- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്താക്കാൻ മാത്രം ഒരും തെറ്റും ചെയ്തിട്ടില്ല, നടപടിക്ക് പിന്നിൽ അച്ഛനോടുള്ള വിരോധം; ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്; തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഏറ്റുവാങ്ങാൻ തയ്യാറാണ്; 'അമ്മ'യുടെ പ്രസിഡന്റിന് പല കത്തുകളും നൽകിയെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ല; ഷമ്മി തിലകന് പറയാനുള്ളത്
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്നും പുറത്താക്കാൻ മാത്രമുള്ള ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് തനിക്കെതിരായ നടപടിക്ക് പിന്നിലെന്നും ഷമ്മി തിലകൻ ആരോപിച്ചു. തനിക്കെതിരായ നടപടി ചർച്ച ചെയ്യാൻ കഴിഞ്ഞ ജനറൽ ബോഡി എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തന്നോട് വിശദീകരണം ചോദിച്ചു. ഓരോ വാക്കിനും മറുപടി നൽകിയരുന്നതാണ്. ഈ മറുപടി തൃപ്തികരമല്ല എന്ന് തന്നെ അറിയിച്ചിട്ടില്ല. പുറത്താക്കും എന്നും കരുതിയില്ല. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ഷമ്മി തിലകൻ പറഞ്ഞു.
കാര്യം ബോധ്യപ്പെട്ടാൽ അവർ പുറത്താക്കും എന്ന നിലപാടിൽ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകൻ വ്യക്തമാക്കി. അതേസമയം അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും കാര്യങ്ങൾ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്. സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ല. മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. 'അമ്മ' സംഘടനയോട് തനിക്ക് ഒരു വിരോധവുമില്ല. 'അമ്മ'യുടെ പ്രസിഡന്റിന് പല കത്തുകളും നൽകിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു. 'അമ്മ' സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്നാണ് താരസംഘടനയായ അമ്മ വിശദീകരിച്ചത്. അച്ചടക്കലംഘനത്തെ തുടർന്ന് നടപടി എടുക്കുമെന്ന് അംഗങ്ങൾ അറിയിച്ചു. ഷമ്മി തിലകന്റെ വിശദീകരണം കേട്ട ശേഷമാകും നടപടിയെന്നും ഇക്കാര്യം തീരുമാനിക്കാൻ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും അംഗങ്ങൾ അറിയിച്ചു. അമ്മ ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അംഗങ്ങൾ ഇക്കാര്യം അറിയിച്ചത്.
ഷമ്മി ഇപ്പോഴും താരസംഘടനയിലെ അംഗമാണ്. ജനറൽ ബോഡിക്ക് പുറത്താക്കാൻ കഴിയില്ല. എക്‌സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരം. കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയൊക്കെ അദ്ദേഹം സംഘടനയ്‌ക്കെതിരെ ഒരുപാടുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. അതിൽ അമ്മയുടെ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറൽ ബോഡിയിലും അത് പറഞ്ഞതാണ്. ഇന്ന് പൊതുയോഗത്തിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ശേഷമാണ് നടപടിയെടുക്കാൻ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുൻപ് നടന്ന ജനറൽ ബോഡിയിലെ ദ്യശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചതിൽ ഷമ്മി തിലകനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണത്തിലും ഷമ്മി സംഘടനയെ പ്രതിക്കൂട്ടിലാക്കി. കളിയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ സംഘടന തുനിയുന്നത്. മാപ്പു പറഞ്ഞിരുന്നുവെങ്കിൽ ഷമ്മിയെ തുടരാൻ അനുവദിക്കുമായിരുന്നു. സംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്നടൻ സിദീഖ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദത്തിന് തുടക്കം കുറിച്ചത്.
മത്സര രംഗത്തുണ്ടായിരുന്ന താരങ്ങളെ സിദ്ദീഖ് അപമാനിച്ചുവെന്ന് കാണിച്ച് മത്സരാർത്ഥികൾ താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ഷമ്മി തിലകൻ യോഗത്തിന്റെ ദൃശ്യം പകർത്തിയെന്ന് ആരോപിച്ച് അംഗങ്ങൾ ഷമ്മി തിലകനെതിരെ തിരിഞ്ഞത്. നടനെ പുറത്താക്കണമെന്ന് ആവശ്യം ഉയർന്നിരുന്നുവെന്നും മമ്മൂട്ടി ഇടപെട്ടാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് ഷമ്മിയോട് വിശദീകരണം തേടി.
ഒളിക്യാമറ വെച്ചല്ല അമ്മയിലെ ദൃശ്യങ്ങൾ പകർത്തിയത്. പരസ്യമായിത്തന്നെയാണ്. എവിടെയാണ് ദൃശ്യങ്ങൾ പകർത്താൻ പാടില്ലെന്ന് പറഞ്ഞിട്ടുള്ളതെന്ന് താൻ അപ്പോൾ തന്നെ ചോദിച്ചിരുന്നു. പകർത്തിയതിൽ പലതും ഒരുപക്ഷേ അവർക്ക് ദോഷമായിട്ടുള്ള കാര്യമായിരിക്കുമെന്നും ഷമ്മി തിലകൻ ഒരു ഓൺലൈനിനോട് പ്രതികരിച്ചിരുന്നു. ദേവനായിരുന്നു താൻ ദൃശ്യങ്ങൾ പകർത്തുവെന്ന് പറഞ്ഞത്.അപ്പോൾ പബ്ലിക്ക് ആയി മൈക്കിൽ കൂടെ തന്നെയാണ് ബൈ- ലോയിൽ എവിടെയാണ് അംഗങ്ങൾക്ക് വീഡിയോ പകർത്താൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതെന്ന് ഞാൻ ചോദിച്ചത്. അങ്ങനെ നിർദ്ദേശമുണ്ടെങ്കിൽ ഞാൻ ചെയ്യുന്നത് തെറ്റാണ്. ഇതൊക്കെ ലീഗലായിട്ടുള്ള വിഷയങ്ങളാണെന്നും പ്രതികരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