കൊച്ചി: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മൊഴി മാറ്റി പറയാൻ പെൺകുട്ടിക്കുമേൽ സമ്മർദ്ദം. അതിനായി 50 ലക്ഷം രൂപ വരെ പെൺകുട്ടിയുടെ മാതാവിന് വാഗ്ദാനം ചെയ്തു.

കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിനു പുറകിൽ താമസിക്കുന്ന പാറയ്ക്കൽ പുത്തൻപുരയ്ക്കൽ ഷാജി എന്നു വിളിക്കുന്ന പി എം ഇബ്രാഹിം (45) ആണ് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി. പീഡനവിവരം പുറത്തുവന്നതോടെ ഷാജി വിദേശത്തേയ്ക്ക് കടന്നിരുന്നു.

ഡിസംബർ ഏഴിനാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസ്സെടുത്ത് മൂന്നുമാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന് പരാതിയുണ്ട്. ഷാജിയുടെ പേരിൽ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഷാജിയുടെ കടവന്ത്ര ഫ്‌ളാറ്റിൽ താമസിച്ചിരുന്ന ഐ പി എസുകാരിയായ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥയുമായുള്ള ഷാജിക്കുള്ള അടുത്ത ബന്ധവുമാണ് ഈ കേസിൽ പൊലീസിന്റെ വീഴ്‌ച്ചയ്ക്ക് കാരണമെന്നും ആരോപണമുണ്ട്.

ഗൾഫിലിരുന്നു കൊണ്ടു തന്നെ കേസൊതുക്കിത്തീർക്കാൻ ഷാജി രാഷ്ട്രീയ നേതാക്കളെയും അടുത്ത സുഹൃത്തുക്കളെയും ബന്ധപ്പെടുന്നുണ്ട്. ഷാജിയുടെ മകനാണ് ഒത്തുതീർപ്പിനുള്ള ശ്രമത്തിനായി മൊഴി മാറ്റിക്കുന്നതിനുൾപ്പടെയുള്ള ഈ ശ്രമങ്ങൾക്ക് മുൻകൈയെടുത്ത് ഇറങ്ങിയിട്ടുള്ളത്. ഷാജിയുടെ കടവന്ത്രയിലുള്ള ഫ്‌ളാറ്റിലാണ് പെൺകുട്ടി നിരവധി തവണ പീഡിക്കപ്പെട്ടത്.

സ്വന്തമായി ലേഡീസ് ഹോസ്റ്റലും റിയൽ എസ്റ്റേറ്റ് ബിസിനസ്സുമുള്ള ഷാജിയുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. പെരുമ്പാവൂർ പൊലീസിൽ കുബേര, തൃപ്പുണിത്തുറ പൊലീസ് സ്‌റ്റേഷനിൽ വ്യാജ ആർ സി ബുക്ക് നൽകി പണം തട്ടിയെടുത്ത കേസ്, കോയമ്പത്തൂരിൽ ചന്ദനക്കടത്ത്‌കേസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ വ്യാജ രേഖ ചമച്ച് ഹൗസിങ് ലോൺ തട്ടാൻ ശ്രമിച്ചത് തുടങ്ങി നിരവധി കേസുകൾ. വിവിധ കേസുകളിൽനിന്നും വളരെ വിദഗ്ദ്ധമായി രക്ഷപ്പെട്ടിട്ടുള്ള ഷാജി ഈ കേസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്.

എറണാകുളം നോർത്ത് സി ഐ ആയിരുന്ന ഷിജുവിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ ഇപ്പോൾ ഷിജു സ്ഥലം മാറിപ്പോയിരിക്കുകയാണ്. പുതുതായി ചാർജ്ജെടുത്ത സി ഐ യാണ് വീണ്ടും കേസ്സന്വേഷിക്കുക. പീഡനക്കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിനിടയിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ.