'Man would be erased like a face drawn in sand at the edge of the sea' - Michel Foucault

'The boundary between science fiction and social reality is an optical illusion' - Donna J. Haraway

ക്കഴിഞ്ഞ പതിറ്റാണ്ടിൽ കേരളീയസമൂഹത്തിന്റെ അക്കാദമിക, വൈജ്ഞാനിക, സാംസ്‌കാരിക, രാഷ്ട്രീയ സംവാദങ്ങളിൽ പരക്കെ ശ്രദ്ധ കൈവരിച്ച ചില സംജ്ഞകളാണ് ജൈവാധികാരം/ജൈവരാഷ്ട്രീയം (Bio-power/Bio-politics), നിഗ്രഹാധികാരം/മൃത്യുരാഷ്ട്രീയം (Necro power/Necro politics), സത്യാനന്തരം (Post truth), അധീക്ഷണമുതലാളിത്തം (Surveillance capitalism), മനുഷ്യാനന്തരത/മാനവികാനന്തരത (Post human-ism) തുടങ്ങിയവ.

1976ൽ ജൈവാധികാരങ്ങളെയും രാഷ്ട്രീയവ്യവസ്ഥയെയും കൂട്ടിയിണക്കി മിഷൽ ഫൂക്കോ വികസിപ്പിച്ച സങ്കല്പനമായാണ് (ഏറെ മുൻപുതന്നെ നിലവിലിരുന്ന പരികല്പനയാണെങ്കിലും) ഇന്ന് നാം ജൈവരാഷ്ട്രീയത്തെ മനസ്സിലാക്കുന്നത്. ജിയോർജിയോ അഗംബനും അന്റോണിയോ നെഗ്രിയും മറ്റും ഇതിന്റെ തുടർച്ചകൾ അവതരിപ്പിക്കുകയുണ്ടായി.

ഫൂക്കോൾഡിയൻ ജൈവരാഷ്ട്രീയസങ്കല്പനത്തിന്റെ വ്യാഖ്യാനപരമായ പരിമിതികളിൽനിന്നാണ് Achille Mbembe മൃത്യുരാഷ്ട്രീയം എന്ന പരികല്പന രൂപപ്പെടുത്തുന്നത്.

അന്നാഹാരൻടും ബ്രൂണോ ലാത്വയും മറ്റും 1950-60 കാലത്ത് അവതരിപ്പിച്ച നിരീക്ഷണങ്ങളിൽ നിന്നു വികസിച്ചതാണെങ്കിലും 2016ലാണ് സത്യാനന്തരം എന്ന സംജ്ഞ പ്രസിദ്ധമാകുന്നത്. സത്യാനന്തരരാഷ്ട്രീയം എന്നൊരു പ്രയോഗവും ഇതോടൊപ്പം പ്രചരിക്കുന്നു.

          'ജൈവ'മനുഷ്യന്റെയും മാനവികതയുടെയും കാലത്തെ മറികടന്ന 'സൈബർ' മനുഷ്യന്റെയും സൈബർ മാനവികതയുടെയും കാലത്തെ വിശേഷിപ്പിക്കാൻ സയൻസ് ഫിക്ഷനിൽ തുടക്കമിട്ടതാണ് post human എന്ന പരികല്പന. 'ട്രാൻസ് ഹ്യൂമനിസം' എന്ന സങ്കല്പനവും ഇതോടനുബന്ധിച്ച് വ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. ഡോണാ ഹാരാവെയുടെ 'സൈബോർഗ്' സങ്കല്പനത്തിൽ നിന്നാണ് ഈ ചർച്ചകളുടെ തുടക്കം. ജനറ്റിക് എഞ്ചിനീയറിങ്, ബയോ എഞ്ചിനീയറിങ്, ഡിജിറ്റൽ സാങ്കേതികത തുടങ്ങിയ ശാസ്ത്രമണ്ഡലങ്ങളാണ് ഈ മനുഷ്യാനന്തരസംസ്‌കാരത്തിന്റെ ദിശ നിർണയിക്കുന്നതും ഇതോടനുബന്ധിച്ചു രൂപം കൊണ്ടിട്ടുള്ള തത്വചിന്തകളുടെ ഗതി തിരിച്ചുവിടുന്നതും.

 

ബഹുരാഷ്ട്ര മുതലാളിത്തം വ്യക്തികളുടെ വിവരങ്ങൾ (data) കൊണ്ടു സൃഷ്ടിക്കുന്ന അപൂർവവും അപാരവുമായ വാണിജ്യസാധ്യതകളെക്കുറിച്ചുള്ള നിരീക്ഷണം 2014ൽ അവതരിപ്പിച്ചത് Shoshana Zuboff ആണ്. ഗൂഗ്ൾ, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥാപനങ്ങൾ മാത്രമല്ല ഭരണകൂടങ്ങളും ഈ അധീക്ഷണ മുതലാളിത്തത്തെ രാഷ്ട്രീയവൽക്കരിക്കുന്നു.

          1970കൾ തൊട്ട് 2020 വരെയുള്ള അരനൂറ്റാണ്ടുകാലത്ത് പല ഘട്ടങ്ങളിലായി യൂറോ-അമേരിക്കൻ അക്കാദമികളിൽ വികസിച്ചുവന്നിട്ടുള്ള ഈ സങ്കല്പനങ്ങളെ ചരിത്രപരവും സൈദ്ധാന്തികവും സാംസ്‌കാരികവും സാമൂഹികവും സാങ്കേതികവും പ്രത്യയശാസ്ത്രപരവുമായി വിശദീകരിച്ചും വ്യാഖ്യാനിച്ചും ആഗോള, ദേശീയ, പ്രാദേശിക ജീവിതാനുഭവങ്ങളോടിണക്കി ചർച്ചചെയ്യുന്നതിൽ ടി.ടി. ശ്രീകുമാർ പ്രകടിപ്പിക്കുന്ന നിരന്തര സൂക്ഷ്മതയും നിതാന്ത ജാഗ്രതയും ഒന്നു വേറെതന്നെയാണ്. പുസ്തകകേന്ദ്രിതമായ അറിവിന്റെ സാങ്കേതികപരാവർത്തനമായി പരിമിതപ്പെടുന്ന ഒന്നല്ല ശ്രീകുമാറിന്റെ ഇടപെടലുകൾ. അനുഭവവാദപരം കൂടിയായ ഒരു ജൈവബുദ്ധിജീവിതത്തിന്റെ ഊർജ്ജവും ആർജ്ജവവും ശ്രീകുമാറിന്റെ എഴുത്തിൽ ഉടനീളം പ്രകടമാകുന്നുണ്ട്.

അക്കാദമിക വിജ്ഞാനങ്ങളുടെ പിൻബലവും ജീവിതാനുഭവങ്ങളുടെ മൂർത്തതയും രാഷ്ട്രീയനിലപാടുകളുടെ കൃത്യതയും പ്രായോഗികവിശകലനങ്ങളുടെ മൗലികതയും നൈതികവും മാനവികവുമായ സാമൂഹികതയുടെ ആരായലുകളും കൊണ്ട് സമ്പന്നമാണ് അവ.

          അക്കാദമികസ്വഭാവമുള്ള രാഷ്ട്രീയ ഉപന്യാസങ്ങളുടെയും ജൈവസ്വരൂപമുള്ള സാംസ്‌കാരിക വിശകലനങ്ങളുടെയും തുടർച്ചയായ ആവിഷ്‌ക്കാരത്തിൽ ശ്രീകുമാറിനോളം ഉത്സാഹവും ഉന്മേഷവും പ്രകടിപ്പിക്കുന്ന മറ്റൊരാൾ മലയാളത്തിലില്ല. ലിബറൽ ലെഫ്റ്റ്, ഹ്യൂമനിസ്റ്റ്, നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ വക്താവാണ് എക്കാലത്തും ടി.ടി. ചരിത്രം, സാമൂഹ്യശാസ്ത്രം, മാധ്യമപഠനം, മാർക്‌സിസം, സാങ്കേതികവിദ്യ, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം, തത്വചിന്ത..... തുടങ്ങിയ വൈജ്ഞാനിക മേഖലകളിൽനിന്നു സ്വീകരിക്കുന്ന അറിവുകൾ ബഹുസാംസ്‌കാരികവും അന്തർവൈജ്ഞാനികവുമായ വിശകലനപദ്ധതിയായി വികസിപ്പിച്ച് സാഹിത്യം, സിനിമ, മാധ്യമം, രാഷ്ട്രീയം, ചരിത്രം, ഭാഷ, സാമൂഹ്യഘടന, സമ്പദ്‌വ്യവസ്ഥ എന്നിങ്ങനെയുള്ള സാംസ്‌കാരിക മണ്ഡലങ്ങളെ സൂക്ഷ്മമായപഗ്രഥിക്കുന്ന ശ്രദ്ധേയമായ ഇടപെടലുകളാണ് ശ്രീകുമാറിന്റെ രചനകൾ. ഈ പംക്തിയിൽ തന്നെ ശ്രീകുമാറിന്റെ മൂന്നോ നാലോ പുസ്തകങ്ങൾ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ 'പോസ്റ്റ് ഹ്യൂമൻ വിചാരലോകങ്ങൾ' എന്ന പേരിൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലേഖനസമാഹാരം പുറത്തുവന്നിരിക്കുന്നു.

 

പത്തു ലേഖനങ്ങൾ. മൂന്ന് അഭിമുഖങ്ങൾ. ഓരോന്നും 'മനുഷ്യാനന്തരം' എന്ന് സാമൂഹ്യ-രാഷ്ട്രീയ ചിന്തകർ വിശേഷിപ്പിക്കുന്ന നവ-മാധ്യമ-സാങ്കേതിക കാലത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയമപഗ്രഥിക്കുന്നവ. മലയാളിയുടെ ലോകബോധത്തെയും മലയാളത്തിന്റെ വൈജ്ഞാനിക സാഹിത്യമണ്ഡലത്തെയും സാർഥകമാംവിധം നവീകരിക്കുന്ന സംവാദാത്മകമായ വിചാരപാഠങ്ങൾ.

ആദ്യലേഖനത്തിൽ, മനുഷ്യാനന്തരത എന്ന പരികല്പനയുടെ അടിസ്ഥാനതത്വങ്ങൾ വിശദീകരിച്ചുകൊണ്ട് സമകാല ലോകക്രമത്തെ ഈ സങ്കല്പനം എങ്ങനെയെല്ലാം അഭിസംബോധന ചെയ്യുന്നുവെന്ന് വ്യക്തമാക്കുകയാണ് ടി.ടി. ആധുനികത നിർമ്മിച്ച 'ജൈവമനുഷ്യനെ' നാനാതലങ്ങളിൽ അപനിർമ്മിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്തെയാണ് മനുഷ്യാനന്തരകാലം എന്ന് പൊതുവെ വിവക്ഷിക്കുന്നത്. ദക്കാർത്തെയും മാർക്‌സും ഡാർവിനും ഫ്രോയ്ഡും മറ്റും നിർവചിച്ച മനുഷ്യസ്വത്വങ്ങളെയും മാനവികതാവാദങ്ങളെയും മാറ്റിപ്രതിഷ്ഠിച്ചുകൊണ്ടാണ് യന്ത്രവും മനുഷ്യനും ഒന്നായിത്തീരുന്ന സൈബോർഗിയൻ സംസ്‌കാരം രൂപം കൊള്ളുന്നത്. കലയിലും സാഹിത്യത്തിലും സംഭവിക്കുന്ന ഭാവനാത്മകവ്യവഹാരം (സയൻസ് ഫിക്ഷൻ) മാത്രമല്ല ഇത്. വൈദ്യശാസ്ത്രം മുതൽ വിനോദവ്യവസായം വരെ; ജനിതകവിജ്ഞാനം മുതൽ ഡിജിറ്റൽ സാങ്കേതികത വരെ-ആധുനികാനന്തരകാലത്തിന്റെ നവലോകക്രമങ്ങളെ ഏറ്റവും മൂർത്തമായി പ്രതിനിധാനം ചെയ്യുന്ന/സ്ഥാനപ്പെടുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു, ഇത്.

