'There is no way out of the imagined order. When we break down our prison walls and run towards freedom, we are in fact running into the more spacious exercise yard of a bigger prison'. - Yuval Noa Harari, Sapiens

കൃത്യം ഒരുപതിറ്റാണ്ടു മുൻപ്, 2011-ൽ പ്രസിദ്ധീകൃതമായ യുവാൽ നോവാ ഹരാരിയുടെ Sapiens, A brief history of Humankind എന്ന പുസ്തകത്തെക്കാൾ ജനപ്രീതി നേടിയ മറ്റൊരു 'ജനപ്രിയശാസ്ത്ര'ഗ്രന്ഥം ചരിത്രത്തിലില്ല. ശാസ്ത്രം ഉൾപ്പെടെയുള്ള ജ്ഞാന-തത്വചിന്താപദ്ധതികളുടെയും അവ സൃഷ്ടിച്ച ചരിത്രം, സംസ്‌കാരം എന്നീ വ്യവഹാരങ്ങളുടെയും ജനപ്രിയപാഠം എന്ന നിലയിൽ മനുഷ്യന്റെ കഥ പറയുകയാണ് ഹരാരി. (ഒരു കാര്യം ഓർക്കുകതന്നെ വേണം-ഈ പുസ്തകത്തിലുടനീളം മനുഷ്യൻ (human) എന്ന വാക്കുകൊണ്ട് ഹരാരി ഉദ്ദേശിക്കുന്നത് 'Homo' ജനുസിൽപ്പെട്ട എല്ലാ വിഭാഗങ്ങളെയുമാണ്. ഇരുപത്തഞ്ചുലക്ഷം വർഷം മുൻപു മുതൽ ഉത്ഭവിച്ച ആറോളം മനുഷ്യവർഗങ്ങളെ മുഴുവൻ. രണ്ടു ലക്ഷം വർഷം മുൻപ് മാത്രം ഉരുത്തിരിഞ്ഞ ഹോമോസാപിയൻസിനെ സൂചിപ്പിക്കാൻ അദ്ദേഹം സാപിയൻസ് എന്ന വാക്കാണ് ഉപയോഗിക്കുന്നത്. പക്ഷെ ഈ നിരൂപണത്തിൽ 'മനുഷ്യൻ' എന്ന വാക്ക് സാപിയൻസ് എന്ന സ്പീഷീസ് നാമത്തിനു പകരമായാണ് ഉപയോഗിക്കുന്നത്. ഈ പുസ്തകം പറയുന്നത് സാപിയൻസിന്റെ കഥയാണല്ലോ.)

നാളിതുവരെ ഒരാളും പറയാത്തവിധം സംക്ഷിപ്തവും സരസവും ആധികാരികവുമായി, വിജ്ഞാനഘട്ടങ്ങളെ മനുഷ്യന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനശിലയാക്കി പ്രതിഷ്ഠിച്ചുകൊണ്ട് രചിക്കുന്ന ജനപ്രിയചരിത്രമാണ് 'സാപിയൻസ്'. സംസ്‌കാരത്തിന്റെ നിർമ്മിതിയിൽ വൈജ്ഞാനിക വിപ്ലവങ്ങളുടെ സാധ്യതകൾ മനുഷ്യൻ എങ്ങനെ ഉപയോഗപ്പെടുത്തി എന്നതാണ് ഹരാരിയുടെ അന്വേഷണവിഷയം. അതിനായി ചരിത്രത്തിന്റെ നിർണയനത്തിൽ 'അറിവ് വിപ്ലവ'ങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണദ്ദേഹം ചെയ്യുന്നത്.

മനുഷ്യന്റെ കഥയാണ് സംസ്‌കാരം. സംസ്‌കാരത്തിന്റെ കഥയാണ് ചരിത്രം. 70,000 വർഷം മുൻപാരംഭിച്ച ജ്ഞാനവിപ്ലവം (Cognitive Revolution), 12,000 വർഷം മുൻപാരംഭിച്ച കാർഷികവിപ്ലവം, 500 വർഷം മുൻപാരംഭിച്ച വ്യവസായവിപ്ലവം എന്നിവയിലൂടെ ഹരാരി പറയുന്ന ആ ചരിത്രത്തിന്റെ കഥയാണ് 'സാപിയൻസ്'.

നാലുഭാഗങ്ങളാണ് ഈ പുസ്തകത്തിനുള്ളത്. ഒന്നാംഭാഗം ജ്ഞാനവിപ്ലവം. ഇതിൽ നാലധ്യായങ്ങൾ. രണ്ടാം ഭാഗം കാർഷികവിപ്ലവം. ഇതിലും നാലധ്യായങ്ങൾ. മൂന്നാം ഭാഗം സാമൂഹ്യക്രമത്തെ നിലനിർത്തുന്ന സങ്കല്പനങ്ങൾ-B.C. 2500 മുതൽ C.E 1500 വരെ. ഇവിടെ അഞ്ചധ്യായങ്ങൾ. സംസ്‌കാരം പണം, സാമ്രാജ്യത്തം, മതം തുടങ്ങിയവയെക്കുറിച്ച്. നാലാംഭാഗം ശാസ്ത്രവിപ്ലവം. ഇവിടെ ഏഴധ്യായങ്ങൾ. 500 പുറങ്ങളുള്ള സാപിയൻസിന്റെ 200 പുറങ്ങളും ഈ ഭാഗമാണ്.

തുടക്കത്തിൽ ഉദ്ധരിച്ച വാക്യത്തിൽ പറയുന്ന 'സാങ്കല്പികക്രമം' (imagined order) എന്നതാണ് ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരികല്പനയും താക്കോൽ വാക്കും. സംസ്‌കാരം മുതൽ വിപ്ലവം വരെയും സാമ്രാജ്യത്തം മുതൽ ദേശീയത വരെയും രാഷ്ട്രം മുതൽ വിപണി വരെയും പണം മുതൽ സന്തോഷം വരെയും മതം മുതൽ കുടുംബം വരെയും മുതലാളിത്തം മുതൽ കമ്യൂണിസം വരെയുമുള്ള ഈ പുസ്തകത്തിലെ സങ്കല്പനങ്ങളോരോന്നും ഇത്തരം 'സാങ്കല്പികക്രമ'ങ്ങളാണ്. ബനഡിക്ട് ആൻഡേഴ്‌സന്റെ Imagined communities-നെ ഓർമ്മിപ്പിക്കുന്ന ഈ രീതിശാസ്ത്രമാണ് 70,000 വർഷം മുൻപുതൊട്ടുള്ള സാപിയൻസിന്റെ ജീവിതകഥ (സംസ്‌കാരം) അപഗ്രഥിക്കുന്നതിന് ഹരാരി സ്വീകരിക്കുന്നത്. ചരിത്രരചനയെ ഒരു തത്വചിന്താപദ്ധതിയാക്കി പരിണമിപ്പിക്കുന്ന മാന്ത്രികത്താക്കോലായി മാറുന്നു, ഈ പരികല്പന.

ഒന്നാം ഭാഗം നോക്കുക. ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ മൂന്നു പ്രകൃതിശാസ്ത്രവീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിന്റെ ഘടന വിശദീകരിക്കുകയും സംസ്‌കാരം എന്ന സങ്കല്പനത്തിലൂടെ/ സമീപനത്തിലൂടെ മനുഷ്യവർഗങ്ങളുടെ ജീവിതകഥ പറയുകയുമാണ് ഹരാരി ചെയ്യുന്നത്. വിശേഷിച്ചും സാപിയൻസിന്റെ സാമൂഹ്യ ജീവചരിത്രം. ബിഗ് ബാംഗ് സിദ്ധാന്തത്തിലൂടെ പ്രപഞ്ചത്തിന്റെയും പരിണാമസിദ്ധാന്തത്തിലൂടെ മനുഷ്യന്റെയും ഉത്ഭവം സൂചിപ്പിച്ചശേഷം ഇരുപത്തഞ്ചുലക്ഷം വർഷം മുൻപ് കിഴക്കൻ ആഫ്രിക്കയിൽ ആദിമനുഷ്യൻ ജനിച്ച കഥ പറയുന്നു ഹരാരി. തുടർന്നുള്ള 23 ലക്ഷം വർഷം ഹോമോ നിയാണ്ടർ താലെൻസിസ്, ഹോമോ എറെക്ടസ്, ഹോമോ സോളോയെൻസിസ്, ഹോമോ ഫ്‌ളോറെൻസിയസിസ്, ഹോമോ എർഗസ്സ്റ്റർ തുടങ്ങിയ മനുഷ്യവർഗങ്ങൾ രൂപം കൊണ്ടു. ഒടുവിൽ, വെറും രണ്ടുലക്ഷം വർഷം മുൻപ്, നാം, ഹോമോ സാപിയൻസും.

വലിയ തലച്ചോറ്, രണ്ടുകാലിൽ നടക്കുന്ന രീതി എന്നീ മൗലികവ്യത്യാസങ്ങളും തീ കണ്ടുപിടിച്ചതുമാണ് ഹോമോവർഗങ്ങളെ ഇതര ജന്തുവർഗങ്ങളിൽ നിന്നു ഭിന്നരാക്കിയത്. സാപിയൻസിന്റെ വ്യാപനവും സാപിയൻസിന്റെ മാത്രം അതിജീവനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തിലേക്കാണ് ഹരാരി തുടർന്നു കടക്കുന്നത്. മനുഷ്യവർഗങ്ങളിൽ സാപിയൻസ് മാത്രം എങ്ങനെ ഭൂമിയിൽ അവശേഷിച്ചു? എന്തുകൊണ്ട് അവർ മാത്രം ചരിത്രവും സംസ്‌കാരവും നിർമ്മിച്ചു? രണ്ടു സാധ്യതകളാണുള്ളത്. ഒന്നുകിൽ നിയാണ്ടർ താൽ ഉൾപ്പെടെയുള്ള വർഗങ്ങളുമായി സാപിയൻസ് കൂടിക്കലർന്നു (Inter-breeding). അല്ലെങ്കിൽ ഇതര വർഗങ്ങളെയെല്ലാം സാപിയൻസ് ഉന്മൂലനം ചെയ്തു. തുടർന്ന്, സാപിയൻസ് ലോകം കീഴടക്കിയതിന്റെ കഥ പറയുന്ന ഹരാരി മനുഷ്യനെ (സാപിയൻസിനെ) ഊ ചരിത്ര-സംസ്‌കാര യുദ്ധത്തിൽ സഹായിച്ച ഏറ്റവും വലിയ ആയുധത്തിന്റെ പേര് പറയുന്നു - ഭാഷ.

'സാപിയൻസിന്റെ വിജയത്തിന്റെ രഹസ്യം എന്തായിരുന്നു? ഇത്ര വേഗത്തിൽ വളരെ ദൂരത്തിലും പാരിസ്ഥിതികമായി ഇത്ര വ്യത്യസ്തതകളുള്ള വാസമേഖലകളിലും വാസമുറപ്പിക്കുന്നതിന് നമുക്ക് എങ്ങനെ കഴിഞ്ഞു? മറ്റെല്ലാ മനുഷ്യ സ്പീഷിസുകളെയും മറവിയിലേക്കു നാം എങ്ങനെ തള്ളിനീക്കി? ശക്തരും ബുദ്ധിമാന്മാരും തണുപ്പ് ഏശാത്തവരുമായ നിയാണ്ടർതാൽമാർക്കു പോലും നമ്മുടെ ആക്രമണത്തെ അതിജീവിക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? വാദങ്ങളും തർക്കങ്ങളും ചൂടുപിടിച്ചു നടക്കുന്നു. തർക്കവും വാദവും സാദ്ധ്യമാക്കുന്നതെന്തോ അതാണ് ഏറ്റവും സാദ്ധ്യതയുള്ള ഉത്തരം'.

ഒരു ലക്ഷം വർഷം മുൻപ് ഒരു സംഘം സാപിയൻസ് ആഫ്രിക്കയിൽ നിന്നു പുറപ്പെട്ട് പൂർവേഷ്യയിലെത്തിയെങ്കിലും നിയാണ്ടർതാൽ മനുഷ്യർ അവരെ ഉന്മൂലനം ചെയ്തു. തുടർന്ന് 70,000 വർഷം മുൻപാണ് സാപിയൻസ് ആഫ്രിക്ക വിട്ട് തങ്ങളുടെ 'വിജയകരങ്ങളായ' യാത്രകളാരംഭിക്കുന്നത്. ഈ യാത്രകളെ നിർണയിച്ച ഘടകമെന്താണ്? ഹരാരി എഴുതുന്നു:

'ഏതാണ്ട് ആ കാലത്ത് സാപിയൻസ് സംഘങ്ങൾ രണ്ടാമതൊരു തവണ ആഫ്രിക്ക വിട്ടു യാത്രചെയ്തു. ഇത്തവണ അവർ നിയാണ്ടർതാൽമാരെയും മറ്റു മനുഷ്യ സ്പീഷിസുകളെയും പശ്ചിമേഷ്യയിൽനിന്നു മാത്രമല്ല, ഭൂമിയുടെ മുഖത്തുനിന്നുതന്നെ ഓടിച്ചുകളഞ്ഞു. തികച്ചും ശ്രദ്ധേയമായി കാലദൈർഘ്യക്കുറവുള്ള നാളുകൾക്കുള്ളിൽ, സാപിയൻസ് യൂറോപിലും പൂർവേഷ്യയിലും ചെന്നെത്തി. ഏതാണ്ട് 45,000 വർഷം മുമ്പ്, അവർ എങ്ങനെയോ കടൽ കടക്കുകയും ആസ്‌ട്രേലിയയിൽ എത്തുകയും ചെയ്തു- അതുവരെ മനുഷ്യസ്പർശം ഏൽക്കാത്ത ഭൂഖണ്ഡമായിരുന്നു ആസ്‌ട്രേലിയ. 70.000 വർഷം മുമ്പു മുതൽ 30,000 വർഷം മുമ്പു വരെയുള്ള കാലഘട്ടം ബോട്ടുകളുടെയും (വള്ളങ്ങൾ) എണ്ണവിളക്കുകളുടെയും അമ്പിന്റെയും വില്ലിന്റെയും സൂചികളുടെയും (ചൂടുതരുന്ന വസ്ത്രങ്ങൾ തയ്ക്കുന്നതിന് അത്യന്താപേക്ഷിതം) കണ്ടുപിടുത്തങ്ങൾക്കു സാക്ഷ്യം വഹിച്ചു. കല എന്നും ആഭരണങ്ങൾ എന്നും തെറ്റില്ലാതെ വിളിക്കാൻ കഴിയുന്ന ആദ്യ വസ്തുക്കളുടെ ആരംഭം ഈ കാലഘട്ടത്തിലാണ്. അതുപോലെതന്നെ മതം, കച്ചവടം, സാമൂഹ്യതരംതിരിവുകൾ എന്നിവയ്ക്കുള്ള അവിതർക്കിതമായ തെളിവുകളും ഈ കാലഘട്ടത്തിൽ ആരംഭിക്കുന്നു.

മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത ഈ നേട്ടങ്ങൾ സാപിയൻസിന്റെ തിരിച്ചറിവിനുള്ള കഴിവിൽ സംഭവിച്ച വിപ്ലവത്തിന്റെ ഉത്പന്നമാണ് എന്ന് മിക്ക ഗവേഷകരും വിശ്വസിക്കുന്നു. നിയാണ്ടർതാൽമാരെ വംശനാശത്തിലേക്കു ഓടിച്ചുവിടുകയും ആസ്‌ട്രേലിയയിൽ വാസമുറപ്പിക്കുകയും സ്റ്റാഡൽ ഗുഹയിൽ കൊത്തുപണി ചെയ്യുകയും ചെയ്ത ജനങ്ങൾ നമ്മെപ്പോലെതന്നെ ബുദ്ധിയും ക്രിയാത്മകതയും സംവേദകതയും സംവേദകത്വവും ഉള്ളവരാണെന്നു അവർ പറയുന്നു. സ്റ്റാഡൽ ഗുഹയിലെ കലാകാരന്മാരെ നാം കണ്ടുമുട്ടാൻ ഇടവന്നാൽ നമുക്ക് അവരുടെ ഭാഷയും അവർക്കു നമ്മുടെ ഭാഷയും പഠിക്കാൻ കഴിയുമായിരുന്നു. അത്ഭുതനാട്ടിലെ ആലിസിന്റെ സാഹസങ്ങൾ മുതൽ ക്വാണ്ടം ഫിസിക്‌സിന്റെ വൈരുദ്ധ്യങ്ങൾ വരെ നമുക്കറിയാവുന്നതെല്ലാം അവർക്ക് വിശദീകരിച്ചുകൊടുക്കാൻ നമുക്കു കഴിയുമായിരുന്നു. തങ്ങളുടെ ആളുകൾ ലോകത്തെ വീക്ഷിക്കുന്നതെങ്ങനെയെന്നു നമുക്കു പറഞ്ഞുതരാൻ അവർക്കും കഴിയുമായിരുന്നു.

70,000 മുതൽ 30,000 വരെ വർഷങ്ങൾക്കു മുമ്പു ചിന്തയിലും ആശയവിനിമയത്തിലും പുതിയ മാർഗ്ഗങ്ങൾ പ്രത്യക്ഷപ്പെട്ടതിനെയാണ് ജ്ഞാനവിപ്ലവം അഥവാ തിരിച്ചറിവിന്റെ വിപ്ലവം (കോഗ്നിറ്റീവ് റവലൂഷൻ) എന്നു വിളിക്കുന്നത്. എന്താണിതിനു കാരണമായത്? നമുക്ക് ഉറപ്പില്ല. സാപിയൻസിന്റെ തലച്ചോറിലേക്ക് അകമേയുള്ള സംവേദനത്തിന്റെ ഘടനയിൽ യാദൃച്ഛികമായ ജനിതക വ്യതിയാനങ്ങൾ (ആക്‌സിഡന്റൽ ജനറ്റിക് മ്യൂട്ടേഷൻസ്) മാറ്റം വരുത്തുകയും മുമ്പെങ്ങുമില്ലാത്ത രീതിയിൽ ചിന്തിക്കുന്നതിനും തീർത്തും പുതിയ തരം ഭാഷകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ആശയവിനിമയം നടത്തുന്നതിനും പ്രാപ്തിയുണ്ടാകുകയും ചെയ്തുവെന്നാണ് സർവസാധാരണമായി വിശ്വസിക്കപ്പെടുന്ന സിദ്ധാന്തം വാദിക്കുന്നത്. അറിവിലെ വ്യതിയാനങ്ങളുടെ (നോളഡ്ജ് മ്യൂട്ടേഷൻ) വൃക്ഷാവലി എന്നു നമുക്കതിനെ വിളിക്കാം. നിയാണ്ടർതാൽമാരുടെ ഡി.എൻ.എ.യിൽ അല്ലാതെ സാപിയൻസിന്റെ ഡി.എൻ.എ.യിൽ അതെന്തുകൊണ്ടു സംഭവിച്ചു? അതു തീർത്തും യാദൃച്ഛികമായ ഒരു കാര്യമായിരുന്നു എന്നുമാത്രമാണ് നമുക്കു പറയാൻ കഴിയുന്നത്. എന്നാൽ അറിവിലെ വ്യതിയാനങ്ങളുടെ വൃക്ഷത്തിന്റെ കാരണം മനസ്സിലാക്കുന്നതിനെക്കാൾ വളരെയേറെ പ്രധാനപ്പെട്ട കാര്യമാണ് അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചു മനസ്സിലാക്കുക എന്നത്. ലോകം മുഴുവൻ കീഴടക്കാൻ പ്രാപ്തമാക്കുന്ന വിധത്തിൽ പുതിയ സാപിയൻസ് ഭാഷയ്ക്ക് എന്തായിരുന്നു പ്രത്യേകത?'.

കഥയുണ്ടാക്കി പറയാനും പരദൂഷണം പ്രചരിപ്പിക്കാനും മിത്തുകൾ നിർമ്മിക്കാനും അവയിൽ വിശ്വസിക്കാനും അതുവഴി ഭാവനകൾ/സങ്കല്പങ്ങൾ യാഥാർഥ്യമാണെന്നു വരുത്താനും മനുഷ്യർക്കുള്ള കഴിവിനെ/ സ്വഭാവത്തെയാണ് രണ്ടാമധ്യായത്തിൽ ഹരാരി ചരിത്ര, സംസ്‌കാരങ്ങളുടെ അടിസ്ഥാനമായി വിശദീകരിക്കുന്നത്. അതിഗംഭീരമായ ഒരു നരവംശശാസ്ത്ര വ്യാഖ്യാനപദ്ധതിയാണിത്.

'വലിയതോതിലുള്ള ഏതു മാനുഷിക സഹകരണവും -ഒരു ആധുനിക രാജ്യം, ഒരു മദ്ധ്യയുഗ സഭ, ഒരു പുരാതന നഗരം, അതല്ലെങ്കിൽ പൗരാണികമായ ഒരു ഗോത്രം-ആളുകളുടെ പൊതുവായ സങ്കല്പത്തിൽ മാത്രം നിലനില്ക്കുന്ന പൊതു ഐതിഹ്യങ്ങളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. സഭകൾ പൊതുവായ വിശ്വാസക്കഥകളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. തമ്മിൽ കണ്ടിട്ടില്ലാത്ത രണ്ടു കത്തോലിക്കർക്ക് കുരിശുയുദ്ധത്തിന് ഒരുമിച്ചു പോകാനും അതല്ലെങ്കിൽ ഒരു ആശുപത്രിക്കു വേണ്ടി പണം സംഭാവന ചെയ്യാനും കഴിയും, ദൈവം മനുഷ്യനായി അവതരിക്കുകയും തങ്ങളുടെ പാപങ്ങൾക്കുവേണ്ടി കുരിശിലേറ്റപ്പെടുകയും ചെയ്തു എന്ന് അവർക്കുള്ള പൊതുവായ വിശ്വാസമാണ് അതിനവരെ പ്രാപ്തമാക്കുന്നത്. പൊതുവായ ദേശീയ കഥകളിൽ അടിസ്ഥാനപ്പെട്ടതാണ് രാജ്യങ്ങൾ. തമ്മിൽ കണ്ടിട്ടില്ലാത്ത രണ്ടു സെർബിയക്കാർ പരസ്പരം രക്ഷിക്കുന്നതിന് തങ്ങളുടെ ജീവനെ അപകടപ്പെടുത്തുകപോലും ചെയ്തുവെന്നുവരാം, സെർബിയ രാജ്യത്തിന്റെയും സെർബിയൻ ദേശത്തിന്റെയും സെർബിയൻ പതാകയുടെയും നിലനില്പിൽ അവർ രണ്ടുപേരും വിശ്വസിക്കുന്നതിനാൽ. നീതിന്യായസംവിധാനങ്ങൾ പൊതുവായ നിയമകഥകളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. പരസ്പരം കണ്ടിട്ടില്ലാത്ത രണ്ടു വക്കീലന്മാർക്ക് തീർത്തും അപരിചിതമായ ഒരു മനുഷ്യനെ രക്ഷിക്കുന്നതിനു ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയും. അതിനു കാരണം അവർ എല്ലാവരും നിയമങ്ങളുടെയും നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും നിലനില്പിൽ-ഫീസായി നല്കപ്പെടുന്ന പണത്തിലും-വിശ്വസിക്കുന്നു എന്നതാണ്.

എന്നാൽ ഇക്കാര്യങ്ങളൊന്നും ആളുകൾ കണ്ടുപിടിക്കുകയും പരസ്പരം പറയുകയും ചെയ്യുന്ന കഥകളുടെ പുറമേ നിലനില്ക്കുന്നില്ല. പ്രപഞ്ചത്തിൽ ദൈവങ്ങളോ ദേശങ്ങളോ പണമോ മനുഷ്യാവകാശമോ നിയമമോ നീതിയോ മനുഷ്യജീവികളുടെ പൊതുവായ സങ്കല്പത്തിനു പുറമേ നിലനില്ക്കുന്നില്ല.

'പ്രാകൃതമായ ഗോത്രങ്ങൾ' തങ്ങളുടെ സാമൂഹ്യസംവിധാനങ്ങളെ ഉറപ്പിക്കുന്നത് പ്രേതങ്ങളിലും ആത്മാക്കളിലും വിശ്വസിച്ചുകൊണ്ടും തീയ്ക്കു ചുറ്റും ഓരോ പൗർണ്ണമിയിലും നൃത്തംവച്ചുകൊണ്ടും ആണെന്നു ആളുകൾ നിഷ്പ്രയാസം അംഗീകരിക്കുന്നു. കൃത്യമായി അതേ അടിസ്ഥാനത്തിലാണ് നമ്മുടെ ആധുനിക സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നു നമുക്കു മനസ്സിലാക്കാൻ കഴിയുന്നില്ല. ബിസിനസ് കോർപറേഷനുകളുടെ കാര്യം തന്നെ എടുക്കുക. ആധുനിക ബിസിനസുകാരും വക്കീലന്മാരും, വാസ്തവത്തിൽ, അതിശക്തരായ മന്ത്രവാദികളാണ്. അവരും ഗോത്ര മന്ത്രവാദികളും തമ്മിലുള്ള പ്രധാന വ്യത്യാസം ആധുനിക വക്കീലന്മാർ വളരെയേറെ അസാധാരണമായ കഥകൾ പറയുന്നു എന്നതാണ്. പ്യൂഷോ കഥ നല്ലൊരു ഉദാഹരണമാണ്'.

ചരിത്രവും (history) കഥയും (story) ഒരൊറ്റ വാക്കിൽ നിന്നുത്ഭവിച്ചതാണെന്ന് റെയ്മണ്ട് വില്യംസ് പറയുന്നുണ്ട്, കീവേർഡ്‌സിൽ. ഹരാരി അതിന്റെ ഏറ്റവും മികച്ച അപഗ്രഥനം മുന്നോട്ടുവയ്ക്കുന്നു. പ്യൂഷോ കഥ വായിക്കുകതന്നെ വേണം. പ്രാകൃത ഗോത്രങ്ങളുടെ വിശ്വാസപ്രമാണങ്ങൾ മുതൽ ആഗോള കോർപ്പറേറ്റ് സമ്പദ്ഘടന വരെയുള്ളവ ഒരൊറ്റ ചരടിൽ കോർത്തുണ്ടാക്കി ഹരാരി നിർമ്മിക്കുന്ന വിസ്മയകരമായ ഒരാഖ്യാനമാണിത്. ചുരുക്കം ഇതാണ്:

'ജ്ഞാനവിപ്ലവത്തിനു ശേഷം എക്കാലത്തും സാപിയൻസ് ഇത്തരത്തിൽ ഒരു ഇരട്ട യാഥാർത്ഥ്യത്തിലാണ് ജീവിക്കുന്നത്. ഒരുവശത്ത്, നദികളുടെയും വൃക്ഷങ്ങളുടെയും സിംഹങ്ങളുടെയും വസ്തുനിഷ്ഠമായ യാഥാർത്ഥ്യം, മറുവശത്ത്, ദൈവങ്ങളുടെയും രാഷ്ട്രങ്ങളുടെയും കോർപറേഷനുകളുടെയും സങ്കല്പിച്ചെടുത്ത യാഥാർത്ഥ്യം. കാലം കടന്നുപോകുന്നതോടെ, സങ്കല്പിച്ചെടുത്ത യാഥാർത്ഥ്യം കൂടുതൽ ശക്തിയുള്ളതായി. അങ്ങനെ ഇന്ന്, നദികളുടെയും വൃക്ഷങ്ങളുടെയും സിംഹങ്ങളുടെയും നിലനില്പുതന്നെ യുണൈറ്റഡ് നേഷൻസ്, ഗൂഗിൾ എന്നിങ്ങനെ സങ്കല്പിച്ചെടുത്ത യാഥാർത്ഥ്യങ്ങളുടെ മര്യാദയെ ആശ്രയിച്ചിരിക്കുന്നു'.

തുടർന്ന് ഡി.എൻ.എ. ഗവേഷണങ്ങൾ പിൻപറ്റി ജീവശാസ്ത്രവും ചരിത്രവും തമ്മിലുള്ള ബന്ധം സംക്ഷിപ്തമായി വിവരിക്കുന്നു, ഹരാരി.

മൂന്നാമധ്യായം, ജ്ഞാനവിപ്ലവകാലത്തെ മനുഷ്യജീവിതരീതികൾ ചിലതിന്റെ അവലോകനമാണ്. ആന്ത്രോപ്പോളജി, ആർക്കിയോളജി ഗവേഷണങ്ങൾ നൽകുന്ന വ്യാഖ്യാനങ്ങളും ഉന്നയിക്കുന്ന വാദങ്ങളും തെളിവുകളെക്കാൾ ഭാവനയാണെന്നു വിമർശിച്ചുകൊണ്ട് കാർഷികവിപ്ലവത്തിനു മുൻപുള്ള വേട്ടയാടൽ സമൂഹങ്ങളുടെ സംസ്‌കാരം ഹരാരി അപഗ്രഥിക്കുന്നു. സാമൂഹികത, ലൈംഗികത, രാഷ്ട്രീയം, പരിസ്ഥിതികൾ, കാലാവസ്ഥ, ഭൂമിശാസ്ത്രം, പ്രകൃതിവിഭവങ്ങൾ, കുടിയേറ്റം, മതങ്ങൾ, ദൈവങ്ങൾ....

