- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിജീവിതങ്ങൾ
തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' ആണ് മലയാള ചെറുകഥയുടെ ഭാവുകത്വചരിത്രത്തിൽ വലിയ വിച്ഛേദമുണ്ടാക്കിയ ആദ്യരചന. അന്നുതൊട്ടിങ്ങോട്ട് കഴിഞ്ഞ എട്ടുപതിറ്റാണ്ടിലധികം കാലം ഈ സാഹിത്യരൂപത്തിന്റെ ആഖ്യാനകലയിലും രാഷ്ട്രീയലാവണ്യത്തിലും ഭാവബന്ധങ്ങളിലും രൂപപദ്ധതികളിലും തമ്മിൽ തമ്മിൽ മൗലികമായ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന അഞ്ചുഘട്ടങ്ങളുണ്ട്. (നിശ്ചയമായും തകഴി തലമുറയ്ക്കു മുൻപ് ചെറുകഥയുടെ രൂപ, ഭാവതലങ്ങളെ മലയാളത്തിൽ സാമാന്യമായി വ്യവസ്ഥപ്പെടുത്തിയ എത്രയെങ്കിലും എഴുത്തുകാരും അവരുടെ രചനകളും ഉൾപ്പെടുന്ന നാലുപതിറ്റാണ്ടുകളും ആ പാരമ്പര്യത്തിനും ഭാവുകത്വത്തിനും കേസരി സൃഷ്ടിച്ച വഴിത്തിരിവും മറന്നുകൊണ്ടല്ല ഇതു പറയുന്നത്.) ഒന്നാം ഘട്ടം, സാമൂഹ്യറിയലിസവും കാവ്യാത്മകറിയലിസവും സമാന്തരമായി ഊടും പാവും നെയ്ത തകഴി-പൊറ്റക്കാട് തലമുറയുടേതാണ്. 1940കളിലും '50കളിലും '60കളിലും ഈ ഭാവുകത്വം നിലനിന്നു. രണ്ടാം ഘട്ടം കാല്പനികാധുനികതയും അസ്തിത്വവാദ ആധുനികതയും ഇഴപിരിച്ചവതരിപ്പിച്ച കഥകളുടേതാണ്. കാരൂരിൽ തുടങ്ങി മാധവിക്കുട്ടി, പത്മനാഭൻ, എം ടി. വഴി മുന്നോട്ടുപോയ ഒന്ന്. 1950, '60, '70 കാലം. മൂന്നാം ഘട്ടം അസ്തിത്വവാദ ആധുനികതയിൽ നിന്ന് രാഷ്ട്രീയാധുനികതയിലേക്കു സഞ്ചരിച്ച കഥാകാലത്തിന്റേതാണ്. കോവിലൻ, വിജയൻ, വി.കെ.എൻ, ആനന്ദ്, സക്കറിയ തുടങ്ങിയവരിലൂടെ സുകുമാരനിലേക്കും നാണുവിലേക്കും. 1960കളും '70കളും ഈ ഭാവുകത്വത്തിന്റെ ഉച്ചഘട്ടമായി. നാലാം ഘട്ടം, മുൻഘട്ടങ്ങൾ മൂന്നിലെയും ഭാവുകത്വങ്ങൾ മിക്കവയും ഏറിയും കുറഞ്ഞും പിൻപറ്റുമ്പോൾ തന്നെ ആഖ്യാനസങ്കേതങ്ങളിൽ ചില പരീക്ഷണങ്ങളും സ്വത്വരാഷ്ട്രീയ നിലപാടുകളും സ്വീകരിച്ചവരുടേതാണ്. ശ്രീരാമനും മാധവനും പ്രഭാകരനും ബാലകൃഷ്ണനും സാറാജോസഫും ഗ്രേസിയും അയ്യപ്പനും മറ്റുമുൾപ്പെടുന്ന നിര. 1980കളിലും '90കളിലുമാണ് ഇവരുടെ മികച്ച രചനകൾ പുറത്തുവന്നത്. അഞ്ചാം ഘട്ടം ആഗോളവൽകൃത, കമ്യൂണിസ്റ്റനന്തര, ആധുനികാനന്തര, ദൃശ്യ-സൈബർ മാധ്യമസന്ദർഭങ്ങളെ ചരിത്രവൽക്കരിക്കുകയും പ്രശ്നവൽകരിക്കുകയും ചെയ്യുന്ന കഥകളുടേതാണ്. മൂന്നാം ഘട്ടത്തിലെ ചില കഥാകൃത്തുക്കളും (ആനന്ദ് മുഖ്യമായും) നാലാം ഘട്ടത്തിലെ പല കഥാകൃത്തുക്കളും (മാധവൻ മുതൽ മാത്യൂസ് വരെ) ഇതിലുൾപ്പെടുമെങ്കിലും 1990കളുടെ മധ്യം തൊട്ട് കഥയെഴുത്താരംഭിച്ചവരുടേതാണ് പ്രധാനമായും ഈ ഘട്ടം. സന്തോഷ്‌കുമാറും സുഭാഷ്ചന്ദ്രനും മുതൽ മീരയും ഹരീഷും വിനോയിയും വിവേക്ചന്ദ്രനും വരെയുള്ളവരുടെ രചനകൾ ഇവിടെ ശ്രദ്ധേയമായി.
മേല്പറഞ്ഞവയിൽ നാലാം ഘട്ടത്തിനൊടുവിൽ ആരംഭിച്ച് അഞ്ചാം ഘട്ടത്തിൽ നിലനിൽക്കുന്ന കഥാജീവിതമാണ് ശിഹാബുദ്ദീൻ പൊയ്ത്തും കടവിന്റേത്. 'നൂറുവർഷം നൂറ് കഥ' പുറത്തുവരികയും മാതൃഭൂമിയെക്കാൾ ഇന്ത്യാ ടുഡെ മലയാളം ചെറുകഥയുടെ വിപണിമൂല്യവും ചെറുകഥാകൃത്തുക്കളുടെ സാംസ്‌കാരികമൂല്യവും നിർണയിക്കുകയും സ്ത്രീ-ദലിത്-പരിസ്ഥിതികഥകൾക്കും പ്രാദേശികാഖ്യാനങ്ങൾക്കും അപൂർവമായ പ്രാതിനിധ്യം കൈവരികയും ആധുനികതാവാദത്തിന്റെ മിക്ക സൗന്ദര്യ-രാഷ്ട്രീയ ഭാവുകത്വങ്ങളും മറികടക്കപ്പെടുകയും ചെയ്തു, ഈ ഘട്ടത്തിന്റെ ആദ്യദശകത്തിൽ. പുതിയ പതിറ്റാണ്ടാകുമ്പോഴേക്കും ഇതര സാഹിത്യരൂപങ്ങളെക്കാൾ പ്രാമാണ്യം സമസ്തമണ്ഡലങ്ങളിലും നോവലിനു കൈവന്നുവെങ്കിലും കഥ, പുസ്തക/ആനുകാലിക രംഗങ്ങളിൽ ഒരുപോലെ പ്രസക്തി നിലനിർത്തി. വിശേഷിച്ചും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ- ഇന്ത്യാ ടുഡെ കഥയുടെ പ്രസിദ്ധീകരണം നിർത്തിയശേഷം.
ഈയൊരു സന്ദർഭത്തിൽ വേണം 1990-2020 കാലത്തെഴുതപ്പെട്ട ശിഹാബുദ്ദീൻ പൊയ്ത്തും കടവിന്റെ രചനകൾ വിലയിരുത്താൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തുടനീളം സ്വയം നവീകരിച്ചു നിലനിന്ന കഥാകൃത്തുക്കളിലൊരാളാണ് ശിഹാബുദ്ദീൻ. ആനന്ദ് മുതൽ വിവേക്ചന്ദ്രൻ വരെയുള്ള മൂന്നോ നാലോ തലമുറ കഥാകൃത്തുക്കൾ പങ്കുപറ്റുന്ന ആധുനികാനന്തര മലയാള ചെറുകഥയുടെ ചരിത്രജീവിതത്തിലും ഭാവുകത്വമണ്ഡലത്തിലും ശിഹാബുദ്ദീന്റെ രചനകൾക്കുള്ള ഭാഗധേയം 'ആർക്കും വേണ്ടാത്ത ഒരു കണ്ണ്' മുതലുള്ള കഥകളിൽ വേറിട്ട് വായിച്ചെടുക്കാൻ കഴിയും. ഏറ്റവുമൊടുവിൽ പുറത്തുവന്ന 'ഈസയും കെ.പി. ഉമ്മറും' എന്ന ഈ സമാഹാരത്തിലെ ഒൻപതുകഥകൾ നോക്കുക.
