ധാക്ക: കൊൽക്കത്തയിൽ നടന്ന കാളിപൂജ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതിന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ ഷാക്കിബ് അൽ ഹസന് വധഭീഷണി. സമൂഹമാധ്യമങ്ങളിലുടെയാണ് താരത്തിന് നേരെ വധഭീഷണി ഉയർന്നത്. കടുത്ത എതിർപ്പും ഉയർന്നു. ഇതോടെ താരം പരസ്യമായി മാപ്പ് ചോദിച്ചു.

നവംബർ 12 നാണ് ഷാക്കിബ് കൊൽക്കത്തയിൽ നടന്ന കാളിപൂജ ഉദ്ഘാടനത്തിൽ പങ്കെടുത്തത്.തുടർന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് താരത്തിനെതിരെ ഭീഷണിയുയർന്നത്. മുസ്ലീമായതിൽ അഭിമാനിക്കുന്ന വ്യക്തി എന്ന നിലയിൽ, എന്റെ പ്രവൃത്തി ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു..സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ താരം പറഞ്ഞു.

ഒത്തുകളിക്കുന്നതിന് വാതുവയ്‌പ്പുകാർ സമീപിച്ച വിവരം അധികാരികളെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഐസിസിയുടെ രണ്ട് വർഷത്തെ വിലക്ക് നേരിടുകയാണ് താരം. വിലക്ക് കാലാവധി പൂർത്തിയാക്കി ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിവരവിന് ഒരുങ്ങവെയാണ് അടുത്ത വിവാദം.താരത്തിന് വധഭീഷണി ഉയർത്തിയതിന് ബഗാദേശിൽ ഒരു യുവാവിനെ പൊലീസ് പിടികൂടിയിരുന്നു.