നാലാമധ്യായത്തിൽ ആസ്‌ട്രേലിയയിലേക്കും അമേരിക്കയിലേക്കും മനുഷ്യർ നടത്തിയ കുടിയേറ്റങ്ങളുടെ കഥയാണുള്ളത്. ഈ പുസ്തകത്തിലുടനീളം ഹരാരി സ്വീകരിക്കുന്ന അങ്ങേയറ്റം ആർജ്ജവമുള്ള ഒരു നിലപാടുണ്ട്. അത് മനുഷ്യവർഗങ്ങളിൽ സാപിയൻസിനുമേൽ അദ്ദേഹം നടത്തുന്ന നിശിതമായ കുറ്റാരോപണമാണ്. പ്രകൃതിവിഭവങ്ങളോടും പിന്നീട് സ്വന്തം സഹജീവികളോടും മനുഷ്യർ ചെയ്ത ഹിംസാത്മകമായ നടപടികളുടെ ചരിത്രപരമായ ന്യായവിചാരണ. വലിയ ആകാംക്ഷയോടെ ഈ ഗ്രന്ഥം ആദ്യന്തം പിന്തുടരുന്ന പാരിസ്ഥിതിക പ്രതിബദ്ധത. ചുരുക്കത്തിൽ നാലാമധ്യായം, രണ്ടു ഭൂഖണ്ഡങ്ങളിൽ മനുഷ്യർ നടത്തിയ പ്രകൃതിഹിംസയുടെ കുറ്റപത്രമാണ്.

കാർഷികവിപ്ലവത്തെക്കുറിച്ചുള്ള രണ്ടാം ഭാഗത്തെ നാലധ്യായങ്ങളിലാദ്യത്തേത് ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജമായി കാർഷികവിപ്ലവത്തെ വ്യാഖ്യാനിക്കുന്നു. തെക്കുകിഴക്കൻ തുർക്കിയിലും പശ്ചിമ ഇറാനിലും ബി.സി. 9500 തൊട്ടുള്ള കാലത്താരംഭിച്ച കൃഷിയുടെ കഥ പറയുന്ന ഹരാരി എഴുതുന്നു:

'മനുഷ്യരാശിക്ക് വലിയ ഒരു മുന്നേറ്റമായിരുന്നു കാർഷികവിപ്ലവം എന്ന് പണ്ഡിതന്മാർ ഒരിക്കൽ പ്രഖ്യാപിച്ചിരുന്നു. മനുഷ്യരുടെ തലച്ചോറിന്റെ ശക്തിയാൽ നടപ്പാക്കപ്പെട്ട പുരോഗതിയുടെ ഒരു കഥ അവർ പറഞ്ഞു. പരിണാമം കൂടുതൽ കൂടുതൽ ബുദ്ധിസാമർത്ഥ്യമുള്ള ആളുകളെ സൃഷ്ടിച്ചു. ഒടുവിൽ, പ്രപഞ്ചത്തിന്റെ രഹസ്യങ്ങളെ മനസ്സിലാക്കിയെടുക്കുന്നതിനു കഴിവുള്ളവരാകത്തക്കവണ്ണം അവർ സമർത്ഥരായി. ആടിനെ പോറ്റിവളർത്തുന്നതിനും ഗോതമ്പു കൃഷി ചെയ്യുന്നതിനും അതവരെ പ്രാപ്തരാക്കി. അതു സംഭവിച്ചയുടനെ, കഷ്ടപ്പാടു നിറഞ്ഞതും അപകടസാദ്ധ്യതയുള്ളതും പലപ്പോളും കഠിനവും പരിമിതവും ആയ വേട്ടക്കാർ-ശേഖരണക്കാരുടെ ജീവിതം അവർ ഉപേക്ഷിക്കുകയും കർഷകരുടെ സന്തോഷകരവും സംതൃപ്തവുമായ ജീവിതം ആസ്വദിക്കുന്നതിനായി വാസകേന്ദ്രം ഉറപ്പിക്കുകയും ചെയ്തു.

ഈ കഥ ഒരു ദിവാസ്വപ്നമാണ്. സമയം കടന്നുപോയതോടെ ആളുകൾ കൂടുതൽ ബുദ്ധിയുള്ളവരായി എന്നതിനു യാതൊരു തെളിവുമില്ല. കാർഷികവിപ്ലവത്തിനു വളരെ മുമ്പു ഭക്ഷണം തേടിയലയുന്നവർ പ്രകൃതിയുടെ രഹസ്യം മനസ്സിലാക്കിയിരുന്നു. കാരണം തങ്ങൾ വേട്ടായടുന്ന മൃഗങ്ങളെയും ശേഖരിക്കുന്ന സസ്യങ്ങളെയും സംബന്ധിച്ചുള്ള അടുത്ത അറിവിനെ ആശ്രയിച്ചിരുന്നു അവരുടെ അതിജീവനം. സുഖകരമായ ജീവിതത്തിന്റെ പുതിയ ഒരു യുഗത്തിനു തുടക്കമായി എന്നതിനെക്കാൾ, കാർഷികവിപ്ലവം ഭക്ഷണം തേടിയലയലുകാർക്കുണ്ടായിരുന്നതിനെക്കാൾ കുറെക്കൂടി പ്രയാസം നിറഞ്ഞതും കുറവു സംതൃപ്തി നല്കിയതുമായ ജീവിതമാണ് കർഷകർക്ക് നല്കിയത്. വേട്ടക്കാർ-ശേഖരണക്കാർ തങ്ങളുടെ സമയം കുറെക്കൂടി ആവേശകരവും വ്യത്യസ്തവുമായ രീതികളിൽ ചെലവഴിച്ചു. പട്ടിണിയുടെയും രോഗത്തിന്റെയും അപകടം കുറവായിരുന്നു. കാർഷികവിപ്ലവം മനുഷ്യരാശിക്കു മുമ്പാകെ ലഭ്യമായിരുന്ന ഭക്ഷണത്തിന്റെ മൊത്തം അളവിൽ തീർച്ചയായും വർദ്ധനവുണ്ടാക്കി. എന്നാൽ കൂടുതൽ ഭക്ഷണം മെച്ചപ്പെട്ട ഭക്ഷണക്രമമോ കൂടുതൽ ഒഴിവുവേളകളോ പ്രദാനം ചെയ്തില്ല. മരിച്ച്, അത് ജനസംഖ്യാവർദ്ധനവിനും കൂടുതൽ സൗകര്യങ്ങൾ അനുഭവിക്കുന്ന വരേണ്യവർഗങ്ങളുടെ ഉയർച്ചയ്ക്കും ഇടയാക്കി. ശരാശരി കർഷകൻ ശരാശരി ഭക്ഷണംതേടിയലയലുകാരനെക്കാൾ കൂടുതൽ കഠിനമായി അദ്ധ്വാനിച്ചു, തിരിച്ച് മോശമായ ഭക്ഷണം ലഭിച്ചു. കാർഷികവിപ്ലവം ചരിത്രത്തിലെ ഏറ്റവും വലിയ ചതിവായിരുന്നു'.

കൃഷിയുടെ സാംസ്‌കാരിക ചരിത്രരചനയും രാഷ്ട്രീയവിമർശനവും ഒരുമിച്ചു നടത്തുന്ന ഈ കാഴ്ചപ്പാട്, മനുഷ്യർക്കുമേൽ പിന്നീടിങ്ങോട്ടുള്ള ഓരോ ചരിത്രഘട്ടത്തിലും കൂടുതൽ കൂടുതൽ കുറ്റാരോപണം നടത്താൻ ഹരാരിയെ പ്രേരിപ്പിക്കുന്നു. വ്യാവസായിക വിപ്ലവത്തിന്റെ ഇങ്ങേയറ്റത്തു നാം സാക്ഷ്യം വഹിക്കുന്ന ജന്തുഹിംസയുടെ ഒരവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ടദ്ദേഹം എഴുതുന്നു:

'മറ്റെല്ലാ മൃഗങ്ങളുടെയും അവസ്ഥയെ പൂർണമായും അവഗണിച്ചുകൊണ്ടു മാത്രമേ ആധുനിക സാപിയൻസിന്റെ അഭൂതപൂർവമായ നേട്ടങ്ങളെ അഭിനന്ദിക്കാൻ നമുക്കു കഴിയുകയുള്ളു. രോഗത്തിൽ നിന്നും ക്ഷാമത്തിൽ നിന്നും നമ്മെ സംരക്ഷിക്കുന്നുവെന്നു നാം പൊക്കിക്കാണിക്കുന്ന ഭൗതിക സമ്പത്തുകളിൽ മിക്കതും നാം വാരിക്കൂട്ടിയതു പരീക്ഷണശാലയിലെ കുരങ്ങന്മാരുടെയും കറവയ്ക്കു വേണ്ടി മാത്രം യന്ത്രത്തെപ്പോലെ വളർത്തപ്പെടുന്ന പശുക്കളുടെയും കൺവെയർബെൽറ്റിലെ കോഴിക്കുഞ്ഞുങ്ങളുടെയും ചെലവിലാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ നൂറു കോടിക്കണക്കിന് ജീവികളെ വ്യാവസായിക ചൂഷണത്തിനു വിധേയമാക്കിയിട്ടുണ്ട്. അത്തരം ചൂഷണങ്ങളിലെ ക്രൂരത ഭൂഗ്രഹത്തിന്റെ മുൻകാലത്തെ നാൾവഴികളിലെങ്ങും കാണാൻ കഴിയാത്തതാണ്. മൃഗാവകാശ പ്രവർത്തകർ അവകാശപ്പെടുന്നതിലെ പത്തിലൊന്നെങ്കിലും നാം അംഗീകരിക്കുന്നുവെങ്കിൽ, ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യമായിരിക്കും ആധുനിക വ്യാവസായിക കൃഷി. ആഗോള സന്തോഷത്തെ വലിയിരുത്തുമ്പോൾ, ഉയർന്ന വർഗക്കാരുടെയും യൂറോപ്പിലുള്ളവരുടെയും പുരുഷന്മാരുടെയും മാത്രം സന്തോഷത്തെ കണക്കിലെടുക്കുന്നതു തെറ്റാണ്. ഒരുപക്ഷേ മനുഷ്യരുടെ മാത്രം സന്തോഷത്തെ പരിഗണിക്കുന്നതും തെറ്റാണ്'.

ആറാമധ്യായത്തിലാണ് മനുഷ്യസംസ്‌കാരവും ചരിത്രവും സമകാലികമായ ക്രമങ്ങളിലും വ്യവസ്ഥകളിലുമൂന്നി മുന്നോട്ടുപോകുന്നതിന്റെ കൂടുതൽ ഉദാഹരണങ്ങൾ നൽകി ഹരാരി കാർഷികവിപ്ലവത്തിലും തുടർന്ന് വ്യവസായവിപ്ലവത്തിലും നാം നാഴികക്കല്ലുകളായി വാഴ്‌ത്തിയ 'നേട്ട'ങ്ങളുടെയും 'പുരോഗതി'കളുടെയും 'വളർച്ച'കളുടെയും 'വികസന'ത്തിന്റെയും ന്യായവിചാരണയാരംഭിക്കുന്നത്. B.C. 1776ലെ ഹമുറാബിയുടെ നിയമസംഹിതയും C.E. 1776ലെ അമേരിക്കൻസ്വാതന്ത്ര്യപ്രഖ്യാപനവും താരതമ്യം ചെയ്യുന്ന ഗംഭീരമായൊരു ഭാഗം ഇവിടെയുണ്ട് (പുറം 140-150). ആധുനിക വ്യക്തിവാദത്തിലേക്കുള്ള മനുഷ്യസമുദായത്തിന്റെ മാറ്റവും ഇവിടെ അപഗ്രഥിക്കപ്പെടുന്നു.

ഏഴാമധ്യായം ഭാഷ, ലിപി എന്നിവയെ കേന്ദ്രീകരിച്ച് കാർഷികവിപ്ലവകാലത്തുണ്ടായ അറിവിന്റെയും ഓർമയുടെയും എഴുത്തിന്റെയും ഗണിതത്തിന്റെയും സംഖ്യയുടെയും ഭാവനയുടെയും സ്ഥാപനങ്ങളുടെയും മറ്റും കഥ പറയുന്നു. ഈജിപ്ത്, സുമേറിയൻ, മെസൊപ്പൊട്ടേമിയൻ, ഇൻകാ, ചൈനീസ്, അറബി, ഹിന്ദുസംസ്‌കാരങ്ങൾ അറിവിന്റെ ഭാഷ വികസിപ്പിച്ചതിന്റെ ചരിത്രമാണത്.

എട്ടാമധ്യായം നീതിയെക്കുറിച്ചാണ്. പ്രകൃതിനിയമം മുതൽ ദൈവനീതിവരെ. ജാതിവ്യവസ്ഥ മുതൽ വർണവെറി വരെ. വംശശുദ്ധിവാദം മുതൽ ലിംഗവിവേചനം വരെ. ജനിതകഘടനയും യുക്തിബോധവും മുൻനിർത്തി നോക്കിയാൽ അനീതിയുടെ മൂലധനങ്ങളായി മാറിയ മനുഷ്യനിർമ്മിതികളാണല്ലോ ഇവയൊക്കെ. ചരിത്രത്തിൽ നീതിയില്ല എന്ന് കണ്ടെത്തുകയാണ് ഹരാരി. അദ്ദേഹമെഴുതുന്നു:

'മിക്ക സാമൂഹ്യ-രാഷ്ട്രീയ തട്ടുവ്യത്യാസങ്ങളും യുക്തിപരമോ ജീവശാസ്ത്രപരമോ ആയ അടിസ്ഥാനം ഇല്ലാത്തവയാണ്. എന്നാൽ യാദൃച്ഛികമായ സംഭവവികാസങ്ങൾ മിത്തുകളുടെ പിന്തുണയോടെ അത്തരം വിവേചനങ്ങളെ നിലനിർത്തുന്നു. ചരിത്രം പഠിക്കേണ്ടതിന്റെ ഒരു നല്ല കാരണം അതാണ്. കറുത്തവരും വെളുത്തവരും അതല്ലെങ്കിൽ ബ്രാഹ്മണരും ശൂദ്രരും എന്ന വിഭജനം ജീവശാസ്ത്രപരമായ വസ്തുതകളിൽ അടിസ്ഥാനപ്പെട്ടിരുന്നുവെങ്കിൽ-അതായത്, ബ്രാഹ്മണർക്ക് ശൂദ്രരെക്കാൾ മെച്ചപ്പെട്ട തലച്ചോറുണ്ടായിരുന്നുവെങ്കിൽ-മനുഷ്യസമൂഹത്തെ മനസ്സിലാക്കുന്നതിനു ജീവശാസ്ത്രം മതിയാകുമായിരുന്നു. വ്യത്യസ്ത സംഘങ്ങളായ ഹോമോ സാപിയൻസ് തമ്മിലുള്ള വ്യത്യസ്തതകൾ വാസ്തവത്തിൽ അവഗണനീയമായതിനാൽ മനുഷ്യസമൂഹത്തിന്റെയോ അമേരിക്കയിലെ വംശീയസംവിധാനത്തിന്റെയോ ഉള്ളുകള്ളികളെ വിശദീകരിക്കുന്നതിനു ജീവശാസ്ത്രം മതിയാകുന്നതല്ല. സങ്കല്പസൃഷ്ടികളെ ക്രൂരവും തീർത്തും യഥാർത്ഥവുമായ സാമൂഹ്യഘടനകളാക്കി മാറ്റിയ സംഭവങ്ങളെയും സാഹചര്യങ്ങളെയും അധികാരബന്ധങ്ങളെയും മനസ്സിലാക്കിക്കൊണ്ടു മാത്രമേ, അത്തരം പ്രതിഭാസങ്ങളെ മനസ്സിലാക്കാൻ കഴിയുകയുള്ളു'.