'കെ.പി. ഉമ്മർ' എന്ന കഥ നോക്കുക. പത്രപ്രവർത്തകനായിരുന്ന കാലത്ത് ബാലസാഹിത്യമാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു കാർട്ടൂൺപരമ്പരയ്ക്കുണ്ടായ ആരാധകൻ എന്ന നിലയിലാണ് പ്രശസ്ത ചലച്ചിത്രനടൻ കെ.പി. ഉമ്മറിനെ കഥാകൃത്ത് പരിചയപ്പെടുന്നത്. കാർട്ടൂണിന്റെ എല്ലാ കഥകളിലും ദുഷ്ടനായ വില്ലൻ ശുദ്ധനായ നായകനു മുന്നിൽ പരാജയപ്പെടുന്നതാണ് മലയാളസിനിമയിലെ എക്കാലത്തെയും പ്രശസ്തനായ വില്ലൻ ഉമ്മറിനെ ആഹ്ലാദിപ്പിച്ചിരുന്നത്. അമ്പരപ്പിക്കുന്ന ഈ വിരുദ്ധനാട്യകാലദർശനത്തിൽ ചുവടുറപ്പിച്ചു നിന്ന് ഒരു പടികൂടികടന്ന് ഉമ്മർ കഥാകൃത്തിനോടു പറയുന്നു: 'ഓരോ വില്ലനും നമ്മളിലൂടെ നശിച്ചുപോകുന്നതിൽപരം ഒരു പുണ്യമില്ല. വില്ലന്മാരായി അഭിനയിക്കുന്ന നടന്മാർ നായകനടന്മാരെക്കാൾ സമൂഹപരിഷ്‌ക്കർത്താക്കളാണ്'. നായകൻ-പ്രതിനായകൻ എന്ന ഈ വിപരീതദ്വന്ദ്വത്തെ കലയിൽ നിന്ന് ജീവിതത്തിലേക്ക് വന്യവും വിചിത്രവുമായി സ്വാംശീകരിച്ച ഗോപാലകൃഷ്ണനിലൂടെ കഥ വഴിപിരിയുന്നു. ബദിയടുക്കയിലെ ഒരു വലിയ തറവാട്ടിൽനിന്ന് അഭിനയം പഠിക്കാനായി അഡയാർ ഫിലിം ഉൻസ്റ്റിട്യൂട്ടിൽ ചേർന്ന ഗോപാലകൃഷ്ണൻ പ്രേംനസീറിനെപ്പോലെ സുന്ദരനായിരുന്നു; അദ്ദേഹത്തിന്റെ ആരാധകനുമായിരുന്നു. അയാൾ പ്രണയിച്ച മേഴ്സി പക്ഷെ കെ.പി. ഉമ്മറിന്റെ കടുത്ത ആരാധികയായിരുന്നു. ആ പ്രശ്നം വളർന്ന് അവരുടെ ബന്ധം തകർന്നു. ഗോപാലകൃഷ്ണന് അത് താങ്ങാനായില്ല. അയാളുടെ മനോനില തകിടം മറിഞ്ഞു. ജീവിതകാലത്തേക്കുമുഴുവൻ തന്റെ പ്രഖ്യാപിത ശത്രുവായി ഉമ്മറിനെ സങ്കല്പിച്ച് അയാൾ തറവാട്ടിൽ തിരിച്ചെത്തി, ഉമ്മറിനെതിരെ ഗൂഢപദ്ധതികൾ ആസൂത്രണം ചെയ്യുന്നു. പുസ്തകരചന മുതൽ വാട്സാപ്പ് ഗ്രൂപ്പു വരെ. ഇതിനിടയിൽ നടന്ന ഉമ്മറിന്റെ മരണമൊന്നും അയാൾ അംഗീകരിച്ചില്ല. മരണശേഷവും ഉമ്മറിനെ വെടിവെച്ചു കൊല്ലാൻ കാത്തിരിക്കുന്ന നായകനായി അയാൾ ജീവിക്കുന്നു.
'ഞാൻ വളരെ മടിച്ചുമടിച്ച് ഉമ്മർക്കയോട് ആ ചോദ്യം ചോദിച്ചു: 'ഉമ്മുക്കായ്ക്ക് ബദിയടുക്കയിലെ ഒരു ഗോപാലകൃഷ്ണനെ അറിയുമോ?'
ഒട്ടേറെ ഭാവങ്ങൾ ഒരുനിമിഷംകൊണ്ട് അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറഞ്ഞു.
ചെറിയ നിശ്ശബ്ദതയ്ക്കുശേഷം അദ്ദേഹം പറഞ്ഞു: 'ജീവിതത്തിൽ കണ്ടിട്ടില്ല. പക്ഷേ, അടുത്ത പരിചയമുണ്ട്! ആദ്യമൊക്കെ ആഴ്ചയിൽ രണ്ട് കത്തെങ്കിലും അയയ്ക്കുമായിരുന്നു. ഏതോ ഒരു മേഴ്സി ഞാൻ കാരണം പിണങ്ങിപ്പോയി, ഒന്ന് ഇടപെട്ട് ശരിയാക്കിത്തരണം. ഇതു പറഞ്ഞാണ് ആദ്യകാല കത്തുകൾ. പിന്നീട് ആ കത്തുകൾ തെറിയും ഭീഷണിയുംകൊണ്ട് നിറഞ്ഞു. ഞാൻ അഡയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജീവിതത്തിൽ പോയിട്ടില്ല. എന്റെ അഭിനയപാഠശാല തെരുവാണ്. അമ്പലപ്പറമ്പും പാർട്ടി സമ്മേളനങ്ങളും. അവിടെ അവതരിപ്പിച്ച എത്രയോ നാടകങ്ങൾ'.
'അയാളോട് വിരോധം തോന്നിയിട്ടുണ്ടോ?'
'എന്തിന്! പ്രശസ്തി ഒരു റോസാപ്പൂവാണ്. മുള്ളുകളും അതിനൊപ്പമുണ്ടാകും'.
ഞാൻ ബനാന ചിപ്സ് നാവിലെടുത്തതും ശുദ്ധമായ വെള്ളിച്ചെണ്ണയിൽ വെന്ത അതീന്ദ്രിയമായ ഒരു സുഗന്ധം മുറിയാകെ പടർന്നു. എന്നിൽ പെട്ടെന്ന് ഒരു ഉണർവുണ്ടായി. ജീവിതപ്രത്യാശയുടെ ഉണർവല്ലാതെ മറ്റൊന്നുമായിരുന്നില്ല, അത്. കിരുകിരുപ്പോടെ എന്റെ പല്ലുകൾക്കിടയിൽ അത് പൊടിഞ്ഞു. അത്ര പെട്ടെന്ന് പൊട്ടാൻ തയ്യാറാവാത്തവിധം ചിപ്സ് അര സെക്കൻഡ് നിന്നു എന്നത് വാസ്തവംതന്നെ. പിന്നെ അത് അത്യസാധാരണമായവിധം നാവിലേക്ക് പൊടിഞ്ഞുവീണ് രുചിമുകുളങ്ങളെ വലിയൊരു ജീവിതോത്സവത്തിലേക്ക് നയിച്ചു. നാവിലേക്ക് പൊടിഞ്ഞു ചിതറിയ ചിപ്സിന്റെ തരികൾ ഉമിനീരിലേക്ക് പ്രിയ കാമുകിയെ എന്ന വണ്ണം എതിരേൽക്കപ്പെട്ടു. ഒരു സെക്കൻഡിൽ അനേകകാലരുചിയുടെ സുഖം നീന്തിപ്പോയി. എന്റെ കണ്ണുകളടഞ്ഞു... എത്രയോ സുഖമായി ജീവിക്കാവുന്ന രുചിയൊക്കെ ആരാണ് അലങ്കോലമാക്കുന്നതെന്ന ചോദ്യം മനസ്സിനെ തടസ്സപ്പെടുത്തി നിന്നു.
യാത്രപറയുമ്പോൾ ഉമ്മുക്ക എന്തോ ഓർത്തുകൊണ്ട് ചോദിച്ചു: 'ബദിയടുക്കയിലെ ഗോപാലകൃഷ്ണനെ അറിയുമോ?'
'അനുജൻ എന്റെ സുഹൃത്താണ്. നിഷേധി എന്ന പേരിൽ കവിതകൾ എഴുതാറുണ്ട്'.
'ഞാനാ പേര് ശ്രദ്ധിച്ചിട്ടുണ്ട്'.
അദ്ദേഹം എന്തോ ഓർത്ത് ഒരു നിമിഷം എന്നു പറഞ്ഞ് അകത്തേക്ക് പോയി. തിരിച്ചുവന്നപ്പോൾ ഒരു പാക്കറ്റ് ബനാനചിപ്സ് പൊതിഞ്ഞ് കൈയിൽ കരുതിയിരുന്നു.
'ഇത് ഗോപാലകൃഷ്ണനെ ഏല്പിക്കാമോ?'
ഞാൻ പറഞ്ഞു: 'തീർച്ചയായും എത്തിക്കാം'.
'കഴിയുമെങ്കിൽ ഇത് അദ്ദേഹത്തിന് നേരിട്ടുതന്നെ കൊടുക്കണം. അപരവിരോധത്തിന് ബനാനചിപ്സ് നല്ലതാണ്. പല്ലുകൾക്കിടയിൽ ദേഷ്യത്തോടെ അമർന്ന് പൊട്ടുമ്പോൾ നമ്മുടെ അതിർത്തിസങ്കല്പങ്ങളെല്ലാം ഛിന്നഭിന്നമാകും. നല്ല നാടൻ വെളിച്ചെണ്ണയുടെ സുഗന്ധത്തെപ്പറ്റി അവർ പതിയെ അറിയും'.
അദ്ദേഹം തന്റെ ടർക്കിടവ്വൽകൊണ്ട് ഒരുനിമിഷം കണ്ണുകളൊപ്പി.
അനേകം പൗർണമികൾ എന്നെ കണ്ടും ഞാൻ കണ്ടും കടന്നുപോയി. ബദിയടുക്കയിൽനിന്ന് വല്ലപ്പോഴും ഒരു പോസ്റ്റൽകാർഡ് വരും. ശശികുമാറാണ് ചില്ലോടിലൂടെ പൗർണമി കണ്ട് നമുക്ക് കിടക്കാലോ. നീ കഥ പറയൂ. ഞാൻ കവിത ചൊല്ലാം. കുറച്ച് സമയത്തേക്കെങ്കിലും നമുക്ക് ജീവിക്കാം.