          ഹേബർമാസും സമീർ അമീനും സിസെക്കുമൊക്കെ ഭയപ്പാടോടെ കാണുന്ന ഈയവസ്ഥ പക്ഷെ ഡോണാ ഹാരാവെയും ജയിംസ് ലവ്‌ലോക്കും മറ്റും സൂചിപ്പിക്കുന്ന അപാരമായ സാധ്യതകളിലേക്ക് വഴിമാറിക്കഴിഞ്ഞതായി ശ്രീകുമാർ നിരീക്ഷിക്കുന്നു. ബ്രൂണോ ലത്വായുടെ സാങ്കേതികതാവിമർശനങ്ങൾ വരെയുള്ളവ മുൻനിർത്തി ഈ വിഷയം ചർച്ചചെയ്യുന്ന ശ്രീകുമാർ, ഹന്നാ ആരൺടിന്റെ സമഗ്രാധിപത്യസങ്കല്പത്തോടും മിഷെൽ ഫൂക്കോയുടെ ജൈവരാഷ്ട്രീയസങ്കല്പത്തോടും Achille Mbembe യുടെ മൃത്യുരാഷ്ട്രീയത്തോടും Shoshana Zuboff ന്റെ അധീക്ഷണ മുതലാളിത്തത്തോടും ചേർത്തുവച്ച് 'മനുഷ്യാനന്തരത'യുടെ സാമ്പത്തിക-സാംസ്‌കാരിക രാഷ്ട്രീയങ്ങൾ ചർച്ചചെയ്യുന്നു. എന്നിട്ട്, അങ്ങനെയൊരു കാലം ഉയർത്തുന്ന സാങ്കേതികതയും നൈതികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ പങ്കുവയ്ക്കുകയാണ് ഈ ലേഖനം.

'സാങ്കേതികസംവിധാനങ്ങളുടെ ഒരു സമുച്ചയത്തിന്റെ ഉള്ളിലാണ് നാം എല്ലാവരും ജീവിക്കുന്നത്. ഇതിനു പുറത്തുനിന്ന് ഇതിനെ വെല്ലുവിളിക്കാനോ മാറ്റിത്തീർക്കാനോ കഴിയുന്ന ഒരു സാഹചര്യം ഇവിടെ ഇല്ല. ജനാധിപത്യസംവിധാനങ്ങളാണ് ഇനിയും ശക്തിപ്പെടേണ്ടത് എന്ന് വിശ്വസിക്കുന്നവരെന്ന രീതിയിൽ നമുക്ക് ധാർമ്മികമായ ഉത്തരവാദിത്വങ്ങൾ ഉണ്ട്. സോഷ്യലിസ്റ്റ് ജനാധിപത്യം പല കാരണങ്ങളാൽ തകർന്നുപോയതിനുശേഷം ലോകമുതലാളിത്തത്തിലുണ്ടായ ഉന്മാദാവസ്ഥയാണ് ഫുക്കയോമ പ്രാതിനിധ്യജനാധിപത്യമല്ലാതെ ഇനി മറ്റൊന്ന് മനുഷ്യന് പരീക്ഷിക്കാൻ അവശേഷിക്കുന്നില്ല എന്ന തന്റെ കണ്ടെത്തലിലൂടെ പിടിച്ചെടുക്കുന്നത്. എന്നാൽ നിർമ്മിതബുദ്ധിയുടെയും സൈബോർഗിന്റെയും ലോകം സോഷ്യലിസ്റ്റ് ജനാധിപത്യത്തിനും, പ്രാതിനിധ്യ ജനാധിപത്യത്തിനുമൊക്കെ അപ്പുറത്ത് കോർപ്പറേറ്റുകൾ നേരിട്ട് ഭരിക്കുന്ന ഒരു സംവിധാനത്തിനു സാധ്യതയുണ്ടെന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. സൈബോർഗ് എന്ന പുതിയ മനുഷ്യവംശം ഒരുപക്ഷെ അതിനു കീഴടങ്ങി ജീവിക്കാൻ തയ്യാറായേക്കാം എന്നത് അശുഭകരമായ ഒരു സാധ്യതയാണ്. ഭാവിരാഷ്ട്രീയം ജനാധിപത്യവിശ്വാസികൾ രൂപപ്പെടുത്തേണ്ടത് ഈ കണ്ടെത്തലിന്റെകൂടി വ്യാകുലതയിൽ ആവേണ്ടിയിരിക്കുന്നു'.

          ആദ്യലേഖനത്തിൽ ശ്രീകുമാർ അവതരിപ്പിക്കുന്ന നിരീക്ഷണങ്ങളുടെയും മുന്നോട്ടുവയ്ക്കുന്ന വിമർശനങ്ങളുടെയും ചൂണ്ടിക്കാണിക്കുന്ന അവസ്ഥകളുടെയും നൽകുന്ന മുന്നറിയിപ്പുകളുടെയും ഉയർത്തുന്ന ചോദ്യങ്ങളുടെയും തുടരാവിഷ്‌ക്കാരങ്ങളാണ് യഥാർഥത്തിൽ ഇനിയങ്ങോട്ടുള്ള ലേഖനങ്ങളും അഭിമുഖങ്ങളും ഒന്നൊന്നായെടുത്തു ചർച്ചചെയ്യുന്നത്. ആ അർഥത്തിൽ മനുഷ്യാനന്തരലോകക്രമത്തിന്റെയും കാലക്രമത്തിന്റെയും രാഷ്ട്രീയാപഗ്രഥനമായി കാണാൻ കഴിയും ഈ പുസ്തകത്തെ. മലയാളത്തിൽ ഈ വിഷയത്തിലുണ്ടായ ആദ്യശ്രമം.

അമേരിക്കയിൽ നടന്ന ആഫ്രിക്കൻ വംശജനായ ജോർജ് ഫ്‌ളോയ്ഡിന്റെയും കേരളത്തിൽ നടന്ന ദളിത് വിദ്യാർത്ഥിനിയായ ദേവികയുടെയും മരണം മുൻനിർത്തി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കാലം സൃഷ്ടിക്കുന്ന, സാമൂഹ്യനീതിയും വികസനവും തമ്മിലുള്ള ഭീമമായ അന്തരം ചർച്ചചെയ്യുന്നു, രണ്ടാം ലേഖനം.

ഫ്‌ളോയിഡിന്റേതുകൊലപാതകമായിരുന്നു. ദേവികയുടേത് ആത്മഹത്യയും. പക്ഷെ രണ്ടു മരണത്തിനും പിന്നിലെ രാഷ്ട്രീയം സമാനമായിരുന്നു. നിയോ ലിബറലിസം സൃഷ്ടിച്ചിട്ടുള്ള നൈതികതയുടെ അഭാവം ഏതാണ്ടൊന്നുതന്നെയായാണ് ലോകമെമ്പാടും അനുഭവപ്പെടുന്നത്. ഡിജിറ്റൽ വിഭജനം ദളിതരെ അന്യവൽക്കരിക്കുന്നതിനെക്കുറിച്ചുള്ള ശ്രീകുമാറിന്റെ തന്നെ പഠനറിപ്പോർട്ടുകളും ജോൺ റാൾസ് 'A Theory of Justice' എന്ന ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്ന നിഗമനങ്ങളും കൂട്ടിയിണക്കി സൈബർ ലിബർട്ടേറിയനിസത്തിന്റെ പരിമിതികൾ ലേഖനം ചൂണ്ടിക്കാണിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഉടലെടുത്ത സാർവത്രിക ഓൺലൈൻ വിദ്യാഭ്യാസം ഇന്ത്യപോലുള്ള രാജ്യങ്ങളിൽ സൃഷ്ടിച്ച അവിശ്വസനീയമായ സാങ്കേതിക വിഭജനങ്ങളും സാമൂഹ്യവിവേചനങ്ങളും ശ്രീകുമാർ വിശകലനം ചെയ്യുന്നു. 'സാമ്പത്തിക നീതിയിൽ നിന്നന്യമല്ല സാമൂഹ്യനീതി' എന്ന നാൻസിഫ്രേസറുടെ ആശയം ഇവിടെ സൂചിതമാകുന്നുമുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിൽ രോഗവും നീതിയും തമ്മിലുള്ള ബന്ധത്തിന്റെ താത്വിക തലങ്ങളപഗ്രഥിക്കുന്നു, അടുത്ത ലേഖനം. 2003ൽ ഹോങ്കോങ്ങിൽ താമസിക്കുമ്പോൾ ഉണ്ടായ സാർസ്-വൈറസ് വ്യാപനം, കോവിഡ്-19നു സമാനമായ ഒരു സാമൂഹിക നിയന്ത്രണവ്യവസ്ഥ അവിടെ നടപ്പാക്കിയതിന്റെ അനുഭവങ്ങൾ കോവിഡ്കാല ഭരണകൂടനിയന്ത്രണങ്ങളുമായി തുലനം ചെയ്തവതരിപ്പിക്കുന്നു, ടി.ടി. കോവിഡ്കാലത്തുണ്ടായ ഭരണകൂടനടപടികളെപ്പറ്റി ഏറ്റവുമധികം ചർച്ചചെയ്ത അഗംബന്റെയും സിസെക്കിന്റെയും മറ്റും കാഴ്ചപ്പാടുകളാണ് ഇവിടെ ആധാരം. അവയാകട്ടെ, ഭരണകൂടസംവിധാനങ്ങളുടെ ധാർമ്മികതയെയും മൂല്യപരതയെയും വിരുദ്ധനിലപാടുകളിൽ വ്യാഖ്യാനിക്കുന്നവയുമാണ്.

          'മുതലാളിത്തം എങ്ങനെയാണോ ഉല്പാദനശക്തികളുടെ അനുസ്യൂതമായ വളർച്ചയിലൂടെ സ്വന്തം സാമൂഹിക ബന്ധങ്ങളുടെയും പുനരുല്പാദനത്തിനുള്ള ഉപാധികളും സാഹചര്യങ്ങളും സൃഷ്ടിക്കുന്നത് അതേ പ്രക്രിയയുടെ ഭാഗമായിത്തന്നെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അന്യവല്ക്കരണത്തിനും കാരണമാകുന്നു എന്നത് മാർക്‌സ് വളരെ വിശദമായിതന്നെ മെറ്റബോളിക് റിഫ്റ്റ് (metabolic rift) എന്ന ആശയത്തിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജീവിവംശം എന്ന നിലയിലുള്ള മനുഷ്യബോധത്തിന്റെ നെടുകെ പിളർന്നുനില്ക്കുന്ന ഭൗതിക പരിസരത്തെ ഒരുവശത്ത് സാമ്പത്തിക പ്രക്രിയകളുടെ അടിസ്ഥാനവൈരുധ്യങ്ങളിൽകൂടിയും മറുവശത്ത് പ്രകൃതിമനുഷ്യ അന്യവല്ക്കരണത്തെക്കുറിച്ചുള്ള ഒരു പരിസ്ഥിതി വൈരുദ്ധ്യവാദനിലപാടിലൂടെയും മാർക്‌സ് വരച്ചുകാണിക്കുന്നുണ്ട്. ഈ പരിസ്ഥിതി വൈരുദ്ധ്യവാദനിലപാടിന്റെയും രാഷ്ട്രീയസമ്പദ്ശാസ്ത്രത്തിന്റെയും ഉപരിചർച്ചകൾ അനിവാര്യമാക്കുന്ന സന്ദർഭമാണ് കൊറോണ വൈറസ്സുമായി ബന്ധപ്പെട്ടുണ്ടായ ആഗോളസാഹചര്യത്തിൽ സംജാതമായിട്ടുള്ളത്'.

സിനിമയെന്നപോലെ സാഹിത്യവും മാതൃകയാക്കി പോസ്റ്റ് ഹ്യൂമൻ രൂപകാത്മകചിന്തയുടെ അടിസ്ഥാനത്തിൽ ശ്രീകുമാർ മഹാരോഗവ്യാപനങ്ങൾ എങ്ങനെ നൈതികരാഷ്ട്രീയത്തിന്റെ പലതരം പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.