മൂന്നാം ഭാഗത്തെ അഞ്ചധ്യായങ്ങളും കാർഷികവിപ്ലവകാലത്തു രൂപംകൊണ്ട മനുഷ്യജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ചില സാമൂഹ്യവ്യവസ്ഥകളെ/സാങ്കല്പികക്രമങ്ങളെ/സാംസ്‌കാരികാനുഭവങ്ങളെ വിശകലനം ചെയ്യുന്നു. സാമ്പത്തികക്രമം- പണം; രാഷ്ട്രീയക്രമം-സാമ്രാജ്യത്തം; മതക്രമം-ബുദ്ധ, ക്രിസ്തു, ഇസ്ലാം മതങ്ങൾ എന്നിവ സാർവത്രികക്രമങ്ങളായി മാറിയ കാലത്തിന്റെ കഥയാണിത്. ഇവ ഓരോന്നിന്റെയും വിശകലനമാണ് യഥാക്രമം 10, 11, 12 അധ്യായങ്ങൾ. മനുഷ്യരാശിയുടെ ഐക്യപ്പെടലിനെ(unification of humankind)ക്കുറിച്ചുള്ള ദീർഘമായ ഉപന്യാസങ്ങൾ.

പത്താമധ്യായം പണത്തെക്കുറിച്ചാണ്. കൈമാറ്റ(ബാർട്ടർ)വ്യവസ്ഥയുടെ പരിമിതികളിൽ നിന്ന് രൂപംകൊണ്ട പണവ്യവസ്ഥ എങ്ങനെ ആധുനികലോകത്തിന്റെ ഏറ്റവും നിർണായകമായ സാങ്കല്പികക്രമത്തിന് ജന്മം നൽകിയെന്നതിന്റെ വിശകലനം. നാണയങ്ങൾ, സ്വർണം, വിനിമയരീതികൾ, വിശ്വാസവ്യവസ്ഥ എന്നിങ്ങനെ പണത്തിന്റെ ഘടനാപരവും സാമൂഹികവുമായ പ്രതീതികളപഗ്രഥിച്ചുകൊണ്ട് ഹരാരി ചോദിക്കുന്നു: എവിടെയെത്തിനിൽക്കുന്നു, പണത്തിന്റെ വ്യാപനക്രമം? അദ്ദേഹം എഴുതുന്നു:

'വാസ്തവത്തിൽ, ഇന്നും നാണയങ്ങളും ബാങ്കുനോട്ടുകളും പണത്തിന്റെ അപൂർവരൂപങ്ങളാണ്. ലോകത്തിൽ പണത്തിന്റെ ആകെത്തുക 60 ട്രില്യൻ ഡോളർ ആണ്. എല്ലാ പണത്തിന്റെയും 90 ശതമാനത്തിലേറെ-നമ്മുടെ കണക്കുകളിൽ പ്രത്യക്ഷപ്പെടുന്ന 50 ട്രില്യൻ ഡോളറിൽ അധികം-കമ്പ്യൂട്ടർ സർവറുകളിൽ മാത്രമാണ് നിലനില്ക്കുന്നത്. അതിൻപ്രകാരം മിക്ക ബിസിനസ് ഇടപാടുകളും നടത്തുന്നത് ഒരു കമ്പ്യൂട്ടർ ഫയലിൽ നിന്നു മറ്റൊരു കമ്പ്യൂട്ടർ ഫയലിലേക്ക് ഇലക്‌ട്രോണിക് വിവരങ്ങൾ കൈമാറിക്കൊണ്ടാണ്. അതിൽ ഭൗതികാസ്തിത്വമുള്ള പണം ഉൾപ്പെടുന്നില്ല. ഉദാഹരണമായി, പെട്ടി നിറയെ നോട്ടുകളുമായി ഒരു വീടു വാങ്ങുന്നത് ഒരു ക്രിമിനൽ മാത്രമാണ്. ഇലക്‌ട്രോണിക് ഡാറ്റയ്ക്കു പകരമായി ചരക്കുകളും സേവനങ്ങളും കൈമാറാൻ ആളുകൾ തയാറാകുന്നിടത്തോളം, അതു തിളങ്ങുന്ന നാണയങ്ങളെക്കാളും പുത്തൻ ബാങ്കുനോട്ടുകളെക്കാളും ഏറെ മെച്ചമാണ്-കനമില്ല, വലിപ്പക്കൂടുതലില്ല. നീങ്ങുന്ന വഴി കണ്ടെത്താൻ എളുപ്പമാണ്'.

മുഖ്യമായും യൂറോപ്പിനെയും ഏഷ്യയെയും കേന്ദ്രീകരിച്ചാണ് സാമ്രാജ്യത്വത്തിന്റെ ചരിത്രം ഹരാരി എഴുതുന്നത്. B.C. 2250ൽ സാർഗോൺ സ്ഥാപിച്ച അർക്കേഡിയൻ സാമ്രാജ്യം മുതൽ റോമ, ഇസ്ലാം, യൂറോപ്യൻ സാമ്രാജ്യങ്ങൾ വരെയുള്ളവയുടെ കഥ. സാമ്രാജ്യത്വത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയത്തെക്കുറിച്ച് ഹരാരി ഇങ്ങനെയെഴുതുന്നു:

'ഏതാണ്ട് 200 ബിസിക്കു ശേഷം, മിത്ത മനുഷ്യരും സാമ്രാജ്യങ്ങൾക്കുള്ളിൽ ജീവിച്ചു. ഭാവിയിലും മിക്ക മനുഷ്യരും ഒരു സാമ്രാജ്യത്തിനുള്ളിൽ ജീവിക്കാനാണു സാദ്ധ്യതയെന്നാണു കാണുന്നത്. ആ സാമ്രാജ്യത്തെ ഒരൊറ്റ രാജ്യമോ വംശീയ സംഘമോ ഭരിക്കണമെന്നു നിർബന്ധമൊന്നുമില്ല. പഴയ റോമൻ സാമ്രാജ്യത്തെയും ചൈനയിലെ സാമ്രാജ്യത്തെയും പോലെ, അനേകം വംശങ്ങൾ ഉൾക്കൊള്ളുന്നതായ വരേണ്യവർഗം ഭരിക്കുന്നതാകാം. പൊതുവായ ഒരു താല്പര്യവും പൊതുവായ ഒരു സംസ്‌കാരവും അവരെ ഒന്നിച്ചുനിർത്തുകയാണെന്നുവരാം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ലോകം ഇപ്പോളും 200 രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ രാജ്യങ്ങളിൽ ഒന്നുംതന്നെ യഥാർത്ഥത്തിൽ സ്വതന്ത്രമല്ല. അവയെല്ലാം പരസ്പരം ആശ്രയിച്ചുകഴിയുന്നു. അവയുടെ സമ്പദ്ഘടനകൾ ചേർന്നു കച്ചവടത്തിന്റെയും പണത്തിന്റെയും ഒരൊറ്റ ആഗോളസംവിധാനമായിത്തീർന്നിരിക്കുന്നു. മുതലിന്റെയും തൊഴിലിന്റെയും വിവരങ്ങളുടെയും ശക്തമായ ഒഴുക്കുകൾ അതിനെ രൂപപ്പെടുത്തുന്നു. ചൈനയിലെ ഒരു സാമ്പത്തിക പ്രതിസിന്ധിയോ യു.എസ്.എ.യിൽ നിന്നു പുറത്തുവരുന്ന ഒരു പുതിയ സാങ്കേതികവിദ്യയോ ഗ്രഹത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള സമ്പദ്ഘടനകളെ അലങ്കോലപ്പെടുത്താൻ പോന്നവയാണ്.

സാംസ്‌കാരിക പ്രവണതകളും മിന്നലിന്റെ വേഗത്തിൽ വ്യാപിക്കുന്നു. നിങ്ങൾ പോകുന്ന സ്ഥലങ്ങളിലൊക്കെയും ഇന്ത്യൻ ഭക്ഷണം കഴിക്കാനും ഹോളിവുഡ് സിനിമ കാണാനും ഇംഗ്ലീഷ് രീതിയിലുള്ള അസോസിയേഷൻ ഫുട്‌ബോൾ കാണാനും ഏറ്റവും പുതിയ കെ-പോപ് ഹിറ്റുകൾ കേൾക്കാനും കഴിയുന്നതാണ്. വ്യക്തിഗത രാജ്യങ്ങൾക്കു മീതെ ബഹുവംശ ആഗോളസമൂഹം രൂപംകൊള്ളുകയാണ്. ലോകമെങ്ങുമുള്ള സംരംഭകരും എൻഞ്ചിനിയർമാരും ബാങ്കർമാരും പണ്ഡിതരും ഒരേ ഭാഷ സംസാരിക്കുകയും സമാന അഭിപ്രായങ്ങളും താല്പര്യങ്ങളും പങ്കുവയ്ക്കുകയും ചെയ്യുന്നു.

അതിനെക്കാൾ പ്രധാനമായി, 200 രാജ്യങ്ങൾ ഒരേ ആഗോളപ്രശ്‌നങ്ങളാണ് കൂടുതൽ കൂടുതലായി പങ്കുവയ്ക്കുന്നത്. ഇന്റർ കോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈലുകളും ആണവ ബോംബുകളും അതിർത്തികളെ തിരിച്ചറിയുന്നവയല്ല. ഒരു രാഷ്ട്രത്തിനും തനിച്ച് ആണവയുദ്ധത്തെ തടയാൻ കഴിയുകയില്ല. കാലാവസ്ഥാവ്യതിയാനവും എല്ലാ മനുഷ്യരുടെയും സമൃദ്ധിയെയും നിലനില്പിനെയും ഭീഷണിപ്പെടുത്തുന്നുണ്ട്. ഒരു ഗവൺമെന്റിനും തനിച്ച് ആഗോളതാപനത്തെ നേരിടാൻ കഴിയുന്നതല്ല.

ബയോ എൻജിനിയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുതിയ സാങ്കേതികവിദ്യകൾ കുറെക്കൂടി കഠിനമായ വെല്ലുവിളികളുയർത്തുന്നു. അവസാന അദ്ധ്യായത്തിൽ നാം കാണാൻ പോകുന്നതുപോലെ, ഈ സാങ്കേതികവിദ്യകൾ നമ്മുടെ ആയുധങ്ങളുടെയും വാഹനങ്ങളുടെയും പുനർനിർമ്മിതിക്കു മാത്രമല്ല, നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും പുനർനിർമ്മിതിക്കും ഉപയോഗപ്പെടുത്തിയെന്നുവരാം. വാസ്തവത്തിൽ, അവ ഉപയോഗപ്പെടുത്തി തീർത്തും പുതിയ തരം ജീവരൂപങ്ങളെ സൃഷ്ടിക്കാനും പരിണാമത്തിന്റെ ഭാവിഗതിയെ മാറ്റാനും കഴിഞ്ഞെന്നുവരാം. സൃഷ്ടിയുടെ അത്തരം ദൈവികമായ ശക്തി എന്തുചെയ്യണമെന്ന് ആരാണു തീരുമാനിക്കുക?

ആഗോള സഹകരണമില്ലാതെ മനുഷ്യവർഗ്ഗത്തിന് ഈ വെല്ലുവിളികളെ കൈകാര്യം ചെയ്യാൻ കഴിയുന്നതിനു സാദ്ധ്യതയില്ല. അത്തരം സഹകരണം എങ്ങനെ ഉറപ്പുവരുത്തുന്നുവെന്നത് കണ്ടുതന്നെ അറിയണം. ഒരുപക്ഷേ, ആഗോളസഹകരണം അക്രമസംഘർഷങ്ങളിലൂടെയും എല്ലാത്തിനെയും കീഴടക്കുന്ന ഒരു പുതിയ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിൽക്കൂടിയും മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞുള്ളുവെന്നുവരാം. ഒരുപക്ഷേ, കുറെക്കൂടി സമാധാനപരമായി ഐക്യമുണ്ടാക്കാൻ മനുഷ്യർക്കു കഴിഞ്ഞേക്കും. എല്ലാ മനുഷ്യരുടെയും നന്മയ്ക്കു വേണ്ടി ഒരു സാർവത്രിക രാഷ്ട്രീയ സംവിധാനം പണിയുന്നതിനെക്കുറിച്ച് സൈറസിനു ശേഷം 2500 വർഷമായി അസംഖ്യം മഹാസാമ്രാജ്യങ്ങൾ വാഗ്ദാനം നടത്തിയിട്ടുണ്ട്. അവയെല്ലാം പൊളിപറഞ്ഞു. അവയെല്ലാം പരാജയപ്പെട്ടു. ഒരു സാമ്രാജ്യം പോലും യഥാർത്ഥത്തിൽ സാർവത്രികമായിരുന്നില്ല. ഒരു സാമ്രാജ്യം പോലും സകല മനുഷ്യരുടെയും ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചില്ല. ഭാവിയിലെ ഒരു സാമ്രാജ്യത്തിനു കുറെക്കൂടി മികവോടെ പ്രവർത്തിക്കാൻ കഴിയുമോ?'.

മതങ്ങളെക്കുറിച്ചുള്ള അധ്യായം, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, ദൈവശാസ്ത്രം എന്നിവയുടെയൊക്കെ പരികല്പനകൾ മുൻനിർത്തി പ്രകൃത്യാരാധന മുതൽ വിഗ്രഹാരാധന വരെയും ഏകദൈവം മുതൽ ബഹുദൈവം വരെയും ദ്വൈതം മുതൽ അദ്വൈതം വരെയുമുള്ള കാര്യങ്ങൾ ചർച്ചചെയ്യുന്നു. ഒപ്പം മതസ്വഭാവമാർജ്ജിച്ച വിശ്വാസപ്രമാണങ്ങളെക്കുറിച്ചും. കമ്യൂണിസം, നാസിസം, ഹ്യൂമനിസം എന്നിങ്ങനെ. കൗതുകകരമായ ഒരു നിരീക്ഷണം മുന്നോട്ടുവച്ച് ഹരാരി എഴുതുന്നു:

'വാസ്തവത്തിൽ, ഏകദൈവ വിശ്വാസം, ചരിത്രത്തിൽ പങ്കാളിയായ രീതിയിൽ, ഏകദൈവ വിശ്വാസത്തിന്റെയും ദ്വൈതവിശ്വാസത്തിന്റെയും അനേകദൈവ വിശ്വാസത്തിന്റെയും പ്രകൃതിശക്തി ആരാധനയുടെയും പൈതൃകങ്ങളുടെ മിശ്രണമായ ഒരു കാലിഡോസ്‌കോപ്പാണ്. അവയെല്ലാം ഒരൊറ്റ ദൈവിക കുടക്കീഴിൽ മാറിമറഞ്ഞ് അണിനിരക്കുന്നു. ശരാശരി ക്രിസ്ത്യാനി ഏകദൈവത്തിൽ വിശ്വസിക്കുന്നു, അതേസമയം ദ്വൈതപിശാചിലും ബഹുദൈവ വിശുദ്ധന്മാരിലും പ്രകൃകിശക്തി പ്രേതങ്ങളിലും വിശ്വസിക്കുന്നു. വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നു കൈക്കൊള്ളപ്പെട്ടിട്ടുള്ള ആചാരങ്ങളുടെയും നടപടികളുടെയും മിശ്രണത്തിലും വൈരുദ്ധ്യമുള്ളതും വ്യത്യസ്തവുമായ ആശയങ്ങളിലും ഒരേസമയം വിശ്വസിക്കുന്നതിന് പണ്ഡിതന്മാർ ഒരു പേരു നല്കിയിട്ടുണ്ട്. സിങ്ക്രെറ്റിസം (മിശ്രണ വിശ്വാസം) എന്നാണതിന്റെ പേര്. വാസ്തവത്തിൽ, സിങ്ക്രെറ്റിസം ആയിരിക്കാം ലോകത്തിലെ ഏറ്റവും വലിയ മതം'.