അനേകവർഷങ്ങൾക്കുശേഷം അങ്ങനെയാണ് ഞാൻ അരയ്ക്കാട്ട് തറവാട്ടിലെത്തുന്നത്. വഴുക്കലുള്ള പായലിനും വളർന്നുനില്ക്കുന്ന പുല്ലിനും മാറ്റമുണ്ടായിരുന്നില്ല. ഗേറ്റ് മനുഷ്യാകാരംപൂണ്ട് ഒന്നുകൂടി തുരുമ്പിച്ചുനിന്നു. പച്ചനിറമുള്ള കുളം മാത്രം യൗവനയുക്തയായി റൗക്ക വലിച്ചുകെട്ടി തിരിഞ്ഞുനോക്കി ഒരേ ചിരി. ചില്ലോടിലൂടെ പൗർണമി കണ്ട് കിടക്കുമ്പോൾ ഞാൻ ചോദിച്ചു: 'ശശീ, നീ കുറേയായി നാട്ടിലല്ലല്ലോ.
എവിടെയായിരുന്നു?'
'മണ്ണ് വല്ലാതെ ചുട്ടുപഴുക്കുമ്പോൾ കാല് മാറിമാറി വെക്കും. ഞാനറിയാതെ അതൊരു യാത്രയായി പരിണമിക്കും. ഏച്ചി മരിച്ചു. ഒരു ബന്ധു പകൽ വന്ന് അടിച്ചുവാരി വൃത്തിയാക്കി പോകും. അവർ വീട്ടിൽനിന്ന് ഏട്ടനുള്ള ഭക്ഷണം കൊണ്ടുവരും. ആദ്യം ബന്ധു തിന്നും. എന്നിട്ടേ ഏട്ടൻ തിന്നൂ. ബദിയടുക്കയിൽ കൂളിങ് ഗ്ലാസിൽ മൂടിയ ഒരു കറുത്ത കാറിൽ കെ.പി. ഉമ്മർ ചുറ്റിത്തിരിയുന്നത് കണ്ടവരുണ്ട്. ഒരിക്കൽ ചിപ്സിന്റെ രൂപത്തിൽ വീടോളം വന്നതാണത്രേ, വിഷം കഴിപ്പിച്ച് കൊല്ലാൻ'.
ഞാൻ ചോദിച്ചു: 'പകയ്ക്ക് യാതൊരു ശമനവുമില്ല, അല്ലേ?'
'ഗോപാലകൃഷ്ണേട്ടൻ പകയെ ഒന്ന് ആധുനികവത്കരിച്ചു. വാട്സാപ്പിൽ കെ.പി. ഉമ്മർ വിരുദ്ധസമിതിയെന്നോ മറ്റോ ഒരു ഗ്രൂപ്പുണ്ട്'.
'അതിലും ആളുണ്ടോ?'
'ഉണ്ടോന്നോ! ദുബായിലെ ഒരു അഡ്വ. കുഞ്ഞബ്ദുള്ളയാണ് ഓവർസീസ് പ്രസിഡണ്ട്തന്നെ. ഗൾഫിലാണ് മൂപ്പർക്ക് കൂടുതൽ ആരാധകർ'.
'ഞാനൊന്ന് പറഞ്ഞുനോക്കട്ടെ?'
'നിനക്ക് വട്ടുണ്ടോ?'
കാലത്ത് മരക്കോവണിയിറങ്ങുമ്പോൾ അതേ ചാരുകസേരയിൽ, അതേ വടിവൊത്ത ഖാദി ജുബ്ബയിൽ ഗോപാലകൃഷ്ണേട്ടൻ.
പോകാൻനേരം ശശി അപ്പോഴും ഏട്ടന്റെ കാലിൽ തൊട്ടു വന്ദിച്ചു. കണ്ണടച്ച് എന്തോ മന്ത്രമുച്ചരിച്ച് അനുഗ്രഹവചനങ്ങൾ വന്നു.
ഞാൻ പറഞ്ഞു:
'പണ്ട് ഞാൻ വന്നിരുന്നു'.
'ഐ റിമംബർ. നമ്മൾ സംസാരിച്ച കാര്യങ്ങൾ ഒരു നോട്ടുബുക്കിൽ എഴുതിവെച്ചിട്ടുണ്ട്. അകത്തേ മുറിയിലുണ്ട്... പിന്നെ... വാട്സാപ് നമ്പറുണ്ടോ?'
'ഉണ്ട്', ഞാൻ നമ്പർ പറഞ്ഞുകൊടുത്തു.
അദ്ദേഹം ശ്രദ്ധയോടെ അത് ഫോണിൽ രേഖപ്പെടുത്തി.
'ഞങ്ങൾക്കൊരു വാട്സാപ്പ് ഗ്രൂപ്പുണ്ട്. നൂറുകണക്കിന് ആളുകളുണ്ട്. സ്പെഷ്യൽ സോഫ്റ്റ്‌വെയറുകൾ പലതും സെറ്റ് ചെയ്തിട്ടുണ്ട്. കെ.പി. ഉമ്മർ വിരുദ്ധസമിതി എന്നാണ് ഗ്രൂപ്പിന്റെ പേര്. ഒന്ന് ആഡ് ചെയ്യണം'.
ഞാൻ തലയാട്ടി.
'വിടരുതവനെ. ആ കെ.പി. ഉമ്മറിനെ. കൂടെ നിൽക്കണം'.
ഞാൻ ചോദിച്ചു: 'ഗോപാലകൃഷ്ണേട്ടേ, കെ.പി. ഉമ്മർ മരിച്ചിട്ട് വർഷങ്ങളായില്ലേ?'
പെട്ടെന്ന് മൂർച്ചയുള്ള ഒരു ശൂലം ഗോപാലകൃഷ്ണേട്ടന്റെ കൃഷ്ണമണിയിൽനിന്ന് എത്തിനോക്കി: 'അതൊക്കെ അയാളുടെ അഭിനയമല്ലേ?'
ശശി പിറകിൽനിന്ന് ദീനമായി വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: 'തർക്കിക്കല്ലേ, തർക്കിക്കല്ലേ, പ്ലീസ്....'.'
'കൈയേറ്റങ്ങൾ' എന്ന കഥയിൽ ജീവിച്ചിരിക്കുന്ന മനുഷ്യരെപ്പോലെ ആരും പെരുമാറാത്ത, മോർച്ചറിപോലെ തോന്നിക്കുന്ന ഒരു ഫ്ളാറ്റിൽ വസിക്കുന്ന നായകൻ, അതേ ഫ്ളാറ്റിലെ താമസക്കാരനും അങ്ങേയറ്റം കർക്കശക്കാരനുമായ കേണലുമായി നടത്തുന്ന സംഭാഷണത്തിൽ നിന്നാണ് മനുഷ്യരുടെ നിസ്സാരതകളെയും അതു തിരിച്ചറിയാതുള്ള പെരുമാറ്റങ്ങളെയും കുറിച്ചുള്ള ഒരു ഗുണപാഠ കഥ ശിഹാബുദ്ദീൻ രൂപപ്പെടുത്തുന്നത്. യന്ത്രംപോലെ പെരുമാറുകയും ഏകാധിപതിയെപ്പോലെ ജീവിക്കുകയും ചെയ്യുന്ന കേണലിന് കനിവും കരുണയും നനവും നന്മയും തിരിച്ചറിയാൻ കഴിയുന്നില്ല. ജീവിതം അയാളെയും അയാൾ ജീവിതത്തെയും ആട്ടിയകറ്റുകയാണ്.
ഖത്തറിലെ മലയാളിസംഘടനയായ പ്രവാസിയുടെ ക്ഷണം കിട്ടി പ്രസംഗകനായി പോകുന്ന കഥാകൃത്ത്, ബാല്യകാലസുഹൃത്തായ ആരിഫിനെ അവിടെ കണ്ടുമുട്ടുന്നു. ചെറുപ്പത്തിൽ വിക്കുള്ളതിന്റെ വിഷമത്തിൽ സംസാരിക്കാൻ കഴിയാത്ത നായകനെ, വിക്കില്ലാതെ അയാൾ സംസാരിച്ച വേദിയിൽ അമ്പരപ്പോടെ നോക്കിയിരിക്കുകയാണ് ആരിഫ്. ഭാഷണത്തിലെ വിക്കിന്റെ ജീവിതരാഷ്ട്രീയം അയാളെ എഴുത്തിന്റെ ഭാവനാരാഷ്ട്രീയത്തിൽ പരാജയപ്പെടുത്തിയില്ല.
മിലിട്ടറി കണാരേട്ടന്റെ വീരസാഹസങ്ങളും ചെയ്യുന്ന ഉപകാരങ്ങളെല്ലാം നാട്ടുകാർക്ക് ഉപദ്രവമായി മാറുന്ന കരീമിന്റെ ദുരവസ്ഥയും ചിത്രീകരിക്കുന്ന സറ്റയറാണ് 'ജവാൻ റോഡ്'.
രഹസ്യാത്മകജീവിതങ്ങളുടെയും നാട്ടുരാഷ്ട്രീയത്തിന്റെയും കയ്പുകൾ കുടിച്ച് ആയുസറ്റുപോകാറായ കാലത്ത്, ഭൂതകാലം ഇരട്ടത്താപ്പുകളുടെയും ഒത്തുതീർപ്പുകളുടെയും വലിയൊരു നുണക്കൂമ്പാരമായിരുന്നുവെന്നു തിരിച്ചറിയുന്നു, 'പുറത്താരും അറിയേണ്ട' എന്ന കഥയിലെ നായകൻ. രഹസ്യവും പരസ്യവും തമ്മിലുള്ള അകലങ്ങൾ അന്യംനിന്നു പോയ കാലത്തിന്റെ കഥാപാഠം.
