ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന ഊർജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നുണ്ടായ അനിശ്ചിതത്വം ഒഴിയുന്നു. പുതിയ റിസർവ്വ് ബാങ്ക് ഗവർണർ നിയമിതനായി. മോദി സർക്കാരിന്റെ നിർണായക സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ചുക്കാൻ പിടിച്ച മുൻ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ പുതിയ റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചത്.

സർക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ആർബിഐ ഗവർണറായിരുന്ന ഊർജിത് പട്ടേൽ തിങ്കളാഴ്ച രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.നിലവിൽ 15-ാം ധനകാര്യ കമ്മീഷൻ അംഗമാണ് ശക്തികാന്ത ദാസ്. 2016-ൽ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയപ്പോൾ ശക്തികാന്ത ദാസായിരുന്നു കേന്ദ്ര ധനകാര്യ സെക്രട്ടറി.

അന്ന് സർക്കാരിനെ പ്രതിനിധീകരിച്ച് വാർത്താസമ്മേളനങ്ങൾ നടത്തിയത് ശക്തികാന്ത ദാസായിരുന്നു.ഇന്ന് വൈകുന്നേരത്തോടെയാണ് ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഗവർണറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്.

ഊർജിത് പട്ടേലിന്റെ രാജിപ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളിൽ ആണ് ശക്തികാന്ത ദാസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വരുന്നത്. അടിയന്തരമായി ചുമതലയേൽക്കാനാണ് ഉത്തരവ്.1980 ഐഎഎസ് ബാച്ചുകാരൻ ആണ് ശക്തികാന്ത ദാസ്. തമിഴ്‌നാട് കേഡറിൽ ആയിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.

അടുത്തിടെ നടന്ന ജി20 ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് ശക്തികാന്ത ദാസ് ആയിരുന്നു.കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും, തമിഴ്‌നാട് സർക്കാരിലും വിവിധ ഉന്നത പദവികളിൽ ശക്തികാന്ത ദാസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ബാങ്ക്, ഒഎൻജിസി, എൽഐസി എന്നിവയുടെ ഡയറക്ടറായും ശക്തികാന്ത ദാസ് പ്രവർത്തിച്ചിട്ടുണ്ട്.