ചരിത്രത്തിലെ ചില വിപര്യയങ്ങളുടെ വിശകലനമാണ് പതിമൂന്നാമധ്യായം. ദേശീയത, മുതലാളിത്തം, മനുഷ്യാവകാശങ്ങൾ... എന്നിങ്ങനെ. ചരിത്രത്തിന്റെ പ്രയോജനമെന്താണ്? സംസ്‌കാരത്തിന്റെ സ്വഭാവവും സ്വരൂപവുമെന്താണ്? കാർഷികവിപ്ലവം സൃഷ്ടിച്ച മനുഷ്യജീവിതങ്ങളുടെ കഥ ഒൻപതധ്യായങ്ങളിൽ വിവരിച്ച ഹരാരി ശാസ്ത്രവിപ്ലവമെന്ന ഘട്ടത്തിലേക്കു കടക്കുന്നു.

'ചരിത്രം ഒരു നാല്ക്കവലയിൽ നിന്നു അടുത്തതിലേക്കു നീങ്ങുന്നു. അതിന്റെ പാതകൾ ഏതോ നിഗൂഢ കാരണത്താൽ തെരഞ്ഞെടുക്കുന്നു. എ.ഡി. 1500-നോടടുത്ത്, ചരിത്രം അതിന്റെ ഏറ്റവും പ്രധാന തെരഞ്ഞെടുപ്പു നടത്തി-അതു മനുഷ്യവർഗത്തിന്റെ വിധിയെ മാറ്റിയെന്നു മാത്രമല്ല, ഭൂമിയിലുള്ള എല്ലാ ജീവികളുടെയും വിധിയെ മാറ്റി എന്നു പറയാം. നാം അതിനെ ശാസ്ത്രവിപ്ലവം എന്നു വിളിക്കുന്നു. അതു പശ്ചിമ യൂറോപ്പിൽ ആരംഭിച്ചു. ആഫ്രോ-ഏഷ്യയുടെ പശ്ചിമഭാഗത്തുള്ള ഒരു മുനമ്പാണ് അത്. അതുവരേക്കും ആ പ്രദേശം ചരിത്രത്തിൽ കാര്യമായ പങ്കൊന്നും തന്നെ ചെയ്തിട്ടുള്ളതല്ല. എന്തുകൊണ്ടാണ് വേറെങ്ങും സംഭവിക്കാതെ, ചൈനയിലും ഇന്ത്യയിലും സംഭവിക്കാതെ, ശാസ്ത്രവിപ്ലവം അവിടെ സംഭവിച്ചത്? രണ്ടു നൂറ്റാണ്ടുകൾ മുമ്പോ മൂന്നു നൂറ്റാണ്ടുകൾക്കു ശേഷമോ അല്ലാതെ എ.ഡി. രണ്ടാം സഹസ്രാബ്ദത്തിന്റെ മദ്ധ്യത്തിൽ എന്തുകൊണ്ടാണ് അതിനു തുടക്കമായത്? നമുക്ക് അറിഞ്ഞുകൂടാ. പണ്ഡിതന്മാർ ഡസൻ കണക്കിനു സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ അവയിലൊന്നുംതന്നെ പ്രത്യേകമായി മനസ്സിൽ തട്ടുന്നവയല്ല'.

നാലാം ഭാഗത്തെ ഏഴധ്യായങ്ങൾ C.E. 500 മുതലുള്ള കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിന്റെ മനുഷ്യകഥ പിന്തുടരുന്നു. 'അറിവിന്റെ വിപ്ലവമല്ല, അജ്ഞതയുടെ വിപ്ലവമാണ് ശാസ്ത്രവിപ്ലവം' (The scientific revolution has not been a revolution of knowledge; It has been above all a revolution of ignorance). തങ്ങളെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾക്കുള്ള ഉത്തരം മനുഷ്യർക്കറിഞ്ഞുകൂടാ എന്ന തിരിച്ചറിവാണ് ശാസ്ത്രവിപ്ലവത്തിനു തുടക്കമിട്ട ഏറ്റവും മഹത്തായ കണ്ടുപിടുത്തം. 'മത'ജ്ഞാനങ്ങളിൽ നിന്ന് 'ശാസ്ത്ര'ജ്ഞാനങ്ങൾക്കുള്ള വ്യത്യാസമതാണ്. സ്വന്തം അജ്ഞത അംഗീകരിച്ചുകൊണ്ടാണ് എക്കാലത്തും ശാസ്ത്രം മുന്നോട്ടുപോയിട്ടുള്ളത്. മതങ്ങളങ്ങനെയല്ല.

ആധുനിക മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകം 1687ൽ ഐസക് ന്യൂട്ടൻ പ്രസിദ്ധീകരിച്ച 'The Mathematical Principles of Natural Philosophy'യാണ് എന്നു സൂചിപ്പിച്ചുകൊണ്ട്, 'ഗണിതം എന്ന ഭാഷയിലാണ് പ്രകൃതി എന്ന പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്' എന്ന് ന്യൂട്ടൻ കാണിച്ചുതന്നുവെന്ന് ഹരാരി പറയുന്നുണ്ട്. മരണത്തെക്കുറിച്ചുള്ള ചിന്തയും ചർച്ചയും മരണത്തെ മറികടിക്കുന്നതിനുള്ള മാർഗങ്ങളുടെ ആരായലുമാണ് ശാസ്ത്രത്തെ മുന്നോട്ടുകൊണ്ടുപോയ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മാർഗം. (മതങ്ങളുടെ മരണചിന്ത ഇവിടെയും പ്രതിലോമപരമായ ഒരു എതിർപാഠമായി നിലകൊള്ളുന്നു.) യഥാർഥത്തിൽ ശാസ്ത്രചിന്തകളെയും ചിന്തകരെയും കാൾ സാമ്രാജ്യത്ത രാഷ്ട്രീയക്രമവും മുതലാളിത്ത സമ്പദ്ഘടനയുമാണ് ശാസ്ത്രത്തിന്റെ വളർച്ചക്കും വ്യാപനത്തിനും കാരണമായത്. എങ്ങനെ? ഈ വിഷയമാണ് 15, 16 അധ്യായങ്ങളിൽ ഹരാരി ചർച്ച ചെയ്യുന്നത്.

'ശാസ്ത്രവും സാമ്രാജ്യവും' എന്ന അധ്യായം, പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയല്ല എന്നു തെളിയിച്ച കോപ്പർനിക്കസിൽ നിന്നുമാണ് തുടങ്ങുന്നത്. ക്യാപ്ടൻ ജയിംസ് കുക്കിന്റെ കപ്പലിൽ കയറി ശാസ്ത്രം സമുദ്രങ്ങളും ഭൂഖണ്ഡങ്ങളും കീഴടക്കി. ഭൂമിശാസ്ത്രം മുതൽ ജ്യോതിശാസ്ത്രം വരെയും സസ്യശാസ്ത്രം മുതൽ ജന്തുശാസ്ത്രം വരെയും ഗണിതം മുതൽ വൈദ്യം വരെയും അച്ചടി മുതൽ ഭൂപടനിർമ്മാണം വരെയും... ജ്ഞാനവിദ്യകൾ കൊണ്ട് യൂറോപ്പ് ലോകം കീഴടക്കിയ കഥയാണിത്. എന്തുകൊണ്ട് യൂറോപ്പ് എന്നതിന്റെ വിശദീകരണമാണ് മറ്റൊരർഥത്തിൽ ഈധ്യായം. കൊളോണിയലിസത്തിന്റെയും ആധുനികതയുടെയും കഥയും. വ്യവസായപുരോഗതി, റയിൽവേ എന്നിവ സാമ്രാജ്യത്വത്തിന്റെ പതാകവാഹകരായപ്പോൾ കൊളംബസും വാസ്‌കോഡഗാമയുമൊക്കെ അതിന്റെ ദൂതരായി. ഹരാരി എഴുതുന്നു:

'പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മാത്രമാണ് യൂറോപ്പ് സൈനികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ സംഭവവികാസങ്ങളുടെ രംഗവേദിയായിത്തീർന്നത്. 1500-നും 1750-നും ഇടയിൽ പശ്ചിമ യൂറോപ്പ് ഗതിവേഗം നേടുകയും പുറം ലോകത്തിന്റെ (അതാത് രണ്ടു അമേരിക്ക ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും ചേർന്ന ലോകം) അധിപൻ ആയിത്തീരുകയും ചെയ്തു. അപ്പോളും യൂറോപ്പിനു ഏഷ്യയിലെ വൻശക്തികളോടു കിടപിടിക്കാൻ കഴിയുമായിരുന്നില്ല. അമേരിക്കയെ കീഴടക്കുന്നതിനും കടലിൽ മേധാവിത്വം നേടുന്നതിനും യൂറോപ്പുകാർക്കു കഴിഞ്ഞത് പ്രധാനമായും അവയിൽ യാതൊരു താല്പര്യവും ഏഷ്യയിലെ ശക്തികൾ കാണിക്കാതിരുന്നതുകൊണ്ടാണ്. ആധുനിക കാലഘട്ടത്തിന്റെ തുടക്കനാളുകൾ മെഡിറ്ററേനിയനിൽ ഓട്ടോമാൻ സാമ്രാജ്യത്തിന്റെയും പേർഷ്യയിൽ സഫാവിദ് സാമ്രാജ്യത്തിന്റെയും ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന്റെയും ചൈനയിൽ മിങ്, ചിങ് വംശങ്ങളുടെയും സുവർണകാലം ആയിരുന്നു. അവർ തങ്ങളുടെ പ്രദേശങ്ങൾ ഗണ്യമായി വികസിപ്പിച്ചു. അഭൂതപൂർവമായ ജനസംഖ്യാവർദ്ധനവും സാമ്പത്തിക വളർച്ചയും അനുഭവപ്പെട്ടു. 1775-ൽ ലോക സമ്പദ്ഘടനയുടെ 80 ശതമാനം ഏഷ്യയുടെ വകയായിരുന്നു. ഇന്ത്യയും ചൈനയും ചേർന്നുള്ള സമ്പദ്ഘടന തന്നെ ആഗോള ഉത്പാദനത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ഉണ്ടായിരുന്നു. താരതമ്യത്തിൽ, യൂറോപ്പ് ഒരു സാമ്പത്തിക കുള്ളനായിരുന്നു.

1750-നും 1850-നും ഇടയിൽ മാത്രമാണ് ആഗോള ശക്തിയുടെ കേന്ദ്രം യൂറോപ്പിലേക്കു മാറ്റപ്പെട്ടത്. അന്നു യൂറോപ്പുകാർ ഏഷ്യയിലെ ശക്തികളെ യുദ്ധങ്ങളുടെ ഒരു ശ്രേണിയിൽ പരാജയപ്പെടുത്തുകയും ഏഷ്യയുടെ വലിയ ഭാഗങ്ങൾ കീഴടക്കുകയും ചെയ്തു. 1900 ആകുമ്പോളേക്കും യൂറോപ്പുകാർ ലോകത്തിന്റെ സമ്പദ്ഘടനയെയും അതിലെ മിക്ക പ്രദേശങ്ങളെയും കണിശമായി നിയന്ത്രിച്ചു. 1950-ൽ പശ്ചിമ യൂറോപ്പും അമേരിക്കൻ ഐക്യനാടുകളും ചേർന്നു ആഗോള ഉത്പാദനത്തിന്റെ പകുതിയിലേറെ സംഭാവനചെയ്തു. അതേസമയം, ചൈനയുടെ സംഭാവന അഞ്ചു ശതമാനമായി കുറഞ്ഞു. യൂറോപ്പിന്റെ നേതൃത്വത്തിൽ ഒരു പുതിയ ആഗോളക്രമവും ആഗോള സംസ്‌കാരവും രംഗത്തെത്തി. സ്വയം അംഗീകരിക്കാൻ തയാറാകുന്നതിനെക്കാൾ വളരെ വലിയ തോതിൽ ഇന്ന് എല്ലാ മനുഷ്യരും വേഷത്തിലും ചിന്തയിലും അഭിരുചികളിലും യൂറോപ്പുകാരാണ്. ഭീതിതോന്നുന്ന വിധത്തിൽ തങ്ങളുടെ വാചാലതയിൽ അവർ യൂറോപ്പു-വിരുദ്ധരായിരിക്കാം. എന്നാൽ ഭൂഗ്രഹത്തിലുള്ള ഏതാണ്ട് എല്ലാവരും രാഷ്ട്രീയത്തെയും വൈദ്യശാസ്ത്രത്തെയും യുദ്ധത്തെയും സാമ്പത്തികരംഗത്തെയും യൂറോപ്പുകാരുടെ കണ്ണുകളിലൂടെ കാണുകയും യൂറോപ്പിന്റെ രീതിയിലുള്ള സംഗീതവും വാക്കുകളും ഭാഷയും ചേർത്ത പാട്ടുകൾ കേൾക്കുകയും ചെയ്യുന്നു.

