- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഉന്നത വിദ്യാഭ്യാസം: ആഗോള പൗരത്വത്തിലേക്ക് ആറു ചുവടുകൾ: ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് ഷാജി ജേക്കബ് എഴുതുന്നു...
സാംസ്‌കാരിക ദേശീയത, സാമൂഹിക സമന്വയം, സങ്കേതികവിപ്ലവം, സർവകലാശാലാവൽക്കരണം, സ്വയംഭരണം, സ്വകാര്യവൽക്കരണം എന്നീ ആറു ചുവടുവയ്പുകളിലൂടെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗം സമസ്തതലങ്ങളിലും രാജ്യാന്തര നിലവാരത്തിലേക്കു പരിവർത്തിപ്പിക്കുകയെന്നതാണ് ദേശീയ വിദ്യാഭ്യാസ നയം2020ന്റെ ലക്ഷ്യങ്ങളിലൊന്ന്.
നാലു ഭാഗങ്ങളിൽ ഇരുപത്തേഴധ്യായങ്ങളിലായി സംഗ്രഹിച്ചിട്ടുള്ള NEPയുടെ നയരേഖ, അടിസ്ഥാന സാക്ഷരത മുതൽ ഗവേഷണം വരെ; പ്രാഥമിക വിദ്യാഭ്യാസം മുതൽ ഓൺലൈൻ ഡിജിറ്റൽ അധ്യയനസാധ്യതകൾ വരെ; സ്‌കൂൾതലം മുതൽ വയോജനവിദൂര വിദ്യാഭ്യാസപദ്ധതികൾ വരെ; ഭാഷാനിഷ്ഠബോധനസങ്കേതങ്ങൾ മുതൽ നവസാങ്കേതിക വിദ്യാധിഷ്ഠിത പാഠ്യസമീപനങ്ങൾ വരെ; തദ്ദേശ ജനസമൂഹങ്ങളുടെ അറിവന്വേഷണങ്ങൾ മുതൽ രാജാന്തര വിജ്ഞാനോല്പാദന വ്യവസ്ഥകൾ വരെ; അദ്ധ്യാപക പരിശീലനം മുതൽ അന്തർവൈജ്ഞാനികതയിലൂന്നിയ ഉന്നത വിദ്യാഭ്യാസം വരെഓരോ മേഖലയിലും നിലനിൽക്കുന്ന പരിമിതികൾ ചൂണ്ടിക്കാണിക്കുകയും വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന ഒരു സമഗ്രനയമാണ് മുന്നോട്ടു വയ്ക്കുന്നത്.
തൊഴിലധിഷ്ഠിത കോഴ്‌സുകൾക്കും പ്രോഗ്രാമുകൾക്കും നൽകുന്ന ഊന്നൽ മുതൽ വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിനു തടയിടാനുള്ള മൂർത്ത പരിപാടികൾ വരെ ഈ നയരേഖയുടെ ഭാഗമാണ്. വിദ്യാഭ്യാസ നിക്ഷേപരംഗത്ത് പൊതുമേഖലയുടെ തുടർസാന്നിധ്യമുറപ്പാക്കുമ്പോൾതന്നെ സ്വകാര്യ, സേവനമേഖലയുടെ സാന്നിധ്യം രേഖ സ്വാഗതം ചെയ്യുന്നു. അതേസമയംതന്നെ കേന്ദ്രസർക്കാരിനും ദേശീയ വിദ്യാഭ്യാസ സമിതികൾക്കുമൊപ്പം സംസ്ഥാന സർക്കാരുകൾക്കും പ്രാദേശിക വിദ്യാഭ്യാസ ഭരണനിർവഹണ സ്ഥാപനങ്ങൾക്കും പങ്കാളിത്തവും ഉത്തരവാദിത്തവും ഉറപ്പാക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിനുവേണ്ടി നീക്കിവച്ച ഏഉജ, നാലിൽനിന്ന് ആറു ശതമാനമാക്കി വർധിപ്പിച്ചുകൊണ്ടും അക്കാദമിക, ഭരണനിർവഹണ തലങ്ങളിൽ ഒരുപോലെ ഗുണാളഹകമായ പൊളിച്ചെഴുത്തു ലക്ഷ്യമിട്ടുകൊണ്ടും അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ നയരേഖ, 2030-40 കാലത്ത് പൂർണമായ തോതിൽ നടപ്പിൽ വരുത്തേണ്ട ഒരു നവദേശീയ വിദ്യാഭ്യാസപദ്ധതിയുടെ മാർഗതത്വങ്ങളായി മാറുന്നു.
