ഖ്യാനകലയിൽ സോഷ്യൽ റിയലിസത്തെക്കാൾ സൈക്കോളജിക്കൽ റിയലിസത്തിനും വസ്തുനിഷ്ഠ യാഥാർഥ്യങ്ങളെക്കാൾ ആത്മനിഷ്ഠ യാഥാർഥ്യങ്ങൾക്കും പ്രാധാന്യം കൈവന്ന ഭാവഘടനയുടെ വിഖ്യാതമാതൃകകളായറിയപ്പെടുന്ന രചനകളാണ് പത്തൊൻപതാം നൂറ്റാണ്ടുമുതൽ നാളിതുവരെയും ഏറ്റവും ജനപ്രിയമായി നിലകൊള്ളുന്ന ചെറുകഥാപാഠങ്ങൾ ഏതാണ്ടൊന്നടങ്കം. ചെക്കോവും ദസ്തയവ്‌സ്‌കിയും ടോൾസ്റ്റോയിയും ഹെന്റിജയിംസും മുതൽ തുടങ്ങുന്നു, ആ പട്ടിക. മലയാളത്തിലും ചെറുകഥയുടെ ചരിത്രജീവിതം മറ്റൊരു കലാചരിത്രമല്ല വെളിപ്പെടുത്തുന്നത്. തകഴി, ബഷീർ, കാരൂർ, ഉറൂബ്, പാറപ്പുറത്ത്, കോവിലൻ, പത്മനാഭൻ, മാധവിക്കുട്ടി, എം ടി, രാജലക്ഷ്മി, നന്തനാർ, മുകുന്ദൻ, സക്കറിയ, സി.വി. ശ്രീരാമൻ, പുനത്തിൽ, വൈശാഖൻ, അയ്യപ്പൻ, അഷ്ടമൂർത്തി.... തുടങ്ങിയവരുടെ താവഴിയിൽ രൂപംകൊണ്ട മലയാളചെറുകഥകളെക്കുറിച്ചു മാത്രമല്ല ഇതുപറയാൻ കഴിയുന്നത്. മറ്റൊരു താവഴിയിൽ കഥയെ സങ്കേതബദ്ധവും വിചാരനിഷ്ഠവുമായ ബൗദ്ധികകലയായി വികസിപ്പിച്ച കഥാകൃത്തുക്കളുടെ രചനകളിൽ എപ്പോഴൊക്കെ ഈ താവഴിയിലേക്ക് ഒരു ഭാവുകത്വവ്യതിയാനം ദൃശ്യമായിട്ടുണ്ടോ, അപ്പോഴൊക്കെ അവരുടെ കഥകൾ ധാരാളം വായിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രസിദ്ധമായ ഉദാഹരണം ഒ.വി. വിജയന്റെ 'കടൽത്തീരത്ത്' ആകുന്നു. ആനന്ദ് മുതൽ ജോണും മാത്യൂസും സുഭാഷ്ചന്ദ്രനും മീരയും സന്തോഷ്‌കുമാറും സെബാസ്റ്റ്യനും ആന്റണിയും ഹരീഷും ദേവദാസും വിനോയിയും വിവേക്ചന്ദ്രനും മിനിയും വരെയുള്ളവർക്കും ബാധകമാണ് ഈ നിരീക്ഷണം. ചരിത്രപ്രക്രിയകളോ സാമൂഹ്യസന്ദർഭങ്ങളോ പശ്ചാത്തലമായി നിലനിൽക്കുമ്പോൾ തന്നെ മനുഷ്യജീവിതത്തെ അനുഭവവാദപരമായി സമീപിക്കുകയും അനുഭൂതിനിഷ്ഠമായി ആവിഷ്‌ക്കരിക്കുകയും മനഃശാസ്ത്രപരമായി വ്യാഖ്യാനിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ രീതി. കഥയുടെ ഭാവരാഷ്ട്രീയത്തെ പൂരിപ്പിക്കുന്ന രൂപപദ്ധതിയെന്ന നിലയിൽ കലാപരതയായി ഊറിക്കൂടുന്ന ജീവിതകാമനകൾ ഈ എഴുത്തിന്റെ സൗന്ദര്യശാസ്ത്രമായി വികസിക്കുകയും ചെയ്യുന്നു. കഥയിലെ ജീവിതങ്ങൾ എന്നോ ജീവിതത്തിലെ കഥകൾ എന്നോ നിർവചിക്കാവുന്നവിധം സാഹിത്യഭാവനയ്ക്കു സംഭവിക്കുന്ന മൂർത്തമായ ജൈവബന്ധങ്ങളാണ് ഇവിടെ രൂപപ്പെടുന്ന കലാപദ്ധതി.

          എസ്.ആർ. ലാലിന്റെ 'പാലായിലെ കമ്യൂണിസ്റ്റ്' എന്ന സമാഹാരത്തിലെ ഒൻപതുരചനകൾക്കും ബാധകമാണ് ചെറുകഥയുടെ മേല്പറഞ്ഞ ലാവണ്യജനിതകം. തന്റെ തലമുറയിൽപെട്ട  ശ്രദ്ധേയരായ പല കഥാകൃത്തുക്കളെയുംപോലെ ചെറുകഥയെ ചരിത്രാധിഷ്ഠിതമോ ദാർശനികമോ പ്രത്യയശാസ്ത്രപരമോ ആയ രാഷ്ട്രീയരൂപകമായി വിടർത്തിയെടുക്കാൻ ലാൽ ശ്രമിക്കുന്നില്ല. ഭാഷയിലും കഥനത്തിലും സങ്കേതബദ്ധമായ ആഖ്യാനസമ്പ്രദായങ്ങൾ മാറിമാറി പരീക്ഷിക്കാനും ഈ കഥാകൃത്ത് വലിയ താല്പര്യം കാണിക്കുന്നില്ല. പ്രകൃതിജീവനത്തിന്റെയും മാനവികാനുഭൂതികളുടെയും ഭാവപ്രതീതിപരമായ ഒരു തീവ്രസന്ദർഭത്തെ ആത്മനിഷ്ഠവും മനോദൃഷ്ടവുമായി വരച്ചിടുന്ന ഇംപ്രഷനിസ്റ്റ്ക് ചിത്രം പോലെയാണ് ലാലിന്റെ കഥകൾ. കാരണം, സംശയലേശമെന്യേ ലാലിന്റെ കല, മുകളിൽ സൂചിപ്പിച്ച കഥവഴിയിലാണ് ചുവടുറപ്പിച്ചുനിൽക്കുന്നത്.