യുറേഷ്യയുടെ മരവിച്ച ഈ വിരലിലെ ജനങ്ങൾ എങ്ങനെയാണ് ഭൂഗോളത്തിലെ തങ്ങളുടെ ഉൾപ്രദേശത്തു നിന്നു പുറത്തുവരികയും ലോകത്തെ ആകമാനം കീഴടക്കുകയും ചെയ്തത്? അതിന്റെ ഖ്യാതി ഏറെ നല്‌കേണ്ടത് യൂറോപ്പിലെ ശാസ്ത്രജ്ഞർക്കാണ്. 1850 മുതൽ യൂറോപ്പിന്റെ മേധാവിത്തം സൈനിക-വ്യവസായ-ശാസ്ത്ര കൂട്ടുകെട്ടിലും സാങ്കേതികവിദ്യയുടെ അത്ഭുതങ്ങളിലും ആധാരിതമായിരുന്നു. ആധുനിക കാലത്തിന്റെ അവസാന നാളുകളിലെ വിജയകരമായ എല്ലാ സാമ്രാജ്യങ്ങളും ശാസ്ത്ര ഗവേഷണത്തെ പരിപോഷിപ്പിച്ചു, സാങ്കേതിക കണ്ടുപിടുത്തങ്ങൾ കൊയ്‌തെടുക്കാമെന്നായിരുന്നു പ്രതീക്ഷ. അനേകം ശാസ്ത്രജ്ഞർ തങ്ങളുടെ സമയത്തിൽ അധികവും ആയുധങ്ങളും മരുന്നുകളും യന്ത്രങ്ങളും തങ്ങളുടെ സാമ്രാജ്യത്വ യജമാനന്മാർക്കുവേണ്ടി തയാറാക്കുന്ന പ്രവൃത്തിയിൽ മുഴുകി. ആഫ്രിക്കക്കാരായ ശത്രുക്കളെ നേരിട്ട യൂറോപ്പുകാരായ പട്ടാളക്കാരുടെ ഇടയിലെ സാധാരണമായ ഒരു സംസാരമായിരുന്നു, എന്തായാലെന്താ, നമുക്കു യന്ത്രത്തോക്കുകൾ ഉണ്ട്, അവർക്ക് ഇല്ല. സൈനികേതര സാങ്കേതികവിദ്യകളും ഒട്ടും അപ്രധാനമല്ലായിരുന്നു. കാനിലടച്ച ഭക്ഷണപദാർത്ഥങ്ങൾ സൈനികൾക്ക് ഭക്ഷണമായി, റെയിൽറോഡുകളും ആവിക്കപ്പലുകളും സൈനികർക്കു യാത്രചെയ്യാനും അവർക്കുള്ള വസ്തുക്കൾ കൊണ്ടുപോകാനും ഉപയോഗപ്പെട്ടു, മരുന്നുകളുടെ പുതിയ ആവനാഴി സൈനികരെയും നാവികരെയും ലോക്കോമോട്ടീവ് എൻജിനിയർമാരെയും സുഖപ്പെടുത്തി. യന്ത്രത്തോക്കുകളെക്കാൾ കൂടുതൽ ഈ ലോജിസ്റ്റിക് നേട്ടങ്ങൾ ആഫ്രിക്കയെ കീഴടക്കാൻ യൂറോപ്പിനു സഹായകമായി'.

ഈ പുസ്തകത്തിലെതന്നെ ഏറ്റവും ശ്രദ്ധേയവും കൗതുകകരവുമായ അധ്യായങ്ങളിലൊന്നാണിത്. ശാസ്ത്രം കഴിഞ്ഞ അഞ്ചുനൂറ്റാണ്ടുകളിൽ സാമ്രാജ്യത്വത്തിന്റെ ചിറകിൽ കയറി പുതിയ ലോകങ്ങൾ വെട്ടിപ്പിടിച്ചതിന്റെ കഥ. അമേരിക്കയുടെ കണ്ടെത്തൽ മുൻനിർത്തി ഹരാരി പറയുന്നു:

'ആദ്യത്തെ ആധുനിക മനുഷ്യൻ അമെരിഗോ വെസ്പൂച്ചി ആയിരുന്നു. 1499-1504 കാലഘട്ടത്തിൽ അമേരിക്കയിലേക്കുള്ള അനേകം യാത്രകളുടെ ഭാഗമായിരുന്ന ഒരു ഇറ്റാലിയൻ നാവികനുമായിരുന്നു അദ്ദേഹം. 1502-നും 1504-നും മദ്ധ്യത്തിൽ, ആ യാത്രകളെ കുറിച്ചു വിവരിക്കുന്ന രണ്ടു ഗ്രന്ഥങ്ങൾ യൂറോപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അവ വെസ്പൂച്ചിയുടേതാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. കൊളംബസ് കണ്ടെത്തിയ പുതിയ പ്രദേശങ്ങൾ പൂർവേഷ്യൻ തീരത്തുനിന്നു മാറിയുള്ള ദ്വീപുകളല്ല പിന്നെയോ വേദപുസ്തകങ്ങൾക്കും ക്ലാസിക്കൽ ഭൂമിശാസ്ത്ര വിദഗ്ദ്ധർക്കും സമകാലിക യൂറോപ്പുകാർക്കും അറിഞ്ഞുകൂടാത്ത ഒരു വൻകരതന്നെയാണ് എന്ന് ആ ഗ്രന്ഥങ്ങൾ വാദിച്ചു. 1507-ൽ, ആ വാദങ്ങൾ ബോദ്ധ്യപ്പെട്ടതിനാൽ, മാർട്ടിൻ വാൽഡ്‌സീമുള്ളർ എന്ന ബഹുമാന്യനായ ഒരു ഭൂപടനിർമ്മാതാവ് ഒരു പരിഷ്‌ക്കരിച്ച ലോകഭൂപടം പ്രസിദ്ധീകരിച്ചു. യൂറോപ്പിൽ നിന്നു പടിഞ്ഞാറേക്കു യാത്ര തിരിച്ച നാവികക്കപ്പലുകൾ ചെന്നെത്തിയ സ്ഥലത്തെ വേറിട്ട ഒരു ഭൂഖണ്ഡമായി കാണിച്ച ആദ്യ ലോകഭൂപടമായിരുന്നു അത്. അതു വരച്ചുകഴിഞ്ഞപ്പോൾ വാൽഡ്‌സീമുള്ളറിന് അതിന് ഒരു പേരു കൊടുക്കേണ്ട ആവശ്യമുണ്ടായി. അതു കണ്ടെത്തിയത് അമെരിഗോ വെല്പൂച്ചിയാണെന്ന തെറ്റായ വിശ്വാസത്താൽ വാൽഡ്‌സീമുള്ളർ ആ വൻകരയ്ക്ക് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം അമേരിക്ക എന്നു പേരു നല്കി. വാൽഡ്‌സീമുള്ളറിന്റെ മാപ്പ് വളരെ പ്രസിദ്ധമായിത്തീർന്നു. മറ്റനേകം കാർട്ടോഗ്രാഫർമാർ അതു പകർത്തുകയും അദ്ദേഹം പുതിയ ഭൂമിക്കു നല്കിയ പേരു പ്രചരിപ്പിക്കുകയും ചെയ്തു. നമുക്ക് അറിഞ്ഞുകൂടാ എന്നു പറയുവാനുള്ള ധൈര്യം കാട്ടിയെന്നതു മാത്രം പ്രശസ്തിക്ക് ആധാരമായ, മറ്റു തരത്തിൽ മീതരെ അപ്രശസ്തനായ ഒരു ഇറ്റലിക്കാരന്റെ പേര് ഭൂമിയുടെ നാലിലൊന്നോളം വരുന്ന സ്ഥലത്തിന് (ഏഴു വൻകരകളിൽ രണ്ടെണ്ണത്തിന്) നല്കി എന്ന വസ്തുതയിൽ ഒരു കാവ്യനീതി ഒളിഞ്ഞിരിക്കുന്നില്ലേ?

അമേരിക്കയുടെ കണ്ടെത്തൽ ശാസ്ത്രവിപ്ലവത്തിന്റെ ഒരു അടിസ്ഥാന സംഭവമാണ്. കഴിഞ്ഞകാല പാരമ്പര്യങ്ങൾക്കു മീതെ വർത്തമാനകാല നിരീക്ഷണങ്ങൾക്ക് പ്രാമുഖ്യം നല്കണമെന്നു അതു യൂറോപ്പിലുള്ളവരെ പഠിപ്പിച്ചു എന്നു മാത്രമല്ല, അമേരിക്ക കീഴടക്കാനുള്ള ആഗ്രഹം യൂറോപ്പുകാരെ അതിവേഗത്തിൽ പുതിയ അറിവിനു വേണ്ടി അന്വേഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. വിശാലമായ പുതിയ പ്രദേശങ്ങൾ നിയന്ത്രിക്കുന്നതിനു വാസ്തവമായി അവർ ആഗ്രഹിക്കുന്നുവെങ്കിൽ, പുതിയ വൻകരയുടെ ഭൂമിശാസ്ത്രം, കാലാവസ്ഥ, സസ്യങ്ങൾ, ജന്തുക്കൾ, ഭാഷകൾ, സംസ്‌കാരങ്ങൾ, ചരിത്രം എന്നിവ സംബന്ധിക്കുന്ന ധാരാളം പുതിയ വിവരങ്ങൾ അവർ ശേഖരിക്കേണ്ടതുണ്ട്. ക്രിസ്തീയ വേദപുസ്തകവും പഴയ ഭൂമിശാസ്ത്ര പുസ്തകങ്ങളും പുരാതന വായ്‌മൊഴി പാരമ്പര്യങ്ങളും കൊണ്ടു യാതൊരു പ്രയോജനവുമില്ല.

അതിനുശേഷം യൂറോപ്പുകാരായ ഭൂമിശാസ്ത്ര വിദഗ്ദ്ധർ മാത്രമല്ല, മറ്റു ഏതാണ്ടെല്ലാ ജ്ഞാനശാഖകളിലെ യൂറോപ്പുകാരായ പണ്ഡിതന്മാരും ഭൂപടങ്ങൾ വരയ്ക്കാനും അവശേഷിച്ചിരുന്ന ഒഴിഞ്ഞ സ്ഥലങ്ങൾ നിറയ്ക്കാനും ആരംഭിച്ചു. തങ്ങളുടെ സിദ്ധാന്തങ്ങൾ പരിപൂർണമല്ല എന്നും തങ്ങൾക്ക് അറിഞ്ഞുകൂടാത്ത പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ടെന്നും അവർ സമ്മതിച്ചുതുടങ്ങി.

ഭൂപടത്തിലെ ശൂന്യസ്ഥലങ്ങൾ കാന്തങ്ങളെന്നവണ്ണം യൂറോപ്പുകാരെ ആകർഷിക്കുകയും കൃത്യതയോടെ അവർ അതു നിറച്ചുതുടങ്ങുകയും ചെയ്തു. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ, യൂറോപ്പുകാരായ യാത്രാസംഘങ്ങൾ ആഫ്രിക്കയെ ചുറ്റി സഞ്ചരിക്കുകയും അമേരിക്കയിൽ പര്യവേഷണം ചെയ്യുകയും പാസിഫിക്കിനും ഇന്ത്യൻ മഹാസമുദ്രത്തിനും കുറുകെ കടക്കുകയും ബേസുകളുടെയും (താവളങ്ങളുടെയും) കോളനികളുടെയും ഒരു ശൃംഖല ലോകത്തിൽ എല്ലായിടത്തുമായി സൃഷ്ടിക്കുകയും ചെയ്തു. വാസ്തവമായും ആഗോളമായ സാമ്രാജ്യങ്ങൾ ആദ്യമായി അവർ സ്ഥാപിക്കുകയും ആദ്യ ആഗോള വാണിജ്യശൃംഖല തുന്നിച്ചേർത്തു രൂപപ്പെടുത്തുകയും ചെയ്തു. ലോകത്തിന്റെ ചരിത്രത്തെ യൂറോപ്പുകാരുടെ സാമ്രാജ്യത്വ സംഘയാത്രകൾ മാറ്റിമറിച്ചു. ഒറ്റപ്പെട്ട ജനതകളുടെയും സംസ്‌കാരങ്ങളുടെയും ചരിത്രങ്ങളുടെ ഒരു ശ്രേണി എന്നതിൽ നിന്ന് അതു കൂട്ടിച്ചേർക്കപ്പെട്ട നിലയിലുള്ള ഒരൊറ്റ മനുഷ്യസമൂഹത്തിന്റെ ചരിത്രമായി മാറി'.

ശാസ്ത്രവും മുതലാളിത്തവും തമ്മിലുള്ള ബന്ധം ചർച്ചചെയ്യുന്ന പതിനാറാമധ്യായം വ്യവസായാധുനികതയെയും ശാസ്ത്രപുരോഗതിയെയും കൂട്ടിയിണക്കുന്നതിൽ കാപ്പിറ്റലിസം വഹിച്ച പങ്ക് ചൂണ്ടിക്കാണിക്കുന്നു. മികച്ച 'കഥ'കൾകൊണ്ട് ബാങ്കിങ് ഉൾപ്പെടെയുള്ള മേഖലകളുടെ സമ്പദ്ശാസ്ത്രം വിവരിച്ച് 'പുരോഗതി' എന്ന താക്കോൽവാക്കിന്റെ രാഷ്ട്രീയം ഹരാരി വിശകലനം ചെയ്യുന്നു. അതിന്റെ ഗതിവഗതികളും ഏറ്റിറക്കങ്ങളും നിർണയിക്കുന്ന മുതലാളിത്തത്തിന്റെ യുക്തികളും.

'ആധുനിക ചരിത്രത്തിൽ സാമ്പത്തികശാസ്ത്രത്തിന്റെ (ഇക്കോണമിക്‌സിന്റെ) വാസ്തവമായ പങ്കു മനസ്സിലാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പണം എങ്ങനെ രാഷ്ട്രങ്ങളെ സ്ഥാപിക്കുകയും നശിപ്പിക്കുകയും ചെയ്തു, പുതിയ ചക്രവാളങ്ങൾ തുറക്കുകയും ദശലക്ഷക്കണക്കിനു ആളുകളെ അടിമകളാക്കുകയും ചെയ്തു, വ്യവസായ ചക്രം അനക്കി, നൂറു കണക്കിനു സ്പീഷിസുകളെ നാമാവശേശമാക്കി എന്നൊക്കെ വിശദീകരിക്കാൻ വാള്യങ്ങൾ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ആധുനിക ചരിത്രത്തെ മനസ്സിലാക്കുന്നതിനും, നിങ്ങൾ ഒരൊറ്റ വാക്കുമാത്രം മനസ്സിലാക്കിയാൽ മതി, ആ വാക്കാണ് വളർച്ച. നന്മയ്ക്കും തിന്മയ്ക്കും രോഗത്തിനും സുഖത്തിനും ആധുനിക സമ്പദ്ഘടന ഹോർമോൺ കുത്തിവച്ച കൗമാരക്കാരെ പോലെ വളർന്നുകൊണ്ടിരുന്നു. അതിനു കണ്ടെത്താനാകുന്നതിനെയെല്ലാം അതു ഭക്ഷിച്ചു, നിങ്ങൾ നോക്കിയിരിക്കെ അതു വളരുകയും ചെയ്തു'.

ആദംസ്മിത്തിന്റെ ചിന്തകളിലൂടെ ആധുനികപൂർവ-ആധുനികസമ്പദ്ഘടനകൾ വിശദീകരിക്കുന്ന ഹരാരി യൂറോപ്പിന് കോയ്മ സൃഷ്ടിച്ചുകൊടുത്ത കൊളംബസിന്റെയും ഗാമയുടെയും സ്‌പെയിനിന്റെയും ഡച്ചുകാരുടെയും ഫ്രാൻസിന്റെയും ബ്രിട്ടന്റെയും വളർച്ച മാത്രമല്ല, ഇന്ത്യ കീഴടക്കിയ ഈസ്റ്റിന്ത്യാ കമ്പനിയുൾപ്പെടെയുള്ള 'ജോയിന്റ് സ്റ്റോക്ക്' കമ്പനികളുടെയും കഥ വിവരിക്കുന്നു.