'ഉമ്മ നട്ട മരങ്ങൾ' എന്ന കഥ വായിക്കൂ. ജീവിതകാലം മുഴുവൻ മക്കൾക്കായി കഷ്ടപ്പെട്ട ഉമ്മ മരുന്നു കഴിക്കാതെയും വേദന സഹിക്കാതെയും നിലവിളിച്ചു മരുമകളുടെ സ്വാസ്ഥ്യം കെടുത്തുന്നു. അവർ ഒടുവിൽ മരണത്തിനു കീഴടങ്ങുമ്പോൾ അവൾക്കു വലിയ ആശ്വാസമായി. പക്ഷെ മകൻ ഉമ്മയുടെ തണലും കുളിരും വേരും നീരും നഷ്ടപ്പെട്ട് അനാഥനാകുന്നു. മലയാളത്തിലെ ഏറ്റവും ഹൃദയദ്രവീകരണശേഷിയുള്ള അമ്മക്കഥകളിലൊന്നാണ് ഈ രചന.
'ആദ്യകാലങ്ങളിലൊക്കെ രോഗത്തിന്റെ വേദന സഹിക്കാനുള്ള ശക്തി ഉമ്മയ്ക്കുണ്ടായിരുന്നു. പക്ഷേ, ക്രമേണ നേരിയ വേദനപോലും സഹിക്കാനുള്ള കരുത്തില്ലാതായി. പാതിരാത്രി വേദനയാൽ വലിയവായിൽ അവർ വികലമായി നിലവിളിച്ചിരുന്നു.
ഞെട്ടിയുണരുമ്പോഴൊക്കെ സാബിറ രോഷമടക്കിക്കൊണ്ടു പറഞ്ഞു:
'ഞങ്ങൾക്കും ഉമ്മമാരുണ്ടായിട്ടുണ്ട്. അസുഖം വന്നാൽ മരുന്ന് കഴിക്കാൻ കൂട്ടാക്കാത്ത ഒരു തള്ള ഇതുപോലെ വേറെയില്ല'.
ഉറക്കപ്പിച്ചോടെ സാബിറ പോയി ചൂടുവെള്ളം ഉണ്ടാക്കും. അയാൾ ഉമ്മയുടെ പുറം തടവിക്കൊടുക്കും. എല്ലിച്ച ശരീരത്താൽ അവർ വ്യാസം കുറഞ്ഞ പക്ഷിക്കൂടുപോലെ ആയിത്തീർന്നിരുന്നു.
ചൂടുവെള്ളം ആറ്റിക്കൊടുത്തപ്പോഴും ഉമ്മ ആ വെള്ളം വേണ്ട എന്ന് നിലവിളിക്കുന്ന മട്ടിൽ വിറയലോടെ ആംഗ്യം കാട്ടി.
അയാൾ സ്നേഹപൂർവം വെള്ളമെടുത്ത് ചുണ്ടോടടുപ്പിച്ചപ്പോൾ ഒരിറക്ക് ഇറക്കി. പിന്നെ വേണ്ടെന്ന് കൈപ്പത്തികൊണ്ട് വീശി.
വേദന അല്പം ശമിച്ചപ്പോൾ അയാൾ ചോദിച്ചു: ഉമ്മ എത്ര പറഞ്ഞാലും ഗുളിക കഴിക്കാത്തതെന്തേ?
കിതപ്പിനിടയിൽ അവർ പറഞ്ഞു: 'ആ ഗുളിക കഴിക്കാനാവുന്നില്ല. വയറ്റിൽ തീപോലുള്ള പുകച്ചിലാ മോനേ'.
'നമുക്ക് മറ്റൊരു ഡോക്ടറെ നാളെ കാണിക്കാം'.
ഒരുവിധം ആശ്വസിപ്പിച്ച് കിടത്തി വീണ്ടും ഉറങ്ങാനായി കിടന്നപ്പോൾ സാബിറ പറഞ്ഞു: 'എന്റെ ഉറക്കം പോയി. ഞാൻ നാളെ തലവേദനയോടെ ബാങ്കിൽ പോകണം. മാനേജരുടെ വഴക്ക് കേൾക്കണം. അവിടെ ചാരുകസേരയിലിരുന്ന് കാറ്റ് കൊള്ളുന്ന പണിയല്ല എനിക്ക്. തരുന്ന ശമ്പളത്തിന്റെ പത്തിരട്ടി ഊറ്റിയിട്ടേ വിടുന്നുള്ളൂ. പണ്ടത്തെപ്പോലെയല്ല. എനിക്കും പ്രയാസങ്ങളുണ്ട്.
ഞാൻ സാബിറയെ ചേർത്തുപിടിച്ചു.
'ഇതുപോലൊരു വീട്ടിൽ വന്നുപെട്ടത് എന്റെ ദുർവിധി'. അവൾ അതു പറഞ്ഞതും അയാൾ അവളിൽനിന്നും അടർന്നുമാറി തിരിഞ്ഞുകിടക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, യാന്ത്രികമായി കൈകൾ ദേഹത്ത് വെച്ചതേയുള്ളൂ. അതിനുള്ള ആത്മബലം അയാൾക്ക് നഷ്ടപ്പെട്ടു എന്നുവേണം പറയാൻ.
'ഇതിപ്പോൾ എത്രാമത്തെ തവണയാണ് നിങ്ങളുടെ ഉമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നത്. ഡോക്ടർ മന്ത്രവാദിയല്ല. മരുന്ന് കഴിക്കാതെ രോഗം മാറില്ല'.
അയാൾ ഒന്നും പറഞ്ഞില്ല.
'ഇതുപോലെ വാശിയുള്ള ഒരു തള്ളയെ ഞാനെവിടെയും കണ്ടിട്ടില്ല. ഈ വീട്ടിൽ വന്നിട്ട് സമാധാനം എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. ഓർക്കുന്നില്ലേ, ആദ്യരാത്രിയിൽപ്പോലും നിലവിളിയും കരച്ചിലുമായി ഉമ്മ ബഹളംകൂട്ടി നമ്മളെ ഉണർത്തിയത്? എന്റെ ഉമ്മയൊന്നും ഒരിക്കലും ഇങ്ങനെയല്ല. ഒരിക്കലും ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ല'.
'വിവാഹത്തിരക്കിൽ രോഗിയായ ഉമ്മ ഓടിനടന്ന് കഠിനമായ ജോലി ചെയ്തു. തലേന്ന് ഉറങ്ങിയില്ല. ഭക്ഷണം കഴിച്ചില്ല. അങ്ങനെ പറ്റിയതാണെന്ന് ഞാൻ നിന്നോട് പല തവണ പറഞ്ഞല്ലോ, സാബിറാ. ഉപ്പ മരിച്ചതിനുശേഷം ഈ ഉമ്മ അയൽവീട്ടിലൊക്കെ പാത്രം കഴുകിയും അലക്കിക്കൊടുത്തുമാണ് ഞങ്ങളെയൊക്കെ പോറ്റിയത്.... നിനക്കറിയുമോ വാടകവീട്ടിൽനിന്ന് ഈ വീട്ടിലേക്കു വരുമ്പോൾ ചുറ്റും തരിശുഭൂമിയായിരുന്നു. ഈ വയ്യാത്ത ഉമ്മ നട്ട മരങ്ങളാണ് നമ്മളിപ്പോൾ കാണുന്ന പച്ചപ്പും തണലുമൊക്കെ. നീ കഴിഞ്ഞാഴ്ച വീട്ടിലേക്ക് കൊടുത്തയച്ച അച്ചാറിലെ കണ്ണിമാങ്ങപോലും ഉമ്മയുടെ കൈയിൽനിന്നും വിരിഞ്ഞുണ്ടായതാണ്'.
പ്രതികരണമൊന്നും കാണാതെ അയാൾ സാബിറയെ നോക്കിയപ്പോഴേക്കും അവൾ ഉറങ്ങിക്കഴിഞ്ഞിരുന്നു'.
ഈ ഉമ്മയുടെ ജീവിതം പോലെ ഒന്ന് കുറെക്കൂടി പ്രതീകാത്മകവും സാമൂഹികവുമായ ഒരന്യാപദേശത്തിന്റെ പ്രതീതി കൈവരിക്കുകയാണ് 'ഈസ' എന്ന കഥയിൽ. കാലങ്ങളോളം ഗൾഫിൽ പണിയെടുത്ത് വീട്ടുകാർക്കു വേണ്ടതെല്ലാമുണ്ടാക്കി, മക്കളെയൊക്കെ വലുതാക്കിയ ഈസ അവിടെ വച്ചുതന്നെ കോവിഡ് ബാധിച്ചു മരിച്ചു. ഈസയുടെ ആത്മാവ് പക്ഷെ ആ മണലാരണ്യത്തിലെ ചുട്ടുപഴുത്ത ഭൂതലങ്ങളിൽ നിന്നു പോന്ന് ഭാര്യയോടും മക്കളോടുമൊപ്പം സ്വന്തം വീട്ടിൽ കഴിയാനാഗ്രഹിക്കുന്നു. എന്നാൽ മരിച്ചവരെ വീട്ടിൽ കയറ്റാനാവാതെ മക്കളും മരുമക്കളും അയാളെ ആട്ടിയകറ്റുന്നു. റിയലിസത്തെയും മാജിക്കൽ റിയലിസത്തെയും കൂട്ടിപ്പിണച്ചാവിഷ്‌ക്കരിക്കുന്ന, അസാധാരണമാംവിധം ഭാവതീവ്രതയുള്ള ഒരു കഥയാണ് 'ഈസ'.