          രണ്ടുപുറം മുതൽ നാല്പതുപുറം വരെ ദൈർഘ്യമുള്ള കഥകളുണ്ട് ഈ സമാഹാരത്തിൽ. സൈക്കോളജിക്കൽ റിയലിസത്തിന്റെ ഭാവസാന്ദ്രവും അനുഭൂതിസമ്പന്നവുമായ ആഖ്യാനഭൂമികയാണ് ലാലിന്റെ കഥകളുടെ ഏറ്റവും ശ്രദ്ധേയമായ കലാസ്വഭാവം. കഥകളിൽ ദമിതമോ പ്രകടമോ ആയി സന്നിഹിതമാകുന്ന സ്ഥലം, കാലം, ചരിത്രം, സംഭവം, സമൂഹം തുടങ്ങിയവയോരോന്നും ഈ കലാസ്വരൂപത്തെ മൂർത്തവും ചോദനാഭരിതവുമായ വൈയക്തികാനുഭവങ്ങളിൽ സമർഥമാംവിധം സ്ഥാനപ്പെടുത്തുന്നു. സ്ത്രീയാകട്ടെ, പുരുഷനാകട്ടെ, ലാലിന്റെ കഥാപാത്രങ്ങൾ നരജന്മത്തിന്റെ കൊടും കയ്പുകളും പൊള്ളിത്തിണർപ്പുകളും മാത്രമല്ല അനുഭവിച്ചുതീർക്കുന്നത്. മഹാസങ്കടങ്ങൾ കഴുത്തിൽ കല്ലുകെട്ടിത്താഴ്‌ത്തുന്ന ജീവിതത്തിന്റെ നിലയില്ലാക്കയങ്ങളിലാണ് അവരൊന്നടങ്കം ശ്വാസം കിട്ടാതെ പിടയുന്നത്. ദൃശ്യബിംബങ്ങളുടെ ചടുലപ്രവാഹം സൃഷ്ടിക്കുന്ന സിനിമാറ്റിക് ആഖ്യാനത്തിന്റെ ചാരുതയ്യാർന്ന കലാനുഭൂതി പല കഥകളെയും വേറിട്ടുനിർത്തുന്നു. ഗ്രാമവും നഗരവും; ഭൂതവും വർത്തമാനവും; ബാല്യവും വാർധക്യവും; സങ്കല്പനവും യാഥാർഥ്യവും തീവ്രമായ പ്രാണബദ്ധതകളോടെ സൂചിതമാകുന്ന കഥകളാണ് ഓരോന്നും. മൃഗപ്രാണികളുടെ മൂർത്തസാന്നിധ്യവും സത്താപരമായ പരകായപ്രവേശങ്ങളും മിക്ക കഥകളിലും മനുഷ്യപ്രകൃതിക്കു സമാന്തരവും പൂരകവുമായ ഒരു കഥാന്തരീക്ഷമൊരുക്കുന്നു. സ്ഫടികവ്യക്തതയുള്ള ചെറുവാക്യങ്ങളിലേക്ക്, അടിസ്ഥാനകാമനകൾ ഊറിക്കൂടുന്ന അനുഭവസന്ദർഭങ്ങൾ ജീവിതതീവ്രമായി വിവർത്തനം ചെയ്യുന്ന രൂപഘടനയാണ് ലാലിന്റെ കഥകളെ ഏറെ വായനാക്ഷമമാക്കുന്നത്.


'പാലായിലെ കമ്യൂണിസ്റ്റും' മറ്റു കഥകളും വെളിപ്പെടുത്തുന്ന കഥാത്വങ്ങളുടെ പൊതുഭൂമികയാണ് മുകളിൽ സൂചിപ്പിച്ചത്. പ്രമേയപരമായി മാത്രമല്ല രൂപപരവും ആഖ്യാനപരവുമായിപ്പോലും തമ്മിൽ തമ്മിൽ ഭിന്നമാണ് ഈ ഒൻപതു കഥകളും. 2011 മുതൽ 2020 വരെയുള്ള കാലത്തെഴുതിയവ. കാലക്രമത്തിൽ ഈ കഥകൾ ഒന്നു വായിച്ചുനോക്കൂ. ലാലിന്റെ കലാസമീപനത്തിൽ വരുന്ന സൂക്ഷ്മപരിണാമങ്ങൾ തിരിച്ചറിയാം.

          കൈയിലൊരു ഭൂഖണ്ഡം (2011) എന്ന കഥ, ഇക്കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളിൽ മലയാളിയെ (മനുഷ്യവംശത്തെത്തന്നെയും!) സമസ്തമണ്ഡലങ്ങളിലും അടിപടലേ അമ്പരപ്പിച്ചുകളഞ്ഞ മൊബൈൽഫോൺ സൃഷ്ടിച്ച നാനാതരം സാംസ്‌കാരികാഘാതങ്ങളിലൊന്നിന്റെ ആവിഷ്‌ക്കാരമാകുന്നു. ബാലചന്ദ്രൻ എന്ന സർക്കാരുദ്യോഗസ്ഥൻ തന്റെ ചിട്ടപ്പെടുത്തിയ ഔദ്യോഗികജീവിതത്തിനും വ്യവസ്ഥപ്പെടുത്തിയ കുടുംബാധികാരങ്ങൾക്കും കൊടുക്കേണ്ടിവരുന്ന കനത്ത വിലയുടെ കഥ. മൊബൈൽഫോണിനെപ്പറ്റി കേരളീയ പൊതുബോധത്തിൽ ഇന്നും നിലനിൽക്കുന്ന അസ്തിത്വഭീതികളിലൊന്നിന്റെ ഭാവനാപാഠമായി മാറുന്നു, ഈ കഥ. സജീവമായ രാഷ്ട്രീയബോധവും സചേതനമായ സാമൂഹികാംഗത്വവുമുണ്ടായിരുന്നെങ്കിലും വീട്ടിൽ ഭാര്യക്കും മകൾക്കും മൊബൈൽഫോൺ നിഷേധിച്ച (ഒരു ദശകം മുൻപുവരെയെങ്കിലും!) ശരാശരി മലയാളി ആണായിരുന്നു അയാൾ. ബാലചന്ദ്രനു തന്നെയുണ്ടായിരുന്നത് ഫോൺകോൾ സാധ്യത മാത്രമുള്ള ഒരു പഴയ മൊബൈലായിരുന്നു.

          വീടുകൾക്കുള്ളിൽ മൊബൈൽഫോൺ സൃഷ്ടിക്കാവുന്ന വിനിമയപരവും ധാർമ്മികവും സദാചാരപരവുമായ ഭൂഖണ്ഡങ്ങളെക്കുറിച്ച് അയാൾ ആശങ്കപ്പെടുന്നുണ്ട്. എങ്കിലും അയാളറിയാതെ കൗമാരപ്രായക്കാരിയായ മകൾ ഒരു ഫോൺ സ്വന്തമാക്കുകയും എല്ലാവരിൽനിന്നും അതൊളിച്ചുവയ്ക്കുകയും ഒരു ദിവസം ആരോടും പറയാതെ തന്റെ കമിതാവിനൊപ്പം നാടുവിടുകയും ചെയ്യുന്നു. ആ കുടുംബം തകരുന്നു. ഭാര്യ ആശുപത്രിയിലാകുന്നു. കഥാന്ത്യത്തിൽ, കാലങ്ങളായി വീടിനുള്ളിൽ പതുങ്ങിക്കിടന്ന വിഷസർപ്പത്തെപ്പോലെ ഒരു സ്മാർട്ട് ഫോൺ അയാൾ കണ്ടെത്തുന്നു. ഭാര്യയുടേതായിരുന്നു, അത്. വായിക്കൂ:


'രമ്യയുടെ നമ്പരിലേക്ക് വന്ന ഫോൺകോളിന്റെയും അതിൽനിന്നും വിളിച്ച നമ്പരുകളുടെയും ലിസ്റ്റുമായി ഉച്ചയോടെ റഫീക്ക് വന്നു. ഏതോ സുഹൃത്ത് മുഖാന്തരം സംഘടിപ്പിച്ചതാണ്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ, രാത്രിയിൽ രണ്ടും മൂന്നും മണിക്കൂറുകൾ അവൾ സംസാരിച്ചിട്ടുണ്ട്. റഫീക്കിന്റെ നിഗമനം അനുസരിച്ച് അവൾക്ക് ഒന്നിലധികം മൊബൈൽ കണക്ഷനുമുണ്ട് അതിലൊന്നിലേക്ക് വിളിച്ചപ്പോൾ റിങ് ചെയ്തു; പക്ഷേ, കോളെടുത്തിട്ടില്ല. ഇപ്പോഴത് പ്രവർത്തിക്കുന്നില്ല.

          മറ്റേതോ ഭൂഖണ്ഡത്തിൽ, ഏതോ വീട്ടിൽ, ഏതോ ഒരു പെൺകുട്ടിയുമായി ബന്ധപ്പെട്ടുണ്ടായ നാടകീയ സംഭവങ്ങൾ പോലെയാണ് ബാലനത് അനുഭവിച്ചത്. ഇളയവൾ ചേച്ചിയുടെ കൈയിലെ മൊബൈൽ കാണുകയോ രാത്രിയിൽ സംസാരിക്കുന്നത് കേൾക്കുകയോ ചെയ്തിട്ടില്ല. ചേച്ചിയും അനിയത്തിയും ഒരേ കട്ടിലിൽ കിടന്നുറങ്ങുന്നവരാണ്.

