- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിലകന് സംഭവിച്ചത് തന്നെ മകനും; താര സംഘടനയിൽ നിന്ന് ഷമ്മി തിലകനെ പുറത്താക്കി; വിശദീകരണത്തിൽ 'മാപ്പ്' അപേക്ഷിക്കാത്തത് ഗൗരവമുള്ള കുറ്റമായി; വിജയ് ബാബുവിനെ കൂടെ ഇരുത്തി 'വിഡിയോ ചിത്രീകരിച്ചെന്ന' കുറ്റത്തിന് ഷമ്മി തിലകനെ പുറത്താക്കി മോഹൻലാലും ടീമും; ജനറൽ ബോഡി ക്യാമറയിലാക്കുന്നത് ഗുരുതര കുറ്റമാകുമ്പോൾ
കൊച്ചി: അച്ഛനെ പോലെ മകനും. നടൻ ഷമ്മി തിലകനെ താര സംഘടനയിൽ നിന്ന് പുറത്താക്കി. തിലകനും നേരത്തെ അമ്മയിൽ നിന്ന് പുറത്തായ വ്യക്തിയാണ്. അതു തന്നെ മകൻ ഷമ്മി തിലകനും സംഭവിക്കുന്നു. നടിയെ പീഡിപ്പിച്ച കേസിൽ ജാമ്യം കിട്ടിയ വിജയ് ബാബുവും ഇന്നത്തെ താര സംഘടനയുടെ യോഗത്തിൽ പങ്കെടുത്തു. ആ യോഗമാണ് ഷമ്മി തിലകനെതിരെ നടപടി എടുത്തത്.
ഷമ്മി തിലകനുമായി ബന്ധപ്പെട്ട വിവാദവും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്തിരുന്നു. ജനറൽ ബോഡിയിലെ ദ്യശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചതിൽ ഷമ്മി തിലകനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണത്തിലും ഷമ്മി സംഘടനയെ പ്രതിക്കൂട്ടിലാക്കി. കളിയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടി. മാപ്പു പറഞ്ഞിരുന്നുവെങ്കിൽ ഷമ്മിയെ തുടരാൻ അനുവദിക്കുമായിരുന്നു.തിലകനെ അമ്മയിൽ നിന്ന് പുറത്താക്കിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. അതുകൊണ്ട് തന്നെ തിലകന്റെ മകനെതിരായ നടപടി കരുതലോടെ മതിയെന്നായിരുന്നു അമ്മയിലെ തീരുമാനം. വിഷയത്തിൽ ഷമ്മി തിലകൻ മാപ്പ് അപേക്ഷിച്ചാൽ അത് അംഗീകരിച്ച് നടപടി വേണ്ടെന്ന് വയ്ക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഷമ്മി അതിന് തയ്യാറായില്ല.
സംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്നടൻ സിദീഖ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദത്തിന് തുടക്കം കുറിച്ചത്.മത്സര രംഗത്തുണ്ടായിരുന്ന താരങ്ങളെ സിദ്ദീഖ് അപമാനിച്ചുവെന്ന് കാണിച്ച് മത്സരാർത്ഥികൾ താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ഷമ്മി തിലകൻ യോഗത്തിന്റെ ദൃശ്യം പകർത്തിയെന്ന് ആരോപിച്ച് അംഗങ്ങൾ ഷമ്മി തിലകനെതിരെ തിരിഞ്ഞത്. നടനെ പുറത്താക്കണമെന്ന് ആവശ്യം ഉയർന്നിരുന്നുവെന്നും മമ്മൂട്ടി ഇടപെട്ടാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് ഷമ്മിയോട് വിശദീകരണം തേടി.
ഒളിക്യാമറ വെച്ചല്ല അമ്മയിലെ ദൃശ്യങ്ങൾ പകർത്തിയത്. പരസ്യമായിത്തന്നെയാണ്. എവിടെയാണ് ദൃശ്യങ്ങൾ പകർത്താൻ പാടില്ലെന്ന് പറഞ്ഞിട്ടുള്ളതെന്ന് താൻ അപ്പോൾ തന്നെ ചോദിച്ചിരുന്നു. പകർത്തിയതിൽ പലതും ഒരുപക്ഷേ അവർക്ക് ദോഷമായിട്ടുള്ള കാര്യമായിരിക്കുമെന്നും ഷമ്മി തിലകൻ ഒരു ഓൺലൈനിനോട് പ്രതികരിച്ചിരുന്നു. ദേവനായിരുന്നു താൻ ദൃശ്യങ്ങൾ പകർത്തുവെന്ന് പറഞ്ഞത്.അപ്പോൾ പബ്ലിക്ക് ആയി മൈക്കിൽ കൂടെ തന്നെയാണ് ബൈ- ലോയിൽ എവിടെയാണ് അംഗങ്ങൾക്ക് വീഡിയോ പകർത്താൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതെന്ന് ഞാൻ ചോദിച്ചത്. അങ്ങനെ നിർദ്ദേശമുണ്ടെങ്കിൽ ഞാൻ ചെയ്യുന്നത് തെറ്റാണ്. ഇതൊക്കെ ലീഗലായിട്ടുള്ള വിഷയങ്ങളാണെന്നും പ്രതികരിച്ചിരുന്നു. ഇത് തന്നെയാണ് അമ്മയ്ക്കുള്ള മറുപടിയിലും ഷമ്മി തിലകൻ നിറച്ചതെന്നാണ് സൂചന.
മലയാള സിനിമയിൽ ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പ്രിയതാരമാണ് ഷമ്മി തിലകൻ. കാലങ്ങളായി സിനിമയിൽ സജീവമായ താരം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞു. തന്റെ നിലപാടുകൾ കൃത്യമായി തന്നെ തുറന്നുപറയാൻ മടികാണിക്കാത്ത ഷമ്മി തിലകൻ അതിന്റെ പേരിൽ വിവാദങ്ങളും വിമർശനങ്ങളും നേരിടാറുണ്ട്.
ഫാദേഴ്സ് ഡേയിൽ ഷമ്മി പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടിയിരുന്നു. തിലകന്റെ ചിത്രത്തിനൊപ്പം ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ വാക്യമാണ് ഷമ്മി തിലകൻ പങ്കുവച്ചത്. അതും അമ്മയുടെ നടപടി മുൻകൂട്ടി കണ്ടുള്ള പ്രതികരണമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