറും ചെന്നുമുട്ടുന്ന നിരവധി യാത്രകളുടെ മഴവിൽക്കാവടിയാണ് 'പച്ചമണമുള്ള വഴികൾ'.

          മധ്യേന്ത്യയിലെ ആദിവാസിഗ്രാമങ്ങളും മാവോയിസ്റ്റ് രാഷ്ട്രീയവും മുതൽ ആൻഡമാൻ ദ്വീപുകളിലെ അതിപ്രാചീനമായ നരവംശസാമൂഹികത വരെ; ദ്രവീഡിയൻ ഭൂപ്രഭുത്വത്തിന്റെ ഘനീഭൂതസമ്പന്നത മുതൽ ആത്മാക്കൾ ജന്മാന്തരങ്ങളിലേക്ക് തീർത്ഥയാത്ര പോകുന്ന ഹൈമവതഭൂവിന്റെ മഹാസമാധിസ്ഥാനങ്ങൾ വരെ; വയനാടൻ മഴക്കാടുകളുടെ മരതകഭംഗി മുതൽ വടക്കുകിഴക്കൻ ഇന്ത്യയിലെ പെരുമഴക്കാലങ്ങൾ വരെ-മരിക്കാൻ വേണ്ടി ജീവിക്കുന്നവർ സ്ഥിരവാസികളും ജീവിക്കാൻ വേണ്ടി ജീവിക്കുന്നവർ ചരവാസികളുമാകുന്നുവെന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട് നന്ദിനി, വെർജിനിയ വുൾഫ് പറഞ്ഞതുപോലെ തന്റെ ജീവിതരാജ്യത്തിന്റെ നിയതാതിർത്തികൾ സാകൂതം മറികടന്ന് ദേശാന്തരദൃശ്യങ്ങളുടെ ചേതോഹരമായ ഒരു അനുഭൂതിഭൂപടം നെയ്തിടുന്നു.

        

മുഖ്യമായും നാല് ഭാവതലങ്ങളിൽ ശ്രദ്ധയൂന്നുന്നു, നന്ദിനിയുടെ യാത്രാനുഭവാഖ്യാനങ്ങൾ. സ്വാഭാവികമായി രൂപം കൊള്ളുന്ന സഞ്ചാരങ്ങളുടെ സർഗാത്മകവിനിമയമാണ് ഒന്നാമത്തേത്. മുന്നൊരുക്കങ്ങളോ പശ്ചാത്തലസൂചനകളോ യാത്രയല്ലാതെ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ ഇല്ലാത്ത യാത്രകളുടെ കഥകൾ. സംഭവിച്ചുതുടങ്ങിയ യാത്രകളിലേക്കാണ് വായനക്കാർ ചെന്നുപെടുന്നത്. സ്ഥലങ്ങളോ ദൃശ്യങ്ങളോ വിവരിക്കപ്പെടുയല്ല ഈ സഞ്ചാരസാഹിത്യത്തിൽ. അവ നൽകുന്ന അനുഭവങ്ങളുടെയും അനുഭൂതികളുടെയും പ്രതീതിസഞ്ചാരത്തിൽ നൈസർഗികമായെന്നോണം ആണ്ടുനിൽക്കുകയാണ്, നീങ്ങുകയാണ്.

          വിനോദമെന്ന ജനപ്രിയസഞ്ചാരമൂല്യം സാമാന്യമായി കയ്യൊഴിഞ്ഞ് ജീവിതനിരീക്ഷണത്തിന്റെയും നരവംശജ്ഞാനത്തിന്റെയും കൗതുകങ്ങൾ വിടർത്തുന്ന സ്ഥലകാലപ്രവേശങ്ങളുടെ സ്വരൂപമാണ് രണ്ടാമത്തേത്. യാത്ര ഇവിടെ ഒരു ചിന്തപോലെയാണ് പടർന്നുപരക്കുന്നത്. പ്രാചീനവും ആധുനികവുമായ ജനസംസ്‌കൃതികളെ വിദൂരഭൂതചരിത്രത്തിന്റെ മഹാപ്രാകാരങ്ങളെ, പടലതിരിഞ്ഞ് ഒറ്റയായ ആൺ, പെൺ പ്രരൂപങ്ങളെ, ദൈനംദിനത്വത്തിന്റെ പ്രകാശവർഷങ്ങളെ ഒക്കെ ഒന്നൊന്നായി അനാവരണം ചെയ്യുന്ന  കാഴ്ചപ്പാടങ്ങളിലേക്കാണ് നന്ദിനി നടന്നുകയറുന്നത്.

മതാത്മകതയും ആധ്യാത്മികതയും ഏറെക്കുറെ ഒഴിവാക്കി, പ്രതിഷ്ഠയുള്ളവയും ഇല്ലാത്തവയുമായ മഹാക്ഷേത്രങ്ങൾ മുതൽ തീർത്ഥാടനകേന്ദ്രങ്ങൾ വരെയുള്ളവ നൽകുന്ന ജീവിതാനന്ദത്തിന്റെ അടരുകൾ മറനീക്കുന്ന അവതരണമാണ് മൂന്നാമത്തേത്. തീർത്ഥയാത്രാസംഘത്തിൽ ചേർന്നു സഞ്ചരിക്കുമ്പോഴും നന്ദിനിയുടെ കണ്ണുകൾ ചെന്നെത്തുന്നത് ദേവസ്ഥാനങ്ങളിലോ പുണ്യഘട്ടങ്ങളിലോ അല്ല. വാരണാസിയും കൈലാസവും മാനസസരോവരവും കേദാരവും ജീവിതോല്ലാസത്തിന്റെയും ആനന്ദത്തിന്റെയും അർഥം തേടുന്ന സ്‌നാനഘട്ടങ്ങളും ഗിരികൂടങ്ങളുമായി മാറുന്നു.

രാഷ്ട്രീയം, സാമൂഹികാബോധമായി തിടംവച്ചുനിൽക്കുന്ന സൂക്ഷ്മദർശനത്തിന്റെ യാത്രാമുഖങ്ങളാണ് നാലാമത്തെ തലം. ബസ്തർ മേഖലയിലും ഇതര മധ്യ-ഉത്തരേന്ത്യൻ ആദിവാസി-വനഭൂമികളിലും ദശകങ്ങളായി നീറിപ്പുകയുന്ന വംശ/ഗോത്രാസ്വസ്ഥതകളുടെയും ഭൂരാഷ്ട്രീയത്തിന്റെയും കനലുകൾ അമർന്നുജ്വലിക്കുന്നുണ്ട് പല ദേശകഥനങ്ങളിലും സഞ്ചാരപഥങ്ങളിലും.

ഈ നാല് ആഖ്യാനതലങ്ങളെയും തന്റെ യാത്രാവിവരണങ്ങളുടെ ഊടും പാവുമാക്കി മാറ്റി നന്ദിനി മലയാളത്തിലെ സഞ്ചാരസാഹിത്യത്തിനു നിർമ്മിച്ചുനൽകുന്ന സ്‌ത്രൈണ രാഷ്ട്രീയസ്വത്വമാണ് 'പച്ചമണമുള്ള വഴികളു'ടെ ഭാവമൂല്യങ്ങളിൽ ഏറ്റവും ശ്രദ്ധേയം. ഭാഷയിൽ, ഭാഷണത്തിൽ, ലോകബോധത്തിൽ, ജീവിതവീക്ഷണത്തിൽ, മനുഷ്യവിജ്ഞാനത്തിൽ, വ്യക്തിചിത്രാലേഖനത്തിൽ, ഭൂഭാഗദൃശ്യഭംഗിവിചാരത്തിൽ, അനുഭവാവിഷ്‌ക്കാരത്തിൽ ഒക്കെ പ്രകടമാകുന്നുണ്ട് ഈ സ്ത്രീബദ്ധത.

ഒട്ടാകെ ഇരുപതോളം യാത്രാനുഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഇവയിൽ ശ്രദ്ധേയമായ ചിലത് നോക്കുക.

ത്രിപുരയിലെ ഉനാ കോടിയിൽ ശിലാതലങ്ങളിൽ കൊത്തിയ എത്രയെങ്കിലും ശിവരൂപങ്ങൾ തേടിയുള്ള യാത്രയാണ് ഒന്ന്. കാലം ഘനീഭൂതമായി നിൽക്കുന്ന പ്രാചീനതയുടെ ബൃഹദാഖ്യാനംപോലെ മലഞ്ചെരിവുകളിൽ ചിതറിക്കിടക്കുന്ന ശിവശിരസ്സുകളുടെ ഉദ്യാനമാണ് ഉനാ കോടി. നന്ദിനി എഴുതുന്നു:

'ഉനാകോടി ഒരു നിശ്ശബ്ദ താഴ്‌വരയാണ്. കണ്ണടച്ച് നീണ്ടു നീണ്ടു പടരുന്ന താഴ്‌വര. കൂമ്പിയ ഇലകളുമായി മുളങ്കാടുകൾ പൊതിഞ്ഞുനില്ക്കുന്ന, വലിയ വടവേരുകളിൽ സമയം കെട്ടുപിണഞ്ഞു കിടക്കുന്ന ഇടം. കുന്നുകൾ തോളുരുമ്മി കൈകോർത്തു ഉയർന്നും താണും അങ്ങനെ പോകുന്നു. താഴ്‌വരകളിലേക്കു മുഖം കുത്തി നില്ക്കുന്ന വലിയ പാറക്കെട്ടുകളിൽ യോഗനിദ്രയിലാണ്ട ബൃഹത് ശിവരൂപങ്ങൾ. ഉനാകോടി എന്നാൽ, കോടിയിൽ ഒന്നു കുറവ് എന്നർത്ഥം. 99,99,999 ശിവരൂപങ്ങൾ എന്നാണ് കണക്ക്. ഓരോ കുന്നോളം വലുപ്പമുള്ള വലിയ പരന്ന മുഖങ്ങൾ, നീ പടർന്നു കിടക്കുന്ന ജടാഭാരം, വലിയ കർണ്ണ കണ്ഠാഭരണങ്ങൾ.... ഒരു നോട്ടത്തിലൊന്നും ഒതുക്കാൻ കഴിയാത്ത വിരാട് പുരുഷരൂപങ്ങൾ. അതങ്ങനെ കുന്നുകളിലൂടെ ഉരുകിയൊലിച്ച് താഴ്‌വരകൾക്കു മുകളിലൂടെ പടർന്നുപടർന്ന്... നമ്മൾ ആദ്യം എത്തുന്നത് അഗാധമായ ഒരു താഴ്‌വരയിലേക്കാണ്. അവിടെനിന്ന് നാലുവശത്തേക്കും ഒറ്റയടിപ്പാതകൾ വളഞ്ഞു പുളഞ്ഞ് കയറിപ്പോകുന്നുണ്ട്. ഏതിലേയും നടക്കാം.... മുകളിലേക്ക് കയറിപ്പോകാം.... കുന്നുകളെ വലംവെക്കാം... മുളങ്കാടുകൾക്കിടയിൽ മറയാം. അത്ഭുത ലോകത്തെത്തിയതുപോലെ. ശിവനു പുറമെ ഗണേശ്, ദുർഗ്ഗ മൂർത്തികളും അങ്ങിങ്ങുണ്ട്. നമ്മുടെ കാഴ്ചക്കപ്പുറം പരന്നു കിടക്കുന്ന ശിലാരൂപങ്ങൾ ചെറിയൊരു വിഭ്രാന്തിയുണ്ടാക്കുന്നുണ്ട്. AD 9 നും 10 നും ഇടക്കാണ് ഈ ശിലാരൂപങ്ങൾ നിർമ്മിക്കപ്പെട്ടത്. അന്ന് ഈ പ്രദേശം പാല രാജവംശത്തിന്റെ അധീനതയിൽ ആയിരുന്നു. കാഴ്ചക്കാർ വളരെ കുറവ്. ചെറിയ ഒരു അരുവി പാറക്കെട്ടുകളിലൂടെ ചിതറിയും തുളുമ്പിയും ഉരുണ്ടു വീണും ഒളിച്ചിരുന്നും മുന്നിൽച്ചാടിയും നിശ്ശബ്ദം ഒഴുകുന്നുണ്ട്. നമ്മളാദ്യം പ്രവേശിക്കുന്നയിടത്ത് ഉരൽക്കുഴിപോലുള്ള ഒന്നിൽ, അവൾ നിറഞ്ഞ് പരന്നൊഴുകുന്നുണ്ട്. അവിടെ ഒരു ദുർഗ പ്രതിഷ്ഠയും ഒന്നു രണ്ടു കൽചിരാതുകളും വാടിയ ചെമ്പരത്തിമാലയും കുങ്കുമം തൂവിയ ബലിക്കല്ലും കണ്ടു. അവിടെനിന്ന് ഒറ്റയടിപ്പാതയിലൂടെ, ഇടയ്ക്കുള്ള പരുക്കൻ കരിങ്കൽപ്പടവുകളിലൂടെ ഞങ്ങൾ താഴ്‌വരയെ വലംവെച്ച് പതുക്കെ കയറാൻ തുടങ്ങി.

തീർത്തും വിജനമായ ആ പ്രദേശത്തിന്, ചവച്ചരച്ച പച്ചിലകളുടെ മണമുണ്ടായിരുന്നു. ആദ്യം കരുതിയതുപോലെ എളുപ്പമായിരുന്നില്ല കയറ്റം. ഇളം വെയിൽ പരക്കുന്ന പാറപ്പുറങ്ങളിലെല്ലാം ഞങ്ങളിരുന്നു. കയറിവന്ന ഉരൽക്കുഴിയിലേക്ക് എത്തി നോക്കി. ചക്രവാളങ്ങളിലേക്ക് പടർന്നു കിടക്കുന്ന പുരുഷരൂപങ്ങളിലേക്കു നോക്കിനിന്നപ്പോൾ, ഈ യാത്ര എവിടെ അവസാനിക്കുമെന്ന് പരിഭ്രമത്തോടെ അത്ഭുതപ്പെട്ടു. ഇടക്കൊന്ന് നോക്കിയപ്പോൾ, ദുർഗ്ഗാപ്രതിഷ്ഠയുടെ അരികിൽ കുറച്ച് ആളുകൾ കൂടി നില്ക്കുന്ന കണ്ടു. കുറച്ചുപേർ നടന്നുവരുന്നുമുണ്ട്. അവിടെ ഒരു പൂജക്കുള്ള ഒരുക്കങ്ങൾ നടക്കുന്നപോലെ. അവരുടെ തലക്കു മുകളിലൂടെ, പാറക്കെട്ടുകൾക്കിടയിലൂടെ ഞങ്ങൾ നോക്കി നില്ക്കുന്നതറിയാതെ കുട്ടികൾ ഓടിക്കളിക്കുന്നു. സ്ത്രീകൾ തളികകൾ നിറയ്ക്കുന്നു. ഇപ്പോൾ കുന്നിൻ മുകളിൽ അരയാൽ മരക്കൂട്ടങ്ങൾ നിറഞ്ഞു നില്ക്കുന്ന, ഒരല്പം പരന്ന പ്രദേശത്ത് ഞങ്ങളെത്തിക്കഴിഞ്ഞിരുന്നു. ഒരു മരത്തിനു ചുവട്ടിൽ കുങ്കുമം പൂശിയ കുറെ കല്ലുകളും ഫോട്ടോകളുമായി ഒരാൾ ഇരിപ്പുണ്ട്.

ഞങ്ങളെക്കണ്ടതും ചാടിയെഴുന്നേറ്റ്, കർപ്പൂരം കത്തിച്ച്, മല്ലികാർജുന, മല്ലികാർജുന എന്നു പറഞ്ഞ് ക്ഷണിച്ചു. മന്ത്രങ്ങൾ ഉറക്കെ പറഞ്ഞ് കർപ്പൂരമുഴിയുന്ന അയാളുടെ മഞ്ഞ കട്ടപ്പല്ലുകൾ വിചിത്രമായി തോന്നി. അവിടവിടെ കിടക്കുന്ന, അംഗഭംഗങ്ങൾ വന്ന ചില കൽശില്പങ്ങൾ കാട്ടി എന്തൊക്കേയോ പറഞ്ഞ് അയാൾ താത്ക്കാലിക ടൂറിസ്റ്റ് ഗൈഡും ആയി. നനുത്ത ചൂടുള്ള പാറപ്പുറത്ത് ഇലകൾക്കിടയിലൂടെ നീലിച്ച ആകാശം നോക്കിക്കിടക്കുമ്പോൾ ഇതെവിടെയാണ്, ഇനിയങ്ങോട്ടാണ് എന്നൊക്കെ ഞാൻ അത്ഭുതപ്പെട്ടു. താഴത്തെ ആൾക്കൂട്ടം ഇതിനിടയിലും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരാരും മലഞ്ചെരുവിലെ പാതകളിലേക്ക് കയറിയിട്ടില്ലാത്തതിനാൽ, ദുർഗ്ഗാപൂജക്ക് വന്നവർ തന്നെയെന്ന് ഉറപ്പിച്ചു. കെട്ടുപോയ കർപ്പൂരത്തളിക മാറ്റിവെച്ച്, മഞ്ഞപ്പല്ലുകാരൻ, പാന്മസാല കയ്യിലിട്ടു തിരുമ്മുന്നു. സന്ദർശകരാരുമില്ലാത്ത വിജനതാഴ്‌വരയിൽ, ദൈവങ്ങൾക്ക് കാവലിരിക്കുന്ന അയാൾ വല്ലാത്തൊരു കാഴ്ചയായി.

വന്ന വഴിക്കു തന്നെ ഞങ്ങൾ ഇറങ്ങാൻ തുടങ്ങി. ഉരൽക്കുഴിയിലെ പൂജ കാണാനൊരു കൗതുകവും ഉണ്ടായിരുന്നു. വന്മരങ്ങളുടെ വേരുകൾക്കിടയിലൂടെ പാത്തും പതുങ്ങിയും ഇറങ്ങിയിറങ്ങി വരുമ്പോഴാണ്, താഴെ ഭക്തജനക്കൂട്ടത്തിനിടക്ക് അതിനെ കണ്ടത്. കുഞ്ഞിക്കാലുകളിൽ തുള്ളിക്കളിച്ചു നില്ക്കുന്ന വെളുത്ത രോമക്കെട്ട്. സ്ത്രീകളുടെ കാലുകളിൽ മുട്ടിയുരുമ്മി തലയിളക്കി, കല്ലു മണത്ത്, ഇടയ്‌ക്കൊന്നറിയാതെ തുള്ളി തുളുമ്പി... സിന്ദൂരം മൂടിയ ബലിക്കല്ല് പെട്ടെന്നോർത്തു. നേർത്ത ശബ്ദത്തിൽ മുളകൾ തേങ്ങുന്നത് കേട്ടു. ദുർഗയുടെ കഴുത്തിലെ പുതിയ ചുവന്ന ഹാരം കണ്ടു. ശിലാചിരാതുകളിൽ നാവുനുണയ്ക്കുന്ന തീനാളങ്ങൾ കണ്ടു. കാഴ്ചകൾ മറയ്ക്കുന്ന വഴികൾക്കായി ഞങ്ങൾ വേവലാതിയോടെ തിരഞ്ഞു. വലത്തോട്ടോ ഇടത്തോട്ടോ എന്നറിയാത്ത ഏതോ ഒരു വഴിത്താരയിലേക്ക് ഞങ്ങൾ തിരക്കിട്ടു നടന്നു. ആ വഴി, സൗമനസ്യത്തോടെ ഒരു മുളങ്കാടിനകത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. രുധിരാധരങ്ങൾ നീട്ടിനില്ക്കുന്ന ഉരൽക്കുഴി മറഞ്ഞു, മറയുന്ന കാഴ്ചകൾ നല്കുന്ന താത്ക്കാലിക സമാധാനമറിഞ്ഞു. തഥാഗതന്റെ ഭാവഹാദികളോടെ കോടിയിൽ ഒന്നു കുറഞ്ഞ പുരുഷരൂപങ്ങൾ വഴിനീളെ തണുത്തുറഞ്ഞുനിന്നു'.

