- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മാവിന്റെ കുറ്റപത്രങ്ങൾ
'Dying is an art, like everything else. I do it exceptionally well' - Sylvia Plath
ആധുനികതയുടെ സാംസ്‌കാരിക നരവംശശാസ്ത്രവും സാമൂഹ്യമനഃശാസ്ത്രവുമപഗ്രഥിച്ച വിഖ്യാത ഫ്രഞ്ച് തത്വചിന്തകനും സോഷ്യോളജിസ്റ്റുമായിരുന്നു എമിൽ ഡർക്കിം. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥമാണ് 'Suicide' (1897). എന്തുകൊണ്ടാണ് മനുഷ്യർ ആത്മഹത്യ തെരഞ്ഞെടുക്കുന്നതെന്നന്വേഷിച്ച ഡർക്കിമിന്റെ സാമൂഹ്യ, ജീവിതവ്യാഖ്യാനങ്ങൾ ഇന്നും പ്രസക്തമാണ്. നാലുതരം ആത്മഹത്യകളെ അദ്ദേഹം വകതിരിച്ചു പഠിച്ചു. പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകൾ ആത്മഹത്യയുടെ സൗന്ദര്യശാസ്ത്രവും മനഃശാസ്ത്രവും സാമൂഹ്യശാസ്ത്രവും പ്രത്യയശാസ്ത്രവും രൂപപ്പെടുത്തിയ എത്രയെങ്കിലും സന്ദർഭങ്ങൾക്കു സാക്ഷ്യംവഹിച്ച ചരിത്രഘട്ടവുമായി. സാഹിത്യം, കല, മാധ്യമം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ ഒരു മേഖലയും ആത്മഹത്യയുടെ പ്രശ്‌നഭൂമികക്കു പുറത്തായിരുന്നില്ല. മനഃശാസ്ത്രവും നരവംശശാസ്ത്രവും സാമൂഹ്യശാസ്ത്രവും ദൈവശാസ്ത്രവും എന്നുവേണ്ട ഏതു വിജ്ഞാന-ചിന്താപദ്ധതിയും ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപപ്പെടുത്തി. ബൗദ്ധികവും ലൈംഗികവും സാമ്പത്തികവും വൈകാരികവും മറ്റുംമറ്റുമായ പ്രതിസന്ധികളിൽ പെട്ടുഴലുന്നവരുടെ എളുപ്പമുള്ള പോംവഴികളിലൊന്നായി ആത്മഹത്യ മാറി. ജീവിതം മടുത്തവരാണോ ജീവിച്ചു മതിവരാത്തവരാണോ ആത്മഹത്യ ചെയ്യുക? ജീവിതരതിപോലെതന്നെ തീവ്രവും തീക്ഷ്ണവുമാണോ മരണരതിയും? പ്രതിഭ, സർഗാത്മകത എന്നിവക്ക് ആത്മഹത്യയുമായി സവിശേഷബന്ധമുണ്ടോ? സമൂഹവും വ്യക്തിയും തമ്മിൽ രൂപപ്പെടുന്ന വൈരുധ്യങ്ങളിൽ ഒറ്റപ്പെടുന്ന വ്യക്തി പ്രഖ്യാപിക്കുന്ന വിജയമാണോ സമ്മതിക്കുന്ന തോൽവിയാണോ ആത്മഹത്യ?
ഏറ്റവുമധികം ആഘോഷിക്കപ്പെടുന്നത് കലാകാരരുടെ ആത്മഹത്യയാണ്. നടീനടന്മാർ, എഴുത്തുകാർ, ചിത്രകാരർ, നർത്തകർ... എന്നിങ്ങനെ. മർലിൻ മൺറോ മുതൽ വിൻസന്റ് വാൻഗോഗ് വരെ ഉദാഹരണം. ആത്മഹത്യ ചെയ്ത പ്രശസ്തരായ ചില സാഹിത്യപ്രവർത്തകരുടെ പേരുകൾ കേൾക്കുക. വാൾട്ടർ ബൻയമിൻ, ആർതർ കൊയ്‌സ്‌ലർ, വ്‌ളാദിമിർ മയക്കൊവ്‌സ്‌കി, ഏണസ്റ്റ് ഹെമിങ്‌വേ, യൂക്കിയോ മിഷിമ.... ഇരുപതാം നൂറ്റാണ്ടിന്റെ കാര്യം മാത്രമാണിവിടെ സൂചിപ്പിക്കുന്നത്. പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമുണ്ട് ഈ പട്ടികയിൽ. ഭാഗ്യലക്ഷ്മിയുടെ പുസ്തകം ഇത്തരം 15 സ്ത്രീകളെയാണ് പിന്തുടരുന്നത്.
ഓരോരുത്തർക്കും ഓരോ സാഹചര്യവും കാരണവും പറയാനുണ്ടെങ്കിലും ആത്മഹത്യാപ്രവണത പ്രകടമാകുന്നതിനു പിന്നിലെ ചില പൊതുസ്വഭാവങ്ങൾ കാണാതിരുന്നുകൂടാ. പഠനങ്ങൾ വെളിപ്പെടുത്തുംപോലെ, പകുതിയോളം ആത്മഹത്യകൾക്കു പിന്നിലും വിഷാദരോഗ(Depression)മാണ് പ്രത്യക്ഷകാരണം. Bipolar Disorder, Borderline personality Disorder, Schizophrenia എന്നിങ്ങനെ. ചെറുപ്പത്തിലനുഭവിച്ച ക്രൂരമായ പീഡനങ്ങളുടെ നിത്യമായ വേട്ടയാടലാണ് മറ്റൊരുവിഭാഗം ആത്മഹത്യകൾക്കു കാരണമാകുന്നത്. ജീവിതപരാജയഭീതി, പ്രതീക്ഷാഭംഗങ്ങൾ, വിശ്വാസനഷ്ടങ്ങൾ, സാമ്പത്തികപ്രതിസന്ധി, രോഗാവസ്ഥ, സാമൂഹ്യമായ ഒറ്റപ്പെടൽ..... എന്നിങ്ങനെ എത്രയെങ്കിലും കാരണങ്ങളും ആത്മഹത്യയിലേക്കു നയിക്കാം. ഈ പുസ്തകത്തിൽ ഭാഗ്യലക്ഷ്മി അവതരിപ്പിക്കുന്ന പതിനഞ്ച് സ്ത്രീകളുടെയും ആത്മഹത്യക്കു പിന്നിൽ ഇത്തരം ചില പൊതുപശ്ചാത്തലങ്ങളുണ്ട്. എങ്കിലും ഓരോ ആത്മഹത്യയും വ്യത്യസ്തമായ ഓരോ നയപ്രഖ്യാപനമാണ്. താൻ ജീവിച്ച ജീവിതത്തിന്റെ അർഥവും മൂല്യവും തനിക്കെന്തായിരുന്നുവെന്നതിന്റെ രക്താഭമായ സത്യവാങ്മൂലം. ലോകവും മറ്റുള്ളവരും തനിക്കും തന്നോടും എന്തായിരുന്നുവെന്നതിന്റെ വിശ്വാസപ്രമേയം. മുഴുവൻ ലോകത്തിനുമെതിരെ ഒറ്റവ്യക്തി സമർപ്പിക്കുന്ന ആത്മാവിന്റെ കുറ്റപത്രം. സർഗാത്മകതയും മരണരതിയും ഏറ്റുമുട്ടിയ/കൈകോർത്ത പതിനഞ്ചു സ്ത്രീജീവിതങ്ങളുടെ അത്തരം അർഥാന്തരങ്ങളുടെ പാഠപുസ്തകമാകുന്നു ഭാഗ്യലക്ഷ്മിയുടെ പുസ്തകം-'തണുപ്പിന്റെ പരവതാനികളിൽ'.
ആത്മഹത്യ എന്ന വ്യവഹാരത്തിന്റെ വിപുലമായ ലോകവിതാനത്തിനുള്ളിൽ രണ്ടു സമവാക്യങ്ങളിലൂന്നി നടത്തുന്ന കൗതുകകരമായ ഒരന്വേഷണമാണ് ഭാഗ്യലക്ഷ്മിയുടേത്. സാഹിതീയമായ സർഗാത്മകത, സ്‌ത്രൈണത എന്നിവയാണ് ആ സമവാക്യങ്ങൾ.
ഇരുപതാം നൂറ്റാണ്ടിലെ ലോകസാഹിത്യത്തിന്റെ ഭാവചരിത്രത്തിലെ ഒരേടാണ് ഈ എഴുത്തുകാരികളുടെ ആത്മഹത്യ.
പ്രശസ്ത സ്ത്രീവാദചിന്തകയും ഇംഗ്ലീഷ് നോവലിസ്റ്റുമായ വെർജീനിയ വുൾഫ്, ആത്മഹത്യ ചെയ്ത എഴുത്തുകാർക്കിടയിലെ ആഗോള കൾട്ട്ഫിഗർ എന്നു വിളിക്കാവുന്ന അമേരിക്കൻ കവി സിൽവിയ പ്ലാത്ത്, സിൽവിയയുടെ സുഹൃത്തും കവിയുമായിരുന്ന ആൻസെക്സ്റ്റൺ, 'ദക്ഷിണാഫ്രിക്കൻ സിൽവിയാ പ്ലാത്ത്' എന്നറിയപ്പെട്ട ഇൻഗ്രിഡ് ജാങ്കർ, ദ റേപ്പ് ഓഫ് നാൻകിങ് എന്ന ഒറ്റകൃതിയിലൂടെ ലോകപ്രശസ്തയായിത്തീർന്ന ചൈനീസ് കുടിയേറ്റക്കാരി ഐറിസ് ചാങ്, അർജന്റീനിയൻ എഴുത്തുകാരി അൽഫോൻസിന സ്റ്റോർണി, അമേരിക്കൻ സ്ത്രീവാദപ്രവർത്തകയും കവിയുമായ ഷാർലറ്റ് പെർക്കിൻസ് ഗിൽമാൻ, ഇംഗ്ലീഷ് നിരൂപകയും കവിയുമായ ബിയാട്രിസ് ഹേസ്റ്റിങ്‌സ്, അർജന്റീനിയൻ കവി അലെഹാൻന്ത്ര പിസാർനിക്, അമേരിക്കൻ കവി സാറാ ടീസ്‌ഡെയ്ൽ, ആഫ്രോ-ജർമ്മൻ കവി മേ ഒപിട്‌സ്, അമേരിക്കൻ കവിയും സർവകലാശാലാ അദ്ധ്യാപികയുമായ ഡെബോറ ഡിഗ്ഗസ്, ബൽജിയൻ കവിയും ചിത്രകാരിയുമായിരുന്ന സോഫി ഹെഡോൾസ്‌കി, സ്വീഡിഷ് എഴുത്തുകാരി കരിൻബൊയെ, ലൈബ്രേറിയനും എഴുത്തുകാരിയുമായ ഷിൻലെ ഫ്രാൻസിസ് ബാർക്കർ എന്നിങ്ങനെ പതിനഞ്ചു പ്രതിഭകൾ സ്വയം തെരഞ്ഞെടുത്ത മരണത്തിന്റെ വഴികളെക്കുറിച്ചുള്ള കുറിപ്പുകളാണ് ഭാഗ്യലക്ഷ്മിയുടെ പുസ്തകം. ഇത്തരമൊരന്വേഷണം മലയാളത്തിൽ ഇതിനുമുൻപുണ്ടായിട്ടുള്ളത് എം.എ. ഷാനവാസും എൻ. പി. സജീഷും ചേർന്ന് എഡിറ്റുചെയ്ത് പ്രണത ബുക്‌സ് പ്രസിദ്ധീകരിച്ച 'ആത്മഹത്യ: ജീവിതംകൊണ്ടു മുറിവേറ്റവന്റെ വാക്ക്' എന്ന പുസ്തകമാണ്. വിശ്വവിഖ്യാതങ്ങളായവയുൾപ്പെടെ നിരവധി ആത്മഹത്യകളെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരമാണ് ആ പുസ്തകം. ഭാഗ്യലക്ഷ്മി, 'എഴുത്തുകാരി' എന്ന കർതൃപദവിയിൽ ഒതുങ്ങിനിന്ന് അന്വേഷിക്കുന്നു, ആത്മഹത്യയുടെ ജീവിതരാഷ്ട്രീയം.
സ്ത്രീ എന്ന നിലയിലുള്ള തന്റെ അസ്തിത്വവും മിക്കപ്പോഴും സ്ത്രീവിരുദ്ധമായ സാമൂഹ്യക്രമവും തമ്മിലുള്ള വേരുധ്യങ്ങൾ, സർഗാത്മകതക്കു നേരിടേണ്ടിവരുന്ന സംഘർഷഭരിതമായ അനുഭവങ്ങൾ, വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും നേരിടേണ്ടിവരുന്ന ശ്വാസം മുട്ടിക്കുന്ന പ്രതിസന്ധികൾ, പൊരുത്തപ്പെട്ടും ഒത്തുതീർന്നും മുന്നോട്ടുപോകാൻ കഴിയാതെ വഴിമുട്ടിനിൽക്കുന്ന അവസ്ഥകൾ, 'അന്യർ നരകമാണ്' എന്നു വിശ്വസിച്ചും തിരിച്ചറിഞ്ഞും ജീവിക്കേണ്ടിവരുന്നതിന്റെ സങ്കടങ്ങൾ, നിലനില്പിന്റെ സമരസ്വഭാവങ്ങളിൽ കാലിടറിപ്പോകുന്നതിന്റെ കഥകൾ... ഓരോ ആത്മഹത്യയും ഓരോ കുറ്റവിചാരണയാണ് - ജീവിതം കൊണ്ട് തനിക്കു സാക്ഷാത്കരിക്കാൻ കഴിയാത്ത അനുഭൂതികളുടെ പേരിൽ അപരർക്കുനേരെ മരണം കൊണ്ടെഴുതിസമർപ്പിക്കുന്ന ആത്മാവിന്റെ ന്യായവിധി.
