- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാനൽ ചർച്ചയിൽ സംസാരിച്ചത് മുഴുവൻ സൈന്യത്തിനും പട്ടാളത്തിനുമെതിരെ; നിങ്ങളുടെ രാജ്യസ്നേഹം സംശയമുണ്ടെന്ന റിട്ട പട്ടാളക്കാരന്റെ മറുപടിക്ക് പ്രതികരിച്ചത് കൈവിട്ട നിലയിൽ; മുസ്ലീമായതുകൊണ്ട് സംശയിക്കുന്നുവെന്ന് പ്രതിരോധം; പിന്തുണച്ച് കെ സുധാകരനും; ഷമ മുഹമ്മദ് വിവാദത്തിൽ
തിരുവനന്തപുരം: ചാനൽ ചർക്കിടയിലെ വിവാദ പരാമർശത്തെത്തുടർന്ന് കോൺഗ്രസ്സ് വക്താവിനെതിരെ പ്രതിഷേധം കടുക്കുന്നു. ഇന്ത്യൻ സൈന്യത്തെയും പട്ടാളക്കാരെയും അപമാനിക്കുന്ന തരത്തിൽ ഷമ സംസാരിച്ചുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വീരമൃത്യുവരിച്ച ജവാൻ വൈശാഖിന്റെ മരണത്തിന്റെപ പശ്ചാത്തലത്തിൽ അതിർത്തി വിഷയവമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലായിരുന്നു വിവാദ പരാമർശം.
ആർജി നായർ, സി എ ജോസുകുട്ടി, അതിർത്തിയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച് മലയാളി ജവാൻ വൈശാഖിന്റെ ബന്ധു മോഹൻ കുമാർ, ബിജെപിയെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യർ എന്നിവരായിരുന്നു ഷമ മുഹമ്മദിന് പുറമെ പങ്കെടുത്തത്. അതിർത്തി വിഷയവുമായി ബന്ധപ്പെട്ട് ഷമ മുഹമ്മദ് നടത്തിയ ചില പരാമർശങ്ങളായിരുന്നു ആർ ജി നായരെ പ്രകോപിച്ചത്.
പുൽവാമയിലും പത്താൻ കോട്ടും ഉറിയിലും ഒക്കെ ഉണ്ടായ ഇന്റലിജൻസ് വീഴ്ചയായിരുന്നു ഷമ മുഹമ്മദ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്.തുടർന്നാണ് അതിർത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് കേണലായിരുന്ന ആർജി നായർ സംസാരിച്ചു തുടങ്ങിയത്.ഷമ മുഹമ്മദ് ജനിക്കുന്നതിന് മുൻപ് രണ്ട് യുദ്ധം ചെയ്ത വ്യക്തിയാണ് താനെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആർജ നായർ തന്റെ മറുപടി തുടങ്ങിയത്. 1962 ൽ സൈന്യത്തിൽ ചേർന്ന എന്റെ രാജ്യസ്നേഹത്തെ കുറിച്ച് ആരും സംശയിക്കേണ്ടതില്ല. എന്റെ രണ്ട് മക്കൾ വളരെ ഉയർന്ന പദവിയിൽ വിരമിച്ച ഉദ്യോഗസ്ഥരാണ്. അതിർത്തിയിൽ കമാൻഡിങ് ഓഫീസറായി പ്രവർത്തിച്ചതാണ്. തന്റെ അനുഭവ സമ്പത്ത് ഷമ മുഹമ്മദിന് ചിന്തിക്കാൻ കഴിയില്ലെന്നും ആർജി നായർ പറഞ്ഞു.
അവിടുത്തെ ഭൂമിശാസ്ത്രം തീവ്രവാദികൾക്ക് പ്രവർത്തിക്കുന്നതിന് എത്ര മാത്രം അനുകൂലമാണെന്ന് ഷമ മുഹമ്മദിന് ചിന്തിക്കാൻ പോലും കഴിയില്ല. അങ്ങനെയുള്ള സ്ഥലത്താണ് നമ്മുടെ പട്ടാളക്കാർ രാപകൽ ഇല്ലാതെ കണ്ണടയ്ക്കാതെ അതിർത്തി സംരക്ഷിക്കുന്നത്. അതിനെതിരെ പറയുമ്പോൾ വിരമിച്ച് 82 കാരനായ എന്റെ രക്തം തിളയ്ക്കുകയാണ്. ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അവർ പറഞ്ഞതെന്നുമായിരുന്നു പ്രതികരണം. ആദ്യം ദേശസ്നേഹമുള്ള പൗരനായിട്ട് വേണം സംസാരിക്കാനെന്നും അദ്ദേഹം വിമർശിച്ചു. നിങ്ങളുടെ കോൺഗ്രസ് സർക്കാറിന്റെ കാലത്താണ് ഒരു ലക്ഷം പട്ടാളക്കാരെ തടവുകാരാക്കിയതെന്നും ആർ ജി നായർ ചർച്ചയിൽ കൂട്ടിച്ചേർത്തു.
ഇതോടെയാണ് വിഷയത്തിൽ ഇടപെട്ട് മറുപടിയുമായി എ ഐ സി സി വക്താവ് ഷമ മുഹമ്മദ് രംഗത്ത് വരുന്നത്. ഞാൻ ഇവിടെ ആരുടേയും ദേശ സ്നേഹം സംശയിച്ചിട്ടില്ല. ഞാൻ പറയാത്ത കാര്യങ്ങൾ എന്തിനാണ് എന്റെ തലയിൽ ഇടുന്നത്. പുൽവാമ അറ്റാക്ക് മുൻകൂട്ടി കാണുന്നതിൽ ഇന്റലിജൻസ് എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന കാര്യം മാത്രമാണ് ഞാൻ ചോദിച്ചതെന്നും ഷമ പറയുന്നു.