നിശ്ചയമായും ആഗോളപൗരർ (global citizen) എന്ന സങ്കല്പനം മുൻനിർത്തിത്തന്നെയാണ് ഈ നയരേഖ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ വിദ്യാഭ്യാസ നയപരിപാടികളുടെ പുനരാലോചനയും സാമൂഹികസാമ്പത്തികസാങ്കേതികവൈജ്ഞാനിക തൊഴിൽ രംഗങ്ങളിലെ മാറ്റങ്ങളുടെ സ്വാംശീകരണവും ഭാവിലോകക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുമാണ് ഇതിന്റെ ഉള്ളടക്കം നിശ്ചയിക്കുന്നത്. ഈ രേഖയുടെ ആമുഖത്തിൽ, അടിസ്ഥാന ലക്ഷ്യങ്ങളായി ഇരുപത്തിരണ്ടു മാർഗനിർദ്ദേശതത്വങ്ങൾ കേന്ദ്രവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വയ്ക്കുന്നുണ്ട് (പുറം 56). അതു ശ്രദ്ധിച്ചാൽതന്നെ ഈ രേഖയുടെ ഉദ്ദേശ്യവും സമീപനവും വ്യക്തമാകും. തുടർന്ന്, എട്ടധ്യായങ്ങളിൽ സ്‌കൂൾതല വിദ്യാഭ്യാസരംഗത്തും പതിനൊന്നധ്യായങ്ങളിൽ ഉന്നതവിദ്യാഭ്യാസരംഗത്തും അഞ്ചധ്യായങ്ങളിൽ ഇതര വിദ്യാഭ്യാസ മേഖലയിലും ഈ മാർഗതത്വങ്ങളുടെ പ്രായോഗികത നിർദ്ദേശിക്കപ്പെടുന്നു. അവസാന മൂന്നധ്യായങ്ങളിൽ ഈ നയത്തിന്റെ നടപ്പാക്കൽ സാധ്യതകളെക്കുറിച്ചുള്ള വിശദാംശങ്ങളവതരിപ്പിക്കുന്നു.
സ്‌കൂൾ, ഇതര വിദ്യാഭ്യാസ മേഖലകളെ വിട്ട്, ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങളിൽ ഏറെ ശ്രദ്ധേയവും പുരോഗമനപരവും ക്രിയാളഹകവുമായ ചിലതുമാത്രം ഇവിടെ ചൂണ്ടിക്കാണിക്കാം.
ഒൻപത് മുതൽ പത്തൊൻപത് വരെയുള്ള അധ്യായങ്ങളിലാണ് ഈ മേഖലയുടെ നയപരിഷ്‌ക്കാരങ്ങൾ നിർദ്ദേശിക്കപ്പെടുന്നത് (പുറം 3350). ശാസ്ത്ര, സാമൂഹികശാസ്ത്ര, കലാ, മാനവിക, ഭാഷാവിഷയങ്ങളിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ദേശീയ, ആഗോള സാഹചര്യങ്ങൾക്കനുസരിച്ചു സംഭവിക്കേണ്ട ബോധനവിജ്ഞാനഗവേഷണ സംസ്‌കാരത്തിന്റെ മൂർത്തമായ നയപദ്ധതികളാണ് ഈയധ്യായങ്ങളുടെ ഉള്ളടക്കം.
ഒൻപതാമധ്യായത്തിൽതന്നെ, ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ നിലനിൽക്കുന്ന പത്ത് പ്രധാന പ്രശ്‌നങ്ങൾ/വെല്ലുവിളികൾ ചൂണ്ടിക്കാണിക്കുകയും (9.2/33) തുടർന്ന് അവ പരിഹരിക്കാനും മറികടക്കാനുമുള്ള നയങ്ങളും പരിപാടികളും മുന്നോട്ടു വയ്ക്കുകയും ചെയ്യുന്നു (9.3/34).