          നാലാം ലേഖനവും കോവിഡ്കാലത്തിന്റെ തത്വചിന്താപരമായ അപഗ്രഥനമാണ്. മൃത്യുരാഷ്ട്രീയം എന്ന പരികല്പന ഉപയോഗിച്ചാണ് ഈ വിഷയം ശ്രീകുമാർ ചർച്ചചെയ്യുന്നത്. ആരോഗ്യപരിപാലനമേഖലയിലെ മുതലാളിത്ത മേധാവിത്തവും ചികിത്സയുടെ പൂർണമായ കമ്പോളവൽക്കരണവും എങ്ങനെ സാധാരണക്കാരെയും പാവപ്പെട്ടവരെയും ദോഷകരമായി ബാധിക്കുന്നു എന്ന അന്വേഷണം, ജൂഡിത് ബട്‌ലർ, നവോമി ക്ലെയ്ൻ, ജോസഫ് സ്റ്റിഗ്‌ളിറ്റ്‌സ്, സ്ലാവോക് സിസെക്ക് തുടങ്ങിയവരുടെ വിശകലനങ്ങൾ ചൂണ്ടിക്കാണിച്ച് മുന്നോട്ടു കൊണ്ടുപോകുകയാണ് ലേഖനം. 'പ്ലാറ്റ്‌ഫോം മുതലാളിത്തം' എന്ന സങ്കല്പനം വിശദീകരിച്ചുകൊണ്ട് ആഗോള വ്യവസായ ഭീമന്മാർ കോവിഡ്കാലപ്രതിസന്ധി എങ്ങനെ തങ്ങളുടെ മൂലധനസുരക്ഷക്കും വളർച്ചക്കും ഉപയുക്തമാക്കി എന്ന് ശ്രീകുമാർ വിശദീകരിക്കുന്നു.

          'കോർപ്പറേറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത് പ്ലാറ്റ്‌ഫോം കാപിറ്റലിസം എന്ന പാരസ്പര്യസംവിധാനത്തിലൂടെയാണ്. ഇതേക്കുറിച്ച് നിക്ക് സ്രിനിക് (Nick Srnicek) വിശദമായി എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ ശ്രദ്ധേയമാണ്. ഇപ്പോഴത്തെ പ്രധാന മുതലാളിത്തരീതി എല്ലാ ജോലികളെയും ഔട്ട്‌സോഴ്‌സ് ചെയ്തുകൊണ്ട് അല്ലെങ്കിൽ മറ്റുള്ളവരുടെ പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചുകൊണ്ട് ഉല്പാദനം നിർവഹിക്കുക എന്നതാണ്. കഴിയുന്നത്ര കുറച്ച് അധ്വാനശേഷി വിലയ്ക്കുവാങ്ങുക. ഉദാഹരണത്തിന് നമ്മൾ ഊബർ എന്ന സംവിധാനത്തെ പലപ്പോഴും വിമർശിക്കുന്നത് നാട്ടിലുള്ള ടാക്‌സിഡ്രൈവർമാരുമായും ഓട്ടോറിക്ഷക്കാരുമായുമുള്ള സംഘർഷങ്ങളുടെ പേരിലാണ്. എന്നാൽ യഥാർത്ഥത്തിൽ ഊബറിന്റെ അടിസ്ഥാനസംവിധാനത്തിലുള്ള സാമൂഹികഭീകരതയുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് വളരെ നിസ്സാരമാണ്. ഊബർ എങ്ങിനെയാണ് പ്രവർത്തിക്കുന്നത്? ഊബർ മാപ്പിനായി ഗൂഗിളിനെ ആശ്രയിക്കുന്നു, അതിന്റെ ടെക്സ്റ്റിനായി റ്റിലിയോയെ ആശ്രയിക്കുന്നു, പേയ്‌മെന്റ് നടത്താൻ ബ്രെയ്ൻറ്റ്രീയെ ആശ്രയിക്കുന്നു. ഈമെയിൽ അയക്കാൻ സെൻഡ്ഗ്രിഡിനെ ആശ്രയിക്കുന്നു. ഇതൊന്നും ഊബറിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളല്ല. ഇവരൊക്കെയും സ്വന്തം രീതിയിൽ മറ്റു പ്ലാറ്റ്‌ഫോമുകളെയും ആശ്രയിക്കുന്നു. തൊഴിലാളി എല്ലായിടത്തും അധികപറ്റാവുന്നു. ആധുനിക മുതലാളിത്തത്തിലെ നവമാധ്യമകോർപ്പറേറ്റുകൾ ഇത്തരത്തിൽ അന്യോന്യം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുകൊണ്ട് ഒരു സാങ്കേതിക ആഗോളകോർപ്പറേറ്റ് പാരസ്പര്യം ഉണ്ടാക്കുകയാണ്. ആപ്പിൾ സിരി എന്ന കമ്പനിയെ ഉപയോഗിക്കുന്നു. ഇവരുടെ സേവനം ആപ്പിൾ സ്റ്റീവ്‌ജോബ്‌സിന്റെ കാലത്ത് വിലയ്ക്കുവാങ്ങിയതാണ്.

അടുത്ത രണ്ടുവർഷത്തേക്ക് തങ്ങളുടെ എഴുപത്തഞ്ചുശതമാനം തൊഴിലാളികളും വീട്ടിലിരുന്നു ജോലിചെയ്യും എന്നു പറയുന്ന കമ്പനികൾ ഇവരിൽ എത്രപേർക്ക് നേരിട്ടുള്ള ജോലി ഉണ്ടാവും, ഒരു വർഷം കഴിയുമ്പോൾ എന്നുകൂടി പറയേണ്ടതാണ്. നിങ്ങളുടെ ജോലി നിങ്ങളുടെ കമ്പനിയുമായുള്ള ഒരു രഹസ്യക്കരാർ മാത്രമായി മാറുന്ന ഒരു ലോകം കോവിഡിനുശേഷം വിഭാവനം ചെയ്യുകയാണ് കോർപറേറ്റ്‌മേൽക്കോയ്മകൾ. മാർക്‌സിന്റെയൊക്കെ കാലത്ത് 'വീടു'കളിൽനിന്ന് ഫാക്റ്ററികളിലേക്ക് മുതലാളിത്തം കൂട്ടിക്കൊണ്ടുവന്ന ആധുനിക തൊഴിലാളിവർഗ്ഗത്തെ അവരിപ്പോൾ വീടുകളിലേക്ക് തിരിച്ചയക്കുകയാണ്. പ്ലാറ്റ്‌ഫോം മുതലാളിത്തം എത്ര അനായാസമായി കോവിഡിന്റെ സാഹചര്യത്തെ തങ്ങളുടെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ലാഭലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ പോകുന്നു എന്നതിന്റെ ഒരു പ്രക്യക്ഷോദാഹരണമാണ് ഞാനതിൽ കാണുന്നത്. തൊഴിലാളികളെ ഇങ്ങനെ കൂട്ടത്തോടെ 'വീട്ടിൽ ജോലി' ചെയ്യുന്നവരായി മാറ്റുന്നതോടെ എസ്റ്റാബ്ലിഷ്‌മെന്റ് വ്യയങ്ങൾ കുറയ്ക്കാം എന്ന (അത്ര നിഷ്‌ക്കളങ്കമല്ലാത്ത) ലക്ഷ്യം മാത്രമാണ് ഉള്ളതെന്ന് കരുതാൻ കഴിയില്ല. അത് തൊഴിൽവിപണിയുടെ ഘടനയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒരു ഇടപെടൽതന്നെയാണ്. ആരെ നിയമിക്കുന്നു, പിരിച്ചയക്കുന്നു, എന്തൊക്കെ മാനദണ്ഡങ്ങൾ ഇക്കാര്യങ്ങളിൽ പാലിക്കുന്നു തുടങ്ങിയ ചോദ്യങ്ങൾ അപ്രസക്തമാവുകയാണ്. ആ അർത്ഥത്തിൽ ഭരണകൂടങ്ങളുമായി ഇക്കാര്യത്തിൽ ട്രേഡ്‌യൂണിയനുകൾ സംവദിക്കേണ്ടിയിരിക്കുന്നു. ഇതിനെ ഇന്നത്തെ നിയോലിബറൽവ്യവസ്ഥയിൽ പൂർണ്ണമായും തടയാൻ കഴിയും എന്ന് കരുതുന്നതിൽ അർത്ഥമില്ല. എങ്കിലും ഈ ഘട്ടത്തിൽ ട്രേഡ്‌യൂണിയനുകളും സിവിൽസമൂഹവും ഇതിനെ ചോദ്യംചെയ്യുക എന്നത് അനിവാര്യമാണ്. കുറഞ്ഞപക്ഷം 'വീട്ടിൽ ജോലി' എന്നത് മൊത്തം തൊഴിലാളികളിൽ എത്ര ശതമാനത്തെക്കൊണ്ട് ഏതൊക്കെ വ്യവസ്ഥകളിൽ ചെയ്യിക്കാം എന്നതിനെക്കുറിച്ച് നിയമപരമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് സമ്മർദ്ദം ചെലുത്തുകയെങ്കിലും ചെയ്യേണ്ടതുണ്ട്. ഇത്തരം അടിസ്ഥാനപരമായ മാറ്റങ്ങൾ യാതൊരു നിയമസാമൂഹികനിയന്ത്രണങ്ങളുമില്ലാതെ സ്വേച്ഛാപരമായി നടപ്പിലാക്കാൻ കോർപ്പറേറ്റുകൾക്ക് കഴിയുന്ന ആഗോളഗ്രാമം എന്ന ബനാനറിപ്പബ്ലിക്കായി ലോകം ഇപ്പോഴും പൂർണ്ണമായും മാറിയിട്ടില്ല'.

          സർവൈലൻസ് കാപ്പിറ്റലിസത്തിന്റെ വ്യവസ്ഥാപനം നടന്നതും ഈ ദുരന്തകാലത്തുതന്നെയാണ്. ഒട്ടൊക്കെ തമ്മിൽ തമ്മിൽ ഭിന്നമായ കാഴ്ചപ്പാടുകലിൽ രൂപപ്പെട്ടിട്ടുള്ള അഗംബന്റെയും സിസെക്കിന്റെയും നിരീക്ഷണങ്ങൾ പിൻപറ്റി ഈയവസ്ഥ ലേഖനം സവിസ്തരം ചർച്ചചെയ്യുന്നു.

കോവിഡ് പശ്ചാത്തലത്തിൽ പോസ്റ്റ് ഹ്യൂമനിസം എന്ന സങ്കല്പനത്തിനു കൈവന്നിട്ടുള്ള സാംഗത്യങ്ങൾ അവലോകനം ചെയ്യുന്നു, അടുത്ത ലേഖനം. ചരിത്രപരമായ ഉൾക്കാഴ്ചകളോടെ ലോകസാമ്പത്തികക്രമം ഇരുപതാം നൂറ്റാണ്ടിൽ ഭിന്നങ്ങളായ ആധിപത്യവ്യവസ്ഥകൾക്കുള്ളിൽ പലനിലകളിൽ ഉരുവം കൊണ്ടതിന്റെ നീതിസാരമന്വേഷിക്കുന്നു, ശ്രീകുമാർ. റാൾസ് മുതൽ അമർത്യാസെൻ വരെയുള്ളവരുടെ സാമൂഹ്യശാസ്ത്ര, സമ്പദ്ശാസ്ത്രസിദ്ധാന്തങ്ങളും മിഷെൽ ഫൂക്കോയുടെ നിയോലിബറലിസത്തെക്കുറിച്ചുള്ള വിശകലനങ്ങളും ചൂണ്ടിക്കാണിച്ച് 1980-2020 കാലത്തെ ആവർത്തിച്ചുള്ള സാമ്പത്തിക പ്രതിസന്ധികൾ ലോകരാഷ്ട്രങ്ങളെ മുഴുവൻ കഷ്ടകാണ്ഡങ്ങളിലൂടെ കടത്തിവിട്ടപ്പോഴും ആഗോളമുതലാളിത്തം വൻ കുതിപ്പുകൾ നടത്തിയതിന്റെ കഥ പറയുന്നു, ടി.ടി.