കാർഷികവിപ്ലവം പോലെ തന്നെ മുതലാളിത്തവും ഒരു ചതിക്കുഴിയാണ് എന്ന കാര്യത്തിൽ ഹരാരിക്കു സംശയമേതുമില്ല. പക്ഷെ അതിനു പ്രതിവിധികളില്ല. കുറച്ചുകാലം മുതലാളിത്തത്തിനു മറുമരുന്നായി ചിലർ കണ്ട കമ്യൂണിസം പ്രകൃതിവിരുദ്ധതയിലും മനുഷ്യവിരുദ്ധതയിലും കാപ്പിറ്റലിസത്തിന്റെതന്നെ മറ്റൊരു രൂപമാണ്. അതിനാൽ അതു മുതലാളിത്തത്തിനു പ്രതിവിധിയല്ല. മുതലാളിത്തത്തെ നിങ്ങൾക്കിഷ്ടമില്ലായിരിക്കാം, പക്ഷെ അതു കൂടാതെ നിങ്ങൾക്കു ജീവിതം സാധ്യമല്ല എന്നതാണ് യാഥാർഥ്യം-ഹരാരി സമർഥിക്കുന്നു.

വ്യവസായവിപ്ലവത്തിന്റെ ചക്രങ്ങളായി പ്രവർത്തിക്കുന്ന ഊർജ്ജവും അസംസ്‌കൃതവിഭവങ്ങളും മുൻനിർത്തിയുള്ള ചരിത്രവിശകലനമാണ് അടുത്ത അധ്യായം. ആവിയന്ത്രം തൊട്ടുള്ള കഥ. വ്യവസായവിപ്ലവത്തിനു മുൻപുള്ള സഹസ്രാബ്ദത്തിന്റെ സ്ഥിതിവിശേഷം സൂചിപ്പിക്കുന്ന ഗ്രന്ഥകാരൻ ഉല്പാദനസംസ്‌കാരവും ഉപഭോഗസംസ്‌കാരവും എങ്ങനെ മുതലാളിത്തത്തിന്റെ സമഗ്രഭാവം വെളിപ്പെടുത്തുന്നുവെന്നു വിശദീകരിക്കുകയാണ് ഈയധ്യായത്തിൽ. മുൻപുള്ള മുഴുവൻ മത, രാഷ്ട്രീയ ധാർമ്മികതകളിൽ നിന്നും ഭിന്നമായി മുതലാളിത്ത ധാർമ്മികതക്കുള്ള ആനന്ദമൂല്യം ഹരാരി ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യനും ലോകവും എത്തിനിൽക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയുടെ വർത്തമാനത്തെക്കുറിച്ചാണ് പതിനെട്ടാമധ്യായം. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, സമുദ്രനിരപ്പുയരൽ, മലിനീകരണം തുടങ്ങിയവ ഭൂമിയെയും മനുഷ്യരെയും നശിപ്പിക്കാം. അതേസമയം വ്യവസായവിപ്ലവം മനുഷ്യവർഗത്തിൽ സൃഷ്ടിച്ച രണ്ട് സാമൂഹ്യവിപ്ലവങ്ങളെയും കാണാതിരുന്നുകൂടാ. കുടുംബത്തിന്റെയും പ്രാദേശിക സമുദായത്തിന്റെയും (local intimate community) തകർച്ചയാണ് ഒന്നാമത്തേത്. സാങ്കല്പിക സമുദായങ്ങളുടെ (imagined communities) ഉദയമാണ് രണ്ടാമത്തേത്. രാജ്യവും ഉപഭോക്തൃസമുദായവുമാണ് ഹരാരി ചൂണ്ടിക്കാണിക്കുന്ന രണ്ടുദാഹരണങ്ങൾ. രാഷ്ട്രത്തിന്റെ ഭാവനാത്മക സമുദായമാണ് രാജ്യം. വിപണിയുടെ സാങ്കല്പിക സമുദായമാണ് ഉപഭോക്താക്കൾ.

മനുഷ്യന്റെ കഥയിൽ കഴിഞ്ഞ അഞ്ഞൂറുവർഷങ്ങളുടെ ആനുഭാവികമായ ബാക്കിപത്രമെന്താണ്? ചരിത്രകാരർ ചോദിക്കാത്ത ഈ ചോദ്യമാണ് അടുത്ത അധ്യായത്തിൽ ഹരാരി മുന്നോട്ടുവയ്ക്കുന്നത്. ഇതുതന്നെയാണ് ഈ പുസ്തകത്തിന്റെ മൗലികതയും തനിമയും പ്രസക്തിയും. ആൽഡസ് ഹക്‌സ്‌ലിയെയും ജോർജ് ഓർവെലിനെയും ഉദ്ധരിച്ചുകൊണ്ടും സാമൂഹ്യശാസ്ത്രം മുതൽ മനഃശാസ്ത്രം വരെയുള്ളവ പിൻപറ്റിക്കൊണ്ടും സാമൂഹ്യവും ഭൗതികവും വ്യക്തിനിഷ്ഠവുമൊക്കെയായ മൂല്യത്തെക്കുറിച്ചാണ് ഹരാരി ഇവിടെ ചർച്ചചെയ്യുന്നത്. സന്തോഷത്തെ(happiness)ക്കുറിച്ച്. ജീവിതത്തിന്റെ അർഥം എന്തെന്നന്വേഷിക്കുകയും സന്തോഷത്തിന്റെ ചരിത്രമെഴുതേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഗ്രന്ഥകാരൻ, നിലനിൽക്കുന്ന ചരിത്രവിജ്ഞാനീയത്തിലെ ഏറ്റവും വലിയ വിടവുകളിലൊന്നാണ് ഇത്തരം മാനുഷികമൂല്യങ്ങളെക്കുറിച്ചുള്ള അജ്ഞത എന്ന് സ്ഥാപിക്കുകയും ചെയ്യുന്നു.

അവസാന അധ്യായം, ആഗോളവൽക്കരിക്കപ്പെട്ട ലോകക്രമത്തിൽ ശാസ്ത്രവും വ്യവസായിക വിപ്ലവവും ചേർന്നുണ്ടാക്കിക്കൊണ്ടിരിക്കുന്ന വൻ മാറ്റങ്ങൾ മനുഷ്യജീവിതത്തിലും ചരിത്രത്തിലും സൃഷ്ടിക്കാവുന്ന പ്രഭാവങ്ങളെക്കുറിച്ചാണ്. അസാമാന്യമായ ഉൾക്കാഴ്ചകളോടെ ഹരാരി ഈ വിഷയം ചർച്ചചെയ്യുന്നു. ദൈവമാകുന്നതിന്റെ വക്കിലെത്തിയ മനുഷ്യനെക്കുറിച്ചുള്ള കനത്ത ഉൽക്കണ്ഠകൾ പങ്കുവയ്ക്കുകയും ജീവിതത്തിന്റെ നിയമങ്ങൾ മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യകൾ ചൂണ്ടിക്കാണിക്കുകയും (ഇന്റലിജന്റ്, ഡിസൈൻ, ബയോ-എഞ്ചിനീയറിങ്, ജനറ്റിക് എഞ്ചിനീയറിങ്, സൈബോർഗ് എഞ്ചിനീയറിങ്, ജീനോം മാപ്പിങ്, ഇൻഓർഗാനിക് എഞ്ചിനീയറിങ്.....) ചെയ്യുന്നു അദ്ദേഹം. തലച്ചോറും കംപ്യൂട്ടറും തമ്മിൽ ആശയവിനിമയം സാധ്യമാകാവുന്ന ഇന്റർ-ബ്രെയ്ൻ-നെറ്റ് സൃഷ്ടി ഉടനുണ്ടാകുമോ? അപ്പോൾ ഓർമയുടെ രീതി എന്തായിരിക്കും? ബയോണിക് കൈകൾ പോലുള്ള അവയവങ്ങൾ ശരീരത്തിന്റെ ധർമങ്ങളെ എങ്ങനെ പുനർനിർണയിക്കും? തൊഴിലെടുക്കുന്നതിലും കായിക-ബൗദ്ധിക ശേഷിയിലുമൊക്കെ കുറെക്കൂടി മെച്ചപ്പെട്ട ഒരു 'ഹോമോ'യെ നിർമ്മിക്കാൻ കഴിഞ്ഞാൽ സാപിയൻസിന്റെ പ്രസക്തി എന്തായിരിക്കും? ഹരാരി ഉപസംഹരിക്കുന്നു:

'എഴുപതിനായിരം വർഷങ്ങൾക്കു മുമ്പ്, ഹോമോ സാപിയൻസ് ആഫ്രിക്കയുടെ ഒരു കോണിൽ അപ്പോളും സ്വന്തം കാര്യം നോക്കിനടത്തിയിരുന്ന ഒരു അപ്രധാന മൃഗമായിരുന്നു. തുടർന്നുള്ള സഹസ്രാബ്ദങ്ങളിൽ ഭൂഗ്രഹത്തിന്റെ ആകമാനം യജമാനനായും പരിസ്ഥിതിയുടെ ഭീകരതയായും അതു സ്വയം മാറ്റിയെടുത്തു. ഇന്ന് അത് ദൈവമാകുന്നതിന്റെ വക്കിൽ നിൽക്കുന്നു. അതു നിത്യയൗവനം മാത്രമല്ല, ദൈവിക കഴിവുകളായ സൃഷ്ടിസംഹാരങ്ങളും ആർജിക്കാൻ സാദ്ധ്യതയുണ്ട്.

നിർഭാഗ്യമെന്നു പറയട്ടെ, സാപിയൻസിന്റെ ഭൂമിയിലെ വാഴ്ച ഇതുവരെ നമുക്കു അഭിമാനിക്കാവുന്ന യാതൊന്നും സൃഷ്ടിച്ചില്ല. നാം നമ്മുടെ ചുറ്റുപാടുകളെ കീഴടക്കി, ഭക്ഷ്യോത്പാദനം വർദ്ധിപ്പിച്ചു, നഗരങ്ങൾ പണിതു, സാമ്രാജ്യങ്ങൾ സ്ഥാപിച്ചു. വിദൂരദേശങ്ങളിൽ വ്യാപാരശൃംഖലകൾ സ്ഥാപിച്ചു. പക്ഷേ ലോകത്തിലെ ദുരിതത്തിന്റെ അളവിൽ നാം എന്തെങ്കിലും കുറവു വരുത്തിയോ? മനുഷ്യശക്തിയിലെ വർദ്ധനവ് വ്യക്തികളായ സാപിയൻസിന്റെ സുഖത്തെ മെച്ചപ്പെടുത്തിയില്ല, മറ്റു ജീവികൾക്ക് ഏറെ ദുരിതങ്ങൾക്കു കാരണമാകുകയും ചെയ്തു.

കഴിഞ്ഞ ഏതാനും ദശകങ്ങളിൽ മനുഷ്യരുടെ അവസ്ഥയിൽ നാം ഒടുവിൽ യഥാർത്ഥമായ അല്പം പുരോഗതി നേടി. ക്ഷാമവും പകർച്ചവ്യാധിയും യുദ്ധവും കുറഞ്ഞു. ഏങ്കിലും മറ്റു ജീവികളുടെ അവസ്ഥ മുമ്പെന്നത്തെക്കാളും വേഗത്തിൽ വഷളായിക്കൊണ്ടിരിക്കുന്നു. മനുഷ്യരാശിയുടെ പുരോഗമനം പറയാൻ കഴിയാത്തവണ്ണം ദുർബലവുമാണ്.

തന്നെയുമല്ല, മനുഷ്യർക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അത്ഭുതകരമാണെങ്കിലും, നമ്മുടെ ലക്ഷ്യം എന്താണെന്നു നമുക്കു ഉറപ്പില്ല, നാം എന്നത്തെയും പോലെ അസംതൃപ്തരാണ്. നാം കൊതുമ്പുവള്ളങ്ങളിൽ നിന്നു കമ്പനിവള്ളങ്ങളിലേക്കും കെട്ടുവഞ്ചികളിലേക്കും കാറ്റുവഞ്ചികളിലേക്കും ആവിക്കപ്പലുകളിലേക്കും ആകാശക്കപ്പലുകളിലേക്കും സ്‌പേസ്ഷട്ടിലുകളിലേക്കും മുന്നേറി-എന്നാൽ നാം എവിടേക്കു പോകുന്നുവെന്നു ആർക്കും അറിഞ്ഞുകൂടാ. നാം മുമ്പെന്നത്തെക്കാളും ശക്തരാണ്. എന്നാൽ ആ ശക്തി എങ്ങനെ വിനിയോഗിക്കണമെന്നു നമുക്കറിഞ്ഞുകൂടാ. മനുഷ്യർ എന്നത്തെക്കാളും കൂടുതൽ നിരുത്തരവാദികളായിരിക്കുന്നുവെന്നു തോന്നുന്നത് അതിനെക്കാൾ വഷളായ കാര്യമാണ്. ഫിസിക്‌സിന്റെ നിയമങ്ങൾ മാത്രം കൂട്ടായുള്ളവരും സ്വയം ദൈവങ്ങളായവരുമായ നാം ആരോടും കണക്കുപറയാൻ ബാദ്ധ്യസ്ഥരല്ല. തത്ഫലമായി നാം നമ്മുടെ സഹജീവികളുടെ മേലും നമ്മിടെ പരിസ്ഥിതിയുടെ മേലും വിനാശം ചൊരിയുകയാണ്. നമ്മുടെ സുഖവും വിനോദവും മാത്രമാണ് നമുക്കു പ്രധാനം. എന്നിട്ടും ഒരിക്കലും സംതൃപ്തി കണ്ടെത്തുന്നില്ല.

തങ്ങൾക്ക് എന്താണ് വേണ്ടതെന്ന് അറിഞ്ഞുകൂടാത്ത അസംതൃപ്തരും നിരുത്തരവാദികളുമായ ദൈവങ്ങളെക്കാൾ കൂടുതൽ അപകടകാരികളായ ആരെങ്കിലും ഉണ്ടോ?'.