സിൽവിയ പ്ലാത്ത് പറഞ്ഞതുപോലെ ആത്മഹത്യയും ഒരു കലയാണ്. എങ്കിലും ആത്മഹത്യചെയ്യുന്നതിനെക്കാൾ വിഷമകരമായ ഒറ്റക്കാര്യമേ ലോകത്തുള്ളു. അത് ആത്മഹത്യ ചെയ്യാതിരിക്കാനാണ്. 'സ്വന്തമായൊരു മുറി' പോലുമില്ലാതെവരുമ്പോഴാണ് സ്ത്രീലോകം മുഴുവനുമാണ് തന്റെ ഇടം എന്നു തീരുമാനിക്കുക. ലോകമേ തറവാട് എന്നു വിചാരിക്കുമ്പോൾതന്നെ തന്റേതായ, എന്നാൽ തന്റേതല്ലാത്ത ലോകത്തോട് വിടപറയാൻ അവൾ നിർബ്ബന്ധിതയാകുകയും ചെയ്യുന്നു. ഈ പുസ്തകത്തിലെ രചനകളിലേക്കു വരൂ.
ഇരുപതാം നൂറ്റാണ്ടിലെ എണ്ണം പറഞ്ഞ സാംസ്‌കാരിക പ്രവർത്തകരിലൊരാളായിരുന്നല്ലോ വെർജീനിയ വുൾഫ്. സ്ത്രീവാദചിന്തക. നോവലിസ്റ്റ്. ചെറുകഥാകൃത്ത്. നിരൂപക. ശാരീരികവും മാനസികവും സാമ്പത്തികവുമായ അടിമത്തങ്ങൾ അപമാനകരമാണെന്ന് അനുഭവംകൊണ്ടറിഞ്ഞ വ്യക്തി. ആജീവനാന്തം വിഷാദരോഗത്തിനടിമപ്പെട്ടു കഴിയേണ്ടിവന്ന പ്രതിഭ. അർധസഹോദരനിൽ നിന്നുണ്ടായ ലൈംഗികാതിക്രമം ആമരണം വേട്ടയാടിയ സ്ത്രീ. തന്റെ സാഹിത്യരചനകൾ തന്റെ തന്നെ ആത്മാനുഭവങ്ങളുടെ പൊള്ളുന്ന സാക്ഷ്യങ്ങളായാവിഷ്‌ക്കരിച്ച എഴുത്തുകാരി. കടുത്ത മാനസികാസ്വാസ്ഥ്യങ്ങളും അവയെ മറികടക്കാൻ നിരവധിതവണ നടത്തിയ ആത്മഹത്യാശ്രമങ്ങളും ഒരുവശത്ത്. ലൈംഗികജീവിതത്തിലനുഭവിച്ച അസാധാരണമായ ആത്മസംഘർഷങ്ങൾ മറുവശത്ത്. കാതറിൻ മാൻസ്ഫീൽഡിനെയും ലിറ്റൺ സ്ട്രാച്ചിയെയും പോലുള്ള പ്രിയസുഹൃത്തുക്കളുടെ അകാലമരണം നൽകിയ ആഘാതങ്ങൾ, ബൗദ്ധികാന്വേഷണങ്ങൾ നേരിട്ട അക്കാദമിക വെല്ലുവിളികൾ... വെർജീനിയ വുൾഫിന്റെ ജീവിതം, പ്രജ്ഞയും പ്രതിഭയുമുള്ള ഒരു സ്ത്രീ കടന്നുപോകേണ്ടിവന്ന ഏഴുനരകങ്ങളുടെയും ആകെത്തുകയായിരുന്നു.
എന്നിട്ടും ജീവിച്ച കാലം മുഴുവൻ അവർ അസാമാന്യമായ തന്റെ സർഗഭാവനയെയും ബൗദ്ധികചോദനയെയും കൂടുതുറന്നുവിടുകയും ഒടുവിൽ എല്ലാ വഴികളുമടഞ്ഞു എന്നുതോന്നിയ ഏതോ നിമിഷത്തിൽ വീടിനടുത്തുള്ള അരുവിയിൽ ചാടി ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. വെർജീനിയ വുൾഫിന്റെ വാക്കുകൾ ഭാഗ്യലക്ഷ്മി ഉദ്ധരിക്കുന്നുണ്ട്. 'As a woman, I have no country, As a woman I want no country, As a woman my country is the whole world'.
'വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ, അർധസഹോദരനിൽനിന്നും അനുഭവിക്കേണ്ടിവന്ന ലൈംഗികമായ പീഡനം നല്കിയ ആഴത്തിലുള്ള മുറിവ് ഉണക്കമില്ലാതെ പഴുത്തുകൊണ്ടിരിക്കയായിരുന്നു. വെർജീനിയയ്ക്ക അവരുടെ ആത്മഹത്യയോളം അതു കാരണമായി ഭവിക്കുകയും ചെയ്തു. ആത്മാഭിമാനം നിറഞ്ഞുനില്ക്കുന്ന വെർജീനിയയുടെ ഡയറിയെഴുത്തുകൾ സാഹിത്യത്തിനുള്ള വിലപ്പെട്ട സംഭാവനയായി പിന്നീട് വിലയിരുത്തപ്പെട്ടു. ഒരു കലാകാരന്, ഏതു മേഖലയിലുള്ളവരായിക്കോട്ടെ, അവരുടെ ആകാംക്ഷയും പ്രതീക്ഷയും അസ്വസ്ഥതകളും ദേഷ്യവും നിരാശയുമെല്ലാം കലർന്ന വികാരത്തെ പ്രകടിപ്പിക്കാനും ആശ്വസിക്കാനുമുള്ള ഏറ്റവും നല്ല മരുന്നാണ് എന്നും കല. അത് നിറങ്ങളായാലും സംഗീതമായാലും നൃത്തമോ, ശില്പമോ, എന്തുമായിക്കൊള്ളട്ടെ, അതങ്ങനെത്തന്നെയായിരിക്കും.
പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെയും സ്വവർഗരതിയെക്കുറിച്ച് തുറന്നെഴുതാൻ തുടങ്ങുന്ന എഴുത്തുകാരുടെ മനഃസ്ഥിതിയെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും വ്യക്തമായി രേഖപ്പെടുത്തുന്നതായിരുന്നു വെർജീനിയയുടെ എഴുത്തുകൾ. അതുകൊണ്ടുതന്നെ അവരുടെ ഡയറിക്കുറിപ്പുകൾ, അമ്പരപ്പിക്കുന്ന തരത്തിൽ മറ്റുള്ള എഴുത്തുകാരുടെ എഴുത്തിൽനിന്ന് വ്യത്യസ്തമായിരിക്കുന്നു. സൗഹൃദങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന വെർജീനിയ വൂൾഫ്, 'നമുക്ക് കഴിയാത്ത ജീവിതത്തെ ജീവിക്കാൻ കഴിയുന്നവരായി, ജീവിതത്തിൽ പൂർണത നേടാൻ സഹായിക്കുന്നവരായി' സുഹൃത്തുക്കളെ കണ്ടിരുന്നു. ഗിബ്ബോൺ അത്തരത്തിലുള്ള ഒരാളായിരുന്നു. ആത്മകഥകൾ വായിക്കാൻ കൂടുതലിഷ്ടപ്പെട്ടിരുന്നതുകൊണ്ട്, സ്ത്രീകളുടെ സത്യസന്ധമായ ആത്മകഥകൾ വായിക്കാനായി അവർ കൂടുതൽ കാത്തിരുന്നു. പക്ഷേ, വളരെ കുറച്ചു സ്ത്രീകൾ മാത്രമേ സത്യസന്ധമായ ആത്മകഥയിലേക്ക് വന്നിട്ടുള്ളൂ, അവരുടെ അഭിപ്രായത്തിൽ. ബോസ്‌വെല്ലിന്റെ രചനകളെ ഇഷ്ടപ്പെടാൻ കാരണം അവരിൽ കാണപ്പെടുന്ന ധാരാളം സവിശേഷതകളായിരുന്നു. ഗ്രേറ്റ് വിമൺ ഓഫ് ദെയർ ടൈം എന്ന എഥേൻ സ്മിത്തിന്റെ ലേഖനസമാഹാരത്തിൽ അവർ വെർജീനിയയെക്കുറിച്ച് ഉജ്ജ്വലമായി പ്രതിപാദിക്കുന്നുണ്ട്: 'മുഖംമൂടിയണിഞ്ഞുകൊണ്ടൊരാൾ അവരുടെ ആത്മകഥയെഴുതാൻ തുടങ്ങുമ്പോൾ, അതു സ്ത്രീയാകുമ്പോൾ പ്രത്യേകിച്ച് അവർ ഭയപ്പെടുന്നത് പരിഹാസം, സ്വയം പ്രകടമാക്കാനുള്ള ഭയം, വായനക്കാർക്കു തോന്നുന്ന മടുപ്പ്, അതിനുമപ്പുറം ഓർമകൾ ഓരോ ആളുടെയും സ്വകാര്യതയല്ലേ എന്ന ചിന്ത ഒക്കെയാണെന്ന്', വെർജീനിയയുടെ ആദ്യകാല ഡയറിക്കുറിപ്പുകൾ സാക്.പ്പെടുത്തുന്നു'.