          'എന്നാൽ ആഗോള മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഈ നഷ്ടദശകങ്ങൾ മറ്റൊരുതരത്തിൽ വലിയ ലാഭക്കച്ചവടമായിരുന്നു. മനുഷ്യചരിത്രത്തിൽ മുമ്പ് കേട്ടുകേൾവിയില്ലാത്തതരത്തിൽ ഉല്പാദനശക്തികളെ കെട്ടഴിച്ചുവിട്ടുകൊണ്ടാണ് ഈ കാലയളവിൽ മൂലധനം അതിന്റെ സാഹസിക യുക്തി വെളിവാക്കിയത്. റോബോട്ടിക് സാങ്കേതികവിദ്യ, നാനോ സാങ്കേതികവിദ്യ, നിർമ്മിതബുദ്ധി എന്നിവ ഒരുവശത്തും ജനിതക സാങ്കേതികവിദ്യ മറുവശത്തുമായി അഭൂതപൂർവമാംവിധം ശാസ്ത്രസാധ്യതകളെ വ്യവസായികമായിത്തന്നെ വികസിപ്പിച്ചുകൊണ്ട് കഴിഞ്ഞ നാല് ദശാബ്ദങ്ങളിൽ മൂലധനം നടത്തിയ കുതിച്ചുചാട്ടം പോസ്റ്റ്ഹ്യുമൻ കാലത്തിലേക്കുള്ള സംക്രമണത്തെ ത്വരിതപ്പെടുത്തുകയും അതിന്റെ സാംസ്‌കാരികരാഷ്ട്രീയ യുക്തിയിലേക്ക് മനുഷ്യവംശത്തെ നയിക്കുകയും ചെയ്തു. ആഗോള മുതലാളിത്തത്തിന്റെ ഈ പുതിയ ട്രാൻസ്ഹ്യുമൻ യുട്ടോപ്പിയ വളരെവേഗം നിരവധിപേർ ഏറ്റെടുക്കുന്നുണ്ട്. അവയുടെ പ്രത്യയശാസ്ത്ര വിശാരദന്മാർകൂടിയായി നിരവധി ചിന്തകരും സാങ്കേതികവിദഗ്ദ്ധരും മുന്നോട്ടുവരുന്നുണ്ട്. ഒരു വശത്ത് നഷ്ടദശകങ്ങളുടെ ഡിസ്റ്റൊപ്പിയ (distopia) മുതലാളിത്തപ്രതിസന്ധികളിലൂടെ കൂടുതൽ കൂടുതൽ വെളിവായിവരുമ്പോൾ മറുവശത്ത് എലോൺ മസ്‌കിന്റെയും (Elon Musk) ജോർജ്ജ് ചർച്ചിന്റെയും (George Church) ക്രിസ് ഇമ്പേയ്‌ന്റെയും (Chris Impey) മിഷ്യോ കാക്കുവിന്റെയുമൊക്കെ (Michio Kaku) പോസ്റ്റ് ഹ്യുമൻ യൂട്ടോപ്പിയ സമ്പന്നലോകത്തിന്റെ മാതൃകാവേശമായി മാറുകയായിരുന്നു.'.

          ട്രാൻസ്ഹ്യൂമനിസം എന്ന പരികല്പന മുൻനിർത്തി പോസ്റ്റ് ഹ്യൂമനിസത്തിന്റെ മറ്റൊരു മുഖം അനാവരണം ചെയ്യുകയാണ് അടുത്ത ലേഖനം. 'നഷ്ടദശക'ങ്ങളിലെ സാങ്കേതികവിപ്ലവങ്ങൾ സൃഷ്ടിച്ച ആത്യന്തിക ഫലമായി കാണാം, ട്രാൻസ്ഹ്യൂമനിസത്തെ. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വൻ കുതിപ്പ്, നാനോ ടെക്‌നോളജിയുടെ വികാസം, ജനിതകഗവേഷണങ്ങൾ, ന്യൂ യൂജെനിക്‌സ് തുടങ്ങിയ മേഖലകളുടെ കലർപ്പിൽ നിന്നാണ് പോസ്റ്റ് ഹ്യുമൻ/ട്രാൻസ്ഹ്യൂമൻ സൂചകങ്ങളുടെ ഉത്ഭവം.

Achille Mbembe അവതരിപ്പിച്ച മൃത്യുരാഷ്ട്രീയത്തിന്റെ മനുഷ്യാനന്തരകാലത്തെ സാധ്യതകളന്വേഷിക്കുന്നു, അടുത്ത ലേഖനം. ഫൂക്കോൾഡിയൻ ജൈവാധികാര/ജൈവരാഷ്ട്രീയ സങ്കല്പത്തിന്റെ പരിമിതികളാണ് നിഗ്രഹാധികാരം, നിഗ്രഹരാഷ്ട്രീയം എന്നീ സങ്കല്പനങ്ങളിലേക്ക് Mbembeയെ നയിച്ചത്. കോളനിവൽക്കരണത്തിൽ നിന്നാണ് തുടക്കം. ശ്രീകുമാർ എഴുതുന്നു:

          'നാസിസത്തിന്റെ നിർമ്മാണത്തിന് സഹായകരമായിത്തീർന്ന ഹത്യാധികാര സാങ്കേതികവിദ്യകൾ. അധിനിവേശകരുടെ തോട്ടങ്ങളിലെ കൂലിയടിമാ സംവിധാനങ്ങളിലുള്ള ക്രൂരതകളിൽനിന്ന് ഉത്ഭവിച്ചതാവാം. അല്ലെങ്കിൽ ഫൂക്കോ കരുതിയതുപോലെ നാസിസവും സ്റ്റാലിനിസവും യഥാർത്ഥത്തിൽ കിഴക്കൻ യൂറോപ്പിലെ സാമൂഹികരാഷ്ട്രീയരൂപങ്ങളിൽ നേരത്തെതന്നെ ഉണ്ടായിരുന്നതാവാം. ഉദാഹരണത്തിന് ശാരീരികമായ അടിച്ചമർത്തൽ, ആരോഗ്യനിയന്ത്രണ നിയമങ്ങൾ, സാമൂഹികഡാർവിനിസം (ഡാർവിന്റെ പരിണാമസിദ്ധാന്തത്തെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികമേഖലകളിലേക്ക് വ്യാപിപ്പിച്ച സിദ്ധാന്തങ്ങളെയാണ് പൊതുവേ സാമൂഹിക ഡാർവിനിസം എന്ന് വിശേഷിപ്പിക്കുന്നത്), യൂജെനിക്‌സ് (അഭികാമ്യരല്ലാത്തവരെ ഒഴിവാക്കി ഗുണനിലവാരമുള്ള സമൂഹത്തെ സൃഷ്ടിക്കാനുള്ള പദ്ധതി), പാരമ്പര്യത്തെക്കുറിച്ചുള്ള വൈദ്യശാസ്ത്ര-നിയമസിദ്ധാന്തങ്ങൾ, വംശീയത എന്നിങ്ങനെ അത്തരം ഉന്മൂലനങ്ങളുടെ അടിസ്ഥാനമായ ചിന്താധാരകൾ യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഭരണയുക്തിയുടെ പരിവർത്തനത്തിന് വഴിതെളിച്ച രാഷ്ട്രീയമാറ്റങ്ങളുടെ കൂടപ്പിറപ്പുകളായിരുന്നു. എന്നാൽ ഇതിൽ ഏതാണ് യതാർത്ഥ കാരണമെന്നത് ഇവിടെ അത്ര പ്രസക്തമല്ല. ശ്രദ്ധാർഹമായ വസ്തുത, ആധുനിക ദാർശനികചിന്തയിലും യൂറോപ്പിലെ രാഷ്ട്രീയഭാവനകളിലും കോളനി എന്നത് നിയമത്തിനുപുറത്തുള്ള പരമാധികാരത്തിന്റെ അധികാരപ്രയോഗത്തിനുള്ള ഇടം എന്ന നിലക്കാണ് പ്രതിനിധാനം ചെയ്യപ്പെടുന്നത് എന്നതാണ്. അതായത് നിലീനമായ ഒരു ഫൂക്കോവിമർശനത്തിലൂടെ, കോളനികളിലെ പരമാധികാര പ്രയോഗചരിത്രത്തെ, പാശ്ചാത്യഭരണയുക്തിയുടെ പരിവർത്തനത്തിനും പിൽക്കാലത്തെ ഫാസിസ്റ്റ് ഉന്മൂലനഹിംസകൾക്കും വഴിയൊരുക്കിയ ചരിത്രപ്രക്രിയയായി മെംബെ വ്യാഖ്യാനിക്കുന്നു. ചുരുക്കിപറഞ്ഞാൽ കൊളോണിയൽ പരമാധികാര നിഗ്രഹസാങ്കേതികവിദ്യകളുടെ ഭാഗമായ ശാരീരികമായ അടിച്ചമർത്തലും യൂജെനിക്‌സും അടങ്ങുന്ന വംശീയ അധിനിവേശരാഷ്ട്രീയത്തിന് സമകാലിക പോസ്റ്റ്ഹ്യുമൻ ലോകത്തിൽ കൈവരുന്ന പ്രാധാന്യത്തിലൂടെയാണ് നിഗ്രഹരാഷ്ട്രീയത്തിൽനിന്ന് പോസ്റ്റ്ഹ്യുമനിസത്തിലേക്കുള്ള വഴിതുറക്കുന്നത്'.

റോസിബ്രൈദോറ്റിയുടെ സൂചനകൾ മുൻനിർത്തി പോസ്റ്റ് ഹ്യൂമനിസവും മൃത്യുരാഷ്ട്രീയവും തമ്മിലുള്ള ബന്ധം അവതരിപ്പിക്കുന്ന ലേഖനം ജൂഡിത് ബട്‌ലറുടെ Precarians Life എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി കോവിഡിന്റെ കൂടി പശ്ചാത്തലത്തിൽ പരമാധികാരവ്യവസ്ഥകളുടെ ഹിംസാരാഷ്ട്രീയത്തെക്കുറിച്ചുപന്യസിക്കുന്നു. ഭരണകൂടം, ആഗോളമുതലാളിത്തം, സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം ഈയൊരു വ്യവസ്ഥയുടെ ദൗത്യം ഏറ്റെടുക്കുകയാണ്. ശ്രീകുമാർ എഴുതുന്നു:

          'കോവിഡാനന്തര മനുഷ്യാനന്തരലോകം നമ്മൾ വിചാരിക്കുന്നതിനേക്കാൾ രാഷ്ട്രീയമായി സങ്കീർണ്ണതകളുള്ള ഒരു ലോകമായിരിക്കും. താരതമ്യേന ദുർബലമാവുന്ന സിവിൽസമൂഹത്തിന്റെ പക്ഷത്തുനിന്നുകൊണ്ട് ഇതിൽനിന്ന് എന്താണ് നമ്മൾ ഉൾക്കൊള്ളുന്നത് എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കോവിഡാനന്തരകാലത്ത് സാമൂഹികസംഘാടനം എന്നത് കൂടുതൽ കൂടുതൽ ഭരണകൂടവിപണികേന്ദ്രിതമായ ഒന്നായി മാറുമോ എന്ന ആശങ്ക നമ്മെ വളരെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്. ആ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് സിവിൽസമൂഹത്തിന്റെ പുതിയ രാഷ്ട്രീയസാധ്യതകളെ നാം നോക്കിക്കാണേണ്ടത്. മനുഷ്യാനന്തരലോകത്തിന്റേതായ സാമൂഹികഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യകളെല്ലാംതന്നെ തീർച്ചയായും പുതിയ സാമ്പത്തികപ്രതിസന്ധികൾ ഉണ്ടാക്കും-അത് ആപേക്ഷികമായ അമിതോൽപ്പാദനം സൃഷ്ടിക്കും, തുടർന്ന് തൊഴിൽമേഖലയിൽനിന്ന് ധാരാളംപേരെ പുറന്തള്ളും, ഉല്പാദനം വീണ്ടും കുറയും, അത് മുതലാളിത്ത പ്രതിസന്ധികൾ വീണ്ടും രൂക്ഷമാക്കും. ഇങ്ങനെയൊക്കെ ആണെങ്കിൽപോലും അതുമൂലം ഉണ്ടാകുന്ന മരണങ്ങളെ ഭയക്കാത്ത, അത്തരം തിരസ്‌കാരങ്ങളെയും നിഷ്‌കാസനങ്ങളെയും ഭയക്കാത്ത വിപണിയധിഷ്ഠിതമായ ഒരു നെക്രോപൊളിറ്റിക്കൽ ഭരണകൂടം ഉണ്ടാകുന്നു എന്നുള്ളതാണ് ഏറ്റവും കൂടുതൽ നാം ചെറുക്കേണ്ട രാഷ്ട്രീയപ്രവണത. ഇതല്ലായിരുന്നു ലക്ഷ്യമെങ്കിൽ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു ജനാധിപത്യമാനേജുമെന്റ് രീതിയായിരുന്നേനെ കോവിഡിന്റെ കാര്യത്തിൽ ലോകത്തുണ്ടാകുമായിരുന്നിരിക്കുക. അതുണ്ടാകാതെ പോയതിന്റെ കാരണം നിഗ്രഹാധികാര രാഷ്ട്രീയത്തെയാണ് കോവിഡിന്റെ സാഹചര്യത്തിൽ സവിശേഷമായിത്തന്നെ ലോകരാഷ്ട്രങ്ങൾ പരിപോഷിപ്പിക്കാൻ ശ്രമിച്ചത് എന്നതാണ്. യാതൊരു മനസ്സാക്ഷിക്കുത്തും ലോകരാഷ്ട്രങ്ങൾക്ക് അക്കാര്യത്തിൽ ഉണ്ടായിട്ടില്ല. സൈനികമായാണവർ പുതിയ സാഹചര്യത്തെ നേരിട്ടത്. ലോകത്തു എവിടെയെങ്കിലും ഒരു അമേരിക്കക്കാരൻ കൊല്ലപ്പെട്ടാൽ അവിടെപ്പോയി ബോംബിടുകയും സിവിലിയൻ ജനതയെ അടക്കം കൊല്ലുകയും ചെയ്യാൻ സജ്ജമായി നിൽക്കുന്ന സാഹചര്യമാണ് അമേരിക്കയിലുള്ളത്. ഒരു അമേരിക്കക്കാരന്റെ മരണത്തിനു ഇത്രമാത്രം വിലയുണ്ട് എന്ന് ലോകത്തെ നിരന്തരം ഓർമ്മിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന, മറ്റുള്ളവരുടെ ജീവനൊന്നും വിലയില്ല എന്ന് പറയാൻ പരോക്ഷമായി ശ്രമിച്ചുകൊണ്ടിരുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ കൺമുമ്പിൽ ലക്ഷക്കണക്കിന് ആളുകൾ കോവിഡ് ബാധിച്ച് മരിച്ചുവീണിട്ടും ആ ഭരണകൂടത്തിന് യാതൊരു കുലുക്കവും ഉണ്ടായില്ല എന്നുള്ളത് ഈ പുതിയ പോസ്റ്റ്ഹ്യൂമൻ നെക്രോപൊളിറ്റിക്‌സിന്റെ ഏറ്റവും ക്രൂരമായ ഒരു രൂപമായിരുന്നു. അത്തരത്തിലൊരു പോസ്റ്റ്ഹ്യൂമൻ മൃത്യുരാഷ്ട്രീയത്തിന്റെ സാഹചര്യത്തിലേക്കാണ് കോവിഡ് വിരൽചൂണ്ടുന്നത് എന്നുള്ളത് വളരെ നിർഭാഗ്യകരമായ ഒരു സാഹചര്യമാണ്. ഈ ഹിംസാത്മകതയെ ചെറുക്കാൻ കഴിയുന്ന ഒരു ദീർഘകാലരാഷ്ട്രീയമാണ് പുതിയ ചർച്ചകളിലൂടെയും പാരസ്പര്യങ്ങളിലൂടെയും ഉയർന്നുവരേണ്ടത്. ഭരണഘടനാബദ്ധമല്ലാത്ത പരമാധികാം ഉപയോഗിച്ച് പോസ്റ്റ്ഹ്യൂമൻ മൃത്യുരാഷ്ട്രീയം കയ്യാളുവാൻ ശ്രമിക്കുന്ന നവസാങ്കേതിക യാഥാസ്ഥിതികത്വത്തെ മനസ്സിലാക്കാനും ചെറുക്കാനും കഴിയുന്ന തരത്തിലുള്ള രാഷ്ട്രീയപ്രയോഗത്തിന് എങ്ങനെയാണ് വിത്തിടുവാൻ സാധിക്കുക എന്ന ചിന്തകളിലേക്ക് നമുക്ക് ഈ ചർച്ചയെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്'.

          ഈ പുസ്തകം പുറത്തിറങ്ങിയതിനുശേഷം ആരംഭിച്ച റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ സന്ദർഭം ഈ നിരീക്ഷണങ്ങളുടെ സമകാല പ്രസക്തി കൂടുതൽ വ്യക്തമാക്കുകയും ചെയ്യുന്നു.

          സയൻസ് ഫിക്ഷൻ സാഹിത്യവും സിനിമയുമാണ് പോസ്റ്റ് ഹ്യൂമനിസത്തിന്റെ ഏറ്റവും വിഖ്യാതമായ പാഠമാതൃകകൾ എന്നു സൂചിപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ പിന്നീട് പ്രായോഗികമാകുന്ന മനുഷ്യാനന്തര പ്രത്യയശാസ്ത്രങ്ങളുടെ പ്രത്യക്ഷവും പ്രകടവുമായ ആവിഷ്‌ക്കാരപാഠങ്ങളായി അവ രൂപംകൊണ്ടുതുടങ്ങുന്നത് 1980കളിലാണ്. Robocop, Terminator, Matrix.... തുടങ്ങിയവയുടെ താവഴിയിൽ പിറവിയെടുത്ത Blade Runner, Black Panther എന്ന രണ്ടു സിനിമകളെക്കുറിച്ചും അവയുടെ ചുവടുപിടിച്ച് 'Cinema and Agamben: Ethics, Biopolitics and the Moving Image' തുടങ്ങിയ ഗ്രന്ഥങ്ങളെക്കുറിച്ചും വിശദമായി ശ്രീകുമാർ ചർച്ചചെയ്യുന്നു. സിസെക്ക് മുതൽ സുബോഫ് വരെയുള്ളവരുടെ സമീപനങ്ങളിലൂടെ ഈ ചർച്ച മുന്നോട്ടുപോകുകയും ചെയ്യുന്നു. എന്താണ് ഈ അന്വേഷണത്തിന്റെ നിഗമനം? വായിക്കൂ:

'സമഗ്രാധിപത്യത്തിന്റെ അധികാരശക്തികൾ ഒരു ശ്രേണീകൃതമായ ഭരണസംവിധാനത്തിലും അതിന്റെ ഭീകരതയിലുമാണ് അടിച്ചുറപ്പിച്ചിരിക്കുന്നതെങ്കിൽ മനുഷ്യാനുഭവങ്ങളുടെ മേലുള്ള നിയന്ത്രണവും അതിന്റെ പരിഷ്‌കരണങ്ങളും ഉടമസ്ഥാവകാശമായി കൈവശംവെച്ചിരിക്കുകയാണ് മേൽനിരീക്ഷണമുതലാളിത്തം. ഇൻസ്ട്രുമെന്റേറിയൻ അധികാരം ഇതിന്റെ പ്രധാന ഉപാധികൂടിയാണ്. ഭീകരതയും കൊലപാതകവും സമഗ്രാധിപത്യത്തിന്റെ ഒരു അടിസ്ഥാനമാർഗ്ഗമാണെങ്കിൽ മനുഷ്യസ്വബാവത്തിന്റെയും അതിന്റെ മാറ്റങ്ങളുടെയും നിഷ്‌കാസനത്തിലൂടെയാണ് ഉൽപ്പാദനത്തിന്റെ നിയന്ത്രണം മേൽനിരീക്ഷണസംവിധാനം കൈവശംവയ്ക്കുന്നത്. അഷീൽ മേംബേ (Mbembe) പറയുന്ന മൃത്യുരാഷ്ട്രീയവും (necropolitics) ഹത്യാധികാരവും (necropower) കയ്യൊഴിയാതെതന്നെ അങ്ങനെ പ്രത്യയശാസ്ത്ര തലത്തിലാണെങ്കിലും സാമൂഹികസംഘാടനത്തിന്റെ തന്ത്രങ്ങളുടെ തലത്തിലാണെങ്കിലും അടിസ്ഥാനപരമായ സാമൂഹികപ്രക്രിയകളുടെ കാര്യങ്ങളിലാണെങ്കിലും സമൂഹത്തെ എങ്ങനെ സംഘടിപ്പിക്കണം എന്നുള്ള, ഒരു സാമൂഹിക എൻജിനീയറിങ്ങിന്റെ അടിസ്ഥാനഘടനകൾ എങ്ങനെയായിരിക്കണം; അതിനോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള കാര്യങ്ങളിൽ സമഗ്രാധിപത്യവും ഇൻസ്ട്രുമെന്റേറിയൻ അധികാരവും വ്യത്യസ്തതകൾ പുലർത്തുന്നുണ്ട്. പലപ്പോഴും ഈ സയൻസ് ഫിക്ഷൻ സിനിമകൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സമഗ്രാധിപത്യത്തെ ഒരുവശത്തും ഇപ്പോൾ മേൽക്കൈ നേടുന്ന ഈ മേൽനിരീക്ഷണ മുതലാളിത്തത്തെ, ഈ ഇൻസ്ട്രുമെന്റേറിയൻ അധികാരത്തെ മറുവശത്തും നിർത്തിക്കൊണ്ടുള്ള ഭാവനാത്മക പരീക്ഷണങ്ങളിലാണ് ഏർപ്പെടുന്നത് എന്ന് കാണുവാൻ കഴിയും. മാട്രിക്‌സിൽ മോർഫ്യൂസ് പറയുന്ന ഒരു കാര്യമുണ്ട്, 'mtarix is everywhere..... You can feel it when you go to work, when you go to church or when you pay your taxes. It is the world that has been pulled over your eyes to blind you from the truth'. മാട്രിക്‌സ് എന്ന ബിഗ്അദർ നമ്മെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു എന്നാണ് സുബോഫിനെ മുൻകൂട്ടികണ്ടുകൊണ്ട് മോർഫ്യൂസ് പറയാൻ ശ്രമിക്കുന്നത്. നമുക്ക് നമ്മുടെ ചരിത്രത്തെ, വർത്തമാനത്തെ, ഭാവിയെ ആധുനിക ഡിജിറ്റൽ മുതലാളിത്തം എങ്ങനെ സ്വന്തം ഉപാധികൾക്ക് അനുസരിച്ച് നിർവചിച്ചു നല്കുന്നു എന്നും നാം എങ്ങനെ ആ വ്യാഖ്യാനവ്യവസ്ഥയിലെ അജ്ഞാതഘടകങ്ങൾ മാത്രമായി ചുരുങ്ങുന്നുവെന്നും സിനിമ ഓർമ്മിപ്പിക്കുകയാണ്. പോസ്റ്റ് ഹ്യുമൻ സിനിമ ഒരർത്ഥത്തിൽ ഇത്തരം അവസാനിക്കാത്ത സന്ദേഹങ്ങളുടെ, ഭയങ്ങളുടെ, ലോലമായ പ്രതീക്ഷകളുടെ, സിനിമയാണ്. അതുയർത്തുന്ന രാഷ്ട്രീയദാർശനികപ്രശ്‌നങ്ങൾ ശാസ്ത്രസാങ്കേതിക നൈതികതയുടെ സമകാലവിചാരങ്ങളിൽ ആഴത്തിൽ കലരുകയാണ്. '.

          'ആയുധവാഴ്ചയുടെയും പുരുഷാധിപത്യ മൂല്യവ്യവസ്ഥയുടെയും ഭരണകൂട സോഷ്യലിസത്തിന്റെയും ജാരസന്തതിയായി' സൈബോർഗിനെ കാണുന്ന ഡോണ ഹാരാവെയുടെ സൈബർനെറ്റിക്‌സ് പഠനങ്ങളെക്കുറിച്ചുള്ള വിശദമായ ചർച്ച നടത്തുന്നു, മറ്റൊരു ലേഖനം.