          പ്രഷർ കൂടി നിലത്തുവീണ വിനീതയുടെ ആശുപത്രിസംരക്ഷണത്തിനായി, ബാലൻ ഒരാഴ്ചകൂടി ലീവ് നീട്ടി വാങ്ങി. ഇതിനിടയിലെപ്പോഴോ ബാംഗ്ലൂരിൽനിന്നും രമ്യ വിളിച്ച് താൻ സുരക്ഷിതയായി ഉണ്ടെന്ന് വിനീതയെ അറിയിച്ചു. ഒപ്പമുള്ളത് ആരാണെന്നോ പേരെന്താണെന്നോ എന്തു ചെയ്യുന്നു എന്നോ അന്വേഷിക്കണമെന്ന് തോന്നാത്ത വിധം നിസ്സംഗത അയാളെ ചുറ്റിപ്പിടിച്ച് നിന്നു.

ആശുപത്രിയിലിരുന്ന് ഉറക്കം തൂങ്ങുന്ന ബാലനെ കണ്ട് വിനീതയ്ക്ക് സങ്കടം തോന്നി. നാല് ദിവസത്തെ ആശുപത്രിവാസം പിന്നിട്ടപ്പോൾ അയാൾ തീർത്തും പരിക്ഷീണനായിരുന്നു. 'ഞാനും മകളും മതി ഇവിടെ, രാത്രി വീട്ടിൽപോയി സുഖമായി ഉറങ്ങൂ. പോരുമ്പോൾ എന്റെ ഡ്രസ്സ് കൂടി കൊണ്ടുവരൂ'.

          ബാലൻ ഭാര്യയുടെ നെറ്റിയിൽ തലോടി. യൗവനത്തിന്റെ തുടിപ്പ് അവളുടെ ശരീരത്തിലും മുഖത്തും മായാതെ ശേഷിക്കുന്നുണ്ടായിരുന്നു.

          ആശുപത്രിയിൽ പോകാൻ കതക് പൂട്ടിയിറങ്ങുമ്പോഴാണ് വസ്ത്രങ്ങൾ എടുക്കണമെന്ന വിനീതയുടെ നിർദ്ദേശത്തിന്റെ ഓർമയിൽ കാറ്റ് പിടിച്ചത്. അലമാരിയുടെ താക്കോൽ എവിടെയാണ്? അയാളുടെ വസ്ത്രങ്ങൾ മറ്റൊരു മുറിയിലായതിനാൽ അയാളത് ശ്രദ്ധിച്ചിട്ടില്ല. പത്ത് മിനിട്ടുനേരം സാധ്യതാപ്രദേശങ്ങളെല്ലാം അരിച്ചു പെറുക്കി. അന്വേഷണത്തിനൊപ്പം വിനീതയെ വിളിച്ചു.

          'പുറത്തുള്ളത് എടുത്താൽ മതി ബാലേട്ടാ. അലമാരിയുടെ താക്കോൽ അന്വേഷിച്ചിട്ട് കാര്യോല്ല. അതെന്റെ കൈയിലാ'.

          ഫോൺ കട്ട് ചെയ്യുന്നതിനൊപ്പം വലിച്ചെടുത്ത പ്ലാസ്റ്റിക് ബാഗിൽനിന്നും താക്കോൽ ബാലനോട് 'ഞാനിവിടുണ്ടല്ലോ'ന്ന് പതുങ്ങി.

          തുണിക്കടയിലേതുപോലെ ഭംഗിയായി അടുക്കിവച്ചിരിക്കുന്ന സാരികൾ. അതിലൊരെണ്ണം വലിച്ചെടുക്കുമ്പോൾ പാമ്പിനെപ്പോലെ എന്തോ ഒന്ന് അയാൾക്കു നേരെ പത്തിനിവർത്തിച്ചാടി. കൺമുന്നിലൂടെ പാളി നിലത്തുവീണ അതിനെ അയാൾ ആകാംക്ഷയോടെ എടുത്തുനോക്കി. ആപ്പിളിനെപ്പോലെ ഭംഗിയാർന്ന, മിനുസമുള്ള മൊബൈൽ ഫോൺ.

          ഒരു ഭൂഖണ്ഡം അയാളുടെ കൈയിലിരുന്ന് വിറച്ചു'.


2013ലെഴുതിയ 'കാപ്പിരിയും പെൺകുട്ടിയും' എന്ന കഥ നോക്കൂ. ഗുണ്ടാസംഘത്തിലംഗമായ കാപ്പിരി സജി ഒരു ക്വട്ടേഷൻ ഏറ്റെടുത്ത് എതിർസംഘത്തിൽപെട്ട ഒരുത്തനെ കൊല്ലാൻ ആയുധവുമായി കാത്തിരിക്കുന്ന രാത്രിയിൽ തീവണ്ടിക്കു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ പുറപ്പെട്ട മായ എന്ന പെൺകുട്ടിയെ രക്ഷിക്കുന്നു. അവർ പ്രണയത്തിലാകുന്നു. അന്ന് വധശ്രമം പരാജയപ്പെട്ടെങ്കിലും  പിന്നീട്, ക്വട്ടേഷൻ നടപ്പാക്കി ഒളിവിലിരുന്ന സമയത്ത് മായയെ കാണാൻ വന്ന കാപ്പിരിയെ പൊലീസ് പൊക്കി. മായ ആത്മഹത്യ ചെയ്തുവെന്നും അതിനു മുൻപ് അവളുടെ ഫോണിൽനിന്ന് കാപ്പിരിയെ വിളിച്ചിരുന്നുവെന്നും അവൾ ആറുമാസം ഗർഭിണിയായിരുന്നുവെന്നും അയാളറിയുന്നതപ്പോഴാണ്. തീവണ്ടിക്കു തലവച്ചു ചത്ത തന്റെ അച്ഛനെയും പിന്നാലെ തൂങ്ങിമരിച്ച അമ്മയെയും കാപ്പിരി ഓർത്തു. അസാധാരണമായ ഒരന്ത്യത്തിലേക്ക് കഥ വഴിമാറ്റിവിട്ട് ലാൽ ഈ രചനയെ മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച 'ക്വട്ടേഷൻ' ജീവിതകഥകളിലൊന്നാക്കി മാറ്റുന്നു.

''പിറ്റേന്ന് ഉച്ചകഴിഞ്ഞപ്പൊ പെങ്കൊച്ച് എവിടെയാണെന്ന അറിവ് കിട്ടി. പൊലീസുകാര് ബണ്ടുകോളനീ വന്നു. മനീഷ് ജീപ്പിങ്ങോട്ട് തിരിഞ്ഞിട്ടൊണ്ടെന്ന വിവരം തന്നു. പുറകിലത്തെ ആറ് നീന്തിക്കടന്നാ പൊലീസുകാര് നോക്കിനിക്കത്തേയൊള്ളൂ. കാപ്പിരി മുറിവിട്ട് പുറത്തിറങ്ങിയില്ല, കാലിൽ ആരോ ബലമായി തൂങ്ങിക്കിടക്കുംപോലെ.

          എസ്‌ഐ. വിജയൻ സാറ് പരിചയമുള്ള ആളാണ്. പാറയുടെ കമ്പനിയാണ്. സൗഹൃദമൊന്നും കാട്ടാതെ അങ്ങേര് ഒരു ഫോട്ടോ കാണിച്ചു. അതിനെടേല് കോളനിക്കാര് മുഴുവൻ അവിടെക്കൂടിയിരുന്നു.