'ഗൾഫിൽ ഒരു മുറിയിൽ പതിനാലുപേരായിരുന്നു. ഒരാൾക്ക് ഇരുനൂറു ദിർഹം. വാടക പിന്നെയും കൂടി. മൂന്ന് അട്ടിയുള്ള കട്ടിലിന്റെ ഏറ്റവും മുകളിൽ അള്ളിപ്പിടിച്ച് കയറിയാണ് ഞാനുറങ്ങിയത്, അനവധി വർഷം. ആദ്യമൊക്കെ തറനിരപ്പിലുള്ള ഇരുമ്പുകട്ടിൽ കിട്ടിയിരുന്നു. പിന്നെ അതും ഇല്ലാതായി. ദുബായ് നൈഫിലെ ആ ഗലി വളരെപ്പെട്ടെന്നായിരുന്നു എന്നെപ്പോലുള്ള പാവപ്പെട്ടവരുടെ നഗരമായി മാറിപ്പോയത്. തെരുവുകച്ചവടക്കാരുടെ സംഘങ്ങൾ കലപിലകൂട്ടുന്ന അങ്ങാടി. നഗരം വികസിച്ചുവരുംതോറും താമസിക്കാനുള്ള സ്ഥലത്തെക്കുറിച്ചായിരുന്നു വലിയ വേവലാതി. ഞങ്ങൾക്ക് ഉറങ്ങാനുള്ള സ്ഥലം ഓരോ ദിവസവും ചുരുങ്ങിച്ചുരുങ്ങി വന്നു. നാട്ടിലെ പ്രയാസങ്ങൾ ഓർത്തപ്പോൾ അതിന്റെ വ്യത്യാസം താനേ മറന്നുപോയി എന്നതാണ് സത്യം.
സമീർ കേട്ടുകൊണ്ടിരുന്നു, അയാൾ പറഞ്ഞുകൊണ്ടും: 'രാത്രിയുറക്കത്തിൽ എപ്പോഴെങ്കിലും മൂത്രമൊഴിക്കാൻ തോന്നിയാൽ, ദാഹിച്ചുണർന്നാൽ സഹിച്ച് കിടക്കും. ഉറക്കത്തിൽ കൈ സീലിങ് ഫാനിൽ തട്ടാതെ നോക്കണം. ആദ്യമൊക്കെ ഫാൻ കാണുമ്പോൾ വല്ലാത്ത അസ്വസ്ഥതയായിരുന്നു. പിന്നെ അതിന്റെ മൂളൽ എന്നോട് സംസാരിക്കാൻ തുടങ്ങി. അതിന്റെ ആടിയുലയുന്ന ശബ്ദത്തിൽ ഫാൻ നാട്ടിലെ ഓരോ വിശേഷങ്ങൾ പറയും. സ്നേഹിച്ച പെൺകുട്ടി തെക്കുനിന്ന് പണിക്കു വന്ന ആരുടെയോ കൂടെ ഒളിച്ചോടിപ്പോയിരിക്കുന്നു. കത്ത് വൈകിയതിൽ കെട്ടിയോൾ പരിഭവത്തിലാണ്. പുതുക്കിപ്പണിയുന്ന വീടിന്റെ പണി ഇന്നലെ തുടങ്ങി. മൂത്തമോൾക്ക് നിങ്ങളുടെ ഛായയാണെന്ന് എല്ലാവരും പറയുന്നു. ആശാരി ഗോവിന്ദേട്ടൻ വന്നു നോക്കി കിണറിന്റെ സ്ഥലം കണ്ടു, കേട്ടോ. വെള്ളം കിട്ടാൻ ഇരുപതു കോലെങ്കിലും കുഴിക്കണമെന്നു പറയുന്നു. സ്‌കൂളിൽ പാട്ടിന് ചെറിയ മോൾ പൂവിന് ഫസ്റ്റായിരുന്നു. പാട്ട് പടിപ്പിക്കാനയയ്ക്കണമെന്ന് കൃഷ്ണന്മാഷ് വീട്ടിൽ വന്ന് പറഞ്ഞു. ഇത്രയും നന്നായി പാടുന്ന ഒരു കുട്ടിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് മാഷ് പറഞ്ഞു. പള്ളിക്കമ്മറ്റിയിലെ ഉസ്മാൻഹാജി വന്ന് വിലക്കി. പാട്ട് ഹറാമാണ്; കൃഷ്ണന്മാഷ് കാഫിറാണ്. ഉപ്പാ, ഇത് പൂവാണ്. എനിക്കായി വാങ്ങാനുദ്ദേശിച്ച ഹാർമോണിയം ഇനി വേണ്ട...'.
കക്കൂസിൽ പോകാൻ, കുളിക്കാൻ, ഊഴംവെച്ച് ജീവിച്ച പന്ത്രണ്ട് കട്ടിലുള്ള മുറി. കരയാൻപോലും ക്യൂവായിരുന്നു. കനമുള്ളതും മൃദുലവുമായ ഒരു ബ്ലാങ്കറ്റുണ്ട്, ഗൾഫ്മുറികളിൽ. അത് പുതച്ചു കിടക്കുമ്പോൾ മരിച്ചുപോയ ഉമ്മ എന്നെ കെട്ടിപ്പിടിച്ചിരിക്കയാണെന്ന് കരുതും. ഞാൻ പതിയേ ഉറങ്ങും. ബക്കറ്റിലേക്ക് ഉച്ചത്തിൽ വെള്ളം ഇടമുറിയാതെ തുറന്നുവിട്ടിട്ടുണ്ട് എന്നറിയുമ്പോൾ മനസ്സിലാക്കണം, മുറിയിൽ താമസിക്കുന്ന ആരോ കരയുന്നുണ്ട്.
ഈ നാട് ഞങ്ങളുടെ പൈപ്പ് തുറന്നിട്ട കരച്ചിലിൽനിന്നുണ്ടായതാണ്, സമീറേ. പെങ്ങന്മാരെ കെട്ടിച്ചയച്ചത്, വീടുണ്ടാക്കിയത്, കിണർ കുത്തിയത്, ചോരുന്ന മേൽക്കൂര മാറ്റി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉണ്ടാക്കിയത്, മക്കൾ ഇംഗ്ലീഷ് പഠിച്ചത്, പ്രൈവറ്റ് ആശുപത്രിയിൽ പോയി പ്രസവിച്ചത്, നല്ല വസ്ത്രമുടുത്തത്, നല്ല വാഹനം കണ്ടത്, പല നിറത്തിൽ പെയിന്റടിച്ച അങ്ങാടികൾ ഉണ്ടായത്. എ.സി. മൂളുന്ന ഒച്ച കേട്ടത്. ദൈവങ്ങൾക്കുപോലും നല്ല കെട്ടിടവും വേഷവുമുണ്ടായത്, അവിടെ മനുഷ്യരുടെ ചെവി തുളയ്ക്കുന്ന മൈക്ക് സെറ്റുണ്ടായത്. ദൂരെനിന്നു നോക്കി കൊതിച്ചതൊക്കെ വാങ്ങി കുടുംബത്തിനു നല്കുമ്പോൾ അവരുടെ അടക്കിപ്പിടിച്ച സന്തോഷമായിരുന്നു ഞങ്ങടെ ഏറ്റവും വലിയ സമ്പാദ്യം. ഒരു ലഹരിപോലെ അത് വീണ്ടും വീണ്ടും വ്യാമോഹിപ്പിച്ചു. അതെ, ഒടുങ്ങാത്ത വ്യാമോഹം! ജീവിച്ചിട്ടില്ല. പകരം അതിനായി മാറ്റിമാറ്റിവെച്ചു- എല്ലാം എല്ലാം. എന്നെങ്കിലും നാട്ടിൽ വന്നു ജീവിക്കണം. ഇതിനിടയിൽ ഞാൻ മരിച്ചുപോയത് ഒരു അർഹതയില്ലായ്മയാണോ സാർ?'.
അതേസമയംതന്നെ, പൗരത്വബില്ലിന്റെ തീവ്രസംഘർഷങ്ങൾ അതിസൂക്ഷ്മമാംവിധം ധ്വനിപ്പിക്കപ്പെടുന്ന ഒരു പൊളിറ്റിക്കൽ അലിഗറിയുമാണ് 'ഈസ'. നോക്കുക:
'അപ്പോൾ കാസിം ഒരു കാര്യംകൂടി പറയാൻ പരുങ്ങിനില്പായിരുന്നു. എംഎൽഎ. ആംഗ്യം കാട്ടി പ്രോത്സാഹിപ്പിച്ചതും അയാൾക്ക് ഊർജം നല്കി:
'സാർ, ഈയിടെയായി എന്റെ അമ്മോശൻ, അതായത് ഈസ, ഒറ്റയ്ക്കല്ല'.
'പിന്നെ?'
'എവിടെയോ കണ്ട മുഖങ്ങൾതന്നെ. പക്ഷേ, ഓർത്തെടുക്കാൻ പറ്റുന്നില്ല. പണ്ട് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്തുള്ള ഹിസ്റ്ററി ടെക്സ്റ്റിലൊക്കെ കണ്ടതുപോലുള്ള കുറെ ആളുകൾ!'
എസ്‌പി. പറഞ്ഞു: 'വിചിത്രംതന്നെ. ചിലപ്പോൾ ഒരു മാസ് ഇല്യൂഷനുമാവാം. താജ്മഹലൊക്കെ അപ്രത്യക്ഷമാക്കിക്കാണിച്ചില്ലേ, അതുപോലെ'.
