'The great irreplaceable potentiality of fiction is that it makes possible the imaginings of possibilities - Amitav Ghosh'

'ദേശീയതയുടെ മനഃസാക്ഷി'യെന്നതാണ് നോവലിന് ബനഡിക്ട് ആൻഡേഴ്‌സൺ നൽകുന്ന വിഖ്യാതമായ നിർവചനം. ആധുനികതയുടെ സാംസ്‌കാരിക പ്രരൂപമെന്ന നിലയിൽ നോവൽ ഉരുവംകൊണ്ട സാഹചര്യമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ആധുനികാനന്തര നോവലിന്റെ രാഷ്ട്രീയസ്വഭാവങ്ങളിലൊന്നാകട്ടെ, ഈ സാഹിത്യരൂപത്തിനു കൈവന്നുകഴിഞ്ഞ നാനാതരം ദേശാന്തര(TransNational)സ്വഭാവങ്ങളും പ്രഭാവങ്ങളുമാണ്. വിശേഷിച്ചും കോളനിയനന്തരവാദത്തിന്റെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ നോവലുകൾക്ക്. മുഖ്യമായും ഇംഗ്ലീഷിലൂടെ യൂറോ-അമേരിക്കൻ സാഹിത്യഭൂമികയിൽ ഈ മൂന്നു ഭൂഖണ്ഡങ്ങളിലെയും നോവലിനുണ്ടായിട്ടുള്ള പുതിയ വായനാവിപണി ആഗോളവൽക്കരണത്തിന്റെ സാഹിതീയസമവാക്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റമാകുന്നു. വിവർത്തനത്തിലൂടെയെന്നതിനെക്കാൾ ഇംഗ്ലീഷിൽതന്നെയുള്ള എഴുത്തിലൂടെയാണ് ഈ മാറ്റം പ്രകടമാകുന്നത്.

ദേശീയതാവിമർശനം, കീഴാളപരിപ്രേക്ഷ്യം, കോസ്‌മോപൊളിറ്റൻ ലോകബോധം, പ്രവാസസംസ്‌കൃതി തുടങ്ങിയവയിൽ സൽമൻ റുഷ്ദി തൊട്ടുള്ള എഴുത്തുകാർ സൃഷ്ടിച്ച മാറ്റമാണ് ഈ രംഗത്തെ ഇന്ത്യൻ അവസ്ഥ വെളിപ്പെടുത്തുന്നത്. ബങ്കിംചന്ദ്രനിലാരംഭിക്കുന്ന ഇന്ത്യൻ-ഇംഗ്ലീഷ് നോവലിന്റെ ചരിത്രം ശ്രദ്ധിക്കൂ. കോളനി ആധുനികതയുടെ സാംസ്‌കാരിക രാഷ്ട്രീയം പലനിലകളിൽ പങ്കുപറ്റിയ രചനകളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ നാലാം ദശകം വരെ എഴുതപ്പെട്ടതെങ്കിൽ പിന്നീട് അരനൂറ്റാണ്ടുകാലത്തുണ്ടായ ഇന്ത്യൻ-ഇംഗ്ലീഷ് നോവൽ രചനകൾ ഏതാണ്ടൊന്നടങ്കം (ആർ.കെ. നാരായൺ, മുൽക്ക്‌രാജ് ആനന്ദ്, രാജാറാവു, കുഷ്‌വന്ത്‌സിങ്...) നെഹ്രുവിയൻദേശീയതയുടെ സാംസ്‌കാരികപാഠങ്ങളായി മാറി. 1980കൾ തൊട്ട്, അതായത് സൽമൻ റുഷ്ദി തൊട്ടുള്ള എഴുത്തുകാരുടെ കൃതികൾ മേല്പറഞ്ഞ ദേശാന്തരസംസ്‌കാരത്തിന്റെ പാഠമാതൃകകളായാണ് രൂപം കൊള്ളുന്നത്. അനിതാദേശായ്, വിക്രംസേത്ത്, രോഹിങ്ടൺ മിസ്ട്രി, അരവിന്ദ് അഡിഗ, ശശിതരൂർ, അരുന്ധതിറോയ് എന്നിങ്ങനെ ആധുനികാനന്തര ഇന്ത്യൻ-ഇംഗ്ലീഷ് നോവലിലെ പ്രധാന എഴുത്തുകാരാരും ഈ പ്രവണതകൾക്കു പുറത്തല്ല. രാജ്യാന്തര പുരസ്‌കാരങ്ങളും അംഗീകാരങ്ങളും മാത്രമല്ല, ആഗോളവായനക്കാരും ഇവരെ തേടിയെത്തുന്നു. ഇന്ത്യൻ ഭാഷാസാഹിത്യങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ജ്ഞാനപീഠം പുരസ്‌കാരം ഇതാദ്യമായി ഒരു ഇംഗ്ലീഷ് നോവലിസ്റ്റിനു നൽകപ്പെട്ടത് അടുത്തിടയാണല്ലോ. അമിതാവ് ഘോഷിന്. ഇന്ത്യൻ സാഹിത്യത്തിന്റെ തന്നെ ഭാഗമായി കരുതപ്പെടുന്നു, ഇന്ന് ഇന്ത്യൻ-ഇംഗ്ലീഷ് സാഹിത്യവും എന്നർഥം.

സൽമൻ റുഷ്ദി കഴിഞ്ഞാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധനായ നോവലിസ്റ്റായ അമിതാവ് ഘോഷിന്റെ രചനകൾ ആഗോളവൽകൃതമായ ഇന്ത്യൻ സാഹിത്യത്തിന്റെ ഏറ്റവും മികച്ച മാതൃകകളാകുന്നു. അപൂർവമാംവിധം ഇംഗ്ലീഷിന്റെ തനിമ സ്വാംശീകരിച്ച എഴുത്തുകാരനാണ് ഘോഷ്. ജോസഫ് കോൺറാഡ്, ലോറൻസ് ഡ്യൂറൽ തുടങ്ങിയവരോടാണ് അദ്ദേഹം സമീകരിക്കപ്പെടാറുള്ളത്: 'ഇംഗ്ലീഷിലെഴുതപ്പെട്ട ബംഗാളിനോവൽ' എന്നാണ് അമിതാവിന്റെ ഒരു നോവൽ പ്രകാശനം ചെയ്തുകൊണ്ട് സുനിൽ ഗംഗോപാധ്യായ മുൻപൊരിക്കൽ പറഞ്ഞത്. ഘോഷിന്റെ പല നോവലുകൾക്കും ബാധകമാണ് ഈ പ്രസ്താവം - പല കാരണങ്ങൾ കൊണ്ടും. അദ്ദേഹത്തിന്റെ ഒൻപതാമത്തെ നോവൽ 'Gun Island' ഉം വ്യത്യസ്തമല്ല. ഒപ്പം, തുടക്കത്തിൽ പറഞ്ഞ ട്രാൻസ് നാഷണൽ നോവലെഴുത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ സമവാക്യങ്ങൾ പലതും സൂക്ഷ്മവും സുന്ദരവുമായി ഇണക്കിച്ചേർത്ത രചനയുമാണിത്. ദക്ഷിണേഷ്യ, പശ്ചിമേഷ്യ, യൂറോപ്പ്, അമേരിക്ക.... ഭൂഖണ്ഡാന്തര ജീവിതങ്ങളും സമുദ്രാന്തരസഞ്ചാരങ്ങളും; കാലാവസ്ഥാവ്യതിയാനം, അഭയാർഥിപ്രവാഹം എന്നിവയുടെ അതിസങ്കീർണമായ കാലികരാഷ്ട്രീയങ്ങൾ; ഭാഷ, ചരിത്രം, മിത്ത് എന്നീ മൂന്നു ഘടകങ്ങളുടെ ഭാവാന്തര സന്നിവേശങ്ങൾ എന്നിവകൊണ്ട് അസാധാരണമായ നിരൂപകപ്രശംസയും അസാമാന്യമായ വായനാക്ഷമതയും നേടിയെടുത്ത കൃതി. ആഖ്യാനഭൂമികയായി ബംഗാളിന്റെ പശ്ചാത്തലം സ്വീകരിക്കുന്ന കൃതിയെന്ന നിലയിൽ The hungry Tideന്റെയും സമുദ്രയാത്രകൾ, കുടിയേറ്റങ്ങൾ, അടിമവ്യാപാരം തുടങ്ങിയവയുടെ ആഖ്യാനത്തുടർച്ചകളിൽ Ibis Trilogyയുടെയും പിൻഗാമിയാണ് Gun Island.

ഉംബർട്ടോ എക്കോ മുതൽ ഡാൻബ്രൗൺ വരെയുള്ളവർ അപ/ഗൂഢവൽക്കരിച്ച മധ്യകാല യൂറോപ്പിന്റെയും നവോത്ഥാനാധുനികതയുടെയും സംസ്‌കാരപാഠങ്ങളുടെതന്നെ രാജ്യാന്തര മാനവിക ബന്ധങ്ങളും ഭൂഖണ്ഡാന്തരജീവിതാനുഭൂതികളുമാണ് ഈ രചനയിൽ അമിതാവ് ഘോഷിന്റെ ആഖ്യാനപശ്ചാത്തലങ്ങളിലൊന്ന്. മറ്റൊന്ന് യൂറോപ്യൻ-ഇന്ത്യൻ മിത്തുകളുടെ അതീതയാഥാർഥ്യങ്ങൾ പിൻപറ്റി രൂപപ്പെടുത്തുന്ന ഭാവിതപാഠങ്ങളുടെ ശൃംഖലയും. അതിനിശിതമായ രണ്ട് സമകാലരാഷ്ട്രീയ സന്ദർഭങ്ങളുടെ പ്രശ്‌നവൽക്കരണമാണ് ഭൂതത്വത്തിൽ നിന്ന് ഈ കൃതിക്ക് വർത്തമാനത്തിലേക്ക് സ്ഥാനാന്തരം നൽകുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാന പ്രതിഭാസത്തിന്റെയും യൂറോപ്പിലേക്കു നടക്കുന്ന അഭയാർഥി/കുടിയേറ്റ പ്രവാഹങ്ങളുടെയും.

കൽക്കത്തയിൽ ജനിച്ചുവളർന്ന് അമേരിക്കയിൽ കുടിയേറിയ ദീനാനാഥ് ദത്തയെന്ന അറുപതുകാരനാണ് തോക്ക് ദ്വീപിലെ കഥാഖ്യാതാവും നായകനും. ബംഗാളിലെ നാടോടിപ്പാട്ടുകളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് ഡോക്ടറേറ്റ് നേടി കുറെക്കാലം ഒരു ലൈബ്രറിയിൽ ജീവനക്കാരനായിരുന്നു ദീനാനാഥ്. പിന്നീടയാൾ സ്വന്തമായി ഒരു വ്യാപാരം തുടങ്ങി. അസുലഭങ്ങളായ പുസ്തകങ്ങളുടെയും ഏഷ്യൻ പുരാവസ്തുക്കളുടെയും ശേഖരണവും വില്പനയും. ബ്രൂക്‌ലിനിലും കൽക്കത്തയിലുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ദീനാനാഥിന് ഒരിക്കൽ കൽക്കത്താവാസം കഴിഞ്ഞ് അമേരിക്കയിലേക്കു പറക്കാൻ രണ്ടുദിവസം മാത്രം ബാക്കിയുള്ളപ്പോൾ അവിചാരിതമായി കനായി എന്ന പഴയ സുഹൃത്തിൽ നിന്നു കേട്ട കഥയും അയാളുടെ വലിയമ്മ നീലിമാബോസ് ദീനാനാഥിനെ കാണാൻ ആഗ്രഹിക്കുന്ന കാര്യവും ജീവിതത്തിന്റെ വഴിത്തിരിവായി മാറി. 'ബന്ദൂക്കി ശൗദാഗോർ' (ഈ ബംഗാളിപദത്തിന് തോക്ക് വ്യാപാരി എന്നർഥം) എന്നൊരാളെക്കുറിച്ച് കനായി പറഞ്ഞ കഥ അയാളെ നീലിമയുടെ അടുത്തെത്തിച്ചു. ദീനാനാഥ് പഠിച്ച നാടോടിപ്പാട്ടുകളിലൊന്നും അങ്ങനെയൊരാളുടെ കഥയുണ്ടായിരുന്നില്ല. നീലിമയെച്ചെന്നുകണ്ട ദീനാനാഥിന്റെ ജീവിതം പിന്നീടങ്ങോട്ട് രണ്ടുമൂന്നു വർഷക്കാലം കടന്നുപോകുന്ന നാടകീയവും വിക്ഷുബ്ധവുമായ സംഭവപരമ്പരകളാണ് നോവലായി വികസിക്കുന്നത്.

സുന്ദരബനിലെ കണ്ടൽക്കാടുകൾക്കിടയിൽ പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട വിചിത്രമായ ഒരു ക്ഷേത്രത്തെക്കുറിച്ചും അതിന്റെ നാശോന്മുഖമായ അവസ്ഥയെക്കുറിച്ചുമാണ് നീലിമ ദീനാനാഥിനോടു പറയുന്നത്. സർപ്പദേവതയായ മാനസാദേവിയുടെ പേരിൽ 'തോക്ക്‌വ്യാപാരി' എന്നറിയപ്പെട്ട ഒരാൾ പണിതതാണത്രെ ആ ക്ഷേത്രം. 1970ലെ ഭോലാ ചുഴലിക്കാറ്റിനെ അതിജീവിക്കാൻ തങ്ങളെ തുണച്ചത് മാനസാദേവിക്ഷേത്രമാണെന്ന് ഗ്രാമീണർ വിശ്വസിക്കുന്നു. പക്ഷെ ഇപ്പോൾ സുന്ദർബൻ ദ്വീപുകൾ ഒന്നൊന്നായി ജലത്തിൽ മുങ്ങിത്താഴുകയാണ്. കടലിൽ മുങ്ങിത്താഴും മുൻപ് ആ ക്ഷേത്രം പോയി കാണാൻ നീലിമ ദീനാനാഥിനെ നിർബ്ബന്ധിക്കുന്നു. തന്റെ സഹായിയും മറൈൻ ബയോളജിസ്റ്റുമായ പിയാറോയ്, പരിചാരികയും നഴ്‌സുമായ മൊയ്‌ന, കടത്തുകാരനായ ഹൊറേൻ എന്നിവർ അയാളെ അക്കാര്യത്തിൽ സഹായിക്കും എന്ന് അവർ ഉറപ്പുകൊടുത്തു. അമേരിക്കൻ യാത്രക്കു രണ്ടു ദിവസം ബാക്കിയുണ്ടായിരുന്നതിനാൽ ദീനാനാഥ് പിറ്റേന്നുതന്നെ സുന്ദർബനിലെത്തി. അവിടെ അയാൾ മൊയ്‌നിയുടെ മകൻ ടിപ്പുവിനെയും ക്ഷേത്രം ചുമതലക്കാരൻ റാഫിയെയും കാണുന്നു.