വെർജീനിയ വുൾഫിനെപ്പോലെതന്നെ, സ്വതന്ത്രജീവിതം കാംക്ഷിച്ചവരാണ് ആത്മഹത്യ ചെയ്ത മുഴുവൻ എഴുത്തുകാരികളും. സ്ത്രീ എന്ന പരിമിതിയെയല്ല സാധ്യതയെയാണ് അവർ തങ്ങളുടെ ജീവിതം കൊണ്ടടയാളപ്പെടുത്താൻ ശ്രമിച്ചത്. സിൽവിയ പ്ലാത്തിന്റെ ജീവിതവും മരണവും അടുത്തറിഞ്ഞാൽ ഇത് കൂടുതൽ വ്യക്തമാകും. പിതാവിന്റെ മരണം സൃഷ്ടിച്ച വ്യഥ, ഒരു പുരുഷനും പൂരിപ്പിക്കാൻ കഴിയാതിരുന്ന കാമനാസമസ്യകൾ, വിവാഹജീവിതത്തിലെ താളപ്പിഴകൾ, വിഷാദരോഗത്തിന്റെ വേലിയേറ്റങ്ങൾ.... ഭർത്താവായ ടെഡ്ഹ്യൂഡിന് മറ്റൊരു സ്ത്രീയുമായുണ്ടായ ബന്ധം സിൽവിയയെ സമ്പൂർണമായും തകർത്തു. തല ഗ്യാസടുപ്പിനുള്ളിലേക്കു കടത്തിവച്ച്, ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ചെയ്തു, അവർ. എഴുത്ത് തന്റെ അപരജീവിതമാണെന്നു തിരിച്ചരിഞ്ഞ സിൽവിയ പ്ലാത്തിന്റെ അവസ്ഥയെക്കുറിച്ച് ഭാഗ്യലക്ഷ്മി എഴുതുന്നു:
'മുപ്പതുവർഷത്തെ ജീവിതത്തിൽ, പതിമൂന്നു വർഷക്കാലം, മാത്രമുള്ള അവരുടെ രചനകളിൽ ആന്തരികലോകം മുഴുവൻ പ്രതിഫലിപ്പിക്കാനുള്ള ശ്രമമായിരുന്നു. അതിനുമുന്നേ 'പ്രഹേളികാജീവിത'ത്തെയാണ് നാം കാണുന്നത്. മനസ്സും ശരീരവും തമ്മിലുള്ള യുദ്ധത്തിന്റെ പിരിമുറുക്കങ്ങൾ നിറഞ്ഞ ജീവിതം. ജീവിതവും മരണവും തമ്മിലുള്ള നിരന്തര പോരാട്ടമായിരുന്നു സിൽവിയയുടെ മനസ്സ്. ഏറെ പ്രസാദവതിയും മറ്റുള്ളവർക്കെല്ലാം അസൂയപടർത്തുന്നവിധം കഠിനാധ്വാനിയും വിജയിയുമായിരുന്ന പെൺകുട്ടിയുടെ മനസ്സിന്റെ ഉൾപ്പടർപ്പിൽ മേയുന്ന വിഷാദചിന്തകൾ മറ്റുള്ളവർക്കു കാണാൻ കഴിയാത്തവിധം 'ദ്വന്ദ്വ'മായി അവളിൽ അപ്പോഴും വർത്തിക്കുന്നുണ്ടായിരുന്നു. കവിതയിലൂടെ, കത്തിലൂടെ, പ്രണയത്തിലൂടെ, സ്‌നേഹത്തിലൂടെ അവളൊഴുകി. ശക്തമായ ഒരു പുരുഷസ്‌നേഹത്തിന്റെ പിൻബലം നഷ്ടപ്പെട്ടപ്പോൾ ഉള്ളിലൊളിച്ചിരുന്ന വിഷാദം തീവ്രതയോടെ അവളെ പൊതിഞ്ഞു. ആഹ്ലാദത്തിന്റെ തീവ്രതയനുഭവിക്കുന്ന കവിതകൾ, വിഷാദത്തിന്റെ പാതാളനിഴലുകൾ പ്രത്യക്ഷപ്പെടുന്ന കവിതകൾ. അവൾ വരികളിലൂടെ തന്റെ മനസ്സും ജീവിതവും എഴുതിവെക്കുകയായിരുന്നു. ആത്മാംശമില്ലാത്ത രചനകൾ സിൽവിയാകൃതികളിൽ കാണാനാവുമെന്നു തോന്നുന്നില്ല. കാരണം, ശ്വാസംപോലെത്തന്നെയായിരുന്നു ഭ്രമാത്മകമായ മാനസികാവസ്ഥയിലുള്ള അവരുടെ എഴുത്തും. എഴുത്തും സർഗാത്മകതയും ജീവിതത്തിലെ വേദനകൾക്കു മറുമരുന്നായി സിൽവിയ കരുതി. ഒരു മറുശരീരമായി അവർ എന്നും എഴുത്തിനെ കണ്ടു'.
ബൈപോളാർ മാനസികാവസ്ഥയുടെ പാരമ്യത്തിൽ, അടച്ചുപൂട്ടിയ ഗാരേജിനുള്ളിൽ കാർ സ്റ്റാർട്ട് ചെയ്ത് അവിടമാകെ കാർബൺ മോണോക്‌സൈഡ് നിറച്ച് ശ്വാസം മുട്ടി മരിച്ച ആൻസെക്സ്റ്റൺ ഒരിക്കലെഴുതിയത് ആത്മഹത്യകൾക്ക് സവിശേഷമായ ഒരു ഭാഷയുണ്ടെന്നാണ്-'Like carpenters they want to know which tools. They never ask why boild'. പുലിസ്റ്റർ സമ്മാനം, റോയൽ സൊസൈറ്റി അംഗത്വം, നിരവധി ഫെലോഷിപ്പുകൾ, വലിയ പ്രശസ്തി എന്നിവയൊക്കെ കൈവന്നപ്പോഴും ആൻ തൃപ്തയായിരുന്നില്ല. മാനസികവ്യഥകൾ, ദാമ്പത്യത്തകർച്ച, വിഷാദരോഗമൂർച്ഛ, ആത്മഹത്യാശ്രമങ്ങൾ... ആൻസെക്സ്റ്റണ് ആത്മഹത്യ ചെയ്യാതിരിക്കാനാവുമായിരുന്നില്ല എന്നതാണ് വസ്തുത.
സർഗാത്മകതയും രോഗാതുരതയും ആത്മഹത്യാപ്രവണതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാൻ ഏറെ സഹായകമായി, ആൽ അവരുടെ തെറാപ്പിസ്റ്റുമായി നടത്തിയ സംഭാഷണങ്ങളുടെ ടേപ്പുകൾ പുറത്തുവന്നത്. 'An accident of hope: The therapy tapes of Ann Sexton'.
നിയമങ്ങളില്ലാത്ത ഒരു ലോകത്ത് ജീവിക്കാൻ കൊതിച്ച ഇൻഗ്രിഡ് ജാങ്കർ, ദക്ഷിണാഫ്രിക്കൻ കവിയും നാടകകൃത്തും ചെറുകഥാകൃത്തുമായിരുന്നു.
ശിഥിലമായ കുടുംബം. നിരസിക്കപ്പെട്ട പിതൃത്വം. അമ്മയുടെ രോഗം. തകർന്ന ദാമ്പത്യം..... ഇൻഗ്രിഡിന്റെ ജീവിതവും ഒരു ദുരന്തനാടകം പോലെയായിരുന്നു.
നിരവധി സിനിമകൾക്കും ഡോക്യുമെന്ററികൾക്കും നാടകങ്ങൾക്കും മ്യൂസിക്കൽ ആൽബങ്ങൾക്കും വിഷയമായി മാറി, ഇൻഗ്രിഡിന്റെ ജീവിതവും മരണവും.
ഐറിസ് ചാങിന്റെ മാതാപിതാക്കൾ തായ്‌വാനിൽ നിന്നു വന്ന കുടിയേറ്റക്കാരായിരുന്നു. അമേരിക്കയിൽ പ്രൊഫസർമാരായി ജോലിചെയ്തു, അവർ. ചാങ് പത്രപ്രവർത്തകയായി ഖ്യാതി നേടി. ദ റേപ്പ് ഓഫ് നാൻകിങ് എന്ന രചന ആഗോളപ്രശസ്തി നേടി (ആനന്ദിന്റെ വിഭജനങ്ങൾ എന്ന നോവലിൽ ഐറിസിന്റെ ഈ പുസ്തകം ചർച്ചചെയ്യപ്പെടുന്നുണ്ട്). 2004-ൽ സ്വന്തം കാറിനുള്ളിൽ മരിച്ചനിലയിൽ ഐറിസിനെ കണ്ടെത്തുകയായിരുന്നു. ഭാഗ്യലക്ഷ്മി എഴുതുന്നു:
'ഒരു പിസ്റ്റൾകൊണ്ട് ഐറിസ് ജീവിതമവസാനിപ്പിച്ചതിന് യതാർഥ കാരണം എന്തായിരുന്നു? ചിലരുടെ ആത്മഹത്യകൾക്ക് വ്യക്തമായ കാരണങ്ങളുണ്ടാകാം. ചിലരുടേത്, അഴിച്ചെടുക്കാൻ പറ്റാത്ത മാനസികവ്യാപാരങ്ങൾ അവരെ അതിലേക്കെത്തിച്ചതാവാം. സ്വയം വെടിവെക്കുമ്പോഴും, ഐറിസ് വ്യക്തിപരമായ കാരണങ്ങളൊന്നും പറയാവുന്ന ഒറ്റക്കാരണം കൊണ്ടായിരുന്നില്ല ആത്മഹത്യ ചെയ്യുന്നത്. അതിന്റെ വേരുകൾ ചെന്നെത്തുന്നത് നാൻകിങ് കൂട്ടക്കൊലയുടെ സംഭവങ്ങളിലേക്കുതന്നെ.
വളരെ ശാന്തമായി ജീവിക്കാനാഗ്രഹിച്ച ഐറിസിന്റെ ജീവിതം മാറ്റിമറിച്ചത് ദ റെയ്പ് ഓഫ് നാൻകിങ് എന്ന കൃതിക്കുവേണ്ടി നടത്തുന്ന പഠനങ്ങൾ മുതൽക്കാണെന്നു പറയാം. 1937-ൽ ജാപ്പനീസ് പട്ടാളം നാൻകിങ് നഗരത്തിൽ നടത്തിയ കൂട്ടക്കൊലയിൽ മൂന്നു ലക്ഷത്തിലധികം സാധാരണക്കാർ കൂട്ടത്തോടെ കൊലയ്ക്കും ബലാത്സംഗത്തിനും ഇരയാകുന്നു. എണ്ണമറിയാത്തത്ര ആയുധധാരികളല്ലാത്ത ചൈനീസ് ഭടന്മാരും. മൂന്നു വർഷത്തോളം നടത്തിയ ഗവേഷണപഠനത്തിന്റെ ഫലമായി ധാരാളം സാക്ഷികളെയും ഇരകളെയും ഐറിസ് കണ്ടെത്തി. അവരുമായി അഭിമുഖം നടത്തി. ആർക്കൈവ്‌സിലെ അന്വേഷണങ്ങൾ വളരെ ഫലപ്രദമായി. ഫോട്ടോകളും വാർത്തകളും വീഡിയോകളും അവർക്കു ലഭ്യമായി. ക്രൂരതയുടെ വന്യമുഖങ്ങൾ, തലയറുക്കൽ, ജീവനോടെ കുഴിച്ചുമൂടൽ, കത്തിക്കൽ, വെള്ളത്തിൽ മുക്കിക്കൊല്ലൽ, മൃഗീയമായ ബലാത്സംഗങ്ങൾ, വെടിവെപ്പുപരമ്പരകൾ, ഈ സംഭവപരമ്പരകളെല്ലാംതന്നെ ചരിത്രത്തിൽ കുഴിച്ചുമൂടപ്പെടുകയായിരുന്നു. ഒരു എഴുത്തുകാരി എന്ന നിലയിൽ മൂടിവെക്കപ്പെട്ട വാസ്തവങ്ങൾ ലോകത്തിനു മുന്നിൽ കൊണ്ടുവരണമായിരുന്നു. അതുകൊണ്ട് സത്യം ലോകത്തിനെ അറിയിക്കുവാനായി കഠിനമായ വഴിതന്നെ അവർ തിരഞ്ഞെടുത്തു. കിഴക്കൻ ഏഷ്യയ്ക്കപ്പുറമുള്ള രാജ്യങ്ങളിലെ ജനങ്ങൾക്ക് നാൻകിങ് കൂട്ടക്കൊലയെക്കുറിച്ച് അറിവൊന്നുമുണ്ടായിരുന്നില്ല. ജപ്പാൻ ഗവൺമെന്റിന്റെ മനോഭാവം മാറ്റാൻവേണ്ടി ലോകത്തെ മുഴുവൻ ആ സംഭവമറിയിക്കാനായി ഐറിസ് കൃതിയുടെ പ്രസാധനത്തിന് തയ്യാറാവുകയായിരുന്നു. കൃതി പ്രസിദ്ധീകരിച്ചതിനുശേഷം ചാങ്ങിന് വധഭീഷണികൾ ധാരാളമായുണ്ടായി.