          'ഈ പെണ്ണിനെ പരിചയോണ്ടോ?'

          'ഉണ്ട് സാറേ, ഇവക്ക് എന്തുപറ്റി സാറേ?'

          'തൂങ്ങിച്ചത്തു. അവളുടെ മൊബൈലില് നിന്റെ നമ്പരുണ്ട്. നിന്നെ പലവട്ടം വിളിച്ചിട്ടൂണ്ട്'.

          കോളനിയിൽ ഇരുട്ടുവന്ന് മൂടിയതായി കാപ്പിരിക്ക് തോന്നി.

          'എങ്കിലും എന്തിനാ ആ പൊങ്കൊച്ചിത് ചെയ്തത്?'

          ആരോടെന്നില്ലാതെയാണ് ചോദിച്ചതെങ്കിലും വിജയൻ സാറിന്റേല് അതിന്റെ ഉത്തരമുണ്ടായിരുന്നു.

          'നിനക്കറിയത്തില്ലേടാ. അവക്ക് ആറ് മാസം വയറ്റിലൊണ്ടായിരുന്നു. അതുതന്നെ കാരണം'.

          കാപ്പിരി ഉള്ളിലൊന്ന് ഏങ്ങി. പൊങ്കൊച്ചിനെ പരിചയപ്പെട്ടിട്ട് എത്രകാലമായിക്കാണും. ഏറിയാൽ നാലുമാസം.

പാറയണ്ണനാണ് ജാമ്യത്തിലിറക്കാൻ വന്നത്. സന്ധ്യയ്ക്ക് എസ്‌ഐ. വിജയൻ സാറ് സ്റ്റേഷൻവരെ ചെല്ലാൻപറഞ്ഞ് വിളിച്ചു. ക്വാർട്ടേഴ്‌സിലാണ് സാറ്. ചെല്ലുമ്പൊ സാറിനെ കൂടാതെ രണ്ടുമൂന്ന് മാന്യന്മാരുകൂടിയൊണ്ട്. വിജയൻ സാറ് ഹാപ്പി മൂഡിലാണ്.

          'കാപ്പിരീ.... നിന്നെ കാണാനാണ് ഈ സാറന്മാര് വന്നത്. സംഗതി ഞാനറിഞ്ഞത് ഇപ്പഴാ. ഈയിരിക്കണ വിൻസെന്റ് സാറിന്റെ പെങ്ങട മോൻ ജോസൂട്ടിക്ക് പറ്റിയ അബദ്ധാ. ആ പെങ്കൊച്ചിന്റെ കേസേ. അവനിപ്പൊ അമേരിക്കേലാ. നീ പറയുന്നതാ റേറ്റ്. എത്രവേണം. ഇതങ്ങ് ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം സെറ്റില് ചെയ്യണം'.

          'എന്ത്?'

          ആ പെങ്കൊച്ചിന്റെ ഗർഭം. ചോദിച്ചോ. ലേലംവിളിയൊന്നൂല്ല. നല്ലൊരു തുക സാറ് തരും.

          അവൻ ഒന്നും പറഞ്ഞില്ല.'

          'ഇല്ലേ വേണ്ട, സാറതിങ്ങ് തന്നേ. അഞ്ച് ലക്ഷോണ്ട്. ഇതങ്ങ് വാങ്ങ്. കുറവാണങ്കീ പറയെടാ'.

          അവൻ അഞ്ചിന്റെ പൊതിക്കെട്ട്, വിജയൻ സാറിന്റെ കൈയിലേക്ക് തിരിച്ചേല്പിച്ചു.

          'അതെന്റെ കൊച്ചായിരുന്നു സാറേ'.

          കാപ്പിരി കറുത്ത ഇരുട്ടിലേക്കിറങ്ങി'.

          കൊട്ടിഘോഷിക്കപ്പെടുന്ന മനുഷ്യജീവിതത്തെ, അതിന്റെ അർഥമൂല്യങ്ങളിൽ എത്രയെങ്കിലും നിസ്സാരമാക്കുന്ന രണ്ടു മൃഗകഥകളുണ്ട് ഈ സമാഹാരത്തിൽ. 'പൂച്ചമ്മ'യും 'പോത്തും'. രോഗവും ക്ലേശവും ബാധിച്ച് ജന്മത്തിന്റെ സായാഹ്നം പിന്നിടുന്ന നായകന്റെ വീട്ടിൽ എങ്ങുനിന്നോ വലിഞ്ഞുകയറിവന്ന് പെറ്റുകിടക്കുന്ന പൂച്ചയുടെ കഥയാണ് ഒന്ന്. കരളറുന്നപോലുള്ള വേദനപകരുന്ന  രചന. ആർക്കും വേണ്ടാത്ത പൂച്ചജന്മങ്ങളുടെ നിസ്സഹായത തൊണ്ടയിൽ കുരുങ്ങുന്ന നിലവിളിപോലെ വായനയെ വിറകൊള്ളിക്കുന്ന കഥാന്ത്യം നോക്കൂ:


'രണ്ട് പൂച്ചക്കുട്ടികളെ പട്ടിപിടിച്ചുകൊന്നെന്നും തള്ളപ്പൂച്ചയെ അവിടൊന്നും കാണാനില്ലെന്നും വേലക്കാരി പിറ്റേന്ന് അറിയിച്ചു. ബാക്കി മൂന്നെണ്ണം കരഞ്ഞും വിളിച്ചും ഇവിടൊക്കെ നടപ്പുണ്ട്. അതിന്റെ കാര്യവും പോക്കാ. അവർ അലസമട്ടിൽ പറഞ്ഞു. അതുങ്ങൾക്ക് വല്ലതും കൊടുക്കൂ, ഞാൻ അവരോട് നിർദ്ദേശിച്ചു. അവൾ തലവെട്ടിച്ചു.

          രണ്ടു ദിവസമായി പൂച്ചക്കുട്ടികളുടെ കരച്ചിലൊന്നും കേൾക്കാനില്ല.

          അഞ്ചാംദിവസം തള്ളപ്പൂച്ച എന്റെ വാതിക്കൽ പ്രത്യക്ഷപ്പെട്ടു. മുറ്റത്തുനിന്നും അതിന്റെ കരച്ചിൽശബ്ദം കുറച്ചു മുൻപുതന്നെ കേട്ടിരുന്നു. പൂച്ചയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. കണ്ണുകളിലൊന്ന് വീർത്തിരുന്നു. എന്റെ അനുവാദം വാങ്ങാതെ ഞൊണ്ടലോടെ തള്ളപ്പൂച്ച മുകളിലത്തെ നിലയിലേക്ക് കയറിപ്പോയി. തിരിച്ചുവന്ന് എന്റെ മുന്നിൽനിന്ന് കത്തുന്ന ഒരു നോട്ടം നോക്കി: നിന്നെ ഞാൻ ഏൽപ്പിച്ചുപോയതല്ലേ. എന്നിട്ടെവിടെ എന്റെ കുഞ്ഞുങ്ങൾ?

          ഞാൻ എന്ത് മറുപടി പറയാനാണ്?'.

ഭാര്യയുമായി പിണങ്ങിജീവിക്കുന്ന കാലത്ത് വാടകവീട്ടിൽ പതിവുസന്ദർശകനായെത്തുന്ന ഒരു പോത്തിന്റെ വിധി തന്റെ തന്നെ വിധിയായി തിരിച്ചറിയേണ്ടിവരുന്ന നായകനാണ് രണ്ടാമത്തെ കഥയിലുള്ളത്. അതിനിന്ദ്യമായ നരജന്മത്തിന്റെ ഗതികെട്ട പരകായപ്രവേശം പോലെ പോത്ത് ഇങ്ങനെയവസാനിക്കുന്നു.