'സൈബോർഗ്ഗ് ഒരേസമയം ഒരു ഭൗതിക ഉൽപ്പന്നവും ശാസ്ത്രസാങ്കേതികതയുടെ ഭൗതികപരിസരങ്ങളെയും മനുഷ്യകർതൃത്വത്തെയും പര്യവേക്ഷണം ചെയ്യുന്നതിനുതകുന്ന രൂപകവുമാണ്. 'മനുഷ്യൻ' എന്ന ഘടകത്തിന്റെ ചരിത്രരാഷ്ട്രീയ സങ്കീർണ്ണതകളെക്കാൾ ഈ രൂപകത്തിൽ ഇടകലർന്നിരിക്കുന്നത് ജീവജാലത്തിന്റെയും (ഓർഗ്ഗനിസം) യന്ത്രത്തിന്റെയും പൊരുളാണ്. അതുകൊണ്ടാണ് ഹാരവേ അതിനെ രണ്ടാം ലോകയുദ്ധത്തിന്റെ സങ്കീർണ്ണസന്തതി എന്നടയാളപ്പെടുത്തുന്നത്. ഒരേസമയം ഒരു ജൈവികവസ്തുവായും സുഖസൗകര്യങ്ങൾക്കായി രൂപം ചെയ്യപ്പെട്ട ഉപകരണമോ വിവരസാങ്കേതികവ്യവസ്ഥയോ ടെക്സ്റ്റുകളോ അവയുടെ സ്വയംപ്രവർത്തിത ക്രമീകരണങ്ങളോ ഒക്കെയായി മനസ്സിലാക്കുന്നതിനൊപ്പം സൈബോർഗ്ഗിന്റെ ഭവശാസ്ത്രം എങ്ങിനെ നമ്മുടെ സമകാലിക സാമൂഹ്യപരിസരങ്ങളെ പിന്തുടരുന്നുവെന്ന് വിശേഷിച്ചും ശീതയുദ്ധാനന്തര, സോവിയറ്റാനന്തര, 9/11നുശേഷമുള്ള 'തീവ്രവാദ'ത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനങ്ങളുടെയും അറബ് വസന്തത്തിനുശേഷമുള്ള രാഷ്ട്രീയപ്രതിഷേധങ്ങളുടെ രീതിശാസ്ത്രങ്ങളുടെയുമൊക്കെ പരിസരങ്ങളെ എങ്ങിനെ ഈ രൂപകം പിന്തുടരുന്നുവെന്നത് പ്രസക്തമായ അന്വേഷണമാണ്. സൈബർവ്യവഹാരങ്ങളുടെ ആദ്യകാലങ്ങളിൽ വില്യം ഗിബ്‌സൺ തുടങ്ങിയവരാൽ സങ്കൽപ്പിക്കപ്പെട്ടതാണ് ജൈവഇടങ്ങളും (മീറ്റ് സ്‌പേസ്) സൈബർ ഇടങ്ങളും തമ്മിലുള്ള വൈരുധ്യം. മനുഷ്യബോധം ശരീരത്തിന്റെ വാസ്തവങ്ങളുടെയും വെർച്ച്വൽ ഇടങ്ങളുടെ അവാസ്തവികതയുടെയും ഇടയിൽ കുരുങ്ങിക്കിടക്കുന്ന ഒന്നായിട്ടാണ് അന്ന് സങ്കൽപ്പിക്കപ്പെട്ടത്. ഈ ധ്രുവത്വങ്ങളിൽനിന്ന് (polartiy) കരകയറി, ഇവ യാതൊരുവിധത്തിലും പ്രസക്തമല്ലാത്ത, നിർമ്മിതബുദ്ധിയുടെ സമകാലികയാഥാർത്ഥ്യങ്ങളിലേക്ക് സംഗതമായ, ഒരേയൊരു ആശയം ഒരുപക്ഷെ സൈബോർഗിന്റേതാണ്. ഒരുതരത്തിലും കേവലം വെർച്ച്വൽ മാത്രമല്ലാത്ത ഇന്നത്തെ സൈബർ ഇടവും, മൂലധനത്തിന്റെ പ്രളയത്തിൽ മുങ്ങിപ്പോയ മുമ്പ് സൂചിപ്പിച്ച ബ്രോട്ടിഗാന്റെ 'സൈബർനെറ്റിക് താഴ്‌വരയും' സൈബോർഗ്ഗിനെയും അതിന്റെ സാമൂഹ്യ സാംസ്‌കാരിക പ്രസക്തിയെയും പുനർനിർണ്ണയിക്കുന്നുണ്ട്.

          കേവലം സാങ്കേതികതയുടെ ഉൽപ്പന്നമല്ലാതെ വിസ്തൃതമായ ആയുധവ്യവസായസഞ്ചയത്തിന്റെയും 1980 മുതൽ പടർന്നുപരക്കുന്ന നവലിബറലിസത്തിന്റെയും ഭാഗമായി പരിഗണിക്കുമ്പോഴാണ് സൈബോർഗ് ഇന്ന് കൂടുതൽ പ്രസക്തമാകുന്നത്. അതുപോലെ മാർക്‌സിയൻ രാഷ്ട്രീയസമ്പദ്ശാസ്ത്രവും ഘടനാവാദാനന്തരവാദവും തമ്മിലുള്ള വിടവു നികത്തിയ പോസ്റ്റ് ഹൈഡഗർ സാങ്കേതികതാവിരുദ്ധതയും സൈബോർഗ്ഗിന്റെ പ്രചാരത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. യൂറോ അമേരിക്കൻ സ്ത്രീവാദം ഉയർത്തിക്കൊണ്ടുവന്ന 'സ്ത്രീ'സത്താപരത വെള്ളക്കാരല്ലാത്ത സ്ത്രീകളുടെ അനുഭവങ്ങളോട് പുലർത്തിയിരുന്ന നിസ്സംഗത ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു അധീശാധികാരത്തെക്കുറിച്ചുള്ള ധാരണയ്ക്കും മറ്റു അധീശാധികാരങ്ങളോട് ഇടകലർന്നല്ലാതെ നിഷ്‌കളങ്കമായ ഒരു അസ്തിത്വം ഇല്ല എന്ന് ഹാരവേ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ അർത്ഥത്തിലാണ് സൈബോർഗ്ഗും ഒട്ടും നിഷ്‌കളങ്കമായ ആശയമല്ലായെന്നും അതിന്റെ രാഷ്ട്രീയം 'അധീശാധികാരത്തിന്റെ വിവരസാങ്കേതികശാസ്ത്രത്തിൽ' (ഇൻഫോർമാറ്റിക്‌സ് ഓഫ് ഡോമിനേഷൻ) വേരുറച്ചതാണെന്നും ഹാരവേ പറയുന്നത്. വിവരസാങ്കേതികവിദ്യയും ആശയവിനിമയത്തിനുള്ള ഉപാധികളും ഉപയോഗിച്ച് ഉണ്ടായിവരുന്ന പുതിയതരം അധീശാദികാരശൃംഖലയെ ജനിതകശാസ്ത്രം മുതൽ രോഗപ്രതിരോധനടപടികൾ വരെയുള്ള പല മേഖലകളിലും അടയാളപ്പെടുത്തിക്കൊണ്ട് ഇതിനെ 'അധീശാധികാരത്തിന്റെ വിവരസാങ്കേതികശാസ്ത്രം' എന്ന് ദീർഘദർശിത്വത്തോടെ തിരിച്ചറിയുന്നതാണ് ഒരുപക്ഷെ ഹാരവേയുടെ ഏറ്റവും വലിയ സംഭാവന'.

ഇന്റർനെറ്റും നിർമ്മിതബുദ്ധിയും സൈബർനെറ്റിക്‌സും മറ്റും വാഗ്ദാനം ചെയ്യുന്ന സൈബർ ഉട്ടോപ്യകളെക്കുറിച്ചാണ്, അവയുടെ സാംസ്‌കാരിക രാഷ്ട്രീയത്തെക്കുറിച്ചാണ് അവസാന ലേഖനം. സൈബോർഗിനെ, ഈ ഉട്ടോപ്യയുടെ കേന്ദ്രബിംബമായി കണ്ട് അതു നൽകുന്ന വാഗ്ദാനങ്ങളുടെയും പ്രലോഭനങ്ങളുടെയും ദാർശനിക പ്രതിസന്ധി ശ്രീകുമാർ സംഗ്രഹിക്കുന്നു.

          'വിപ്ലവങ്ങൾ അവസാനിച്ച ലോകത്ത് സമൂഹത്തെ മനുഷ്യ ഇടപെടലുകളിലൂടെ മാറ്റാൻ കഴിയില്ല എന്നതിനാൽ മനുഷ്യർ സ്വയം യന്ത്രമനുഷ്യരായി രൂപംമാറുകയും അങ്ങനെയുള്ള യന്ത്ര-മനുഷ്യസങ്കരങ്ങളുടെ ഒരു പുതുസമൂഹം പിറവിയെടുക്കുകയും ചെയ്യുന്നു എന്നതാണ് പോസ്റ്റ് ഹ്യൂമനിസത്തിന്റെ അടിസ്ഥാനപരമായ വീക്ഷണം. എന്നാൽ സാമൂഹിക-സാങ്കേതിക അസമത്വങ്ങളും, മുതലാളിത്ത ചൂഷണവും, പാട്രിയാർക്കിയും, ആന്ത്രോപൊസീൻ കാലത്തിന്റെ പാരിസ്ഥിതികപ്രശ്‌നങ്ങളുമെല്ലാം മറികടക്കുന്ന ഒരു സാമൂഹികത മനുഷ്യാനന്തരത വിഭാവനം ചെയ്യുന്നില്ല എന്നതാണ് ഇതിന്റെ യാഥാസ്ഥിതിക രാഷ്ട്രീയം. സൈബോർഗ് ഉയർത്തുന്ന പ്രധാന ദാർശനികപ്രശ്‌നവും ഈ അഭാവം തന്നെയാണ്'.

          ഈ ലോഖനങ്ങളുടെ തുടർച്ചയെന്നോണം ഇക്കഴിഞ്ഞ ലക്കം അന്യോന്യം മാസികയിൽ ശ്രീകുമാർ 'കമ്മോദിറ്റി ഫെറ്റിഷിസവും പോസ്റ്റ് ഹ്യൂമൻ മാർക്‌സിസ്റ്റ് വിമർശനവും' എന്നൊരു ദീർഘലേഖനമെഴുതുന്നുണ്ട്. കാൾമാർക്‌സിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്രം മുതൽ ഫ്രാങ്ക്ഫർട്ട് സ്‌കൂൾചിന്തകരുടെ കമ്മോദിറ്റി ഫെറ്റിഷിസം വരെയുള്ളവയെ വിശകലനം ചെയ്യുന്ന ലേഖകൻ വാൾട്ടർ ബൻയമിന്റെ ചിന്തകൾക്ക് പോസ്റ്റ് ഹ്യൂമൻ ചർച്ചകളിൽ കൈവരുന്ന പ്രാധാന്യം ചൂണ്ടിക്കാണിക്കുകയും അഗംബന്റെയും സിസെക്കിന്റെയും മറ്റും നിരീക്ഷണങ്ങൾ പിൻപറ്റി മുതലാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല കമ്മോദിറ്റി ഫെറ്റിഷിസം എന്നു തീർത്തുപറയുകയും ചെയ്യുന്നു. സാങ്കേതികതയും നൈതികതയും തമ്മിലുള്ള ബന്ധം മുൻനിർത്തി വിമോചനാത്മകമായ ചില ചോദ്യങ്ങൾ അവ ഉന്നയിക്കുന്നുണ്ടെന്നും ശ്രീകുമാർ സൂചിപ്പിക്കുന്നു.

          ഇനിയുള്ളത് മൂന്ന് സംഭാഷണങ്ങളാണ്. കോവിഡ്കാലത്തെ ലോകക്രമങ്ങളെ സമ്പദ്ഘടന. സാങ്കേതികവിപ്ലവം, ഭരണകൂടസർവാധിപത്യം, പൗരസമൂഹരാഷ്ട്രീയം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ അവലോകനം ചെയ്യുന്നു, ഒന്ന്. ഡിജിറ്റൽ മാധ്യമങ്ങളുടെയും ജൈവസാങ്കേതികതയുടെയും കാലത്തെ മനുഷ്യസങ്കല്പത്തിന്റെ പ്രതിസന്ധികളെക്കുറിച്ച് മറ്റൊന്ന്. സർവൈലൻസ് കാപ്പിറ്റലിസത്തിന്റെ സന്ദർഭത്തിൽ സ്വകാര്യതയും വിവരശേഖരണവും തമ്മിൽ ഉടലെടുക്കുന്ന ഭീമമായ സംഘർഷങ്ങളെക്കുറിച്ച് ഇനിയുമൊന്ന്. പൗരസമൂഹപ്രസ്ഥാനങ്ങളുടെയും പൗരസമൂഹ രാഷ്ട്രീയങ്ങളുടെയും സമകാല പ്രതിസന്ധികളെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു നിരീക്ഷണത്തിലാണ് ഈ സംഭാഷണവും പുസ്തകവും ശ്രീകുമാർ അവസാനിപ്പിക്കുന്നത്.