തന്റെ അടുത്ത ഗ്രന്ഥമായ 'Homo Deus'സിൽ ഈ കാഴ്ചപ്പാടാണ് ഹരാരി വികസിപ്പിക്കുന്നത്. സാപിയൻസിനു ശേഷം രൂപപ്പെടാവുന്ന നവമാനവികന്റെ ഭാവനാത്മക ഭാവിചരിത്രം മനുഷ്യൻ തന്നെ ദൈവമായി/സ്രഷ്ടാവായി മാറുന്ന അവസ്ഥയുടെ ആഖ്യാനം. ഹരാരിയുടെ കാവ്യാത്മക ഗദ്യത്തെ അതിന്റെ ചാരുതയും ലാവണ്യവും ചടുലതയും വിട്ടുപോകാതെ പുനർസൃഷ്ടിക്കാൻ വിവർത്തനത്തിൽ സിനു കുര്യൻ ജോർജിന് കഴിഞ്ഞിട്ടില്ലെങ്കിലും ഈ തർജമ ആഖ്യാനപരമായി ഭദ്രവും വസ്തുതാപരമായി കൃത്യവും ഭാഷാപരമായി തെറ്റുകളില്ലാത്തതുമാണ്. തീർത്തും വായനാക്ഷമം. അനുപമമായ ഒരു ജ്ഞാന, ചരിത്ര, സംസ്‌കാര പഠനമാണ് സാപിയൻസ്. മനുഷ്യചരിത്രത്തിന്റെ, കാലാനുക്രമമോ രേഖീയമോ ആയ ആഖ്യാനമല്ല ഹരാരി ലക്ഷ്യമിടുന്നത്. സ്ഥൂലമായ ഒരു ഘട്ടവിഭജനം മുൻനിർത്തി ലോകചരിത്രത്തിൽ ഇടം നേടിയ ജ്ഞാന-സംസ്‌കാര സ്വരൂപങ്ങളെ മനുഷ്യജീവിതത്തിന്റെ അനുഭവവൈവിധ്യങ്ങളിൽ കണ്ടെടുത്തു വ്യാഖ്യാനിക്കുകയാണദ്ദേഹത്തിന്റെ രീതി. അതിനിശിതമായ അക്കാദമിക ധാരണകൾ. അതിബൃഹത്തായ കാഴ്ചവട്ടം. അതിസമർഥമായ രചനാരീതിശാസ്ത്രം. അതിസുന്ദരമായ അവതരണകല-നമ്മുടെ കാലത്തിന്റെ ക്ലാസിക്കായി സാപിയൻസ് മാറുന്നത് ഇതുപോലുള്ള എത്രയെങ്കിലും കാരണങ്ങൾ കൊണ്ടാണ്. ജെ.ഡി. ബർണാൽ എഴുതിയ സയൻസിന്റെ ചരിത്രവും വിൽഡൂറാന്റിന്റെ തത്വചിന്തയുടെ കഥയും വായനക്കാരുടെ മനസ്സിലെത്താം. എങ്കിലും ബർണാലിന്റേതുപോലെ സമഗ്രമോ ഡുറാന്റിന്റേതുപോലെ സൂക്ഷ്മമോ അല്ല ഹരാരിയുടെ സമീപനം. ഈ പുസ്തകം വായിച്ചാൽ നമുക്ക് സംസ്‌കാരത്തെയും ചരിത്രത്തെയും നിർണയിച്ച വിജ്ഞാനവിപ്ലവങ്ങൾ മനുഷ്യനെ നിർമ്മിച്ചതിന്റെ മറ്റാരും ഇന്നോളം പറയാത്ത കഥ മനസിലാകും. നമ്മുടെ തന്നെ കഥയാണല്ലോ അത്.

പുസ്തകത്തിൽ നിന്ന്:-

'കഴിഞ്ഞ അഞ്ഞൂറുവർഷക്കാലം മനുഷ്യരുടെ ശക്തിയിൽ അത്ഭുതകരവും മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതുമായ തരത്തിൽ വളർച്ചയുണ്ടായി. 1500-ൽ ലോകത്തിൽ ആകമാനം 500 മില്യൻ ഹോമോ സാപിയൻസ് ഉണ്ടായിരുന്നു. ഇന്ന് 7 ബില്യൻ ഉണ്ട്. 1500-ൽ മനുഷ്യവർഗം ഉത്പാദിപ്പിച്ച ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തമൂല്യം ഇന്നത്തെ ഡോളറിൽ 250 ബില്യൻ ഡോളർ എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ന് ഒരു വർഷത്തെ മനുഷ്യ ഉത്പാദനത്തിന്റെ മൂല്യം 60 ട്രില്യൻ ഡോളറിനോടടുത്തുവരുന്നു. 1500-ൽ മനുഷ്യരാശി 1500 ട്രില്യൻ കലോറി ഊർജം പ്രതിദിനം അകത്താക്കി. (വർദ്ധനവിന്റെ ഈ കണക്കുകൾ ഒന്നു കൂടി ശ്രദ്ധിക്കുക - മനുഷ്യജനസംഖ്യ 14 മടങ്ങ്, ഉത്പാദനം 240 മടങ്ങ്, ഊർജ ഉപഭോഗം 115 മടങ്ങ്.)

ഒരു ആധുനിക പടക്കപ്പൽ കൊളംബസിന്റെ കാലത്തിലേക്കു കൊണ്ടുപോകുന്നുവെന്നു കരുതുക. സെക്കൻഡുകൾ കൊണ്ട് നിഞ്ഞ, പിന്റ, സാന്റാ മരിയ എന്നിവയെ ഇടിച്ചുതരിപ്പണമാക്കി തടിക്കഷണങ്ങൾ കടലിലൂടെ ഒഴുക്കുമാറാക്കാൻ അതിന് കഴിയും. എന്നിട്ട് എല്ലാ ലോകശക്തികളുടെയും നാവികസേനകളെ മുക്കിക്കളയാനും ഒരു പോറൽ പോലും ഏൽക്കാതെ നിലനില്ക്കുവാനും കഴിയും. ലോകത്തിലെ മുഴുവൻ കച്ചവടക്കപ്പൽച്ചരക്കുകളും ആധുനികമായ അഞ്ചു ചരക്കുകപ്പലുകളിൽ ഉൾക്കൊള്ളുമായിരുന്നു. മദ്ധ്യകാലത്തിലെ എല്ലാ ഗ്രന്ഥശാലകളിലെയും പുസ്തകങ്ങളിലെയും ചുരുളുകളിലെയും വാക്കുകളും സംഖ്യകളും എല്ലാം ഒരു ആധുനിക കമ്പ്യൂട്ടറിൽ സൂക്ഷിച്ചുവെച്ചുകഴിഞ്ഞു പിന്നെയും അതിൽ സ്ഥലം അവശേഷിക്കുന്നുണ്ടാവും. ലോകമാകമാനമുള്ള ആധുനികപൂർവ രാജ്യങ്ങളിലെ പണമെല്ലാം ചേർത്തുവച്ചാൽ അതിനെക്കാൾ കൂടുതൽ പണം ഇന്നത്തെ ഏതു വലിയ ബാങ്കിന്റെ ശേഖരത്തിലും ഉണ്ടാകും.

1500-ൽ 100,000-ലധികം നിവാസികളുള്ള തീരെക്കുറവു നഗരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. മിക്ക കെട്ടിടങ്ങളും കുഴച്ചമണ്ണും തടിയും വൈക്കോലും കൊണ്ടു നിർമ്മിച്ചവയാണ്. മൂന്നുനില കെട്ടിടം അംബരചുംബിയായിരുന്നു. നിരത്തുകൾ കുടുക്കമുള്ള പാതകളായിരുന്നു. വേനല്ക്കാലത്തു പൊടിയും മഞ്ഞുകാലത്ത് ചള്ളയും നിറഞ്ഞവ, കാൽനടക്കാരും കുതിരകളും ആടുകളും കോഴികളും ഏതാനും വണ്ടികളും ഉപയോഗപ്പെടുത്തിയവ. ഏറ്റവും സാധാരണമായ നഗരശബ്ദങ്ങൾ മനുഷ്യരുടേതും മൃഗങ്ങളുടേതും ആയിരുന്നു. ഇടയ്‌ക്കൊക്കെ ചുറ്റികയുടെയും വാളിന്റെയും ശബ്ദം കേൾക്കാം. സൂര്യാസ്തമനത്തിൽ, നഗരപ്രദേശം ഇരുട്ടിലായി, ഇടയിലെവിടെയെങ്കിലും മെഴുകുതിരിയോ തീനാളമോ ഇരുട്ടിൽ പ്രകാശിക്കും. അത്തരമൊരു നഗരത്തിലെ ഒരു നിവാസി ആധുനിക കാലത്തെ ടോക്യോ, ന്യുയോർക്ക്, അല്ലെങ്കിൽ മുംബൈ കണ്ടാൽ, അവൾക്ക് എന്താണ് തോന്നുക?

പതിനാറാം നൂറ്റാണ്ടിനു മുമ്പ്, ഒരു മനുഷ്യനും ഭൂമിയെ ചുറ്റി സഞ്ചരിച്ചില്ല. 1522-ൽ 72,000 കിലോമീറ്ററുകൾ താണ്ടിയതിനു ശേഷം മഗെല്ലന്റെ യാത്ര മടങ്ങി സ്‌പെയിനിൽ എത്തിയപ്പോൾ അതിനു മാറ്റംവന്നു. അതിനു മൂന്നു വർഷം വേണ്ടിവന്നു. മഗെല്ലൻ ഉൾപ്പെടെ ഏതാണ്ട് എല്ലാ സംഘാംഗങ്ങളുടെയും ജീവൻ നഷ്ടപ്പെടുകയും ചെയ്തു. സമ്പന്നനായ ഫിലിയസ് ഫോഗ് എന്ന ബ്രിട്ടീഷ് സാഹസികന് 80 ദിവസങ്ങൾ കൊണ്ടു ലോകം ചുറ്റാൻ കഴിയുമെന്നു 1873-ൽ ജൂൾസ് വെർനെയ്ക്ക് സങ്കല്പിക്കാൻ കഴിഞ്ഞു. ഇന്ന് മദ്ധ്യവർഗ വരുമാനമുള്ള ആർക്കും സുരക്ഷിതമായും അനായാസമായും ഭൂമിയെ 48 മണിക്കൂറിൽ ചുറ്റിസഞ്ചരിക്കാം.

1500-ൽ മനുഷ്യർ ഭൂമിയുടെ ഉപരിതലത്തിൽ മാത്രം പരിമിതപ്പെട്ടിരുന്നു. അവർക്കു ഗോപുരങ്ങൾ പണിയാനും പർവതങ്ങൾ കയറാനും കഴിയുമായിരുന്നു. എന്നാൽ ആകാശം പക്ഷികൾക്കും മാലാഖമാർക്കും ദൈവങ്ങൾക്കും വേണ്ടി നീക്കിവച്ചിരുന്നു. 1969 ജൂലൈ 20-ന് മനുഷ്യർ ചന്ദ്രനിലെത്തി. അതൊരു ചരിത്രനേട്ടം മാത്രമായിരുന്നില്ല. പിന്നെയോ പരിണാമ വഴിയിലും പ്രാപഞ്ചികമായിപ്പോലും അതൊരു വലിയ സംഭവമായി. കഴിഞ്ഞ കാലത്ത് പരിണാമത്തിന്റെ നാല് ബില്യൻ വർഷങ്ങളിൽ, ഒരു ജീവിക്കും ഭൂമിയുടെ അന്തരീക്ഷത്തിന് അപ്പുറം പോലും പോകാൻ കഴിഞ്ഞിട്ടില്ല. തീർച്ചയായും ആരും ചന്ദ്രനിൽ ഒരു പാദമുദ്രയോ നീരാളിക്കൈമുദ്രയോ പതിപ്പിച്ചിട്ടില്ല.

ചരിത്രത്തിൽ അധികവും, മനുഷ്യർ ഗ്രഹത്തിലെ ജീവജാലങ്ങളിൽ 99.99 ശതമാനം വരുന്ന സൂക്ഷ്മജീവികളെ അറിഞ്ഞിരുന്നില്ല. അവ നമ്മെ ബാധിക്കുന്നവ അല്ല എന്നതുകൊണ്ടല്ല. നമ്മിൽ ഓരോരുത്തരും നമ്മോടൊപ്പം ബില്യൻ കണക്കിനു ഒറ്റക്കോശജീവികളെ കൂട്ടുന്നുണ്ട്. അതും വെറുതെയല്ല. അവ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ഏറ്റവും മാരകമായ ശത്രുക്കളും ആണ്. അവയിൽ ചിലതു നമ്മുടെ ഭക്ഷണം ദഹിപ്പിക്കാനും നമ്മുടെ കുടലിനെ ശുദ്ധിയാക്കാനും സഹായിക്കുന്നു. മറ്റു ചിലത് രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമാകുന്നു. എങ്കിലും 1674-ൽ മാത്രമാണ് മനുഷ്യനേത്രം കൊണ്ടു ഒരു സൂക്ഷ്മജീവിയെ ആദ്യമായി കണ്ടത്. അന്നാണ് ആന്റൺ വാൻ ല്യൂ വെൻഹൂക് തന്റെ ഭവനത്തിലുണ്ടാക്കിയ മൈക്രോസ്‌കോപ് ഉപയോഗപ്പെടുത്തി നോക്കിയതും ഒരു തുള്ളി വെള്ളത്തിൽ പുളച്ചുമറിയുന്ന സൂക്ഷ്മജീവികളുടെ ഒരു ആകമാനലോകം തന്നെ കണ്ടെത്തിയതും. അതിനുശേഷമുള്ള 300 വർഷങ്ങളിൽ, മൈക്രോസ്‌പോപ്പിലൂടെ കാണാൻ കഴിയുന്ന അനേകം സ്പീഷിസുകളെ മനുഷ്യർ പരിചയപ്പെട്ടു. അവ വരുത്തിവയ്ക്കുന്ന മാരകമായ പകർച്ചവ്യാധികളിൽ പലതിനെയും കീഴടക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. സൂക്ഷ്മജീവികളെ വൈദ്യശാസ്ത്രത്തിലും വ്യവസായങ്ങളിലും ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഇന്നു നമ്മൾ ബാക്ടീരിയയിൽ മാറ്റങ്ങൾ വരുത്തുകയും മരുന്നുകൾ നിർമ്മിക്കുകയും ജൈവഇന്ധനങ്ങൾ ഉത്പാദിപ്പിക്കുകയും പരാന്നഭോജികളെ കൊല്ലുകയും ചെയ്യുന്നുണ്ട്.

എന്നാൽ കഴിഞ്ഞ 500 വർഷക്കാലത്തെ ഏറ്റവും ശ്രദ്ധേയവും നിർണായകവുമായ നിമിഷം 1945 ജൂലൈ 16 രാവിലെ 5:29:45 ആണ്. ആ കൃത്യ നിമിഷത്തിൽ അമേരിക്കയിലെ ശാസ്ത്രജ്ഞർ ന്യൂ മെക്‌സിക്കോയിലെ അലാമോഗോർദോയിൽ ആദ്യത്തെ ആണവബോംബ് പൊട്ടിച്ചു. ആ നിമിഷം മുതൽ, മനുഷ്യവർഗത്തിനു ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിക്കാൻ മാത്രമല്ല, ചരിത്രത്തിന് അവസാനമുണ്ടാക്കാൻ കൂടി കഴിവു ലഭിച്ചു'.

സാപിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം
യുവാൽ നോവാ ഹരാരി
വിവ: സെനു കുര്യൻ ജോർജ്
മഞ്ജുൾ പബ്ലിഷിങ് ഹൗസ്, ഭോപ്പാൽ
2019, വില 499.