          'ഞായറാഴ്ചയുടെ പകലിൽ പോത്ത് പതിവുപോലെ പ്രത്യക്ഷപ്പെട്ടു. അതിന്റെ കഴുത്തിൽ പതിവില്ലാത്ത വിധം ഒരു ബോർഡ് ഞാന്നുകിടന്നു. 'ഇന്ന് പത്തുമണിക്ക് ചന്തപ്പറമ്പിൽ എന്നെ സക്കാത്ത് നൽകുന്നു. എല്ലാവരും എത്തിച്ചേരുമല്ലോ'. ഞാനതിനെ സൂക്ഷിച്ചുനോക്കി. പോത്ത് പതിവുപോലെ ചിരിച്ചു. ഞാൻ ചിരിച്ചെന്നുവരുത്തി. പോത്ത് വല്ലതും അറിയുന്നുണ്ടാവുമോ? അത് പോകുന്നപോക്കിൽ നാളെ കാണാമെന്നു പറഞ്ഞു. ആകട്ടെയെന്ന് ഞാനും. അതിനുമുൻപ് അതിന്റെ നെറ്റിയിൽ ഞാനാദ്യമായി തൊട്ടു. ചൂടുള്ള നാവുകൾകൊണ്ട് അതെന്റെ കൈയിൽ നക്കി സ്‌നേഹം പങ്കിട്ടു.

          പത്രക്കാരനും പാൽക്കാരനും വന്നുപോയി. പത്രവാർത്തകളിലൊന്നും കണ്ണുപിടിച്ചില്ല. കാക്കൾ കൂട്ടമായി ഒച്ചയുണ്ടാക്കിക്കൊണ്ട് ചന്തപ്പറമ്പിനെ സമീപിക്കുന്നുണ്ട്. അവളെയോ എന്നെത്തന്നെയോ സാമ്യപ്പെടുത്തുന്ന എന്തെങ്കിലും ഈ ദൃശ്യത്തിലുണ്ടെന്ന് തോന്നുന്നില്ല. എനിക്കെന്തോ അവളെ വിളിക്കണമെന്ന് തോന്നി. എന്തുകൊണ്ടാണ് എനിക്കവളുടെ ശബ്ദം കേൾക്കാൻ കൊതിതോന്നുന്നത് എന്നറിയില്ല'.

          മൂന്നു സിനിമാറ്റിക് സീനുകളിലേക്ക് വിന്യസിക്കപ്പെടുന്ന ഒരു കുടുംബത്തിന്റെ ബന്ധശൈഥില്യങ്ങളുടെ കഥയാണ് ദൃശ്യം. വീട്. മദ്യപനായ ഗൃഹനാഥൻ. ആത്മഹത്യക്കു പുറപ്പെടുന്ന ഭാര്യയും പെൺമക്കളും. വീടിനു മുകളിലെ മയിലുകളും തിണ്ണയിലെ നായയും-ഓരോ സീനുകളായി തിരക്കഥയുടെ രൂപം കൈവരിക്കുന്ന കഥ. 'പൂച്ചമ്മ'യിലും 'പോത്തി'ലും ഉപയോഗിച്ച ദൃശ്യവൽക്കരണത്തിന്റെ കലാതന്ത്രം കുറെക്കൂടി സൂക്ഷ്മമായി പിന്തുടരുന്ന രചന.

          'സരസ്വതീവിലാസം കാത്തിരിപ്പുകേന്ദ്രം' എന്ന കഥയും ഗുണ്ടകളുടെ അധോതലജീവിതങ്ങളുടെ അന്തഃസംഘർഷങ്ങളിൽ നിന്നാണ് ഉരുവം കൊള്ളുന്നത്. കിഷോർ എന്ന ഗുണ്ടയ്ക്ക് ബാല്യകാലസുഹൃത്ത് എന്നു പരിചയപ്പെടുത്തി യാമിനിയുടെ ഫോൺ വരുന്നു. അടുപ്പം ക്രമേണ വളർന്ന് തമ്മിൽ കണ്ടുമുട്ടാൻ യാമിനിതന്നെ ഒരവസരം ഒരുക്കുന്നു. സരസ്വതീവിലാസം ഹോട്ടലിൽ അവളെ കാത്തിരിക്കുന്ന കിഷോറിന് പക്ഷെ യാമിനിയെ കാണാൻ കഴിഞ്ഞില്ല. അവൾ പിന്നീട് ഫോൺ ചെയ്ത് പറയുന്ന കാര്യം അവനെ ഉലയ്ക്കുന്നു. അവളുടെ മകളോട് മോശമായി പെരുമാറിയ ഗുണ്ട കിഷോറാണ് എന്ന ധാരണയിൽ മകളെയും കൂട്ടി പ്രതികാരം ചെയ്യാൻ ഹോട്ടലിൽ എത്തിയിരുന്നു യാമിനി. പക്ഷെ അവനല്ല അതുചെയ്തത് എന്നു മനസ്സിലാക്കി അവൾ കിഷോറിനെ പരിചയപ്പെടാതെ മടങ്ങിപ്പോവുകയായിരുന്നു. ജ്ഞാതരും അജ്ഞാതരുമായി ജീവിച്ചു മരിച്ചുപോകുന്ന മനുഷ്യരുടെ നിസ്വതയാണ് ഈ രചനയുടെ ഭാവതലം. തിളങ്ങുന്ന കത്തിമുനയിൽ ഒറ്റമാത്രകൊണ്ട് തീരാവുന്ന പുളപ്പേയുള്ളു ഏതു നെഗളിപ്പിനും എന്നു സ്ഥാപിക്കുന്ന ഗുണപാഠകഥ.


ശ്രീവിനായക സൈക്കിൾയജ്ഞം, ഒരു പഴയകാല നാടോടി സൈക്കിൽയജ്ഞസംഘത്തിന്റെ ദാരുണമായ അന്ത്യം ചിത്രീകരിക്കുന്നു. ഹൃദയദ്രവീകരണശേഷി ഏറെയുള്ള കഥ. പൊന്നമ്പി എന്ന ഗ്രാമത്തിൽ സൈക്കിൾയജ്ഞം നടത്താനെത്തുന്ന ചെല്ലപ്പനാശാനും ഭാര്യ സുനന്ദയും മകൻ അപ്പുവും അവരുടെ പട്ടി ടോമിയും. മുഖ്യ സൈക്കിൾയജ്ഞക്കാരായ നാസറും വിഷ്ണുവും. ചെങ്കിക്കുന്നിലാണ് അവരുടെ ടെന്റ്. നാസറും വിഷ്ണുവും നാട്ടിലേക്കു മടങ്ങിയ ദിവസങ്ങളിലൊന്നിൽ (ഉത്സവദിവസം രാത്രി), ചെല്ലപ്പനാശാനും അപ്പുവും ഉത്സവം കാണാൻ പോയ സമയത്ത് പൊന്നമ്പിയിലെ ചട്ടമ്പികളായ ചെമ്പനും ചുക്രകണ്ണനും അപ്പിലുവും സുനന്ദയെ ബലാൽക്കാരം ചെയ്തു. മൽപ്പിടുത്തത്തിനിടെ പെട്രോൾ കുപ്പി മറിച്ച് ടെന്റിനു തീപിടിപ്പിച്ച് സുനന്ദ തന്നെ ആക്രമിച്ചു കീഴടക്കിക്കൊണ്ടിരുന്ന ചെമ്പനെയും തന്നോടൊപ്പം കത്തിച്ചു ചാമ്പലാക്കി. ഉത്സവം കഴിഞ്ഞെത്തിയ ചെല്ലപ്പനാശാനെയും അപ്പുവിനെയും ടോമിയെയും പിന്നീടാരും കണ്ടിട്ടില്ല. കാലങ്ങൾ കഴിഞ്ഞു. ചെങ്കിക്കുന്നിൽ കെട്ടിടം പണിയാൻ മണ്ണുമാറ്റിക്കൊണ്ടിരുന്ന പണിക്കാർ ഒരു വൃദ്ധന്റെയും പട്ടിയുടെയും അസ്ഥികൂടം കണ്ടു. വിഷ്ണുവിനെ മണിക്കൂറുകൾ മണ്ണിട്ടുമൂടി സർക്കസ് കാണിക്കാൻ ചെല്ലപ്പനാശാൻ കുത്തിയ കുഴിയിൽത്തന്നെയായിരുന്നു അവ കണ്ടെത്തിയത്. വായിക്കൂ:

          'ചെങ്കിക്കുന്ന് വിൽക്കാത്തത് എന്തുനന്നായി. അതിന്റെ അരികിലൂടെയാണ് എം.സി. റോഡിൽനിന്നും എൻ.എച്ച്. റോഡിനെ കൈപിടിക്കുന്ന ബൈപാസ് റോഡ് സഞ്ചരിക്കുന്നത്. അച്ഛൻ സ്വപ്നംകാണാത്തവിധം വസ്തുവിന്റെ വില ഉയർന്നു. ചന്ത നിന്നിടത്ത് ബസ് സ്റ്റാന്റായി... അബൂക്കയുടെ ചായക്കട നിന്നിടം ടാറിന്റെ കറുപ്പിനടിയിലെവിടെയോ പോയിമറഞ്ഞു. ചുക്രക്കണ്ണൻ അശോകനും അപ്പിലു സുരയും വിസ്മൃതരായി.

ചെങ്കിക്കുന്നിൽ എനിക്കുകിട്ടിയ ഭാഗത്ത് റോഡിനോട് ചേർന്ന് ഒരുവരി കടമുറികൾ പണിയുന്നുണ്ട്. പുറകിലായി വീടും. പത്തുനാല്പത്തഞ്ചു വയസിനിടയിൽ സ്വന്തമായിട്ടൊന്നും ഉണ്ടാക്കിയിട്ടില്ലല്ലോ എന്ന കുറ്റബോഘം തീർക്കാനായി ഇറങ്ങിപ്പുറപ്പെട്ടതാണ്.

          വീടിനായി അസ്തിവാരം കുഴിക്കുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ പയ്യൻ തുമ്പിക്കൈയെ ആകാശത്തുയർത്തിവച്ച് എന്നെ സമീപത്തേക്ക് വിളിച്ചു. പറങ്കിമാവിന്റെ ചോട്ടിൽ തണലേറ്റ് മൊബൈലും കുത്തിയിരിക്കയായിരുന്നു ഞാൻ. മണ്ണുമാന്തി യന്ത്രം വിസ്തൃതപ്പെടുത്തിയ കുഴിയിൽ ഒരു മനുഷ്യന്റെ അസ്ഥികൂടം. സൂര്യപ്രകാശത്തിന്റെ തെളിച്ചത്തിൽ, കുറച്ചുകൂടി സൂക്ഷ്മതയിൽ ഒരു പട്ടിയുടെ എല്ലുംകൂടും ഞങ്ങൾക്ക് കാണാനായി. മൂന്നു ബാറ്ററിയിടാവുന്ന ടോർച്ചിന്റെ ചട്ടക്കൂട് മണ്ണിനോട് അലിയാൻ വിസമ്മതപ്പെട്ട് കുഴിക്കകത്ത് കിടപ്പുണ്ടായിരുന്നു. മണ്ണിനെ തട്ടിക്കളഞ്ഞ് ഞാനതിന്റെ സ്വിച്ചിൽ വെറുതേ അമർത്തിനോക്കി. ഭൂതകാലത്തിൽ നിന്നെന്നവണ്ണം അത് പ്രകാശിക്കാൻ തുടങ്ങി. അതിന്റെ വെളിച്ചമേറ്റപ്പോൾ ചുറ്റും ഇരുട്ടുപരക്കുന്നതായി തോന്നി'.

          സൈക്കിൾയജ്ഞകഥ, ബാല്യകാലസ്മരണയെന്ന നിലയിൽ പുനരാനയിക്കുന്ന അതിതീക്ഷ്ണമായ ഒരു ജീവിതനാടകമാണെങ്കിൽ 'എരിവ്', ബാല്യകാലസുഹൃത്തുക്കളായിരുന്ന മോഹനനും രാമചന്ദ്രനും ജീവിതസായാഹ്നത്തിൽ കണ്ടുമുട്ടുന്ന ഒരു നാടകീയരംഗത്തിന്റെ ആവിഷ്‌ക്കാരമാകുന്നു. തന്റെ പൊതിച്ചോറ് കട്ടുതിന്ന മോഹനനെ അക്കാര്യം പറഞ്ഞ് അവന്റെ അച്ഛന്റെ തല്ല് ആവോളം കൊള്ളിച്ച രാമചന്ദ്രന്, അയാളുടെ ദുരവസ്ഥയിൽ ഒരു പൊതിച്ചോറുമായെത്തി, പണ്ട് താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയാണ് മോഹനൻ. വിശന്നപ്പോൾ മോഷ്ടിച്ചവന്റെ കണ്ണീരുപ്പുകലർന്ന ആ പൊതിയിൽ രാമചന്ദ്രൻ തന്റെ ആയുസ്സിന്റെ മുഴുവൻ അനർഥങ്ങളും വായിച്ചെടുക്കുന്നു. ആത്മാവിന്റെ എരിച്ചിലും പുകച്ചിലും കണ്ണീരായി കുതിച്ചുവന്ന് അയാളുടെ കാഴ്ച കെടുത്തുന്നു. പ്രാണസങ്കടങ്ങൾ ഉരുളയാക്കി വിഴുങ്ങേണ്ടിവരുന്ന മനുഷ്യവിധിയെ നോക്കി 'ഹാ കഷ്ടം' എന്നു വിലപിക്കേണ്ടിവരുന്ന അവസ്ഥയാണ് ഈ കഥയുടെ ഭാവമൂല്യം.

          'പാലായിലെ കമ്യൂണിസ്റ്റ്' എന്ന നീണ്ടകഥ, പാലായ്ക്കടുത്തുള്ള വിളക്കുംമരുത് എന്ന ഗ്രാമത്തിൽ കറതീർന്ന കമ്യൂണിസ്റ്റുകാരനായി ജീവിച്ച പേരപ്പൻ എന്ന കഥാപാത്രത്തെയാണ് ആഖ്യാനത്തിന്റെയും ചരിത്രത്തിന്റെയും നായകസ്ഥാനത്തു പ്രതിഷ്ഠിക്കുന്നത്. അരനൂറ്റാണ്ടോളം കാലം പാലായിൽ കെ.എം. മാണിയെ തെരഞ്ഞെടുപ്പിൽ തോല്പിക്കാൻ കഠിനപ്രയത്‌നം നടത്തിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയപ്രതിസന്ധികൾ, മാണിയുടെ മരണശേഷം മാത്രം മാണിയെ തോല്പിക്കാൻ കഴിഞ്ഞ 2019ലെ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പേരപ്പനിലൂടെ ചരിത്രവൽക്കരിക്കുകയാണ് കഥ. ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ എതിരാളികളുമായി പന്തയം വച്ച് തോറ്റുകൊണ്ടേയിരുന്നു, പേരപ്പൻ. 2019ലെ തെരഞ്ഞെടുപ്പിൽ ഇതാദ്യമായി മാണികോൺഗ്രസിന്റെ സ്ഥാനാർത്ഥി തോറ്റ വിവരമറിയാതെ, ഫലപ്രഖ്യാപനം വരുന്ന ദിവസം രാവിലെ പേരപ്പൻ മരിച്ചു. പേരപ്പനുമായി പന്തയംവച്ചവരൊന്നൊന്നായി തലമൊട്ടയടിച്ച് തങ്ങളുടെ വാക്കു പാലിക്കുകയും കമ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകർ പേരപ്പന്റെ കുഴിമാടത്തിൽ ചെങ്കൊടിനാട്ടുകയും ചെയ്യുന്നു. അസാധാരണമായ ഒരു രാഷ്ട്രീയ കഥ.