അക്കാദമികരംഗത്തെ വൈജ്ഞാനികമായ കംപാർമെന്റലൈസേഷൻ, കോഴ്‌സുകൾക്ക്/പ്രോഗ്രാമുകൾക്ക് സംഭവിക്കേണ്ട കാലോചിതമായ മാറ്റങ്ങളുടെ അഭാവം, സാമൂഹ്യ/സാമ്പത്തിക പിന്നാക്കവിഭാഗങ്ങളുടെ സാന്നിധ്യം, അദ്ധ്യാപകരുടെയും സ്ഥാപനങ്ങളുടെയും പരിമിതമായ സ്വയം ഭരണാധികാരം, അദ്ധ്യാപനരംഗത്തെ അക്കാദമിക നിലവാരത്തകർച്ച, ഗവേഷണത്തിന് വേണ്ടത്ര ഊന്നലില്ലാത്ത അവസ്ഥ, സർവകലാശാലകളുടെ കേന്ദ്രീകൃതമായ അമിതാധികാരം എന്നിങ്ങനെ യുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും എങ്ങനെ പരിഹരിക്കാമെന്നതാണ് ഉന്നത വിദ്യാഭ്യാസരംഗത്തെക്കുറിച്ചുള്ള നയരേഖ മുഖ്യമായും അന്വേഷിക്കുന്നത്. അങ്ങനെയാണ് ശ്രദ്ധേയമായ ചില പരിഷ്‌ക്കാരങ്ങൾ ഈ രംഗത്ത് NEP അവതരിപ്പിക്കുന്നത്. അവയിൽ ചിലത്:
1. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെന്നാൽ ബഹുവിജ്ഞാനപഠനപദ്ധതികൾക്കായുള്ള സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ/വിജ്ഞാനസഞ്ചിത കേന്ദ്രങ്ങളും കോളേജുകളും എന്നാണർഥം. ഈ സ്ഥാപനങ്ങളിൽ, വിഷയാന്തരപഠനവും ഗവേഷണവും തെരഞ്ഞെടുക്കാൻ
വിദ്യാർത്ഥികൾക്ക് അവസരം/സ്വാതന്ത്ര്യം ഉറപ്പാക്കും. ഇതാണ് ഈ നയരേഖയിലെ ഏറ്റവും കാതലായ നിർദ്ദേശം.
2. സർവകലാശാലാവൽക്കരണം എന്ന ലക്ഷ്യം മുന്നിൽക്കണ്ട് നടപ്പാക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസസ്ഥാപനഘടനയുടെ സമഗ്രമായ അഴിച്ചുപണിയാണ് അടുത്തത്. പഠനത്തിനും ഗവേഷണത്തിനും തുല്യപ്രാധാന്യമുള്ള സർവകലാശാലകൾ, ബിരുദപഠനത്തിന് ഊന്നൽ നൽകുകയും ബിരുദസർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്ന സ്വയം ഭരണ കോളേജുകൾ എന്നിവയായിരിക്കും ഇനിയങ്ങോട്ട് ആകെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ.
3. അഫിലിയേറ്റഡ് കോളേജ് എന്ന രീതി വരുന്ന പതിനഞ്ച് വർഷംകൊണ്ട് ഇല്ലാതാകും. അവയോരോന്നും മാനദളശങ്ങൾ പാലിച്ചും നടപ്പിൽ വരുത്തിയും സ്വയംഭരണകോളേജുകളായി മാറും. പല പേരുകളിൽ (ഡീംഡ്, ഡീംഡ് ടുബി.. അഫിലിയേറ്റഡ്...) അറിയപ്പെടുന്ന സർവകലാശാലകളെല്ലാം ഇനിമേലിൽ സർവകലാശാല എന്നു മാത്രം അറിയപ്പെടും.
4. നിലവിലുള്ള ഓരോ കോളേജിനും മതിയായ മാനദണ്ഡങ്ങൾ പാലിച്ച് ക്രമത്തിൽ സ്വയംഭരണകോളേജുകളോ, ഗവേഷണത്തിനു പ്രാമുഖ്യമുള്ള സർവകലാശാല തന്നെയോ ആയി മാറാൻ കഴിയും.