          'ഒന്നുകിൽ ഭരണകൂടത്തെ വർഗഭരണവുമായി കാണുക, അല്ലെങ്കിൽ അങ്ങനെ കാണാതിരിക്കുക എന്ന രണ്ടുമാർഗ്ഗങ്ങളെ നമ്മുടെ മുമ്പിലുള്ളു എന്നത് സത്യമാണ്. പക്ഷെ ചരിത്രപരമായി മുതലാളിത്ത ഭരണകൂടങ്ങൾ ഉയർന്നുവന്ന സാഹചര്യമാണ് ഇക്കാര്യത്തിൽ ചില സന്ദിഗ്ധതകൾക്ക് അവസരം തകരുന്നത്. മുതലാളിത്തം മൂലധനത്തിനുവേണ്ടിയുള്ള ഭരണകൂടം ആയിരിക്കുമ്പോൾപോലും അത് സാർവത്രികവോട്ടവകാശത്തിൽ അധിഷ്ഠിതമായ ലിബറൽ ജനാധിപത്യരൂപമാണ് രാഷ്ട്രീയമായി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വർഗഭരണകൂടം ആയിരിക്കുമ്പോൾപോലും അതിലെ വിവിധ സമ്മർദ്ദതാല്പര്യങ്ങൾക്ക് അധികാരത്തിൽ എത്തണമെങ്കിൽ ജനകീയ പിന്തുണകൂടി ഉറപ്പാക്കേണ്ടതുണ്ട്. ഈയൊരു വൈരുധ്യം പക്ഷെ ലിബറൽ ജനാധിപത്യം മുതലാളിത്ത ഭരണകൂടങ്ങളുടെ രാഷ്ട്രീയരൂപമായി തുടരുന്ന കാലത്തോലം മാത്രമേ സാധ്യമാവൂ. ഇത് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത്, ഒരു പ്രായോഗിക പ്രശ്‌നമാണ്. എവിടെയാണ് ഭരണകൂടസ്വീകാര്യതക്ക് നാം അതിരുകൾ കല്പിക്കുക എന്ന രാഷ്ട്രീയപ്രശ്‌നം ഉണ്ട്. നാം സമ്മതിച്ചാലും ഇല്ലെങ്കിലും വിവിധ രീതികളിൽ ഭരണകൂടം നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ഇവിടെ പ്രധാനമായിട്ടുള്ളത് ഇപ്പോൾ ഉണ്ടാക്കുന്ന മാറ്റങ്ങളെ എങ്ങനെ രാഷ്ട്രീയമായി വിലയിരുത്താൻ കഴിയും എന്ന പ്രശ്‌നമാണ്. നമ്മുടെ മുമ്പിൽ എല്ലാ ഉത്തരങ്ങളും തെളിഞ്ഞുവന്നിട്ടില്ല. ഒരേസമയം കോർപറേറ്റുകൾക്കും സിവിൽ സമൂഹത്തിനും അനുകൂലമായി നില്ക്കാൻ ഭരണകൂടത്തിനു കഴിയില്ല. എന്നാൽ ഭരണകൂടവുമായിട്ടല്ലാതെ കോർപ്പറേറ്റുകളുമായി നേരിട്ട് അനുരജ്ഞനങ്ങൾ സാധ്യമല്ലതാനും. അവയ്‌ക്കെതിരെ സമരം ചെയ്യാം. പക്ഷെ നിയമനിർമ്മാണസഭകളായാലും പൊലീസായാലും പട്ടാളമായാലും കോടതികളായാലും അതെല്ലാം ഭരണകൂടത്തിന്റെ മാധ്യസ്ഥത നല്കുന്ന സ്ഥാപനങ്ങൾ ആണ്. അവയ്ക്ക് പുറത്തുകൂടി സമവായങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല എന്ന പ്രശ്‌നം പാടെ വിസ്മരിച്ചിട്ടു കാര്യമില്ലല്ലോ. പക്ഷെ നാം ഓർക്കേണ്ട ഒരു വസ്തുത, ഈ ആഗോളവല്കരണക്കാലത്ത് ദേശീയഭരണകൂടങ്ങളുടെ സ്വഭാവം മാറുകയാണ് എന്നതാണ്. അവ പഴയതുപോലെ കരുത്തുകാട്ടുന്നത് ദേശീയസുരക്ഷയുടെ കാര്യത്തിൽ മാത്രമാണ്. മറ്റു മേഖലകളിൽ പലതിലും ആഗോളനിയമങ്ങൾ ഉരുത്തിരിയുമ്പോൾ അവ സ്വീകരിക്കപ്പെടുന്നു. അല്ലെങ്കിൽ അവ സ്വീകരിക്കാൻ ദേശീയഭരണകൂടങ്ങൾ നിർബന്ധിതരാവുന്നു. ഡിജിറ്റൽ ലോകത്ത് ഇപ്പോഴും ആഗോളമാനദണ്ഡങ്ങൾ പഴയ സാമ്രാജ്യത്വശൈലിയിൽ യൂറോ അമേരിക്കൻ ശാക്തികചേരിതന്നെയാണ് തീരുമാനിക്കുന്നത്. ഇത്തരത്തിൽ രൂപപ്പെടുന്ന ഒരു ആഗോളഭരണീയത (Global governmantality) ഉണ്ട്. അതിന്റെ നേതൃത്വമാണ് കോർപറേറ്റുകൾ ഇപ്പോൾ ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നത്. ദേശീയഭരണകൂടങ്ങളുടെ തലത്തിലേക്ക് അത് വന്നിട്ടില്ല എന്നതുകൊണ്ട് അത്തരമൊരു നീക്കം നടക്കുന്നില്ല എന്നനുമാനിക്കാൻ കഴിയില്ല. ഇതിനോട് സാർത്ഥകമായി പ്രതികരിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയം വികസിപ്പിക്കാൻ സിവിൽസമൂഹത്തിനു ഇപ്പോൾ കഴിയുന്നില്ല എന്നതാണ് സത്യം. ഇതിനു പല കാരണങ്ങൾ ഉണ്ട്. ആഗോളതലത്തിൽ വർഗ-വർണ്ണ-ലിംഗ-ദേശീയ വിഭജനങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്. പഴയ പല രാഷ്ട്രീയമുന്നണികളും കൊഴിഞ്ഞുപോയിരിക്കുന്നു. ആഗോള സിവിൽസമൂഹം ഇന്ന് പലതലങ്ങളുള്ള ഭിന്നിപ്പുകളുടെ വേദിയാണ്. ലോകവ്യാപാരസംഘടനക്കെതിരെ മൂന്നാംലോക രാജ്യങ്ങൾക്കിടയിൽ ഉണ്ടായതായിരുന്നു അവസാനത്തെ വലിയ സിവിൽസമൂഹ മുന്നണി. അതിൽതന്നെ വർഗ്ഗ-വർണ്ണ-ദേശീയ ഭിന്നതകൾ ശക്തമായിരുന്നു. ആ ഭിന്നതകൾക്ക് പിൽക്കാലത്ത് ആക്കംകൂടുകയാണ് ഉണ്ടായത് എന്നാണ് ഈ ധാരകളെ പഠിക്കാൻ ശ്രമിക്കുന്ന ഒരാൾ എന്ന നിലയിലുള്ള എന്റെ അഭിപ്രായം. ചോദ്യത്തിൽ ഉന്നയിച്ചിട്ടുള്ള കാര്യം ദേശീയതലത്തിൽ ഏതുതരം പ്രതിരോധങ്ങൾ സാധ്യമാവും എന്നതിന്റെ സന്ദർഭത്തിൽ ഞാൻ സൂചിപ്പിച്ചതാണ്. ആധാർപോലുള്ള വിഷയങ്ങളിൽ വലിയൊരു വിഭാഗം ജനങ്ങളെ ഒരേ സമരമുഖത്തുകൊണ്ടുവരാനും അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിപുലമായ സമരങ്ങളിലേക്ക് സിവിൽസമൂഹത്തിനു നീങ്ങുവാനും കഴിയുന്ന സാഹചര്യം ഉണ്ട് എന്നതാണ് എന്റെ വിലയിരുത്തൽ. ഇതേ സാഹചര്യംതന്നെ ഉപയോഗിച്ച് മറ്റുതരത്തിലുള്ള കോർപ്പറേറ്റ് കയ്യേറ്റങ്ങളെയും സ്വകാര്യതയ്‌ക്കെതിരെയുള്ള ആക്രമണങ്ങളെയും ചെറുക്കുക എന്നത് വളരെ പ്രധാനമായിട്ടുള്ള ഒരു രാഷ്ട്രീയദൗത്യമാണ്.'.

          വിവരങ്ങൾ സമാഹരിച്ചും വിഷയങ്ങൾ പഠിച്ചും വിപുലമായ അന്വേഷണബുദ്ധി പ്രകടിപ്പിച്ചും സമകാല മാധ്യമ-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളെക്കുറിച്ച് തുടർച്ചയായി എഴുതുന്നു എന്നതിലല്ല ശ്രീകുമാറിന്റെ മൗലികത. എഴുതുന്ന, പറയുന്ന, പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് രാഷ്ട്രീയവും നൈതികവുമായ ജാഗ്രതകളോടെയുള്ള വിമർശനാത്മക സമീപനം നിരന്തരം മുന്നോട്ടുവയ്ക്കുന്നു എന്നതിലാണ്. സ്വന്തം ചിന്താമണ്ഡലത്തിന്റെയും വിചാരലോകത്തിന്റെയും അടുക്കളയിൽ വേവിക്കാത്ത ഒരു വിഷയവും പ്രശ്‌നവും ശ്രീകുമാർ അവതരിപ്പിക്കാറില്ല. മനുഷ്യാനന്തരതയെക്കുറിച്ചുള്ള ഏറെക്കുറെ സൂക്ഷ്മവും ഒട്ടൊക്കെ സമഗ്രവുമായ ഈ ലേഖനസമാഹാരത്തിനുള്ളതും മറ്റൊരു സ്വഭാവമല്ല.

പുസ്തകത്തിൽ നിന്ന്

'ഏറ്റവും സമീപകാലത്തെ റാഡിക്കൽ ഭാവനകളിൽ സൈബോർഗ് എന്ന ആശയവും അതിനെ പ്രോത്സാഹിപ്പിച്ച ശാസ്ത്രപുരോഗതികളും വിമോചനരാഷ്ട്രീയത്തിനുള്ള ഭീഷണിയായി മനസ്സിലാക്കപ്പെടുന്നുണ്ട്. ഈ ഭീഷണിയെ അതിന്റെ പാരമ്യത്തിലേക്ക് നയിച്ചുകൊണ്ട് സ്‌ളാവോയ് സിസെക് പറയുന്നത് സാമൂഹികസാമ്പത്തിക യുട്ടോപ്പിയകളെ പരിത്യജിച്ച് അനശ്വരതയെയും (മറ്റുപലതിനെയും) ദിവാസ്വപ്നം കണ്ടിരിക്കുന്നതാണ് ഈ നവസാങ്കേതികവിദ്യ എന്നാണ്. സൈബോർഗ് എന്ന ആശയത്തിന്റെ രാഷ്ട്രീയസാധ്യകൾ സാങ്കേതികസാംസ്‌കാരിക വിനിമയങ്ങളിലും സാങ്കേതികതയുടെ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലും വളരെ ഗഹനമായിത്തന്നെ സമീപിക്കപ്പെടുന്നുണ്ട്. സൈബോർഗ് ഒരേസമയം ഒരു രൂപകവും ഒരു ആദർശമാതൃകയുമായി പ്രത്യക്ഷപ്പെടുന്നുണ്ട് ഈ വ്യവഹാരങ്ങളിൽ. ദാർശനികപരമായും രാഷ്ട്രീയപരമായും വിപ്ലവോന്മുഖമായ ചിന്താവ്യവസ്ഥകൾക്ക് സൈബോർഗ് ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് സമീർ അമീൻ തന്റെ 'മൂല്യത്തിന്റെ നിയമം' എന്ന ലേഖനത്തിൽ പറയുന്നുണ്ട്. സൈബോർഗ് എന്ന് പ്രത്യക്ഷമായി ഉപയോഗിക്കുന്നില്ലെങ്കിലും സൈബർനെറ്റിക് യന്ത്രവൽക്കരണം എന്തുകൊണ്ട് മൂല്യത്തിന്റെ നിയമങ്ങൾക്ക് ഭീഷണിയാവുന്നു എന്ന് സമീർ അമീൻ എടുത്തുപറയുന്നു. സാമൂഹികമേൽനോട്ടത്തിലുള്ള തൊഴിൽ സൈബർനെറ്റിക് തൊഴിൽ ഉൽപ്പാദനപ്രക്രിയകളുടെ രീതിയല്ല എന്നു അമീൻ പറഞ്ഞുവെക്കുന്നുണ്ട്. മാത്രമല്ല വിനിമയമൂല്യത്തിനു പുതിയ രൂപാന്തരപ്രക്രിയകൾ സൃഷ്ടിച്ചുകൊണ്ട് സൈബർനെറ്റിക് വിപ്ലവം അതിന്റെ സ്വേച്ഛാധിപത്യത്തെ തകർക്കും എന്നും അമീൻ അഭിപ്രായപ്പെടുന്നുണ്ട്.