സ്ഥലകാലസംയുക്തങ്ങളിലും സംഭവ, ക്രിയാബന്ധങ്ങളിലും മാത്രമല്ല, വ്യക്തികളിലും പ്രതീതികളിലുമൊക്കെ സോഷ്യൽ റിയലിസത്തിന്റെ ചരിത്രബദ്ധവും വസ്തുനിഷ്ഠവുമായ ഭാവസന്ധികൾ കോർത്തിണക്കുന്നുണ്ട് പല കഥകളിലും ലാൽ. അതേസമയം, ഈ വസ്തുനിഷ്ഠയാഥാർഥ്യങ്ങളുടെ സാമാന്യയുക്തിക്കപ്പുറം മനോനിഷ്ഠയാഥാർഥ്യങ്ങളുടെ അസാമാന്യമായ ഭാവസംഘർഷങ്ങളും അസങ്കീർണമായ രൂപസങ്കേതങ്ങളുമാണ് ലാലിന്റെ രചനകളെ കഥപറച്ചിലിന്റെ കലാനുഭൂതികളിൽ പുനഃസൃഷ്ടിക്കുന്നത്. അതുവഴിയാണ് അവ മലയാള ചെറുകഥയുടെ ഭാവുകത്വചരിത്രത്തിൽ സ്വന്തം കൊടിനാട്ടുന്നതും.

കഥയിൽനിന്ന്

'2019-ൽ പാലായിലെ ബൈ ഇലക്ഷൻകാലത്ത് ഞാൻ നാട്ടിലുണ്ടായിരുന്നു. തോടനാലെ തറവാട് വീട് കേടുപാടു തീർത്തെടുക്കാൻ മാമൻ തീരുമാനിച്ച സമയമായിരുന്നു. അമ്മയ്ക്ക് അതുകേട്ട് വലിയ സന്തോഷമായി. നാട്ടിലുള്ളതിനാൽ എന്നെയും മാമൻ സഹായത്തിനു വിളിച്ചു. ഭാര്യവീട്ടുകാരുമായി മാത്രമാണ് എന്റെ സഹവാസവും സഹകരണവുമെന്ന മട്ടിലൊരു സംസാരം കുടുംബക്കാർക്കിടയിലുണ്ട്. അതു മാറ്റാനുള്ള അവസരം കൂടിയാണിത്. നമുക്ക് രണ്ടു കൂട്ടരും വേണമല്ലോ.


വീട് അതേപടി നിലനിർത്താനാണ് മാമന്റെ തീരുമാനം. മാസത്തിലൊരിക്കലെങ്കിലും ഇവിടെ വന്ന് താമസിക്കും. മാമൻ സർവീസിൽനിന്നും പിരിയുകയാണ്. പിന്നെ ധാരാളം സമയവുമുണ്ട്.

          ഉമ്മറത്തിരുന്ന അപ്പൂപ്പാച്ചന്റെ ഫോട്ടോയിൽ ഇരട്ടവാലൻ തുളയിട്ടിരുന്നു. എ.കെ.ജി.യും അപ്പൂപ്പാച്ചനും പരസ്പരം തോളിൽ കൈയിട്ടു നിൽക്കുന്ന ചിത്രത്തിന് കേടൊന്നും സംഭവിച്ചിട്ടില്ല. അപ്പൂപ്പാച്ചൻ ചിരിച്ചുകൊണ്ടാണ് ആ ചിത്രത്തിലിരിക്കുന്നത്. അപ്പൂപ്പാച്ചന്റെ ചിരിക്കുന്ന അപൂർവം ചിത്രങ്ങളിലൊന്നാണിത്. എ.കെ.ജി. ഗൗരവത്തിലാണ്.

          ഉച്ചയോടെ പേരപ്പൻ വന്നു. വടിയിടിച്ചാണ് നടത്തം. ഒച്ചയും അനക്കവും കേട്ടിറങ്ങിയതാണ്. പിന്നാലെ മൂന്ന് പൂച്ചകളുമുണ്ട്. അമ്മാമ്മയുടെ ഓമനകളാണ്. അതിപ്പോ പേരപ്പനൊപ്പം കൂടിയിരിക്കയാണ്. ഇളയ ശേഷക്കാരി പേരപ്പനൊപ്പം വീട്ടിലുണ്ട്. അവൾക്കാണ് ഭാഗംവച്ചപ്പോൾ വീട് കിട്ടിയിരിക്കുന്നത്. പേരപ്പന്റെ കാഴ്ചയ്ക്ക് മങ്ങലുണ്ട്. നെറ്റിന്മേൽ കൈവച്ച് ഞങ്ങളെ സൂക്ഷിച്ചുനോക്കി. തിരിച്ചറിഞ്ഞപ്പോൾ മുഖം നിറയെ ചിരി വന്നു മൂടി.

          'ഇത്തവണ ഇലക്ഷനെങ്ങനാ പേരപ്പാ. നമ്മള് ജയിക്കോ?'

          'ഉറപ്പല്ലേ കൊച്ചുമോനേ. ഇത്തവണ നമ്മള് ജയിക്കും'.

          'മാണി സാറ് മരിച്ചതിന്റെ സഹതാപം കാണില്ലേ?'

          'അതൊന്നും ഏശത്തില്ല കൊച്ചുമോനേ'.

          'പേരപ്പന് വോട്ട് ചെയ്യാൻ പോകാൻ പറ്റ്‌വോ?'

          'ഇഴഞ്ഞാണേലും പോകില്ലേ കൊച്ചുമോനേ'.

          'ഇത്തവണേം പന്തായം വച്ചിട്ടുണ്ടോ?'

          പേരപ്പൻ വായ പൊത്തി നിഷ്‌കളങ്കമായി ചിരിച്ചു. ഇലക്ഷൻ പ്രചാരണത്തിന് ഇറങ്ങാൻ കഴിയാത്തതിലെ നിരാശ പങ്കുവച്ചു.

          ആഴ്ചയിലൊരിക്കലേ തോടനാലേക്ക് പോകൂ. ഓട്ടോയൊന്നും ഈ വഴി കയറിവരത്തില്ല. കുന്നുകയറി ഇറങ്ങാനൊന്നും വയ്യ. ലൈബ്രറി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അവിടെ വയ്ക്കാൻ അനിരുദ്ധൻ സഖാവിന്റെ നല്ല ചിത്രം വേണം. ചിത്രം ഫ്രെയിം ചെയ്ത് നൽകാമെന്ന് ഞങ്ങളേറ്റു.


2019-ലെ പാലാ ഇലക്ഷൻ റിസൾട്ടും കാത്ത് ടി.വി.ക്കു മുന്നിലിരിക്കുമ്പോഴാണ് പേരപ്പൻ കുഴഞ്ഞുവീണത്. മഴകൊണ്ടപോലെ ശരീരമാകെ വിയർത്തു. മരുമകൾ അടുത്തുണ്ടായിരുന്നു. അവൾ പേരപ്പനെ തിണ്ണയിൽ പിടിച്ചു കിടത്തി. നിലവിളി കേട്ട് പൈങ്കുനിയിൽ ഫിലിപ്പിന്റെ മകൾ നഴ്‌സുകുട്ടി ഓടിവന്നു. അവളാണ് മരണം ഉറപ്പിച്ചത്. സുഖമരണം. കിടന്ന് ആരെയും ബുദ്ധിമുട്ടിക്കാതെ പോയി.

          വൈകിട്ടോടെ അടക്കം കഴിഞ്ഞു. പാലായിലെ വിജയം കാണാൻ പേരപ്പനില്ലാതെ പോയതിൽ ബ്രാഞ്ച് സെക്രട്ടറി സ്റ്റീഫന് സങ്കടമായിപ്പോയി. തങ്കപ്പൻ ചേട്ടൻ അവിടെയൊക്കെ ചുറ്റിപ്പറ്റി നിന്നു. പേരപ്പന്റെ മരണം അയാളെ ആകപ്പാടെ ബാധിച്ചതായി തോന്നി.

          പഴയ കോഴിക്കൂടിരുന്നേടത്തായിരുന്നു പേരപ്പന്റെ ചിതയൊരുങ്ങിയത്. ചിത കെട്ടടങ്ങിയ പിറ്റേന്നാൾ സ്റ്റീഫനും രണ്ടുമൂന്നു പേരുംകൂടി കുഴിത്തലയ്ക്കൽ ചുവന്ന കൊടി നാട്ടാനായി വന്നു.

          'ഇതെന്നാ സ്റ്റീഫോ? ഇങ്ങനെയൊരു പരിപാടി പതിവില്ലാത്തതാണല്ലോ. പേരപ്പനെ ചെങ്കൊടി പൊതപ്പിച്ചു, ഞങ്ങളൊന്നും പറഞ്ഞില്ല. ഇതിത്തിരി കടന്നകൈയാ സ്റ്റീഫാ. നിങ്ങടെ സമുദായത്തിലാണേ ഇതൊക്കെ സമ്മതിക്കോ? പറ'. പേരപ്പന്റെ ശേഷക്കാരൻ മനോജ് പൊട്ടിത്തെറിച്ചു.

          നിശ്ശബ്ദമായൊരു സംഘർഷം അവിടെ രൂപപ്പെട്ടതായി തോന്നി. പേരപ്പൻ ഇങ്ങനൊരു ആഗ്രഹം എന്നോടും പണ്ടെന്നോ പറഞ്ഞിട്ടുള്ളതാണല്ലോ. എനിക്കത് ഓർമവന്നു. 'മനോജേ, പേരപ്പൻ എന്നോടും പറഞ്ഞിട്ടൊള്ളതാടാ. ഇടതുപക്ഷം പാലായില് ജയിച്ചാല് ഞാനില്ലേലും നീ എന്നെ അടക്കിയേടത്ത് ചുവന്ന കൊടി നാട്ടിയേക്കണമെന്ന്'.

          പേരപ്പന്റെ കുഴിമാടത്തിലേക്ക് തലനീട്ടിനിന്ന ചുവന്ന ചെരത്തിപ്പൂവ് തലയാട്ടി.

          സംഘർഷത്തിന് മെല്ലെ അയവുവന്നു. എങ്കിലും സ്റ്റീഫന്റെ മനസ്സിൽവീണ കരട് പുറത്തുപോയില്ല. അവിടെക്കിടന്ന് അത് തിക്കുമുട്ടിക്കൊണ്ടിരുന്നു. മുറ്റത്തുകിടന്ന കസേര പിടിച്ചിട്ട്  സ്റ്റീഫൻ താടിക്ക് കൈയും കൊടുത്തിരുന്നു.     

          സ്റ്റീഫന്റേന്ന് കൊടിവാങ്ങി, തലേന്നത്തെ മഴയിൽ നനഞ്ഞുകിടന്ന മണ്ണിലേക്ക് ഞാനതിനെ ആഴത്തിൽ താഴ്‌ത്തിവച്ചു. പേരപ്പന്റെ പൂച്ചക്കുട്ടിജ്ഞതാപൂർവം എന്റെ കാലിനെ തൊട്ടുരുമ്മിനിന്നു.

          'മരിച്ചോരുടെ ആഗ്രഹങ്ങള് നമ്മള് ജീവിച്ചിരിക്കുന്നോരല്ലേ സാധിച്ചുകൊടുക്കേണ്ടത്'.

          എല്ലാവരും കേൾക്കാനെന്നോണം ഞാൻ പറഞ്ഞു.

          പൂച്ചകൾ 'മാവ്യൂ' എന്ന് ശരിവച്ചു.

          പേരപ്പന്റെ മരണം കഴിഞ്ഞ് മൂന്നാമത്തെയോ നാലാമത്തെയോ ദിവസമായിരുന്നു അത്. തോടനാൽ കവലയിൽ അന്ന് ഉച്ചയ്ക്ക് അപൂർവമായൊരു കാഴ്ച കണ്ടു. കുഞ്ഞിന്റെ ബാർബർ ഷോപ്പിൽനിന്നും പതിനേഴു പേർ തല മൊട്ടയടിച്ച് പുറത്തിറങ്ങി. കുഞ്ഞ്, വന്നുകയറിയ ഓരോരുത്തരോടും വിനയാന്വിതനായി, 'നിങ്ങളെന്തിനാപ്പാ മൊട്ടയടിക്കുന്നത്. പേരപ്പൻ മരിച്ചില്ലേ?'

          'എങ്കിലും അങ്ങനലല്ലോ കുഞ്ഞേ. പേരപ്പനെ പറ്റിക്കാൻ മനസ്സുവരണില്ലാന്നേ'.

          ചെറുപ്പക്കാരായ രണ്ടു പേർ ആ അപൂർവദൃശ്യത്തെ മൊബൈലിൽ പകർത്തിയെടുത്തു.

          'അതിന് പേരപ്പൻ ഇത്രേം പേരോട് പന്തായം വച്ചിട്ടൊണ്ടാവോ?' കുഞ്ഞിനോട് ആരോ സംശയം ചോദിച്ചു.

          'എനിക്കറിയത്തില്ലേ. ഓരോരുത്തന്മാരുടെ വട്ട്. പണ്ടെന്നോ പേരപ്പൻ പന്തായം വച്ചോന്മാരു വരെ കൂട്ടത്തിലൊണ്ട്'.

          പതിവിലും കൂടുതൽ പണിയെടുത്തതിന്റെ അരിശത്തിൽ കുഞ്ഞ് കൈകുടഞ്ഞു.

          പേരപ്പന്റെ സഞ്ചയനദിവസം. രാവിലെ അവിടൊന്ന് തലകാണിച്ച്, നാട്ടിലേക്ക് മടങ്ങാൻ ചെന്നതായിരുന്നു. അടുത്ത ദിവസം എനിക്ക് മടക്ക ഫ്‌ളൈറ്റാണ്. സ്റ്റീഫൻ ഒരു പൊതി എനിക്കു നേരെ നീട്ടി.

          'പേരപ്പൻ അവസാനകാലത്ത് എന്നെ ഏൽപ്പിച്ചതാ. നീ വരുമ്പോൾ തരാനായിട്ട്'.

          ഞാൻ പൊതി തുറന്നു നോക്കി. രണ്ടു പുസ്തകങ്ങളായിരുന്നു അവ.

          എ.കെ.ജി.യുടെ എന്റെ ജീവിതകഥയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും. ബയന്റിട്ട് ഭംഗിയായത് സൂക്ഷിച്ചിട്ടുണ്ട്.  ചിലേടത്ത് പേനകൊണ്ട് അടിവരയിട്ടിട്ടുണ്ട്. ചിലേടത്ത് അരികിലായി എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.

          പുസ്തകങ്ങൾ അനിരുദ്ധിൻ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യണോ. വീണ്ടുമൊരു വിചാരത്തിൽ, ആ പുസ്തകങ്ങളെ ഒപ്പംകൂട്ടാൻ തീരുമാനിച്ചു. പേരപ്പനെ അത് തീർച്ചയായും സന്തോഷിപ്പിക്കും. പൊടുന്നനെ വന്ന തണുത്ത കാറ്റിൽ കൈയിലിരുന്ന പുസ്തകങ്ങൾ വിറകൊള്ളുന്നതായി എനിക്ക് തോന്നി'. 

പാലായിലെ കമ്യൂണിസ്റ്റ്
എസ്.ആർ. ലാൽ
ഡി.സി. ബുക്‌സ്
2021, 160 രൂപ