ഐറിസിന്റെ കാലിഫോർണിയയിലെ ലോസ് ആൾട്ടോസിലെ ശവകുടീരത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു: 'The Power of one' ശരിയായ വസ്തുത തെളിയിക്കാനായി ഒറ്റയാൾപ്പോരാട്ടം നടത്തിയ ഐറിസിന് സംഭവം ലോകത്തെ മുഴുവനറിയിക്കാനായെങ്കിലും അതിന്റെ ഇരകൾക്ക് നീതി ലഭിച്ചില്ല. ഈ സംഭവം ഐറിസിനെ ഉറക്കമില്ലാത്തവരാക്കിത്തീർത്തു. മാനസികമായി തകർച്ച നേരിടുകയും ചെയ്തു. യഥാർഥത്തിൽ അവരുടെ ആത്മഹത്യ ഒരു രാജ്യത്തിനു മുഴുവൻവേണ്ടിയായിരുന്നു. അവർ ഒരു ദീപം തെളിച്ചുവച്ചാണ് കടന്നുപോയത്, ക്രൂരതയ്‌ക്കെതിരെ അനീതിക്കെതിരെ ലോകം മുഴുവൻ ഉണർമ്മിരിക്കണമെന്ന സന്ദേശവുമായി'.
അർജന്റീനിയൻ കവിയായ അൽഫോൻസിന സ്റ്റോർണി സ്ത്രീവാദപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും പല തൊഴിലുകൾ ചെയ്ത് തനിക്കും മകനുമുള്ള ജീവിതമാർഗം കണ്ടെത്തുകയും ചെയ്തു. തകർന്ന കുടുംബാന്തരീക്ഷവും ക്ഷയിച്ച സാമ്പത്തികനിലയും കടുത്ത ഏകാന്തതയും വിഫലമായ സ്വാതന്ത്ര്യദാഹവും പുരുഷാധിപത്യത്തിനെതിരായ കലഹവും സ്റ്റോർണിയുടെ ജീവിതം സംഘർഷഭരതിമാക്കി. വിഷാദരോഗവും അർബുദവും മൂർച്ഛിച്ച നാളുകളിലൊന്നിൽ, 'I am going to sleep' എന്ന കവിത ഒരു പത്രത്തിനയച്ചുകൊടുത്തശേഷം അവർ കടലിൽ ചാടി മരിച്ചു. Alphonsin and the Sea എന്ന സംഗീത ആൽബം സ്റ്റോർണിയുടെ ഈ ആത്മഹത്യയെക്കുറിച്ചാണ്.
അമേരിക്കൻ ഫെമിനിസ്റ്റും കവിയും സാമൂഹ്യവിമർശകയുമായിരുന്ന ഷാർലറ്റ് പെർക്കിൻസ് എഴുപത്തഞ്ചാം വയസ്സിലാണ് ആത്മഹത്യ ചെയ്യുന്നത്. അർബുദത്തിനെതിരെയുള്ള ചെറുത്തുനില്പിനിടയിൽ അമിതമായി ക്ലോറോഫോം ശ്വസിച്ചാണ് അവർ മരിച്ചത്. വിഷാദരോഗത്തിനും അടിമയായിരുന്നു അവർ. 'The Yellow Wall Paper' എന്ന കഥയാണ് ഷാർലറ്റിനെ പ്രശസ്തയാക്കിയത്. സ്ത്രീവാദരാഷ്ട്രീയത്തിൽ ശ്രദ്ധേയമായിത്തീർന്ന Women and Econimics എന്ന ഗ്രന്ഥവും അവരെഴുതി.
തിയോസഫിക്കൽ പ്രസ്ഥാനവുമായി അടുപ്പമുണ്ടായിരുന്ന അമേരിക്കൻ കവിയും പത്രപ്രവർത്തകയുമായിരുന്നു ബിയാട്രീസ് ഹേസ്റ്റിങ്‌സ്. ആനിബസന്റിന്റെ സുഹൃത്ത്. പ്രശസ്ത ചിത്രകാരനായ അമാദിയോ മോദി ഗ്ലിയാനിയുമായുള്ള അടുപ്പം ബിയാട്രീസിനെ കൂടുതൽ പ്രശസ്തയാക്കി. അദ്ദേഹത്തിന്റെ പല ചിത്രങ്ങൾക്കും മോഡലായത് ബിയാട്രീസാണ്. മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്ന ചിത്രകാരൻ അകാലത്തിൽ മരിച്ചു. മുറിയടച്ച് ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി ബിയാട്രീസും മരിച്ചു.
അർജന്റീനിയൻ കവിയായ അലെഹാൻന്ത്രോ പിസാർനിക്കും പത്രപ്രവർത്തകയും കവിയുമായിരുന്നു. സാഹിത്യനിരൂപണത്തിലും ചിത്രകലാപഠനത്തിലും വിവർത്തനത്തിലും അവർ താല്പര്യം കാണിച്ചു. ജീവിതം മുഴുവൻ അനുഭവിച്ച കഠിനവിഷാദവും രോഗങ്ങളും ഉറക്കമില്ലായ്മയും അപസ്മാരവും ഏകാന്തതയും അവരെ സ്വാഭാവികമായെന്നോണം മരണത്തോടടുപ്പിച്ചു. അനസ്തീഷ്യക്കുപയോഗിക്കുന്ന ഒരു മരുന്ന് അമിതമായി ഉപയോഗിച്ചാണ് പിസാർനിക്ക് ആത്മഹത്യ ചെയ്തത്.
അമേരിക്കൻ കവി സാറാ ടിസഡെയ്ൽ ഉറക്കഗുളിക കഴിച്ചാണ് മരിക്കുന്നത്. കവിതകളിൽ സാറാ നിരന്തരം മരണത്തെക്കുറിച്ചെഴുതി. രണ്ടാമത്തെ ഭർത്താവ് ആത്മഹത്യ ചെയ്തതിനു പിന്നാലെ സാറയും ജീവിതത്തോടു വിട പറഞ്ഞു.
1996ൽ ബർലിനിൽ ആത്മഹത്യ ചെയ്ത മേഒപിട്‌സ്, കവിയും വിദ്യാഭ്യാസ പ്രവർത്തകയും ഫെമിനിസ്റ്റുമൊക്കെയായിരുന്നു. ആഫ്രോ-ജർമൻ സാംസ്‌കാരിക മണ്ഡലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭ. മൾട്ടിപ്പ്ൾ സ്‌ക്ലിറോസിസ് കണ്ടുപിടിക്കപ്പെട്ടതിനെത്തുടർന്ന് കടുത്ത വിഷാദരോഗത്തിനടിപ്പെട്ട മേ, പലതവണ ആത്മഹത്യക്കു ശ്രമിച്ചു. ഒടുവിൽ ഒരു കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ നിന്നു ചാടി അവർ ജീവനൊടുക്കി.
അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സിലെ സ്റ്റേഡിയത്തിനു മുകളിൽ നിന്നു ചാടി മരിച്ച അദ്ധ്യാപികയും കവിയുമായ ഡെബോറ ഡിഗ്ഗസ്, ഷിസോഫ്രേനിയ ചികിത്സയിലിരിക്കെ ഇരുപത്തൊന്നാം വയസ്സിൽ താൻ താമസിച്ചിരുന്ന ഉയർന്ന കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച ബൽജിയൻ കവി സോഫി പൊഡോൾസ്‌കി, വിഷാദവും നിരാശയും സഹിക്കവയ്യാതെ ഉറക്കഗുളികകൾ കഴിച്ച് ആത്മഹത്യ ചെയ്ത സ്വീഡിഷ് എഴുത്തുകാരിയും വിവർത്തകയുമായ കരീൻ ബൊയെ, അടച്ചുപൂട്ടിയ ഗാരേജിനുള്ളിൽ കാർസ്റ്റാർട്ടാക്കി കാർബൺ മോണോക്‌സൈഡ് ശ്വസിച്ചു മരിച്ച ഷിർലേഫ്രാൻസിസ് ബാർക്കർ.... ഓരോരുത്തരും തങ്ങളുടെ ജീവിതസമരത്തിൽ നിലയും പിടിയും വിട്ട് മരണത്തിന്റെ കാണാക്കയങ്ങളിലേക്കാണ്ടുപോയവരാണ്.
'സർഗാത്മകതയും മരണരതിയും സ്ത്രീകളിൽ' എന്ന വിഷയത്തിൽ നടത്തുന്ന അസാധാരണമായ ഒരന്വേഷണമാണ് മികച്ച ചിത്രകാരിയും എഴുത്തുകാരിയുമായ ഭാഗ്യലക്ഷ്മിയുടെ പുസ്തകം. പക്ഷെ മലയാളത്തിലെ പുസ്തകപ്രസാധനരംഗത്തു നിലനിൽക്കുന്ന കുറ്റകരമായ അലംഭാവവും എഡിറ്റിംഗിന്റെ അഭാവവും വെളിപ്പെടുത്തും, ഈ പുസ്തകത്തിലെ ഭാഷാപരമായ പിഴവുകൾ. എത്രയും ഉജ്വലമായ ഒരു വിഷയത്തെ ഇത്രയും അശ്രദ്ധമായവതരിപ്പിച്ച ഈ പുസ്തകത്തിന്റെ യും മാതൃഭൂമിയുടെയും വീഴ്ച ഒട്ടും ചെറുതല്ല.
പുസ്തകത്തിൽ നിന്ന്:-
'മരണം ആർക്കും പിടികൊടുക്കാത്ത ഒരു രഹസ്യകലാകാരനാണ്. ഉള്ളിലെവിടെയോ ഒളിച്ചിരുന്ന മാനസികവിഭ്രാന്തിയിൽനിന്ന് പ്ലാത്തിന് മിക്കവാറും മോചനം ലഭിച്ചത് ടെഡ് ഹ്യൂസുമായുള്ള വിവാഹത്തിനു ശേഷമായിരുന്നു. അത്രമേൽ അനുരാഗബദ്ധരായിരുന്ന അവർ ദീർഘനാളത്തെ പ്രണയത്തിനുശേഷം വിവാഹിതരായി. ആറുവർഷത്തെ ദാമ്പത്യത്തിൽ ഫ്രിദയും നിക്കോളസും പിറന്നു. അവൾ വിശ്വസ്തയായ ഭാര്യയായിരുന്നു. കുട്ടികളെ നോക്കലും, ജോലിയും എഴുത്തും ആരോഗ്യത്തെ കുറച്ചൊക്കെ ബാധിക്കാൻ തുടങ്ങിയിരുന്നു. ടെഡ് ഹ്യൂസാണെങ്കിൽ ഭാര്യ പ്രശസ്തയായ ഒരു കവയിത്രിയാണെന്നുള്ളത് എല്ലാ സന്ദർഭങ്ങളിലും മറച്ചുവെക്കാൻ ശ്രമിച്ചു. വെറും ഭാര്യയായി മാത്രം തന്നെ കാണാനും അറിയിക്കാനുമുള്ള ടെഡ് ഹ്യൂസിന്റെ വ്യഗ്രത സിൽവിയ മനസ്സിലാക്കുന്നുണ്ടായിരുന്നു. ടെഡ് ഹ്യൂസിനെക്കുറിച്ച് ജോലിസ്ഥലത്തും പുറത്തും മറ്റും കേൾക്കുന്ന അപഖ്യാതികൾ കുടുംബജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനായി പലപ്പോഴും സിൽവിയ സംസാരവിഷയമാക്കാതിരുന്നു. പക്ഷേ, ടെഡ് ഹ്യൂസ്, സിൽവിയയെയും കുഞ്ഞുങ്ങളെയുമുപേക്ഷിച്ച് സ്‌പെയിനിൽ പുതിയ പ്രണയം ആഘോഷിക്കാൻ പോയിരുന്നു. ആസിയ വെവിൽ ആയിരുന്നു ടെഡിന്റെ പ്രണയിനി. ടെഡ് ഹ്യൂസ് സിൽവിയയെ വിട്ടുപോകുവാനുള്ള പ്രധാനകാരണവും ആസിയ വെവിൽ ആയിരുന്നു എന്ന് നിരൂപകർ പിന്നീട് എടുത്തുപറഞ്ഞിട്ടുണ്ട്.