വാരണാസിയിൽ, ഗംഗയിൽനിന്ന് കാണുന്ന ആരതിയുടെ ദൃശ്യാനുഭവത്തിനാണ് മറ്റൊരു ലേഖനം ഊന്നൽ കൊടുക്കുന്നത്. സവിസ്തരം, സാകൂതം, ആരതി വർണിക്കുന്ന യാത്രിക, വാരണാസിയിൽ ജന്മങ്ങളിൽ നിന്ന് ജന്മങ്ങളിലേക്കു തലചായ്ക്കുന്ന ആത്മാക്കളെയും ജീവിച്ചിരിക്കുമ്പോൾതന്നെ മൃതദേഹങ്ങളായി മാറിയ വൃദ്ധമന്ദിരത്തിലെ സ്ത്രീകളെയും ഗംഗയിൽ അനാഥമായി പൊന്തിനീന്തുന്ന ജഡത്തെയും ഒരേ ആർജ്ജവത്തോടെ നോക്കിക്കാണുന്നു.

         

കൈലാസ്-മാനസസരോവർ യാത്രയുടെ ദീർഘമായ ദൈനംദിനാഖ്യാനമാണ്, 'മൗനംപോലെ, മന്ത്രംപോലെ'. ഹിമാലയത്തിന്റെ അതുല്യമായ ഭൂമിശാസ്ത്രവൈവിധ്യം മുതൽ അനന്തവും അപാരവുമായ പ്രപഞ്ചരഹസ്യങ്ങൾ മഞ്ഞുപോലെ ഘനീഭവിച്ച മലനിരകളുടെ മഹാദൃശ്യങ്ങൾ വരെ ഓരോന്നും ഒപ്പിയെടുക്കുന്ന കാവ്യവാങ്മയം. ബാല്യം തൊട്ട് ഭാവനയിൽ ഉടൽപൂണ്ടുനിൽക്കുന്ന കൈലാസനാഥന്റെ മടിത്തട്ടിൽ, മാനസസരോവരത്തിന്റെ തണുത്തുറഞ്ഞ ഓളപ്പാത്തികളിൽ, മഹാനിശ്ശബ്ദത മുഴങ്ങുന്ന താഴ്‌വരയിൽ, ഒരു ജന്മത്തിൽ ഒരിക്കൽ മാത്രം സാധ്യമാകുന്ന അനുപമമായ അനുഭവത്തിലാഴ്ന്നു മുങ്ങിയ ദിനരാത്രങ്ങളുടെ സ്മൃതിചിത്രങ്ങൾ. ലാവണ്യദീപ്തമായ ഭാഷയിൽ നന്ദിനി എഴുതുന്നു:

'തൊണ്ണൂറ്റഞ്ചു കി.മി. ദൂരെയാണ് മാനസസരോവരം. നല്ല വീതിയുള്ള റോഡിലൂടെ പതുക്കെയാണ് വാഹനം നീങ്ങുന്നത്. ഞങ്ങളുടെതാണ് 2017 ലെ തീർത്ഥാടനകാലത്തെ അവസാനസംഘം. അതുകൊണ്ട് അത്യപൂർവ്വമായി മാത്രമെ മറ്റു വാഹനങ്ങൾ കാണുന്നുള്ളു. ഇടക്കിടെ റോഡു മുറിച്ചോടുന്ന വലിയ എലികൾ. പ്രാർത്ഥനക്കൊടികൾ പാറുന്ന ചില ചെറിയ ബുദ്ധ വിഹാരങ്ങൾ ഇടക്കു കാണാം, പട്ടാളക്കാരുടെ ടെൻറുകളും മൺപുറ്റുകൾ പോലെയുള്ള കുന്നുകളിലെല്ലാം ചെറിയ കിളിവാതിലുകൾ, മലമ്പ്രദേശങ്ങളിൽ പാർക്കുന്ന പക്ഷികളുടെ കൂടാണോ എന്തോ. ഞങ്ങളെല്ലാം തികച്ചും അപ്രതീക്ഷിതക്കാഴ്ചക്കായുള്ള തികഞ്ഞ പ്രതീക്ഷയിൽ നിശ്ശബ്ദരായിരുന്നു. ദൂരെക്ക് നീണ്ടുനീണ്ടു കിടക്കുന്ന പർവതശൃംഗങ്ങളെല്ലാം മഞ്ഞുരുകി നഗ്‌നരാണ്. ഇതിനിടയിലെപ്പോഴാവും കൈലാസദർശനം!

എത്ര കഥകൾ കേട്ടിട്ടുണ്ട്. വേനലവധികളിൽ, ആളൊഴിഞ്ഞ വലിയ വീടിന്റെ പടിഞ്ഞാറെ അറയിൽ രാത്രി ഏറെ വൈകി കിഴക്കോട്ട് നോക്കിയിരുന്ന് ജപിക്കുന്ന മുത്തശ്ശി പറഞ്ഞുതരുന്ന കഥകൾ, ചുവന്ന, തണുത്ത, തലമുടിനാരുകൾപോലെ വരയും കുറിയുമുള്ള നിലത്ത് കവിളമർത്തി കിടന്നുകൊണ്ടിതു കേൾക്കുന്ന അവളുടെ വിടർന്ന കണ്ണുകൾക്കു മുന്നിലൂടെ പരക്കം പായുന്ന കല്യാണ ഉറുമ്പുകൾ, നീളൻ കാലുകളിൽ ബാലൻസ് ചെയ്‌തോടുന്ന സ്ഫടിക വയറുള്ള എട്ടുകാലി, അബദ്ധത്തിൽ വഴിതെറ്റിവന്ന് കണ്ണുരുട്ടി വിഷണ്ണതയോടെ നില്ക്കുന്ന പുളിയുറുമ്പ്. കഥയ്ക്കാപ്പം വളരുന്ന രാവ്. എള്ളൂത്തൻപാറയിൽ കുറുക്കൻ ഓരിയിടുന്നതു കേട്ട്, തട്ടുമ്പുറത്തെ പ്രാവുകൾ ഒന്നു തിരിഞ്ഞുകിടക്കും ബദാംമരത്തിനെ കുലുക്കിയുണർത്തി ഒരു കുത്തിച്ചൂളാൻ പറക്കും ഉറക്കം ഞെട്ടിയതിന് തൊഴുത്തിനു പിന്നിൽ മണ്ണട്ടകൾ ചിലയ്ക്കും.

സതീദേവിയുടെ ആത്മഹത്യയറിഞ്ഞ ദേവൻ സംഹാരതാണ്ഡവമാടുകയാണ്. കൈകളിൽ പ്രിയതമയുടെ കരിഞ്ഞ ശരീരം താങ്ങിക്കൊണ്ട് അഴിഞ്ഞുലഞ്ഞ ജടാഭാരം ചക്രവാളത്തിൽ ചുഴറ്റിക്കൊണ്ട്, കനൽ പഴുത്ത മിഴികളാൽ നക്ഷത്രങ്ങളെ എരിയിച്ചുകൊണ്ട്, സർപ്പത്തളകളണിഞ്ഞ പാദങ്ങളിൽ തുടിതാളം പേറിക്കൊണ്ട്, ഉലഞ്ഞാടുന്ന വിരാടപുരുഷൻ. പ്രാകൃതവും പ്രകടിതവുമായ ആ പ്രചണ്ഡപ്രണയത്തിൽ മുങ്ങിപ്പൊങ്ങിക്കിടന്നിരുന്ന ആ പെൺകുട്ടിയാണിന്ന്, അമ്മക്കും മുത്തശ്ശിക്കും കൂടി വേണ്ടി ഈ വഴിയെ പോകുന്നത്.