5. ഓരോ ജില്ലയിലും കുറഞ്ഞത് ഒന്ന് എന്ന നിലയിൽ മേല്പറഞ്ഞ തരത്തിലുള്ള സർവകലാശാലകൾ നിലവിൽ വരുന്നതോടെ പ്രാദേശിക പിന്നാക്കനില പരിഹരിക്കപ്പെടും.
6. സ്വകാര്യ, പൊതുമേഖലകളിൽ ഒരുപോലെ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ സ്ഥാപിതമാകും. നിലവിൽ 26.3 ശതമാനമാണ് ഉന്നതവിദ്യാഭ്യാസമേഖലയിൽ എത്തിപ്പെടുന്നവരുടെ എണ്ണം. 2030 ഓടെ ഇത് 50 ശതമാനമാക്കുകയാണ് NEPയുടെ ലക്ഷ്യങ്ങളിലൊന്ന്.
7. ആഗോള പൗരത്വവിദ്യാഭ്യാസം (GCE) എന്ന സങ്കല്പനം; 1, 2, 3, 4 വർഷങ്ങൾ ഏതിലും വിദ്യാർത്ഥികൾക്ക് പഠനമവസാനിപ്പിച്ച് യഥാക്രമം സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദം, തുടർപഠനയോഗ്യത എന്നിവ നേടാവുന്ന ബിരുദപ്രോഗ്രാം, സംയോജിതബിരുദബിരുദാനന്തര പ്രോഗ്രാം, അക്കാദമിക് ക്രെഡിറ്റ്ബാങ്ക് (ABC), ഐഐടി, ഐഐഎം തുടങ്ങിയവയുടെ മാതൃകയിലുള്ള പൊതുമേഖലാ സർവകലാശാലകൾ (MERU), ഗവേഷണരംഗത്തെ അക്കാദമിക, സാമ്പത്തിക, ഭരണസംവിധാനങ്ങൾ ക്രോഡീകരിക്കുന്ന ദേശീയ ഗവേഷണസ്ഥാപനം (NRF), ഉന്നതവിദ്യാഭ്യാസത്തിനായുള്ള ധനസഹായം നൽകുന്ന HEGC, പിന്നാക്കദലിത് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള വിപുലമായ സ്‌കോളർഷിപ്പ് പദ്ധതി (SEDG), പാഠ്യപദ്ധതി രൂപപ്പെടുത്താൻ ഓരോ സ്ഥാപനത്തിനും അവിടത്തെ അദ്ധ്യാപകർക്കും സ്വാതന്ത്ര്യം നൽകുന്ന സമീപനം, സർക്കാർ ധനസഹായം ഉറപ്പാക്കുന്ന വിവിധ പദ്ധതികൾ എന്നിങ്ങനെ അടിസ്ഥാനപരമായി വിഭാവനം ചെയ്യുന്നു, NEP.
8. സർക്കാർ ഉന്നതവിദ്യാഭ്യാസരംഗത്തുനിന്നു പിന്നോട്ടു പോകുകയല്ല, മറിച്ച് കൂടുതൽ ഉത്തരവാദിത്തത്തോടെ ഈ രംഗത്ത് ഇടപെടുകതന്നെയാണ്. ഏഉജ വിഹിതം ഉയർത്തുന്നതുതൊട്ട്, ഏകീകൃത വിദ്യാഭ്യാസവകുപ്പ് രൂപീകരിക്കുന്നതുവരെയുള്ള കാര്യങ്ങൾ ഉദാഹരണം. വിശദവായനയ്ക്ക് കാണുക (14.4/4142).
നിലവിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം നേരിടുന്ന പ്രശ്‌നങ്ങൾ പ്രധാനമായും അഞ്ചെണ്ണമാണ്
1. സർവകലാശാലകളുടെ അമിതാധികാരവും സമ്പൂർണമായ കക്ഷിരാഷ്ട്രീയവൽക്കരണവും. അക്കാദമിക താൽപര്യങ്ങളല്ല ക്ഷുദ്രമായ രാഷ്ട്രീയ താൽപര്യങ്ങളാണ് സർവകലാശാലകളുടെ അക്കാദമിക ഭരണസമിതികളിലെ അംഗത്വത്തിനും അവ നടപ്പാക്കുന്ന നയപരിപാടികൾക്കും ഏക
മാനദളശം. വി സി. മുതൽ പ്യൂൺ വരെയുള്ളവർ നിയമിക്കപ്പെടുന്നതും മറ്റൊരു പരിഗണനയിലല്ല. പൊളിറ്റിക്കൽ സിൻഡിക്കേറ്റുകളുടെ ഒത്താശയോടെ നിലനിൽക്കുന്ന ബ്യൂറോക്രസിയുടെ മേൽക്കോയ്മ യാണ് ഇതിന്റെ മറ്റൊരു വശം.
2. ബോർഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗൺസിൽ തുടങ്ങിയ അക്കാദമിക് സമിതികളുടെ രാഷ്ട്രീയഘടനയും ഇവർ നിശ്ചയിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സിലബസ്, കോഴ്‌സുകൾ തുടങ്ങിയവയുടെ നിലവാരക്കുറവും.
3. അദ്ധ്യാപക, അനധ്യാപക, വിദ്യാർത്ഥിസമൂഹങ്ങളുടെ കക്ഷിരാഷ്ട്രീയവൽക്കരനവും അക്കാദമിക ഉത്തരാവാദിത്വരാഹിത്യവും ക്രിമിനൽ സ്വഭാവവും.
4. എയ്ഡഡ് കോളേജുകളിലെ മതജാതിസാമ്പത്തിക നിയന്ത്രണങ്ങളും അവ സൃഷ്ടിക്കുന്ന വർഗീയ ധ്രുവീകരണങ്ങളും അദ്ധ്യാപകനിയമനമുൾപ്പെടെയുള്ള രംഗങ്ങളിൽ അക്കാദമികയോഗ്യത മാനദളശമാകാത്ത അവസ്ഥയും ഒരു വശത്ത്. നാനാവിധ കാരണങ്ങളാൽ സർവകലാശാലകളിലെയും എയ്ഡഡ്, ഗവൺമെന്റ ്, അൺഎയ്ഡഡ് കോളേജുകളിലെയും അപകടകരമാംവിധം തകർന്ന അക്കാദമിക നിലവാരം മറുവശത്ത്.
5. അസാധാരണമാം വിധം നടക്കുന്ന മസ്തിഷ്‌കചോർച്ച. അക്കാദമിക മികവും സാമ്പത്തികശേഷിയുമുള്ള നല്ലൊരു ശതമാനം വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിനു പുറത്തേക്ക് ഒഴുകുന്ന സ്ഥിതി നിലവിലുണ്ട്. ഇതിനു പിന്നിൽ മുഖ്യമായും മൂന്നു കാരണങ്ങളാണുള്ളത്. രാജ്യാന്തരനിലവാരമുള്ള അക്കാദമിക/വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ അഭാവം, പാഠ്യപദ്ധതികളുടെയും അദ്ധ്യാപനത്തിന്റെയും നിലവാരക്കുറവ്, തൊഴിലധിഷ്ഠിതതൊഴിലുന്മുഖ കോഴ്‌സുകളുടെ വിപണിബന്ധത്തിൽ നിലനിൽക്കുന്ന പ്രൊഫഷണലിസമില്ലായ്മ.
ഈ അഞ്ച് അവസ്ഥകൾക്കും വലിയ മാറ്റങ്ങളുണ്ടാക്കിയേക്കാം, പുതിയ വിദ്യാഭ്യാസനയവും അതിന്റെ പരിപാടികളും. എങ്ങനെയെന്നാൽ:
1. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ ബഹുവിജ്ഞാന/പഠനത്തിനായുള്ള സർവകലാശാലകളായി മാറുകയെന്നാൽ ഗുണനിലവാരമുള്ള സ്ഥാപനങ്ങൾഡ നിലവിൽ വരിക എന്നുകൂടിയാണർഥം.