'ഇനി ശരിക്കുമുള്ളതാണെങ്കിൽ നമുക്കെങ്ങനെ നേരിടാനാവും?' എംഎൽഎ. ചോദിച്ചു.
ഏറെനേരം എസ്‌പി. കാലുകൾ ആട്ടിക്കൊണ്ട് എന്തോ ആലോചിച്ചുകൊണ്ടിരുന്നു.
'കേസ് എടുക്കണം'.
'എന്ത് പറഞ്ഞിട്ട്?' എംഎൽഎ. ഒന്ന് ഇളകിയിരുന്നു.
എസ്‌പി. മന്ദഹസിച്ചു: 'പൊലീസ് ഡിപ്പാർട്ട്മെന്റിന് കാരണങ്ങളുണ്ടാക്കാനുണ്ടോ വല്ല പണിയും? സംഭവം റിയലാണെങ്കിൽ ഈസയെ വളഞ്ഞ് പിടിക്കണം. സ്പെഷൽ ഫോഴ്സിനെ ഇറക്കി കാടാകെ വളയണം'.
'ഇത്രയും വലിയ ഒരു ഓപ്പറേഷന്....'
'അതെ, കാരണങ്ങൾ ഉണ്ടാവണം. അത് സ്ട്രോങ്ങായിരിക്കണം. അത് നമ്മൾ പ്ലാൻ ചെയ്യണം. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട് കേസ് കണക്ട് ചെയ്യണം. എങ്കിലേ അതൊക്കെ നടക്കൂ. ഒരുനിലയ്ക്ക് അത് ശരിയുമാണല്ലോ. അയാൾ ഒരു പൗരനെന്ന നിലയിൽ ഈ രാജ്യത്ത് ജീവിച്ചിരിപ്പില്ല. റെക്കോഡിക്കലായി പൗരത്വമില്ല. അതുകൊണ്ടുതന്നെ യാതൊരവകാശവും അയാൾക്കിവിടെയില്ല. ഉടൻ രാജ്യം വിട്ടോളണം. രേഖകൾ ഹാജരാക്കാനും ഓർഡർ നമ്മളിടും. അതയാൾക്ക് പറ്റില്ല. പിന്നെ പുറത്താക്കൽ മുതൽ എന്ത് ശിക്ഷയും നമ്മുടെ കൈയിൽ. പുതിയ പരിതഃസ്ഥിതിയിൽ കോടതി സപ്പോർട്ട് ചെയ്യും. മരിച്ചവർക്ക് എന്ത് രേഖ! അതെ. ഇല്ലീഗലായിട്ടുള്ളൊരു കുടിയേറ്റമാണിത്'.
മേശപ്പുറത്തെ പേപ്പർവെയ്റ്റ് ഉരുട്ടിക്കൊണ്ട് എസ്‌പി. കൂട്ടിച്ചേർത്തു: ഈ ഭൂമണ്ഡലത്തിലെതന്നെ ഏറ്റവും വലിയ ക്രൈം ഏതാണെന്നറിയാമോ? ചെറിയ നിശ്ശബ്ദതയ്ക്കുശേഷം എസ്‌പി. ചോദിച്ചു.
അറിയില്ലെന്ന് എംഎൽഎ. വാ പൊളിച്ചു.
'ഇല്ലീഗൽ മൈഗ്രേഷൻ!'
പേപ്പർവെയ്റ്റ്, കുറെക്കൂടി യഥാസ്ഥാനത്തു വെച്ച് ഒന്ന് വട്ടംകറക്കി എസ്‌പി. കൂട്ടിച്ചേർത്തു:
'നിങ്ങളുടെ കൈയിൽ രേഖകളൊന്നുമില്ല. കുടിയേറിയതാണ്. ഭരണകൂടം ഇങ്ങനെ പറയുന്നു. പക്ഷേ, വ്യക്തിക്ക് പ്രൂഫ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അയാൾ പുറത്തു പോകണം. എങ്ങോട്ടെങ്കിലും. പറ്റുമെങ്കിൽ ഭൂമിക്കടിയിലേക്കുതന്നെ'.'.
സങ്കേതപരമായി സറ്റയറിന്റെ രൂപഘടനയും ഭാവപരമായി ജന്തുലോകത്തിന്റെ പരസ്പരവെറിയും പരിസ്ഥിതിയുടെ തകർച്ചയും ചിത്രീകരിക്കുന്ന റൂട്ട് മാപ്പ്; ആധുനികതയുടെയും മുതലാളിത്തത്തിന്റെയും ആസുരമായ പ്രകൃതിചൂഷണത്തെയും ഭ്രാന്തായി മാറുന്ന ധനാസക്തിയെയും കുറിച്ചുള്ള അന്യാപദേശമായി രചിക്കപ്പെട്ട 'കാറ്റുണ്ടോ കടലുണ്ടോ' എന്നീ രണ്ടു കഥകൾ കൂടി ഈ സമാഹാരത്തിലുണ്ട്. ബഷീറും വി.കെ.എന്നും ഒന്നിച്ചവതരിക്കുന്ന കൗതുകകരമായ കഥാഭാവനകൾ. വായിക്കൂ, ലോകമെല്ലാം കീഴടക്കി, പുഴയും കാറ്റും കടലും വിലയ്ക്കു വാങ്ങിയിട്ടും മതിവരാത്ത മഹാധനികനോട് സയന്റിസ്റ്റായ സുപ്രൻ പറയുന്ന ഈ വാക്കുകൾ:
'ഓസിന് കിട്ടിയാൽ ഏത് സ്‌കോച്ചും ഇടംവലം നോക്കാതെ കമിഴ്‌ത്തിയടിക്കുന്ന സുപ്രനാണ് അടുത്ത്.
തികച്ചും അപ്രതീക്ഷിതമായി കൊച്ചുമുതലാളി സയന്റിസ്റ്റ് സുപ്രനുനേരേ തിരിഞ്ഞ് തന്നെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്ന വിഷയത്തിൽ നിന്നൊരു ചോദ്യമെറിഞ്ഞു.
മരിക്കാതിരിക്കാൻ വല്ല മാർഗവുമുണ്ടോ? അതിനുള്ള വല്ല ഉരുപ്പിടികളും നിങ്ങളുടെ കൈയിലുണ്ടോ സുപ്രൻസാറേ? പണം പ്രശ്നമല്ല.
അക്കാര്യം ഞാനേറ്റു കൊട്ടുമുതലാളീ.
എങ്ങനെ?
ഒരു കഥപോലെ സയന്റിസ്റ്റ് സുപ്രൻ അത് പറഞ്ഞു.
തന്റെ സകല ജൈവികവസ്തുക്കളും നഷ്ടപ്പെട്ട ഒരു ദുവാമിഷ് ആദിവാസി മൂപ്പൻ പണ്ട് അമേരിക്കയിൽനിന്ന് ഹിസ്പാനിയോള ദ്വീപിലേക്ക് പലായനം ചെയ്തു. അവിടെ ഒരു ഗുഹയിൽ, അതിലൊരു പൊത്തിൽ ഒരു പാതാളപ്പൊതിയിൽ അതീവരഹസ്യമായി ഒളിപ്പിച്ചുവെച്ച ഒരു സാധനമുണ്ട്. കൊന്നും കൊല്ലിച്ചും തമ്മിലടിപ്പിച്ചും വിലയ്ക്കു വാങ്ങിയും ഈ ഭൂമിയെ ജയിച്ചു വരുന്ന ഒരാൾക്ക് കൊടുക്കാൻ. ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻകൂടിയായിരിക്കണം അയാൾ.
എന്താണതിന്റെ പേര് സുപ്രാ?
മയിര്!'.
ജീവിതവും മരണവും; ഭൗതികതയും ആത്മീയതയും; കരുണയും കിരാതത്വവും; പ്രകൃതിയും വികസനവും; രാഷ്ട്രവും അഭയാർഥിത്വവും; നായകനും വില്ലനും; വിക്കും ഭാഷണവും; രഹസ്യവും പരസ്യവും.... പ്രമേയപരമായി ഒന്നിനൊന്നു തികച്ചും ഭിന്നമായിരിക്കുമ്പോൾതന്നെ ശിഹാബുദ്ദീന്റെ കഥകളുടെ ആഖ്യാനരസതന്ത്രം അസ്തിത്വത്തിന്റെ ഈ വിപരീതനിലകളുടെ പലതലങ്ങളിലുള്ള സ്വാംശീകരണമാണ്. ജീവിതങ്ങളിലല്ല, പ്രതിജീവിതങ്ങളിലാണ് അവയുടെ വിത്തിടൽ നടക്കുന്നത്. മിക്ക കഥാന്ത്യങ്ങളും ഈ ജീവിതവിപര്യയങ്ങളുടെ അമ്ലാനുഭൂതികൾ പൊള്ളിത്തിളയ്ക്കുന്ന കാവ്യഖണ്ഡങ്ങളായി മാറുകയും ചെയ്യുന്നു. 'റൂട്ട് മാപ്പ്', 'കയ്യേറ്റങ്ങൾ', 'കാറ്റുണ്ടോ കടലുണ്ടോ', 'പുറത്താരും അറിയണ്ട', 'ഉമ്മ നട്ട മരങ്ങൾ', 'ഈസ'... ഓരോ കഥയും ഉദാഹരണമാണ്.
പുറത്താരും അറിയണ്ട എന്ന കഥയുടെ അന്ത്യം വായിക്കൂ.