ദൂരെ, ചക്രവാളത്തിന്റെ അതിരാണോ ആകാശത്തിന്റെ കണ്ണാടിയാണോ എന്ന് വ്യക്തമല്ലാത്തവണ്ണം നീലച്ചായം പടരുന്നതു കണ്ടു. വണ്ടിക്കകത്തെ നിശ്ശബ്ദതയിൽ സീൽക്കാരങ്ങളുയർന്നു. നീലച്ചായം പടർന്നും അകന്നും ആകാശത്തിലമർന്നും കണ്ടുകൊണ്ടേയിരുന്നു. ചിലപ്പോൾ ഇടത് ചിലപ്പോൾ വലത് ചിലപ്പോൾ നേരെ മുൻവശത്ത്, ഒരു കണ്ണാടിച്ചില്ലു ചിരിക്കുന്നതുപോലെ. ഉദ്വേഗത്തിന്റെ, കാഴ്ചയുടെ, മുറുകുന്ന നിമിഷങ്ങളെ നോവിക്കാതെ മൃദുസ്വരത്തിൽ ഗൈഡ് പറഞ്ഞു, ആദ്യം നമ്മൾ കാണുന്നത്. രാക്ഷസ്താൾ ആണ്. രാക്ഷസ തടാകത്തിന് ഏതാണ്ട് ത്രികോണാകൃതിപോലെ തോന്നി. അലകളുടെ മന്ദഗമനം അതിന്റെ ആഴത്തെ വെളിവാക്കുന്നുണ്ട്. തവിട്ടുനിറത്തിൽ താറാവുപോലുള്ള പക്ഷികൾ വെള്ളത്തിൽ പൊങ്ങിയും താണും. രാക്ഷസതടാകം ഏകാകിയാണ്. വിജനഹിമവൽപ്രദേശത്ത് സന്ദർശകരും തീർത്ഥാടകരും ഇല്ലാതെ കെട്ടിക്കിടക്കുന്ന കണ്ണീർപോലെ, മുട്ടിത്തിരിയുന്ന നെടുവീർപ്പുപോലെ. വന്യമായ, പ്രചണ്ഡമായ വശ്യതയുണ്ടതിന്. എന്നിട്ടും രാക്ഷസതടാകത്തിൻ കരയിൽ നില്ക്കുമ്പോഴും ദൂരെ പച്ച ചേർന്ന നീലക്കണ്ണാടിയുയർത്തി ആകാശം മാടിവിളിക്കുന്ന മാനസസരോവരതീരത്തേക്കാണ് കണ്ണുകൾ പായുന്നത്. ചില പൊട്ടിയ സിമന്റുബെഞ്ചുകൾപോലെ ഒന്നുരണ്ടെണ്ണം അവിടെ കിടപ്പുണ്ട്. ഷൂ ലേസ് കെട്ടാൻ വെറുതെ ഒന്നിരുന്നതാണ്. ആ ഇരിപ്പിലെടുത്ത ഫോട്ടോയിൽ, പുറകിൽ ശരിക്കും ത്രികോണാകൃതിയിൽ, നീലിച്ച പാടുപോലെ തടാകം മുഴുവനായും പതിഞ്ഞു കിട്ടി. ചിത്രങ്ങൾ എടുക്കാൻ ചെയ്തിട്ടൊരു സംവിധാനമായിരിക്കും അതെന്നു തോന്നുന്നു.

 

ഓടിത്തുടങ്ങിയ ബസിന്റെ ജാലകത്തിലൂടെ നോക്കുമ്പോൾ, വല്ലാത്തൊരു നൈരാശ്യവും വിരക്തിയും മുഖത്തു വരുത്തി ദുർവാശി പിടിച്ചിരിക്കുന്ന, കറുത്തു തടിച്ചൊരു പാവത്താനെപ്പോലെ രാക്ഷസ് താൾ. ബസിനകത്ത് ഒരു ചൂടുസീൽക്കാരം പുളഞ്ഞു. വലതുഭാഗത്ത്, മഞ്ഞു കൊഴിഞ്ഞ് നഗ്‌നരായ പർവതങ്ങൾക്കിടയിൽ, വെളുത്ത കൈലാസശൃംഗം ദൃശ്യമായി. ഒപ്പം തന്നെ മാനസസരോവരവും എല്ലാവരും ഒരുമിച്ചെഴുന്നേറ്റു നവരാത്രി ആദ്യദിനത്തിൽ പെരുങ്കുറിശ്ശി അപ്പന്റെ നിറമാലക്ക്, തുമ്പപ്പൂപോലെ അലക്കിയെടുത്ത മുണ്ടുകീറി ചെറിയ എള്ളുകിഴികൾ ഉണ്ടാക്കും മുത്തശ്ശി. അമ്പലക്കുളത്തിന്റെ ഉയർന്ന മതിലിൽ, വാഴപ്പോളക്കീറുകളിൽ എള്ളുതിരി കത്തിച്ചുവെച്ച് അലങ്കരിക്കും. കുഞ്ഞുതലക്കെട്ടുള്ള ആ വെളുത്ത എള്ളുതിരിയുണ്ടപോലെ, അങ്ങു ദൂരെ കൈലാസം. പാത പതുക്കെ പതുക്കെ സരോവര തീരത്തേക്കടുത്തു. നീല മഷി തട്ടിത്തൂവിയതുപോലെ മാനസസരോവരം, ഇപ്പോൾ തുള്ളിത്തുളുമ്പും എന്നു തോന്നി. നീലയുടെ നൂറു നൂറു നിറഭേദങ്ങൾ. മൂന്നുവശവും പർവതങ്ങളാൽ വലയം ചെയ്ത് നെറുകയിൽ കൈലാസം ചൂടി, ലോകത്തിന്റെ അറ്റത്തേക്കെന്നപോലെ പരന്നു പോകുന്ന നീലത്തടാകം. സരോവര പ്രദക്ഷിണം ബസിൽ ചെയ്യാം, ഗതാഗതയോഗ്യമായ റോഡുണ്ട്. സീസൺ അവസാനിക്കുന്നതിനാൽ തീരം തീർത്തും വിജനമായിരുന്നു. ആഴം കുറഞ്ഞ ഒരിടത്ത് വണ്ടി നിർത്തി. പുറത്തേക്കിറങ്ങിയവർ ശീതക്കാറ്റിന്റെ കത്തിമുന കഴുത്തിൽ തറച്ച് ശ്വാസം വിലങ്ങിനിന്നു. മുഖത്ത് മാന്തിക്കീറുന്ന കാറ്റിന്റെ നഖങ്ങൾ. കുറെയേറെ നിമിഷങ്ങൾക്കുശേഷം ശരീരം കാറ്റുമായി സന്ധി ചെയ്തു. മാമലകളിൽ തട്ടി ഉരുണ്ടു വീഴുന്ന കാറ്റ് തീരത്തെ ചുഴികളിൽ കുടുങ്ങി വട്ടംകറങ്ങി. മഞ്ഞച്ച കുഞ്ഞുപുല്ലുകളും, നനുത്ത പായൽ വള്ളികളും മാത്രമെ അവിടെയുള്ളൂ. ചിലയിടങ്ങളിൽ ചുവന്ന മുള്ളുവള്ളികളും പടർന്നിരുന്നു.

ഷൂ, സോക്‌സ് എല്ലാം അഴിച്ചുവെച്ച് തീരത്തെ കുഞ്ഞുരുളൻകല്ലുകളിലൂടെ ഞങ്ങൾ നടന്നു. ഇടക്കിടെ മുട്ടറ്റം വെള്ളത്തിൽ ഇറങ്ങി, അതികഠിനമായ തണുപ്പിൽ കാലുകൾ നീലിച്ചു. ചിലരെല്ലാം ചെറിയൊരു മുങ്ങൽ നടത്തുന്നുണ്ടായിരുന്നു. ഒന്നോ രണ്ടോ പേർ ചന്ദനത്തിരി കല്ലുകൾക്കിടയിൽ കുത്തി നിർത്തി. പ്രകൃതിതന്നെയാണ് ദേവത, കാഴ്ച തന്നെയാണ് സാധന. തവിട്ടു നിറത്തിലുള്ള താറാവുപോലുള്ള പക്ഷികൾ ഇടക്കിടെ വെള്ളത്തിലേക്കും കരയിലേക്കും ശരവേഗത്തിൽ പാറുന്നുണ്ടായിരുന്നു. കാറ്റിന്റെ തൊണ്ടയിടറൽ അല്ലാതെ വേറൊരു ശബ്ദവുമില്ലാത്ത കടുത്ത നിശ്ശബ്ദതയുടെ പെരും സ്വരം. സരോവരതീരത്ത് ഒരു ഉരുളൻ കല്ലിൽ തലവെച്ച് ആകാശം നോക്കി മലർന്നു കിടന്നു. ഇവിടെയെത്താനാണ് ഞാനിത്രയും ആഗ്രഹിച്ചത്, ഈ തീരവും ആകാശവും മഞ്ഞണിഞ്ഞ ശൃംഗവുമാണ് എന്നെ കൊതിപ്പിച്ചുകൊണ്ടിരുന്നത്. ഈ നിശ്ശബ്ദതയാണ് ഞാനേറെ കേട്ടിരുന്ന ശബ്ദങ്ങളുടെ പ്രഭവസ്ഥാനം.