സൈബോർഗ്ഗ് എന്ന ആശയം ഉടലെടുക്കുന്നത് സൈബർനെറ്റിക് എന്ന മേഖലയുടെ പിറവിയുമായി ബന്ധപ്പെട്ടുതന്നെയാണ്. സൈബർനെറ്റിക് തത്വം ഫിസിക്‌സിൽനിന്നും മാനവികശാസ്ത്രങ്ങളിലേക്കും സാംസ്‌കാരികപഠനങ്ങളിലേക്കും ആദ്യമായി വ്യാപിക്കുന്നത് 1948-ൽ നോബർറ്റ് വൈനറുടെ പഠനങ്ങളിലൂടെയാണ്. ജീവജാലങ്ങളിലെ ജീവൻ നിലനിർത്തുന്ന കാര്യനിർവ്വഹണ പ്രക്രിയകളെക്കുറിച്ചുള്ള ഒരു വിപ്ലവാത്മകമായ ദർശനമാണ് വൈനർ മുന്നോട്ടുവച്ചത്. ജൈവപ്രക്രിയകൾ സ്വയംനിയന്ത്രിതങ്ങൾ (സെൽറ് റെഗുലറ്ററി) ആണെന്നും ഈ പ്രക്രിയ സൂചനകളിലൂടെയും (സിഗ്നൽസ്) പ്രതികരണങ്ങളിലൂടെയും (ഫീഡ്ബാക്ക്) ഭരണീയമായ ഒരു വ്യവസ്ഥയാണെന്നും വൈനർ മനസ്സിലാക്കുന്നു. ഈ തത്വം പിന്നീട് ഇലക്‌ട്രോണിക്‌സ് മുതൽ ലിങ്ക്വിസ്റ്റിക്‌സ്, സൈക്കോ അനാലിസിസ് തുടങ്ങി പല മേഖലകളിലെയും പഠനങ്ങൾക്ക് വഴിത്തിരിവായി. ഒരു സൈബർനെറ്റിക് ജൈവരൂപം എന്ന നിലയ്ക്ക് സൈബോർഗ് എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത് സ്‌പേസ് സയൻസിൽ, 1960-ൽ ക്ലിൻസ്, ക്ലയൻ എന്നിവരുടെ 'എയറോനോട്ടിക്‌സ്' എന്ന ഗവേഷണപഠനത്തിലാണ്. ഈ പഠനത്തിന്റെ ഉദ്ദേശം ബഹിരാകാശ യാത്രികർക്ക് ശാരീരികമായി നിലനിൽക്കാനുതകുന്ന സാഹചര്യം ഉണ്ടാക്കുന്നതിലും നല്ലത് അവരുടെ ശരീരത്തിലെ ജൈവപ്രക്രിയകളെ സാങ്കേതികതയുടെ സഹായത്തോടെ ഭേദപ്പെടുത്തുന്നതാണ് എന്നൊരു നിർദ്ദേശം മുന്നോട്ടുവയ്ക്കുക എന്നതായിരുന്നു. ഈ പഠനം സ്‌പേസ് സയൻസ്, കൃത്രിമബുദ്ധി, ജൈവഎഞ്ചനിയറിങ്ങ് തുടങ്ങിയ പല മേഖലകളിലും സമൂലമായ പരിവർത്തനങ്ങൾക്ക് വഴിതെളിച്ചു. ഈ പഠനത്തിലെ നിർദ്ദേശമനുസരിച്ച്, സൈബോർഗ് ആയിത്തീരുന്ന മനുഷ്യൻ സ്വന്തം ജൈവവ്യവസ്ഥകളുടെ സ്വയംനിയന്ത്രിത പ്രവൃത്തികളെ ശരീരബാഹ്യമായ യാന്ത്രികഘടകങ്ങളിലേക്ക് സാങ്കേതികമായ ഉപാധികളിലൂടെ വ്യാപിപ്പിക്കുന്നു. അതായത് ശാസ്ത്രം ആദ്യമായി സൈബോർഗിനെ സങ്കൽപ്പിക്കുന്നത് ഭൗമബാഹ്യമായ പരിസരങ്ങളിൽ നിലനിൽക്കേണ്ടിവരുന്ന ഭാവിമനുഷ്യ പരിണാമസ്ഥിതികളുടെ ഭാഗമായിട്ടാണ്. ശാസ്ത്രഭാവനയിലെ സൈബോർഗ്, സാങ്കേതികതയാൽ അധികരിക്കപ്പെട്ട മനുഷ്യൻ ആണെങ്കിൽ, മനുഷ്യൻ എന്ന സങ്കൽപ്പത്തിന്റെ ഒരു ഇതരവീക്ഷണത്തിലൂടെ ഭാഷ, വാമൊഴി, എഴുത്ത്, മാധ്യമം, പേന, കമ്പ്യൂട്ടർ എന്നിങ്ങനെയുള്ള ഭൗതിക ഉപകരണങ്ങളുടെ കൂട്ടിച്ചേർക്കലുകളുടെ അവസ്ഥയായിക്കണ്ട് മനുഷ്യചരിത്രത്തിന്റെതന്നെ പുനർഭാവന സാധ്യമാകുന്നു. ഈ സാധ്യതയാണ് ശാസ്‌ത്രേതരവിഷയങ്ങളുടെ സൈദ്ധാന്തിക പരിസരങ്ങളിലേക്ക്, മാനവികവിഷയങ്ങളിലും ചരിത്രത്തിലും തത്വശാസ്ത്രത്തിലുമൊക്കെ സൈബോർഗ്ഗ് എന്ന ആശയത്തിന്റെ അന്വേഷണങ്ങൾക്ക് വഴിതുറന്നത്.

ഡോണ ഹാരവേയും സൈബോർഗ്ഗ് ദർശനവും

സൈബോർഗ്ഗ് എന്ന പുതിയ സ്വത്വമാതൃകയാൽ മനുഷ്യൻ എന്ന കാലഹരണപ്പെട്ട ആശയം മാറ്റിവയ്ക്കപ്പെടണം എന്ന് തന്റെ സുപ്രധാനകൃതിയിൽ ഡോണ ഹാരവേ (1985) പറയുന്നുണ്ട്. തന്ത്രപ്രധാനമായ രാഷ്ട്രീയചാതുര്യത്തോടെ ഹാരവേ ഇത് അവതരിപ്പിക്കുമ്പോഴേക്കും ഈ ആശയം ജനപ്രിയസംസ്‌കാരങ്ങളിലും പ്രത്യേകിച്ചു സയൻസ്ഫിക്ഷനിലുമുള്ള ശാസ്ത്രസാങ്കേതികതയുടെ മൂർത്തീകരണങ്ങളുടെ രൂപവും ഭാവവുമായി പരിണമിച്ചു കഴിഞ്ഞിരുന്നു. കാതറിൻ ഹെയ്‌ല്‌സ് വീക്ഷിക്കുന്നതുപോലെ ഹാരവേ (2006) ഈ ലേഖനം എഴുതുന്നത് ശീതസമരകാലത്തിന്റെ അന്ത്യത്തോടടുത്ത് 'സ്ത്രീയെ സാങ്കേതികതയ്ക്ക് വിരുദ്ധമായും പ്രകൃതിയോടടുത്തും പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന ഫെമിനിസ്റ്റ് ചിന്താഗതികളെ പ്രകോപിപ്പിക്കുന്നതിനും' കൂടിവേണ്ടിയായിരുന്നു. സൈബോർഗ്ഗിനെ സങ്കൽപ്പിക്കുന്നത് യാന്ത്രികതയുടെയും ജൈവികതയുടെയും സങ്കരമായ, സാമൂഹികയാഥാർത്ഥ്യത്തിന്റെയും ഭാവനയുടെയും സങ്കരമായ, ഒരു സൈബർനെറ്റിക് ജീവജാലമായാണ് ഹാരവേ കാണുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ മനുഷ്യർ എന്നതുതന്നെ 'യന്ത്രത്തിന്റെയും ജീവജാലത്തിന്റെയും സൈദ്ധാന്തികവൽക്കരിക്കപ്പെട്ട, കെട്ടച്ചമയ്ക്കപ്പെട്ട സങ്കരങ്ങളാണ്, മിഥ്യാഭാവനകളാണ്' എന്നാണവർ പറയുന്നത്. യന്ത്രങ്ങൾ മനുഷ്യജീവന്റെ ഭാഗമാവുക മാത്രമല്ല, അവയെ കൂടുതൽ ബുദ്ധിയും വൈഭവങ്ങളും ഭാവനയുമുള്ള സ്വയംപര്യാപ്തതയിലേക്കും പൂർണ്ണതയിലേക്കും പരിണമിച്ചെടുക്കുന്ന കാലത്ത് ഹാരവേയുടെ ആശയത്തിനു വ്യത്യസ്തമാനങ്ങളും സൂചനകളുമുണ്ട്. മാത്രമല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഒരു പ്രധാന പ്രഹേളികയായ മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധത്തിന്റെ അർത്ഥതലങ്ങളെ വാർത്തെടുക്കുന്നതിനും ഹാരവേയുടെ ആശയം സഹായിക്കുന്നു. യന്ത്രങ്ങളുമായുള്ള മനുഷ്യബന്ധമാണ് നമ്മുടെ സാംസ്‌കാരിക രാഷ്ട്രീയപരിസരങ്ങളെ ഇനിയങ്ങോട്ട് നിർണ്ണയിക്കുന്നത്. ഈ ബന്ധത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ രണ്ടു സൈബോർഗ് ഭാവികൾ ഹാരവേ വിഭാവനം ചെയ്യുന്നുണ്ട്. ഒരുവശത്ത് 'സൈബോർഗ് ലോകം എന്നത് ഒരുനിലയ്ക്ക് അന്തിമമായ ഒരു നിയന്ത്രണചട്ടക്കൂടിന്റെ വരുതിയിലേക്കും പ്രതിരോധത്തിന്റെ മറയിൽ സ്റ്റാർവാർസിലെയൊക്കെപ്പോലെയുള്ള (Starwars) ഒരു അമൂർത്തമായ അന്ത്യനാശത്തിലേക്കും ഭൂമിയെ നയിക്കലും, സ്ത്രീശരീരങ്ങളെ അന്തിമമായ ഒരു ആണത്തയുദ്ധഘോഷത്തിലേക്ക് (masculine orgy of war) നയിക്കലും' ഒക്കെയാണെങ്കിൽ മറുവശത്ത് 'ജീവന്റെ യഥാർത്ഥ സാമൂഹിക ശരീരികപരിസരങ്ങളിൽ മനുഷ്യർ മൃഗങ്ങളുമായും യന്ത്രങ്ങളുമായും ഒക്കെയുള്ള ബന്ധുത്വങ്ങളെയോ തങ്ങളുടെ ശാശ്വതമായും ഭാഗികമായ സ്വത്വങ്ങളെയോ വിരുദ്ധമായ വീക്ഷണകോണുകളെയോ ഭയക്കാതെയിരിക്കുന്ന അവസ്ഥയും ആണ്' '. 

പോസ്റ്റ് ഹ്യൂമൻ വിചാരലോകങ്ങൾ
ടി.ടി. ശ്രീകുമാർ
പുസ്തകപ്രസാധകസംഘം
2021, വില 220 രൂപ