- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ പാൻ്ട്രികാറിൽ ജോലി നോക്കവേ ടിക്കറ്റ് എക്‌സാമിനറുടെ വേഷത്തിൽ ആദ്യ തട്ടിപ്പ്; പിന്നീട് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിലെ ഉന്നതനുമായി അഭിനയം; പാവങ്ങളിൽ നിന്ന് തട്ടിച്ച 200 കോടിക്ക് സ്വന്തമാക്കിയത് ബംഗളുരുവിലെ പബ്ബുകളും ഡാൻസ് ബാറുകളും; ഈ ഷമീം ആളു ചില്ലറക്കാരനല്ല
കോട്ടയം: റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി നൂറു കണക്കിന് ആളുകളിൽനിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കൊടും കുറ്റവാളി. ഇയാൾ മുന്പും സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നു പൊലീസ്. ഷമീം പുഴക്കര, ഷാനു ഷാൻ എന്നീ അപര നാമങ്ങൾ ഇപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിനിരയായവരിൽ ചിലർ കഴിഞ്ഞ ദിവസം കോട്ടയം ഡിവൈഎസ്‌പി ജെ. സന്തോഷ് കുമാറിനു പരാതി നൽകിയതിനെത്തുടർന്നാണ് ഇയാൾ പിടിയിലായത്.
തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ ബംഗളൂരുവിലേക്കു രക്ഷപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൊലീസ് പിടിയിലാകുന്നത്. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്നു പരിചയപ്പെടുത്തി നൂറുകണക്കിന് ആളുകളിൽനിന്നു റെയിൽവേയിൽ ടിക്കറ്റ് ക്ലാർക്ക്, ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയ ജോലികൾ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കാസർഗോഡ് കാഞ്ഞങ്ങാട് കമ്മാടം കുളത്തിങ്കൽ പി.ഷമീം (33) ആണ് അറസ്റ്റിലായത്. നൂറോളം ആളുകളിൽനിന്നായി 48 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇത്തവണ നടത്തിയിരിക്കുന്നത് എന്നാണു പ്രാഥമിക നിഗമനം.
ജില്ലാ പൊലീസ് ചീഫ് ഡി. ശില്പയുടെ നിർദേശമനുസരിച്ചാണ് പ്രതിയെ പിടികൂടിയത്. വൻകിട തട്ടിപ്പാണ് ഇയാൾ നടത്തിവന്നിരുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നൂറുകണക്കിന് ആളുകളെ വരുത്തി ടെസ്റ്റും മറ്റും നടത്തി വിശ്വാസ്യത പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഒഎംആർ ഷീറ്റുകൾ, മെഡിക്കൽ പരിശോധനാ സർട്ടിഫിക്കറ്റുകൾ, വിവിധ സീലുകൾ, നിയമന ഉത്തരവുകൾ, സ്ഥലംമാറ്റ ഉത്തരവുകൾ എന്നിവ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ വ്യാജമായി ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ചീഫ് എക്‌സാമിനർ, ചീഫ് ഇൻസ്‌പെക്ടർ തുടങ്ങിയ പദവികളുള്ള സ്വന്തം ഫോട്ടോ ഒട്ടിച്ച ഐഡന്റിറ്റി കാർഡുകളും വ്യാജമായി നിർമ്മിച്ച് ഉപയോഗിച്ചു വരികയായിരുന്നു. മെഡിക്കൽ ടെസ്റ്റിനായും ഒഎംആർ രീതിയിലുള്ള പരീക്ഷകൾക്കായും ഇയാൾ ആളുകളെ ചെന്നൈ, ബംഗളൂർ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ വിളിച്ചു വരുത്തി ഹോട്ടൽ മുറികളിൽ ഇരുത്തി പരീക്ഷകൾ നടത്തുകയാണ് പതിവ്.
നീലേശ്വരം, പൂജപ്പുര, കഴക്കൂട്ടം, കോട്ടയം ഈസ്റ്റ്, കൊട്ടാരക്കര, ചാലക്കുടി, എറണാകുളം സൗത്ത്, സുൽത്താൻബത്തേരി, വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാമ്യത്തിൽ നടക്കുന്നതിനിടയിലാണ് വീണ്ടും തട്ടിപ്പ് ആവർത്തിക്കുന്നത്. ഇതിനു മുൻപ് നടത്തിയ തട്ടിപ്പുകളിൽ ഏകദേശം ഇരുന്നൂറു കോടിയിൽ അധികം തുക ഇയാൾ കൈവശപ്പെടുത്തിയിട്ടുണ്ട് എന്നാണു പ്രാഥമിക നിഗമനം.
നെടുനമ്പാശേരി വിമാനത്താവളം വഴി വിദേശത്തുനിന്നു മുപ്പത്തേഴു കിലോ സ്വർണം കടത്തിയ കേസിലും പ്രതിയാണ്. ഇഡി അന്വേഷണവും ഇക്കാര്യത്തിൽ നടക്കുന്നുണ്ട്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ട്രെയിനിൽ പാൻട്രി കാറിൽ ജോലിക്കാരനായിരുന്നു. ഈ സമയത്തു ട്രെയിൻ ടിക്കറ്റ് എക്‌സാമിനറുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തിയതിനു സേലം റെയിൽവേ പൊലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു.
നിരവധി ഹവാലാ ഇടപാടുകളിലും കാരിയർ ആയി പ്രവർത്തിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്. തട്ടിപ്പിലൂടെ കിട്ടിയ പണം ബംഗളൂരുവിലും മറ്റും പബുകളും ഡാൻസ് ബാറുകളും വാങ്ങുവാൻ ഉപയോഗിച്ചു എന്നാണു പ്രാഥമിക നിഗമനം. ദിവസേന പതിനായിരക്കണക്കിനു രൂപയുടെ ലോട്ടറി എടുക്കുന്ന ഇയാൾ സാധാരണക്കാരായ ലോട്ടറി കച്ചവടക്കാർക്കും ലോട്ടറി എടുത്ത വകയിൽ ലക്ഷക്കണക്കിനു രൂപ നൽകാനുണ്ട്.
മറുനാടന് മലയാളി ബ്യൂറോ