കോട്ടയം : കുടിവെള്ള വിതരണ മാഫിയയുടെ ഏറ്റുമുട്ടലിൽ ഡ്രൈവർ മരിച്ച സംഭവത്തിൽ പിടിയിലായത്് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ്. നേരത്തെ ഇയാൾ കേരളാ കോൺഗ്രസ് എം നേതാവായിരുന്നു. കേരളാ കോൺഗ്രസ് എമ്മിലെ ഉന്നതന്റെ സ്വന്തം ആളായിരുന്ന നേതാവ് കോൺഗ്രസിലേക്ക് കുടുമാറിതിന്റെ കാരണം അജ്ഞാതം. പക്ഷേ ഒരു കാര്യത്തിൽ അന്നുമിന്നും പൊലീസ് കേസിനും പൊല്ലാപ്പിനും ക്ഷാമമില്ല. എല്ലാ കേസിൽ നിന്നും ഊരിയിട്ടുണ്ടെന്നാണ് മറ്റൊരു കാര്യം. ഇത്തവണ കളി കാര്യമാകുമോ എന്ന് കണ്ടറിയണം

കാണക്കാരി വെമ്പള്ളിയിൽ ലോറി ഡ്രൈവർ കാണക്കാരി ചിറ്റേക്കാട്ട് കിഴക്കേതിൽ ഷാബു സി.എസ് (44) മരിക്കാനിടയായ സംഭവത്തിലാണ്് കോൺഗ്രസ് ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റായ കാണക്കാരി ചീക്കപ്പാറയിൽ ജോൺസൺ (54), ലോറിയുടെ ഡ്രൈവറും സഹായിയുമായ കാണക്കാരി മനീഷ്ഭവനിൽ മണി (62) എന്നിവർ അറസ്റ്റിലായത്്. കോൺഗ്രസ് നേതാവിനെയും സഹായിയെയും പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

കുറവിലങ്ങാടിനടുത്ത് വെമ്പള്ളിയിൽ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കുടിവെള്ളം വില കുറച്ച് വിൽക്കുന്നതിനെ പറ്റിയുണ്ടായ വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്. വെമ്പള്ളി നടുക്കവലയ്ക്ക് സമീപം മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണി ചാത്തൻചിറയുടെ കിണറ്റിൽ നിന്നും വിൽപ്പനക്കായി വെള്ളം കൊണ്ടു പോകാനെത്തിയതായിരുന്നു ജോൺസൺ ചീക്കപ്പാറയും മരിച്ച ഷാബുവും.

കാണക്കാരി പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്നതിന് കരാറെടുത്തയാളുടെ ലോറിയിലെ ഡ്രൈവറാണ് ഷാബു. വാക്കേറ്റത്തെ തുടർന്നുണ്ടായ മർദ്ദനത്തിൽ തടിക്കഷണം കൊണ്ട് തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ ശേഷം വെള്ളമെടുക്കാതെ സ്ഥലം വിട്ട ഷാബു നൂറ് മീറ്ററോളം വാഹനം ഓടിച്ച ശേഷം ലോറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ലോറിയിൽ കുഴഞ്ഞുവീണ ഷാബുവിനെ നാട്ടുകാരും പൊലീസും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

നേരത്തെ കേരളാ കോൺഗ്രസ് (എം) നേതാവായിരുന്നു ജോൺസൻ ചീക്കപ്പാറ. ഇയാളും സഹായി മണിയും ഇതിനു മുമ്പും ചില കേസുകളിൽ പ്രതിസ്ഥാനത്ത് വന്നിരുന്നുവെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് തലേന്ന് വൈകുന്നേരവും ജോൺസണും ഷാബുവും തമ്മിൽ വാക്കേറ്റമുണ്ടായി എന്നും ഇനി വെള്ളമെടുക്കാൻ വന്നാൽ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും ഷാബുവിന്റെ ബന്ധുക്കൾ പറയുന്നു