'ഞാൻ കേട്ടിരിക്കുക മാത്രം ചെയ്തു.
എന്താണ് ഒന്നും പറയാതെ സ്വയം പരതിക്കൊണ്ടിരിക്കുന്നത്? ഓ, കരുതിവെച്ചതൊക്കെ വഴിയിലെവിടെയോ വീണതിനെപ്പറ്റിയാണ് ആ പരതൽ, അല്ലേ? കഴിഞ്ഞതെല്ലാം കഴിഞ്ഞു, സാർ. വിട്ടേക്ക്. ഒന്നും ഇനി തിരിച്ചുകിട്ടില്ല.
ഞാൻ വേദനയോടെ ചോദിച്ചു: യാതൊന്നും?
ഇല്ല.... പക്ഷേ, ഒരെണ്ണമുണ്ട്. പണ്ട് നിങ്ങളുടെ യൗവനകാലത്ത് എല്ലാറ്റിനോടും സത്യാത്മകമായി പ്രതികരിക്കാൻ ശ്രമിച്ച ആ വല്ലാത്ത കാലത്ത്, എപ്പോഴും കേൾക്കാനാഗ്രഹിച്ച ഒരു ഗാനം ഓർക്കുന്നുണ്ടോ, അളവറ്റ പ്രിയത്തോടെ നിങ്ങൾ വാങ്ങിച്ച ആ ടേപ്പ് റെക്കോർഡർ എപ്പോഴും നിങ്ങളെ പാടിയാശ്വസിപ്പിച്ച ആ ഗസൽ?
എന്താണത്? ഞാൻ ഓർമയിൽ പരതി.
എന്നാൽ എന്റെ ഓർമയുടെ വേഗങ്ങളെ തോല്പിച്ചുകൊണ്ട് മൊബൈൽ ഫോൺ ആ ഗസൽ ഗുലാം അലിയുടെ ശബ്ദത്തിൽ പാടാൻ തുടങ്ങി.
യേ ദിൽ യേഹ് പാഗൽ ദിൽ മേരാ
ക്യോൻ ബുജ് ഗയാ ആവാരഗി....'.
'ഈസ'യുടെ അന്ത്യരംഗമാണ് മറ്റൊന്ന്: 'യാതൊരനക്കവും കാണാതായപ്പോൾ അനൗൺസ്മെന്റ് നീരസത്തോടെ കനത്തു:
'ഈസാ, പുറത്തു വരുന്നതാണ് നിങ്ങൾക്ക് നല്ലത്. ഇല്ലെങ്കിൽ നിങ്ങളുടെ ഭാര്യയെയും മക്കളെയും ഞങ്ങൾക്ക് കസ്റ്റഡിയിലെടുക്കേണ്ടിവരും'.
അതോടെ കാട്ടിൽനിന്നൊരു തേങ്ങൽ പുറത്തേക്കെത്തി.
പതിയെ കാടിന്റെ കടുംപച്ചയാർന്ന ഇലകളിൽനിന്ന് ഈസയുടെ മുഖം പുറത്തേക്കു തെളിഞ്ഞു: 'ഇതെന്റെ മണ്ണാണ്. മരിച്ചാലും എനിക്ക് പോകാനാവില്ല'.
'സർക്കാർ ഓഡറുണ്ട്. നിങ്ങൾ ഒറ്റയ്ക്ക് നടത്തുന്ന നാടകമല്ല ഇതെന്ന് ഞങ്ങൾക്കറിയാം. കീഴടങ്ങിയില്ലെങ്കിൽ ഈസാ, വെടിവെക്കേണ്ടിവരും. നിങ്ങൾ കൊല്ലപ്പെടും'.
'മരിച്ചവർ വീണ്ടും കൊല്ലപ്പെടുമോ? എങ്കിൽ എന്നോടൊപ്പമുള്ളവരെക്കൂടി തേച്ച്മായ്ച്ച് കളയൂ, സാർ'.
കാട്ടിലെ ചെടികളെല്ലാം പെട്ടെന്ന് നടുനിവർന്നു നിന്നു. അവയ്ക്ക് കൈകാലുകൾ മുളച്ചു; അവയിൽനിന്ന് പക്ഷികൾ പ്രതിഷേധസുചകമായി കൂട്ടത്തോടെ കലപില കൂട്ടിക്കൊണ്ടിരുന്നു. കാടെന്നോ മനുഷ്യരെന്നോ പക്ഷികളെന്നോ അറിയാത്തവിധം അവർ ഒന്നായി. അത് നിമിഷനേരംകൊണ്ട് പടർന്നുപന്തലിച്ചു.
നാനാജാതിയിലുള്ളവർ, മതത്തിലുള്ളവർ, വർണങ്ങളിലുള്ളവർ, ഭാഷയിലുള്ളവർ, ഗോത്രത്തിലുള്ളവർ, യുക്തിവാദികൾ, പല രാജ്യക്കാർ, കവികൾ, സ്നേഹഗായകർ... അവർക്കു പിന്നിൽ കാടുകൾ അനിശ്ചിതമായി പെരുകിക്കൊണ്ടിരുന്നു. കാടുകളുടെ മഹാസമുദ്രം!
ഇതിനിടയിൽ ഏതോ മണ്ടൻ ഇങ്ങനെ അലറി: 'ഫയർ!''.
ചുരുക്കത്തിൽ പ്രത്യക്ഷവും പ്രകടവുമായി ശിഹാബുദ്ദീന്റെ കഥകളെ രൂപപ്പെടുത്തുന്ന രണ്ടു ഭാവതലങ്ങളാണ് ഈ സമാഹാരത്തിലെ രചനകൾ വെളിപ്പെടുത്തുന്നത്.
ഒന്ന്, മേല്പറഞ്ഞ ജീവിതവിപര്യയങ്ങളുടെ അതിസൂക്ഷ്മമായ മാനവികലോകം. 'ഇരട്ടക്കോവണിയുള്ള കെട്ടിടം' എന്നൊരു മുൻകാല കഥയുണ്ട് ശിഹാബുദ്ദിന്. ഒരർഥത്തിൽ ആ രൂപകം പല നിലകളിൽ ആവർത്തിക്കുന്ന ജീവിതദർശനമാണ് ഈസയും കെ.പി. ഉമ്മറും എന്ന സമാഹാരത്തിലെ ഓരോ രചനയും വെളിപ്പെടുത്തുന്നത്. ആത്മവും അപരവും തമ്മിലുള്ളതു മാത്രമല്ല ഈ ഇരട്ടഭാവബന്ധങ്ങൾ. അവരവരിൽ തന്നെയുള്ള ഭിന്നവും വിപരീതവുമായ ഭാവങ്ങളുടെ സംഘർഷമായും ഇതിനെ കാണാം.
രണ്ട്, സൂഫികാവ്യപാരമ്പര്യത്തിന്റെ അതിസാന്ദ്രമായ ഭാവബദ്ധത. കവിതകൊണ്ടെഴുതിയതാണ് ശിഹാബുദ്ദീന്റെ പല കഥകളും. എത്രയെങ്കിലും സന്ദർഭങ്ങളിൽ ഈ എഴുത്തുകാരന്റെ കഥകൾ മിസ്റ്റിക് കാവ്യഭാവനകളിലേക്കും അവ സൃഷ്ടിക്കുന്ന ആത്മാന്വേഷണങ്ങളിലേക്കും തെന്നിനീങ്ങുന്നുണ്ട്. കെ.പി. ഉമ്മർ എന്ന കഥയിൽ ഗോപാലകൃഷ്ണന്റെ അനുജൻ ശശികുമാറിനോട് കഥാകൃത്ത് പറയുന്നുണ്ട്, 'നീയിങ്ങനെ നാടോടിയായിപ്പോയതിൽ അത്ഭുതമില്ല' എന്ന്. അവൻ വേദനയോടെ ചിരിച്ചു: 'എനിക്ക് ഈ ഭൂമിയെന്നാൽ ചുട്ടുപൊള്ളുന്ന മണ്ണാണ്. കാലുകൾ മാറി മാറി വച്ചുനടന്ന് ഞാൻ ആശ്വസിക്കുന്നു'.
കൈയേറ്റങ്ങൾ എന്ന കഥയിൽ, 'സാർ, വൺ മിനിറ്റ്.
കേണൽ എന്നെത്തന്നെ ഉറ്റുനോക്കി.
രാമേട്ടന് വയറ്റിൽ കാൻസറാണ്.
പിന്തിരിഞ്ഞു നടക്കുമ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു:
മുൻവിധി ഒരു രാജ്യമാണ്. വിഡ്ഢിയായ ഒരു ഏകാകിയാണ് അതിലെ ചക്രവർത്തി. പ്രജകളില്ലാത്ത ആ രാജ്യത്തിന്റെ അതിർത്തിയിൽ പൂമ്പാറ്റകളും പക്ഷികളും പറക്കാനാവാതെ പകച്ചുനില്ക്കും.'.
ഈസ എന്ന കഥയിൽ 'സമീർ ഏറെ കരുത്തനായിട്ടും ഗദ്ഗദമടക്കി: 'കാസിം കല്ലെറിഞ്ഞ് വല്ലാതെ ഉപദ്രവിച്ചു അല്ലേ?'
ഒരൊറ്റ ചോദ്യംകൊണ്ട് കാലത്തെ മുറിച്ചുകടക്കേണ്ടത് സമീറിന്റെ ആവശ്യമായിരുന്നു.
ഈസ പറഞ്ഞു: 'മരിച്ചവന്റെ മുറിവുകൾ കൊന്നവന്റേതു മാത്രമാണ്'. '.