         

തീരത്തോടു തൊട്ടുകിടക്കുന്ന മൺ വീട്ടിലാണ് രാത്രി. മണ്ണു പൊതിഞ്ഞുണ്ടാക്കിയ ചെറിയ ഷെഡ്. ഇടനാഴിക്കിരുവശവും ചെറിയ ചെറിയ മുറികൾ. മുറികൾക്കകത്ത് നാലും ആറും വിരിച്ചിട്ട കട്ടിലുകൾ. ഒരു ചെറിയ ഭക്ഷണമുറി, അടുക്കള. ദൂരെ വെള്ളവും വെളിച്ചവുമില്ലാത്ത ശൗചാലയം. ഇന്ന് പൗർണമിരാവാണ്. ഈ രാത്രി, ഈ തീരത്തെത്തണം എന്ന് മുൻകൂട്ടി കരുതി തയ്യാറാക്കിയ യാത്രയാണ്. സന്ധ്യക്ക് എവിടെനിന്നോ പാഞ്ഞു വന്ന കാർമേഘങ്ങൾ ചന്ദ്രനെ മൂടിയിട്ടു. മുറിയുടെ ചെറിയ കണ്ണാടി ജനാലയിലൂടെ ഞങ്ങൾ മാനത്തെ ഒളിച്ചുകളികൾ നോക്കിനിന്നു. തിളച്ച സൂപ്പും, കിച്ചടിയും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇടനാഴിക്കകത്തുകൂടെ ഇരുട്ടുറഞ്ഞ തണുപ്പ് പെരുംവാലിളക്കി ഇഴഞ്ഞു കൊണ്ടിരുന്നു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന പ്രകാശം കുറഞ്ഞ ബൾബുകൾ, ഞങ്ങളുടെ സ്ഥലനിഴലുകളെ ഭീകരമാക്കി. കറുത്ത കോട്ടുകൾക്കുള്ളിൽ, നെറ്റിയിൽ പതിപ്പിച്ച വിളക്കുകൾ കത്തിച്ച്, മൂക്കിൽനിന്നും ആവി പടർത്തി വീടിന്റെ മുറ്റത്തു നില്ക്കുന്ന ഞങ്ങൾ മനുഷ്യർ തന്നെയോയെന്ന് ഇടക്കിടെ അത്ഭുതപ്പെട്ടു. ഭക്ഷണം നേരത്തെ കഴിഞ്ഞു. ശൗചാലയത്തിലേക്കുള്ള നരകയാത്രയും തീർത്തു. ശരീരസുഖമില്ലാതായ രണ്ടുപേർ കിടക്കുന്ന മുറിയിൽ തടിയൻ മെഴുകുതിരികൾ എരിഞ്ഞു. ഷെഡിന്റെ കിളിവാതിലിൽ ഞങ്ങൾ കുറെ പേർ ചന്ദ്രോദയം കാത്തുനിന്നു. കാറ്റുപോലും ക്ഷീണിച്ച ആ രാത്രിയോളം നിശ്ശബ്ദമായ ഒരു രാവ് ഞാനിന്നു വരെ അനുഭവിച്ചിട്ടില്ല. പതുക്കെ മേഘങ്ങൾ നീങ്ങി, രാവിന്റെ ഹെഡ്‌ലൈറ്റ് പോലെ ചന്ദ്രൻ തെളിഞ്ഞു. ചെറിയൊരു മർമരം ഷെഡിനകത്ത് പുളഞ്ഞു. തടിയൻ നിഴലുകൾ ഇടനാഴിയിലൂടെ നീങ്ങി. മരവാതിൽ തുറന്ന് ഓരോരുത്തരായി പുറത്തിറങ്ങി. മദകുംഭമേന്തിയ വലിയൊരു സ്വർണത്താലം പോലെ ഭൂമി. വലിയൊരു ചന്ദനനീർത്തുള്ളിപോലെ തടാകത്തിലേക്ക് ഇറ്റുവീഴാൻ നില്ക്കുന്ന പൗർണമി ചന്ദ്രൻ. ആ കാണുന്ന പാറമേൽ കയറി നിന്നാൽ, ഒരു കമ്പുകൊണ്ട് എനിക്ക് ചന്ദ്രനെ തൊടാം. കാണെക്കാണെ നമ്മെ നാലുവശത്തുനിന്നും വളയുന്ന വെള്ളി പൂശിയ നീല ജലം. വലിയൊരു നീലക്കൂടാരത്തിനകത്ത് മുഖങ്ങളില്ലാതെ, പരസ്പരം ചേർന്നു നില്ക്കുന്ന കുറച്ചു നരച്ച നിഴലുകൾ മാത്രമായി ഞങ്ങൾ. ഇടംവലം മുൻപിൻ ബോധങ്ങളറ്റ് ഒന്നും മിണ്ടാനോ കേൾക്കാനോ ഇല്ലാതെ, ഇനിയൊരിക്കൽ ഒരു പക്ഷേ ഈ ജീവിതത്തിൽ സംഭവിക്കാത്ത രാവിൽ, ഒഴിഞ്ഞ മനസുമായി ഒന്നിനും വേണ്ടിയല്ലാതെ ഞാൻ പ്രാർത്ഥിച്ചുനിന്നു. ഇത്രക്കും ആഴത്തിൽ, സാന്ദ്രതയിൽ, തെളിച്ചത്തിൽ, നിശ്ശബ്ദതയിൽ, സൗന്ദര്യത്തിൽ, ഞാനിന്നുവരെ ഒന്നും കണ്ടിട്ടില്ല'.

കേദാരത്തിലേക്കു നടത്തിയ യാത്രയുടെ ഓർമ്മയും ഈ രചനയോട് ചേർത്തുവായിക്കാം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രാചീനമായ ഗോത്രജനതയെന്നു കരുതപ്പെടുന്ന ജറാവകൾ അധിവസിക്കുന്ന ദ്വീപുകളിലേക്കും ആന്തമാന്റെ കൊളോണിയൽ രാഷ്ട്രീയ-ചരിത്രാവശിഷ്ടങ്ങളിലേക്കും നടത്തുന്ന സൂക്ഷ്മസഞ്ചാരമാണ് ആൻഡമാൻ ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലുകളുടെയും തൂക്കുമരയറകളുടെയും കരളറുക്കുന്ന ഭൂതഗാഥകൾ തൊട്ട് ആന്തമാൻ ദ്വീപുകളിലെ പവിഴപ്പുറ്റുകളും ചുടുനീരുറവകളും നൽകുന്ന സ്പർശാനുഭൂതികൾ വരെയുള്ളവ നന്ദിനി പുനഃസൃഷ്ടിക്കുന്നു.

'പച്ചച്ചായം തേച്ച മരപ്പലകയിൽ ഒരേ അകലത്തിൽ മൂന്നു വെളുത്ത വട്ടങ്ങളുണ്ട്, അതിലേക്കു തൂങ്ങി നില്ക്കുന്ന കുരുക്കിട്ട കയർത്തുമ്പുകളുണ്ട്, ഒരു വശത്ത് ലോഹ ലിവറുണ്ട്. ലിവർ വലിച്ചാൽ മരപ്പലകകൾ നീങ്ങി കയർത്തുമ്പ് താഴെയുള്ള ഇരുട്ടു കൂടുസു മുറിയിലേക്ക് തൂങ്ങും ഒന്നിട പിടയും പിന്നെ നിലയ്ക്കും കുടുസു മുറിയിൽ നിന്നും കുത്തനെയുള്ള ഇടുങ്ങിയ പടിക്കെട്ടിലൂടെ അതു പുറത്തേക്കെടുക്കും ദ്വീപിലെ കണ്ണീരു ചുവയ്ക്കുന്ന മണലിലെവിടെയോ അതു മൂടും അപ്പോൾ Watchtower ൽ നിന്ന് ഉറക്കെ സൈറൺ അടിക്കും.

         

ദൂരെ ദൂരദൂരെ ഏതോ ഒരു അമ്മ, അച്ഛൻ, ഭാര്യ, മകൾ, കാമുകി... ഇനിയും മടങ്ങിവരാത്തവനെ കാത്തിരിക്കും, ദൂരങ്ങൾ ഏറെ ദൂരത്തായിരുന്ന അന്ന് പ്രിയപ്പെട്ടൊരുവൻ കടലിനക്കരെ തടവറയിലായതു പോലുമറിയാതെ അവർ എന്നെന്നും അവനെ കാത്തു കാത്തിരിക്കും.

         

പോർട്ട്ബ്‌ളയറിലെ സെല്ലുലാർ ജയിൽ പൊറ്റ കെട്ടി കറുത്തുണങ്ങി നില്ക്കുന്ന വലിയൊരു വ്രണമാണ്. നീണ്ടു നീണ്ടു കിടക്കുന്ന ഇടുങ്ങിയ ഇടനാഴികളിലേക്ക് ഊക്കിൽ നിശ്വസിക്കുന്ന ഇരുണ്ട അറകൾക്ക് കീഴ്‌പ്പെടുത്താനാവാത്ത വീര്യത്തിന്റെ ഊറ്റമുണ്ട്. പരുക്കൻ ചുവരുകളിൽ പൊളിഞ്ഞിളകിയ നഖങ്ങളാൽ കോറിയിട്ട ജീവന്റെ വാക്കുകളുണ്ട്. ശവംപോലെ വെറുങ്ങലിച്ച ഇരുമ്പഴികളിൽ മുഖം ചേർത്ത ആയിരമായിരം നീരു വറ്റാ കനവുകളുണ്ട്. വെയിലുപോലും എത്തി നോക്കാൻ മടിക്കുന്ന ഉയരത്തിലുള്ള കിളിവാതിലുകളിൽ ചിറകടിച്ചു നില്ക്കുന്ന വലിയൊരു നിലവിളിയുണ്ട്. വക്കുകൾ തേഞ്ഞു തുടങ്ങിയ സിമന്റു പടിക്കെട്ടുകളിൽ കൂച്ചു വിലങ്ങിട്ട പാദങ്ങൾ ഓടിത്തീർക്കാനാഗ്രഹിച്ച ഒരുപാടൊരുപാട് ദൂരങ്ങളുണ്ട്. ഇടനാഴിയിലെ പരുക്കൻ തറകളിൽ വലിച്ചിഴച്ച സമരവീര്യത്തിന്റെ നീറുന്ന നെഞ്ചുകളുണ്ട്. സെല്ലുലാർ ജയിലെന്ന മനുഷ്യനിർമ്മിതിയിലേക്ക് കാലെടുത്തു വെക്കുന്ന മാത്രയിൽ നമ്മളിൽ ഉണരുന്ന ഒരു വല്ലാത്ത വിങ്ങലുണ്ട്, കറുത്തു പൊറ്റകെട്ടി വരണ്ടുണങ്ങി നില്ക്കുന്ന വ്രണം ഒരിക്കലും അകമെ ഉണങ്ങിയിട്ടില്ല എന്ന അറിവാണത്.