2. എല്ലാ സർവകലാശാലകളും സ്വയം ഭരണകോളേജുകളും മത്സരാധിഷ്ഠിതവും കാലോചിതവുമായ പാഠ്യപദ്ധതികളും അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക സമീപനങ്ങളും നടപ്പാക്കുന്നതോടെ ഈ രംഗത്ത് നിലവാരമുയരും.
3. രാഷ്ട്രീയപാർട്ടികളുടെ പിണിയാളുകൾ നിയന്ത്രിക്കുന്ന സർവകലാശാലാ സിൻഡിക്കേറ്റുകളും ഭരണസമിതികളും ഇല്ലാതാകും. നിലവിൽ അഫിലിയേറ്റഡ് സർവകലാശാലകളല്ലാത്ത ചെറുകിട സർവകലാശാലകളിൽ പോലുമുള്ള ജംബോ സിൻഡിക്കേറ്റുകളുടെ പ്രസക്തി ചോദ്യം
ചെയ്യപ്പെടും.
4. അഫിലിയേറ്റഡ് കോളേജുകൾ എന്ന സമ്പ്രദായം അവസാനിക്കുന്നതോടെ ഭരണകൂടം, സർവകലാശാല, രാഷ്ട്രീയപാർട്ടികൾ എന്നിവയുടെ ഇടപെടൽ ഇല്ലാതാകും. ഓരോ സ്ഥാപനത്തിലും അക്കാദമിക വിദഗ്ദ്ധരുടെ ആഛഏ ആയിരിക്കും കാര്യങ്ങൾ തീരുമാനിക്കുക.
5. അദ്ധ്യാപകർക്കുമേൽ രാഷ്ട്രീയപാർട്ടികൾക്കും ഇതര സമ്മർദ്ദശക്തികൾക്കുമുള്ള സ്വാധീനം കുറയുന്നതോടെ ഉന്നതവിദ്യാഭ്യാസരംഗവും ഗവേഷണരംഗവും കൂടുതൽ സ്വാതന്ത്ര്യവും നിലവാരവുമുള്ളതാകും.
6. പൊതു, സ്വകാര്യമേഖലകൾ തമ്മിൽ മാത്രമല്ല, ഇരുമേഖലയിലുമുള്ള ഓരോ സ്ഥാപനങ്ങളും തമ്മിൽ ഗുണനിലവാരത്തിൽ മത്സരം രൂപപ്പെടുന്നതോടെ വിദ്യാർത്ഥികൾക്ക് മികച്ച തെരഞ്ഞെടുപ്പിന് അവസരം കൈവരും.
7. ഓരോ സ്വയംഭരണകോളേജിനും ആവശ്യത്തിന് അക്കാദമിക യോഗ്യതകളും ഗവേഷണസൗകര്യങ്ങളുമുണ്ടെങ്കിൽ യൂണിവേഴ്‌സിറ്റികളായി മാറാം.
8. ആഗോളഅന്തർദേശീയ വിദ്യാഭ്യാസസമ്പ്രദായങ്ങളും പദ്ധതികളും രീതികളും കേരളത്തിലും നിലവിൽ വരും.
9. ദേശീയതലത്തിലോ അന്തർദേശീയതലത്തിലോ ഭേദപ്പെട്ട നിലവാരമുള്ള ഒരൊറ്റ സ്ഥാപനം പോലും ഇന്ന് കേരളത്തിലില്ല. ഈ സ്ഥിതിമാറ്റാൻ കഴിയുന്ന കാഴ്ചപ്പാടുകളും സൗകര്യങ്ങളുമുള്ള പത്ത് സ്ഥാപനങ്ങളെങ്കിലും തെരഞ്ഞെടുത്ത് ഈ രംഗത്ത് വിപ്ലവകരമായ ചുവടുവയ്ക്കാൻ
സംസ്ഥാനസർക്കാർ ശ്രമിച്ചേക്കും.
10. ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച സ്വകാര്യ, പൊതുസർവകലാശാലകളുടെ അക്കാദമിക സംസ്‌കാരം കണ്ടുപഠിച്ച് നടപ്പിൽവരുത്താൻ കേരളം തയ്യാറാകുന്ന കാലം വന്നേക്കും.
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.