കൊല്ലം: കെ ബി ഗണേശ് കുമാർ എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ. താരസംഘടനയായ അമ്മക്കെതിരെ ഗണേശ് കുമാർ നടത്തിയ വിമർശനത്തിന്റെ പകുതി പോലും താൻ ചെയ്തിട്ടില്ലെന്ന് ഷമ്മി പറഞ്ഞു. താരസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഷമ്മി തിലകനോട് യോജിക്കുന്നുവെന്ന് ഗണേശ് കുമാർ പറഞ്ഞിരുന്നു. ഇത് തിലകന്റെ വിഷയമല്ലെന്നും ഗണേശ് കുമാർ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഗണേശിനെതിരെ ഷമ്മി രംഗത്തുവന്നത്. തന്റെ അച്ഛൻ തിലകനോടുള്ള ദേഷ്യത്തിന്റെ പേരിൽ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേശ് കുമാറെന്ന് ഷമ്മി തിലകൻ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് എന്റെ വീട്ടിന് 10 മീറ്റർ അകലെയായി ഒരു കെട്ടിടമുണ്ടായിരുന്നു. പൂർണമായും നിയമവിരുദ്ധമായ കെട്ടിടമായിരുന്നു അത്. അതിനെതിരേ ഞാൻ പരാതി കൊടുത്തു. അവർ ഗുണ്ട മാഫിയയയാണ് പ്രവർത്തിച്ചത്. എന്റെ അച്ഛനെതിരേ വരെ പോലും അവർ പരാതി നൽകി.

അതിനെതിരേ ഗണേശ് കുമാറിന്റെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥൻ എനിക്കെതിരേ കേസെടുത്തു. ഞാൻ നിയമപോരാട്ടം നടത്തി പുനരന്വേഷണം നടത്തിയാണ് നീതി നേടിയത്. എന്നിട്ടാണോ ഗണേശ് കുമാർ വലിയ വർത്തമാനം പറയുന്നത്. അച്ഛൻ എഴുകോണത്ത് പ്രസംഗിക്കാൻ പോയപ്പോൾ ഗുണ്ടകളെ വിട്ട് തല്ലിക്കാൻ ശ്രമിച്ചയാളാണ് ഗണേശ് കുമാർ. അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാൾ ഗണേശ് കുമാറാണ്. അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങൾ എന്ന് പറഞ്ഞതും ഗണേശ് കുമാറാണ്.

അനിതീ എവിടെയാണോ അതിനെതിരേയായിരുന്നു യുദ്ധം. സംഘടനക്കുള്ളിൽ തന്നെയാണ് പ്രതികരിച്ചത്. അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങൾ എന്നാണ് ഗണേശ് കുമാർ. എന്റെ വ്യക്തിപരമായ കാര്യങ്ങൾക്ക് പോയിട്ടില്ല. എന്റെ അച്ഛന് വേണ്ടിയും പൊതുവേ നടക്കുന്ന അനിതീയ്ക്കുമെതിരേയാണ് മാപ്പ് നൽകിയത്. സംഘടനയിലെ ചില പുഴുക്കുത്തുകൾക്കെതിരേ ഞാൻ രംഗത്ത് വന്നിട്ടുണ്ട്. എല്ലാത്തിനും ഞാൻ കത്തയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തെളിവുകൾ എന്റെ പക്കലുണ്ട്.

എന്റെ അച്ഛനോട് കാണിച്ച അനീതിക്കെതിരേ പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപ് പെരുമാറ്റം ചട്ടം ലംഘിച്ച് അംഗങ്ങളെ സ്വാധീനിക്കാൻ കൈനീട്ടം നൽകിയതിനെതിരേ പരാതി നൽകിയിട്ടുണ്ട്. തെറ്റല്ലേ അത്? അങ്ങനെയാണ് കാലാകാലങ്ങളായി ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നവർ ചെയ്യുന്നവർ ചെയ്യുന്നത്.

അമ്മയിൽ ഭാരവാഹിയായിരിക്കാനുള്ള ഏക നിബന്ധന മറ്റ് സംഘടനകളിൽ അംഗമാകരുതെന്നാണ്. എന്നാൽ ഗണേശ്‌കുമാർ ടിവി സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ആജീവനാന്ത പ്രസിഡന്റാണെന്നും താരം കൂട്ടിച്ചേർത്തു. അച്ഛൻ തിലകനോട് കാട്ടിയതു തന്നെയാണ് താരസംഘടന തന്നോടും കാണിക്കുന്നതെന്നും തന്റെ പോരാട്ടം അനീതിക്കെതിരെയാണെന്നും ഷമ്മി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഷമ്മി തിലകനെതിരെ നടപടിയെടുക്കാൻ കഴിഞ്ഞദിവസം താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം അമ്മ എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്.