         

ഇത് എണ്ണ ചക്ക്, ഇത് തേങ്ങ പൊട്ടിക്കുന്ന ഇടം, ഇത് ധാന്യം പൊടിക്കാൻ, ഇതാണ് ജയിൽ വേഷം, ഇത് കൂച്ചുവിലങ്ങുകൾ.... കൈകൾ ചേർത്ത്, കയ്യും കാലും ചേർത്ത്, കയ്യും കാലും കഴുത്തും ചേർത്ത്.... ഇത് കെട്ടിയിട്ടു തല്ലാനുള്ള തൂണുകൾ. ഇത്... ഗൈഡിന്റെ വിവരണത്തിനൊപ്പം നമുക്കെത്താനാവില്ല. ചക്കിലെ എണ്ണയളവു കുറഞ്ഞാൽ ധാന്യപ്പൊടിയുടെ തൂക്കം കുറഞ്ഞാൽ കഴുത്തും കാൽ മുട്ടും ചേർത്ത് പൂട്ടി ഇരുട്ടത്ത് രാത്രി മുഴുവൻ നില്‌ക്കേണ്ടവൻ.... അവന്റെ വരവു കാത്ത് വേറൊരു കരയിൽ അടച്ചു വെച്ച ഭക്ഷണവുമായി ഉറങ്ങാതിരിക്കുന്ന രാക്കണ്ണുകൾ. ഈ നരകാന്ധകാരത്തിൽ അവൻ ഉറങ്ങാതിരിക്കുന്ന കുടുസു മൂല തപ്പി തപ്പി തളരുന്ന കാറ്റിന്റെ കയ്യിൽ ആരോ കൊടുത്തയച്ച പ്രാർത്ഥനകൾ.

         

കുറെ പേരുകൾ പിന്നീട് വെണ്ണക്കല്ലിൽ കൊത്തിയിട്ടിട്ടുണ്ട്, പേരും അടയാളവും എവിടേയുമില്ലാതെ മാഞ്ഞുപോയവർ ഏറെ... ഏക ദൃക്‌സാക്ഷിയായ ആൽമരം കണ്ണടച്ചൊരു സമാധിയിൽ നില്പുണ്ട്. ആയിരക്കണക്കിനമ്മമാരുടെ നെഞ്ചിലെ തീയായി കെടാദീപം കത്തുന്നുണ്ട്. മനുഷ്യസാധ്യമായ പീഡനത്തിന്റെയും ക്രൂരതയുടെയും അതിജീവനത്തിന്റെയും ഊറ്റത്തിന്റെയും ഇച്ഛാശക്തിയുടെയും മനക്കരുത്തിന്റെയും പ്രതീകമാണ് കറുത്ത നൂറു നൂറു കണ്ണുകളാൽ നമ്മെ ചുഴിഞ്ഞു നോക്കി നില്ക്കുന്ന സെല്ലുലാർ ജയിൽ. തിരിച്ചിറങ്ങുമ്പോൾ വരാന്തകളിലൂടെ തനിച്ചു നടക്കുന്ന കട്ടിയുള്ള കടൽക്കാറ്റിന് ഇത്രയേ പറയാനുള്ളു, ഓർമകൾ ഉണ്ടായിരിക്കണം...'.

അരുണാചൽപ്രദേശിലെ തവാങ്, സേലാപാസ്, ബുംല തുടങ്ങിയ സ്ഥലങ്ങളിലും ആന്ധ്രാപ്രദേശിലെ ഭീമുനി എന്ന ഭീമിലി പട്ടണത്തിലെ ശ്മശാനഭൂമിപോലുള്ള ചരിത്രാവശിഷ്ടങ്ങളിലും ഗോദാവരീത്തീരത്തെ കടിയം എന്ന 'പൂംപുഹാറി'ലും വയനാട്ടിലും മലക്കപ്പാറയിലും വള്ളിയൂരിലും കൊട്ടിയൂരിലും നടത്തിയ യാത്രകളുടെ സാനന്ദസ്മൃതികളാണ് ഇനിയുള്ള ചില ലേഖനങ്ങളുടെ ഉള്ളടക്കം. ചെട്ടിനാട് കൊട്ടാരങ്ങളുടെ വാസ്തുവും ഭൂതവും തമിഴകത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട ഭൂപ്രഭുത്വത്തിന്റെ ബാക്കിപത്രമായി രേഖപ്പെടുത്തപ്പെടുന്നു, മറ്റൊരു രചനയിൽ.

ഈ പുസ്തകത്തിലെ വ്യത്യസ്തമായ രണ്ടു യാത്രാനുഭവങ്ങൾ 'കാടിതുകണ്ടായോ', 'മാട്ടി  കാ ത്യോഹാർ' എന്നീ രചനകളിലാണുള്ളത്. രണ്ടും, മാവോയിസ്റ്റ് രാഷ്ട്രീയം കൊടിപാറിക്കുന്ന വനവാസികളുടെയും ഗ്രാമീണരുടെയും നിസ്വവും നിരാധാരവുമായ ജീവിതസമരങ്ങളുടെ മൂകസാക്ഷ്യങ്ങളാകുന്നു. കൊടുങ്കാടുകൾക്കുള്ളിൽ, ചിതൽപ്പുറ്റുകയറിമൂടിയ പുരുഷായുസ്സുകളുടെയും അരണ്ട കണ്ണുകളിൽ ഭയത്തിന്റെ നരച്ച വെളിച്ചം മാത്രം ബാക്കിയായ പെണ്ണുടലുകളുടെയും വിറച്ചുവിറങ്ങലിച്ച കുഞ്ഞുങ്ങളുടെയും അവസ്ഥ നന്ദിനി കണ്ടറിയുന്നു. ദണ്ഡകാരണ്യത്തിലെ ഏകലവ്യന്മാരെപ്പോലെ അവരിൽ പലരും വ്യവസ്ഥയുടെ വഞ്ചനയിൽ പെട്ട് വീണു. നന്ദിനി എഴുതുന്നു:

'കിഴക്കൻ ഗോദാവരി തീരത്തെ പാപികൊണ്ട മരട് മല്ലി വനങ്ങളിൽ പാർക്കുന്നവർക്ക് ആരെക്കണ്ടാലും സംശയമാണ്. പൊലീസ് എന്നവർ പറയുന്നത് അതിവിദഗ്ധസേനയെയാണ്. 'മറ്റുള്ളവർ' എന്നതിൽ, ചുവന്ന ഇടനാഴികളും അതിലൂടെ മുന്നോട്ടും പിന്നോട്ടും ഒരേ സമയത്ത് മാർച്ചു ചെയ്യുന്നവരും വിള്ളലുകളിൽ കുത്തി നിർത്തിയ കറുത്ത തലകളും ചുവന്ന ഇരുട്ടിലേക്ക് തള്ളിയിട്ട കറുത്തു ശോഷിച്ച നിഴലുകളും തിരിവുകളിൽ കവണയും കല്ലുമായി നില്ക്കുന്നവരും പാതിവെന്ത മണ്ണു കുഴച്ച് ഉടഞ്ഞ പാത്രങ്ങൾ ഉണ്ടാക്കുന്നവരും മുഖത്തും കയ്യിലും ഒട്ടിപ്പിടിക്കുന്ന കാണാ വലകളും അടിവയറ്റിൽ ആഞ്ഞു പതിക്കുന്ന അധികാര ദണ്ഡും....

         

ദേവാരപ്പള്ളിയിലെ കാടുമറഞ്ഞിരുന്നു കലമ്പുന്ന വെള്ളച്ചാട്ടത്തിനരികിലെ പാറക്കുണ്ടുകളിൽ നെഞ്ചത്ത് വെടി കൊണ്ടും മുതുകത്ത് വെട്ടു കൊണ്ടും വീണു കിടക്കുന്നവർ. ഈച്ചയൊട്ടുന്ന പലഹാരങ്ങളും മൂടിപ്പൂക്കളും അലൂമിനിയ പാത്രങ്ങളും ചക്കരയും ചൂലും കള്ളും വില്ക്കുന്ന മല്ലി ചന്തക്കു നടുവിൽ കബന്ധങ്ങളായി തൂങ്ങി നില്‌ക്കേണ്ടി വന്നവർ. നെഞ്ചു തകർത്തവനും തല വെട്ടിയവനും ഒരേ സമയം രക്ഷിതനും ശിക്ഷിതനുമാവുന്ന അവസ്ഥ. രക്ഷിക്കാനും ഉദ്ബുദ്ധരാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇരുചേരികൾക്കിടയിൽ പെട്ടുപോയി നിൽക്കാനിടം ഇല്ലാതായവർ. ഇരുകൂട്ടരും ചേർന്ന് തള്ളിത്തള്ളി കാടിന്റെ വക്കത്തു കൊണ്ടുചെന്നു കെട്ടിയിട്ടവർ. വിജനമായ കാട്ടുപാതയോരത്ത് പാന്മസാല വില്ക്കാനിരിക്കുന്നവനായും ചന്തയിൽ കറുത്ത ആടിനു വില പേശുന്നവനായും കാട്ടിൽ തേൻകൂടു തിരയുന്നവനായും കണ്ണു കൂർപ്പിച്ചിരിക്കുന്നവരിൽനിന്ന് രക്ഷപ്പെട്ട് മുള്ളുവള്ളികൾ ചാടിക്കടന്ന് കടുത്തുവക്കാടുകൾ ക്കിടയിലൂടെ അരി തേടി പായുന്നവർ'.

ബസ്തറിലെ വനഭൂമികളിൽ നിരക്ഷരരും ദരിദ്രരുമായ ആദിവാസികൾ നടത്തുന്ന അതിപ്രാക്തനമായ 'മണ്ണുത്സവ'ത്തിന്റെ കഥ വായിക്കൂ. നന്ദിനി വനവാസിരാഷ്ട്രീയവും നരവംശചരിത്രവും ആഘാതശേഷിയുള്ള കാവ്യാത്മകഭാഷയിൽ സംഭൃതമാക്കുന്ന കലാവിദ്യ തൊട്ടറിയാം. നാടിനെ ലോകവും ലോകത്തെ നാടുമാക്കുന്ന സഞ്ചാരകലയുടെ സ്‌ത്രൈണഭാവന 'പച്ചമണമുള്ള വഴിക'ളിൽ അതിന്റെ ഭാവതീവ്രതയിൽ പൂത്തുലയുന്ന മികച്ച മാതൃകകളിലൊന്ന്.

പുസ്തകത്തിൽനിന്ന്

'എന്തൊക്കയോ പറഞ്ഞ് ഉറക്കെച്ചിരിച്ച്, അവർ അരികിലൂടെ പോയപ്പോൾ എരിവുള്ള കത്തുന്ന ഗന്ധം പരന്നു. കടുത്ത നിറത്തിലുള്ള സാരി വട്ടത്തിൽ ചുറ്റി, ഇടത്തെ ചുമലിൽ ഒരു കെട്ടിനാൽ പിടിച്ചു നിർത്തി, ചുരുണ്ട മുടി നല്ലപോലെ എണ്ണ തേച്ച് പുറകിൽ ഉയർത്തി കെട്ടി, വലിയ പൂക്കൾ ചൂടി, കൂട്ടത്തോടെ വന്നടുക്കുന്ന അവരുടെ കണ്ണുകളിലും ചലനങ്ങളിലും നേർത്ത ലഹരി വലകെട്ടിയിട്ടുണ്ട്. വളരെ ചെറിയ ആ മൈതാനത്തിൽ, ഓലയും മുളയും കൊണ്ട് താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ കടകളിൽ അവർ കയറുകയും ഇറങ്ങുകയും വിലപേശുകയും ഉറക്കെച്ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടയിൽ പലപ്പോഴും കുറച്ചുപേർ വട്ടത്തിൽ കൂടി ഉറക്കെ എന്തോ പാടി നാലു ചുവടു വെക്കുകയും ചിരിച്ചുകൊണ്ട് പിരിഞ്ഞു പോവുകയും ചെയ്യുന്നുണ്ടായിരുന്നു ധരിച്ചിരുന്നത് പരമ്പരാഗത വേഷമായിരുന്നെങ്കിലും യുവതികളെല്ലാം തൊട്ടുനോക്കുന്നതും വില പേശുന്നതും ചുരിദാർ പോലുള്ള റെഡിമേഡ് വസ്ത്രങ്ങളാണ്. സ്‌പോഞ്ചിലും കടലാസിലും തീർത്ത കടുത്ത വർണങ്ങളിലുള്ള മുടിപൂക്കൾക്ക് ചുറ്റും നല്ല തിരക്കുണ്ട്. മൈതാനാതിർത്തിയിലുള്ള മരച്ചുവടുകൾ സജീവമാണ്. ആണുങ്ങളെല്ലാം അവിടെ കൂടിയിട്ടുണ്ട്. നരച്ച ചേലകൾ ചുറ്റിയ പ്രായമായ സ്ത്രീകളും അവിടെയുണ്ട്. ഒരു പഴയ പ്‌ളാസ്റ്റിക് വീപ്പയിൽ നിന്ന് ചെറിയ കോപ്പുകളിലേക്ക് മദ്യം പകരുന്ന ഒരാളാണ് നടുവിൽ. കാശു കൊടുത്ത് ഉപഭോക്താവിന്റെ സകല അധികാരവും ഉപയോഗിക്കുന്ന ചിലർ. ഒരു ചെറിയ ഡിസ്‌കൗണ്ടിന് അഭ്യർത്ഥിക്കുന്നവർ. ഇനിയും ഒരു നല്ല സുഹൃത്തിനെ കണ്ടെത്താൻ ശ്രമിക്കുന്നവർ. ഭൂമീദേവിക്ക് സർവാത്മനാ സമർപ്പിച്ചു കഴിഞ്ഞവർ. പുരുഷന്മാരുടെ വേഷങ്ങൾക്ക് പകിട്ടൊന്നുമില്ല, പതിവു കള്ളിമുണ്ടുകളും മുഷിഞ്ഞ ഷർട്ടുകളും. യുവാക്കളുടെ ചെറുസംഘങ്ങൾ മാത്രം ഉന്മേഷത്തോടെ യുവതികൾക്കിടയിലൂടെ മൈതാനത്ത് കറങ്ങുന്നുണ്ട്. അവർ ഇടക്കിടെ നാവു വളച്ച്, ട്ട ട്ട ട്ട.... എന്നൊരു ശബ്ദം ഉറക്കെയുണ്ടാക്കുന്നു. അതു കേൾക്കുമ്പോഴെല്ലാം യുവതികൾ കൂട്ടത്തോടെ ചിരിക്കുന്നുണ്ട്. കുട്ടികൾ, അതു നാട്ടിലെ പൂരമായാലും കാട്ടിലെ തിറയായാലും ഒരുപോലെത്തന്നെ. വഴക്കു കൂടിയും ഉന്തിയും തള്ളിയും ഏതോ കിട്ടാക്കനിക്കായി കരഞ്ഞും മുതിർന്നവരുടെ തല്ലുകൊണ്ടും, ചില അപ്രതീക്ഷിത നേട്ടങ്ങളിൽ പൂത്തിരി കത്തിച്ചും അങ്ങനെ... ഇത് ബസ്തർ എന്ന ഏറ്റവും വലിയ ആദിവാസികേന്ദ്രം സ്ഥിതിചെയ്യുന്ന ദണ്ഡവാദ എന്ന ദണ്ഡകാരണ്യത്തിലെ ഒരു വനമൂലയിൽ നടക്കുന്ന ഉത്സവക്കാഴ്ചകളാണ്. മാട്ടി കാ ത്യോഹാർ അഥവാ മണ്ണിന്റെ ഉത്സവം. ശ്രീരാമചന്ദ്രന്റെ വനവാസക്കാലത്ത് പരാമർശിക്കുന്ന നിബിഡമായ ദണ്ഡകാരണ്യം. ഫർണിച്ചറുകൾക്കും തടി കൊണ്ടുള്ള അലങ്കാര വസ്തുക്കൾക്കും പ്രസിദ്ധിയാർജിച്ച ജയ്പൂർ, ജഗദൽപൂർ തുടങ്ങിയ ചെറുപട്ടണങ്ങൾ ഇവിടെയടുത്താണ്. ഇന്ത്യയുടെ നയാഗ്ര, മിനി നയാഗ്ര എന്നൊക്കെ വിശേഷപേരുകളുള്ള ചിത്രകൂടം വെള്ളച്ചാട്ടം, പാലു പോലെ പതഞ്ഞുരുകുന്ന തീർത്ഥഗഢ് വാട്ടർ ഫാൾസ്, കുടുംബസർ പോലുള്ള, നിരവധി ഉൾപ്പിരിവുകളോടെ ഇരുട്ടുറഞ്ഞ തണുപ്പു കുടിയിരിക്കുന്ന ലൈം സ്റ്റോൺ ഗുഹകൾ, ആയിരക്കണക്കിന് ചിത്രശലഭങ്ങൾ സ്വപ്നത്തിലെന്നോണം പാറുന്ന തിത്‌ലിവൻ തുടങ്ങി ഇവിടെ കാഴ്ചകളേറെയാണ്. ദണ്ഡേശ്വരിയുടെ മന്ദിരം ഏറെ പുരാതനമാണ്. ചെളി കലങ്ങിയതുപോലെ നിറഞ്ഞൊഴുകുന്ന ശംഖിനി. സീസൺ ആണെങ്കിൽ പൂത്ത കടുകുപാടങ്ങൾ മഞ്ഞക്കടൽ പോലെ അലയടിക്കും. ചെറിയ വട്ടത്തോണികളിൽ ചിത്രകൂട വെള്ളച്ചാട്ടത്തിനു കീഴിലൂടെ തുഴയാം. പക്ഷെ അത്യന്തം അപകടകാരികളായ വിഷസർപ്പങ്ങൾ നിറഞ്ഞതാണിവിടം. കമ്പിയിലൂടെ നദിക്കു കുറുകെ കയറിൽ തുങ്ങിപ്പോകാം. ബസ്തറിലെ ആദിവാസി ജീവിതം കേന്ദ്രമാക്കിയുള്ള ഒരു ചെറിയ മ്യൂസിയവും ഇവിടെയുണ്ട്. റായ്പൂർ (ഛത്തിസ്ഗഢ്), ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിൽ നിന്ന് തുല്യ അകലത്തിലാണ് ബസ്തർ (450 കി.മീ.). മാവോയിസ്റ്റുകളുടെ വിഹാരഭൂമിയാണീ വനപ്രദേശം. ഇന്നലെ ഞങ്ങളിങ്ങോട്ടു വരുമ്പോൾ, നിബിഡ വനപ്രദേശം തുടങ്ങുന്നിടത്ത്, റോഡിനു നടുവിൽ ഒരു വലിയ മുളന്തണ്ടു കിടക്കുന്നതുകണ്ട് കാർ നിർത്തി. ദിവസവും പത്രങ്ങളിൽ കാണുന്ന മാവോയിസ്റ്റ് ചെയ്തികളെക്കുറിച്ചോർത്ത് മനസു പാളി. മുളന്തണ്ടിന്റെ രണ്ടറ്റത്തും കെട്ടിയിട്ടിരിക്കുന്ന പൂങ്കുലകൾ പിന്നീടാണ് കണ്ടത്. കൊന്ന, വേപ്പ്, ഏതോ ചുവന്ന പൂക്കൾ, മാവിലകൾ... പെട്ടെന്ന് ഇരുവശത്തുമുള്ള മരങ്ങൾക്കു പുറകിൽ നിന്നും, കുറ്റിച്ചെടികൾക്കുള്ളിൽ നിന്നും കുട്ടികൾ ഓടിയെത്തി. മാട്ടി കാ ത്യോഹാർ... മാട്ടി കാ ത്യോഹാർ... കയ്യിലെ പാട്ടകൾ കിലുക്കിക്കൊണ്ട് അവർ ചിലച്ചു. പൈസ കിട്ടിക്കഴിഞ്ഞപ്പോൾ, മുളന്തണ്ട് ഒരല്പം മാറ്റി അവർ വഴി വിട്ടുതന്നു. ഞങ്ങൾ താമസിക്കുന്ന നമൻ ബസ്തർ എന്ന റിസോർട്ടിലേക്കെത്തുന്നതിനിടെ നാലഞ്ചു തവണ ഇതാവർത്തിച്ചു. പലപ്പോഴും കുട്ടികൾക്കു പിന്നിൽ, തലയിൽ കൊന്നപ്പൂക്കൾ ചൂടിയ യുവതികളേയും കണ്ടു. തികച്ചും അപ്രതീക്ഷിതമായി വീണുകിട്ടിയ ഈ അസുലഭാവസരത്തിന് നന്ദി പറഞ്ഞുകൊണ്ട്, പിറ്റേന്ന് ഉത്സവ മൈതാനത്ത് എത്തിയതായിരുന്നു ഞങ്ങൾ. നാലു മലകൾക്കു നടുവിൽ. മാനം നോക്കിക്കിടക്കുന്ന ഒരു ചെറിയ മൈതാനം. അതു രണ്ടു ഖണ്ഡങ്ങളായാണ് കാണുന്നത്. ഒരിടത്താണ് നേരത്തെ കണ്ട ഉത്സവച്ചന്ത. ഉച്ചതിരിയും വരെ ഇവിടെ സജീവമായിരിക്കും. സായാഹ്ന പരിപാടികൾ നടക്കുന്നത് അടുത്ത ഖണ്ഡത്തിലാണ്. അവിടുത്തെ അന്തരീക്ഷം കുറെക്കൂടെ സാന്ദ്രമാണ്. തനതു ഗോത്രസംസ്‌കാരത്തിന്റെ ചിഹ്നങ്ങൾ അവിടെ കാണുന്നുണ്ട്. തീക്കുണ്ഡം പോലൊന്ന് ഒരുക്കി വെച്ചിട്ടുണ്ട്. മുളയിലകൾ മേഞ്ഞൊരു പന്തലിൻ കീഴെ ഒന്നു രണ്ടു പ്രതിഷ്ഠകൾ കാണുന്നുണ്ട്. ഉത്സവത്തിനുവേണ്ടി നടത്തിയ ഒരു താത്ക്കാലിക കുടിവെപ്പാണെന്നു തോന്നുന്നു. മുള നെടുകെ പിളർന്നുണ്ടാക്കിയ ഒരു വലിയ ഊഞ്ഞാൽ ഏകദേശം മൈതാനനടുവിലായി ഉറപ്പിച്ചു നിർത്തിയിട്ടുണ്ട്. ഊഞ്ഞാൽ പടി നിറയെ കൂർത്ത മുള്ളുകളോ, ആണികളോ ആണ്. ദുർഗ്രഹമായ ഭീകരത ആ ഊഞ്ഞാലിനെ ചൂഴ്ന്നുനിന്നിരുന്നു. വൈകുന്നേരം വന്നാൽ ചിലതെല്ലാം കാണാം... റിസോർട്ടിൽ നിന്നു വന്ന വഴികാട്ടി പറഞ്ഞു. വനാന്തരങ്ങളിൽനിന്നും ഇപ്പോഴും സമതലത്തിലേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. കടുത്ത നിറങ്ങളിലുള്ള തുണി ചുറ്റിയ രൂപങ്ങൾ, ഇടക്ക് തെളിഞ്ഞും ഇടക്ക് മരങ്ങൾക്കിടയിൽ മറഞ്ഞും മലയിറങ്ങുന്നുണ്ട്.