ക്ഷേത്രത്തിനുള്ളിൽ വച്ച് ടിപ്പുവിനെ ആ ക്ഷേത്രത്തിന്റെ കാവൽക്കാരനായ രാജവെമ്പാല കൊത്തി. അവനെ അവർ ആശുപത്രിയിലെത്തിച്ചു രക്ഷിച്ചു. ടിപ്പുവിനെ കാണാനെത്തിയ പിയ, ആ പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെത്തന്നെ തകർക്കുന്ന എണ്ണശുദ്ധീകരണശാലയെക്കുറിച്ച് ദീനാനാഥിനോടു പറയുന്നു. ഭരണകൂടങ്ങൾ പക്ഷെ പരിസ്ഥിതിപ്രവർത്തകർക്കും ചെവികൊടുക്കുന്നില്ല. ഓറിഗണിൽ കീടശാസ്ത്രഗവേഷകയായ തന്റെ സുഹൃത്ത് ലിസ, വണ്ടുകളുടെ വ്യാപനത്തെക്കുറിച്ചു നൽകിയ മുന്നറിയിപ്പ് നഗരസഭ അവഗണിച്ച കാര്യവും പിയ ദീനാനാഥിനോടു പറയുന്നു.

റാഫിയും ടിപ്പുവും തമ്മിലുടലെടുത്ത ബന്ധം, യൂറോപ്പിലേക്ക് ആളുകളെ അനധികൃതമായി കുടിയേറാൻ സഹായിക്കുന്ന ഒരു സംഘത്തിൽ അവരെ എത്തിക്കുന്നു. കരമാർഗം നടത്തിയ യാത്രയിൽ പശ്ചിമേഷ്യയിൽ വച്ച് വേർപെട്ടുപോയ റാഫിയും ടിപ്പുവും പിന്നീട് നോവലിന്റെ അവസാനമേ തമ്മിൽ കണ്ടുമുട്ടുന്നുള്ളു. കുടിയേറ്റരാഷ്ട്രീയത്തിൽ ഇടപെടാൻ നോവൽ സ്വീകരിക്കുന്ന മാർഗവും ടിപ്പുവിന്റെ യാത്രകൾ തന്നെയാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെയും കുടിയേറ്റത്തിന്റെയും രാഷ്ട്രീയങ്ങളുടെ തുടക്കം സുന്ദർബനിലാണെങ്കിലും ഒടുക്കം യൂറോപ്പിലാണ് എന്നർഥം.

തോക്ക് വ്യാപാരി നിർമ്മിച്ച ക്ഷേത്രത്തിലെ ഗൂഢസ്വഭാവമുള്ള പഴയ ചിത്രരൂപങ്ങൾ കണ്ടു വിസ്മയിച്ച ദീനാനാഥ്, ചില മാസങ്ങൾക്കുശേഷം ലോസ്ഏഞ്ചൽസിൽ ഒരു സെമിനാറിനെത്തുമ്പോഴാണ് അത്ഭുതപരതന്ത്രനാകുന്നത്. ഷേക്‌സ്പിയറിന്റെ 'വെനീസിലെ വ്യാപാരി'എന്ന നാടകത്തിന്റെ 17-ാം നൂറ്റാണ്ടിലെ ഒരു കോപ്പി കണ്ടുകിട്ടിയതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടതായിരുന്നു ആ സെമിനാർ. അങ്ങോട്ടേക്കുള്ള യാത്രയിൽ പാമ്പുകൾ ദീനാനാഥിനെ വേട്ടയാടുന്നു. സുന്ദർബനിലെ ക്ഷേത്രത്തിൽ നിന്ന് അയാളെ ബാധിച്ച ഒന്നായിരുന്നു സർപ്പദേവതയായ മാനസിദേവിയുടെ പ്രജകൾ.17-ാം നൂറ്റാണ്ടിലെ കാലാവസ്ഥയെയും പ്രകൃതിദുരന്തങ്ങളെയും കുറിച്ചുള്ള ഒരു പ്രബന്ധം ദീനാനാഥിനെ ഇളക്കിമറിച്ചു. അവസാനത്തെ പ്രബന്ധം അവതരിപ്പിച്ചത് ദീനാനാഥിന്റെ ദീർഘകാലസുഹൃത്തും പ്രൊഫസറുമായ റോസാഗിയാസിന്റയായിരുന്നു. അസാധാരണമായ തന്റെ ജീവിതഗതിയിൽ ഭർത്താവിനെയും മകളെയും നഷ്ടമായ സിന്റ 17-ാം നൂറ്റാണ്ടിലെ വെനീസിന്റെ ചരിത്രമായിരുന്ന പ്രബന്ധത്തിൽ അവതരിപ്പിച്ചത്. വെനീസ് ഒരു ദ്വീപിനുള്ളിലെ മറ്റൊരു ദ്വീപാണെന്നും കിഴക്കൻ ദിക്കുകളുമായുള്ള മധ്യകാല യൂറോപ്പിന്റെ സുഗന്ധവ്യഞ്ജനവ്യാപാരത്തിന്റെ തലസ്ഥാനം വെനീസായിരുന്നുവെന്നും പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ തുടങ്ങിയ ദേശങ്ങളുമായി വെനീസിലെ വ്യാപാരികൾക്കു ബന്ധമുണ്ടായിരുന്നുവെന്നും വിശദീകരിച്ച സിന്റ പിന്നീടങ്ങോട്ട് തന്റെ പ്രബന്ധത്തിൽ ചില വാക്കുകൾകൊണ്ട് അസാധാരണമായ ഒരു ചരിത്രകഥ പറഞ്ഞുതുടങ്ങുന്നു. ഹേസൽ നട്ട്, ബുള്ളറ്റ്, തോക്ക് എന്നിവക്കു മൂന്നിനും അറബിഭാഷയിൽ പറയുന്ന വാക്ക് വെനീസിന്റെ ബൈസന്റൈൻ പേരായിരുന്ന 'ബനഡിക്' ആണ്. ജർമൻ, സ്വീഡിഷ് ഭാഷകളിലെ 'വെനെഡിക്' എന്ന വാക്കും ഇതിൽ നിന്നുത്ഭവിച്ചതാണ്. അറബിഭാഷയിൽ ഈ വാക്ക് 'അൽ-ബന്ദൂക്കയ്യാ' ആയി മാറി. ഇന്നും വെനീസിന്റെ അറബിപേര് ഇതാണ്. 'ബന്ദൂക്കയ്യാ' എന്ന വാക്ക് ഇന്ത്യയിലെത്തി, ബംഗാളി ഉൾപ്പെടെയുള്ള ഭാഷകളിൽ ചേക്കേറി. ബംഗാളിഭാഷയിലും ബന്ദൂക് എന്നാൽ തോക്ക് എന്നാണർഥം. വെനീസ്= തോക്ക് ! തോക്ക് വ്യാപാരി എന്ന് താൻ കുറെക്കാലം മുൻപ് സുന്ദർബനിലും കൽക്കത്തയിലും കേട്ട കഥയിലെ നായകൻ യഥാർഥത്തിൽ 'വെനീസിലെ വ്യാപാരി'യായിരുന്നു എന്നു വിസ്മയത്തോടെ തിരിച്ചറിയുന്നു, ദീനാനാഥ് (അമിതാവ് ഘോഷിന്റെ നോവലിൽ പറയുന്നില്ലെങ്കിലും 1605ൽ രചിക്കപ്പെട്ട ഡോൺ ക്വിക്‌സോട്ടിന്റെ ആഖ്യനത്തിൽ ഒരു അറബിചരിത്രത്തിന്റെ സൂചനയുണ്ട്).

പതിനേഴാം നൂറ്റാണ്ടിലെ ഒരു ഇന്ത്യൻ മിത്തിൽനിന്ന് (ചരിത്രവുമാണത്!) അക്കാലത്തെ ഇറ്റാലിയൻ ചരിത്രത്തിലേക്കും (തിരിച്ചും) സഞ്ചരിച്ചെത്തുന്ന മനുഷ്യഭാവനക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നോവലിൽ സൃഷ്ടിക്കുന്ന പുനർഭാവനയാണ് അമിതാവ് ഘോഷിന്റെ 'തോക്ക് ദ്വീപ്'.

തുടർന്ന് സംഭവബഹുലമായ കുറെ മാസങ്ങൾ. പിയയും മൊയ്‌നയും ടിപ്പുവും റാഫിയും കഥയിലേക്കു തിരിച്ചുവരുന്നു. ദീനാനാഥും സിന്റയും അവരുടെ ബന്ധു ഗിസയും വെനീസിൽ വന്നെത്തുന്ന ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നു. വെനീസും സുന്ദർബൻ ദ്വീപുകൾപോലെ കടലിൽ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്. നിരന്തരമുള്ള ചുഴലിക്കാറ്റുകളും കാട്ടുതീയും സർപ്പങ്ങളുടെ വ്യാപനവും കടൽപ്പുഴുവിന്റെ പടരലും ആഗോളതാപനത്തിന്റെ ആഘാതങ്ങളും യൂറോപ്പിനും അമേരിക്കക്കും മേൽ പതിപ്പിക്കുന്ന പാരിസ്ഥിതിക ദുർവിധിയുടെ മറനീക്കലായി മാറുന്നു, നോവൽ. ഒപ്പം ഇന്ത്യയിലും ബംഗ്ലാദേശിലും തുർക്കിയിലും ഈജിപ്തിലും യമനിലും മറ്റു നിരവധി രാജ്യങ്ങളിലും നിന്ന് യൂറോപ്പിലേക്ക് വിസയും പാസ്‌പോർട്ടും ഭരണകൂടാനുമതിയുമില്ലാതെ ബോട്ടുകളിലും കപ്പലുകളിലുമായി കടൽകടന്നോ പശ്ചിമേഷ്യൻ മലനിരകളിലൂടെ പല രാജ്യങ്ങളുടെ അതിർത്തികൾ കടന്നോ വന്നെത്തുന്ന അഭയാർഥികളുടെ കുടിയേറ്റം സൃഷ്ടിക്കുന്ന മനുഷ്യാവകാശപ്രശ്‌നങ്ങളുടെ അവതരണവും.

വെനീസിലെ ഒരു നിർമ്മാണസ്ഥലത്ത് യാദൃച്ഛികമായി റാഫിയെ കണ്ടുമുട്ടുന്ന ദീനാനാഥ് ടിപ്പുവും റാഫിയും ഉൾപ്പെടെയുള്ളവർ നടത്തിയ പലായനങ്ങളുടെ സാഹസകഥകൾ കേൾക്കുന്നു. റാഫി ഇറ്റിലിയിലെത്തിയെങ്കിലും ടിപ്പുവിനെ ഇറാൻ അതിർത്തിയിൽവച്ച് കാണാതായി. മാസങ്ങൾ കഴിഞ്ഞ് ടിപ്പു ഉൾപ്പെടെയുള്ള ഒരു സംഘത്തെയും കൊണ്ടുവരുന്ന നീല ബോട്ട് കരയ്ക്കടുക്കാൻ ഭരണകൂടം വിസമ്മതിക്കുന്നു എന്നറിയുന്ന ദീനാനാഥ്, സിന്റയുടെയും പിയയുടെയും ഗിഡയുടെയും സഹായത്തോടെ കുടിയേറ്റക്കാരെ സഹായിക്കുന്ന ബംഗ്ലാദേശിവനിത ലുബ്‌നയുടെ പിന്തുണയിൽ ഒരു കപ്പൽ വാടകക്കെടുത്ത് കടലിലേക്കു യാത്രയാകുന്നു. ഇറ്റാലിയൻ നാവിക അഡ്‌മിറലായ തന്റെ സുഹൃത്തിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സിന്റക്കു കഴിഞ്ഞതോടെ ബോട്ടിലെ കുടിയേറ്റക്കാരെ കരക്കെത്തിക്കാൻ അവർക്കു കഴിയുന്നു. എങ്കിലും പരിക്കേറ്റ സിന്റ രോഗബാധിതയായി മരിക്കുന്നു.

'യാദൃച്ഛികതകളുടെ സംയോഗ'ത്തെക്കുറിച്ചുള്ള ആർതർ കൊയ്‌സലറുടെ ചിന്തകളെ ഓർമ്മിപ്പിക്കും വിധം സാധ്യതകളുടെ ഭാവിതങ്ങളാണ് നോവൽ (ശാമഴശിശിഴ െീള ുീശൈയശഹശശേല)െ എന്നു തെളിയിക്കുന്നു, അമിതാവ്. ചരിത്രവും മിത്തും; ഭൂതവും വർത്തമാനവും; വാക്കും അർഥവും; വിശ്വാസവും യുക്തിയും; കാലവും ദേശവും ഇഴപിരിച്ചുണ്ടാക്കുന്ന സാധ്യതകളുടെ ഭാവനാശൃംഖല. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും മിഥോളജികൾ. മധ്യകാലത്തിന്റെയും ആധുനികതയുടെയും ജ്ഞാനസംയുക്തങ്ങൾ. മതത്തിന്റെയും ശാസ്ത്രത്തിന്റെയും ജൈവകാണ്ഡങ്ങൾ പ്രകൃതിയുടെയും നിയതിയുടെയും വിധിന്യായങ്ങൾ. റിയലിസത്തിന്റെയും ഫാന്റസിയുടെയും മാന്ത്രികസംലയനങ്ങൾ. വാഗർഥങ്ങളുടെ ഭൂഖണ്ഡാന്തര വ്യാപനങ്ങൾ. അതിജീവനത്തിന്റെ അതീതയാഥാർഥ്യങ്ങൾ. ജനതകളുടെയും ജന്തുക്കളുടെയും പലായനങ്ങൾ. ചുഴലിക്കാറ്റുകൾ. വെള്ളപ്പൊക്കങ്ങൾ. കടൽക്ഷോഭങ്ങൾ. ഭൂകമ്പങ്ങൾ. അഗ്നിപർവതസ്‌ഫോടനങ്ങൾ. പകർച്ചവ്യാധികൾ. ജൈവ-രാസ ദുരന്തങ്ങൾ. മനുഷ്യക്കടത്തുകൾ. അവയവചോരണങ്ങൾ. മാധ്യമപ്രഭാവങ്ങൾ. പുസ്തകസംസ്‌കൃതികൾ. സൈബർ ഹാക്കിങ്.... 'തോക്ക് ദ്വീപി'ന്റെ ആഖ്യാനഭൂപടം തുടക്കത്തിൽ പറഞ്ഞ, ദേശാന്തരനോവൽ ഭാവനയുടെയും ആഗോളസാഹിത്യവിപണിയുടെയും സാധ്യതകളെക്കൂടിയാണ് നമുക്കുമുന്നിൽ അഴിച്ചുനിരത്തുന്നത്.