കടുത്ത മഞ്ഞുകാലം. കൊടും തണുപ്പ്. മഞ്ഞുമൂടിക്കിടക്കുന്ന ലണ്ടൻനഗരം, അനക്കങ്ങളില്ലാതെ കിടന്നു. തണുപ്പിന്റെ ആധിക്യം പലപ്പോഴും സിൽവിയയ്ക്കും കുഞ്ഞുങ്ങൾക്കും രോഗം പിടിപെടാൻ കാരണമായി. ഒപ്പം കടുത്ത സാമ്പത്തികപ്രശ്‌നങ്ങളും ഒറ്റപ്പെടലും. മാനസികമായ ഒറ്റപ്പെടൽ. ടെഡ് പൂർണമായും തന്നിൽനിന്ന് അകന്നുപോയ വിഷമം. എല്ലാം അവളെ ഒരു തീരുമാനത്തിലെത്തിച്ചു. ടെഡ് അകന്നുപോയ്ക്കഴിഞ്ഞാലും താൻ തനിയെ കരുത്തോടെ ജീവിതത്തിൽ വിജയിച്ചുകാണിക്കുമെന്ന തീരുമാനത്തിൽ മനസ്സ് ദൃഢപ്പെടുത്തി. എന്നാൽ ടെഡിനോടുള്ള പ്രതികാരം മരണംകൊണ്ടു മാത്രമേ അവൾക്കു നിറവേറ്റാൻ കഴിഞ്ഞുള്ളൂ. മറ്റാരെയും അറിയിക്കാതെ, ഒരു രാത്രി അതിന്റെ അന്ത്യയാമത്തോടടുത്തപ്പോൾ തണുത്ത പുതപ്പിൽ നഗരം മുഴുവൻ നിതാന്തനിശ്ശബ്ദതയിൽ ഉറങ്ങിക്കിടക്കുമ്പോൾ, അവൾ മരണത്തെ വാരിപ്പുണർന്നു. ടവ്വൽകൊണ്ടു മൂടിയ സ്വന്തം ശിരസ്സ് ഗ്യാസടുപ്പിന്നുള്ളിലേക്ക് കടത്തിവെച്ച് ഗ്യാസ് തുറന്നുവിടുകയായിരുന്നു. മരണത്തിൽപ്പിടയുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവീഴാൻ അവർ ശ്രമിച്ചിരുന്നതായി, അവ്യക്തമായി എഴുതിയ 'സഹായിക്കൂ' എന്ന കുറിപ്പ് തെളിയിക്കുന്നതായി പിന്നീടുള്ള അന്വേഷണക്കുറിപ്പുകളും പഠനങ്ങളും ശരിവെക്കുന്നുണ്ട്. ജീവിതവും മരണവും ബാലൻസ് ചെയ്യാനാവാതെ മരണത്തിലേക്ക് വഴുതിവീണുപോയ ജീവിതാർത്തി നിറഞ്ഞ പെൺകുട്ടി. ചുറ്റിവരിയാൻ ഒളിച്ചിരുന്ന നീരാളിയായി മരണം എപ്പോഴും അവളിൽ ഉണ്ടായിരുന്നു. 'ബൈപോളാർ ഡിസോർഡർ' എന്ന അസുഖത്തിന്റെ ആധിക്യം ഏറിയും കുറഞ്ഞും വേലിയേറ്റയിറക്കങ്ങൾപോലെ അവളിൽ എന്നും നിറഞ്ഞിരുന്നു. കൃത്യമായ സ്‌നേഹാകർഷണത്തിന്റെ വലിവിൽ, വേലിയേറ്റമായിത്തന്നെ നിലനിർത്താവുന്ന ജീവിതം ടെഡ് ഹ്യൂസിന്റെ അകൽച്ച കൊടുത്ത വേലിയിറക്കത്തിന്റെ അത്യാഘാതവലിവിൽ മരണഗർത്തത്തിലേക്ക് ആണ്ടുപോയി.
എത്ര മനോഹരമായ കളിക്കാരനായാണ് മരണം അവളിൽ വർത്തിച്ചത്. ഉറങ്ങുകയായിരുന്ന കുഞ്ഞുങ്ങൾക്ക് ബ്രെഡ്ഡും പാലും ട്രേയിൽ അവരുടെ കിടപ്പുമുറിയിൽ കൊണ്ടുവെച്ചു. അപ്പോൾ നിക്കോളസിന് പ്രായം ഒരു വയസ്സുമാത്രം. വാതിലടച്ചതിനുശേഷം വിടവുകളിലെല്ലാം തുണിക്കഷണങ്ങൾ തിരുകിവെച്ചിരുന്നു; മുറിക്കുള്ളിലേക്ക് ഗ്യാസ് കടക്കാതിരിക്കാൻ; കുഞ്ഞുങ്ങൾക്ക് അപകടമൊന്നും വരാതിരിക്കാൻ. രോഗത്തിന്റെ കാഠിന്യമെത്തിച്ച നിരാശാബോധം, അതിശക്തമായ മറ്റെല്ലാ വികാരങ്ങളെപ്പോലും മറികടന്ന് കുതിച്ചുചാടും. സ്‌നേഹരാഹിത്യം കൊണ്ട്, ടെഡ് ഹ്യൂസ് സിൽവിയയിലേല്പിച്ച മുറിവ് അത്രയ്ക്കു വലുതായിരുന്നു. ശരിയായ ബോധത്തോടെ, ഇത്രയും ചെറിയ കുഞ്ഞുങ്ങളെ ഒറ്റയ്ക്കു വിട്ട് അവൾക്കൊരിക്കലും പോകാൻ കഴിയുമായിരുന്നില്ല.
സാഹിത്യലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന മനോഹരപ്രണയത്തിന്റെ ദാരുണാന്ത്യം. ഇരുപതാം നൂറ്റാണ്ടിൽ ഏറെ ചർച്ചചെയ്യപ്പെട്ട അത്യുത്സാഹിയായ ഒരു സാഹിത്യകാരിയുടെ അന്ത്യം. ആസിയ വെവിലിന് ഒരിക്കലും സിൽവിയയുടെ മരണത്തിനുത്തരവാദിയായിത്തീർന്നു എന്ന ആരോപണത്തിൽനിന്ന് മോചിതയാവാൻ കഴിഞ്ഞില്ല. രണ്ടു വയസ്സുള്ള മകൾക്ക് ഉറക്ക ഗുളിക കലർത്തിയ വെള്ളം നല്കി, 1969 മാർച്ച് 23ന് ആസിയയും ഗ്യാസ് സ്റ്റൗമരണത്തിന്റെ രണ്ടാമൂഴം സ്വീകരിച്ചു. രണ്ടു സമാനമരണങ്ങളുടെ കാരണക്കാരൻ ഒരാൾതന്നെയായതുകൊണ്ട് ടെഡിനെ പിന്നീട് 'സമർഥനായ കൊലയാളി' എന്ന് മാധ്യമങ്ങൾ മുദ്രകുത്തി. ടെഡ് ഹ്യൂസിനെ ഈ ആരോപണങ്ങൾ മരണംവരെ പിൻതുടർന്നു. ടെഡിന്റെ ജീവിതത്തിൽ സിൽവിയയുടെ ആറു വർഷവും ആസിയയുടെ എട്ടുവർഷവും. പിന്നീട് 1970 ഓഗസ്റ്റിൽ ടെഡ് ഹ്യൂസ് കരോൾ ഓർക്കാഡ് എന്ന കൃഷിക്കാരന്റെ മകളെ വിവാഹം കഴിച്ച് ഡെവനിൽ താമസമാക്കി. കരളിലെ അർബുദം കാരണം 1998-ൽ മരിക്കുന്നതുവരെ കരോൾ കൂടെയുണ്ടായിരുന്നു.
1956-ൽ കേംബ്രിഡ്ജിൽവെച്ചു നടന്ന ഒരു കവിതാവേദിയിൽ, ടെഡ് ഹ്യൂസിന്റെ കവിത ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ സിൽവിയ അറിഞ്ഞിരുന്നില്ല, ഹ്യൂസ് വേദിയിലിരിപ്പുണ്ടെന്ന്. അന്ന് അവർ ആദ്യമായി കണ്ടുമുട്ടുകയും അനുരാഗബദ്ധരാവുകയും ചെയ്തു. അവർ പരസ്പരം ചോരപൊടിഞ്ഞ ചുംബനങ്ങൾ നല്കി. ശരീരത്തിന്റെയും മനസ്സിന്റെയും തിളനിലയിൽ അനുരാഗമുരുകുകയായിരുന്നു അപ്പോൾ.
1963 ഫെബ്രുവരി 11ലെത്തുമ്പോഴേക്കും ആ ചുംബനമേറ്റുവാങ്ങിയ കവിളുകളിൽ മരണം ആർത്തിയോടെ ചുംബിച്ചു. ചോര മുഴുവൻ ഊറ്റിയെടുത്ത തണുത്തുറഞ്ഞ ചുംബനം! '.
തണുപ്പിന്റെ പരവതാനികളിൽ
പി.കെ. ഭാഗ്യലക്ഷ്മി
മാതൃഭൂമി ബുക്‌സ്
2020, വില: 180 രൂപ
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.