         

വെയിൽ താണു തുടങ്ങിയിരിക്കുന്നു. ഹോമകുണ്ഡം പുകയാൻ തുടങ്ങി. ജനത്തിരക്കു വല്ലാതെ കൂടിയതിനാൽ കാഴ്ചകൾ പകുതി മറഞ്ഞു. ആടിയും ഉലഞ്ഞും കമിഴ്ന്നു വീണും വീണേടത്തു തന്നെ കിടന്നു ചവിട്ടുകൊണ്ടും ആൺ പെൺ ഭേദമില്ലാതെ ഏവരും എന്തിനോ തിക്കിതിരക്കുന്നു. ഒരു സ്ത്രീ ഒരാളെ വടികൊണ്ട് നിർത്താതെ തല്ലുന്നതു കണ്ടു. ഒരു വിഡ്ഢിച്ചിരിയാൽ മുഖം മറച്ച് അയാൾ നിന്നുകൊള്ളുന്നു. എന്താണു സംഭവിക്കുന്നതെന്നറിയാതെ ഞങ്ങളും എന്തെങ്കിലുമൊക്കെ സംഭവിക്കാത്തതിൽ വഴികാട്ടിയും വ്യസനിച്ചു നിൽക്കെ, അതിഭീഷണമായ രീതിയിൽ, മനുഷ്യ സാധ്യമല്ലാത്ത മുറവിളിയുയർത്തിക്കൊണ്ട് ഒരു സ്ത്രീ ഉറഞ്ഞാടി വന്നു. ആൾക്കൂട്ടം കുറെയേറെ നിശ്ശബ്ദമായി. കുറച്ചുപേർ ചേർന്ന് അവളെ ബലമായി ആ ഊഞ്ഞാൽപ്പടിയിൽ ഇരുത്തുവാനും ഊഞ്ഞാൽ ആട്ടുവാനും ശ്രമിക്കുന്നു. ചാടിയിറങ്ങുന്ന അവൾ വീണ്ടും ഉറഞ്ഞാടി ചുരുണ്ട മുടി ചുഴറ്റി അലറി ഊഞ്ഞാലിലിരിക്കുവാൻ ശ്രമിക്കുന്നു. അവളുടെ ഈ ശ്രമങ്ങൾക്കിടെ വേറെയും ചില സ്ത്രീകൾ അലറിക്കൊണ്ട് ഓടി വരുവാൻ തുടങ്ങി. ശ്വാസമെടുക്കാൻ പോലും കഴിയാത്ത വണ്ണം അന്തരീക്ഷത്തിൽ ലഹരിയും പുകയും മഞ്ഞും മുറവിളികളും ഘനീഭവിക്കെ ഞങ്ങൾ പതുക്കെ പിൻവാങ്ങി. രാത്രി മുഴുവൻ പരിപാടികളുണ്ടാവും. പക്ഷേ നാമിപ്പോൾ മടങ്ങുന്നതാണ് നല്ലത്... വഴി കാട്ടി നിർദ്ദേശിച്ചു. അതേ, അതാണു നല്ലത്. ഏതോ പൗരാണിക ഗോത്രസംസ്‌കാരത്തിന്റെ, ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത എന്തോ ആണ് അവർ ആഘോഷിക്കുന്നത്. നല്ല വസ്ത്രങ്ങൾ ധരിച്ച്, സ്വയം പരിഷ്‌കൃതരാണെന്നു നടിച്ച്, കെട്ടുകാഴ്ചകൾ കാണാൻ നില്ക്കുന്ന ഞങ്ങളുടെ സാന്നിധ്യംതന്നെ അശ്ലീലമാണ്. നാളെക്കൂടെയുണ്ട് ഉത്സവം. നാളെ വൈകുന്നേരത്തോടെ എല്ലാവരും പിരിയും. ഒരു രാത്രിയും പകലും അവർ ഉറങ്ങിത്തീർക്കുമായിരിക്കും. പിന്നീടുദിക്കുന്ന പ്രഭാതത്തിൽ അവർ അവരുടെ തൊഴിലുകളിലേക്ക് തിരികെ പ്രവേശിക്കുമോ? എന്താണവരുടെ തൊഴിൽ മാവോയിസ്റ്റുകൾക്കും പൊലീസിനും മാവോയിസ്റ്റ് ചാരന്മാർക്കും പൊലീസ് ചാരന്മാർക്കും ഇടയിലാണ് ദണ്ഡകാരണ്യവാസികൾ'. 

പച്ചമണമുള്ള വഴികൾ
നന്ദിനി മേനോൻ
കറന്റ് ബുക്‌സ്, തൃശൂർ
2020
175 രൂപ