അസാധാരണമായ അനുഭവലോകങ്ങളിലൂടെ കടന്നുപോകുന്നവരാണ് നോവലിലെ ഓരോ കഥാപാത്രവും. നീലിമ. പിയ. മൊയ്‌ന. സിന്റ. ഗിസ. ലുബ്‌ന. എന്നീ സ്ത്രീകളുടെ അവസ്ഥകൾ ഒന്നിനൊന്നു വിചിത്രവും സങ്കടഭരിതവും സംഘർഷനിർഭരവുമാണ്. ഹൊറേൻ, ടിപ്പു, റാഫി, പലാഷ്, ബിലാൽ, കബിർ എന്നീ പുരുഷന്മാരുടെ ജീവിതവും അങ്ങനെതന്നെ. മൂന്നു ഭൂഖണ്ഡങ്ങൾ. നിരവധി രാജ്യങ്ങൾ. എത്രയെങ്കിലും ഭാഷകൾ. ഭിന്നമതങ്ങൾ. വംശങ്ങൾ. പല സമുദ്രങ്ങൾ. വിമോചനപോരാട്ടസംഘങ്ങൾ. അതിർത്തികൾ. പ്രത്യക്ഷവും പരോക്ഷവും പ്രതീകാത്മകവും പ്രച്ഛന്നവുമായ ദേശീയതാനിരാസങ്ങളുടെയും രാഷ്ട്രലംഘനങ്ങളുടെയും ആധുനികാനന്തര രാഷ്ട്രീയമാണ് അമിതാവ് തന്റെ മനുഷ്യരിലും അവരുടെ ജീവിതാനുഭവാഖ്യാനങ്ങളിലും കൂടി നോവൽവൽക്കരിക്കുന്നത്. നോവൽ ഠൃമിിെമശേീിമഹ ആകുന്നതിന്റെ ഒരു സാധ്യതയും ഇതുതന്നെയാണ്.

ഇന്ത്യൻ-ഇംഗ്ലീഷ് നോവലിന്റെ രൂപപദ്ധതിയിൽ ആഗോള സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ ഭാവഭൂപടം നെയ്‌തെടുക്കാൻ, അമിതാവ് ഘോഷ് മുഖ്യമായും അഞ്ച് ആഖ്യാനസങ്കേതങ്ങളാണ് 'തോക്ക് ദ്വീപി'ൽ സന്നിവേശിപ്പിക്കുന്നത്.

1. ഭാഷയുടെ ദേശാന്തരത്വവും അർഥരാഷ്ട്രീയവും.

2. ചരിത്രത്തിന്റെ കൊളോണിയൽ പാഠഭേദങ്ങൾ.

3. മിത്തുകളുടെ അതീന്ദ്രിയ വിനിമയലോകം.

4. കാലാവസ്ഥാ വ്യതിയാനത്തിന്റെ പാരിസ്ഥിതിക പ്രതിസന്ധികൾ.

5. അഭയാർഥിപ്രവാഹത്തിന്റെയും കുടിയേറ്റത്തിന്റെയും മനുഷ്യാവകാശപ്രശ്‌നങ്ങൾ.

നോവലിന്റെ തുടക്കം തന്നെ ഒരു വാക്കിന്റെ ദേശാന്തര-കാലാന്തര-ഭാഷാന്തര വിനിമയസാധ്യതകളുടെ ചരിത്രത്തിലും രാഷ്ട്രീയത്തിലും നിന്നാണ്. വെനീസും കെയ്‌റോയും മുതൽ കൊൽക്കൊത്തവരെയും ഇറ്റാലിയനും അറബിയും മുതൽ ബംഗാളിവരെയുമുള്ള ദേശ-ഭാഷാലോകങ്ങളിൽ 'ബന്ദൂക്' എന്ന വാക്കിനു കൈവന്നിട്ടുള്ള തോക്ക് എന്ന അർഥത്തിൽ നിന്ന്. 16-ാം നൂറ്റാണ്ടിൽ പൗരസ്ത്യദേശങ്ങളുമായി യൂറോപ്പിനുണ്ടായിരുന്ന വാണിജ്യബന്ധങ്ങളുടെ ചുക്കാൻ പിടിച്ചിരുന്ന ഇറ്റലിയിലെ വെനീസ് എന്ന പട്ടണത്തിന്റെ ബൈസാന്റിയൻ പേരായിരുന്നു, 'ബനഡിക്'. അതിൽനിന്നാണ് ആദ്യം അറബിയിലേക്കും പിന്നെ എത്രയെങ്കിലും ഭാഷകളിലേക്കും ഈ വാക്ക് പടർന്നുപന്തലിച്ചത്. ബ്രിട്ടീഷ് അധിനിവേശകാലത്ത് ഓക്‌സ്ഫർഡ് ഇംഗ്ലീഷ് നിഘണ്ടുവിലും ഈ വാക്ക് കടന്നുകൂടി. 'റൈഫിൾ' എന്ന അർഥത്തിൽ തന്നെ.

17-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽനിന്ന് സർപ്പദേവതയായ മാനസാദേവിയെ ഭയന്ന് പശ്ചിമദിക്കുകളിലേക്കു പലായനം ചെയ്യേണ്ടിവരുന്ന ഒരു വ്യാപാരിക്ക് കരയിലും കടലിലും സ്വസ്ഥത കിട്ടിയില്ല. സർപ്പങ്ങളില്ലാതിരുന്ന ബന്ദൂക് ദ്വീപിൽ (വെനീസ്) പോലും അയാളെ മാനസാദേവി വേട്ടയാടി. ദൗർഭാഗ്യങ്ങൾ വിടാതെ പിന്തുടർന്ന വ്യാപാരി ഒടുവിൽ മാനസാദേവിക്ക് ക്ഷേത്രം പണിയാം എന്നു വാക്കുകൊടുത്തപ്പോഴാണ് ദേവി അയാളെ രക്ഷിച്ച് മഹാധനികനാക്കി സുന്ദർബനിലെത്തിച്ചത്. അയാൾ അവിടെ ദേവിക്കു ക്ഷേത്രം പണിതു. ജനങ്ങൾ അയാളെ 'തോക്ക് വ്യാപാരി' എന്നു വിളിച്ചു.

ഭാഷയുടെ ഈ വിസ്മയകൗതുകം ടിപ്പു 'ഭൂത്' എന്ന മറ്റൊരു വാക്കിൽനിന്നു കണ്ടെത്തി ദീനാനാഥുമായി സംവദിക്കുന്നുണ്ട്. 'ഭൂ' എന്ന സംസ്‌കൃതപ്രകൃതിയിൽ നിന്നുണ്ടായ 'ഭൂത്' എന്ന വാക്കിനർഥം 'ജീവി' എന്നാണ്. മനുഷ്യരും മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും ഒക്കെ. എന്നിട്ടും ഭൂതം എന്നു പറയുമ്പോൾ 'പ്രേതം' എന്നാണ് ആളുകൾ മനസ്സിലാക്കുന്നത്. എന്തുകൊണ്ടാണിത്?

സിന്റയുടെ പ്രബന്ധത്തിൽ നിന്നാണ് തോക്ക് ദ്വീപ് എന്ന സങ്കല്പനത്തിലേക്ക് സയുക്തികം ദീനാനാഥ് എത്തിച്ചേരുന്നത്. തോക്ക് വ്യാപാരിയെന്നാൽ വെനീസിലേക്കു പോയ വ്യാപാരി എന്നാണർഥമെന്നും തോക്ക് വ്യാപാരിയുടെ കഥയിൽ പറയുന്ന അപരിചിതങ്ങളോ ഗൂഢാർഥസൂചകങ്ങളോ ആയ വാക്കുകളുടെയെല്ലാം അർഥം ചരിത്രത്തിൽ അടയാളപ്പെട്ടുകിടക്കുന്നു എന്ന തിരിച്ചറിവാണ് ദീനാനാഥിന് തുടർന്നങ്ങോട്ടുണ്ടാകുന്നത്. ക്ഷേത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടിരുന്ന ചിത്രങ്ങളിലെ 'ഷിക്കോൾ' സിസിലിയും 'റുമാലി ദേശ്' തുർക്കിയും 'താൽ-മിസ്ര്-ദേശ്' ഈജിപ്തുമാണെന്ന് വ്യക്തമാകുന്നു. ബന്ദൂക് ദ്വീപ് വെനീസാണെന്നും. മധ്യകാല യൂറോപ്പിന്റെയും പശ്ചിമേഷ്യയുടെയും ചരിത്രജീവിതങ്ങളും സഞ്ചാരാനുഭവങ്ങളും താൻ നിർമ്മിച്ച ക്ഷേത്രത്തിൽ ചിത്രരൂപത്തിൽ കൊത്തിവയ്പിച്ചാണ് തോക്കുവ്യാപാരി പിൻവാങ്ങിയത്. ക്ഷേത്രം കടലിൽ മുങ്ങിത്താഴും മുൻപ് ദീനാനാഥ് കണ്ടെത്തിയ ഈ ചിത്രസൂചകങ്ങളിൽ നിന്നാണ് നോവൽ അതിന്റെ ആഖ്യാനരസതന്ത്രങ്ങൾ രൂപപ്പെടുത്തുന്നത്.

വെനീസിലെ സാന്റാമരിയായുടെ പള്ളിയിൽ കൊത്തിവച്ച വാക്കുകളിൽ ('ഉൻഡെ ഒറിഗോ ഇൻഡെ സാലസ്') നോവൽ അതിന്റെ അടിസ്ഥാനപ്രമേയം തന്നെ ധ്വനിപ്പിക്കുന്നുമുണ്ട്.

ചരിത്രം അതിന്റെ ഭിന്നങ്ങളായ പാഠരൂപങ്ങളിൽ ഒരു കൊളാഷ് പോലെ വന്നുനിറയുന്നുണ്ട് നോവലിൽ. എഴുതപ്പെടാത്ത ചരിത്രങ്ങളും പറയപ്പെടാത്ത കഥകളും പുനരാനയിക്കപ്പെടുന്നു, 'തോക്ക് ദ്വീപി'ൽ. 'ഇംഗ്ലീഷിലെഴുതപ്പെട്ട ബംഗാളിനോവൽ' എന്ന് അമിതാവിന്റെ ആദ്യകാലരചനകളിലൊന്നിനെ സുനിൽ ഗംഗോപാധ്യായ വിളിച്ചതിനു സമാനമായി, 'ഇംഗ്ലീഷിലെഴുതപ്പെട്ട ഇറ്റാലിയൻ നോവൽ' എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം തോക്ക് ദ്വീപിനെ. വിശേഷിച്ചും അതിന്റെ രണ്ടാം പകുതിയെ. ബംഗാളിന്റെയെന്നതിനെക്കാൾ ഇറ്റലിയുടെ ചരിത്രവും യൂറോപ്പിന്റെ മധ്യകാലനാഗരികതയും 17-ാം നൂറ്റാണ്ടിന്റെ സവിശേഷസാഹചര്യങ്ങളും മുൻനിർത്തിയാണ് തോക്കുവ്യാപാരിയുടെ പലായനങ്ങളെ നോവൽ പുനരാവിഷ്‌ക്കരിക്കുന്നത്. ലോസ് ഏഞ്ചൽസിൽ ദീനാനാഥ് ശ്രവിക്കുന്ന ഒരു പ്രബന്ധത്തിൽ നിന്നുള്ള ഈ ഭാഗം വായിക്കൂ:

' 'ചെറിയ ഹിമയുഗം' എന്ന് അറിയപ്പെടുന്ന പതിനേഴാം നൂറ്റാണ്ട് വൻ കാലാവസ്ഥാഭംഗങ്ങളുടെ കാലമായിരുന്നു എന്ന് ആ ചരിത്രകാരൻ പറഞ്ഞു. സൗരപ്രക്രിയകൾ കുറഞ്ഞതുകൊണ്ടോ അഗ്നിപർവ്വതസ്‌ഫോടനങ്ങൾ ഒരുപാട് ഉണ്ടായതുകൊണ്ടോ എന്തോ, അക്കാലത്ത് ഭൂഗോളത്തിലാകെ താപനില പെട്ടെന്ന് വളരെ താണു. ഒരു പക്ഷെ, യൂറോപ്യന്മാർ അമേരിക്കകൾ കീഴടക്കിയപ്പോൾ അമേരിന്ത്യക്കാരെ കൊന്നൊടുക്കി, വൻ തോതിൽ വനങ്ങൾ വെച്ചുപിടിപ്പിച്ചതുമാകാം കാരണം.

ഏതായാലും പതിനേഴാം നൂറ്റാണ്ടിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ക്ഷാമവും വരൾച്ചയും പകർച്ചവ്യാധികളും ഉണ്ടായിരുന്നു. അതേസമയം ആകാശത്ത് ഒരുപാട് ധൂമകേതുക്കൾ ഒന്നിന് പിറകെ ഒന്നായി പ്രത്യക്ഷപ്പെട്ടിരുന്നു; കൂടാതെ ഭൂകമ്പങ്ങൾ നിരവധി ആയിരുന്നു; ഭൂകമ്പങ്ങൾ നഗരങ്ങളെ പാടെ നശിപ്പിച്ചു; അഗ്നിപർവ്വതങ്ങൾ ഒരുപാട് പൊടിയും അവശിഷ്ടങ്ങളും അന്തരീക്ഷത്തിൽ പരത്തി; ദശലക്ഷക്കണക്കിന് ആൾക്കാരാണ് മരിച്ചുപോയത്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ജനസംഖ്യ മൂന്നിലൊന്ന് കുറഞ്ഞു. ഈ ദശകങ്ങളിൽ മുമ്പൊരിക്കലും ഇല്ലാതിരുന്നത്ര യുദ്ധങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. കലഹങ്ങൾ യൂറോപ്പിന്റെ പല ഭാഗങ്ങളെയും വിറപ്പിച്ചു; ഇംഗ്ലണ്ടിൽ ആഭ്യന്തരയുദ്ധങ്ങൾ ഉണ്ടായി; മദ്ധ്യ യൂറോപ്പിൽ മുപ്പത് വർഷ യുദ്ധം നാശങ്ങളുണ്ടാക്കി; ഓട്ടോമൻ സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ ഭീകരമായ വരൾച്ച ഇസ്താംബൂളിൽ വലിയൊരു അഗ്നിബാധക്ക് കാരണമായി. ചൈനയെ നീണ്ട കാലം ഭരിച്ച രാജവംശങ്ങൾ രക്തരൂക്ഷിതമായി തൂത്തെറിയപ്പെട്ടു; ഇന്ത്യയിൽ മുഗൾ സാമ്രാജ്യം ക്ഷാമങ്ങളും വിപ്ലവങ്ങളും അഭിമുഖീകരിച്ചു; ആത്മഹത്യകളുടെ പരമ്പരതന്നെ ലോകമെമ്പാടും ഉണ്ടായി; ചൈനയിൽ മിങ് വംശത്തിന്റെ അനുകൂലികൾ പലരും ജീവനൊടുക്കി; റഷ്യയിൽ ഒരു ഓർത്തഡോക്‌സ് വിഭാഗമായ ഓൾഡ് ബിലീവേഴ്‌സ് സാർ ചക്രവർത്തിയെ അന്തിക്രിസ്തുവായി പ്രഖ്യാപിച്ച് അവരിൽ പതിനായിരക്കണക്കിന് ആൾക്കാർ ജീവത്യാഗം ചെയ്തു; എല്ലായിടത്തും അന്തിമ മഹാദുരന്തത്തെ പറ്റിയുള്ള സംസാരങ്ങൾ ഉയർന്നു. ആകാശത്തിലൂടെ ചീറിപ്പായുന്ന ധുമകേതുക്കൾ പ്രപഞ്ചത്തിന്റെ അന്ത്യത്തിന്റെ സൂചനയാണെന്ന് പലരും കരുതി. മറ്റ് ജീവജാലങ്ങളും ആ ദുരന്തത്തിന്റെ മുന്നറിയിപ്പുകൾ തരുന്നുണ്ട് എന്ന വിശ്വാസം പരന്നു. വെട്ടുകിളികളുടെ പറ്റം ആകാശത്തെ മറച്ച് ഇരുട്ടാക്കി; എലികളുടെ എണ്ണം പെരുകി; ഇറ്റലിയിൽ ചിലന്തികളുടെ ദംശനമേറ്റുള്ള ദർശനങ്ങൾ കിട്ടുന്നവരുടെ എണ്ണം കൂടി; ഇംഗ്ലണ്ടിൽ ദാവൂദിന്റെ പുസ്തകത്തിൽ നിന്നുള്ള മൃഗങ്ങളെ സ്വപ്നം കണ്ടവർ ഫിഫ്ത്ത് മോണോക്രൈസ്റ്റ്‌സ് എന്ന മതസംഘം തന്നെ രൂപീകരിച്ച് സർക്കാരിനെതിരെ നീങ്ങി; അവരെ നിഷ്‌കരുണം കൊന്നൊടുക്കി.

പ്രഭാഷകൻ തുടർന്നു: പക്ഷെ ആ കാലത്തിന്റെ ഏറ്റവും വലിയ വിരോധാഭാസം, ഇത്തരം കോളിളക്കങ്ങൾക്ക് പിന്നാലെ ബൗദ്ധികവും സൃഷ്ടിപരവുമായ നവോത്ഥാനപ്രസ്ഥാനങ്ങൾ ഉയർന്നുവന്നു എന്നതാണ്. ബോധോദയത്തിന്റെ യുഗാരംഭം, ഹോബ്‌സ്, ലീബ്‌നീസ്, ന്യൂട്ടൺ, സ്പിനോസ, ദക്കാർത്തെ എന്നിവരുടെ നൂറ്റാണ്ടായിരുന്നു അത്. സാഹിത്യം, ചിത്രകല, ശിൽപ്പകല എന്നിവയിലെ മഹത്തായ സൃഷ്ടികൾ ലോക്തെ സമ്പന്നമാക്കി, ഉദാഹരണത്തിന്...

ഇവിടെ പതിനേഴാം നൂറ്റാണ്ടിലെ മഹത്തായ പല സൃഷ്ടികളുടെയും പേരുകൾ അദ്ദേഹം എഠുത്തുപറഞ്ഞു. അതിൽ താജ് മഹലിന്റെ പേര് കേട്ടപ്പോൾ അത് എന്റെ ഓർമ്മകളെ ഇളക്കി. ആ പേര് എന്റെ മനസ്സിനെ ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബിഷ്ണുപൂരിലെ ക്ഷേത്രങ്ങൾ ഏകദേശം താജ്മഹലിന്റെ കാലത്ത് തന്നെ നിർമ്മിക്കപ്പെട്ടവയാണ് എന്ന് ഞാൻ ഓർമ്മിച്ചു. എന്റെ ഓർമ്മകൾ തോക്ക് വ്യാപാരിയുടെ കോട്ടത്തിലേക്ക് തിരിഞ്ഞപ... അക്കാലത്തിന്റെ കഥകളിലെ വരൾച്ചയും ക്ഷാമങ്ങളും കൊടുങ്കാറ്റുകളും പ്ലേഗ് തുടങ്ങിയവയിലേക്കും.

ചെറിയ ഹിമയുഗത്തിലെ കെടുതികളിൽ നിന്നാവാമോ ആ കഥകളുടെ ഉത്ഭവം?'.

അസാധാരണവും ശ്രദ്ധേയവുമായ മറ്റൊരു ചരിത്രസൂചന അച്ചടി സൃഷ്ടിച്ച ഇറ്റാലിയൻ/ യൂറോപ്യൻ ആധുനികതയെക്കുറിച്ചുള്ളതാണ്. വെനീസിൽ ദീനാനാഥ് കാണുന്ന ഒരു എക്‌സിബിഷനാണ് സന്ദർഭം. ഗുട്ടൻബർദ് കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന പുസ്തകപ്രസാധകനും 'അച്ചടിയിലെ മൈക്കളാഞ്ചലോ' എന്നു വിളിക്കപ്പെട്ടയാളുമായ ആൽഡോ മാനുഷ്യസിന്റെ കഥ അമിതാവ് വിവരിക്കുന്നു.

'ലോകത്തിലെ ഏറ്റവും അപൂർവ്വവും വിലപ്പെട്ടതുമായ ഒരു പുസ്തകത്തെ കുറിച്ചായിരുന്നു, അത്! ഹിപ്‌നെറോടോമാക്കിയ പോളിഫിലി എന്ന പതിനഞ്ചാം നൂറ്റാണ്ടിലെ അന്യാപദേശകഥയുടെ ആൽഡൈൻ പ്രസ്സ് പ്രതിയായിരുന്നു, അത്. ആൽഡൈൻ പ്രസ്സ് ഇറക്കിയ ആ പതിപ്പ്, ഇതുവരെ അച്ചടിക്കപ്പെട്ട പുസ്തകങ്ങളിൽ ഏറ്റവും മനോഹരമാണെന്ന് പരക്കെ അറിയപ്പെട്ടിരുന്നു; അത് 1499ൽ വെനീസിൽ പ്രസിദ്ധീകരിച്ചത് ആയിരുന്നു (അങ്ങിനെ അതിനെ ഇൻക്യുനാബലം അഥവാ അതിപുരാതനഗ്രന്ഥമെന്ന വർഗ്ഗത്തിൽ പെടുത്താം). അച്ചടിച്ചത്, ജീവിതകാലം ഈ നഗരത്തിൽ മുഴുവൻ കഴിച്ച് 1515ൽ മരിച്ച മഹാനായ ആൽഡോ മാനുഷ്യസ്സ് തന്നെ.

ആ പേര് തന്നെ എനിക്ക് ഒരു ഉത്തേജനമരുന്ന് ആയി. പലപ്പോഴും 'അച്ചടിയിലെ മൈക്കെലാഞ്ചലോ' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ആൽഡോ മാനുഷ്യസ്സ്, ഗുട്ടൻബർഗ്ഗ് കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള പുസ്തകപ്രസാധകൻ ആയിരുന്നു. അദ്ദേഹത്തിന്റെ പൈതൃകം ഞങ്ങളെ പോലുള്ളവരുടെ ജീവിതത്തെ ഇന്നു സ്വാധീനിക്കുന്നുണ്ട്. ബെമ്പോ, ഗാരമോണ്ട് (എനിക്ക് ഏറ്റവും പ്രിയപ്പെട്ട അക്ഷരശൈലി) ഇന്ന് നാം ഉപയോഗിക്കുന്ന അക്ഷരങ്ങൾ പലതിന്റെയും പ്രാക്‌രൂപങ്ങൾ അദ്ദേഹം രൂപകല്പന ചെയ്തതാണ്; ഇറ്റാലിക്‌സ് (ചെരിവെഴുത്ത്) കണ്ടുപിടിച്ചതും, അർദ്ധവിരാമവും കോമയുടെ ഇന്നത്തെ രൂപവും അച്ചടിയിൽ കൊണ്ടുവന്നതും അദ്ദേഹം തന്നെ. അത് മാത്രമല്ല, ഇന്നത്തെ പേപ്പർബാക്ക് രൂപത്തിന്റെ ആദിമരൂപവും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. അതുകൊണ്ട് മനുഷ്യരും പുസ്തകങ്ങളുമായുള്ള ബന്ധങ്ങൾക്ക് പുതിയൊരു മാനം കൈവന്നു. പഠിക്കാനോ പ്രാർത്ഥിക്കാനോ വേണ്ടി മാത്രമല്ല, വിനോദത്തിനും വേണ്ടി ആളുകൾ വായിക്കാൻ തുടങ്ങിയതിന് കാരണക്കാരൻ ആൽഡോ മാനുഷ്യസ്സ് തന്നെയാണ്.

നോട്ടീസ് ശ്രദ്ധിച്ചു വായിച്ചു. എക്‌സിബിഷൻ ക്വേറേനി സ്റ്റാമ്പാലിയ ലൈബ്രറിയിലാണ്. ആ പേരും എനിക്ക് പരിചിതമായിരുന്നു. കഴിഞ്ഞ പ്രവാശ്യം വെനീസിൽ എന്റെ കോൺഫറൻസ് ആ ലൈബ്രറിയിൽ തന്നെ ആയിരുന്നു.

പോകാൻ തീരുമാനമെടുത്ത് ഞാൻ അപ്പോൾ തന്നെ പുറപ്പെട്ടു. വളഞ്ഞുപുളഞ്ഞ് പോകുന്ന ഇടുങ്ങിയ തെരുവുകളിലൂടെ പോകുമ്പോൾ എനിക്ക് ആ വഴികളും പഴയ സന്ദർഭവും ഓർമ്മ വന്നു. പ്രത്യേകിച്ച്, ക്വേറേനി സ്റ്റാമ്പാലിയയിലായിരുന്നു സിന്റയുടെ പ്രഭാഷണം. അച്ചടി കണ്ടുപിടിച്ചശേഷം രണ്ട് നൂറ്റാണ്ട് കാലം 'വിജ്ഞാനത്തിനായുള്ള പ്രസാധന തലസ്ഥാനം' എന്ന് വെനീസിനെ അവർ വിശേഷിപ്പിച്ചു. അച്ചടിക്കപ്പെട്ട എല്ലാ പുസ്തകങ്ങളുടെയും പകുതിയിലധികം ഇവിടെയാണ് പ്രസാധനം ചെയ്യപ്പെട്ടത്. ലോകത്തിലെ പുസ്തകവ്യാപാരത്തിന്റെ കേന്ദ്രം വെനീസ് തന്നെ ആയിരുന്നു. ഇവിടെയാണ് അറബി ഭാഷയിലെ ഖുർആൻ ആദ്യമായി 1538ൽ അച്ചടിക്കപ്പെട്ടത്. അർമീനിയൻ, ഗ്രീക്ക് എന്നിവ കൂടാതെ ഗ്ലാഗോലിറ്റിക് (എത്ര പെട്ടെന്നാണ് അവരുടെ വായിൽ നിന്ന് അറിയാതെ പുറത്ത് വന്ന ആ വാക്ക് ഞാൻ മനസ്സിലാക്കിയത്!) ഉൾപ്പെടെ പല സ്ലാവിക് ഭാഷകളിലെയും ലിപികളിലും ആദ്യകാല പുസ്തകങ്ങൾ ഇവിടെ അച്ചടിച്ചു.

ഈ നഗരം എനിക്ക് ചുറ്റിക്കാണിച്ചുതന്നത് സിന്റയാണ്. മുമ്പ് പുസ്തകക്കടകൾ നിന്നിരുന്ന സ്ഥലങ്ങൾ അവർ കാണിച്ചുതന്നു. അക്കാലത്ത് പുസ്തകങ്ങൾ അച്ചടിച്ച വലിയ കടലാസുകൾ മാത്രമായിരുന്നുവത്രെ. ആ കടലാസുകൾ വാങ്ങി എങ്ങിനെ അവ മുറിച്ച് ബൈൻഡ് ചെയ്യണമെന്ന്, പുസ്തകവ്യാപാരികളുമായി ആലോചിച്ച് വാങ്ങുന്നവൻ തന്നെ തീരുമാനിക്കുകയാണ് ചെയ്തത്.

തോക്ക് വ്യാപാരി വെനീസിൽ ഉണ്ടായപ്പോൾ ആ കടകളും അച്ചടിശാലകളും അവിടെ ഉണ്ടായിരുന്നിരിക്കണം എന്ന് ലൈബ്രറിയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ എനിക്ക് പെട്ടെന്ന് തോന്നി, ഈ തെരുവുകളിലൂടെ നടക്കുമ്പോൾ അയാൾ അവയെല്ലാം; ആ പുസ്തകപ്രപഞ്ചം കണ്ടിരിക്കണം'.

പതിനേഴാം നൂറ്റാണ്ടിലെ വെനീസിന്റെ വൈജ്ഞാനിക മണ്ഡലങ്ങൾ, സൈനികനീക്കങ്ങൾ, കാലാവസ്ഥാമാറ്റങ്ങൾ, 1630കളിലെ പ്ലേഗ്.... ചരിത്രം തോക്കുദ്വീപിലെമ്പാടും ഇഴപിരിഞ്ഞു കിടക്കുകയാണ്. ഭാവനയിൽ സൂക്ഷ്മസുന്ദരമായി സംലയിച്ചുതന്നെ.

ഈ ഇഴപിരിയൽ മിത്തുകളുടെ കാര്യത്തിലും സമാനമായിത്തന്നെ ദൃശ്യമാകുന്നു. രണ്ടുദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം. തോക്കുവ്യാപാരിയുടെ പലായനങ്ങളും മാനസാദേവിയുടെ പ്രത്യക്ഷങ്ങളും പതിനേഴാം നൂറ്റാണ്ടിൽ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു നീളുന്ന സർപ്പദേവതാക്ഷേത്രത്തിന്റെ അവസ്ഥയുമാണ് ഒന്ന്. മറ്റൊന്ന്, ഇറ്റലിയിൽ പതിനേഴാം നൂറ്റാണ്ടിൽ പടർന്നുപിടിച്ച പ്ലേഗിൽ നിന്ന് വെനീസ് നഗരത്തിന്റെ ഒരു ഭാഗത്തെ രക്ഷിച്ച മഡോണാദേവതയുടെ കഥയും. കോവിഡ് കാലത്ത് ലോകം കണ്ട പകർച്ചവ്യാധിക്കെതിരായ പ്രതിരോധമാർഗങ്ങളെല്ലാം രൂപം കൊണ്ടത് വെനീസിലാണ്.

'ക്വാറന്റൈനുകളും കർഫ്യുകളും നടപ്പാക്കി; രോഗം ബാധിച്ചെന്ന് സംശയിക്കുന്നവരെ മറ്റൊരു ദ്വീപിലേക്ക് മാറ്റി. രോഗം വന്ന് മാറിയവരെ വേരൊരു ദ്വീപിലേക്കും. എല്ലാ പൊതുസ്ഥലങ്ങളും അടച്ചിട്ടു. വീട്ടിൽനിന്ന് പുറത്തിറങ്ങുന്നതിൽ നിന്ന് ആളുകളെ വിലക്കി, റോഡുകളിൽ നടക്കാൻ പട്ടാളക്കാർക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. തെരുവുകൾ വിജനമായി, അവയിൽ വിരിച്ച കല്ലുകൾക്കിടയിൽ പുൽനാമ്പുകൾ വളർന്നു. പ്രത്യേകം നിയമിതനായ സൈനികർ, കൂർത്ത മുഖാവരണങ്ങൾ ധരിച്ച് വീടുവീടാന്തരം കയറിയിറങ്ങി, രോഗലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കുകയും രോഗപ്രതിരോധ മരുന്നുകൾ പുകയ്ക്കുകയും ചെയ്തു.

'പക്ഷെ, പ്ലേഗ് പെട്ടൊന്നൊന്നും അടങ്ങിയില്ല. ആയിരക്കണക്കിന് -തൊഴിലാളികൾ, മീൻ വിൽപ്പനക്കാരികൾ, പ്രഭ്വികൾ, പുരോഹിതർ, ഭരണകർത്താക്കൾ പോലും- ആളുകൾ മരിച്ചു. മാസങ്ങൾക്കുള്ളിൽ നഗരത്തിലെ ജനങ്ങളുടെ നാലിലൊന്നാണ് കൊല്ലപ്പെട്ടത്. ശവവണ്ടികൾ ആവശ്യത്തിന് തികഞ്ഞില്ല. ആർസെനേലിൽ-ഇന്ന് എക്‌സിബിഷനുകൾ നടത്തുന്ന സ്ഥലം-ശവശരീരങ്ങൾ കൂട്ടിയിട്ടു അവയ്ക്ക് മുകളിൽ ആസിഡ് ഒഴിക്കാൻ പോലും ആളുകളെ കിട്ടിയില്ല'.

'പക്ഷെ ഈ ഭീതിയുടെ നടുവിൽ നഗരത്തിലെ ഒരു മൂലക്ക് കോർട്ടാനോവാ എന്ന് പേരുള്ള ഒരു തെരുവിൽ രോഗം ബാദിച്ചതേയില്ലത്രെ. അവിടെ താമസിച്ചിരുന്ന ഒരു കൊച്ചുപെൺകുട്ടി, മഡോണയെ കടന്ന് പ്ലേഗിന് കടന്നുപോകാൻ ആവില്ല എന്ന് പറഞ്ഞ്, പുണ്യ കന്യകയുടെ ഒരു ചിത്രം വരച്ച് അത് തെരുവിന്റെ വാതിക്കൽവെച്ചു-വിചിത്രം, അത്ഭുതം! ആ തെരുവിൽ ആരെയും പ്ലേഗ് ബാധിച്ചില്ല'.

'ധന്യയായ മാതാവിനെ എന്നും വെനീസുകാർ ആരാധിച്ചിരുന്നു. പക്ഷെ ആ സന്ദർഭത്തിൽ ആൾക്കാർ കന്യകയുടെ അനുഗ്രഹത്തിനും ദയക്കും വേണ്ടി വിശേഷാൽ പ്രാർത്ഥിച്ചു. യുക്തിവാദികളായ നഗരപിതാക്കൾ പോലും തങ്ങളുടെ നിസ്സഹായത മനസ്സിലാക്കി, മഡോണയ്ക്കായി വലിയൊരു പള്ളി പണിയാൻ ഒരു പ്രമേയം പാസ്സാക്കി. അത് കഴിഞ്ഞ് അധികം താമസിയാതെ പ്ലേഗ് പിൻവാങ്ങിയപ്പോൾ അതിന് കാരണം സാന്റാ മാരിയാ ദെല്ല സല്യൂടെ-സ്വാസ്ഥ്യത്തിന്റെ മഡോണ- കാണിച്ച അത്ഭുതമാണെന്ന് പറയാറുണ്ടായിരുന്നുവത്രെ'.

സിന്റ അവിടെ നിന്നു. ഗ്രാൻഡ് കനാലിന് മുകളിൽ ഉയർന്നുനിൽക്കുന്ന ചാരനിറത്തിലുള്ള പള്ളിമകുടം അവർ ചൂണ്ടിക്കാണിച്ചു. 'അതാ അവിടെയാണ്, സാന്റാ മാരിയാ ദെല്ല സല്യൂടെ. ഇന്ന് ഈ നഗരത്തിലെ പ്രധാനപ്പെട്ട കാഴ്ചയാണത്'.

'അതെ, എനിക്ക് ടർണറുടെ ചിത്രങ്ങൾ ഓർമ്മയുണ്ട്.

അതുപോലെ പല ചിത്രങ്ങളും ഉണ്ട്. ഒരു പക്ഷെ ലോകത്തിൽ ഏറ്റവും അധികം ചിത്രങ്ങളും ഛായാപടങ്ങളും ലാ സല്യൂടെയുടേത് ആയിരിക്കും. ആ മഹാമാരിയുടെ മാത്രമല്ല, ചെറിയ ഹിമയുഗത്തിലെ എല്ലാ വിപത്തുക്കളുടെയും സ്മാരകം ആണതെന്ന് പറയാം'.

എട്ട് മുഖങ്ങളുള്ള ഉയർന്നുനിൽക്കുന്ന ആ പള്ളിയുടെയും അതിന്മേൽ വെളുത്ത ചുമരിന്മേൽ ഗ്രാൻഡ് കനാലിലെ ഓളങ്ങൾ സൃഷ്ടിക്കുന്ന പ്രതിഫലനവും ആസ്വദിച്ച് ഞങ്ങൾ കുറച്ച് നേരം അവിടെ നിന്നു.

'നിന്റെ തോക്ക് വ്യാപാരി ഈ രൂപത്തിൽ ലാ സല്യൂടെ കണ്ടിട്ടുണ്ടാവില്ല', സിന്റ പറഞ്ഞു. 'ഏകദേശം അമ്പതുകൊല്ലമെടുത്തു, അതിന്റെ പണി തീരാൻ. ചെളിപ്രദേശത്ത് അടിത്തറ പണിയാൻ തന്നെ കുറെ കൊല്ലങ്ങൾ. വ്യാപാരി ഇവിടെ വന്ന 1660ൽ മകുടത്തിന് താങ്ങായി നിൽക്കുന്ന എട്ട് മുഖമുള്ള വട്ടമുറി അയാൾ കണ്ടിട്ടുണ്ടാവണം. പക്ഷെ ഒരു വലിയ പള്ളി ഉയർന്ന് വരുന്നത് എന്തിനാണെന്ന് അയാൾക്ക് അറിവി ഉണ്ടായിരുന്നിരിക്കും. എങ്ങിനെ അറിയാതിരിക്കാൻ? 1630ലെ ഭീകരമായ പ്ലേഗ് ബാധ അന്നും വെനീസിലെ ഓർമ്മകളിൽ നിറഞ്ഞുനിന്നിരുന്നല്ലോ'.

അവർ സംസാരിച്ചുകൊണ്ടിരിക്കെ, ഒരു വാപറേറ്റോ ഗ്രാൻഡ് കനാലിലൂടെ കടന്നുപോയി. പള്ളിയുടെ ചുമരിൽ ഓളങ്ങളുണ്ടാക്കിയിരുന്ന പ്രതിഫലനങ്ങൾ, വാപറേറ്റോ ഉണ്ടാക്കിയ തിരകളുടെ പ്രകാശത്തിൽ, തിളങ്ങുന്ന ഒരു ചുഴി പോലെ തോന്നിച്ചു. മനോഹരമാണെന്ന് മാത്രമല്ല, ആ പള്ളി ഭീതികളും വെളിപാടുകളും ഉണർത്തുമെന്നും എനിക്ക് തോന്നി. ഹതാശയുടെ നിമിഷങ്ങളിലെ ആർത്തനാദങ്ങൾ ശിലയായി മാറിയത് പോലെ.

സിന്റയുടെ പിന്നാലെ ഞാൻ പള്ളിയുടെ പ്രസിദ്ധമായ പടികൾ കയറി. ഉയർന്ന അൾത്താരയിലേക്കുള്ള വൃത്താകൃതിയിലുള്ള നടവഴിയിലൂടെ ഞങ്ങൾ നടന്നു. അൾത്താരയുടെ നടുവിൽ ഇരുണ്ട നിറമുള്ള മഡോണയുടെയും കുഞ്ഞിന്റെയും തിളങ്ങുന്ന വിഗ്രഹം ഉണ്ടായിരുന്നു.

'ലാ സല്യൂടെയിലെ കറുത്ത മഡോണയാണത്.' സിന്റ പറഞ്ഞു.

'പനാഘിയ മെസൊപാണ്ടിറ്റിസ്സ, അഥവാ മദ്ധ്യസ്ഥയായ മഡോണ: അനുഗ്രഹങ്ങളും ഉഗ്രകോപങ്ങളും ഉള്ള, മനുഷ്യരൂപമെടുത്ത ഭൂമിയുടെയും നമ്മുടെ ഇടയിലെ മദ്ധ്യസ്ഥ'.

എന്റെ നേരെ തിരിഞ്ഞ് അവർ ചിരിച്ചു. 'വിഗ്രഹം ബൈസാന്റിൻ ശൈലിയിൽ ഉണ്ടാക്കിയതാണെന്ന് നിനക്ക് മനസ്സിലായിക്കാണും. ഇൻഫാറ്റി (യഥാർത്ഥത്തിൽ) അത് ക്രീറ്റിലെ ഹെരാക്ലിയോണിൽ നിന്നാണ് ഇവിടെ കൊണ്ടുവന്നത്. ആ നഗരമാണ്, ആ-സാ-സാ-രാ-മേ-ക്ക് പ്രശസ്തമായത്.'

അവർ പുരികം വളച്ച് ചോദിച്ചു, ''അത് ആരാണെന്ന് അറിയാമോ?'

'ഇല്ല'.

'അവരാണ് സർപ്പങ്ങളുടെ ദേവതയായ മിനാഓൻ' '.

എത്ര ഗംഭീരമായാണ് സുന്ദർബനിലെ ഒരു നാടോടിപ്പാട്ടിലെ തോക്കുവ്യാപാരിയുടെയും മാനസാദേവിയുടെയും കഥയെ അമിതാവ് ഇറ്റലിയിലെ പതിനേഴാം നൂറ്റാണ്ടിലെ മഡോണ മിത്തുമായി ഇഴപിരിക്കുന്നത്!

കാലാവസ്ഥാവ്യതിയാനത്തിന്റെ സമകാലരാഷ്ട്രീയമാണ് തോക്ക് ദ്വീപിന്റെ ഏറ്റവും മൂർത്തമായ ഭാവസന്ദർഭം. മറൈൻ ബയോളജിസ്റ്റായ പിയ, സുന്ദർബനിലെ ഡോൾഫിനുകൽക്ക് ചിപ്പ് ഘടിപ്പിക്കുകയും അതുവഴി അവയ്ക്കുവരുന്ന അപകടങ്ങൾ മനസിലാക്കുകയും ചെയ്യുന്നു. ഹൊറേനും ടിപ്പുവും അവളുടെ ശ്രമങ്ങൾക്കു പിന്തുണനൽകുന്നു. എണ്ണശുദ്ധീകരണശാല സൃഷ്ടിക്കുന്ന മലിനീകരണങ്ങൾപോലെ തന്നെ നോവലിന്റെ പ്രാരംഭത്തിലെ വിഷയങ്ങളിലൊന്ന് സുന്ദർബനിലെ ദ്വീപുകളും കണ്ടൽക്കാടുകളും വെള്ളത്തിനടിയിലാകുന്നതാണ്.

'വെള്ളത്തിന് എത്ര നിറഭേദങ്ങളുണ്ടെന്ന് നിങ്ങൾ ശ്രദ്ധിച്ചോ? പിയ ചോദിച്ചു. പറ്റെ വെട്ടിയ മുടിക്ക് മുകളിൽ അവർ ബേസ്ബാൾ തൊപ്പി ധരിച്ചിരുന്നു.

വെള്ളത്തിന്റെ പാറ്റലിൽ കണ്ണ് ഇറുക്കിക്കൊണ്ട് ഞാൻ നദിയിലേക്ക് നോക്കി. പിയയുടെ വിരൽ ചൂണ്ടിക്കാണിക്കുന്ന ഇടങ്ങളിലേക്ക് എന്റെ കണ്ണ് പാഞ്ഞപ്പോൾ കലങ്ങിയ ചളിവെള്ളത്തിന്റെ തവിട്ടുനിറത്തിൽ തന്നെ പല നിറഭേദങ്ങൾ ഉണ്ടായിരുന്നു. നദിയുടെ ഒഴുക്കും ഏകതാനമായിരുന്നില്ല. വെള്ളം നോക്കിനിന്നപ്പോൾ കണ്ണുകൾ വെള്ളക്കെട്ടുകളും ചുഴികളും പലതരം കുമിളകളും തിരിച്ചറിഞ്ഞു.

അതൊക്കെ ഒരു നദിയുടെ പ്രവാഹത്തിലെ അസംഖ്യം ഒഴുക്കുകളുടെ അടയാളങ്ങളാണെന്ന് പിയ പറഞ്ഞു. അത്തരം ഓരോ ഒഴുക്കും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്, ചെറിയ രീതിയിലെങ്കിലും. ഓരോന്നിലും പലതരം സൂക്ഷ്മ-പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതായത്, ഓരോന്നും ഓരോ പാരിസ്ഥിതിക ഇടമാണ്, കാറ്റിൽ പറക്കുന്ന ബലൂണുകൾ പോലെ അവ വെള്ളത്തിൽ ഒഴുകുന്നു. അതിന്റെ ഫലമായി പലപല രൂപത്തിലും ഭാവത്തിലുമുള്ള ജീവജാലങ്ങൾ അത്ഭുതകരമായി അവിടെ ജീവിക്കുന്നു; പെരുകുന്നു.

'ഈ നദികൾ ഓരോന്നും', പിയ പറഞ്ഞു, 'ചലിക്കുന്ന ഓരോ കാട് പോലെയാണ്. അസംഖ്യം വിവിധ ജീവജാലങ്ങൾ ജീവിക്കുന്ന കാട്'.

'അതൊരു ഭംഗിയുള്ള ബിംബമാണ്', ഞാൻ പറഞ്ഞു, 'കോടിക്കണക്കിന് കൊല്ലങ്ങളായി ഒഴുകുന്ന കാട്.'

'പക്ഷെ ഒരു നദി ഒഴുകുന്നു എന്ന യാഥാർത്ഥ്യത്തിന്റെ അർത്ഥം', പിയ പറഞ്ഞു, 'നദിയുടെ മുകൾഭാഗത്ത് എല്ലായിടത്തും നടക്കുന്ന എല്ലാത്തിന്റെയും അംശങ്ങൾ അതിൽ കലർന്നിട്ടുണ്ട് എന്നതാണ്. അതാണ് എന്നെ ഏറ്റവും വേദനപ്പെടുത്തുന്നതും.'

'കാരണം?'

അവർ സംശയത്തോടെ താടി തടവി, എന്ത് വ്യാഖ്യാനമാണ് എനിക്ക് മനസ്സിലാകുക എന്നപോലെ.

'കടലിലെ ചാവുമേഖലകളെ പറ്റി കേട്ടിട്ടുണ്ടോ? ഇല്ല, അല്ലേ? വെള്ളത്തിൽ പല ഭാഗങ്ങളിലും ഓക്‌സിജന്റെ അംശം വളരെ കുറവാണ്. അവിടെ മത്സ്യങ്ങൾക്ക് ജീവിക്കാൻ സാദ്ധ്യമല്ല. ഇത്തരം മേഖലകൾ, രാസവളങ്ങളുടെ അവശിഷ്ടങ്ങൾ കാരണം അതിവേഗം വ്യാപിക്കുകയാണ്. അവ കടലിലേക്ക് ഒഴുക്കിവിടുമ്പോൾ പല രാസപ്രവർത്തനങ്ങളും സംഭവിച്ച് ഓക്‌സിജൻ വലിച്ചെടുക്കപ്പെടുന്നു. എണ്ണത്തിൽ കുറവായ ചില പ്രത്യേക ജീവികൾക്ക് മാത്രമേ അത്തരം ചുറ്റുപാടുകളെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ - ബാക്കിയെല്ലാ ജീവികളും ചത്തൊടുങ്ങുന്നു. അതുകൊണ്ടാണ് അത്തരം മേഖലകളെ ചാവുമേഖലകൾ എന്ന് വിളിക്കുന്നത്. അത്തരം മേഖലകൾ ഇപ്പോൾ സമുദ്രങ്ങളുടെ ലക്ഷക്കണക്കിന് സ്‌ക്വയർ മൈലുകൾ കീഴടക്കിയിരിക്കുന്നു. ചിലതിന് ഇടത്തരം രാജ്യങ്ങളുടെ വലുപ്പമുണ്ട്.'

'ശരിക്കും?'

'ഇപ്പോൾ അവ സമുദ്രങ്ങളിൽ മാത്രമല്ല, നദികളിലും കാണപ്പെടാൻ തുടങ്ങിയിരിക്കുന്നു, പ്രത്യേകിച്ചും അവ സമുദ്രത്തിൽ ചെന്ന് വീഴുന്ന ഇടങ്ങളിൽ. മിസ്സിസ്സിപ്പിയുടെയും പേൾ നദിയുടെയും അഴിമുഖങ്ങളിലേത് പോലെ. കാർഷികബാക്കി ദ്രാവകങ്ങൾ നദികളിലൂടെയല്ലേ കടലുകളിൽ എത്തുന്നത്?'

'നിങ്ങൾ പറയുന്നത് മനസ്സിലാകുന്നുണ്ട്', ഞാൻ ചോദിച്ചു, 'ഇവിടെയും അത് ഭവിക്കുന്നുണ്ടോ?'

'അതേപോലെ'. അവർ പറഞ്ഞു, 'പക്ഷെ കാർഷികമാലിന്യങ്ങൾ മാത്രമല്ല എന്നുമാത്രം. വേറെ എന്തോ ആണ് കാരണമെന്നാണ് എന്റെ സംശയം'.

'അതെന്താണ്?'

അവർ നദി ഒഴുകിവരുന്ന ദിക്കിലേക്ക് വിരൽ ചൂണ്ടി, 'ഇതിന് ശരിയായ കാരണം അതാ അവിടെ രണ്ട് കൊല്ലം മുമ്പ് ഉയർന്നുവന്ന എണ്ണ ശുദ്ധീകരണശാല ആണെന്ന് ഞാൻ കരുതുന്നു - ഇവിടെ നിന്ന് അധികം ദൂരെയല്ല, അത്. കൊല്ലങ്ങളായി ഞങ്ങൾ -ട്രസ്റ്റും ചില പരിസ്ഥിതി പ്രവർത്തക സംഘങ്ങളും-അതിനെതിരെ പൊരുതുന്നു, പക്ഷെ മറുവശത്തുള്ളത് വളരെ ശക്തരായ ആളുകളാണ്, ഒരു ഭീമൻ കോർപ്പറേറ്റും അവരുടെ കൈപ്പിടിയിൽ ഒതുങ്ങിയ, രണ്ട് രാജ്യങ്ങളിലെയും ചില രാഷ്ട്രീയക്കാരും. അവർ ഞങ്ങൾക്കെതിരെ ഒരു പ്രചരണം അഴിച്ചുവിട്ടു. ഞങ്ങൾ 'വിദേശ ഏജന്റുമാർ' ആണെന്ന്. അവർ ഞങ്ങൾക്കുള്ള സംഭാവനകൾ വിലക്കി, ഞങ്ങളുടെ പ്രവർത്തകരെ ജയിലിലാക്കി, ഞങ്ങളുടെ ഘോഷയാത്രകളെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ആക്രമിച്ചു. അത്തരം വൃത്തികെട്ട കെണികൾ ഒരുക്കി. കൂടാതെ സമൂഹമാധ്യമങ്ങളിലും ഞങ്ങളെ താറടിച്ചു. അത്തരം മാധ്യമങ്ങളിലൂടെ എനിക്ക് വരുന്ന മരണഭീഷണികൾ, നിന്ദാക്കത്തുകൾ എന്നിവയ്‌ക്കൊന്നും ഒരു കണക്കുമില്ല'.

'നിങ്ങൾക്ക് പേടിയുണ്ടോ?'

'സത്യം പറഞ്ഞാൽ പേടിയുണ്ട്. പക്ഷെ ട്രസ്റ്റ് സുന്ദർബനിൽ വളരെ പ്രശസ്തമാണ്. ഇവിടെ വരുമ്പോൾ എനിക്ക് സുരക്ഷിതത്വം തോന്നും. ഏതായാലും ആരെങ്കിലും എന്തെങ്കിലും ചെയ്‌തേ പറ്റൂ; ഇങ്ങിനെ വിഷം കൊടുക്കുന്നത് നോക്കിയിരിക്കാൻ സുന്ദർബനിന് ആവില്ല'.

'ശരിക്കും എന്താണ് അവർ ചെയ്യുന്നത്?'

'കൃത്യമായി എന്താണെന്ന് പറയാൻ എനിക്കും ആവില്ല, കാരണം അവർ അതിനെ സമർത്ഥമായി ഒളിപ്പിക്കുന്നു. ചില കോടതികളെ സമീപിച്ച് എണ്ണ ശുദ്ധീകരണശാലയുടെ മേൽ നിയന്ത്രണം കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഫലമായി അവിടെ നിന്ന് പുറത്തുവരുന്ന ദ്രാവകങ്ങളിൽ 'സുരക്ഷിതമായ അളവിൽ' മാത്രമേ രാസവസ്തുക്കൾ ഉള്ളൂ എന്ന് ഉറപ്പ് വരുത്താൻ അവർ ചില സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. പക്ഷെ സൗകര്യം കിട്ടുമ്പോഴൊക്കെ അവർ വിഷപദാർത്ഥങ്ങൾ നദിയിലേക്ക് ഒഴുക്കുന്നുണ്ട് എന്ന് ഞാൻ സംശയിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ വെള്ളത്തിൽ മുമ്പില്ലാത്ത പല സംഭവങ്ങളും-ഉദാഹരണമായി, കൂട്ട മത്സ്യക്കൊലകൾ'.

'എന്താണ് ഈ കൂട്ട മത്സ്യക്കൊലകൾ'

'ആയിരക്കണക്കിന് മത്സ്യങ്ങൾ പൊങ്ങുകയോ കരയ്ക്ക് അടിയുകയോ ചെയ്യുന്നത്. നദികളിലേക്ക് കൂടുതൽ കൂടുതൽ രാസപദാർത്ഥങ്ങൾ ഒഴുക്കുമ്പോൾ ഇത് ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിക്കുന്നുണ്ട്. ഇവിടെ, അതിന് കാരണം ആ എണ്ണ ശുദ്ധീകരണശാലയാണെന്ന് എനിക്ക് സംശയമില്ല'.

'ഇത് നിങ്ങളുടെ ഡോൾഫിനുകളെ ബാധിച്ചിട്ടുണ്ടോ?'

'സംശയമില്ല', പിയ പറഞ്ഞു, 'അതുകൊണ്ടാണ് റാണിയും അതിന്റെ വ്യൂഹവും സാധാരണ വിഹരിക്കുന്ന കേന്ദ്രങ്ങൾ ഉപേക്ഷിച്ചത്. അവയ്ക്ക് ഇത് വലിയ ഒരു വെല്ലുവിളി തന്നെയാണ്. നിങ്ങൾക്ക് അറിയാവുന്ന സ്ഥലങ്ങളെല്ലാം ഉപേക്ഷിച്ച് വേറെ എവിടെയെങ്കിലും പോയി ജീവിതം തുടങ്ങാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ വിഷമിക്കില്ലേ?'

ദൂരേക്ക് നോക്കിക്കൊണ്ട് അവർ നിശ്വസിച്ചു, 'റാണിക്കായിരിക്കും ഏറ്റവും വിഷമം. കാരണം അതിന്റെ കുഞ്ഞുങ്ങളെല്ലാം അവളെ ആശ്രയിച്ചാണല്ലോ ജീവിക്കുന്നത്. വളരെ സുഖകരമായ ജൈവവ്യവസ്ഥയിൽ പെട്ടെന്ന് മാറ്റങ്ങൾ വരുന്നു, ഇതുവരെ അതിനെ കുറിച്ചുള്ള നിങ്ങളുടെ അറിവെല്ലാം ഉപയോഗ്യമല്ലാതാവുന്നു, നിങ്ങൾക്ക് സുപരിചിതമായ തീറ്റയിടങ്ങളെല്ലാം നിങ്ങൾക്ക് പറ്റാതാവുന്നു, നിങ്ങൾ പുതിയ മേച്ചിൽസ്ഥലങ്ങൾ അന്വേഷിക്കേണ്ടിയിരിക്കുന്നു. തനിക്ക് പരിചിതമായ എല്ലാം-വെള്ളം, ഒഴുക്കുകൾ, മണ്ണ് എല്ലാം - തനിക്ക് എതിരായി നീങ്ങുന്നു എന്ന തിരിച്ചറിവ് റാണിക്ക് ഉണ്ടാകുന്നു'.

ആ വാക്കുകൾ വളരെ പരിചിതമായി തോന്നി. 'നിങ്ങൾ അത് പറയുന്നത് എനിക്ക് രസകരമായി തോന്നുന്നു. സുന്ദർബൻ ഉപേക്ഷിച്ച് പോകേണ്ടിവരുന്ന ആൾക്കാരെ കുറിച്ച് മൊയ്‌ന പറഞ്ഞതും അത് തന്നെ ആയിരുന്നു'.

പിയ തല കുലുക്കി, ആ വാക്കുകൾ നിങ്ങൾ ഇനിയും ഇവിടങ്ങളിൽ കേൾക്കും. നമ്മൾ ഇന്ന് പുതിയൊരു ലോകത്താണ്. നമ്മൾ എവിടത്തുകാരാണ്, നാം മൃഗങ്ങളോ മനുഷ്യരോ എന്ന് നമുക്ക് അറിയില്ല'.

ഗിസയുടെ കീടഗവേഷണവും ലോസ് ഏഞ്ചൽസിൽ സൃഷ്ടിക്കുന്ന കോലാഹലമായാലും വെനീസിലെ കടൽപ്പുഴുകളുടെ വ്യാപനമായാലും പടർന്നുപിടിക്കുന്ന കാട്ടുതീയായാലും കടൽപ്പാമ്പുകളുടെ കുടിയേറ്റമായാലും ഡോൾഫിനുകളുടെ കൂട്ടമരണമായാലും കടൽജലത്തിന്റെ നിരപ്പുയരലായാലും.... കാലാവസ്ഥാവ്യതിയാനത്തിന്റെ ആഗോളദുരന്തങ്ങളുടെ അസാധാരണമായ പാഠമാതൃകകൾ തോക്ക് ദ്വീപിന്റെ രാഷ്ട്രീയഭൂമികകളിലൊന്നായി മാറുന്നു. അമിതാവ് ഘോഷ് ഒരിക്കൽ പറയുകയുണ്ടായി, .'Climate change is like death, no one wastn to talk about it', എന്ന്. പക്ഷെ അദ്ദേഹം അതെപ്പറ്റിത്തന്നെയാണ് ഈ നോവലിൽ പറയുന്നത്.

നമ്മുടെ കാലത്ത് യൂറോപ്പിലേക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കുടിയേറ്റങ്ങളാണ് നോവലിലെ രണ്ടാമത്തെ രാഷ്ട്രീയാന്തർധാര. കൊളോണിയൽ കാലത്തെ അടിമവ്യാപാരവും തൊഴിലാളികടത്തും പോലെതന്നെ, നിരവധി കാരണങ്ങളാൽ അസഹനീയമായ ജീവിതസാഹചര്യങ്ങൾ മറികടന്ന് ജീവൻ പണയംവച്ച് അതിർത്തികളും സമുദ്രങ്ങളും താണ്ടി യൂറോപ്പിലെത്തുന്ന പല ദേശക്കാരും ഭാഷക്കാരും വർണക്കാരും വംശജരുമായ അഭയാർഥികളുടെ മനുഷ്യാവകാശങ്ങളിലേക്കാണ് നോവൽ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

'ആ സാമ്യങ്ങൾ യാദൃശ്ചികമല്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി. ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള തോട്ടങ്ങളിൽ പണി എടുക്കാനായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് കടത്തപ്പെട്ട കരാർ തൊഴിലാളികളുടെയും ഇന്നത്തെ അഭയാർത്ഥികളുടെയും പരിതഃസ്ഥിതികൾ തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്ന് എനിക്ക് മനസ്സിലായി. ആ കൂലികളും മിക്കവാറും ചെറുപ്പക്കാരായ പുരുഷന്മാർ ആയിരുന്നു. അന്നും ഇടനിലക്കാരായ ദല്ലാളുകൾ-ഡഫാദാർ, മഹാജന്മാരും, അതായത് ആളെ ചേർക്കുന്നവരും കരാറുകാരും-ആ മനുഷ്യക്കടത്ത് യന്ത്രത്തിന് അവശ്യം വേണ്ട പൽച്ചക്രങ്ങളായിരുന്നു; ആ യന്ത്രത്തിന് വേണ്ട എണ്ണയായിരുന്നു, കടവും കടം കൊടുക്കുന്ന ഹുണ്ടികക്കാരനും. അന്നും ഇന്നത്തെ പോലെ മനുഷ്യക്കടത്ത് ആദായകരമായി ഒരു വ്യാപാരമായിരുന്നു.

അവരുടെ യാത്രയ്ക്കുള്ള സാഹചര്യങ്ങളും തമ്മിൽ നല്ല സാമ്യമുണ്ട്. അഭയാർത്ഥികളെ പോലെ കൂലികളെയും 'കോയോട്ടു'കളും മേസ്തിരിമാരും നിയന്ത്രിച്ചു. അവരും ഇടുങ്ങിയ സ്ഥലങ്ങളിൽ പൂട്ടിയിടപ്പെട്ടു. കൂടാതെ വളരെ കുറച്ച് ഭക്ഷണവും. മർദ്ദനങ്ങളും ചാട്ടയടിയും. കൺമുമ്പിൽ വെച്ച് തന്നെ വേണ്ടപ്പെട്ടവർ മരിക്കുന്നത് കാണേണ്ടിവരിക- ഇതെല്ലാം ഒരു കൂലിക്കപ്പലിലെ യാത്രക്കാർക്കും സുപരിചിതമായിരുന്നു.

പ്രധാനപ്പെട്ട ഒരു വ്യത്യാസം ഉണ്ടായിരുന്നു. ഈ കരാർ തൊഴിലും അടിമപ്പണിയും തന്നെ യൂറോപ്യൻ സാമ്രാജ്യശക്തികളാണ് നിയന്ത്രിച്ചിരുന്നത്. എവിടേക്കാണ് പോകുന്നതെന്നോ അനുഭവിക്കാൻ പോകുന്ന പരിസ്ഥിതികൾ എന്താണെന്നോ കൂലികൾക്ക് അറിയില്ലായിരുന്നു. തങ്ങളെ നിയന്ത്രിക്കാൻ പോകുന്ന നിയമങ്ങളെ പറ്റിയും അവർക്ക് ഒന്നും അറിയില്ലായിരുന്നു.

പക്ഷെ കൂലികളുടെ സാമ്രാജ്യത്വയജമാനന്മാർക്ക്, അവരെ പറ്റി എല്ലാം അറിയാമായിരുന്നു. കൂലികൾ എവിടെ നിന്ന് വരുന്നു, ഏത് ജാതിയിലോ ഗോത്രത്തിലോ ഉള്ളവരാണ് എന്നും എല്ലാം കൃത്യമായ വിവരങ്ങൾ അവർ രേഖപ്പെടുത്തി വെച്ചിട്ടുണ്ടായിരുന്നു. അവരുടെ ശരീരങ്ങളെ വളരെ ശ്രദ്ധാപൂർവ്വം പരിശോധിച്ച് എന്തെങ്കിലും മറുകുകളോ കലകളോ ഉണ്ടെങ്കിൽ അവയും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അവർ എവിടെ, എപ്പോൾ പോകണമെന്ന് തീരുമാനിച്ച് അവരെ തോട്ടം മുതലാളിമാർക്ക് എത്തിച്ച് കൊടുത്തത് ആ യജമാനന്മാർ ആയിരുന്നു.

പക്ഷെ, ഇന്ന് അതെല്ലാം തകിടം മറിഞ്ഞിരിക്കുന്നു.

റാഫിയും ടിപ്പുവും കൂടെയുള്ള കുടിയേറ്റക്കാരും, അവർ തന്നെയാണ് സ്വന്തം യാത്രകൾ തീരുമാനിച്ച് സഞ്ചാരം തുടങ്ങിയത്. എന്നെ പോലെ അവരും സ്വന്തം പരിചിതവലയം ഉപയോഗിച്ച് പോകാൻ ഉദ്ദേശിച്ച സ്ഥലത്തെ നിയമങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ പടിഞ്ഞാറൻ ലക്ഷ്യസ്ഥാനത്തെ രാജ്യങ്ങൾക്ക് പക്ഷെ അവരെ പറ്റി ഒന്നും അറിയില്ലായിരുന്നു.

അത് മാത്രമല്ല, ഞാനോ എനിക്ക് പരിചയമുള്ള ആ ചെറുപ്പക്കാരായ കുടിയേറ്റക്കാരോ, ഭൂഖണ്ഡങ്ങൾ താണ്ടി വന്നത് ആ രാജ്യങ്ങലിൽ ആരുടെയൊക്കെയോ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിന് വേണ്ടി വൻതോട്ടങ്ങൾ പോലുള്ള യന്ത്രങ്ങളുടെ പൽച്ചക്രങ്ങൾ ആകാൻ വേണ്ടിയല്ല, അടിമകളും കൂലികളും സാമ്രാജ്യത്വ ശക്തികൾക്ക് വേണ്ടി കരിമ്പ്, പുകയില, കാപ്പി, പരുത്തി, തേയില, റബ്ബർ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ അദ്ധ്വാനിച്ചു. വൻനഗരങ്ങളുടെ വിശപ്പ് മാറ്റാനും ആഗ്രഹങ്ങൾ നിറവേറ്റാനും ആണ് മനുഷ്യരെ ഭൂഖണ്ഡങ്ങൾ താണ്ടി വില്പനയ്ക്കുള്ള ഉപഭോഗസാധനങ്ങൾ ഉത്പ്പാദിപ്പിക്കാൻ പ്രേരിപ്പിച്ചത്. അടിമകളും കൂലികളും ഉത്പാദകർ ആയിരുന്നു, ഉപഭോക്താക്കളല്ല. അവരുടെ യജമാനന്മാരുടെ ആഗ്രഹങ്ങൾ അവരുടേതാക്കാൻ ഈ ചട്ടക്കൂട്ടിൽ അവർക്ക് ഒരിക്കലും സാദ്ധ്യമായിരുന്നില്ല.

പക്ഷെ, ഇപ്പോൾ, മറ്റാരെയും പോലെ റാഫിയെയും ടിപ്പുവിനെയും ബിലാലിനെയും പോലെയുള്ള ചെറുപ്പക്കാർക്കും അതേ ഉൽപ്പനങ്ങളാണ് വേണ്ടത്-സ്മാർട്ട് ഫോണുകൾ, കമ്പ്യൂട്ടറുകൾ, കാറുകൾ. എന്ത്‌കൊണ്ട് അവർക്കും ആയിക്കൂടാ? ചെറുപ്പം മുതലേ അവർ കണ്ടുവന്ന ഇഷ്ടപ്പെട്ട ദൃശ്യങ്ങൾ അവരുടെ ചുറ്റുമുള്ള പുഴകളുടേതും പാടങ്ങളുടേതും അല്ല, പക്ഷെ അവരുടെ ഫോൺ സ്‌ക്രീനുകളിലെ ഇതുപോലുള്ള സാധനങ്ങളാണ്.

ഞങ്ങളുടെ ചുറ്റുമുള്ള ബോട്ടുകളിലെ ക്ഷുഭിതരായ യുവാക്കൾ എന്തുകൊണ്ടാണ് പൊളിയാറായ ആ അഭയാർത്ഥി ബോട്ടിനെ പേടിക്കുന്നത് എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. യൂറോപ്പിനെ വികസിപ്പിക്കാൻ നൂറ്റാണ്ടുകളായി നടന്നുവരുന്ന ശ്രമത്തെ ആ ചെറിയ ബോട്ട് തകിടം മറിക്കുകയാണ്. അടിമവ്യാപാരത്തിന്റെ നാളുകൾ മുതൽ യൂറോപ്യൻ സാമ്രാജ്യത്വശക്തികൾ ഈ ഭൂമുഖത്ത്, ചരിത്രത്തിൽ തന്നെ ഏറ്റവും ക്രൂരമായ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. ആളുകളെ ഭൂഖണ്ഡങ്ങൾ കടത്തി ഭൂമിയിലെ ജനസംഖ്യാവിതരണം തന്നെ മാറ്റിമറിക്കാൻ വേണ്ടി. മറ്റ് ഭൂഖണ്ഡങ്ങളിൽ അങ്ങിനെ ജനങ്ങളെ മാറ്റി പാർപ്പിച്ചപ്പോഴും സ്വന്തം യൂറോപ്യൻ വൻ നഗരങ്ങളിൽ അവരുടേതായ വെള്ളക്കാരുടെ സംസ്‌കാരം നിലനിർത്താനാണ് അവരുടെ ശ്രമം.

ഇപ്പോൾ ആ ശ്രമം പൊളിഞ്ഞിരിക്കുന്നു. ടെക്‌നോളജികളും വ്യവസ്ഥകളും-ആയുധങ്ങളും വിവരങ്ങളുടെ നിയന്ത്രണങ്ങളും-ഇപ്പോൾ ജനസംഖ്യാവിതരണത്തിൽ ഇടപെടാൻ സജ്ജമാണ്. അവ പലായനവേഗം കടന്നിരിക്കുന്നു. ഇപ്പോൾ അവ ആരുടെയും നിയന്ത്രണത്തിലല്ല.

അതുകൊണ്ടാണ് ആ ക്ഷുഭിതയുവാക്കൾ ചെറിയ ആ മത്സ്യബന്ധനബോട്ടിനെ പേടിക്കുന്നത്; ഇതിലൂടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആ സമ്പ്രദായത്തിന്റെ-മറ്റുള്ളവരെ അപേക്ഷിച്ച് അവർക്ക് അന്യായമായ അവസരങ്ങളും ആനുകൂലങ്ങളും നൽകിയ ആ വ്യവസ്ഥയുടെ-പൂച്ച് പുറത്തായി അത് പാടെ മാറാൻ പോവുകയാണ്. ഇതുവരെ തങ്ങൾക്ക് കിട്ടിവന്ന അത്തരം ആനുകൂല്യങ്ങൾ തുടർന്നും കിട്ടാൻ അവരെ സംരക്ഷിക്കുന്ന ആളുകൾക്കോ സ്ഥാപനങ്ങൾക്കോ ഇനി കഴിയില്ല.

ലോകം വളരെയധികം, അതിവേഗത്തിൽ മാറിക്കഴിഞ്ഞു; അവർ നിയന്ത്രിച്ചിരുന്ന വ്യവസ്ഥകൾക്ക് ഇനി മനുഷ്യരൂപമുള്ള യജമാനന്മാരില്ല. പിശാചുക്കളെ പോലെ അവ അവയുടെ തന്നെ നിയമങ്ങൾ അനുസരിച്ച് നീങ്ങുകയാണ്'.

ടിപ്പുവിന്റെയും റാഫിയുടെയും പലായനകഥകൾപോലെ തന്നെ ഭീതിദവും ദയനീയവുമാണ് ബിലാലിന്റെയും കബീറിന്റെയും കഥകൾ. ചങ്ങാതികൾ, അതിർത്തികൾ എന്നീ അധ്യായങ്ങളിൽ വിവരിക്കപ്പെടുന്ന അഭയാർഥികളുടെ പലായനകഥകൾ വായിക്കൂ. രക്തമിറ്റുനിൽക്കുന്ന മനുഷ്യസഹനങ്ങളുടെയും ഗതികിട്ടാത്ത പുറപ്പാടുകളുടെയും കഥകളാണവ. അതേസമയംതന്നെ പരസ്പര സ്‌നേഹത്തിന്റെയും കൂറിന്റെയും സാഹോദര്യത്തിന്റെയും കഥകളും. മാറിനിന്നുനോക്കിയാൽ കാലാവസ്ഥാവ്യതിയാനങ്ങൾ പലായികളാക്കുന്ന പാമ്പുകളെയും ഡോൾഫിനുകളെയും മൃഗങ്ങളെയും പക്ഷികളെയും പോലെതന്നെയാണ് ഭരണകൂടങ്ങളും മത-വംശ കലാപങ്ങളും കോർപ്പറേറ്റ് മുതലാളിത്തവും പലായികളാക്കുന്ന മനുഷ്യരും എന്നു കാണാം. അമിതാവ് ഘോഷ് തന്റെ നോവലിൽ ഈ രണ്ടു രാഷ്ട്രീയങ്ങളെയും വിസ്മയകരമാം വിധം ഇഴപിരിച്ചവതരിപ്പിക്കുന്നതിന്റെ സാധ്യതകളും അതുതന്നെയാണ്.

മലയാളമുൾപ്പെടെ പത്ത് ഇന്ത്യൻഭാഷകളിൽ സ്വതന്ത്രകൃതികളും പരിഭാഷകളും പ്രസാധനം ചെയ്തുകൊണ്ട് ആഗോളസ്ഥാപനമായ ആമസോൺ തുടക്കമിട്ടിരിക്കുന്ന വെസ്റ്റ്‌ലാൻഡ്-ഏകയുടെ ആദ്യപ്രസിദ്ധീകരണങ്ങളിലൊന്നാണ് ഈ പുസ്തകം. കെ.ടി. രാധാകൃഷ്ണനാണ് വിവർത്തനം നടത്തിയിരിക്കുന്നത്. വായനാക്ഷമവും ചടുലവുമാണ് രാധാകൃഷ്ണന്റെ വിവർത്തനശൈലി.

നോവലിൽനിന്ന്:-

'കോൺഫറൻസിലെ അവസാനപ്രഭാഷണമായിരുന്നു, സിന്റയുടേത്. അത് തുടങ്ങുന്നതിന് മുമ്പേ തന്നെ ഹാൾ നിറഞ്ഞിരുന്നു.

അവരുടെ പുസ്തകങ്ങളും യൂണിവേഴ്‌സിറ്റാ ഡി പദോവായിലെ പ്രൊഫസെറോസ്സ എമരിറ്റസ് പദവിയും മാത്രമല്ല ആളുകളെ അവരുടെ പ്രഭാഷണം കേൾക്കാൻ പ്രേരിപ്പിച്ചത്. അവർ നല്ല ഒരു വാഗ്മിയും ആയിക്കഴിഞ്ഞിരുന്നു. അവരുടെ ഘനഗംഭീരമായ ശബ്ദം, ഉച്ചാരണശൈലി, പ്രഭാഷണരീതി എന്നിവ അവരുടെ അറിവിനെ പൊലിപ്പിച്ചു. അതെല്ലാം എപ്പോൾ ഇവിടെ ഉപയോഗിക്കണമെന്ന് അവർക്ക് അറിയാമായിരുന്നു. വേദിയിൽ നിൽക്കുമ്പോൾ അവരുടെ ആകാരവടിവും പാറിനിൽക്കുന്ന നരച്ച മുടിയുമെല്ലാം സദസ്യർക്ക് മറക്കാത്ത ഓർമ്മകൾ കൊടുത്തു. അവരുടെ പ്രഭാഷണവും-ഷേക്‌സ്പിയറുടെ വെനീസിന്റെ ചരിത്രപശ്ചാത്തലം-സ്മരണീയമായിരുന്നു.

ഷൈലോക്കിനെ സൃഷ്ടിക്കുവാൻ പ്രേരിപ്പിച്ചത് യഥാർത്ഥ ലോകത്തിൽ 1541ലോ മറ്റോ വെനീസിലെ യഹൂദകോളനിയിൽ ജീവിച്ച ആരെങ്കിലുമാവണം. കാരണം അക്കൊല്ലമാണല്ലോ, വെനീഷ്യൻ റിപ്പബ്ലിക്ക്, യഹൂദന്മാർക്ക് ആ നഗരത്തിൽ താമസിക്കാൻ അനുവദിക്കാനുള്ള നിയമം പാസ്സാക്കിയത്. തിരിച്ചറിയാവുന്ന തരത്തിലുള്ള വേഷം ധരിക്കണം, ക്രിസ്ത്യാനികളുമായി അധിരം ഇടപഴകരുത്, വെനീസിന്റെ ഉൾഭാഗത്ത് ഒരു ദ്വീപിൽ താമസിക്കണം എന്നൊക്കെ ആയിരുന്നു നിബന്ധനകൾ.

സ്‌ക്രീനിൽ വെനീസിന്റെ ഒരു ഭൂപടം തെളിഞ്ഞു. ഒരു ലേസർ ചൂണ്ടുവടി ഉപയോഗിച്ച് സിന്റ അതിൽ വടക്കുകിഴക്ക് ഭാഗം കാണിച്ചുതന്നു, 'ഇതാ ഇതാണ് ആ കാനറീജിയോ സെസ്റ്റിയേർ ജില്ല'. പിന്നെ ചൂണ്ടുവടി അല്പം വലത്തോട്ട് നീക്കി, 'ഇതാണ് ആ ദ്വീപ്. വെനീസ് തന്നെ ഒരു ദ്വീപസമൂഹമാണല്ലോ. അതുകൊണ്ട് ഇത് ദ്വീപിനുള്ളിലെ ദ്വീപാണെന്ന് നിങ്ങൾക്ക് കാണാം'.

ദ്വീപിനുള്ളിലെ ദ്വീപ് എന്ന പ്രയോഗം എന്നെ ഞെട്ടിച്ചു. മുമ്പ് എവിടെയാണ് ഇത് കേട്ടിട്ടുള്ളത്?

ഒന്നുരണ്ട് മിനുട്ടുകൾ കഴിഞ്ഞു. തോക്ക് വ്യാപാരിയുടെ കോട്ടത്തിലെ ചുമരിൽ കണ്ട നിഗൂഢമായ പ്രതീകമായിരുന്നു, ഒന്നിന്റെ ഉള്ളിൽ മറ്റൊന്നായി രണ്ട് വൃത്തങ്ങൾ എന്ന് ഞാൻ ഓർമ്മിച്ചു.

'ദ്വീപേർ ഭെറ്റൊരെ ദ്വീപ് (ദ്വീപിനുള്ളിലെ ദ്വീപ്)' റാഫി പറഞ്ഞുതന്നിരുന്നു.

ഞാൻ മുന്നോട്ട് ആഞ്ഞിരുന്ന് സിന്റെ തുടരുന്നത് സാകൂതം ശ്രദ്ധിച്ചു. യഹൂദന്മാർക്ക് കൊടുത്ത ദ്വീപ്, മുമ്പേ വെടിയുണ്ടകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ നിർമ്മിച്ച ഒരു ഉരുക്ക് വാർപ്പുകേന്ദ്രം ആയിരുന്നു. പഴയ വെനീഷ്യൻ ഭാഷയിൽ ഉരുക്ക് വാർപ്പുകേന്ദ്രത്തിന് ഉപയോഗിച്ച വാക്ക് ഗെറ്റോ എന്നായിരുന്നു. യഹൂദകോളനിയുടെ പേരും ഗെറ്റോ എന്നായി. യഹൂദന്മാരുടെ പ്രധാനപ്പെട്ട ഒരു വിജ്ഞാനകേന്ദ്രമായി മാറിയ ഈ സ്ഥലം ഒരുപാട് പുതിയ വാക്കുകൾ-ഗെറ്റോ ഉൾപ്പെടെ-ഉണ്ടാക്കി.

പ്രസംഗപീഠത്തിന്മേൽ കൈമുട്ട് ഊന്നിക്കൊണ്ട് സിന്റ മുന്നോട്ടാഞ്ഞു. 'വെനീസിലെ ഗെറ്റോവിൽ ജീവിച്ച വ്യാപാരികൾ ലെവന്റ്, ഈജിപ്ത്, വടക്കൻ ആഫ്രിക്ക എന്നീ ദേശങ്ങളുമായി വ്യാപാരം ചെയ്തു; അതുകൊണ്ട് അവർ അറബിഭാഷയും സംസാരിക്കുമായിരുന്നു.

സെക്കൻഡോ മി (എന്റെ അഭിപ്രായത്തിൽ) അവരിൽ നിന്നാണ് എന്റെ നഗരത്തിന് ക്ലാസ്സിക്കൽ അറബ് ഭാഷാ വൊക്കാബളോറിയോവിൽ (നിഘണ്ടു) കൗതുകകരമായ ഒരു സ്ഥാനമുള്ളത്. വെനീസ് വ്യത്യസ്തങ്ങളായ മൂന്ന് വാക്കുകളുമായി ഒരുപക്ഷെ ബന്ധപ്പെട്ടിരിക്കുന്നു-ഹേസൽ നട്ട്, ബുള്ളറ്റ്, തോക്കുകൾ! ഒരു പക്ഷെ എന്ന് ഞാൻ പറയാൻ കാരണം, ഹേസൽ നട്ടിന്റെ ആകൃതി, ബുള്ളറ്റുകളെ പോലെയാണ്. ബുള്ളറ്റുകളോ തോക്കുകൾക്ക് അവശ്യം വേണ്ടതും! ഏതായാലും, ആ മൂന്ന് സാധനങ്ങൾക്കും അറബി ഭാഷയിൽ പറയുന്നത് ഒറ്റ വാക്കാണ്-വെനീസിന്റെ ബൈസാന്റൈൻ പേരായിരുന്ന 'ബനഡിക്ക്'. ജർമ്മൻ, സ്വീഡിഷ് ഭാഷകളിലെ 'വെനെഡിഗ്' എന്ന വാക്കും ഇതിൽ നിന്ന് തന്നെ ഉത്ഭവിച്ചതാണ്.

അറബി ഭാഷയിൽ ബനഡിക്ക്, 'അൽ-ബന്ദുക്കെയ്യാ' ആയി മാറി. ഇന്നും വെനീസിന്റെ അറബി പ്രയോഗം അതുതന്നെ. പക്ഷെ ബന്ദൂക്കെയ്യാ എന്ന വാക്കിന് ഹേസൽ നട്ട്, ബുള്ളറ്റ്, തോക്കുകൾ എന്നീ അർത്ഥങ്ങൾ ഉണ്ട്. ബുള്ളറ്റ് എന്ന വാക്ക് ഗെറ്റോവിലെ ഉരുക്ക് വാർപ്പുകേന്ദ്രങ്ങളിൽ വാർത്തെടുത്തതാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം'.

അവർ ഒന്ന് നിർത്തി. പിന്നെ, ഒരു മാന്ത്രികൻ തൊപ്പിയിൽ നിന്ന് മുയലിനെ വലിച്ചെടുക്കുന്നത് പോലെ നാടകീയമായ ഒരു ആംഗ്യം കാണിച്ചു.

'അറബി ഭാഷയിലൂടെ വെനീസിന്റെ പേര് ദൂരെ പേർഷ്യയിലേക്കും ഇന്ത്യയിലേക്കും സഞ്ചരിച്ചു. അവിടെ പല ഭാഗങ്ങളിലും ബന്ദൂക് എന്നാൽ തോക്ക് എന്നാണ് അർത്ഥം-അതായത് 'വെനീസ്' അല്ലെങ്കിൽ 'വെനീഷ്യൻ!'.

പെട്ടെന്ന് എന്തെങ്കിലും കേട്ടാൽ ചിലപ്പോൾ നമ്മുടെ തലച്ചോറിൽ എന്തോ ഒരു വൈദ്യുതി ആഘാതം പോലെ ഇളക്കം സംഭവിക്കും. സിന്റയുടെ പ്രഭാഷണം കേട്ടപ്പോൾ എനിക്ക് അതാണ് സംഭവിച്ചത്. അപ്പോൾ 'ബന്ദൂക്കി ശൗദാഗോർ' എന്ന പേര് ഞാൻ പൂർണ്ണമായും തെറ്റി മനസിലാക്കിയതാണോ? അതിന്റെ അർത്ഥം 'തോക്ക് വ്യാപാരി' എന്നല്ല, 'വെനീസിലേക്ക് പോയ വ്യാപാരി' എന്നാവുമോ?

എന്റെ നിശ്വാസത്തിന് ഒച്ച കൂടിയതുകൊണ്ടോ എന്തോ പലരും എന്റെ നേർക്ക് നോക്കി. സംഭ്രമം കൊണ്ട് ജാള്യതയോടെ ഞാൻ ഹാളിന് പുറത്തേക്ക് പോയി'.

തോക്ക് ദ്വീപ്
അമിതാവ് ഘോഷ്
വിവ: കെ.ടി. രാധാകൃഷ്ണൻ
ആമസോൺ -വെസ്റ്റ്‌ലാൻഡ് -ഏക
വില: 399