'നിങ്ങൾക്ക് എന്റെ ദേശ സ്നേഹത്തിലല്ല, എനിക്ക് നിങ്ങളുടെ ദേശ സ്നേഹത്തിലാണ് സംശയം'- എന്നായിരുന്നു ഇതിനോടുള്ള ആർ ജി നായരുടെ പ്രതികരണം. ഇതിനോട് രൂക്ഷമായ രീതിയിലായിരുന്നു ഷമ പ്രതികരിച്ചത്. ഞാനൊരു മുസ്ലിം ആയതുകൊണ്ടാണ് നിങ്ങൾക്ക് ആ സംശയം ഉണ്ടായത്. ഇത് അപമാനിക്കലാണ്. നിങ്ങളെയോർത്ത് ലജ്ജിക്കുന്നു. എന്തുകൊണ്ടാണ് എന്റെ ദേശ സ്നേഹം സംശയിക്കുന്നതെന്നും ഷമ ചോദിക്കുന്നു.തുടർന്നാണ് പൊട്ടിത്തെറിച്ചുകൊണ്ട് നിങ്ങൾക്ക് വേണമെങ്കിൽ രാജ്യം വിട്ട് പോകാമെന്നും ഞാൻ പോകില്ലായെന്നും ഒരു ചാനൽ ചർച്ചയിൽ ഇങ്ങനെ എന്നെ കളിയാക്കാൻ നിങ്ങൾക്ക് എങ്ങിനെ ധൈര്യം വന്നുവെന്നും ഷമ ചോദിച്ചത്.
ഇതോടെയാണ് ഷമക്കെതിരെ പ്രതിഷേധം ശക്തമായത്. കേണലിന്റെ അഭിപ്രായങ്ങളെ കൃത്യമായി ഖണ്ഡിക്കാൻ കഴിയാതെ വന്നപ്പോൾ മതത്തെക്കുട്ട് പിടിച്ച് ഷമ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.ചർച്ചക്കിടയിൽ തന്നെ ഷമയുടെ വാദങ്ങളെ ഖണ്ഡിച്ച് അവതാരകനും രംഗത്ത് വന്നിരുന്നു.ഒരു പട്ടാളക്കാരനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചത് ശരിയായില്ലെന്നും ഷമയെ ചർച്ചയിലേക്ക് വിളിച്ചത് കോൺഗ്രസ് വക്താവ് എന്ന നിലയിലാണെന്നും അവതാരകൻ ഓർമ്മിപ്പിച്ചു.
അതേസമയം ഷമക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ പിന്തുണയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് വന്നു.ചാനൽ ചർച്ചകളിൽ രാഷ്ട്രീയം പറയുമ്പോൾ അത് പറയുന്നയാളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നത് എത്ര ഉന്നത സ്ഥാനീയനും ഭൂഷണമല്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി.പിണറായി വിജയന്റെ തണലിൽ കോൺഗ്രസിന് നേരെ വന്നാൽ രാഷ്ട്രീയമായി അതിനെ നേരിടാൻ ഞങ്ങളും തയ്യാറെടുക്കും എന്ന് ബിജെപിയെ ഓർമിപ്പിച്ചു കൊള്ളുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
ചാനൽ ചർച്ചകളിൽ രാഷ്ട്രീയം പറയുമ്പോൾ അത് പറയുന്നയാളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നത് എത്ര ഉന്നത സ്ഥാനീയനും ഭൂഷണമല്ല. ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തെ സൃഷ്ടിച്ചതും വൻ സൈനിക ശക്തിയാക്കി മാറ്റിയതും ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. പുൽവാമയിലും പത്താൻ കോട്ടും ഉറിയിലും ഒക്കെ രാജ്യത്തിന്റെ കാവൽക്കാരുടെ ജീവനെടുത്ത ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയെ പറ്റി കോൺഗ്രസ് മിണ്ടരുത് എന്ന് പറയാൻ ആർക്കാണ് അവകാശം?..സ്വാതന്ത്ര്യ സമരം മുതൽ ഇങ്ങോട്ടുള്ള ചരിത്രമെടുത്താൽ, ഒറ്റിക്കൊടുക്കലിന്റെയും ഭിന്നിപ്പിക്കലിന്റെയും കഥകൾ മാത്രം പറയാൻ അവകാശമുള്ള സംഘപരിവാറുകാർ കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാൻ മുതിരേണ്ട. തുടർച്ചയായ ഭീകരാക്രമണങ്ങളിൽ നമ്മുടെ ജവാന്മാർ കൊല്ലപ്പെടുമ്പോൾ നരേന്ദ്ര മോദി നോക്കുകുത്തിയായി നിൽക്കുകയാണ്.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ശവപ്പെട്ടിയിൽ വരെ കുംഭകോണം നടത്തിയ പാരമ്പര്യമുള്ളവർ രാജ്യം ഭരിക്കുമ്പോൾ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ! കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന് ഐക്യദാർഢ്യമെന്നും സുധാകരൻ വ്യക്തമാക്കി
മറുനാടന് മലയാളി ബ്യൂറോ