കഥയിൽനിന്ന്:-
'മഴപെയ്യിച്ചുണർത്തിയ കാടുകളിൽ ഇടയ്ക്ക് മുഖംകാട്ടിയും പിൻവലിഞ്ഞും ഈസ കുടികൊണ്ടു. വീട്ടിൽ കയറാൻ ശ്രമിച്ച് അയാൾ പലതവണ പരാജയപ്പെട്ടു. ഒരു തവണ കാസിമും ചെമ്പകവും കുട്ടികളും കൂടി ഒരു മുളവടി ജനാലയഴിയിൽ കയറ്റി ഈസയെ കുത്തിമുറിവേല്പിക്കുകപോലും ചെയ്തു. ഭയവും കരച്ചിലും മടുപ്പിക്കാത്ത തുടർച്ചപോലെ ആ വീടിനെ വേട്ടയാടി.
'മോളേ, ചെമ്പകമേ, ഉപ്പാവയാണ്. വാതിൽ തുറക്ക് മോളേ രാത്രിമഴയിൽ ഞാൻ തനിച്ച് കാട്ടിലകപ്പെടും. ഒരു പായ മതി. ഞാൻ കഴിഞ്ഞ തവണ ദുബൈയിൽനിന്ന് കൊണ്ടുവന്ന ആ പച്ചക്കരയുള്ള വിരിപ്പ് മാത്രം മതി. എനിക്കിവിടെ നിന്ന് തണുത്തിട്ട് വയ്യ'.
സത്യത്തിൽ, കിടക്കയിൽ കമിഴ്ന്നു കിടന്ന് ഏങ്ങളടിച്ചു കരയുന്ന മകൾക്ക് സ്നേഹമുണ്ടായിരുന്നു. ഓരോ രണ്ടുവർഷം കൂടുമ്പോഴും ഗൾഫിൽനിന്നുള്ള ഉപ്പയുടെ വരവിൽ അവളുടെ ആഹ്ലാദങ്ങളുടെ പാടത്ത് വസന്തകോകിലങ്ങൾ തിങ്ങിക്കൂടി. അന്ന് റോഡ് വന്നിരുന്നില്ല. ഉപ്പ പെട്ടിയും തലയിലേറ്റി നീണ്ട വയൽവരമ്പിലൂടെ നടന്നുവരുന്നത് ജീവിതസാരാംശങ്ങളുടെ തേൻകാഴ്ചയായിരുന്നു. ഉപ്പയെക്കാൾ മുൻപേ പെട്ടിക്കുള്ളിലെ സെന്റ്മണമെത്തിയിരുന്നു. പെട്ടി പൊളിക്കുമ്പോൾ നാണത്തോടെ മാറിനിന്ന സൈനബ എന്ന ചെമ്പകം. ഉപ്പ സ്നേഹത്തോടെ ചെമ്പകം എന്നേ വിളിച്ചിട്ടുള്ളൂ. രണ്ടുദിവസത്തെ ലീവ് മാത്രം കിട്ടി കാസിമിന് നിക്കാഹ് കൈകൊടുത്തു. പിറ്റേന്നു പോകുമ്പോൾ ഉപ്പ ജീവിതത്തിലാദ്യമായി കീറിക്കരഞ്ഞു.
'മോളേ, ചെമ്പകമേ....' എന്ന് ഇടറിപ്പറഞ്ഞു.
രണ്ടാമത്തെ മകൾ പൂവിനെ അള്ളിപ്പിടിച്ചു.
അവളന്ന് ചെറുതാണ്.
'പോകല്ലേ ഉപ്പാ' എന്ന് തേങ്ങി. 'പൂവേ' എന്നു വിളിച്ചാണന്ന് ഉപ്പ കരഞ്ഞത്. എല്ലിൽനിന്ന് മാംസം പറിച്ചെടുത്തതുപോലെ വേദനിച്ച ആ കരച്ചിൽ മരുഭൂമിയിൽനിന്നോടിയെത്തിയ കാറ്റായി ആത്മാവിന്റെ വയൽവരമ്പിൽ കാത്തുനിന്നു.
മിഅ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
കരളിൽ കടക്കുന്ന
കടലായ് തുടിക്കുന്ന
കുളിരിൽ കുളിക്കുന്ന കാറ്റേ...
അകത്തുനിന്നെവിടെയോ ഉപ്പ കൊണ്ടുവന്ന മാപ്പിളപ്പാട്ട് കാസറ്റിന്റെ ഓർമയിൽ ചോല മുറിഞ്ഞുകരഞ്ഞു. എല്ലാം ഓർത്തോർത്ത് ചെമ്പകം തലയടിച്ചുകരഞ്ഞു.
ഭർത്താവ് കാസിം സമാധാനിപ്പിച്ചു: 'ഒക്കെ പറഞ്ഞിട്ടെന്ത്! എത്ര പ്രിയപ്പെട്ടവരാണെങ്കിലും മരിച്ചവരെ നമ്മൾക്കെങ്ങനെ വീടിനകത്ത് താമസിപ്പിക്കാനാവും?'
അവൾ കരച്ചിനിടയിൽ പറഞ്ഞു:
'ചായ്പിനടുത്തുള്ള ആ ഇരുട്ടുമുറി ഉപ്പാക്ക് കൊടുത്തൂടേ? അവിടെ കഴിഞ്ഞോളും. ഞാൻ നോയ്ക്കോളും, ന്റെ ഉപ്പാവയെ'.
'പ്രാന്ത് പറയാതെ, നീ. പൊലീസ് അന്വേഷിച്ച് വരുമ്പോൾ നമ്മളെന്ത് പറയും? റേഷൻ കാർഡിൽ പേരില്ല. ആധാറിലില്ല. പാസ്പോർട്ടിലില്ല. പൊലീസ് പിടിക്കും'.
ജനലിലൂടെ കൈ നീട്ടി ഈസ വിളിച്ചു: 'നമ്മുടെ കെണറിൽനിന്ന് കൊറച്ച് പച്ചവെള്ളം താ, മോളേ. ഉപ്പാക്ക് ദാഹിച്ചിട്ടാണ്. മോളേ, ചെമ്പകമേ, പൂവേ...'
അവൾ ജനാലയഴിയിലൂടെ നീണ്ട ഉപ്പയുടെ കൈകൾ പൂണ്ടടക്കം പിടിച്ച് മോഹാലസ്യപ്പെട്ടു വീണു.
പരിശോധനാമുറിയിൽനിന്ന് ഡോക്ടർ പറഞ്ഞു: 'കാസിം, നിങ്ങൾ അല്പം ലോകവിവരമുള്ള ആളാണല്ലോ. ഇത് സൈക്കോളജിക്കൽ വാർ ആണ്. മരിച്ചവന്റെ മനസ്സ് വേറെയാണ്. വീടിനകത്തേക്ക് കയറ്റിയോ, നിങ്ങളെല്ലാവരും മരിക്കും, പേഷ്യന്റും കുഞ്ഞുങ്ങളും എല്ലാം'.
തളർന്നുകിടക്കുന്ന ചെമ്പകത്തിനു നേരേ തിരിഞ്ഞ് ഡോക്ടർ പറഞ്ഞു: 'കഴിഞ്ഞതെല്ലാം കഴിഞ്ഞതാണ്. സ്നേഹം എന്നത് നമ്മുടെ ഭാരത്തിന്റെ ഇരട്ടി തലയിലേറ്റി നടക്കേണ്ട വിഴുപ്പുഭാണ്ഡത്തിന്റെ പേരല്ല'.
അവൾ വീണ്ടും ഉച്ചത്തിൽ കരഞ്ഞപ്പോൾ ചെമ്പകത്തിന്റയരികിൽ മുല കുടിച്ചുറങ്ങുന്ന കുഞ്ഞിനെ ചൂണ്ടി ഡോക്ടർ പറഞ്ഞു: 'നിങ്ങൾക്ക് മരിച്ച ഉപ്പാവ വേണോ, ജീവിക്കാനായി ഒരുങ്ങുന്ന സ്വന്തം കുഞ്ഞ് വേണോ? രണ്ടിലൊന്ന് തീരുമാനിക്കൂ'.
അവൾ ഏങ്ങലടിയിൽ വിതുമ്പി.
'കുഞ്ഞ്'.
'ഗുഡ്. എന്നാൽ നാളെ ഈസയെ പൊലീസും പട്ടാളവും പിടിച്ച് നാടുകടത്തിയെന്നുവരും. മരിച്ചവർ മരിച്ചു. കണ്ടത് കണ്ടില്ലെന്നു നടിച്ച് ജീവിക്കാനൊരുങ്ങൂ. പൊരുത്തപ്പെടുന്നവരുടെ പൂന്തോട്ടമാണ് ഈ ലോകം. ഇല്ലെങ്കിൽ ഉള്ള മണ്ണും കാലിനടിയിൽനിന്ന് ഒലിച്ചുപോകും'.
ഫോൺസംഭാഷണത്തിനൊടുക്കം അനേകകാതങ്ങൾക്കപ്പുറത്തുനിന്ന് പൂവ് പറഞ്ഞു: 'ഞാൻ ഇനി വരുന്നില്ല ഇത്താ. മരിച്ച ഉപ്പാനെ എനിക്ക് കാണാൻ കഴിയൂലാ', അവൾ ഫോൺ കട്ട് ചെയ്തു'.
ഈസയും കെ.പി. ഉമ്മറും
ശിഹാബുദ്ദീൻ പൊയ്ത്തും കടവ്
മാതൃഭൂമി ബുക്സ്
2021
210 രൂപ
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.